Showing posts with label ആത്മപ്രശംസ. Show all posts
Showing posts with label ആത്മപ്രശംസ. Show all posts

Thursday, May 15, 2008

ക്യൂബയിലും മുകുന്ദന്മാര്‍ ഉണ്ടാകാമെങ്കിലും...


പബ്ലിഷ് ബട്ടണ്‍ ഞെക്കിയാലുടന്‍ ലോകം മുഴുവന്‍ നമ്മുടെ ഗീര്‍വാണം ലഭ്യമാകുമെന്നതും എവിടെ നിന്ന് ആരൊക്കെ വായിക്കാനെത്തുന്നുണ്ടെന്ന വിവരം അപ്പപ്പോള്‍ ലഭ്യമാകുമെന്നതുമാണ് ബ്ലോഗിംഗ് തരുന്ന രണ്ട് പ്രധാന ലഹരികള്‍. [ലഹരി കൌണ്ടബ് ള്‍ ആണോ, രണ്ട് ലഹരികള്‍ എന്ന് പറയാവോ എന്നെല്ലാം ചോദിച്ച് വരാവുന്ന ഗ്രാമേറിയന്‍സിന്റെ എണ്ണം ബ്ലോഗന്നൂരില്‍ കുറവായത് എന്റെ ഭാഗ്യം.]

കുറച്ചുകാലം കേരളത്തില്‍ ഒരു അച്ചടി മാഗസിന്റെ എഡിറ്ററായിരുന്നതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം കിക്കുകളുടെ വിശകലനം എന്നും interesting തന്നെ [പട്ടയും ഫോറിനും തമ്മിലുള്ള താരതമ്യമൊക്കെ പോലെ ]. മാഗസിന്റെ ഒന്നാം ലക്കം ഇറങ്ങിയതിന്റെ പിറ്റേന്ന് എറണാകുളം നോര്‍ത്ത് റെയില്‍.വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ അവിടെയുള്ള മാഗസിന്‍ ഷോപ്പില്‍ വന്ന ഒരാള്‍ നമ്മുടെ മാഗസിന്‍ മറിച്ചു നോക്കി വാങ്ങുന്നതു കാണുമ്പോള്‍, മൂന്നാല് മാസം കഴിഞ്ഞുള്ള ഒരു തീവണ്ടിയാത്രക്കിടയില്‍ മറ്റൊരാള്‍ ആ ലക്കവും വായിച്ചിരിക്കുന്നത് കാണുമ്പോള്‍, മാ‍ഗസിന്‍ ഇറങ്ങി അഞ്ചാറ് ലക്കമൊക്കെ പിന്നിട്ട ശേഷം നമുക്ക് ആരാധന തോന്നിയിട്ടുള്ള ഒന്നു രണ്ട് എഴുത്തുകാര്‍ പഴയ ലക്കങ്ങള്‍ ആവശ്യപ്പെട്ട് എഴുതുമ്പോള്‍, അഞ്ചാറ് കൊല്ലം കഴിഞ്ഞ് ഗള്‍ഫില്‍ വെച്ച് പരിചയപ്പെടുന്ന ആ‍ള്‍ തന്റെ അളിയന്‍ നാട്ടില്‍ ഷോഗണ്‍ പ്ലസിന്റെ എല്ലാ ലക്കങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമ്പോള്‍... അപ്പോളൊക്കെ തോന്നിയിട്ടുള്ള ഫീലിംഗ് ഗുഡ് തന്നെയാണ് ബ്ലോഗിന്റെ വായനക്കാരുള്ള സ്ഥലപ്പേരുകള്‍ നോക്കുമ്പോളും അനുഭവപ്പെടുന്നത്.

Google Analytics-നേയും Histats-നേയും വിശ്വസിക്കാമെങ്കില്‍ ഐസ്.ലണ്ടിലും ഇസ്രായേലിലും മാത്രമല്ല ബഹാമാസ്, പാക്കിസ്ഥാന്‍, ചൈന, ടര്‍ക്കി, ബോസ്നിയ ഹെര്‍സഗോവിന, ഗ്രീസ്, സ്വീഡന്‍, തായ്.ലന്‍ഡ്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, റഷ്യ, പഴയ യൂഗോസ്ലാവ്യ, മെക്സിക്കൊ, ചിലി, അര്‍ജന്റീന, ബ്രസീല്‍, ഗിനി, ഐവറി കോസ്റ്റ്, സൌത്താഫ്രിക്ക, ബുറുണ്ടി, മൊറൊക്കോ, ഈജിപ്ത്, സുഡാന്‍, ഇന്തോനേഷ്യ... ഇവിടെയെല്ലാം സ്ഥിരമായി ബ്ലോഗ് വായിക്കുന്ന മലയാളികളും മലയാളം ബ്ലോഗേഴ്സും ഉണ്ടെന്നറിയുന്നത് അത്ഭുതകരമായ കാര്യം തന്നെ.

അറബിക്കഥ എന്ന സിനിമയിറങ്ങിയ കാലത്താണെന്നു തോന്നുന്നു ഞാന്‍ ലിസ്റ്റില്‍ ക്യൂബയുണ്ടോയെന്ന് നോക്കിയത്. വിദേശികള്‍ക്ക് ജോലി കൊടുക്കാവുന്ന തരം എക്കണോമിയല്ല ക്യൂബയുടേതെന്നറിയാമായിരുന്നു. എംബസിയിലെങ്കിലും ഒരു മലയാളി [മിക്കവാറും ഒരു മേനോന്‍ സഖാവ്]? സി. ആര്‍. പരമേശ്വരനൊക്കെ പരിഹസിച്ചിട്ടുള്ള പാട്രിക് ലുമുംബ യൂണിവേഴ്സിറ്റി പോലെ വല്ല ഇടതന്‍ യൂണിവേഴ്സിറ്റിയിലും പഠിക്കുന്ന ഏതെങ്കിലും എറണാകുളം സഖാക്കള്‍? ഇല്ല, ക്യൂബ മാത്രം ലിസ്റ്റില്‍ വന്നിട്ടില്ല. തീര്‍ച്ചയായും അതിന് പല കാരണങ്ങളുണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസം അസോസിയേറ്റ്ഡ്‌ പ്രസ്സ്‌ പറഞ്ഞ കാരണം ഞെട്ടിക്കുന്നതായിരുന്നു. ഇതാ അതിന്റെ സംഗ്രഹം:

ക്യൂബയില്‍ ഇതാദ്യമായി കമ്പ്യൂട്ടര്‍ വില്‍പ്പന തുടങ്ങി

ഹവാന - ക്യൂബയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റൊരു നിരോധനം എടുത്തുകളഞ്ഞു. അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞ സഹോദരന്‍ ഫിഡില്‍ കാസ്ട്രോയെ പിന്തുടര്‍ന്ന് ഫെബ്രുവരി 24-ന്‌ പ്രസിഡന്റായ റൗള്‍ കാസ്ട്രോയാണ്‌ പൊതുജനങ്ങള്‍ക്ക്‌ സ്വകാര്യ ആവശ്യത്തിനായി കമ്പ്യൂട്ടര്‍ വാങ്ങാന്‍ സാധിക്കില്ലെന്ന നിരോധനം നീക്കം ചെയ്തത്‌. തലസ്ഥാന നഗരമായ ഹവാനയില്‍ മെയ്‌ 2-നാണ്‌ ആദ്യമായി കമ്പ്യൂട്ടറുകള്‍ വില്‍പ്പനയ്ക്കെത്തിയതെന്ന് അസോസിയേറ്റ്ഡ്‌ പ്രസ്സ്‌ റിപ്പോര്‍ട്ടു ചെയ്തു. 780 ഡോളര്‍ ചില്ലറ വില്‍പ്പനവിലയുള്ള ഈ കമ്പ്യൂട്ടറുകള്‍ വാങ്ങാനുള്ള ശേഷി ക്യൂബയില്‍ വളരെയധികം പേര്‍ക്കൊന്നുമില്ലെന്നതാണ് വിരോധാഭാസമെന്നും എപി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരിഞ്ചന്തയിലാണ്‌ ക്യൂബയില്‍ കമ്പ്യൂട്ടറുകള്‍ വിറ്റിരുന്നത്‌. പൊതുജനങ്ങള്‍ അവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമായിരുന്നു.

നിയമവിരുദ്ധമായി ഇന്റെലിന്റെ സെലറോണ്‍ പ്രോസസ്സറുകളും വിന്‍ഡോസ്‌ എക്സ്പി ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഉപയോഗപ്പെടുത്തുന്ന ഈ കമ്പ്യൂട്ടറുകള്‍ പിടികൂടാന്‍ അമേരിയ്ക്കക്ക്‌ സാധിക്കില്ലെന്നതാണ്‌ രസകരമായ മറ്റൊരു വസ്തുത. അമേരിക്കയും ക്യൂബയും തമ്മില്‍ നയതന്ത്രബന്ധങ്ങളില്ലെന്നതു തന്നെ കാരണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങള്‍ ക്യൂബയില്‍ കൂട്ടിച്ചേര്‍ത്താണ്‌ ഈ കമ്പ്യൂട്ടറുകളുടെ നിര്‍മാണം. അധികം അകലെയല്ലാത്ത അമേരിക്കയില്‍ 80 ഡോളറിന്‌ ഇതിന്റെ ഇരട്ടിയിലേറെ മെമ്മറിയുള്ള കമ്പ്യൂട്ടറുകള്‍ പൊതുവിപണയില്‍ ലഭ്യമാണെന്നതും ശ്രദ്ധേയമായ സംഗതിയാണ്‌.

കമ്പ്യൂട്ടറുകള്‍ ഇതോടെ പ്രചാരത്തിലാകാന്‍ തുടങ്ങുമെങ്കിലും പ്രമുഖ ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊഴികെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നതിനുള്ള നിരോധം തുടരുകയാണ്‌. അതേസമയം നിയമവിരുദ്ധമായി ഈ-മെയില്‍ ഉപയോഗപ്പെടുത്തുന്ന ഒരു ന്യൂനപക്ഷവും ക്യൂബയിലുണ്ട്. ക്രെഡിറ്റ്‌ കാര്‍ഡുകളും നിരോധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനെപ്പറ്റിയും ഇപ്പോള്‍ ആലോചിക്കേണ്ടതില്ല.

കാറുകള്‍ വാടകയ്ക്കെടുക്കുക, ആഡംബര ഹോട്ടലുകളില്‍ താമസിക്കുക, മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുക തുടങ്ങിയവയ്ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന നിരോധനങ്ങളും റൗള്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ സമ്പദ്‌വ്യവസ്ഥയില്‍ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിനുള്ള നിയന്ത്രണം ഇപ്പോഴും 90 ശതമാനമായി തുടരുന്നു. 19.50 ഡോളറാണ്‌ ഒരു ക്യൂബന്‍ പൗരന്റെ ശരാശരി മാസവരുമാനം. എങ്കിലും പാര്‍ട്ട്ടൈം ജോലി ചെയ്തും ടൂറിസത്തിലൂടെയും വിദേശത്ത്‌ ജോലി ചെയ്യുന്ന ബന്ധുക്കള്‍ അയക്കുന്നതിലൂടെയും മിക്കവാറും ക്യൂബക്കാരുടെ വരുമാനം ഇതിലേറെയുണ്ടെന്നും ചൂണ്ടി‍ക്കാണിക്കപ്പെടുന്നു.

[ക്യൂബയില്‍ ചിലപ്പോള്‍ മുകുന്ദന്മാര്‍ കണ്ടേക്കാം. ഒരിക്കല്‍ വലിച്ചു നോക്കിയപ്പോള്‍ ഒരു ഹവാന ചുരുട്ട് തന്ന കിക്കിനെ അതിശയിപ്പിച്ചുകൊണ്ട് എന്നായിരിക്കും അതിലൊരു മുകുന്ദന്‍ ഒരു ബ്ലോഗ് തുടങ്ങുക?]

Saturday, February 2, 2008

ലോകം ഒരു ഞരമ്പുരോഗിയെ നിര്‍മിക്കുന്നു


അയാളുടെയുള്ളിലെ കെട്ടുപോയ കവിതക്കനലിനെ വീണ്ടും ഊതി ഉണര്‍ത്തിയത് ബ്ലോഗാണ് എന്ന് വിഷ്ണുപ്രസാദ് എഴുതിയിരുന്നു. വായിക്കാനും മനസ്സിലാക്കാനും ആളെക്കിട്ടുന്നത് എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്നം തന്നെ. എന്റെ ഉള്ളീക്കെടന്ന് ചാവാന്‍ പോയ ഒരെഴുത്തുകാരനും ഓക്സിജന്‍ തന്നത് ബ്ലോഗാണ്. വിഷ്ണുമാഷിന്റെ കവിതകള്‍ വായിക്കാനാളുണ്ടായപ്പോള്‍ അങ്ങേര്‍ക്ക് എഴുതാനും ആവേശമായി. ഞാനെഴുതുന്നതും വായിപ്പിക്കാനാണ്. അങ്ങനെയൊരാക്രാന്തം പണ്ടേ ഉണ്ടായിരുന്ന കാരണം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്വന്തം രചനകളില്‍ ചിലത് അച്ചടിപ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടു.

ആദ്യമായി വന്നത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എഡിറ്ററായ അസാധുവില്‍. പിന്നെ മനോരമയിലെ ഫലിതബിന്ദുക്കളില്‍, ഹരികുമാര്‍ ചെയര്‍മാനായിരുന്നപ്പോള്‍ കേരള യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച കലാലയകവിതയില്‍, മാതൃഭൂമി ബാലപംക്തിയില്‍, കോളേജ് മാഗസിനുകളില്‍, ഭാഷാപോഷിണിയില്‍, സമകാലിക മലയാളത്തില്‍... പിന്നീട് ഒരു മാഗസിന്റെ എഡിറ്ററായപ്പോള്‍ പല പേരുകളിലും എഴുതി.

അങ്ങനെയിരിക്കെ, അതിന്റെ വരുംവരായ്കകളൊന്നുമറിയാതെ, ഒരു നാള്‍ ഗള്‍ഫുകാരനായി. ഗള്‍ഫ് ജീവിതമോ - അത് പലരെയും ചെയ്തപോലെ മെല്ലെ മെല്ലെ എന്നെയും കുളിപ്പിച്ച് കിടത്തി. ബ്ലാഗ്യവശാല്‍ ഒരുനാള്‍ ഞാനും ബ്ലോഗില്‍ വന്നുപെട്ടു. കുഴൂര്‍ വിത്സണ് നന്ദി.

ഇപ്പോള്‍ ബ്ലോഗും അച്ചടിമാധ്യമവും തമ്മില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ (ഹരികുമാര്‍ കലാമൌമുദിയിലൂടെ, കുറേ ബ്ലോഗന്മാര്‍ ബ്ലോഗുകളിലൂടെ) രണ്ട് മാധ്യമങ്ങളുടേയും രുചിയറിഞ്ഞ ഒരാളെന്ന നിലയില്‍ എനിക്കൊന്നും പറയാനില്ലെന്നതാണ് സത്യം, അഥവാ പറഞ്ഞുതുടങ്ങിയാല്‍ ചിലപ്പോള്‍ നീണ്ടുപോകുമെന്നും. (കുഴൂര്‍ വിത്സന്റെ ആദ്യകവിതാസമാഹാരത്തിന് അവതാരിക എഴുതിയ ഹരികുമാര്‍ തന്നെയാണ് ഇപ്പോള്‍ അങ്ങേരെ പുച്ഛിക്കുന്നത് എന്നൊരു തമാശ തല്‍ക്കാലം ഓര്‍മിപ്പിക്കാതെവയ്യ).

തുടര്‍ച്ചയായി ബ്ലോഗ് ചെയ്തപ്പോള്‍ തലച്ചോറ് വീണ്ടും ഉണര്‍ന്നു. മറന്നുകിടന്ന ഒരു പഴയ കുറ്റിപ്പെന്‍സില്‍ വീണ്ടും കൂര്‍പ്പിച്ചെടുത്ത പോലെ. അങ്ങനെ കുറേനാള്‍ മുമ്പെഴുതിയ പോസ്റ്റുകളിലൊന്നായിരുന്നു കേരളം ഒരു ബ്രാന്‍ഡാലയം. അത് ഒന്നുകൂടി വികസിപ്പിച്ച് അയച്ചത് രണ്ടു ലക്കം മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖലേഖനമായി വന്നു. വികസിപ്പിച്ചെങ്കിലും ആഴവും പരപ്പും പോരായിരുന്നു എന്ന് സ്വയം തോന്നിയിരുന്നത് കൊണ്ട് (നമ്മുടെ കഴിവുകളും കഴിവുകേടുകളും രാഷ്ട്രീയത്തിന്റെ പോരായ്മകളും നമ്മളേക്കാള്‍ മറ്റാര്‍ക്കറിയാം!) കിക്ക് ഒട്ടും അതിരുകവിഞ്ഞില്ല. നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചിലരും അതേ അഭിപ്രായം പറഞ്ഞു.

ബ്ലോഗിംഗ് തന്ന അതിനേക്കാള്‍ വലിയ കിക്ക് മിനിങ്ങാന്നാണുണ്ടായത്. മിനിങ്ങാന്ന്, ജനുവരി 31-ന്, ലോകപ്രശസ്ത കോളമിസ്റ്റ്, 140-ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള, രണ്ട് പുലിസ്റ്റര്‍ നേടിയിട്ടുള്ള നിക്കോളാസ് ഡി. ക്രിസ്റ്റോഫ് അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് ടൈംസ് കോളത്തില്‍ എഴുതിയ The Dynastic Question വായിച്ചപ്പോള്‍. അതിന് മൂന്നു നാള്‍ മുമ്പാണ്, ജനുവരി 28-ന്, ഈ ബ്ലോഗിലെ ഡൈനാസ്റ്റി മണക്കുന്നല്ലോ എന്ന പോസ്റ്റ് പിറന്നത്. ഇറാക്ക് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് വരെയുള്ള വിഷയങ്ങളാല്‍ ചൂടുപിടിച്ച ഇപ്രാവശ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പ്രധാനവിഷയം സംശയാസ്പദമാംവിധം സ്പര്‍ശിക്കപ്പെടാതിരിക്കുന്നതിലേയ്ക്കാണ് ക്രിസ്റ്റോഫ് വിരല്‍ചൂണ്ടുന്നത്. അതെ, ഹിലാരി ഇക്കുറി ജയിച്ചാല്‍, 1989 മുതല്‍ രണ്ട് കുടുംബങ്ങളില്‍ പ്രസിഡണ്ട്പദവി ഒതുങ്ങുന്നത് അമേരിക്കന്‍ ജനാധിപത്യത്തെ ക്ഷീണിപ്പിക്കില്ലേ എന്ന ‍ആര്‍ജവമുള്ള ചോദ്യം ക്രിസ്റ്റോഫ് ഉന്നയിക്കുന്നു.

ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍ (ഒരാള്‍ക്ക് രണ്ട് ടേം കൊടുക്കലും അവിടെ ശീലമായല്ലൊ. അതാണല്ലൊ 22-ആം ഭേദഗതിയോടെ ഒരാള്‍ക്ക് പരമാവധി രണ്ട് ടേമായി പരിമിതപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ഇന്ന് അമേരിക്കയില്‍ ഒരെട്ടു വര്‍ഷത്തേയ്ക്കു കൂടി പ്രസിഡന്റാവാന്‍ തികച്ചും യോഗ്യന്‍ ബില്‍ ക്ലിന്റനാണെന്ന് ഒരുപാടാളുകള്‍ കരുതുന്നത്രെ), ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍, ഇന്ന് ജീവിച്ചിരിക്കുന്ന അമേരിക്കക്കാരില്‍ 40% പേരുടേയും ജീവിതത്തില്‍ ബുഷ്, കിന്റണ്‍ എന്നീ രണ്ടേ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരേ ഉണ്ടാവുകയുള്ളുവെന്നോര്‍ക്കണം. എന്നെന്നേയ്ക്കും ബുഷ്-ക്ലിന്റണ്‍ എന്നൊരു രസികന്‍ വെബ്സൈറ്റ് ഒരുപടി കൂടി കടന്ന് 2017-ല്‍ ജബ് ബുഷിനേയും 2025-ല്‍ ഷെത്സി ക്ലിന്റനേയും 2033-ല്‍ ജെബിന്റെ മകന്‍ ജോര്‍ജ് പി. ബുഷിനേയും 2041-ല്‍ ഷെത്സിയുടെ കെട്ട്യോനെയും 2049-2057 കാലഘട്ടത്തില്‍ ബുഷിന്റെ മകള്‍ ജെന്നയേയും പ്രസിഡന്റുമാരായി സങ്കല്‍പ്പിച്ച് ചിരിക്കുന്ന (ഞെട്ടുന്ന) കാര്യവും ക്രിസ്റ്റോഫ് പരാമര്‍ശിക്കുന്നു. ക്രിസ്റ്റോഫിന്റെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ലോകമെങ്ങുമുള്ള അച്ചടിപ്പത്രങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്ന കോളത്തിലൂടെ ക്രിസ്റ്റോഫ് അഭ്യര്‍ത്ഥിക്കുന്നു (നോക്കൂ ബ്ലോഗും പ്രിന്റും കൈ കോര്‍ക്കുന്നത്. കോര്‍ക്കണമെന്ന് നിര്‍ബന്ധമാണേല്‍ കൈ കോര്‍ക്കിന്‍ മനുഷ്യമ്മാരേ, കൊമ്പ് വേട്ടക്കാര് കൊണ്ടുപോയി ചുവരില്‍ വെയ്ക്കും).

ജനാധിപത്യം ലോകമെങ്ങും വ്യാപിക്കും ഇല്ലെങ്കില്‍ വ്യാപിപ്പിക്കും എന്ന് അമേരിക്ക തന്നെ വീമ്പിളക്കുന്ന ഒരു കാലഘട്ടത്തില്‍ത്തന്നെ, ലോകമെങ്ങുനിന്നുമുള്ള കാറ്റുകളെ ഡൈനാസ്റ്റി മണക്കുന്നതിന്റെ വിധിവൈപരീത്യത്തെപ്പറ്റിയാണ് ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. ഇതിങ്ങനെ ഞാന്‍ തന്നെ പറയേണ്ടി വരുന്നത് ഒരു പരമബോറന്‍ ഏര്‍പ്പാടാണെന്ന് അറിയാതെയല്ല. എങ്കിലും പറയാതെ വയ്യ. കാരണം 'മുലയെന്നു കേള്‍ക്കുമ്പോള്‍' എന്നൊരു പോസ്റ്റിട്ടപ്പോള്‍, അതിനു മുമ്പോ പിമ്പോ സീരിയസ്സായി എന്തെങ്കിലും എഴുതാന്‍ ശ്രമിച്ചപ്പോഴൊന്നും ഒരിക്കലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒന്നു രണ്ട് അതിഗൌരവക്കാര്‍ അവരുടെ പുരികങ്ങള്‍ ഉയര്‍ത്തിക്കാ‍ട്ടാന്‍ കമന്റ് ഗാലറിയില്‍ വന്നുപോവുകയുണ്ടായി.. അവര്‍ ഈ കുറിപ്പ് വായിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. എങ്കിലും അവരുടെ കമന്റുകള്‍ വായിച്ചതോര്‍മിക്കുന്ന ആരാനുമുണ്ടെങ്കില്‍ അവരുടെ നേര്‍ക്കുള്ളതാണ് ഈ ആത്മപ്രശംസ. എനിക്ക് മാപ്പു തരണം - അന്നത്തെയാ പോസ്റ്റിനും കമന്റുകള്‍ക്കും അതെല്ലാം ഒടുവില്‍ ഏകപക്ഷീയമായി ഡിലീറ്റിയതിനുമല്ല - ഈ ആത്മപ്രശംസയ്ക്ക്.

ഒരു ഞരമ്പുപേഷ്യന്റിനെ അയാളുടെ രോഗത്തിന്റെ പേരില്‍ പരിഹസിയ്ക്കുന്നവര്‍ക്ക് അയാള്‍ ഗൌരവമായി എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ ഇമ്പേഷ്യന്റായെങ്കിലും ഒന്നു വന്ന് അവരുടെ കേള്‍വി രേഖപ്പെടുത്തുകയെങ്കിലും ചെയ്യേണ്ട ചുമതലയുണ്ട്.

യെരുശലേം പുത്രിമാരേ, നിങ്ങളങ്ങോരെ കണ്ടെങ്കില്‍ ഇവിടെ ഇങ്ങനെയും ചിലത് സംഭവിക്കുന്നുണ്ടെന്ന് അങ്ങേരോട് അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.
Related Posts with Thumbnails