Sunday, September 9, 2007

വീപ്പിയുടെ വീ‍ട്ടിലെ കോളിംഗ് ബെല്‍


വീപ്പി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന പ്രദീപിന്റെ വീട്ടില്‍ (കേരളത്തിലെ ഒരു വാര്‍ഡില്‍ 17 പ്രദീപുമാരെങ്കിലും ഉണ്ടായിരുന്ന എഴുപതുകള്‍-എണ്‍പതുകള്‍! വീപ്പി എന്നെല്ലാം വിളിക്കാതെ തിരിച്ചറിയാന്‍ പിന്നെ എന്തു ചെയ്യും?), ങ്ഹാ, പ്രദീപിന്റെ വീട്ടില്‍ ഒരു വിശേഷപ്പെട്ട കോളിംഗ് ബെല്‍ ഉണ്ടായിരുന്നു. അതിന്റെ സ്വിച്ചില്‍ ആര് വിരലമര്‍ത്തിയാലും കോളിംഗ് ബെല്‍ അടിയുന്നതിനു മുമ്പു തന്നെ ആ‍രാ വന്നിരിക്കുന്നതെന്ന് വീടിന്റെ ഉള്ളിന്റെയുള്ളിലെ അടുക്കളയില്‍ തടവില്‍ കിടക്കുന്ന വീപ്പിയുടെ അമ്മയ്ക്ക് മനസ്സിലാവും. അതെങ്ങനെയെന്നോ - സ്വിച്ചില്‍ ചെറിയൊരു ഷോക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ആര് കയ്യ് വെച്ചാലും ഉടനെ ‘അയ്യോ’ എന്ന് ഉറക്കെ വിളിച്ച് കൈ വലിക്കും. ങ്ഹാ തോമസ് വന്നിട്ടുണ്ട്, ങ്ഹാ ബാബുവാ എന്നെല്ലാം പറഞ്ഞ് വീപ്പിയുടെ അമ്മ വാതില്‍ തുറക്കാന്‍ വരും. വീപ്പിയുടെ വളരെയടുത്ത ഫാമിലി ഫ്രണ്ടായിരുന്നു കുഞ്ചന്‍. അങ്ങനെ ഇതെങ്ങാനും സിനിമയില്‍ വന്നോ? പാണ്ഡവരുടെ കാലത്ത് ഒരു സാധാ കോളിംഗ് ബെല്ലെങ്കിലും ഉണ്ടായിരുന്നെങ്കി ശുനകമൈഥുനം ഇത്ര പബ്ലിക്കാവില്ലായിരുന്നു.
Related Posts with Thumbnails