Saturday, September 15, 2007

മലയാളികള്‍ ആലിംഗനം ചെയ്യാത്തതെന്തുകൊണ്ട്?ആലിംഗനം ഒരു രാഷ്ട്രീയ
പ്രവർത്തനവുമാണ്
പാശ്ചാത്യര്‍ ആലിംഗനം ചെയ്യുന്നതെന്തുകൊണ്ട്? ശരീരങ്ങള്‍കൊണ്ട്. മലയാളികള്‍ ആലിംഗനം ചെയ്യാത്തതെന്തുകൊണ്ട്? ആലിംഗനത്തില്‍ ലിംഗമുള്ളതുകൊണ്ടാ? ലിംഗം എന്നു കേട്ടാല്‍ മലയാളികള്‍ക്ക് അലര്‍ജിയാ. എന്തിന്, ലിംഗം എന്നു പറയുന്നു, ശരീരം എന്നു കേട്ടാത്തെന്നെ മലയാളി ഓക്കാനിക്കും. വിചിത്രമാണ് ഇതിന്റെ ആവിര്‍ഭാവം. എങ്ങനെ? ശരീരത്തിനും വിശപ്പിനുമെല്ലാം പ്രാധാന്യം കൊടുക്കുന്ന കമ്മൂണിസ്റ്റ്സ് ആണ് ജനസംഖ്യയില്‍ വലിയൊരു പക്ഷം. ബട്ട് അത്ഭുതകരം, മെറ്റീരിയലായിട്ട് ഒരു കളിയില്ല. ആ‍ലിംഗനമോ, അത് പാശ്ചാത്യ ഗോഷ്ഠി. സാമ്രാജ്യത്വത്തിന്റെ സിമിയോട്ടിക് അധിനിവേശിക ശരീരഭാഷണം. പിന്നെയുള്ള പ്രധാനപക്ഷം കറകളഞ്ഞ മെറ്റീരിയലിസ്റ്റുകള്‍. സോ കാള്‍ഡ് അച്ചായന്‍സ് എക്സട്രാ എക്സട്രാ. കേരളത്തിന്റെ മനസ്സ് ഇടതുപക്ഷമനസ്സായതുകൊണ്ടൊന്നുമല്ല യിവന്മാരുടെ ആലിംഗനവിരോധം. പിന്നെ എന്തുവാ? ആര്‍ക്കറിയാം! വളിവയറന്‍ നായിമ്മാരുടേം മറ്റ് സവര്‍ണഹിന്ദുക്കടേം വടുകന്മാരുടേം ഉള്ളില്‍ ആ പഴയ അയിത്തം കിടപ്പുണ്ടാവും (പൌലോസോ, ങ്ഹാ, നമ്മടെ പൌലോപ്പൊലയന്‍ എന്നു നാവിപ്പോഴും പറയുമ്പൊ, മനസ്സെന്ന സെപ്റ്റിക് ടാങ്കിനെപ്പറ്റി പറയാനുണ്ടോ). അവര്‍ണരും വിപ്ലവകാരികളുമായ ചോമ്മാര്ടെ കാര്യവും പറയാനില്ല. അത്ഭുതമാണ് സംഗതി - കണ്ണമ്പെലയന്‍ എന്നെല്ലാം സഖാക്കള് പറയുന്ന കേട്ടാ ആരും ഞെട്ടിപ്പോവും. പറയരും മുളയരും അകത്ത് കേറാറുണ്ടായിരുന്ന അമ്മവീട്ടില്‍ കല്ലിങ്കലെ കാളി എന്ന പണിക്കാരത്തി മാത്രം പറയരും മുളയരും തൊട്ട പാത്രത്തി കഞ്ഞി കുടിക്കില്ല (ചോത്തി!).

വീണ്ടും റമദാന്‍ വന്നപ്പോള്‍, വീണ്ടും ചെറിയ പെരുന്നാള്‍ വരാറായല്ലോ എന്നോര്‍ത്തപ്പോള്‍, പെരുന്നാള്‍പ്പിറവി അറിഞ്ഞാലുടന്‍ ജനം പബ്ലിക്കായി ആ‍ലിംഗനം ചെയ്യാറുള്ളത് വീണ്ടും കാണാറായല്ലോ എന്ന് സന്തോഷിച്ചപ്പോള്‍ മലയാളികള്‍ ആലിംഗനം ചെയ്യാത്തതെന്ത് എന്നാലോചിച്ചു പോയി. ആലിംഗനം ചെയ്യാത്തവര്‍ കൈ പൊക്കാമോ? (ഇണകളെ മാത്രം ആലിംഗനം ചെയ്തിട്ടുള്ള ലിങ്കന്മാരോടും ലിങ്കികളോടും കൂടിയാണ് ചോദ്യം). പൊക്കിയോ, വെയിറ്റ് എ മിനിറ്റ്, നിങ്ങള്‍ക്ക് ഹാ, കഷ്ടം എന്ന് പറയാനാരുന്നു, പറഞ്ഞു, ങ്ഹാ, ഇനി താഴെയിട്ടേര്. ഈ പറയുന്ന ഞാനും അത്ര ഞെളിയോന്നും വേണ്ട. വിദേശമലയാളി ആയപ്പഴാ (കണ്ണു പൊട്ടിയപ്പഴാ) ആദ്യമായി ആലിംഗനത്തിന്റെ വിലയറിഞ്ഞെ. മഹാപാപി, രണ്ടുകൊല്ലത്തെ ഗ്യാപ്പിനു ശേഷം പെറ്റമ്മയെ കാണാന്‍ പോവുകയാ. കണ്ടപ്പഴൊ, രണ്ടല്ല പതിനഞ്ച് വര്‍ഷത്തിന്റെ പ്രായക്കൂടുതല്‍ തോന്നിച്ച ജരാനര ബാധിച്ചു തുടങ്ങിയിരുന്ന ആ ശരീരം, അല്ല രണ്ടു ശരീരങ്ങളും ഒരേപോലെ ആക്രാന്തത്തോടെ കെട്ടിപ്പുണരുകയായിരുന്നു. രണ്ടു വര്‍ഷത്തെ ഭക്രാനംഗല്‍ മുഴുവന്‍ അപ്പൊ തുറന്നിട്ടു. പപ്പടം കൂട്ടാതെ പായസം കഴിച്ചിട്ടുണ്ടോ? പപ്പടത്തിന്റെ ഉപ്പിന്റേയും കാരത്തിന്റേയും സ്വാദ് കലര്‍ത്താത്ത തനിമയോടെ? ലിംഗം കൂട്ടാതെ കെട്ടിപ്പിടിച്ചിട്ടുണ്ടോ? ഉമ്മ വെച്ചിട്ടുണ്ടൊ (അവനവന്റെ കുഞ്ഞുമക്കളെയല്ലാതെ)?

ആദ്യമായി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞതിനും വളരെക്കാലത്തിനു ശേഷമാണ് kathleen keating-ന്റെ hug therapy എന്ന പുസ്തകം വായിച്ചത്. ക്ലിനിക്കല്‍ സൈക്കൊളജിസ്റ്റായ കാത്ലീന്‍ പറയുന്നത് IQ, aging, self-esteem, stress തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ക്ക് പോസിറ്റീവായ മാറ്റമുണ്ടാക്കാന്‍ ഹഗ്ഗുകള്‍ക്ക് കഴിയുമെന്നാണ്. മദാമ്മ പറഞ്ഞത് മറന്നേക്കൂ. എന്നിട്ട് ഒന്നനുഭവിച്ചു നോക്കൂ. ജാതി, വിയര്‍പ്പുനാറ്റം, ചുണങ്ങ്, എച്ച് ഐ വി തുടങ്ങിയ കോമ്പ്ലക്സുകളൊക്കെ ഒരു മിനിറ്റ് മാറ്റിവെയ്ക്കുക. എന്നിട്ടങ്ങ് ചെയ്യുക. ആദ്യം കൃത്രിമമായിത്തോന്നും. ഇല്ല, തോന്നില്ല, അതിന് തൊട്ടുമുമ്പുള്ള സെക്കന്റില്‍ നിങ്ങളുടെ ശരീരത്തിനും മനസ്സിനും മനസ്സിലാവും ഇതിനാണ് ശരീരവും മനസ്സും ഇത്രനാളും കാത്തിരുന്നതെന്ന്. മനസ്സ് ‘മണ്ടാ മണ്ടാ ഇതാണോടാ നീ ഇത്രനാളും നഷ്ടപ്പെടുത്തിയത്‘ എന്ന് മലര്‍ന്നു കിടന്ന് തുപ്പും. ഇനി അത് അപ്രതീക്ഷിതമായി ഏറ്റുവാങ്ങാന്‍ പോകുന്നയാള്‍ക്ക് അത് കൃത്രിമമായി തോന്നുമെന്നോ? തോന്നും. തോന്നില്ല. അതിന് തൊട്ടുമുമ്പുള്ള സെക്കന്റില്‍ അയാളുടെ ശരീരത്തിനും മനസ്സിനും മനസ്സിലാവും ഇതിനാണ് ശരീരവും മനസ്സും ഇത്രനാളും കാത്തിരുന്നതെന്ന്. അയാളുടെ മനസ്സും ‘മണ്ടാ മണ്ടാ ഇതാണോടാ നീ ഇത്രനാളും നഷ്ടപ്പെടുത്തിയത്‘ എന്ന് മലര്‍ന്നു കിടന്ന് തുപ്പും. അതെ, അതാണ് സത്യം.

ഇതൊക്കെ ഓരോ ജാഡകളല്ലേ, നമ്മുടെ നമസ്ക്കാരം പറഞ്ഞുള്ള കൈകൂപ്പലല്ലേ ആഡ്യം, കുലീനം എന്ന് ആറെസ്സെസ്സുകാര്‍ക്കുപോലും ബലം പിടിക്കാനാവില്ല അതൊരെണ്ണം കിട്ടിയാല്‍/കൊടുത്താല്‍. ശീലമായാലോ, കിട്ടലും കൊടുക്കലുമല്ല, രണ്ട് അമ്പത് ശതമാനങ്ങളുടെ പങ്കാളിത്തമാണ് പിന്നെ. എയ്ഡ്സിനെപ്പേടിച്ച് വിദേശിയര്‍ പോലും ഇപ്പൊ കൂപ്പുകൈയണ് ട്ടൊ എന്ന് പ്രൊഫ. ഗോപാലകൃഷ്ണന്റെ അമൃതവാണി കേട്ടെന്നു വരും. ആ ഒരു നിമിഷം മഹത്തായ ഭാരതീയ സംസ്ക്കാരത്തെ ഒരു നിമിഷം മറന്നേക്കണം. ഉത്തരേന്ത്യയില്‍ സവര്‍ണരും വിവര്‍ണരും അവര്‍ണരുമെല്ലാം തമ്മില്‍ത്തമ്മിലല്ലെങ്കിലും കെട്ടിപ്പിടിക്കുന്നതും കരയുന്നതും കണ്ടിട്ടുണ്ട്. അവര്‍ക്കില്ലാത്ത എന്ത് ആര്‍ഷഭാരതീയമാണ് ദ്രാവിഡരായ മദ്രാസിക്കും മലബാറിക്കുമുള്ളത്? വിഷ്ണുനാരായണന്‍ നമ്പൂരിയോട് പോവാന്‍ പറ. ആരെങ്കിലും മരിക്കുമ്പോഴും മരണവാര്‍ത്ത കേള്‍ക്കുമ്പോഴും തട്ടിക്കൊണ്ടുപോയവര്‍ തുറന്നുവിടുമ്പോഴും വളരെനാള്‍ കൂടി കാണുമ്പോഴും മാത്രമല്ല കെട്ടിപ്പിടിച്ച് കരയാനാവുക. എങ്കിപ്പിന്നെ അപ്പഴെങ്കിലും ഒന്നങ്ങനെ ചെയ്യുക.

കേരളത്തില്‍ ഒരുപാട് മുസ്ലീങ്ങള്‍ ഇത് ചെയ്യുന്നു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഇങ്ങനെ തന്നെ ചെയ്യുന്നുണ്ടാവണം. പാശ്ചാത്യര്‍ ഇത് ചെയ്യുന്നു (പക്ഷേ പാശ്ചാത്യരുടെ ആരാധകരായ അച്ചായന്മാര്‍ ചെയ്യുന്നത് കണ്ടിട്ടില്ല കെട്ടൊ. അമിതമായ ക്രൈസ്തവപാപബോധമായിരിക്കും കാരണം. മാര്‍പ്പാപ്പയെ കുര്‍ബാന പഠിപ്പിക്കുന്നതായിരിക്കും). വളരെ സ്പോണ്ടേനിയസ് ആയ, സത്യസന്ധമായ ഒരാലിംഗനം ഓര്‍ത്തുകൊണ്ട് നിര്‍ത്തട്ടെ. ക്യൂബയുടെ കയ്യീന്ന് ചേരിചേരാ സംഘടനയുടെ (ഹൊ, അങ്ങനെയും ഒരു കാലം, എന്തെല്ലാം അര്‍ദ്ധസത്യങ്ങള്‍ നിറഞ്ഞതാണെങ്കിലും) പ്രസിഡന്റ് പദവി ഇന്ത്യ ഏറ്റുവാങ്ങിയ ദില്ലി സമ്മിറ്റ്. കാസ്ട്രൊ, അതെ സഖാവ് ഫിഡ് ല്‍ കാസ്ട്രോ, ആ പ്രസംഗത്തിനുശേഷം ഇന്ദിരാഗാന്ധിയെ പൂണ്ടക്കം പിടിച്ചു. എന്തൊരു രാഷ്ടീയമായിരുന്നു ആ കെട്ടിപ്പിടുത്തത്തിന്. അതെ, ഓരോ ആലിംഗനവും വെറുതെയെങ്കിലും പറയും നിനക്ക് ഞാനുണ്ടെന്ന്. ഓരോ കെട്ടിപ്പിടുത്തത്തിലും നമ്മളൊന്നാണെന്ന് ശരീരത്തിലെ നല്ല കെമിക്കലുകള്‍ വെറുതെ വേലിയേറ്റം കൊള്ളും. ഒരഞ്ചാറ് വേനല്‍ക്കാലം ഒറ്റയ്ക്ക് താണ്ടാന്‍ ചിലപ്പോള്‍ അത് മതിയാകും, ഒരു മരുഭൂമിയുടെ നടുക്ക് മരിച്ചൊടുങ്ങുമ്പോഴും ഒന്ന് കണ്ണടച്ചാശ്വസിക്കാന്‍ അത് മതിയാകും. അതിന്റെ ഇല്ലായ്മകളിലൂടെയാണ് ആള്‍ദൈവങ്ങള്‍ അകത്തുകയറുന്നത്. അതിന്റെ ഇല്ലായ്മകളിലൂടെയാണ് ശില്‍പ്പാ ഷെട്ടിയെ പബ്ലിക്കായി ഒരാള്‍ കെട്ടിപ്പിടിക്കുമ്പോള്‍ മൂക്കുകള്‍ തെറിച്ചു പോകുന്നത്. (ടോയ് ലറ്റില്‍പ്പോയി മാസ്റ്റര്‍ബേറ്റ് ചെയ്യൂ ഹേ എന്നാണ് ഈ മൂക്കുകള്‍ പറയുന്നത്). അതുകൊണ്ട് കമന്റ് വേണ്ട, ആ നേരം കൊണ്ട് ഒരു സുഹൃത്തിനെ കെട്ടിപ്പിടിച്ചു കരയൂ, അല്ലെങ്കില്‍ ചിരിക്കൂ, അല്ലെങ്കില്‍ വെറുതെ നിര്‍വികാരിയച്ചന്മാരായ് നിലകൊള്ളു. എന്തായാലും മറ്റു പലതിനേക്കാള്‍ ഭേദമായിരിക്കും അത്.

30 comments:

സു | Su said...

അപ്പോ, നമ്മുടെ സുഹൃത്തുക്കളെ കണ്ടാല്‍, അപ്പോ, കെട്ടിപ്പിടിച്ച് ചിരിക്കണം, കരയണം എന്നൊക്കെയാണോ പറഞ്ഞുവരുന്നത്? ഇത്രയും നാളില്ലാതെ പെട്ടെന്ന് ഒരു ദിവസം, അങ്ങനെ ചെയ്താല്‍ എന്താവും അതിന്റെ ഭവിഷ്യത്ത്? പോസ്റ്റ് ചുമ്മാ എഴുതാം, കമന്റ് വെറുതെ ഇടാം. പക്ഷെ കെട്ടിപ്പിടിച്ച്, സന്തോഷസ്നേഹപ്രകടനം, അങ്ങനെയങ്ങ് പറ്റുമോ? എന്തായാലും പറഞ്ഞതല്ലേ, ശ്രമിച്ചുനോക്കാം. ശത്രുക്കളുടെ കാര്യത്തില്‍ എന്താ നിലപാട്?

വേണു venu said...

കമന്‍റു ചെയ്യാതെ പോയാല്‍‍ അനുഭവിച്ചതു് പറയാന്‍‍ ഒരു മലയാളിയുടെ വിസമ്മതമായാലോ.? അണ്‍സഹിക്കബിള്‍.
അതുകൊണ്ടു തന്നെ കമന്‍റുന്നു.
കെട്ടിപിടിക്കല്‍‍. തടി മിടുക്കര്‍‍ ഭയ്യമാറ്‍ സ്നേഹം ചൊരിയും, നെഞ്ചാംമൂഡി ഒടിയുന്ന പിടിയില്‍‍ മനസ്സിലാകും ഇതു് റൊട്ടിയും ദാളും, ചോറും സാമ്പാറുമായൊരു ബല പരീക്ഷണമോ.
ഇതു സ്നേഹമെന്നറിഞ്ഞു് ഉഴിഞ്ഞുറഞ്ഞു പിന്നെ പണ്ടു കണ്ട, കേട്ട ,സ്നേഹവും എവിടെയോ വീണു കിട്ടിയ കല്യാണങ്ങളും, തോര്‍ത്തു കൊടുത്താകല്യാണമുറപ്പിച്ച കേട്ടു കേള്‍വികളും.
ഒക്കെ മറന്നു പോയി മാഷേ ആ ആലിംഗനം.
പിന്നെ അമ്മാവനറിയാതെ വിയര്‍പ്പിന്‍റെ മണത്തിലൂടെ ....
പേടിയാകുന്നു.
ഒത്തിരി പറയണ്ടാ.കെട്ടിപിടിച്ചു നില്‍ക്കുമ്പോള്‍‍ പിന്നിലൂടെ കഠാരയിറങ്ങിയ ചരിത്രങ്ങളും.
സത്യത്തിന്‍റെ പൊരുള്‍ തേടിയുള്ള തേങ്ങല്‍ ഇതില്‍ എനിക്കു് ദര്‍ശിക്കാനാവുന്നതു കൊണ്ടു് എനിക്കീ പോസ്റ്റിഷ്ടപ്പെട്ടു.
ഇനിയുമിനിയും തുടരുക.
ഉത്തരങ്ങള്‍ കഴിയുമെങ്കില്‍ അതെ മറുപടികള്‍ അതേ പോസ്റ്റില്‍ കൊടുക്കുക. എബണ്ടന്‍ എന്ന പോസ്റ്റിനു് ഞാനെഴുതിയ കമന്‍റിനു് മറ്റൊരു പോസ്റ്റായിരുന്നു മറുപടി.
എല്ലാ പോസ്റ്റിലും എത്തുന്ന ഒരു പാവം എന്ന ഒരു കണ്‍സിഡറേഷന്‍ വേണെ എനിക്കു് മറുപടി തരുമ്പോള്‍‍.
എനിക്കു് ഈ പോസ്റ്റൊരു കൊച്ചു സിനിമാ കാണുന്ന പ്രതീതിയുണ്ടാക്കി എന്നെഴുതിയാല്‍ അതിശയോക്തിയില്ല. :) ഭാവുകങ്ങള്‍.:)

ചേട്ടായി said...

പോഴത്തരം പറയാതെ,കേരളത്തിന്റെ സംസ്കാരത്തില്‍ അഭിമാനം കൊള്ളൂ, അല്ലാതെ വായിത്തോന്നിയതു കോതക്കു പാട്ടെന്നു കാണിക്കല്ലേ..

One Swallow said...

ഇന്നലെച്ചെയ്തോരബദ്ധം മൂഡര്‍ക്ക്
ഇന്നത്തെയാചാരമാകാം
നാളത്തെ ശാസ്ത്രമതാകാം അതില്‍
മൂളായ്ക സമ്മതം രാജന്‍
-കേരള സംസ്ക്കാരത്തെപ്പറ്റി കുമാരനാശന്‍ ഒരുപാട് വര്‍ഷം മുമ്പ് എഴുതിയതാണിത്. മാറ്റുവിന്‍ ചട്ടങ്ങളേ എന്നു തുടങ്ങുന്നതാണ് മറ്റൊന്ന്. ആലിംഗനം അത്ര വലിയ കാര്യമല്ലെന്നും വരണം. അല്ലെങ്കില്‍ പുതിയ തലമുറ എല്ലാം രഹസ്യമായി നിറവേറ്റും, അതിന്റെ ഗുലുമാലുകള്‍ വേറെ. കെട്ടിപ്പിടിച്ചുകൊണ്ട് കഠാരയിറക്കുന്നത് - അതെല്ലാം എക്സെപ്ഷന്‍സല്ലേ? ഞാന്‍ പറഞ്ഞത് സ്നേഹമുള്ളവരെപ്പറ്റിയാണ്. ശത്രുക്കള്‍ക്ക് ആലിംഗനം വേണ്ട. wilde പറഞ്ഞ പോലെ അവര്‍ക്ക് മാപ്പു കൊടുക്കുക. അതിനേക്കാള്‍ വലിയ ചളിപ്പൊന്നും അവര്‍ക്ക് വരാനില്ല. ("forgive your enemies. nothing annoys them so much" oscar wilde "forgive your enemies. but never forget their names" kennedy "forgive your enemies. but never forget their usernames" എന്റെ വക

സാല്‍ജോҐsaljo said...

സ്വാലോ!

പറഞ്ഞിരിക്കുന്നതില്‍ കുറെയൊക്കെ സത്യമാണ്.(അതിലും ഒരല്പം കൂടി) നോര്‍ത്ത് ഇന്‍ഡ്യയില്‍ ഇപ്പോഴും ഒരുപാടുനാളുകള്‍ക്കു ശേഷം ചെല്ലുമ്പോള്‍ ആളുകള്‍ ആലിംഗനം ചെയ്യാറുണ്ട്. പിന്നെ, അച്ചാ‍ായന്മാരെപറ്റി, രണ്ടു പെഗ്ഗിന്റെ പിന്‍ബലം വേണ്ടി വരുമെന്നുമാത്രം. ആരേം കെട്ടിപ്പിടിച്ചോളും!,

സുഹൃത്തായ ഒരു വൈദികന്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. അവരുടെ പഠനത്തിന്റെ ഭാഗമായി ഏതോ ഒരു ചികിത്സാലയം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു അവര്‍. ചെന്നെത്തിയപ്പോള്‍ ദുര്‍ഗ്ഗന്ധം വഹിക്കുന്ന ഒരുപാ‍ടുപേര്‍! കൂടെ ഉണ്ടായിരുന്ന റെക്ടര്‍ അച്ചന്‍ അവരെ ഓരോരുത്തരെ ആലിംഗനം ചെയ്തു. മറ്റുവൈദികരോട് അങ്ങനെചെയ്യാനും പറഞ്ഞു. കുളിച്ചുകുട്ടപ്പന്മാരായി ദീപിക പത്രവും വായിച്ചിരിക്കുന്ന അവര്‍ക്ക് ഒരല്പം വൈക്ലബ്യം തോന്നാതിരുന്നില്ല. പക്ഷേ ഒരാളെ കെട്ടിപ്പിടിച്ചപ്പോള്‍ അവര്‍ക്കെവിടെ നിന്നോ ചൈതന്യം വന്നപോലെ ചെമ്മാശ്ശന്മാര്‍ എല്ലാവരെയും ആലിംഗനം ചെയ്തു. ഇപ്പോഴും ആരെയും ആലിംഗനം ചെയ്യാന്‍ മടികാട്ടാറില്ലെന്ന് ആ വൈദികന്‍ എന്നോടുപറഞ്ഞു. നമ്മള്‍ മറ്റുള്ളവര്‍ എന്തുവിചാരിക്കും എന്നുള്ള തോന്നലാണ് വിഷയം. ഒരുപെണ്‍കുട്ടി ഒരാണിനെ അഭിനന്ദിക്കാനായാല്പോലും കെട്ടിപ്പിടിച്ചാല്‍ എന്താവും അവസ്ഥ! അവള്‍ അഴിഞ്ഞാട്ടക്കാരിയാണെന്ന് പറയും! അതിന് ക്രിസ്ത്യാനിയെന്നോ നായന്മാരെന്നോ ചോമ്മാരെന്നോ, മുസ്ലീമെന്നോ ഒരു വേര്‍തിരിവും വേണ്ട തനിയെ പ്രചരിച്ചോളും!

എന്നാലും സ്വാലോയുടെ വക ഇത്ര നീളന്‍ ലേഖനം... എന്തുപറ്റി മാഷെ?

ഓ.ടോ.: തമിള്‍ കല്യാണം പരസ്യമൊക്കെ വച്ച് ചക്രമുണ്ടാക്കുന്നുണ്ടോ? അഭിനന്ദനങ്ങള്‍! ബ്ലോഗുകൊണ്ട് ആര്‍ക്കെങ്കിലുമൊക്കെ മെച്ചമുണ്ടല്ലോ!

chithrakaran:ചിത്രകാരന്‍ said...

ഈ പൊസ്റ്റിന്റെ പ്രസക്തിക്കുമുന്നില്‍ ചിത്രകാരന്‍ നമിക്കുന്നു.
മലയാളിയുടെ എല്ലാ കോമ്പ്ലക്സിനുമുള്ള മറുമരുന്നാണ്.. അഥവ മനശ്ശാസ്ത്രപരമായ പരിഹാരമാണ് ഈ പൊസ്റ്റില്‍ പ്രതിപാധിച്ചിരിക്കുന്നത്.
കെട്ടിപ്പിടിക്കാനും, ഒരു സ്പര്‍ശത്തിലൂടെ സ്നേഹത്തെ തൊട്ടറിയാനും മടിക്കുന്ന മസ്സിലുപിടിക്കുന്ന മലയാളിയുടെ ഈ അനാരോഗ്യകരമായ സംസ്കാരത്തിനു പിന്നില്‍ ചരിത്രപരമായ കാരണങ്ങളുണ്ടെന്നാണ് ചിത്രകാരന്‍ ഇയ്യിടെ വായിച്ചറിഞ്ഞത്.
ബുദ്ധമതത്തിന്റെ ഒരു പോരായ്മയാണത്രേ തൊട്ടുകൂടായ്മ.ബുദ്ധ ഭിക്ഷുവും,അനുയായികളും ബഹുമാനത്താല്‍ പാലിച്ച അകലം ഹിന്ദുമതത്തിന്റെ ആവിര്‍ഭാവത്തോടെ (താന്ത്രികബുദ്ധമതം ജീര്‍ണിച്ച് ഹിന്ദുമതമായപ്പോള്‍)അയിത്താചരണമായി രൂ‍ൂപാന്തരപ്പെട്ടതാണത്രേ ഇതിനു കാരണം.
ഏതായാലും സ്വന്തം അച്ഛനമ്മമാരേയും,സഹോദരി സഹോദരന്മാരേയും മുത്ത്ശ്ശി മുത്തശ്ശന്മാരേയും സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ മറക്കാതിരിക്കുക. അതിലൂടെ ലഭിക്കുന്ന മാനസ്സിക ഊര്‍ജ്ജ്യവും ,സുരക്ഷിതത്ത്വബോധവും, സ്നേഹത്തിന്റെ സ‌മൃദ്ധിയും,പൈതൃകത്തിന്റെ ധന്യതയും എത്രവിലകൊടുത്താലും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്നും ലഭിക്കില്ലെന്ന് ചിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നു.

കണ്ണൂസ്‌ said...

ഒരു അനുബന്ധമായി ഈ കഥ കൊളുത്തിയിട്ടാല്‍ മുഷിയില്ലല്ലോ രാം‌മോഹന്‍?

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

കമന്റായി തുടങ്ങി പോസ്റ്റായിത്തീര്‍ന്ന ഒരെണ്ണം ഇവിടെയും.

വക്കാരിമഷ്‌ടാ said...

സാല്‍ജോ പറഞ്ഞതുപോലെ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നുള്ള ആ‍ശങ്കയാണ് പ്രശ്‌നമെന്ന് തോന്നുന്നു. എന്തും വിചാരിക്കാന്‍ എല്ലാവരുമുള്ളപ്പോള്‍ പിന്നെ എല്ലാവനും ആശങ്കയുമാണ്. കെട്ടിപ്പിടുത്തം വേണ്ട, ഒരു മലയാളി അദ്ധ്യാപകന്റെ പാദം തൊട്ട് നമസ്കരിക്കാന്‍ നോക്കിയാല്‍ മിക്കവാറും ആദ്യം അദ്ധ്യാപകന്‍ പുറകോട്ട് ചാടും, കണ്ടുനിക്കുന്നവരെല്ലാം ആര്‍ത്ത് ചിരിക്കുകയും ചെയ്യും. പക്ഷേ ബംഗാളികളും മറ്റും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമാണ് താനും.

എതിരന്‍ കതിരവന്‍ said...

ആലിംഗനത്തില്‍ ലിംഗമുണ്ടല്ലൊ.പക്ഷെ മാര്‍ക്കണ്ഡേയന്‍ ശിവലിംഗത്തെ കെട്ടിപ്പിടിച്ചത് രക്ഷയ്ക്കു വേണ്ടിയായിരുന്നു. പരസ്പരരക്ഷയ്ക്കു വേണ്ടി ഒന്നിച്ചാകല്‍ അങ്ങെനെയാകാം. അറബി രാജ്യങ്ങളിലെ സംസ്കാരത്തിലുള്ള കെട്ടിപ്പിടുത്തങ്ങള്‍ protective bonding ന്റെ ദൃഷ്ടാന്തമല്ലെ?
ആണുങ്ങള്‍ തമ്മിലുള്ള കെട്ടിപ്പിടുത്തം ഇന്‍ഡ്യയില്‍ വരുന്ന പാശ്താത്യര്‍ക്കു മനസ്സിലാകില്ല. ഒരു ഫ്രെഞ്ച് ശാസ്ത്രന്ജ്ഞനെ നമ്മുടെ ഒരു യൂണിവേഴ്സിറ്റി ക്യാമ്പസ് ഞാന്‍ കാണിച്ചപ്പോള്‍ അദ്ദേഹം അമ്പരന്നു. ഇവിടെ എല്ലാവരും ഗേ ആണോ എന്ന് മടിച്ചു ചോദിച്ചു. മിക്ക ആണുങ്ങളും തോളില്‍ കയ്യിട്ടു തന്നെ നടപ്പ്. അപ്പോള്‍ ലൈഗികമല്ലെങ്കില്‍ നമുക്ക് കെട്ടിപ്പിടുത്തം ധാരാളം ആവാം.

പരസ്പരം ചൂടു പകരുക എന്ന കാര്യകാരണം പാശ്ചാത്യര്‍ക്കു ആവശ്യമായിരിക്കം . നമ്മുടെ സ്നേഹ/പ്രേമ സംബന്ധിവാക്കുകള്‍ ‘കുളിര്‍‘ ബന്ധപ്പെടുത്തിയാണ്. warmth വിവക്ഷയില്ല. “മാറിലൊരുപിടി ചൂടുണ്ടോ“ ഒക്കെ പിന്നെ വന്നതാണോ?

തൊടുന്നതെല്ലാം സ്വര്‍ണ്ണമാക്കുന്ന രാജാവിന്റെ ദയനീയ കഥ?

ഉഷ്ണമേഖലാപ്രദേശങ്ങളില്‍ ഇച്ചിരെ അകന്നു നില്‍ക്കുന്നതും നല്ലതാണ്. വല്ല വസൂരിയോ മറ്റോ ആണോ മറ്റവന്‍ വച്ചു തരുന്നതെന്ന് ആര്‍ക്കറിയാം.

ആശുപത്രിയില്‍ കിടക്കുന്ന സ്വന്തം അമ്മയെ കാ‍ാണാന്‍ പോകാതെ അമൃതാനന്ദമയിയുടെ ആലിംഗനം തേടിപ്പോയ ബന്ധുക്കള്‍ എനിയ്ക്കുണ്ട്.

പാശ്താത്യര്‍ ചെയ്യുന്ന പോലെ പരസ്യമായി ഉമ്മ വയ്ക്കാത്തതെന്താ നമ്മള്‍? സ്നേഹക്കുറവല്ലേ ഇത്?

Inji Pennu said...

ങ്ങേ? പാശ്ചാത്യ സമൂഹം എവിട്യാ ആലിംഗനം ചെയ്യണത്? ഞാന്‍ കണ്ടിട്ടല്ലല്ലോ...

One Swallow said...

തെറ്റിദ്ധരിക്കരുതെ, പെഴ്സണലായി അടുപ്പമുള്ളവര്‍ പബ്ലിക്കായി ആലിംഗനം ചെയ്യുന്നതിനെപ്പറ്റിയാണ് ഞാന്‍ ഉദ്ദേശിച്ചത്. മലയാളി സ്വന്തം അമ്മയെപ്പോലും കെട്ടിപ്പിടിക്കുന്നില്ലല്ലോ എന്ന സങ്കടം. അമ്മയെ കെട്ടിപ്പിടിക്കാത്തവന്‍ പോലും സുധാമണി aka അമ്മയെ കെട്ടിപ്പിടിക്കാന്‍ പോകുന്നു. പാശ്ചാത്യസമൂഹം എന്നുദ്ദേശിച്ചത് വെസ്റ്റേണ്‍ ഹെമിസ്ഫിയറിലെ ജനത്തെയാ. അമേരിക്ക മാത്രമല്ല. ക്ണ്ടൊ ഷാവേസും കാസ്ട്രോയെയും ചിത്രത്തില്‍. അമേരിക്കയിലെ പെഴ്സണലായി അടുപ്പമുള്ളവര്‍ പബ്ലിക്കായി ആലിംഗനം ചെയ്യുന്നതായി ടെലിവിഷനിലും മറ്റും കണ്ടിട്ടുണ്ട്. ഉദാ: ഗ്രാമി, ഓസ്കാര്‍ അവാര്‍ഡ് വേളകള്‍. ഇവിടെ അതുപോലുമില്ല എന്നാണുദ്ദേശിച്ചത്. മറ്റ് പൊതുഇടങ്ങളുടെ കാര്യം അറിയാമ്മേല. ഏതായാലും ഏഷ്യക്കാര്‍ക്കും മറ്റും വിവേചനമില്ലാത്ത ഇടങ്ങളില്‍പ്പോലും സമാന്തരസമൂഹങ്ങളായാണ് മനുഷ്യവംശത്തിന്റെ വാസം. അതുകൊണ്ട് ഇന്ത്യക്കാരും മറ്റും ഉള്ള സ്ഥലങ്ങളെ സ്വകാര്യ ഇടവുമല്ല പൊതുഇടവുമല്ല, എന്ന നിലയിലായിരിക്കും അവര് കാണുക. കണ്ണൂസേ, അതെന്ത് ചോദ്യമാ, ഞാനെന്തിന് മുഷിയണം? പെരിങ്ങ്സിന്റെ ഫ്ലാഗ്ഷിപ്പ് ബ്ലോഗാണ് ഞാന്‍ നോക്കാറുള്ളത്. ഇത് വായിക്കണം. രാജേഷിന്റെ ഹെഡ്ഡ് മൂത്ത് എസ്സൈ ആയതിനോടും യോജിക്കുന്നു.കള്ളുകുടിച്ച് ആലിംഗനംചെയ്യുന്ന കാര്യം - വിത്സണ്‍ പറയാറുണ്ട്, ഫിറ്റായി ചെയ്യുന്നതാണ് സത്യസന്ധമായി ഉള്ളീന്ന് വരുന്നതെന്ന്. ഞാനും അതിനോട് യോജിച്ചു. അപ്പൊ കള്ളു കുടിച്ച് കെട്ടിപ്പിടിക്കുന്നതും അതു തന്നെ. ആത്മാവ് കഞ്ഞിക്കും ഒണക്കമുള്ളനും വേണ്ടി നിലവിളിക്കുമ്പോള്‍ പിസ കഴിക്കുന്നവരെപ്പറ്റിത്തന്നെയാണ് ഇതെല്ലാം

Inj Pennu said...
This comment has been removed by the author.
Inji Pennu said...

:) ഓസ്ക്കാര്‍ അവാര്‍ഡിനൊക്കെ കണ്ട ആലിംഗനമാണെങ്കില്‍ നമ്മള്‍ അതിലും ഭംഗിയായി കാലു തൊട്ട് വന്ദിക്കുന്നില്ലേ? അതിലും വലിയ ഒരു സ്നേഹം/ബഹുമാന പ്രകടനമുണ്ടോ?

പോസ്റ്റിലെ കാര്യം പറഞ്ഞതൊക്കെ മനസ്സിലായി എന്നാലും പറഞ്ഞൂന്നേയുള്ളൂ... :)

സിമി said...

കെട്ടിപ്പിടിത്തം കൂടണം എന്ന കാര്യത്തില്‍ ഞാനും യോജിക്കുന്നു.

ടി.വി. പരിപാടികളില്‍ ഇല്‍ കെട്ടിപ്പിടിച്ചാ മതി. അല്ലെങ്കില്‍ അമേരിക്കയില്‍ ആള്‍ക്കാര്‍ കെട്ടിപ്പിടിക്കുന്നത് എങ്ങനെ എന്ന് എല്ലാ ചാനലുകാരും കാണിച്ചാ മതി. പ്രൈം ടൈമില്‍ കാണിച്ചാല്‍ ആള്‍ക്കാര്‍ അതുകണ്ട് റോഡിലും നാട്ടിലും കെട്ടിപ്പിടിച്ചോളും.

ശ്രീ said...

ഓരോ നാട്ടിലും ഓരോ രീതിയല്ലേ മാഷേ?
ഓരോ തരം വികാര പ്രകടനങ്ങളും അവരവരുടെ മനസ്സിന്റെ ഉള്ളില്‍‌ നിന്നും വരേണ്ടതല്ലേ? അല്ലാതെ മറ്റുള്ളവര്‍‌ കാണിക്കുന്നതു പോലെ നമ്മളും ചെയ്യേണ്ടതുണ്ടോ?
(ഇനി അതല്ല, ആലിംഗനം ചെയ്യാനാണ്‍ ഇരു കൂട്ടര്‍‌ക്കും തോന്നുന്നതെങ്കില്‍‌ അങ്ങനെ ചെയ്യുക തന്നെ വേണം. അല്ലാതെ, ഒരു ചടങ്ങായി അതു പാലിച്ചു പോരണമെന്നില്ലല്ലോ.)

വിമര്‍‌ശനമല്ല ഉദ്ദേശ്ശിച്ചത്, കേട്ടോ. മാത്രമല്ല, ഈ പോസ്റ്റിന്റെ ഉദ്ദേശ്ശ ശുദ്ധി മനസ്സിലാകുന്നുമുണ്ട്. വ്യത്യസ്തമായ ചിന്തയ്ക്ക് അഭിനന്ദനങ്ങള്‍‌!
:)

One Swallow said...

കാലു തൊട്ടു വന്ദിക്കുന്നതില്‍ വലിപ്പച്ചെറുപ്പമുണ്ടെന്നു തോന്നുന്നു. ആലിംഗനം സോഷ്യലിസം. സോഷ്യലിസത്തിന്റെ ഓര്‍മയ്ക്ക് അതെങ്കിലും ഉണ്ടാവട്ടെ. ഉള്ളീന്ന് വരുന്നത് - ആദ്യം ഉള്ളില്‍ എന്തേലും ഉണ്ടാവണമല്ലൊ. അതെങ്ങനെ വന്നു? civilisation is a product. so all of its parts as well. ദുബായില്‍ സുധാമണി aka അമ്മ വന്നപ്പോള്‍ academic interest-ഓടെ ഞാന്‍ കാണാന്‍ പോയിരുന്നു. ആളുകള് ക്യൂ നിന്നാണ് ആലിംഗനം ഏറ്റുവാങ്ങുന്നത്. എല്ലാം അക്കാഡമിക്കാണെന്നും മറ്റും മറ്റും തോന്നുന്നില്ല. അപ്പൊ അങ്ങനെ ഒരു ഗ്യാപ്പുണ്ടെന്നു മനസ്സിലായി. അതു മാത്രമായിരുന്നു പരിപാടി. വല്ലാത്ത യാന്ത്രികത ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ത്തോന്നുന്നത് നാച്വറലായ/നാച്വറലായി ചെയ്യേണ്ട ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ യാന്ത്രികമാക്കി, യാന്ത്രികമായി ചെയ്യേണ്ട ഒരുപാട് കാര്യങ്ങള്‍ നാച്വറലാണെന്ന മട്ടിലുമാക്കി. അതൊന്നും ആ കാര്യങ്ങളുടെ കുഴപ്പം കൊണ്ടല്ലല്ലൊ.

One Swallow said...

സിവിലൈസേഷന്‍ ഒരു രോഗമാണെന്നും അഭിപ്രായമുണ്ട്. reccommended reading: civilisation its cause and cure by edward carpenter

രജീഷ് || നമ്പ്യാര്‍ said...

റാങ്ക് കിട്ടിയപ്പൊ ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടിയിരുന്നു. പലതരം.

പക്ഷേ ഏറ്റവും സ്നേഹം നിറഞ്ഞ, ആത്മാര്‍ത്ഥത തുളുമ്പിയ, ഏറ്റം സത്യസന്ധമായി തോന്നിയ അഭിനന്ദനം പുറം തിരിഞ്ഞിരിക്കുന്നവന് സഹപാഠി(നി?) ആഹ്ലാദത്തിന്റെ നിറുകയില്‍ നല്കിയ ആശ്ലേഷമായിരുന്നു.

അശോക് said...

Interesting thought. Remember reading somewhere about the psychological need in kids to have hugs from parents/ adults.

സന്ധ്യ said...

ആദ്യമായാണ് ഈ ബ്ലോഗില്‍... അശോക് പറഞ്ഞതുപോലെ, കുട്ടികളെപ്പറ്റിയാണ് ഞാന്‍ ആദ്യം ഓര്‍ത്തത്... വളരെ വളരെ വ്യത്യസ്ത്മായ ചിന്ത... ഇതിനോട് കുറെയേറേ യോജിക്കുന്നുവെന്നു പറയാതെ വയ്യ..

- ആശംസകളോടെ, സന്ധ്യ !

Ambi said...

ഒറ്റയിറക്കണ്ണാ,
ആലിംഗനം, കൈ കൊട് മുതല്‍ തള്ളവിരളു കൊണ്ട് തംസപ്പ് കാണിയ്ക്കല്‍, ഒറ്റക്കണ്ണിറുക്കിയൊരു സൈറ്റടി, മുഖം നിറഞ്ഞ ഒരു ചിരി....ഇതിനൊക്കെ വല്യ പിശുക്കല്ലേ നമ്മുടെ വളിവയറന്മലയാളീസിന്..

ഒന്ന് ചിരിച്ച് കണ്ടാ മതിയായിരുന്നു ഈ മലവാളി മോന്ത..ഫോട്ടോയെടുക്കുമ്പൊ പോലും മസിലു പിടിയ്ക്കും..(ഞാനുള്‍പ്പെടെ).

SV Ramanunni said...

മനുഷിക വ്യവഹാരങ്ങ്ള്‍ക്കു സാമൂഹ്യഭേദങ്ങള്‍ക്കനുസരിച്ചു വ്യത്യസ്തതകള്‍ ഉണ്ടു.സ്നേഹം പ്രകടിപ്പിക്കാന്‍ ചിരിക്കും,കെട്ടിപ്പിടിക്കും,കൈകുലുക്കും,ഉമ്മവെക്കും,പുറത്തു തലോടും,മെല്ലെ അടിക്കും,നമസ്കരിക്കും,കൈഉയര്‍ത്തി കാണിക്കും,കള്ളാ....നായേ....തുടങ്ങിയ സ്നേഹവാക്കുകള്‍ മൊഴിയും,കെട്ടിപ്പിടിച്ചു കരയും,മുഖം വീര്‍പ്പിച്ചു തിരിഞ്ഞുനില്‍ക്കും,അച്ചന്‍ വരുന്നതുകണ്ടാല്‍ ഓടിച്ചെന്നു ബഗ്ഗ് ഏറ്റുവാങ്ങും,........ഒരുപാടു രീതികള്‍ .......എല്ലാം ഏതു മികച്ചതെന്നു വിധിയെഴുതാന്‍ സാമൂഹ്യസാംസ്കാരികചരിത്ര അവബോധം മനസ്സില്‍ ഉണ്ടാവണം.
ഓരോ കര്‍മ്മത്തിനും...സ്ഥലം,കാലം,മുഖം,ന്യായം...എന്നിവ നോക്കണമെന്നു കാരണവന്മാര്‍ നേരത്തെ കണ്ടെത്തിയിരുന്നുവല്ലോ..ഇതും പരിശോധിക്കണം.
നന്നയിട്ടുണ്ട് ചിന്ത.

seena said...

ആദ്യമായാണ് ഇവിടെയൊക്കെ കയറി നൊക്കിയതു. ഇതിനൊടു യോജിക്കാതെ വയ്യ.
കെട്ടിപ്പിടിത്തത്തിനേക്കാള്‍, നമ്മുടെ നാട്ടിലെ അറപ്പുകളും അയിതങ്ങളും...
തരം തിരിച്ചുള്ള പെണ്‍ സീറ്റുകളുള്ള (ആണ്‍ സീറ്റുകളും..?) നമ്മുടെ 'ഹൈ ടെക്' ബസ്സുകളെപ്പറ്റി മത്രം അലോചിച്ചാല്‍ മതി...പിന്നെ പെണ്‍ ക്യുവും ആണ്‍ ക്യുവും..(ഉദ്ദേശിച്ചതു ഫെമിനിസമല്ല..)

ഉണ്ണിക്കുട്ടന്‍ said...

ഹോ.. ആരെ എങ്കിലും ഒന്നു കെട്ടിപ്പിടിക്കാന്‍ തോന്നീട്ടു വയ്യ..!

Sebin Abraham Jacob said...

ഈ പോസ്റ്റിനോടു് ചേര്‍ത്തുവായിക്കേണ്ട വേറൊരെണ്ണം ഇവിടെ.

വെള്ളത്തിലാശാൻ said...

‘ജാദൂ കീ ജപ്പി‘യാണോ ഉദ്ദേശിച്ചത്. അതു വേണോ.

Rammohan Paliyath said...

2007-ൽ തപ്പിയപ്പോൾ കിട്ടാതിരുന്ന ഇന്ദിരാ-കാസ്ട്രോ ആലിംഗന ഫോട്ടോ ഇപ്പോൾ കിട്ടി - 2010-ലെ ടെലഗ്രാഫ് പത്രത്തിൽ നിന്ന്.

Sudeep N K Pillai said...

വമ്പന്‍ വിഡ്ഢിത്തം... അറേബ്യാ-യില്‍ എല്ലാവരും തമ്മില്‍ തമ്മില്‍ ആലിംഗനം ചെയ്യാറുണ്ടത്രേ... ആണും പെണ്ണും ഒരേ കാറില്‍ സഞ്ചരിച്ചാല്‍ പോലും (പാസ്പോര്‍ട്ട്‌-ലും മറ്റും ഇണ എന്ന് രേഖപ്പെടുത്താതെ) വന്‍ശിക്ഷകള്‍ ചൊരിയുന്ന നാട്ടില്‍ ആണിന്റെയും പെണ്ണിന്റെയും ആലിംഗനം അനുവദനീയമോ...? മുസ്ലിം സഹോദരന്മാരുടെ കെട്ടിപ്പിടിക്കല്‍ രീതി കേരളത്തില്‍ എത്തിയിട്ടും അധികം നാളായിട്ടില്ല, കൃത്യമായി പറഞ്ഞാല്‍ നോമ്പ്, പര്‍ദാ തുടങ്ങിയവയുടെ വന്‍പ്രചാരത്തിന്റെയൊപ്പം... പാശ്ചാത്യര്‍ കാണുന്നവരെയെല്ലാം കെട്ടിപ്പിടിക്കുന്നുവെന്ന മിഥ്യാധാരണ എവിടെ നിന്നും സ്വായത്തമാക്കി...? (അവരുടെ അഭിവാദനരീതി ആദ്യമായി കാണുന്നവര്‍ക്കും മുന്‍പ് കണ്ടിട്ടുള്ളവര്‍ക്കും ചിരപരിചിതര്‍ക്കും എല്ലാം വളരെ വ്യത്യസ്തമായ രീതിയില്‍ ആണ്)... വെറുതെ നാലഞ്ചു paragraph വായിച്ചു സമയം കളഞ്ഞു...!!!
(സ്ഥിരമായി കെട്ടിപ്പിടിക്കലില്‍ അകപ്പെട്ട് ഈയുള്ളവനിപ്പോള്‍ ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നതോ ആരുടെയെങ്കിലും കെട്ടിപ്പിടിക്കല്‍ ഏല്‍ക്കുന്നതോ നിര്‍വൃതിദായകമായ ഒരു പ്രവൃത്തിയായി തോന്നാരേയില്ല...)

Rammohan said...

http://worldnews.nbcnews.com/_news/2013/03/11/17272211-ahmadinejads-scandalous-moment-with-hugo-chavezs-mother#.UT8TQV4QG6U.twitter

Related Posts with Thumbnails