കഴിഞ്ഞ തലമുറയിലെ അച്ഛന്മാര്‍ പലരും സ്നേഹം പ്രകടിപ്പിക്കുന്നതില്‍ വിമുഖരായിരുന്നു. ചിലരുടെ കയ്യില്‍ ഇല്ലാഞ്ഞിട്ട് (അവര്‍ക്ക് ഇമോഷണല്‍ ഇന്റലിജന്‍സ് ഇല്ലായിരുന്നെന്ന് സായിപ്പിന്റെ ഭാഷയില്‍ പറയാം). ബാക്കിയുള്ളവരില്‍ ഭൂരിപക്ഷം പേരും സ്നേഹം പുറത്തുകാട്ടാതെ റഫ് ആന്‍ഡ് ടഫ്ഫായി അഭിനയിച്ചു. അങ്ങനെയൊക്കെയായിരുന്നു നാട്ടുനടപ്പ്. വിശേഷിച്ചും ആണ്മക്കളോട് ചില അച്ഛന്മാര്‍ ശത്രുത തന്നെ വെച്ചു പുലര്‍ത്തി (മക്കളെ പുലര്‍ത്താന്‍ മറന്നവരും). ചുള്ളിയുടെ
താതവാക്യം മുതല്‍ യോസയുടെ
Third Bank of the River
വരെ രേഖാമൂലമുള്ള തെളിവുകള്‍ ധാരാളം.
ഭാഗ്യവശാല്‍ ഇവരില്‍ പലരും അപ്പൂപ്പന്മരായപ്പോള്‍ അവരുടെ പുറന്തോട് പൊട്ടി. ചകിരിയുടേയും ചെരട്ടയുടേയും മതിലുകള്‍ പൊളിച്ച് വാത്സല്യത്തിന്റെ കരിക്കുംവെള്ളം പുറത്തേയ്ക്കൊഴുകി. മകന്‍ വളര്‍ന്നു വരുമ്പോഴെല്ലാം ബലം പിടിച്ച് അവനോട് ഗ്യാപ്പിട്ടിരുന്ന ഒരു ദേഹം പിന്നീട് മകന് മകനുണ്ടായപ്പോള്‍ ആ കുഞ്ഞിനെ പുറത്തിരുത്തി ആന കളിക്കുന്നതു കണ്ടപ്പോള്‍ ആ കുഞ്ഞിന്റെ അച്ഛമ്മ സന്തോഷക്കണ്ണീരോടെ പറഞ്ഞുകേട്ടതാണ് എനിക്കേറ്റവുമിഷ്ടപ്പെട്ട ഒരു പഴഞ്ചൊല്ല്. “തേയ്ക്കാത്ത എണ്ണ ധാര“ എന്നാണ് ആ അമ്മ പറഞ്ഞത്.
തേച്ചു കുളിക്കാത്ത എല്ലാ എണ്ണയും നമുക്ക് ധാര കോരേണ്ടി വരും. എല്ലാ വിലകളും പിഴ സഹിതം അടച്ചു തീര്‍ക്കേണ്ടി വരും. സ്നേഹത്തിന്റെ ഒരര്‍ത്ഥമാണ് എണ്ണ എന്നു കൂടി ഓര്‍ത്തോളൂ. മകന് മകനുണ്ടാവും മുമ്പേ ചില മനുഷ്യര്‍ മരിച്ചു പോകും - ഹാ, കഷ്ടം, അവരുടെ മേത്ത് ആര് ഉണ്ണിമൂത്രം ഒഴിക്കും? അതുകൊണ്ട് ഇന്നു പഠിക്കാനുള്ള പാഠങ്ങള്‍ ഇന്നു തന്നെ പഠിക്കുക. ഒന്നും നാളേയ്ക്ക് നീട്ടിവെയ്ക്കല്ലേ എന്റെ പൊന്നച്ഛാ.