Friday, August 31, 2007

വിക്കിമാപ്പില്ല


രാജീവ് മേനോന്‍സ് ഹൌസ്, അഷ്രഫ്സ് വൈഫ് ഹൌസ്... ഇങ്ങനെ വിക്കിമാപ്പിയയെ അലമ്പാക്കിയ വളിപ്പന്‍ മലയാളികള്‍ക്ക് മാപ്പില്ല.

സന്ദര്‍ഭത്തിനൊത്ത് താഴല്‍


സന്ദര്‍ഭത്തിനൊത്ത് ഉയരല്‍ മാത്രമല്ല, താഴലുമുണ്ട്. ബൌണ്‍സര്‍ വരുമ്പോള്‍ ബാറ്റ്സ്മാന്‍ ചെയ്യുന്നത് നോക്കൂ!

Thursday, August 30, 2007

താനിരിക്കേണ്ടിടത്ത്


താനിരിക്കേണ്ടിടത്ത് നായ ഇരുന്നില്ലെങ്കില്‍ അവടെ നായച്ചെള്ള് കയറി ഇരിക്കും.

ബാര്‍ട്ടര്‍ കാര്‍ഡ്


ഞാന്‍ പഠിച്ച സ്ക്കൂളിന്റെ പ്ലേഗ്രൌണ്ടിന് ഒരോമനപ്പേരുണ്ട് - മാറ്റപ്പാടം. കറന്‍സി നോട്ടുകള്‍ പ്രചാരത്തിലാകുന്നതിന് മുമ്പുള്ള കാലത്ത് ‘മാറ്റം’ എന്ന പേരില്‍ ബാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ വിഷുവാണിഭം നടന്നിരുന്നതുകൊണ്ടാണ് ഇങ്ങനെ പേരുവന്നത്. കറന്‍സി വന്നെങ്കിലും എല്ലാ വിഷുത്തലേന്നും മാറ്റം ഇപ്പോഴുമുണ്ട്. ഇഞ്ച, മുറം, വിശറി, ചുരയ്ക്ക (കള്ളിന്‍ കുടത്തിനു പകരം, ചെത്തുകാര്‍ക്ക്), ചട്ടീം കലോം, എല്ല് (ചെത്തുകാര്‍ക്ക്), കുമ്മട്ടിങ്ങ (aka തണ്ണിമത്തന്‍/ബത്തക്ക), പന്നി, താറാ‍വ്, ഒരു ഗ്ലാസിന് രണ്ടര രൂപയ്ക്ക് ശശി വില്‍ക്കുന്ന ഗോതമ്പു പായസം, ചെരട്ട കൊണ്ടുണ്ടാ‍ക്കിയ കിടുമണ്ടി എന്ന കളിപ്പാട്ടം (exclusive!) - ഇതൊക്കെയായിരുന്നു മാറ്റത്തിന്റെ ഹൈലൈറ്റ്സ്. ബിലീവ് ഇറ്റ് ഓര്‍ നോട്ട്, പായസം ഒഴിച്ച് മറ്റെല്ലാമുണ്ടായിരുന്നു 2007-ലെ മാറ്റത്തിനും. മാറ്റത്തിനെ ഓര്‍ത്തത് ബാര്‍ട്ടര്‍ കാര്‍ഡ് കണ്ടപ്പോള്‍. പണം കൊടുക്കാതെയുള്ള സര്‍വീസുകളുടേയും പ്രൊഡക്ട്സിന്റേയും ക്രയവിക്രയമാണ് ബാര്‍ട്ടര്‍ കാര്‍ഡ് വഴിയും നടപ്പാകുന്നത്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ബാര്‍ട്ടര്‍ കാര്‍ഡില്‍ ചേരാം. ഡയറക്ടറി നോക്കി വാങ്ങലും വില്‍ക്കലും നടത്താം, കാര്‍ഡില്‍ പോയന്റുകള്‍ നിറയ്ക്കാം, ഈ പോയന്റുകള്‍ ഉപയോഗിച്ച് മറ്റ് അംഗങ്ങളില്‍ നിന്ന് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോള്‍ വാങ്ങാം... സംഗതി simple. ചെറിയ അഡ്മിഷന്‍ ഫീസ് മാത്രം പണമായി കൊടുക്കണം. ബാര്‍ട്ടര്‍ കാര്‍ഡിനും മുമ്പേ ഇടപാടുകാരുമായി ബാര്‍ട്ടര്‍ നടപ്പാക്കിയ ഒരു മാഗസിന്‍ ഉടമയുണ്ടായിരുന്നു കൊച്ചിയില്‍. ഒടുവില്‍ അയാളുടെ ബാക്കോഫീസ് നിറയെ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞു. ശമ്പളത്തിന് പകരം സ്റ്റെബിലൈസറും മുളകുപൊടിയും കൊടുത്തു തുടങ്ങി. ഞാനങ്ങേരോട് പറഞ്ഞു: ബാങ്കുകാരുമായേ ബാര്‍ട്ടര്‍ ബിസിനസ് ചെയ്യാവൂ. സൈക്ക്യട്രിസ്റ്റുമായി ഒരിക്കലും ബാര്‍ട്ടര്‍ ബിസിനസ് ചെയ്യരുത്.

Wednesday, August 29, 2007

കുതിരബിരിയാണിപുട്ടും നേന്ത്രപ്പഴം പുഴുങ്ങീതും നെയ്യും പഞ്ചാരേം കൂടി ഒരു കോമ്പിനേഷനുണ്ട്. എന്തായാലും മുതിര മൊളോഷ്യോം പുട്ടും പപ്പടവും ചേരുന്ന കുതിരബിരിയാണിയോളം വരില്ല ഒന്നും. പുട്ട്, പൂട്ട്, പിട്ട്... എന്തുപേരില്‍ വിളിച്ചാലും എത്ര തിന്നാലും മതിവരുമോ ഈ തനിക്കേരളീയനെ? പോപ്പുലറല്ലാത്ത ഉപനാടന്‍ പഴഞ്ചൊല്ലുകളില്‍ എപ്പോഴും നാവില്‍ വരുന്നതും ആവര്‍ത്തിച്ചാലും വിരസമാകാത്തതുമായി ഒന്നുണ്ട്: ഏതായാ‍ലും കുട പണയം വെച്ചു, ഒരു കഷണം പുട്ടും കൂടി തിന്നാം.

ഫയറെഞ്ചിന് തീ പിടിച്ചു


അജഗജാന്തരം, കടലും കടലാടിയുമ്പോലെ വ്യത്യാസം എന്നൊക്കെ പറഞ്ഞാല്‍ പുതിയ കുട്ടികള്‍ക്ക് മനസ്സിലാവുകേല. അതുകൊണ്ട് അവര്‍ക്കുവേണ്ടി പാചകം ചെയ്തെടുത്തത്: പോപ്പും പോപ്പ് മ്യൂസിക്കും പോലെ വ്യത്യാസം. ഭ്രാന്തന്മാരെ ആരും ഇപ്പോള്‍‍ ചങ്ങലയ്ക്കിടാത്തതുകൊണ്ടും കുറുന്തോട്ടിയോ അതെന്ത് തോട്ടി എന്ന് ചോദിച്ചേക്കാമെന്നതുകൊണ്ടും ചങ്ങലയ്ക്ക് ഭ്രാന്തുപിടിക്കലും കുറുന്തോട്ടിക്ക് വാതം പിടിക്കലും ഇല്ല. അതുകൊണ്ട് ഫയറെഞ്ചിന് തീ പിടിച്ചു.

Tuesday, August 28, 2007

നിങ്ങള്‍ ഒരു മീനായിരുന്നെങ്കില്‍


നിങ്ങള്‍ ഒരു മീനായിരുന്നെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സൈസിനെപ്പറ്റിയായിരിക്കുമോ അതോ നിങ്ങള്‍ ജീവിക്കുന്ന ജലാശയത്തിന്റെ സൈസിനെപ്പറ്റിയായിരിക്കുമോ വ്യാകുലപ്പെടുക? നിങ്ങള്‍ ഏറ്റവും വലിയ സ്വര്‍ണമത്സ്യമായാലും ഒരു അക്വേറിയത്തിലാണ് വാസമെങ്കിലോ? നിങ്ങള്‍ മഹാസമുദ്രത്തിലെ ഒരു കൊഴുവ (എലിയാസ് ചൂട എലിയാസ് നത്തോലി)യായി ഒരു സ്രാ‍വിന്‍ കുഞ്ഞിന് സെറിലാക്കാവുമോ? അല്ലെങ്കില്‍ അതിന്റെ തള്ളയായി ഫിഷിംഗ് ബോട്ടിനുള്ളിലെത്തി പിടയ്ക്കുമോ? നിങ്ങള്‍ ഏത് മീനാണ്? കുളങ്ങള്‍ ഇല്ലതായിക്കൊണ്ടിരിക്കുന്ന മലയാളത്തിലെ ഒരു എന്‍ഡേഞ്ചേഡ് മാനത്തുകണ്ണിയോ (പൂച്ചുട്ടി)? അതോ ബക്കറ്റുകള്‍ മുങ്ങിക്കുളി നിര്‍ത്തിയ ഒരു കിണറ്റിലെ വട്ടനോ (എലിയാസ് വട്ടൂറി. ബ്രാലില്ലാത്ത കുളത്തില്‍ വട്ടന്‍ രാജാവ് എന്ന് പഴമൊഴി). കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനില്‍ ‘ഉണ്ണിമേരി ഉണ്ണിമേരി’ എന്ന് വിളിച്ച് വില്‍ക്കപ്പെടുന്ന നിരത്തിക്കിടത്തിയ കിളിമീന്‍ (പുതിയാപ്ലക്കോര എലിയാസ് സുല്‍ത്താന്‍ ഇബ്രാഹിം) കൂട്ടങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തിത്വം നഷ്ടപ്പെടുമോ? ബ്ലാങ്ങാട്ടെ മണല്‍പ്പുറത്ത് നിങ്ങള്‍ ഉപ്പില്‍ക്കുളിച്ച് വെയില്‍ കൊള്ളുകയാണോ? അതോ നിങ്ങളെ ടിന്നില്‍ വാങ്ങാന്‍ കിട്ടുമോ? എവിടെയാണ് നിങ്ങള്‍?

മറ്റൊരു മഹാന്‍


മുഷ്ടിമൈഥുനം കണ്ടുപിടിച്ചവനും ഒരു മഹാന്‍.(പില്‍ക്കാ‍ലത്ത് സംഭവിക്കുമായിരുന്ന എത്ര ബലാത്സംഗങ്ങളെ അവന്‍ മുന്‍ കൂട്ടി തടഞ്ഞില്ല.)

Monday, August 27, 2007

ദേവന്മാരുടെ വിമോചനസമരം


ഓണം ഒരര്‍ത്ഥത്തില്‍ കരിദിനമാണ്. നേരാംവണ്ണം ഭരിച്ചിരുന്ന മാവേലിമന്ത്രിസഭയെ മറിച്ചിട്ട ദേവന്മാരുടെ വിമോചനസമരത്തിന്റെ ഓര്‍മയെ ആര്‍പ്പുവിളിച്ച് പരിഹസിക്കുന്ന ഒരു പ്രതിഷേധദിനം. ആ അര്‍ത്ഥത്തില്‍ ഇതൊരു സവര്‍ണ ഹൈന്ദവ ആഘോഷമാണെന്നല്ല, ഹൈന്ദവ ആഘോഷം പോലുമല്ല. എന്നല്ല, സത്യത്തില്‍ ഇതൊരു ഹൈന്ദവ വിരുദ്ധ ഉത്സവം കൂടിയാണ്. ഒരു യഥാര്‍ത്ഥ ദ്രാവിഡ ഉത്സവം. ഓണം ഒരു സവര്‍ണ ഹൈന്ദവ ഉത്സവമാണെന്നും മറ്റും വാദിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ ഇ എന്‍ കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ കഴിഞ്ഞ ഓണത്തിനു മുമ്പ് മാര്‍ക്കറ്റിലിറക്കിയ പുകിലുകള്‍ ഓര്‍ക്കുമല്ലോ. ഇവരൊക്കെ ഏതു നാട്ടുകാരാണ്? ആരെ പ്രകോപിപ്പിക്കാനാണ് ഇവരുടെ വാദങ്ങള്‍? ഏതുത്സവമാണ് ഇവര്‍ക്കാഘോഷിക്കേണ്ടത്? ഏതാണ് ഇവരുടെ മാതൃകാറിപ്പബ്ലിക്ക്? കെ ഇ എന്‍ ഇപ്പോള്‍ യൂഏഈയിലുണ്ട്. കഴിഞ്ഞ ദിവസം മാധ്യമം പത്രത്തില്‍ ഒരു വാര്‍ത്ത വായിച്ചു - ഫുജൈറയിലെ കൈരളി എന്ന സംഘടനയുടെ ഓണാഘോഷം കെ ഇ എന്‍ ഉദ്ഘാടനം ചെയ്തെന്ന്. എന്താണിതിനര്‍ത്ഥം - കെ ഇ എന്നിന്റെ തെറ്റിദ്ധാരണ നീങ്ങിയോ? ഐതിഹ്യങ്ങള്‍ എന്തായാലും ഓണം സെക്കുലറായിക്കഴിഞ്ഞു. കമേഴ്സ്യലൈസേഷന്‍ - അത് എല്ലാ മേഖലകളിലും വന്നു. അത് ഓണത്തിന്റെ കുറ്റമല്ല. ഓണത്തിന് വന്നുപെട്ട എല്ലാ കമ്പോളവത്കരണങ്ങളുടേയും ഉള്ളില്‍ അതിന്റെ ആസുര രാഷ് ട്രീയം അമര്‍ന്നുപോയതാണ്. അത് പുറത്തെടുക്കുവാന്‍ കഴിവില്ലെങ്കില്‍ അതിനെപ്പറ്റി തെറ്റിദ്ധാരണ പരത്താതിരിക്കാനെങ്കിലും കുഞ്ഞുമനസ്സുള്ളവരും ബാലമനസ്സുള്ളവരും ശ്രമിക്കണം.

Sunday, August 26, 2007

കേരളം ഒരു ബ്രാന്‍ഡാലയം


അയിത്തം തുടങ്ങിയ സങ്കല്‍പ്പിക്കാനാവാത്ത വിധം ഭീകരമയ അനാചാരങ്ങളാല്‍ ചീഞ്ഞുനാറിയിരുന്ന ജാതിവ്യവസ്ഥ കണ്ടിട്ടാണ് വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു ജാതിവ്യവസ്ഥ കേരളത്തെ ഭ്രാന്താലയമാക്കിക്കൊണ്ടിരിക്കുന്നു - ബ്രാന്‍ഡുകളുടെ ജ്യാതിവ്യവസ്ഥ. ഈ ബ്രാ‍ന്‍ഡാലയത്തില്‍ ജാതികളുടെ നില മാറി മറിയുമെന്നതുമാത്രമാണ് ഒരു വ്യത്യാസം. ഉദാഹരണത്തിന് കാര്‍ ജാതിയിലെ സവര്‍ണനായിരുന്ന മാരുതി എയ്റ്റ് ഹണ്ട്രഡ് ഇപ്പോള്‍ താഴെപ്പോയി. ബ്രാഹ്മണനോ ക്ഷത്രിയനോ ആകണമെങ്കില്‍ ഹോണ്ടാ അക്കോഡെങ്കിലും വേണം. ഇങ്ങനെ സ്വന്തമായുള്ള ബ്രാന്‍ഡുകളാണ് ഒരാളുടെ സോഷ്യല്‍ സ്റ്റാറ്റസ്സും അതുവഴി പഴയ ജാതിവ്യവസ്ഥ വഴി നിര്‍ണയിക്കപ്പെട്ടിരുന്ന സ്ഥാനമാനങ്ങളും കാട്ടിത്തരുന്നത്. അത്ഭുതകരമായ സംഗതി അതല്ല - വെളുത്തേടനോ വെളക്കത്തലയോ എന്നെല്ലാം ചോദിച്ചിരുന്ന ഉപജാതികള്‍പോലും വ്യക്തം. ജാതി നോക്കിയയായിട്ട് കാര്യമില്ല, 3310, എന്‍ എന്ന അമ്പലവാസി വര്‍ഗം, കമ്മ്യൂണിക്കേറ്ററില്‍ അവസാനിക്കുന്ന വെള്ളായ്മ. ഇങ്ങനെ ഏത് കാറ്റഗറിയിലും സവര്‍ണ, അവര്‍ണ ബ്രാന്‍ഡ് ഉടമസ്ഥതകള്‍ പുതിയ വേര്‍തിരിവുകളുണ്ടാക്കുന്നു. നിങ്ങളുടെ മൊബൈല്‍ ഏത് മോഡല്‍? നോക്കിയ എന്നു പറഞ്ഞാല്‍പ്പോരാ, മോഡല്‍ നമ്പര്‍ കൂടി പറയണം. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ...

ഡ്യൂറോഫ്ലെക്സ്റ്റിന്റെ കിടക്കയിൽ കിറ്റെക്സിന്റെ വിരിപ്പിൽ ഉറക്കെമെണീറ്റ് കെ.എസ്. എടുത്തുകളഞ്ഞ് നെസ്കാപ്പി കുടിച്ച് പ്യാരിവെയറിലിരുന്ന് കോൾഗേറ്റ് തേച്ച് പാരഷൂട്ട് തേച്ച് ലക്സ് തേച്ച് ഈസ്റ്റേൺ പുട്ടും മിൽമ കണ്ണന്ദേവൻ ചായയും കഴിച്ച് വിഐപിയും അലൻ സോളിയും ഇൻഡിഗോ നാഷനുംബാറ്റയും ധരിച്ച് ഹീറോ ഹോണ്ടയിൽ ഇറങ്ങുന്നതിന്റെ പേരും ജീവിതം എന്നായതുകൊണ്ട് Life is what happens to us while we are busy making plans എന്ന മഹദ്വചനം Life is what happens to us while we are busy consuming some brands എന്നോ while we are being busily consumed by some brands എന്നോ തിരുത്തുകയായിരിക്കും ഈ സന്ദർഭത്തിൽ അഭികാമ്യം.

Saturday, August 25, 2007

അഭിനയിക്കുമ്പോള്‍


സ്നേഹമില്ലായ്മ അഭിനയിക്കാം. സ്നേഹം അഭിനയിക്കരുത്.

Friday, August 24, 2007

സ്നേഹിക്കുക എന്നാല്‍...


സ്നേഹിക്കുക എന്ന വാ‍ക്കില്‍ ഒളിയാതെ കിടക്കുന്ന രണ്ടാമത്തെ അര്‍ത്ഥം ഞാന്‍ കണ്ടെത്തി.

ഒരു പഴയ നാടന്‍പാട്ട്


ഓണം വന്നല്ലൊ നായമ്മാര്‍ക്കും

വേണമല്ലൊ ചീട്ടുമ്പെട്ടി

Thursday, August 23, 2007

ദുബായില്‍ ഒരു ചായക്കുറി


അമ്മവീട്ടിലെ ഒരു വെക്കേഷന്‍ കാലത്ത് ആദ്യവും അവസാനവുമായി ഒരു ചായക്കുറിയില്‍ പങ്കെടുത്ത സന്ധ്യ കഴിഞ്ഞിട്ട് ഇപ്പോള്‍ മുപ്പതുവര്‍ഷമെങ്കിലും കഴിഞ്ഞുകാണും. ഊക്കന്‍ അയ്യപ്പന്‍ അയാളുടെ പുരമേയാനുള്ള പണമുണ്ടാക്കാനായിരുന്നു ആ‍ ചായക്കുറി നടത്തിയത്. “വാ, മ്മ്ക്ക് അയ്യപ്പന്റെ ചായക്കുറിക്ക് പോയിട്ട് വരാം,” തെക്ക് ന്ന് വെക്കേഷനു വന്ന മരുമകനെ ചായക്കുറിക്കു പോകുമ്പോള്‍ കൂടെക്കൂട്ടാമെന്ന് കേശാമ കരുതിയതെന്താണാവോ? ഗോവിന്ദന്റെ ചായക്കടയിലെ ബെഞ്ചിലിരുന്ന് നാട്ടുവിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് കുറെ ആളുകള്‍ പരിപ്പുവടയും ഉഴുന്നുവടയും ചായയും കഴിച്ചു (കുഞ്ഞായിരുന്ന എനിക്ക് പപ്പടവടയും സുഖിയനും വെള്ളച്ചായയും). പിന്നെ ഓരോരുത്തരായി എഴുന്നേറ്റ് ഗോവിന്ദന് പൈസ കൊടുത്ത് സ്ഥലം കാലിയാക്കി.

 “ഇന്തെന്ത് ചായക്കുറി” ഞാന്‍ ചോദിച്ചു. “ഇവരെല്ലാം കൊടുത്ത പൈസ അയ്യപ്പനുള്ളതാ. ഗോവിന്ദന്റെ വക അയ്യപ്പന് നല്ലൊരു ഡിസ്ക്കൌണ്ടും കിട്ടും. അങ്ങനെ അയാള്‍ പെര മേയും,” കേശാമ പറഞ്ഞു തന്നു. കടമല്ല, തിരിച്ചുകൊടുക്കേണ്ട, ദാനം സ്വീകരിക്കുകയാണെന്ന ദുരഭിമാനവും വേണ്ട. ചായക്കുറിയുടെ നന്മകളുണ്ടായിരുന്നെങ്കില്‍ കുടുംബആത്മഹത്യകള്‍ പെരുകുമായിരുന്നോ? ചായക്കുറി കണ്ടുപിടിച്ചതാര്? ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് വിപ്ലവത്തിന് മുഹമ്മദ് യൂനുസിന് നോബെല്‍ പ്രൈസ് കൊടുത്ത സ്ഥിതിക്ക് ചായക്കുറി കണ്ടുപിടിച്ചയാള്‍ക്ക് എന്തു കൊടുക്കണമായിരുന്നു?

ദുബായിലെ കൂടിക്കൊണ്ടിരിക്കുന്ന വാടക പേടിച്ച് ഷാര്‍ജയിലേക്കോടുന്ന ജിഷി സാമുവല്‍ വീടുമാറ്റച്ചെലവുകള്‍ (പ്രധാനമായും മൂന്നു മാസവാടക അഡ്വാന്‍സ് ) മീറ്റ് ചെയ്യുന്നതിനായി ഒരു കുറിക്കല്ല്യാണം നടത്തണമെന്നു പറാഞ്ഞപ്പോഴാണ് കണ്ടാണശ്ശേരിക്കാരുടെ ചായക്കുറി ഓര്‍ത്തത്. കോഴിക്കോട്ടുകാര്‍ക്ക് അത് കുറിക്കല്ല്യാണമെന്ന് ഇപ്പോളറിഞ്ഞു. മലപ്പുറത്തിതിന് പണപ്പയറ്റെന്നാണ് പറയുന്നതെന്നും ജിഷി തന്നെ പറഞ്ഞു തന്നു. അപ്പോളാണ് ഞങ്ങളുടെ ചായക്കുറിക്ക് മാത്രമുള്ള ഒരു വിശേഷം ഞാന്‍ ജിഷിക്ക് പറഞ്ഞുകൊടുത്തത്. ചായകുടി കഴിഞ്ഞ് പണം കൊടുക്കുമ്പോള്‍ ചായക്കടക്കാരന്‍ തുക എത്രയാണെന്ന് വിളിച്ചു പറയും. (‘പാലിയത്ത് കേശവന്‍ നായര്‍ മുപ്പതു രൂപ’ എന്ന് ചെവിയിലിപ്പോളും മുഴങ്ങുന്നു). അതുകൊണ്ട് ഒരു ഗുണമുണ്ട് - പിശുക്കന്മാരും ഒന്ന് കയ്യയക്കും. ഇതെല്ലാം കുറുമാലിപ്പുഴയ്ക്ക് തെക്ക് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യങ്ങളാണെന്നും രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

പച്ച ആപ്പ് ള്‍ ഉപ്പും കൂട്ടി...


യുഏഈയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലോകമെമ്പാടുമുള്ള പഴവര്‍ഗീയത സുലഭമാണെന്നു പറഞ്ഞല്ലോ - ദില്ലിയില്‍ മാത്രം കണ്ട ലിച്ചി, ബഷീറിന്റെ മാങ്കോസ്റ്റിന്‍, പലതരം മെലോണുകള്‍ (അതിലൊന്നിന്റെ പേര് റോക്ക് മെലോണ്‍), പഞ്ചസാര കൂട്ടി ഇടിച്ചുണ്ടാക്കിയ ഫിലിപ്പീന്‍ വാളമ്പുളി ക്യൂബുകള്‍... എന്തായാലും എവിടെയും ഒരാളെയെങ്കിലും മിസ്സ് ചെയ്യാതെ വയ്യല്ലൊ - ഇവിടെ മിസ്സ് ചെയ്യുന്നത് ചാമ്പക്കയെ(അതിന്റെ ഇംഗ്ലീഷ് പേര് എന്ത് ര്?) ആളുകള്‍ വാങ്ങാന്‍ സാധ്യതയില്ലാത്തതുകൊണ്ടോ ഈസിലി പെരിഷബ് ള്‍ ആയതിനാലൊ എന്തൊ, ചാമ്പക്കയെ മാത്രം കാണാനില്ല. നാട്ടിലും ഇത് വാങ്ങാന്‍ കിട്ടില്ലല്ലൊ എന്നാണ് ന്യായമെങ്കില്‍ നാട്ടില്‍ ഇപ്പോള്‍ ചക്കക്കുരുവും സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുമല്ലോ എന്നുത്തരം. ഓ, അല്ല, ഇവിടെ ഞാവലും കണ്ടിട്ടില്ല. അത് തിന്നാ ഇണ്ട് വായ ഒരു ചോക്കല്. ഈയിടെയല്ലെ ആ കളറിന്റെ ശരിക്കുള്ള പേര് പഠിച്ചത് - പര്‍പ്പ് ള്‍. ചുവന്ന പേരക്കയുടെ ജ്യൂസാണ് ഈ മിസ്സുകളെ സഹനീയമാക്കുന്ന ഒരു ഡെലിക്കസി. പറയാന്‍ വന്നത് ഇതൊന്നുമല്ല. നാട്ടില്‍ (ഇവിടെ സൂപ്പര്‍മാര്‍ക്കറ്റിലും) മറ്റൊരു മാമ്പഴക്കാലം കര്‍ട്ടനിടാറാകുമ്പോള്‍ വന്ന ഒരു ഓര്‍മ: ചെനച്ച മൂവാണ്ടന്റെ പൂളുകള്‍ മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയില്‍ ചാലിച്ചതില്‍ മുക്കുമ്പോള്‍ വായില്‍ ഉമിനീരിന്റെ കുഞ്ഞു മേശപ്പൂവുകള്‍. പച്ചനിറമുള്ള ആപ്പ് ളും ഇമ്മാതിരി കഴിക്കാമെന്ന് ഒരു റെസിപ്പി പോസ്റ്റാന്‍ ഒന്നു രണ്ട് റെസിപ്പി ബ്ലോഗുകള്‍ വായിച്ചപ്പോള്‍ ഒരു പ്രചോദന്‍. “പയറുകറി ഉണ്ടാക്കാന്‍ പുതിയൊരു വഴി കണ്ടുപിടിക്കാനായില്ലെങ്കില്‍ നിങ്ങടെ ബുദ്ധിശക്തികൊണ്ടെന്തു കാര്യം?” ഏകാന്തതയുടെ നൂറൂവര്‍ഷങ്ങള്‍ എന്ന നോവലില്‍ ലോകപ്രശസ്ത മലയാളി എഴുത്തുകാരന്‍ മാര്‍കേസ് ഇങ്ങനെ എഴുതുന്നു

...


ട്രെയിന്‍ ഏറ്റവും സ്പീഡെടുക്കുന്ന ഭാഗത്ത് പാളത്തിനു കുറുകെ തൂക്കുമരമുണ്ടാക്കി ഒരു കയ്യ് ഒരണലിയുടെ വായിലിട്ട് മറ്റേ കൈത്തണ്ടയിലെ ഞരമ്പുമുറിച്ച് കാലില്‍ നിന്നൊരു വയര്‍ പ്ലഗ്ഗില്‍ കൊടുത്ത് ഹെണ്ട്രിനോ പരാമറോ കുടിച്ച് പെട്രോളില്‍ കുളിച്ച് കഴുത്തില്‍ കുരുക്കുമിട്ട് കാത്തുനില്‍ക്കുക. ട്രെയിന്‍ അടുത്തെത്തുമ്പോള്‍... റെഡി... വണ്‍... ടൂ... ത്രീ... സ്വപ്നം മുറിഞ്ഞു. എന്തെല്ലാം അനുഭവിച്ചു തീര്‍ക്കാനുള്ളതാ, അങ്ങനെ ധൃതി പിടിക്കാതെ എന്ന് ഗതം ചെയ്ത് ഹത്യയെ വളിപ്പാക്കി.

എന്തൊരു അഭംഗി


മൂത്രമൊഴിക്കുന്നതും സൃഷ്ടി നടത്തുന്നതും ഒരേ ഹോസ് ഉപയോഗിച്ച്.
അയ്യേ, എന്തൊരു അഭംഗി!

Wednesday, August 22, 2007

നമ്മുടെ സ്വകാര്യത


നമ്മുടെ സ്വകാര്യത നമ്മളല്ല
മറ്റുള്ളവരാണ് ഉണ്ടാക്കുന്നത് മേന്‍നെ.

ജീവിതലക്ഷണങ്ങള്‍

“നിങ്ങള്‍ക്ക് പ്രിയപ്പെട്ട കടലാസുകള്‍ (കത്തുകള്‍, പേപ്പര്‍ കട്ടിംഗുകള്‍, മറ്റു രേഖകള്‍ തുടങ്ങിയവ) നശിപ്പിച്ചു കളയുന്നത് എളുപ്പമല്ല. അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ അടുത്തെങ്ങാന്‍ മരിച്ചു പോയേക്കാം എന്ന് അംഗീകരിക്കലാണ്. അങ്ങനെ നിങ്ങള്‍ ഇത്തരം കടലാസുകള്‍ നശിപ്പിക്കുന്ന കാര്യം നീട്ടി നീട്ടിവെയ്ക്കുന്നു. ഒരു ദിവസമാകട്ടെ അത് വല്ലാതെ വൈകിപ്പോവുകയും ചെയ്യും. മനുഷ്യന്‍ അനശ്വരതയെ പരിഗണിക്കുന്നു, മരണത്തെ പരിഗണിക്കാന്‍ മറന്നുപോകുന്നു.” ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളായ മിലാന്‍ കുന്ദേര തന്റെ ഇമ്മൊര്‍ട്ടാലിറ്റി എന്ന അനശ്വര നോവലില്‍ ഇങ്ങനെ എഴുതുന്നു.

നാമോരുത്തരും പെട്ടെന്ന് ഒരു ദിവസം മരിച്ചുപോകുമ്പോള്‍ നമ്മുടെ സ്വകാര്യത ഇല്ലാതാകുന്നു. നമ്മുടെ കടലാസ് ശേഖരത്തിലേയ്ക്ക് അശ്ലീലാത്മകമായ ആകാംക്ഷയോട അന്യര്‍ നുഴഞ്ഞുകയറുന്നു. World is Flat-ന്റെ ഇന്നലെ വായിച്ച ഭാഗത്ത് അതേസമയം ഇതിന്റെ മറുപുറവും കണ്ടു. മകന്‍ മരിച്ചുപോയപ്പോള്‍ അച്ഛനമ്മമാര്‍ അവന്റെ മെയിലൈഡിയുടെ പാസ് വേഡും ചോദിച്ച് യാഹൂ!വിനെ സമീപിച്ചത്രെ. യാഹൂ!വാകട്ടെ അവരുടെ പോളിസി പ്രകാരം അത് കൊടുത്തുമില്ല. വ്യക്തിയുടെ ലിബര്‍ട്ടിയുടെയും പ്രൈവസിയുടെയും അറ്റം. ആത്മാവിന്റെ തുണ്ടം അമേരിക്കയെ ഏല്‍പ്പിച്ചവരുടെ മറ്റേയറ്റം. സ്വകാര്യതയുടെ മരണമില്ലായ്മ. കടലാസില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് ജീവിതലക്ഷണമായിരുന്നു കുന്ദേരയ്ക്ക്. ഇന്റര്‍നെറ്റിനും മുമ്പായിരുന്നു ഇമ്മൊര്‍ട്ടാലിറ്റി എഴുതപ്പെട്ടത്. ഇന്ന് കുന്ദേര ഇതിനെപ്പറ്റി എന്തെഴുതും? ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സ്വകാര്യമായി ഒന്നുമില്ലാത്തവരെപ്പറ്റി?

Tuesday, August 21, 2007

പ്രണയം

എന്റെയരക്കെട്ടിന്‍ തേനീച്ചക്കൂട്ടിന്നുള്ളില്‍
തേനിനായ് കൊതിക്കുന്നു
നിന്റെയരക്കെട്ടിന്‍ നീര്‍മാതളത്തിന്‍ മൊട്ടില്‍
തേനായി തുടിയ്ക്കുന്നു
വസന്തം വരുമെന്ന് കാ‍ത്തുകാത്തിരിയ്ക്കുന്നു
വിരിയാ‍ന്‍ നിറയുവാന്‍
വിതുമ്പാന്‍ കൊതിയ്ക്കുന്നു

ഭൂമിപ്പെണ്ണിന്റെ കയ്പ്പ്, ചവര്‍പ്പ്, പുളി, മധുരം...


വിരഹം, വിഷാദം, ഭ്രാന്ത്, മടുപ്പ്... അറേബ്യയിലെ ഭൂരിപക്ഷം ഏഷ്യക്കാരും കടന്നുപോകുന്ന പരീക്ഷണങ്ങള്‍ അനേകം. കുമാരനാശാന്‍ പാടിയപോലെ സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍. കൃഷി തീരെ ഇല്ലാത്തതുകൊണ്ട് തിന്നാനുള്ളതെല്ലാം ഇറക്കുമതി ചെയ്യണം. കൃഷിയുള്ളിടത്ത്, ഫോര്‍ എക്സാമ്പ്ള്‍, നമ്പൂരി പറഞ്ഞപോലെ, ചക്ക സീസണില്‍ മോരും ചക്ക്യോണ്ട് തന്നെയായിരിക്കും. ഇവിടെ അതിന്റെ ആവശ്യമില്ലല്ലൊ. ആയതിനാല്‍ ഏറ്റവും ബെസ്റ്റ് തന്നെ അതാതിടങ്ങളില്‍ നിന്നെത്തുന്നു.

തായ് അരി, ടുണീഷ്യന്‍ ഈന്തപ്പഴം, ശ്രീലങ്കന്‍ കുടമ്പുളി, കെനിയന്‍ ചക്ക, കൊളംബിയന്‍ വാഴപ്പഴം, ഫിലിപ്പീന്‍ വാളമ്പുളി, ഇറാനിയന്‍ അത്തിപ്പഴം, ചിലിയന്‍ പെയര്‍, ഡാനിഷ് ബട്ടര്‍, ഓസ്ട്രേലിയന്‍ മട്ടണ്‍, അമേരിക്കന്‍ ആപ്പ്ള്‍, പാക്കിസ്ഥാനി മാമ്പഴം, ചൈനീസ് ഇഞ്ചി, ബ്രസീലിയന്‍ കാപ്പി, ക്യൂബന്‍ പഞ്ചസാര, ഇന്ത്യന്‍ ചായ, കംബോഡിയന്‍ റമ്പൂട്ടാന്‍, മലേഷ്യന്‍ മാങ്കോസ്റ്റിന്‍... മണ്ണിന്റെ വൈവിധ്യമത്രയും അങ്ങനെ അറേബ്യയിലെ ഹതഭാഗ്യരെത്തേടിയെത്തുന്നു. മലബാറിയുടേതടക്കമുള്ള ഓര്‍ഡിനറി രുചിമുകുളങ്ങളുടെ പൂര്‍ണവസന്തം. ഭൂമിപ്പെണ്ണിന്റെ പുളിയും കയ്പ്പും ചവര്‍പ്പും മധുരവും ഒത്തുചേരുന്ന മണ്ണിന്റെ മഹാസമ്മേളനം.

ലിമയിലെ വായനക്കാരാ...


പണ്ട് വാരികയില്‍ കവിത അച്ചടിച്ചു വരുമ്പോള്‍ വായനക്കാരെപ്പറ്റി ആ കവികള്‍ക്കുണ്ടായിരുന്ന അജ്ഞതയും അനിശ്ചിതത്വവുമല്ല ബ്ലോഗിലെ സിറ്റിസണ്‍ ജീര്‍ണലിസ്റ്റുകള്‍ക്കുള്ളത്. പെറുവിലെ ഭൂകമ്പവാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ അതുകൊണ്ട് ഇങ്ങനെ ചോദിക്കാന്‍ തോന്നുന്നു: ലിമയിലെ വായനക്കാരാ, നിങ്ങള്‍ക്ക് സുഖമല്ലെ? നിങ്ങളുടെ ബ്ലോഗേത്? ഡീനും പേമാരിയും മെക്സിക്കോയെ തച്ചുടയ്ക്കുന്നു. വെരാക്രൂസിലെ വായനക്കാരാ, നിങ്ങള്‍ക്ക് സുഖമല്ലെ? എവിടെ നിങ്ങളുടെ ബ്ലോഗ് റിപ്പോര്‍ട്ടുകള്‍? സാന്റിയാഗോയിലെ വായനക്കാരാ, നിങ്ങള്‍ അവിടെ എന്തെടുക്കുന്നു? നമ്മുടെ വല്യസഖാവിന് സുഖമായില്ലേ?

Monday, August 20, 2007

ഒരു ലൈംഗിക മുതലാളിയുടെ ആത്മകഥ

പണം വാങ്ങി ലൈംഗിക ബന്ധത്തിന് വഴങ്ങുന്ന ആള്‍ ‘ലൈംഗിക തൊഴിലാളി’ എന്ന് സ്വയം വിളിക്കുമ്പോള്‍ ആ‍രായിരിക്കും ലൈംഗിക മുതലാളി? ലൈംഗിക തൊഴിലാളിയെ ഉപയോഗിച്ച ശേഷം പണം കൊടുക്കുന്നയാളോ? വിവാഹം കഴിച്ച ആണുങ്ങളോ? വേശ്യാലയം നടത്തുന്ന അക്കനോ? (രേവതിയ്ക്കൊരു പാവക്കുട്ടിയിലെ മാവേലിക്കര പൊന്നമ്മ!)

രണ്ട് തമിഴ് പുതുക്കവിതകള്‍ ഓര്‍ക്കട്ടെ. (ജാപ്പനീസ് ഹൈക്കുപോലെ എണ്‍പതുകളില്‍ തമിഴില്‍ പ്രചാരത്തിലിരുന്ന കൈവെള്ളയില്‍ ഒതുക്കാവുന്ന കവിതകളാണ് പുതുക്കവിതകള്‍).
ജീവിതകാലം മുഴുവന്‍ ഒരു പുരുഷന്റെ അടിമയായി ജീവിക്കണമെങ്കില്‍ നിങ്ങളങ്ങോട്ട് പണം കൊടുക്കണം.
ഒരു രാത്രി മുഴുവന്‍ ഒരു പുരുഷന്റെ കൂടെ സ്വതന്ത്രയായി ജീവിക്കാന്‍ നിങ്ങള്‍ക്കിങ്ങോട്ട് പണം കിട്ടും.
എനിക്കറിയില്ല ഈ സാമ്പത്തികശാസ്ത്രം.

പണം വാങ്ങി ഒരു രാത്രി മുഴുവന്‍ കൂടെക്കിടക്കുന്ന പെണ്ണിനെ നിങ്ങള്‍ വേശ്യ എന്നു വിളിക്കും.
പണം വാങ്ങി ജീവിതം മുഴുവന്‍ കൂടെക്കിടക്കുന്ന ആണിനെ നിങ്ങള്‍ എന്തുകൊണ്ട് വേശ്യന്‍ എന്നു വിളിക്കുന്നില്ല?

ബസ്ര കുഞ്ഞപ്പുവിനെ ഓര്‍ക്കുമ്പോള്‍


ബസ്ര എന്ന് ഓരോ തവണ വായിക്കുമ്പോഴും ഒരു ദേശത്തിന്റെ കഥ ഓര്‍ക്കും. എസ്. കെ. പൊറ്റെക്കാട് അനശ്വരമാക്കിയ ബസ്ര കുഞ്ഞപ്പുവിനെ. സാഹിത്യം ഈസ് തിക്കര്‍ ദാന്‍ യുദ്ധം എന്ന (ഒരു മഴയും നേരേ നനഞ്ഞിട്ടില്ലാത്ത) മലയാളിയുടെ ഓഞ്ഞാന്‍ ഭാവുകത്വമായിരിക്കണം രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാന തീയറ്ററുകളിലൊന്നായിരുന്ന ബസ്രയില്‍ പോരാടിയ അപ്പൂപ്പനെ ഓര്‍ക്കാതെ പൊറ്റെക്കാട്ടെ അപ്പൂപ്പനെ ഓര്‍ക്കാനുള്ള കാരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന ഇറാക്ക് യുദ്ധം ബസ്രയെ എന്നും വാര്‍ത്തകളില്‍ നിര്‍ത്തുന്നു. ബ്രിട്ടന് ബസ്ര നഷ്ടമായി എന്നാണ് ഇന്നത്തെ വാര്‍ത്ത. (‘ബ്രിട്ടന്‍ എന്നെങ്കിലും ബസ്ര കയ്യില്‍ വെച്ചിരുന്നെങ്കില്‍’ എന്ന് ടെലഗ്രാഫ് പത്രം കൂട്ടിച്ചേര്‍ക്കുന്നു). വല്യേട്ടനായ അമേരിക്കയെ യുദ്ധക്കളത്തില്‍ ഉപേക്ഷിച്ച് ബ്രിട്ടന്‍ തടിതപ്പുന്നു എന്നാണ് ബ്രിട്ടീഷ് പത്രങ്ങള്‍പോലും പറയുന്നത്. ഇങ്ങനെ ഒരു ദിവസം അമേരിക്കയും തടിതപ്പുമോ? തെക്കുകിഴക്കന്‍ ഇറാക്കിലെ ഈ തുറമുഖനഗരം ഒന്നാന്തരം ഈന്തപ്പഴങ്ങളുടെ പേരില്‍ വീണ്ടും പ്രശസ്തയാവുമോ?

പ്രണയത്തിനും കവിതക്കുമിടയില്‍

നീയെന്നെയുപേക്ഷിച്ചാല്‍
ഹൃദയം തകര്‍ന്നീടും
ഭ്രാന്തനായ് ദരിദ്രനായ്
ഞാന്‍ മഹാകവിയാകും.നാമൊന്നായ് ജീവിച്ചാലോ
ഹൃദയം നിറഞ്ഞീടും
ശാന്തനായ് സമ്പന്നനായ്
കവിത മറക്കും ഞാന്‍.

പ്രേമമേ ചൊല്ലൂ ഞാനെന്‍
കവിതക്കുഞ്ഞുങ്ങള്‍തന്നച്ഛനാകണോ
പെണ്ണിലമ്മിഞ്ഞപ്പാലുണ്ടാക്കും
കവിത രചിക്കണോ?

Sunday, August 19, 2007

പിന്നെയും പിന്നെയും...


പിന്നെയും പിന്നെയും ആരോ പിരാന്തിന്റെ

കല്ലു കേറ്റുന്നു തിരിച്ചിറക്കാന്‍
Related Posts with Thumbnails