Wednesday, December 31, 2008

ഒരു വെൻ ചിത്രം

ഗണം എ: {ആത്മഹത്യാഭ്രമം അഭിനയിച്ച് ആത്മഹത്യ ചെയ്തവരെ അപമാനിക്കുന്ന ചിലർ}

ഗണം ബി: {ഉന്മാ‍ദം നടിച്ച് ഭ്രാന്തന്മാരെ തീട്ടം വാരിയെറിയുന്ന ചിലർ}

ഗണം സി: {ദരിദ്രവാസം മറച്ചുവെയ്ക്കാൻ അരാജകത്വം എടുത്തണിയുന്ന ചിലർ}

ഗണം ഡി: {ഹെർക്കുലീസ് വയറ്റിൽക്കിടക്കെ ഹോർലിക്സ് കുടിയ്ക്കുന്നവനെ പുച്ഛിക്കുന്ന ചിലർ}

ഗണം ഇ: {ആത്മാവിന്റെ വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ നട്ടെല്ലിൽ കൊത്തുന്ന ശില്‍പ്പം നൂറ്റാണ്ടുകളെ അതിജീവിക്കുമെന്ന് വിചാരിക്കുന്ന ചിലർ}


ഗണം എഫ്: {ഞരമ്പുരോഗം തിരിച്ചറിയാതിരിക്കാൻ ആത്മനിന്ദയുടെ രംഗപടം പശ്ചാത്തലമാക്കുന്ന ചിലർ}

എ സംഗമം ബി സംഗമം സി സംഗമം ഡി സംഗമം ഇ സംഗമം എഫ് എന്ന ഗണത്തിന്റെ വെൻ ചിത്രം വരയ്ക്കുമ്പോൾ, നടുവിൽ, പണ്ട് സ്കൂൾ ആനിവേഴ്സറിയ്ക്ക് ഗോപുമേനോന്റെ മകളുടെ ‘മൈലാഞ്ചിക്കാ‍ട്ടില് പാറിപ്പറന്നുവരും’ ഡാൻസ് മുറുകുമ്പോൾ അതിനൊപ്പം വേഗം കൂടുന്ന വർണങ്ങളുടെ കറക്കം പോലെ ഞാനെന്ന കമിലിയോൺ.

Monday, December 29, 2008

ഗ്യാസ് ട്രബ്ൾ


വയറു നിറഞ്ഞവന്റെ വളി വിടലാണ് വേദാന്തം.

Monday, December 22, 2008

കണ്ണൂർ, വിയ്യൂർ, പൂജപ്പുര, ഗൾഫ്


കണ്ണൂർ, വിയ്യൂർ, പൂജപ്പുര എന്നിവിടങ്ങളിലുള്ളതിനേക്കാൾ മലയാളികളുണ്ട് ഗൾഫിൽ.

കഴിഞ്ഞ വർഷം ഇങ്ങനെ ഒരു വാചകം എഴുതുമ്പോൾ എന്റെ ഉപബോധത്തിൽ മണികണ്ഠന്റെ പരോൾ കഥ എന്ന ഉണ്ടായിരുന്നിരിക്കണം.

1999-ൽ അബുദാബിയിലെ സർജുവിന്റെ ഫ്ലാറ്റിൽ വെച്ച് ചാലക്കുടിക്കാരൻ മണികണ്ഠനെ പരിചയപ്പെടാൻ കാരണമായത് 1998-ൽ മണികണ്ഠൻ എഴുതിയ മനോഹരമായ ആ കഥ തന്നെ. പ്രായം കൊണ്ട് എന്നേക്കാൾ ചെറുപ്പമാണെങ്കിലും 1996-ൽ തന്നെ മണികണ്ഠൻ ഗൾഫുകാരനായിരുന്നു, രണ്ടു വർഷം കഴിഞ്ഞ്, 1998 ഡിസംബറിൽ, ഞാനും. [അങ്ങനെ ഇക്കഴിഞ്ഞ ഡിസംബർ 18-ന് ഗൾഫിൽ ദശകം തികച്ചു].

കാണാതായ കഥകൾ എന്നൊരു കഥാസമാഹാരം മൾബെറി പ്രസിദ്ധീകരിച്ചിരുന്നത് ഓർക്കുന്നോ? മൂന്നോ നാലോ നല്ല കഥകളെഴുതി പിന്നെ നിതാന്തമൗനത്തിലാണ്ട എഴുത്തുകാരുടെ കഥകളായിരുന്നു ആ സമാഹാരത്തിലുണ്ടായിരുന്നത്. എഴുതാനൊന്നുമില്ലെങ്കിൽ എഴുതാതിരിക്കുന്നതു തന്നെ ഭംഗി. [പുതുതായൊന്നും എഴുതാനില്ലേൽ എഴുതാതിരിയെട കഴുവേറീ എന്നാണ് പണ്ടത്തെ ഒരു ആത്മാലാപം]. എഴുതാ‍ൻ വേണ്ടി എഴുതിയതും മാസ്റ്റർപീസുകളാക്കിയവർ ബഷീറിനേയും കാരൂരിനേയും പോലെ അതീവ ദുർലഭം.

അല്ലെങ്കിൽ ഏത് കൊലകൊമ്പന്റെയും കൊമ്പിയുടേയും മൊത്തം കഥകൾ എടുത്തുനോക്കൂ – കാലത്തിനെ അതിശയിക്കുന്നവ നാലോ അഞ്ചോ കാണും.

ഒരു പുംബീജം അടുക്കേണ്ട കടവിൽ പതിനായിരങ്ങൾ വന്ന് ആത്മാഹൂതി നടത്തുന്ന പ്രകൃതിയുടെ ധാരാളിത്തം എഴുത്തുകാർക്കും ബാധകം എന്നു കരുതി ക്ഷമിക്കാം.

മണികണ്ഠൻ ഭാഗ്യവശാൽ അത്തരൊരു ക്ഷമാപണം മുന്നോട്ട് നീട്ടുന്നില്ല. കാരണം മണികണ്ഠൻ അധികം എഴുതിയിട്ടില്ല. എഴുതിയ അപൂർവം കഥകളിൽ മുന്നിൽ നിൽക്കുന്നു പരോൾ. പിന്നീട് മണികണ്ഠന്റെ ബ്ലോഗിലും ആ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. കഥ വായിക്കാൻ ഇവിടെ ക്ലിക്കുക.

മറ്റൊരു ബ്ലോഗറായ സനലിന്റെ സംവിധാനത്തിൽ പരോൾ ഇപ്പോൾ ഹ്രസ്വചിത്രമാകുന്നു. കാണാതായ മറ്റൊരു കുട്ടം കഥകളുടെ കൂട്ടത്തിൽ ഈ നല്ല കഥയെ ഭാവിയിൽ തെരയേണ്ടി വരില്ലെന്ന് സാരം. ബ്ലോഗന്നൂരിൽ നിന്ന് മൂന്നാല് പുസ്തകങ്ങളിറങ്ങി. ഒരു പ്രസാധക സംരംഭത്തിനു തന്നെ ബ്ലോഗുലകം ഈയിടെ വഴിതുറന്നു. ഒപ്പമിതാ ബ്ലോഗിൽ നിന്നു തന്നെ ഒരു സിനിമയും.

പലിശയും പറ്റുപടിയും വൈദ്യനും വാടകയും പകുത്തെടുക്കുന്ന ഖേദത്തിന്റെ ഇരുണ്ട ഭൂഖണ്ഡങ്ങളിൽ നിന്ന് സർഗശക്തിയുടെ മറ്റൊരു പരോൾ.

Saturday, December 20, 2008

സമാറയിലെ മീറ്റിംഗ്


മാർക്കറ്റിൽ പോയ ഭൃത്യൻ സാധനങ്ങളൊന്നും വാങ്ങാതെ ഓടിക്കിതച്ച് തിരിച്ചെത്തിയതു കണ്ട് യജമാനന് അത്ഭുതമായി. ഇവനിതെന്തു പറ്റി? എന്തോ കണ്ട് പേടിച്ച പോലുണ്ടല്ലൊ. ശരിയായിരുന്നു. മാർക്കറ്റിന്റെ ആളൊഴിഞ്ഞ കോണിൽ പുറംതിരിഞ്ഞ് ഒരു സ്ത്രീരൂപം ഇരിപ്പുണ്ടായിരുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പു കൊണ്ടാവണം, അവളുടെ മുഖമൊന്ന് കണ്ടിട്ടു തന്നെ ബാക്കികാര്യം എന്നു വിചാരിച്ച് അവൻ അവളുടെ മുന്നിലേയ്ക്കു ചെന്നു. അവൾ തലയുയർത്തി അവനെ നോക്കി. അവൻ ഞെട്ടിത്തരിച്ചുപോയി. അത് മരണമായിരുന്നു. അവന്റെ അടിവസ്ത്രം നനഞ്ഞു. അവിടന്ന് ഓടിത്തുടങ്ങിയതാണവൻ.

യജമാനന് ഭൃത്യന്റെ വിശദീകരണം കേട്ട് ചിരിവന്നു. മരണം സ്ത്രീരൂപത്തിലോ? എന്നാൽ ഭൃത്യനാകട്ടെ ഇനി ഒരു നിമിഷം പോലും ആ നാട്ടിൽ നിൽക്കില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു. അത്രമാത്രം അവൻ ഭയപ്പെട്ടിരിക്കുന്നു.

വളരെക്കാലമായി മിടുക്കനായ ഒരു വേലക്കാ‍രനായി വിശ്വസ്തതയോടെ അവൻ യജമാനനെ സേവിക്കുന്നു. അതിന് പ്രതിഫലമായി യജമാനൻ അവന് ഒരു കുതിരയെ കൊടുത്താൽ മതി. അന്ന് ഇരുട്ടും മുമ്പ് അവനാ കുതിരയേയും പറപ്പിച്ച് സമാറയിലെത്തിക്കോളും.

യജമാനന് അതംഗീകരിയ്ക്കാൻ കഴിഞ്ഞില്ല. കുതിരയെ കൊടുക്കാനുള്ള മടിയോ നല്ലൊരു വേലക്കാരൻ നഷ്ടമാകുന്നതിലെ കുണ്ഠിതമോ ആയിരുന്നില്ല്ല അയാളുടെ പ്രശ്നം. മാർക്കറ്റിൽ വെച്ച് ഒരു സ്ത്രീയെ കണ്ടതിന് ഒളിച്ചോടുകയോ? ഭൃത്യനെ പിന്തിരിപ്പിയ്ക്കാൻ അയാൾ പഠിച്ച പണി പതിനെട്ടും നോക്കി. ഇല്ല, ദൈവത്തിനു പോലും അവനെ പിന്തിരിപ്പിയ്ക്കാനാവില്ലെന്ന് യജമാനന് മനസ്സിലായി. പാവം, അവൻ അത്രമേൽ ഭയപ്പെട്ടു പോയിരുന്നു.

തന്നെ ഇത്രകാലവും വിശ്വസ്തതയോടെ സേവിച്ച ആ ചെറുപ്പക്കാരന് തന്റെ ഏറ്റവും നല്ല കുതിരയെത്തന്നെ യജമാനൻ സമ്മാനിച്ചു. കുതിരയേ കിട്ടേണ്ട താമസം, അവനതിന്റെ പുറത്തു കയറി സമാറയിലേയ്ക്കുള്ള വഴിയിലൂടെ പറപറന്നു.

തന്റെ ഭൃത്യനെ ഭയപ്പെടുത്തി ഓടിച്ച ആ സ്ത്രീയെ ഒന്നു കാണാൻ അയാൾക്ക് കൗതുകമുണ്ടായി. ഭൃത്യൻ സമാറയ്ക്ക് പോയതിനു പിന്നാലെ യജമാനൻ മാർക്കറ്റിലേയ്ക്കു ചെന്നു. ആളൊഴിഞ്ഞ കോണിൽ അതാ പുറംതിരിഞ്ഞ് അവളിരിക്കുന്നു. അയാൾ അവളുടെ അടുത്തേയ്ക്കു ചെന്നു. അവൾ മുഖമുയർത്തി. ഒരു സാധാരണസ്ത്രീ. ഇവളാണോ തന്റെ ധീരനായ ഭൃത്യനെ ഭയപ്പെടുത്തിയത്? അയാൾക്ക് വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല.

"നീയെന്റെ ഭൃത്യനെ ഭയപ്പെടുത്തിയതെന്തിന്?" അയാ‍ളുടെ ചോദ്യത്തിന് ഒട്ടും മയമില്ലായിരുന്നു.

എന്നാൽ വളരെ മൃദുവായിട്ടായിരുന്നു അവളുടെ മറുപടി: "അയ്യോ, ഞാനവനെ പേടിപ്പിച്ചൊന്നുമില്ല. ഇന്നു രാത്രി സമാറയിൽ വെച്ച് എനിയ്ക്ക് കാണാനുള്ള ആ ചെറുപ്പക്കാരൻ ഈ ഉച്ചനേരത്ത് ഇവിടെ എങ്ങനെ വന്നു എന്ന് അത്ഭുതത്തോടെ നോക്കിയതേയുള്ളു ഞാൻ".

Monday, December 15, 2008

ഷൂ കൊണ്ട് വോട്ടു ചെയ്യാവുന്ന ഡെമോക്രസി


ബുഷ് ഇറാ‍ക്കിൽ ഒരു പത്രസമ്മേളനം നടത്തുമ്പോൾ അവിടത്തെ സെക്യൂരിറ്റി ഊഹിക്കാവുന്നതേയുള്ളു. പത്രക്കാരായിരിക്കില്ല, അമേരിക്കൻ പട്ടാളക്കാര് സ്വലേ വേഷം കെട്ടിയതായിരിക്കും അധികവും. ഇനി അഥവാ ഒരു റിയൽ പത്രലേഖകനെ അകത്തുവിടുകയാണെങ്കിൽ അവന്റെ വൻകുടലിലിരിയ്ക്കുന്ന കടുകുകളുടെ എണ്ണവും അവന്റെ മുൻകാല ലേഖനങ്ങളുമെല്ലാം അരിച്ചുപെറുക്കിയേട്ടെ അവനെ അകത്തു കയറ്റൂ. അവന്മാരുടെയൊക്കെ അലിജീയൻസ് ക്ലിയറാണെന്ന് ഉറപ്പുവരുത്തിയ ശേഷമുള്ള ഒരു മോക്ക് ഡ്രില്ലായിരിക്കും മിക്കവാറും അരങ്ങേറുക.

അതേസമയം ബുഷിപ്പോൾ ഇലക്ഷനു നിന്നാൽ, അമേരിക്കയിലാണേല്‍പ്പോലും [കണ്ടത്തിൽക്കാർക്ക് വോട്ടുള്ള വാർഡിലൊഴിച്ച് എവിടെ നിന്നാലും] ആകെ ഒരു വോട്ടേ കിട്ടൂ. ഇനി അഥവാ രണ്ടെണ്ണമെങ്ങാൻ കിട്ടിയാലോ - ഫലമറിഞ്ഞയുടൻ ലാറച്ചേച്ചി അതിയാന്റെ കഴുത്തിനു പിടിച്ച് ഇങ്ങനെ ചോദിക്കും: "ങ്ഹാ, നിങ്ങൾക്കും ആയല്ലെ ഒരു മോണിക്ക. അവളേത്? ഇപ്പം പറയണം അവൾടെ പേര്?"

ബുഷിന്റെ കാര്യങ്ങൾ ഇങ്ങനെ പൊറ്റെക്കാട് പറഞ്ഞപോലെ വെഷമസ്ഥിതിയായിട്ടും നമ്മുടെ മന്മോഹൻ സിംഗ് ആണവക്കരാർ ഒപ്പിടാൻ പോയപ്പോൾ ബുഷിനോട് പറഞ്ഞതെന്താണെന്നോർമയുണ്ടോ? ഇന്ത്യയിലെ ജനങ്ങൾ ബുഷിനെ സ്നേഹിക്കുന്നുണ്ടത്രെ. ഏത് ജനം? അത് പറയാൻ ആരാണ് മന്മോഹൻസിംഗിന് മാൻഡേറ്റ് കൊടുത്തത്? നിഷ്കളങ്കരെ കൊല്ലുന്നതാണ് ഭീകരവാദം എങ്കിൽ ബുഷല്ലെ ഒന്നാം നമ്പർ ടെററിസ്റ്റ്? വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനുണ്ടെന്ന് കള്ളം പറഞ്ഞ് ഇറാക്കിനോട് യുദ്ധം ചെയ്തപ്പോൾ എത്ര നിഷ്കളങ്കർ ചത്തുകാണും?

ബുഷിനെ ഷൂവെറിഞ്ഞ ആ ജേർണലിസ്റ്റും ഒരു കാൽ നക്കി ജേർണലിസ്റ്റായിരിക്കണം. അതാണല്ലൊ ആ വാർത്താ സമ്മേളനത്തിന് അയാൾക്ക് എണ്ട്രി കിട്ടിയത്. പക്ഷേ ചില നിമിഷങ്ങളിൽ മനുഷ്യർക്ക് നട്ടെല്ല് മുളയ്ക്കും. നമ്മുടെ രക്തം യഥാർത്ഥ നമ്മൾക്ക് 'നമ്മളെ' ഒറ്റിക്കൊടുക്കും. ചരിത്രം നമ്മെ ഒരു നിമിഷം ഭ്രാന്തുപിടിപ്പിയ്ക്കും.ആ ഒരു നിമിഷം നമ്മുടെ ഊച്ചാ‍ളി കൈയുടെ പിടി വിട്ട് നമ്മൾ യഥാർത്ഥ നമ്മളാവും.

വി. എസ്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചില അപ്പൊളിറ്റിക്കൽ എന്നാറി അച്ചായന്മാർ, വീയെസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യതകളുടെ ലിസ്റ്റ് പവർപ്പോയന്റാക്കി ഫോർവേഡ് ചെയ്ത് പരിഹസിച്ചത് ഓർക്കുമല്ലൊ. ഈ മന്മോഹനെപ്പോലെ ഹാർവാഡ് എംബീയെ ഉണ്ടായിട്ടെന്തുകാര്യം? അങ്ങേരുടേതാണ് കെങ്കേമം സീവി എന്നും പറഞ്ഞ് വേറെ കുറേ അപ്പൊളിറ്റിക്കൽ പ്രഭൃതികൾ അതും ഫോർവേഡി കളിച്ചു.

ഒരാളുടെ വിദ്യാഭ്യാസയോഗ്യത എന്നു പറയുന്നത് അയാളുടെ വീട്ടിലെ കാശിന്റെ ബലം കൊണ്ട്കൂടി ഉണ്ടാവുന്നതാണ്. അതാണ് വിദ്യാഭ്യാസയോഗ്യതയുടെ രാഷ്ട്രീയം. ഇനി യഥാർത്ഥവിദ്യാഭ്യാസ യോഗ്യത എന്നു പറയുന്നതോ - അത് നട്ടെല്ലില്ലെങ്കിൽ അതുണ്ടാക്കിത്തരുന്നതാകണം, അല്ലാതെ ഉള്ള നട്ടെല്ല് ഉരുക്കിക്കളയുന്നതാകരുത്.

സിംഗിന്റെ ഏറ്റവും പുതിയ പ്രസ്താവനയും ജനാധിപത്യവിരുദ്ധം തന്നെ. ഭീകരവാദികളെ അമർച്ച ചെയ്യുമ്പോൾ ചിലപ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കേണ്ടിവരുമെന്ന്. ഒരു മുങ്കൂർ ജാമ്യം മണക്കുന്നു. ഇന്ത്യയിലെ സെക്യൂരിറ്റി, ഇറാക്കിൽ കാള കളിക്കുന്ന സൈസിലുള്ള അമേരിക്കൻ സ്വകാര്യകമ്പനികൾക്ക് ഏല്‍പ്പിച്ചുകൊടുക്കുമെന്നാണോ ധ്വനി? പോലീസിനേയും സ്വകാര്യവൽക്കരിക്കുമോ? അവർക്കും സെയിത്സ് ടാർഗറ്റ് കൊടുക്കുമോ? കക്കൂസിലും ഒളിക്യാമറകൾ വരുമോ?

എന്തായാലും ബുഷിനെ സമ്മതിക്കണം. അയാൾ ഇതൊക്കെ പ്രതീക്ഷിച്ച് റിഹേഴ്സലെടുത്തിട്ടാണോ ആവോ, മാർഷലിന്റെയും റോബർട്സിന്റെയുമൊക്കെ ബൗൺസറുകൾ വരുമ്പോൾ പണ്ട് ഗവാസ്കറും ചൗഹാനും ഡക്ക് ചെയ്തിരുന്നപോലെ കുനിഞ്ഞുമാറി. സന്ദർഭത്തിനൊത്ത് ഉയരൽ മാത്രമല്ല താഴലുമുണ്ട് എന്ന് ഗവാസ്ക്കറെ ഓർത്ത് എഴുതിയ പഴയ രണ്ടുവരി അങ്ങനെ അറം പറ്റി.

ആ ജേർണലിസ്റ്റിന് മൂന്നു കാലുണ്ടായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചുപോയി. മൂന്നാമതൊരു ഷൂ വരുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലൊ.

ഇനി തന്നെ കാണാൻ വരുന്നത് മന്മോഹൻ സിംഗാണെങ്കിലും നഗ്നപാദനായ് വന്നാൽ മതി എന്ന് ബുഷ് ഓർഡറിറക്കും. മന്മോഹൻസിംഗ് പറയും ഇന്ത്യയിലെ ജനങ്ങൾ കാലു മുറിച്ചു കളഞ്ഞ് മുട്ടിലിഴഞ്ഞ് വരും എന്ന്.

ജനാധിപത്യം ബുഷ്ഷോ മന്മോഹനോ പിടിച്ചിടത്ത് കെട്ടാവുന്ന കോവർകഴുതയാവുകയില്ല എല്ലായ്പ്പോഴും. വോട്ടു ചെയ്ത് അധികം പരിചയമില്ലാത്ത ആളുകൾ ചിലപ്പോൾ ഷൂ കൊണ്ടും വോട്ട് ചെയ്തെന്നു വരും. രണ്ടു പ്രാവശ്യം നിങ്ങൾ കുനിഞ്ഞുമാറുമായിരിക്കും. ആർക്കറിയാം, സഹിച്ചു സഹിച്ചു മടുക്കുമ്പോൾ എപ്പോളാണ് മനുഷ്യർക്ക് മൂന്നാമതൊരു കാല് മുളച്ചുവരിക എന്ന്?

Thursday, December 11, 2008

ആത്മകഥകൾ - എന്റെയും അവരുടേയും

ആത്മകഥകൾ അമിതമായി വായിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒരു തരം മനോരോഗമാണ്. എന്റെ ആ രോഗാവസ്ഥയാകട്ടെ ഗുരുതരവുമാണ്. [അരോഗാവസ്ഥ എന്നു വായിക്കല്ലെ. 'ആ' കഴിഞ്ഞിട്ട് സ് പെയ്സുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളം വാക്കാണ് 'ആ'. This/that എന്നർത്ഥം. വംശനാശം നേരിടുന്ന വാക്കാണ് 'ആ'. അതിന്റെ കടുത്ത ആരാധകനായ ഞാൻ പോലും അത് കുറേക്കാലമായി ഉപയോഗിക്കാറില്ല. ഈയിടെ വായിച്ച മുണ്ടശ്ശേരിയുടെ ആത്മകഥയിൽ - കൊഴിഞ്ഞ ഇലകള്‍ - ഡാൽമേഷ്യന്റെ കുത്തുകൾ പോലെ, ബർഗറിലെ വെളുത്ത എള്ളിന്മണികൾ പോലെ, തൂവിപ്പരന്നു കിടക്കുന്ന ആകളെ കണ്ടപ്പോൾ, സന്തോഷമായി, വീണ്ടും ഉപയോഗിക്കാൻ കോൺഫിഡൻസായി].

പറഞ്ഞുവന്നത് മനോരോഗത്തെപ്പറ്റിയാണല്ലൊ. എന്റെ രോഗത്തിന്റെ വിശദാംശങ്ങളുംകൊണ്ട് ചെന്നാൽ പി. എം. മാത്യു വെല്ലൂരുപോലും ഹോപ്.ലെസ്സ് കേസായി എന്നെ മടക്കും. ഫ്രോയിഡ് ഉണ്ടായിരുന്നെങ്കിൽ എന്നെ കേസ് സ്റ്റഡിയാക്കും. മറ്റുള്ളവന്റെ സ്വകാര്യതകൾ പറഞ്ഞു നടക്കുന്നതിനേക്കാൾ മോശമാണ് രഹസ്യമായി അവ അറിയാനാഗ്രഹിക്കുന്നതും അറിയുന്നതും. മഹാന്മാരുടെ ആത്മകഥകൾ കയ്യിൽ ഒത്തുകിട്ടിയാൽ അവ വായിക്കുന്നവരെയും ഞാൻ കിടക്കുന്ന ആശുപത്രിയിൽ കിടത്തണമെന്നല്ല പറഞ്ഞുവരുന്നത്. ഉദാഹരണത്തിന് ഇംഗ്ലീഷിലും മലയാളത്തിലുമായി എത്ര തവണ ഗാന്ധിജിയുടെ ആത്മകഥാപുസ്തകം - My Experiments with Truth - എന്റെ കയ്യിൽ വന്നു. ഞാൻ ആ ഓരോ കോപ്പിയും ഒന്ന് മറിച്ചു നോക്കിയതേയുള്ളു, വായിച്ചില്ല.

ഇക്കഴിഞ്ഞയാഴ്ചയും സമ്മാനമായി കിട്ടി ഒരു ഹാർഡ് ബൗണ്ട് സത്യാന്വേഷണ പരീക്ഷ. സാക്ഷാൽ ജോർജ് ഇരുമ്പയത്തിന്റെ പരിഭാഷ. [ഞാൻ മഹാരാജാസിൽ പഠിയ്ക്കുന്ന കാലത്തൊരിയ്ക്കൽ മലയാളം ഡിപ്പാർട്ട്മെന്റ് ഹെഡ്ഡായിരുന്നു ഡോ. ജോർജ് ഇരുമ്പയം. തികഞ്ഞ അക്കാദമിക്. ബി.എസ്.സി ഫിസിക്സ് ഒന്നാം ക്ലാസിൽ പാസ്സായിട്ടും പീജിയ്ക്ക് മലയാളത്തിനു ചേർന്ന എന്റെ ചങ്ങാതി കട്ടപ്പനക്കാരൻ ഏബ്രഹാം മാത്യു എന്ന അവറാച്ചന്റെ ക്ലാസിലൊരിയ്ക്കാൽ ഇരുമ്പയം സാറ് ചൂടായി. പിള്ളേരൊന്നും സാറിന്റെ ക്ലാസ് ശ്രദ്ധിയ്ക്കുന്നില്ലപോലും. എംടിയുടെ ഏതോ നോവലായിരുന്നു സാറ് പഠിപ്പിച്ചുകൊണ്ടിരുന്നത്. ദേഷ്യം സഹിയ്ക്കവയ്യാതെ സാറ് ഏബ്രാഹിമിനെ നോക്കി ഇങ്ങനെ അലറി: "എംടിയുടെ കഥാപാത്രങ്ങളുടെ പ്രത്യേകതയെന്താണെന്ന് പറയെടോ". ഫിസിക്സുകാരനും കുരുമുളകുവിലമാത്രംനോക്കിയുമായ ഒരു കെഴക്കൻ അച്ചായൻ എന്നാ പറയാനാ എന്നായിരിക്കണം ഇരുമ്പയൻ ഓർത്തത്. "സാർ, M. T.-യുടെ കഥാപാത്രങ്ങൾക്കൊന്നും തന്തയില്ല സർ" , അച്ചായന്റെ തകർപ്പൻ മറുപടി സാറിന്റെ മിണ്ടാട്ടം മുട്ടിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ.

അവറാച്ചൻ അതു പറഞ്ഞപ്പോൾ ഞാനവന് കവി ലോഡ് ബൈറന്റെ കഥ പറഞ്ഞുകൊടുത്തു. അഞ്ചാം ക്ലാസിലോ മറ്റോ പഠിയ്ക്കുമ്പോൾ മഹാവികൃതിയായിരുന്നത്രെ Byron. സാറ് ക്ലാസിലുണ്ടെങ്കിലും വായ അടയ്ക്കുന്ന പരിപാടിയില്ല. ഒരു ദിവസം ഒരു സാറിന് പകരം വന്ന മറ്റൊരു സാറ്, ബൈറന്റേയും കൂട്ടുകാരുടെയും വായിട്ടലയ്ക്കലിൽ പൊറുതി മുട്ടി ഒടുക്കം ഒരു ഉപായം കണ്ടുപിടിച്ചു. ബൈറന് കവിത അന്നേ വീക്ക്നെസ്സാണെന്നറിയാമായിരുന്ന ആ അധ്യാപകൻ കവിത എഴുതാൻ ഒരു വിഷയമിട്ടുകൊടുത്തു. എല്ലാവരും ഒരു കവിത എഴുതിനെടാ എന്നു പറഞ്ഞ് ഇനി കുറേ നേരത്തേയ്ക്ക് ബൈറനേതാവും കൂട്ടരും മിണ്ടാതിരിയ്ക്കുമല്ലോ എന്നു കൊതിച്ച് അങ്ങേര് ഒന്നുറങ്ങാൻ കിടന്നു. കാനായിലെ കല്യാണമായിരുന്നു അദ്ദേഹം കൊടുത്ത കവിതാവിഷയം. വിഷയം കൊടുത്ത് അദ്ദേഹം ഉറങ്ങാൻ കിടന്നില്ല, അപ്പോഴേയ്ക്കും കുഞ്ഞുബൈറന്റെ ബഹളം പിന്നെയും കേട്ടു തുടങ്ങി. "കവിതയെഴുതാനല്ലേടാ നിന്നോട് പറഞ്ഞേ" എന്നു പറഞ്ഞ് അദ്ദേഹം ചൂരൽ വീശി ഓടിച്ചെന്നു. "കവിതയെഴുതിക്കഴിഞ്ഞു സാർ" കണ്ണുകളിൽ ഒരു കുസൃതിച്ചിരിയോടെ കുഞ്ഞുബൈറൺ കമഴ്ത്തി വെച്ചിരുന്ന നോട്ടുപുസ്തകം നീട്ടി. അതിൽ ഒരു വരി മഹാകവിതയുണ്ടായിരുന്നു. "When water saw it's Lord, it blushed!". "വെള്ളം അതിന്റെ നാഥനെ കണ്ടപ്പോൾ അത് തുടുത്തുപോയി" എന്ന്. കാനായിലെ കല്യാണവേദിയിൽ വെച്ച് കർത്താവ് ഈശോ മിശിഹാ വെള്ളം വീഞ്ഞാക്കിയതിനേക്കാൾ വലിയ മാജിക്കായിരുന്നു കുഞ്ഞുബൈറൺ കാഴ്ച വെച്ചത്.

നമ്മുടെ അവറാച്ചനും മോശമായില്ല. എം. എം. മലയാളം ഒന്നാം ക്ലാസിൽ പാസായി. പിന്നെ ഒറ്റച്ചാൻസിന് സി. എ. എഴുതിയെടുത്തു. ഒരു സിയേക്കാരിയെ കെട്ടി. കുറച്ചുനാൾ എറണാ‍കുളത്ത് പ്രാക്റ്റീസ് ചെയ്ത് 'ഗൾഫിനു' വന്നു. കുറച്ചു നാൾ ദുബായിൽ ജോലി 'ചെയ്തേച്ചും' അമേരിക്കയില്‍പ്പോയി താമസിച്ച് സി.പി.എ. എടുത്തു. യു.എ.ഇ.യിൽ തിരികെ വന്ന്, ഇപ്പോൾ ഷാർജയിൽ ഷെയ്ക്ക് കുടുംബത്തില്‍പ്പെട്ട ഒരു ഗ്രൂപ്പിന്റെ ഫിനാൻസ് ഹെഡ്ഡായി വിലസുന്നു]

ഞാൻ മഹാന്മാരുടെ ആത്മകഥകൾ വായിച്ചിട്ടില്ല എന്നൊന്നും പറയുന്നില്ല. സത്യം പറഞ്ഞാൽ വലിയ, നല്ല മനുഷ്യരുടെ ആത്മകഥകളാണ് വായിച്ചിട്ടുള്ളവയിൽ ഏറെയും. വലിയ മനുഷ്യന്മാരും ചിലപ്പോൾ ചെറിയ കാര്യങ്ങളും ക്രിമിനൽ ആക്റ്റുകളും ചെയ്യുമെന്നും ആത്മകഥകളിലൂടെയെങ്കിലും അവയെല്ലാം അറിയാമെന്നും അങ്ങനെ ആശ്വസിയ്ക്കാമെന്നുമായിരിക്കണം എന്നേപ്പോലുള്ളവരുടെ പ്രതീക്ഷകൾ.

എങ്കിലും ചില ആത്മകഥകൾ പ്രതിപാദ്യവിഷയങ്ങൾ കൊണ്ടോ കണ്ണുകളീറനാക്കുന്ന ആത്മാർത്ഥതകൊണ്ടോ രചനാസൗഭഗം കൊണ്ടോ എന്റെ പ്രാഥമികമായ ഉപബോധ വായാനോദ്ദേശങ്ങളെ വിസ്മരിപ്പിച്ചുകളഞ്ഞിട്ടുണ്ട്.

അക്കൂട്ടത്തിലെ ചിലത് ഇതാ. ഇഷ്ടമോ മികവ് പ്രകാരമോ അല്ല നമ്പറിംഗ്. ഓർമ വരുന്ന ക്രമത്തിൽ നിരത്തുന്നു എന്ന് മാത്രം.

1. ചാർളി ചാപ്ലിന്റെ ആത്മകഥ [ഇംഗ്ലീഷാണ് വായിച്ചത്, വായിക്കേണ്ടത് - My Autobiography]
2. കസാന്ദ്സാകിസിന്റെ 'Report to Greco'
3. പി. കുഞ്ഞിരാമൻ നായരുടെ 'കവിയുടെ കാല്‍പ്പാടുകൾ' [അതിനു മുമ്പും പിമ്പും പി. വേറെ രണ്ട് ആത്മകഥകൾ എഴുതിയിട്ടുണ്ട്. മനോരമ വാരികയിൽ വന്ന നിത്യകന്യകയെത്തേടി, എന്നെ തിരയുന്ന ഞാൻ എന്നിവ.]
4. ചെറുകാട് ഗോവിന്ദപ്പിഷാരടിയുടെ ജീവിതപ്പാത
5. മുണ്ടശ്ശേരിയുടെ കൊഴിഞ്ഞ ഇലകൾ
6. Pablo Neruda - Memoirs 7. ഫാദർ വടക്കന്റെ 'എന്റെ കുതിപ്പും കിതപ്പും'
8. ക്രൈമിൽ പ്രസിദ്ധീകരിച്ച, നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന കോട്ടയം ശാന്തയുടെ ആത്മകഥാ ഖണ്ഡങ്ങൾ.
9. മാധവിക്കുട്ടിയുടെ/Kamala Dasന്റെ എന്റെ കഥ, My Story [രണ്ടും ഒന്നാന്തരം, തമ്മിൽ വലിയ ബന്ധമൊന്നുമില്ലെങ്കിലും]
10. നളിനി ജമീല [ഓതെന്റിക് എന്നു പറഞ്ഞിറങ്ങിയ രണ്ടാമത്തേത് വായിച്ചിട്ടില്ല]
11. എസ്. ഗുപ്തൻ നായരുടെ 'മനസാസ്മരാമി'
12. ടി. ജെ. എസ്. ജോർജിന്റെ 'ഘോഷയാത്ര' ['ഞാൻ' ഏറ്റവും കുറവുള്ള, അല്ലെങ്കിൽ തീരെയില്ലാത്ത, ഏത് ലോകഭാഷയിലും എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്].
13. നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന എം. ഒ. മത്തായിയുടെ 'Reminiscences of Nehru Age'
14.സുൾഫിക്കർ അലി ഭൂട്ടോയുടെ 'If I am Assassinated'
15. കവിയും പത്രപ്രവർത്തകനുമായിരുന്ന Dom Moraesന്റെ My Father's Son [ഇതിന്റെ രണ്ടാം ഭാഗം - My Son's Father - വായിക്കാൻ കിട്ടിയിട്ടില്ല.]
16. ബഷീറിന്റെ 'അനുരാഗത്തിന്റെ ദിനങ്ങൾ'
17. മനോരമ വാരികയിൽ വന്ന നടി മല്ലികയുടെ സ്മരണകൾ
18. അജിതയുടെ ഓർമക്കുറിപ്പുകൾ
19. Mussoliniയുടെ My Autobiography
20. അമർത്യാനന്ദയുടെ അർധവിരാമം
21. എം. കെ. കെ. നായരുടെ ആരോടും പരിഭവമില്ലാതെ
22. Lee Iacocca's An Autobiography
23. മലയാറ്റൂരിന്റെ സർവീസ് സ്റ്റോറി, ഓർമകളുടെ ആൽബം
24. സി. ആർ. ഓമനക്കുട്ടന്റെ 1) നീ സത്യം, ജ്ഞാനം, ആനന്ദം 2) നിറം പിടിപ്പിയ്ക്കാത്ത നേരുകൾ
25. ബാലചന്ദ്രൻ ചുള്ളിക്കാട് - ചിദംബരസ്മരണ
26. ശ്രീബാല കെ. മേനോൻ - 19, കനാൽ റോഡ്
27. പ്രിയ എ. എസ്. - കഥബാക്കി, ഒഴുക്കിൽ ഒരില, മായക്കാഴ്ചകൾ
28. സുഭാഷ് ചന്ദ്രൻ - മധ്യേയിങ്ങനെ
29. Aubrey Menen - A Space within the Heart [സുന്ദറിന്റെ പരിഭാഷയാണ് വായിച്ചത് - ഹൃദയത്തിനുള്ളിലെ ഒരിടം]]


ആത്മകഥകളുടെ തന്നെ കൂട്ടത്തിലാണ് റോസി തോമസ്, രാധാലക്ഷ്മി പത്മരാജൻ, സീതാലക്ഷ്മി ദേവ്, പ്രഭാ നാരായണപിള്ള, പാർവതി പവനൻ, വയലാറിന്റെ ഭാരതിത്തമ്പുരാട്ടി എന്നിവരുടെ സ്മരണകളേയും ഞാൻ കൂട്ടിയത്.


ഈ പുസ്തകങ്ങളും ഇവ എഴുതിയവരുമൊമൊക്കെ ഇങ്ങനെ ഗ്രേറ്റും ഗ്രേറ്റസ്റ്റുമൊക്കെയാണെങ്കിലും എന്റെ വായനകളോ - വെറും അരാഷ്ട്രീയനായ ഒരു വളിവയറൻ നായരുടെ വായനകൾ. നമ്മൾ ഒരു പുസ്തകവും വായിക്കുന്നില്ല, പുസ്തകങ്ങൾ നമ്മളെ വായിക്കുന്നതേയുള്ളു എന്ന് ആവർത്തിച്ചോട്ടെ ഞാൻ?

ഇതൊക്കെയാണെങ്കിലും എന്റെ ഫേവറിറ്റ് ആത്മകഥ ഇതൊന്നുമല്ല കെട്ടൊ. അത് പരസ്യവ്യവസായത്തിന്റെ പിതാവായ Claude Hopkins-ന്റെ മൈ ലൈഫ് ഇൻ അഡ്വർടൈസിംഗ് എന്ന ചെറിയ ആത്മകഥാപുസ്തകമാണ്. എന്നു വായിക്കുമ്പോൾ 'ഓ, അതിയാള് ജോലി ചെയ്യുന്ന ഫീൽഡിലുള്ള ഒരാളുടെ ആത്മകഥയായതുകൊണ്ടാവും' എന്ന് വിധിയ്ക്കാൻ വരട്ടെ. ആധുനിക പരസ്യവ്യവസായത്തിന്റെ തലതൊട്ടപ്പൻ എന്നുവിളിക്കാവുന്ന ഡേവിഡ് ഒഗില്വി അദ്ദേഹത്തിന്റെ Ogilvy on Advertising എന്ന മോഡേൺ ക്ലാസിക്കിൽ പറയുന്നത് ഹോപ് കിൻസിന്റെ സയന്റിഫിക് അഡ്വർടൈസിംഗ് എന്ന കിത്താബ് ഏഴു വട്ടം വായിക്കാതെ നിങ്ങൾ ഒരു അഡ്വർടൈസിംഗ് ഏജൻസിയിൽ പ്യൂണിന്റെ പണി പോലും ചെയ്യാൻപോകരുതെന്നാണ്. അങ്ങനെയുള്ള ഒരാളുടെ ആത്മകഥയാണ് My Life in Advertising എന്നു പറയുമ്പോൾ അതിൽ മുഴുവൻ അഡ്വർടൈസിംഗായിരിക്കും എന്ന് ഊഹിച്ചെങ്കിൽ തെറ്റി. ആത്മാവിന്റെ അടിത്തട്ട് കാണാവുന്ന ഹ്യുമിലിറ്റിയാണ് ഹോപ്കിൻസിന്റെ ആത്മകഥയുടെ ജീവൻ. പിന്നെ ഒരു പരസ്യമെഴുത്തുകാരന് മാത്രം വശമുള്ള വശീകരണശക്തിയും.

ആദ്യവാചകം കേൾക്കൂ: "എന്റെ ജീവിതത്തിലെ പ്രധാനസംഭവം നടക്കുന്നത് ഞാൻ ജനിക്കുന്നതിന് ഒരു വർഷം മുമ്പാണ് - എന്റെ അമ്മയായി ഒരു സ്കോട്ടിഷ് സ്ത്രീയെ എന്റെ അച്ഛൻ തെരഞ്ഞെടുത്തു."

പിന്നെ നിങ്ങൾ ആ പുസ്തകം നിലത്തുവെയ്ക്കില്ല. വീടുകൾ കയറിയിറങ്ങി സാധനങ്ങൾ വിൽക്കലായിരുന്നു ക്ലോഡിന്റെ ആദ്യകാല ജോലി. പരസ്യമെഴുതാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇത്തരം നേരിട്ടുള്ള വില്‍പ്പന നടത്തി അടിസ്ഥാന പരിചയമാർജിച്ചിരിക്കണമെന്ന് ക്ലോഡ് നിഷ്കർഷിക്കുന്നു. മറ്റൊരു രസകരമായ കാര്യമുണ്ട് - ക്ലോഡ് ഒരിയ്ക്കലും പണക്കാർക്കുവേണ്ടിയുള്ള ഉത്പ്പന്നങ്ങൾക്കുവേണ്ടി പരസ്യവാചകങ്ങൾ എഴുതിയില്ല. അവയോട് പുച്ഛമോ അസൂയയോ ഒന്നുമുണ്ടായിട്ടല്ല. പിന്നെ? “ഞാനൊരു പണക്കാരനായിരുന്നിട്ടില്ല. അതുകൊണ്ട് അവരുടെ മനോനില ഒരിയ്ക്കലും എനിയ്ക്കറിയില്ല. എനിയ്ക്കറിയാത്ത കാര്യത്തെപ്പറ്റി ഞാൻ എഴുതുകയില്ല” എന്നാണ് ക്ലോഡ് എഴുതുന്നത്.

മറ്റൊരു സുന്ദരൻ വാചകവും ഓർമയിൽ തിളങ്ങുന്നു: When you are going up, nothing is a hardship. ആദ്യകാല കഷ്ടപ്പാടുകളെപ്പറ്റി പറയുന്നിടത്താണ് അത്. ആദ്യമായി വായിച്ചപ്പോൾ, ആ വാചകം വായിച്ച്, പുസ്തകം ഒരു മിനിറ്റ് അടച്ചുവെച്ച് “When you are coming down, say from the comforts of a five star hotel to a three star hotel, everything will be hardships എന്ന് ആലോചിച്ചതുമോർക്കുന്നു.

ജനാർദ്ദനക്കുറുപ്പ് [എന്റെ ജീവിതം], പുനത്തിൽ കുഞ്ഞബ്ദുള്ള [നഷ്ടജാതകം], സി. കേശവൻ [ജീവിതസമരം], Sony സ്ഥാപകൻ Akio Morita [Made in Japan] എന്നിവരുടെ ആത്മകഥകൾ വായിക്കാൻ എടുത്തുവെച്ചിരിക്കുന്നു.

വായിക്കാൻ ആഗ്രഹിക്കുന്ന ആത്മകഥകൾ 1) ഏ. പി. ഉദയഭാനു - എന്റെ കഥയും അല്‍പ്പം 2) കേശദേവിന്റെ എതിർപ്പ് [ദേവിന്റെ ഒരു രണ്ടാം ആത്മകഥ കയ്യിലുണ്ട്] 3) My Story - Marilyn Monroe 4) കമ്മ്യൂണിസ്റ്റ് നേതാവ് കെ. സി. ജോജ്ര് 5) നെഹ്രു 6) കുമ്പളത്ത് ശങ്കുപ്പിള്ള, 7) തിക്കോടിയൻ 8) വി. ടി. ഭട്ടതിരിപ്പാട് 9) എൻ. എൻ. പിള്ള 10) ഹിറ്റ് ലർ - Mein Kampf 11) ബർഗ്മാൻ [Magic Lantern] 12) ജസ്റ്റിസ് കെ. ടി. തോമസ് 13) മാർകേസിന്റെ Living to Tell the Tale 14) തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ 15) കെ. പി. കേശവമേനോന്റെ കഴിഞ്ഞ കാലം 16) ഡി. ബാബു പോളിന്റെ കഥ ഇതുവരെ 17) സ്വദേശാഭിമാനിയുടെ എന്റെ നാടുകടത്തൽ, 18)കല്യാണിക്കുട്ടിഅമ്മയുടെ വ്യാഴവട്ടസ്മരണകൾ 19) Paramhansa Yogananda-യുടെ Autobiography of a Yogi

എഴുതപ്പെടാൻ ആഗ്രഹിക്കുന്ന ആത്മകഥകളുടെ കൂട്ടത്തിൽ എം.ടി. വാസുദേവൻ നായരുടെ ആത്മകഥയാണ് മുന്നിൽ; തൊട്ടുപിന്നാലെയുണ്ട് ഉജാല രാമചന്ദ്രന്റെ ആത്മകഥ. എഴുതപ്പെട്ടിരുന്നെങ്കിൽ എന്ന് വ്യാമോഹിക്കുന്നവയിൽ ആദ്യത്തേത് സഖാവ് ആർ. സുഗതന്റെയും രണ്ടാമത്തേത് നരേന്ദ്രപ്രസാദിന്റേതും.

ഒരു കാലത്ത് ഗാന്ധിജിയുടെ ആത്മകഥയും ഞാൻ വായിക്കുമായിരിക്കും. തീർച്ചയായും അതർഹിയ്ക്കുന്ന വായന എനിയ്ക്ക് കൊടുക്കാൻ പറ്റുമെന്നോ അത് വായിയ്ക്കാൻ ഞാനർഹനായി എന്നോ ആയിരിക്കില്ല അപ്പോൾ അതിന്റെ അർത്ഥം.

അനുബന്ധം:

എഴുത്തുകാരല്ലാത്തവർ - അവർ സെലിബ്രിറ്റികളായാലും മീൻകച്ചവടക്കാരായാലും - മികച്ച ആത്മകഥകൾ എഴുതുമെന്ന് പ്രതീക്ഷിക്കുക വയ്യ. അതുകൊണ്ട് അത്തരം ആത്മകഥകൾക്കു പിന്നിൽ മറ്റുള്ളവരുടെ കറുത്തതോ ഇരുനിറമുള്ളതോ വെളുത്തതോ ആയ കരങ്ങൾ പ്രവർത്തിക്കുക സ്വാഭാവികം. നളിനി ജമീലയുടേതടക്കം അങ്ങനെ സംഭവിച്ചതും വിവാദമായതുമാണല്ലൊ. ഇയാക്കോക്കയുടെ പ്രസിദ്ധ ആത്മകഥയുടെ ചട്ടയിൽത്തന്നെ സഹ-എഴുത്തുകാരന്റെ പേരുണ്ട്: വില്ല്യം നൊവാക്. പാശ്ചാത്യരാജ്യങ്ങളിൽ ആ പതിവ് അവർ നിലനിർത്തുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ആ മര്യാദ പല കാരണങ്ങളാൽ പുലർന്നു കണ്ടിട്ടില്ല. നമ്മുടെ ആത്മകഥാശേഖരത്തിലെ മാസ്റ്റർപീസുകളിലൊന്നായ സി. കേശവന്റെ ജീവിതസമരം അദ്ദേഹത്തിന്റെ മകൻ കെ. ബാലകൃഷ്ണനും മയ്യനാട് കെ. ദാമോദരനും ചേർന്ന് ഗോസ്റ്റ് റൈറ്റ് ചെയ്തതാണെന്ന് അന്നേ കേട്ടിരുന്നു. ഹാസ്യനടൻ എസ്. പി. പിള്ളയുടെ ആത്മകഥ ജനയുഗത്തിൽ ഖണ്ഡ:ശ്ശ വന്ന കാലത്ത് സൂപ്പർഹിറ്റായിരുന്നു. എന്നാൽ പിള്ളയാശാൻ അത് പുസ്തകരൂപമാക്കാൻ ചെന്നപ്പോളേയ്ക്കും ഗോസ്റ്റ് റൈറ്റർ അതിന്റെ റോയൽറ്റി മറ്റാർക്കോ വിറ്റ് പുട്ടടിച്ചിരുന്നു.

ഏകെജിയുടെ ആത്മകഥ മറ്റൊരു രൂപത്തിൽ ഇംഗ്ലീഷിലായിരുന്നു ആദ്യം ഇറങ്ങിയത്. മലയാളത്തിൽ വന്നത് പരിഭാഷയായിരുന്നു. രണ്ടും ഏകെജി എഴുതിയതാകാൻ തരമില്ല. അതൊരു കുറവുമല്ല. എങ്കിലും പേനയുന്തിയവരുടെ പേരുകൾ കാണാൻ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെ.

ഇപ്പോൾ ചെറിയ ആത്മകഥകളുടേയും [ഒരനുകാലികത്തിന്റെ ഒറ്റലക്കത്തിൽ തീരുന്നവ] പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആത്മകഥകളുടേയും കാലമാ‍ണല്ലൊ. ഇതിൽ അമ്പലവാസികൾ, കഥകളികലാകാരന്മാർ തുടങ്ങിയ സവർണ വിഷയികളുടെ കാര്യത്തിൽ എൻ. പി. വിജയകൃഷ്ണൻ തുടങ്ങിയവർ സ്പെഷലൈസ് ചെയ്യുമ്പോൾ വീട്ടുവേല, മീൻ കച്ചവടം, മോഷണം, മനോവിഭ്രാന്തി തുടങ്ങിയ പാർശ്വവത്കൃതമേഖലകളിൽ താഹാ മാടായി, വി. കെ. ശ്രീരാമൻ എന്നിവർ മിടുക്കു കാണിയ്ക്കുന്നു.

ഭാഷാപോഷിണിയുടെ എഴുത്തുകാരന്റെ ദേശം എന്ന സീരിസിൽ നമ്മുടെ പല ജയന്റ്സും എഴുതിയത് മനോഹരമായ ആത്മകഥാചുരുക്കങ്ങളായിപ്പോയതും ഓർക്കുക. അക്കൂട്ടത്തിൽ എന്നെ ആകർഷിച്ചത് സച്ചിദാനന്ദൻ, ആറ്റൂർ, സേതു എന്നിവരുടേതും കവിത കൊണ്ട് ഒരിയ്ക്കലും എന്നെ ആകർഷിയ്ക്കാത്ത എ. അയ്യപ്പന്റേതും. [ആരാന്റമ്മയ്ക്ക് പ്രാന്തുപിടിയ്ക്കുമ്പോൾ കാണാൻ നല്ല ചേല്!].

വലിയ ആത്മകഥ എഴുതാൻ മടിച്ചിട്ടോ എഴുതാൻ വലിയ കഥകൾ ഇല്ലാഞ്ഞിട്ടോ അപ്പപ്പോളത്തെ സാമ്പത്തിക ആവശ്യങ്ങൾക്കോ വേണ്ടി ചെറിയ ഉപ-ആത്മകഥകളോ ആത്മകഥാകുറിപ്പുകളോ അനുഭവങ്ങളോ ഓർമകളോ എഴുതപ്പെട്ടതും നമ്മുടെ ഭാഷയിൽ ധാരാളം. പ്രതിഭയോ അനുഭവങ്ങളോ ഉള്ളവർ എന്തെഴുതിയാലും അതിലെല്ലാം അവരുടെ ഒപ്പുകൾ വീഴും. പി.യുടെ നിത്യകന്യകയെത്തേടി എന്ന ഒന്നാം ആത്മകഥ മനോരമ ആഴ്ചപ്പതിപ്പിലാണ് സീരിയലൈസ് ചെയ്തതെന്നോർക്കുക. മനോരമയുടെ തെക്കൻ വായനക്കാർ അതിൽ പ്രതീക്ഷിച്ചത് വള്ളുവനാടൻ പെണ്ണുങ്ങളുമായുള്ള പി.യുടെ വേഴ്ചകളുടെ വിശദാംശങ്ങളാണ്. അന്ന് മനോരമയിൽ വന്നിരുന്ന നീണ്ടകഥകളെ മാതൃകയാക്കൂ എന്നായിരുന്നു സർക്കുലേഷൻ മാനേജരിൽ നിന്നു കിട്ടിയ സമ്മർദ്ദം. പി പരാജയപ്പെട്ടെന്ന് പറയേണ്ടതില്ലല്ലൊ. അങ്ങനെ മലയാള ഗദ്യത്തിന് ഒരു കാവ്യപുസ്തകം കൂടി സ്വന്തമാ‍യി.

എന്റെ കഥ കള്ളമായിരുന്നെന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞു. പിന്നീട് വന്നതാണ് നീർമാതളം പൂത്ത കാലം തുടങ്ങിയവ. ക്രിയേറ്റീവ് റൈറ്റിംഗ് ഉണ്ടാകാതിരിയ്ക്കുമ്പോൾ ക്രിയേറ്റീവ് റൈറ്റേഴ്സിന് എളുപ്പം ചെയ്യാവുന്ന പണിയായി ആത്മകഥാകുറിപ്പുകളെഴുതൽ. അത്തരമൊരു റൈറ്റേഴ്സ്-ബ്ലോക്ക്-ഇടവേളയിൽ ക്രിയേറ്റീവ് പ്രതിഭ, അനുഭവസമ്പത്ത്, കവിത തോൽക്കുന്ന ഗദ്യം എന്നിവ ചേർന്നപ്പോൾ ഉണ്ടായ മാസ്റ്റർപീസാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ. പ്രിയ എ. എസിന്റേതായി മൂന്ന് സമാഹാരങ്ങളാണ് ഇത്തരം കുറിപ്പുകളുടേതായി വന്നത്. മൂന്നും പോപ്പുലറായി. സുഭാഷ് ചന്ദ്രന്റെ മധ്യേയിങ്ങനെ എന്ന പുസ്തകത്തിന്റെ ഒരു ഭാഗത്തെ ഉപതലക്കെട്ടു തന്നെ ആത്മം എന്നാണ്. ഇക്കൂട്ടത്തിൽ വന്ന ശ്രീബാല കെ. മേനോന്റെ 19 കനാൽ റോഡും ഹൈലി റീഡബ് ൾ തന്നെ. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ പുതിയ ആത്മകഥകളൊക്കെയും ഇങ്ങനെ ചുരുങ്ങിപ്പോകുന്നു. എന്നേപ്പോലുള്ള മനോരോഗികളെ കിടത്തി ചികിത്സിപ്പിയ്ക്കേണ്ട പൂങ്കുടിൽ മനകളുടെ സ്ഥാനത്ത് ബ്ലിസ്റ്റർ പാക്കിൽ മാനസമിത്രം ചതുരഗുളികയായി കിട്ടുന്ന സൂപ്പർമാർക്കറ്റുകൾ ഉയരുന്നു.

എന്റെ സുഹൃത്തുക്കളായ ജോർജ് ജോസഫ് കെ.യും ലത്തീഫ് മമ്മിയൂരും അവരുടെ ഓരോ കഥാസമാഹാ‍രങ്ങൾക്ക് ആമുഖമായെഴുതിയ ആത്മകഥാകുറിപ്പുകളാണ് അവരുടെ കഥകളേക്കാൾ എനിക്ക് പ്രിയപ്പെട്ടവ എന്ന അനുഭവം കൂടി ഇവിടെ പങ്കുവെയ്ക്കാതെങ്ങനെ?

മറ്റൊരു പ്രധാനകാര്യം ബഷീറിനെയും എംടിയേയും പോലുള്ള മഹാന്മാരായ എഴുത്തുകാർ സമഗ്രമായ ആത്മകഥകൾ എഴുതുന്നതിൽ നിന്ന് വിട്ടുനിന്നതെന്തേ എന്ന ചോദ്യമാണ്. അവരുടെ ജീവിതാനുഭവങ്ങൾ തന്നെയാണ് പലപ്പോഴും അവരുടെ സാഹിത്യമായത്. ഉദാഹരണത്തിന് എംടിയുടെ നിന്റെ ഓർമയ്ക്ക് എന്ന മനോഹരമായ ചെറുകഥയെടുക്കുക. അത് അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരധ്യായം തന്നെ. ആ ഒരു നേർ അനുഭവം പൊടിപ്പും തൊങ്ങലുമില്ലാതെ പകർന്നു വെച്ചതാണ് ആ കഥ. മലയാളത്തിലെ എഴുത്തുകാരെ ഇങ്ങനെ ഭാവനയുടേയും അനുഭവത്തിന്റേയും രണ്ട് ടീമുകളായി തിരിച്ച ഒരു നോട്ടം ഇവിടെ - രത്നാകരൻ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടൊ?

Wednesday, December 10, 2008

ഈഡിപ്പസ്


“എന്താ ഇങ്ങനെ നോക്കുന്നെ?”

“നിങ്ങൾക്ക് എന്റെ അമ്മയുടെ ഛായയുണ്ട്”

“മോന്റെ പേരെന്താ?“

“ഈഡിപ്പസ്”

Thursday, December 4, 2008

ചിന്താഭാരം റോട്ടിൽ, മാവോയിസം വീട്ടിൽ
കുറേ ആ‍യല്ലൊ ഒരു വിഡിയോ അപ് ലോഡ് ചെയ്തിട്ട് എന്നോർത്തിരിക്കുമ്പോൾ അതാ വരുന്നു ഒരു സ്വയമ്പൻ സാധനം. ബ്ലോഗ് എന്നാൽ വെബ് ലോഗ് എന്നതിന്റെ സംക്ഷേപമാണെന്നും അവനവന്റെ ഗീർവാണങ്ങളേക്കാൾ പ്രധാനം മറ്റുള്ളവരുടെ സൃഷ്ടികളാണെന്നും ഒരിയ്ക്കൽക്കൂടി ഓർത്തുകൊണ്ട്, ഈ റഷ്യൻ നാടോടിഗാനം ഇങ്ങനെ കേട്ടെഴുതിയ ആ അജ്ഞാതനായ മലയാളിയുടെ ക്രിയേറ്റിവിറ്റിയെ നമിച്ചുകൊണ്ട്...

Monday, December 1, 2008

പട്ടിണിയുടെ മണം

Our 1-year senior batch's grade 2 photo
"എന്താണ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം?"

"എല്ലാം"

"അതെന്താ അങ്ങനെ? ഏറ്റവും പ്രിയപ്പെട്ടതില്ലേ?"

"ഇല്ല; അങ്ങനെ തെരഞ്ഞെടുക്കാൻ നമുക്കാർക്കും അവകാശമില്ല"

"എന്തുകൊണ്ടില്ല?"

"പട്ടിണി കിടക്കുന്ന ഒരുപാട് മനുഷ്യരുള്ളതുകൊണ്ട്".


എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമേതാണെന്നു ചോദിച്ചാൽ ഞാൻ പറയും ഗ്രീക്ക് എഴുത്തുകാരൻ നികോസ് കസാന്ദ്സാകിസിന്റെ സോർബാ ദ് ഗ്രീക്ക് എന്ന നോവലാണെന്ന്. നിങ്ങൾ പുസ്തകങ്ങൾ വായിച്ച് ആർജിച്ച വിജ്ഞാനവും നിങ്ങടെ പുസ്തകങ്ങളും കൊണ്ട് തീയിടു ഹേ എന്നാണ് സോർബ പറയുന്നത്. അതുകൊണ്ടു കൂടി, എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം സോർബയാണെന്ന് പറഞ്ഞാൽ അത് വിരോധാഭാസമാകും. എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം - അങ്ങനെ പറയാമോ? പുസ്തകം വായിക്കാനറിയാത്ത, പുസ്തകം വായിക്കാൻ കിട്ടാത്ത ഒരുപാട് മനുഷ്യരുള്ളപ്പോൾ അങ്ങനെ പറയാമോ? ഖസാക്കിലെ ചേച്ചി/അനിയത്തി ഖണ്ഡികയേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ് സോർബയിലെ മുകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന സംഭാഷണശകലം. അങ്ങനെ ഒരു സംഭാഷണശകലമുള്ളതുകൊണ്ട് സോർബയെപ്പറ്റി അങ്ങനെ പറയാം അല്ലേ?

അച്ഛന്റെ, ഒരു സെമി കൂട്ടുകുടുംബം എന്ന് വിളിക്കാമായിരുന്ന, വീട്ടിലായിരുന്നു കുട്ടിക്കാലം. അച്ഛനും അമ്മയും സർക്കാരുദ്യോഗസ്ഥരായിരുന്നു. ഒന്നോ രണ്ടോ നായർസ്ത്രീകൾ തന്നെ വീട്ടുവേലക്കാരികളായും ഉണ്ടായിരുന്നു. അങ്ങനെ അടിമുടി സവർണം. എങ്കിലും നാറുന്ന റേഷൻ പച്ചരിയായിരുന്നു ഊണിന്‌. അന്നുണ്ടായിരുന്ന ഏറ്റവും നല്ല ഷർട്ടിനും നിക്കറിനും ബട്ടൻസുകളില്ലായിരുന്നു. അതെല്ലാമെങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാൽ നിർമിതദാരിദ്ര്യം എന്നു വേണമെങ്കിൽ പറയാം. നിർമിതമായ സ്നേഹപ്പട്ടിണി. അരിപ്പട്ടിണി. സന്തോഷപ്പട്ടിണി. അതെന്തായാലും ആ ദാരിദ്ര്യങ്ങളെപ്പറ്റി പായാരം പറയുകയില്ല. കാരണം സ്ക്കൂളില്‍പ്പോയിത്തുടങ്ങിയപ്പോൾത്തന്നെ യഥാർത്ഥ ദാരിദ്ര്യമെന്താണെന്ന് കണ്ടിരുന്നു. കണ്ടിരുന്നു എന്നതിന് ഒരടിവര. [കണ്ടതേയുള്ളു, കൊണ്ടില്ല].

നാട്ടുമ്പുറത്തെ ഞങ്ങളുടെ സ്കൂളിലെ കുട്ടികളിൽ പലരും ദിവസക്കൂലിപ്പണിക്കാരുടേയും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവരുടേയും മക്കളായിരുന്നു. അധികവും ദളിതരുടേയും ഈഴവരുടേയും ദരിദ്രരായ കൃസ്ത്യാനികളുടേയും ദരിദ്രരായ അപൂർവം നായമ്മാരുടേയും മക്കൾ. അവർക്ക് പട്ടിണിയുടെ മണമുണ്ടായിരുന്നു. എങ്ങനെയാണോ ആവോ ആ മണം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്? പക്ഷേ പിൽക്കാലത്ത്, ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ, അങ്ങനെ ഒരു മണത്തെപ്പറ്റി മറ്റൊരു സമകാലീന സവർണനായിരുന്ന പ്രദീപിനോട് പറഞ്ഞപ്പോൾ അവൻ പുച്ഛിച്ചതോർക്കുന്നു: അത് മാപ്ലാര് മീൻ കഴിച്ചട്ട് ശെരിക്കും കയ്യും വായേം കഴുകാത്തേന്റെ മണമാ. സാജന്റെ വീട്ടീപ്പോയപ്പൊ കുടിയ്ക്കാൻ വെള്ളം കൊണ്ടന്ന ഗ്ലാസിന്റെ അതേ മണം.

അപ്പോൾ മീനും ഇറച്ചിയും കൂട്ടാത്ത, അവനുണ്ടായിരുന്ന ഒരേ ഒരു മുണ്ടും ഷർട്ടും എന്നും അലക്കിയിട്ടിരുന്ന, തേച്ചുരച്ച് കഴുകിയിരുന്നതുകൊണ്ട് മിനുത്ത ‍ഉപ്പൂറ്റികളുണ്ടായിരുന്ന, പഠിത്തത്തിൽ ഏറ്റവും പിന്നിലായിരുന്നതുകൊണ്ട് തോറ്റ് തോറ്റ് അഞ്ചാറു വർഷം പിന്നിലായിരുന്നെങ്കിലും വെടിപ്പിലും വൃത്തിയിലും ഒന്നാമനായിരുന്ന, തെങ്ങുകയറ്റത്തിന്റെ തഴമ്പ് രണ്ടു കാലിലുമുണ്ടായിരുന്ന, ഏഴാം ക്ലാസിൽ പൊക്കം കൊണ്ട് എന്റെ ലാസ്റ്റ് ബെഞ്ച് മേറ്റായിരുന്ന മീശയുള്ള വിജയൻ... അവന്റെ ബാർ സോപ്പുമണം ഭേദിച്ച് എന്നെ ഭയപ്പെടുത്തിയിരുന്ന ‍ആ മറ്റേ മണമോ? പട്ടിണിയുടെ മണം?

മീൻ തിന്നുന്ന വൃത്തിയില്ലാത്തവരുടെ ഉളുമ്പുമണം എനിക്ക് തിരിച്ചറിയാം ചങ്ങാതീ. അതല്ല പട്ടിണിയുടെ മണം. ഇപ്പോൾ ഒരു നേരത്തെ ഭക്ഷണം വൈകുമ്പോൾ നമ്മളെല്ലാം തമാശ പറയാറില്ലേ കുടലു കരിഞ്ഞ മണം വരണെന്ന്. അത് തമാശയല്ല. ഒരു നേരത്തെ ഭക്ഷണം വൈകുമ്പോളുമല്ല അതുണ്ടാകുന്നത്. കുടലു കരിഞ്ഞ ഒരു മണമുണ്ട്. വിജയനും കറുത്ത കൃഷ്ണകുമാറിനും ചെവി പഴുത്ത കൃഷ്ണകുമാറിനും തടിയൻ സാജനും പ്രസാദിനും വെല്യ ജോസഫിനും കൊച്ചു ജോസഫിനും കാതുകുത്തിയ പ്രദീപിനും ലക്ഷ്മണനും അരവിന്ദനും ഉണ്ടായിരുന്ന മണം. ദുർഗയ്ക്കും സരളയ്ക്കും ഷീബയ്ക്കും വീണയ്ക്കുമൊക്കെ ആ മണമുണ്ടായിരുന്നോ ആവോ? ഉണ്ടാകുമായിരുന്നിരിയ്ക്കണമെന്ന് അവരുടെ അന്ന് അകന്ന് കണ്ട പ്രകൃതങ്ങൾ ഇപ്പോൾ ഓർമിപ്പിയ്ക്കുന്നു. പ്രൈമറി കഴിഞ്ഞപ്പോൾ പെൺകുട്ടികൾ വേറെ ക്ലാസുകളിലായി. അല്ലെങ്കിലും ഒന്നാം ക്ലാസു മുതലേ വേറെ ബെഞ്ചുകളിലായിരുന്നു അവരുടെ ഇരിപ്പ്.

1946-ൽ പുറത്തിറങ്ങിയ സോർബ 1964-ൽ സിനിമയായപ്പോൾ സോർബയായി അഭിനയിച്ചത് ആന്റണി ക്വിൻ. അറുപതുകളിൽ ജനിച്ചവരായിരുന്നു ഞങ്ങൾ - വിജയൻ, റെജി, സുരേഷ്, സജി, വിനയൻ, പത്മകുമാർ, അനുരാജ്, രവി, ശശീന്ദ്രൻ, വേണു, ആനന്ദശിവറാം, ഷഗീർ, ശ്രീനി, കുമ്മായക്കാരൻ രഞ്ജിത്, വോളിബോൾ രഞ്ജിത്, അജയൻ, അജിത് കുമാർ പൈ, കമ്മത്ത് ഭാസ്കരൻ, സോഡാക്കുപ്പി സുരേഷ്, അനിൽകുമാർ, രഘു, ബാബു, കറുത്ത കൃഷ്ണകുമാർ, ചെവി പഴുത്ത കൃഷ്ണകുമാർ, തടിയൻ സാജൻ, മെലിഞ്ഞ സാജൻ, പ്രസാദ്, ജഗദീശ് ഭട്ട്, വെല്യ ജോസഫ്, കൊച്ചു ജോസഫ്, പ്രദീപ്, കാതുകുത്തിയ പ്രദീപ്, ലക്ഷ്മണൻ, അരവിന്ദൻ... അപ്പൂപ്പൻ താടികൾ പോലെ ഞങ്ങൾ എങ്ങോട്ടൊക്കെയോ പറന്നു പോയി. എങ്കിലും അവരിൽ ചിലർ അനുഭവിപ്പിച്ച പട്ടിണിയുടെ മണം സ്ഥലകാലങ്ങൾ കടന്ന് ഇപ്പോഴും എന്നെ പൊതിയുന്നു.

അതുകൊണ്ട് പലകാലങ്ങളിലായി ഞാനോ നിങ്ങളോ ശർദ്ദിച്ചതെല്ലാം -
[ബ്രെഡ് എനിയ്ക്കിഷ്ടമല്ല, ഞാൻ കടച്ചക്ക കൂട്ടാറില്ല, ചാളയുടെ മണം എനിക്ക് പറ്റില്ല, ഞാൻ വിസ്കി കുടിയ്ക്കില്ല ബ്രാൻഡി മതി, അയ്യോ ഈ ചോറ് അധികം വെന്തു പോയല്ലൊ, ഈ അവിയലിൽ ഉപ്പധികമായി, ഈ പാലടയ്ക്ക് അടീപ്പിടിച്ച സ്വാദ്, ഇത് പാവയ്ക്കയോ കാഞ്ഞിരമോ, ഈ ബീഫിന് മൂപ്പധികമായി, ഈ പഴത്തിലപ്പിടി കല്ല്, ഈന്തപ്പഴം ഒട്ടുന്നു, ചീരയോ പുഴുവുണ്ടാകില്ലേ, ഇത് ഇന്നലത്തെ ചപ്പാത്തിയല്ലേ, സാമ്പാറോ ആർക്കു വേണം, ച്ഛീ ഉപ്പും പുളിയുമില്ലാത്ത അയിലക്കറിയോ, എനിയ്ക്കിഷ്ടം പച്ചപ്പറങ്ക്യണ്ടി വറുത്തരച്ച കറിയാണ്, ഒണക്കച്ചെമ്മീൻ ചമ്മന്തീടെ അടുത്തുവരുമോ അമൃത്, പഴപ്രഥമനാണ് രാജാവ്, പുട്ടും കോഴിക്കറിയുമാണെന്റെ ഫേവറിറ്റ്, എനിക്ക് മുരിങ്ങയിലത്തോരനും ചൂടുള്ള പൊടിയരിക്കഞ്ഞിയും മതി, ഓ, എനിക്കിത്തിരി നെല്ലിക്കാക്കറി മതി...] - ഞാനിതാ നക്കിക്കുടിയ്ക്കുന്നു.

ആ വാർത്താലാപ് ഒരിയ്ക്കൽക്കൂടി വായിക്കുന്നു:

"എന്താണ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം?"

"എല്ലാം"
"അതെന്താ അങ്ങനെ? ഏറ്റവും പ്രിയപ്പെട്ടതില്ലേ?"

"ഇല്ല; അങ്ങനെ തെരഞ്ഞെടുക്കാൻ നമുക്കാർക്കും അവകാശമില്ല"

"എന്തുകൊണ്ടില്ല?"

"പട്ടിണി കിടക്കുന്ന ഒരുപാട് മനുഷ്യരുള്ളതുകൊണ്ട്".

Sunday, November 30, 2008

നിങ്ങൾ ഒരു പക്ഷിയായിരുന്നെങ്കിൽ...


... എങ്കിൽ, വംശനാശം നേരിടുന്ന അവസാനത്തെ കുളക്കോഴിയാകണോ
വംശനാശമേ ഭയപ്പെടേണ്ടാത്ത ഒരു ഇറച്ചിക്കോഴിയാകണോ?

Tuesday, November 25, 2008

മരഭനയയയം


പുഷ്പിതാഗ്രയുടെ ലക്ഷണം പഠിച്ചിട്ട് പ്രത്യേകിച്ച് എന്ത് ഗുണമുണ്ടായി എന്നു ചോദിച്ചാൽ, ഒന്നുമില്ല എന്ന് ഉത്തരം പറഞ്ഞാൽ, ഒരു തറ പ്രയോജനവാദിയായി [utiliterianist] എന്നെ, നെടുമങ്ങാട്ടുകാരുടെ ഭാഷയില്‍പ്പറഞ്ഞാൽ, താറടിയ്ക്കല്ല്.

എട്ടാം ക്ലാസിലെ കണക്കിന്റെ ഭാഗമായി ഗണങ്ങൾ പഠിച്ചതിന് ദില്ലിയിൽ ജീവിച്ച രണ്ടുകൊല്ലക്കാലം പ്രയോജനമുണ്ടായി. ഹിന്ദി അന്നും ഇന്നും മഹാമോശം. [അമ്മ ഹിന്ദിട്ടീച്ചറായിരുന്നു. പക്ഷേ മക്കളുടെ ക്ലാസിൽ അമ്മാരെ പഠിപ്പിയ്ക്കാൻ ഇടില്ലല്ലൊ. പോരാത്തതിന് ഞാൻ എട്ടിലെത്തിയപ്പോഴേയ്ക്കും എന്നെ അച്ഛമ്മയുടേം പാച്ചിയുടേം അടുത്താക്കി അമ്മയും ചേച്ചിയും അച്ഛനോടൊപ്പം വില്ലിംഗ്ഡൺ ഐലണ്ടിലെ പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സിലേയ്ക്ക് മാറി. അതിനുവേണ്ടി അമ്മ കൊച്ചിക്ക് ട്രാൻസ്ഫറും വാങ്ങി. ഞാൻ പിന്നെ പ്രീഡിഗ്രിയും കഴിഞ്ഞാണ് മഹാരാജാസിൽ ചേർന്ന്, ക്വാർട്ടേഴ്സ് വാസിയായത്. ഇടയ്ക്ക് വീക്കെൻഡുകളിൽ കാണുമ്പോളോ വെക്കേഷൻ കാലത്തോ അമ്മ എന്നെ ഹിന്ദി പഠിപ്പിയ്ക്കാഞ്ഞതെന്തായിരുന്നെന്ന് ചോദിച്ചാൽ എനിക്ക് കരച്ചിൽ വരും. അച്ഛൻ ജീവിച്ചിരിക്കും വരെ അമ്മയുടെ ദാമ്പത്യം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അച്ഛന്റെ കാലശേഷം പിന്നെ ദാമ്പത്യമില്ലല്ലൊ. വൈധവ്യം, ദാമ്പത്യം - ഏതാണാവോ കൂടുതൽ ചലഞ്ചിംഗ്! അല്ലെങ്കിലും അതൊക്കെ എന്തിന് പറയുന്നു, ഹിന്ദി പഠിക്കാനുള്ള വാസന എനിക്ക് തീരെ ഇല്ലായിരുന്നു എന്നതാണ് പ്രധാനസംഗതി. ഗസലുകളുടെ അർത്ഥം ചോദിച്ച് അമ്മയുടെ പിന്നാലെ നടന്ന ബീയേക്കാലം മുതൽ എനിക്കതോർത്ത് ഖേദം തോന്നിയിരുന്നു. ജീവിതം അങ്ങനെയാണല്ലൊ - ഒരു പ്രയോജനവുമില്ലാത്ത ഖേദങ്ങൾ, പരീക്ഷ കഴിഞ്ഞ് പഠിയ്ക്കാൻ കിട്ടുന്ന പാഠപുസ്തകങ്ങൾ...]

പറഞ്ഞുവന്നത് ഗണങ്ങൾ പഠിച്ചതുകൊണ്ടുണ്ടായ ഗുണങ്ങളെപ്പറ്റിയാണല്ലൊ. കരോൾബാഗിനടുത്തായിരുന്നു അന്ന് ദില്ലിവാസം. ജോലി ഒരു പത്തിരുപത് കിലോമീറ്ററിനപ്പുറം തെക്കൻ ദില്ലിയിലും. എന്നും രാവിലെ തിരക്കുള്ള ഡീട്ടിസി ബസ്സും കേറി പോകണം. ബസ്സിന്റെ ബോർഡിൽ അവസാനലക്ഷ്യസ്ഥലത്തിന്റെ പേരു മാത്രമേ ഉണ്ടാകൂ. നമ്പറുകൾ കൊണ്ടാണ് റൂട്ടുകൾ തിരിച്ചിരുന്നത്. കൊണാട്ട് പ്ലേസിൽ നിന്ന് 620 പിടിച്ചാൽ ആൾ ഇന്ത്യ മെഡിക്കൽ, മുനീർക്ക വഴി ഹോസ്കാസിലെത്താം. 535-ഉം ഹോസ്കാസിലേയ്ക്കു തന്നെ. പക്ഷേ വേറെ വഴിയ്ക്കാ. അതൊക്കെ പക്ഷേ പിന്നീട് പഠിച്ചതാണ്.


അക്കാലത്ത് ചെയ്തതെന്താണെന്നോ - രാവിലെ ബസ് കയറുന്ന ഝണ്ടേവാലൻ സ്റ്റോപ്പിൽ എഴുതിവെച്ചിരിക്കുന്ന എല്ലാ ബസ് നമ്പറുകളും എഴുതിയെടുത്തു. ജോലിയ്ക്ക് ആദ്യമായി പോയ ദിവസം തന്നെ അവിടെച്ചെന്നിറങ്ങുന്ന സ്റ്റോപ്പിൽ എഴുതിവെച്ചിരിക്കുന്ന ബസ് നമ്പറുകളും എഴുതിയെടുത്തു. ഒന്നാമത്തെ ലിസ്റ്റ്, ഗണം എ. രണ്ടാമത്തേത് ഗണം ബി. എ സംഗമം ബി എത്രയാണെന്നു നോക്കി. അതായത് രണ്ട് സ്റ്റോപ്പിലും കോമണായി കണ്ട നമ്പറുകൾ. ഏത് റൂട്ടിലൂടെ പോയാലും ആ നമ്പർ ബസ്സുകൾ ആ രണ്ട് സ്റ്റോപ്പുകളിലും എത്തുമെന്ന് ഉറപ്പായി. എവിടെക്കണ്ടാലും ആ നമ്പർ ബസ്സുകളിൽ കണ്ണുമ്പൂട്ടി ചാടിക്കേറാൻ ധൈര്യമായി.


"അപ്പോക്ക്യേ, ഗണം എക്സ് എങ്ങനെയെന്നാൽ എക്സ്..." എട്ടാം ക്ലാസിൽ കണക്കു പഠിപ്പിച്ച വിജയലക്ഷ്മിട്ടീച്ചറുടെ മൂക്കടപ്പൻ മധുരസ്വരം ഓരോ തവണയും ഓർത്തുകൊണ്ടായിരുന്നു ദില്ലിയിലെ ആദ്യകാല ബസ് യാത്രകളത്രയും.

നനരയവിഷമത്തിലും സമത്തിൽ പുനരിഹനം ജജരംഗ പുഷ്പിതാഗ്ര... എന്തൊരു രസമായിരുന്നു അന്നത് പഠിയ്ക്കാൻ. അനുഷ്ടുപ്പൊഴിച്ചുള്ള സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങളെല്ലാം അതാത് വൃത്തങ്ങളിൽത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നുകൂടി മനസ്സിലാക്കിയപ്പോൾ ആവേശം കൂടി. രാവണൻ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന, പഞ്ചചാമരം എന്ന് ആ വൃത്തത്തിന്റെ തന്നെ പേരിൽ അറിയപ്പെടുന്ന, ശിവസ്തുതി വായിച്ച് ശിവതാണ്ഡവം കണ്ടപ്പോൾ, ആ ആവേശത്തിന് പത്തു തലകളായി.

കാലമേറെക്കഴിഞ്ഞ് ജീവിതം അതിന്റെ പൊള്ളുന്ന പാളങ്ങളും നീട്ടി മുന്നിൽ നിവർന്നു കിടന്നപ്പോൾ, ആ തലകളും ആ ആവേശങ്ങളും ഉൾവലിഞ്ഞ് കാട്ടുപൂവിന്റെ മണത്തേക്കാൾ വ്യർത്ഥമായി. അണിയുന്ന ഉടുപ്പുകളിലാകട്ടെ വിദേശപരിമളങ്ങൾ ചേക്കേറി.

സ്രഗ്ധര എന്നൊരു പെർഫ്യൂമിറക്കാനാണ് ഇപ്പോൾ ആഗ്രഹം. അല്ലെങ്കിൽ കളകാഞ്ചി എന്നായാലോ? മാകന്ദമഞ്ജരി?

പഠിച്ചതെല്ലാം വെറുതെയായി.ആ‍വശ്യമുള്ളത് പഠിച്ചുമില്ല. ഇതാ പഠിയ്ക്കാൻ വൈകിപ്പോയ ചിലത്:

യൂ ഡി ടോയ്ലറ്റ് [Eau de Toilette] - എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റ് ഏറ്റവും കുറവ് [3-5 ശതമാനം] ഉള്ള വിഭാഗമാണ് യൂ ഡി ടോയ്ലറ്റ്. കുളി കഴിഞ്ഞയുടൻ വാരിപ്പൂശാവുന്ന സാധനമാണിത്. വളരെ മൈൽഡ് ആയതുകൊണ്ട് ജോലിയ്ക്ക് പോകുമ്പോഴെല്ലാം ഇതണിയാം.

യൂ ഡി കൊളോൺ [Eau de Cologne] - ഇതിൽ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റിന്റെ ശതമാനം 5-15 വരും.

യൂ ഡി പർഫും [Eau de Parfum] - ഇതിൽ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റ് ശതമാനം 15 മുതൽ 30 വരെ. പെർഫ്യൂമുകളെ അപേക്ഷിച്ച് സുഗന്ധത്തിന്റെ ആയുസ്സ് കുറവായിരിക്കും എങ്കിലും പെർഫ്യൂമുകളേക്കാൾ ഒതുക്കമുള്ളതുകൊണ്ട് ഇവയാണ് കൂടുതൽ പോപ്പുലർ.

പെർഫ്യൂം [Perfume] - 25 മുതൽ 45 ശതമാനം വരെയാണ് പെർഫ്യൂമുകളിലെ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റിന്റെ ഉള്ളടക്കം. ഭീകരവിലയായിരിക്കും, കടുത്ത സുഗന്ധവുമായിരിക്കും. അമിതമായി ഉപയോഗിച്ചാൽ അതിതീവ്രമാകും. അതുകൊണ്ടു തന്നെ സുഗന്ധപുഷ്പന്മാർക്കും പുഷ്പിണിമാർക്കുമിടയിൽ ഇവന് വലിയ ഡിമാൻഡില്ല.

അത്തർ - എസെൻസ്, സുഗന്ധസത്ത്, സൗരഭ്യം എന്നെല്ലാം സൂചിപ്പിക്കുന്ന പേഴ്സ്യൻ വാക്കാണ് അത്തർ. ഒന്നിലേറെ എസൻഷ്യൽ ഓയിലുകളുടെ മിശ്രിതമോ ഒന്നിന്റെ മാത്രമോ ആ‍കാം.

ഊദ് [Oudh or frankincense] - ബോസ്വെലിയ [Boswellia] എന്ന കുടുംബക്കാരനായ ആഫ്രിക്കൻ/ഏഷ്യൻ ചെടിയുടെ ചറത്തിൽ നിന്നാണ് ഊദ് ഉണ്ടാക്കുന്നത്. അറേബ്യൻ സുഗന്ധങ്ങളിലെ അവിഭാജ്യഘടകം.

എന്തു മനസ്സിലായി? എല്ലാ സുഗന്ധങ്ങളേയും കേറി പെർഫ്യൂം എന്നു വിളിക്കുന്നത് എല്ലാ വൃത്തങ്ങളേയും കേറി കാകളീ എന്നു വിളിക്കുമ്പോലെ മണ്ടത്തരമാണെന്ന്.

വൃത്തം പോലും പഠിപ്പിയ്ക്കേണ്ടാത്ത ഒരു എൽ.പി. സ്ക്കൂൾ അധ്യാപകനായാൽ മതിയായിരുന്നു. എന്നും രാവിലെ വേഷം കെട്ടി, യൂ ഡി ടോയ്ലറ്റ് അടിച്ച് ഓട്ടം തുടങ്ങണ്ടായിരുന്നു.

നഷ്ടങ്ങളേക്കാൾ സങ്കടകരം നേടാതെ പോയവയാണെന്ന് പറഞ്ഞതാര്? ഒരു വഴിയേ തിരിഞ്ഞപ്പോൾ മറ്റെല്ലാ വഴികളും എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുകായിരുന്നു നമ്മൾ. ജീവിക്കപ്പെടാതെ പോയ എത്രയെത്ര ജീവിതങ്ങൾ. പുഷ്പിതാഗ്രകൾ. വസന്തതിലകങ്ങൾ.

Saturday, November 22, 2008

[നിദ്രാ]ദേവീസ്തവം


പകലാം പിശാചിന്റെ പിടിയില്‍പ്പെടാതെഞാ-
നൊരിക്കൽക്കൂടി നിന്നെ തേടിവന്നിരിക്കുന്നു.
പാപശാപങ്ങൾക്കെത്താനാകാത്ത താൽക്കാലിക
മരണം തരും ദേവീ നീ നിത്യം ജയിച്ചെങ്കിൽ!

Wednesday, November 19, 2008

ഒരു വിലാപം

അന്ന് സിവിക് എന്നാൽ സിവിക് ചന്ദ്രൻ
ഇന്ന് സിവിക് എന്നാൽ ഹോണ്ടാ സിവിക്

അന്ന് വള്ളത്തോൾ വാക്യസുന്ദരൻ
ഇന്ന് വള്ളത്തോൾ രവി വള്ളത്തോൾ

അന്ന് ജോൺ ഏബ്രഹാം ബൊഹീമിയൻ ഹീറോ
ഇന്ന് ജോൺ ഏബ്രഹാം ബോളിവുഡ് ഹീറോ

അന്ന് ചുള്ളിക്കാട് കുഞ്ചന്റെ കസേരയിൽ
ഇന്ന് ചുള്ളിക്കാട് കുഞ്ചന്റെ കസേരയിൽ

Sunday, November 16, 2008

ബ്ലഡി ഫക്കിംഗ് ബാങ്ക്!


മാന്ദ്യത്തെപ്പറ്റി പണ്ട് കേട്ട രണ്ടു കഥകൾ ഇവിടെ വിളമ്പിയിരുന്നല്ലൊ. അതിലും സൂപ്പറാണ് ഇന്ന് മെയിലിൽ കിട്ടിയ ഒരു ജോക്ക്.


മാന്ദ്യം ഇങ്ങനെ പോയാൽ ആകെ രണ്ട് ബാങ്കുകളേ നിലനിൽക്കുവത്രെ - ബ്ലഡ് ബാങ്കും സ്പേം ബാങ്കും. ഒടുക്കം അവയ്ക്കും ലയിക്കേണ്ടി വരുമത്രെ. അപ്പോളിടാവുന്ന പേരാണ് പോലും ബ്ലഡി ഫക്കിംഗ് ബാങ്ക്!

പോടാ തെണ്ടീ...


എന്റെ അമ്മ കന്യകയായിരുന്നപ്പോളത്തെ പേരും
എന്റെ ജനനത്തീയതിയും
എന്റെ പ്രിയ നഗരവും
എന്റെ ആദ്യത്തെ സാറിന്റെ പേരും
വീട്ടിലെ പട്ടിയുടെ പേരും
അറിയാവുന്ന ഏതോ ഒരു തെണ്ടി
രണ്ടു മൂന്നു ദിവസമായി
എന്റെ ജീമെയിലിന്റെ
പാസ് വേഡ് മാറ്റാന്‍ നോക്കുന്നു.
ആ തെണ്ടിക്കറിയില്ലേ
ആ വിവരം ഉടന്‍ തന്നെ
എന്റെ മറ്റേ ഇ-മെയിലൈഡിയിലോട്ട്
മെയില്‍ ചെയ്ത് ചോദിക്കുമെന്ന്?

Monday, November 10, 2008

മാന്ദ്യം വന്ന വഴി, പോയ വഴി


മാന്ദ്യം [recession] പിടിമുറുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഈ സന്ദർഭത്തിൽ ചെയ്യാവുന്നത് പഴങ്കഥകൾ പറഞ്ഞ് സമയം തള്ളിനീക്കുകയാണല്ലൊ. എങ്കിൽ മാന്ദ്യത്തെപ്പറ്റി കേട്ടിട്ടുള്ള രണ്ട് കഥകൾ തന്നെയാകട്ടെ.

1. മാന്ദ്യം വന്ന വഴി

ഒരു ചെറിയ പട്ടണത്തിൽ മധ്യവയസ്കനായ ഒരാൾ ഒരു ചെറിയ ചായപ്പീടിക നടത്തിയിരുന്നു. വീട്ടിൽ പാചകം ചെയ്ത വിഭവങ്ങളെ തോല്‍പ്പിക്കുന്നത്ര ഹോംലിയായിരുന്നു ആ ഹോട്ടലിലെ വിഭവങ്ങളുടെ സ്വാദ്. സ്വാഭാവികമായും ഒരിക്കൽ വന്നവർ വീണ്ടും വന്നും പുതിയ ആളുകളോട് പറഞ്ഞും അവിടത്തെ തിരക്ക് കൂടിക്കൂടി വന്നു. പരസ്യങ്ങളൊന്നുമില്ലാതെ തന്നെ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ വന്നു. എന്തിനു പറയുന്നു ഹോട്ടൽ വലുതായി, മകനെ എം.ബി.എ പഠിപ്പിച്ച് പാസാക്കുംവരെയെത്തി അയാളുടെ വളർച്ച. പഠനം കഴിഞ്ഞ് മകനും വന്ന് ഹോട്ടലിൽ ചാർജെടുത്തു. മകൻ എന്നും രാവിലെ എക്കണോമിക് ടൈംസ് മുടങ്ങാതെ വായിക്കും, ഉച്ചത്തെ ബ്രെയ്ക്കിന് ഇന്റർനെറ്റിൽ പതയ്ക്കും, രാത്രി എൻ.ഡി.ടി.വിയിലെ ബിസിനസ് പ്രോഗ്രാമുകൾ കാണും. അങ്ങനെ ഒരു ദിവസം മകൻ ഒരു വാർത്തയറിഞ്ഞു. വലിയൊരു മാന്ദ്യം ഇങ്ങെത്തിക്കഴിഞ്ഞെന്ന്. ഉടൻ മകൻ ഹോട്ടലിയ്ക്കോടി. "അച്ഛാ, മാന്ദ്യം വരുന്നു, മാന്ദ്യം വരുന്നു. നമ്മുടെ സെയിലെല്ലാം കുത്തനെ കുറയും." പഠിച്ച മകനല്ലെ, അയാൾ മകൻ പറഞ്ഞത് വിശ്വസിച്ചു. അന്നു വൈകുന്നേരം ചന്തയിൽ പോയപ്പോൾ അരിയും ഇറച്ചിയും മീനുമെല്ലാം സാധരണ വാങ്ങുന്നതിലും കുറവാണയാൾ വാങ്ങിച്ചത്. പിറ്റേന്ന് കച്ചവടം കഴിഞ്ഞ് പണപ്പെട്ടി എണ്ണിനോക്കുമ്പോഴോ - മകൻ പറഞ്ഞത് കിറുകൃത്യം. മാന്ദ്യം ഇങ്ങെത്തിക്കഴിഞ്ഞു.

2. മാന്ദ്യം പോയ വഴി

അമേരിക്കയിലെ ഒരിടത്തരം പട്ടണം. മാന്ദ്യം പൊടിപൊടിയ്ക്കുന്നു. ഈച്ചയെപ്പോലും ആട്ടാനില്ലാതെ കച്ചവടക്കാർ ചൊറിയും കുത്തിയിരിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ലക്ഷ്വറി കാറുകൾ വിൽക്കുന്ന ഒരു കടയിലേയ്ക്ക് ഒരു ചെറുപ്പക്കാരൻ കടന്നു വന്നു. കച്ചവടം നടക്കുന്നത് പോട്ടെ ഒരു കാക്ക പോലും അതുവഴിയേ പോയിട്ട് മാസങ്ങളായിക്കാണും. എന്തിനുപറയുന്നു, ആ ചെറുപ്പക്കാരൻ ഏറ്റവും വിലകൂടിയ ലക്ഷ്വറി കാറിന് ഓർഡർ കൊടുത്തു. കടയുടമ ഞെട്ടിപ്പോയി. ഇനി എന്ന് കച്ചവടമുണ്ടാവുന്നോ അന്നു തന്നെ ഭാര്യയ്ക്കൊരു ഡയമണ്ട് നെക്ക് ലേസ് വാങ്ങിക്കൊടുക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്തിരുന്നു. അയാളുടനെ അടുത്തുള്ള ജ്വല്ലറിയിലേയ്ക്കു ചെന്നു. ജ്വല്ലറി ഉടമയോ - ഇനി ഒരു നെക്ക് ലേസ് വിൽക്കുന്ന ദിവസം വീട്ടുകാർക്കും സ്റ്റാഫിനും ഒരു ഫൈവ് സ്റ്റാർ ഡിന്നർ - അതായിരുന്നു അയാളുടെ വാഗ്ദാനം. അപ്പോൾത്തന്നെ അവിടെയുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വിളിച്ച് അന്നു രാത്രിത്തെ ഡിന്നറിന് പന്ത്രണ്ടുപേർക്ക് അയാൾ സീറ്റു ബുക്കു ചെയ്തു. അതൊരു ചെയിൻ റിയാക്ഷനായിരുന്നു. അങ്ങനെ മെല്ലെ മെല്ലെ ആ പട്ടണവും പിന്നാലെ ആ സ്റ്റേറ്റും അതിനു പിന്നാലെ അമേരിക്കയും മാന്ദ്യത്തിൽ നിന്ന് പുറത്തുകടന്നു. എല്ലാം പഴയ പടി നോർമൽ. അപ്പോളതാ പത്രത്തിൽ ഒരു പരസ്യം. പണക്കാരായ ഭ്രാന്തന്മാരെ ചികിത്സിക്കുന്ന ഒരാശുപത്രിയിൽ നിന്ന് ഒരാൾ ചാടിപ്പോയെന്ന്. പരസ്യത്തോടൊപ്പം അയാളുടെ ഫോട്ടോയുമുണ്ട്. ലക്ഷ്വറി കാറു കച്ചവടക്കാരൻ ഞെട്ടിപ്പോയി - അത് അന്ന് മാന്ദ്യം കൊടി മൂത്തു നിൽക്കുമ്പൊ കാറ് വാങ്ങാൻ വന്ന ആ ചെറുപ്പക്കാരനായിരുന്നു.

Thursday, November 6, 2008

വേണം ഒരു ദളിത് ആൾദൈവം


ഒബാമയുടെ വിജയം കറുത്ത വർണവെറിയുടെ വിജയമാണെന്ന് ഒരു അനോനി കമന്റിട്ടിരിക്കുന്നു. എങ്കിൽ നന്നായിപ്പോയി. വർഷങ്ങൾ നീണ്ടു നിന്ന വൈറ്റ് റേസിസത്തത്തിനു പകരം ചിലപ്പോൾ വർഷങ്ങൾ നീണ്ടു നിൽക്കുന്ന ബ്ലാക്ക് റേസിസം വരും. സഹിച്ചേ പറ്റു. ഇന്ത്യയിലൊക്കെ റിവേഴ്സ് അയിത്തം വന്നെന്നും വരും. എന്താ പേടിയുണ്ടോ? അനീതിയെ അനീതികൊണ്ടു മാത്രമേ ഇല്ലാതാക്കാൻ പറ്റൂ. അതാണ് നീതി.

അരയ സമുദായത്തിൽ ജനിച്ച അമൃതാനന്ദമയിയുടെ കാലു കഴുകിയ വെള്ളം നായിമ്മാരും മേനോന്മാരും വർമമാരും നമ്പൂതിരിമാരും വാ‍ര്യമ്മാരും ഏറാടിമാരും കുടിക്കുമ്പോൾ അതിലൊരു കൾച്ചറൽ നെമസിസുണ്ട്. അരയ സമുദായം ദളിതില്‍പ്പെടുമോ? എനിക്കറിയില്ല. പെടില്ലെങ്കിൽ ദളിത് സമുദായത്തിൽ നിന്ന് ഒരു ആൾദൈവം ഉണ്ടായിവരട്ടെ.
വിവേകാനന്ദനും കെ. ആർ. നാരായണനും ജാനുവും അരുന്ധതിയും ദളിതെഴുത്തുകാരും പെണ്ണെഴുത്തുകാരും എല്ലാങ്കൂടി ഉണ്ടാക്കിയതിനേക്കാൾ വലിയ വിപ്ലവം ഉണ്ടാക്കി സുധാമണി aka അമൃതാനന്ദമയി.

ഇക്കാര്യത്തിൽ സക്കറിയയുടെ വെഷമം ന്യായീകരിക്കാവുന്നതേയുള്ളു. അമ്മ എന്ന വാക്ക് ദുരുപയോഗം ചെയ്യുന്നതിൽ കറിയാച്ചൻ രോഷം കൊള്ളുന്നു. മാതാവേ, സിസ്റ്റർ എന്നീ വിളികളോ? കുഷ്ഠരോഗികളെ കെട്ടിപ്പിടുത്തം, ആശുപത്രി-സ്ക്കൂൾ-കോളേജ് കച്ചവടം എന്നിവ മദർ തെരേസയ്കും കാത്തോലിക്കാ സഭയ്ക്കും മാത്രമേ പറഞ്ഞിട്ടുള്ളു എന്നാണ് ധ്വനി.

അമൃതാനന്ദമയിയെ മദർ തെരേസയോട് ഉപമിച്ചതിൽ പ്രതിഷേധിച്ചയാളാണ് സഖാവ് കെഇഎൻ. അമൃതാനന്ദമയി മഠത്തിന്റെ പണവരവിന്റെ സ്രോതസ്സുകളെപ്പറ്റി അന്വേഷിക്കണമെന്നും സഖാവ് ആവശ്യപ്പെട്ടിരുന്നു. പൊന്നുസഖാവേ, ഗ്രാംഷിയേയും ചുള്ളിക്കാടിനേയും മാത്രം വായിച്ചാല്‍പ്പോരാ, ദേ ഇവിടെയുങ്കൂടി ഒന്ന് ഞെക്കിനോക്ക്.

വ്യക്തിപരമായി ഞാൻ ഒരു ആൾദൈവത്തിലും വിശ്വസിക്കുന്നില്ല. എങ്കിലും ഇന്ത്യയ്ക്കും കേരളത്തിനുമൊക്കെ ഒരു അഞ്ചുപത്ത് ദളിത് ആൾദൈവങ്ങളെ അഫോഡ് ചെയ്യാനുള്ള അർഹതയൊക്കെ ഉണ്ടെന്ന് വിശ്വസിക്കുന്നു.

അനീതിയെ അനീതികൊണ്ടു മാത്രമേ ഇല്ലാതാക്കാൻ പറ്റൂ. അതാണ് നീതി.

എടുക്കാനുണ്ടോ യാങ്കിച്ചായാ ഒരു കറമ്പൻ ക്രൈസ്റ്റിനെ?

Wednesday, November 5, 2008

കറുപ്പ് താൻ എനിക്ക് പുടിത്ത കളറ്


യുഎസ് പ്രസിഡണ്ട് കറുപ്പു താൻ


കറുപ്പ് താൻ എനിക്ക് പുടിത്ത കളറ്

Sunday, November 2, 2008

മ്യാവൂ!


പ്ലാസ്റ്റിക്കിനേയും ഹോമോസെക്ഷ്വാലിറ്റിയേയും പ്രകൃതിവിരുദ്ധം എന്നാണ് നിങ്ങൾ വിളിക്കുന്നത്. എനിക്കത് മനസ്സിലാവുന്നില്ല. അത് ഉണ്ടാകുന്ന/ഉണ്ടാക്കപ്പെടുന്ന വഴികൾ എങ്ങനെയുമായിക്കോട്ടെ, പ്രകൃതിയിലുള്ള ഒരു സാധനം പ്രകൃതിവിരുദ്ധമാകുന്നതെങ്ങനെ? അല്ലെങ്കിലും പ്രകൃതി എന്നു പറയുമ്പോൾ സർവം തികഞ്ഞ ഒരു സാധു, എല്ലാവന്റേയും അമ്മൂമ്മ എന്നൊരു ധ്വനി നിങ്ങടെ എല്ലാ പ്രയോഗങ്ങളിലും ഉണ്ട്. പ്രകൃതിചികിത്സയുടെ ആരാധകരെ മുട്ടി നടക്കാൻ വയ്യ. ഗ്രീൻ പീസ് മസാലയുടെ കാര്യം പറയാനുമില്ല. മൂന്നാം ലോകങ്ങളിലെ ഹൈഡൽ പവർ പ്രൊജക്റ്റുകളെ അട്ടിമറിച്ച് അവിടെയെല്ലാം വലിയ ജനറേറ്ററുകൾ ഇറക്കുമതി ചെയ്യിപ്പിക്കാൻ ലക്ഷ്യമിടുന്നതടക്കമുള്ള സ്പോൺസേഡ് പ്രതിരോധങ്ങളുടെ ഒരു തുമ്പ് മാത്രമല്ലെ ഗ്രീൻപീസ്? ആദിവാസികൾക്കും നക്സലൈറ്റുകൾക്കും സഹായം നൽകുന്ന അതിഭീകരമായ അമേരിക്കൻ കോർപ്പറേറ്റ് ട്രോജൻ കുതിരയിസം?

ഗ്രീൻപീസിന്റെ കാര്യം അതാണെങ്കിൽ പൊറോട്ട ഒരു നോൺ-ഫുഡാണെന്നാണ് മറ്റൊരു വാദം. പ്ലാസ്റ്റിക്കിനെ പറഞ്ഞ തെറികൾ സമാഹരിച്ചാൽ ഞാൻ ഒരു കൊടുങ്ങല്ലൂർ ഭരണിക്ക് ഒരു തൃശ്രൂർ-കൊടുങ്ങല്ലൂർ കെ. കെ. മേനോനിൽ ഭരണിക്കുപോകുന്ന ഒരു കൂട്ടം ദളിതരുടെ നടുക്കിരുന്ന് വന്ന വരവ് തോറ്റുപോകും.

അങ്ങനെ പറയാനാണെങ്കിൽ കുടുംബമാണ് ഏറ്റവും പ്രകൃതിവിരുദ്ധവും ജനാധിപത്യവിരുദ്ധവും സോഷ്യലിസ്റ്റ് വിരുദ്ധവുമായ സാധനം. അതുകൊണ്ട് അതു വിട്ടുപിടി.

ഒരഞ്ചാറ് മാസം മുമ്പാണ് പൂച്ചകളുടെ പ്രസവരക്ഷ എന്നൊരു പോസ്റ്റ് എഴുതാൻ ആഞ്ഞത്. എൻസൈക്ലോപീഡിയ നോക്കുമ്പോലെ ദേവനെ വിളിച്ചിരുന്നു. പിന്നെ അത് ഡ്രാഫ്റ്റിൽ കുടുങ്ങി. ഇതിനു തൊട്ടുമുമ്പുള്ള പോസ്റ്റിന് ഒരു അനോനിയിട്ട തട്ടുപൊളിപ്പൻ കമന്റിലെ മാതൃഭാവസ്തുതി വായിച്ചപ്പോൾ ഇത് വീണ്ടും തേട്ടി വന്നു. അതിവിടെ കക്കുന്നു. [കുഞ്ഞുപിള്ളേരുടെ അജീർണശർദ്ദിലിനാണ് ഞങ്ങൾ കക്കൽ എന്നു പറയുന്നത്].

ഏറ്റവും അഗണൈസിംഗ് ആയ വിലാപം കുഞ്ഞിനെ കാണാതായ പൂച്ചയുടേതാണ്. ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടോ അത്? കുഞ്ഞിനെ പട്ടിയോ കാടൻപൂച്ചയോ പിടിച്ചതാകാം. അല്ലെങ്കിൽ മൂത്രം, കാഷ്ടം, കരച്ചിൽ തുടങ്ങിയ ശല്യങ്ങൾ കാരണം വീട്ടിലെ ചെക്കൻ എല്ലാ കുഞ്ഞുങ്ങളേം സഞ്ചിയിലാക്കി വായ കെട്ടി സൈക്കിളിൽ കേറ്റി ദൂരെക്കൊണ്ട് കളഞ്ഞതാകും. എന്തായാലും പോയത് പെറ്റ തള്ളയ്ക്ക് പോയി. അയ്യോ, അതറിഞ്ഞാലുള്ള ആ തള്ളയുടെ കരച്ചിൽ കേൾക്കാൻ വയ്യ. ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടോ അത്? ഞാൻ ഒരിയ്ക്കലല്ല പല തവണ കേട്ടിട്ടുണ്ട്. പല തവണയും ആ കഥയിലെ ചെക്കൻ ഞാനായിരുന്നു.

ചെറുപ്പത്തിൽ കമ്മൂണിസ്റ്റാവത്തവന് ഹൃദയവും വലുതായിട്ടും കമ്മൂണിസ്റ്റായിത്തുടരുന്നവന് തലച്ചോറും ഇല്ലെന്നല്ലേ മഹദ്വചനം? ഞാൻ ചെറുപ്പത്തിൽ കമ്മൂണിസ്റ്റ് വിരുദ്ധനായിരുന്നു. ഇപ്പോൾ അതിനോടൊരു ആഭിമുഖ്യം തോന്നുന്നു. അതെ, ഹൃദയവുമില്ല, തലച്ചോറുമില്ല. അതെ, ഹൃദയമില്ലാതിരുന്നതുകൊണ്ടാണ് പല തവണ പല ബാച്ച് പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെയ്നർ ലോറികൾ വരുന്ന വഴിവക്കിലടക്കം പലയിടങ്ങളിലായി ഉപേക്ഷിച്ചിട്ടുള്ളത്. സഞ്ചിയുടെ പ്ലാസ്റ്റിക് ഭിത്തി തുളച്ചുവരുന്ന കുഞ്ഞുങ്ങളുടെ വിലാപം മറക്കാം. തിരിച്ചുവന്ന് കുറച്ചു കഴിയുമ്പോൾ കേൾക്കുന്ന തള്ളയുടെ കരച്ചിൽ, വയ്യ.

ശരിയാണ് അനോനീ, പ്രിയസഖി ഗംഗേ പറയൂ, പ്രിയമാനസനെവിടേ എന്ന കാമഭ്രാന്ത് ഒരു വിരലുകൊണ്ട് ചിലപ്പോൾ ശമിപ്പിക്കാൻ കഴിഞ്ഞു എന്നു വരും. അതുകൊണ്ട് എന്റെയാചോദ്യം - "പതിനാറാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടണോ എൺപത്തിനാലാം വയസ്സിൽ കന്യകയായി മരിക്കണോ?" അതിനേക്കാൾ പ്രധാനം നിങ്ങളുടെ ചോദ്യം തന്നെ - "പതിനാലാം വയസ്സിൽ ബലാൽത്സഗത്തിലൂടെ അമ്മയാകണോ അതോ എൺപത്തിനാലാം വയസ്സിലും അമ്മയാകാതെ തന്നെ മരിയ്ക്കണോ" എന്ന ചോദ്യം.

കരച്ചിലിനേക്കാൾ ആഴത്തിലാണ് പാല് വന്ന് വീർക്കുന്ന മുലകൾ ആഴ്ന്നിറങ്ങി വേദനിപ്പിക്കുന്നത്. മുലപ്പാൽ പിഴിഞ്ഞു കളഞ്ഞ് ജോലിക്കു പോകുന്ന സൗദിയിലെ നഴ്സുമാരെപ്പറ്റി സാദിക് എഴുതിയിരുന്നല്ലൊ. അതിന്റെ മറ്റൊരു വെർഷൻ ഞാനെന്റെ കുടുംബത്തിൽ അനുഭവിച്ചിട്ടുണ്ട്. ഞാൻ ബീയേക്കു ചേർന്ന ആഴ്ചയായിരുന്നു ചേച്ചിയുടെ ആദ്യപ്രസവം. മാസം തികഞ്ഞിരുന്നു. പക്ഷേ നിശ്ചിത തീയതിയുടെ തലേന്ന് പൊക്കിൾക്കൊടി ചുറ്റി ഗർഭപാത്രത്തിൽക്കിടന്ന് കുഞ്ഞ് മരിച്ചു. പിറ്റേന്ന്, ഭാഗ്യം, സിസേറിയൻ വേണ്ടി വന്നില്ല, താനേ പ്രസവിച്ചു. തള്ളയുടെ പുള്ളിനൊപ്പം പുഷ് ചെയ്യാൻ ചാപിള്ളയ്ക്ക് കഴിയാത്തതുകൊണ്ട്, ചാപിള്ളയെ പുറത്തെടുക്കാൻ സിസേറിയൻ സാധാരണമാണെന്ന് ഡോ. റോസലിൻ പേടിപ്പിച്ചിരുന്നു. മഞ്ഞച്ച കുഞ്ഞിനെ ഒരു നോക്ക് കണ്ടത് മറക്കാം. പക്ഷേ മാറത്ത് പാലു വിങ്ങി ചേച്ചി കാണിച്ച പരാക്രമം! ഹൊ. നമുക്ക് മനുഷ്യർക്ക് പക്ഷേ മുല്ലപ്പൂക്കൾ വെച്ചുകെട്ടി വിങ്ങൽ കുറയ്ക്കാം, പാല് വറ്റിയ്ക്കാം. പോരാത്തതിന് അതിനിപ്പോൾ നല്ല ഇംഗ്ലീഷ് മരുന്നുകളും സുലഭമാണ്.

പൂച്ചകൾക്ക് എങ്ങനെ മുല്ലപ്പൂ വെച്ചുകെട്ടികൊടുക്കും? മക്കളെ കാണാതാകുമ്പോഴുടൻ അവ പുറപ്പെടുവിക്കുന്ന വന്യവിലാപങ്ങളേക്കാൾ ആഴത്തിൽ മുറിപ്പെടുത്തും പിന്നീടുള്ള ദിവസങ്ങളിൽ പാല് തിങ്ങിയ മാറിടങ്ങളോടെയുള്ള അവയുടെ അസ്വാസ്ഥ്യങ്ങൾ. ചുവന്നും വെളുത്തും വീർത്ത് ഇപ്പോൾ പൊട്ടുമെന്ന് തോന്നിപ്പിച്ച് അവയിൽ ചിലതിന്റെ മുലക്കണ്ണുകൾ നോക്കിയ നോട്ടങ്ങളുടെ ഓർമകൾ ഇപ്പോളും എന്നെ പൊള്ളിക്കുന്നു.

എന്നാൽ - അതൊരു വലിയ എന്നാലും തന്നെ - ഇതിനേക്കാളെല്ലാം മുകളിലേയ്ക്ക് മറ്റൊരോർമയുടെ പല്ലുകളാഴുന്നു. പൂച്ച സാധാരണയായി മൂന്നോ നാലോ കുഞ്ഞുങ്ങളെയാണല്ലൊ ഒരു തവണ പ്രസവിയ്ക്കുന്നത്. അങ്ങനെ തീരെ കുഞ്ഞുങ്ങളായിരിക്കെത്തന്നെ കുഞ്ഞുങ്ങളുടെ കുഞ്ചിയ്ക്ക് മുറിയാതെ കടിച്ചു പിടിച്ച് തള്ള അവറ്റെ പല സ്ഥലങ്ങളിൽ കൊണ്ടുപോകുന്ന ഒരു പരിപാടിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൂച്ചപ്രണയിയായ ഞങ്ങളുടെ പാച്ചിയുടെ [അച്ഛന്റെ പെങ്ങൾ പാർവതി, പാർവതിച്ചേച്ചി ലോപിച്ച് പായിച്ചേച്ചിയും പിന്നെയും ലോപിച്ച് പാച്ചിയുമായി] പാച്ചിയുടെ ഭാഷയില്‍പ്പറഞ്ഞാൽ 'ഏഴില്ലം കടത്തൽ'. അതായത് ഏഴ് വീടുകളിലെങ്കിലും, അല്ലെങ്കിൽ ഒരേ വീടിന്റെ ഏഴ് വിദൂര ഇടങ്ങളിലെങ്കിലും, ഇങ്ങനെ മക്കളെയും കൊണ്ട് പൂച്ച പോകുമെന്നാണ് പാച്ചിയുടെ ഭാഷ്യം.

പൂച്ചയുടെ മറ്റൊരു സ്വഭാവവിശേഷവും പാച്ചി കുട്ടിക്കാലത്തു തന്നെ പറഞ്ഞുതന്നു. അത് ഞെട്ടിപ്പിക്കുന്നതായിരുന്നു. പെറ്റ് ഒന്നോരണ്ടോ ദിവസത്തിനുള്ളിൽത്തന്നെ തള്ളപ്പൂച്ച തന്റെ തന്നെ ഒന്നോ ചിലപ്പോൾ രണ്ടോ കുഞ്ഞുങ്ങളെ ശാപ്പിടുമെന്ന്. അത് പൂച്ചയുടെ പ്രസവരക്ഷയാണെന്നും പാച്ചി പറഞ്ഞു. പൂച്ച പെറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽത്തന്നെ ഒന്നു രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ കാണാതാകുന്ന സ്ഥിരം പരിപാടിയിലെ വില്ലൻ വല്ല പട്ടിയോ കാടൻപൂച്ചയോ ആണെന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്തായാലും പാച്ചി പറഞ്ഞത് മുഴുവനായി വിഴുങ്ങാൻ എന്നെ കിട്ടുമായിരുന്നില്ല. കുഞ്ഞിന് വേദനിക്കാത്ത വിധം അതിനെ ഠപ് എന്ന് ഒരൊറ്റവിഴുങ്ങലാണ് തള്ളപ്പൂച്ച നടത്തുന്നത് എന്നുവരെ പറഞ്ഞുകളഞ്ഞു പാച്ചി.

അനുഭവം ഗുരു എന്നാണല്ലൊ. വർഷങ്ങൾ കഴിഞ്ഞാണ് ഇക്കാര്യത്തിലെ ഗുരുവിനെ എറണാകുളം ഘരാനയിൽ വെച്ച് കണ്ടുമുട്ടിയത്. വില്ലിംഗ്ഡൺ ഐലണ്ടിൽ ഞങ്ങളന്ന് താമസിച്ചിരുന്ന പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സിലെ അമ്മയും അച്ഛനും ജോലിക്കു പോയിരിക്കുന്ന ഒരു പകൽ. മഹാരാജാസ് ഈവനിംഗിൽ ബീയേക്കു പഠിക്കുകയാണ് അക്കാലം ഞാൻ. അന്നു രാവിലെ പെറ്റ ഒരു പൂച്ച കട്ടിൻ ചോട്ടിൽ കുട്ടികളോടൊപ്പം കിടക്കുന്നു. സെറ്റിയിലിരിന്ന് വായിക്കുന്ന എനിക്ക് തള്ളേം മക്കളേം കാണാം. പെട്ടെന്നതാ ആ തള്ളപ്പൂച്ച ഒരു കുഞ്ഞിനെ തിന്നാൻ തുടങ്ങുന്നു. ജീവനോടെ, മെല്ലെ മെല്ലെ, കടിച്ചു മുറിച്ച്. തിന്നപ്പെടുമ്പോൾ ആ കുഞ്ഞ് ചെറുതായൊന്ന് ഞരങ്ങിയോ? ഓർമയില്ല. പാച്ചി പറഞ്ഞ ആദ്യപാതി ശരിയായിരിക്കാം. ഇത് പൂച്ചയുടെ പ്രസവരക്ഷയായിരിക്കാം. രണ്ടാം പാതി ശരിയല്ല. വേദനിപ്പിക്കാതെയല്ല, ജീവനോടെ കടിച്ചു മുറിച്ചാണ് തീറ്റ.

ബാക്കിയുള്ള കുഞ്ഞുങ്ങളിൽ ഒന്നിനെ കാടൻപൂച്ചയോ പട്ടിയോ പിടിച്ചാലോ വീട്ടിലെ ചെക്കൻ നാടുകടത്തിയാലോ കരഞ്ഞുവിളിക്കുന്ന അമ്മയുടെ വർഗം തന്നെ അതും. എന്റെ ഞെട്ടൽ, പ്രകൃതിയുടെ ക്രൂരതയോർത്തുള്ള അന്നത്തെയാ സംത്രാസം, അതിന്നും വിട്ടിട്ടില്ല.

ഇതാദ്യമായി എഴുതാനാഞ്ഞ് ദേവനെ വിളിച്ചപ്പോൾ ദേവൻ പറഞ്ഞത് അത് പ്രസവരക്ഷയല്ലെന്നാണ്. ഒരേ സമയം മൂന്നിലധികം കുഞ്ഞുങ്ങളെ പാലൂട്ടി വളർത്താനുള്ള ആരോഗ്യം പൂച്ചകൾക്കില്ലത്രെ. മറ്റ് സഹോദരങ്ങൾക്കു വേണ്ടി ആ ഒരെണ്ണം ജീവൻ ബലിയർപ്പിക്കുന്നതാണെന്ന് ചുരുക്കം. ഹൊ, എന്നാലും അതൊരു വല്ലാത്ത രീതിയിലുള്ള ബലിയായിപ്പോയി. പെറ്റ തള്ള തന്നെ കൊച്ചിനെ പച്ചയ്ക്ക് തിന്നുന്ന ഏർപ്പാട്.

അതിനും ശേഷമാണ് പൂച്ചകളുടെ സെക്സ് ലൈവായി കണ്ടത്. അതും മഹാഭീകരം തന്നെ. ഒരു കാ‍ടൻ റേപ്പ്. എല്ലാ ഫെലൈൻ കക്ഷികളും അങ്ങനെ തന്നെ ആണോ ആവോ? ഒരു സിംഹസെക്സിന്റെ സ്റ്റിൽ ഫോട്ടോ കണ്ടപ്പോൾ എല്ലാ മാർജാരന്മാരും അങ്ങനെ തന്നെ അങ്ങനെ തന്നെ എന്ന് പേടിച്ചു പോയി. ആൺപൂച്ച പെണ്ണിന്റെ പുറത്തുകയറിയിരുന്ന് അതിക്രൂരമാം വിധം അതിന്റെ കഴുത്തിൽ മുറുകെ കടിച്ചുപിടിച്ചാണ് സം യോഗം സാധ്യമാക്കുന്നത്. ആ റേപ്പ് പെണ്ണ് എൻ ജോയ് ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ, ഒരു സാക്ഷിക്ക് പറയാനുണ്ടാവുക അല്ലെന്നായിരിക്കും. വേദനിച്ച് കരഞ്ഞ് രക്ഷപ്പെടാൻ തന്നെയാണ് അതിന്റെ വെപ്രാളം. അത് വിട്ടുപോകാതിരിക്കാൻ തന്നെയാണ് കണ്ടൻപൂച്ച കടിച്ചു പിടിച്ചിരിക്കുന്നതും. അതിനെപ്പറ്റി അക്കാലത്തു കേട്ട ഒരു എക്സ്പ്ലനേഷൻ വിശ്വസിക്കാൻ പറ്റിയിട്ടില്ലിതുവരെ. ആൺപൂച്ചയുടെ ഉദ്ധൃതമായ ലിംഗത്തിന് അസഹനീയമായ ചൂടാണത്രെ. അതുകൊണ്ടാണുപോലും പെണ്ണിനത് സന്തോഷത്തോടെ സ്വീകരിയ്ക്കാൻ കഴിയാത്തത്.

പൂച്ചയുടെ സെക്സിന്റെ കാര്യം ഇതാണെങ്കിൽ പൂച്ചയുടെ മേൽത്തട്ട് ശത്രുവായ പട്ടിയുടെ കാര്യമോ? ഇടവഴികളിലും മറ്റും മുന്നിൽ വന്ന് പെട്ടിട്ടുള്ള ശ്വാനരതി ആരിലാണ് സഹതാപമുണർത്താതിരിക്കുക. [പൂച്ചയുടെ കീഴ്ത്തട്ട് ശത്രുവായ എലിയുടെ കാര്യം എന്താണോ എന്തൊ!].

കുട്ടിക്കാലം ചെലവഴിച്ച അച്ഛന്റെ വീട്ടിൽ, അതായിരുന്നു ആ വീടിന്റെ സുവർണകാലം, അക്കാലത്ത് ഒരു ടൈമിൽ അവിടെ എട്ടു പൂച്ചകളുണ്ടായിരുന്നു. എന്നിട്ടും ഒരു കാലത്തും അവയെ സ്നേഹിക്കാൻ പറ്റിയിട്ടില്ല. അനിയത്തിയിൽ നിന്ന് പാരമ്പര്യമായി കിട്ടിയ പൂച്ചസ്നേഹവും കൊണ്ടായിരിക്കണം അച്ഛൻ ക്വാർട്ടേഴ്സിൽ പാർക്കാൻ പോയത്. എന്തായാലും പിന്നാലെ പോയ ഞങ്ങൾക്കെല്ലാം - അമ്മയ്ക്കും ചേച്ചിയ്ക്കും എനിക്കും - ദേഷ്യമായിരുന്നു പൂച്ചകളെ. പട്ടിക്കാട്ടത്തിന്റെ ദുർഗന്ധത്തെ തോല്‍പ്പിക്കുന്ന ഒരു ദുർഗന്ധമേയുള്ളു - പൂച്ചമൂത്രത്തിന്റെ.

എങ്കിലും പാച്ചിയുടെ പൂച്ചകുലത്തിലെ ഒരുത്തിയെ മറക്കാൻ വയ്യ. റാണി എന്നായിരുന്നു അവളുടെ പേര്. പൂച്ചയെ ഇഷ്ടമല്ലാതിരുന്ന ഞങ്ങളുടെ മൃഗീയഭൂരിപക്ഷം മാനിച്ച്, പാച്ചിയുടെ സങ്കടം വക വെയ്ക്കാതെ, അതിനെ നാല് പുഴയിലെ കടത്തുകൾ കടത്തി, പത്ത് പതിനഞ്ച് ഏരിയൽ കിമീ ദൂരത്തുള്ള പുത്തൻ വേലിക്കരയിൽ കൊണ്ടാക്കി ആരോ ഒരിക്കൽ. അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ ഒരു ഞായറാഴ്ച ഉച്ചയ്ക്ക് എല്ലാരും ഇരുന്നും കിടന്നുമെല്ലാം ഉച്ചമയക്കത്തിന്റെ ആലസ്യം നുകർന്നിരിക്കെ അതാ വരുന്നു റാണിപ്പൂച്ച "മ്യാവൂ".

തീർന്നില്ല. സ്കൂൾ ടീച്ചറായിരുന്ന അമ്മ അക്കാലത്ത് വിളിച്ചെടുത്ത ഒരു വലിയ കുറിയുടെ കാശുകൊണ്ട് ഒരു കാറ് വാങ്ങി ടാ‍ക്സിയിട്ടു. കെ. എൽ. ഇ. 551. ഗോതുരുത്തുകാരൻ മാത്തപ്പനു മുമ്പ് അങ്കമാലിക്കാരൻ വർഗീസായിരുന്നു ഡ്രൈവർ. ഒരു ദിവസം വൈകീട്ട് പോകുമ്പോൾ പിറ്റേന്നത്തെ മലയാറ്റൂ പെരുന്നാളോട്ടത്തിനു വേണ്ടി അയാൾ കാറ് അങ്കമാലിയ്ക്ക് കൊണ്ടുപോകുമ്പോൾ ഡിക്കിയിലെ ചാക്കിൽ റാണിയുമുണ്ടായിരുന്നു. അങ്കമാലി-ചേന്ദമംഗലം പത്തുമുപ്പത് കിലോമീറ്റർ ദൂരം, മരണ വേഗത്തിൽ വണ്ടികളോടുന്ന റോഡുകൾ, ഇഷ്ടികക്കളങ്ങൾ ഭൂമിയെ ചുട്ടുതിന്ന് പുകയും വിട്ട് മയങ്ങിക്കിടക്കുന്ന ചെങ്ങമനാട്ടെയും കുന്നുകരയിലേയും പാടങ്ങൾ, രൗദ്രയായ പെരിയാറിന്റെ ഹെഡ്ഡോഫീസ്, ചാലക്കുടിപ്പുഴയുടെ ശാഖകൾ... അതെല്ല്ലാം പിന്നിട്ട് വൃദ്ധയായ ആ മാർജാരസ്ത്രീ ഒന്നൊന്നരമാസം കഴിഞ്ഞപ്പോൾ ചേന്ദമംഗലത്തെ വീട്ടിൽ വന്നു കയറിയതെങ്ങനെ? ബ്രൗണിഷ് ഗ്രേ നിറമുള്ള റാണി നടന്നു വരുമ്പോൾ പല പേറ് പെറ്റ് തൂങ്ങിയ അതിന്റെ അമ്മിഞ്ഞകൾ ഇടത്തേയ്ക്കും വലത്തേയ്ക്കും ആടിയിരുന്നു. ഒരിക്കലും അരയ്ക്ക് മുകളിൽ ഡ്രെസ്സിട്ടു കണ്ടിട്ടില്ലാത്ത അമ്മൂമ്മയെ ഓർപ്പിച്ചിരുന്നു അപ്പോൾ റാണി.

എട്ടു പൂച്ചകളുള്ള ആ വീടിന്റെ കിഴക്കോറത്തുണ്ടായിരുന്ന ഒരു പരുത്തിയിന്മേൽ അക്കാലത്ത് ഒരു പകൽ ഒരു കാക്ക പെറ്റിട്ട് രണ്ടു ദിവസത്തിലേറെ പ്രായമാകാത്ത ഒരു പൂച്ചക്കുഞ്ഞിനേയും കൊണ്ട് എവിടെ നിന്നോ പറന്നു വന്ന് ലാൻഡു ചെയ്തു. അതിന്റെ കണ്ണ് ശെരിക്കും തുറന്നിട്ടുപോലുമില്ലായിരുന്നു - അത്രയും കുഞ്ഞ്. അതിനപ്പോളും പാതിജീവനുണ്ടായിരുന്നു. അതിന്റെ അവസാനത്തെ കരച്ചിൽ താഴത്തേയ്ക്ക് എത്തിയിരുന്നു. ഞാൻ കാക്കയെ ഒരു കല്ലെടുത്തെറിയാൻ കുനിഞ്ഞു. രക്ഷയുടെ പകുതിവഴിയും പിന്നിട്ട് അപ്പുറത്തേയ്ക്ക് പോയിരുന്ന ആ പൂച്ചക്കുഞ്ഞിനെ ഇനി രക്ഷിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ആരോ ആവണം എന്നെ തടഞ്ഞു. ആ കാക്ക ജീവനോടെ അതിനെ തിന്നാൻ തുടങ്ങി. തിന്നു തുടങ്ങിയ ഉടൻ ആ സ്ഥലം ‍അത്ര പന്തിയല്ലെന്നു കണ്ട് പിന്നെയും അതിനെയും കൊണ്ട് എങ്ങോട്ടോ പറന്നുപോയി.

ഇക്കഴിഞ്ഞ കർക്കടകത്തിൽ നാട്ടിലുണ്ടായിരുന്നപ്പോൾ, ഒരു രാത്രി, പറവൂരുന്ന് രണ്ട് ബിയറും കഴിച്ച് വീട്ടിൽ വന്ന് അത്താഴത്തിന് കൈ കഴുകുമ്പോൾ വടക്കേപ്പറമ്പിൽ ഒരു പൂച്ചയുടെ മരണവെപ്രാളം. പഴയ കുറ്റബോധങ്ങൾകൊണ്ടായിരിക്കാം, മഴ വക വെയ്ക്കാതെ ഒരു ടോർച്ചുമെടുത്ത് നോക്കാനിറങ്ങിയപ്പോൾ, അപ്പോളും ആരോ വിലക്കി - "അത് സാരല്ല്യ ചേട്ടാ, ഒരു പട്ടി ഒരു പൂച്ചേപ്പിടിച്ചതാ". ഭാഗവതത്തിൽ ജീവോ ജീവസ്യ ജീവനം എന്നു വായിച്ചത് അതിനും മുമ്പായിരുന്നതുകൊണ്ട് അത്താഴം മുടങ്ങിയില്ല.

വസന്തവായുവിൽ വസൂരിരോഗാണുവുണ്ടെന്നും പറന്നു നടക്കുന്ന ആ സുന്ദരിശലഭത്തിനു പിന്നാലെ ഒരു ഓന്ത് നാക്കു നീട്ടുന്നുണ്ടെന്നും വൈലോപ്പിള്ളി പറഞ്ഞപോലെ, റാണിയും ഓരോ പ്രസവശേഷവും ഒരു കുഞ്ഞിനെയെങ്കിലും കടിച്ചു തിന്നിരുന്നോ?

പ്രകൃതിയെപ്പറ്റി അധികം പറയണ്ട.

Thursday, October 30, 2008

മരീചികകൾ ഉണ്ടാകുന്നത്


പതിനാറാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടണോ
എൺപത്തിനാലാം വയസ്സിൽ കന്യകയായി മരിക്കണോ?

Tuesday, October 28, 2008

ഫ്രം ഹീറോസ്കോപ്പ് ടു ഹോറോസ്കോപ്പ്


നമ്മളെല്ലാം ഒരു ഹീറോസ്കോപ്പും കൊണ്ട് ജനിക്കുന്നു. ചിലരെല്ലാം അതൊരു ഹോറോസ്കോപ്പായി ചുരുക്കിക്കളയുന്നു.

Monday, October 27, 2008

ഒരു സൗജന്യ ഉപദേശം


കുട്ടികളോടും ദരിദ്രരോടും ശത്രുക്കളോടും മണ്ടന്മാർ എന്ന് നിങ്ങൾ കരുതുന്നവരോടും അപരിചിതരോടും നന്നായി പെരുമാറുക. നാളെ അവരെല്ലാം ആരാകുമെന്ന് ആർക്കറിയാം!

Saturday, October 25, 2008

വന്ദനം


ഇന്നലെ രാവിലെ എം. ജി. റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുകയായിരുന്നു ഞാന്‍. രാവിലത്തെ തിരക്ക് അറിയാമല്ലൊ - ഒരു പതിനഞ്ച് മിനിറ്റെങ്കിലും അങ്ങനെ നിന്നു കാണും - ഒരു രക്ഷയുമില്ല. വാഹനങ്ങളങ്ങനെ അണ മുറിയാതെ വന്നുകൊണ്ടിരിക്കയല്ലെ!

പെട്ടെന്ന് ഞാനൊരു ഞെട്ടിപ്പിക്കുന്ന സുന്ദരദൃശ്യം കണ്ടു. ഒരു തേരട്ട അപ്പുറത്തെ സൈഡില്‍ നിന്ന് മെല്ലെ ഇഴഞ്ഞ് റോഡ് മുറിച്ചു കടക്കാന്‍ തുടങ്ങുന്നു. അയ്യോ, ഞാന്‍ കണ്ണു പൊത്തി. കണ്ണു തുറന്നപ്പോളോ - ഇല്ല, ഒന്നും സംഭവിച്ചിട്ടില്ല, അതിങ്ങോട്ട് വന്നു കൊണ്ടിരിക്കയാണ്. ഏതൊക്കെയോ കുരുട്ടു ഭാഗ്യങ്ങള്‍ കൊണ്ട് അതങ്ങനെ വന്നു കൊണ്ടിരിക്കുന്നു. ചുവന്ന പെയിന്റടിച്ച മൂന്നാല് പ്രൈവറ്റ് ബസ്സുകൾ, എണ്ണിയാലൊടുങ്ങാത്ത ഓട്ടോറിക്ഷകൾ, എത്രയോ സൈക്കിളുകൾ, മോട്ടോർ ബൈക്കുകൾ... അതൊന്നും അറിയാതെ, എന്നുവെച്ചാൽ അതുങ്ങളുടെ ചക്രങ്ങളിലൊന്നും പെട്ട് അരയാതെ ആ തേരട്ട അതാ മീഡിയനും മുറിച്ച് കടക്കുന്നു.

പിന്നെ ഇപ്പുറത്തെ വൺ വേ റോഡായി. ഇല്ല, അതിനൊന്നും പറ്റിയിട്ടില്ല. ഒരു ലോറി അതിനെ തൊട്ട് തൊടാതെ കടന്നു പോയി. അതാ വരുന്നു കരഞ്ഞുവിളിച്ചുകൊണ്ട് ഒരാംബുലൻസ്. പിന്നാലെ ഒരു പോലീസ് ജീപ്പ്, അതിനും പിന്നാലെ കൊടിവെച്ച കാറിൽ - ആരാ മന്ത്രിയോ മേയറോ - ആരാണാവോ, പിന്നെയും ബസ്സുകൾ, ഓട്ടോറിക്ഷകൾ... ഇല്ല ഒരു വാഹനത്തിന്റെയും ടയർ അതിനെ തൊട്ടില്ല.

മറ്റാരും അതിനെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നുന്നു. എന്തിൻ, ഞാനൊരാൾ പോരേ... ഞാനങ്ങനെ അന്തം വിട്ട് നിൽക്കുകയാൺ. ഞാനടക്കം ഒരുപാട് മനുഷ്യർ റോഡ് മുറിച്ചു കടക്കാൻ നിന്ന് പരാജയപ്പെട്ടിടത്ത് ഒരു തേരട്ട പുല്ലുപോലെ... ഹൊ, എനിക്കെന്റെ അത്ഭുതം ഒളിച്ചുവെയ്ക്കാൻ കഴിയില്ലെന്നു തോന്നി. തേരട്ടയോ, അത് മെല്ലെ ഇഴഞ്ഞ് ഞാൻ കാത്തുനിൽക്കുന്ന ഫുട്പാത്തിലേയ്ക്ക് കയറി.

പെട്ടെന്ന് തിരക്കിട്ട് നടന്നുപോയ ഒരാളുടെ ഷൂസിനടിയില്‍പ്പെട്ട്... പാവം തേരട്ട...

Thursday, October 23, 2008

അയ്യോ!

നല്ല മനുഷ്യർക്ക് ചീത്തകാലം വന്നാൽ അതവർ സഹിച്ചോളും.

ചീത്ത മനുഷ്യർക്ക് നല്ലകാലം വന്നാൽ മറ്റുള്ളവർ അതെങ്ങനെ സഹിക്കും?

Wednesday, October 22, 2008

പോസിബ്ൾ?


ആത്മഹത്യ ചെയ്യണമെന്നോ ചാവണമെന്നോ നിർബന്ധമൊന്നുമില്ല.

(ജീവിതം എന്ന ഈ 24 x 7 ജോലിയിൽ നിന്ന്)

ഒരഞ്ചാറു ദിവസം ലീവെടുക്കാൻ പറ്റിയിരുന്നെങ്കിൽ!

Tuesday, October 21, 2008

കരച്ചിലും പിഴിച്ചിലും


ബുഷ് നോക്കുമ്പൊ വറക്കലും പൊരിക്കലും

ക്യാഷ് നോക്കുമ്പൊ കരച്ചിലും പിഴിച്ചിലും

Sunday, October 19, 2008

ആർക്കറിയാം?


എഴുപതുകളില്‍ കേരളത്തിലൊരിടത്ത് ഒരു സാധാരണക്കാരന്‍ ജീവിച്ചിരുന്നു. ബാഹ്യസമ്മര്‍ദ്ദങ്ങളാല്‍ അയാള്‍ക്ക് ബുദ്ധിജീവിയാകേണ്ടി വന്നു. അതിന്റെ ഭാഗമായി അയാള്‍ കുളി ഉപേക്ഷിച്ചു. തലമുടി അഴുക്കും ദുര്‍ഗന്ധവും നിറഞ്ഞ് കാടുകയറി. പേനുകള്‍ പെറ്റുപെരുകി. അക്കൂട്ടത്തിലെ രണ്ട് പേനുകളായിരുന്നു സണ്ണിക്കുട്ടിയും ഗ്രേസിക്കുട്ടിയും. മനുഷ്യരക്തം കുടിയ്ക്കുന്നതു കൊണ്ടായിരിക്കാം അവര്‍ പ്രേമത്തില്‍ വീണു. വൈകാതെ അവര്‍ വിവാഹിതരായി. അതിനിടയില്‍ തലയിലെ മാലിന്യം പേനുകള്‍ക്കുപോലും സഹിക്കാനാവാത്ത വിധം വര്‍ധിച്ചുകൊണ്ടിരുന്നു.

ഇക്കാലത്താണ് ഗ്രേസിക്കുട്ടി ഗര്‍ഭിണിയായത്. ആ ദുരിതത്തിലേയ്ക്ക് ഇനി കുഞ്ഞുങ്ങളേക്കൂടി കൊണ്ടുവരേണ്ട എന്നായിരുന്നു അവരുടെ തീരുമാനം. 'വേറെ ഏതെങ്കിലും തലേച്ചെന്നട്ടാവാം ഇനി' എന്നാശ്വസിച്ച് അവര്‍ ആ ഗര്‍ഭം അലസിപ്പിച്ചു.

'ഞാന്‍ പോയി സുരക്ഷിതമായ വല്ല തലയും കണ്ടുപിടിച്ചിട്ട് വരാം' സണ്ണിക്കുട്ടി പറഞ്ഞു. അങ്ങനെ ഒരു ദിവസം ഗ്രേസിക്കുട്ടി നിറകണ്ണീരുമായി നില്‍ക്കെ സണ്ണിക്കുട്ടി യാത്രയായി. അരിച്ചരിച്ച് അവനങ്ങനെ പോയി.

ബുദ്ധിജീവിയുടെ വലതു കൃതാവിലൂടെ അവന്‍ താഴേയ്ക്ക്, താടിയിലേയ്ക്കിറങ്ങി. പേനുകള്‍ക്കുണ്ടോ ഭൂമിശാസ്ത്രമറിയുന്നു! അങ്ങനെ അവന്‍ താടിയുടെ ഒത്തനടുവില്‍, ചുണ്ടിന് താഴെയുള്ള പോയന്റിലെത്തിയപ്പോള്‍! പോയന്റിലെത്തിയപ്പോള്‍... അപ്പോളാണ് ബുള്‍ഗാന്‍ താടി ഫാഷനായ വിവരം ബുദ്ധിജീവി അറിയുന്നത്. പെട്ടെന്നു തന്നെ അയാള്‍ രണ്ട് കൃതാവിനും താഴെ ഏതാണ്ട് രണ്ടര ഇഞ്ച് വീതം രോമം വടിച്ചു കളഞ്ഞു. സണ്ണിക്കുട്ടിയോ? പാവം - അവന്‍ ബുള്‍ഗാന്‍ താടിയും മീശയും ഉള്‍പ്പെടുന്ന വൃത്തദ്വീപില്‍ തടവുകാരനായി.

ഏകാന്തത, വ്യര്‍ത്ഥത, അസംബന്ധം എന്നിവയുടെ സ്മാരകങ്ങളായി ആ ദമ്പതിമാര്‍ കുറേനാള്‍ കൂടി അങ്ങനെ ജീവിച്ചു.

Tuesday, October 7, 2008

രജതോദരി അഥവാ മുള്ളന്‍!


സംസ്കൃതം വ്യവഹാരഭാഷയായിരുന്ന കാലത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്നവര്‍ മീന്‍ തിന്നിരുന്നൊ ആവൊ. തിന്നിരുന്നെങ്കില്‍ അവര്‍ക്കുകൊള്ളാം. മേല്‍പ്പത്തൂര്‍ നാരായണന് റൂമാറ്റിസിസത്തിന്റെ കമ്പ്ലെയ്ന്റുണ്ടായപ്പൊ ആരാ പറഞ്ഞെ മീന്‍ തൊട്ടു കൂട്ടാന്‍? പണ്ഡിതന്മാര്‍ക്ക് ഒന്നും നേരേചൊവ്വെ എടുക്കാനറിയില്ല.അതുകൊണ്ടങ്ങേര് മീന്‍ തൊട്ടു കൂട്ടുക എന്നു കേട്ടപ്പോള്‍ മത്സ്യാവതരം മുതലുള്ള വിഷ്ണുവിന്റെ ലീലാവിലാസങ്ങള്‍ സംസ്കൃതകാവ്യമാക്കി. അതാണ് നാരായണീയം.

മുള്ളന്‍ എന്ന മീനിന് ഇംഗ്ലീഷില്‍ പറയുന്നത് silver bellly എന്നാണെന്ന് കണ്ടുപിടിച്ചപ്പോള്‍ അത് സംസ്കൃതത്തിലാക്കിയാല്‍ എങ്ങനുണ്ടാവും എന്ന് ശ്രമിച്ചതിന്റെ ഫലമാണ് രജതോദരി. വേണമെങ്കില്‍ ചക്ക, അല്ല മുള്ളന്‍, അക്വേറിയത്തിലും കായ്ക്കുമോ?

ഇത്രയും പറഞ്ഞു വന്നപ്പോള്‍ ഒന്നൊന്നര വര്‍ഷം മുമ്പ് ഡിലീറ്റിയ മറ്റൊരു കുറിപ്പ് ഓര്‍ത്തു - കോവയ്ക്ക അഡ്ഡര്‍ഗോഡല്ല!

പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ അമ്മ പറഞ്ഞുതരും മുമ്പു തന്നെ കോവയ്ക്കയെ മനസ്സ് പശുവിന്റെ അകിട്ടിനോട് ഉപമിച്ചിരുന്നു. വരരുചിയുടെ (പറച്ചി പെറ്റ) മക്കളെ പലര്‍ വളര്‍ത്തി. എങ്കിലും അമ്മയുടെ ശ്രാദ്ധത്തിന് അവര്‍ തറവാട്ടില്‍ ഒത്തുകൂടുമായിരുന്നു (ഗള്‍ഫും ബോംബെയും ന്യൂ‍യോര്‍ക്കും വളര്‍ത്താന്‍കൊണ്ടുപോയ ഇന്നത്തെ വരരുചിയുടെ മക്കള്‍ ചിലപ്പോള്‍ ഒത്തുകൂടുന്നതുപോലെ).

പാക്കനാരെ വളര്‍ത്തിയത് ഒരു പറയന്‍. അതുകൊണ്ട് അമ്മയുടെ ശ്രാദ്ധത്തിനുള്ള തന്റെ വീതമായി പാക്കനാര്‍ ഒരിക്കല്‍ കൊണ്ടുവന്നത് പശുവിന്റെ അകിടായിരുന്നത്രെ (ഇന്ന് ഞാനും ബീഫ് തട്ടിവിടും. അന്ന് പറയരെപ്പോലെ ചിലര്‍ മാത്രമേ പശുവിനെ തിന്നുകയുള്ളായിരുന്നു. അതുകൊണ്ടാണ് പാക്കനാരുടെ കാഴ്ച അകിടായിപ്പോയത്). അത് കുഴിച്ചിട്ടെന്നും അത് മുളച്ചുണ്ടായതാണ് കോവല്‍ എന്നുമായിരുന്നു കഥ. അതുകൊണ്ടാണോ ശ്രാദ്ധദിനങ്ങളില്‍ കോവയ്ക്ക വിശേഷമായത്? ചാരത്തില്‍പ്പൂണ്ടവന്‍ കുമ്പളങ്ങ എന്ന ചൊല്ലില്‍ ഒതുക്കാതെ കുമ്പളങ്ങയെ നേരിട്ട് തന്നെ Ash Gourd എന്ന് വിളിച്ചു സായിപ്പ്. അതുപോലെ കോവയ്ക്കയെ Udder Gourd എന്നു വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചത് തെറ്റാണോ? ഈയിടെയാണ് കോവയ്ക്കയുടെ ആംഗലേയമറിഞ്ഞത് - ലതാഫലം എന്ന് പരിഭാഷപ്പെടുത്താവുന്ന Ivy Gourd!

ഗോഡുകളുടെ പിന്നാലെ പോയപ്പൊളല്ലെ ബിറ്റര്‍ ഗോഡ് മാത്രമല്ല ഗോഡ് എന്ന് മനസ്സിലായത്. ചുരയ്ക്ക [bottle gourd], പീച്ചിങ്ങ [sponge gourd]... അങ്ങനെ എത്ര ഗോഡുകള്‍! ഞാനൊരു വെജിറ്റേറിയനുമാണെന്ന് ഇപ്പോള്‍ മനസ്സിലായല്ലൊ!

Postscript: രക്തവര്‍ണാ മാംസനിഷ്ഠാ ഗുഡാന്നപ്രിയമാനസാ എന്നു വിളിക്കുന്നുണ്ട് ലളിതാസഹസ്രനാമത്തില്‍ ഒരിടത്ത്. ശര്‍ക്കരച്ചോറ് [പായസം] പ്രിയമായവളേ എന്ന് ഒന്നിന്റെ അര്‍ത്ഥം തിരിഞ്ഞു. രജതോദരി അപ്പോള്‍ ഞാനുണ്ടാക്കിയ വാക്കല്ല?

Sunday, October 5, 2008

സിവിലൈസേഷന് ചികിത്സയുണ്ട്


സംവിധായകന്‍ അമല്‍ നീരദിന്റെ അപ്പനും മഹാരാജാസില്‍ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളംസാറും ഒന്നാന്തരം പ്രോസ് എഴുതുന്ന ദേഹവുമായ സി. ആര്‍. ഓമനക്കുട്ടന്റെ പഥേര്‍ പാഞ്ചാലി എന്ന മിനിക്കഥയില്‍ നിന്നൊരു പാര: "റോമന്‍ ഹോളിഡേ, ഗോണ്‍ വിത് ദ വിന്‍ഡ്, റിവര്‍ ക്വായി, ഹഞ്ച്ബാക്ക്, വെസ്റ്റേണ്‍ ഫ്രണ്ട്, ബേഡ്സ്, കിഡ്... വല്ലതും നീ കണ്ടിട്ടൊണ്ടൊ? അല്ല ഫിലിം സൊസൈറ്റിയുടെ കുഞ്ഞുതുണിയില്‍ കണ്ടിട്ടുള്ള ബൈസിക്ക്ല് തീവ്സ്, പോടംകിന്‍, റഷമോണ്‍, സുബര്‍ണരേഖ, പഥേര്‍ പാഞ്ചാലി എന്നീ അഞ്ചെണ്ണത്തിനെപ്പറ്റിയുള്ള വാചകമേയുള്ളൊ?"

ഹോളിവുഡിന്റെ കലാമൂല്യം അംഗീകരിക്കുന്ന ഒരു അപൂര്‍വ മലയാളി എഴുതിയ അതിഗംഭീരമായ സിനിമാനിരൂപണം, അഗാധമായ സാമൂഹ്യനിരൂപണമായി ഉയരുന്നതുകണ്ടപ്പോള്‍ ഞാന്‍ ഓമനക്കുട്ടന്‍ സാറിന്റെ രസികന്‍ പരിഹാസം ഓര്‍ത്തുപോയി.

നമ്മുടെ പ്രിയ ബ്ലോഗര്‍ ലതീഷ് മോഹന്റേതാണ് മാധ്യമം പ്രസിദ്ധീകരിച്ച ആ നിരൂപണം.

അക്രമരാഹിത്യം നാഗരികതയുടെ മോഹമാണെന്ന് ലതീഷ് മോഹന്‍ എഴുതുന്നു. കേരളം ഒരു നെടുനീളന്‍ നഗരമാണെന്ന് നമുക്കറിയാം. ഭരണകൂട നീതിന്യായവ്യവസ്ഥയെ നമ്മള്‍ ഒന്നടങ്കം [മറുനാട്ടില്‍ ജീവിക്കുമ്പോള്‍പ്പോലും] അനുസരിക്കുന്നതിന്റെ ലസാഗു അതുതന്നെ. അടിയന്തരാവസ്ഥയെ, അത് കാഴ്ചവെച്ച അച്ചടക്കത്തെ, നിശബ്ദതയെ, ക്രമത്തെ, അതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പിലൂടെ നമ്മള്‍ ന്യായീകരിച്ചത് ഈ ലസാഗുകൊണ്ടാണ്.

സിപീയെമിന്റെ പട്ടികജാതി സമ്മേളനത്തെ തൊലിയുരിച്ച് സണ്ണി എം. കപിക്കാട് [ഞങ്ങളുടെ മഹാരാജാസ് കാലത്തെ പൈലി] എഴുതുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. ലതീഷും സണ്ണിയും പൂര്‍ണമാക്കുന്ന ചിന്തയുടെ വലിയ രണ്ട് പസിലുകള്‍ വീണ്ടും കൂട്ടിച്ചേത്താല്‍ നമുക്ക് മറ്റൊരു പൂര്‍ണചിത്രം കിട്ടുമോ?

കേരളത്തിലെ ദളിതന്‍ ഉണരാന്‍ വൈകിയില്ല [അയ്യങ്കാളി]. പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം അവന്‍ ഖദറുടുത്ത് ഉറങ്ങിപ്പോയെങ്കില്‍ [ടി. കെ. സി. വടുതല മുതല്‍ കെ. ആര്‍. നാരായണന്‍ വരെ], അതും ഒരു പക്ഷേ മേല്‍പ്പറഞ്ഞ ക്രമപ്രേമത്തില്‍ വീണതുകൊണ്ടാകുമോ?

"Civilization is a product. It has nothing to do with art" എന്ന്‍ ഗൊദാര്‍ദ് പറഞ്ഞതുകൂടി ഇവിടെ ചേര്‍ത്തുവായിക്കുക - കാരണം നമ്മള്‍ പറഞ്ഞുതുടങ്ങിയത് സിനിമയെപ്പറ്റിയാണല്ലൊ.

ലതീഷിന്റെ ചില നിരീക്ഷണങ്ങളോട് നിങ്ങള്‍ വിയോജിക്കണം. അത് ജനാധിപത്യത്തിന്റെ അരോഗലക്ഷണം തന്നെ. ലതീഷിന്റെ ലേഖനം ഇവിടെ. സണ്ണിയുടെ ലേഖനം ചുണയുണ്ടെങ്കില്‍ തപ്പിയെടുത്ത് വായിക്ക്.

സിവിലൈസേഷന്‍ ഒരു രോഗമാണ്. അതിന് ചികിത്സയുണ്ട്.
Related Posts with Thumbnails