Thursday, August 28, 2008

ഉമേഷേ, രക്ഷിയ്ക്കണേ...ഒരു വിഡിയോ പോസ്റ്റിട്ടിട്ട് എത്ര നാളായി എന്നോര്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു കീറാമുട്ടി. അറബ് കവിയും എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റുമുള്ള പണ്ഡിത സുഹൃത്ത് ഡോ. ഷിഹാബ് ഘാനിം തെളിച്ചുവിട്ട ഒരു വിഡിയോ ആണ് ഇതോടൊപ്പം. ‘ചൈനക്കാ‍ര്‍ ഗുണിക്കുന്നതെങ്ങനെ’ എന്നായിരുന്നു സബ്ജക്ട് ലൈനില്‍ എഴുതിയിരുന്നത്. ഉമേഷേ, ഇതെന്ത്? നമ്മളെ പൊട്ടനാക്കുകയാണോ? അല്ലെങ്കില്‍ എന്താണിതിന്റെ ഗുട്ടന്‍സ്?

Tuesday, August 26, 2008

രാമന്‍ സീതയുടെ ആരാ?


ത്രേതായുഗം. അയോധ്യാരാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു വലിയ കാടാണ് രംഗം. ആ കാട്ടിലെവിടെയോ കിടക്കുന്ന ഒരു കല്ലും മുള്ളും.

മുള്ള്: കല്ലേ, എത്ര നാളായി പറയുന്നു എനിക്ക് രാമായണംകഥ പറഞ്ഞു തരാമെന്ന്...

കല്ല്: കഥ തീര്‍ന്നില്ലായിരുന്നല്ലൊ, അതല്ലേ ഇതുവരെ പറഞ്ഞു തുടങ്ങാഞ്ഞത്. ഭാഗ്യം, ശ്രീരാമന്‍ സീതാദേവിയെ വീണ്ടെടുത്തു, വനവാസകാലവും കഴിഞ്ഞു. അവരെല്ലാം തിരിച്ച് രാജധാനിയിലെത്തി, പട്ടാഭിഷേകവും കഴിഞ്ഞു. പോരാഞ്ഞ് സീതാദേവി ഗര്‍ഭിണിയുമായിരിക്കുന്നു. ഒരു കഥയുടെ ശുഭപര്യവസാനത്തിന് മറ്റെന്തുവേണം? കേട്ടോളൂ, ഇതാ പറഞ്ഞേക്കാം.

[രാമായണംകഥ മുഴുവന്‍ കല്ല് മുള്ളിനെ വിസ്തരിച്ച് പറഞ്ഞു കേള്‍പ്പിക്കുന്നു. കഥ തീരൂന്ന മുറയ്ക്ക് ഒരു രഥം അടുത്തടുത്തുവരുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. കഥ തീരുന്നതിനു പിന്നാലെ പൊടി പറത്തിക്കൊണ്ട് രഥം രംഗപ്രവേശം ചെയ്യുന്നു. സീതാദേവിയും ലക്ഷ്മണകുമാരനുമാണ് യാത്രക്കാര്‍. സീതയെ തേരില്‍ നിന്നിറക്കി ആ കാട്ടിലുപേക്ഷിച്ച് ലക്ഷ്മണന്‍ തിരികെ പോകുന്നു. ആ കാട്ടുപാതയിലിപ്പോള്‍ സീതാദേവിയും കുറേ കല്ലും മുള്ളും മാത്രം].

മുള്ള്: രാമായണം മുഴുവന്‍ കേട്ടിട്ടും എനിക്കാ ചോദ്യം ചോദിക്കാന്‍ തോന്നുന്നു - യഥാര്‍ത്ഥത്തില്‍ രാമന്‍ സീതയുടെ ആരാ?

Wednesday, August 20, 2008

ഗള്‍ഫ് മലയാളിയുടെ ശുക്ലംകുറച്ചുനാള്‍ മുമ്പത്തെ ഒരു മലയാള പത്രത്തിന്റെ ഗള്‍ഫ് എഡിഷനില്‍ ഒരു പരസ്യം. തലക്കെട്ട്: ഒരു വിദേശ ഇന്ത്യക്കാരനെ വിവാഹം കഴിക്കുകയാണോ?. തലക്കെട്ടിനു താഴെ ഇങ്ങനെ: നിങ്ങളുടെ മകളുടെ വിവാഹം നടത്തുന്നതിനു മുമ്പ് ജാഗ്രത പാലിക്കുക. 'സമ്മതമാണ്' എന്നു പറയുന്നതിനു മുമ്പ് പശ്ചാത്തലവും നിയമപരമായ എല്ലാ വിശദാംശങ്ങളും അന്വേഷിക്കുക.

പരസ്യത്തിലുള്ള ചിത്രം ഒരു തളികയില്‍ ചവിട്ടുന്ന കാലിന്റെ ക്ലോസപ്പാണ്. ഏതോ ഉത്തരേന്ത്യന്‍ ഹൈന്ദവ വധുവിന്റെ കാലാണെന്ന് വ്യക്തം. മൈലാഞ്ചിയണിഞ്ഞ കാലില്‍ കനപ്പെട്ട പാദസരവുമുണ്ട്. കെട്ടിക്കേറി വരുമ്പോള്‍ പ്ലേറ്റില്‍ ചവിട്ടുന്നത് ഏത് ഗോസായിനാട്ടിലെ ചടങ്ങാണാവൊ? [വിദേശികളിലെ ഭൂരിപക്ഷവും ഇന്ത്യക്കാരും ഇന്ത്യക്കാരിലെ ഭൂരിപക്ഷവും മലയാളികളുമായ ഗള്‍ഫില്‍ മലയാളികളെ ലക്ഷ്യമാക്കിയുള്ള പരസ്യത്തിലെന്തിന് ഉത്തരേന്ത്യന്‍ ഹൈന്ദവ വിഷ്വല്‍ എന്ന് ചോദിക്കരുത്. ഗള്‍ഫെഡിഷനില്‍ ഇത് പ്രസിദ്ധീകരിച്ചത് കാശ് വെറുതേ കളയലും ശവത്തില്‍ കുത്തലുമല്ലേ എന്നും ചോദിക്കരുത്]. പൊതുതാല്പര്യ പ്രകാരം ഈ പരസ്യം 'പുറപ്പെടുവിക്കുന്നത്' പ്രവാസി ഭാരതീയ കാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് നല്‍കിയിട്ടുണ്ട്. ദുരിതനിവാരണത്തിന് ഹെല്‍പ് ലൈനായി ഒരു ഈ-മെയിലൈഡിയും.

ഈ പരസ്യം കണ്ടയുടന്‍ ഒരുപാട് വികാരവിചാരങ്ങള്‍ തലയിലും ഹൃദയത്തിലും പിറവിയെടുത്തു. മുഖത്ത് ആരോ ഷിറ്റടിച്ചതുപോലത്തെ ഫീലിംഗ് മാത്രം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ഈ പരസ്യം പ്രധാനമായും സാമ്പത്തികമായി താഴേക്കിടയിലുള്ള വിദേശ ഇന്ത്യക്കാരെ വിവാഹം കഴിയ്ക്കാന്‍ സാധ്യതയുള്ളവരേയും അവരുടെ ബന്ധുക്കളെയും ഉദ്ദേശിച്ചാണെന്ന് ഊഹിക്കാം.['നിങ്ങളുടെ മകളെ' എന്നു പറയുമ്പോള്‍ വിദേശത്തുള്ള ആണുങ്ങളെ വിവാഹം കഴിപ്പിയ്ക്കുമ്പോള്‍ മാത്രമേ ഇത്തരം അന്വേഷണം വേണ്ടതുള്ളൂ എന്നും വ്യക്തം. ഭാഗ്യം, നഴ്സുമാരെ കെട്ടുന്ന സക്കറിയയുടെ സലാം അമേരിക്കയിലെ നായകന്മാര്‍ക്കും മറ്റും കണ്ണടച്ച് കെട്ടാം]

സാമ്പത്തികമായി ഇടത്തരത്തില്‍പ്പെട്ടയാളും വിവാഹിതനുമായ ഒരു എന്നാറിയാണ് ഞാന്‍. അതുകൊണ്ട് വ്യക്തിപരമായി എന്നെ ഈ പരസ്യം തല്‍ക്കാലം ബാധിക്കില്ല. എങ്കിലും മഹാഭൂരിപക്ഷം വരുന്ന താഴേക്കിട എന്നാറികളുടെ മുഖത്ത് തൂറുമ്പോള്‍ അത് മിണ്ടാതെ കണ്ടുനില്‍ക്കാന്‍ വയ്യ.

1) പശ്ചാത്തലവും നിയമപരമായ എല്ലാ വിശദാംശങ്ങളും എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നതിനു പകരം അതൊന്ന് വിശദീകരിക്കാമോ? ഏതൊക്കെ നിയമം, ഏതൊക്കെ വിശദാംശങ്ങള്‍? ഇതൊക്കെ ആര്‍ക്കറിയാം? എങ്ങനെ, എവിടെയെല്ലാം അന്വേഷിക്കണം? ഇതിനെല്ലാം അതാതിടത്തെ നയതന്ത്ര ഓഫീസുകള്‍ സഹായിക്കുമോ?

2) വിദേശ ഇന്ത്യക്കാരനെ കല്യാണം കഴിപ്പിയ്ക്കുമ്പോള്‍ മാത്രം ഇതെല്ലാം തിരക്കിയാല്‍ മതിയോ? സ്വദേശികള്‍ക്ക് എങ്ങനെയും ആവാമോ? ശമ്പളമാണോ പ്രശ്നം? ശമ്പളം കുറവുള്ളവര്‍ക്ക് കെട്ടാന്‍ പാടില്ലേ? എങ്കില്‍ അതിന് നിയമമുണ്ടാക്കലല്ലേ എളുപ്പം? നിശ്ചിതശമ്പളത്തില്‍ കുറവുള്ള വിദേശ ഇന്ത്യക്കാര്‍ കെട്ടാന്‍ പാടില്ല എന്നൊരു നിയമം. ഭാര്യയെ കൂടെക്കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലുള്ള ഫാമിലി സ്റ്റാറ്റസുള്ളവര്‍ മാത്രം കെട്ടിയാല്‍ മതിയോ? ഫാമിലി സ്റ്റാറ്റസ് ഇല്ലാത്തത് വിദേശ ഇന്ത്യക്കാരന്റെ കുഴപ്പമാണോ?

[ഇവിടെ ഫാമിലി സ്റ്റാറ്റസിനെപ്പറ്റി അല്‍പ്പം. ഇത് ഗള്‍ഫ് മലയാളികള്‍ക്ക് മാത്രം ബാധകമായ കാര്യമാണ്. നിശ്ചിതശമ്പളത്തില്‍ കൂടുതലുള്ളവര്‍ക്കേ ഗള്‍ഫ് നാടുകളിലേയ്ക്ക് ഭാര്യമാരെ കൊണ്ടുവന്ന് കൂടെ താമസിപ്പിയ്ക്കാന്‍ സാധിക്കുകയുള്ളു. ഫാമിലി സ്റ്റാറ്റസ് ഇല്ലാത്ത 'ബാച്ചിലേഴ്സി'ന് താമസിയ്ക്കാന്‍ നിശ്ചിത പ്രദേശങ്ങളുണ്ട്. പാര്‍ക്കുകളിലും മറ്റും എല്ലാ ദിവസവും ചെന്ന് കയറാന്‍ സാധിക്കില്ല. ഇതെല്ലാം മാറ്റാന്‍ മുന്‍ കയ്യെടുക്കേണ്ട നമ്മുടെ പ്രവാസി വകുപ്പാണ് അതിനൊന്നും മെനക്കെടാതെ പകരം ഈ കൊലച്ചതി ചെയ്യുന്നത്].

3) പ്രവാസിവകുപ്പ് എന്നു മുതല്‍ക്കാണ് മാട്രിമോണിയല്‍ ഡിവിഷന്‍ തുടങ്ങിയത്? അഥവാ ഒരെണ്ണം തൊടങ്ങിക്കൂടായോ? വിദേശ ഇന്ത്യക്കാരെല്ലാം ചുമ്മാ പണം വാരുകയല്ലേ. എണ്ണയ്ക്ക് വില കൂടിയില്ലേ? വഴിയിലെല്ലാം ഡോളറുകള്‍ അങ്ങനെ പറന്ന് നടക്കുവല്ലെ. ഒരു ദല്ലാള്‍ വകുപ്പു തുടങ്ങിയാല്‍ ഒന്നാം ദിവസംതന്നെ ലാഭത്തിലായിക്കോളും. പരസ്യത്തില്‍ ഈ-മെയിലൈഡിയൊക്കെ ഉള്ള സ്ഥിതിയ്ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും സേവനങ്ങള്‍ വകുപ്പ് ചെയ്തു തരുമോയെന്ന് ആരും പ്രതീക്ഷിച്ചുപോകും.

4) വിദേശ ഇന്ത്യക്കാരന്‍ രണ്ടാം തരം പൌരനാണോ സര്‍? അയാള്‍ക്ക് ലൈംഗികരോഗം പിടിപെടാന്‍ സ്വദേശ ഇന്ത്യക്കാരനേക്കാള്‍ സാധ്യതയുണ്ടൊ സര്‍? എങ്കിലറിയണം സര്‍, വളരെ കടുത്ത ആരോഗ്യ പരീക്ഷകള്‍ക്ക് ശേഷമാണ് ഓരോ തവണയും വിസയടി. നാട്ടില്‍ നിന്ന് ജോലിയായി വരുമ്പോളും ഹെല്‍ത്ത് ടെസ്റ്റുകള്‍ നിര്‍ബന്ധം. ലോകത്തില്‍ ഏറ്റവും കുറവ് എയിഡ്സ് ബാധിതരുള്ള ഭാഗങ്ങളിലൊന്നാണ് ഗള്‍ഫ്. വിദേശികള്‍ക്ക് എയിഡ്സ്, ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ഏതെങ്കിലും രോഗമുണ്ടെന്നറിഞ്ഞാല്‍ അവരെ ഉടന്‍ നാട്ടിലേയ്ക്ക് കയറ്റിവിടും സര്‍. അവരെ അപ്പോള്‍ നാട്ടിലും കയറ്റുകയില്ലേ സര്‍? നാട്ടിലാണ് സര്‍ ഇതിന്റെയെല്ലാം ഹെഡ്ഡോഫീസ്. നമ്മള്‍ കുഷ്ഠത്തിന്റെയും ക്ഷയത്തിന്റെയും പ്ലേഗ് തിരിച്ചുവന്നതിന്റേയും നാടാണ് സര്‍. അമേരിക്കക്കാരുടെ ബാക്കോഫീസ് ജോലി രാത്രി ഉറക്കമിളച്ചിരുന്ന് ചെയ്ത് കുറേപ്പേര്‍ മാനേജര്‍മാരായെന്നു കരുതി അതെല്ലാം മറക്കാവോ സര്‍? ഇപ്പോള്‍ വിദേശ ഇന്ത്യക്കാരനെ പുച്ഛിക്കാന്‍ ത്രാണിയായെന്നാണോ? ഇത്ര നാളും അവരയച്ച പണം കൊണ്ട് കൊറേ ഇന്ത്യാക്കാര്‍ അരി വാങ്ങിയതല്ലേ സര്‍? ആരെങ്കിലും തന്നിഷ്ടത്തിന് വിദേശത്ത് പോയതാണൊ സര്‍? ഗതികേടുകൊണ്ടല്ലെ ഭൂരിപക്ഷവും നാടുവിട്ടത്. അത് ആരുടെ കുറ്റം സര്‍? താഴേക്കിട ഇന്ത്യക്കാരുടെ വിദേശത്തുപോക്ക് മൊത്തത്തില്‍ നിരോധിച്ചുകൂടേ സര്‍? അവര്‍ക്ക് അവിടെത്തന്നെ തൊഴില് ‍കൊടുത്തുകൂടേ സര്‍?

വിദേശ ഇന്ത്യക്കാരിലെ പണക്കാര്‍ക്ക് പദവികളും അവാര്‍ഡുകളും കൊടുപ്പ് തുടര്‍ന്നോളൂ, എന്നു കരുതി വിദേശ ഇന്ത്യക്കാരിലെ പാവപ്പെട്ടവരുടെ മുഖത്ത് തൂറണമെന്ന് നിര്‍ബന്ധമുണ്ടോ? അവരൊഴുക്കിയ വിയര്‍പ്പിന്റെ ചൂടില്‍ ആര്‍ഷഭാരതം കരിഞ്ഞുപോകും സാറമ്മാരേ, ഇക്കാലം കൊണ്ട് അവര് കയ്യീപ്പിടിച്ച് കളഞ്ഞ ശുക്ലത്തില്‍ ഒരു നാലഞ്ച് മന്ത്രി മന്ദിരങ്ങളെങ്കിലും മുങ്ങിപ്പോവും.

Saturday, August 16, 2008

അഭിനവ് ബിന്ദ്രയുടെ ബ്ലോഗിനക്കരെ


തന്നെ? ഇത് അഭിനവ് ബിന്ദ്രയുടെ ബ്ലോഗ് തന്നെ? നോക്കിയാട്ടെ.

ബീജിംഗ് ഒളിമ്പിക്സിന്റെ തകര്‍പ്പന്‍ വിജയം നേടുന്ന വാര്‍ത്താപ്രാധാന്യത്തിന് പാര വെയ്ക്കാന്‍ അമേരിക്കയുടെ രഹസ്യ ഒത്താശയോടെ റഷ്യ നടത്തിയ തറപ്പരിപാടിയാണ് ജോര്‍ജിയയിലെ യുദ്ധം എന്ന് വിശ്വസിക്കുന്ന അന്ധനായ ഒരമേരിക്കന്‍ വിരോധിയാണ് ഞാന്‍. എനിക്ക് ചികിത്സയില്ല.

ബീജിംഗ് ഒളിമ്പിക്സിനെ പാര വെയ്ക്കാന്‍ എന്തൊരു ക്യാമ്പെയ്നായിരുന്നു അവമ്മാര് നടത്തിയത്. എന്നിട്ടോ? ഇനാഗുറാല്‍ സെറിമണിയോടെ എല്ലാവന്റേം വായടഞ്ഞുപോയി. ഭാഗ്യത്തിന് മൈക്കല്‍ ഫെല്പ്സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് വേദിയായതും ബീജിംഗ് തന്നെ. അതുകൊണ്ട് ഭാവികാല ചെളിവാരിയേറിനും പരിമിതിയുണ്ടാകും.

പരിസ്ഥിതി മലീനീകരണം, മനുഷ്യാവകാശ ധ്വംസനം, ആഫ്രിക്കയിലെയും മറ്റും ഏകാധിപതികള്‍ക്ക് സഹായം എന്നെല്ലാം പറഞ്ഞ് എത്ര നാളായി ജനാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാര് ചൈനയുടെ മേല്‍ കുതിരകയറുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുടെ റെക്കോഡല്ലേ ഏറ്റവും തറ? [ചൈനീസ് ഗവണ്മെന്റ് ചൈനയില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റിയാണ് യാങ്കിച്ചായന് നെഗളിപ്പ്. ലവമ്മാര് ലോകം മുഴുവന്‍ കാലാകാലമായി നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെപ്പറ്റി നോ വറീസ്. അത് പിന്നെ സംസ്കാരത്തിന്റെ ഉടുതുണിയില്ലാത്ത പ്രാകൃതജനതകളെ ജനാധിപത്യം ഉടുപ്പിയ്ക്കാനല്ലിയോ? കോര്‍പ്പറേറ്റ്സിന്റെ കയ്യില്‍ സിബ്ബ് ഏല്‍പ്പിക്കുന്ന ഇമ്പീരിയല്‍ ഡെമോക്രസി എന്ന ഊച്ചാളി പരിപാടി.

ജോണ്‍ പോളിന്റെ തിരക്കഥയില്‍ സോവിയറ്റ് യൂണിയനേയും കിഴക്കന്‍ യൂറോപ്പിലെ ഇടത് ഗവണ്മെന്റുകളേം പൊളിച്ചടക്കിയ സംവിധാനമികവ് ചൈനയുടെ അടുത്ത് നടക്കുകില്ലെന്ന് ബോധ്യമായതിലുള്ള കിടുകിടുക്കം ഒരു വശത്ത്, ചൈനയുടെ സാമ്പത്തികമുന്നേറ്റം കണ്ടുള്ള ഹാലിളക്കം മറു വശത്ത്. അതിന്റെ മീതെ പണ്ടാരക്കാലമ്മാര് ഇതാ ഒളിമ്പിക്സും പൊടിപൊടിയ്ക്കുന്നു. എങ്ങനെ സഹിയ്ക്കും?

അഭിനവ് ബിന്ദ്രയുടെ ബ്ലോഗ്


തന്നെ? ഇത് അഭിനവ് ബിന്ദ്രയുടെ ബ്ലോഗ് തന്നെ? നോക്കിയാട്ടെ.

Thursday, August 14, 2008

വിദേശാധിപത്യം ഇടംവലം മുറുകുമ്പോള്‍


വിദേശാധിപത്യത്തില്‍ നിന്നും മോചനം നേടിയ ദിവസത്തിനെയാണല്ലൊ സ്വാതന്ത്ര്യദിനമെന്ന് വിളിച്ചുപോരുന്നത്. സത്യത്തില്‍ വിദേശാധിപത്യത്തില്‍ നിന്നും നമ്മള്‍ മോചനം നേടിയോ? ഇപ്പോളും നമ്മള്‍ ഒരു റിവേഴ്സ് കോളനിയല്ലേ? ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സബ്-ഹ്യൂമന്‍ സാഹചര്യങ്ങളില്‍ സ്വദേശത്തും വിദേശത്തും ജീവിച്ച് ‘വിദേശജോലി’ ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. [ബാംഗ്ലൂര്‍ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള സ്ഥലങ്ങളിലെ കോള്‍ സെന്ററുകളില്‍ രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് അമേരിക്കയുടെ പിന്നാമ്പുറ ജോലികള്‍ ചെയ്യുന്നവര്‍ മുതല്‍ ഗള്‍ഫ് നാടുകളില്‍ പൊരിവെയിലത്ത് പണിയെടുക്കുന്നവര്‍ വരെ].

എങ്കിലും അതെല്ലാം മറന്ന് ഇന്നും നാളെയുമായി നമ്മള്‍ ത്രിവര്‍ണ ഇ-മെയിലുകള്‍ ‘തെളിച്ചുവിടും’ [forward എന്നതിന് കമ്പ്യൂട്ടര്‍ കണ്ടുപിടിക്കുന്നതിനും വളരെ മുമ്പേ തൃശുര്‍ക്കാര്‍ പറയുന്ന വാക്ക്]. മിക്കതിന്റേയും ഉള്ളടക്കം പണ്ടെങ്ങോ വായിച്ച ആ പവര്‍പോയന്റ് പ്രസന്റേഷന്‍ തന്നെ. ഒന്നുകില്‍ ഭൂതകാലം, അല്ലെങ്കില്‍ മറ്റൊരിടം. പൂജ്യം കണ്ടുപിടിച്ചു, ഹോട്ട്മെയില്‍ സൃഷ്ടിച്ചു, അമേരിക്കയിലെ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ്, മഹദ്വചനങ്ങള്‍...

അതിനപ്പുറം നമ്മുടെ ആണവ സ്വാതന്ത്ര്യത്തില്‍പ്പോലും അമേരിക്കയുടെ നിഴല്‍ വീണുകിടക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ഇതാ മറ്റൊരു സ്വാതന്ത്ര്യദിനം കൂടി കടന്നുവരുന്നു. പരുത്തിക്കോലുകളില്‍ കൊടി ചുറ്റി ആവേശത്തോടെ 'ജയ് ജയ് ഭാരതമാതാ' എന്നു വിളിച്ച് ജാഥ പോകാറുള്ള സ്ക്കുള്‍ക്കാല നിഷ്കളങ്കത [ആ‍ ഇന്നസന്‍സിനെ ഇഗ്നോറന്‍സ് എന്നു വിളിക്കുക] മറ്റൊരു നാട്ടിലിരുന്ന് ഓര്‍ക്കുമ്പോള്‍, വിദേശാധിപത്യം ഇടവും വലവും മുറുകുമ്പോള്‍, ദില്‍ എന്നു പറയുന്ന സാധനം കടന്നല്‍ക്കൂട്ടം കുത്തി മരവിപ്പിച്ച ഒരു ഇറച്ചിക്കഷ്ണമായി തിളച്ച എണ്ണയില്‍ നൃത്തം ചെയ്യുമ്പോള്‍, ഫിര്‍ ബി ദില്‍ ഹെ ഹിന്ദുസ്ഥാനി എന്ന് പാടുന്നതെങ്ങനെ?

Tuesday, August 12, 2008

ഗവണ്മെന്റിനും ബ്ലോഗ്സ്പോട്ട്


ഹ ഹ ഹ, അതെനിക്കിഷ്ടപ്പെട്ടു - യുദ്ധം നടക്കുന്ന ജോര്‍ജിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിനെ യുദ്ധം നടത്തുന്ന റഷ്യക്കാര് ഹാക്ക് ചെയ്തുപോലും. ജോര്‍ജിയക്കാര് എന്തുചെയ്തെന്നോ - കാര്യസാധ്യത്തിനായി അവരൊരു ബ്ലോഗ്സ്പോട്ട് തുടങ്ങി. ബ്ലോഗിംഗിന്റെ പ്രസക്തിയ്ക്ക്, ശക്തിയ്ക്ക്, വ്യാപനത്തിന് മറ്റെന്ത് തെളിവു വേണം? ഗൂഗ്ലിന്റെ കുടക്കീഴിലായ കാരണം ബ്ലോഗ്സ്പോട്ടില്‍ ഹാക്കിംഗ് നടപ്പാവുകില്ലെന്ന് വിചാരിക്കാം. ഗൂഗ്ലിന്റെ സ്ഥാപകരിലും ഉടമകളിലുമൊരാളായ സെര്‍ജി ബ്രിന്‍ റഷ്യന്‍ വംശജനാണെന്ന കാര്യവും ആലോചനാമൃതം.
Related Posts with Thumbnails