Wednesday, July 27, 2011

ആഡ് ജീവിതം

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ആറ് കിടിലന്‍ പരസ്യ തലക്കെട്ടുകളെപ്പറ്റി എഴുതാന്‍ തോന്നുന്നു. 

1) ഓഞ്ഞാന്‍ മലയാളിക്കടകളുടെ പരസ്യങ്ങളില്‍ സ്ഥിരം കണ്ടു മടുത്ത ഒരു അവിഞ്ഞ വാചകമുണ്ട് - ഞങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ല [അതു വായിക്കുമ്പോഴെല്ലാം തോന്നാറുള്ളത് ‘നിങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ലെങ്കില്‍ എനിയ്ക്ക് ഡാഷണ്‘ എന്നാണ്]. ആ ബോറന്‍ വാചകം മാത്രം അതേപടി ഉപയോഗിച്ച് ക്രിയേറ്റിവിറ്റിയുടെ ആകാശം കാണിച്ച ഒരു പരസ്യമുണ്ട്. തൊണ്ണൂറുകളില്‍ മൌറീഷ്യസ് ടൂറിസത്തിനു വേണ്ടി ഇന്ത്യന്‍ പരസ്യ ഏജന്‍സിയായ ട്രികായ ഗ്രേ ചെയ്ത ആ പരസ്യം നെറ്റില്‍ തപ്പിയപ്പോള്‍ കിട്ടി. മൌറീഷ്യസിലെ മനോഹരമായ ഒരു ബീച്ച് ആ‍ണ് ചിത്രത്തില്‍. ഞങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ല്ല എന്ന് തലക്കെട്ട്. അക്കാലം മുതലേ പ്രധാനമായും ടൂറിസം കൊണ്ട് ജീവിക്കുന്ന മൌറീഷ്യസിന് ഒരു കിണ്ണങ്കാച്ചി അടിക്കുറിപ്പും അവര്‍ നല്‍കിയിരുന്നു: 

മൌറീഷ്യസ് 
99% ഫണ്‍, 1% ലാന്‍ഡ്

2) സ്പെയിനിലെ ഒരാര്‍ട്ട് ഗാലറിയ്ക്കുവേണ്ടി ആരോ ചെയ്ത ഒരു പരസ്യത്തില്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള യേശുക്രിസ്തുവിന്റെ ഒരു മനോഹര പെയ്ന്റിംഗാണ് വിഷ്വലില്‍. പണി പൂര്‍ത്തിയാക്കാന്‍ വേണ്ടി വീണ്ടും വരാമെന്നു പറഞ്ഞിട്ടുപോയ മറ്റൊരു മരപ്പണിക്കാരന്‍ എന്ന് തലക്കെട്ട്. 

3) അവളൊരു ദേവതയായിരുന്നു എന്ന് മലയാളത്തില്‍ ഞാന്‍ വിളിക്കുന്ന ഷിവാസ് റീഗലിന്റെ ഒരു പരസ്യം ഫൊര്‍ച്യൂണ്‍ മാഗസിന്റെ ബാക്ക് കവറിലാണ് കണ്ടത്. കറുത്ത പശ്ചാത്തലം. മുകളിലെ ഷിവാസിന്റെ കുപ്പിയില്‍ നിന്ന് സ്വര്‍ണനിറമുള്ള ദേവത താഴെയുള്ള ഗ്ലാസിലെ ഐസ് കട്ടകളിലേയ്ക്ക് ഒഴുകി വീഴുന്ന ദൃശ്യം. Give an ordinary ice-cube its moment of glory എന്നു മാത്രം കോപ്പി. [ഇത്തിരി സ്വാതന്ത്ര്യമെടുത്ത് ആ വാചകം ‘ഒരു സാധാരണ ഐസുകട്ടയുടെ ജീവിതം സഫലമാക്കൂ‘ എന്നാക്കിയാലോ?]


4) 2002-ല്‍ ഇന്ത്യാ റ്റുഡെ ഇംഗ്ലീഷ് എഡിഷന്റെ ബാക്ക് കവറില്‍ കണ്ട ബജാജ് ഓട്ടോയുടെ പരസ്യമാണ് മറ്റൊന്ന്. മുംബൈയിലെ ലിയോ ബണെറ്റാണ് അതീവ മനോഹരമായ ആ പരസ്യത്തിന്റെ സൃഷ്ടാക്കള്‍. ചര്‍ക്കയില്‍ നൂല്‍ക്കുന്ന [നൂലല്ലേ നൂല്‍ക്കാന്‍ പറ്റൂ, അതുകൊണ്ട് ‘നൂല്‍ നൂല്‍ക്കുന്ന’ എന്നെഴുതുന്നില്ല] ഗാന്ധിജിയുടെ ഒരു പെയ്ന്റിംഗാണ് ദൃശ്യം. ചര്‍ക്കയുടെ ഇരുചക്രം മാത്രം ചലിപ്പിച്ച് ഒരു രാഷ്ട്രത്തെത്തന്നെ ചലിപ്പിച്ച മഹാത്മാവിനുള്ള ആദരമാണ് പരസ്യം. ‘Often, all it takes to move a nation are just two wheels' [പലപ്പോഴും ഒരു രാഷ്ട്രത്തെ ചലിപ്പിക്കാന്‍ രണ്ടു ചക്രം മതിയാകും] എന്നു മാത്രമാണ് ആകെ ഈ പരസ്യത്തിലുള്ള ടെക്സ്റ്റ്. രാഷ്ട്രത്തെ ചലിപ്പിക്കുന്ന ഇരുചക്ര നേതാവായ ബജാജിന്റെ ആത്മവിശ്വാസം വംഗ്യം.


5) Paco Rabanne എന്ന ആണുങ്ങളുടെ പെര്‍ഫ്യൂമിന്റെ പരസ്യം, പിറ്റേന്നു വെളുപ്പിന് കിടക്കയില്‍ തനിച്ചായ ആണും തലേന്ന് രാത്രി കൂടെയുണ്ടായിരുന്ന പെണ്ണും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണരൂപത്തിലാണ്. രാവിലെ വരുമ്പോള്‍ നിന്റെ പകൊ റബാന്‍ ഞാന്‍ മോഷ്ടിച്ചു എന്ന് പറയുന്നുണ്ട് പെണ്ണ്. ആണുങ്ങളുടെ പെര്‍ഫ്യൂം നിനക്കെന്തിനാ, രഹസ്യകാമുകന് കൊടുക്കാനോ എന്ന് തിരിച്ചടിക്കുന്നു ചെക്കന്‍. അല്ല, ഇന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇത്തിരിയെടുത്ത് ഞാന്‍  ദേഹം മുഴുവന്‍ പുരട്ടും, എന്നിട്ട് നിന്നെപ്പറ്റിയുള്ള ഓരോ ചെറിയ കാര്യവും ഇന്നലെ നിന്നോടൊപ്പം പങ്കിട്ട രാത്രിയും ഓര്‍ക്കും എന്നാണ് പെങ്കൊച്ചിന്റെ മറുപടി.  What is remembered is up to you എന്ന സൂപ്പര്‍ തലക്കെട്ടിന്റെ സ്ഥാനം പരസ്യത്തിന്റെ അടിഭാഗത്ത്.

Double-click to read
6) ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ പ്രസിദ്ധമായ മുദ്രാവാ‍ക്യമാണ് Keep Discovering. ദുബായ്-ലണ്ടന്‍ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചുകൊണ്ട് വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ് ദുബായില്‍ ലോഞ്ച് ചെയ്തപ്പോള്‍ ഉപയോഗിച്ച സ്ലോഗന്‍ ‘Keep Discovering Until You Find the Best!

Man Cannot Live by Bread Alone എന്ന യേശുവചനം എന്നെങ്കിലും ഏതെങ്കിലും ജാം/ചീസ്/ബട്ടര്‍ ബ്രാന്‍ഡിന് തലക്കെട്ടാക്കണമെന്ന് എനിയ്ക്ക് മോഹമുണ്ട്. എന്നാല്‍ അതിലും വലിയ മോഹം ‘ഇന്ന് കട മുടക്കം’ 'Conditions Apply' എന്നീ വാചകങ്ങള്‍ ക്രിയേറ്റീവായി ഉപയോഗിക്കാനാണ്.

15 comments:

ചാരുദത്തന്‍‌/Charudathan said...

പരസ്യങ്ങളെക്കുറിച്ചെഴുതുമ്പോള്‍ റാമിന്റെ ഉള്ളില്‍നിന്നൊരു കുറുമ്പന്‍ കുതിരക്കുട്ടി ഇറങ്ങി ഓടുന്നത് എനിക്കു കാണാം. ക്ലാരിയണു വേണ്ടി പരസ്യങ്ങള്‍ ചെയ്യുമ്പോള്‍ എനിക്ക് കിട്ടിയിരുന്നത് എന്റെ അന്നത്തെ ശമ്പളത്തിന്റെ അഞ്ചും പത്തും ഇരട്ടിയായിരുന്നു. നല്ല പരസ്യങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴും രോമാഞ്ചമുണ്ടാകുന്നു.

ചാരുദത്തന്‍‌/Charudathan said...

ആട്ജീവിതവും ആഡ്ജീവിതവും തമ്മില്‍ എന്ത് അന്തരം അല്ലേ?

Rammohan Paliyath said...

I knever new u wrote advertising copy, Suresh. Clarion's Rama Ray days? Share your experience and masterpieces please.

deepdowne said...

‘നിങ്ങള്‍ക്ക് മറ്റെങ്ങും ബ്രാഞ്ചുകളില്ലെങ്കില്‍ എനിയ്ക്ക് ഡാഷണ്‘
haha!!

Writings on Sand said...

എല്ലാം വേഗം പരസ്യമാക്കൂ, കേരളം കാത്തിരിക്കുന്നു :)

ശ്രീനാഥന്‍ said...

ഇജ്ജാതി പരസ്യങ്ങൾ ഇനിയും പോസ്റ്റണം കെട്ടോ. എത്ര കലാത്മകമായ സോദ്ദേശസാഹിത്യം. യേശുവചനത്താൽ വാഴ്ത്തപ്പെട്ട ജാം കഴിക്കണമെന്നുമുണ്ട്.

AFRICAN MALLU said...

പരസ്യങ്ങള്‍ കാര്യമായി തന്നെ ഫോളോ ചെയ്യാറുണ്ട് .ക്രിയേറ്റിവിറ്റി ആകെ നില നിര്‍ത്തുന്ന ഒരു മേഖല ഇപ്പോള്‍ പരസ്യങ്ങള്‍ മാത്രമാണെന്നും തോന്നുന്നു .എനിക്കിപ്പോഴും രോമാഞ്ചം നല്‍കുന്ന പരസ്യം ജോണി വാക്കര്‍ റോബര്‍ട്ടോ ബാജിയോ "കീപ്‌ വാകിംഗ് "ആഡ് ചിലപ്പോള്‍ ഫുട്ബോള്‍ ഭ്രാന്ത് കൊണ്ടായിരിക്കും . രാംജി പിന്നെ "ആഡ് "ജീവിതം "ആട് ജീവിതം" പോലെ തന്നെ ആണല്ലേ വല്ലവന്റേം ആടിനെ (ബ്രാന്ടിനെ) പുല്ലു തീറ്റിച്ചുള്ള ജീവിതം. (അവളൊരു ദേവതയായിരുന്നു ആദ്യമായാണ് കേള്കുന്നത്)

yousufpa said...

പണ്ട് എന്റെ ഒരു സുഹൃത്ത്, അവന്റെ കാമുകിക്ക് മറ്റൊരു വിവാഹം ഉറച്ചപ്പോൾ ഒരു സമ്മാനം കൊടുത്തു. ഒരു റ്റെഡ്ഡിബീയർ.ആ പൊതിക്കുമുകളിൽ ഇങ്ങനെ എഴുതി.
"pet me,till get to the real one"
(എന്നെ താലോലിക്കുക,യഥാർത്ഥത്തിൽ ഉള്ളത് കിട്ടും വരെ)


ചാരുദത്തന്റെ ഈ കമന്റ് ഇഷ്ടപ്പെട്ടു. ആട്ജീവിതവും ആഡ്ജീവിതവും തമ്മില്‍ എന്ത് അന്തരം അല്ലേ?

K@nn(())raan*കണ്ണൂരാന്‍! said...

നല്ല ഒരു കുറിപ്പായി ഈ പോസ്റ്റ്‌ മനസ്സില്‍ തങ്ങി നില്‍ക്കും. എഴുതിവെച്ച വാക്കുകള്‍ ഒരു ചിത്രം പോലെ മനോഹരം.
ഇതിന്റെ ടൈറ്റില്‍ തന്നെ ഒരു മനോഹരം പരസ്യം പോലുണ്ട്!
ഈ പട്ടിണി ബ്ലോഗറുടെ ആശംസകള്‍ സ്വീകരിക്കൂ.

കൂതറHashimܓ said...

മൂന്നു നായ്കുട്ടികളെ വെച്ചെടുത്ത ബ്രിഡ്ജ്സ്റ്റോണ്‍ ടയറിന്റെ ഒരു പരസ്യമുണ്ടായിരുന്നു.. നല്ല തീമയിരുന്നു അത്.

Rammohan Paliyath said...

ഇതല്ലേ ഹാഷിം? http://www.youtube.com/watch?v=ZUxQeN307r8

വഴിപോക്കന്‍ | YK said...

നല്ല പരസ്യങ്ങള്‍ കാണുമ്പോള്‍ തോന്നാറുണ്ട്
ദൈവം വാര്‍ത്തകള്‍ സൃഷ്ടിച്ചത് തന്നെ
മനുഷ്യര്‍ക്ക്‌ അതിനിടയില്‍ വരുന്ന ചില
നല്ല പരസ്യങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടിയാണെന്ന്

Britton said...

Thanks for sharing these works. Indeed, i am motivated to go on writing...

Vp Ahmed said...

രസകരമായിരിക്കുന്നു പരസ്യത്തിലടങ്ങിയ രഹസ്യങ്ങള്‍.

കുഴൂര്‍ വില്‍‌സണ്‍ said...

എർണാകുളത്തിന്റെ ഓർമ്മയ്ക്ക് എഴുതിയ രാമ്മോഹനും മറ്റെങ്ങും ബ്രാഞ്ചുകളില്ല എന്ന് തെളിയിക്കുന്ന കുറിപ്പ് .കിടിലൻ

Related Posts with Thumbnails