Saturday, October 5, 2013

ശ്രാവണം വന്നൂ

തിരുവോണം ജന്മനക്ഷത്രമായവർ കൈ പൊക്കാമോ? ഞാനും എന്റെ മോളും കൈ പൊക്കിയിട്ടുണ്ട്. നിരയുടെ മുന്നിൽ കവി പി. കുഞ്ഞിരാമൻ നായരുണ്ട്, കെ. ആർ. ഗൌരിയമ്മയുമുണ്ട്. (ഗൌരിയമ്മയുടെ അതേ തിരുവോണമാണ് മകൾ രചനയുടേത് - മിഥുനത്തിലെ തിരുവോണം). വാമനജയന്തിയും തിരുവോണം തന്നെ. കൃഷ്ണന്റെ രോഹിണി പോലെ. ചിങ്ങത്തിലെ തിരുവോണമാണ് വാമനജയന്തി. തന്നെ വകവരുത്തിയ കുള്ളന്റെ ജന്മദിനത്തിന്റെ ആ ഒരു ദിവസം മാത്രമാണ് മഹാബലിക്ക് പരോൾ കിട്ടിയതെന്ന് ചുരുക്കം.

ധനുവിലെ തിരുവോണത്തിനാണ് (1966) അമ്മ എന്നെ പ്രസവിച്ചത്. വീട്ടിൽത്തന്നെയായിരുന്നു പ്രസവം. അന്നൊക്കെ അങ്ങനെയാണല്ലൊ. കുഞ്ഞുത്തള്ളയായിരുന്നു വയറ്റാട്ടി. എന്റെ കുടുംബത്തിലെ അവസാനത്തെ വീട്ടുപ്രസവമായിരുന്നു അത്. പിന്നെ എല്ലാവരും ആ‍ശുപത്രിയായി.

തിരുവോണത്തിനെ കാണാവുന്ന സീസണാ‍ണിത്. (അല്ലെങ്കിലും മാനം തെളിയുന്ന -ബർ മാസങ്ങളാണ് നിലാവിന്റേയും നക്ഷത്രനിരീക്ഷണത്തിന്റേയും സീസൺ). ഒക്റ്റോബറിൽ ഇരുട്ടിത്തുടങ്ങുമ്പോൾ ഏതാണ്ട് തലയ്ക്കു മുകളിൽ  ഒരു ഇടത്തരം നക്ഷത്രം തിളങ്ങുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ അതിന്റെ അടുത്തു തന്നെ മറ്റൊരു നക്ഷത്രത്തേയും കാണാം. ഇതു രണ്ടും ചേർന്നതാണ് തിരുവോണം. തിരുവോണം മുഴക്കോലു പോലെ എന്നാണ് ചൊല്ല്. മുഴക്കോൽ കണ്ടിട്ടുള്ളവർക്ക് അത് പറയാതെ തന്നെ മനസ്സിലാവും. പഴയ ഒരളവു കോലാണ് മുഴക്കോൽ. ഒരു മുഴമായിരിക്കണം. രൂപത്തിൽ, അളവിലല്ല, അതിന് പണ്ടുണ്ടായിരുന്ന വെള്ളിക്കോലിനോടും സാമ്യമുണ്ടെന്നു തോന്നുന്നു. കാരണം, തിരുവോണത്തെ കുറച്ചു കാലം മുമ്പ് ആകാശത്ത് തിരിച്ചറിഞ്ഞപ്പോൾ ഞാൻ പെട്ടെന്നോർത്തത് എന്റെ കുട്ടിക്കാലത്ത് അച്ഛമ്മയ്ക്കുണ്ടായിരുന്ന വെള്ളിക്കോലാണ്.


തുലാസ് വരുന്നതിനു മുമ്പ് ഭാരമളക്കാൻ ഉപയോഗിച്ചിരുന്ന സാധനമാണ് വെള്ളിക്കോൽ. അച്ഛന്റെ വീട്ടിലുണ്ടായിരുന്ന വെള്ളിക്കോലിലെ ചാലു കീറിയ അടയാ‍ളങ്ങളും മോഡേൺ അളവിനെ വരുതിയിലാക്കാൻ ശ്രമിച്ച ഒരു ചുണ്ണാമ്പുപാടും ഓർമിക്കുന്നു. പഴയ പേപ്പറും പാത്രങ്ങളും മറ്റും എടുക്കാൻ വന്നിരുന്ന കാൽനട കച്ചവടക്കാരും അച്ഛമ്മയും കൂടി തൂക്കത്തിന്റെ കണക്കു പറഞ്ഞ് വഴക്കടിച്ചിരുന്നതും മറക്കുന്നതെങ്ങനെ?

ഒരറ്റത്ത് ഒരിത്തിരി വലിയ ഒരുണ്ട, മറ്റേയറ്റത്ത് കൊളുത്ത് - ഇതായിരുന്നു വെള്ളിക്കോലിന്റെ ആകാരം. തിരുവോണവും അങ്ങനെ തന്നെ - ഒരറ്റത്ത് നല്ല പ്രകാശമുള്ള ഒരു നക്ഷത്രം, മറ്റേയറ്റത്ത് തീക്ഷ്ണത കുറഞ്ഞ മറ്റൊന്ന്. ചിത്രത്തിൽ കാണാം. (അക്വിലയുടെ ഭാഗമാണ് തിരുവോണം. മുകൾമുനയിൽ കാണുന്ന രണ്ടെണ്ണം) ഇംഗ്ലീഷിൽ ആൾടെയർ (Altair) എന്നാണ് തിരുവോണം അറിയപ്പെടുന്നത്. ഏറ്റവും ആദ്യകാലത്തെ ഒരു കമ്പ്യൂട്ടറിന് അവമ്മാര് ഇട്ട പേര് ആൾട്ടെയർ എന്നായിരുന്നു. ഇന്നു പ്രചാരത്തിലുള്ള കമ്പ്യൂട്ടറിന്റെ ആദിപിതാവും ആൾട്ടെയർ ആണ്. മൈക്രോസോഫ്റ്റിന്റെ ആദ്യ ഉൽ‌പ്പന്നത്തിന്റെ പേരും ആൾടെയർ ബേസിക് എന്നായിരുന്നു.

ഏത് നക്ഷത്രത്തിലാണോ ആ മാസത്തെ പൌർണമി (വെളുത്തവാവ്), ആ നക്ഷത്രത്തിന്റെ പേരാണ് ശകവർഷ പ്രകാരം അതാത് മാസങ്ങൾക്ക് നൽകിയിരിക്കുന്നത്. ഉദാഹരണത്തിന് ശകവർഷ പ്രകാരം ഇത് ശ്രാവണമാസമാണ്. അതായത് ഈ മാസം തിരുവോണത്തിന്റെയന്നാണ് പൌർണമി. നമ്മുടെ ഓണത്തിന്റെയന്ന്. ഇക്കൊല്ലം ചിങ്ങത്തിൽ രണ്ട് തിരുവോണമുണ്ട്, രണ്ട് പൌർണമിയും. (ഉത്രാടപ്പൂനിലാവേ വാ എന്നു പാടുന്നത് ചോഹ്ദവീ കാ ചാന്ദിനെ നോക്കിയാണ്). മാഘമാസത്തിലെ പൌർണമി മകത്തിന്റെയന്ന്, വൈശാഖ പൌർണമി, യെസ്, വിശാഖത്തിന്റെയന്ന്.

തിരുവോണം - കേൾക്കാനൊക്കെ രസമുണ്ട്. പക്ഷേ അത്ര നല്ല നക്ഷത്രമല്ലെന്നാണ് ജ്യോതിഷികൾ പറയുന്നത്. മനസമാധാനക്കേട്, നിർഭാഗ്യങ്ങൾ എന്നിവ സ്ഥിരമായി ഉണ്ടാ‍കുമത്രെ. ശരിയാണെന്നാണ് എന്റെയും അനുഭവം. തിരുവോണമുൾപ്പെട്ട മകരക്കൂറുകാർ പൊതുവേ കപടഭക്തന്മാരാണെന്നും പറയപ്പെടുന്നു. മകരമത്സ്യം എന്നാൽ മുതല. പകുതി മുതലയും പകുതി മാത്രം മനുഷ്യനുമാണെന്നു പറയാം. ഇമ്മാതിരി ചില കുമ്പസാരങ്ങൾ പി.യുടെ ആത്മകഥയായ കവിയുടെ കാൽ‌പ്പാടുകൾ എന്ന പുസ്തകത്തിലെ അവസാനഭാഗത്തുള്ള സ്വന്തം ജാതക നിരൂപണത്തിലും കാണാം. കുരങ്ങനാണ് തിരുവോണക്കാരുടെ മൃഗം എന്നു കൂടി പറയുമ്പോൾ ഏതാണ്ട് ഊഹിക്കാമല്ലൊ. മനുഷ്യമനസ്സ് അല്ലെങ്കിൽത്തന്നെ മരഞ്ചാടിയാണെന്നാണല്ലോ വയ്പ്. മർക്കടസ്യ സുരാപാനം മധ്യേ തിരുവോണ ദംശനം.

ഇന്നു രാത്രി തന്നെ ആരെങ്കിലും തിരുവോണത്തിനെ സ്പോട്ട് ചെയ്യുമോ? ഗൾഫിലും ഇന്ത്യയിലും വലിയ വ്യത്യാസമില്ലാത്ത ഇടത്തു തന്നെ കാണാം. We all are in the gutters, but some of us are looking at the stars എന്ന് ഓസ്കർ വൈൽഡ്. നക്ഷത്രനിരീക്ഷണത്തേക്കാൾ ലഹരിയുള്ള ഒരു മദ്യത്തെ ഞാൻ ഇതുവരെ പരിചയപ്പെട്ടിട്ടില്ല. നന്ദി തിരുവോണമേ, നന്ദി. വീണ്ടും നീ വന്നുവല്ലൊ.
Related Posts with Thumbnails