Monday, January 28, 2008

ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ...


ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിനെ ജനാധിപത്യത്തിലേയ്ക്ക് ജ്ഞാനസ്നാനം ചെയ്ത മഹതിയും ആധുനിക ജനാധിപത്യത്തിന്റെ വളര്‍ത്തമ്മയുമായ ബ്രിട്ടന്‍ എന്തിനാണ് ഒരു രാജകുടുംബത്തെ തലയില്‍ ചുമക്കുന്നത്? അതിനവര്‍ക്ക് ദിവസം എത്രായിരം പൌണ്ട് ചെലവ് വരും? ഇതിങ്ങനെ എത്രകാലം തുടരും? എം. മുകുന്ദന്‍ എഴുതിയ അസ്തിക്കുപിടിക്കുന്ന നോവലുകള്‍ വായിച്ച് സങ്കല്‍പ്പ ഭാംഗ് വിമാനങ്ങളിലേറി നടന്ന എട്ടാംക്ലാസ് കാലം മുതല്‍ക്കു തന്നെ സ്വയം ചോദിച്ചിരുന്ന ചോദ്യങ്ങളാണിതൊക്കെ. അതെ, എന്തുതന്നെയായാലും, ഒരുപാട് പേരുദോഷമുണ്ടാക്കിയ ആളാണെങ്കിലും, ചാള്‍സ് തന്നെ അടുത്ത രാജാവാകും, പലയിടത്തായി കിടക്കുന്ന, ഇനിയും റിപ്പബ്ലിക്കായിട്ടില്ലാത്ത, കാനഡയും ഓസ്ട്രേലിയയും പോലുള്ള പഴയ കോളനിരാജ്യങ്ങളുടെ ഉടയതമ്പുരനാകും.

ഇപ്പോള്‍, 41 വയസ്സനായപ്പോളാണ്, ആ ചോദ്യങ്ങളുടെയെല്ലം ഉത്തരങ്ങള്‍ മണത്തു തുടങ്ങുന്നത്. ചക്രവര്‍ത്തിമാരെയും രാജാക്കന്മാരെയുമെല്ലാം ആരാധിക്കുന്നതും അനുസരിക്കുന്നതും മനുഷ്യസ്വഭാവമാണ് എന്നതാണ് ഒരുത്തരം. സിംഹാസനം, കിരീടം, ചെങ്കോല്‍ ഇവയൊന്നുമില്ലെങ്കിലും ജനം അവരുടെ മനസ്സില്‍ത്തന്നെ ചിലരെ അരിയിട്ടുവാഴ്ച നടത്തി രാജാക്കളും രാജ്ഞിമാരുമെല്ലാമായി അവരോധിച്ചുകളയും. ഇല്ലെങ്കില്‍ സോണിയ ഫിനോമേനോനെ എങ്ങനെ വിശദീകരിക്കും? ഇറ്റലിയിലെ ഏതോ കിന്റഗാര്‍ട്ടനില്‍ മാഡം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തൃശൂരെ സീതാറാം മില്ലിലെ തൊഴിലാളിനേതാവായി നടന്ന് കോണ്‍ഗ്രസ്സിനുവേണ്ടി കെ. ഫോര്‍ കരിങ്കാലി എന്ന എക്സ്പാന്‍ഷന്‍ ഏറ്റുവാങ്ങിയ നമ്മുടെ ലീഡറിപ്പോള്‍ മാഡത്തിന്റെ ഒരപ്പോയിന്റ്മെന്റ് കിട്ടാന്‍ വേണ്ടി കാത്തുകിടക്കുന്നു. നാളെ രാഹുല്‍ജി എന്ന പ്രധാനമന്ത്രിയെ 'കിടുകിടെ വിറപ്പിച്ച്' നമ്മുടെ സഖാവ് കാരറ്റ് ഫാബ്ഇന്ത്യാകമ്മ്യൂണിസത്തില്‍ പുതിയ അദ്ധ്യായം രചിക്കും.

ജനാധിപത്യത്തിലേയ്ക്കു വന്ന നാട്ടുരാജ്യങ്ങള്‍ വീണ്ടും ഇതുപോലത്തെ വംശാധിപത്യത്തിലേയ്ക്ക് നീങ്ങുമോ? ഒരു റീക്യാപ്പ്: സഖാവ് കാസ്ട്രോവിന് വയ്യാതായപ്പോള്‍ ഇടക്കാല ഭരണം നടത്തിയത് സഹോദരന്‍. സഖാവ് യൂഗോ ഷാവേസിന്റെ വിദ്യാഭ്യാസമന്ത്രി ആര്? അവിടത്തെ ഏതെങ്കിലും മുണ്ടശ്ശേരി? പേരിനൊരു മുണ്ടെങ്കിലും ഉടുത്ത എം. എ. ബോബി? അല്ല, അല്ല. അത് അങ്ങോരുടെ അനിയന്‍ അഡാന്‍ ഷാവേസ്. 1948 മുതല്‍ 72 വരെ വടക്കന്‍ കൊറിയയുടെ പ്രധാനമന്ത്രിയും 72 മുതല്‍ 94 പ്രസിഡന്റുമായി കമ്മൂണിസ്റ്റുകാരുടെ പേര് നാറ്റിച്ച സഖാവ് കിം ഇല്‍ സുങ്ങിന് പിന്നാലെ വന്നത് മകന്‍ കിംഗ് ജോങ് ഇല്‍. അവിടെ ഇതുവരെ വേറൊരാള്‍ പച്ച തൊട്ടിട്ടില്ല. ആകെ മൊത്തം ടോട്ടല്‍ കൊല്ലം എത്രയായെന്നാ?

ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ പെടാപ്പാട് പെടുന്ന അമേരിക്കയുടെ കാര്യമോ - അച്ഛമ്പുഷ് മോമ്പുഷ്, ചേട്ടന്‍ ക്ലിന്റന്‍ ചേച്ചി ക്ലിന്റി. 2057  വരെ നീളുന്ന ഒരു ബുഷ്ക്ലിന്റെ ഡൈനാസ്റ്റി ലവമ്മാരു പ്ലാൻ ചെയ്തു കഴിഞ്ഞത്രെ. ദാണ്ടെ, ലിവടെ നോക്കിയാട്ടെ. (ചുമ്മാതാണോ നാലുവര്‍ഷഏകാധിപത്യം എന്ന് അമേരിക്കയെ ചോംസ്കി വിളിച്ചത്; അവര് കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്ന ഡെമോക്രസിയെ ഇമ്പീരിയല്‍ ഡെമോക്രസിയെന്നും). ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും പാക്കിസ്ഥാനിലെയും ഫിലിപ്പീന്‍സിലെയുമെല്ലാം മക്കള്‍-വിധവാ രാഷ്ട്രീയത്തിന്റെ കാര്യം പറയാനുണ്ടോ?

ചുരുങ്ങിപ്പറഞ്ഞാല്‍ ചാതുര്‍വര്‍ണ്യം നിലനില്‍ക്കും. ഡോക്ടറുടെ മകന്‍ ഡോക്ടറാവും. തോട്ടിയുടെ മകന്‍ തോട്ടിയും. തോട്ടിയെപ്പിടിച്ച് നേതാവാക്കിയാല്‍ അയാള് തോട്ടികളെ ഉദ്ധരിക്കുകയൊന്നുമില്ല. അയാള് മതം മാറും. തോട്ടിമതം മാറുമെന്നര്‍ത്ഥം. പിന്നെ ആ ഭാഗത്തോട്ട് തിരിഞ്ഞുനോക്കുകയില്ല. അതാണ് അധികാരത്തിന്റെ ലഹരി.

രാഷ്ട്രീയത്തിൽ കുടുംബാധിപത്യം വരേണ്ടത് ആരുടെ ആവശ്യമാണ് - മേശയുടെ അപ്പുറത്തെ സൈഡിലിരിക്കുന്ന ബിസിനസ്സുകാരുടെ. അച്ഛന് കൊടുത്ത കൈക്കൂലി അച്ഛന്റെ കാലശേഷവും ഫലമുണ്ടാക്കണമെങ്കിൽ കസേരയിൽ മകൻ/ൾ വേണ്ടായോ? അതുപോലെ തിരിച്ചും - കൈക്കൂലിയായി വാങ്ങിയ പണം അവിടേം ഇവിടേം നിക്ഷേപിക്കും ഈ രാഷ്ട്രീയക്കാർ. അങ്ങനെയിരിക്കെ പെട്ടെന്ന് ചത്തുപോയാൽ മകനൊരു പൊസിഷനിൽ ഉണ്ടെങ്കിലല്ലേ അത് തിരിച്ചു കിട്ടൂ?

പൊതുവിൽ ഇടതുപക്ഷത്താണ് മക്കൾരാഷ്ട്രീയം കുറവ്. കാരണം ഇടതുപക്ഷ രാഷ്ട്രീയം ഇന്നും ഏറിയും കുറഞ്ഞും ത്യാഗത്തിന്റെ രാഷ്ട്രീയം തന്നെ. വീട്ടുകാർക്ക് തലമുറകളോളം ഇരുന്നുണ്ണാനുള്ള പണമുണ്ടാക്കുന്നതു പോയിട്ട് വീട്ടിലിരിക്കാൻ പോലും നേരമില്ലാത്ത കാലുവെന്ത നായ്ക്കളുടെ യഥാർത്ഥ സാമൂഹ്യ പ്രവർത്തനം. അങ്ങനെയുള്ളവരുടെ ഭാര്യമാരും ഭർത്താക്കന്മാരും ഒരിക്കലും മക്കളെ രാഷ്ട്രീയത്തിൽ വിടാൻ സമ്മതിക്കുകയുമില്ല എന്നൊരു വശം കൂടിയുണ്ട്. [കൈക്കൂലിക്കാരായ ചില അപൂർവം ഇടതന്മാർക്ക് അവരുണ്ടാക്കുന്ന പണം അനുഭവിക്കാൻ യോഗമില്ല എന്നും പറയണം. വില കുറഞ്ഞ പോളിസ്റ്റർ മുണ്ടുടുത്ത്, പ്ലാസ്റ്റിക് ചെരിപ്പിട്ട്, ചെറിയ മാരുതിയിൽ നടക്കാനും ചെറിയ വീട്ടിൽ പാർക്കാനുമേ അവർക്ക് സാധിക്കൂ. അല്ലാതെ ഒരിക്കലും ഈ അഴിമതിപ്പണം പുറത്തെടുത്ത് പുട്ടടിക്കാനാവില്ല - ഇമേജിന്റെ ഭാരം!]

അങ്ങനെ ഇതൊക്കെക്കൂടി ഓർക്കുമ്പോൾ ബ്രിട്ടീഷുകാരോട് ആദരവ് തോന്നുന്നു. അവരാണ് രാഷ്ട്രീയത്തിന്റെ അന്തം കണ്ടവര്‍. അവരുടെ ചുവട് പിടിച്ച് സോണിയയെ ഇന്ത്യയുടെ രാജ്ഞിയായി വാഴിക്കണം. ഒരു അലങ്കാരം മാത്രമാക്കണം. മകനെ കിരീടാവകാശിയാക്കണം. പ്രധാനമന്ത്രിസ്ഥാനത്ത് മിടുക്കന്മാര്‍ ഇരിയ്ക്കട്ടെ. അമേരിയ്ക്കന്‍ മോഡലിനെ പണ്ടേ അറബിക്കടലില്‍ എറിഞ്ഞവരാണല്ലോ നമ്മള്‍. നമുക്കെന്തുകൊണ്ട് ബ്രിട്ടീഷ് മോഡലായിക്കൂടാ? സത്തയില്‍ ഇനിയും റിപ്പബ്ലിക്കായിട്ടില്ലാത്ത നമ്മള്‍ക്ക്? വേറൊരു വഴിയുമില്ലെങ്കില്‍ ‘ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ’ എന്ന പാട്ട് പണ്ട് യേശുദാസും നസീറുങ്കൂടിപ്പാടിയ പോലെ സന്തോഷമായിത്തന്നെ പാടുന്നതല്ലേ ബുദ്ധി?

15 comments:

ഗുപ്തന്‍ said...

മക്കള്‍ രാഷ്ടീയം എന്ന നാറുന്ന അടിവസ്ത്രം ഇലക്ഷന്‍ കാലത്തുമാത്രം എതിര്‍പാര്‍ട്ടിനേതാവിന്റെ കിടക്കക്കുകീഴില്‍ നിന്നു ചൂണ്ടി അങ്ങാടിയില്‍ അലക്കാന്‍ ഉള്ളതാണ്. അതിനെക്കുറിച്ച് ആകുലപ്പെട്ട് ഡിജിറ്റസ്പെയ്സ് പാഴാക്കാതിരിക്കുക.

ഇലക്ഷന്‍ കാലം കഴിഞ്ഞ് അതിനെക്കുറിച്ചൊക്കെ ആകുലപ്പെടാന്‍ പോയാലേ വീട്ടിലും ഒണ്ട് ഒന്നുരണ്ടെണ്ണം !

(വികടമായ പ്രതിലോമകതയ്ക്ക് അവാറ്ഡെന്തെങ്കിലും ഉണ്ടെങ്കില്‍ ഗുരുജീ അത് അങ്ങേക്കുള്ളതാണ് )

Rammohan Paliyath said...

പോസ്റ്റുകളുടെ പൊതുസ്വഭാവത്തിന്റെ പേര്‍ക്കാണ് അവാര്‍ഡെങ്കില്‍ അത് വാങ്ങിച്ചേക്കാം. ഈ പോസ്റ്റിന്റെ പേരില്‍ വേണ്ട.

കേരളത്തിന്റെയും ബംഗാളിന്റെയും സാഹചര്യത്തില്‍ നോക്കുമ്പോള്‍ നോക്കുമ്പോള്‍ മാത്രമേ ഡൈനാസ്റ്റി മണക്കാത്തതതുള്ളു. ദേശീയതലത്തില്‍ ബീജേപ്പിയെ പ്രതിരോധിക്കാന്‍ രാഹുലിനെ പിന്തുണയ്ക്കാതെ പറ്റുമോ? പ്രതിലോമം അപ്പോള്‍ ഡൈനാസ്റ്റിയല്ല, ഡെസ്റ്റിനിയാണ്. എങ്കില്‍ അത് കാലേക്കൂട്ടിക്കണ്ട്, അതിന്റെ പ്രതിലോമകത പരമാവധി കുറച്ച്, ഒരു ബ്രിട്ടീഷ് സ്റ്റൈല്‍ പാക്കേജുണ്ടാക്കുകയല്ലേ ഗുപ്താ ഭേദം?

പ്രിയംവദ-priyamvada said...

ജനാധിപത്യ ഭരണം എന്നു അഭിമാനികുന്ന പല (ഇന്ത്യ അടക്കം) രാജ്യങ്ങളിലും ഒരു തരം psuedo ഡെമൊക്രസി മാത്രമാണുള്ളതെന്നും..വാസ്തവത്തില്‍ ഡൈ 'നാസ്റ്റി'..യാണുള്ളതെന്നും ഈയിടെ ബേനസീറിന്റെ മരണവും പാകിസ്ഥാനിലെ ജനാധിപ്ത്യവും വിശകലനം ചെയ്തു വന്ന ഒരു ലേഖനത്തിലും വായിച്ചിരുന്നു..:(

Unknown said...

വിശ്വസിക്കാനും ആരാധിക്കാനും ആള്‍ദൈവങ്ങളെ അവരോധിക്കാനും മനുഷ്യര്‍ക്കുള്ള കഴിവിന്റെ പുറത്താണ് എല്ലാ ഭരണകൂടങ്ങളും മതങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും മറ്റെല്ലാ എസ്റ്റാബ്ലിഷ്‌മെന്റുകളും നിലനിന്നുവരുന്നത് . മനുഷ്യപരിണാമം ഇത്രയുംവരെ മാത്രമേ എത്തിയിട്ടുള്ളൂ എന്ന് സമാധാനിക്കാം . എന്നാല്‍ ഇനിയങ്ങോട്ട് പുരോഗമിക്കും എന്ന് പ്രതീക്ഷിക്കാനും വയ്യ. പരിണാമം റിവേഴ്സും ആവാം !

അനാഗതശ്മശ്രു said...

പിക് നിക്ക് എന്ന പടത്തിലെ നസീര്‍ ലക്ഷ്മി പടം കിട്ടുമെങ്കില്‍
ഈ പടം മാറ്റുമല്ലോ...

Rammohan Paliyath said...

ജനാധിപത്യത്തിന്റെ സാധ്യതകള്‍പോലെയാണ് അമീശേ, പിക്നിക് കിട്ടാനില്ല.

Anonymous said...

വികടമായ എന്ന വാക്ക് ഞാന്‍ ശരിയായാണോ ഉപയോഗിച്ചതെന്ന് സംശയം. പറയേണ്ടത് പറയാതെ മറ്റൊന്നു പറയുന്ന ഒരു പരിപാടി ഇല്ലേ..അതുപോലെ ഉള്ള കുരുത്തക്കേടുകള്‍ ആണ് ഉദ്ദേശിച്ചത്. അറിഞ്ഞുകൊണ്ട് പിന്തിരിപ്പന്‍ വേഷം കെട്ടി ചിന്തിപ്പിക്കുന്ന ഏര്‍പ്പാട്.

അതൊക്കെ പോട്ട് അണ്ണാ.. എന്തരാണാ വാക്കിന്റെ ശെരിക്കും ഒള്ള മീനിംഗ്? ആകെ കണ്‍ഫ്യൂഷനുകളായല്ല്.

Rammohan Paliyath said...

പെര്‍വെര്‍ട്ടഡ് റിവിഷനിസം എന്നു പറയാം വികടപ്രതിലോമപരതയ്ക്ക്. അല്ലേ?

ഗുപ്തന്‍ said...

തന്നേ..തള്ളേണ ഞാന്‍ അതല്ല ഉദ്ദേശിച്ചത്. ആ പരാമര്‍ശം പിന്‍‌വലിക്കുന്നു.

ഉദ്ദേശിച്ചത് ഈ വിദൂഷകരൊക്കെ ചെയ്യുമ്പോലെ മനഃപൂര്‍വമായ പ്രതിലോമകത കാണിച്ച് വായനക്കാരെ വിപരീതദിശയിലേക്ക് ചിന്തിക്കാന്‍ പ്രകോപിപ്പിക്കുന്ന കലാപരിപാടി ആണ്. എന്റയര്‍ലി പോസിറ്റീവ്.

Rammohan Paliyath said...

ഈ പോസ്റ്റിലെ പ്രതിലോമപരതയോ കതയോ എന്തായാലും അത്, അത് മന:പ്പൂര്‍വമല്ല. ഐ മീന്‍ ഇറ്റ്. പ്രകോപനം എന്നും ലക്ഷ്യമാണ്. ഇക്കാര്യത്തില്‍ അപ്പോളജറ്റിക്കാവേണ്ട കാര്യമില്ല. ഇതാണ് പല ബ്ലോഗികളിലും ഞാന്‍ കണ്ട ഒരു പ്രശ്നം - ഇതെല്ലാം പെഴ്സണലായി എടുക്കുന്നു എന്നുള്ളതല്ല. പെഴ്സണലായി എടുക്കാന്‍ പറ്റുന്നില്ല എന്നാണ്. പെഴ്സണല്‍ ഈസ് പൊളിറ്റിക്കല്‍ എന്നാണല്ലോ ഇപ്പോള്‍. അതുകൊണ്ട് പെഴ്സണലായും എടുക്കണം. അങ്ങനെ ഒരു ഉത്തരവാദിത്തമെങ്കിലും അതെഴുതിയ എനിക്ക് വേണമല്ലൊ. വേദനിപ്പിക്കുമ്പോഴെങ്കിലും സത്യസന്ധരാകാന്‍ കഴിയണം. നിങ്ങള്‍ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി. ഞാനാണെങ്കില്‍ പ്രകോപിപ്പിയ്ക്കാന്‍ വേണ്ടി മാത്രം എഴുതിയതല്ല, ഗൌരവത്തില്‍ എഴുതിപ്പോയതാണെന്നാണ് പറയാന്‍ വന്നത്. :-)

അനാഗതശ്മശ്രു said...

നസീറിന്റെ ലക്ഷ്മിയുടെ പ്രത്യേകം പടങ്ങള്‍ കിട്ടുമല്ലൊ..ഈ സൈബര്‍ ജനാധിപത്യത്തില്...
എന്തായാലും ഈ പടം വേണ്ട...ചിത്രവും പാട്ടും മാറുന്ന ചിത്രം വേണ്ട..

Rammohan Paliyath said...

നസീറിന്റേം ലക്ഷ്മീടേം സെപ്പറേറ് മുഖങ്ങളെ കിട്ടാനുള്ളു. കോമ്പിനേഷന്‍ സീനില്ലെങ്കില്‍ ആക്ഷനെങ്കിലും വേണ്ടേ? അനാഗതന്റെ കമന്റില്‍ നിന്ന് വായിച്ചവരെല്ലാം കാര്യമറിഞ്ഞല്ലോ, അതുപോരേ?

G Joyish Kumar said...

സിങ്കപ്പൂരിലെ ലീ കോണ്‍ യീ - ഉം ഈ കൂട്ടത്തില്‍‌പ്പെടും.

Suraj said...

"...ചുരുങ്ങിപ്പറഞ്ഞാല്‍ ചാതുര്‍വര്‍ണ്യം നിലനില്‍ക്കും. ഡോക്ടറുടെ മകന്‍ ഡോക്ടറാവും. തോട്ടിയുടെ മകന്‍ തോട്ടിയും..."

തീര്‍ച്ചയായും അത് തലച്ചോറിന്റെ ഒരു രസതന്ത്രമാണ്. ബ്രിട്ടീഷ് സ്റ്റയില്‍ പാക്കേജുകൊണ്ട് ഏതായാലും ഇന്ത്യന്‍ സൈക്കി തൃപ്തിപ്പെടില്ല. അവര്‍ക്ക് നുകത്തിനടിയിലെ സുഖമാണ് പ്രധാനം. അതു രണ്ടക്ക ശമ്പളത്തിനു പണിയെടുക്കുന്ന ഗംഗാറാമിനായാലും നാലക്ക തുട്ടിനു പണിയെടുക്കുന്ന രംഗസ്വാമി അയ്യര്‍ ആയാലും....പിഴപറ്റുമ്പോള്‍ നുകത്തിനെ തന്നെ ചീത്തയും പറയാ‍ം എന്ന സൌകര്യം അതിന്റെ ഒരു ബോണസാണ് :)

Rammohan Paliyath said...

അന്ന് പിക്നികിലെ പടം കിട്ടിയിരുന്നില്ല. ഇന്ന് യൂട്യൂബിൽ പോയി സ്റ്റിലാക്കി സ്ക്രീൻഷോട്ടെടുത്തു. ഇൻസ്പയേഡ് ബൈ ഷെറിൻ ജോസഫ്.

Related Posts with Thumbnails