Sunday, May 29, 2011

ബില്‍ ഗേറ്റ്സ് കാജാ ബീഡി വലിക്കട്ടെ


ബീഡി പോയിട്ട് ബില്‍ ഗേറ്റ്സ് സിഗററ്റ്പോലും വലിക്കുമോയെന്നെനിക്കറിയില്ല. ബുദ്ധിമാനല്ലെ, ശ്വാസം മാത്രമേ വലിക്കുകയുള്ളായിരിക്കും. പക്ഷേ നെടുമ്പാശേരി എയര്‍ പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ഡ്യൂട്ടിഫ്രീയില്‍ അടിപൊളി എക്സ്പോര്‍ട്ട് ക്വാളിറ്റി പായ്ക്കില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കാജാ ബീഡി കണ്ടപ്പോള്‍, ക്രോണിക് ബാച്ചിലറും കവിയും മലയാളം മാഷുമായിരുന്ന, കോണകം പോലും ഖദറായിരുന്ന, വെള്ളക്കാജമാത്രം വലിച്ചിരുന്ന, ചെരിപ്പിടാതെ ജീവിച്ച അമ്മാവന്‍ പാലിയത്ത് രാമന്‍ നായരെയല്ല ഞാനോര്‍ത്തത്, അമേരിക്കയിലെങ്ങോ കിടക്കുന്ന, ഇതേവരെ കണ്ടിട്ടില്ലാത്ത, ബില്‍ ഗേറ്റ്സിനെയാണ്. ആഗോളവത്ക്കരണം ഉഷാറാകും മുമ്പു തന്നെ ലോകത്തെ മുഴുവന്‍ സ്വന്തം കയ്യില്‍ നിന്ന് തീറ്റിയ ആള്‍.

പുതിയ പാക്ക്
ബീഡിയുടെ മരണം തങ്ങളെ ബിസിനസ്സിൽ നിന്ന് പുകച്ച് പുറത്തുചാടിക്കുമെന്ന് പേടിച്ച് ദിനേശ് ബീഡിക്കാര്‍ ഫുഡ്ഡിലേയ്ക്കും ഐടിയിലേയ്ക്കും പോയപ്പോള്‍ ബീഡിയെ പുത്തനുടുപ്പിടുവിച്ച് ഭാഗ്യം പരീക്ഷിക്കുന്ന മിടുക്കന്മാരാണ് ചാവക്കാട് ആസ്ഥാനമായുള്ള കാജാ ബീഡിക്കാര്‍. ആഗോളവത്കൃത വിപണിയില്‍ ബീഡിയെ ഫാഷനാക്കാനാണ് അവരുടെ ശ്രമം. 

ആര് ആഗോളവത്കരണത്തെ പേടിച്ചാലും മലയാളി പേടിക്കാന്‍ പാടില്ല. കാരണം, പണിതെണ്ടി അനാദി കാലം മുതലേ ലോകം ചുറ്റുന്ന വര്‍ഗമാണ് മലയാളി. ചൈനയെ നോക്കൂ - മാനുഫാക്ചറിംഗ് മാത്രമല്ല ഫെങ്ഷുയി, ഫുട് മസാജ്, ജ്യോതിഷം... അങ്ങനെ സമസ്ത മേഖലകളിലും കടന്നുകയറുകയാണവര്‍. വാസ്തു, യോഗ, ആയുര്‍വേദം, ജ്യോതിഷം എന്നീ ഉപ്പിലിട്ടതുകളോളം വരുമോ സഖാക്കളുടെ വെറും ഉപ്പുകള്‍? ചാവക്കാട്ടെ ഇന്റര്‍നെറ്റ് കഫേകളില്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബില്‍ ഗേറ്റ്സിനെക്കൊണ്ട് കാജാ ബീഡി വലിപ്പിക്കണം. അതാണ് വെല്ലുവിളി, അല്ലാതെ അമേരിക്കയിലെ സണ്‍ കോപ്പറേഷനിലെ 68%-വും ഗൂഗ്ലിലെ 113%-വും നാസയിലെ 89%-വും ജോലിക്കാ‍ര്‍ ഇന്ത്യക്കാരാണെന്ന് പവര്‍‍പോയന്റുണ്ടാക്കുന്നതിലല്ല.

Saturday, May 7, 2011

നാല് പഴത്തൊലികള്‍


അക്കരെ നിന്ന്

പ്രണയം വിളിച്ചെന്നു കരുതി
പുഴയിലേയ്ക്കെടുത്തു ചാടിയ
ആണ്‍പാതികളത്രയും
നീന്തിച്ചെന്നത്
ഒരു നിമിഷം
അണക്കെട്ടിന്റെ
റബ്ബര്‍ച്ചുവരിൽ തല തല്ലി
ചത്തുപൊന്താന്‍.
 
പുഴുങ്ങാനിട്ട മുട്ടകള്‍
ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍
ഒരു നിമിഷം കൊതിച്ചു പോയ്
അമ്മയുടെ
അടിവയറിന്റെ
സ്നേഹമാണെന്ന്.
 
കടുകുവറുത്തതിലേയ്ക്ക് വീഴുമ്മുമ്പ്
മുളപ്പിച്ച ചെറുപയര്‍
വള്ളിക്കൈകള്‍ നീട്ടി
പടര്‍ന്നു കയറുന്നത്
ഒരു നിമിഷം
സ്വപ്നം കണ്ടു.
 
കയ്യിലെ അഴുക്കൊന്നും പുരളാതെ
സൗകര്യമായി തിന്നാനല്ലേ
വാഴപ്പഴത്തിന് ദൈവം
മൂന്നു സിപ്പുകളുള്ള തൊലി കൊടുത്തതെന്ന്
വിചാരിച്ച് നടക്കുമ്പോള്‍
ഒരു നിമിഷം
മറ്റാരോ എറിഞ്ഞിട്ട
പഴത്തൊലിയില്‍ ചവിട്ടി
ഞാന്‍…
Related Posts with Thumbnails