Showing posts with label ഓ. വി. വിജയന്‍. Show all posts
Showing posts with label ഓ. വി. വിജയന്‍. Show all posts

Tuesday, January 6, 2015

ഹിംസാക്കിന്റെ ഇതിഹാസം


Published in Mathrubhumi Daily's Weekend edition on January 4, 2015

മൂത്രം നാറുന്ന മൂന്നുംകൂടിയ ജങ്ഷനില്‍ ബസ്സിറങ്ങുമ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. തന്റെ ഞാറ്റുപുരയില്‍ മാധവന്‍നായര്‍ തുടങ്ങുന്ന ഏകാധ്യാപക വിദ്യാലയത്തിലെ ഒഴിവിലേക്കുള്ള മത്സരപ്പരീക്ഷയില്‍ പങ്കെടുക്കാനായിരുന്നു രവിയുടെ വരവ്. വേക്കന്‍സി ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രവിയെപ്പോലെ 18-20 കോടി മാഷുമ്മാരാണ് മത്സരപ്പരീക്ഷയ്‌ക്കെത്തിയിരുന്നത്.

'ഒരിക്കല്‍ രണ്ട് ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. ഒരു ചേച്ചിയും അനിയത്തിയും...' അങ്ങനെ പറഞ്ഞാല്‍ അത് അതീവകാല്പനികമായിപ്പോവും. സത്യത്തില്‍ സംഭവിച്ചത് അതിലും ക്രൂരമായാണ്. 18-20 കോടി സഹോദരങ്ങള്‍. എന്നുപറഞ്ഞാല്‍ ചേച്ചിയും അനിയത്തിയുമല്ല, കൂടപ്പിറപ്പുകള്‍. ഇരട്ടകളെപ്പോലെ ഒരുമിച്ച് ഉയിരെടുത്ത കൂടപ്പിറപ്പുകള്‍. ആകെയുള്ള ഒരു വേക്കന്‍സിക്കായി മത്സരിക്കാന്‍ വിധിക്കപ്പെട്ട കൂടപ്പിറപ്പുകള്‍. നടക്കാനും അല്ല അവര്‍ ഇറങ്ങിയത്, നീന്താനാണ്. അച്ഛനില്‍നിന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലേക്കുള്ള ഫ്രീസ്‌റ്റൈല്‍ നീന്തല്‍മത്സരം.

അതില്‍ ഒരാള്‍ക്കുമാത്രം നിയമനം ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് എന്തുസംഭവിച്ചെന്നോ? 'സഹോദരാ, നീയെന്നെ മറന്നല്ലോ' എന്ന പായ്യാരച്ചോദ്യം ചോദിക്കാന്‍പോലും ഒരാളും ബാക്കിയുണ്ടായില്ല. അതിനുമുമ്പുതന്നെ സ്വാര്‍ഥതയുടെയും ഹിംസയുടെയും പരമോന്നത അനീതിപീഠത്തില്‍ അവരോരുത്തരും പിടഞ്ഞുവീണ് മരിച്ചു.
ജനിക്കുന്നതിനുമുമ്പേയുള്ള ഭ്രാതൃഹത്യകള്‍. നിസ്വാര്‍ഥതയില്‍ കെട്ടിപ്പൊക്കിയ ഇസങ്ങളെ മുന്‍കൂട്ടി പരാജയപ്പെടുത്തുന്ന ബയോളജിക്കല്‍ സ്വാര്‍ഥതകള്‍.

അങ്ങനെ രവി ചാര്‍ജെടുത്തു. കുഞ്ഞാമിന, അപ്പുക്കിളി, അള്ളാപ്പിച്ചാമൊല്ലാക്ക, തിത്തിബിയുമ്മ, കുപ്പുവച്ചന്‍, നാരായണി, ചെതലി, യാക്കരത്തോട്... എന്തിനധികം പറയുന്നു?

തസ്രാക്ക് എന്നപോലെ ഹിംസ്രാക്ക് എന്നായിരുന്നു യഥാര്‍ഥത്തില്‍ ആ സ്ഥലത്തിന്റെയും പേര്. പിന്നെ ദയാലുവും സ്‌നേഹസമ്പന്നനുമായ കവിയെപ്പോലെ നമ്മളും അതിന്റെ തീവ്രത കുറച്ച് ഹിംസാക്ക് എന്നാക്കിയതാണ്.

ജീവനോടെ ആരും ഇതുവരെ അതിന്റെ പുറത്തുകടന്നിട്ടില്ല.

Wednesday, June 18, 2008

കക്കൂസിലെ ഒളിച്ചിരിപ്പ് മതിയായില്ലേ?

ലെബനോണ്‍

കുട്ടിക്കാലത്ത് മാതൃഭൂമി പത്രത്തിലെ തലക്കെട്ടുകളിലാണ് ലെബനോണ്‍ ബെയ്റൂട്ട് ലെബനോണ്‍ ബെയ്റൂട്ട് എന്ന് സ്ഥിരം വായിച്ചിരുന്നത്. അവിടെ സ്ഥിരമായി എന്തോ പ്രശ്നമുണ്ടെന്നും ആ‍ളുകള്‍ മരിച്ചുകൊണ്ടിരിക്കയാണെന്നും മനസ്സിലാക്കിയിരുന്നു. ബെയ്റൂട്ട് എന്നാല്‍ തോക്കിന്റെ ബയണറ്റ് പോലൊരു സാധനം എന്ന ദൃശ്യചിന്ത ഉണ്ടായിരുന്നതായും ഓര്‍ക്കുന്നു. വായിച്ചു തുടങ്ങിയ കാലത്ത് ഇഷ്ടപ്പെട്ട കവികളിലൊരാളായ ഖലീല്‍ ജിബ്രാന്‍ ലെബനോണ്‍‍കാരനാണെന്നും അക്കാലത്തു തന്നെ മനസ്സിലാക്കി. സോളമന്റെ അഷ്ടപദിയില്‍ "കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക" എന്നു വായിച്ചപ്പോള്‍ ലെബനോനെ വില്ലന്‍സ്ഥാനത്തു പ്രതിഷ്ഠിച്ചു. ഒരു നസ്രാണി കാമുകിയുടെ കല്യാണം കഴിഞ്ഞകാലത്ത് ആ വരികള്‍ എഴുതിക്കൊടുത്തു. അവളിപ്പോള്‍ ലെബനോന്റെ മക്കളെയും പെറ്റ് സുഖമായോ ദു:ഖമായോ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവും.

ദുബായില്‍ വന്നപ്പോള്‍ ധാരാളം ലെബനോണ്‍കാരെ കണ്ടു. വെളുത്ത അറബികള്‍. എനിക്ക് കുബൂസ് വാങ്ങിത്തരുന്ന പരസ്യ വ്യവസായം ദുബായില്‍ ലെബനോണ്‍കാരുടെ കൈകളിലാണ്. അഡ് വെര്‍ടൈസിംഗിലെ ലെബനീസ് മാഫിയ എന്നാണ് ഇവിടെ കേള്‍ക്കുന്ന ഒരു പ്രയോഗം. [അഡ് വെര്‍ടൈസിംഗിലെ മലബാറി മാഫിയയും അത്ര മോശമല്ല]. മിഡ്ല്‍ മാനേജ്മെന്റ് ലെവലില്‍ പരസ്യ വ്യവസായരംഗത്ത് മാത്രമല്ല മിക്കവാറും എല്ലാ മേഖലകളിലും ലെബനോണികളാണ് മലബാറികളുടെ എതിരാളികള്‍. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും എന്നതാണവരുടെ പ്രധാനമികവ്.
റഫീക് ഹരീരി 
ഫാഷനില്‍ പാരീസിനേക്കാള്‍ മുമ്പിലാണ് ബെയ്റൂട്ട് നഗരം എന്നും കേട്ടു. സിറിയ ലെബനോണില്‍ കൈ കടത്തുന്നു എന്നും കേട്ടു. അങ്ങനെ ലെബനോണില്‍ രണ്ട് പക്ഷമുണ്ടെന്നും അറിഞ്ഞു - അമേരിക്കയോട് ചായ്‌വുള്ളവരും സിറിയയോട് ചായ്‌വുള്ളവരും. ഇതില്‍ അമേരിക്കയോട് ചായ്‌വുള്ള റഫീക് ഹരീരി എന്ന അതീവ സമ്പന്നനായിരുന്ന ഒരു ബിസിനസ്സുകാരന്‍ ഇടക്കാലത്ത് ലെബനോന്റെ പ്രധാനമന്ത്രിയായിരുന്നു. ഇദ്ദേഹം 2005-ലെ വാലന്റൈന്‍സ് ഡേയ്ക്ക് വധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കൊലയ്ക്കു പിന്നില്‍ സിറിയയുണ്ടെന്ന ആരോപണം ഇന്നും കേള്‍ക്കുന്നു.

കക്കൂസ്

കക്കൂസിനെപ്പറ്റി മലയാളത്തില്‍ ആദ്യമായി എന്തെങ്കിലും എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളവരില്‍ ഒരാളാണ് ഞാന്‍. കക്കൂസിനെപ്പറ്റി എന്നു തന്നെയായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. 1980-കളില്‍ ബീഏയ്ക്ക് പഠിക്കുന്ന കാലത്ത് മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. [അതിനു പുറമേ ബാലപംക്തിയില്‍ എന്റെ വക ഒന്നു രണ്ട് കാര്‍ട്ടൂണുകളും കവിതകളും വന്നു. അക്കാലത്ത് ബാലപംക്തിയില്‍ സ്ഥിരമായി കാര്‍ട്ടൂണിയിരുന്ന രണ്ടു പേരാണ് ഇ. സുരേഷും സജ്ജീവും. സജ്ജീവ് എന്നു പറഞ്ഞാല്‍ ബ്ലോഗന്നൂരിലെ യഥാര്‍ത്ഥ പുലിയായ സജ്ജീവ് ബാലകൃഷ്ണന്‍ തന്നെ - കേരള ഹ ഹ ഹ. കഴിഞ്ഞ ദിവസമാണ് ആളെ തിരിച്ചറിഞ്ഞത്] കുറേക്കാലത്തേയ്ക്ക് കുറേപ്പേര്‍ ആ കക്കൂസ് ലേഖനത്തിന്റെ പേരിലാണ് എന്നെ ഓര്‍മിച്ചിരുന്നത്. എന്തിന്, വത്സേച്ചി എനിയ്ക്ക് കക്കൂസ് രാമന്‍ എന്ന് ഒരു പേരുവരെ ഇട്ടു.
കക്കൂസിലിരുന്നുള്ള ഏകാഗ്രമായ വായനാസുഖത്തെപ്പറ്റിയും പൂക്കളുടെ മണം നിറഞ്ഞു നില്‍ക്കുന്നപൂജാമുറികളില്‍ നിന്ന് തീട്ടത്തിന്റെ മണം മുറ്റി നില്‍ക്കുന്ന കക്കൂസുകളിലേയ്ക്ക് ചന്ദനത്തിരികള്‍ മാറ്റി സ്ഥാപിയ്ക്കുവിന്‍ എന്നും ഞാന്‍ എഴുതി. ഇന്ത്യന്‍ കക്കൂസുകളില്‍ ഒരാള്‍ തൂറി ഇറങ്ങിപ്പോയാല്‍ അവിടെ തങ്ങി നില്‍ക്കുന്ന അയാളുടെ സിഗ്നേചര്‍ മണം എങ്ങനെ ഒഴിവാക്കാം എന്നും അതില്‍ എഴുതിയിരുന്നു. ക്ലോസറ്റിന്റെ സ്ലോപ്പില്‍ തീട്ടക്കണ്ടിയെ ഇരിയ്ക്കാന്‍ അനുവദിക്കാതെ അപ്പപ്പോള്‍ത്തന്നെ കുറേശ്ശെ വെള്ളമൊഴിച്ച് ഒഴുക്കിവിടുക - അതാണതിന്റെ പ്രതിവിധി.

നിര്‍ഭാഗ്യവശാല്‍ അന്ന് ബാലപംക്തി എഡിറ്റു ചെയ്തിരുന്നയാള്‍, തീട്ടം എന്ന് ഞാന്‍ പലവട്ടം എഴുതിയിരുന്നതെല്ലാം കാഷ്ടം എന്നാക്കിയിരുന്നു. അതിന്റെ സങ്കടം ഇന്നും ബാക്കി നില്‍ക്കുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ തല ചെറുകഥാ മത്സരത്തില്‍ യു. പി. സെക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സമ്മാനമായി കിട്ടിയ ഓ. വി. വിജയന്റെ മൂന്ന് കിടിലന്‍ നീണ്ടകഥകളുടെ സമാഹാരമായ 'ഒരു നീണ്ടരാത്രിയുടെ ഓര്‍മയ്ക്കായി' എന്ന പുസ്തകത്തിലെ 'എണ്ണ' എന്ന കഥ അതിനിടെ പല വട്ടം വായിച്ചിരുന്നതാണ് 'തീട്ടം' എന്നെഴുതാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത്.

ചാലാച്ചിച്ചെട്ടിയാര്‍ ഡെപ്പിയില്‍ നിന്ന് തീട്ടക്കണ്ടി പോലൊരു പദാര്‍ത്ഥമെടുക്കുന്നതും റൌക്കയഴിച്ച് കൊങ്ങന്‍ മുലകള്‍ പുറത്തു ചാടിച്ച് പാലെടുത്ത് ആ പദാര്‍ത്ഥം മുലപ്പാലില്‍ ചാലിയ്ക്കുന്നതുമെല്ലാം മറക്കുന്നതെങ്ങനെ? [സാഹിത്യം തന്ന ആദ്യത്തെ ഉദ്ധാരണങ്ങള്‍!]. പിന്നീട് വളരെക്കഴിഞ്ഞ് രാഷ്ട്രപതിയ്ക്ക് തൂറാന്മുട്ടിയതു കൂടിയായപ്പോള്‍ [ധര്‍മപുരാണം] തീട്ടവിജ്ഞാനീയം [scatology] കുട്ടിക്കളിയല്ല എന്ന് ബോധ്യമായി.

[പ്ലാച്ചിമടയെപ്പറ്റിയും ആഗോളവത്കരണത്തെപ്പറ്റിയുമെല്ലാമുള്ള ഏറ്റവും നല്ല ഡോക്യുമെന്റ് ഇപ്പോളും അതിനെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതപ്പെട്ട 'എണ്ണ' എന്ന ആ നീണ്ടകഥ തന്നെ. ആ സമാഹാരത്തിലെ അരിമ്പാറ എന്ന കഥയോ - അന്നു മുതല്‍ ഇന്നുവരെയുള്ള പല വായനകളില്‍ അതിനെന്തെന്ത് അര്‍ത്ഥങ്ങള്‍!]

ശോധനയെപ്പറ്റിയുള്ള നായമ്മാരുടെ ഒബ്സെഷനും ഈ കക്കൂസ്പ്രേമത്തോട് ചേര്‍ത്തുവായിക്കുക.

ഇന്‍സ്റ്റലേഷന്‍

vivek vilasini
എഴുപതുകളില്‍ പ്രചാരത്തില്‍ വന്ന ഒരു കലാരൂപമാണ് ഇന്‍സ്റ്റലേഷന്‍. ഇന്ന് ലോകത്തുള്ള പ്രമുഖ ഇന്‍സ്റ്റലേഷന്‍ കലാകാരന്മാരില്‍ മലയാളികളുമുണ്ട് - എന്റെ സുഹൃത്ത് വിവേക് വിലാസിനി അടക്കം.എങ്കിലും ഇന്‍സ്റ്റലേഷന്‍ എന്നു പറഞ്ഞാല്‍ ഇപ്പോളും പല മലയാളികള്‍ക്കും പരിചിതമല്ല. ആര്‍ട്ട് എന്നാല്‍ ചിത്രകലയും ശില്‍പ്പകലയും മാത്രമെന്നാണ് ഭൂരിപക്ഷം മലയാളികളും ഇപ്പോളും ചിന്തിക്കുന്നത്. ഇന്‍സ്റ്റലേഷന് പലപ്പോഴും ശില്‍പ്പകലയുമായി ബന്ധമുണ്ടാകും. എന്നാല്‍ വിഡിയൊ, ശബ്ദം, കമ്പ്യൂട്ടര്‍, ആളുകള്‍, അവരുടെ അഭിനയ പ്രകടനങ്ങള്‍ തുടങ്ങിയ പലതും ഇന്‍സ്റ്റലേഷനില്‍ ഉപയോഗപ്പെടുത്താം.

ഉദാഹരണത്തിന് വിവേകിന്റെ ഒരു ഇന്‍സ്റ്റലേഷനെപ്പറ്റി പറയാം. പരുപരുത്ത പ്രതലമുള്ള ഒരിനം ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ 20 സെമീ വീതിയും 20 സെ മീ നീളവുമുള്ള കഷ്ണങ്ങളാക്കി മുറിച്ച് ഫ്രെയിമുകളിലാക്കി. അങ്ങനെ മുപ്പത് ഫ്രെയിമുകള്‍. ഒരു മഞ്ഞുകാലത്ത് ദില്ലിയില്‍ വിവേക് താമസിച്ചിരുന്ന വീടിനു പുറത്ത് ഒരു ദിവസം ഈ മുപ്പത് ഫ്രെയിമുകളും കൊണ്ടുവെച്ചു. ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫ്രെയിം മാത്രം അകത്തേയ്ക്കേടുത്തു. രണ്ടാം ദിവസം വേറൊരു ഫ്രെയിം അകത്തേയ്ക്കെടുത്തു. ഇങ്ങനെ മുപ്പതാം ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മുപ്പത് ഫ്രെയിമുകളും അകത്തെത്തി. മുപ്പതാം ദിവസത്തെ ഫ്രെയിം കാണണമായിരുന്നു - മുപ്പത് ദിവസം പുറത്തിരുന്നതിനാല്‍ പൊടിയും ചെളിയും പിടിച്ച് അതാകെ കടുംതവിട്ട് നിറമാര്‍ന്നിരുന്നു. ഇരുപത്തൊമ്പതാം ദിവസം അകത്തേയ്ക്കെടുത്തതില്‍ കടുപ്പം കുറച്ച് കുറവായിരുന്നു. അങ്ങനെ ഒന്നാം ദിവസമെടുത്തതിലേയ്ക്കേത്തുമ്പോള്‍ അഴുക്കിന്റെ അംശം താരതമ്യേന തീരെ കുറവായിരുന്നെങ്കിലും ഇല്ലെന്ന് പറയാനുമാവില്ലായിരുന്നു. ഈ മുപ്പത് ഫ്രെയിമുകളും നിരത്തി വെച്ചതായിരുന്നു വിവേകിന്റെ ഇന്‍സ്റ്റലേഷന്‍. ദില്ലി നഗരത്തിലെ പരിസരമലിനീകരണത്തെപ്പറ്റി അതിനേക്കാള്‍ തീവ്രമായ ഒരു കലാസൃഷ്ടി സങ്കല്‍പ്പിക്കുക അസാധ്യം.

ചിലപ്പോള്‍ ഒരു സ്ഥലത്ത് മാ‍ത്രമേ ഒരു ഇന്‍സ്റ്റലേഷന് പ്രസക്തിയുണ്ടാകൂ. പെയ്ന്റിംഗോ ശില്‍പ്പമോപോലെ പലയിടത്തും കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കാനോ കാശുകൊടുത്ത് വാങ്ങി വീട്ടില്‍ക്കൊണ്ടുപോയി വെയ്ക്കാനോ പറ്റാത്തവ.

ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍

nada sehnaoui
ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍ - ഇവ തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ വിചാരിച്ചേക്കാം. നാദ സെഹ്നാഉയി എന്ന 48-കാരിയായ ലെബനീസ് കലാകാരിയുടെ ഇന്‍സ്റ്റലേഷനാണ് "15 വര്‍ഷം കക്കൂസിലൊളിച്ചിരുന്നത് മതിയായില്ലേ"" [Haven't fifteen years of hiding in the toilets been enough?]. ബെയ്റൂട്ട് നഗരഹൃദയത്തിലെ ഒരു വെളിമ്പ്രദേശത്ത് നിരത്തിയിരിക്കുന്ന അറുന്നൂറ് വെളുത്ത ടോയ്ലറ്റ് സീറ്റുകളാണ് ഈ ഇന്‍സ്റ്റലേഷന്‍. 1973 ഏപ്രില്‍ 15-ന് ആരംഭിച്ച ലെബനീസ് ആഭ്യന്തരയുദ്ധത്തിന്റെ ഓര്‍മയ്ക്കാണ് സെഹ്നാഉയിയുടെ ഈ ചോദ്യം. 1991 വരെ നീണ്ടു നിന്ന ലെബനീസ് ആഭ്യന്തരയുദ്ധം അവിടെ ജനിച്ചു വളര്‍ന്ന ആളുകളുടെ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റി മറിച്ചു. എപ്പോള്‍ വേണമെങ്കിലും ബോംബ് വീണേക്കാമെന്ന് പേടിച്ച് ഒരു ജനത ജീവിതം തള്ളിനീക്കിയ ദിനരാത്രങ്ങള്‍. ബോംബ് വീഴുമ്പോള്‍ കക്കൂസില്‍ കയറി ഒളിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ചില്ലുജനാലകള്‍ ഇല്ലാത്ത ഒരേയൊരു മുറിയാണല്ലൊ കക്കൂസ്. അതായിരുന്നു ബോംബ് വീഴുമ്പോള്‍ കക്കൂസിനുള്ളിലെ ഒളിച്ചിരുപ്പിനെ സുരക്ഷിതമാക്കിയത്.

ഇന്ന്, ഒന്നര ദശകത്തിന്റെ ഇടവേളയ്ക്കു ശേഷം ലെബനോണ്‍ വീണ്ടും ഒരു ആഭ്യന്തരയുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ സെഹ്നാഉയി ചോദിക്കുകയാണ് മതിയായില്ലേ എന്ന്. ലെബനോണെ വിട്ട് സ്പോര്‍ട്സ് പേജിലേയ്ക്ക് ഓടിച്ചെന്ന എന്റെ കുട്ടിക്കാല നിഷ്കളങ്കതയുടെ വള്ളിക്കളസം സെഹ്നാഉയിയുടെ ചോദ്യത്തിനു മുന്നില്‍ ഉരിഞ്ഞുപോകുന്നു. എന്റെ പന്ന കക്കൂസ് ലേഖനത്തിന്റെ ഓര്‍മയെ ടോയ് ലറ്റിലിട്ട് ഫ്ലഷ് ചെയ്യാന്‍ കൈ തരിക്കുന്നു. ദുബായില്‍ ലെബനോണികളെ കാണുമ്പോള്‍ തോന്നിയിരുന്ന ജുഗുപ്സയുടെ സ്ഥാനത്ത്, വാതില്‍ ഉള്ളില്‍ നിന്നടയ്ക്കാ‍ന്‍ കൊളുത്തോ കുറ്റിയോ ഇല്ലാത്ത കക്കൂസിലിരിക്കുമ്പോള്‍ ആരോ കയറി വന്നാലെന്നപോലെ, ലജ്ജ തോന്നുന്നു.

Thursday, December 6, 2007

ഒരു സവര്‍ണഹിന്ദു ബാബറി മസ്ജിദ് ഓര്‍മിക്കുന്നു


ഇനി ഒരു തൊണ്ണൂറില്‍ ജീവിക്കില്ലെന്നുറപ്പുള്ളതുകൊണ്ട് ഇങ്ങനെ എഴുതാം - മഹാരാജാസില്‍ പഠിച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ എമ്മേയെടുത്ത് തൊണ്ണൂറ് മാര്‍ച്ചിലാണ് കെ കെ എക്സ്പ്രസ്സിലെ ഒരു എസ് കോച്ചില്‍ ദില്ലിക്ക് പോയത് - എസ് കോച്ചുകളിലും എഐ ഫ്ലൈറ്റുകളിലും ബാംഗ്ലൂര്‍ക്കുള്ള ബസ്സുകളിലും തലമുറകളായി വിട്ടുപൊയ്ക്കൊണ്ടിരിക്കുന്ന മലയാളിശരീരങ്ങളിലൊന്നായി.

വിജയന്‍, മുകുന്ദന്‍, ആനന്ദ്, സക്കറിയ, ഏഷ്യാനെറ്റ് തുടങ്ങും മുമ്പുള്ള പിടിഐയിലെ ശശികുമാര്‍, കാര്‍ട്ടൂണ്‍ വരച്ച് ഊണുകഴിച്ചിരുന്ന രവിശങ്കര്‍, ഉണ്ണി... ദില്ലി അന്നും സമ്പന്നമായിരുന്നു. അവരിലൊരാളാ‍യിക്കളായാം എന്ന അഡ്വാന്‍സ് അഹങ്കാരവുമായാണ് പോയത്. അറുപതുകളില്‍ ജനിച്ചവര്‍ ലോകം മാറ്റി മറിയ്ക്കുമെന്ന് അന്നേ കേട്ടിരുന്നു. ലോകം മാറി മറിയുമ്പോള്‍ കേരളത്തിലെ ഏതെങ്കിലും കിണറ്റില്‍ കിടന്ന് പേക്രോം പേക്രോം എന്ന് കരയുന്നതിനു പകരം ഇന്ത്യയുടെ തലയില്‍ത്തന്നെയിരുന്ന് ലോകത്തിന്റെ ചെവി തിന്നുകളയാമെന്ന് മോഹിച്ചിരിക്കണം. അമ്പതുകളിലും (ബില്‍ ഗേറ്റ്സ്) അറുപതുകളിലും (???) എഴുപതുകളിലും (ഗൂഗ് ള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍) ജനിച്ച ഒരുപാട് ആണ്‍കുട്ടികള്‍ ലോകം മാറ്റിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനിതാ ഇരുകാലി ഒട്ടകങ്ങളിലൊന്നായി റെസീവിംഗ് എന്‍ഡിന്റെ ഏറ്റവും ഈയറ്റത്ത് ഇത് കീയിന്‍ ചെയ്യാനിരിക്കുന്നു. ജീവിതം കിതച്ചോടുന്ന വഴികള്‍ ആര്‍ക്കറിയാം?

മന്ദിര്‍ മസ്ജിദ് വിവാദം പുകഞ്ഞു കത്താന്‍ തുടങ്ങിയിരുന്ന ഒരു കാലത്താണ് ദില്ലിയില്‍ ചെന്നു പെട്ടത്. ആ നവംബറിലെ ഒരു പകല്‍. ഇണപ്പക്ഷികളെ അമ്പെയ്യാന്‍ ലാക്കാക്കി നില്‍ക്കുന്ന കാട്ടാളനോട് 'മാ നിഷാദാ'യില്‍ പാടിത്തുടങ്ങിയ ആദ്യകാവ്യത്തിന്റെ മഷിയില്‍ മുക്കിത്തന്നെ ഒരു കാര്‍ട്ടൂണ്‍ വരച്ചു. വീഎച്ച്പിയായിരുന്നു കാട്ടാളന്‍. ഹിന്ദുവും മുസല്‍മാനും ഇണപ്പക്ഷികളായി. അന്നു തന്നെ അതുംകൊണ്ട് ചാണക്യപുരിയിലെ സത്യമാര്‍ഗില്‍ താമസിക്കുന്ന ഓ. വി. വിജയനെ കാണിയ്ക്കാന്‍ പോയി. ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ള ഒരാളില്‍ നിന്നാണ് ഏറ്റവും വലിയ കോമ്പ്ലിമെന്റ് കിട്ടിയതെന്നോര്‍ത്താല്‍മതി - ഈ രാത്രി വെളുപ്പിയ്ക്കാം. 'ഇറ്റ്സ് എ damn ഗുഡ് ഐഡിയ' പ്രശംസകള്‍ക്ക് പിശുക്കനായിരുന്ന വിജയന്‍ പറഞ്ഞു. ('ഡാം ഗുഡ്' പ്രയോഗം ശരിയോ എന്ന് പലരും സംശയിക്കുന്നത് കേട്ടിട്ടുണ്ട്. എന്തൊ!). പക്ഷേ വര വിജയന് ബോധിച്ചില്ല. അങ്ങനെ വിജയന്‍ തന്നെ കടലാസും ഇന്ത്യനിങ്കും നിബ്ബും തന്ന് പലവട്ടം വരപ്പിച്ചു. ഒടുവില്‍ വരയില്‍ തൃപ്തനായിട്ടല്ലെങ്കിലും സ്റ്റേറ്റ്സ്മാന്റെ എഡിറ്ററെ ഫോണില്‍ വിളിച്ചു - ഞാനൊരു ചെറുപ്പക്കാരനെ അയാള്‍ വരച്ച കാര്‍ട്ടൂണുമായി വിടുന്നുണ്ട്. ഒന്ന് നോക്കൂ. പിറ്റേന്നത്തെ സ്റ്റേറ്റ്സ്മാനിലെ പേജ് ത്രീയില്‍ അടിച്ചുവന്ന കാര്‍ട്ടൂണാണ് ഇതോടൊപ്പം. 90 നവംബര്‍ 19-ലെ പത്രം.

92-ല്‍ ദില്ലി വിട്ട് ബോംബെയിലെത്തി. അതിനും എത്രയോ മുമ്പ്, 1989-ല്‍, ബെര്‍ലിന്‍ മതില്‍ നിലമ്പൊത്തിയിരുന്നു. ആരോ കൊഴച്ചുവെച്ച മാവുരുള പോലിരുന്ന ഭൂമിയെ ആഗോളവത്കരണം മെല്ലെ മെല്ലെ പരത്താന്‍ തുടങ്ങിയിരുന്നു. 93-ല്‍ കൊച്ചിയില്‍ തിരിച്ചെത്തുമ്പോള്‍ എമ്മെസ് ഡോസ്, വലിയ നേര്‍ത്ത ഫ്ലോപ്പികള്‍, അരമണിക്കൂറെടുക്കുന്ന ഈ-മെയില്‍ സന്ദേശങ്ങള്‍...അതെല്ലാം അവിടെയുമെത്തിയിരുന്നു. ഇതിനെല്ലാമിടയില്‍, 1992 ഡിസംബര്‍ 6-ന് അതും സംഭവിച്ചു. ഹിന്ദു കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ച് നിരപ്പാക്കി. എന്റെ കാര്‍ട്ടൂണ്‍ വിഫലമായി. അതെ, ഇന്നേയ്ക്ക് പതിനഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യയുടെ ചരിത്രത്തിലെ തീരാക്കളങ്കങ്ങളിലൊന്നായ ആ കരസേവ നടന്നത് (സുവര്‍ണക്ഷേത്രത്തില്‍ പട്ടാളത്തെ കേറ്റിയതിന്റെ പ്രായശ്ചിത്തത്തിന് ഗ്യാനി സെയിത്സിംഗിനെക്കൊണ്ട് സുവര്‍ണക്ഷേത്രത്തില്‍ വരുന്നവരുടെ ചെരിപ്പ് തുടപ്പിച്ച പരിപാടിയെയാണ് ‘കര്‍സേവ’ എന്ന് ആദ്യം വിളിച്ചുകേട്ടത്!).

ബാബറി മസ്ജിദ് നിന്നിടത്തു തന്നെയാണ് യഥാര്‍ത്ഥത്തില്‍ ശ്രീരാമന്‍ ജനിച്ചതെങ്കില്‍പ്പോലും; ബാബറോ മറ്റാരെങ്കിലുമൊ തന്നെയാണ് അവിടത്തെ അമ്പലം തകര്‍ത്ത് മസ്ജിദ് പണിഞ്ഞതെങ്കില്‍പ്പോലും ആ മസിജിദ് പൊളിക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യയുടെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന മതേതരത്വം നേരിട്ട അവസാന പരീക്ഷണമായിരുന്നു ഡിസംബര്‍ 6. കഷ്ടം, നമ്മളന്ന് തോറ്റുപോയി. അതിന് മുമ്പും പിമ്പുമുള്ള എത്രയോ പരീക്ഷണങ്ങളില്‍ ഇനി ജയിച്ചിട്ടെന്ത്? പ്രസിഡന്റ് മുസല്‍മാനും പ്രധാനമന്ത്രി സിഖുകാരനും യഥാര്‍ത്ഥ പ്രധാനമന്ത്രി കത്തോലിക്കക്കാരിയുമാണെന്നുള്ള കൊസ്മെറ്റിക് പവര്‍പോയന്റുകള്‍ പടച്ച് തെളിച്ചുവിട്ടിട്ടെന്തിന്?

2001 സെപ്തംബര്‍ 11 (ട്രേഡ് സെന്റര്‍ ആക്രമണം), 2002 ഫെബ്രുവരി-മാര്‍ച്ച് (ഗുജറാത്ത് കലാപം), 2003 മാര്‍ച്ച് 18-ന് തുടങ്ങിയ ഇറാക്ക് ആക്രമണം... മനുഷ്യന്‍ പിന്നെയും പിന്നെയും തോറ്റുകൊണ്ടേയിരിക്കുന്നു. ചില ദിവസങ്ങള്‍ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റിമറിയ്ക്കുമെന്ന് ചെറിയ കാര്യങ്ങളുടെ മുഖക്കുറിപ്പില്‍ അരുന്ധതി പറഞ്ഞത് എത്ര നേര്!

ജര്‍മനികള്‍ക്കിടയിലുണ്ടായിരുന്ന ബെര്‍ലിന്‍ മതിലും റഷ്യയ്ക്കും പാശ്ചാത്യലോകത്തിനുമിടയിലുണ്ടായിരുന്ന അയണ്‍ കര്‍ട്ടനും കൊഴിഞ്ഞുപോയി. എന്നാല്‍ അറബ് ലോകത്തിനും പാശ്ചാത്യലോകത്തിനുമിടയില്‍ അദൃശ്യമായ ഒരു കൂറ്റന്മതില്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഓരോ ശ്വാസത്തിലും അവരുടെ ദേശസ്നേഹം തെളിയിക്കേണ്ട ഗതികേടായിരിക്കുന്നു. സാധാ ഹിന്ദുക്കള്‍ക്ക് ചന്ദനക്കുറിയോ കുങ്കുമപ്പൊട്ടോ തൊടാന്‍ ഭയമായിരിക്കുന്നു. കടപ്പുറങ്ങളില്‍ ആരൊക്കെയോ ചുട്ചോറ് വാരിക്കുന്നു, വാരുന്നു. ചോരയും കണ്ണീരും കലങ്ങിയ വെള്ളത്തില്‍ ആരൊക്കെയോ മീന്‍ പിടിയ്ക്കുന്നു.

ഒട്ടകമായിത്തീര്‍ന്ന ഒരു സവര്‍ണഹിന്ദുവിന് എന്തുചെയ്യാന്‍ കഴിയും? മുപ്പത്തിമൂന്ന് കോടി ഹിന്ദുദൈവങ്ങളേയും വിശ്വസിക്കുന്ന ഹൃദയവും അഹം ബ്രഹ്മാസ്മി, രണ്ടില്ല ഒന്നേയുള്ളു എന്നീ തിയറികള്‍ ആസ്വദിക്കുന്ന തലച്ചോറും അയാള്‍ എന്തുചെയ്യും? തുണിയില്ലാതെ ഹനുമാനെയും സരസ്വതിയേയും സീതയേയും വരച്ചുകാണുമ്പോള്‍ അയാളുടെ വികാരം തരിമ്പും നോവുന്നില്ല. അത് പക്ഷേ അയാള്‍ ഹിന്ദുവല്ലാത്തതുകൊണ്ടല്ല, അങ്ങനെയും ഒരു ഹിന്ദുവായതുകൊണ്ടാണ്. ബുഷ്ഷിനേയും നരേന്ദ്രമോഡിയേയും എതിര്‍ക്കുമ്പോഴും ബിന്‍ ലാദന്റെ കൂടെ നില്‍ക്കാന്‍ അയാളെ കിട്ടില്ല. അയാള്‍ക്ക് ചന്ദനക്കുറി തൊടണമെന്നുണ്ട്. അദ്വാ‍നിയുടെ പോളിഷ്ഡ് ചോരക്കൊതിയും പള്ളിപൊളിച്ചെന്ന മഹാപാപവും സദ്ദാം ഹുസൈന്റെ ഏകാധിപത്യവും നരനായാട്ടും അയാള്‍ക്ക് ഓര്‍മയുണ്ട്. മലയാളികളെല്ലാം ഒന്നുകില്‍ കൃസ്ത്യാനി, അല്ലെങ്കില്‍ മുസ്ലീം, അല്ലെങ്കില്‍ സിപീയെം, അല്ലെങ്കില്‍ തീര്‍ച്ച ബീജേപ്പി എന്ന് തിയറിയുണ്ടാക്കുന്നവര്‍ ക്രൂരന്മാരുടെ സ്വര്‍ഗത്തിലാണെന്ന് പറയണമെന്നയാള്‍ക്കുണ്ട്.
ബാബറി മസിജിദിന്റെ ഓര്‍മയ്ക്ക് അയാള്‍ക്ക് റഫീക്കിനെ കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്. വികാരത്തേക്കാളധികം വിചാരം ചേര്‍ത്ത കണ്ണീര്‍. ഭീരുവിന്റെ നിറമില്ലാത്ത ചോര.

Thursday, September 13, 2007

വികാ‍രജീവികള്‍ രാഷ്ടീയം പറയുമ്പോള്‍


പുലിത്തോലിട്ട പശു എന്ന് ഇന്ത്യയെ വിളിക്കാമോ എന്ന് ശങ്കിച്ചപ്പോള്‍ രാജ്യങ്ങള്‍ക്കിടയില്‍ ആട്ടിന്തോലിട്ട ചെന്നായ്ക്കളുണ്ടൊ എന്ന് ആലോചിച്ചു. പെട്ടെന്നു തന്നെ രണ്ട് പേരുകള്‍ മനസ്സില്‍ പൊന്തിവന്നു - സ്വിറ്റ്സര്‍ലന്‍ഡും സ്വീഡനും. വര്‍ഷങ്ങള്‍ക്കു മുമ്പ് ഓ. വി. വിജയന്‍ ഈ രാജ്യങ്ങളെ വിമര്‍ശിച്ചെഴുതിയ ലേഖനം ഓര്‍മ വന്നു. ഓ. വി. വിജയന്‍ ഇവരെ ആട്ടിന്തോലിട്ട ചെന്നായ്ക്കള്‍ എന്ന് വിളിച്ചില്ല. എങ്കിലും ആ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കങ്ങനെ വിളിക്കാം. രാഷ്ട്രീയ നപും സകങ്ങളാണ് ഈ രാജ്യങ്ങള്‍, എന്നാല്‍ ചേരി ചേരയുമല്ല. ചേരയല്ലെങ്കില്‍പ്പിന്നെ എന്ത് എന്നു ചോദിച്ചാല്‍ നിര്‍ബന്ധമാണേല്‍ പെരുമ്പാമ്പുകള്‍ എന്നും വിളിക്കാം. എന്ത് ഇന്റര്‍നാഷണല്‍ പ്രശ്നത്തിലും ഇവര്‍ ന്യൂട്രലാണ്. ഇങ്ങനെ ന്യൂട്രലായതുകൊണ്ട് സമാധാനം തലങ്ങും വിലങ്ങും കളിയാടുകയാണ്. പെര്‍ ക്യാപിറ്റ ഇന്‍ കം, സംസ്ക്കാരം, സിനിമ... എല്ലാം ഒന്നിനൊന്ന് മെച്ചം. സ്വിസ് വാച്ചുകള്‍, ചോക്കലേറ്റുകള്‍, സ്വീഡിഷ് ജയന്റ്സായ ബര്‍ഗ്മാന്‍, ഐകിയ, എറിക്സണ്‍... എന്തിനധികം, ഭൂമിയിലെ സ്വര്‍ഗങ്ങള്‍ തന്നെ രണ്ടും.

എന്നാല്‍ വെള്ളതേച്ച ഈ ശവക്കല്ലറകള്‍ക്കുള്ളില്‍ കര്‍ത്താവ് പറഞ്ഞപോലെ അസ്ഥികളും അശുദ്ധിയും നിറഞ്ഞിരിക്കുന്നു. ലോകത്തിലെ കള്ളപ്പണം മുഴുവന്‍ കാത്തുസൂക്ഷിക്കുന്നത് സ്വിസ് ബാങ്കുകള്‍. ആ‍ഫ്രിക്കയിലെ ഡിക്ടേറ്റേഴ്സ്, ഇറ്റാലിയന്‍ മാഫിയ, റഷ്യന്‍ ആയുധരാജാക്കള്‍, ഇന്ത്യയിലെ കൈക്കൂലിക്കാര്‍, എന്തിന് ടെറസിസത്തിനാണെന്ന് പറഞ്ഞ് പിരിക്കുന്ന പണം പോലും അമുക്കുന്നവരുടെ ഡിവൈന്‍ അഭയ കേന്ദ്രം. ലോകത്തിലെ ഏറ്റവും വലിയ ആയുധനിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ് സ്വീഡന്‍. മൂന്നാം ലോക രാജ്യങ്ങളെ അടിമുടി ആയുധമണിയിക്കലാണ് സ്വീഡന്റെ താല്‍പ്പര്യം. ആഫ്രിക്കയിലെ ഡിക്ടേറ്റേഴ്സിനു മാത്രമല്ല വലിയ ജനാധിപത്യങ്ങള്‍ക്കും കൈക്കൂലി കൊടുത്ത് അവര്‍ കച്ചവടം നടത്തും. ബോഫോഴ്സ് മറന്നിട്ടില്ലല്ലൊ - മ്മടെ രാജാവ് ഗാന്ധീരെ ആപ്പീസ് പൂട്ടിച്ച തോക്ക്. അവനാള് സ്വീഡിഷാ. എന്തിന്, ഈ ബോഫോഴ്സിന്റെ ഉടമയല്ലാരുന്നോ ആല്‍ഫ്രഡ് നോബെല്‍! ഡൈനാമിറ്റ് കണ്ടുപിടിച്ച മഹാന്‍. അതിന്റെ കുറ്റബോധം കൊണ്ടല്ലിയൊ ഇതിയാന്‍ നോബെല്‍ പ്രൈസ് ഉണ്ടാക്കിയെ! (ടോള്‍സ്റ്റോയിക്കും കസാന്‍സാക്കിസിനും ഗാന്ധിക്കും കൊടുക്കാത്തതുകൊണ്ട്, ഗോള്‍ഡിംഗിനും കിസിഞ്ചര്‍ക്കും കൊടുത്തതുകൊണ്ട്, ഒരു പന്ന പന്ന പ്രൈസ്!). ഇവരാണ് ചേരത്തോലിട്ട പെരുമ്പാമ്പുകള്‍. ശാന്തി വിളയാടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ആല്പ്സിലെ സാനിറ്റോറിയങ്ങള്‍. ആരെയും വിഴുങ്ങും.

അങ്ങനെ ഒരു നാള്‍ നമ്മുടെ കവിയുമെത്തി സ്വീഡനില്‍. സ്റ്റോക് ഹോമിലെ വസന്തം എന്നെങ്ങാന്‍ ഒരു കവിതയും എഴുതി ‘സമര്‍പ്പണം പഴ്സ്ലോനോ ര്‍ക്ലോവ്സിക്കിക്ക്’ എന്ന് ബ്രാക്കറ്റിലെഴുതി നിര്‍ത്തിയിരുന്നേല്‍ സഹിക്കാമായിരുന്നു. നല്ല കവിത മാത്രം എഴുതാനറിയുന്ന ആള്‍, നല്ല കവിത എഴുതാന്‍ മാത്രമറിയുന്ന ആ‍ള്‍ എന്തുചെയ്യുന്നു? പാല്‍പ്പൊടി തീര്‍ന്നു, ടിന്നും തുരുമ്പിച്ചു, എന്നിട്ടും സ്വീഡനിലെ രാഷ്ട്രീയക്കാരെ സ്തുതിച്ച് ഇപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്നു. മന്ത്രി സൈക്കിളില്‍ പോയി, നല്ല റോഡുകള്‍, അഴിമതിയില്ല... ഏതോണ്ടൊരു ജാതി അപ്പൊളിറ്റിക്കല്‍ എന്നാറൈ അച്ചായമ്മാര് നടത്തുന്ന വളിപ്പന്‍ നിരീക്ഷണങ്ങള്‍. അങ്ങേരില്‍ നിന്നായതുകൊണ്ട്, അങ്ങേരുടെ തന്നെ ഭാഷയില്‍ പ് ഫഫ! എന്നാട്ടാന്‍ തോന്നും.

പുള്ളിക്കാടിന് സാഹിത്യത്തിന് നോബെല്‍ പ്രൈസും കിട്ടി സിനിമയില്‍ സൂപ്പര്‍സ്റ്റാറുമായെന്നിരിക്കട്ടെ... അങ്ങേരുടെനെ ഒരു സ്വിസ് ബാങ്കില്‍ അക്കൌണ്ട് തുടങ്ങും. ഹന്ത ഭാഗ്യം ജനാനാം, രണ്ടും സംഭവിച്ചില്ല. ബാലചന്ദ്രനിതെന്തുപറ്റി എന്ന് പെരിങ്ങ്സ് ചോദിക്കുന്നു. ബാലചന്ദ്രനിനി എന്തു പറ്റാന്‍ പെരിങ്ങ്സേ? 56 ശതമാനം ഹിന്ദുക്കളും ബീഫ് തിന്നുന്ന നാട്ടില്‍ കാളയും കാളനും എന്നെല്ലാം എഴുതി ആളുകളെ പ്രകോപ്പിക്കുന്ന കുഞ്ഞു മനുഷ്യരുമായാണ് കൂട്ട്. എന്നാലും എം ടിയെപ്പോലെയായിരുന്നു ബാ‍ലചന്ദ്രന്‍ - നല്ല വായന, എഴുത്തിലും ഭാവത്തിലും അതിന്റെ അഹന്ത തീരെയില്ല താനും. എന്നിട്ട് ഓ. വി. വിജയനെപ്പൊലും വായിച്ചത് ഓര്‍മയില്ലെന്നൊ? ഛായ്! ലജ്ജാവഹം! മരണശേഷമുള്ള കാലസര്‍പ്പം വിഴുങ്ങലിനേക്കാള്‍ പേടിക്കണം ജീവിച്ചിരിക്കെയുള്ള പടിഞ്ഞാറന്‍ പെരുമ്പാമ്പുകളുടെ വിഴുങ്ങലുകളെ എന്ന് കുമരകം രഘുനാഥോ ജോളി ഈശോയോ മറ്റൊ അങ്ങേര്‍ക്ക് പറഞ്ഞുകൊടുത്തിരുന്നെങ്കില്‍!
Related Posts with Thumbnails