
വെബ്ബന്നൂര്‍ യാത്രകള്‍ക്കിടയില്‍ കിട്ടിയ ഒരു പിഡീയെഫ് ഫയല്‍ ഇവിടെ പങ്കിടുന്നു - 1957 ജനുവരി 23-ന് യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ മീറ്റിംഗില്‍ കാശ്മീര്‍ പ്രശ്നത്തെ സംബന്ധിച്ച് വി. കെ. കൃഷ്ണമേനോന്‍ നടത്തിയ പ്രസിദ്ധമായ മാരത്തോണ്‍ പ്രസംഗം.
ചിത്രത്തില്‍ ടൈം മാഗസിന്റെ പ്രസിദ്ധമായ മേനോന്‍ കവര്‍. ഒരു പക്ഷേ ഏതെങ്കിലും മലയാളി അങ്ങനെ ഒരൊറ്റത്തവണ മാത്രമേ ടൈമിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടിരിക്കാനിടയുള്ളു എന്നൊരു വിധേയ പൊങ്ങച്ചം കൂടി ഇവിടെ വിളമ്പാം. എന്തായാലും ആ പൊങ്ങച്ചം വിഴുങ്ങും മുമ്പ് ഡികൊളോണൈസിംഗ് ദ് മൈന്‍ഡ് പോലുള്ള പുസ്തകങ്ങള്‍ വായിക്കാനപേക്ഷ.
ഇന്ത്യയെന്നാല്‍ അടുത്തകാലം വരെ പാമ്പാട്ടികളും താജ്മഹലുമായിരുന്നു പാശ്ചാത്യര്‍ക്ക്. അതുകൊണ്ടുതന്നെ ടൈമിന്റെ ആ മേനോന്‍ കവറിലും ഉണ്ട് ഒരു പാമ്പും പാമ്പാട്ടിയും. എന്താണാവോ അതിനര്‍ത്ഥം? ഇന്നാണ് കൃഷ്ണമേനോന്‍ ജീവിച്ചിരുന്നതെങ്കില്‍, ഈ ആണവക്കരാര്‍ ദിനങ്ങളില്‍ അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് വെറുതേ ഊഹിക്കാന്‍ തോന്നുന്നു. ഹൈന്ദവ രാഷ്ട്രീയക്കാര്‍ വിഷം ചീറ്റുന്ന ഈ ആഗോളവത്കരണദിനങ്ങളില്‍ കാശ്മീരിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ മാറ്റമുണ്ടാകുമായിരുന്നോ എന്നുമറിയാന്‍ കൌതുകം.
ടൈം അക്കാലത്തൊരിക്കല്‍ ഒരാര്‍ട്ടിക്കിളിനിട്ട തലക്കെട്ട് Mandate for Menonism എന്ന്. അമര്‍സിംഗുമാരും അംബാനിമാരും അമേരിക്കന്‍ കമ്പനികളും വിലയ്ക്കു വാങ്ങുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ മേനോനിസം ഓര്‍മയായി. അല്ലെങ്കില്‍ History repeats itself, first as tragedy, second as farce എന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞതുപോലെ, ദുര്‍ബലമായ Karatism-മായി അത് ആവര്‍ത്തിക്കപ്പെട്ടു. മേനോന്റെ സ്ഥാനത്ത് ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് ശോഭിക്കുന്ന കോണ്‍ഗ്രസ് മലയാളികളെക്കാത്ത് time-ന്റെ, Time-ന്റെയല്ല, പിന്നാമ്പുറപ്പേജുകള്‍ കാത്തിരിക്കുന്നു.
