
മലയാളത്തിലെ ചില പ്രയോഗങ്ങളുടെ ഒറിജിൻ അറിഞ്ഞാൽ ആരും ചിരിച്ചു പോകും; എന്നു മാത്രമല്ല വേണ്ടാത്തിടത്തെല്ലാം അത്തരം പ്രയോഗങ്ങൾ തട്ടിവിടുന്നത് ഒഴിവാക്കുകയും ചെയ്യും. ഉദാഹരണത്തിന് താറു മാറായി എന്ന പ്രയോഗം. താറ് എന്നാൽ പണ്ടു കാലത്ത് [കാലം അത്ര അധികമായിട്ടില്ല] കേരളത്തിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ്. വടക്കൻ പാട്ടു സിനിമകളിലും മറ്റും പ്രേംനസീറന്മാർ ഉടുത്തു കണ്ടിരുന്ന തറ്റുടുക്കുന്ന സമ്പ്രദായം തന്നെ.
താറു മാറായി എന്നു പറഞ്ഞാൽ അടിവസ്ത്രം മാറിടത്തിലായി എന്നർത്ഥം - ബ്രാ ഇടേണ്ട സ്ഥലത്ത് പാന്റീസ് ഇട്ടാൽ എങ്ങനെയിരിക്കും? അതായത് കാര്യങ്ങൾ പരസ്പരം കുഴമറിഞ്ഞ അവസ്ഥ. റോഡുകളുടെ ശോചനീയാവസ്ഥയുടെ കാര്യത്തിൽപ്പോലും ഈ പ്രയോഗം വെച്ചു കാച്ചുന്നവരുണ്ട്. അർത്ഥം എന്തോ ആകട്ടെ, വായിക്കുന്നവർക്ക് കാര്യം പിടി കിട്ടിയാൽ മതിയല്ലോ എന്നു ചോദിക്കുന്നവരുണ്ടാകും. പ്രയോഗിച്ച് പ്രയോഗിച്ച് ചില വാക്കുകളുടേയും ശൈലികളുടേയും അർത്ഥങ്ങൾ മാറിപ്പോകുന്നു എന്നത് സത്യമാണ്. ഇക്കാര്യത്തിൽ ഒരു ഉണക്കവ്യാകരണക്കാരന്റെ പിടിവാശി കാണിക്കുന്നത് മണ്ടത്തരം തന്നെയാണ്. എങ്കിലും ഇവയൊക്കെ വന്ന വഴികളിലേയ്ക്ക് ഇടയ്ക്കെങ്കിലും തിരിഞ്ഞു നോക്കുന്നത് രസകരമായിരിക്കും.
സ്ഥാനത്തും അസ്ഥാനത്തും നമ്മളെല്ലാവരും ഇക്കാലത്ത് നടത്തുന്ന ഒരു പ്രയോഗമാണ് 'കട്ടപ്പൊകയായി' എന്നത്. എന്താണ് കട്ടപ്പൊക? അതെന്താണെന്ന് ഒരിക്കൽ ആരും പറഞ്ഞു തരാതെ തന്നെ നേരിൽക്കണ്ട് ബോധ്യപ്പെടുകയുണ്ടായി. ഒരടുത്ത ബന്ധുവിന്റെ ചിതയിൽ നിന്നുയർന്ന പുക കണ്ടപ്പോഴാണ് കട്ടപ്പൊക എന്താണെന്ന് മനസ്സിലായത്. ശരീരം കത്തിപ്പിടിച്ചു കഴിഞ്ഞാൽപ്പിന്നെ അതിൽ നിന്നുയരുന്ന പുകയ്ക്ക് വല്ലാത്തൊരു കനമുണ്ടാകും. മനുഷ്യന്റെ ജീവിതമല്ലേ, എന്തെല്ലാം മോഹങ്ങളും പാപങ്ങളും ഉള്ളിൽ ഒതുക്കിക്കൊണ്ടായിരിക്കും ഓരോ ജീവനും പിടി വിടുന്നത്. അത് കത്തുമ്പോൾ ഫാക്ടറിപ്പുകയേക്കാളും കടുകട്ടിയാകുന്നത് സ്വഭാവികം. ആ കട്ടപ്പ് പക്ഷേ കണ്ടു തന്നെ അറിയണം.
ആരുടെയെങ്കിലും കാര്യം കട്ടപ്പൊകയായി എന്ന് ഇനിയൊരിക്കൽ പറയാൻ തുടങ്ങുമ്പോൾ ഓർക്കുക - കട്ടപ്പൊക അവസാനമാണ്; തിരിച്ചിറങ്ങാനാവാത്ത പുകക്കയറ്റം. കട്ടപ്പൊക ഒരു സെക്കുലർ പ്രയോഗല്ല്ലെന്നും പറയണം. ശവശരീരം ദഹിപ്പിക്കപ്പെടുമ്പോൾ മാത്രമേ കട്ടപ്പൊകയ്ക്ക് സ്കോപ്പുള്ളൂ; കുഴിച്ചിടപ്പെടുന്നവർക്ക് ഹാ! കഷ്ടം, അവരുടെ ശവക്കല്ലറകൾ വെള്ള തേച്ച ശവക്കല്ലറകളോടു ഒത്തിരിക്കുന്നു.
.jpg) |
Malabar Civet - image from Meloor Blog |
ഔദ്യോഗികമായി വൈദ്യം പഠിച്ചിട്ടില്ലെങ്കിലും
ഒരമ്മാവൻ വീട്ടിൽ ധന്വന്തരം ഗുളിക ഉണ്ടാക്കിയിരുന്നു. പ്ലാവില ഞെട്ടിയുടെ കഷായം, ഇറാനിൽ നിന്നു വരുന്ന കുങ്കുമപ്പൂവ് തുടങ്ങിയവയ്ക്കൊപ്പം പച്ചപ്പുഴു അഥവാ
വെരുകിൻ പുഴു എന്നൊരു ചേരുവയും അതിന്റെ നിർമാണത്തിൽ ഉപയോഗിക്കപ്പെടുന്നു. ഒരിനം വെരുക്/മരപ്പട്ടി അതിന്റെ അടിവയറ്റിലെ സഞ്ചിയിലേയ്ക്ക് അണയ്ക്കുന്ന കസ്തൂരി (musk) പോലൊരു സാധനമാണ് വെരുകിൻ പുഴു. പണ്ടേ അതു കിട്ടാൻ ക്ഷാമമായിരുന്നു; പൊള്ളുന്ന വിലയും. അതുകൊണ്ടായിരിക്കണം ആരോ ഒരു വെരുകിനെ കൊണ്ടുവന്നപ്പോൾ വളർത്തിനോക്കാമെന്നു വിചാരിച്ചത്.
അതിനെ കൂട്ടിലിട്ടു. ഹൊ, ആ കാഴ്ച കാണാൻ വയ്യ.
കൂട്ടിലിട്ട വെരുകിനെപ്പോലെ എന്ന പ്രയോഗത്തിന്റെ അർത്ഥം ചങ്കു തകർന്നാണ് അന്നെല്ല്ലാവരും പഠിച്ചത്. ആ ജന്തുവിന് ഒരു നിമിഷം നിൽക്കാൻ വയ്യ. ഒരു നിമിഷം പോലും നിൽക്കാനാവാതെ ആ ചെറിയ കൂടിന്റെ നീളത്തിൽ അത് വേഗം വേഗം അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.
ആശ കൈവിടരുത്, എപ്പോഴാണ് രക്ഷപ്പെടുക എന്നറിയില്ലല്ലോ എന്ന് ഏതോ പൊള്ളയായ അമേരിക്കൻ സെൽഫ്-ഹെൽപ് ബുക്കിൽ വായിച്ചിട്ടെന്നോണമായിരുന്നു വേഗത്തിലുള്ള അതിന്റെ നടത്തം.
 |
രാഘാമ, കേശാമ, ശങ്കുണ്യാമ, കുട്ടപ്പമ്മാന്‍, ഞാന്‍ |
ഭൂതപ്രേതപിശാചുക്കളും യക്ഷികളും ഗന്ധർവന്മാരും മാത്രമല്ല ഉന്മാദികളായ മനുഷ്യർ പോലും ഉറങ്ങിപ്പോകുന്ന രാത്രി രണ്ടേ മുക്കാലിന് കേശാമ എണീറ്റു നോക്കിയപ്പോളും 'എവിടെയോ ഒരു വാതിലുണ്ട്, അതിപ്പോൾ തുറക്കും' എന്നു മോഹിച്ച്, ഒരേസമയം ആത്മവിശ്വാസത്തിന്റെ ആകാശഗോപുരമായും കാലു വെന്ത ചില മനുഷ്യരെ ഓർമിപ്പിച്ചും അതങ്ങനെ നടക്കുക തന്നെയായിരുന്നു. കേശാമ അപ്പൊത്തന്നെ അതിനെ തുറന്നിട്ടു. കുറുക്കന്മാരും കീരികളും ചേനത്തണ്ടന്മാരും വെള്ളിക്കട്ടന്മാരും വാണിരുന്ന രാത്രിനാട്ടിലേയ്ക്ക് അതോടിപ്പോയി. പക്ഷേ അതു പഠിപ്പിച്ച പാഠം ഇന്നും ബാക്കി നിൽക്കുന്നു, ആ പാഠം പഠിച്ച് ഒരു പരീക്ഷയിലും ജയിച്ചില്ലെങ്കിലും.
 |
അമേരിക്കന്‍ ആത്മവിശ്വാസം |
ഇതൊക്കെ മലയാളനാട്ടില്‍ത്തന്നെ ജനിച്ച മലയാള പ്രയോഗങ്ങളാണെങ്കില്‍ കപ്പലു കയറി വന്ന ചില വാക്കുകളുമുണ്ട് - അറബിയിലും പോര്‍ട്ടുഗീസില്‍ നിന്നുമെല്ലാം വന്ന വാക്കുകള്‍. എന്നാല്‍ കപ്പല്‍ തന്നെ വാക്കായതുമുണ്ട്. ഒന്നാം ലോകമഹായുദ്ധക്കാലത്ത്, 1914 സെപ്തംബര്‍ 22-ന് മദ്രാസ് തുറമുഖം ആക്രമിച്ച ജര്‍മനിയുടെ എസ്.എം.എസ്. എംഡന്‍ എന്ന യുദ്ധക്കപ്പലിന്റെ പേരില്‍ നിന്നാണ് എമണ്ടന്‍ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന തിയറി പ്രകാരം ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ പല ഇന്ത്യക്കാരും ജര്‍മനിയും ജപ്പാനും ജയിക്കാന്‍ പ്രവര്‍ത്തിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തു. ആ ആരാധനയുടെ ഭാഗമായിട്ടായിരിക്കണം എമണ്ടനെ വലിയ വലുതിന്റെ പ്രതീകമാക്കാന്‍ മലയാളീസ് തുനിഞ്ഞത്. ഹിറ്റ്ലറേപ്പോലുള്ളവരൊക്കെ യുദ്ധം ജയിച്ചിരുന്നെങ്കില്‍ നമ്മുടെ ആ അപ്പുപ്പന്മാരൊക്കെ എരിതീയില്‍ നിന്ന് വറചട്ടിയിലേയ്ക്ക് വീഴുമായിരുന്നു എന്നു തീര്‍ച്ച. ബ്രിട്ടീഷുകാരെ തുരത്തി ജപ്പാന്‍ ഇന്ത്യ പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ച ചില വിദ്വാന്മാര്‍, ജപ്പാങ്കാരുടെ സ്റ്റെനോഗ്രാഫര്‍മാരാകാന്‍ വേണ്ടി കാലേക്കൂട്ടി ജപ്പാനീസ് ഭാഷ പഠിച്ച് കാത്തിരുന്നു എന്നും കേട്ടിട്ടുണ്ട്.
 |
എമണ്ടനായ Emden |
കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റേയും ഇ-മെയിലിന്റേയും ഫോട്ടോസ്റ്റാറ്റിന്റേയും സ്മാര്‍ട്ട് ഫോണിന്റേയുമെല്ലാം വരവോടെ സ്റ്റെനോഗ്രാഫര്‍, കാര്‍ബണ്‍ പേപ്പര്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നു. പക്ഷേ കാര്‍ബണ്‍ കോപ്പി എന്നതിന്റെ സ്റ്റെനോഗ്രാഫിയുഗത്തിലെ ചുരുക്കെഴുത്തായ സിസി തന്നെയാണ് ഇന്നും മൈക്രോസോഫ്റ്റ് ഔട്ട് ലുക്കിലും ജീമെയിലിലുമെല്ലാം വിലസുന്നത്. ഇന്നലത്തെപ്പോരതിന്നലെയ്ക്കുള്ളതാണിന്നിനിന്നത്തെ പരാക്രമം വേണ്ടയോ എന്ന് കവി ചോദിച്ചത് എത്ര ശരി!
50 comments:
താറു മാറായത് എനിക്ക് ഒരു പുതിയ വിവരം. അരയില്‍ നിന്നും ഒന്നര കിഴിക്കാന്‍ പഠിപ്പിച്ച ഗുരുക്കന്മാര്‍ ഈ ഒരു 'കോംപ്ലികേഷന്‍' പറഞ്ഞു തന്നില്ല. ശിഷ്ടം താറു തന്നെ ആണെങ്കിലും.
നമ്മുടെ കാര്നോമ്മാര്‍ പറഞ്ഞു തന്നതും, കാണിച്ചു തന്നതും, ഇന്ന് വീമ്പിളക്കുന്ന ഒരു ശാസ്ത്രഞ്ഞനും ഇന്നുവരെ കണ്ടെത്താനായിട്ടില്ല. പഴഞ്ചൊല്ലിന്റെ അര്‍ത്ഥതലങ്ങള്‍ തേടി അലഞ്ഞാല്‍ ജീവിതമെന്തെന്ന് കൃത്യമായി മനസ്സിലാകും! അത് തന്നെയാണ് സത്യവും!
രാം മോഹന്‍...താറടിച്ചു കാണിക്കുക എന്നു പറഞ്ഞാലോ ?
അടി,തല്ല്. രണ്ടും മര്‍ദ്ദനം.അടിപൊളിക്കും തല്ലിപ്പൊളിക്കും വിപരീത അര്‍ത്ഥം വന്നതെങ്ങനെയാവോ?:)
അര്‍ദ്ധം മാത്രമല്ല ശബ്ദത്തിലേക്കും പോകണം
ഉണക്കവ്യാകരണക്കാരന്‍ പലതും ചിന്തിപ്പിക്കുന്നു...
കുഞ്ഞങ്ങൾക്കു അരയിൽ കെട്ടുന്ന ഒരു ചരട് ഉണ്ട്. അതിനെ "അന്നച്ചരട്" എന്നു വിളിക്കും. ഞാൻ അതിന്റെ ചരിത്രം ചികഞ്ഞപ്പോൾ കിട്ടിയതു. നാട്ടു വൈദ്യത്തിലെ ഒരു കുറുക്കു വഴി. മിതഭക്ഷണശീലം പരിശീലിപ്പിക്കാൻ അന്നതെ അക്ഷരാഭ്യാസമില്ലാത്ത അമ്മമാരെ പ്രായോഗിക വിജ്ഞാനം നൽകാൻ ഉദ്ദ്യേശിച്ചു മക്കൾക്കു അരയിൽ കെട്ടിക്കൊടുത്ത ചരടാണത്. ആ ചരടു മുറുകുമ്പോൾ തീറ്റ കൊടുക്കുന്നതു നിർത്തിക്കോണം. അതു അയഞ്ഞു കിടന്നാൽ തീറ്റ കൊടുത്തോളണം. അമിത തീറ്റ ഒഴിവാക്കാനും തീറ്റ ഇല്ലായ്മ തിരിച്ചറിയാനുമുള്ള ഏകകമായിരുന്നു ആ "അന്നച്ചരട്"
ഇവിടെ ഞാനാദ്യമാ...വായിച്ചാകെ കണ്‍ഫൂഷനായല്ലോ? എന്റെ തല താറുമാറായ് എന്നു ചുരുക്കം...
വായിച്ചു കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് താര്‍ മാര്‍ ആയെന്നു....നല്ല വയാനാനുഭവം
തടിച്ചു കോലമില്ലാത്ത അല്ല്ല്ലേല്‍ കൊള്ളാത്ത ആള്‍ എന്നാ അര്‍ത്ഥത്തിലോക്കെ നാട്ടില്‍ ചില പ്രായമായ സ്ത്രീകള്‍ അടാക്കം ഉമ്മംപിടിയന്‍ എന്ന് പറയുന്നത് കേട്ടിട്ടുണ്ട് .. motherfucker എന്നാ ഇംഗ്ലീഷ് തെറിയുടെ
അര്‍ഥം ആയിരിക്കാവുന്ന ആ പ്രയോഗവും ഇത് പോലെ മാറി മാറി അറിയാതെ ഉപയോഗിച്ചു വരുന്നതാവില്ലേ.. അര്‍ത്ഥവ്യതിയാനങ്ങള്‍ വിശദമായി അറിയിച്ചു തന്നതിന് നന്ദി സര്‍
ശബീറെ, ഈ കണ്ടുപിടിത്തത്തെ അങ്ങനെ 'താറടിക്കല്ലേ'
താറും മാറും നന്നായി
Well new info to me.. well written...
ചിന്തിക്കാനായി ചില മേചില്‍പുറങ്ങള്‍ തന്നു താങ്കള്‍ .ഇഷ്ടപ്പെട്ടു, നന്നായിട്ട് തന്നെ.
Loved this!
This is something informative.. Good.
ഇത് വായിച്ചു എന്റെ തലയും 'താറുമാറായി'പ്പോയല്ലോ ഹീശ്വരാ..!
(ഇങ്ങനെയൊരു ബ്ലോഗില്‍ മോഡരേഷന്‍ വെച്ചത് എന്തിനെന്ന് മനസിലായില്ല)
താറു മാറായി എന്നു പറഞ്ഞാൽ അടിവസ്ത്രം മാറിടത്തിലായി എന്നർത്ഥം -- Apara kandu pidutham.......! kashtam !
ഇത്ര ഒക്കെ ചിന്തിക്കാന്‍ പോയാല്‍ എന്റെ വിജ്ഞാനവും താര്‍ മാറാവും ..
നല്ല വയാനാനുഭവം
ഡാ നസീറേ, താറടിക്കല്‍... അതു മറ്റേ താറായിരിക്കും. ടാര്‍. റോട്ടിലിടുന്ന ടാര്‍. (ഇവനെയൊക്കെ തലചെരച്ച് താറടിച്ച് തകരം കൊട്ടി തകര്‍ക്കണം എന്ന് കെ എസ് പി നേതാവ് ആര്‍ എം മനക്കലാത്ത് പണ്ട് വിദ്യാര്‍ത്ഥി കോര്‍ണറില്‍]. താറടിച്ചു എന്നല്ലാതെ താറഴിച്ചു എന്നൊരു പ്രയോഗമുണ്ടോ ആവോ? സ്കണ്ണാ ആലിലക്കണ്ണാ, ശരിയാ, ശബ്ദം ഈക്വലി പ്രധാനം. കരീം മാഷേ, അന്നച്ചരട് ആദ്യമായി കേള്‍ക്കുന്നു. അനൂപേ, ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു.
കാട്ടിൽ വൻ പുലി വാപിളർന്നതോ
വാരിയത്തരുണി താറഴിച്ചതോ..
മുമ്പും പിമ്പും ഓർമ്മ വരുന്നില്ല രാമാ...
പിന്നെ ആ പടത്തിൽ നീ മാത്രമെന്തിനാ കുപ്പായമിട്ടത് രാമാമാ..?
ഉമ്പാച്ചിയേ, ഞാനും കേട്ടിട്ടുണ്ട് ഈ പാട്ട്, ഓര്‍മ വരുന്നില്ല. വീട്ടില്‍ ഷര്‍ട്ടിടുന്നതിന്റെ പിന്നില്‍ ഒരു രഹസ്യമുണ്ട് - മെസെജായി അയച്ചു തരാം. വെല്ലിച്ഛന്‍ കളിയാക്കുമായിരുന്നു നിന്റെ കുന്നംകുളത്തില്‍ എത്ര ആമയുണ്ടെടാ എന്ന്. എന്നെ മരുമക്കളാരും ആമ എന്നു വിളിക്കുന്നില്ല. മൈരുമക്കത്തായത്തെ നിങ്ങളൊക്കെ കൂടി കൊന്നില്ലേ? എന്നിട്ടും കണ്ണൂരെ കാക്കാന്മാരും ഞങ്ങള്‍ ചില നായന്മാരും അതിന്റെ ആത്മാവിനെ കെടാതെ നിര്‍ത്തുന്നു. കുട്ടപ്പമ്മാമന്‍ എന്നെഴുതിയത് ഇഷ്ടപ്പെട്ടിട്ടല്ല - വി കാള്‍ ഹിം കുട്ടപ്പേട്ടന്‍. അതങ്ങനെ ശീലിച്ചു. അതു കേട്ടിട്ടായിരിക്കണം ന്യൂ ജനറേഷന്‍ മരുമക്കള്‍സൊക്കെ ഞങ്ങളെ രാജ്വേട്ടാ രാമ്വേട്ടാ എന്നു വിളിക്കുന്നു.
താറഴിച്ചു താറടിക്കാതെ തടി
തപ്പിയാല്‍ എല്ലാവര്ക്കും നല്ലത് അല്ലെ?
നല്ല വായന തന്നു ..രാംജി..
എന്നെ തെറ്റിദ്ധരിപ്പിച്ച പല വാക്കുകളും ഉണ്ട് , ഉസ്ത്, പൂശല്‍, അടി പൊളി (അടി പൊളിയാത്ത കുട്ടികള്‍ പറയേണ്ടത്), കബൂര്‍ ആയി, തരള കാബോലം(ഇത് മറ്റെന്തോ സാധനം ആണെന്ന് ഞാന്‍ ഒരു പാട് കാലം തെറ്റിദ്ധരിച്ചിരുന്നു). എനിക്കിഷ്ടപെട്ട വാക്കുകളില്‍ ഒന്ന് ഓണംകേറാമൂലയാണ്.
കോഞ്ഞാട്ടയാവുക എന്നതിന്റെ ഉല്‍ഭവം എങ്ങനെയാണെന്നറിയുമോ?
വെരുകിന്റെ കഥ ഈ ബ്ലോഗ് പോസ്റ്റിന് വേണ്ടി മാത്രം എഴുതിയതാണോ അതോ ശരിക്കും ഉണ്ടായതാണോ? not that it matters. it touched me anyway :)
കോഞ്ഞാട്ടയെവിടെ താറെവിടെ? കോഞ്ഞാട്ടയുള്ളൊരകിടിന്‍ ചുവട്ടിലും താറു തന്നെ കൊതുകിന്നു കൌതുകം. വെരുകിന്റെ കഥ ഉണ്ടായതു തന്നെ. അതല്ലേ അമ്മാവന്മാരുടെ പടം വരെ അണിയിച്ചത്. എന്ത്യേ, വിശ്വാസം തോന്നിയില്ല്ലേ? കണ്ണടച്ച് ഓര്‍ത്താല്‍ ഇപ്പോളും കാണാം വേഗം വേഗം ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്.
ഏ? ഞാന്‍ ചോദിച്ചെന്നേയുള്ളൂ. ബന്ധണ്ട്ന്ന് പറഞ്ഞില്ലല്ലോ. അകിടിന്റെ മെറ്റഫര്‍ മനസ്സിലായില്ല. ഉണ്ടാക്കിയെഴുതിയോപെല തോന്ന്യതല്ല. അറിയാന്‍ ചോദിച്ചതാണ്. ഞാന്‍ വെരുകിനെ കണ്ടട്ടില്ല
ആറുമാസം മുന്‍പ് തമിഴ്നാട്ടിലെ കുംഭകോണത്തെ മനോഹരങ്ങളായ ക്ഷേത്രങ്ങള്‍ കണ്ടു നടക്കുമ്പോള്‍ (ബ്രുഹദീശ്വര- ഗംഗൈകൊണ്ട ചോളപുര ക്ഷേത്രങ്ങള്‍ക്ക് പുറമേ, കുംഭേശ്വര ക്ഷേത്രം, നാഗേശ്വര ക്ഷേത്രം, ശാരംഗപാണി, ദാരാസുരം, ചക്രപാണി മുതലായ നാല്‍പതോളം പുരാതന ക്ഷേത്രങ്ങള്‍ കുംഭകോണത്തിനും, സമീപമായ തഞ്ചാവൂര്‍ പ്രദേശത്തും ഉണ്ട് ) മനസ്സില്‍ വന്നത്......കേരളത്തില്‍ 'കുംഭകോണം' എന്ന വാക്കിന് വേറെ അര്‍ത്ഥം ആണല്ലോ എന്ന കാര്യമായിരുന്നു. മലയാളത്തില്‍ കഴിഞ്ഞ അന്‍പതാണ്ടില്‍ വന്നുചേര്‍ന്ന ഏറ്റവും 'ബ്രുഹദീശ്വര' മായ വാക്കും അത് തന്നെ എന്നത് കൌതുകകരം തന്നെ.
അമ്മയെ കൊന്നാലും രണ്ടുണ്ട് പക്ഷം എന്ന ചൊല്ലും നമ്മുടെ ഭാഷയിൽ മാത്രമേ ഉണ്ടാവുകയുള്ളു. അമ്മയെ കൊന്നവൻ ഉണ്ടാക്കിയ നാടായതുകൊണ്ടാവും.
some related thoughts: http://www.malayalanatu.com/index.php/-/1535-bored
തകര്‍ത്തു തരിപ്പണമാക്കി
ആ പ്രയോഗത്തിനും ഇങ്ങനെയൊരു പിന്നാമ്പുറം ഉണ്ടാവില്ലേ? മരണശേഷം നടത്തുന്ന തര്‍പ്പണം ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തിച്ചു എന്ന വലിയൊരു സത്യമാണോ തകര്‍ത്ത് തരിപ്പണമാക്കി എന്ന രണ്ട് വാക്കിലൂടെ നമ്മുടെ മുമ്പില്‍ എത്തുന്നത് ?
നല്ല അറിവുകൾ രാമേട്ടാ..
കോച്ചറായി എന്നൊരു വാക്ക് കേട്ടിട്ടുണ്ടോ? എവിടെന്ന് വന്നെന്ന് അറിയില്ല. ചിലപ്പൊ നസീറിന് അറിയാർക്കും. :)
ഉണക്കവ്യാകരണക്കാരനു പറയാനുള്ളത്:
നൂൽ ചുറ്റുന്ന സാധനമാണ് താറ്. (‘തറി’ എന്നത് ഇതുമാായി ബന്ധപ്പെട്ടതാണോ?) ചുറ്റിയെടുക്കുന്നതാണ് മറ്റേ താറ്. മാറാകുക എന്നു വച്ചാൽ ക്രമക്കേട് സംഭവിക്കുക, അകന്നു പോകുക എന്നൊക്കെ. മാറ് എന്നവച്ചാൽ അകന്നത് എന്ന്. അകന്നിരിക്കുന്ന (മുലകൾ ഉള്ള) സ്ഥലമാണ് മാറിടം. “മരങ്ങളെ മതിലുകളേ മാറ് മാറ് മാറ്‘ എന്ന പാട്ടിലെ മാറ് അകന്നു പോവുക എന്നു തന്നെ. വേറൊന്നിലേക്ക് സംക്രമിച്ചുള്ള കളിയാണ് മാറാട്ടം. ഉണ്ടനൂൽ ചുറ്റിയെടുക്കുമ്പോൾ താറിനു മാറ് സംഭവിക്കുന്നതാണ് താറുമാറാകൽ.
എതിരാ, മാറിൽ തൊടാതെ മാറൂ.
ഇപ്പോഴും മൈക്രോസോഫ്റ്റും ഗൂഗ്ലും നമ്മൾ ഉപയോഗികളും ഇ-മെയിലിൽ സിസി എന്നു അർത്ഥമാക്കുന്നത് അതിന്റെ ഒറിജിൻ 'കാർബൺ കോപ്പി' എന്ന് ഓർത്തിട്ടു തന്നെയോ?
രണ്ടാം ലോകമഹായുദ്ധക്കാലത്ത് മദിരാശിയുടെ അടുത്തെങ്ങോ വന്നുവെന്ന് പറഞ്ഞു കേട്ട ജർമനിയുടെ എംഡൻ എന്ന കപ്പലിന്റെ പേരിൽ നിന്നല്ലേ എമണ്ടൻ വന്നത്?
ഈ ശൈലീവിചാരങ്ങൾ കൊള്ളാം. താറുമാറായതിന്റെ വിശകലനം കവിയുടെ ഒരു കടന്ന ചിന്തയായിപ്പോയെങ്കിലും. എമണ്ടൻ കപ്പലിൽ നിന്നു തന്നെ വന്നതാണ്. ഉമ്പാച്ചി ഉദ്ധരിച്ച ഈരടിയുടെ പൂർവ്വാർദ്ധം ‘ചത്ത ചേര ചെളിയിൽ കിടന്നതോ’ എന്നും കേട്ടിട്ടുണ്ട്.
ശ്രീനാഥന്‍, താറു മാറ് ഒട്ടും കടന്ന ചിന്തയായി ഇപ്പോളും തോന്നുന്നില്ല. ഹരിവരാസനത്തിന്റെ കാര്യത്തില്‍ ഞാന്‍ എതിരനോടൊപ്പമാണ്, ഇതിലല്ല.
വളരെ വളരെ നല്ല പോസ്റ്റ് .അടി പൊളിയുടെ വിപരീത അര്‍ത്ഥത്തിലല്ലേ തല്ലിപ്പൊളി വരുന്നത് .കീറുന്നത് കഴിക്കാനും വീശുന്നത് കുടിക്കാനുമല്ലേ എന്നിങ്ങനെ പല ചിന്തകള്‍ കുരിശായി (ക്രോസ്)...
താ**ര്‍ എന്ന വാക്ക് പത്രത്തില്‍ എഴുതുക പോയിട്ട് പറയുക പോലും ഇല്ല ഞാന്‍
അതിന് മമ്മാലി സാഹിബ് എന്ന പത്രപ്രവര്‍ത്തക കാരണവരോടാണ് കടപ്പാട്.
കൊച്ചിയില്‍ ജോലിക്കു വന്ന സമയത്ത് റോഡ് വാര്‍ത്തകളില്‍ മിക്കതിനും തലക്കെട്ട് ഇതു തന്നെയാവും
മൂപ്പര്‍ കണ്ടാല്‍ കലിതുള്ളും, പേജ് എഡിറ്ററുടെ വിവരക്കേടിനെ മയമില്ലാതെ ശകാരിക്കും
താര്‍ എന്നാല്‍ ഒരു മരുഭൂമി എന്ന് മാത്രം അറിയുന്ന പുതുമുറക്കാര്‍ക്ക് ആദ്യമൊന്നും ഈ ദേഷ്യത്തിന്‍െറ
കാരണം അറിയുമായിരുന്നില്ല,
വി.ടി. നന്ദകുമാറിന്റെ ഒരു നോവലില്‍ (പേരോര്‍മയില്ല, കടല്‍/കടപ്പുറം/മുസ്ലിം പശ്ചാത്തലം) എംഡനെ പ്രതിപാദിക്കുന്നുണ്ട്. സംഭവം കൊടുങ്ങല്ലൂരിനടുത്തുള്ള ഏതോ തീരത്ത് കൂടെ പോയെന്നും ഇത്രയും 'വല്യ' ഒന്ന് ആദ്യമായി കണ്ട തീരവാസികളുടെ അത്ഭുതകരമായ വര്‍ണ്ണനകളില്‍ എമണ്ടന്‍ പിന്നീട് വലുതിനെ കുറിക്കുന്ന ശൈലിയായെന്നും കഥാകാരന്‍.
പാവം എംഡന്‍ ഇപ്പോ 'ഗമണ്ടന്‍' ആയും മാറുന്നു ചിലയിടത്ത്.
Rahim Kunjumohamed ഇത് നമുക്ക് വി ടി നന്ദകുമാറിന്റെ മോനോട് തന്നെ ചോയ്ച്ചളയാം. ഓന്‍ ഇതിലെയൊക്കെ വരലുണ്ട്. ഡാ, ശ്രീജിത്തേ...
രാമാ, റഹിം പറഞ്ഞ നോവല്‍, വണ്ടിപ്പറമ്പന്മാര്‍ ആണ്; പൊന്നാനി കടന്നു കൊടുങ്ങല്ലൂരില്‍ എത്തിയ രണ്ടു മുസ്ലിം കുടുംബങ്ങളുടെ കഥ; മണ്ണിനോടും, ജന്മിമാരോടും പോരാടി തട്ടകം തീര്‍ത്തും, പിന്നെ പരസ്പരം കുടിപ്പകയുടെ കണക്കുകള്‍ തീര്‍ത്തും വളരുന്ന കുടുംബങ്ങള്‍.; അതിന്‍റെ പശ്ചാത്തലം, രണ്ടാംലോകമഹായുദ്ധം ആണ്. എംഡന്‍ എന്ന ജര്‍മന്‍ മുങ്ങിക്കപ്പല്‍, കേരളത്തിന്‍റെ തീരത്ത് എന്ന് ശ്രുതി പരന്ന കാലം. അതാണ്, ഈ 'ഗമണ്ടന്‍' എന്ന് തോന്നുന്നു:) വിജയന്‍റെ ഒരു കഥയിലും എംഡന്‍ വരുന്നുണ്ട്;അതോ, വികെയെന്നോ?
ക്ഷമിക്കണം, ടൈംലൈനില്‍ ഓര്‍മപ്പിഴവ് - ഒന്നാംലോകയുദ്ധം ആണ്; 1914ല്‍.- ആണ് എമണ്ടന്‍ പൊന്തുന്നത്, മദിരാശിയില്‍ .
ശരി തന്നെ, വണ്ടിപ്പറമ്പന്മാര്‍. വായനയുടെ തീപിടിച്ച കോളേജു കാലത്ത് വായിച്ചതാണ്.
പരിചയപ്പെട്ടതില്‍ സന്തോഷം ശ്രീ. ശ്രീജിത്ത് വിടി നന്ദകുമാര്‍ :-)
കേശവദേവിന്റെ "വെളിച്ചം കേറുന്നു" എന്ന നോവലില്‍ ആണ് ഈ 'യംഡന്‍ " എന്ന വാക്ക് എമണ്ടന്‍ ആയതിനെ പറ്റി വായിച്ചത്. ചേമഞ്ചേരി ചന്തയില്‍ നിന്നു അയലക്കരുവാട് വില്‍ക്കാന്‍ ഗ്രാമത്തില്‍ വരുന്ന ആള്‍ ആയിരുന്നു ആ ഗ്രാമത്തിലേക്ക് യുദ്ധ വാര്‍ത്തകളും കൊണ്ടുവരുന്നത്. യുദ്ധം കഴിഞ്ഞപ്പോ അയാള്‍ പറഞ്ഞത് "ജയിച്ചത് ജര്‍മന്‍ . അവന്‍ എമണ്ടനാ" എന്നായിരുന്നു. അപ്പോള്‍ നാട്ടുകാരാരോ പറഞ്ഞു, ഗ്രാമത്തിലെ ഇംഗ്ലീഷ് പത്രം വായിക്കുന്ന ഒരേ ഒരാള്‍ പറഞ്ഞല്ലോ ജയിച്ചത് ഇംഗ്ലീഷ് ആണെന്ന്, എന്ന്. അപ്പോള്‍ കൊടുത്ത ഉത്തരം രസകരമായിരുന്നു: "ഇംഗ്ലീഷ് പത്രത്തില്‍ ഇംഗ്ലീഷ് തോറ്റു എന്ന് എഴുത്വോ നായരെ?" എന്ന്.
ഈശ്വര! ഇക്കണക്കിന് “ചെത്തും”“അടിപൊളിയും” ഊടായിപ്പു“മൊക്കെ ഇവിടെ ”കുറ്റിയടിച്ചു“ കൂടുമല്ലോ. ”ഭയങ്കരം!“
ശ്യോ..ഇനി സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു,
ഭയങ്കരം = ഭയം+കാരണം ആയത് , അപ്പോള്‍ പിന്നെ ഭയങ്കര സന്തോഷം എന്ന് പറഞ്ഞാല്‍ ഭയത്തിനു കാരണം ആയ സന്തോഷം എന്നാണോ???
ഒരുപാട് സന്തോഷിച്ചാല്‍ പിന്നെ ദുഖിക്കേണ്ടി വരും എന്നുള്ള വിശ്വാസത്തില്‍ നിന്നാണ് ഈ പദപ്രയോഗം.... ഭയപ്പെടുത്തുന്ന എന്തോ സംഭവിക്കാന്‍ പോകുന്നതിനു മുന്‍പുള്ള വലിയ സന്തോഷം എന്ന അര്‍ത്ഥത്തില്‍ ആണു ഭയങ്കര സന്തോഷം എന്ന വാക്ക്... ഇത്ര വലിയ സന്തോഷം ദുഖത്തിനു കാരണമാകുമോ എന്ന ഭയത്തോടു കൂടിയുള്ള സന്തോഷം... അതാണു ഭയങ്കര സന്തോഷം...
...."മാറ് എന്നവച്ചാൽ അകന്നത് എന്ന്. അകന്നിരിക്കുന്ന (മുലകൾ ഉള്ള) സ്ഥലമാണ് മാറിടം".....
മൂവാറ്റുപുഴക്കടുത്ത് "മാറിടം" എന്ന സ്ഥലത്തിന് ആ പേര് വന്നത് ഇങ്ങനെയാണാ ആവോ? പക്ഷേ അവിടെയൊന്നും അത് കാണാനില്ല... ഹ... ഹ.... ഹ........
Post a Comment