Tuesday, March 30, 2010

ഹാ! വിജിഗീഷു കോണ്‍ക്രീറ്റിനാമോ...

ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ എന്നു ചോദിച്ചത് വൈലോപ്പിള്ളിയാണ്. Why Low Pilli? He was Always on His High! വിജിഗീഷു എന്നാല്‍ ‘ജയിക്കാന്‍ ആഗ്രഹമുള്ള’ എന്നാണര്‍ത്ഥമെന്ന് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള [ശബ്ദതാരാവലി].
പതിനൊന്നിലേറേ വര്‍ഷമായി എന്ന സഹിക്കുന്ന ദുബായ് നഗരത്തിലെ പ്രധാനമായും ഓഫീസുകള്‍ മാത്രമുള്ള ഏരിയയാണ് ഗര്‍ഹൂദ്. അവിടെ രണ്ടു കെട്ടിടങ്ങള്‍ക്കിടയ്ക്കുള്ള കോണ്‍ക്രീറ്റിട്ട ഭാഗത്ത് ഒരു ദിവസം കണ്ണില്‍പ്പെട്ട ഒരു തക്കാളിച്ചെടിയാണ് കന്നിക്കൊയ്ത്തിലെ ആ വരികള്‍ ഓര്‍മിപ്പിച്ചത്. കോണ്‍ക്രീറ്റിലാണ് നില്‍പ്പെങ്കിലും വെള്ളം കിട്ടാനും സ്കോപ്പില്ലാതിരുന്നിട്ടും അറബിസൂര്യന്റെ ക്രൂരതയ്ക്കു കീഴിലും ജീവിതത്തിന്റെ കൊടിപ്പടം ഉയര്‍ത്തിപ്പാറിപ്പിച്ചുകൊണ്ട് നിറയെ കായ്ച ഒരു തക്കാളിച്ചെടി. ഉയരത്തില്‍ പാറിച്ചു എന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാവില്ലെന്നു മാത്രം.
മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
പരം നമിയ്ക്കുന്നു ഘനം നവാംബുവാല്‍
സമൃദ്ധിയില്‍ സജ്ജനമൂറ്റമാര്‍ന്നിടാ
പരോപകാരിയ്ക്കിതുതാന്‍ സ്വഭാവമാം
എന്ന്‍ പത്താം ക്ലാസില്‍ പഠിച്ച ആറ്റൂരിന്റെ മലയാള ശാകുന്തളശ്ലോകം പോലെ, അര്‍ധവാര്‍ധ്യക്യം വന്നിട്ടും വലിയ മുലകളുള്ളതിനാല്‍ സുന്ദരിമാരും; കാണുന്നവരെ രസിപ്പിക്കും വിധം അനായാസം നടക്കാന്‍ വയ്യാത്തവരുമായ ചില സെമിഅമ്മൂമ്മമാരെപ്പോലെ ആ തക്കാളിച്ചെടി അതിനു കായ്ച്ച എല്ലാ കുഞ്ഞുങ്ങളേയും കോണ്‍ക്രീറ്റില്‍ കിടത്തി അമ്മിഞ്ഞകൊടുക്കുന്നു.
കുട്ടിക്കാലത്ത് വീട്ടിനകത്തും ചിലപ്പോള്‍ ഒളിച്ചുകളിയ്ക്കാറുള്ളപ്പോള്‍, ജയപാലന്റെ അമ്മൂമ്മ എപ്പോഴും ഒളിയ്ക്കുന്നവരുടെ സെറ്റിലായിരുന്നു. കട്ടിലിലിരുന്ന് നാലും കൂട്ടി മുറുക്കുകയാവും മിയ്ക്കവാറും. കട്ടിലിന്റെ ചോട്ടില്‍ ഞാനോ രഘുവോ ജയപാലനോ ഒളിച്ചിട്ടുണ്ടാവും. കള്ളന്‍ ആരായാലും [സ്വന്തം കൊച്ചുമകനാണെന്ന വാത്സല്യമൊന്നും ജയപാലനോടും ഇല്ല അപ്പോള്‍. അങ്ങനെ യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇരിയ്ക്കുന്നത് കാണികളുടെ ഹൃദയത്തിലാണ് എന്ന് ആദ്യമായി പഠിപ്പിച്ച്] കള്ളന്‍ ആരായാലും ‘ഒളിച്ചാലും ഒളിച്ചില്ലെങ്കിലും വരാമ്പോണേ’ എന്നും പറഞ്ഞ് വരുമ്പോള്‍ ജയപാലന്റെ അമ്മൂമ്മ പറയും ‘അനങ്ങല്ലേ, അനങ്ങല്ലേ, നെലത്തോട് സമം’. അവരുടെ തലമുടി മുഴുവന്‍ വെള്ളിയായിരുന്നു. അതിലെ പേനുകള്‍ക്കും വെളുത്ത നിറമായിരുന്നു. പ്രകൃതി കൊടുത്ത കാമുഫ്ലാഷ് മെക്കാനിസമായിരിക്കണം അത്. വെളുത്ത പേന്‍... can you believe it?
അവര് പറഞ്ഞിരുന്ന പോലെ നാലഞ്ച് തക്കാളികള്‍ നെലത്തോട് സമം. കോണ്‍ക്രീറ്റിന്റെ അടിമക്കുട്ടികളാരാനും കണ്ടുപിടിയ്ക്കണ്ട എന്നു കരുതി ഒച്ചയുണ്ടാക്കാതെ, തലയുയര്‍ത്താതെ...
ശാകുന്തളത്തിന് ഒട്ടേറെ പരിഭാഷകള്‍ വന്നു മലയാളത്തില്‍. കേരളവര്‍മ വലിയ കോയിത്തമ്പുരാന്റേതായിരുന്നില്ലേ ആദ്യത്തേത്? ഒടുവില്‍ ഖണ്ഡ:ശ വായിച്ചത് ഭാഷാപോഷിണിയില്‍, തിരുനെല്ലൂരിന്റെ. അക്കൂട്ടത്തിലെ ഏറ്റവും മികച്ചത് ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടേതാണെന്നാണ് പറയപ്പെടുന്നത്. അത് യഥാര്‍ത്ഥത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചെയ്തുവെച്ചിരുന്ന പരിഭാഷയായിരുന്നെന്നും തമ്പുരാന്റെ മരണശേഷം ആറ്റൂരത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കയായിരുന്നെന്നും ആരോപണമുണ്ട്. മഹാപണ്ഡിതനായിരുന്നു ആറ്റൂര്‍. എന്നാല്‍ അതിനു മുന്‍പോ പിമ്പോ അത്ര ലളിത മധുര മനോഹരമായ കവിതയില്‍ ഒരു വരി പോലും എഴുതാത്ത ആള്‍. തമ്പുരാനോ, മനോഹര പരിഭാഷയോ കവിതയോ ആദ്യം എന്ന് അതിശയിപ്പിച്ച ആള്‍. തമ്പുരാന്‍ മഹാഭാരതം പരിഭാഷപ്പെടുത്തിയിരുന്ന കാലത്ത് കുശുമ്പിന് പേരു കേട്ട വള്ളത്തോള്‍ അതു കാണാന്‍ വന്ന ഒരു കഥയും കേട്ടിട്ടുണ്ട്. ഒരു പുസ്തകം നോക്കി മലയാളപരിഭാഷ പദ്യരൂപത്തില്‍ ചൊല്ലിക്കൊടുക്കുകയായിരുന്നത്രെ തമ്പുരാന്‍. നേരത്തേ എഴുതിവെച്ച പരിഭാഷയില്‍ നോക്കിച്ചൊല്ലുകയാണോ എന്ന ഭാവത്തില്‍ വള്ളത്തോള്‍ എത്തി നോക്കിയപ്പോള്‍ കുഞ്ഞിക്കുട്ടന്‍ പുസ്തകം തുറന്നു കാട്ടിയെന്നാണ് കഥ. ആ പുസ്തകം സാക്ഷാല്‍ മൂലമായിരുന്നത്രെ! അതില്‍ നോക്കി അപ്പപ്പോള്‍ പദ്യപരിഭാഷ ചൊല്ലിക്കൊടുത്തിരുന്ന മാജിക്. മേലൊക്കെ വായില്‍ നാക്കാം! അതില്‍ മുഴുവന്‍ സരസ്വതിയും.
കോണ്‍ക്രീറ്റില്‍, അടുത്തെങ്ങും ഒരടുക്കളയുടെ സാമീപ്യം ഓര്‍മിപ്പിക്കുന്ന ഒന്നും ഇല്ലായ്മയില്‍, എങ്ങനെ ഒരു തക്കാളിച്ചെടി മുളയ്ക്കും? എങ്ങനെ ഒരു വിത്ത് അതിജീവിക്കും? ഡിഗ്രിക്കാലത്ത് ഞാനെഴുതിയ രണ്ടു വരിയും ഓര്‍ത്തു: ഒരു കാക്ക കാഷ്ഠിച്ചൊരാലു മുളച്ചു. ആലിന്റെ കൊമ്പത്തിനായിരം കാക്ക. 
“ഒടുവില്‍ അസുഖം ഉണ്ടാകാന്‍ വേണ്ടി ഡെയ്ഞ്ചറസായ സുഖം ഞാനിനി കൊതിയ്ക്കുകയില്ല; ദു:ഖം അന്വേഷിച്ച് നമ്മളങ്ങോട്ട് ചെല്ലുകയാണെങ്കില്‍ ദുര്‍വിധിയ്ക്ക് നമ്മളോടുള്ള ഈര്‍ഷ്യ ഇല്ലാതാവും” എന്ന് അര്‍ത്ഥമുള്ള ഒരു ശ്ലോകമുണ്ട് കുമാ‍രനാശാന്റേതായി.
[വിനയാര്‍ന്ന സുഖം കൊതിയ്ക്കയി-
ല്ലിനിമേല്‍ ഞാനസുഖം വരിയ്ക്കുവാന്‍.
മനമല്ലല്‍ കൊതിച്ചു ചെല്ലുകില്‍
തനിയേ കൈവിടുമീര്‍ഷ്യ ദുര്‍വിധി.]
മിടുക്കിയായ ആ തക്കാളിച്ചെടിയുടെ അവസ്ഥ അതിന്റെ നേരെ  ഓപ്പോസിറ്റായിരുന്നുവെന്നു തോന്നുന്നു. ഡെയ്ഞ്ചറസായിരുന്നു അതിന്റെ മുളയ്ക്കാനുള്ള കൊതി. എങ്കിലും അത് സുഖമാണ് കൊതിച്ചതെന്നു പറയാന്‍ വയ്യ. ചുട്ടുപഴുത്ത കോണ്‍ക്രീറ്റിലും ജനിയ്ക്കുക, ജീവിച്ചിരിയ്ക്കുക, ജീവന്റെ കൊടി കൈമാറുക... അതെ, സര്‍വൈവലായിരുന്നു അതിന്റെ അവകാശം. അത് അല്ലല്‍ കൊതിച്ചു ചെന്നില്ല. കിട്ടിയതോ, അല്ലല്‍ മാത്രവും. ദുര്‍വിധി ഈര്‍ഷ്യ കൈവിട്ടുവോ? അറിയില്ല. 
പിറന്ന നാടിനേയും ഉറ്റവരേയും പിരിഞ്ഞുള്ള മണല്‍ക്കാട്ടിലെ ഉണക്കജീവിതത്തിലും പ്രസാദം പരത്തുന്ന പുഞ്ചിരിയോടെ ജീവിയ്ക്കുന്നവരെ കാണുമ്പോള്‍ ഞാന്‍ ആ തക്കാളിച്ചെടിയെ വീണ്ടും വീണ്ടും ഓര്‍ത്തുപോകുന്നു.

Sunday, March 21, 2010

തലച്ചോറ്

ആമയായിരുന്നെങ്കില്‍

ഉള്ളിലേയ്ക്ക് വലിയ്ക്കാമായിരുന്നു.
ഒട്ടകപ്പക്ഷിയായിരുന്നെങ്കില്‍
മണ്ണില്‍ പൂഴ്ത്താമായിരുന്നു.
ധൈര്യമുണ്ടായിരുന്നെങ്കില്‍
പാളത്തില്‍ വെയ്ക്കാമായിരുന്നു.
തിന്നുമെന്നുറപ്പുണ്ടെങ്കില്‍
കാക്കകള്‍ക്ക് കൊടുക്കാമായിരുന്നു.
വെന്തുകഴിഞ്ഞു.
കൂടെ ഒരു ചമ്മന്തി പോലുമില്ല.
എന്തു ചെയ്യും സര്‍ ഈ മണ്‍കലം?
Related Posts with Thumbnails