Showing posts with label സാഹിത്യം. Show all posts
Showing posts with label സാഹിത്യം. Show all posts

Sunday, June 1, 2025

റഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍

ടിആറിന്റെ മരണം
ഞങ്ങളെ ബീയേക്ക് ഇംഗ്ലീഷ് പഠിപ്പിച്ച സാറുമ്മാരില്‍ ഒരാളാണ് പ്രശസ്ത കഥാകൃത്തായ ടിആര്‍. ഒരു പുതിയ ക്രമം എന്ന ഒറ്റക്കഥ മതി സാറിന്റെ പേര് നമ്മുടെ സാഹിത്യചരിത്രത്തില്‍ അനശ്വരമാകാന്‍. ഞങ്ങളുടെയൊക്കെ ബിഏ കാലമായപ്പോഴേയ്ക്കും സാറ് എഴുത്തുനിര്‍ത്തിയിട്ട് കാലമേറെയായിരുന്നു. പോരാത്തതിന് ഞങ്ങള്‍ കാണുമ്പോഴേയ്ക്കും അമിതമായ ജീനിയസും അമിതമായ മദ്യപാനവും ചേര്‍ന്ന് സാറിനെ നിരര്‍ത്ഥകതാവാദത്തിന്റെ [nihilism] നട്ടുച്ചയില്‍ എത്തിച്ചിരുന്നു. പല കാരണങ്ങളാല്‍ സാറ് ഒരു കാലത്തും പോപ്പുലറായിരുന്നുമില്ല. മഹാരാജാസിലെ ആ റിട്ടയേഡ് പ്രൊഫസർ അഞ്ചാറ് കൊല്ലം മുമ്പ് ഒരു ദിവസം പാലാരിവട്ടം ആലുഞ്ചുവട്ടിലെ ഒരു പീടികത്തിണ്ണയിൽ മരിച്ചു കിടന്നു. ഒരു അബ് സേഡിസ്റ്റിന്റെ യഥാർത്ഥമരണം. [കെ. കെ. ഹിരണ്യന്റെ ടിആര്‍ അനുസ്മരണം ഇവിടെ].

സാറാണ് മലയാളനാട് വാരികയിലെ ഒരു അഭിമുഖത്തില്‍ എം. മുകുന്ദനെ [m. mukundan] പ്രേംനസീറിനോടുപമിച്ചത്. ഒരര്‍ത്ഥത്തിലും സാറിന്റെ മൂത്രം കുടിയ്ക്കാനുള്ള യോഗ്യത പോലും ഉള്ള ആളല്ല ഞാന്‍. എങ്കിലും മുകുന്ദനെ [യും ഒപ്പം നസീറീനേയും] സാറ് പരിഹസിച്ചത് അന്നും ഇന്നും എനിയ്ക്കിഷ്ടപ്പെട്ടിട്ടില്ല. കാരണം അന്നും ഇന്നും ഉറൂബിനെയും [Uroob]പട്ടത്തുവിളയേയും എന്‍. എസ്. മാധവനെയും [N. S. Madhavan] മാധവിക്കുട്ടിയേയും കോവിലനേയും പുനത്തിലിനേയും സക്കറിയയേയും ടിആ‍റിനെയും പോലെ മുകുന്ദനും എന്റെ പ്രിയപ്പെട്ട ഫിക്ഷന്‍ എഴുത്തുകാരനാണ്. ഏഴാം എട്ടാം ക്ലാസുകാലങ്ങളില്‍ ഡിറ്റക്ടീവ് നോവലുകളില്‍ നിന്ന് എം.ടി, മാധവിക്കുട്ടി, ഓ. വി. വിജയനിലേയ്ക്കല്ല ഞാന്‍ കടന്നത്; എം. മുകുന്ദൻ, എം. മുകുന്ദന്‍, എം. മുകുന്ദന്‍ എന്നിവരിലേയ്ക്കാണ്. ഈ ലോകം അതിലൊരു മനുഷ്യനായിരുന്നു ഏറെക്കാലം എന്റെ വായനയുടെ തിടമ്പ്. ഇടത്തും വലത്തും നിന്നു ദല്‍ഹിയും ഹരിദ്വാറും. മയ്യഴി എഴുതിയ ആള്‍ തന്നെയാണ് അവയും എഴുതിയതെന്ന് എനിയ്ക്ക് വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല . അതെ, നല്ല എഴുത്തുകാരന്റെ റേഞ്ച് ആദ്യമായി എന്നെ ബോധ്യപ്പെടുത്തിയ ആളാണ് മുകുന്ദൻ.

[റേഞ്ചും ഒരെഴുത്തുകാരന്റെ കഴിവിന്റെ ഭാഗമായി എണ്ണണമെങ്കിൽ എം.ടി.യ്ക്ക് മങ്ങലേൽക്കും. ഭീമനെ നായകനാക്കുമ്പോഴും നൈനിറ്റാളിൽ ജീവിക്കുന്ന സ്കൂൾട്ടീച്ചറെ നായികയാക്കുമ്പോഴും അവർക്കെല്ലാം എടംതിരിഞ്ഞ ഒരു തെക്കൻ മലബാർ നായരുടെ അപ്പൊളിറ്റിക്കൽ, ഓഞ്ഞാൻ റിബൽ ച്ഛായ! പഞ്ചപാണ്ഡവർ കട്ടിൽക്കാലുപോലെ മൂന്ന് എന്നു പറഞ്ഞ് രണ്ടെന്നു കാ‍ണിച്ച് ഒന്നെന്ന് എഴുതണം - അപ്പുണ്ണി, ഗോവിന്ദൻ കുട്ടി, സേതു, വിമല, ഭീമൻ - സെയിം ഷെയിം.]

മുകുന്ദൻ പ്രേംനസീറിനെപ്പോലെ പ്രശസ്തനായിട്ടുണ്ടെങ്കില്‍ എനിയ്ക്കൊരു ചുക്കുമില്ല. ഒരാളുടെ പോപ്പുലാരിറ്റി അയാളെ ഇഷ്ടപ്പെടുന്നതിനോ ഇഷ്ടപ്പെടാതിരിക്കുന്നതിനോ എന്റെ മാനദണ്ഡമല്ല. ഒരാളുടെ രചനാശൈലി ദുര്‍ഗ്രഹമോ നൂതനമോ ആകുന്നത് വിശേഷാല്‍ എന്നെ ആകര്‍ഷിക്കയുമില്ല. ഇതിവൃത്തം അങ്ങനെയൊരു ശൈലി ആവശ്യപ്പെടുന്നുണ്ടെങ്കില്‍, അല്ല ഇനി ശൈലി തന്നെയാണ് ഇതിവൃത്തമെങ്കില്‍, അതെല്ലാം ഓക്കെ. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ നാലാങ്കല്‍ കൃഷ്ണപിള്ള, എം. പി. അപ്പന്‍, കുഞ്ഞുണ്ണി, എ. അയ്യപ്പൻ… ഇവരൊന്നും എനിയ്ക്ക് കവികളല്ല. അവര്‍ വ്യത്യസ്തശൈലികളില്‍, വ്യത്യസ്തകാലങ്ങളിൽ എഴുതിയവരാണ്, പക്ഷേ എനിയ്ക്ക് നാലുപേരും ഒരുപോലെ ട്രാഷാണ്.

എനിയ്ക്ക് ഫില്‍മി ഗസലുകളെ പേടിയില്ല എന്നു പറയാനാണ് ഇത്രയും വളച്ച് ഒരു വേലി കെട്ടിയത്. പങ്കജ് ഉദാസിന്റെ സാവന്‍ കെ സുഹാനെ എന്ന ഗസല്‍ ഇഷ്ടമാണെന്ന് പറയുന്നത് ഒരു കുറച്ചിലായി ഞാന്‍ കരുതുന്നില്ല. എനിയ്ക്ക് വേണമെങ്കില്‍ ചന്ദനക്കുറി തൊടാം, തൊടുകയാണെങ്കില്‍ പക്ഷേ ‘ഞാന്‍ ആറെസ്സെസ്സല്ല ഞാന്‍ ആറെസ്സെസ്സല്ല‘ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിയ്ക്കേണ്ട ഒരു ഗതികേട് ഇപ്പോള്‍ നിലവിലുണ്ടല്ലൊ. അത്തരമൊരു ഗതികേടാണ് പങ്കജ് ഉദാസിനും സംഭവിച്ചിരിക്കുന്നത്. [അനൂപ് ജലോട്ടയുടെ [Anoop Jalota] കാര്യം എന്തു ചൊൽ വൂ]
മെഹ്ദി ഹസ്സന്‍

കോട്ടയം പുഷ്പനാഥിനെ ഇനി വായിക്കാന്‍ കഴിയുമെന്ന് എനിയ്ക്ക് കോണ്‍ഫിഡന്‍സ് ഇല്ല. എന്നാല്‍ എന്നെ ഗസലിലേയ്ക്ക് മാമോദീസ മുക്കിയ അനൂപ് ജലോട്ടയെ ഇരുപത് വര്‍ഷത്തിനു ശേഷം ഇന്നലെയും കേട്ടു. അയാള്‍ ഇപ്പോഴും രാജശില്‍പ്പി തന്നെ. അലക്കുകല്ലായിത്തീര്‍ന്ന എന്നെപ്പോലും അയാള്‍ ഒരു നിമിഷം വീണ്ടും മഹാശില്‍പ്പമാക്കുന്നു. അനൂപ് ജലോട്ടയ്ക്ക് പിന്നാലെ പരിചയപ്പെട്ടത് ഗുലാമലിയെയാണ്. പരിചയപ്പെട്ട കാലക്രമത്തില്‍ പറയുകയാണെങ്കില്‍ ഹരിഹരന്‍, തലത് അസീസ്, ജഗ്ജിത് സിംഗ്, പീനാസ് മസാനി എന്നിവര്‍ കഴിഞ്ഞിട്ടാണ് മെഹ്ദി ഹസ്സന്‍ വന്നത്. രഫ്ത രഫ്ത ഹും മേരിയിലൂടെ മെഹ്ദി ഹസ്സന്‍ എന്നെ കുടത്തിലാക്കി, ഗുലാമലി രഞ്ജ് കീ ജബ് ജിസ്തൊജുകൊണ്ട് ആ കുടത്തിന്റെ വായയും കെട്ടി. എന്നെ കുടത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരലാവുദ്ദീനും ഇതുവരെ വന്നില്ല; ഇനി വരണമെന്ന് എനിയ്ക്കൊട്ട് ആഗ്രഹവുമില്ല. എങ്കിലും ദല്‍ഹിയിലെ രണ്ടു കൊല്ലക്കാലം ആ കുടത്തിലിരുന്നുകൊണ്ടു തന്നെ ചിലരെ നേരിട്ടു കേട്ട് പുതുതായി ഇഷ്ടമായി. അശോക് ഖോസ്ല, ഭുപിന്ദര്‍, ചന്ദന്‍ ദാസ്...

പഴയ ഹിന്ദിപ്പാട്ടുകള്‍ക്കു വേണ്ടി കുത്തിച്ചാവാന്‍ തയ്യാറുള്ള ആളുകളെ കാണുമ്പോള്‍ ഇന്നും അസൂയയുണ്ട്. കാരണം എന്റെ ഏറ്റവും പ്രിയപ്പെട്ട പഴയ ഹിന്ദിപ്പാട്ട് പറവൂര്‍ സെൻട്രലില്‍ കണ്ട ഹം കിസീ സെ ക് നഹിയിലെ ക്യാ ഹുവാ തേരാ വാദായാണ്. മുതിര്‍ന്നതിനു ശേഷമുള്ള എല്ല്ലാ അനുഭവങ്ങളിലും – വായന, സംഗീതം, വ്യക്തിബന്ധങ്ങള്‍, എല്ലാറ്റിലും – തലച്ചോറിന്റെ വറ്റുകള്‍ വീണ് എച്ചിലായിരിക്കുമല്ലൊ. എങ്കിലും അകാലത്തില്‍ [അകാലനരപോലെ അകാലനരയില്ലായ്മയുമില്ലേ? തൊലി ചുളുങ്ങിയ കിളവന്റെ തല കറുത്തിരുന്നാല്‍ ബോറല്ല്?] എങ്കിലും അകാലത്തില്‍ ആദ്യമായി കേട്ടിട്ടും ഉള്ളിലെ പാറ പൊട്ടിച്ച് വെള്ളം ചാടിച്ചവരില്‍ ഷംഷാദ് ബീഗം, ബീഗം അക്തര്‍, ബിസ്മില്ലാഖാന്‍, പണ്ഡിറ്റ് ജസ് രാജ്, കുമാര്‍ ഗന്ധര്‍വ് എന്നിവരുടെ മുന്നിലാണ് മെഹ്ദി ഹസ്സന്റെ സ്ഥാനം. ഏതാണ്ട് 22-23 വയസ്സുവരും ആ അകാലം. 1980-കളുടെ അവസാനം. കമ്മ്യൂണിസം എന്നു കേട്ടാല്‍ സോള്‍ഷെനിത്സന്‍ എന്ന് ചീറിയിരുന്ന ഒരു തന്തയില്ലായ്മക്കാലം.
മുഹമ്മദ് റഫി

മുഹമ്മദ് റഫിയെയാകട്ടെ അക്കാലത്തു തന്നെ – ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ - [യാദൃശ്ചികതകളിലൂടെയാണെങ്കിലും] പ്രാതിനിധ്യസ്വഭാവമുള്ള പാട്ടുകളിലൂടെ ക്യാഹുവായില്‍ നിന്ന് പിന്നാക്കം ചെന്ന് ഗസലുകളുമായി പിടികൂടിയിരുന്നു. ഫോർട്ടുകൊച്ചിക്കാരനായ ഒന്നാന്തരമൊരു ഗസൽ ഗായകൻ സന്തോഷാണ് റഫി എന്ന ഗസൽ ഗായകനെ പരിചയപ്പെടുത്തിയത്.

മെഹ്ദി ഹസ്സൻ എന്ന സിനിമാപ്പാട്ടുകാരനെ കാണാൻ കാലം പിന്നെയും വേണ്ടി വന്നു. അറബിക്കടൽ കടന്ന് ദുബായിലെത്തേണ്ടിയും വന്നു.1999 ഡിസംബറിലെ ഒരു തണുത്ത രാത്രിയിലാണ് ഫിലിം ഹിറ്റ്സ് ഓഫ് മെഹ്ദി ഹസ്സന്‍ എന്ന കാസറ്റ് ദുബായിലെ ഒരു തെരുവില്‍ കണ്ട് വാങ്ങുന്നത്. മെഹ്ദി ഹസ്സൻ ഒരു സിനിമാപ്പാട്ടുകാരനായിരുന്നു എന്ന് അതുവരെ അറിയില്ലായിരുന്നു. ആ കാസറ്റിലെ 19 പാട്ടും എന്നെ കൂടോത്രം ചെയ്തുകളഞ്ഞു.



ഇന്റര്‍നെറ്റിന്, യുട്യൂബിന് സ്തുതി. ഇന്നിതാ അതിലെ പത്തൊമ്പതെണ്ണത്തിനേയും എനിയ്ക്ക് തിരികെക്കിട്ടിയിരിക്കുന്നു.
kyun poochte ho – Bahisht
Ek Sitam Aur Meri – Saiqa
Ranjish Hi Sahi – Mohabbat
Tumhen Dekhun Tumhare – Piya Milan Ki Aas
Aaj Tak Yaad Hai Woh - Sehre Ke Phool
Yeah kagzi phool jesay cheray - Dewar Bhabi
Tark Ulfat Ka Sila - Dil Mera Dharkan Teri
Mehfil To Ajnabi Thi - Mera Ghar Meri Jannat
Anila - Bohat yaad aayein ge woh din
Jab Koi Pyaar Se - Zindagi Kitni Haseen Hai
Jabbhi Chahen Ek Nayi – Sazaa
Jisne Mere Dil – Susral
Sulag raha hoon badlon ki chaon main - Salam e Mohabbat
Tanha Thi Aur Hamesha Se - Jalte Arman Bujhte Deep
Kaise Kaise Log Hamare Dil – Tere Shehar Mein
Mujhe Tum Nazar Se Gira To - Doraha
Ilahi Aansun Bhari Zindagi - Hamen Bhi Jeene Do

അക്കാലം മുതൽ - 1999 മുതൽ - റഫിയുടെ ഗസലുകൾ വീണ്ടും കേൾക്കാൻ പൂതിയായി. വിശേഷിച്ചും മേരെ ലിയെ എന്ന ഗസൽ. പൂതി മനസ്സിൽ തന്നെ ഇരുന്നു. ഇന്റർനെറ്റ് വന്നിട്ടും യൂ-ട്യൂബിൽ തപ്പിയിട്ടും കിട്ടാതെ കാലം കടന്നുപോയി. അങ്ങനെയിരിക്കെ കഴിഞ്ഞമാസം അമേരിക്കയിൽ നിന്നും ഒരു ഇ-മെയിൽ വന്നു - അമേരിക്കയിലിരുന്ന് ഈ ബ്ലോഗ് വായിച്ച തഹ്സീന്റെ.

ഓർമയുണ്ടോ എന്ന തഹ്സീന്റെ ചോദ്യം എന്നെ ഒരു ഡിസംബർ 31-ലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. എൺപത്തൊമ്പതിലെ ഡിസംബർ 31? എറണാകുളത്ത് അന്ന് പ്രശസ്തമായിരുന്ന ഫ്രൈസ് റെസ്റ്റോറന്റിൽ തഹ്സീന്റെ ഗസലായിരുന്നു ന്യൂ-ഇയർ പ്രോഗ്രാം. ‘തേവരക്കോളേജിൽ പഠിക്കുന്ന എന്റെ കൂട്ടുകാരനായ തഹ്സീന്റെ ഗസലുണ്ട്; നീ വരണം’ എന്നു പറഞ്ഞു റസൂഖ്. അവൻ വന്നില്ല. ഗസൽ കഴിഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ ഞാൻ ഗായകനെ പരിചയപ്പെടാൻ ചെന്നു. അകൃത്രിമ വിനയ സമ്പന്നനായ ഒരു പയ്യൻ. ഒരു മിന്നായം. അതു കഴിഞ്ഞു. കലണ്ടറുകൾ എത്ര മറിഞ്ഞു. ഇന്നിതാ എന്റെ ആ ഒരു നിമിഷച്ചങ്ങാതി അയച്ചു തന്ന മേരേ ലിയെ കേട്ടു കേട്ട് ഞാൻ വീണ്ടും മനുഷ്യനാകാൻ ശ്രമിക്കുന്നു.

മേരെ ലിയെ എന്ന റഫി ഗസൽ ഇവിടെ.

മെഹ്ദി ഹസ്സന്റെ മറ്റൊരു മനോഹര സിനിമാഗാനമായ നവാസിസ് കരം ഇവിടെ.

അനൂപ് ജലോട്ടയുടെ ഒരു മാസ്റ്റർപീസ് ഇവിടെ.

തഹ്സീന്റെ മനോഹരഗാനങ്ങളുള്ള ബ്ലോഗ് ഇവിടെ.

ഷംഷാദ് ബീഗം ഒരെണ്ണം ഇവിടെ.

ബീഗം അക്തർ ഒരെണ്ണം ഇവിടെ.

സാവന്‍ കെ സുഹാനെയുടെ അഹ്മദ് ഹുസൈന്‍ മുഹമ്മദ് ഹുസൈന്‍ ഇവിടെ.

നിന്റെ പട്ടണത്തിലെ കാലവസ്ഥയെപ്പറ്റി ജലോട്ട

Friday, March 7, 2014

ലാറ, ക്ലാര, ദേവകി മാനമ്പള്ളി

Double-click to read properly. Published in Mathrubhumi Books Journal Feb 2014

Saturday, February 23, 2013

നിങ്ങള്‍ക്കുമുണ്ടോ സന്‍പകു കണ്ണുകള്‍?



A few famous Sanpaku eyes
ജപ്പാനെപ്പറ്റി നിങ്ങള്‍ എന്താ വിചാരിച്ചിരിക്കുന്നത്? ആധുനികതയുടെ അമ്മവീട് എന്നോ? ടെക്‌നോളജിയുടെ ഈറ്റില്ലമെന്നോ? എന്തായാലും വിചിത്രമായ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും കാര്യത്തിലും ജപ്പാന്‍കാര്‍ അത്ര മോശമല്ല. ഉദാഹരണത്തിന് വയറുകീറി ആത്മഹത്യ ചെയ്യുന്ന കാര്യം തന്നെ ആലോചിച്ചു നോക്കൂ. സെപ്പുകു എന്നും ഹരകിരി എന്നുമാണ് ജപ്പാനീസ് ഭാഷയില്‍ ഇതറിയപ്പെടുന്നത്. ഇതൊക്കെ നമ്മുടെ സതിയും മറ്റും പോലെ അന്യം നിന്നുപോയ ആചാരമാണെന്നൊന്നും കരുതേണ്ടതില്ല. കാലം ഏറെയായിട്ടില്ല, 1970-ലാണ് പ്രശസ്ത സാഹിത്യകാരന്‍ യൂകിയോ മിഷിമ വയര്‍ സ്വയം കീറി ആത്മഹത്യ ചെയ്തത്.

കേരളത്തിലുള്ളപോലത്തെ ചില രസികന്‍ കുലത്തൊഴിലുകളുമുണ്ട് ജപ്പാനില്‍ - ഉദാഹരണത്തിന് ആഗോള ഇലക്ട്രോണിക്‌സ് ഭീമനായ സോണിയുടെ സ്ഥാപകന്‍ അകിയൊ മൊറിറ്റയുടെ കുടുംബക്കാരുടെ പരമ്പരാഗത ജോലി എന്താണെന്നോ - അരിയില്‍ നിന്ന് ഒരിനം മദ്യമുണ്ടാക്കല്‍. പഴയ ചില ഗോതുരുത്തുകാരെപ്പോലെയാണ് ഇപ്പോളും ചില മൊറിറ്റോ കുടുംബക്കാര്‍ - മറ്റേതെങ്കിലും ഫീല്‍ഡില്‍ കോടീശ്വരന്മാരായാലും അരിമദ്യം വാറ്റല്‍ മറന്നൊരു കളിയില്ല. (അകിയോ മൊറിറ്റയുടെ പ്രസിദ്ധമായ മേഡ് ഇന്‍ ജപ്പാന്‍ എന്ന ആത്മകഥ വായിക്കും മുമ്പുതന്നെ അരി മദ്യത്തിന്റെ മംഗ്ലോയ്ഡ് കണക്ഷന്‍ നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. 1990-ലെ ദില്ലി വിന്ററില്‍ ഒന്നു രണ്ടു രാത്രി ഞങ്ങളുടെ തണുപ്പിനെ ഓടിച്ചു വിട്ടത് റെഡ് ഫോര്‍ട്ടിന്റെ ഓപ്പോസിറ്റുള്ള നേപ്പാളി കോളനിയില്‍ നിന്നു വാങ്ങിയ അരിമദ്യം. 1980-കളില്‍ രുചിച്ചിട്ടുള്ള ഗോതുരുത്തിയന്‍ തലയോളം വന്നില്ലെങ്കിലും നേപ്പാളി അരിച്ചാരായവും സൊയമ്പനായിരുന്നു).

പറഞ്ഞുവന്നത് വയറുകീറി ആത്മഹത്യയായ സെപ്പുകുവിനെ പറ്റിയാണല്ലൊ. ശബ്ദം കൊണ്ട് സെപ്പുകുവിനോട് സാമ്യമുള്ള മറ്റൊരു ജാപ്പനീസ് പദമാണ് സന്‍പകു. അതു പക്ഷേ ഒരാചാരമല്ല, അന്ധവിശ്വാസമാണ്. കൃഷ്ണമണിക്കു മുകളിലോ താഴെയോ കണ്ണിന്റെ വെള്ളഭാഗം കാണപ്പെടുന്നതിനെയാണ് സന്‍പകു എന്നു പറയുന്നത്. സന്‍പകു എന്നാല്‍ മൂന്ന് വെള്ള അല്ലെങ്കില്‍ കാലിയായ മൂന്ന് ഭാഗങ്ങള്‍ എന്നര്‍ത്ഥം. സാധാരണയായി ഭൂരിപക്ഷം മനുഷ്യരുടെ കണ്ണുകളിലും കൃഷ്ണമണിയുടെ ഇടത്തും വലത്തുമായി രണ്ട് വെള്ള ഭാഗമാണുണ്ടാവുക. എന്നാല്‍ അപൂര്‍വം ചിലരില്‍ മൂന്ന് വെള്ള കാണും - ഇടത്തും വലത്തും പോരാതെ ഒന്നുകില്‍ കൃഷ്ണമണിയുടെ താഴെ, അല്ലെങ്കില്‍ മുകളില്‍. ഇത്തരം കണ്ണുകളാണ് സന്‍പകു കണ്ണുകള്‍.

ചൈനീസ് വിശ്വാസമനുസരിച്ച് കൃഷ്ണമണിക്കു താഴെ വെളുത്തഭാഗം ദൃശ്യമായിരുന്നാല്‍ അത് യിന്‍ സന്‍പകു. ശാരീരികമായ തകരാറുകളാണ് യിന്‍ സന്‍പകുക്കാര്‍ക്കുണ്ടാവുക എന്നാണ് വിശ്വാസം. മധുരം, ധാന്യങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നവര്‍, മുഴുക്കുടിയന്മാര്‍, ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമയായവര്‍... ഇത്തരക്കാര്‍ക്കിടയില്‍ യിന്‍ സന്‍പകുക്കാര്‍ ഏറെയാണെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

മുകള്‍വശത്തെ വെള്ള കാണുന്നത് യാംഗ് സന്‍പകു. മാനസികമായ തകരാറുകളാണ് യാംഗ് സന്‍പകുക്കാരുടെ വിധി എന്നാണ് വിശ്വാസം. മനോരോഗികള്‍, കൊലപാതകികള്‍, അക്രമവാസനയുള്ളവര്‍ എന്നിവര്‍ക്കിടയില്‍ യാംഗ് സന്‍പകുക്കാരെ കാണാമത്രെ.

പ്രസിദ്ധരായ ചില സന്‍പകുക്കാരെ എടുത്താല്‍ മറ്റൊരു അപായമണി കൂടി മുഴങ്ങുന്നതു കേള്‍ക്കാം. ഏബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ്. കെന്നഡി, മരിലിന്‍ മണ്‍റോ, ഇന്ദിരാഗാന്ധി. അസ്വഭാവിക മരണങ്ങളില്‍ കലാശിച്ച അസാധ്യ പ്രതിഭകള്‍. 

മലയാളത്തിലെ ചില പ്രതിഭകളുടെ മുഖചിത്രങ്ങള്‍ മുഖചിത്രങ്ങളായി അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ കണ്ടപ്പോളാണ് നമ്മുടെ നാട്ടിലും സന്‍പകൂസിന് പഞ്ഞമില്ലല്ലോ എന്നു മനസ്സിലായത്. സിനിമാതാരം പൃഥ്വിരാജ്, കഥാകൃത്തുക്കളായ സുഭാഷ്ചന്ദ്രന്‍, ആര്‍. ഉണ്ണി എന്നിവരാണ് ഇങ്ങനെ കണ്ണുകാട്ടിത്തന്ന മലയാളി സന്‍പകൂസ്. നിരീക്ഷിച്ചാല്‍ വിവിധ മേഖലകളില്‍ നിന്ന് ഇനിയും പലരേയും കണ്ടെത്താനാകും എന്നുറപ്പ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം - നിങ്ങള്‍ കരുതുന്ന പോലെ ഇതത്ര സര്‍വസാധാരണമായ സംഗതിയല്ല. അല്ലെങ്കിലും പ്രതിഭ എന്നു പറയുന്നത് സര്‍വസാധാരണമല്ലല്ലോ അഥവാ പ്രതിഭ എന്നു പറയുന്നത് ഒരിത്തിരി അബ്‌നോര്‍മാലിറ്റിയുടെ അംശം കലര്‍ന്ന വകുപ്പാണല്ലൊ. 

ഇനി ഒരു ക്ഷമാപണം - ഇങ്ങനെ ഒരു അന്ധവിശ്വാസം കൂടി പഠിപ്പിച്ചതിന്. അറിഞ്ഞതില്‍ നിന്ന് മോചനമില്ലെന്നല്ലേ പറയുന്നത്. 

ഇടതുപക്ഷ മനസ്സും ആദ്യത്തെ അച്ചുകൂടവുമൊക്കെപ്പറഞ്ഞ് അഭിമാനിക്കുന്നവരാണെങ്കിലും അന്ധവിശ്വാസങ്ങളുടെ കാര്യത്തിലും നമ്മള്‍ മലയാളീസ് ആരുടേയും പിന്നിലല്ല. പ്രേമിക്കുന്നവര്‍ തമ്മില്‍ സമ്മാനമായി ഫൈവ് സ്റ്റാര്‍ മിഠായി കൈമാറാന്‍ പാടില്ല, പേന കൈമാറാന്‍ പാടില്ല, തൂവാല കൈമാറാന്‍ പാടില്ല തുടങ്ങിയ മോഡേണ്‍ അന്ധവിശ്വാസങ്ങള്‍ കൂടി അവയുടെ ഓള്‍റെഡി നീണ്ടലിസ്റ്റില്‍ ചേര്‍ത്തുകൊണ്ട് മുന്നേറുന്നവരാണു നമ്മള്‍ - അക്കൂട്ടത്തില്‍ കിടക്കട്ടെ ഈ ഉണ്ടക്കണ്ണുകളും.

[ഇന്‍ഫിനിറ്റി ടൈംസിന്റെ റീലോഞ്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്]

Friday, August 12, 2011

ബാലന്‍സ് കെ. നായര്‍

[സമര്‍പ്പണം: വിദഗ്ദ വിശ്രുത വില്ലനായിരുന്നിട്ടും വണ്ടിച്ചെക്കുകള്‍ തലയിണയാക്കിക്കിടന്ന് മരിച്ചെന്നു കേട്ട ബാലന്‍ കെ. നായര്‍ക്ക്]

സരസ്വതീം മഹാലക്ഷ്മീം ചേരുകില്ലെന്ന് നാട്ടുകാര്‍
[നാലു തലകള്‍ ചേരും നാലു മുലകള്‍ നഹി!]

കാലം മാറി വന്നപ്പോള്‍ ബില്‍ ഗേറ്റ്സിന്‍ വീട്ടിലെത്തിയാ-
മങ്കമാര്‍ രണ്ടുമാനന്ദം പങ്കുവെച്ചു കളിച്ചതോ?

MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി
സംഗീതമപിസാഹിത്യം പോലല്ലോ പവറും മണീം.

ടൈപ്പിംഗ് പഠിച്ച കാലത്തിന്‍ ബാക്കിപത്രങ്ങളാകണം
മലയാളികള്‍ മുക്കാലും വേഡില്‍ പുലികളാണുപോല്‍.

Qwerty യാം പശുവെങ്ങാനും പുല്ലു കണ്ടാല്‍ കൊതിയ്ക്കുമോ?
സമ്പത്ത് പാപമെന്നല്ലോ തൊഴുത്തിന്‍ ചെറുജീവിതം.

കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി, എംടിയോളം മിടുക്കനോ?
മിഡ് ല്‍ ക്ലാസ് ഹീറോസോളം വരുമോ ബിസിനസ്സുകാര്‍?

മലയാളികള്‍ മുക്കാലും വേഡില്‍ പുലികളാണുപോല്‍
എക്സെല്ലില്‍ കൈ വിറച്ചീടും Auto Sumലൊതുങ്ങിടും

MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി
ബാലന്‍സില്ലെങ്കില്‍ വീഴും ബാലന്‍ കെ. നായരാകിലും.

എക്സെല്ലില്‍ പണിയാന്‍ നോക്കൂ, കണക്കില്‍ കല കണ്ടിടൂ
കണ്ടാണശ്ശേരിയില്‍ത്തന്നെ Kovilan ഉം  Ujala യും!

Friday, August 28, 2009

മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍...


കഥ ഇതുവരെ

സ്നേഹനികേതനം എന്ന അനാഥാലയത്തിലെ അന്തേവാസികളായിരുന്നു അലീനയും രേവതിക്കുട്ടിയും ചിന്നുമോളും. സ്ഥാപനം നടത്തിയിരുന്ന ബ്രിജീത്താമ്മ മരിച്ചതോടെ മൂവരും വിവിധ ഓര്‍ഫാനേജുകളില്‍ എത്തപ്പെട്ടു. ചിന്നുമോള്‍ എന്ന 6 വയസ്സുകാരി കൊല്ലം ത്യാഗഭവനത്തിലായി. രേവതിക്കുട്ടി, മാമച്ചന്‍-ഗ്രേസമ്മ ദമ്പതികളുടെ വീട്ടുവേലക്കാരിയായി. പാലാ കടപ്പാട്ടൂര്‍ വീട്ടിലെത്തിയ അലീന പെറ്റമ്മയായ വൈജയന്തിയുടെ വീട്ടിലെ ജോലിക്കാരിയായി. വൈജയന്തി പെറ്റമ്മയാണെന്ന സത്യം പരമരഹസ്യമായി സൂക്ഷിക്കണമെന്ന് ബ്രിജീത്താമ്മ അലീനയോട് പറഞ്ഞിരുന്നു. എന്നാല്‍ അലീന വൈജയന്തിയുടെ മകളാണെന്ന സത്യം വൈജയന്തിയുടെ ഭര്‍ത്താവ് ബാലചന്ദ്രമേനോന്‍ മനസ്സിലാക്കുന്നു. കുളത്തൂപ്പുഴയില്‍ ഒറ്റയ്ക്ക് കഴിയുന്ന റിട്ട. കേണല്‍ സ്റ്റാന്‍ലി ജോസഫാണ് അലീനയുടെ അച്ഛനെന്ന് ബാലചന്ദ്രമേനോന്‍ അലീനയെ അറിയിക്കുന്നു. അലീനയെ മകളായി സ്വീകരിക്കാന്‍ സ്റ്റാന്‍ലി തയ്യാറായി. മാമച്ചന്റേയും ഗ്രേസമ്മയുടെയും മകനായിരുന്ന, 6 വര്‍ഷം മുമ്പ് മരിച്ചുപോയ ജിജോമോന്റെ കാമുകി ഷെറിന്‍, സ്റ്റാന്‍ലിയുടെ ഇളയസഹോദരിയാണെന്ന് അലീനയും മാമച്ചനും മനസ്സിലാക്കുന്നു. ജിജോയില്‍ നിന്ന് ഗര്‍ഭിണിയായ ഷെറിന്‍ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചിരുന്നു. ആ കുട്ടിയാണ് അനാഥാലയത്തില്‍ വളരുന്ന ചിന്നുമോളെന്ന് വെളിപ്പെടുന്നു. ഷെറിന് സ്വന്തം മകളെ തിരിച്ചുകിട്ടി. പപ്പയുമായി പിണങ്ങിക്കഴിയുന്ന ഭാര്യയേയും മക്കളേയും ഒന്നിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് അലീന. ആ ദൌത്യത്തിന് സ്റ്റാന്‍ലി മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. പപ്പയുടെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേയ്ക്ക് അലീന കടന്നു ചെല്ലുകയാണ്.

തുടര്‍ന്നു വായിക്കുക

ജോയ്സി, ജോസി വാഗമറ്റം, സി. വി. നിര്‍മല എന്നിങ്ങനെ പല പേരുകളില്‍ എഴുതുന്ന ആള്‍ സി. വി. നിര്‍മല എന്ന പേരില്‍ ഇപ്പോള്‍ മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചു വരുന്ന മഴ തോരും മുമ്പേ നോവലിന്റെ 155ആം അധ്യായത്തിനൊപ്പം [വാരികയുടെ ഓഗസ്റ്റ് 29 ലക്കം] നല്‍കിയിരിക്കുന്ന കഥാസാരമാണിത്.

ടെലിവിഷന്‍ തേര്‍വാഴ്ച നടത്തുന്ന ഇക്കാലത്തും ആഴ്ച തോറും 6.2 ലക്ഷത്തിലേറെ കോപ്പി പ്രചാരമുണ്ട് പൈങ്കിളിമുത്തശ്ശി എന്ന് ബുദ്ധിജീവികള്‍ പരിഹസിക്കുന്ന മനോരമ വാരികയ്ക്ക്. വാര്‍ത്ത അതല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി വാരിക അതേ പുസ്തകമാതൃകയില്‍‍ത്തന്നെ സമ്പൂര്‍ണമായും ഇന്റര്‍നെറ്റില്‍ സൌജന്യമായി ലഭ്യമാണ്. തീര്‍ച്ചയായും സി. വി. നിര്‍മലയുടേതുപോലുള്ള നോവലുകളാണ് ഇപ്പോഴും വാരികയുടെ പ്രധാന ആകര്‍ഷണം. നിലവില്‍ 7 നോവലുകളുണ്ട്. നെറ്റ് എഡിഷനിലാകട്ടെ ഓരോ നോവലിന്റെയും അതത് അധ്യായത്തില്‍ത്തന്നെ മുന്‍ലക്കത്തിലെ അധ്യായത്തിലേയ്ക്ക് പോകാനുള്ള ഹൈപ്പര്‍ലിങ്കുകളുണ്ട്. കോമിക് സ്ട്രിപ്പുകള്‍ അനിമേറ്റഡാണ്. പോരാത്തതിന് മാക്കിലും വായിക്കാം. [യൂണീകോടോത്ത് ഗോവിന്ദന്‍ നായരെ ആപ്പ് ള്‍ മാക്കിണ്ടോഷില്‍ വായിക്കാന്‍ പറ്റില്ല].

ഉള്ളടക്കത്തിലെ ഒരു പ്രധാന അഡിഷന്‍ ഗൌരവവിഷയത്തിലുള്ള ഒരു ഫീച്ചറാണ്. കഴിഞ്ഞ ലക്കം നവാബ് രാജേന്ദ്രന്റെ ഓര്‍മകളാണ് ഫീച്ചറില്‍. നമ്മുടെ ഗൌരവമാധ്യമങ്ങള്‍ നവാബിനെയടക്കം പലതും മറക്കുന്ന ഇക്കാലത്ത് ഒരു ജനപ്രിയ പ്രസിദ്ധീകരണം എന്ത് ഉദ്ദേശത്തോടെയായാലും ഇങ്ങനെ ചെയ്യുന്നത് അത്ഭുതകരമാം വിധം ആശ്വാസകരം. ഒരു മുന്‍ലക്കത്തില്‍ കരിക്കന്‍ വില്ല കൊലക്കേസ് പ്രതിയായിരുന്ന മദ്രാസിലെ മോന്‍ റെനിയും മദ്രാസിലെ മോനായി സിനിമയില്‍ അഭിനയിച്ച രവീന്ദ്രനും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു ഫീച്ചറിന് വിഷയമായത്.

നെറ്റിലൂടെ ഇങ്ങനെ സൌജന്യമായി ലഭ്യമാക്കിയാല്‍ സര്‍ക്കുലേഷന്‍ ഇടിയുമോ എന്ന പേടി മനോരമയെ ബാധിച്ചിട്ടില്ല. അതല്ല ഇതൊരു പരീക്ഷണമാണോ? നാളുകള്‍ക്കകം വെബ് വായനയ്ക്കും പണം ഈടാക്കാന്‍ തുടങ്ങുമോ?

മനോരമയുടെ രാഷ്ട്രീയനിലപാടുകളോടും ഇരട്ടത്താപ്പുകളോടും എന്നും എതിര്‍പ്പേ തോന്നിയിട്ടുള്ളു. എങ്കിലും ജനപ്രിയതയെ സാങ്കേതികവിദ്യയുമായി ലളിതമായി കൂട്ടിയിണക്കുന്ന ഈ ലേറ്റസ്റ്റ് ചുവടുവെപ്പിന് ഒരു സലാം.

മനോരമ വാരികയിലെ നോവലുകൾ പണ്ടു മുതലേ വായിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാൽ അർത്ഥശങ്ക വന്നേക്കാം. വായിക്കാൻ രസം തോന്നിയിട്ടില്ല എന്നതാണ് സത്യം.

മുട്ടത്തുവര്‍ക്കി, കാനം, ചെമ്പില്‍ ജോണ്‍, രാജന്‍ ചിന്നങ്ങത്ത്, മൊയ്തു പടിയത്ത്, പ്രഭാകരന്‍ പുത്തൂര്‍, വല്ലച്ചിറ മാധവന്‍ എന്നിവരല്ല കോട്ടയം പുഷ്പനാഥ്, പ്രണാബ്, നീലകണ്ഠന്‍ പരമാര, മോഹന്‍ ഡി. കങ്ങഴ, കണ്ണാടി വിശ്വനാഥന്‍ എന്നിവരാണ് എന്നെ വായനയിലേയ്ക്ക് ഗ്രാജ്വേറ്റ് ചെയ്തവര്‍. ഇങ്ങനെ ഡിറ്റക്ടീവ് നോവലുകളില്‍ വായന തുടങ്ങിയതിനു പകരം പൈങ്കിളി നോവലുകള്‍ വായിച്ചു തുടങ്ങിയിരുന്നെങ്കില്‍ ജീവിതം, ചുരുങ്ങിയ പക്ഷം വായാനാജീവിതമെങ്കിലും, വേറൊരു വഴിയ്ക്ക് പോകുമായിരുന്നോ? അറിയില്ല.

മുട്ടത്തു വര്‍ക്കിയുടെ ഒരു നോവലും ഒരു കാലത്തും ഒന്നിലധികം പേജ് വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ആകെ വായിച്ചിട്ടുള്ളത് നീണ്ടകഥ എന്നു വിളിക്കാവുന്ന ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. കാനത്തിന്റെ മൂന്നാലെണ്ണം വായിച്ചു. അവള്‍ വിശ്വസ്തയായിരുന്നു, ആരും അന്യരല്ല, ഏദന്‍ തോട്ടം…ഒന്നും ഇഷ്ടമായില്ല. എങ്കിലും അവയെല്ലാം സിനിമകളാക്കിയപ്പോള്‍ ചുമ്മാ ഒരു രസത്തിന് താരങ്ങളെ നിര്‍ദ്ദേശിച്ച് കത്തുകളയച്ചു. കാനം എഴുതിയ തിരയും തീരവും എന്ന പാട്ട് എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്. അതിന്റെ സംഗീതത്തോടും ആലാപനസുഖത്തോടും ഒപ്പം നില്‍ക്കുന്നു രചനാഗുണം. തീര്‍ന്നു എന്റെ പൈങ്കിളി വായാനാ ബന്ധം.


മനോരമ വാരികയില്‍ വിടാതെ വായിച്ചിരുന്നത് ബോബനും മോളിയുമാണ്. ടോംസിനേയും യേശുദാസിനേയും ഇന്നും ദൈവതുല്യരായി കരുതുന്നു. [അമൃതാനന്ദമയി സ്റ്റയിലിൽ ആഴമില്ലാത്ത ഉപമകളോടെ തത്വജ്ഞാനം പറയാൻ യേശുദാസ് വായ പൊളിയ്ക്കുമ്പോൾ ദേഷ്യം വരാറുണ്ട്. അത് വേറെ കാര്യം]. എം. ടി.യുടേയും മാധവിക്കുട്ടിയുടേയും രചനകളില്‍ രാഷ്ട്രീയമില്ല എന്ന് നരേന്ദ്രപ്രസാദ് പ്രസംഗിച്ചതു കേട്ടപ്പോള്‍ അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട് [നിര്‍മാല്യമായ പള്ളിവാളും കാല്‍ച്ചിലമ്പും ഒഴിച്ചാല്‍]. വ്യക്തിപരമായത് രാഷ്ട്രീയമാണെന്ന് കേള്‍ക്കുമ്പോള്‍ കൊള്ളാം. എന്നാല്‍ സമൂഹത്തെ പുറത്തുനിര്‍ത്തുന്ന പുസ്തകച്ചട്ടകള്‍, സമൂഹത്തെയും അതുവഴി രാഷ്ട്രീയത്തെയും ആ പുസ്തകങ്ങള്‍ക്ക് പുറത്തു നിര്‍ത്തുന്നു. ഞാന്‍ വായിച്ചു തുടങ്ങിയ കാലത്തെ ബോബനും മോളിയും ആ അര്‍ത്ഥത്തില്‍ സമൂഹത്തെ ഉള്‍ക്കൊണ്ടു എന്നും പറയണം. ബോബനും മോളിയിലെ പൊതുവഴികളിലൂടെ മുഖം തിരിച്ച് നടന്നുപോയ അജ്ഞാതരും അവര്‍ക്ക് പറയാനുള്ളത് പറഞ്ഞിട്ടു തന്നെയാണ് പോയത്. ടോംസ് എന്റെ ദൈവമായത് അതുകൊണ്ടാണ്.

മനോരമ പത്രത്തിന്റെ ഓൺലൈൻ എഡിഷൻ ഇതുവരെയും യൂണികോഡിലായിട്ടില്ലെന്നുള്ള പരാതികൾ കേട്ടിട്ടുണ്ട്. യൂണികോഡിൽ ചില്ലക്ഷരങ്ങൾക്ക് ചിലപ്പോൾ ക്ലച്ചു പിടിയ്ക്കാറില്ലെന്നും പബ്ലിഷിംഗുമായി ബന്ധപ്പെട്ട ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, ഫ്രീഹാൻഡ്, ഇൻഡിസൈൻ, ക്വാർക്ക് എക്സ്പ്രസ്സ് എന്നീ സോഫ്റ്റ് വെയറുകളിൽ മലയാളം യൂണികോഡ് ഉപയോഗിക്കാൻ കഴിയില്ലെന്നും തിരിച്ചൊരു പരാതി എനിയ്ക്കുമുണ്ട്.

അതെല്ലാം അവിടെ നില്‍ക്കട്ടെ. ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രചാരമുള്ള വാരിക നമ്മുടെ ഭാഷയിലാണെന്നതും യാതൊരു കൊനഷ്ടുകളുമില്ലാതെ അതിപ്പോള്‍ നെറ്റില്‍ ലഭ്യമാണെന്നതും എന്നെ ആഹ്ലാദിപ്പിക്കുന്നു [ഞാനിപ്പോളതിന്റെ വായനക്കാരനല്ലാതിരുന്നിട്ടും അതിന്റെ കണ്ടെന്റിനോട് എനിക്ക് വിയോജിപ്പുണ്ടെങ്കിലും].

നമ്മുടെ മുഖ്യധാരാനോവല്‍ ഊര്‍ധ്വശ്വാസം വലിയ്ക്കുമ്പോള്‍ 7 നോവലുകളുമായി വായന മരിച്ചില്ലെന്ന് പറയുകയാണ് മനോരമ. രചനാശൈലിയില്‍ മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ രചനാശൈലിയുടെ ലാളിത്യത്തിന്റെ അജയ്യത എത്രകാലം കണ്ടില്ലെന്ന് നടിയ്ക്കും?

കുട്ടിക്കാലത്ത് ഞങ്ങളുടെ കുളത്തില്‍ ഏറ്റവുമധികം കണ്ടിരുന്ന മീനായിരുന്നു പൂച്ചുട്ടി. തെക്കരായ സിനിമാപ്പാട്ടുകാര്‍ അതിനെ മാനത്തുകണ്ണി എന്നു വിളിച്ചപ്പോള്‍ ഞങ്ങളതും പാടി നടന്നു. മാനത്തുകണ്ണിയും മക്കളും കേവാലാഹ്ലാദത്തില്‍ നീന്തുന്നു നീറ്റിലെ നിശബ്ദഗീതമായ് എന്ന് ഓ.എന്‍.വി. കവിത എഴുതും മുമ്പ് ‘മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍ മനോരമേ നിന്‍ നയനങ്ങള്‍’ എന്ന സിനിമാപ്പാട്ട് ഞങ്ങള്‍ പഠിച്ചിരുന്നു. മലയാളിമനസ്സുകള്‍ മയങ്ങുന്ന മനോരമയുടെ കയങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലും ലഭ്യമാകുമ്പോള്‍ അതിന്റെ പിന്നിലെ പ്രൊഫഷണല്‍ മനസ്സിനെ അഭിനന്ദിയ്ക്കാതെ വയ്യ.

പപ്പയുടെ ഭാര്യയും മക്കളും അലീനയോട് എങ്ങനെ പെരുമാറും? കൂടുതലറിയാന്‍ ഇവിടെ ഞെക്കുക.

Thursday, December 11, 2008

ആത്മകഥകൾ - എന്റെയും അവരുടേയും

ആത്മകഥകൾ അമിതമായി വായിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒരു തരം മനോരോഗമാണ്. എന്റെ ആ രോഗാവസ്ഥയാകട്ടെ ഗുരുതരവുമാണ്. [അരോഗാവസ്ഥ എന്നു വായിക്കല്ലെ. 'ആ' കഴിഞ്ഞിട്ട് സ് പെയ്സുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളം വാക്കാണ് 'ആ'. This/that എന്നർത്ഥം. വംശനാശം നേരിടുന്ന വാക്കാണ് 'ആ'. അതിന്റെ കടുത്ത ആരാധകനായ ഞാൻ പോലും അത് കുറേക്കാലമായി ഉപയോഗിക്കാറില്ല. ഈയിടെ വായിച്ച മുണ്ടശ്ശേരിയുടെ ആത്മകഥയിൽ - കൊഴിഞ്ഞ ഇലകള്‍ - ഡാൽമേഷ്യന്റെ കുത്തുകൾ പോലെ, ബർഗറിലെ വെളുത്ത എള്ളിന്മണികൾ പോലെ, തൂവിപ്പരന്നു കിടക്കുന്ന ആകളെ കണ്ടപ്പോൾ, സന്തോഷമായി, വീണ്ടും ഉപയോഗിക്കാൻ കോൺഫിഡൻസായി].

പറഞ്ഞുവന്നത് മനോരോഗത്തെപ്പറ്റിയാണല്ലൊ. എന്റെ രോഗത്തിന്റെ വിശദാംശങ്ങളുംകൊണ്ട് ചെന്നാൽ പി. എം. മാത്യു വെല്ലൂരുപോലും ഹോപ്.ലെസ്സ് കേസായി എന്നെ മടക്കും. ഫ്രോയിഡ് ഉണ്ടായിരുന്നെങ്കിൽ എന്നെ കേസ് സ്റ്റഡിയാക്കും. മറ്റുള്ളവന്റെ സ്വകാര്യതകൾ പറഞ്ഞു നടക്കുന്നതിനേക്കാൾ മോശമാണ് രഹസ്യമായി അവ അറിയാനാഗ്രഹിക്കുന്നതും അറിയുന്നതും. മഹാന്മാരുടെ ആത്മകഥകൾ കയ്യിൽ ഒത്തുകിട്ടിയാൽ അവ വായിക്കുന്നവരെയും ഞാൻ കിടക്കുന്ന ആശുപത്രിയിൽ കിടത്തണമെന്നല്ല പറഞ്ഞുവരുന്നത്. ഉദാഹരണത്തിന് ഇംഗ്ലീഷിലും മലയാളത്തിലുമായി എത്ര തവണ ഗാന്ധിജിയുടെ ആത്മകഥാപുസ്തകം - My Experiments with Truth - എന്റെ കയ്യിൽ വന്നു. ഞാൻ ആ ഓരോ കോപ്പിയും ഒന്ന് മറിച്ചു നോക്കിയതേയുള്ളു, വായിച്ചില്ല.

ഇക്കഴിഞ്ഞയാഴ്ചയും സമ്മാനമായി കിട്ടി ഒരു ഹാർഡ് ബൗണ്ട് സത്യാന്വേഷണ പരീക്ഷ. സാക്ഷാൽ ജോർജ് ഇരുമ്പയത്തിന്റെ പരിഭാഷ. [ഞാൻ മഹാരാജാസിൽ പഠിയ്ക്കുന്ന കാലത്തൊരിയ്ക്കൽ മലയാളം ഡിപ്പാർട്ട്മെന്റ് ഹെഡ്ഡായിരുന്നു ഡോ. ജോർജ് ഇരുമ്പയം. തികഞ്ഞ അക്കാദമിക്. ബി.എസ്.സി ഫിസിക്സ് ഒന്നാം ക്ലാസിൽ പാസ്സായിട്ടും പീജിയ്ക്ക് മലയാളത്തിനു ചേർന്ന എന്റെ ചങ്ങാതി കട്ടപ്പനക്കാരൻ ഏബ്രഹാം മാത്യു എന്ന അവറാച്ചന്റെ ക്ലാസിലൊരിയ്ക്കാൽ ഇരുമ്പയം സാറ് ചൂടായി. പിള്ളേരൊന്നും സാറിന്റെ ക്ലാസ് ശ്രദ്ധിയ്ക്കുന്നില്ലപോലും. എംടിയുടെ ഏതോ നോവലായിരുന്നു സാറ് പഠിപ്പിച്ചുകൊണ്ടിരുന്നത്. ദേഷ്യം സഹിയ്ക്കവയ്യാതെ സാറ് ഏബ്രാഹിമിനെ നോക്കി ഇങ്ങനെ അലറി: "എംടിയുടെ കഥാപാത്രങ്ങളുടെ പ്രത്യേകതയെന്താണെന്ന് പറയെടോ". ഫിസിക്സുകാരനും കുരുമുളകുവിലമാത്രംനോക്കിയുമായ ഒരു കെഴക്കൻ അച്ചായൻ എന്നാ പറയാനാ എന്നായിരിക്കണം ഇരുമ്പയൻ ഓർത്തത്. "സാർ, M. T.-യുടെ കഥാപാത്രങ്ങൾക്കൊന്നും തന്തയില്ല സർ" , അച്ചായന്റെ തകർപ്പൻ മറുപടി സാറിന്റെ മിണ്ടാട്ടം മുട്ടിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ.

അവറാച്ചൻ അതു പറഞ്ഞപ്പോൾ ഞാനവന് കവി ലോഡ് ബൈറന്റെ കഥ പറഞ്ഞുകൊടുത്തു. അഞ്ചാം ക്ലാസിലോ മറ്റോ പഠിയ്ക്കുമ്പോൾ മഹാവികൃതിയായിരുന്നത്രെ Byron. സാറ് ക്ലാസിലുണ്ടെങ്കിലും വായ അടയ്ക്കുന്ന പരിപാടിയില്ല. ഒരു ദിവസം ഒരു സാറിന് പകരം വന്ന മറ്റൊരു സാറ്, ബൈറന്റേയും കൂട്ടുകാരുടെയും വായിട്ടലയ്ക്കലിൽ പൊറുതി മുട്ടി ഒടുക്കം ഒരു ഉപായം കണ്ടുപിടിച്ചു. ബൈറന് കവിത അന്നേ വീക്ക്നെസ്സാണെന്നറിയാമായിരുന്ന ആ അധ്യാപകൻ കവിത എഴുതാൻ ഒരു വിഷയമിട്ടുകൊടുത്തു. എല്ലാവരും ഒരു കവിത എഴുതിനെടാ എന്നു പറഞ്ഞ് ഇനി കുറേ നേരത്തേയ്ക്ക് ബൈറനേതാവും കൂട്ടരും മിണ്ടാതിരിയ്ക്കുമല്ലോ എന്നു കൊതിച്ച് അങ്ങേര് ഒന്നുറങ്ങാൻ കിടന്നു. കാനായിലെ കല്യാണമായിരുന്നു അദ്ദേഹം കൊടുത്ത കവിതാവിഷയം. വിഷയം കൊടുത്ത് അദ്ദേഹം ഉറങ്ങാൻ കിടന്നില്ല, അപ്പോഴേയ്ക്കും കുഞ്ഞുബൈറന്റെ ബഹളം പിന്നെയും കേട്ടു തുടങ്ങി. "കവിതയെഴുതാനല്ലേടാ നിന്നോട് പറഞ്ഞേ" എന്നു പറഞ്ഞ് അദ്ദേഹം ചൂരൽ വീശി ഓടിച്ചെന്നു. "കവിതയെഴുതിക്കഴിഞ്ഞു സാർ" കണ്ണുകളിൽ ഒരു കുസൃതിച്ചിരിയോടെ കുഞ്ഞുബൈറൺ കമഴ്ത്തി വെച്ചിരുന്ന നോട്ടുപുസ്തകം നീട്ടി. അതിൽ ഒരു വരി മഹാകവിതയുണ്ടായിരുന്നു. "When water saw it's Lord, it blushed!". "വെള്ളം അതിന്റെ നാഥനെ കണ്ടപ്പോൾ അത് തുടുത്തുപോയി" എന്ന്. കാനായിലെ കല്യാണവേദിയിൽ വെച്ച് കർത്താവ് ഈശോ മിശിഹാ വെള്ളം വീഞ്ഞാക്കിയതിനേക്കാൾ വലിയ മാജിക്കായിരുന്നു കുഞ്ഞുബൈറൺ കാഴ്ച വെച്ചത്.

നമ്മുടെ അവറാച്ചനും മോശമായില്ല. എം. എം. മലയാളം ഒന്നാം ക്ലാസിൽ പാസായി. പിന്നെ ഒറ്റച്ചാൻസിന് സി. എ. എഴുതിയെടുത്തു. ഒരു സിയേക്കാരിയെ കെട്ടി. കുറച്ചുനാൾ എറണാ‍കുളത്ത് പ്രാക്റ്റീസ് ചെയ്ത് 'ഗൾഫിനു' വന്നു. കുറച്ചു നാൾ ദുബായിൽ ജോലി 'ചെയ്തേച്ചും' അമേരിക്കയില്‍പ്പോയി താമസിച്ച് സി.പി.എ. എടുത്തു. യു.എ.ഇ.യിൽ തിരികെ വന്ന്, ഇപ്പോൾ ഷാർജയിൽ ഷെയ്ക്ക് കുടുംബത്തില്‍പ്പെട്ട ഒരു ഗ്രൂപ്പിന്റെ ഫിനാൻസ് ഹെഡ്ഡായി വിലസുന്നു]

ഞാൻ മഹാന്മാരുടെ ആത്മകഥകൾ വായിച്ചിട്ടില്ല എന്നൊന്നും പറയുന്നില്ല. സത്യം പറഞ്ഞാൽ വലിയ, നല്ല മനുഷ്യരുടെ ആത്മകഥകളാണ് വായിച്ചിട്ടുള്ളവയിൽ ഏറെയും. വലിയ മനുഷ്യന്മാരും ചിലപ്പോൾ ചെറിയ കാര്യങ്ങളും ക്രിമിനൽ ആക്റ്റുകളും ചെയ്യുമെന്നും ആത്മകഥകളിലൂടെയെങ്കിലും അവയെല്ലാം അറിയാമെന്നും അങ്ങനെ ആശ്വസിയ്ക്കാമെന്നുമായിരിക്കണം എന്നേപ്പോലുള്ളവരുടെ പ്രതീക്ഷകൾ.

എങ്കിലും ചില ആത്മകഥകൾ പ്രതിപാദ്യവിഷയങ്ങൾ കൊണ്ടോ കണ്ണുകളീറനാക്കുന്ന ആത്മാർത്ഥതകൊണ്ടോ രചനാസൗഭഗം കൊണ്ടോ എന്റെ പ്രാഥമികമായ ഉപബോധ വായാനോദ്ദേശങ്ങളെ വിസ്മരിപ്പിച്ചുകളഞ്ഞിട്ടുണ്ട്.

അക്കൂട്ടത്തിലെ ചിലത് ഇതാ. ഇഷ്ടമോ മികവ് പ്രകാരമോ അല്ല നമ്പറിംഗ്. ഓർമ വരുന്ന ക്രമത്തിൽ നിരത്തുന്നു എന്ന് മാത്രം.

1. ചാർളി ചാപ്ലിന്റെ ആത്മകഥ [ഇംഗ്ലീഷാണ് വായിച്ചത്, വായിക്കേണ്ടത് - My Autobiography]
2. കസാന്ദ്സാകിസിന്റെ 'Report to Greco'
3. പി. കുഞ്ഞിരാമൻ നായരുടെ 'കവിയുടെ കാല്‍പ്പാടുകൾ' [അതിനു മുമ്പും പിമ്പും പി. വേറെ രണ്ട് ആത്മകഥകൾ എഴുതിയിട്ടുണ്ട്. മനോരമ വാരികയിൽ വന്ന നിത്യകന്യകയെത്തേടി, എന്നെ തിരയുന്ന ഞാൻ എന്നിവ.]
4. ചെറുകാട് ഗോവിന്ദപ്പിഷാരടിയുടെ ജീവിതപ്പാത
5. മുണ്ടശ്ശേരിയുടെ കൊഴിഞ്ഞ ഇലകൾ
6. Pablo Neruda - Memoirs 7. ഫാദർ വടക്കന്റെ 'എന്റെ കുതിപ്പും കിതപ്പും'
8. ക്രൈമിൽ പ്രസിദ്ധീകരിച്ച, നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന കോട്ടയം ശാന്തയുടെ ആത്മകഥാ ഖണ്ഡങ്ങൾ.
9. മാധവിക്കുട്ടിയുടെ/Kamala Dasന്റെ എന്റെ കഥ, My Story [രണ്ടും ഒന്നാന്തരം, തമ്മിൽ വലിയ ബന്ധമൊന്നുമില്ലെങ്കിലും]
10. നളിനി ജമീല [ഓതെന്റിക് എന്നു പറഞ്ഞിറങ്ങിയ രണ്ടാമത്തേത് വായിച്ചിട്ടില്ല]
11. എസ്. ഗുപ്തൻ നായരുടെ 'മനസാസ്മരാമി'
12. ടി. ജെ. എസ്. ജോർജിന്റെ 'ഘോഷയാത്ര' ['ഞാൻ' ഏറ്റവും കുറവുള്ള, അല്ലെങ്കിൽ തീരെയില്ലാത്ത, ഏത് ലോകഭാഷയിലും എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്].
13. നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന എം. ഒ. മത്തായിയുടെ 'Reminiscences of Nehru Age'
14.സുൾഫിക്കർ അലി ഭൂട്ടോയുടെ 'If I am Assassinated'
15. കവിയും പത്രപ്രവർത്തകനുമായിരുന്ന Dom Moraesന്റെ My Father's Son [ഇതിന്റെ രണ്ടാം ഭാഗം - My Son's Father - വായിക്കാൻ കിട്ടിയിട്ടില്ല.]
16. ബഷീറിന്റെ 'അനുരാഗത്തിന്റെ ദിനങ്ങൾ'
17. മനോരമ വാരികയിൽ വന്ന നടി മല്ലികയുടെ സ്മരണകൾ
18. അജിതയുടെ ഓർമക്കുറിപ്പുകൾ
19. Mussoliniയുടെ My Autobiography
20. അമർത്യാനന്ദയുടെ അർധവിരാമം
21. എം. കെ. കെ. നായരുടെ ആരോടും പരിഭവമില്ലാതെ
22. Lee Iacocca's An Autobiography
23. മലയാറ്റൂരിന്റെ സർവീസ് സ്റ്റോറി, ഓർമകളുടെ ആൽബം
24. സി. ആർ. ഓമനക്കുട്ടന്റെ 1) നീ സത്യം, ജ്ഞാനം, ആനന്ദം 2) നിറം പിടിപ്പിയ്ക്കാത്ത നേരുകൾ
25. ബാലചന്ദ്രൻ ചുള്ളിക്കാട് - ചിദംബരസ്മരണ
26. ശ്രീബാല കെ. മേനോൻ - 19, കനാൽ റോഡ്
27. പ്രിയ എ. എസ്. - കഥബാക്കി, ഒഴുക്കിൽ ഒരില, മായക്കാഴ്ചകൾ
28. സുഭാഷ് ചന്ദ്രൻ - മധ്യേയിങ്ങനെ
29. Aubrey Menen - A Space within the Heart [സുന്ദറിന്റെ പരിഭാഷയാണ് വായിച്ചത് - ഹൃദയത്തിനുള്ളിലെ ഒരിടം]]


ആത്മകഥകളുടെ തന്നെ കൂട്ടത്തിലാണ് റോസി തോമസ്, രാധാലക്ഷ്മി പത്മരാജൻ, സീതാലക്ഷ്മി ദേവ്, പ്രഭാ നാരായണപിള്ള, പാർവതി പവനൻ, വയലാറിന്റെ ഭാരതിത്തമ്പുരാട്ടി എന്നിവരുടെ സ്മരണകളേയും ഞാൻ കൂട്ടിയത്.


ഈ പുസ്തകങ്ങളും ഇവ എഴുതിയവരുമൊമൊക്കെ ഇങ്ങനെ ഗ്രേറ്റും ഗ്രേറ്റസ്റ്റുമൊക്കെയാണെങ്കിലും എന്റെ വായനകളോ - വെറും അരാഷ്ട്രീയനായ ഒരു വളിവയറൻ നായരുടെ വായനകൾ. നമ്മൾ ഒരു പുസ്തകവും വായിക്കുന്നില്ല, പുസ്തകങ്ങൾ നമ്മളെ വായിക്കുന്നതേയുള്ളു എന്ന് ആവർത്തിച്ചോട്ടെ ഞാൻ?

ഇതൊക്കെയാണെങ്കിലും എന്റെ ഫേവറിറ്റ് ആത്മകഥ ഇതൊന്നുമല്ല കെട്ടൊ. അത് പരസ്യവ്യവസായത്തിന്റെ പിതാവായ Claude Hopkins-ന്റെ മൈ ലൈഫ് ഇൻ അഡ്വർടൈസിംഗ് എന്ന ചെറിയ ആത്മകഥാപുസ്തകമാണ്. എന്നു വായിക്കുമ്പോൾ 'ഓ, അതിയാള് ജോലി ചെയ്യുന്ന ഫീൽഡിലുള്ള ഒരാളുടെ ആത്മകഥയായതുകൊണ്ടാവും' എന്ന് വിധിയ്ക്കാൻ വരട്ടെ. ആധുനിക പരസ്യവ്യവസായത്തിന്റെ തലതൊട്ടപ്പൻ എന്നുവിളിക്കാവുന്ന ഡേവിഡ് ഒഗില്വി അദ്ദേഹത്തിന്റെ Ogilvy on Advertising എന്ന മോഡേൺ ക്ലാസിക്കിൽ പറയുന്നത് ഹോപ് കിൻസിന്റെ സയന്റിഫിക് അഡ്വർടൈസിംഗ് എന്ന കിത്താബ് ഏഴു വട്ടം വായിക്കാതെ നിങ്ങൾ ഒരു അഡ്വർടൈസിംഗ് ഏജൻസിയിൽ പ്യൂണിന്റെ പണി പോലും ചെയ്യാൻപോകരുതെന്നാണ്. അങ്ങനെയുള്ള ഒരാളുടെ ആത്മകഥയാണ് My Life in Advertising എന്നു പറയുമ്പോൾ അതിൽ മുഴുവൻ അഡ്വർടൈസിംഗായിരിക്കും എന്ന് ഊഹിച്ചെങ്കിൽ തെറ്റി. ആത്മാവിന്റെ അടിത്തട്ട് കാണാവുന്ന ഹ്യുമിലിറ്റിയാണ് ഹോപ്കിൻസിന്റെ ആത്മകഥയുടെ ജീവൻ. പിന്നെ ഒരു പരസ്യമെഴുത്തുകാരന് മാത്രം വശമുള്ള വശീകരണശക്തിയും.

ആദ്യവാചകം കേൾക്കൂ: "എന്റെ ജീവിതത്തിലെ പ്രധാനസംഭവം നടക്കുന്നത് ഞാൻ ജനിക്കുന്നതിന് ഒരു വർഷം മുമ്പാണ് - എന്റെ അമ്മയായി ഒരു സ്കോട്ടിഷ് സ്ത്രീയെ എന്റെ അച്ഛൻ തെരഞ്ഞെടുത്തു."

പിന്നെ നിങ്ങൾ ആ പുസ്തകം നിലത്തുവെയ്ക്കില്ല. വീടുകൾ കയറിയിറങ്ങി സാധനങ്ങൾ വിൽക്കലായിരുന്നു ക്ലോഡിന്റെ ആദ്യകാല ജോലി. പരസ്യമെഴുതാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇത്തരം നേരിട്ടുള്ള വില്‍പ്പന നടത്തി അടിസ്ഥാന പരിചയമാർജിച്ചിരിക്കണമെന്ന് ക്ലോഡ് നിഷ്കർഷിക്കുന്നു. മറ്റൊരു രസകരമായ കാര്യമുണ്ട് - ക്ലോഡ് ഒരിയ്ക്കലും പണക്കാർക്കുവേണ്ടിയുള്ള ഉത്പ്പന്നങ്ങൾക്കുവേണ്ടി പരസ്യവാചകങ്ങൾ എഴുതിയില്ല. അവയോട് പുച്ഛമോ അസൂയയോ ഒന്നുമുണ്ടായിട്ടല്ല. പിന്നെ? “ഞാനൊരു പണക്കാരനായിരുന്നിട്ടില്ല. അതുകൊണ്ട് അവരുടെ മനോനില ഒരിയ്ക്കലും എനിയ്ക്കറിയില്ല. എനിയ്ക്കറിയാത്ത കാര്യത്തെപ്പറ്റി ഞാൻ എഴുതുകയില്ല” എന്നാണ് ക്ലോഡ് എഴുതുന്നത്.

മറ്റൊരു സുന്ദരൻ വാചകവും ഓർമയിൽ തിളങ്ങുന്നു: When you are going up, nothing is a hardship. ആദ്യകാല കഷ്ടപ്പാടുകളെപ്പറ്റി പറയുന്നിടത്താണ് അത്. ആദ്യമായി വായിച്ചപ്പോൾ, ആ വാചകം വായിച്ച്, പുസ്തകം ഒരു മിനിറ്റ് അടച്ചുവെച്ച് “When you are coming down, say from the comforts of a five star hotel to a three star hotel, everything will be hardships എന്ന് ആലോചിച്ചതുമോർക്കുന്നു.

ജനാർദ്ദനക്കുറുപ്പ് [എന്റെ ജീവിതം], പുനത്തിൽ കുഞ്ഞബ്ദുള്ള [നഷ്ടജാതകം], സി. കേശവൻ [ജീവിതസമരം], Sony സ്ഥാപകൻ Akio Morita [Made in Japan] എന്നിവരുടെ ആത്മകഥകൾ വായിക്കാൻ എടുത്തുവെച്ചിരിക്കുന്നു.

വായിക്കാൻ ആഗ്രഹിക്കുന്ന ആത്മകഥകൾ 1) ഏ. പി. ഉദയഭാനു - എന്റെ കഥയും അല്‍പ്പം 2) കേശദേവിന്റെ എതിർപ്പ് [ദേവിന്റെ ഒരു രണ്ടാം ആത്മകഥ കയ്യിലുണ്ട്] 3) My Story - Marilyn Monroe 4) കമ്മ്യൂണിസ്റ്റ് നേതാവ് കെ. സി. ജോജ്ര് 5) നെഹ്രു 6) കുമ്പളത്ത് ശങ്കുപ്പിള്ള, 7) തിക്കോടിയൻ 8) വി. ടി. ഭട്ടതിരിപ്പാട് 9) എൻ. എൻ. പിള്ള 10) ഹിറ്റ് ലർ - Mein Kampf 11) ബർഗ്മാൻ [Magic Lantern] 12) ജസ്റ്റിസ് കെ. ടി. തോമസ് 13) മാർകേസിന്റെ Living to Tell the Tale 14) തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ 15) കെ. പി. കേശവമേനോന്റെ കഴിഞ്ഞ കാലം 16) ഡി. ബാബു പോളിന്റെ കഥ ഇതുവരെ 17) സ്വദേശാഭിമാനിയുടെ എന്റെ നാടുകടത്തൽ, 18)കല്യാണിക്കുട്ടിഅമ്മയുടെ വ്യാഴവട്ടസ്മരണകൾ 19) Paramhansa Yogananda-യുടെ Autobiography of a Yogi

എഴുതപ്പെടാൻ ആഗ്രഹിക്കുന്ന ആത്മകഥകളുടെ കൂട്ടത്തിൽ എം.ടി. വാസുദേവൻ നായരുടെ ആത്മകഥയാണ് മുന്നിൽ; തൊട്ടുപിന്നാലെയുണ്ട് ഉജാല രാമചന്ദ്രന്റെ ആത്മകഥ. എഴുതപ്പെട്ടിരുന്നെങ്കിൽ എന്ന് വ്യാമോഹിക്കുന്നവയിൽ ആദ്യത്തേത് സഖാവ് ആർ. സുഗതന്റെയും രണ്ടാമത്തേത് നരേന്ദ്രപ്രസാദിന്റേതും.

ഒരു കാലത്ത് ഗാന്ധിജിയുടെ ആത്മകഥയും ഞാൻ വായിക്കുമായിരിക്കും. തീർച്ചയായും അതർഹിയ്ക്കുന്ന വായന എനിയ്ക്ക് കൊടുക്കാൻ പറ്റുമെന്നോ അത് വായിയ്ക്കാൻ ഞാനർഹനായി എന്നോ ആയിരിക്കില്ല അപ്പോൾ അതിന്റെ അർത്ഥം.

അനുബന്ധം:

എഴുത്തുകാരല്ലാത്തവർ - അവർ സെലിബ്രിറ്റികളായാലും മീൻകച്ചവടക്കാരായാലും - മികച്ച ആത്മകഥകൾ എഴുതുമെന്ന് പ്രതീക്ഷിക്കുക വയ്യ. അതുകൊണ്ട് അത്തരം ആത്മകഥകൾക്കു പിന്നിൽ മറ്റുള്ളവരുടെ കറുത്തതോ ഇരുനിറമുള്ളതോ വെളുത്തതോ ആയ കരങ്ങൾ പ്രവർത്തിക്കുക സ്വാഭാവികം. നളിനി ജമീലയുടേതടക്കം അങ്ങനെ സംഭവിച്ചതും വിവാദമായതുമാണല്ലൊ. ഇയാക്കോക്കയുടെ പ്രസിദ്ധ ആത്മകഥയുടെ ചട്ടയിൽത്തന്നെ സഹ-എഴുത്തുകാരന്റെ പേരുണ്ട്: വില്ല്യം നൊവാക്. പാശ്ചാത്യരാജ്യങ്ങളിൽ ആ പതിവ് അവർ നിലനിർത്തുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ആ മര്യാദ പല കാരണങ്ങളാൽ പുലർന്നു കണ്ടിട്ടില്ല. നമ്മുടെ ആത്മകഥാശേഖരത്തിലെ മാസ്റ്റർപീസുകളിലൊന്നായ സി. കേശവന്റെ ജീവിതസമരം അദ്ദേഹത്തിന്റെ മകൻ കെ. ബാലകൃഷ്ണനും മയ്യനാട് കെ. ദാമോദരനും ചേർന്ന് ഗോസ്റ്റ് റൈറ്റ് ചെയ്തതാണെന്ന് അന്നേ കേട്ടിരുന്നു. ഹാസ്യനടൻ എസ്. പി. പിള്ളയുടെ ആത്മകഥ ജനയുഗത്തിൽ ഖണ്ഡ:ശ്ശ വന്ന കാലത്ത് സൂപ്പർഹിറ്റായിരുന്നു. എന്നാൽ പിള്ളയാശാൻ അത് പുസ്തകരൂപമാക്കാൻ ചെന്നപ്പോളേയ്ക്കും ഗോസ്റ്റ് റൈറ്റർ അതിന്റെ റോയൽറ്റി മറ്റാർക്കോ വിറ്റ് പുട്ടടിച്ചിരുന്നു.

ഏകെജിയുടെ ആത്മകഥ മറ്റൊരു രൂപത്തിൽ ഇംഗ്ലീഷിലായിരുന്നു ആദ്യം ഇറങ്ങിയത്. മലയാളത്തിൽ വന്നത് പരിഭാഷയായിരുന്നു. രണ്ടും ഏകെജി എഴുതിയതാകാൻ തരമില്ല. അതൊരു കുറവുമല്ല. എങ്കിലും പേനയുന്തിയവരുടെ പേരുകൾ കാണാൻ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെ.

ഇപ്പോൾ ചെറിയ ആത്മകഥകളുടേയും [ഒരനുകാലികത്തിന്റെ ഒറ്റലക്കത്തിൽ തീരുന്നവ] പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആത്മകഥകളുടേയും കാലമാ‍ണല്ലൊ. ഇതിൽ അമ്പലവാസികൾ, കഥകളികലാകാരന്മാർ തുടങ്ങിയ സവർണ വിഷയികളുടെ കാര്യത്തിൽ എൻ. പി. വിജയകൃഷ്ണൻ തുടങ്ങിയവർ സ്പെഷലൈസ് ചെയ്യുമ്പോൾ വീട്ടുവേല, മീൻ കച്ചവടം, മോഷണം, മനോവിഭ്രാന്തി തുടങ്ങിയ പാർശ്വവത്കൃതമേഖലകളിൽ താഹാ മാടായി, വി. കെ. ശ്രീരാമൻ എന്നിവർ മിടുക്കു കാണിയ്ക്കുന്നു.

ഭാഷാപോഷിണിയുടെ എഴുത്തുകാരന്റെ ദേശം എന്ന സീരിസിൽ നമ്മുടെ പല ജയന്റ്സും എഴുതിയത് മനോഹരമായ ആത്മകഥാചുരുക്കങ്ങളായിപ്പോയതും ഓർക്കുക. അക്കൂട്ടത്തിൽ എന്നെ ആകർഷിച്ചത് സച്ചിദാനന്ദൻ, ആറ്റൂർ, സേതു എന്നിവരുടേതും കവിത കൊണ്ട് ഒരിയ്ക്കലും എന്നെ ആകർഷിയ്ക്കാത്ത എ. അയ്യപ്പന്റേതും. [ആരാന്റമ്മയ്ക്ക് പ്രാന്തുപിടിയ്ക്കുമ്പോൾ കാണാൻ നല്ല ചേല്!].

വലിയ ആത്മകഥ എഴുതാൻ മടിച്ചിട്ടോ എഴുതാൻ വലിയ കഥകൾ ഇല്ലാഞ്ഞിട്ടോ അപ്പപ്പോളത്തെ സാമ്പത്തിക ആവശ്യങ്ങൾക്കോ വേണ്ടി ചെറിയ ഉപ-ആത്മകഥകളോ ആത്മകഥാകുറിപ്പുകളോ അനുഭവങ്ങളോ ഓർമകളോ എഴുതപ്പെട്ടതും നമ്മുടെ ഭാഷയിൽ ധാരാളം. പ്രതിഭയോ അനുഭവങ്ങളോ ഉള്ളവർ എന്തെഴുതിയാലും അതിലെല്ലാം അവരുടെ ഒപ്പുകൾ വീഴും. പി.യുടെ നിത്യകന്യകയെത്തേടി എന്ന ഒന്നാം ആത്മകഥ മനോരമ ആഴ്ചപ്പതിപ്പിലാണ് സീരിയലൈസ് ചെയ്തതെന്നോർക്കുക. മനോരമയുടെ തെക്കൻ വായനക്കാർ അതിൽ പ്രതീക്ഷിച്ചത് വള്ളുവനാടൻ പെണ്ണുങ്ങളുമായുള്ള പി.യുടെ വേഴ്ചകളുടെ വിശദാംശങ്ങളാണ്. അന്ന് മനോരമയിൽ വന്നിരുന്ന നീണ്ടകഥകളെ മാതൃകയാക്കൂ എന്നായിരുന്നു സർക്കുലേഷൻ മാനേജരിൽ നിന്നു കിട്ടിയ സമ്മർദ്ദം. പി പരാജയപ്പെട്ടെന്ന് പറയേണ്ടതില്ലല്ലൊ. അങ്ങനെ മലയാള ഗദ്യത്തിന് ഒരു കാവ്യപുസ്തകം കൂടി സ്വന്തമാ‍യി.

എന്റെ കഥ കള്ളമായിരുന്നെന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞു. പിന്നീട് വന്നതാണ് നീർമാതളം പൂത്ത കാലം തുടങ്ങിയവ. ക്രിയേറ്റീവ് റൈറ്റിംഗ് ഉണ്ടാകാതിരിയ്ക്കുമ്പോൾ ക്രിയേറ്റീവ് റൈറ്റേഴ്സിന് എളുപ്പം ചെയ്യാവുന്ന പണിയായി ആത്മകഥാകുറിപ്പുകളെഴുതൽ. അത്തരമൊരു റൈറ്റേഴ്സ്-ബ്ലോക്ക്-ഇടവേളയിൽ ക്രിയേറ്റീവ് പ്രതിഭ, അനുഭവസമ്പത്ത്, കവിത തോൽക്കുന്ന ഗദ്യം എന്നിവ ചേർന്നപ്പോൾ ഉണ്ടായ മാസ്റ്റർപീസാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ. പ്രിയ എ. എസിന്റേതായി മൂന്ന് സമാഹാരങ്ങളാണ് ഇത്തരം കുറിപ്പുകളുടേതായി വന്നത്. മൂന്നും പോപ്പുലറായി. സുഭാഷ് ചന്ദ്രന്റെ മധ്യേയിങ്ങനെ എന്ന പുസ്തകത്തിന്റെ ഒരു ഭാഗത്തെ ഉപതലക്കെട്ടു തന്നെ ആത്മം എന്നാണ്. ഇക്കൂട്ടത്തിൽ വന്ന ശ്രീബാല കെ. മേനോന്റെ 19 കനാൽ റോഡും ഹൈലി റീഡബ് ൾ തന്നെ. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ പുതിയ ആത്മകഥകളൊക്കെയും ഇങ്ങനെ ചുരുങ്ങിപ്പോകുന്നു. എന്നേപ്പോലുള്ള മനോരോഗികളെ കിടത്തി ചികിത്സിപ്പിയ്ക്കേണ്ട പൂങ്കുടിൽ മനകളുടെ സ്ഥാനത്ത് ബ്ലിസ്റ്റർ പാക്കിൽ മാനസമിത്രം ചതുരഗുളികയായി കിട്ടുന്ന സൂപ്പർമാർക്കറ്റുകൾ ഉയരുന്നു.

എന്റെ സുഹൃത്തുക്കളായ ജോർജ് ജോസഫ് കെ.യും ലത്തീഫ് മമ്മിയൂരും അവരുടെ ഓരോ കഥാസമാഹാ‍രങ്ങൾക്ക് ആമുഖമായെഴുതിയ ആത്മകഥാകുറിപ്പുകളാണ് അവരുടെ കഥകളേക്കാൾ എനിക്ക് പ്രിയപ്പെട്ടവ എന്ന അനുഭവം കൂടി ഇവിടെ പങ്കുവെയ്ക്കാതെങ്ങനെ?

മറ്റൊരു പ്രധാനകാര്യം ബഷീറിനെയും എംടിയേയും പോലുള്ള മഹാന്മാരായ എഴുത്തുകാർ സമഗ്രമായ ആത്മകഥകൾ എഴുതുന്നതിൽ നിന്ന് വിട്ടുനിന്നതെന്തേ എന്ന ചോദ്യമാണ്. അവരുടെ ജീവിതാനുഭവങ്ങൾ തന്നെയാണ് പലപ്പോഴും അവരുടെ സാഹിത്യമായത്. ഉദാഹരണത്തിന് എംടിയുടെ നിന്റെ ഓർമയ്ക്ക് എന്ന മനോഹരമായ ചെറുകഥയെടുക്കുക. അത് അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരധ്യായം തന്നെ. ആ ഒരു നേർ അനുഭവം പൊടിപ്പും തൊങ്ങലുമില്ലാതെ പകർന്നു വെച്ചതാണ് ആ കഥ. മലയാളത്തിലെ എഴുത്തുകാരെ ഇങ്ങനെ ഭാവനയുടേയും അനുഭവത്തിന്റേയും രണ്ട് ടീമുകളായി തിരിച്ച ഒരു നോട്ടം ഇവിടെ - രത്നാകരൻ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടൊ?

Monday, December 1, 2008

പട്ടിണിയുടെ മണം

Our 1-year senior batch's grade 2 photo
"എന്താണ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം?"

"എല്ലാം"

"അതെന്താ അങ്ങനെ? ഏറ്റവും പ്രിയപ്പെട്ടതില്ലേ?"

"ഇല്ല; അങ്ങനെ തെരഞ്ഞെടുക്കാൻ നമുക്കാർക്കും അവകാശമില്ല"

"എന്തുകൊണ്ടില്ല?"

"പട്ടിണി കിടക്കുന്ന ഒരുപാട് മനുഷ്യരുള്ളതുകൊണ്ട്".


എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമേതാണെന്നു ചോദിച്ചാൽ ഞാൻ പറയും ഗ്രീക്ക് എഴുത്തുകാരൻ നികോസ് കസാന്ദ്സാകിസിന്റെ സോർബാ ദ് ഗ്രീക്ക് എന്ന നോവലാണെന്ന്. നിങ്ങൾ പുസ്തകങ്ങൾ വായിച്ച് ആർജിച്ച വിജ്ഞാനവും നിങ്ങടെ പുസ്തകങ്ങളും കൊണ്ട് തീയിടു ഹേ എന്നാണ് സോർബ പറയുന്നത്. അതുകൊണ്ടു കൂടി, എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം സോർബയാണെന്ന് പറഞ്ഞാൽ അത് വിരോധാഭാസമാകും. എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം - അങ്ങനെ പറയാമോ? പുസ്തകം വായിക്കാനറിയാത്ത, പുസ്തകം വായിക്കാൻ കിട്ടാത്ത ഒരുപാട് മനുഷ്യരുള്ളപ്പോൾ അങ്ങനെ പറയാമോ? ഖസാക്കിലെ ചേച്ചി/അനിയത്തി ഖണ്ഡികയേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ് സോർബയിലെ മുകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന സംഭാഷണശകലം. അങ്ങനെ ഒരു സംഭാഷണശകലമുള്ളതുകൊണ്ട് സോർബയെപ്പറ്റി അങ്ങനെ പറയാം അല്ലേ?

അച്ഛന്റെ, ഒരു സെമി കൂട്ടുകുടുംബം എന്ന് വിളിക്കാമായിരുന്ന, വീട്ടിലായിരുന്നു കുട്ടിക്കാലം. അച്ഛനും അമ്മയും സർക്കാരുദ്യോഗസ്ഥരായിരുന്നു. ഒന്നോ രണ്ടോ നായർസ്ത്രീകൾ തന്നെ വീട്ടുവേലക്കാരികളായും ഉണ്ടായിരുന്നു. അങ്ങനെ അടിമുടി സവർണം. എങ്കിലും നാറുന്ന റേഷൻ പച്ചരിയായിരുന്നു ഊണിന്‌. അന്നുണ്ടായിരുന്ന ഏറ്റവും നല്ല ഷർട്ടിനും നിക്കറിനും ബട്ടൻസുകളില്ലായിരുന്നു. അതെല്ലാമെങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാൽ നിർമിതദാരിദ്ര്യം എന്നു വേണമെങ്കിൽ പറയാം. നിർമിതമായ സ്നേഹപ്പട്ടിണി. അരിപ്പട്ടിണി. സന്തോഷപ്പട്ടിണി. അതെന്തായാലും ആ ദാരിദ്ര്യങ്ങളെപ്പറ്റി പായാരം പറയുകയില്ല. കാരണം സ്ക്കൂളില്‍പ്പോയിത്തുടങ്ങിയപ്പോൾത്തന്നെ യഥാർത്ഥ ദാരിദ്ര്യമെന്താണെന്ന് കണ്ടിരുന്നു. കണ്ടിരുന്നു എന്നതിന് ഒരടിവര. [കണ്ടതേയുള്ളു, കൊണ്ടില്ല].

നാട്ടുമ്പുറത്തെ ഞങ്ങളുടെ സ്കൂളിലെ കുട്ടികളിൽ പലരും ദിവസക്കൂലിപ്പണിക്കാരുടേയും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവരുടേയും മക്കളായിരുന്നു. അധികവും ദളിതരുടേയും ഈഴവരുടേയും ദരിദ്രരായ കൃസ്ത്യാനികളുടേയും ദരിദ്രരായ അപൂർവം നായമ്മാരുടേയും മക്കൾ. അവർക്ക് പട്ടിണിയുടെ മണമുണ്ടായിരുന്നു. എങ്ങനെയാണോ ആവോ ആ മണം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്? പക്ഷേ പിൽക്കാലത്ത്, ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ, അങ്ങനെ ഒരു മണത്തെപ്പറ്റി മറ്റൊരു സമകാലീന സവർണനായിരുന്ന പ്രദീപിനോട് പറഞ്ഞപ്പോൾ അവൻ പുച്ഛിച്ചതോർക്കുന്നു: അത് മാപ്ലാര് മീൻ കഴിച്ചട്ട് ശെരിക്കും കയ്യും വായേം കഴുകാത്തേന്റെ മണമാ. സാജന്റെ വീട്ടീപ്പോയപ്പൊ കുടിയ്ക്കാൻ വെള്ളം കൊണ്ടന്ന ഗ്ലാസിന്റെ അതേ മണം.

അപ്പോൾ മീനും ഇറച്ചിയും കൂട്ടാത്ത, അവനുണ്ടായിരുന്ന ഒരേ ഒരു മുണ്ടും ഷർട്ടും എന്നും അലക്കിയിട്ടിരുന്ന, തേച്ചുരച്ച് കഴുകിയിരുന്നതുകൊണ്ട് മിനുത്ത ‍ഉപ്പൂറ്റികളുണ്ടായിരുന്ന, പഠിത്തത്തിൽ ഏറ്റവും പിന്നിലായിരുന്നതുകൊണ്ട് തോറ്റ് തോറ്റ് അഞ്ചാറു വർഷം പിന്നിലായിരുന്നെങ്കിലും വെടിപ്പിലും വൃത്തിയിലും ഒന്നാമനായിരുന്ന, തെങ്ങുകയറ്റത്തിന്റെ തഴമ്പ് രണ്ടു കാലിലുമുണ്ടായിരുന്ന, ഏഴാം ക്ലാസിൽ പൊക്കം കൊണ്ട് എന്റെ ലാസ്റ്റ് ബെഞ്ച് മേറ്റായിരുന്ന മീശയുള്ള വിജയൻ... അവന്റെ ബാർ സോപ്പുമണം ഭേദിച്ച് എന്നെ ഭയപ്പെടുത്തിയിരുന്ന ‍ആ മറ്റേ മണമോ? പട്ടിണിയുടെ മണം?

മീൻ തിന്നുന്ന വൃത്തിയില്ലാത്തവരുടെ ഉളുമ്പുമണം എനിക്ക് തിരിച്ചറിയാം ചങ്ങാതീ. അതല്ല പട്ടിണിയുടെ മണം. ഇപ്പോൾ ഒരു നേരത്തെ ഭക്ഷണം വൈകുമ്പോൾ നമ്മളെല്ലാം തമാശ പറയാറില്ലേ കുടലു കരിഞ്ഞ മണം വരണെന്ന്. അത് തമാശയല്ല. ഒരു നേരത്തെ ഭക്ഷണം വൈകുമ്പോളുമല്ല അതുണ്ടാകുന്നത്. കുടലു കരിഞ്ഞ ഒരു മണമുണ്ട്. വിജയനും കറുത്ത കൃഷ്ണകുമാറിനും ചെവി പഴുത്ത കൃഷ്ണകുമാറിനും തടിയൻ സാജനും പ്രസാദിനും വെല്യ ജോസഫിനും കൊച്ചു ജോസഫിനും കാതുകുത്തിയ പ്രദീപിനും ലക്ഷ്മണനും അരവിന്ദനും ഉണ്ടായിരുന്ന മണം. ദുർഗയ്ക്കും സരളയ്ക്കും ഷീബയ്ക്കും വീണയ്ക്കുമൊക്കെ ആ മണമുണ്ടായിരുന്നോ ആവോ? ഉണ്ടാകുമായിരുന്നിരിയ്ക്കണമെന്ന് അവരുടെ അന്ന് അകന്ന് കണ്ട പ്രകൃതങ്ങൾ ഇപ്പോൾ ഓർമിപ്പിയ്ക്കുന്നു. പ്രൈമറി കഴിഞ്ഞപ്പോൾ പെൺകുട്ടികൾ വേറെ ക്ലാസുകളിലായി. അല്ലെങ്കിലും ഒന്നാം ക്ലാസു മുതലേ വേറെ ബെഞ്ചുകളിലായിരുന്നു അവരുടെ ഇരിപ്പ്.

1946-ൽ പുറത്തിറങ്ങിയ സോർബ 1964-ൽ സിനിമയായപ്പോൾ സോർബയായി അഭിനയിച്ചത് ആന്റണി ക്വിൻ. അറുപതുകളിൽ ജനിച്ചവരായിരുന്നു ഞങ്ങൾ - വിജയൻ, റെജി, സുരേഷ്, സജി, വിനയൻ, പത്മകുമാർ, അനുരാജ്, രവി, ശശീന്ദ്രൻ, വേണു, ആനന്ദശിവറാം, ഷഗീർ, ശ്രീനി, കുമ്മായക്കാരൻ രഞ്ജിത്, വോളിബോൾ രഞ്ജിത്, അജയൻ, അജിത് കുമാർ പൈ, കമ്മത്ത് ഭാസ്കരൻ, സോഡാക്കുപ്പി സുരേഷ്, അനിൽകുമാർ, രഘു, ബാബു, കറുത്ത കൃഷ്ണകുമാർ, ചെവി പഴുത്ത കൃഷ്ണകുമാർ, തടിയൻ സാജൻ, മെലിഞ്ഞ സാജൻ, പ്രസാദ്, ജഗദീശ് ഭട്ട്, വെല്യ ജോസഫ്, കൊച്ചു ജോസഫ്, പ്രദീപ്, കാതുകുത്തിയ പ്രദീപ്, ലക്ഷ്മണൻ, അരവിന്ദൻ... അപ്പൂപ്പൻ താടികൾ പോലെ ഞങ്ങൾ എങ്ങോട്ടൊക്കെയോ പറന്നു പോയി. എങ്കിലും അവരിൽ ചിലർ അനുഭവിപ്പിച്ച പട്ടിണിയുടെ മണം സ്ഥലകാലങ്ങൾ കടന്ന് ഇപ്പോഴും എന്നെ പൊതിയുന്നു.

അതുകൊണ്ട് പലകാലങ്ങളിലായി ഞാനോ നിങ്ങളോ ശർദ്ദിച്ചതെല്ലാം -
[ബ്രെഡ് എനിയ്ക്കിഷ്ടമല്ല, ഞാൻ കടച്ചക്ക കൂട്ടാറില്ല, ചാളയുടെ മണം എനിക്ക് പറ്റില്ല, ഞാൻ വിസ്കി കുടിയ്ക്കില്ല ബ്രാൻഡി മതി, അയ്യോ ഈ ചോറ് അധികം വെന്തു പോയല്ലൊ, ഈ അവിയലിൽ ഉപ്പധികമായി, ഈ പാലടയ്ക്ക് അടീപ്പിടിച്ച സ്വാദ്, ഇത് പാവയ്ക്കയോ കാഞ്ഞിരമോ, ഈ ബീഫിന് മൂപ്പധികമായി, ഈ പഴത്തിലപ്പിടി കല്ല്, ഈന്തപ്പഴം ഒട്ടുന്നു, ചീരയോ പുഴുവുണ്ടാകില്ലേ, ഇത് ഇന്നലത്തെ ചപ്പാത്തിയല്ലേ, സാമ്പാറോ ആർക്കു വേണം, ച്ഛീ ഉപ്പും പുളിയുമില്ലാത്ത അയിലക്കറിയോ, എനിയ്ക്കിഷ്ടം പച്ചപ്പറങ്ക്യണ്ടി വറുത്തരച്ച കറിയാണ്, ഒണക്കച്ചെമ്മീൻ ചമ്മന്തീടെ അടുത്തുവരുമോ അമൃത്, പഴപ്രഥമനാണ് രാജാവ്, പുട്ടും കോഴിക്കറിയുമാണെന്റെ ഫേവറിറ്റ്, എനിക്ക് മുരിങ്ങയിലത്തോരനും ചൂടുള്ള പൊടിയരിക്കഞ്ഞിയും മതി, ഓ, എനിക്കിത്തിരി നെല്ലിക്കാക്കറി മതി...] - ഞാനിതാ നക്കിക്കുടിയ്ക്കുന്നു.

ആ വാർത്താലാപ് ഒരിയ്ക്കൽക്കൂടി വായിക്കുന്നു:

"എന്താണ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം?"

"എല്ലാം"
"അതെന്താ അങ്ങനെ? ഏറ്റവും പ്രിയപ്പെട്ടതില്ലേ?"

"ഇല്ല; അങ്ങനെ തെരഞ്ഞെടുക്കാൻ നമുക്കാർക്കും അവകാശമില്ല"

"എന്തുകൊണ്ടില്ല?"

"പട്ടിണി കിടക്കുന്ന ഒരുപാട് മനുഷ്യരുള്ളതുകൊണ്ട്".

Wednesday, November 19, 2008

ഒരു വിലാപം

അന്ന് സിവിക് എന്നാൽ സിവിക് ചന്ദ്രൻ
ഇന്ന് സിവിക് എന്നാൽ ഹോണ്ടാ സിവിക്

അന്ന് വള്ളത്തോൾ വാക്യസുന്ദരൻ
ഇന്ന് വള്ളത്തോൾ രവി വള്ളത്തോൾ

അന്ന് ജോൺ ഏബ്രഹാം ബൊഹീമിയൻ ഹീറോ
ഇന്ന് ജോൺ ഏബ്രഹാം ബോളിവുഡ് ഹീറോ

അന്ന് ചുള്ളിക്കാട് കുഞ്ചന്റെ കസേരയിൽ
ഇന്ന് ചുള്ളിക്കാട് കുഞ്ചന്റെ കസേരയിൽ

Sunday, June 15, 2008

ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുകയാവും

മനുഷ്യര്‍ ജീവിക്കുന്ന ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ടാവും. അറേബ്യന്‍ ഗ്രഹത്തില്‍ ജീവിതപര്യവേഷണത്തിന് പോയിരിക്കുന്ന ഏതൊരു ഏഷ്യന്‍ ബഹിരാകാശ സഞ്ചാരിയെയും പോലെ എനിക്കും ഇപ്പോള്‍ ആ മഴ മനസ്സുകൊണ്ട് കൊണ്ട് കാല്‍പ്പനി പിടിച്ച് കിടക്കാന്‍ കൊതിയുണ്ട്.

അരുത്, മഴയെപ്പറ്റി ഒരിക്കലും കാല്‍പ്പനികനാകരുത് എന്ന് തീരുമാനിച്ചിട്ടുള്ളതാണ്. പട്ടിണി കിടന്നിട്ടില്ലെങ്കിലും റേഷനരിച്ചോറുണ്ട് വളര്‍ന്ന സവര്‍ണബാല്യത്തില്‍ത്തന്നെ തലച്ചോററിയാതെ എടുത്തിട്ടുള്ളതാണ് ആ തീരുമാനം. [ആ തീരുമാനത്തിന് അന്നനുഭവിച്ചിട്ടുള്ള വ്യാജവും നിര്‍മിതവുമായ മിഡ് ല്‍ ക്ലാസ് സ്നേഹപ്പട്ടിണിയുമായി ബന്ധമൊന്നുമില്ല]. നിങ്ങളുടെ രാഷ്ട്രീയം നിങ്ങളുടെ തലച്ചോറിന്റെ തീരുമാനവുമല്ല.

അമ്മയും അച്ഛനും സര്‍ക്കാരുദ്യോഗസ്ഥരായിരുന്നു. അതുപോലെ തന്നെയായിരുന്നു അന്നത്തെ ഭൂരിപക്ഷം സ്കൂള്‍കൂട്ടുകാരുടേയും സ്ഥിതി - മിക്കവാറും എല്ലാവരും മിഡ്ല്‍ ക്ലാസ്. എങ്കിലും ആ 'മിക്കവാറു'മിന് പുറത്ത് ഒരു വലിയ ലോകമുണ്ടെന്ന് അന്നേ അറിഞ്ഞിരുന്നു. ഇടവത്തിലും കര്‍ക്കടകത്തിലും തുലാത്തിലുമെല്ലാം മഴ മുറുകുമ്പോള്‍ തുരുത്തുകളില്‍ നിന്ന് വന്നിരുന്ന കുട്ടികള്‍ ദിവസങ്ങളോളം ആബ്സെന്റായിരിക്കും. ചെറിയ പഴമ്പിള്ളിത്തുരുത്തുകാര്‍ക്ക് കടക്കാനുണ്ടായിരുന്ന ചെറിയ കടത്തില്‍പ്പോലും വഞ്ചി ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ വലിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കാര്യം പറയാനുണ്ടോ?

പാലിയം കടവ് എന്നറിയപ്പെടുന്ന ചെറിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കടവിലെ പുഴ, കെട്ടിയവന്റെ വീട്ടിലേയ്ക്ക് പെരിയാറിന് കൂട്ടുപോകുന്ന മെലിഞ്ഞ ഏഴാംക്ലാസുകാരി കസിനാണെങ്കില്‍, വലിയ പഴമ്പിള്ളിത്തുരുത്തിനും കരിപ്പായിക്കടവിനുമിടയില്‍ സാക്ഷാല്‍ പെരിയാറാണ്. [വലിയ പഴമ്പിള്ളിത്തുരുത്ത് - വിപി തുരുത്ത് - ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു. പെരിയാര്‍ കടലില്‍ ചേരുന്നതിന് വളരെയൊന്നും മുമ്പല്ലാതെയാണ് പെരിയാറിനെ രണ്ടാക്കിക്കൊണ്ടുള്ള വിപി തുരുത്തിന്റെ കിടപ്പ്]


ചമ്രവട്ടത്തേയ്ക്ക് കെട്ടിച്ചിരിക്കുന്ന ചേച്ചി, വയസ്സായ വിധവയേപ്പോലെ ഉണങ്ങുന്ന മേടത്തിലും, എത്രയോ കാലം കൂടി കാമഭ്രാന്തനായ കെട്ടിയവനെ കാണാന്‍ പോകുന്ന കാമഭ്രാന്തിയായ കെട്ടിയോളുടെ അപകടകരമായ പുളപ്പിനെ പുറംശാന്തത കൊണ്ട് മറയ്ക്കുന്നവളാണ് പെരിയാര്‍. എങ്കില്‍ ആറാന ചത്ത് ഒഴുകിപ്പോയാല്‍ മാത്രം ആഘോഷിച്ചിരുന്ന തോറാനപ്പെരുന്നാളിന്, തിരുവാതിര ഞാറ്റുവേലയ്ക്ക്, അവളുടെ കണ്ണില്‍ നോക്കാനോ കമന്റടിയ്ക്കാനോ അവള്‍ക്ക് കുറുകെ കടത്തുവഞ്ചി കുത്താനോ ധൈര്യമുള്ള ആണുങ്ങളുണ്ടോ? [കടത്തുവഞ്ചി 'തുഴയുകയോ? ച്ഛായ്, അത് മറ്റേ നിളയിലോ വല്ല പേട്ട കായലിലോ.

പൈങ്കിളിപ്പാട്ടുകാരാ, പെരിയാറിനെ വിട്ടുപിടി.]

എങ്കിലും തുരുത്തുകാരിലേറെയും ചെത്തുകാരുടെ മക്കളായിരുന്നു. അതുകൊണ്ട് അവരുടെ മഴക്കാല വറുതി ഏതാനും ആബ്സെന്റുകളില്‍ ഒതുങ്ങി. അതായിരുന്നില്ല ദിവസക്കൂലിപ്പണിക്കാരുടെ മക്കളുടെ സ്ഥിതി. കല്‍പ്പണിക്കാരുടെ മക്കള്‍, ആശാരിമാരുടെ മക്കള്‍, വാലമ്മാരുടെ മക്കള്‍ [അരയന്മാര്‍ കടലില്‍ മീന്‍പിടിക്കുന്നവരാണെങ്കില്‍ കായലിലും പുഴയിലും മീന്‍പിടിക്കുന്നവരാണ് വാലന്മാര്‍ എന്നാണ് അന്നും ഇന്നും ധരിച്ചുവെച്ചിരിക്കുന്നത്], ചുമട്ടുകാരുടെ മക്കള്‍, തലച്ചുമടായി സാധനങ്ങള്‍ വിറ്റു നടന്നിരുന്നവരുടെ മക്കള്‍ [ചെറുനാരങ്ങേയ്... എന്ന് ഒരീണത്തില്‍ നീട്ടിവിളിയ്ക്കുന്ന ഹമീദ്, ഡഡ്ഡി നിക്കറ് ഡഡ്ഡി നിക്കറ് എന്ന് നിര്‍ത്താതെ പാടിക്കൊണ്ടുപോകുന്ന പൊക്കം കുറഞ്ഞ ആ തടിയന്‍...], ചെറുകിട പീടികനടത്തിപ്പുകാരുടെ മക്കള്‍, കണ്ണി കിളയ്ക്കല്‍ വേലി കെട്ടല്‍ കൊളം വെട്ടല്‍ പുല്ലു പറിയ്ക്കല്‍ തുടങ്ങിയ പൊറമ്പണികള്‍ ചെയ്യുന്നവരുടെ മക്കള്‍... മഴക്കാലം അവരുടെയെല്ലാം വയറ്റത്തടിയ്ക്കുന്നത് ഓരോ തവണയും കണ്ടു. പിന്നീട് വരുന്ന ഒരു സീസണിനും കരകയറ്റാനാകാത്ത ആഴങ്ങളിലേയ്ക്ക് ഓരോ പേമാരിയും അവരെ കൊണ്ടുപോയി. ['പില്‍ക്കാലം' അവരില്‍ പലരെയും രക്ഷപ്പെടുത്തി. എങ്കിലും ഇറ്റുകഞ്ഞിത്തെളി കിട്ടാതെ വയറ്റിലെച്ചോരഞരമ്പ് പുകഞ്ഞ് അവര്‍ താണ്ടിയ കഷ്ടകാണ്ഠത്തിന്‍ കടുംകറ, ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച് പകരുന്ന ശീതതീക്ഷ്ണമാം പെഗ്ഗുകള്‍ക്ക് മായ്ക്കാന്‍ കഴിയുമോ? പണക്കാരായാലും 'മുജ്ജന്മജീവിതം' ഏല്‍പ്പിച്ച കോമ്പ്ലക്സുകള്‍ മറ്റുള്ളവര്‍ക്ക് അളന്നും അളക്കാതെയും കൊടുത്ത് അവരില്‍ ചിലരെങ്കിലും ഇരകളായി തുടരുന്നു].

പിന്നീട് എറണാകുളം നഗരവാസിയായപ്പോഴും മഴയോട് കാല്‍പ്പനികത തോന്നിയില്ല. ദിവസക്കൂലിയ്ക്കായി കടലില്‍ പോകുന്നവരോട് ജോഗ്രഫിക്കലായി കൂടുതല്‍ അടുത്തതുകൊണ്ടാവാം, മാര്‍ക്കറ്റിലെ ചുമട്ടുകാരെയും ചെറുകിട കച്ചവടക്കാരെയും ഓട്ടോറിക്ഷ ഓടിയ്ക്കുന്ന അടുത്ത വീട്ടിലെ ചിന്നമ്മച്ചേച്ചിയേയും കണ്ടതുകൊണ്ടാവാം, നനഞ്ഞൊലിയ്ക്കുന്ന ചെറിയ ചേരിക്കുടിലുകള്‍ എറണാകുളത്തും കണ്ടതുകൊണ്ടാകാം [അലക്കിയിട്ട തുണികള്‍ ഉണങ്ങാത്തതുകൊണ്ടല്ല]... മഴക്കാലത്തു മാത്രം മനസ്സ് കമ്മ്യൂണിസ്റ്റായത്. [കറന്റുപോകുമ്പോള്‍ മാത്രം വിയര്‍ക്കുന്നവരെപ്പറ്റി എന്തുപറയാനാണ്? അതുപോലെ മഴക്കാലത്തു മാത്രം, അതും മനസ്സുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റാകുന്നവരെപ്പറ്റി എന്തു പറഞ്ഞിട്ടെന്തിനാണ്?]

അതുകൊണ്ട് മഴക്കവിതകള്‍ വായിക്കാതെ തള്ളി. എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന മഴഫീച്ചറുകള്‍ എന്നും ഓക്കാനമുണ്ടാക്കി. മഴയെ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ മിടുക്കിനോട് ഒരു പിണ്ണാക്കും തോന്നിയില്ല. മഴപ്പുസ്തകം കണ്ടപ്പോള്‍ ചുണ്ടു കോട്ടി.

ഏങ്കിലും ഭൂമിയില്‍ ഇപ്പോള്‍ മഴക്കാലമായിരിക്കുമെന്നോര്‍ക്കുമ്പോള്‍ മഴയെ ഓര്‍ത്ത് ഇതാദ്യമായി കാല്‍പ്പനികനാകാന്‍ തോന്നുന്നു. അതോ ഉള്ളില്‍ ചാകാതെ കിടന്നിരുന്ന കപട പെറ്റിബൂര്‍ഷ്വാ തലയുയര്‍ത്തുന്നതോ?

ദുബായിലെ [ഓര്‍ക്കുന്നു - ദില്ലിയിലേയും] ജൂണ്‍ ജൂലായ്കള്‍ ചുട്ട് പൊരിയുമ്പോളാണ് കേരളം നനയുന്നത് എന്നതായിരിക്കണം ഇപ്പോളത്തെ ഈ ഇടയിളക്കത്തിന്റെ ഒരു കാരണം.

മറ്റൊന്ന് നൊമാദിന്റെ ‘ഒരുമിച്ച് നനയുമ്പോഴും തനിയെ’ എന്ന ഉള്ള് തൊടുന്ന കവിതയാണ്. അത് വായിക്കാന്‍ നൊമാദിന്റെ ബ്ലോഗില്‍ ചെല്ലുമ്പോള്‍ അവിടെ ഇടിവെട്ടിപ്പെയ്യുന്ന ഇടവപ്പാതിയേയും കേള്‍ക്കാം. ടെക്നോളജിയുടെ കാലത്തെ കാവ്യസ്വാദനത്തിന്റെ സാധ്യതകള്‍ ആര്‍ക്ക് പ്രവചിക്കാന്‍ കഴിയുമായിരുന്നു? ഒരു ഗിമ്മിക്കായി തോന്നാത്ത വിധവും അത് മാത്രമായി ഡോണ്‍ലോഡ് ചെയ്ത്, വോള്യം കൂട്ടിയിട്ട്, പുതപ്പില്‍ ചുരുണ്ടുകിടക്കാന്‍ തോന്നുംവിധവും ആ മഴ അത്രമേല്‍ സ്വാഭാവികം. [നൊമാദിന്റെ കവിതകള്‍ക്കൊന്നിനും ഇത്തരം താങ്ങുകളുടെ ആവശ്യമില്ലെന്നത് വേറെ കാര്യം].

തീര്‍ന്നില്ല. നൊമാദിന്റെ കവിത, സമാനഭാവങ്ങള്‍ എവിടെയൊക്കെയോ പങ്കുവെയ്ക്കുന്ന ഗണ്‍സ് ആന്‍ഡ് റോസസിന്റെ പ്രസിദ്ധമായ നവംബര്‍ റെയിന്‍ എന്ന കിടിലന്‍ ഗാനത്തെയും ഓര്‍മിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍, എംടീവി ഇന്ത്യയില്‍ വന്ന കാലത്ത് കണ്ട അതിന്റെ ഗംഭീര വിഡിയോയും മറക്കുവതെങ്ങനെ? ഇതാ ലിങ്ക് - ഒരു കൊല്ലം മുമ്പ് മാത്രം അപ്.ലോഡ് ചെയ്തിരിക്കുന്ന ഈ വിഡിയോ ലിങ്ക് 1.6 കോടി തവണ ആളുകള്‍ കണ്ടുകഴിഞ്ഞു! ലിറിക്സ് ഇവിടെ.

എന്തായാലും മഴയുടെ അകാല്‍പ്പനികതയിലേയ്ക്ക് തിരിച്ച് എറിയപ്പെടാതെ വയ്യ. വൃഷണത്തിന് കുത്തിപ്പിടിയ്ക്കുന്ന തമിഴ് ദളിത് കവിതയുമായി അത് ചെയ്യുന്നത് ആതവന്‍ ദീക്ഷണ്യ. [തമിഴ് ദളിത് കവിതകളുടെ ഈ പരിഭാഷാഭാഗം എടുത്തുചേര്‍ക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന്. പരിഭാഷകര്‍ എന്‍. ഡി. രാജ് കുമാറും എന്റെ പഴയ ചങ്ങാതിമാരിലൊരാള്‍ കൂടിയായ കെ. എന്‍. ഷാജിയും]


“താമസിക്കാന്‍ വീടും തിന്നാന്‍ ചോറുമുണ്ടെങ്കില്‍
സൌകര്യമായിരുന്ന് എഴുതാം ഇല്ലേടാ # * @ ?
ഒന്നോര്‍ത്തോ -
മഴയെപ്പോഴും ജനാലയ്ക്കു പുറത്താണ് നിനക്ക്
ഞങ്ങള്‍ക്കത്
സ്വന്തം വയറ്റിപ്പിഴപ്പിനു മീതെയും!”

Saturday, May 10, 2008

മരിക്കുന്നതിനു മുമ്പ് വായിക്കേണ്ട 1001 പുസ്തകങ്ങള്‍

അധികം വായിക്കുന്തോറും ബുദ്ധി കുറയുമെന്നെഴുതിക്കൊണ്ടാണ് എം. കൃഷ്ണന്‍ നായര്‍ ഒരു സാഹിത്യവാരഫലം അവസാനിപ്പിച്ചതെന്നോര്‍ക്കുന്നു. അങ്ങേരുടെ കാര്യത്തില്‍ അത് തീര്‍ത്തും ശരിയായിരുന്നു. അതുകൊണ്ടല്ലേ ഒന്നാന്തരം കവിയായിരുന്ന വൈലോപ്പിള്ളിയെ അങ്ങേര്‍ക്ക് കണ്ണില്‍പ്പിടിയ്ക്കാതിരുന്നത്? എനിക്കറിയാവുന്ന മറ്റ് രണ്ട് വമ്പന്‍ വായനക്കാര്‍ - അവരുടേയും ബുദ്ധി കുറഞ്ഞുവന്നുകൊണ്ടിരുന്നതായാണ് അനുഭവം. രണ്ടുപേരും എഴുതിയിട്ടുള്ള ഒരു വാചകമ്പോലും വായിക്കാന്‍ കൊള്ളില്ലായിരുന്നു. ഇത് ശാസ്ത്രീയമാകാന്‍ കാര്യമുണ്ട്. ബുദ്ധിയും ബുദ്ധിയുടെ പ്രകാശനവും ചിന്തയുമായും ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവന്റെ എഴുത്തുകള്‍ മാത്രം ഫുള്‍ടൈം വായിച്ചുകൊണ്ടിരിക്കുന്നവന് എവിടെ സ്വന്തമായി ചിന്തിക്കാന്‍ നേരം?

വായന ചില പെഡാന്റിക്കുകള്‍ക്ക് രോഗമായിത്തീരുന്നു. ഓരോ സാഹിത്യവാരഫലവും വായിച്ച് അതിലെ പാശ്ചാത്യപ്പുസ്തകപ്പേരുകളുടെ ലിസ്റ്റുണ്ടാക്കി തൃശ്രൂ‍ര്‍ കറന്റ് ബുക്സിലേയ്ക്ക് ആഴ്ച തോറും വണ്ടി കയറിയിരുന്ന ഒരു ബന്ധുവുണ്ട്. അവര്‍ വാങ്ങി മുഴുവന്‍ തേങ്ങ പോലെ കൊണ്ടുനടന്നിരുന്ന George Perec-ന്റെ ലൈഫ് എ യൂസേഴ്സ് മാനുവലിനെപ്പറ്റിയുള്ള പി. കെ. രാജശേഖരന്റെ ലേഖനം കഴിഞ്ഞയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.

ഇത്രയുമൊക്കെ മുന്നറിയിപ്പ് തന്നിട്ടാണ് മരിക്കുന്നതിന് മുമ്പ് വായിക്കേണ്ട ആയിരത്തൊന്ന് കിത്താബുകളുടെ ലിസ്റ്റ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. നാളെ പറഞ്ഞില്ലെന്ന് പറയരുതല്ലൊ. ലിസ്റ്റുകളെ എന്നും എനിക്കിഷ്ടമായിരുന്നു. അതുകൊണ്ടാണ് പോപ്പുലര്‍ നോവലിസ്റ്റ് ഇര്‍വിങ് വാലസ് സഹരചന നടത്തിയ ബുക്ക് ഓഫ് ലിസ്റ്റ്സ് എന്ന പുസ്തകം വാങ്ങി ഫിലോസഫി മാത്രം വായിക്കുന്ന ഒരു പ്രൊഫസര്‍ക്ക് സമ്മാനിച്ച് അങ്ങേരുടെ തെറി കേട്ടത്.

ഇതൊരു പാശ്ചാത്യലിസ്റ്റാണ്. പാശ്ചാത്യമായ എല്ലാ ലിസ്റ്റുകളെയും പോലെ ഒരു ഒറ്റക്കണ്ണന്‍ ലിസ്റ്റ്. ഗാന്ധിജിക്ക് സമാധാനത്തിനും കസാന്ദ്സാകിസിനും ടോള്‍സ്റ്റോയ്ക്കും ഇതുവരെ കുന്ദേരയ്ക്കും എഴുത്തിനും കൊടുക്കാതെ കിസിംഗര്‍ക്ക് സമാധാനത്തിനും ഗോള്‍ഡിംഗിന് എഴുത്തിനും കൊടുത്തിട്ടുള്ള വെടിമരുന്ന് മണക്കുന്ന സമ്മാനം പോലൊരു ലിസ്റ്റ്. അതുകൊണ്ട് ധാരാളം ഇന്ദുപ്പ് ചേര്‍ത്ത് മാത്രം ഇതാസ്വദിക്കുക.


ലിസ്റ്റ് ഇവിടെ.

Saturday, February 23, 2008

പെരിങ്ങോടന് എന്തുപറ്റി?


ബ്ലോഗിംഗിന് ഈയിടെ പത്തു വയസ്സായെന്ന് ബീബീസിയുടെ സൈറ്റില്‍ വായിച്ച കഥ പറഞ്ഞല്ലൊ. ആദ്യമലയാളം ബ്ലോഗിന് 7 വയസ്സായിട്ടുണ്ടാകുമോ? അതാരുടേതാണെന്നൊരു ചര്‍ച്ച കുറേ മുമ്പ് വായിച്ചിരുന്നു. അതൊക്കെയെന്തായാലും മലയാളം ബ്ലോഗിംഗിന്റെ എഴുത്തച്ഛന്‍ എന്ന് എനിക്ക് വിളിക്കാന്‍ തോന്നിയത് പെരിങ്ങോടനെയാണ്. (കുഞ്ചന്നമ്പ്യാര്‍, പൊറ്റെക്കാട് എന്നിവരൊക്കെ ആരാണെന്നാലോചിച്ച് തല പുകയ്ക്കേണ്ട - 'എഴുത്ത'ച്ഛന്‍ എന്ന ടെക്നിക്കല്‍ പിതൃത്വത്തിലാണ് എന്റെ ഊന്നല്‍).

[ഓഫ്: ലൈംഗികബന്ധം നടത്തിയാല്‍ മക്കളെയുണ്ടാക്കാമെന്ന് ആരും കണ്ടുപിടിച്ചതായിരിക്കില്ല. ആദിമമനുഷ്യന് അത് ആഹ്ലാദത്തിന്റെ ഉപോത്പ്പന്നമായിരിക്കണം. ആ ആഹ്ലാദം ഇല്ലായിരുന്നില്ലെങ്കില്‍ ജനസംഖ്യ കുറയുമായിരുന്നോ? അതുകൊണ്ട് ടെക്നിക്കലി നോക്കുമ്പോള്‍ ലൈംഗികതയുടെ പിതാവ് എന്നൊരു ടെക്നിക്കല്‍ പിതൃത്വം കല്‍പ്പിയ്ക്കലിന് സ്കോപ്പില്ല. ടോപിക് എന്തായാലും അക്കാര്യം മറന്നൊരു കളിയില്ലല്ലൊ].

ഞാനിത് കീയിന്‍ ചെയ്യുന്നത് പെരിങ്ങ്സ് ഡെവലപ് ചെയ്തെടുത്ത് സൌജന്യമായി ഡൌണ്‍ലോഡാന്‍ വെച്ചിരിക്കുന്ന കീമാനുപയോഗിച്ചാണ്. ബ്ലോഗിലെ ഭൂരിപക്ഷവും അങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. (പാര്‍ട്ട് A. തെറ്റുണ്ടെങ്കില്‍ തിരുത്തുക. ഓരോ ശരിയുത്തരത്തിനും അരമാര്‍ക്ക് വീതം). ഒരഞ്ച് മെഷീനിലെങ്കിലും ഞാനത് കറന്നൊഴിച്ചിട്ടുണ്ടാവും. പെരിങ്ങ്സ് പറയുന്നത് (സ്വകാര്യസംഭാഷണത്തില്‍) അത്തരം ഡൌണ്‍ലോഡുകളുടെ എണ്ണം 50,000 എത്തിയിട്ടുണ്ടാവുമെന്നാണ്. എന്റെ ആവറേജ് വെച്ച് നോക്കിയാല്‍ ഒരു പതിനായിരം പേരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാവും. അതിന്റെ പകുതിയെങ്കിലും സജീവന്മാരായിരിക്കില്ലേ? (വിശാലനടക്കം). പട്ടാമ്പിയ്ക്കടുത്ത പെരിങ്ങോടുകാരന്‍ രാജ് നായര്‍ നീട്ടിയത്ത് തന്നെയല്ലേ മലയാളം ബ്ലോഗിംഗിന്റെ എഴുത്തച്ഛന്‍?

സിബുവിന്റെ വരമൊഴി ആയിരുന്നു പെരിങ്ങോടനുള്‍പ്പെടെ പലരും ആദ്യം ഉപയോഗിച്ചിരുന്നത്. (എഴുത്തച്ഛനും മുമ്പാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ). അതുപോലെ മറ്റൊരു സോഫ്റ്റ്‌വെയര്‍ ഉണ്ടായിരുന്നതിന്റെ സോഴ്സ് ഓപ്പണ്‍ ആയിരുന്നില്ല. അതിന്റെ ഡെവലപ്പറോട് അന്ന് ലിനക്സ് ഉപയോ‍ഗിച്ചിരുന്ന പെരിങ്ങ്സ് അതിന്റെ സോഴ്സ് ചോദിക്കുകയും അദ്ദേഹം മറുപടി കൊടുക്കാതിരിക്കുകയും ചെയ്തപ്പോളാണ് അങ്ങനെ ഒരു സാധനം തനിയെ ഡെവലപ്പ് ചെയ്യണ്ട അവസ്ഥ പെരിങ്ങ്സിനുണ്ടാകുന്നത്. ചില്ലക്ഷരം നേരിട്ട് കാച്ചാമെന്നും വരമൊഴിയുമായി ഏറ്റവും സാദൃശ്യമുണ്ടായിരുന്നതുമാകാം മൊഴി കീമാനെ പോപ്പുലറാക്കിയത്. പിന്നീട് വരമൊഴി പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടതോടെ ആള്‍‌റെഡി ഫേമസ് ആയിരുന്ന വരമൊഴിയുടെ നല്ല പേര് മൊഴി കീമാനും ലഭിച്ചു. നിത്യവും എകദേശം നൂ‍റോളം ആളുകള്‍ മലയാളം എഴുതാന്‍ ഉപയോഗിക്കുന്ന ഈ സൈറ്റിലും പെരിങ്ങ്സിന്റെ കോഡ് തന്നെ, വിക്കിപീഡിയയും മലയാളം എഴുതുന്നത് ഇതേ കോഡ് ഉപയോഗിച്ച്.
(ഇരുപത് കമന്റിന് ശേഷം കീയിന്‍ ചെയ്യുന്നതാണ് ഈ ബ്രാക്കറ്റിനുള്ളിലെ addendum. ഡൌണ്‍ലോഡിംഗിന്റെ കണക്ക് മാത്രമെടുത്താല്‍പ്പോലും - മൊഴി: 45,856 ഡൌണ്‍‌ലോഡുകള്‍, വരമൊഴി: 55,353 ഡൌണ്‍‌ലോഡുകള്‍ - ബ്ലോഗിംഗ് മലയാളത്തിന്റെ എഴുത്തച്ഛന്‍ സിബു തന്നെയാണെന്നാണ് കരുതേണ്ടത്. അതുകൊണ്ട് രാജിന്റെ കോണ്ട്രിബ്യൂഷന്റെ തിളക്കം കുറയുന്നുമില്ല).

ഇങ്ങനെയെല്ലാം സുപരിചിതനായ പെരിങ്ങ്സിന്റെ ബ്ലോഗായിരുന്നല്ലൊ പെരിങ്ങോടന്‍. അത് ഈയിടെ അപ്രത്യക്ഷമായി. അല്ല, എനിക്ക് തെറ്റിയതല്ല, URL അതു തന്നെ. പക്ഷേ പേരു മാറി. രാജിന് അതിന് വ്യക്തമായ കാരണങ്ങളുണ്ട്. എനിക്കാണെങ്കില്‍ അതു തന്ന സന്തോഷങ്ങള്‍ക്ക് വേറെയാണ് കാരണങ്ങള്‍. അതു പങ്കുവെയ്ക്കാനാണ് ഈ പോസ്റ്റ്.

1) രാജ് എന്തൊക്കെ പറഞ്ഞാലും പെരിങ്ങോടന്‍ എന്ന പേര് ഹ്യൂമറസാണ്. പെരിങ്ങോട് എന്നോ പെരിങ്ങോട്ടുകാരന്‍ എന്നോ ആയിരുന്നെങ്കിലും വേണ്ടീലായിരുന്നു. പെരിങ്ങോടന്‍ എന്നാദ്യം കേട്ടപ്പോള്‍ സി. ആര്‍. ഓമനക്കുട്ടന്‍സാറ് എപ്പോഴും പറയാറുണ്ടായിരുന്ന പറങ്ങോടീപരിണയം എന്ന കാവ്യനാമമാണോര്‍ത്തത്. സറ്റയറിന് അതിന്റെ രാഷ്ട്രീയമുണ്ട്. പക്ഷേ മലയാളം ബ്ലോഗിംഗ് എന്നാല്‍ നര്‍മം മാത്രമാണെന്ന ഇമേജ് പുറത്ത് നില‍നില്‍ക്കുന്നതില്‍ കുണ്ഠിതമുള്ളയാളും ശൈലിയിലായാലും കണ്ടെന്റിലായാലും ഗൌരവത്തോടെ എഴുതുന്നയാളുമായ രാജ് എന്തിനാണ് നല്ല എരിവുള്ള തലച്ചോര്‍പ്പിക്കിളിന്റെ കുപ്പിയുടെമേല്‍ ഹാപ്പിജാം എന്ന് സ്റ്റിക്കറൊട്ടിക്കുന്നത്? അതുകൊണ്ട്, ഈ മാറ്റം നന്നായി. (മലയാള ബ്ലോഗിംഗ് അതിവഗൌരവത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്ന കാലത്ത് രാജിന് വീണ്ടും പെരിങ്ങോടനാവാം)

2) പെരിങ്ങോട് എന്ന നാട് രാജിന്റെ തറവാട്ടുവകയാണോ? നീട്ടിയത്ത് എന്ന വീട്ടുമ്പേര് രാജിന്റെ മാത്രം സ്വന്തമാണോ? അതുകൊണ്ട് നീട്ടിയന്‍ എന്നുപോലും ഇടരുതെന്നാണ് എന്റെ അഭിപ്രായം. നിട്ടിയത്തുവീട്ടില്‍ രാജിനേക്കാള്‍ നന്നായി ബ്ലോഗ് ചെയ്യാന്‍ പോകുന്ന ഒരു ചെക്കന്‍ ഇനി ഉണ്ടായിക്കൂടെ? എങ്കിലയാള്‍ പോലും നീട്ടിയന്‍ എന്ന് ബ്ലോഗിന് പേരിടരുത്. തകഴി ശിവശങ്കരപ്പിള്ളയെ നാട്ടുകാര്‍ക്ക് തകഴി എന്നു വിളിക്കാം. അങ്ങേര്‍ക്ക് ഒരു ബ്ലോഗുണ്ടായിരുന്നെങ്കില്‍ പക്ഷേ സ്വയമതിന് തകഴി എന്ന് പേരിടുന്നത് ശരിയല്ല. തകഴിയേക്കാള്‍ വലിയ ഒരു തകഴി തകഴിയില്‍ ഉണ്ടാവില്ലെന്നാരു കണ്ടു? അതുകൊണ്ടാണ് എന്റെ ചങ്ങാതി കുഴൂര്‍ ഡോട്ട് കോം തുടങ്ങി, അത് അങ്ങേരുടെ മാത്രം വിശേഷങ്ങളിലേയ്ക്കൊതുക്കിയപ്പോള്‍ ഞാന്‍ എന്റെ വിയോജിപ്പ് നേരിട്ടറിയിച്ചത്. കവിതയില്‍ കുഴൂര്‍ നാരായണമാരാരേക്കാള്‍ നന്നായി തിമില വായിച്ചാലും വിത്സണങ്ങനെ ചെയ്യരുത്. കുഴൂരും തകഴിയും പെരിങ്ങോടും കുറേയധികം ആളുകളുടേതാണ്.

[ജീ, ഹോട്ട് മെയിലൈഡികള്‍ക്ക് പാലിയത്ത് എന്ന് പേരിട്ടതില്‍ പല നാടുകളിലുമുള്ള പല പല പാലിയത്തുകാരോടും മാപ്പു ചോദിക്കാനും ഈ സന്ദര്‍ഭം വിനിയോഗിക്കട്ടെ. അങ്ങനെയാണെങ്കില്‍ എന്തുപേരിടും, രാജ് എന്നിട്ടാല്‍ വേറെ കാക്കത്തൊള്ളായിരം രാജുമാരുടെ ജനാധിപത്യ അവകാശങ്ങളെ ചോദ്യം ചെയ്യലാവില്ലേ എന്ന് തിരിച്ചുചോദിച്ചാല്‍ ഞാന്‍ കുഴങ്ങി. പെരിങ്ങോട്ടുകാരുടെ എണ്ണത്തേക്കാള്‍ കുറവായിരിക്കുമോ രാജ് എന്ന് പേരുള്ളവരുടെ എണ്ണം? അതിന് സന്തോഷം നമ്പര്‍ 3 വായിക്കുക.]

3) അദ്ദേഹം ജീവിച്ചിരിയ്ക്കെ, സാഹിത്യവാരഫലം കൃഷണന്‍ നായരോട് ഒരു മറുപടി പറയാനൊത്തില്ല. അതുങ്കൂടിയാണിത്. ഒരു വാരഫലം അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: "വായന കൂടിയാല്‍ ബുദ്ധി കുറയും." അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ശരിയായിരുന്നോ? വൈലോപ്പിള്ളി എന്ന വേള്‍ഡ് ക്ലാസ് കവിയോടുണ്ടായിരുന്ന എന്തോ പെഴ്സണല്‍ കെറുവോ മറ്റോ മൂലം അദ്ദേഹത്തിന്റെ കവിതയെ പരിഹസിച്ചിരുന്നതോര്‍ക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ സാറിന് വായന കൂടിയതിന്റെ കുഴപ്പമുണ്ടെന്ന് പണ്ടേ തോന്നിയിരുന്നു. മലയാളി എഴുത്തുകാര്‍ സ്ഥലപ്പേരും വീട്ടുപേരും ജാതിപ്പേരും മറ്റും പേരിനോട് ചേര്‍ത്ത് എഴുതുന്നതിനെ അദ്ദേഹം പലവട്ടം പരിഹസിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ കവി വേഡ്സ്വര്‍ത്ത് അങ്ങേരുടെ പേര്‍ വേഡ്സ്.വര്‍ത്ത് കോക്കര്‍മൌത്ത് എന്നു വെയ്ക്കേണ്ടിയിരുന്നില്ലെ എന്നായിരുന്നു കൃഷ്ണന്‍ നായര്‍ സാറുടെ ചോദ്യം.

ട്ടാവട്ടങ്ങളിലുള്ള ഇംഗ്ലണ്ടിലേയും ഫ്രാന്‍സിലേയുമെല്ലാം എഴുത്തുകാര്‍ക്ക് സെക്കന്‍ഡ് നെയിമുകളിലൂടെത്തന്നെ തങ്ങളുടെ ഐഡന്റിറ്റി വ്യക്തമാക്കാന്‍ കഴിഞ്ഞിരുന്നു. അതാണോ ജനസാന്ദ്രമായ, സെക്കന്റ് നെയിമില്ലാത്ത മലയാളീസിന്റെ കാര്യം. എം. കൃഷണ്‍നായര്‍ തന്നെ രണ്ടുണ്ടായിരുന്നു. അയ്യേയെസ്സ് കവി കെ. ജയകുമാറിന്റെ അച്ഛനും സിനിമാസംവിധായകനുമായിരുന്നു മറ്റെയാള്‍. സിനിമാക്കാരന്‍ അരവിന്ദന്റെ അച്ഛനും ഒരു എം. എന്‍. ഗോവിന്ദന്‍ നായരായിരുന്നു. കോട്ടയത്തുകാരന്‍ വക്കീല്‍, ഹാസ്യസാഹിത്യകാരന്‍. ലക്ഷം വീട് പദ്ധതിയിലൂടെ അനശ്വരനായ സാക്ഷാല്‍ എമ്മെനുമായി തന്റെ ഐഡന്റിറ്റി ക്ലാഷായിരുന്നതിനെപ്പറ്റി അരവിന്ദന്റെ അച്ഛന്‍ എഴുതിയിരുന്ന നര്‍മഭാവന ഓര്‍ക്കുന്നു. എം. ജി. രാധാകൃഷ്ണന്‍ എന്ന പേരോ? സംഗീതസംവിധായകന്‍ ഒന്നാമന്‍, ഇന്ത്യാ ടുഡെ ലേഖകനും ഗോവിന്ദപ്പിള്ളയുടെ മകനുമായ രണ്ടാ‍മന്‍, മാതൃഭൂമിയില്‍ എഴുതുന്ന ബോംബെ കഥാകൃത്ത് മൂന്നാമന്‍.

കേരളീയ ക്രൈസ്തവ ശൈലിയിലുള്ള സെക്കന്റ് നെയിമുകളും ചിലപ്പോള്‍ കാര്യസാധ്യത്തിന് പോരാതെ വരുന്നു. കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ട് എന്നൊരു ചെറുകഥയ്ക്ക് പേരിട്ട ജോണ്‍ ഏബ്രഹാമിന്റെ കഥയെടുക്കുക. ജോണ്‍ ഏബ്രഹാം എന്നാരെങ്കിലും പറഞ്ഞാല്‍ ഇക്കാലത്ത് ഭൂരിപക്ഷവും കരുതും ആ മോഡല്‍-ടേണ്ഡ്-ബോളിവുഡ്-ആക്റ്ററാണെന്ന്. അല്ലെന്നേ, സിനിമാക്കാരന്‍ ജോണ്‍ ഏബ്രഹാം എന്നു പറഞ്ഞാലും നമ്മുടെ ജോണിനെ ഫ്രെയിമില്‍ കിട്ടുമോ? (ഇന്ത്യാ ടുഡേ ലേഖകനായ എം. ജി. രാധാകൃഷ്ണന്റെ പ്രൊഫൈലിന് പണ്ട് ഞാനൊരു തലക്കെട്ടിട്ടു - തിരുവനന്തപുരത്ത് എത്ര എം. ജി. രാധാകൃഷ്ണന്മാര്‍ ഉണ്ട്?)

പറഞ്ഞുവരുന്നത് ഇതാണ് - കൃഷ്ണന്‍ നായര്‍ സാറിനു തെറ്റി. ജനസംഖ്യാബാഹുല്യവും അതിനാല്‍ത്തന്നെ പ്രശസ്തരുടെ എണ്ണത്തിലും ബാഹുല്യവുമുള്ള കേരളത്തില്‍ ആളെ തിരിച്ചറിയാന്‍ രണ്ട് ഇനിഷ്യലും അപ്പന്റെ പേരും പലപ്പോഴും പോരാതെ വരും. പേരിനോടൊപ്പം തിരിച്ചറിയാന്‍ സ്ഥലപ്പേരോ വീട്ടുപേരോ ഉപജാതിപ്പേരോ കൊടുക്കുന്നതായിരിക്കും പ്രായോഗികബുദ്ധി. (ഓരോരുത്തര്‍ക്കും നെറ്റിയില്‍ ഓരോ ബാര്‍കോഡ് വരുന്ന കാലം അതാ ആ വളവു കഴിഞ്ഞോ ഇല്ലയോ എന്നാരു കണ്ടു. ഐഡിയാ ഫോണിന്റെ പരസ്യത്തില്‍ പറയുമ്പോലെ ഓരോ മനുഷ്യനും ഓരോ യുനീക് നമ്പര്‍ മാത്രമാകുമോ - എന്റമ്മോ!)

പെരിങ്ങോടന്‍ പേരു മാറ്റിയത് പറഞ്ഞതില്‍പ്പിടിച്ച് എവിടെയെല്ലാമെത്തി. എബൌട്ട് മിയിലും രാജ് എഴുത്തുമാറ്റിയിരിക്കുന്നു: A blogger who believes blog sociality is all about interaction between blogs, not bloggers. This blog got its own life, its not my life anyway.

മറ്റൊരു ബ്ലോഗേഴ്സ് മീറ്റിന്റെ മേളപ്പദം കേള്‍ക്കാകുമ്പോള്‍ ഈ ചര്‍ച്ചയും പ്രസക്തം. വ്യക്തിപരമായി ഒരു ബ്ലോഗര്‍ എന്ന് അറിയപ്പെടുന്നതിനേക്കാള്‍ എനിക്കൊരു ബ്ലോഗുണ്ട് എന്ന് അറിയിക്കാനാണ് എനിക്കും താല്‍പ്പര്യം തോന്നുന്നത്.

ടെക്നിക്കലി രോമനും രാഷ്ട്രീയമായി പ്രതിലോമനുമായ എനിയ്ക്ക് ക്ഷമ കൈവിടാതെ സംശയങ്ങള്‍ പറഞ്ഞുതരുന്ന, പ്രായം കൊണ്ട് അനിയനും അഭിപ്രായം കൊണ്ട് ചേട്ടനുമായ, മറുമൊഴികള്‍ എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു എന്ന് ലേഖനമെഴുതിയതിന് 'ഓ, അവന്‍ പണമുണ്ടാക്കാനുള്ള മറ്റേതൊ വിദ്യ ഉണ്ടാക്കാനാ' എന്ന് പഴി കേട്ട, ഒരു പൈസ പോലും ഉണ്ടാക്കാതെ ഒരു മലയാളം കീയിംഗിന്‍ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ വെച്ചിരിക്കുന്ന, അമിതവിനയത്തെ അടുപ്പിയ്ക്കാത്ത, രാജ്. ബ്ലോഗിന്റെ പേരു മാറ്റിയതിന് രാജിന് എന്റെ സലാം.

4) ചില വാക്കുകള്‍ ഹൈപ്പര്‍ലിങ്കുകള്‍ പോലെയാണ്. എനിക്ക് ആണ്മ എന്ന വാക്ക് ഒരു ഹൈപ്പര്‍ലിങ്കാണ്. ആ വാക്കിലൂടെ വൈലോപ്പിള്ളിയുടെ കുടിയൊഴിയ്ക്കല്‍ ഒഴുകിവരും:

ആണ്മ തേടിന മുണ്ടകന്‍ പാടത്താണ്മെരുവിനാല്‍ വാസനിക്കുമ്പോള്‍
വേനലിന്‍ മധുവാല്‍ ഹൃദയത്തിന്‍ തേനടകള്‍ നിറഞ്ഞുവിങ്ങുമ്പോള്‍
അന്നു കണ്ടു ഞാന്‍ ശ്യാമമാം ഗ്രാമമണ്ണു പെറ്റൊരപ്പെണ്‍കൊടിയാളെ.
പുന്നപൈനുകള്‍ പൂവിട്ട താരാച്ഛന്നമാകുമിടവഴിയൂടേ
ആടിനേകാന്‍ പടര്‍ന്ന പാല്‍ വള്ളി തേടി വൈലിതള്‍ ചൂടി നടക്കേ
കുങ്കുമപ്പൂവറുക്കുവാന്‍ താന്‍ താനെന്‍ കരളില്‍ കയറി നിന്നോളേ
ഞാനരുളിയോരാദ്യ സമ്മാനം മാനവാ‍യ്പ്പാല്‍ തിരസ്കരിച്ചാലും
പാതമണ്ണില്‍ തിരിച്ചറിഞ്ഞെന്റെ പാദമുദ്രയെപ്പാര്‍ത്തു നിന്നോളേ...

അതോര്‍മിപ്പിയ്ക്കുന്നതിനും നന്ദി രാജ്. നിനക്ക് നല്ലതു വരട്ടെ.

Saturday, February 9, 2008

തിമിംഗലവേട്ടക്കാരന്‍ ചീഞ്ഞകക്ക വാരുന്നു


എഴുപതുകളിലെ സിനിമാപ്പാട്ടുകളായിരുന്നു ജീവിതത്തിലെ ആദ്യസന്തോഷങ്ങളിലൊന്ന്. അവ കേള്‍പ്പിച്ചു തന്ന കെല്‍ട്രോണിന്റെ ആ പഴയ ട്രാന്‍സിസ്റ്റര്‍ റേഡിയോ, കെല്‍ട്രോണിനെപ്പോലെ തന്നെ വിസ്മൃതമായി (ഇലക്ട്രോണിക്സ് എന്ന വാക്കു തന്നെ പ്രചാരത്തിലാവും മുമ്പേ അങ്ങനെയൊരു സംരംഭത്തിന് കേരളത്തില്‍ തുടക്കമിട്ട ടി. വി. തോമസിന്റെയും കെ. പി. പി. നമ്പ്യാരുടെയും ജീനിയസ്സിനും ദീര്‍ഘദര്‍ശനത്തിനും പ്രണാമം. അങ്ങനെയൊരു ആധുനികത ഏറ്റുവാങ്ങാന്‍ അന്നും ഇന്നും പക്വതയോ കെല്‍പ്പോ ഇല്ലാത്ത മലയാളനാടേ, നിനക്ക് ഹാ, കഷ്ടം!)

റേഡിയോയും അതുണ്ടാക്കിയ കമ്പനിയും അത് കേട്ട കാലവും അത് കേട്ട് വികാരം കൊണ്ട മനസ്സും മാറിപ്പോയി. ഭാഗ്യം, പാട്ടുകളില്‍ ചിലത് എല്ലാത്തിനെയും അതിജീവിക്കുന്നു. ആയതിനാല്‍ വലുതാകുമ്പോള്‍ (ഇനിയും വലുതായിട്ടില്ല കെട്ടൊ, വയസ്സ് നാല്‍പ്പത്തൊന്നേ ആയിട്ടുള്ളു. അതുകൊണ്ട് കഴിഞ്ഞൊരു പോസ്റ്റിന് കിട്ടിയ 'ഭാവിയുണ്ട് മകനേ' എന്ന കമന്റ് സീരിയസ്സായി എടുക്കുന്നു) ആയതിനാല്‍ വലുതാകുമ്പോള്‍ ആരാകണമെന്ന് ചോദിച്ചാല്‍ ഇപ്പോഴും പറയും ഒരു സിനിമാപ്പാട്ടെഴുത്തുകാരനാകണമെന്ന്. വയലാറും ഭാസ്ക്കരനും ഓയെന്‍.വിയും ശ്രീകുമാരന്‍തമ്പിയും ദേവരാജനും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും എംബീയെസ്സും കെ. രാഘവനും അര്‍ജുനനും യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയുമെ‍ല്ലാം ഒത്തുപിടിച്ചിട്ടാണ് കൌമാരം കടന്നുകിട്ടിയത്. വര്‍ഷങ്ങള്‍ നീണ്ട ഒരു കര്‍ക്കടകം.

വലിയ സംഗീതരാജാവായ ഇളയരാജ ആദ്യമായി മലയാളഗാനങ്ങള്‍ക്ക് ഈണമിട്ടത് 'ദൂരം അരികെ' എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നുവെന്നാണോര്‍മ. അതിന്റെ റെക്കോഡിംഗിനിടെ ആദ്യമായി കണ്ടപ്പോള്‍ രാജ തന്റെ കാലു തൊട്ടു വന്ദിച്ചതിനെപ്പറ്റി ഓയെന്‍.വി എഴുതിയിരുന്നു. പിന്നീട് വളരെക്കാലം കഴിഞ്ഞ്, എന്തിന്റെ പേരിലാണെന്നറിയില്ല, നമ്മുടെ എക്കാലത്തെയും വലിയ കവികളിലൊരാളായ ബാലചന്ദ്രന്‍ ചുള്ളിക്കാട് സിനിമാപ്പാട്ടുകളുടെ പേരില്‍ ഓയെന്‍.വിയെ പരിഹസിച്ചതു വായിച്ചപ്പോള്‍ ഓയെന്‍.വിയുടെ ദൂരത്തുള്ള ഓര്‍മകള്‍ വീണ്ടും അരികില്‍ വന്നു. അന്തരശ്രു സരസ്സിലെ കക്ക വാരലല്ല, സംസാരസാഗരത്തിലെ തിമിംഗലവേട്ടയാണ് കാവ്യോപാസന എന്നായിരുന്നു ബാലചന്ദ്രന്റെ കൊള്ളിവാക്കുകള്‍.

എബ്രഹാം & ലിങ്കണ്‍ എന്ന സിനിമയ്ക്കു വേണ്ടി അടുത്തകാ‍ലത്ത് ചുള്ളി എഴുതിയ ഒരു പാട്ടുകേട്ടപ്പോളോ - ആ കൊള്ളിവാക്കുകളിലെ കനലെല്ലാം കെട്ട് അവ വെറും കൊതിക്കെറുവിന്റെ കരിക്കട്ടകളായി. 'നിന്റെ കാണാത്ത മാമ്പഴങ്ങള്‍ കാന്താരീ ഞാനൊന്നു കണ്ടോട്ടെ' എന്നിങ്ങനെ അതീവദയനീയമായാണ് അതിലെ ഒരു വരിയുടെ വരിയുടഞ്ഞ പോക്ക്. പിന്മുറക്കാരായ ബീയാര്‍ പ്രസാ‍ദും ശരത്ചന്ദ്രവര്‍മയും പഠിച്ച ഗുട്ടന്‍സ് പോലും കമിഴ്ന്നടിച്ചു വീഴുമ്പോള്‍ ബാലചന്ദ്രന് സ്വപ്നം കാണാന്‍ പറ്റുന്നില്ല.

മലയാളത്തിലെ അവസാനത്തെ ലക്ഷണമൊത്ത കവിയായ ചുള്ളി എത്രയോ കാലമായി ഇങ്ങനെ സിനിമാപ്പാട്ടെഴുതാനും സിനിമയിലഭിനയിക്കാനും ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഒടുവില്‍ കാണുമ്പോള്‍ സുരേഷ് ഗോപിയുടെ ചിന്താമണിയിലും മമ്മൂട്ടിയുടെ രാപ്പകലിലും പിഷാരടിമാഷായി അദ്ദേഹം പഴത്തൊലി ചവിട്ടുന്നു.

ട്യൂണിനൊപ്പിച്ച്, തീമിനൊപ്പിച്ച് എഴുതുമ്പോളുള്ള കുറവുകള്‍ എന്ന് പറയല്ലേ. അതല്ലേ ഈ കളിയുടെ ഒന്നാം നിയമം? ഉദരനിമിത്തം എന്നു പറഞ്ഞിട്ടും കാര്യമില്ല. അത്രയ്ക്ക് വലുതാണോ കാവ്യോദരം? [പിഷാരടി സമാജക്കാര്‍ ഇതു വായിച്ച് തല്ലാന്‍ വരല്ലേ എന്നും ഒരപേക്ഷ. ചെറുകാടിനെപ്പോലുള്ളവരെയൊക്കെ അറിയാതെയോ അവഗണിച്ചോ, ഇന്നസെന്റ് മുതല്‍ ഇപ്പോള്‍ ചുള്ളി വരെയുള്ളവരെ അങ്ങനെയൊക്കെ പേരിട്ട് ഇറക്കുന്ന രഞ്ജി പണിക്കരോടോ രഞ്ജിത്തിനോടോ വേണം ചോ/ഭേ-ദ്യം].

ചുരുക്കിപ്പറഞ്ഞാല്‍ ഗാനരചന വേറെ ബോളു കൊണ്ടുള്ള കളിയാണ്. പരിഹസിക്കാന്‍ മാത്രം അത് മോശവുമല്ല. പൊന്നരിവാളമ്പിളിയില് എന്ന ഒറ്റപ്പാട്ടുമതി ചുണ്ടുകളിലും ചരിത്രത്തിലും ഓയെന്‍.വിയുടെ പേര് അനശ്വരമാക്കാന്‍. അതേസമയം കവിതയുടെ കാര്യം പറയുകയാണെങ്കിലോ - ഓയെന്‍.വിക്കവിത അമ്പിളിക്കലപോലെ തന്നെ ഒതുങ്ങി നില്‍ക്കുമ്പോള്‍ ബാലചന്ദ്രന്‍ മലയാളകവിതയുടെ പതിനാലാം രാവായി നിറനിലാവ് പരത്തുന്നു. (അമാവാസി എന്ന കവിത എഴുതിയത് ബാലചന്ദ്രനാണെങ്കിലും ബാലചന്ദ്രന് ശേഷമുള്ള മലയാളകവിതയ്ക്ക് മൊത്തത്തിലാണ് ആ പേര് കൂടുതലിണങ്ങുക). ആ ബാലചന്ദ്രനാണ് പറ്റാത്ത പണിയെടുത്ത് വെറുതെ സ്വയം വഷളാകുന്നത്. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും സിനിമാപ്പാട്ടെഴുതുന്നതും മറ്റും ജീവിക്കാന്‍ വേണ്ടിയാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇവര്‍ക്കൊക്കെ വന്ന് നിരങ്ങാന്‍ പാകത്തിന് അത്ര മോശം ഫീല്‍ഡുകളാണോ ഇതെല്ലാം? അല്ലെന്ന് എത്ര പ്രഗല്‍ഭമതികള്‍ തെളിയിച്ചിരിക്കുന്നു, തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഈതറിന്റെ മണമുള്ള മുറിയില്‍ ഉടലാകെ മലം പുരട്ടി ശവച്ചെണ്ട കൊട്ടുന്ന പോലെ എളുപ്പമല്ല സിനിമാപ്പാട്ടെഴുതാന്‍. സംസാരസാഗരത്തിലെ തിമിംഗലവേട്ട അറിയാവുന്നവര്‍ അത് ചെയ്യുക. അവരെന്തിന് അന്തരശ്രുസരസ്സിലെ കക്ക വാരാന്‍ വരണം, എന്തിന് സ്വര്‍ണമാമ്പഴം എന്ന് വീമ്പിളക്കി പുഴുക്കള്‍ നുളയ്ക്കുന്ന ചീഞ്ഞമാമ്പഴം വില്‍ക്കാന്‍ നടക്കണം?

Friday, November 16, 2007

ആനവാല്‍ മോതിരവും ആനപ്പിണ്ടവും


പി. കുഞ്ഞിരാ‍മന്‍ നായരെ ബാലചന്ദ്രന്‍ ചുള്ളിക്കാട് സവര്‍ണകവി എന്ന് വിളിക്കുന്നതിന് വളരെക്കാലം മുമ്പു തന്നെ ചുള്ളിക്കാടിനുള്ള മറുപടി നല്ല ഒന്നാന്തരം കവിതയില്‍ എഴുതപ്പെട്ടിരുന്നു - ആറ്റൂര്‍ രവിവര്‍മ പി.യെപ്പറ്റി എഴുതിയ മേഘരൂപന്‍ എന്ന കവിതയില്‍.

അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.

കവികളെപ്പറ്റി കവികളെഴുതുന്ന കവിതകളുടെ കൂട്ടത്തിലെ ഏറ്റവും മനോഹരമായ കവിതകളിലൊന്നാണ് മേഘരൂപന്‍. ഇടശ്ശേരിയെപ്പറ്റി സച്ചിയുടേയും എം. ഗോവിന്ദന്റേയും കവിതകളുണ്ട്; എന്നാലും വിഷ്ണുനാരായണന്റെ ‘ഇടശ്ശേരിയുടെ ഓര്‍മ’യാണ് തകര്‍പ്പന്‍. വൈലോപ്പിള്ളിയെപ്പറ്റി ചുള്ളിയുടേയും സച്ചിയുടേയും മാസ്റ്റര്‍പീസുകള്‍ മത്സരിക്കുന്നു. ഏആറിന്റെ മരണത്തില്‍ കുമാരനാശാനെഴുതിയ പ്രരോദനം ആര്‍ക്ക് മറക്കാനാവും? ഇതൊന്നും അറിയാത്ത ആളല്ല ബാലചന്ദ്രന്‍. പിന്നെ ആനവാല്‍ മോതിരം, ആനക്കൊമ്പ് എന്നെല്ലാം പറഞ്ഞാല്‍ ‘അതെല്ലാം സവര്‍ണരുടെ മൃഗയാവിനോദങ്ങളല്ലേ ബാലാ’ എന്ന് സുഹൃത്തായ കേഈയെന്‍ മൊഴിഞ്ഞാലോ എന്ന പേടി കൊണ്ടായിരിക്കും. ഇവര്‍ക്ക് നല്ലത് ആനപ്പിണ്ടമാണ്. ആനയെ കാണാന്‍ പോയ അന്ധന്മാര്‍ ഇവരേക്കാള്‍ എത്രയോ ഭേദം. അന്ധരെ പറഞ്ഞു മനസ്സിലാക്കാം, അന്ധത നടിക്കുന്നവരെയോ?

അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.

Wednesday, October 31, 2007

രത്നാകരന്‍ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടോ?



സീന്‍ 1: എണ്‍പതുകളുടെ അവസാനം. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റി നടത്തുന്ന സിനിമാ ക്യാമ്പില്‍ ഛായാഗ്രാഹകന്‍ സണ്ണി ജോസഫിന്റെ ക്ലാസ്. ഒരു കുട്ടി വാട്ടര്‍ട്ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒരു ഫോട്ടോയുടെ പേപ്പര്‍ കട്ടിംഗ് കാണിച്ച് അതിനെ അടിസ്ഥാനമാക്കി രണ്ടു മിനിറ്റുള്ള ഒരു സിനിമയുടെ തിരക്കഥയെഴുതാന്‍ എക്സര്‍സൈസ് ഇട്ടു കൊടുക്കുന്ന സണ്ണി ജോസഫ്. തിരക്കഥയെഴുതുന്ന ക്യാമ്പംഗങ്ങള്‍. കട്ട് ടു ബ്ലോഗന്നൂര്‍ 2007.

സീന്‍ 2: കിക്കോഫിന് തൊട്ടുമുമ്പുള്ള ഒരു ഫുട്ബോള്‍ ഗ്രൌണ്ട്. ഗാലറികള്‍ ആര്‍ത്തിരമ്പുന്നു. ഭാവനയും അനുഭവവുമാണ് ഇവിടെ മാറ്റുരയ്ക്കുന്ന ടീമുകള്‍. വൈക്കം മുഹമ്മദ് ബഷീറാണ് അനുഭവം ടീമിന്റെ ക്യാപ്റ്റന്‍.  എംടി, കോവിലന്‍... അങ്ങനെ ചില ടീമംഗങ്ങളെ തിരിച്ചറിയാനാവുന്നുണ്ട്. ഭാവനയുടെ ക്യാപ്റ്റന്‍ വി. കെ. എന്‍. പ്രധാന താരങ്ങള്‍ തകഴി, സേതു, എന്‍. എസ്. .മാധവന്‍, സക്കറിയ, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍. കട്ട് ടു ബ്ലോഗന്നൂര്‍ 2007.

മലയാളത്തില്‍ വായിച്ച ഏറ്റവും നല്ല സാഹിത്യപഠനങ്ങളിലൊന്ന് ഒരനുസ്മരണലേഖനമാണ് - വി.കെ.എന്‍. മരിച്ചതിന്റെ പിറ്റേമാസം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച എന്‍. എസ്. മാധവന്റെ ലേഖനം. ആധുനിക മലയാള സാഹിത്യത്തിന് വി.കെ.എന്‍ നല്‍കിയ പ്രധാന സംഭാവനയായി ഭാവനയെ പ്രതിഷ്ഠിക്കുകയാണ് ഈ ലേഖനത്തിലൂടെ മാധവന്‍. പിന്നീട് പലപ്പോഴും ആ നിരീക്ഷണം ഓര്‍മയില്‍ വന്നു. അങ്ങനെയാണ് ഭാവനയില്‍ രണ്ട് ഫുട്ബോള്‍ ടീമുകള്‍ പിറവിയെടുക്കുന്നത്. ഇതു രണ്ടും വാ‍ട്ടര്‍ടൈറ്റ് കമ്പാര്‍ട്ടുമെന്റുകളല്ലെന്ന് ആദ്യമേ പറയട്ടെ. മാധവന്റെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ബഷീര്‍വിമര്‍ശനവും ഇവിടെ ഓര്‍ക്കാം, അതിന് വര്‍ഗീയവിഷം പുരട്ടിയ ചെറിയ മനുഷ്യരേയും. നിന്റെ ഓര്‍മയ്ക്ക് എന്ന കഥയ്ക്ക് പില്‍ക്കാലത്ത് എംടി എഴുതിയ അനുബന്ധക്കുറിപ്പും ഓര്‍ത്തുപോകുന്നു. അതു പ്രകാരം, ആ കഥയില്‍ ഭാവനയുടെ ലവലേശമില്ലെന്ന് പറയണം - മനോഹരമായ ആ കഥ ജീവിതത്തില്‍ നിന്ന് അങ്ങന്നെ പകര്‍ത്തിയത്. അതല്ല ഭാവനയുടെ കാര്യം. ഭാവനയുടെ ചക്രവാളത്തിന് അതിരില്ല. സുഭാഷ് ചന്ദ്രന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍’ എന്ന കഥ നോക്കൂ - ഡച്ച് കലാമാന്ത്രികന്‍ വാങ്ഗോഗിന്റെ വിഖ്യാതമായ potato eaters എന്ന പെയ്‌ന്റിംഗില്‍ കണ്ണും നട്ടിരുന്ന സുഭാഷിന്റെ ഭാവന പറന്ന ആകാശദൂരമാണ് ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന ഹോണ്ടിംഗ് ചെറുകഥയായി നാമനുഭവിച്ചത് (ടീയാര്‍ ‘ചിത്രകലയും ചെറുകഥയും’ എന്ന പുസ്തകമെഴുതുമ്പോള്‍ സുഭാഷ് കഥയെഴുതിത്തുടങ്ങിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ടീയാര്‍ ഈ കഥയെപ്പറ്റി എന്തെഴുതിയേനെ?)

രത്നാകരന്‍ എന്ന വേട്ടക്കാരന് മാനാസാന്തരം വന്ന് തപസ്സിരുന്നു. അയാളെ ഒരു ചിതല്‍പ്പുറ്റ് വിഴുങ്ങി. ഒടുവില്‍ മനസ്സ് തെളിഞ്ഞ് പുറത്തു വന്നയാളാണ് വാത്മീകി എന്നാണ് കഥ. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ കടലിന്നിന്നടില്‍ പാലം പോലെ ഒരു സാധനമുണ്ടെന്ന് ആരെങ്കിലും വാത്മീകിയോട് പറഞ്ഞുകാണുമോ? അതിന്റെ പുറത്ത് തീര്‍ത്തും ഭാവനയില്‍ ഒരു കഥ മെനഞ്ഞതായിരിക്കുമോ ആദികവി? ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ്, പ്രവാസം, 10 തലകളുള്ള വില്ലന്‍, വിമാനത്തില്‍ വന്നിറങ്ങുന്ന മുനി, പരസ്പരം കാലു വാരുന്ന സഹോദരന്മാര്‍... ചിതല്‍പ്പുറ്റിനുള്ളിലിരുന്ന് സാന്ദ്രീകൃതമായ ഭാവനയ്ക്ക് എന്തു തന്നെ സാധ്യമല്ല!

പൊട്ടറ്റോ തിന്നുന്ന യൂറോപ്യന്‍സിനെ കണ്ടിരുന്നെങ്കി രത്നാകരന്‍ ഒരു ചെറുകഥയെഴുതിയേനെ. ഒരു കടല്‍പ്പാലത്തെ ചെറുകഥയിലൊതുക്കുന്നതെങ്ങനെ? അത് ഇതിഹാസമായി. (ഈ ഫോര്‍മേഷനെ ആദാമിന്റെ പാലം എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടൊ എന്ന് നിരീശ്വരവാദിയായ കരുണാനിധി പറഞ്ഞില്ല).

ഉരുളക്കിഴങ്ങും സവാളയുമെല്ലാമുള്ള കാലത്താണോ രത്നാകരന്‍ ജീവിച്ചിരുന്നതെന്നതിന് തെളിവില്ല. എന്തായാലും ഒരുപാട് ഫലമൂലങ്ങളെപ്പറ്റി രാമയാണത്തില്‍ പറയുന്നു. പോരാതെ ഒരു രസികന്‍ വരത്തെപ്പറ്റിയും. സീതാന്വേഷണത്തിന് സഹായിച്ചതിന്റെ പ്രത്യുപകാരാര്‍ത്ഥം ‘പക്വഫലങ്ങള്‍ കപികള്‍ ഭക്ഷിക്കുമ്പോളൊക്കെ മധുരമാക്കി ചമച്ചീടുക’ എന്നൊരു വരം കുരങ്ങുകള്‍ക്ക് ലഭിക്കുന്നു. അതായത് കുരങ്ങന്മാര്‍ ഏത് പഴുത്ത പഴം തിന്നാലും അത് മധുരമായിരിക്കുമെന്ന്!).

കരുണാനിധി പറഞ്ഞത് ശരിയാണെന്ന് വരുമോ? നമ്മുടെയെല്ലാം ജീവിതത്തേക്കാള്‍ വലിയ കെട്ടുകഥയായിരിക്കുമോ രാമായണം?
Related Posts with Thumbnails