Sunday, October 21, 2007

പെരിയാര്‍ എഴുതിയ ‘ട്ട’


കേരളത്തില്‍ ജീവിച്ച 37 വര്‍ഷം [1966-1990, 1993-1998, 2011- ] മുഴുവന്‍ പെരിയാറിന്റെ പല വഴികള്‍ക്കും കൈവഴികള്‍ക്കുമിടയിലായിരുന്നു. തെക്ക് തച്ചപ്പുള്ളിപ്പുഴയും വടക്ക് ചെറിയ പഴമ്പിള്ളിത്തുരുത്തുപുഴയുമുള്ള ചേന്ദമംഗലം ബാല്യം. മൂത്തകുന്നം ഫെറിയില്‍ ചാമ്പച്ചനും തഥേവൂസും അക്കരെ കടത്തി, കോട്ടപ്പുറം ചന്തയിലെ പച്ചക്കറിമണങ്ങളും ചേരമാന്‍ പെരുമാളിന്റെ ഖബറും വസൂരി വന്ന് കണ്ണുപോയ തമിഴന്റെ യാചനയും കടന്ന് അമ്മവീട്ടിലേയ്ക്കു പോയ ഒഴിവുകാലങ്ങള്‍. പള്ളിപ്പുറത്തിനും മാല്യങ്കരയ്ക്കുമിടയില്‍ പ്രീഡിഗ്രിക്കാലത്ത് തെങ്ങിന്‍ കള്ളും കുടിച്ച് കടത്തിറങ്ങിയ ആ ചെറിയ പുഴ.

കോട്ടയില്‍ കോവിലകത്ത് ചാലക്കുടിപ്പുഴയോട് ചേരുമ്പോള്‍ “പൂരം കാണാന്‍ പോകുന്നതല്ലേയുള്ളു” എന്ന് നിശബ്ദം പ്രഖ്യാപിക്കുന്ന ചുഴികള്‍, മലരികള്‍. [വലിയ പഴമ്പിള്ളി തുരുത്തിനും പുത്തന്‍ വേലിക്കരക്കുമിടയിലാണ് പൂരം. അക്കരെ കാണാത്ത വീതി. ആഴവും ഒഴുക്കുമുള്ള നീളം. ഓരോ കടത്തിലും മുട്ടിടിക്കും. ‘തുരുത്തുമ്മേന്ന്‘ വരുന്ന മാഷ്ഷുമ്മാര്‍ മഴക്കാലത്ത് ആബ്സെന്റായിരിക്കും. കുട്ടികളുടെ കാര്യം പിന്നെ പറയാനുണ്ടോ? കെട്ട്യോന്റെ വീടെത്താറായ മദിയാണ് പെമ്പ്രന്നോത്തിക്കെന്ന് മനുഷ്യമ്മാര്‍ക്കുണ്ടോ മനസ്സിലാവുന്നു!]
എറണാകുളത്തെത്തുമ്പോള്‍ ചുറ്റുമൊഴുകുന്ന ജലരൂപത്തിന് വെമ്പനാട്ടു കായല്‍ എന്നാണ് പേരെങ്കിലും വടക്കേപ്പുഴയായ പെരിയാറാണ് ആ പെരുന്നാളിന്റെ പ്രസുദേന്തി എന്നറിയാന്‍ ഒരു എര്‍ണാളം-വരാപ്പുഴ ബോട്ടുയാത്ര മതിയായിരുന്നു.

കൊച്ചിപ്പെണ്ണിന്റെ ദാഹവും വൃത്തികളും നിവര്‍ത്തിയാക്കുന്നവളും പെരിയാര്‍ തന്നെ. ഏലൂരിലും മുപ്പത്തടത്തുമുള്ള ഫാക്ടറികള്‍ തുപ്പുന്ന വിഷം മുഴുവന്‍ കടിച്ചിറിക്കുന്നവളും അവള്‍. ഇടുക്കിയില്‍ അണക്കെട്ടിന്റെ ചുമരില്‍ തലതല്ലി, ഇരുമ്പുദണ്ഡ് കടിച്ചുപിടിച്ച് കിലോവോള്‍ട്ടുകള്‍ അയച്ചു തരുന്നതും അവള്‍. എന്തൊരു വിരോധാഭാസം, ഇതെല്ലാമായിട്ടും ചെറിയ ക്ലാസുകള്‍ മുതലേ ആരാധിച്ചത് ഭാരതപ്പുഴയെ. അല്ല നിളയെ. [അങ്ങനെ അവള്‍ക്കെത്ര പേ(രാ)ര്‍. പാവം പെരിയാറിന് നല്ലൊരു മലയാളം പേരില്ല. പെരിയ ‍ആര്‍ തമിഴ് തന്നെ. ചൂര്‍ണി സംസ്കൃതവും]. സാക്ഷാല്‍ പി., ഉദ്ഭവം മുതല്‍ ചമ്രവട്ടം വരെയുള്ള നിളാതീരങ്ങളെ കവിത തോല്‍ക്കുന്ന ഗദ്യത്തില്‍ വര്‍ണിക്കുന്ന ഉപപാഠപുസ്തകമായിരിക്കണം ആ വ്യാജം മനസ്സില്‍ പച്ചകുത്തിയത്. [പട്ടാമ്പിയെപ്പറ്റിപ്പറയുമ്പോള്‍ ‘ഗുരുവായൂര്‍ക്ക് പോകുന്നവരുടെ തിരക്കാണവിടെ’ എന്നൊരു വാചകം ഇന്നും ഓര്‍മയിലുണ്ട്. ചുള്ളി പറഞ്ഞതിന് ഒരു തെളിവു കൂടി. ഹ ]. എന്നിട്ട് പിയില്‍ നിര്‍ത്തിയോ? ഇടശ്ശേരി, എംടി, ലീലാകൃഷ്ണന്‍ എന്നിങ്ങനെയുള്ള വള്ളുവനാട്ടുകാര്‍ മാത്രമല്ല ചവറക്കാര് പാട്ടെഴുതിയാലും ചാലക്കുടിക്കാര് കഥയെഴുതിയാലും എല്ലാം നിളാമയം. എന്റെ പെരിയാറിനെപ്പറ്റിയോ - ആകെ മൊത്തം ടോട്ടല്‍ മൂന്നേ മൂന്ന് സിനിമാപ്പാട്ടുകള്‍ മാത്രം. അതിന്റെ തീരത്ത് കളിച്ചു വളര്‍ന്ന ചെക്കന്‍ ഒന്നാന്തരമൊരു കഥയെഴുതിയപ്പോഴും [ജഡം എന്ന സങ്കല്‍പ്പം] പുഴയുടെ പേരില്ല. അതാ‍ണ് ഞങ്ങടെ പുഴ.

ഭാരതപ്പുഴ എന്നേ ഭാരതമണലായി. എന്നാ കര്‍ക്കടകത്തില് മാര്‍ത്താണ്ഡവര്‍മപ്പാലത്ത്മ്മെ നിന്ന് ഒന്ന് പെരിയാറിനെ നോക്കാമോ - അപ്പൊ അറിയാം പുഴ എന്താണെന്ന്. പാല് തീരെ കുറവായ കാപ്പിയുടെ കളറില്‍ സഹ്യന്റെ ചില്ലകളും കല്ലുകളും കട പറിച്ച് ഒഴുക്കിക്കൊണ്ടു വരുന്ന താണ്ഡവം.[തിരുവാതിരഞാറ്റുവേലക്കാലത്ത് ആ‍റാന ചത്തൊഴുകി വന്നാലേ തൊറാനപ്പെരുന്നാള് ആഘോഷിക്കുള്ളു, അറിയാമോ?] അതെ, കാല്‍പ്പനികരുടെ പുഴയാണ് നിള. പാവം സാധാരണക്കാരുടെ പുഴ പെരിയാറും. അല്ലെങ്കില്‍ കലാകാരന്മാരുടെ പുഴ നിള. കച്ചവടക്കാരുടെ പുഴ പെരിയാര്‍. 14 വയസ്സുള്ള പെങ്കൊച്ചും 75 വയസ്സുള്ള അമ്മുമ്മയും നിള.[പിയുടെ ആത്മകഥകളിലും നിളയുടെ കളിയാണ്. ഭര്‍ത്തൃഗൃഹത്തിലേയ്ക്കു പോകുന്ന ഭാരതപ്പുഴ എന്നാണ് ഒരിടത്ത് പറയുന്നത്. എന്താ, മെലിഞ്ഞുണങ്ങിയ ആസ്തമക്കാരി ഭര്‍ത്താവിന്റമ്മയ്ക്ക് പൊടിയരി കൊണ്ടുപോവുകയാ? അതിനു പകരമാണ് കെട്ട്യോന്റെ വീടെത്താറായ പെമ്പ്രന്നോത്തിയുടെ മദി] 14 വയസ്സുള്ള പെങ്കൊച്ചും 75 വയസ്സുള്ള അമ്മുമ്മയും നിള. പ്രായോഗികബുദ്ധികളുടെ, പ്രയോജനവാദികളുടെ ഹെല്‍ത്തി വെല്‍ത്തി മധ്യവയസ്ക്ക പെരിയാര്‍. ഒരു കൂലിപ്പണിക്കാരി. എര്‍ണാകുളത്തുകാരുടെ മാത്രം ഭാഷേപ്പറഞ്ഞാ ഒരു മെക്കാട്ടുപണിക്കാരി. എന്നും 37 വയസ്സുള്ള മിസ്സിസ് മിസ്റ്ററി. അവള്‍ടെ ഒരു വികൃതി പറയാനും മാത്രമാണ് ഇത്രയും ദൂരം ഒഴുകിയത്.

സാധാരണ ഒരു പുഴയും യൂ-ടേണ്‍ എടുത്ത ചരിത്രമില്ല. മിക്കവാറും പുഴകള്‍ മലകളില്‍ നിന്ന് തുടങ്ങി കടലുകളില്‍ വന്നു ചേരും. ആ വഴിയില്‍ ഒരു നിമിഷം പോലും പിന്നോട്ടൊരു തിരിഞ്ഞുനോട്ടം അസാധ്യം. ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുള്ള ചില കുതറലുകള്‍. തീര്‍ന്നു. ഗതി ഉയരത്തില്‍ നിന്ന് താഴോട്ടു തന്നെ. പുഴയൊഴുകും വഴി വേറെയാക്കിടാം എന്ന് കവികള്‍ക്ക് എഴുതാന്‍ കൊള്ളാം. ഒന്ന് ശ്രമിച്ച് നോക്കിയാട്ടെ, വിവരമറിയും. എന്നാല്‍ നമ്മുടെ ചൂര്‍ണിപ്പെണ്ണോ, പെരുമ്പാവൂരിനടുത്തുള്ള ചേലാമറ്റത്തെത്തുമ്പോളുള്ള അവളുടെ കളി നോക്കിയാട്ടെ. കുറച്ചധികം നേരം, ഒരിത്തിരി ദൂരം അവള്‍ പിന്നോട്ട് ഒഴുകുന്നു. ആദ്യം ഒരു യൂ-ടേണ്‍, പിന്നെ വഴി തെറ്റിയോ എന്ന് പരിഭ്രമിച്ച് തിരിയാനൊരു ചെറിയ ശ്രമം. പിന്നെ, ‘ഏതായാലും കുട പണയം വെച്ചതല്ലെ ഒരു കഷ്ണം പുട്ടും കൂടി തിന്നാം‘ എന്ന് വിചാരിച്ചപോലെ ഒരര്‍ധവൃത്തംവര.

പുഴയോളം ചെന്ന് പിതൃതര്‍പ്പണം നടത്താന്‍ വയസ്സായ അമ്മയ്ക്ക് വയ്യാതായപ്പോള്‍ പെരിയാറിന്റെ തീരക്കാരന്‍ തന്നെയായ ആദിശങ്കരനാണ് പെരിയാറിനെ ഇങ്ങനെ ഇത്തിരിനേരം പിറകോട്ടൊഴുകിച്ചതെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ, ചേലാമറ്റത്ത് പുഴക്കരയിലുള്ള വിഷ്ണുക്ഷേത്രം പിതൃതര്‍പ്പണത്തിനും വാവുബലികള്‍ക്കും പ്രസിദ്ധം. വിശ്വാസവും പ്രസിദ്ധിയും എന്തുമാകട്ടെ, അവളുടെ ആ ‘ട്ട‘ എഴുത്ത് കാണാന്‍ എന്തു ഭംഗി. ഗൂഗ്ള്‍ എര്‍ത്തിനും വിക്കിമാപ്പിയയ്ക്കും സ്തുതി. ആ ‘ട്ട’യുടെ ആദ്യത്തെ വളവിന് പിന്നില്‍ കാണുന്നതു തന്നെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്. ഇനി പറഞ്ഞാട്ടെ, നിങ്ങടെ നിളയും യമുനയുമെല്ലാം വലിയ എഴുത്തുകാരുടെ പുഴയല്ലെ, എന്നിട്ടെന്താ, നേരെയും ലേശം വളഞ്ഞുമല്ലാതെ ഇത്തിരി ക്രിയേറ്റീവായി ഒഴുകാന്‍ പറ്റിയോ? ‘ട്ട’ പോയിട്ട് ഒരു ‘ട’യെങ്കിലും എഴുതാന്‍?

12 comments:

സു | Su said...

“ട്ട” എഴുതിയെടുത്ത പുഴക്കഥ കൊള്ളാം. പക്ഷെ, വെള്ളമില്ലെങ്കില്‍ എന്തെഴുതും?

സഹയാത്രികന്‍ said...

‘ട്ട’ ക്കഥ നന്നായി... ഇതു വരെ ഇങ്ങനൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു...
:)

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട്.

വേണു venu said...

പ്രീഡിഗ്രിക്കാലത്ത് തെങ്ങിന്‍ കള്ളും കുടിച്ച്....
ഉവ്വ ഉവ്വ, എല്ലാം വായിക്കുന്നുണ്ടു്.:)

പ്രിയംവദ-priyamvada said...

ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാ പിന്നെയും ഒഴുകി ....ഇതു മാത്രം പോരെ നമ്മുടെ പുഴക്കു?

Kaithamullu said...

....ഭര്‍ത്തൃഗൃഹത്തിലേയ്ക്കു പോകുന്ന ഭാരതപ്പുഴ എന്നാണ് ഒരിടത്ത് പറയുന്നത്. അതിനു പകരമാണ് കെട്ട്യോന്റെ വീടെത്താറായ പെമ്പ്രന്നോത്തിയുടെ മദി. മെലിഞ്ഞുണങ്ങിയ ആസ്തമക്കാരി ഭര്‍ത്താവിന്റമ്മയ്ക്ക് പൊടിയരി കൊണ്ടുപോവുകയാ?
....ആദ്യം ഒരു യൂ-ടേണ്‍, പിന്നെ വഴി തെറ്റിയോ എന്ന് പരിഭ്രമിച്ച് തിരിയാനൊരു ചെറിയ ശ്രമം. പിന്നെ, ‘ഏതായാലും കുട പണയം വെച്ചതല്ലെ ഒരു കഷ്ണം പുട്ടും കൂടി തിന്നാം‘ എന്ന് വിചാരിച്ചപോലെ ഒരര്‍ധവൃത്തംവര.

വളരെ ബോധിച്ചൂ ഈ “ട്ട” പെരിയാര്‍ ചിന്തനം.നടക്കാത്ത ഈ വഴിയേ കൂട്ടിക്കൊണ്ട് പോയതിന് നന്ദി!

Anonymous said...

vooouhhhhhh....

quite an impressive thought!!!

congrats

simy nazareth said...

ആ‍ വിക്കിമാപ്പിയ ലിങ്കും കൂടെ താ

സാല്‍ജോҐsaljo said...

kollam!

Rammohan Paliyath said...

വിക്കിമാപ്പിയയില്‍ പോയി ‘cochin international airport എന്ന് സെര്‍ച്ചിയാല്‍ എയര്‍പോര്‍ട്ട് കാണാം. അവിടന്ന് കുറച്ച് വലത്തുമാറിയാണ് പെരിയാറിന്റെ പിന്തിരിയല്‍. http://wikimapia.org/#lat=10.152239&lon=76.433172&z=13&l=0&m=a&v=2

Rammohan Paliyath said...

http://wikimapia.org/#lat=10.152239&lon=76.433172&z=13&l=0&m=a&v=2

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

" എന്നാല്‍ നമ്മുടെ ചൂര്‍ണിപ്പെണ്ണോ, പെരുമ്പാവൂരിനടുത്തുള്ള ചേലാമറ്റത്തെത്തുമ്പോളുള്ള അവളുടെ കളി നോക്കിയാട്ടെ. കുറച്ചധികം നേരം, ഒരിത്തിരി ദൂരം അവള്‍ പിന്നോട്ട് ഒഴുകുന്നു. ആദ്യം ഒരു യൂ-ടേണ്‍, പിന്നെ വഴി തെറ്റിയോ എന്ന് പരിഭ്രമിച്ച് തിരിയാനൊരു ചെറിയ ശ്രമം. പിന്നെ, ‘ഏതായാലും കുട പണയം വെച്ചതല്ലെ ഒരു കഷ്ണം പുട്ടും കൂടി തിന്നാം‘ എന്ന് വിചാരിച്ചപോലെ ഒരര്‍ധവൃത്തംവര.."

നന്നായിരിക്കുന്നു പ്രിയ.. ഒരു വിദ്ധ്വേഷിയായ ഒരു കവി/കഥാകൃത്ത് ഉള്ളില്‍ ഉണ്ടല്ലേ...?

തുടര്‍ന്നും എഴുതുക എല്ലാവിധ ആശംസകളും..!

Related Posts with Thumbnails