Wednesday, December 26, 2007

കാര്യങ്ങള്‍ കാണപ്പെടുന്നതുപോലെയല്ല


ബ്രസീലിലിയന്‍ എഴുത്തുകാരന്‍ പൌലോ കൊയ് ലോ എല്ലാ വര്‍ഷവും ഒരു കൃസ്മസ് കഥയെഴുതും. നമ്മുടെ ഓണപ്പതിവ് കഥകള്‍ പോലെ. ഇതില്‍ പരിഹാസമൊന്നുമില്ല. രണ്ട് വ്യത്യസ്ത ഓണക്കാലങ്ങളില്‍ സ്റ്റോക്കെല്ലാം തീര്‍ന്ന രണ്ടു മലയാളി എഴുത്തുകാരെ രണ്ട് മലയാളി പത്രാധിപന്മാര്‍ ഭീഷണിപ്പെടുത്തിയോ മുറിയിലടച്ചിട്ടോ എഴുതിപ്പിച്ച കഥകളാണ് മതിലുകള്‍ (ബഷീര്‍), മരപ്പാവകള്‍ (കാരൂര്‍) എന്നിവ. രണ്ടും ഒന്നാംകിട. മരപ്പാവകള്‍ എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥ. പോരാ - ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ചെറുകഥകളിലൊന്ന്.

ഇക്കുറി പൌലോ കൊയ് ലോയുടെ കഥ വന്നോയെന്നറിഞ്ഞില്ല. പൌലോ കൊയ് ലോ എന്റെ പ്രിയ എഴുത്തുകാരനുമല്ല. ബ്രസീല്‍ എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ പൌലോ കൊയ് ലോയേയും പെലെയേയുമല്ല ജോര്‍ജ് അമാദോവിനെയാണോര്‍ക്കുക. [മനുഷ്യമ്മാര് രണ്ടു തരം - ജോര്‍ജ് അമാദോയെ വായിച്ചവരും വായിക്കാത്തവരും]. നമ്മുടെ ദ്വയാര്‍ത്ഥവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ജോര്‍ജ് അമാദോയും സ്ത്രീവിരുദ്ധനാണ് - നിര്‍ഭാഗ്യവശാല്‍ മിക്കവാറും എല്ലാ നല്ല എഴുത്തുകാരെയും പോലെ. അങ്ങേരുടെ ഒരു വാചകം: one cannot fuck all the women in the world, but one can try!

അഞ്ചാറ് വര്‍ഷം മുമ്പത്തെ കൃസ്മസ്സിന് പൌലോ കൊയ് ലോ പ്രസിദ്ധപ്പെടുത്തിയ things are not what they seem എന്ന മനോഹരമായ കൃസ്മസ് കഥയുടെ സംഗ്രഹം ഇതാ:

കൊയ് ലോയുടെ നാടായ ബ്രസീലില്‍ കൃസ്മസ് കാലം കൊടുംചൂടുള്ള സമയമാണ്. അങ്ങനെ ഒരു കൃസ്മസ് കാലത്ത് രണ്ട് മാലാഖമാര്‍ ഒരു ബ്രസിലീയന്‍ പട്ടണത്തില്‍ കൃസ്മസ് ഒരുക്കങ്ങള്‍ കാണാനും ആളുകളുടെ ക്ഷേമമറിയാനുമായി വന്നുചേര്‍ന്നു - ഒരു വയസ്സന്‍ മാലാഖയും ഒരു ചെറുപ്പം മാലാഖയും. മാലാഖമാരാണെന്നറിയാതിരിക്കാന്‍ വേഷം മാറിയാണ് ഇവര്‍ വന്നത്. ആദ്യം ചെന്നത് ഒരു പണക്കാരന്റെ വീട്ടില്‍. വീടെന്നു പറഞ്ഞാല്‍പ്പോരാ, ഒരു കൊട്ടാരം. പണക്കാരന്‍ കടുത്ത ദൈവവിശ്വാസിയായതുകൊണ്ട് അയാള്‍ക്ക് മാലാഖമാരുടെ തലകള്‍ക്കു മുകളിലെ അദൃശ്യവലയം കാണാന്‍ പറ്റി. പക്ഷേ അങ്ങനെ അവരെ തിരിച്ചറിഞ്ഞിട്ടും അന്നു രാത്രി ആ വീടിന്റെ ബേസ്മെന്റിലേ അവരെ കിടത്താന്‍ പറ്റിയുള്ളു, കാ‍രണം അന്നവിടെ ഒരു വലിയ കൃസ്മസ് വിരുന്നു നടക്കുകയായിരുന്നു. അന്നാട്ടിലെ എല്ലാ വലിയ ആളുകളും പങ്കെടുക്കുന്ന ഒരു വലിയ വിരുന്ന്. എല്ലാ മുറികളും എന്‍ ഗേജ്ഡ്. ബേസ്മെന്റില്‍ വെന്റിലേഷന്‍ കുറവായതിനാല്‍ നല്ല ചൂടായിരുന്നു, എന്തോ ഭക്ഷണം കിട്ടിയതും കഴിച്ച് രണ്ട് മാലാഖമാരും ഉറങ്ങാതെ കിടന്നു. ആളുകളുടെ ആധിക്യം കൊണ്ടായിരിക്കണം, പെട്ടെന്ന് ബേസ്മെന്റിന്റെ മേല്‍ഭാഗം തകര്‍ന്ന് താഴേയ്ക്കിരുന്നു. വയസ്സന്‍ മാലാഖ എന്തു ചെയ്തു - അങ്ങേര് തന്റെ ദൈവിക ശക്തി ഉപയോഗിച്ച് തല്‍ക്ഷണം തന്നെ ആ വീട് പൂര്‍വരൂപത്തിലാക്കി. വന്നു കൂടിയവരും ഗൃഹനാഥനുമൊന്നും അറിയുന്നതിനു മുമ്പു തന്നെ എല്ലാം പഴയപടി! പിറ്റേന്ന് രാവിലെ പണക്കാരനോട് യാത്ര പറഞ്ഞ് അവര്‍ അവിടം വിട്ടു

അന്നു വൈകീട്ട് അവര്‍ ഒരു പാവപ്പെട്ട കുടുംബം താമസിക്കുന്ന കുടിലില്‍ ചെന്നു കയറി. അവര് ഈശ്വരവിശ്വാസികളല്ലായിരുന്നതുകൊണ്ട് പ്രഭാവലയമൊന്നും കണ്ടില്ല. ഏതായാലും വന്നു കയറിയ അതിഥികള്‍ക്ക് അവര്‍ കാറ്റു വരുന്ന മുറി തന്നെ കൊടുത്തു. പശുവിനെ കറന്ന് പാലെടുത്ത് തിളപ്പിച്ചു കൊടുത്തു. അവിടെയുണ്ടായിരുന്ന ഏറ്റവും നല്ല ഭക്ഷണം കൊടുത്തു. വീട്ടിലെ കുഞ്ഞിനെ നിലത്ത് പായയില്‍ ഇറക്കിക്കിടത്തി അതിഥികള്‍ക്ക് ഏറ്റവും നല്ല കിടയ്ക്ക തന്നെ കിടക്കാനും കൊടുത്തു. അന്നു രാത്രി അതിഥികള്‍ സുഖമായുറങ്ങി. പക്ഷേ പിറ്റേന്ന് രാവിലെ വീട്ടുകാരുടെ കരച്ചില്‍ കേട്ടാണ് ഈ മാലാഖമാര്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ ആ വീട്ടുകാരുടെ ഏകവരുമാനമാര്‍ഗമായിരുന്ന പശു രാവിലെ തൊഴുത്തില്‍ മരിച്ചു കിടക്കുകയാണ്. മാലാഖമാര്‍ക്ക് സങ്കടമായി. ഏതായാലും അവര്‍ക്ക് അടുത്ത സ്ഥലം തേടി പോകണമല്ലൊ, അവര്‍ യാത്ര പറഞ്ഞിറങ്ങി. വഴിയിലെത്തിയ പാടെ ചെറുപ്പക്കാരന്‍ മാലാഖ വയസ്സന്‍ മാലാഖയോട് തട്ടിക്കയറി: നമ്മളെ തിരിച്ചറിഞ്ഞിട്ടും നന്നായി പരിചരിക്കാതിരുന്ന ധനികന്റെ കൊട്ടാരം ഇടിഞ്ഞുവീണപ്പോള്‍ നിങ്ങളത് ഉടന്‍ തന്നെ ആരോരുമറിയാതെ ഒരു സെക്കന്റ് കൊണ്ട് ശരിയാക്കി. എന്നാല്‍ തിരിച്ചറിയാതിരുന്നിട്ടും മാലാഖമാരെയെന്നപോലെ നമ്മളെ പരിചരിച്ച ഒരു ദരിദ്രകുടുംബത്തിന്റെ ഏകവരുമാനമാര്‍ഗമായ പശു ചത്തുപോയിട്ട് ചെറുവിരലനക്കാതെ നിങ്ങള്‍ യാത്രയും ചോദിച്ച് പോന്നു. എവിടെപ്പോയി നിങ്ങടെ മന്ത്രശക്തി? നിങ്ങടെ കൂടെ ഒരു ചുവട് ഞാനിനി മുന്നോട്ടില്ല.

ഇതുകേട്ട് വയസ്സന്മാലാഖ ഇങ്ങനെ പറഞ്ഞു: ധനികന്റെ വീടിന്റെ അടിത്തറ സോളിഡ് സ്വര്‍ണം കൊണ്ടാണുണ്ടിക്കിയിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ആ പഴയ കൊട്ടാരം അടുത്ത കാലത്ത് വിലയ്ക്കു വാങ്ങിയ ധനികന് അക്കാര്യമറിയില്ല. മര്യാദയില്ലാത്ത അയാള്‍ക്ക് അത്രയും സ്വര്‍ണം കൊടുക്കണ്ട എന്നു കരുതിയാണ് ആരുമറിയും മുമ്പെ ഞാനത് പൂര്‍വസ്ഥിതിയിലാക്കിയത്.

ഇനി ദരിദ്രന്റെ വീട്ടിലെ കാര്യം. ഇന്നലെ രാത്രി മരണത്തിന്റെ മാലാഖ വന്നപ്പോള്‍ ഞാന്‍ വിവരമറിഞ്ഞിരുന്നു. നമ്മള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ട് അയാളെന്നെ വിളിച്ചുണര്‍ത്തി. ‘എന്താ ഇവിടെ’ എന്നു ചോദിച്ചു. ഭൂമിയിലെ കൃസ്മസ് ആഘോഷങ്ങള്‍ കാണാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. ‘നിങ്ങളെന്താ ഇവിടെ’ എന്ന് ഭയത്തൊടെ ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. അവരുടെ കുഞ്ഞിന്റെ ജീവനെടുക്കാനായിരുന്നു അയാള്‍ വന്നത്. അവരെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ ആ കുഞ്ഞിന്റെ ജീവനെടുക്കുന്നതിനു പകരം അയാളാ പശുവിന്റെ ജീവനും കൊണ്ടുപോയി. മരണമലാഖ ഒരിടത്തുവന്നാല്‍ ഒരു ജീവനെങ്കിലും കൊണ്ടെ പോകൂ എന്ന് നിനക്കറിയാമല്ലൊ! മകനേ, കാര്യങ്ങളെല്ലാം കാണപ്പെടുന്നതുപോലെയല്ല.

Monday, December 24, 2007

ബോഡി, മുന്‍ലാദന്‍, ബിഷ്...


നമ്മള്‍ ചിലരിവിടെ ദ്വയാര്‍ത്ഥപ്രയോഗങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഗുജറാത്തിലെ ഹിന്ദു ഫണ്ടകള്‍ നരഭോജി മോഡിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തു. മൂന്നാല് കൊല്ലം മുമ്പ് അമേരിക്കയിലെ കൃസ്ത്യാനികള്‍ ബോണ്‍ എഗെയ്ന്‍ കൃസ്ത്യാനിയായ ബുഷിനെ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഒരുപാട് മുസ്ലീം ജനഹൃദയങ്ങളില്‍ ബിന്‍ ലാദന്‍ ഹീറോ. ഇവരെയൊന്നും തുലനം ചെയ്യുകയല്ല, ജനാധിപത്യം എപ്പോഴും നീതിയാവണമെന്നില്ല എന്ന് പറയാന്‍ മാത്രം.

അവന്‍ വീണ്ടും വരുമോ? ഇത്തവണ ഒരു ചമ്മട്ടിയുമായ്?

Sunday, December 23, 2007

ഒരു പശ്ചാത്താപം


അവസാ‍നതുള്ളിയും വേണം
സ്നേഹമെന്ന് ശഠിക്കുമോ?
എണ്ണക്കിണ്ണം കമഴ്ത്താനോ
വിളക്കിന്‍ ചെറുഗോപുരം?

നിഘണ്ടുക്കള്‍ തുറക്കുമ്പോള്‍
‘യൂട്രസ്സി’ന്റെയടുത്തതാ
ചിരിച്ച് കണ്ണിറുക്കുന്നൂ
‘യൂട്ടിലിറ്റി’യതോര്‍ക്കുമോ?

Friday, December 21, 2007

പ്രായശ്ചിത്തം


നമ്മള്‍ തിന്ന
മീനുകളുടെ കൊച്ചുമക്കള്‍
നമ്മുടെ ചിതാഭസ്മം നോക്കി ചിരിക്കും.

നമ്മള്‍ തിന്ന
എരുമകളുടെ കൊച്ചുമക്കള്‍
പള്ളിപ്പറമ്പിലെ പുല്ലു തിന്നും.

Monday, December 17, 2007

നളിനി ജമീലയുടെ മൊബൈല്‍ നമ്പര്‍


ദിനപത്രങ്ങളില്‍ ചരമവാര്‍ത്തകള്‍ക്കായി ദിവസേന ഒരു പേജ് മാറ്റിവെയ്ക്കുന്ന ലോകത്തിലെ ഏകഭാഷ മലയാളമാണോ? എന്താണിതിന്റെ പിന്നിലെ സൈക്കോളജി [അതോ സോഷ്യോളജിയോ]? ചരമപ്പേജില്ലാതെ ഒരു പത്രമിറക്കാന്‍ ഏതെങ്കിലും പത്രമുതലാളിയ്ക്കോ പത്രാധിപര്‍ക്കോ ചങ്കൂറ്റമുണ്ടാവുമോ? എന്നായിരിക്കും അങ്ങനെയൊരു മലയാള ദിനപത്രം പുറത്തുവരിക?

അമേരിക്കയിലും മറ്റും പ്രചാരത്തിലുള്ളതുപോലെ നെയ്ബര്‍ഹുഡ് [ചുറ്റുവട്ട] പത്രങ്ങള്‍ വന്നാല്‍ അവര്‍ക്കീ വാര്‍ത്തകള്‍ ഏറ്റെടുക്കാനാവുമോ? അത്തരം ജനകീയാസൂത്രിത പത്രങ്ങള്‍ എന്നു കേട്ടാല്‍ പത്രമുത്തശ്ശിമാരുടെ ബീപ്പി കൂടുമോ? അപ്പോഴും ചങ്കരന്‍ കയറിയ തെങ്ങുംവഞ്ചി തിരുനക്കരെ തന്നെയായിരിക്കുമോ? ചരമവാര്‍ത്ത പത്രരൂപത്തില്‍ത്തന്നെ വരണോ? ഇന്നലെ ചെയ്തോരബദ്ധം മൂഡര്‍ക്ക് ഇന്നത്തെയാചാരമായതാണോ? ലോക്കലായി വന്നാല്‍പ്പോരാ, ആലപ്പുഴേലെ ബന്ധുക്കളും കോഴിക്കോട്ടെ കൂട്ടുകാരും അറിയാന്‍ അതുപോരായെന്ന് പറയുമോ? ഇതൊരു മനോരോഗമാണോ?

ചരമവാര്‍ത്ത നാട്ടുകാരെ അറിയിക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ലേ? ടെക്നോളജി പുരോഗമിച്ചിട്ടും ഇതിനൊരു പ്രതിവിധിയില്ലേ? ഒരു സാധാ മലയാളിയുടെ ചരമവാര്‍ത്ത പരമാവധി എത്ര പേരെ ബാധിക്കും? എത്ര സ്ഥലങ്ങളില്‍ ബാധിക്കും? ഒരു ഗ്ലാസ് ചായ തിളപ്പിക്കാന്‍ ഒരു മന്ന് വിറക് കത്തിയ്ക്കണോ? ടെലിവിഷന്‍ ചാനലുകളേയും ഇനി ചരമവാര്‍ത്തകള്‍ കീഴടക്കുമോ? ഇന്നത്തെ ആചാരം നാളത്തെ ശാസ്ത്രമാകുമോ? വാര്‍ത്തകള്‍ പോലും സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന ടെലിവിഷനില്‍ ചരമവാര്‍ത്തകള്‍ ആര് സ്പോണ്‍സര്‍ ചെയ്യും? ശവപ്പെട്ടി കച്ചവടക്കാര്‍? വിഷാദഗാനകാസറ്റുകാര്‍? മധ്യതിരുവിതാംകൂറിലെ മോര്‍ച്ചറി ബിസിനസ്സുകാര്‍? അല്ലെങ്കില്‍ പ്ലാച്ചിമടയെപ്പറ്റി പറയുന്ന വാര്‍ത്ത കൊക്കക്കോളയോ പെപ്സിയോ സ്പോണ്‍സര്‍ ചെയ്യുന്ന പോലെ മരണവാര്‍ത്തകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ മരുന്നു കമ്പനികളും ഹെല്‍ത്ത് ഡ്രിങ്കുകളും തയ്യാ‍റാവുമോ?

നമ്മുടെ പത്രങ്ങളെ ചാക്കാലപ്പത്രങ്ങള്‍ എന്നും വിളിക്കാമോ? അതോ ഇത് സാമൂഹ്യവത്കരണത്തിന്റെ ഉദാത്തമാതൃകയാണോ? ഹോള്‍സെയില്‍-കം-റീട്ടെയ്ല്‍ ജനകീയാസൂത്രണം? റിയല്‍ യുട്ടോപിയയിലേയ്ക്കുള്ള പാതയിലെ ഒരു ഇഷ്ടിക? ‘ചരമവാര്‍ത്തകളുടെ രാഷ്ട്രീയം’ എന്ന പേരില്‍ ഒരു ലേഖനമെഴുതാന്‍ ലെഫ്റ്റിസ്റ്റായി ഭാവിക്കുന്ന ഏതെങ്കിലും പെറ്റിബൂര്‍ഷ്വാ ബുദ്ധിജീവിക്ക് സ്കോപ്പുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ആഗോളവത്കരണത്തിന്റെ സ്വാധീനത്തെ വെളിപ്പെടുത്തുന്നുവോ? ബഹുസ്വരങ്ങളെ ഒറ്റശബ്ദം കൊണ്ട് തമസ്കരിക്കല്‍?

ഇന്റര്‍നാഷനള്‍ കോള്‍ വിളിച്ചാല്‍ ഇംഗ്ലീഷില്‍ കൊച്ചും വലുതുമായ വര്‍ത്തമാനങ്ങള്‍ പറഞ്ഞു തന്ന് സുഖിപ്പിച്ച് ടെലികോം കമ്പനികളുമായി കൂട്ടുചേര്‍ന്ന് കോടികളുണ്ടാക്കിയിരുന്ന ഫാര്‍ ഈസ്റ്റിലെ ചില കമ്പനികളെ ഓര്‍ക്കുന്നോ? അത്തരം സേവനത്തിന്റെ മലയാളം വെര്‍ഷന്‍ ആരംഭിച്ച് ആ നമ്പറുകള്‍ക്കായി ഒരു പേജ് നീക്കിവെയ്ക്കണോ? ആ പേജ് ചരമപ്പേജുകളേക്കാള്‍ പോപ്പുലറാവുമോ? അതികാലത്തു എഴുന്നേറ്റു പത്രക്കാരന്‍ വന്നാറെ മലയാളിയുടെ ഞരമ്പുകള്‍ തളിര്‍ത്തു പൂ വിടരുകയും നിശ്വാസങ്ങള്‍ പൂക്കയും ചെയ്തുവോ എന്ന് നോക്കാന്‍ പറ്റുമോ?

ദിനപത്രങ്ങളില്‍ ചരമവാര്‍ത്തകള്‍ക്കായി ദിവസേന ഒരു പേജ് മാറ്റിവെയ്ക്കുന്ന ലോകത്തിലെ ഏകഭാഷ മലയാളമാണോ? എന്താണിതിന്റെ പിന്നിലെ സൈക്കോളജി [അതോ സോഷ്യോളജിയോ]? ചരമപ്പേജില്ലാതെ ഒരു പത്രമിറക്കാന്‍...

Sunday, December 16, 2007

ഒര്‍ക്കുട്ടിന്റെ ഓര്‍മയ്ക്ക്


എന്നെയോര്‍ക്കുമോ
എന്നെയും കൂട്ടുമോ
എന്നെയൊര്‍ക്കുട്ടുമോ?

Wednesday, December 12, 2007

“കഴുവേറീടെ മോനെ”


ക്രൂരമായ ഒരുപാട് പീഡനങ്ങളേയും ശിക്ഷകളേയും പറ്റി കേട്ടിട്ടുണ്ട്. യൂറോപ്പിലെ ജര്‍മനിയില്‍ ആറ്റംബോബിടുന്നതിനു പകരം എന്താ ഏഷ്യയില്‍ കൊണ്ടിട്ടത് എന്ന ന്യായമായ എന്റെ കൌമാരചോദ്യത്തിന് ഒരു അമേരിക്കന്‍-പ്രേമി പറഞ്ഞ ന്യായീകരണം ഇതായിരുന്നു: ജപ്പാന്‍ ചൈനയില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ക്ക് രണ്ട് ബോംബ് തന്നെ കുറവായിരുന്നു പോലും. ചൈനക്കാരുടെ വയറ്റില്‍ കുഴലുപയോഗിച്ച് വെള്ളം കയറ്റിയ ശേഷം വീര്‍ത്തവയറ് ചവിട്ടിപ്പൊട്ടിച്ച് കൊല്ലുകയായിരുന്നത്രെ അന്നത്തെ ഒരു രീതി.


വളരെ പണ്ട് ചൈനക്കുള്ളില്‍ത്തന്നെ നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന മറ്റൊരു പീഡനമുറ ഇതാണ്: പീഢനത്തിന് വിധേയമാക്കേണ്ടയാളെ ഒരു ബെഞ്ചില്‍ മലര്‍ത്തി കിടത്തി കെട്ടിയിട്ട ശേഷം ഒരെലിയെ അയാളുടെ വയറിന്റെ മേല്‍ വെച്ച് ഒരു കിണ്ണം കൊണ്ട് മൂടും. ഈ കിണ്ണം ചൂടാക്കും. ഗതി കെടുമ്പോള്‍ എലി അയാളുടെ വയറു തുരന്ന് അകത്തുകയറി അകം മുഴുവന്‍ പ്രാണവെപ്രാളത്തോടെ കരണ്ട് അയാളെ...


ഇന്ത്യയിലെ പഴയ നാട്ടുരാജ്യങ്ങളിലും ഇത്തരം ക്രൂരമായ ചില മുറകള്‍ നടപ്പുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. അന്നത്തെ ഒരു ക്യാപ്പിറ്റല്‍ പണിഷ്മെന്റായിരുന്നു കഴുവേറ്റല്‍. അത് കയറുകൊണ്ട് കുരുക്കുണ്ടാക്കിയുള്ള തൂക്കിക്കൊല തന്നെയാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളതും ഇപ്പോള്‍ ഭാഗ്യവശാ‍ല്‍ വംശനാശം സംഭവിച്ചതുമായ അക്കാലത്തെ ഏറ്റവും ഡിറൊഗേറ്ററിയായ വിളികളായിരുന്നു 'കഴുവേറീ' 'കഴുവേറീടെ മോനെ' തുടങ്ങിയവ.


കഴുമരം കവിതകളിലും സുലഭം. “കഴുമരത്തിന്‍ കനി തിന്ന കന്യകയിത്, കടലിന്നടിയിലെ വെങ്കലക്കാളയിത്, ഇത് നിദ്രയില്‍ നീന്തും നീരാളിയല്ലൊ...” [ഗസല്‍/ബാലചന്ദ്രന്‍ ചുള്ളിക്കാട്].


ഈയിടെ വായിച്ചു തിര്‍ത്ത കൊച്ചി രാജ്യ ചരിത്രം എന്ന ക്ലാസിക് പുസ്തകത്തില്‍ കഴുവേറ്റലിനെപ്പറ്റി കെ. പി. പത്മനാഭമേനോന്‍ എഴുതുന്നു: "കഴുവേറ്റുക എന്നത് അതിക്രൂരമായ ഒരു ശിക്ഷയായിരുന്നു. കൂര്‍ത്ത മുനയുള്ള ഒരു ഇരിമ്പുശ്ലാഖ കുറ്റക്കാരന്റെ പുറത്തു പൃഷ്ഠത്തിന് അല്‍പ്പം മേല്‍ക്കായി തൊലിയുടെ ഉള്ളില്‍ക്കൂടി ഞരമ്പുനാഡികളൊന്നും കേടുവരാതെ മുകളിലേയ്ക്കു കയറ്റി തോളോളം കൊണ്ടുവന്ന് കഴുത്തിന്റെ പിന്നില്‍ക്കൂടി പുറത്തേയ്ക്കാക്കും. എന്നിട്ട് ഈ ശ്ലാഖയുടെ താഴത്തെ അറ്റം, നിലത്തു കുത്തനെ നിറുത്തിയിട്ടുള്ള ഒരു മരത്തൂണിന്മേല്‍ ചേര്‍ത്ത് ഉറപ്പിയ്ക്കും. തറയില്‍നിന്നു പത്തിഞ്ചുപൊക്കത്തില്‍ ഒരു പീഠം വച്ചിട്ടു കുറ്റക്കാരനെ അതിന്മേല്‍ നിര്‍ത്തും. അപ്പോള്‍ അയാളുടെ നിലയ്ക്ക് ഈ പീഠവും തൂണോടു കൂട്ടി ഉറപ്പിച്ചിരിക്കുന്ന ഇരിമ്പുശ്ലാഖയും മാത്രം ആശ്രയമായിത്തീരുന്നു. ഈ നിലയില്‍ കാറ്റ്, മഴ, വെയില്, മഞ്ഞ് ഇതുകള്‍ക്ക് തടവുകൂടാതെ നിര്‍ത്തും. വെള്ളം കിട്ടാതെ സഹിക്കവയ്യാത്ത ദാഹം കൊണ്ടു വരണ്ടും തണലില്ലാത്ത ദുസ്സഹമായ വെയിലിന്റെ ചൂടുകൊണ്ട് തളര്‍ന്നും ആട്ടിക്കളയുവാന്‍ നിവൃത്തിയില്ലാതെ പ്രാണികള്‍ അരിച്ചുകയറി ദേഹം ആസകലം നക്കിയും കരണ്ടും അരിഷ്ടിച്ച് ഒടുവില്‍ അവന്റെ ജീവന്‍ നശിക്കുന്നു. ചിലപ്പോള്‍ മൂന്നു ദിവസം കൊണ്ടേ മരണം സിദ്ധിക്കുന്നുള്ളു. ഇതിന്നിടയില്‍ ഒരു മഴ പെയ്തിരുന്നെങ്കില്‍ അത് ഈശ്വരാധീനമെന്നു വിചാരിക്കുന്നു. മുറിവുകള്‍ നനഞ്ഞാല്‍ പഴുപ്പുണ്ടായി അടുത്ത് മരണപ്രാപ്തിക്കു സംഗതിയാവുമല്ലൊ എന്നു വിചാരിച്ചാണ്. ഇരിമ്പുവടി കൊണ്ട് മുട്ടു തല്ലി ഒടിക്കുന്ന സമ്പ്രദായവും ശിക്ഷകളില്‍ ഒന്നായിരുന്നു."


ചരിത്രം വായിക്കുമ്പോള്‍ ഒരു ജനതയുടെ സംസ്ക്കാരസമ്പന്നത അറിയുന്നത് സുകുമാരകലകളിലും വാസ്തുശില്‍പ്പകലയിലുമെല്ലാമുള്ള അവരുടെ സംഭാവനകള്‍ മാത്രം കണക്കിലെടുത്തല്ല, കുറ്റവാളികളെ അവര്‍ എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നു കൂടി അറിഞ്ഞിട്ടാണ്. സംസ്ക്കാരസമ്പന്നതയുടെ നടുവിലും മനുഷ്യന്‍ കുറ്റം ചെയ്യുന്നു. നിയമങ്ങളും ഭരണകൂടവും മാറുമ്പോള്‍ കുറ്റം ചിലപ്പോള്‍ കടമയും കടമ കുറ്റവുമാകുന്നു.

Monday, December 10, 2007

ഗൂഗ്ള്‍ പയ്യന്റെ കല്യാണം


9 ബില്യണ്‍ പൌണ്ട് സമ്പത്തോടെ അമേരിക്കയിലെ അഞ്ചാമത്തെ റിച്ചസ്റ്റ് ആളാണ്, എനിക്കിതെഴുതാനും വെബ്ലിഷ് ചെയ്യാനുമടക്കം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യര്‍ക്ക് മെയിലാനും സെര്‍ച്ചാനും ബ്ലോഗാനും അപ്-ലോഡാനും പരസ്യം ചെയ്യാനുമെല്ലാം ഉപകാരപ്പെടുന്ന ഗൂഗ്ള്‍ തറവാടിന്റെ രണ്ട് സ്ഥാപകരില്‍ ഒരാളാണ്, 34 വയസ്സായി - അങ്ങനെയെല്ലാമായ ലാറി പേജിനെ പയ്യന്‍ എന്ന് വിളിക്കുന്നത് മോശമാണെന്ന് അറിയാഞ്ഞിട്ടല്ല. 'ഗൂഗ്ള്‍ രാജകുമാരന്‍' എന്ന് വിളിക്കാവുന്നതാണ്. പക്ഷേ വീട്ടിലെ കാര്‍ഷെഡ്ഡില്‍ പ്രൈവറ്റ് ജറ്റുമായി ജനിച്ചു വീഴുന്ന സെക്കന്റ് ജനറേഷന്‍ ബിസിനസ്സുകാരെപ്പറ്റിയേ അങ്ങനെ പറയാനാവൂ. ഇവിടെ എന്നെ സംബന്ധിച്ചിടത്തോളം പയ്യനാണ് രാജകുമാരനേക്കാള്‍ വലുത്!

നമ്മള്‍ ഇന്ത്യക്കാര്‍ക്കാണെങ്കില്‍ മുതലാളിപ്പയ്യന്മാരുടെ കല്യാണം കണ്ടേ പരിചയമുള്ളു - പയ്യന്‍-മുതലാളിമാരുടെ കല്യാണം പരിചയമില്ല. ഇന്ത്യയില്‍ ഒരാള്‍ മുതലാളിയാവുമ്പോഴേയ്ക്കും പണ്ടത്തെ കണക്കിന് മക്കളുടെ വരെ കല്യാണം കഴിഞ്ഞിട്ടുണ്ടാവും. കാര്യങ്ങള്‍ മാറി വരുന്നുണ്ട്. പക്ഷേ പേജിന്റെ ശേലുക്കുള്ള ഒരു പയ്യന്‍ മുതലാളിയുടെ കല്യാണമൊന്നും ആരും കണ്ടിട്ടില്ല. 34 ആണെങ്കില്‍ ഇന്ത്യയില്‍ ആണുങ്ങള്‍ക്ക് കെട്ടാന്‍ ഇച്ചരെ കടന്ന പ്രായവുമാണ്. ഗൂഗ്ള്‍ പോലൊരു കമ്പനി ഉണ്ടാക്കാനായിരുന്നെങ്കി ഇനിയിപ്പൊ കൊറച്ച് കൂടി വൈകിയാലും തരക്കേടില്ലെന്നെങ്കിലും സമ്മതിക്കുമല്ലോ!

മിനിങ്ങാന്ന്, ഡിസംബര്‍ 8-ന്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലണ്ടുകളുടെ കൂട്ടത്തിലെ നെക്കെര്‍ എന്ന ദ്വീപില്‍ വെച്ചായിരുന്നു വിവാഹം.

പേജിന്റെ കല്യാണം നടന്ന 74 ഏക്കറുള്ള ഈ ഐലണ്ടിന്റെ മൊത്തം ഉടമ വിര്‍ജിന്‍ അറ്റ്ലാന്റിക്-വിര്‍ജിന്‍ മെഗാസ്റ്റോര്‍ ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. അങ്ങേരായിരുന്നത്രെ കല്യാണച്ചടങ്ങിലെ 'ബെസ്റ്റ് മാന്‍'! [ബെസ്റ്റ്മാന്‍? അതെന്ത്ര്? ഏതെങ്കിലും നസ്രാണികള്‍ പറഞ്ഞ് തരീ]. ഓക്സ്ഫോഡില്‍ നിന്ന് മാസ്റ്റേഴ്സ് എടുത്തിട്ടുള്ള 27-കാരിയാണ് വധു ലൂസിന്‍ഡ സൌത്വര്‍ത്ത്. ഇവരിപ്പോള്‍ സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ ഇന്‍ഫോമാറ്റിക്സില്‍ പി.എച്ച്ഡി വിദ്യാര്‍ത്ഥിനി. (വരന്‍ ഇതേ കോളേജിലെ പി.എച്ച്ഡി ഡ്രോപ്പൌട്ടാണെന്നോര്‍ത്തോണം.) മോസ്കോയില്‍ ജനിച്ച സെര്‍ജി ബ്രിന്‍ എന്ന സ്റ്റാന്‍ഫോഡ് ക്ലാസ്മേറ്റിനോടൊപ്പം 1998-ലാണ് പേജ് ഗൂഗ് ള്‍ തുടങ്ങുന്നത്. ബ്രിന്‍ കഴിഞ്ഞ മെയില്‍ ബഹാമാസില്‍ വെച്ച് വിവാഹം കഴിച്ചു.

കഴിഞ്ഞ നാലു വര്‍ഷമായി ബ്രാന്‍സണും പേജും സുഹൃത്തുക്കളാണത്രെ. സ്റ്റീവ് ഫോസ്സെറ്റ് എന്ന ബ്രാന്‍സന്റെ സുഹൃത്തിനേയും കൊണ്ട് കാണാതായ വിമാനം കണ്ടെടുക്കാന്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ വിര്‍ജിന്‍ ഗ്രൂപ്പ്, ഗൂഗ്ള്‍ എര്‍ത്ത് സര്‍വീസ് ഉപയോഗപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

എഴുതാന്‍ ചുവര്‍ തന്ന ആളുകളെന്നതിലുപരി യുവത്വത്തിന്റെ ആവേശത്തിന് അമൂര്‍ത്തമായ മൂര്‍ത്തരൂപം കൊടുത്തവരെന്ന പ്രസക്തിയാണ് ഈ ചെറുപ്പക്കാരെ എന്റെ ഹീറോകളാക്കുന്നത്. ഇന്റര്‍നെറ്റില്‍ ക്ലാസിക്കുകളില്ല. നൂറ്റാണ്ടിന്റെ പാരമ്പര്യമെന്നൊക്കെ പറഞ്ഞ് ആര്‍ക്കും ഇവിടെ കുത്തക ഉണ്ടാക്കാനോ തുടരാനോ കഴിയില്ല. പരമാവധി 20-25 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം മാത്രമുള്ള പുതിയ മേഖലയാണിത്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ലെവലായ പ്ലെയിംഗ് ഫീല്‍ഡ്. അമേരിക്കയുടെ രാഷ്ട്രീയത്തോട് എതിര്‍പ്പ് തോന്നുമ്പോഴും സര്‍ഗശേഷിയുള്ള രണ്ട് ചെറുപ്പക്കര്‍ക്ക് ആകാശത്തേയ്ക്കപ്പുറം വളരാന്‍ സാഹചര്യമൊരുക്കുന്ന അവിടുത്തെ ഫ്രീ സൊസൈറ്റിയ്ക്ക് സലാം. (ലോകജനസംഖ്യയുടെ 7% ആളുകള്‍ 40% റിസോഴ്സുകള്‍ അനുഭവിക്കുന്ന അനീതിയാണ് അമേരിക്ക എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ആ അറിവോടു കൂടിത്തന്നെ ഈ സലാം).

ഗൂഗ്ളില്‍ ജോലി ചെയ്യുന്ന മലയാളം ബ്ലോഗേഴ്സും വായനക്കാരുമുണ്ട്. അവരുടെ ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫൊ അറിയാന്‍ കൌതുകം. എന്താ അണ്ണന്മാരേ, ബോസിന്റെ കല്യാണത്തിന് ഓഫീസ് നേരത്തേ വിട്ടോ? ലഡ്ഡൂം മിക്സ്ചറും കിട്ടിയോ? തലേന്ന് അത്താഴസദ്യ ഉണ്ടായിരുന്നോ? മധുരം നുള്ളിയൊ? എല്ലാര്‍ക്കും പുതിയ ഉടുപ്പ് വാങ്ങിത്തന്നോ?

വധൂവരന്മാരേ, നിങ്ങള്‍ക്കെന്റെ അജ്ഞാതവും നിശബ്ദവുമായ പ്രാര്‍ത്ഥനകള്‍!

വെയിലും സണ്‍ലൈറ്റും


വെയിലും സൂര്യപ്രകാശവും സെയിമല്ല. അതാണ് മലയാളം.

Sunday, December 9, 2007

ടിപ്പു കൊടുക്കുന്നതിനെപ്പറ്റിയുള്ള ചില ടിപ്പുകള്‍


യാഹൂ, എമ്മെസ്സെന്‍ തുടങ്ങിയ മിക്കവാറും പോര്‍ട്ടലുകളില്‍ ടിപ്പു കൊടുക്കലിനെപ്പറ്റിയുള്ള ടിപ്പുകള്‍ ലഭ്യമാണ്. അവയില്‍ ഭൂരിപക്ഷവും പക്ഷേ വിരുന്നുകാരെ [വിനോദ/ബിസിനസ് സഞ്ചാരികളെ/സന്ദര്‍ശകരെ] മാത്രം ഉദ്ദേശിച്ചാണ്. അതുകൊണ്ടു തന്നെ ഹോട്ടല്‍, റെസ്റ്റൊറന്റ്, ടാ‍ക്സി തുടങ്ങിയ താല്‍ക്കാലിക ഒഴുക്കിടങ്ങളില്‍ ഫ്ലോട്ടിംഗ് ജനം നല്‍കേണ്ട ടിപ്പുകളാണ് അവയുടെ പ്രതിപാ‍ദ്യം. [ജപ്പാനില്‍ ഏത് സ്ഥലത്തും ടിപ്പു കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ഒരിടത്ത് വായിച്ചു. തന്നെ?]. ലണ്ടനില്‍ ടാക്സികളില്‍ ടിപ്പ് നിര്‍ബന്ധമാണെന്ന് കേട്ടിരിക്കുന്നു. ടിപ്പ് കൊടുക്കാത്തവരെ അവിടത്തെ ടാക്സി ഡ്രൈവേഴ്സ് പല തരത്തില്‍ ഉപദ്രവിക്കുമത്രേ. ലണ്ടനിലെ നാടക തീയറ്ററുകളില്‍ വര്‍ഷങ്ങളോളം കളിച്ച അഗതാ ക്രിസ്റ്റിയുടെ ‘മൌസ്ട്രാപ്പ്‘ എന്ന നാടകം കാണാന്‍ ടാക്സിയില്‍പ്പോയ ഒരു ബംഗാളി ബുദ്ധിജീവി ടിപ്പു കൊടുക്കാതെ ഇറങ്ങിപ്പോയി. ഉടനെ ടാക്സി ഡ്രൈവര്‍ അങ്ങൊരെ തിരികെ വിളിച്ച് ചെവിയില്‍ ഇങ്ങനെ പറഞ്ഞു: “സര്‍, ഈ നാടകത്തില്‍ ഡിറ്റക്ടീവ് തന്നെയാണ് കൊല നടത്തുന്നത്”. അതിലും ഭേദം ടിപ്പു കൊടുക്കുക തന്നെ.

കുറച്ചധികം കാലമോ ദീര്‍ഘകാലമോ പുറംനാടുകളില്‍ തങ്ങേണ്ടവര്‍ കൊടുക്കേണ്ട ടിപ്പുകളെപ്പറ്റി അധികം വിവരങ്ങള്‍ ലഭ്യമല്ല. ബോംബെയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ടിപ്പ് നല്‍കണമെന്ന് ഒരലിഖിത നിയമമുണ്ട്. തൊണ്ണൂറ്റി രണ്ടിനും മൂന്നിനുമിടയ്ക്കുള്ള കാലത്ത് ഇതറിയാതെ രണ്ടാമതും ഒരു കടയില്‍ മുടി വെട്ടാന്‍ കയറിയപ്പോള്‍ കിട്ടിയ ല്യൂക്ക് വാം സ്വീകരണം ഓര്‍ക്കുന്നു. ഹെയര്‍ കട്ട് ബോറായിപ്പോയത് മന:പ്പൂര്‍വമാണെന്നറിയാന്‍ കുറച്ചുനാളെടുത്തു.

ചില ഇന്ത്യന്‍ ഹോട്ടല്‍ സപ്ലയര്‍‍മാര്‍ (ലോകത്ത് എവിടെയായാലും) ഓര്‍ഡറെടുക്കുന്നതിന് മുമ്പു തന്നെ ടിപ്പിനു വേണ്ടിയുള്ള ദാഹം മുഖത്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. തീറ്റ തീരാറാ‍കുന്തോറും അത് ആക്രാന്തമാകും. നോട്ടം, ശരീരഭാഷ എന്നിവയിലെല്ലാം അത് തുളുമ്പും. നമ്മള്‍ ഹോട്ടലില്‍ നിന്ന് പുറത്തു കടക്കും മുമ്പു തന്നെ എല്ലാം മറന്ന് ടിപ്പെത്രയെന്നറിയാനുള്ള അവരുടെ ഓട്ടം ഫിനിഷിംഗ് പോയന്റിലെത്തും. ടിപ്പൊന്നുമില്ലെങ്കില്‍ ഒരു ഷോക്കിംഗ് ശാ‍പം, കുറവാണെങ്കില്‍ പവര്‍കട്ട്, കൊള്ളാമെങ്കില്‍ ഒരു തിളക്കം - കണ്ണുകള്‍ കള്ളം പറയില്ല. ആദ്യമാദ്യം ഈ പരവേശം കാണുമ്പോള്‍ പുച്ഛം തോന്നിയിരുന്നു. അവരുടെ വേതനവും ജീവിതനിലവാരവും അറിഞ്ഞു തുടങ്ങിയപ്പോള്‍ അത് തൊണ്ടയില്‍ നിന്ന് പുറത്തുവരാത്ത ഒരു സങ്കടക്കെട്ടായി. എങ്കിലും പഴയ പരിഹാസച്ചിരിക്ക് മാപ്പില്ല. നിയമം അറിയില്ലെന്നത് കുറ്റം ചെയ്യാനുള്ള ലൈസന്‍സല്ല. അറിവില്ലായ്മ നിഷ്കളങ്കതയുമല്ല. ലൈംഗികത്തൊഴിലാളിയുടേയും തോട്ടിയുടെയും കഥകള്‍ പലതും വായിച്ചു. പക്ഷേ ഹോട്ടല്‍പ്പണിക്കാരുടെ ‘ശബ്ദങ്ങള്‍‘ ഒരിക്കലേ കേട്ടുള്ളൂ.

ഒരിക്കലും ആരും ടിപ്പു കൊടുക്കാത്ത നാടന്‍/ഇടനാടന്‍ ഹോട്ടലുകളുടെ കാര്യമോ? ഒരു ചെറുകിട ഹോട്ടലില്‍ പാത്രം കഴുകിയിരുന്ന കാലത്തെപ്പറ്റി ശിഹാബുദീന്‍ പൊയ്ത്തുംകടവ് എഴുതിയതോര്‍ക്കുന്നു. ചില്ലലമാരയില്‍ ചൊരിഞ്ഞിട്ടിരിക്കുന്ന പഴമ്പൊരികള്‍ വിറ്റുതീരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നുവത്രെ. [തീര്‍ന്നില്ലെങ്കില്‍ തിന്നാന്‍ കിട്ടും എന്നൊന്നും കരുതണ്ട, അത് മറ്റ് അവതാരങ്ങളാവും.] വിറ്റു തീര്‍ന്നാല്‍ അലമാരയില്‍ വിരിച്ചിരിക്കുന്ന കടലാസ് എടുത്തുകളയണം. അപ്പോള്‍ കടലാസില്‍ കൊഴിഞ്ഞുകിടക്കുന്ന പഴമ്പൊരിയുടെ മൊരിഞ്ഞ തുമ്പിന്‍ കഷ്ണങ്ങള്‍ (tips!) പെറുക്കി വീട്ടില്‍ കൊണ്ടുപോയി താഴേള്ളേങ്ങള്‍ക്ക് കൊടുക്കാം. മൊരിഞ്ഞ ആ മൈദമുത്തുകള്‍ക്ക് ശിഹാബുദ്ദീന്‍ ‘ആ‍റാം വിരല്‍’ എന്നു പേരിട്ടു. ചിലര്‍ക്ക് ജീവിക്കാന്‍ അഞ്ചുവിരലുകള്‍ പോരാ.

കനഡയില്‍ സിറ്റിസണായി സസുഖം വാഴുന്ന ഒരു ചേച്ചി പഴയൊരു വിരുന്നോര്‍ത്താല്‍ ഇപ്പഴും കരയും. ചേച്ചി പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു ദിവസം കൂട്ടുകാരിയുടെ വീട്ടില്‍ പോയതായിരുന്നു. കൂട്ടിന് അനിയനേയും കൂട്ടി. ചേച്ചിയുടെ വീട്ടിലന്ന് ദാരിദ്യം സുഖമായി വാഴുന്ന കാലമാണ്. കൂട്ടുകാരിക്കിതറിയാം. അതുകൊണ്ട് അവര്‍ പരമാവധി വിഭവങ്ങളോടെ വിരുന്നൊരുക്കി. നല്ല ചക്കപ്പഴവുമുണ്ടായിരുന്നു - ചൊളപ്പറിച്ച് വിളമ്പിയത്. ചേച്ചിയുടെ നാലഞ്ചു വയസ്സുകാരനായ അനിയന്‍ ഓരോ ചുളയും തിന്ന ശേഷം കുരുവെടുത്ത് കുരുവിന്റെ മൂട്ടിലുള്ള ആ ഇളമ്മധുരമുള്ള തുമ്പുകളും (tips!) തിന്നു തീര്‍ത്തു.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൂറു രൂപ ടിപ്പ് കൊടുക്കുന്നവര്‍ ഇടത്തരം ഹോട്ടലില്‍ ഇരുന്നൂറും ചെറുകിട ഹോട്ടലില്‍ മുന്നൂറും നാട്ടുമ്പുറത്തെ ചായപ്പീടികയില്‍ നാനൂറും കൊടുക്കുന്നതാണ് നീതി.
കമ്മേഴ്സ്യല്‍ സെക്സ് വര്‍ക്കേഴ്സിന്റെ സേവനം (ഹൊ, അതെന്തൊരു വര്‍ക്ക്!) ഹോം ഡെലിവറിയായി നല്‍കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ആ വര്‍ക്കറിനോടൊപ്പം വരുന്ന പുരുഷകേസരി പണി തീരും വരെ വാതില്‍ക്കല്‍ കാത്തു നില്‍ക്കും. കൂലി അയാള്‍ക്കാണ് കൊടുക്കേണ്ടത്! ജോലിക്കാരിക്ക് മാസശമ്പളമായിരിക്കുമോ എന്തൊ! അവര്‍ക്ക് ടിപ്പ് കൊടുക്കാതിരിക്കുന്നത് വ്യഭിചാരത്തേക്കാള്‍ വലിയ പാപം തന്നെ.
ഒരിക്കല്‍ മാ‍ത്രം സേവനം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങളില്‍ ആദ്യമേ തന്നെ ടിപ്പ് കൊടുക്കുന്നതല്ലേ ബുദ്ധി? (ഇത് ലൈംഗിക ജ്യൂസ് വാങ്ങുന്നതില്‍ മാത്രമല്ല കെട്ടൊ, എല്ലാ മേഖലയിലും). ഇങ്ങനെ ചെയ്താല്‍ ടിപ്പ് കൊടുക്കുന്നയാളിന് നല്ല സേവനം ഉറപ്പുവരുത്താന്‍ പറ്റും, ടിപ്പ് കിട്ടുന്നയാളിന് ‘കിട്ടുമോ ഇല്ലയൊ കിട്ടുമോ ഇല്ലയോ’ എന്ന ചങ്കിടിപ്പില്ലാതെ സേവനം കാഴ്ചവെയ്ക്കാം. വിശേഷിച്ചും നിങ്ങളൊരിന്ത്യക്കാരനാണെങ്കില്‍ ടിപ്പ് ആദ്യമേ കൊടുക്കുകയാണ് നല്ലതെന്ന് തോന്നുന്നു - ടിപ്പ് കൊടുക്കുന്നതില്‍ ഇന്ത്യക്കാര്‍ക്കുള്ള പേരുദോഷം മാനേഴ്സ്, പാമ്പാട്ടി, അഴിമതി എന്നിവരോളം സ്ട്രോങ്ങാണെന്നാണ് കമന്റാവസ്ഥസൂചന.

Saturday, December 8, 2007

അനീതിസാരം


ഞാന്‍ മത്തായിച്ചേട്ടനോട് അനീതി കാണിച്ചു.
അതിനു പകരം എനിക്കു കിട്ടാനുള്ള അനീതി
മത്തായിച്ചേട്ടന്‍ തന്നെ എനിക്കു തരണമെന്ന്
ഞാന്‍
നിര്‍ബന്ധം പിടിക്കാമോ?
മത്തായിച്ചേട്ടന് അവസരം കിട്ടിയില്ലെങ്കില്‍
കെല്‍പ്പില്ലെങ്കില്‍
ക്ഷമിച്ചെങ്കില്‍
എങ്കില്‍
കെ. സി. മേനോനോ അര്‍വിന്ദ് പ്രസാദോ അമാന്ത ജെ. ബീസ്ലിയോ സാബുവോ ഷീജയോ മേരിച്ചേടത്തിയോ
അതെനിക്ക് തിരിച്ചു തരും.
ഞാനതുകൊണ്ട് തൃപ്തിപ്പെട്ടോണം.
എന്ത്യേ?

ഇനി ഇവരുടെ കാര്യം.
ഇവര് ഒറ്റയ്ക്കോ കൂട്ടായോ വരും.
മത്തായിച്ചേട്ടനെ കൂടെക്കൂട്ടിയെന്നും വരും.
അളന്നോ അളക്കാതെയോ തരും.
അളവില്‍ ഏറ്റക്കുറച്ചിലും കാണും.
ഇതൊക്കെയാണല്ലോ ഈ അനീതിയുടെ ഒരു നീതി.
യേഥ്!

Thursday, December 6, 2007

ഒരു സവര്‍ണഹിന്ദു ബാബറി മസ്ജിദ് ഓര്‍മിക്കുന്നു


ഇനി ഒരു തൊണ്ണൂറില്‍ ജീവിക്കില്ലെന്നുറപ്പുള്ളതുകൊണ്ട് ഇങ്ങനെ എഴുതാം - മഹാരാജാസില്‍ പഠിച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ എമ്മേയെടുത്ത് തൊണ്ണൂറ് മാര്‍ച്ചിലാണ് കെ കെ എക്സ്പ്രസ്സിലെ ഒരു എസ് കോച്ചില്‍ ദില്ലിക്ക് പോയത് - എസ് കോച്ചുകളിലും എഐ ഫ്ലൈറ്റുകളിലും ബാംഗ്ലൂര്‍ക്കുള്ള ബസ്സുകളിലും തലമുറകളായി വിട്ടുപൊയ്ക്കൊണ്ടിരിക്കുന്ന മലയാളിശരീരങ്ങളിലൊന്നായി.

വിജയന്‍, മുകുന്ദന്‍, ആനന്ദ്, സക്കറിയ, ഏഷ്യാനെറ്റ് തുടങ്ങും മുമ്പുള്ള പിടിഐയിലെ ശശികുമാര്‍, കാര്‍ട്ടൂണ്‍ വരച്ച് ഊണുകഴിച്ചിരുന്ന രവിശങ്കര്‍, ഉണ്ണി... ദില്ലി അന്നും സമ്പന്നമായിരുന്നു. അവരിലൊരാളാ‍യിക്കളായാം എന്ന അഡ്വാന്‍സ് അഹങ്കാരവുമായാണ് പോയത്. അറുപതുകളില്‍ ജനിച്ചവര്‍ ലോകം മാറ്റി മറിയ്ക്കുമെന്ന് അന്നേ കേട്ടിരുന്നു. ലോകം മാറി മറിയുമ്പോള്‍ കേരളത്തിലെ ഏതെങ്കിലും കിണറ്റില്‍ കിടന്ന് പേക്രോം പേക്രോം എന്ന് കരയുന്നതിനു പകരം ഇന്ത്യയുടെ തലയില്‍ത്തന്നെയിരുന്ന് ലോകത്തിന്റെ ചെവി തിന്നുകളയാമെന്ന് മോഹിച്ചിരിക്കണം. അമ്പതുകളിലും (ബില്‍ ഗേറ്റ്സ്) അറുപതുകളിലും (???) എഴുപതുകളിലും (ഗൂഗ് ള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍) ജനിച്ച ഒരുപാട് ആണ്‍കുട്ടികള്‍ ലോകം മാറ്റിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനിതാ ഇരുകാലി ഒട്ടകങ്ങളിലൊന്നായി റെസീവിംഗ് എന്‍ഡിന്റെ ഏറ്റവും ഈയറ്റത്ത് ഇത് കീയിന്‍ ചെയ്യാനിരിക്കുന്നു. ജീവിതം കിതച്ചോടുന്ന വഴികള്‍ ആര്‍ക്കറിയാം?

മന്ദിര്‍ മസ്ജിദ് വിവാദം പുകഞ്ഞു കത്താന്‍ തുടങ്ങിയിരുന്ന ഒരു കാലത്താണ് ദില്ലിയില്‍ ചെന്നു പെട്ടത്. ആ നവംബറിലെ ഒരു പകല്‍. ഇണപ്പക്ഷികളെ അമ്പെയ്യാന്‍ ലാക്കാക്കി നില്‍ക്കുന്ന കാട്ടാളനോട് 'മാ നിഷാദാ'യില്‍ പാടിത്തുടങ്ങിയ ആദ്യകാവ്യത്തിന്റെ മഷിയില്‍ മുക്കിത്തന്നെ ഒരു കാര്‍ട്ടൂണ്‍ വരച്ചു. വീഎച്ച്പിയായിരുന്നു കാട്ടാളന്‍. ഹിന്ദുവും മുസല്‍മാനും ഇണപ്പക്ഷികളായി. അന്നു തന്നെ അതുംകൊണ്ട് ചാണക്യപുരിയിലെ സത്യമാര്‍ഗില്‍ താമസിക്കുന്ന ഓ. വി. വിജയനെ കാണിയ്ക്കാന്‍ പോയി. ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ള ഒരാളില്‍ നിന്നാണ് ഏറ്റവും വലിയ കോമ്പ്ലിമെന്റ് കിട്ടിയതെന്നോര്‍ത്താല്‍മതി - ഈ രാത്രി വെളുപ്പിയ്ക്കാം. 'ഇറ്റ്സ് എ damn ഗുഡ് ഐഡിയ' പ്രശംസകള്‍ക്ക് പിശുക്കനായിരുന്ന വിജയന്‍ പറഞ്ഞു. ('ഡാം ഗുഡ്' പ്രയോഗം ശരിയോ എന്ന് പലരും സംശയിക്കുന്നത് കേട്ടിട്ടുണ്ട്. എന്തൊ!). പക്ഷേ വര വിജയന് ബോധിച്ചില്ല. അങ്ങനെ വിജയന്‍ തന്നെ കടലാസും ഇന്ത്യനിങ്കും നിബ്ബും തന്ന് പലവട്ടം വരപ്പിച്ചു. ഒടുവില്‍ വരയില്‍ തൃപ്തനായിട്ടല്ലെങ്കിലും സ്റ്റേറ്റ്സ്മാന്റെ എഡിറ്ററെ ഫോണില്‍ വിളിച്ചു - ഞാനൊരു ചെറുപ്പക്കാരനെ അയാള്‍ വരച്ച കാര്‍ട്ടൂണുമായി വിടുന്നുണ്ട്. ഒന്ന് നോക്കൂ. പിറ്റേന്നത്തെ സ്റ്റേറ്റ്സ്മാനിലെ പേജ് ത്രീയില്‍ അടിച്ചുവന്ന കാര്‍ട്ടൂണാണ് ഇതോടൊപ്പം. 90 നവംബര്‍ 19-ലെ പത്രം.

92-ല്‍ ദില്ലി വിട്ട് ബോംബെയിലെത്തി. അതിനും എത്രയോ മുമ്പ്, 1989-ല്‍, ബെര്‍ലിന്‍ മതില്‍ നിലമ്പൊത്തിയിരുന്നു. ആരോ കൊഴച്ചുവെച്ച മാവുരുള പോലിരുന്ന ഭൂമിയെ ആഗോളവത്കരണം മെല്ലെ മെല്ലെ പരത്താന്‍ തുടങ്ങിയിരുന്നു. 93-ല്‍ കൊച്ചിയില്‍ തിരിച്ചെത്തുമ്പോള്‍ എമ്മെസ് ഡോസ്, വലിയ നേര്‍ത്ത ഫ്ലോപ്പികള്‍, അരമണിക്കൂറെടുക്കുന്ന ഈ-മെയില്‍ സന്ദേശങ്ങള്‍...അതെല്ലാം അവിടെയുമെത്തിയിരുന്നു. ഇതിനെല്ലാമിടയില്‍, 1992 ഡിസംബര്‍ 6-ന് അതും സംഭവിച്ചു. ഹിന്ദു കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ച് നിരപ്പാക്കി. എന്റെ കാര്‍ട്ടൂണ്‍ വിഫലമായി. അതെ, ഇന്നേയ്ക്ക് പതിനഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യയുടെ ചരിത്രത്തിലെ തീരാക്കളങ്കങ്ങളിലൊന്നായ ആ കരസേവ നടന്നത് (സുവര്‍ണക്ഷേത്രത്തില്‍ പട്ടാളത്തെ കേറ്റിയതിന്റെ പ്രായശ്ചിത്തത്തിന് ഗ്യാനി സെയിത്സിംഗിനെക്കൊണ്ട് സുവര്‍ണക്ഷേത്രത്തില്‍ വരുന്നവരുടെ ചെരിപ്പ് തുടപ്പിച്ച പരിപാടിയെയാണ് ‘കര്‍സേവ’ എന്ന് ആദ്യം വിളിച്ചുകേട്ടത്!).

ബാബറി മസ്ജിദ് നിന്നിടത്തു തന്നെയാണ് യഥാര്‍ത്ഥത്തില്‍ ശ്രീരാമന്‍ ജനിച്ചതെങ്കില്‍പ്പോലും; ബാബറോ മറ്റാരെങ്കിലുമൊ തന്നെയാണ് അവിടത്തെ അമ്പലം തകര്‍ത്ത് മസ്ജിദ് പണിഞ്ഞതെങ്കില്‍പ്പോലും ആ മസിജിദ് പൊളിക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യയുടെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന മതേതരത്വം നേരിട്ട അവസാന പരീക്ഷണമായിരുന്നു ഡിസംബര്‍ 6. കഷ്ടം, നമ്മളന്ന് തോറ്റുപോയി. അതിന് മുമ്പും പിമ്പുമുള്ള എത്രയോ പരീക്ഷണങ്ങളില്‍ ഇനി ജയിച്ചിട്ടെന്ത്? പ്രസിഡന്റ് മുസല്‍മാനും പ്രധാനമന്ത്രി സിഖുകാരനും യഥാര്‍ത്ഥ പ്രധാനമന്ത്രി കത്തോലിക്കക്കാരിയുമാണെന്നുള്ള കൊസ്മെറ്റിക് പവര്‍പോയന്റുകള്‍ പടച്ച് തെളിച്ചുവിട്ടിട്ടെന്തിന്?

2001 സെപ്തംബര്‍ 11 (ട്രേഡ് സെന്റര്‍ ആക്രമണം), 2002 ഫെബ്രുവരി-മാര്‍ച്ച് (ഗുജറാത്ത് കലാപം), 2003 മാര്‍ച്ച് 18-ന് തുടങ്ങിയ ഇറാക്ക് ആക്രമണം... മനുഷ്യന്‍ പിന്നെയും പിന്നെയും തോറ്റുകൊണ്ടേയിരിക്കുന്നു. ചില ദിവസങ്ങള്‍ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റിമറിയ്ക്കുമെന്ന് ചെറിയ കാര്യങ്ങളുടെ മുഖക്കുറിപ്പില്‍ അരുന്ധതി പറഞ്ഞത് എത്ര നേര്!

ജര്‍മനികള്‍ക്കിടയിലുണ്ടായിരുന്ന ബെര്‍ലിന്‍ മതിലും റഷ്യയ്ക്കും പാശ്ചാത്യലോകത്തിനുമിടയിലുണ്ടായിരുന്ന അയണ്‍ കര്‍ട്ടനും കൊഴിഞ്ഞുപോയി. എന്നാല്‍ അറബ് ലോകത്തിനും പാശ്ചാത്യലോകത്തിനുമിടയില്‍ അദൃശ്യമായ ഒരു കൂറ്റന്മതില്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഓരോ ശ്വാസത്തിലും അവരുടെ ദേശസ്നേഹം തെളിയിക്കേണ്ട ഗതികേടായിരിക്കുന്നു. സാധാ ഹിന്ദുക്കള്‍ക്ക് ചന്ദനക്കുറിയോ കുങ്കുമപ്പൊട്ടോ തൊടാന്‍ ഭയമായിരിക്കുന്നു. കടപ്പുറങ്ങളില്‍ ആരൊക്കെയോ ചുട്ചോറ് വാരിക്കുന്നു, വാരുന്നു. ചോരയും കണ്ണീരും കലങ്ങിയ വെള്ളത്തില്‍ ആരൊക്കെയോ മീന്‍ പിടിയ്ക്കുന്നു.

ഒട്ടകമായിത്തീര്‍ന്ന ഒരു സവര്‍ണഹിന്ദുവിന് എന്തുചെയ്യാന്‍ കഴിയും? മുപ്പത്തിമൂന്ന് കോടി ഹിന്ദുദൈവങ്ങളേയും വിശ്വസിക്കുന്ന ഹൃദയവും അഹം ബ്രഹ്മാസ്മി, രണ്ടില്ല ഒന്നേയുള്ളു എന്നീ തിയറികള്‍ ആസ്വദിക്കുന്ന തലച്ചോറും അയാള്‍ എന്തുചെയ്യും? തുണിയില്ലാതെ ഹനുമാനെയും സരസ്വതിയേയും സീതയേയും വരച്ചുകാണുമ്പോള്‍ അയാളുടെ വികാരം തരിമ്പും നോവുന്നില്ല. അത് പക്ഷേ അയാള്‍ ഹിന്ദുവല്ലാത്തതുകൊണ്ടല്ല, അങ്ങനെയും ഒരു ഹിന്ദുവായതുകൊണ്ടാണ്. ബുഷ്ഷിനേയും നരേന്ദ്രമോഡിയേയും എതിര്‍ക്കുമ്പോഴും ബിന്‍ ലാദന്റെ കൂടെ നില്‍ക്കാന്‍ അയാളെ കിട്ടില്ല. അയാള്‍ക്ക് ചന്ദനക്കുറി തൊടണമെന്നുണ്ട്. അദ്വാ‍നിയുടെ പോളിഷ്ഡ് ചോരക്കൊതിയും പള്ളിപൊളിച്ചെന്ന മഹാപാപവും സദ്ദാം ഹുസൈന്റെ ഏകാധിപത്യവും നരനായാട്ടും അയാള്‍ക്ക് ഓര്‍മയുണ്ട്. മലയാളികളെല്ലാം ഒന്നുകില്‍ കൃസ്ത്യാനി, അല്ലെങ്കില്‍ മുസ്ലീം, അല്ലെങ്കില്‍ സിപീയെം, അല്ലെങ്കില്‍ തീര്‍ച്ച ബീജേപ്പി എന്ന് തിയറിയുണ്ടാക്കുന്നവര്‍ ക്രൂരന്മാരുടെ സ്വര്‍ഗത്തിലാണെന്ന് പറയണമെന്നയാള്‍ക്കുണ്ട്.
ബാബറി മസിജിദിന്റെ ഓര്‍മയ്ക്ക് അയാള്‍ക്ക് റഫീക്കിനെ കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്. വികാരത്തേക്കാളധികം വിചാരം ചേര്‍ത്ത കണ്ണീര്‍. ഭീരുവിന്റെ നിറമില്ലാത്ത ചോര.

Monday, December 3, 2007

ദൌര്‍ബല്യമേവ ജയതേ!



അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഉത്തരം കിട്ടി - ഒരാളുടെ 101 ഹോഴ്സ്പവര്‍ ശക്തിയും 5 ഡോങ്കി പവര്‍ (?) ദൌര്‍ബല്യവും ഏറ്റുമുട്ടിയാല്‍ 5 ഡോങ്കി പവര്‍ ദൌര്‍ബല്യം തന്നെ ജയിക്കും. ഇനിയിപ്പൊ ആ പഞ്ച ദൌര്‍ബല്യങ്ങളും തന്തയ്ക്ക് ജനിച്ചതുങ്ങളല്ലെങ്കില്‍പ്പോലും. എന്നാലും ശക്തിയുമല്ല ദൌര്‍ബല്യവുമല്ല എന്ന മട്ടിലുള്ള രണ്ടും കെട്ട അവസ്ഥയേക്കാള്‍ എത്ര ഭേദം! ആ അവ്സ്ഥയുടെ യൂണിറ്റ് മ്യൂള്‍പ്പവര്‍ (കോവര്‍കൈത). ചുമ്മാതാണൊ കോവര്‍കഴുതകളുടെ കൂട്ടത്തെ ഇംഗ്ലീഷില്‍ a barren of mules എന്നു പറയുന്നത്. ഇനി ഈ തിയറിയെ നമ്മുടെ ഉദാഹരണത്തിലേയ്ക്ക് തിരികെക്കയറ്റിയാലോ - വെല്ലിച്ഛന്റെ മക്കളും പാപ്പന്റെ മക്കളും അടികൂടുമ്പൊ ആ തക്കം നോക്കി ശകുനിയുടേയോ മറ്റോ അളിയന്റെ കുടുംബക്കാരാരെങ്കിലും മ്യൂട്ടിനി നടത്തിയിരുന്നെങ്കിലോ? പാക്കിസ്ഥാ‍നീയശൈലിയില്‍ ജനറല്‍സ് ദ്രോണനോ ഭീഷ്മനോ മറ്റോ മിലിറ്ററി കൂ (coup d'etat) നടത്തിയിരുന്നെങ്കിലോ? ആ കോവര്‍ അവസ്ഥയേക്കാള്‍ ഭേദം തന്നെ ഗാന്ധാരീവിലാപം. ഉണ്ണീ മകനേ ദുര്യോധനാ തവ പൊന്നിന്‍ കിരീടവും ഭൂഷണജാലവും...

അതുകൊണ്ട് ദൌര്‍ബല്യങ്ങള്‍ തല പൊക്കുമ്പോള്‍ സൂക്ഷിക്കുക. ഭഗവാനെ വരെ അവ ദൂതിനയച്ചെന്നു വരും. ശക്തികളുടെ കഴുത്തരിയും, തുടകള്‍ തകര്‍ക്കും.

Saturday, December 1, 2007

രാവണന്‍ തോറ്റതോ മാച്ച് ഫിക്സിംഗോ?




ആമയും മുയലും ഓട്ടപ്പന്തയം നടത്തിയതെന്നാ? ബിസിയിലെപ്പഴേലും? ശ്രീബുദ്ധനും മഹാഭാരതത്തിനും മുമ്പ്? എന്തായാലും അതൊന്നും റെലവന്റല്ല. ജയിച്ചതാരാണെന്നറിയാലോ - ആമ, അതുമതി. തിരുവിതാംകൂറ്കാര് പറേമ്പോലെ അപ്പം (അപ്പോള്‍) മൊട്ടക്കറി അപ്പം തിന്നാമതി, മൊയല്, മലബാറ്കാര് പറയുന്ന പോലെ കുയീക്കെടക്കട്ടെ. (ജയിക്കുന്നതിലല്ല കാര്യം, കളിക്കുന്നതിലാണ് എന്ന് പറഞ്ഞയാള്‍ ഒരിക്കലും ജയിച്ചുകാണില്ല എന്ന് മാര്‍ട്ടിന നവരത്തിലോവ. ആയമ്മയ്ക്ക് ഒരുമ്മ. അവരെ നവരത്നലാവ എന്നു വിളിക്കണം).

പക്ഷേ മൊയല് കുഴീക്കെടന്നില്ലല്ലൊ. സിംഹവുമായി മുട്ടിയപ്പൊഴെല്ലാം മൊയല് ജയിച്ചു. ഓര്‍മയില്ലേ തന്നെ തിന്നാന്‍ വന്ന സിംഹരാജനെ മൊയലന്‍ കിണറ്റീച്ചാടിച്ചത്. കട്ടുറുമ്പും കൊമ്പനാനയും മുട്ടിയ കഥകളിലൊക്കെ ആന തോറ്റ കഥയേ നമുക്കറിയൂ. നാലഞ്ച് മനുഷ്യന്മാരും കൊറേ കൊരങ്ങന്മാരും ചെന്ന് ഒരു രാക്ഷസ സാമ്രാജ്യത്തെ അപ്പാടെ തൊടച്ച് നീക്കുവാ? ങ്ഹാ, ആ കഥ പിള്ളേരെ ഒറക്കാന്‍ പറയാന്‍ കൊള്ളാം.

കയ്യിലൊരു കവിണയുമായി ദാവീദ് എന്ന പയ്യന്‍ ഗോലിയാത്ത് എന്ന മല്ലനെ തോല്‍പ്പിച്ചെന്നോ? ഹ, ഹ ഹ! ചിരിച്ചട്ടെനിക്ക് ശ്വാസം മുട്ടണ്.

ടോം & ജെറിയുടെ ഒരു എപ്പിസോഡിലെങ്കിലും ടോം ജയിച്ചില്ലേലും തോല്‍ക്കാതിരിക്കുന്നത് കണ്ടിട്ടെനിക്ക് മരിച്ചാമതി.

(പണ്ടൊരു ചിത്രകാരന്‍ സുഹൃത്ത് ചാരായമടിച്ച് ഫിറ്റായി, അതിന്റെ മോളില്‍ കഞ്ചനുമടിച്ച് എര്‍ണാളം ഡര്‍ബാള്‍ ഹാള്‍ ഗ്രൌണ്ടില്‍ നടക്കുന്ന ചിന്മയാനന്ദന്റെ ഗീതാജ്ഞാനയജ്ഞത്തിന് കേറി. ചോദ്യോത്തര സെഷനില്‍ മൂപ്പര് ഒറ്റച്ചോദ്യം - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു ചെറിയ എലിയുടെ പൊറത്തെങ്ങനെയാണ് ആനത്തടിയന്‍ ഗണപതി സഞ്ചരിക്കുന്നത്? ഉത്തരമെന്തായിരുന്നെന്ന് പറഞ്ഞുകേട്ടില്ല. എന്തായാലും ടോമാന്റ് ജെറി കാണുമ്പൊ അത്ഭുതമാണ് - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു എലിയെ നാം സ്നേഹിച്ചു പോവുന്നു. മിക്കി ഒരു മൌസാണെന്ന് മറക്കുന്നു. ടോമിന്റെ സഹോദരങ്ങളെ പാലുകൊടുത്ത് കിടക്കയില്‍ കിടത്തി വളര്‍ത്തുമ്പോഴും ടോമിനെ വെറുക്കുന്നു.)

നിങ്ങള്‍ പറയുമായിരിക്കും കൌശലത്തിന്റെ വിജയം, ബുദ്ധിയുടെ വിജയം, ശക്തിയല്ല ബുദ്ധിയാണ് കാര്യം, തിന്മയുടെ മേല്‍ നന്മയുടെ അള്‍ട്ടിമേറ്റ് വിജയം, സത്യമേവ ജയതേ, ധര്‍മയുദ്ധം എന്നെല്ലാം.

പണ്ട് പണ്ട് ഒരിടത്തൊരു രാജാവിന് കണ്ണുകാണില്ലായിരുന്നു. അതുകൊണ്ടങ്ങേര് ഭരണച്ചുമതല തല്‍ക്കാലം അങ്ങോരുടെ ല്യൂക്കൊഡെര്‍മക്കാരന്‍ അനിയനെ ഏപ്പിച്ചു. ഒരു മാതിരി റീജന്റ് ഏര്‍പ്പാട്. ചേട്ടന്‍ രാജാവിന്റെ മക്കള്‍ മുതിര്‍ന്നാല്‍ ഭരണം ആ മക്കളിലാരെയെങ്കിലും തിരിച്ചേല്‍പ്പിക്കുമെന്നല്ലേ നമ്മള്‍ പ്രതീക്ഷിക്കുക? പോരാത്തതിന് ഒന്നും രണ്ടുമല്ല നൂറ്റിയൊന്നുപേരായിരുന്നു ചേട്ടന്‍ രാജാവിന് ആണ്മക്കള്‍ (‘കാന്താരിയുടെ വക നൂറാണും ദുശ്ശളയും, പിന്നെ ഒരു സെറ്റപ്പിലെ മറ്റൊന്നുമടക്കം 101’ എന്ന് വെട്ടം മാണിഗ്രൂപ്പു നോക്കി ദേവന്‍. കാന്താരി - അവരല്ലേ അണ്ണാ പാതിവ്രത്യത്തിന്റെ മുഴുത്തിങ്കള്‍!). അനിയന് പഞ്ചപാണ്ഡവന്മാര് കട്ടില്‍ക്കാല് പോലെ മൂന്ന് എന്ന് പറഞ്ഞിട്ട് ‘2’ എന്ന് കയ്യോണ്ട് കാണിച്ചട്ട് ‘1’ എന്നെഴുതിക്കാണിച്ചപോലെ അഞ്ച് പേര്. അഞ്ചുപേര്‍ക്കും അഞ്ച് വ്യത്യസ്ത അച്ഛന്മാര്! (ഒരാള് പോലും അനിയന്റെയല്ലെന്നാണറിവ്). കാലം പോയപ്പോള്‍ ചേട്ടന്‍ രാജാവിന്റെ മക്കള്‍ മുതിര്‍ന്നു. രാജ്യം ന്യായമായും അവര്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നായി. അപ്പൊ ഈ അഞ്ചുപേരും എന്തുചെയ്തു? ഒരു തരത്തിലും അവകാശം പറയാന്‍ അര്‍ഹതയില്ലാത്തവരെങ്കിലും തൃശൂരെ ചോമ്മാര്ടെ ഭാഷേപ്പറഞ്ഞാ പാപ്പന്റെ അഞ്ചുമക്കളും (ശെരിക്കിനും പാപ്പന്റെയല്ലെങ്കിലും) വെല്ലിച്ഛന്റെ മക്കളുമായി അടിയായി. എളാങ്കും വെട്ടുകത്തീമായിട്ട് ആമ്പല്ലൂരും പാങ്ങിലുമൊക്കെ നടക്കണ കായ്ക്കണ പ്ലാവിനോ കായ്ക്കാറായ മാവിനോ വേണ്ടീള്ള അതിര്‍ത്തിത്തര്‍ക്കല്ല, നല്ല ഒന്നാന്തരം യുദ്ധം. ചെക്കന്മാരെ (പാവര്‍ട്ടി സെന്റ് ജോസഫില്) തല്ലൂട്ടം പഠിപ്പിച്ച മാഷ്മ്മാരൊക്കെ വെല്ലിച്ഛന്റെ മക്കടെ സെറ്റായിരുന്നു. പോരാത്തേന് പാപ്പന്റെ ഭാര്യയ്ക്ക് കല്യാണത്തിന് മുമ്പ് ഒരു ചെത്തുകാരനിലുണ്ടായി, കണ്ടശ്ശാങ്കടവുകാരന്‍ ഒരു ലോറിഡ്രൈവറ് എടുത്തുവളര്‍ത്തിയ ഉശിരന്‍ ഒരു അവിഹിതസന്തതിയും ഇരട്ടിവാശിയില്‍ അവര്ടെ കൂടെ നിന്നു. എന്നട്ടും മറ്റം സെന്റ് ഫ്രാന്‍സിസ് (കൊള്ളിപറി മറ്റം എന്നും ചില രേഖകളില്‍ കാണാം) സ്ക്കൂള്‍ ഗ്രൌണ്ടില്‍ നടന്ന അടികലശലില്‍ (കുന്നംകുളങ്ങര അങ്ങാടീല് അച്ചു മൂത്താനും വേറോതോ കക്ഷിയും തമ്മില്‍ നടന്ന മട്ട്) ജയിച്ചത് അഞ്ചു സഹോദരര്‍.

ഇതൊക്കെ കേള്‍ക്കുമ്പൊ ചെലപ്പൊ ചിരീം വരാറില്ല. എല്ലാടത്തും ഒരു മാച്ച് ഫിക്സിംഗിന്റെ മണം. അംബാനി സഹോദരരേയും മഹാജന്‍ ബ്രദേഴ്സിന്റെയുമൊക്കെ ഒറിജിന്‍ ഈ ഭ്രാതൃഹത്യകള്‍ (fratricides) തന്നെ. ഗോലിയാത്തിന്റെം സിംഹത്തിന്റെം സിംഹളരാജന്റെം മുയലിന്റെം കൌരവരുടെം കൂടെയുണ്ടായിരുന്നവരില്‍ ആരെല്ലാമാണ് കോഴ വാങ്ങി ഒത്തുകളിച്ചത്? എനിക്കിപ്പ അറിയണം.

വേറൊരു ചാന്‍സും ഞാന്‍ കാണുന്നു. ഈ കഥകളെല്ലാം എഴുതിയവരും നമ്മള്‍ വായനക്കാരെപ്പോലെ ദുര്‍ബലരായിരിക്കും. ദുര്‍ബലരും ശക്തരും തമ്മില്‍ യുദ്ധം ചെയ്താല്‍ ഒരിക്കലുമതിനെ യുദ്ധമെന്ന് വിളിക്കാനാവില്ലെന്നും എല്ലാം വാക്കോവറുകളായിരിക്കുമെന്നും എല്ലാര്‍ക്കും അറിയാം. എന്നാലും ദുര്‍ബലര്‍ ജയിച്ചു എന്ന് ചുമ്മാ കഥയിലെങ്കിലും പറഞ്ഞൊരു കോമ്പ്ലക്സ് തീര്‍ക്കല്‍? വായനക്കാര്‍ മാത്രമല്ല എക്കാലത്തെയും മനുഷ്യജീവികളില്‍ നൂറില്‍ തൊണ്ണൂറ്റിഒമ്പതേമുക്കാലും ദുര്‍ബലരാണെന്ന സത്യം മനസില്ലാക്കിയ ബുദ്ധികൂര്‍മ്മത? മെലിഞ്ഞവരുടെ മനശ്ശാസ്ത്രം? ഫ്രോയിഡോ കേസരിയോ വിജയന്മാഷോ ഉണ്ടായിരുന്നെങ്കി ചോദിക്കാമായിരുന്നു ഇതിന്റെ മനോനില. എലിയ്ക്ക് വിഷം വെയ്ക്കുമ്പോഴും ജെറിയെയും മിക്കിയേയും സ്നേഹിക്കുന്നതിലെ ഹിപ്പൊപ്പൊട്ടാമന്‍ ഹിപ്പൊക്രേസി!

Friday, November 30, 2007

ജീവിതം എന്നെ എന്തു പഠിപ്പിച്ചു?


പരീക്ഷ കഴിഞ്ഞട്ട് മാത്രം പാഠപുസ്തകം കയ്യീക്കിട്ടുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് ജീവിതം!

Thursday, November 29, 2007

മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം (വ്ലാഡിമറിന് കടല അനിവാര്യം)


ചില ചെറിയ ഞെട്ടലുകള്‍ ജീവിതത്തെ രസകരമാക്കുന്നു. കഴിഞ്ഞ ദിവസം ഒന്ന് ചെറുതായി ഞെട്ടി(ല്ലാ‍ വട്ടയില). മലയാളത്തില്‍ സെര്‍ച്ച് ചെയ്യാമെന്ന കാര്യം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബ്ലോഗുന്ന നമ്മുടെ ഒന്നാന്തരം കവി ഉമ്പാച്ചിക്ക് അറിയില്ല പോലും. ഇങ്ങനെയാണെങ്കില്‍ ഇത് പലര്‍ക്കും അറിയാന്‍ സാധ്യതയില്ലല്ലോ എന്നോര്‍ത്താണ് ഈ പോസ്റ്റ്. അറിഞ്ഞ് മടുത്തവര്‍ക്ക് വാ പൊത്താതെയും ചിരിക്കാം. ഇതിനാണ് ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് എന്നു പറയുന്നത്. ഇത് എന്ന് മുതലാണ് നടപ്പായത് എന്ന് അറിയാമ്മേല. എന്തായാലും ഫൂ‍മിയിലെ പ്രധാന പാതാളക്കരണ്ടികളായ (സെര്‍ച്ച് ഇഞ്ചിപ്പെണ്ണിന്റെ മലയാളമാണ് പാതാളക്കരണ്ടി. കിണറുകള്‍ ഞങ്ങള്‍ക്ക് പണ്ടേ പരിചിതമായതുകൊണ്ട് സെര്‍ച്ച് ഇഞ്ചിനീരും സായിപ്പിനേക്കാട്ടും മുമ്പേ അറിയാം) ഗൂഗ്ളിലും എമ്മെസ്സെന്നിലും യാഹുവിലും മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം. ഇത് വായിക്കുന്ന ഒച്ച് പത്രക്കാരുണ്ടെങ്കില്‍ (സ്നെയില്‍ മെയില്‍ പോലത്തെ ഏര്‍പ്പാടാ ഈ അച്ചടിപ്പത്രമാസികാ പ്രസിദ്ധീകരണം. 24 മണിക്കൂറെങ്കിലും ഗ്യാപ്പ് കാണും. മഷിയും മുളയും മെനക്കെടീലും അസാരം വേണം താനും)... ഉണ്ടെങ്കില്‍ ‘മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം’ എന്ന ഈ വാര്‍ത്ത ഒന്ന് കൊടുക്കണെ (ഫയര്‍ ഐറ്റമാണെങ്കില്‍ കമന്റ് ബോക്സ് വരെ ചിത്രമാക്കി കൊടുക്കത്തില്ലേ. ഇത് ജനോപകാരപ്രദം).

അതല്ല രസം. ചില സെര്‍ച്ചുകളില്‍ ഇംഗ്ലീഷ് സെര്‍ച്ചിംഗിനെ മലയാളം സെര്‍ച്ചിംഗ് പിന്തള്ളിയിരിക്കുന്നു. ഉദാഹരണത്തിന് 'malayalam' എന്ന വാക്ക് ഇംഗ്ലീഷിലടിച്ച് സെര്‍ച്ച് ചെയ്യുമ്പോ ഗൂഗ് ളില്‍ 1.2 കോടി (12 മില്യന്‍) ഫൈന്‍ഡുകളാണ് വരുന്നത്. ‘മലയാളം’ എന്ന് യൂണികോഡ് മലയാളത്തിലടിച്ച് നോക്കുമ്പോള്‍ 1.9 കോടിയും (19 മില്യന്‍). മാതൃഭൂമി യൂണികോഡിലായെന്ന് കേട്ടു. എന്നിട്ടും മലയാളത്തില്‍ സെര്‍ച്ച് ലൈറ്റടിച്ച് നോക്കിയാലധികവും കിട്ടുന്നത് വിക്കിമലയാളത്തില്‍ നിന്നും ബ്ലോഗന്നൂരില്‍ നിന്നുമുള്ള ഫൈന്‍ഡുകള്‍. ഒച്ച് പത്രക്കാര്‍ ഇവിടെ ശ്രദ്ധിക്കണം - മലയാളപത്രസൈറ്റുകളെല്ലാം യൂണികോഡാകുമെന്നാണ് പ്രവചനം - അല്ലെങ്കിലും ഭൂതകാലത്തെ വിലയിരുത്തുന്നതിനേക്കാള്‍ എളുപ്പമാണ് ഭാവിപ്രവചനം. (തൃശൂര്‍ എഡിഷന്‍ ആദ്യം തുടങ്ങി ഗോളടിച്ച പോലെ ഇവിടെയും റോബിന്‍സണ്‍ റോട്ടിലെ മുത്തശ്ശി ഗോളടിച്ചു). പത്രങ്ങളെല്ലാം യൂണികോഡ് ആയാ‍ല്‍ അവയുടെ ആര്‍ക്കൈവ്സ് തപ്പാന്‍ ഒരു സെക്കന്റ് മതി - മലയാളത്തില്‍ സെര്‍ച്ച് ചെയ്താല്‍ മതി. അപ്പോഴേയ്ക്കും വിക്കിമലയാളവും വിക്കലെല്ലാം പിന്നിട്ട് മിടുക്കിയാവും. ലോകത്തിലെ ഒന്നാം ഭാഷ ചൈനീസ് ആവുന്ന സമീപഭാവിയില്‍ ഇന്റര്‍നെറ്റിലെ പതിമൂന്നാം ഭാഷയെങ്കിലും മലയാളമാവില്ലെന്നാരു കണ്ടു? ഒരു ഭാഷയുടെ പ്രാമാണ്യം നിശ്ചയിക്കുന്നത് അത് ഉപയോഗിക്കുന്നവരുടെ എണ്ണത്തേക്കാള്‍ അവരുടെ ആക്റ്റീവ് ഇടപെടലുകളുടെ ബാഹുല്യമായിരിക്കുമല്ലൊ!

ഉമ്പാച്ചിയേ, നിന്റെ അറിവുകേട് ഇക്കുറി ക്ഷമിച്ചിരിക്കുന്നു. മലബാറിന്റെ പിന്നോക്കാവസ്ഥ, സമുദായിക പിന്നോക്കാവസ്ഥ എന്നെല്ലാം പറഞ്ഞ് വന്നാ അത് നെറ്റില്‍ ഓടൂല. ഇവിടെ എല്ലാവനും ഈക്വല്‍. സമ്മാര്‍ മോര്‍ ഈക്വല്‍ എന്ന തമാശയും ഇവിടെ വേവൂലാ. അല്ലെങ്കിലും അതൊക്കെ എന്തിന് പറയുന്നു - ഈ കവികളെ പറഞ്ഞാല്‍ മതിയല്ലൊ. ഒന്നിനും പ്രായോഗികബുദ്ധി തീരെയില്ല. ഇത്രയ്ക്കെങ്കിലുമൊക്കെയെത്തിയല്ലൊ എന്ന് സമാധാനി. (കവികള്‍ ജീവിതത്തില്‍ പരാജയപ്പെടുന്നു. ജീവിതത്തില്‍ പരാജയപ്പെടുന്നവരെല്ലാം കവികളാവുന്നില്ല സര്‍). എമ്മെസ്സെനില്‍ പോയി ‘ഉമ്പാച്ചി’ എന്നൊന്ന് സെര്‍ച്ചി നോക്കിയാട്ടെ - 66 ഉമ്പാച്ചിയാ വരുന്നത്. നല്ല പെടയ്ക്കണ ഐക്കൂറേന്റെ ശേല്ക്ക്! ഉമ്മ വെച്ച പത്തിരി തിന്നണംന്ന് വെച്ചാ നീ ദുബായിലായിപ്പോയതോണ്ട് അത് ഇന്ന് നടപ്പില്ലെങ്കി എന്തിന് വെഷമിക്കണം - ആ 66 ഐക്കൂറേനേം മുയ്മന്‍ നീ വറുത്തു തിന്നോ. ഞങ്ങ കൊച്ചിക്കാര് ‘നെയ്മീന്‍’ എന്ന് ഗൂഗ് ളില്‍ വല വിരിച്ചപ്പൊ ദേ കെടക്കണ് 136 എണ്ണം. അപ്പ ആരാ ജയ്ച്ചത്? മുകളില്‍ വലതുവശത്ത് സര്‍വേ ഓപ്ഷന്‍സ്. നിങ്ങളുടെ വോട്ട് ചെയ്തിട്ട് പോകുമല്ലൊ.

(PS: പുട്ടിന് (ഓഹ്, വ്ലാഡിമറല്ല) കടല അനിവാര്യം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഓഗസ്റ്റ് 15-നാണല്ലൊ, ചത്ത കുതിര ഓടുന്നില്ല... തുടങ്ങിയ എല്ലാര്‍ക്കും അറിയുന്ന കാര്യങ്ങള്‍ പറയുകയോ എഴുതുകയോ ചെയ്യരുത് എന്ന ഭരതന്‍സാറിന്റെ ഉപദേശമോര്‍ത്തിട്ടാണ് തലക്കെട്ടിലെ ബ്രാ-ക്കെട്ട്)

Wednesday, November 28, 2007

നോക്കിയാ മതി, നമുക്ക് കണ്ടുപിടിക്കാം


മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചയാളെ മനസാ ഗുരുവായ് വരിച്ച് അമ്പുകള്‍ എയ്തു വിടുന്ന പോലെ സന്ദേശങ്ങളയക്കുന്ന തലമുറയെ തംബ് ജനറേഷന്‍ എന്നു വിളിച്ചതാരാണാവോ? (റേഷന്‍ കടയില്‍ പോയിട്ടില്ലാത്ത ഒരു ജനറേഷന്‍ എന്നാണ് ഞാനവരെ വിളിക്കുക). ഏകലവ്യന്‍ എങ്ങനെ എസ്സെമ്മെസ് അയക്കുമെന്ന് പണ്ടൊരു നാള്‍ ഈ ബ്ലോഗില്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ചോദിക്കാന്‍ തോന്നുന്നത് മറ്റൊന്നാണ് - കമ്മ്യൂണിക്കേഷന്‍ വിപ്ലവം നമ്മളെ എവിടെ എത്തിച്ചു? (എന്റെ പ്രിയ ലതാഗാനം പോലെ - യെ കഹാം ആ ഗയെ ഹം?)

ചെറിയ ക്ലാസുകളിലെ സയന്‍സ് ടെക്സ്റ്റുകളില്‍ ഒരോ പാഠം കഴിയുമ്പോഴും കുറച്ച് എക്സര്‍സൈസുകളുണ്ടാവും. അതിന്റെ മലയാളം തലക്കെട്ട് എക്സാറ്റ്ലി എങ്ങനെയായിരുന്നുവെന്നത് മറന്നുപോയിരുന്നു. ദേവനെ വിളിച്ച് ഓര്‍മ പുതുക്കി. (അഞ്ചാം ക്ലാ‍സ് വരെ മാത്രമോ മറ്റോ മലയാളം പഠിച്ചിട്ടുള്ള ആ മനുഷ്യനോടുള്ള ബഹുമാനം കൂടി. അവനവനോടുള്ള പുഞ്ഞത്തിന് ബഹുമാനങ്ങളായി). അതെ, നമുക്ക് കണ്ടുപിടിക്കാം.

നിങ്ങളുടെ മൊബൈല്‍ ഫോണെടുക്കുക. മിക്കവാറും അതൊരു നോക്കിയാ ആയിരിക്കുമല്ലൊ (എന്തായാലും മറ്റ് ബ്രാന്‍ഡ് മൊബൈലുകളിലും ഇതുണ്ടാവും). Menu-വില്‍ Log-ഇല്‍ പോവുക. അവിടെ Call duration നോക്കുക. അതില്‍ All calls' duration നോക്കുക. എത്രയുണ്ട്? ക്ലയന്റ് സര്‍വീസിംഗ് രംഗത്ത് പയറ്റുന്ന എന്റെ Nokia 6125-ല്‍ ഈ നിമിഷം വരെ ഞാന്‍ സംസാരിച്ച മൊത്തം കോളുകളുടെ ദൈര്‍ഘ്യം 690 മണിക്കൂര്‍, 17 മിനിറ്റ്, 4 സെക്കന്റ്. വെറും ഒന്നര വര്‍ഷം മാത്രം പഴക്കമുള്ള ഒരു ഫോണാണെന്റേതെന്നോര്‍ക്കണം. (കൃത്യമായിപ്പറഞ്ഞാല്‍ 2006 ജൂണില്‍ വാങ്ങിയത്). അതായത് ഒന്നരക്കൊല്ലത്തിനിടെ 28 ദിവസം മുഴുവന്‍ ഞാന്‍ ഫോണിലായിരുന്നു. (വിളിച്ച കോളുകളുടേയും വന്ന കോളുകളുടേയും ഇനം തിരിച്ചുള്ള കണക്കും കിട്ടും.) ഓഫീസിലെയും വീട്ടിലെയും ലാന്‍ഡ് ഫോണുകളില്‍ സംസാരിച്ചത് വേറെ. കുടുംബം കൂടെയില്ലാത്തവര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വന്തം ബിസിനസ് നടത്തുന്നവര്‍... ഇത്തരക്കാരുടെയെല്ലാം ഫോണുകളില്‍ എന്തായിരിക്കും സ്ഥിതി?

സിനിമാതാരം ജഗതി ശ്രീകുമാറിനും പുഴ ഡോട്ട് കോമിലെ ഐകണൊക്ലാസ്റ്റ് മിറര്‍സ്കാങ്കാരന്‍ ശശിധരന്‍ പി. പോലും അംഗീകരിക്കുന്ന ജേര്‍ണലിസ്റ്റായ വിജു വി. നായര്‍ക്കും മൊബൈല്‍ ഫോണില്ലെന്ന് കേട്ടിരിക്കുന്നു. ശരിയോ എന്തോ? മൊബൈല്‍ ഫോണുകള്‍ക്കിടയില്‍ വെച്ച് മുട്ട പുഴുങ്ങിയ കഥ ഒരിക്കലും ഞാന്‍ വിശ്വസിക്കുകയില്ല. (അതു സംബന്ധിച്ച മേതിലിയന്‍ ലേഖനത്തില്‍ നിന്ന് ഒരു ക്വോട്ടഡ് വാചകം വാചകമേളയിലാക്കി മേതിലിനേയും വായനക്കാരെയും ചവിട്ടിത്തേച്ച കാര്യം വെള്ളെഴുത്ത് എഴുതിയിരുന്നല്ലൊ. അത് മേതിലിനും മറ്റെല്ലാ എഴുത്തുകാര്‍ക്കും പാഠമായിരിക്കട്ടെ. ഓരാ വാചകമെഴുതിയ ശേഷവും രണ്ടു വട്ടം വായിച്ച് സ്വയം എഡിറ്റുക. മറ്റുള്ളവരെ ഉദ്ധരിക്കാതിരിക്കുക. അഥവാ ഉദ്ധരിക്കേണ്ടി വന്നാലും സ്വന്തം വാചകങ്ങളിലാക്കി, വിദഗ്ദമായി എഴുതുക. പണ്ടൊരു റഷ്യന്‍ പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ പ്ലെയിനിറങ്ങിയപ്പോള്‍ പത്രക്കാര്‍ ചോദിച്ചുപോ‍ലും ന്യൂയോര്‍ക്കിലെ ചുവന്ന തെരുവുകളെപ്പറ്റി എന്താ അഭിപ്രായം എന്ന്. തന്ത്രം പിടികിട്ടാതെ പോയ റഷ്യന്‍ പ്രധാനമന്ത്രി തിരിച്ച് ചോദിച്ചത്രെ ‘ന്യൂയോര്‍ക്കില്‍ ചുവന്ന തെരുവുണ്ടോ?’യെന്ന്. പിറ്റേന്ന് പത്രങ്ങള്‍ എന്താണ് വെണ്ടയ്ക്ക നിരത്തിയത്? റഷ്യന്‍ പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ വന്നയുടന്‍ ചുവന്ന തെരുവ് ചോദിച്ചെന്ന്.)

മൊബൈല്‍ ഫോണുകള്‍ക്കിടയില്‍ വെച്ച് മുട്ട പുഴുങ്ങിയ കഥ ഒരിക്കലും ഞാന്‍ വിശ്വസിക്കുകയില്ല. എന്നാല്‍ ‘ഇപ്പോള്‍ ഇവിടെ ജീവിക്കുക’ എന്ന സോര്‍ബ പഠിപ്പിച്ച മന്ത്രം മറന്ന്, സമയത്തെയും ദൂരത്തെയും തോല്‍പ്പിക്കാന്‍ ശ്രമിച്ച് മൊബൈലില്‍ ചെവി ചേര്‍ത്ത്, ഇപ്പോള്‍ ഞാനുള്ള സ്ഥലകാലങ്ങളെ മിസ്സാക്കുന്നത് ഇന്ത്യയിലിരുന്ന് ഒരു കുഞ്ഞുണ്ടാക്കാമെന്നോര്‍ത്ത് ഒരു കോഴിയിട്ട മുട്ടയെ സമയദൂരങ്ങള്‍ക്കകലെയിരുന്ന് ഞാന്‍ പൊരിച്ചു തിന്നുന്ന പൊലെയാണ്. നോക്കിയാ മതി, നമുക്ക് കണ്ടുപഠിക്കാം.

Tuesday, November 20, 2007

അതിജീവനകല



പ്രാണായാ‍മത്തെ പാക്കറ്റിലാക്കി ബ്രാന്‍ഡ് ചെയ്ത് ലേബലൊട്ടിച്ചതാണ് ആര്‍ട്ട് ഓഫ് ലിവിംഗ് എന്നൊരു ആരോപണമുണ്ടല്ലൊ. രണ്ടും പരീക്ഷിക്കാത്തതുകൊണ്ട് ശരിയോ എന്നറിയില്ല. ഇനി അങ്ങനെ പറഞ്ഞിട്ടുതന്നെയാണൊ രവിശങ്കര്‍ അത് പ്രചരിപ്പിക്കുന്നതെന്നും അറിയില്ല. 'ശ്രീ ശ്രീ' എന്ന് എന്തിനാണ് ആവര്‍ത്തനദോഷം എന്ന് ചോദിച്ചാല്‍ അതും അറിയില്ല. സാധാരണക്കാരേക്കാള്‍ ശ്രീ കൂടിയ ആളാണെന്ന് കരുതിയിട്ടാവുമോ സഞ്ജയന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ വെടീം വെച്ചിട്ട് ഈ 'ട്ടോ' പറച്ചില്‍? ഒരു വിഐപിയ്ക്ക് കത്തെഴുതിയപ്പോള്‍ അര്‍ത്ഥമറിയാതെ അങ്ങേരുടെ പേരിന്റെ മുന്നില്‍ 'സര്‍വശ്രീ' എന്നു കാച്ചിയ ഒരു വിദ്വാനെ അറിയാം. (മിസ്റ്ററിന്റെ പ്ലൂരലായ മെസ്സേഴ്സിന് പകരം ഉപയോഗിക്കാവുന്ന പ്രയോഗം മാത്രമല്ലേ 'സര്‍വശ്രീ'? മെസ്സേഴ്സ് റെക്കിറ്റ് & കോള്‍മാന്‍, മെസ്സേഴ്സ് ഉപ്പുകണ്ടം ബ്രദേഴ്സ്, M/s Menon & Sons എന്നെല്ലാം പറയുന്നത് ശരി. എന്നാല്‍ എല്ലാ കമ്പനികളുടെ പേരിനു മുമ്പിലും M/s എന്നു ചേര്‍ക്കുന്നത് തെറ്റല്ലേ? ആള്‍നാമങ്ങളെ കമ്പനിപ്പേരുകളാക്കിയിരുന്ന കാലത്തെ ശീലത്തെ പുതുയുഗത്തിലേയ്ക്ക് വലിച്ചിഴയ്ക്കല്‍? ടൈപ്പ്രൈറ്ററിന്റെ കാലത്തെ cc-യെ (കാര്‍ബണ്‍ കോപ്പി) ഈ-മെയിലിലേയ്ക്ക് എഴുന്നള്ളിച്ച പോലത്തെ അബദ്ധം? അതിജീവനകല (ആര്‍ട്ട് ഓഫ് സര്‍വൈവിംഗ്) എന്ന് പേരിടാവുന്ന ഒരു ബാങ്കോക്ക് മാര്‍ക്കറ്റ് ദൃശ്യം കണ്ടപ്പോള്‍ മനസ്സിലുണ്ടായ ഹൈപ്പര്‍ലിംഗങ്ങളില്‍ ക്ലിക്കുചെയ്തപ്പോള്‍ വന്ന കാര്യങ്ങാളാണിതൊക്കെ.

Saturday, November 17, 2007

സൂപ്പര്‍മാന്റെ ഭൂമിയില്‍ ഹനുമാന്റെ ഉത്സവം



ഉപകാരം ചെയ്തവരെ നമ്മള്‍ ഒന്നുകില്‍ ഉപദ്രവിക്കും, അല്ലെങ്കില്‍ പ്രത്യുപകാരം ചെയ്യും. പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ് രാമായണം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത് (അതാണ് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലിന്റെ ഒറിജിന്‍). ഉപകാരം മറന്ന് ഇന്‍ഡിഫറന്റായിത്തീരുന്ന ബന്ധങ്ങളുമുണ്ട്. വളിവയറന്നായമ്മാരുടെയും മറ്റും ആത്മകഥകളില്‍ കാണുന്ന പോലെ 'ഞങ്ങടെ വടക്കേപ്പുറത്ത് വന്ന് കഞ്ഞിവെള്ളം കുടിച്ചിരുന്നതാ അവന്റെ അമ്മ, ഇപ്പൊ അവനൊക്കെ ആരാ' എന്നിങ്ങനെയുള്ള ഫ്യൂഡലിസ്റ്റിക് നൊസ്റ്റാള്‍ജിയകളെ ഉപകാരവും മനുഷ്യത്വവും കമ്മ്യൂണിസവുമെല്ലാമായി സ്വയം തെറ്റിദ്ധരിക്കുന്ന കടുത്ത രാഷ്ടീയവാദികളുമുണ്ട്. (ഭാഷാപോഷിണികളില്‍ അച്ചടിച്ചുവരുന്ന ആത്മകഥകളിലായിരിക്കില്ല, സവര്‍ണര്‍ മാത്രമുള്ള കള്ളുകുടി ഏമ്പക്കങ്ങളിലും മറ്റുമാണ് ഇത്തരം തേറ്റകള്‍ പുറത്തുകാണുക).

രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം (രാമനെ ദശരഥനായും സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യയായും കരുതുക എന്നതാണ് ഈ വരികളുടെ ഒരര്‍ത്ഥം) - ഇതാണ് രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം എന്നാണ് പന്തിരുകുലകഥ. എന്നാ‍ല്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കഥാസന്ദര്‍ഭം ഇതല്ല. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകവും ഇതാകാന്‍ വഴിയില്ല. സംസ്കൃതമറിയാത്തതുകൊണ്ട് മൂലവും കയ്യില്‍ക്കിട്ടാത്തതുകൊണ്ട് വള്ളത്തോളിന്റെ പരിഭാഷയും വായിച്ചിട്ടിലാത്തതുകൊണ്ട് പ്രത്യുപകാരത്തെപ്പറ്റിയുള്ള ആ കഥാസന്ദര്‍ഭത്തെപ്പറ്റി കേട്ടറിവേയുള്ളു. തനിക്ക് ഏറ്റവുമധികം ഉപകാരങ്ങള്‍ ചെയ്തു തന്ന ഹനുമാനോട് സരയുവിലിറങ്ങി എന്നെന്നേയ്ക്കുമായി മറയുന്നതിനുമുമ്പ് ശ്രീരാമന്‍ പറയുന്ന യാത്രാമൊഴിയാണ് എന്റെ മനസ്സു തൊട്ടത്. 'നിങ്ങളെനിക്ക് ഒരുപാട് ഉപകാരങ്ങള്‍ ചെയ്തു തന്നു. പ്രത്യുപകാരം ചെയ്യാന്‍ എനിക്കൊരു അവസരം കിട്ടാതെ പോകട്ടെ' എന്നാണത്രെ ശ്രീരാമന്‍ ഹനുമാനോട് പറഞ്ഞത്. ആദ്യമായി അമ്മ ഇതു പറഞ്ഞു കേട്ടപ്പോള്‍, ബാലമനസ്സില്‍ അതിന്റെ അര്‍ത്ഥം തെളിഞ്ഞില്ല. പകരമായി എന്നെങ്കിലും ഒരുപകാരം ചെയ്തു തരാമെന്നു പറഞ്ഞാല്‍ എന്നെങ്കിലും നിങ്ങള്‍ക്കതിന്റെ ആവശ്യമുണ്ടാകട്ടെ എന്നും അര്‍ത്ഥമാകുമല്ലൊ. എന്റെ പ്രത്യുപകാരം സ്വീകരിക്കാനും മാത്രം ഒരവസ്ഥ, പരസഹായം വേണ്ടിവരുന്ന ഒരു സന്ദര്‍ഭം... അങ്ങനെ ഒന്നുമുണ്ടാകാത്ത യഥാര്‍ത്ഥ സൌഖ്യമാണ് ശ്രീരാമന്‍ ഹനുമാന് ആശംസിച്ചത്. എന്താണിവിടുത്തെ മൂലശ്ലോകം? എന്തായാലും തായ് ലന്‍ഡിലെ ലോപ്ബുരി (Lopburi) പട്ടണവാസികള്‍ ഈ ശ്ലോകത്തെപ്പറ്റി കേട്ടിട്ടില്ലെന്നു തോന്നുന്നു. അതുകൊണ്ടാണ് എല്ലാ വര്‍ഷവും നവംബര്‍ അവസാനവാരം അവര്‍ ആ പട്ടണത്തില്‍ വസിക്കുന്ന വാനരര്‍ക്ക് വിരുന്നൊരുക്കുന്നത്. (ശ്രീരാമന് വാനരശ്രേഷ്ഠനായ ഹനുമാന്‍ ചെയ്തു കൊടുത്ത ഉപകാരങ്ങളുടെ നന്ദിസൂചകമായിട്ടാണത്രെ ഈ വിരുന്നൂട്ട്). ഈ പട്ടണത്തിനുള്ളില്‍ത്തന്നെ പട്ടണജീവിതത്തോടിണങ്ങി സ്വതന്ത്രജീവിതം നയിക്കുന്ന അറുന്നൂറിലേറെ വാനരര്‍ അക്കാരണംകൊണ്ടു തന്നെ ടൂറിസ്റ്റുകള്‍ക്കും അനിമല്‍ ബിഹേവിയര്‍ സയന്റിസ്റ്റുകള്‍ക്കും കൌതുകമാണെന്നിരിക്കെയാണ് വര്‍ഷാവര്‍ഷമുള്ള ഈ വാനരോത്സവം. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഇതുകാണാന്‍ ലോപ്ബുരിയെലെത്തുന്നത്. മൂവായിരത്തിലധികം കിലോ വരുന്ന പഴങ്ങളും മറ്റുമാണ് ഇവിടെ നഗരചത്വരത്തില്‍ ഇങ്ങനെ കാഴ്ചവെയ്ക്കപ്പെടുന്നത്. കൂടെ നഗരവാസികളായതുകൊണ്ട് ഈ വാനരര്‍ക്ക് പ്രിയം വന്നുപോയ പെപ്സി പോലുള്ള കാന്‍ഡ് പാനീയങ്ങളും. ലോകമെങ്ങും ലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണി കിടക്കുമ്പോഴാണോ ഈ തെമ്മാടിത്തരം എന്ന് ചോദിക്കുന്നവരുണ്ടാകും. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന ചെറുകഥ അവര്‍ക്ക് വായിക്കാന്‍ കൊടുക്കാം. സര്‍പ്പക്കാടിന് തീയിട്ട വൈലോപ്പിള്ളിക്കവിതയെ കവിത എന്ന നിലയില്‍ ഇന്നും വായിക്കാം. എന്നാല്‍ നൂറ്റാണ്ടുകളായിത്തുടരുന്ന പരിസ്ഥിതിപീഡനത്തിലൂടെ നമ്മള്‍ തന്നെ ആ കവിതയുടെ രാഷ്ട്രീയം മാറ്റിയെഴുതി. അന്ധവിശ്വാസത്തിന്റെ വിഷപ്പല്ലുകള്‍ കളഞ്ഞാല്‍ വിഷസര്‍പ്പങ്ങളെയും ജീവിക്കാനനുവദിക്കുന്ന പരിസ്ഥിതിപ്രേമമായി സര്‍പ്പക്കാവുകളെ വായിക്കാം.

ആധുനികമനുഷ്യന്‍ ആര്‍ത്തിമുഴുത്ത് പാര്‍ക്കുന്ന നഗരങ്ങള്‍ക്ക് നടുവിലും അടവിയാണെന്നോര്‍ത്ത് കഴിഞ്ഞോളണമെന്ന് ശ്രീരാമന്‍ ഹനുമാന്റെ പിന്മുറക്കാരെ നിശബ്ദമായി അനുഗ്രഹിച്ചിട്ടുണ്ടാവുമോ?

Friday, November 16, 2007

ആനവാല്‍ മോതിരവും ആനപ്പിണ്ടവും


പി. കുഞ്ഞിരാ‍മന്‍ നായരെ ബാലചന്ദ്രന്‍ ചുള്ളിക്കാട് സവര്‍ണകവി എന്ന് വിളിക്കുന്നതിന് വളരെക്കാലം മുമ്പു തന്നെ ചുള്ളിക്കാടിനുള്ള മറുപടി നല്ല ഒന്നാന്തരം കവിതയില്‍ എഴുതപ്പെട്ടിരുന്നു - ആറ്റൂര്‍ രവിവര്‍മ പി.യെപ്പറ്റി എഴുതിയ മേഘരൂപന്‍ എന്ന കവിതയില്‍.

അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.

കവികളെപ്പറ്റി കവികളെഴുതുന്ന കവിതകളുടെ കൂട്ടത്തിലെ ഏറ്റവും മനോഹരമായ കവിതകളിലൊന്നാണ് മേഘരൂപന്‍. ഇടശ്ശേരിയെപ്പറ്റി സച്ചിയുടേയും എം. ഗോവിന്ദന്റേയും കവിതകളുണ്ട്; എന്നാലും വിഷ്ണുനാരായണന്റെ ‘ഇടശ്ശേരിയുടെ ഓര്‍മ’യാണ് തകര്‍പ്പന്‍. വൈലോപ്പിള്ളിയെപ്പറ്റി ചുള്ളിയുടേയും സച്ചിയുടേയും മാസ്റ്റര്‍പീസുകള്‍ മത്സരിക്കുന്നു. ഏആറിന്റെ മരണത്തില്‍ കുമാരനാശാനെഴുതിയ പ്രരോദനം ആര്‍ക്ക് മറക്കാനാവും? ഇതൊന്നും അറിയാത്ത ആളല്ല ബാലചന്ദ്രന്‍. പിന്നെ ആനവാല്‍ മോതിരം, ആനക്കൊമ്പ് എന്നെല്ലാം പറഞ്ഞാല്‍ ‘അതെല്ലാം സവര്‍ണരുടെ മൃഗയാവിനോദങ്ങളല്ലേ ബാലാ’ എന്ന് സുഹൃത്തായ കേഈയെന്‍ മൊഴിഞ്ഞാലോ എന്ന പേടി കൊണ്ടായിരിക്കും. ഇവര്‍ക്ക് നല്ലത് ആനപ്പിണ്ടമാണ്. ആനയെ കാണാന്‍ പോയ അന്ധന്മാര്‍ ഇവരേക്കാള്‍ എത്രയോ ഭേദം. അന്ധരെ പറഞ്ഞു മനസ്സിലാക്കാം, അന്ധത നടിക്കുന്നവരെയോ?

അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.

Thursday, November 15, 2007

റിച്ചസ്റ്റ് പുവറസ്റ്റ്


ഏറ്റവും വലിയ നേട്ടം ഉണ്ണാനിരിക്കുന്നവര്‍ ഏറ്റവും വലിയ നഷ്ടം സഹിക്കാനും തയ്യാറായിരിക്കും. സ്വന്തം സഹോദരന്റെയൊപ്പമിരുന്ന് ഒന്നൂണു കഴിക്കാന്‍പോലുമാകാത്തതിന്റെ നഷ്ടം. മഹാഭാരതയുദ്ധവും ബാലിസുഗ്രീവയുദ്ധവും നടന്ന നാട്ടില്‍, വിഭീഷണന്റേയും രാവണന്റേയും പ്രമോദ് മഹാജന്റേയും കഥകള്‍ പരിചയമുള്ളവര്‍ക്കിടയില്‍ ഇതൊക്കെത്തന്നെ മഹാകാര്യം. ഏറ്റവും വലിയ നേട്ടം ഉണ്ണാനിരിക്കുന്നവര്‍ ഏറ്റവും വലിയ നഷ്ടം സഹിക്കാനും തയ്യാറായിരിക്കണം.

കഥകളിത്തലയില്‍ ടൈഗര്‍ബാം പുരട്ടുമ്പോള്‍


ഹീറോപ്പേനകൊണ്ട് മാത്രമേ വയലാര്‍ രാമവര്‍മ പാട്ടെഴുതിയിരുന്നുള്ളുവെന്ന് അദ്ദേഹത്തിന്റെ മകന്‍ എഴുതിയിരുന്നോ? എന്നാണോര്‍മ. മേഡിന്‍ ചൈന എന്നു കേട്ടാല്‍ അക്കാലത്ത് ആരും പുച്ഛിച്ചിരുന്നില്ല. കാരണം ചൈനയുടേതായി ഏറെ സാധനങ്ങളൊന്നും അന്ന് ലോകവിപണി പിടിച്ചിരുന്നില്ല. താടിയില്ലാത്ത അപ്പനെ എന്തിന് പേടിക്കണം? ടൈഗര്‍ബാം, ഹീറോപ്പേന, ഗള്‍ഫുകാര് കൊണ്ടുവന്നിരുന്ന, ഒരു കൊല്ലമെങ്കിലും ഈടുനില്‍ക്കുന്ന കനംകുറഞ്ഞ വെളുത്ത സ്ലിപ്പേഴ്സ് (വാറിന്റെ കളറ് പച്ച ഓര്‍ നീല)... തീര്‍ന്നു അക്കാലത്തെ ചൈനീസ് ഡൊമിനേഷന്‍. എന്നാലിന്നോ? പതിനെട്ടുവയസ്സുള്ള ഒരു ചെറുക്കന്റെ വായിലെ ലഡ്ഡുപോലെ ഭൂഗോളം ഇന്ന് ചൈനയുടെ വായില്‍. ഈ ചൈനായുഗത്തില്‍ ഞാനിന്നാള് ദുബായ്പ്പട്ടണം മുയുമന്‍ ഒരു ഹീറോപ്പേനയും തെരഞ്ഞ് നടന്നു. അയ്യോ, പാട്ടെഴുതാനല്ലായേ, വെറുമൊരു നൊസ്റ്റാള്‍ജിയേന്റെ പൊറത്ത്. എല്ലാവന്മാരും 'യിവനാരെടേയ്' എന്ന മട്ടില്‍ തുറിച്ച് നോക്കി. ഒടുക്കം ഒരു ചെറിയ ഗ്രോസറീന്ന് സാധനം കിട്ടി - വെലയോ - ഒരു ഡോളറീത്താഴെ മാത്രം. കൂടുതല്‍ ഡിമാന്‍ഡുള്ള, ലാഭം കിട്ടുന്ന സാധനങ്ങള്‍ ഉണ്ടാ‍ക്കാമെന്നായപ്പോള്‍ ചൈനയിലെ ആ കമ്പനി ഹീറോപ്പേനയെ തഴഞ്ഞതായിരിക്കുമോ? പ്രസിദ്ധമായ പാര്‍ക്കര്‍ 51 എന്ന പേനയെ കോപ്പിയടിച്ചതാണ് ഹീറോപ്പേനയെന്ന് കേട്ടിരുന്നു. ഏതായാലും പാര്‍ക്കറിന്റെ ഉയര്‍ന്നവില കാരണമായിരിക്കാം (അയല്വക്കമായതുകൊണ്ട് ശത്രുവായ) ചൈനീസ് നിര്‍മിതമായിരുന്നിട്ടും ഹീറോവിനെത്തന്നെ വര്‍ഷങ്ങളോളം പഴയ ഗള്‍ഫ് മലയാളികളും മലയാളികളും മുറുകെപ്പിടിച്ചത്.

ഞെട്ടലോടെ അനുഭവിച്ചറിഞ്ഞ ഒരു കാര്യത്തിന് World is Flat എന്ന പുസ്തകത്തില്‍ കണ്ട രണ്ട് നിരീക്ഷണങ്ങളോടുള്ള സാമ്യത്തെപ്പറ്റി പറയാനായിരുന്നു ഈ ഹീറോവര്‍ഷിപ്പ്. ജോലി ചെയ്യുന്ന ദുബായ്ക്കമ്പനി വക ധോ (അറേബ്യന്‍ ചെറുകപ്പല്‍) ക്രൂയിസിലെ പാര്‍ട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും കമ്പനി വക ഒരു സമ്മാനം കിട്ടി - റ്റിപ്പിക്കല്‍ അറബിക് സൂവനീറായ ഒമാനി കഠാര (khanjar). ഒമാന്റെ ദേശീയ ചിഹ്നമായ മനോഹരമായ ഈ കത്തി ഒമാന്റെ ഒരു പരമ്പരാഗത കലാസൃഷ്ടിയാണ്. അതൊരെണ്ണം കാശുകൊടുത്ത് വാങ്ങണമെന്ന് എത്ര നാളായി വിചാരിച്ചതാണെന്ന് വിചാരിച്ചുകൊണ്ട് അവനെ കയ്യിലെടുത്ത് ഓമനിക്കുമ്പോളാണ് ഞെട്ടലോടെ ആ സ്റ്റിക്കര്‍ കണ്ടത് - മേഡിന്‍ ചൈന. പുതുയുഗത്തിലെ ഒരു ബാറ്ററി ടോയ് കാര്‍ ചൈനക്കാരുണ്ടാക്കി വിറ്റാല്‍ മനസ്സിലാക്കാം, എന്നാല്‍ പുളിയിലക്കരമുണ്ടിന്റെ തുമ്പത്ത് മേഡിന്‍ ചൈന കണ്ടാലോ? സത്യത്തില്‍ അതാണ് സംഭവിക്കുന്നത്. ചൈനയെപ്പോലെ ഒരു ചീപ്പ് മാനുഫാക്ചറിംഗ് ബേസ് എന്നു വിളിക്കാവുന്ന രണ്ട് രാജ്യങ്ങളിലെ അനുഭവം തോമസ് ഫ്രീഡ്മാന്‍ മേല്‍പ്പറഞ്ഞ കിത്താബില്‍ വിശദീകരിക്കുന്നുണ്ട്. ഒന്ന് മെക്സിക്കോയില്‍. മെക്സിക്കോയുടെ പേട്രണ്‍ സെയിന്റാണ് the virgin of guadalupe എന്ന കന്യാമറിയം. (കേരളത്തിലെ ഹിന്ദു കുടുംബങ്ങള്‍‍ക്ക് ഭരദേവത/പരദേവതമാരുണ്ട്. ഇത് ഒരു രാജ്യത്തിന് അങ്ങനെ തന്നെ ഒരു പരദേവത!). സ്പെയിനിലെ Extremadura എന്ന പട്ടണം മുതലേ തുടങ്ങുന്നു ഗൌത എന്ന സ്പാനിഷ് വാക്കിന്റെ ഒറിജിന്‍. മലയാളികള്‍ക്ക് മെക്സിക്കോയിലെ ഗൌതലജാറ എന്ന പട്ടണപ്പേര് നിര്‍മല്‍കുമാറിന്റെ കഥകളിലൂടെ പരിചിതം. മെക്സിക്കോ സന്ദര്‍ശിക്കുന്നവര്‍ വാങ്ങുന്ന സൂവനീറാണ് ഈ മാതാവിന്റെ പ്രതിമ. കുറേക്കാലമായി ഈ പ്രതിമകളില്‍ ഭൂരിപക്ഷവും മേഡിന്‍ ചൈന. മെക്സിക്കോയെക്കാള്‍ ചൈനയ്ക്ക് ഭീഷണിയാകേണ്ട ഈജിപ്തിലെ കാര്യമോ - റമസാന്‍ മാസത്തില്‍ ധാരാളമായി വിറ്റുപോകുന്ന ഫവാനീസ് എന്ന റാന്തല്‍ വിളക്കിന് നൂറ്റാണ്ടുകളായി പ്രസിദ്ധമാണ് കെയ്രോ. കെയ്രോയുടെ പാരമ്പര്യത്തിന്റെ ആത്മാവായ ഈ വിളക്കുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറക്കുമതി ചെയ്യപ്പെടുകയാണ് - ചൈനയില്‍ നിന്ന്. ചീപ്പ് ലേബറിന് പേരു കേട്ട മെക്സിക്കൊയേക്കാളും ഈജിപ്തിനേക്കാളും കുറഞ്ഞ ചെലവില്‍ ചൈനയ്ക്കിത് ഉണ്ടാക്കി കപ്പലീക്കേറ്റി എത്തിക്കാ‍നാവുമെന്നര്‍ത്ഥം. ചെറിയ ഇനം മുള അഞ്ചുപത്തെണ്ണം ഒരു കുഞ്ഞുചട്ടിയില്‍ നട്ട് ലക്കി ബാബൂ എന്ന് പേരിട്ട് വില്‍ക്കുന്ന ബുദ്ധിസാമര്‍ത്ഥ്യം മനസ്സിലാക്കാം. ഉത്തരധ്രുവത്തില്‍പ്പോയി ഫ്രിഡ്ജ് വിറ്റാലും മനസ്സിലാക്കാം. എന്നാല്‍ കൊല്ലക്കടയില്‍ സൂചി വില്‍ക്കുന്ന ശേല്ക്ക് വിശാലനെ ഉപമ പഠിപ്പിക്കാന്‍ പോയാലോ? ഇങ്ങനെ പോയാല്‍ നമ്മുടെ കഥകളിത്തലയും ചീനയില്‍ നിന്ന് കപ്പല്‍ കേറി വരുമോ? എങ്കി ഈ ചൈനക്കാരെ പൂവിട്ട് തൊഴണം. കൊല്ലത്തില്‍ ഒരഞ്ച് ടണ്ണെങ്കിലും വാങ്ങാമോ, ഏത് പൂവ്? ജമന്തി, മുല്ല, റോസ്... എങ്കി തോവാളക്കാരേക്കാളും ബെസ്റ്റ് റേറ്റില്‍ അതും അവര് നട്ട് വളര്‍ത്തി എത്തിച്ചുതരും...

ഇങ്ങനെയൊക്കെയാണ് ചൈനാവത്കരണത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ നീളുന്നത്. (ആഗോളവത്കരണം എന്നൊക്കെ ചുമ്മാ പറയുന്നതാ. ഇത് സിമ്പ് ള്‍ ആന്‍ഡ് ഹമ്പ് ള്‍ ചൈനാവത്കരണമാ). കളിപ്പാട്ടങ്ങളിന്മേല്‍ പൂശിയിരിക്കുന്ന ചായങ്ങളില്‍ ഈയമുണ്ടെന്ന കാര്യം പ്രചരിപ്പിച്ചാല്‍ പൂട്ടിച്ചു കളയാവുന്ന മാടക്കടയൊന്നുമല്ല ചൈന. വിലകുറഞ്ഞ സാധനങ്ങള്‍ ചെലവുകുറച്ച് നിര്‍മിക്കുന്നതില്‍ അവര് മിടുക്കന്മാര്‍ തന്നെ. അത് പക്ഷേ ചൈനീസ് വന്മതിലിന്റെ ഒരു കല്ലേ ആവുന്നുള്ളു. വില കൂടിയ, ഗുണനിലവാരമുള്ള സാധനങ്ങളും അവര് ചെലവ് കുറച്ച് ഉണ്ടാക്കും. ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും കണ്‍സര്‍വേറ്റീവ് ആയ കമ്പനികളിലൊന്നായ ബ്രിട്ടീഷ് ഭീമന്‍ റോള്‍സ് റോയ്സിന് പോലും ചൈനയില്‍ വലിയ ഫാക്ടറിയുണ്ട്. (സാന്ദര്‍ഭികമായി പറയട്ടെ - റോള്‍സ് റോയ്സുകാര് കാറ് നിര്‍മാണം എന്നേ നിര്‍ത്തി. വിമാന എഞ്ചിനുകള്‍, ഗ്യാസ് ടര്‍ബൈനുകള്‍ തുടങ്ങിയ മേഖലകളിലാണ് അവരുടെ കോണ്‍സണ്ട്രേഷന്‍. കാറ് ബ്രാന്‍ഡിംഗ് ഉടമസ്സ്ഥത തൊണ്ണൂറുകളില്‍ത്തന്നെ ബീയെംഡബ്ലിയൂവിന്നു വിറ്റു). ഇങ്ങനെ ആഗോളഭീമന്മാര്‍ മുഴുവന്‍ ചൈനയില്‍ ഫാക്ടറിയിടാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

പണ്ട് രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്ന ജപ്പാന്‍, ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മിച്ചിരുന്ന ഉത്പ്പന്നങ്ങളുടേ ക്വാളിറ്റിയെ 'മേഡിന്‍ ജപ്പാന്‍' എന്ന് പരിഹസിച്ച ലോകത്തെക്കൊണ്ട് വൈകാതെ തന്നെ അവര്‍ ടൊയോട്ടകള്‍ ഓടിപ്പിച്ചു, വാക്ക്മാന്‍ കേള്‍പ്പിച്ചു. അതൊന്നും പോരാതെ സോണിയുടെ സ്ഥാപകന്‍ അകിയോ മൊറിറ്റ അങ്ങേരുടെ ആത്മകഥയ്ക്ക് ‘മേഡിന്‍ ജപ്പാന്‍‘ എന്ന് പേരുമിട്ടു. അതുമായിപ്പോലും താരതമ്യം ചെയ്യാനാവാത്ത വിഴുങ്ങലാണ് ചൈന ഇപ്പോള്‍ കാഴ്ചവെയ്ക്കുന്നത്. ഫിന്‍ലന്‍ഡിലെ ഒരു പട്ടണത്തിന്റെ പേരാണ് നോകിയ. നോകിയയുടെ ഉത്ഭവവും അവിടന്നു തന്നെ. ഇതിന്റെ ഏതോ വാലും തുമ്പും അറിഞ്ഞ ജീക്കേ വീരന്മാരായ നമ്മള് മല്ലൂസ് ഇപ്പളും നോകിയ വാങ്ങുമ്പൊ പറയും ‘മേഡിന്‍ ഫിന്‍ലാന്‍ഡ്’ നോക്കി വാങ്ങാന്‍. ഹൌ, എന്തൊരു ക്വാളിറ്റി കോണ്‍സ്റ്റിപ്പേഷന്‍, എന്തൊരു ജീക്കേ. എന്ത് പൊട്ട സാധനം കണ്ടാലും പുഞ്ഞിക്കും ‘ഓ, ചൈനേടെ ആയിരിക്കും’ എന്ന്. ക്വാളിറ്റി ആവശ്യമുള്ളവര്‍ക്ക് അവര് ക്വാളിറ്റി കൊടുക്കും. അല്ലാത്തവര്‍ക്ക് അതും. (ക്വാളിറ്റി കോണ്‍ഷ്യസായ ഫിന്‍ലാന്‍ഡുകാര്‍ മേഡിന്‍ ചൈനീസ് നോകിയകളാണ് ഉപയോഗിക്കുന്നത്). ഈസ്റ്റേണ്‍ മീരാനും വീഗാഡ് ഔസേപ്പും തമിഴ്നാട്ടിലേയ്ക്കും ആന്ധ്രയിലേക്കും ഫാക്ടറികള്‍ മാറ്റിയപോലെ ഒരു നാള്‍ ടൈഗര്‍ബാംകാര് പറയും ഇപ്പഴത്തേനേക്കാള്‍ ചെലവുകുറച്ച് അമൃതാഞ്ജന്‍ അവര് കുപ്പിയിലാക്കിത്തരാം എന്ന്. മേഡിന്‍ ചൈനീസ് കഥകളിത്തലകള്‍ക്ക് വേദനിക്കുമ്പൊ ആ ടൈഗറാഞ്ജനും പെരട്ടി നമ്മള്‍ ഇരിക്കുമോ? പൂവച്ചല്‍ ഖാദറും ഹീറോപ്പേന കൊണ്ട് മാത്രമേ പാട്ടെഴുതിയിട്ടൊള്ളോ? നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍... എന്ന കവിത ഡെങ്ങ് സിയാവോ പിങ്ങിനെയോര്‍ത്താണോ ഖാദറിക്ക എഴുതിയത്?

Wednesday, November 14, 2007

ചെയര്‍മാന്‍ മാവോ മൂന്നാറില്‍

നളചരിതം മൂന്നാര്‍ ദിവസത്തിലെ അച്യുതാനന്ദനെ എല്ലാം തച്ചുടച്ച സാംസ്കാരിക വിപ്ലവക്കാലത്തെ മാവോവിനോടാണത്രെ എറണാകുളത്തെ ഒരു സൈക്കോളജിസ്റ്റ് ഉപമിച്ചത്. എങ്കില്‍ പിണറായി സഖാവിനെ ഡെങ്ങ് സിയാവോപിങ്ങിനോടുപമിക്കാം. “പൂച്ച കറുത്തതാണോ വെളുത്തതാണൊ എന്നൊന്നും നോക്കണ്ട, എലിയെപ്പിടിക്കുമോ എന്ന് നോക്കിയാല്‍ മതി” “To get rich is glorious" ഇതൊന്നും പിണറായി പറഞ്ഞതല്ല, സഖാവ് ഡെങ്ങ് പറഞ്ഞതാണ്. ഡെങ്ങും മാവോയും ഒരേ സമയത്ത് അധികാരം കയ്യാളിയില്ല എന്നതാണ് പ്രധാന വ്യത്യാസം. അതൊരു വ്യത്യസം തന്നെയാണേയ്.

Tuesday, November 13, 2007

കൊടുംകാടോ മരുഭൂമിയോ?


22 വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടണോ
83 വയസ്സില്‍ നിത്യകന്യകയായി മരിയ്ക്കണോ?

Wednesday, November 7, 2007

ജീവിതം നക്കിയ നായേടെ കാര്യം


ആ നായേ അതീപ്പിന്നെ അതിന്റെ ഭാര്യ തൊട്ടിട്ടേയില്ല.

അതിന്റെ കാലാണ് വെന്തെന്ന് നിങ്ങള്‍ കേട്ടത്.

Tuesday, November 6, 2007

കാര്‍ വാഷ്


വാഷ്-ചെയ്ത-കാറ്-പോലെ
പാട്ടു-കേട്ട-മനസ്സ്
കുഞ്ഞു-പൊടി-ക്കാറ്റ്-മതി
എന്ത്-കെട്ട-മനസ്സ്

Sunday, November 4, 2007

മുള്ളന്‍പന്നിയുടെ പ്രേമം


ഞാന്‍
ഇലയും
നീ
മുള്ളുമായിരുന്നെങ്കില്‍
ഭയാശങ്കകളേതുമില്ലാതെ
എനിക്ക്
നിന്നെ
പ്രേമിക്കാമായിരുന്നു.
നിര്‍ഭാഗ്യവശാല്‍
നമ്മുടെ കഥയില്‍
നീ
ഇലയും
ഞാന്‍
മുള്ളുമാണ്.
അതുകൊണ്ട്
ഇതാ
എന്റെ
പ്രേമം
ഒരു മൃഗശാലയില്‍പ്പോലും
കാഴ്ചയാക്കപ്പെടാതെ
ഒരു കാട്ടുപൂവിന്റെ
മണം പോലെ.

Saturday, November 3, 2007

ഈ ഭൂമിയുടെ ഒരു കാര്യം


തൊഴിലില്ലാത്ത മുഴുക്കുടിയന്‍ ഭര്‍ത്താവ്. ആരോഗ്യവും സൌന്ദര്യവുമുള്ള ഭാര്യ. അങ്ങനെ സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. ഭൂമിയില്‍ ഇതിനെയും മനുഷ്യര്‍ ജീവിതമെന്നു വിളിക്കുന്നു.

Friday, November 2, 2007

ചീനക്കാര്യം


ഭൂമി ഒരുപ്പുമാങ്ങ - ചീനഭരണിയില്‍ താമസം.
അല്ലല്ല, ഭൂമിക്ക് ജീവനുണ്ട്.
എങ്കി ഭൂമി പിടയ്ക്കുന്ന ഒരു തിരുത - ചീനവലയിലാ പിടപ്പ്.
ചുമ്മാതിരി മിസ്റ്റര്‍, ഭൂമിയെ തൊട്ടാല്‍ പോള്ളും.
ശരിയാ, അതാ പൊരിയുന്നു ഒരു കൊണ്ടാട്ടമുളകായ് ചീനച്ചട്ടിയില്‍.

Thursday, November 1, 2007

ശിക്ഷയും കുറ്റവും


മനുഷ്യര്‍ക്ക് പലപ്പോഴും കുറ്റം ചെയ്യുന്നതിനു മുമ്പേ ശിക്ഷ ലഭിക്കുന്നു (ഒരു കാലത്ത് റഷ്യയും അമേരിക്കയും അവരുടെ കോള്‍ഡ് വാറും ആയുധക്കച്ചവടവും ഘോഷിച്ച താഴ്വരയായിരുന്നു അഫ്ഗാനിസ്ഥാന്‍. അവിടന്ന് ഒരു നൂറ് ബിന്‍ ലാദന്മാര്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ) അവര്‍ പിന്നീട് കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. പിന്നെയും ശിക്ഷ ലഭിക്കുന്നു. അങ്ങനെ ജീവിതം അനീതിയും നീതിയില്ലായ്മയും ചേര്‍ന്നുള്ള സീസാകളിയാവുന്നു. ശിക്ഷ തരുന്നത് ഭരണകൂടമോ നിയമവ്യവസ്ഥയോ സമൂഹമോ ആവണമെന്നില്ല (ഉദാഹരണത്തിന് ഗവണ്മെന്റ് തരുന്ന ശിക്ഷയേക്കാള്‍ തീവ്രമായിരിക്കും ഏറ്റവും അടുത്ത ഒരു വ്യക്തി തരുന്ന ചെറിയ വേദനിപ്പിക്കല്‍ പോലും). ശിക്ഷ ഏറ്റുവാങ്ങുന്നത് വ്യക്തിയെന്ന നിലയില്‍ മാ‍ത്രം ആ‍വണമെന്നുമില്ല (ഒരു സദ്ദാം കൊല്ലപ്പെടുമ്പോള്‍ ഒരു സമൂഹം മുഴുവന്‍ അതനുഭവിക്കുന്നു). പാപം ചെയ്യാത്തവര്‍ക്കുപോലും കല്ലെറിയാന്‍ യോഗ്യതയില്ലെന്നിരിക്കെ പാപം ചെയ്തവരും ചെയ്യാത്തവരും എറിഞ്ഞ മിസൈലുകളാല്‍ മഗ്ദലനയിലെ മറിയം (ഭുമീദേവി) പിന്നെയും പിന്നെയും ചാവുന്നു.

Wednesday, October 31, 2007

രത്നാകരന്‍ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടോ?



സീന്‍ 1: എണ്‍പതുകളുടെ അവസാനം. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റി നടത്തുന്ന സിനിമാ ക്യാമ്പില്‍ ഛായാഗ്രാഹകന്‍ സണ്ണി ജോസഫിന്റെ ക്ലാസ്. ഒരു കുട്ടി വാട്ടര്‍ട്ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒരു ഫോട്ടോയുടെ പേപ്പര്‍ കട്ടിംഗ് കാണിച്ച് അതിനെ അടിസ്ഥാനമാക്കി രണ്ടു മിനിറ്റുള്ള ഒരു സിനിമയുടെ തിരക്കഥയെഴുതാന്‍ എക്സര്‍സൈസ് ഇട്ടു കൊടുക്കുന്ന സണ്ണി ജോസഫ്. തിരക്കഥയെഴുതുന്ന ക്യാമ്പംഗങ്ങള്‍. കട്ട് ടു ബ്ലോഗന്നൂര്‍ 2007.

സീന്‍ 2: കിക്കോഫിന് തൊട്ടുമുമ്പുള്ള ഒരു ഫുട്ബോള്‍ ഗ്രൌണ്ട്. ഗാലറികള്‍ ആര്‍ത്തിരമ്പുന്നു. ഭാവനയും അനുഭവവുമാണ് ഇവിടെ മാറ്റുരയ്ക്കുന്ന ടീമുകള്‍. വൈക്കം മുഹമ്മദ് ബഷീറാണ് അനുഭവം ടീമിന്റെ ക്യാപ്റ്റന്‍.  എംടി, കോവിലന്‍... അങ്ങനെ ചില ടീമംഗങ്ങളെ തിരിച്ചറിയാനാവുന്നുണ്ട്. ഭാവനയുടെ ക്യാപ്റ്റന്‍ വി. കെ. എന്‍. പ്രധാന താരങ്ങള്‍ തകഴി, സേതു, എന്‍. എസ്. .മാധവന്‍, സക്കറിയ, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍. കട്ട് ടു ബ്ലോഗന്നൂര്‍ 2007.

മലയാളത്തില്‍ വായിച്ച ഏറ്റവും നല്ല സാഹിത്യപഠനങ്ങളിലൊന്ന് ഒരനുസ്മരണലേഖനമാണ് - വി.കെ.എന്‍. മരിച്ചതിന്റെ പിറ്റേമാസം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച എന്‍. എസ്. മാധവന്റെ ലേഖനം. ആധുനിക മലയാള സാഹിത്യത്തിന് വി.കെ.എന്‍ നല്‍കിയ പ്രധാന സംഭാവനയായി ഭാവനയെ പ്രതിഷ്ഠിക്കുകയാണ് ഈ ലേഖനത്തിലൂടെ മാധവന്‍. പിന്നീട് പലപ്പോഴും ആ നിരീക്ഷണം ഓര്‍മയില്‍ വന്നു. അങ്ങനെയാണ് ഭാവനയില്‍ രണ്ട് ഫുട്ബോള്‍ ടീമുകള്‍ പിറവിയെടുക്കുന്നത്. ഇതു രണ്ടും വാ‍ട്ടര്‍ടൈറ്റ് കമ്പാര്‍ട്ടുമെന്റുകളല്ലെന്ന് ആദ്യമേ പറയട്ടെ. മാധവന്റെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ബഷീര്‍വിമര്‍ശനവും ഇവിടെ ഓര്‍ക്കാം, അതിന് വര്‍ഗീയവിഷം പുരട്ടിയ ചെറിയ മനുഷ്യരേയും. നിന്റെ ഓര്‍മയ്ക്ക് എന്ന കഥയ്ക്ക് പില്‍ക്കാലത്ത് എംടി എഴുതിയ അനുബന്ധക്കുറിപ്പും ഓര്‍ത്തുപോകുന്നു. അതു പ്രകാരം, ആ കഥയില്‍ ഭാവനയുടെ ലവലേശമില്ലെന്ന് പറയണം - മനോഹരമായ ആ കഥ ജീവിതത്തില്‍ നിന്ന് അങ്ങന്നെ പകര്‍ത്തിയത്. അതല്ല ഭാവനയുടെ കാര്യം. ഭാവനയുടെ ചക്രവാളത്തിന് അതിരില്ല. സുഭാഷ് ചന്ദ്രന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍’ എന്ന കഥ നോക്കൂ - ഡച്ച് കലാമാന്ത്രികന്‍ വാങ്ഗോഗിന്റെ വിഖ്യാതമായ potato eaters എന്ന പെയ്‌ന്റിംഗില്‍ കണ്ണും നട്ടിരുന്ന സുഭാഷിന്റെ ഭാവന പറന്ന ആകാശദൂരമാണ് ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന ഹോണ്ടിംഗ് ചെറുകഥയായി നാമനുഭവിച്ചത് (ടീയാര്‍ ‘ചിത്രകലയും ചെറുകഥയും’ എന്ന പുസ്തകമെഴുതുമ്പോള്‍ സുഭാഷ് കഥയെഴുതിത്തുടങ്ങിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ടീയാര്‍ ഈ കഥയെപ്പറ്റി എന്തെഴുതിയേനെ?)

രത്നാകരന്‍ എന്ന വേട്ടക്കാരന് മാനാസാന്തരം വന്ന് തപസ്സിരുന്നു. അയാളെ ഒരു ചിതല്‍പ്പുറ്റ് വിഴുങ്ങി. ഒടുവില്‍ മനസ്സ് തെളിഞ്ഞ് പുറത്തു വന്നയാളാണ് വാത്മീകി എന്നാണ് കഥ. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ കടലിന്നിന്നടില്‍ പാലം പോലെ ഒരു സാധനമുണ്ടെന്ന് ആരെങ്കിലും വാത്മീകിയോട് പറഞ്ഞുകാണുമോ? അതിന്റെ പുറത്ത് തീര്‍ത്തും ഭാവനയില്‍ ഒരു കഥ മെനഞ്ഞതായിരിക്കുമോ ആദികവി? ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ്, പ്രവാസം, 10 തലകളുള്ള വില്ലന്‍, വിമാനത്തില്‍ വന്നിറങ്ങുന്ന മുനി, പരസ്പരം കാലു വാരുന്ന സഹോദരന്മാര്‍... ചിതല്‍പ്പുറ്റിനുള്ളിലിരുന്ന് സാന്ദ്രീകൃതമായ ഭാവനയ്ക്ക് എന്തു തന്നെ സാധ്യമല്ല!

പൊട്ടറ്റോ തിന്നുന്ന യൂറോപ്യന്‍സിനെ കണ്ടിരുന്നെങ്കി രത്നാകരന്‍ ഒരു ചെറുകഥയെഴുതിയേനെ. ഒരു കടല്‍പ്പാലത്തെ ചെറുകഥയിലൊതുക്കുന്നതെങ്ങനെ? അത് ഇതിഹാസമായി. (ഈ ഫോര്‍മേഷനെ ആദാമിന്റെ പാലം എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടൊ എന്ന് നിരീശ്വരവാദിയായ കരുണാനിധി പറഞ്ഞില്ല).

ഉരുളക്കിഴങ്ങും സവാളയുമെല്ലാമുള്ള കാലത്താണോ രത്നാകരന്‍ ജീവിച്ചിരുന്നതെന്നതിന് തെളിവില്ല. എന്തായാലും ഒരുപാട് ഫലമൂലങ്ങളെപ്പറ്റി രാമയാണത്തില്‍ പറയുന്നു. പോരാതെ ഒരു രസികന്‍ വരത്തെപ്പറ്റിയും. സീതാന്വേഷണത്തിന് സഹായിച്ചതിന്റെ പ്രത്യുപകാരാര്‍ത്ഥം ‘പക്വഫലങ്ങള്‍ കപികള്‍ ഭക്ഷിക്കുമ്പോളൊക്കെ മധുരമാക്കി ചമച്ചീടുക’ എന്നൊരു വരം കുരങ്ങുകള്‍ക്ക് ലഭിക്കുന്നു. അതായത് കുരങ്ങന്മാര്‍ ഏത് പഴുത്ത പഴം തിന്നാലും അത് മധുരമായിരിക്കുമെന്ന്!).

കരുണാനിധി പറഞ്ഞത് ശരിയാണെന്ന് വരുമോ? നമ്മുടെയെല്ലാം ജീവിതത്തേക്കാള്‍ വലിയ കെട്ടുകഥയായിരിക്കുമോ രാമായണം?

Tuesday, October 30, 2007

ബലാത്സംഗം - ഒരാകാശച്ചിത്രം



പെരിയാറിനെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന ഒരു സങ്കടം കാട്ടിത്തരാം. വെമ്പനാട്ട് കായലിലേയ്ക്ക് പോകുന്ന പെരിയാറിന്റെ രണ്ട് കൈവഴികള്‍ ചേരുന്നിടത്ത് വിചിത്രമായ ഒരു കടത്തുണ്ടായിരുന്നു - രണ്ട് ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന മൂന്ന് കടവുകള്‍. ഏലൂര്‍, ചേരാനെല്ലൂര്‍, വരാപ്പുഴ എന്നിവയാണ് കടവുകള്‍. വരാപ്പുഴ പാലം വന്നപ്പോള്‍ ചേരാനെല്ലൂര്ന്ന് വരാപ്പുഴയ്ക്കുള്ള ഫെറി അപ്രസക്തമായി. അടുത്ത കാലം വരെ മൂന്ന് കടവുകള്‍ക്കിടയില്‍ ചുറ്റിക്കൊണ്ടിരിക്കുന്ന രണ്ട് ബോട്ടുകളായിരുന്നു തിരക്കേറിയ ഈ ത്രികോണഫെറിയില്‍. ഇപ്പോളത് ഏലൂര്‍-വരാപ്പുഴ ഫെറിയും വരാപ്പുഴ-ഏലൂര്‍ ഫെറിയുമായി. കടവുകള്‍ മൂന്നു തന്നെ, പക്ഷേ കടത്ത് മൂന്നിനേയും ബന്ധിപ്പിക്കുന്നില്ല. ഇതാ ആ കടവിന്റെ ഗൂഗ്ഗ് ള്‍ എര്‍ത്ത് ചിത്രം. കുറേ നാള്‍ മുമ്പ് എടുത്തതാണ്. ഇടത്ത് കാണുന്നത് വരാപ്പുഴക്കര. വലത്തേപ്പുഴയുടെ മുകളില്‍ ഏലൂര്‍, താഴെ ചേരാനെല്ലൂര്‍. (എന്റെ ചേരാനെല്ലൂര്‍ കര്‍ത്താവേ എന്ന് മാധവന്‍ ഒരു എറണാകുളം കഥയില്‍. ചേരാനെല്ലൂര്‍ കര്‍ത്താക്കന്മാര്‍ക്കായിരുന്നു പണ്ട് എറണാകുളം നഗരഭരണം). വെളുത്ത വര ഇടപ്പള്ളീന്ന് മംഗലാപുരം വരെ (തിരിച്ചും!) പോകുന്ന തീരദേശ ഹൈവേ - എന്നെച്ച് 17. (ഗൂഗ് ള്‍ എര്‍ത്തില്‍ verapoli എന്ന വരാപ്പുഴ മാര്‍ക്ക് ചെയ്തിരിക്കുന്നത് ഏലൂരിന്റെ മേല്‍. അത് തെറ്റാണ്).

വലത്തേപ്പുഴയിലൂടെ മാലിന്യം കലരുന്നത് കണ്ടോ? ഫാക്റ്റ്, ടിസിസി, എച്ചൈയെല്‍ തുടങ്ങിയ കമ്പനികള്‍ തുപ്പുന്ന വിഷമാണ് ഈ നിറമാറ്റത്തിന് കാരണം. അറിയാമോ, രണ്ട് നൈലുണ്ട് - നീല നൈലും വെള്ള നൈലും. രണ്ടും ചേരുന്നത് സുഡാന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ വെച്ച്. പിന്നെയാണ് ഈജിപ്തിലോട്ട് കടക്കുന്നത് (നൈല്‍ നദിയുടെ ദാനം - ഓര്‍മയില്ലെ പഠിച്ചത്). ചേര്‍ന്നിട്ടും കുറേ നേരം പുഴയില്‍ നീലയുടെ അംശമുണ്ട്. അതുപോലെയാണ് ഇവിടെയും. ഇത് അവസാനം ഹൈക്കോടതിയുടെ സൈഡീക്കൂടെ ചെന്ന് വെമ്പനാട്ട് കായലിലും ഉടന്‍ തന്നെ കടലിലും ചേരുന്നു. അതുകൊണ്ട് ഈ മാലിന്യം അറബിക്കടലില്‍ എവിടന്ന് പിടിക്കുന്ന മത്തി തിന്നുന്ന എല്ലാര്‍ക്കും ബാധകം. ഓട്ടുകമ്പനി വേണ്ടായേ, കവിത മതിയേ...

Monday, October 29, 2007

ഷട്ടപ്പ് ഇഫ് യൂവാറിന്‍ ഡീപ് ഷിറ്റ്


ഇ-മെയിലില്‍ വന്ന ഒരു കഥയുടെ പരിഭാഷ:

മാറ്റത്തിനു മാത്രം മാറ്റമില്ല. കോര്‍പ്പറേറ്റ്‌ ലോകത്തെ മാറ്റങ്ങള്‍ അതിജീവിക്കാന്‍ സഹായിക്കുന്ന 3 പാഠങ്ങള്‍ ഇതാ.

പാഠം 1

ഒരു കാക്ക ജോലിയൊന്നും ചെയ്യാതെ ഒരു ദിവസം മുഴുവന്‍ അങ്ങനെ ഇരിക്കുകയായിരുന്നു. ഒരു മുയല്‍ക്കുഞ്ഞ്‌ ഇതു കണ്ട്‌ കാക്കയോട്‌ ചോദിച്ചു -

ഞാനും ഇതുപോലെ ദിവസം മുഴുവന്‍ ഒരു ജോലിയും ചെയ്യാതെ അങ്ങനെ ഇരുന്നാലോ. ഓ, അതിനെന്താ, ഇരുന്നോളൂ എന്നായിരുന്നു കാക്കയുടെ ഉത്തരം. ഇതു കേട്ട മുയല്‍ കാക്കയിരുന്ന മരത്തിനു താഴെ കാക്കയെപ്പോലെ തന്നെ ജോലിയൊന്നും ചെയ്യാതെ അങ്ങനെ ഇരുന്നു.

പെട്ടെന്ന്‌ എങ്ങുനിന്നോ ഒരു കുറുക്കന്‍ കടന്നുവന്ന്‌ ആ മുയലിനെ ശാപ്പിട്ടു.

ഗുണപാഠം - ജോലിയൊന്നും ചെയ്യാതെ അങ്ങനെ വെറുതെ ഇരിക്കണമെങ്കില്‍ നല്ല ഉയരത്തിലായിരിക്കണം നിങ്ങളുടെ ഇരിപ്പ്‌.

പാഠം 2

എനിക്കും ആ മരത്തില്‍ കയറിയാല്‍ക്കൊള്ളാമെന്നുണ്ട്‌. പക്ഷേ, അതിനുള്ള ഊര്‍ജമില്ല, ഇതായിരുന്നു ഒരു ടര്‍ക്കിക്കോഴിയുടെ ദീര്‍ഘനിശ്വാസം.

ഇതുകേട്ട ഒരു കാളക്കൂറ്റന്‍ ടര്‍ക്കിയെ ഇങ്ങനെ ഉപദേശിച്ചു - നീയെന്റെ ചാണകം കുറച്ച്‌ ശാപ്പിട്‌. നല്ല പോഷകസമൃദ്ധമാ എന്റെ ചാണകം. ഇതനുസരിച്ച്‌ ആ ടര്‍ക്കി ഒരു കൊക്ക്‌ ചാണകം കൊത്തിയെടുത്ത്‌ വിഴുങ്ങി. മരത്തിന്റെ ഒന്നാമത്തെ കൊമ്പിലെത്താന്‍ അത്‌ ടര്‍ക്കിയെ സഹായിച്ചു. പിറ്റേന്ന്‌ കൂടുതല്‍ ചാണകം ശാപ്പിട്ട ടര്‍ക്കി രണ്ടാമത്തെ കൊമ്പിലുമെത്തി. ഒടുവില്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അവന്‍ മരത്തിന്റെ തുന്നാടിത്തലപ്പത്തുമെത്തി. പക്ഷേ കഷ്ടം, വൈകാതെ തന്നെ ഒരു കൃഷിക്കാരന്‍ ദൂരെ നിന്നുതന്നെ അവനെ കണ്ട്‌ അവനെ വെടിവെച്ചിട്ടു.

ഗുണപാഠം - ബുള്‍ഷിറ്റ്‌ നിങ്ങളെ ഉയരത്തിലെത്തിക്കും. പക്ഷേ അത്‌ നിങ്ങളെ അവിടെ ഇരുത്തുകയില്ല.

പാഠം 3

മഞ്ഞുകാലം ഒഴിവാക്കാന്‍ ഒരു കുഞ്ഞിപ്പക്ഷി തെക്കോട്ട്‌ പറക്കുകയായിരുന്നു. തണുപ്പ്‌ അധികമായി കിളിക്കുഞ്ഞ്‌ താഴെ വീണു. അതങ്ങനെ അവിടെ കിടക്കുമ്പോള്‍ ഒരു പശു വന്ന്‌ അതിന്റെ മേല്‍ ചാണകമിട്ടു. ആ ചാണകത്തില്‍ പുതഞ്ഞ്‌ അങ്ങനെ കിടക്കുമ്പോള്‍ ആ ചൂട്‌ കൊള്ളാമല്ലോ എന്നാണ്‌ കിളി വിചാരിച്ചത്‌. അതങ്ങനെ സുഖമായി അവിടെത്തന്നെ കിടന്ന്‌ സന്തോഷത്താല്‍ ഒരു പാട്ടു പാടാന്‍ തുടങ്ങി. ഇതു കേട്ട്‌ അതിലേപോയ പൂച്ച കാര്യമെന്താണെന്നന്വേഷിക്കാന്‍ വന്നു. പാട്ടുവരുന്ന വഴി നോക്കി നോക്കി ചാണകത്തിന്റെ കീഴില്‍ അത്‌ കിളിക്കുഞ്ഞിനെ കണ്ടുപിടിച്ചു. ചാണകം നീക്കി അതിനെ ശാപ്പിടുകയും ചെയ്തു.

ഗുണപാഠങ്ങള്‍

1) നിങ്ങളുടേ ദേഹത്ത്‌ ഷിറ്റ്‌ ഇടുന്നവരെല്ലാം നിങ്ങളുടെ ശത്രുക്കളല്ല.

2) ഷിറ്റില്‍ നിന്ന്‌ നിങ്ങളെ പുറത്തെടുക്കുന്നവരെല്ലാം നിങ്ങളുടെ സുഹൃത്തുക്കളുമല്ല.

3) ഡീപ്‌ ഷിറ്റിലായിരിക്കുമ്പോള്‍ വായ അടച്ചുപിടിയ്ക്കുക.

Sunday, October 28, 2007

മൂര്‍ഖനെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍


ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍... എന്ന് തുടങ്ങുന്ന പഴഞ്ചൊല്ല് ആദ്യം കേട്ടത് കുട്ടിക്കാലത്ത് എപ്പളോ ആയിരിക്കും. ചെറിയ കുട്ടികളോട് സംസാരിക്കുമ്പോള്‍ ആരും പഴഞ്ചൊല്ലുകള്‍ പറയുന്ന ശീലമില്ല. അതുകൊണ്ട് മുതിര്‍ന്നവര്‍ തമ്മിലുള്ള സംസാരങ്ങളില്‍ നിന്ന് വീണുകിട്ടുന്ന പഴഞ്ചൊല്ലുകളായിരിക്കും കുട്ടിയായിരുന്നപ്പോള്‍ കേട്ടു തുടങ്ങിയത്. ഈ പഴഞ്ചൊല്ല് പല വട്ടം കേട്ടു. അതിന്റെ രണ്ടാം പകുതി അന്നൊന്നും ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. ഒന്നാം പകുതി (ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍) തന്നിരുന്ന അത്ഭുതത്തില്‍ മുങ്ങിപ്പോയതുകൊണ്ടാണ് രണ്ടാം പകുതി (നടുക്കണ്ടം തിന്നണം) ശ്രദ്ധിക്കാതിരുന്നതെന്ന് ഇപ്പോള്‍ തോന്നുന്നു. ചേരയെ തിന്നുകയോ? ഭയം, അറപ്പ്... അങ്ങനെയുള്ള പല നെഗറ്റീവ് വികാരങ്ങളും പത്തി വിടര്‍ത്തിയാടി. നീര്‍ക്കോലി കടിച്ചാലും ഡിന്നര്‍ മുടങ്ങും എന്ന ചൊല്ലും അന്നേ കേട്ടിരുന്നു. എങ്കില്‍ ചേരയ്ക്ക് ബ്രേക്ക്ഫാസ്റ്റെങ്കിലും മുടക്കാനാവും എന്നാണോര്‍ത്തിട്ടുണ്ടാവുക. പോരാത്തതിന് മൂര്‍ഖന്റെ ഇണ ചേരയാണെന്നൊരു മണ്ടത്തരവും അക്കാലത്ത് വിശ്വസിച്ചിരുന്നു. (ഒരേ കടലിന്റെ കഥ കേട്ടപ്പോള്‍ ആ മണ്ടത്തരമാണ് ശരിയെന്നു തോന്നി - മൂര്‍ഖനെ കിട്ടിയില്ലെങ്കി ഞാഞ്ഞൂളിനേം മതി മനുഷ്യര്‍ക്ക്. ഗതി കെട്ടാല്‍ പുലി ഓമ്ലെറ്റും തിന്നും. താനിരിക്കേണ്ടിടത്ത് നായ ഇരുന്നില്ലെങ്കില്‍ അവിടെ നായച്ചെള്ള് കയറി ഇരിക്കും).

കുറേ നാള്‍ മുമ്പ് ഇവിടത്തെ നൂറിലേറെ പോസ്റ്റുകള്‍ ഒരു പ്രാന്തിന് ഡിലീറ്റു ചെയ്തപ്പോള്‍ 'മഞ്ഞ 'ന'യുടെ ബിസിനസ് സീക്രട്ട്' എന്നൊരു പോസ്റ്റും ഡിലീറ്റായി (കോതമംഗലത്തുകാരുടെ ഭാഷേപ്പറഞ്ഞാല്‍) 'പോയാര്‍ന്നു'. അത് ഗൂഗ് ള്‍ റീഡര്‍ വഴി വീണ്ടെടുത്ത് തന്ന വക്കാരിയുടെ മത്സ്യാവതാ‍രത്തിന് നന്ദി. ആ പോസ്റ്റിന്റെ ആവര്‍ത്തനവിരസം താഴെ. (ഒരു ചേനക്കാര്യം - വൈ മെന്‍സസ് ഈസ് കാള്‍ഡ് ആര്‍ത്തവം ഇന്‍ മലയാളം? ഇറ്റ് ഷുഡ് ബി ആവര്‍ത്തം നൊ, സീരിയസ്ലി). മക്ഡൊണാള്‍ഡ്സിന്റെ മറ്റൊരു ബിസിനസ് സീക്രട്ടിനു കൂടി അടിവരയിടാനാണ് ഈ പോസ്റ്റ്.

ചേരയെ തിന്നുന്നതിന്റെ അറപ്പാണ് ആദ്യം തോന്നിയതെന്ന് പറഞ്ഞല്ലോ. ഇപ്പോള്‍ തോന്നുന്നത് മറ്റൊന്നാണ്, വിശേഷിച്ചും വെള്ളെഴുത്തിന്റെ വെള്ളെഴുത്ത് ബാധിക്കാത്ത പുതുവായനകള്‍ കാണുമ്പൊ. കേരളം ഒരു കണ്‍സ്യൂമറാണ്. അതുകൊണ്ടാണ് തിന്നുന്ന നാട്. മലയാളിക്ക് തിന്നേ ശീലമുള്ളു, തീറ്റിച്ച് ശീലമില്ല (അഴിമതിക്ക് ‘കുംഭകോണം’ എന്നൊരു പര്യായമുണ്ടായതും തീറ്റശീലത്തില്‍ നിന്നു തന്നെ. അറിയാത്തവര്‍ പറയൂ). അതുകൊണ്ട് ’ചേരയെ തിന്നുന്ന’ നാടിനെപ്പറ്റിയേ പാവം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റൂ. എന്നാല്‍ നിങ്ങള്‍ക്ക് തിന്നല്ല തീറ്റിച്ചാണ് ശീലമെങ്കിലോ? നിങ്ങള്‍ ഒരു ഫാസ്റ്റ് ഫുഡ് ചെയിനാണെങ്കിലോ? എങ്കില്‍ ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നിങ്ങള്‍ മൂര്‍ഖനെ പൊരിച്ചു വില്‍ക്കും. കാരണം ചേരയെ തിന്നുന്ന നാട്ടിലെ ജനം മുഴുവന്‍ അതിന്റെ എല്ലാ കഷണങ്ങളും തിന്ന് മടുത്തിട്ടുണ്ടാവുമെന്നും അവര് വറൈറ്റിക്ക് വേണ്ടി കാത്തിരിക്കുകയാവുമെന്നും നിങ്ങള്‍ക്കറിയാം. ഒടുവില്‍ ചേരയെത്തിന്നുന്ന നാട്ടുകാര്‍ മുഴുവന്‍ മൂര്‍ഖനെ തിന്നു തുടങ്ങും. നിങ്ങടെ മാര്‍ക്കറ്റ് ഒരു മാതിരി സാച്വറേറ്റഡ് ആവും. അപ്പ നിങ്ങ എന്തു ചെയ്യും? വീണ്ടും ചേരയെ മാര്‍ക്കറ്റിലിറക്കും. പക്ഷേ പുതിയൊരു വിഭവമായിട്ടായിരിക്കുമെന്നൊരു വ്യത്യാസമുണ്ടാവുമെന്ന് മാത്രം.

മക്ഡൊണാള്‍ഡ്സ് ഇക്കഴിഞ്ഞ റമദാന്‍മാസം അറേബ്യന്‍ മാര്‍ക്കറ്റിലിറക്കിയ ‘ഡേറ്റ് പൈ’ കണ്ടപ്പോള്‍ ഒരിക്കല്‍ക്കൂടി അവരുടെ ബിസിനസ് അക്യുമെനു മുന്നില്‍ തലകുനിച്ചു. കഴിഞ്ഞ രണ്ടാഴ്ച പൂനെയിലായിരുന്നതുകൊണ്ട് ഡേറ്റ് പയ്യിന്റെ സ്വാദ് നോക്കാന്‍ പറ്റിയില്ല. ഇനി ഒരു ദൂസം ഏതായാലും നോക്കണം - ഒരിക്കലവരുടെ ആപ്പ് ള്‍ പൈ സ്വാദ് നോക്കിയതുപോലെ. പൈ (3.14) എപ്പോഴും കോണ്‍സ്റ്റന്റായിരിക്കുമെന്നല്ലേ പഠിച്ചത്? അതങ്ങനെ തന്നെ ഇരിക്കട്ടെ. ആപ്പ് ള്‍ മാറി, ഈന്തപ്പഴം വന്നു. ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍ ചേര ഫ്രയ്യും ചേര പയ്യും ചേര സാമ്പാറും ഉണ്ടാക്കി വില്‍ക്കുക - എന്തൊരു ബിസിനസ് ഇന്നൊവേഷന്‍, എന്തൊരു മാര്‍ക്കറ്റ് അഡാപ്റ്റേഷന്‍!

മഞ്ഞ ‘ന’യുടെ ബിസിനസ് സീക്രട്ട്


മക്ഡൊണാള്‍ഡ്സിനെ മഞ്ഞ ‘ന’ എന്നു വിശേഷിപ്പിച്ചതിന്റെ കോപ്പിറൈറ്റ് നടന്‍ മുരളിക്കാണ് (ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, മനോരമ പത്രത്തിലെ വീക്ക് ലി കോളത്തില്‍). മഞ്ഞ ‘ന’യുടെ ബിസിനസ് സീക്രട്ട് വെളിപ്പെടുത്തിയതിന്റെ കോപ്പിറൈറ്റ് റോബര്‍ട്ട് ടി. കിയൊസാക്കിക്കും (എല്ലാ muddle class (sic and pun intended) മല്ലൂസും 7 പ്രാവശ്യം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട rich dad poor dad എന്ന പുസ്തകത്തില്‍). “ഞാനേത് ബിസിനസ് രംഗത്താണെന്നറിയാമോ?” മക്ഡൊണാള്‍ഡ്സിന്റെ സ്ഥാപകന്‍ റേ ക്രോക്ക് ഒരിക്കല്‍ ഒരു കൂട്ടം എംബിഎ വിദ്യാര്‍ത്ഥികളോട് ചോ‍ദിച്ചു. പിള്ളേര് വിചാരിച്ചു അങ്ങേര് അവരെ പരിഹസിക്കുകയാണെന്ന്. മക്ഡൊണാള്‍ഡ്സ്എന്നാല്‍ ഹാംബര്‍ഗറിന്റെ പര്യായമാണെന്ന് ആര്‍ക്കാണറിയാത്തത്? “അല്ല, റിയല്‍ എസ്റ്റേറ്റാണ് എന്റെ ബിസിനസ്സ്” റേ പറഞ്ഞു. മക്ഡൊണാള്‍ഡ്സിന്റെ ഫ്രാഞ്ചൈസി കൊടുക്കുമ്പോള്‍ ആ ഫ്രാഞ്ചൈസി കണ്ണായ സ്ഥലത്തായിരിക്കണമെന്നതാണ് റേയുടെ ഒന്നാമത്തെ നിബന്ധന. ഫ്രാഞ്ചൈസി എടുക്കുന്ന ആള്‍ ആ ബില്‍ഡിംഗിരിക്കുന്ന സ്ഥലം മക്ഡൊണാള്‍ഡ്സിന്റെ പേര്‍ക്കാക്കുകയും വേണം. ഇങ്ങനെയിപ്പോള്‍ മക്ഡൊണാള്‍ഡ്സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഉടമയായെന്നാണ് കിയൊസാക്കി വിശദീകരിക്കുന്നത്. (കാത്തോലിക് ചര്‍ച്ചിനേക്കാള്‍ എന്നാണ് കിയൊസാക്കി എഴുതിയിരുക്കുന്നത്. അതിലെനിക്ക് വിശ്വാസമില്ല). അമേരിക്കയിലെ പല പ്രധാന കവലകളുടെ മാത്രമല്ല ലോകമെങ്ങുമുള്ള ഒരുപാട് കണ്ണായ സ്ഥലങ്ങളുടെയും ഉടമയാണ് മക്ഡൊണാള്‍ഡ്സ്. കല്ലിനുമുണ്ട് കഥ പറയാന്‍ എന്നു പറഞ്ഞപോലെ ഹാംബര്‍ഗറിനുമുണ്ട് കഥ പറയാന്‍, അല്ലെ?

Saturday, October 27, 2007

ഇനി ഒരു ഇടവേള


ഈ കവിത നിങ്ങള്‍ക്കായ് അവതരിപ്പിച്ചത് ചേനപ്പറമ്പില്‍ ജ്വല്ലേഴ്സ്, യിപ്പീ ജാം, ലക്കി ഓണ്‍ലൈന്‍ ലോട്ടറി, തുമ്പപ്പൂ ഫെയര്‍നെസ് ക്രീം, ശൃംഗാരവര്‍ധിനി ചുണങ്ങുസംഹാരി, മനോഭൂമി ക്ലാസിഫൈഡ്സ്.

ഈ കവിത വായിക്കുന്നവരുടെ പേരുകള്‍ നറുക്കെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം. ഇതോടൊപ്പമുള്ള ഹൈപ്പര്‍ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒരു മിനിറ്റ് മാത്രമെടുക്കുന്ന സര്‍വേയില്‍ പങ്കെടുക്കുക. (നിങ്ങളുടെ പാസ്വേഡ് ഞങ്ങള്‍ കൈമാറ്റം ചെയ്യുന്നതല്ല), അല്ലെങ്കില്‍ ഇതോടൊപ്പമുള്ള കൂപ്പണ്‍ പൂരിപ്പിച്ച് തുമ്പപ്പൂ ഫെയര്‍നെസ് ക്രീമിന്റെ ഒരു ലേബല്‍ സഹിതം അയച്ചു തരിക.

ഒന്നാം സമ്മാനം ഒരു സുമാട്രോ കാര്‍, രണ്ടാം സമ്മാനം അഞ്ചുപേര്‍ക്ക് 10 പവന്‍ വീതം, മൂന്നാം സമ്മാനം 10 പേര്‍ക്ക് ലീലാസ് പവര്‍കട്ട് സ്റ്റബിലൈസര്‍, കൂടാതെ 50 പേര്‍ക്ക് കുതിരവട്ടത്തെ ഡേഞ്ചറസ് അമ്യൂസ്മെന്റ് പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള സൌജന്യ പ്രവേശനപ്പാസുകളും.

ഇനി ഒരു ഇടവേള.

പല്ലിമാ‍ര്‍ക്ക് കൊതുകുതിരി. കൊച്ചിയില്‍ പരീക്ഷിച്ചത്. കൊതുകുകളുടെ ലാര്‍വകളെപ്പോലും കൊല്ലുന്നു. യിപ്പീ ജാം, ബിക്കോസ് മാന്‍ കനോട്ട് ലിവ് ബൈ ബ്രെഡ് എലോണ്‍. ബാഗ്പൈപ്പര്‍ വിളക്കെണ്ണ. തേച്ചുകുളിക്കാനും മുഖം കഴുകാനും പൂസാകാനും വിശേഷപ്പെട്ടത്.

എന്നും രാത്രി നിങ്ങളുടെ ചന്ദ്രാ ടീവിയില്‍ സ്ത്രീ ഒരു കണ്ണീര്‍ക്കണം. കമിംഗ് അപ്. കുവൈറ്റ്നെറ്റ് ഉഗാണ്ടയില്‍ സമ്പ്രേഷണമാരംഭിച്ചതിന്റെ പത്താം വാര്‍ഷിക പരിപാടികള്‍. നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് വിറളി ടെലിവിഷന്‍. ഒരു പിണറായിയുടെ ആത്മാവിഷ്ക്കാരം.

മനോഭൂമിയുടെ വരിക്കാരാവുക. വളച്ചൊടിച്ച വാര്‍ത്തകള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്നു. കൂടാതെ ഇപ്പോള്‍ അഞ്ചുകോടി രൂപയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഇടിവെട്ട് തംബോല. സത്യത്തെ നോക്കി കൊഞ്ഞനം കുത്താന്‍ ഒരസുലഭാവസരം.

ഈ കവിതയിലേയ്ക്ക് വീണ്ടും സ്വാഗതം.

ഈ കവിതയുടെ 10 കോപ്പി എടുത്ത് 10 പേര്‍ക്ക് ഉടന്‍ അയച്ചുകൊടുക്കുക. എങ്കില്‍ ഉദ്ദിഷ്ടകാര്യ സാധ്യം ഉറപ്പ്. തിരുപ്പതിയില്‍ വെച്ച് ഈ കവിത അഞ്ചുപേരെ വായിച്ചു കേള്‍പ്പിച്ച ഒരു അന്ധന് രണ്ടു ദിവസത്തിനകം കാഴ്ച ലഭിച്ചു. ഈ കവിത ഇ-മെയിലാക്കി പതിനഞ്ചുപേര്‍ക്ക് ഫോര്‍വേഡു ചെയ്ത ഒരു പാട്ടുകാരി എലിമിനേഷന്‍ റൌണ്ടിലെ ഡെയ്ഞ്ചറസ് സോണില്‍ നിന്ന് മൂന്നാം തവണയും ഇന്നായി. ഈ കവിത അച്ചടിച്ചു വന്ന പേജ് കീറിയെടുത്ത് അതില്‍ മീന്റെ മുള്ള് ഇട്ട ഒരാള്‍ പേപ്പട്ടിവിഷബാധയാല്‍ മരിച്ചു. ഈ കവിത വന്നയുടെനെ ഡിലീറ്റ് ചെയ്ത ഒരാളുടെ വിന്‍ഡോസ് അങ്ങന്നെ ക്രാഷായിപ്പോയി. വേറൊരുത്തീടെ ഹാര്‍ഡ് ഡിസ്ക്കടിച്ചുപോയി. ഈ കവിത കണ്ടിട്ടും വായിക്കാതെ പോയ ഒരേയൊരു ഭക്തകവിക്ക് അമ്മുമ്മദൈവം ദര്‍ശനം കൊടുത്തില്ല.

ഇനി ഈ കവിതയിലെ ചോദ്യം. ഈ കവിത വായിക്കുമ്പോള്‍ സന്തോഷ് പാലിയുടെ ഷര്‍ട്ടിന്റെ നിറമെന്ത്? നിങ്ങളുടെ ഉത്തരങ്ങള്‍ 5518 ഹച്ച് 9874 ഓറഞ്ച് 9987 ബീയെസ്സെന്നല്‍ എന്നീ നമ്പറുകളില്‍ എസ്സെമ്മെസ്സ് ചെയ്യുക അല്ലെങ്കില്‍ സമ്മാനപ്പോസ്റ്റ്കാര്‍ഡില്‍ മാത്രം അയക്കുക.

ഒരു ഇടവേള കൂടി.

Friday, October 26, 2007

ശുക്ലസഞ്ചി എന്ന മാര്‍ക്കറ്റ് ഇക്കണോമി


കുറേ വാങ്ങലുകാര്‍ക്ക് ഒരു വില്‍പ്പനക്കാരന്‍ മാത്രമുള്ളതിനെ monopoly എന്നു വിളിക്കുമെന്ന് നമുക്കെല്ലാമറിയാം. കേരളത്തില്‍ വൈദ്യുതി കച്ചവടം നടത്തുന്ന കെഎസ്ഈബിയാണ് അധമോദാഹരണം (ഉത്തമന്‍ വല്ലോമുണ്ടോ?). ഇതിന്റെ നേരെ ഓപ്പോസിറ്റ് അവസ്ഥയുമുണ്ട് - കുറേ വില്‍പ്പനക്കാര്‍ക്ക് ഒരു വാങ്ങല്‍കാരന്‍ മാത്രമുള്ള അവസ്ഥ. അതിന്റെ പേര് monopsony. എന്റെ അറിവില്‍ കേരളത്തില്‍ത്തന്നെ അതിനും ഉദാഹരണനുണ്ട്. വയനാട്ടിലെ ചുണ്ടേലിലും മറ്റും സ്ഥിരോത്സാഹികളായ അച്ചായന്മാര്‍ കൃഷി ചെയ്തുണ്ടാക്കുന്ന കൊക്കോ മുഴുവനും വാങ്ങുന്നത് ഒറ്റയൊരാളാണ് - ആഗോളഭീമനായ കാഡ്ബറീസ്.

മൈക്രോസോഫ്റ്റിന്റെ ബണ്ട് ല്‍ കച്ചവടത്തിനെതിരെ യൂറോപ്യന്‍ യൂണിയനില്‍ കേസ് നടക്കുന്നതിനെപ്പറ്റി വായിച്ചപ്പോള്‍ പണ്ടു പഠിച്ച ഈ വാക്കുകള്‍ വീണ്ടും ഓര്‍ത്തു. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കൂടെ വിന്‍ഡോസ് മീഡിയാ പ്ലേയര്‍ കൂടി ചേര്‍ത്ത് (അങ്ങനെ പലതും ചേര്‍ത്ത്) മാര്‍ക്കറ്റിനെ ഒറ്റയ്ക്ക് വിഴുങ്ങാന്‍ ശ്രമിക്കുന്ന മൊണൊപ്പൊളി പൊളിക്കാനായിരുന്നല്ലോ കേസ്. കേസിന്റെ ഏറ്റവും ഒടുവിലത്തെ സ്ഥിതിയെന്താണെന്നറിഞ്ഞില്ല. ഇനി അതെന്തായാലും മാര്‍ക്കറ്റ് ഇക്കണോമിയെ കയറൂരി വിട്ടാല്‍ മാര്‍ക്കറ്റിന് മൊത്തം പൊള്ളും എന്ന് ക്യാപ്പിറ്റലിസ്റ്റുകള്‍ക്ക് മനസ്സിലായത് നല്ല കാര്യം.

അല്ലെങ്കിലും ക്യാപ്പിറ്റലിസ്റ്റുകളെ മാത്രം എങ്ങനെ കുറ്റം പറയും? ഇതിനേക്കാളെല്ലാം ക്രൂരമായ ഒരു മാര്‍ക്കറ്റ് ഇക്കണോമിയിലല്ലേ ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെടുന്നത്? ശുക്ലസഞ്ചി എന്ന മാര്‍ക്കറ്റ് ഇക്കണോമി! (നിര്‍)ഭാഗ്യവശാല്‍, 100% കയറ്റുമതി യൂണിറ്റായ ഈ മാര്‍ക്കറ്റിനെ മൊണൊപൊളിയാക്കുന്നത് ഈ മാര്‍ക്കറ്റിന്റെ ഒരേയൊരു കയറ്റുമതി മാര്‍ക്കറ്റാണ് - ഗര്‍ഭപാത്രം എന്ന മൊണോപ്സണി. അതെ, ഒരൊറ്റ അണ്ഡം മാത്രം ഒരൊറ്റ പുംബീജത്തെ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്ന മൊണൊപ്പൊളിയുടെയും മൊണൊപ്സണിയുടേയും ഒരു റെയര്‍ കോമ്പിനേഷന്‍ (അവസാനനിമിഷമേ ആര്‍ക്കാണ് - ഏത് പുംബീജത്തിനാണ് - മൊണൊപ്പൊളി എന്നറിയൂ എന്നൊരനിശ്ചിതത്വം ഉണ്ടെന്നൊരു വ്യത്യാസവുമുണ്ട്. എന്തായാലും കയ്യൂക്കുള്ള ഒരേയൊരുത്തന്‍ കാര്യക്കാരനാവുന്ന മൊണോപ്പൊളി തന്നെ ഇത്). മൊണോപ്പൊളിയും മോണോപ്സണിയും ചേര്‍ന്നുള്ള ഈ റെയര്‍ കോമ്പിനേഷനെ എനിയ്ക്കൊരു പേരിടാന്‍ തൊന്നുന്നു - സോളോപ്പൊളി എന്ന്.

ബില്‍ ഗേറ്റ്സിനെ ഞാന്‍ കുറ്റം പറയുകയില്ല. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ലോക മാര്‍ക്കറ്റ് മൈക്രോസോഫ്റ്റിന്റെ കുത്തകയാവട്ടെ. സെര്‍ച്ച് എന്‍ ജിനുകളും അപ് ലോഡിംഗ് സൈറ്റുകളും ഈ-മെയിലും ഗൂഗ് ളിന്റെ കക്ഷത്തിലിരിക്കട്ടെ. ബോംബെ സിറ്റിയിലെ ഇലക്ട്രിസിറ്റി കച്ചവടം റിലയന്‍സ് ഒറ്റയ്ക്കു തിന്നട്ടെ. ഞാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നത് മറ്റൊരു കാര്യമാണ് - മൊണോപ്പൊളിയുള്ള മാര്‍ക്കറ്റ് കാറ്റഗറികളിലെല്ലാം മോണോപ്സണിയും വേണം. നമ്മുടെ സന്താനോല്‍പ്പാദനച്ചന്തയിലെ ആ കട്ടയ്ക്ക് കട്ടയ്ക്കുള്ള മത്സരവും മത്സരമില്ലായ്മയും പോലെ.

കാഡ്ബറീസിന്റെ ചോക്കലേറ്റ് മുഴുവന്‍ ഒരൊറ്റ കുട്ടി വാങ്ങും. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മുഴുവന്‍ ഒരൊറ്റ ഡിസ്ട്രിബ്യൂട്ടര്‍ വാങ്ങും. എന്തിന് റീടെയ് ല്‍ മേഖലയില്‍പ്പോലും എല്ലാ കടകളുടേയും ചില്ല് പൊട്ടും - ഒരേ കടല്‍ ഒരേ കടയാവും. കമ്പനികള്‍ക്കോ രാജ്യങ്ങള്‍ക്കോ മേഖലകള്‍ക്കോ വ്യക്തികള്‍ക്കോ മൊണോപ്പൊളികള്‍ വീതിക്കപ്പെടും. മാര്‍ക്കറ്റ് ഇക്കണോമിയുടെ ക്രൂരനിയമങ്ങള്‍ ആര്‍ക്കറിയാം?

Thursday, October 25, 2007

ലൈം(ഗിക)ജ്യൂസ് കുടിക്കാന്‍ വരുന്നോ?


അഞ്ചു വയസ്സായ മകളെ തൊടുമ്പോഴെല്ലാം എന്‍. എസ്. മാധവന്റെ ആ ബ്യൂട്ടിഫുള്‍ കഥ (എന്റെ മകള്‍ ഒരു സ്ത്രീ) ഓര്‍ക്കുന്ന ഒരു പന്നയാണ് ഞാന്‍. പുതിയ കലാകൌമുദിയില്‍ മാധവന്റെ മകളുടേതാണെന്ന് പറഞ്ഞ് കിടക്കുന്നു കുറേ വിശേഷങ്ങള്‍. ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഒരു ബ്ലോഗറാണത്രെ ഇഎം എന്ന പേരിലെഴുതുന്ന മീനാക്ഷി റെഡ്ഡി മാധവന്‍. ഒരു ദിവസം 500 ഹിറ്റ്സ് വരെയായി എന്നാണ് കലാകൌ വിശേഷം (ഇവര് മലയാളത്തിലെ ചില തകര്‍പ്പന്‍ ഈഴവ ബ്ലോഗുകളെപ്പറ്റി അറിഞ്ഞില്ലേ?). ഒരു ബ്ലോഗിനെ ഹിറ്റാക്കേണ്ട എല്ലാമുണ്ട് മേല്‍പ്പറഞ്ഞ ബ്ലോഗില്‍ - 25 വയസ്സും അഞ്ചടിയിലേറെ ഉയരവുമുള്ള ഒരു പെണ്ണിന്റെ മദ്യപാന, ലൈംഗികാനന്ദങ്ങള്‍. ലൈംഗിക ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ഇന്ത്യയിലെ മഡ് ല്‍ ക്ലാസ് ഭൂരിപക്ഷത്തിന് എന്തു വേണമെന്ന് ഏത് പോലീസുകാരനേയും പോലെ ഓളും മനസ്സിലാക്കി. ഇന്നു രാത്രി വേണ്ട, തലവേദനയാ എന്നു പറയുന്ന ഇക്കാലത്തെ പുരുഷന്മാരാണ് സ്ത്രീകള്‍ എന്ന് അവള്‍ എഴുതുന്നു. മീനാക്ഷിയുടെ ആത്മകഥാപരമായ കുറിപ്പുകള്‍ പുസ്തകമാക്കാന്‍ പെന്‍ ഗ്വിന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ് കലാകൌമുദി നിര്‍ത്തുന്നു. ലിംഗം ഇവിടെ. ഇനി ഇത് മാധവന്റെ മകളുടെതല്ലെങ്കില്‍ മഹാമോശമായിപ്പോയി കൌമുദിയുടെ ഈ മദി. എ(ന്‍. എസ്. മാധവ)ന്റെ മകള്‍ ഒരു സ്ത്രീ.

Wednesday, October 24, 2007

ഏറ്റവും ലഹരിയുള്ള മദ്യം


എന്റെ അഭിപ്രായത്തില്‍ ഏറ്റവും ലഹരിയുള്ള മദ്യം ജിന്നാണ് – ഇമാജിന്‍. ഇതിനെ അനാര്‍ക്കിസ്റ്റുകളുടെ പ്രാര്‍ത്ഥന എന്നു വിളിക്കണോ സമാധാനത്തിന്റെ ആന്തെം എന്നു വിളിക്കണോ എന്നറിയില്ല (ദേശീയഗാനം എന്നത് ഒരു ബോറന്‍ പരിഭാഷ). പാട്ടുകളുടെ ഈ മഹാമദ്യം ആദ്യം രുചിച്ചത് കോളേജീ പഠിക്കുമ്പൊ, ആദ്യമായി ബ്ലാക്കൌട്ടായത് ആദ്യത്തെ ഗള്‍ഫ് വാറിന്റെ സമയത്തും. ബീറ്റ്ല്സീന്ന് പിരിഞ്ഞേനു ശേഷം സാക്ഷാല്‍ ജോണ്‍ ലെനന്‍ വാറ്റിയെടുത്തതാണീ ഗാനലായനികളിലെ അക്വാറീജിയയെ. ഇത് കേള്‍ക്കെ ഏത് പാട്ടച്ചെവിയനും സ്വര്‍ണമാവും (ഞാനായി, അതു തന്നെ തെളി). അമേരിക്ക പങ്കെടുക്കുന്ന ഏത് യുദ്ധം വന്നാലും അപ്പൊ ഈ പാട്ട് അവര്‍ക്ക് സ്വാധീനമുള്ള എല്ലാ റേഡിയോ-ടീവി നെറ്റ്വര്‍ക്കുകളിലും ബാന്‍ ചെയ്യും. തൊണ്ണൂറുകളിലാണ് അങ്ങനെയൊരു വിവരം ആദ്യമറിഞ്ഞത് - ആദ്യ ഗള്‍ഫ് വാര്‍ സമയത്ത് ഇത് നിരോധിച്ചപ്പോള്‍. കുവൈറ്റ് വിമോചന നാടകം കളിക്കാന്‍ ചെല്ലുന്ന യാങ്കി ചെറുക്കന്മാരാരേലും ഈ പാട്ടെങ്ങാന്‍ കേട്ട് മനസ്സുമാറി ഇറാക്കികളെ കെട്ടിപ്പിടിക്കാന്‍ ചെന്നാലോ - തീര്‍ന്നില്ലേ സായിപ്പിന്റെ എണ്ണ പര്യ‘വേഷ’ണം.

Imagine there's no heaven
സ്വര്‍ഗമില്ലെന്ന് സങ്കല്പ്പിക്കൂ
It's easy if you try
ഒന്ന് ശ്രമിക്കൂ, അത്ര വെഷമമൊന്നുമില്ല.
No hell below us
താഴെ നരകവുമില്ലെന്ന് സങ്കല്‍പ്പിക്കൂ
Above us only sky
മുകളില്‍ ആകാശം മാത്രം
Imagine all the people
എല്ലാ മനുഷ്യരും
Living for today...
ഇന്ന് മാത്രം ജീവിക്കുമെന്ന് സങ്കല്പ്പിക്കൂ

Imagine there's no countries
രാജ്യങ്ങളില്ലെന്ന് സങ്കല്‍പ്പിക്കൂ
It isn't hard to do
വിചാരിക്കുന്ന പോലെ വെഷമമൊന്നുമില്ല അതിന്
Nothing to kill or die for
കൊല്ലാനും ചാവാനും ഒന്നുമില്ലാത്ത അവസ്ഥ
And no religion too
വേറെ വേറെ മതങ്ങളുമില്ല
Imagine all the people
എല്ലാ മനുഷ്യരും
Living life in peace...
സമാധാനമായി ജീവിക്കുമെന്ന് സങ്കല്‍പ്പിക്കൂ


You may say I'm a dreamer
നിങ്ങള് പറയുമായിരിക്കും ഞാനൊരു സ്വപ്നജീവിയാണെന്ന്
But I'm not the only one
പക്ഷേ ഞാന്‍ തനിച്ചല്ല
I hope someday you'll join us
നിങ്ങളും ഒരു ദിവസം ഞങ്ങടെ കൂടെക്കൂടുമെന്നാണെന്റെ പ്രതീക്ഷ
And the world will be as one
അങ്ങനെ ലോകം ഒന്നാവും.

Imagine no possessions
സ്വകാര്യ ഉടമസ്ഥത ഇല്ലെന്ന് സങ്കല്‍പ്പിക്കൂ
I wonder if you can
നിങ്ങള്‍ക്ക് പറ്റുമോന്നെനിക്കറിയില്ല
No need for greed or hunger
അത്യാഗ്രഹവും വിശപ്പുമില്ലാത്ത ഒരവസ്ഥ
A brotherhood of man
മനുഷ്യമ്മാര്ടെ ഒരു സാഹോദര്യം
Imagine all the people
എല്ലാ മനുഷ്യരും
Sharing all the world...
ഈ ലോകം മുഴുവന്‍ പങ്കുവെയ്ക്കും

You may say I'm a dreamer
നിങ്ങള്‍ പറയുമായിരിക്കും ഞാനൊരു സ്വപ്നജീവിയാണെന്ന്
But I'm not the only one
പക്ഷേ ഞാന്‍ തനിച്ചല്ല
I hope someday you'll join us
നിങ്ങളും ഒരു ദിവസം ഞങ്ങടെ കൂടെക്കൂടുമെന്നാണെന്റെ പ്രതീക്ഷ
And the world will be as one
അങ്ങനെ ലോകം ഒന്നാവും


എന്റെ ബോറന്‍ പരിപ്പ് ഭാഷയ്ക്ക് മാപ്പില്ലെന്നറിയാം. മാപ്പില്ലാത്ത (അതിര്‍ത്തികളില്ലാത്ത) ഒരു ലോകത്തെപ്പറ്റിയാണ് ലെനനും പാടുന്നത്. ഈണത്തില്‍ പാട്ടെഴുതാനറിയുന്ന ആരേലും ഉണ്ടേങ്കില്‍ ഇത് നല്ലൊരു മലയാളം പാട്ടാവും എന്നൊരു വ്യാമ്മോഹന്‍ പാലിയത്താണ് ഞാന്‍.

പരുത്തി, ചെമ്പരത്തി


മനുഷ്യന്റെ ആത്മമിത്രങ്ങളാണ് ചെമ്പരത്തിയും പരുത്തിയും. ജീവിച്ചിരിക്കുമ്പോള്‍ ചെവിട്ടില്‍ വെയ്ക്കാന്‍ പൂ തരുന്നവള്‍ ചെമ്പരത്തി. മരിച്ചു കിടക്കുമ്പോള്‍ മൂക്കില്‍ വെയ്ക്കാന്‍ പഞ്ഞി തരുന്നവള്‍ പരുത്തി.

Tuesday, October 23, 2007

തേഡ് വേള്‍ഡ് വാര്‍ മുകിലേ...



ആദ്യമായി കാട്ടുതീ കണ്ടത് പ്രൈമറിയില്‍ പഠിക്കുമ്പോളാണ്. തേക്കടിക്ക് എക്സ്കര്‍ഷന് പോയപ്പൊ. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ച് കിടക്കുന്ന കൈരളിപ്പെണ്ണിന്റെ കേശഭാരത്തിലെവിടെയോ (നാടുകാണി?) കുത്തിവെച്ച ഹെയര്‍പ്പിന്നുകളൊന്നിലൂടെ ഒരു പേനിനെപ്പോലെ അരിച്ചു പോകുന്ന ചാര്‍ളി ട്രാവത്സിലിരിക്കുമ്പോള്‍. കട്ടപ്പനയിലെ തീയറ്ററില്‍ നിന്ന് തലേ രാ‍ത്രി കണ്ട മിടുമിടുക്കിയിലെ പാട്ടിലെന്ന പോലെ ശൂന്യാകാശം അകലെ അകലെ. അതിനു താഴെ വലിയ വലിയ എരുമകള്‍ ഉറങ്ങാന്‍ കിടക്കുന്നപോലത്തെ മലകള്‍. അവയുടെ പള്ളകളില്‍ വലിയ വലിയ അടുപ്പുകളില്‍ നിന്നെന്ന പോലെ തീയും പുകയും ഉയരുന്നു. അത്ര ഉയരങ്ങളിലും ആള്‍പ്പാര്‍പ്പുണ്ടോ? കാനത്തെ അന്ന് വായിച്ചു തുടങ്ങിയിട്ടില്ലായിരുന്നതിന്റെ ആകാംക്ഷ പുറത്തു ചാടി. “ഇല്ല, അത് കാട്ടുതീയാണ്“, ഗാഡസ്ക്വാഷില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തരുന്നതിനിടെ ദേവരാജന്‍ സാര്‍ പറഞ്ഞു തന്നു. (ആ ട്രിപ്പോടെ ഹൈസ്ക്കുളിലെ ആ കെമിസ്ട്രി സാറിന് ഗാ‍ഡസ്ക്വാഷ് എന്ന് പേരും വീണു). ആളുകേറാമലകളില്‍ തീയാളുന്നത് കണ്ട് ഒരു ഫയറെഞ്ചിനും മണി മുഴക്കുന്നില്ലെന്നറികയാല്‍, ‘കാട്ടുതീ’ എന്നു കേള്‍ക്കുമ്പോഴെല്ലാം ‘മണി മുഴങ്ങുന്നത് ഇക്കുറി നമുക്കാര്‍ക്കും വേണ്ടിയല്ല ജോണ്‍ ഡോണേ’ എന്ന് തിരുത്താന്‍ മാത്രം അപ്പൊളിറ്റിക്കലായിരുന്നു ഏറെക്കാലം എന്റെ അരവൈദ്യം.

അമേരിക്കയിലെ, ഓസ്ട്രേലിയയിലെ, പ്രിയ കസാന്ദ്സാകിസിന്റെ ഗ്രീസിലെ കാട്ടുതീകളുടെ വാര്‍ത്തകള്‍ പിന്നീടെപ്പോളോ കണ്ണു തുറപ്പിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാലിഫോര്‍ണിയ എരിയുന്നെന്നറിഞ്ഞ് വീണ്ടും കണ്ണു തുറന്ന് പരതി. കാലിഫോര്‍ണിയയില്‍ ബ്ലോഗര്‍മാരുണ്ടൊ എന്ന് ചോദിക്കാനാഞ്ഞു (അമേരിക്കയില്‍ അരയന്മാരുണ്ടൊ എന്ന ചോദ്യത്തിന്റെ ഈണത്തിലല്ല). കാലിഫോര്‍ണിയയിലെ അരലക്ഷം കുടുംബങ്ങളെ കാട്ടുതീ ബാധിച്ചെന്ന് വാ‍ര്‍ത്തകള്‍. അമേരിക്ക എന്നാല്‍ കുറേ കെട്ടിടക്കൂട്ടം മാത്രമല്ലെന്നതിന്റെ റിമൈന്‍ഡറിനപ്പുറം ‘നമ്മുടെ ബ്ലോഗേഴ്സിനാര്‍ക്കെങ്കിലും കുഴപ്പമുണ്ടോ’ എന്ന് ആംഗ്സൈറ്റി. ഉണ്ടോ? ഒരു ബ്ലോഗിലും ഒന്നും കണ്ടില്ല. അതോ ശരിക്കും നോക്കാഞ്ഞിട്ടൊ? മൊബൈലില്‍ ക്യാമറയുള്ള സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളാരും ഇല്ലേ നമ്മുടെ കൂട്ടത്തില്‍? ചവര്‍ഗം താലവ്യമോ എന്ന് ചര്‍ച്ച ചെയ്യുന്നതിനപ്പുറം ബ്ലോഗിംഗിന്റെ റിയല്‍ പൊട്ടന്‍ഷ്യല്‍ നമുക്ക് സാക്ഷാത്കരിക്കണ്ടേ? മലയാളത്തിലെ ബ്ലോഗുകളധികവും ആത്മാംശത്തിന്റെ ഓവര്‍ലോഡുകൊണ്ട് വിഷമിക്കുന്നവയോ? നമ്മുടെ കാലഘട്ടത്തിലെ റിബലുകളൊക്കെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്തവരോ? മറ്റു ഭാഷകളിലെ പ്രസിദ്ധീകരണങ്ങള്‍ ബ്ലോഗിംഗിനെപ്പറ്റി ഒരു കവര്‍സ്റ്റോറി കൊണ്ട് തൃപ്തിപ്പെടാതെ സ്ഥിരം പേജുകള്‍ നീക്കിവെയ്ക്കുന്നു, ബ്ലോഗ്ഗ് റിപ്പോര്‍ട്ടുകളെ ആശ്രയിക്കുന്നു, ലിങ്കുകള്‍ കൊടുക്കുന്നു. നമ്മുടെ ഭാഷയില്‍ മാത്രമാണോ മാധ്യമങ്ങള്‍ പരസ്പരം ഭയക്കുന്നത്? കണ്വെന്‍ഷനല്‍ മാധ്യമക്കാര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാനാവാത്ത വാര്‍ത്തകള്‍ പെട്ടെന്നു തന്നെ എത്തിച്ചു നല്‍കുന്ന ബ്ലോഗുകള്‍ മലയാളത്തില്‍ എന്ന് വരും? പല്ലുവേദനയും പൊളിറ്റിക്കല്‍ തന്നെ. ദുരിതങ്ങളും ദാരിദ്ര്യവും ഉണ്ടായാല്‍ നല്ല കലാസൃഷ്ടികള്‍ പിറവിയെടുക്കും. എന്നാല്‍ നല്ല കലാസൃഷ്ടികള്‍ പിറവിയെറ്റുക്കാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവും വരണമെന്ന് ആഗ്രഹിക്കാനും പാടില്ല. അതൊക്കെ സമ്മതിച്ചു. ഒരു മഴയും നേരെ നനയാതിരിക്കുന്ന മലയാളി അവസ്ഥ തന്നെ ഭംഗി. പനി പിടിച്ച് ആന്റിബയോട്ടിക്കുകളെ ആശ്രയിക്കേണ്ടല്ലൊ. എന്നാല്‍ പി. രാമന്‍ എഴുതിയ പോലെ ‘ഊത്താല്‍’ എങ്കിലുമുണ്ടല്ലൊ. അതിനെപ്പറ്റി? അതുമല്ലല്ലോ വിദേശ മലയാ‍ളിയുടെ സ്ഥിതി. ഈയിടെ കൈതമുള്ളിന്റെ വീട്ടില്‍ നടന്ന ചെറിയ ബ്ലോഗേഴ്സ് മീറ്റില്‍ സേതു പറഞ്ഞു ‘നിങ്ങള്‍ നൊസ്റ്റാള്‍ജിയ മാത്രം എഴുതാതിരിപ്പിന്‍, പുറംനാട്ടിലെ അനുഭവങ്ങളും എഴുതിന്‍’ എന്ന്. എഴുതുമോ? ബിക്കോസ് ഓഫ് പൊളിറ്റിക്കല്‍ റീസണ്‍സ്, ഗള്‍ഫുകാര്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍ വരുത്തന്റെ മകനെ ഗവര്‍ണറാക്കിയ അമേരിക്കയില്‍ അതല്ലല്ലോ സ്ഥിതി.

അഹമ്മദ്നിജാദ് വന്നു. പുകിലുകളുണ്ടായി. ആരും ഒന്നും എഴുതിക്കണ്ടില്ലല്ലൊ? താലിബാനോടും സദാമിനോടും ഉണ്ടായ പോലത്തെ വാക്കോവറാവില്ല ഇറാനോടുള്ള മാച്ച്. മൂന്നാം ലോക മഹായുദ്ധമായിരിക്കും അത്. കേരളത്തിന്റെ മുക്കും മൂലയും മൂക്കും മുലയും ഗള്‍ഫൊന്ന് തുമ്മിയാല്‍ തെറിയ്ക്കും. റിപ്പോര്‍ട്ട് ചെയ്തിട്ട് അതൊന്നും തടുക്കാന്‍ പറ്റില്ലായിരിക്കും. എന്നാലും നിസ്സാര മനുഷ്യരുടെ രാഷ്ട്രീയവത്കരണം എന്നും ചരിത്രത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ദാഫോര്‍ എന്ന് പറഞ്ഞ് പേടിപ്പിക്കുമ്പോള്‍ സുഡാനിലെ ബ്ലോഗര്‍ക്ക് മറുവശം കാട്ടിത്തരാന്‍ പറ്റും. ജിമ്മി കാര്‍ട്ടര്‍ വന്നിറങ്ങി കാറിലൊന്ന് കറങ്ങി തിരിച്ചുപോകുന്ന പോലെയാവില്ല അത്. അതാണ് കേള്‍ക്കാത്ത ശബ്ദം. കേള്‍ക്കേണ്ട ശബ്ദം. മൂന്നാം ലോക മഹായുദ്ധത്തിന്റെ കരിമേഘങ്ങള്‍ വാനില്‍ വന്നിറങ്ങുന്നു. ഓര്‍മകളില്‍ നമുക്കൊന്നുമില്ല. പക്ഷേ അതല്ല യാഥാര്‍ത്ഥ്യം. അതായിരിക്കില്ല ഭാവി.

Friday, October 19, 2007

യൌവന്യം


വറുത്ത ഗോതമ്പായ് തിരികല്ലാം നിന്റെ
മടിയില്‍ ഹാഹാഹാ പൊടിഞ്ഞു യൌവ്വനം.

ഒന്നും മനസ്സിലായില്ലേ?


സാരമില്ല, അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത് എന്നറിഞ്ഞിട്ടല്ലല്ലോ പല പ്രായത്തിലും രൂപത്തിലുമുള്ള മാങ്ങകള്‍ (വൈലോപ്പിള്ളിയുടേതു മുതല്‍ പൃഥ്വിരാജ് പാടിയ തെറിപ്പാട്ടിലേതടക്കം) ആസ്വദിച്ചത്. ചിക്കനോ ആദ്യം മുട്ടയോ ആദ്യം എന്ന് മനസ്സിലാക്കിയിട്ടല്ലല്ലോ കെഎഫ്സിയില്‍ നിന്ന് ലോണെടുത്തത്, ഓംശാന്തിഓമ്ലെറ്റു തിന്നത്, പി. പി. രാമചന്ദ്രന്റെ കവിത വായിച്ചത്, മാനിഷാദ ഒറ്റവാക്കാണെന്നു കരുതി തീയറ്റേഴ്സിനു പേരിട്ടത്. സാരമില്ല. സാരമില്ല. ഒന്നും സാരമില്ല.

Thursday, October 18, 2007

കുംഭസാരം


ഡ്രൈവിംഗ് ലൈസന്‍സ് കിട്ടും വരെ ഞാനും റോഡ് മുറിച്ച് കടക്കുന്നവരോടൊപ്പമായിരുന്നു.

Tuesday, October 16, 2007

മേല്‍ക്കൂരയും ഒരു മഹാകാവ്യം


ഏരിയല്‍ ഡിസ്റ്റന്‍സ് നോക്കിയാലും (വിക്കിമാപ്പിയ പ്രകാരം ഏതാണ്ട് 8 കിമീ) ബോട്ടുമാര്‍ഗം നോക്കിയാലും എന്റെ നാട്ടില്‍ നിന്ന് (കുട്ടിക്കാലത്ത് നമ്മളുണ്ടായിരുന്ന സ്ഥലമല്ലേ എന്നായാലും എവിടെപ്പോയാലും നമ്മുടെ നാട്!) അധികമൊന്നും അകലെയല്ലാതെ കിടക്കുന്ന രണ്ട് അയല്‍ഗ്രാമങ്ങളാണ് കുണ്ടൂരും കുഴൂരും. പഴയ, വലിയ നായര്‍ സെറ്റില്‍മെന്റുകള്‍ എന്ന നിലയില്‍ ഈ നാടുകള്‍ക്ക് ചേന്ദമംഗലത്തുകാരുമായി ഒരുപാട് ബന്ധങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും ഞാനിതേവരെ കുണ്ടൂരും കുഴൂരും പോയിട്ടില്ല. കൊടകര കാര്‍ത്തിക എന്ന് വിശാലന്‍ എഴുതുമ്മുമ്പേ കേട്ടിട്ടുള്ള പോലെ കുഴൂര്‍ ഷഷ്ഠി എന്നും കുഞ്ഞിലേ കേട്ടിരുന്നു (വിത്സന്റെ കവിത പിന്നീട് വായിച്ചപ്പോള്‍ മനസ്സാടിയ കാവടിയ്ക്ക് രണ്ടു നിലയുണ്ടായിരുന്നത് അതുകൊണ്ടാണ്). കുഴൂര്‍ നാരായണമാരാരുടെ തിമിലയും കുട്ടിക്കാലം മുതലേ കേട്ടിരുന്നു/കണ്ടിരുന്നു. (കുറുമാലിപ്പുഴയ്ക്ക് തെക്കുള്ള കൊച്ചിയിലെ സവര്‍ണഹിന്ദുക്കള്‍ക്ക് ശരീരബലം കുറവായതുകൊണ്ടാവുമോ അവരധികവും - അന്നമനട അച്യുതമാരാര്‍, കുഴൂരാശാന്‍, ചോറ്റാനിക്കരക്കാര്‍ - തിമിലക്കാരായത്? കുറുമാലിപ്പുഴയ്ക്ക് വടക്കുള്ള വടക്കന്‍ കൊച്ചിയിലും തെക്കന്‍ മലബാറിലുമുള്ള പഞ്ചവാദ്യക്കാരിലധികവും - കുളമംഗത്ത് നാരായണന്‍ നാ‍യര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍, എടപ്പാള്‍ അപ്പുണ്ണി മുതല്‍ തൃക്കൂര്‍ രാജന്‍ വരെയുള്ളവര്‍ - മദ്ദളക്കാരായത് അപ്രദേശങ്ങളിലെ അരോഗദൃഡഗാത്രതകള്‍ കൊണ്ടുമാവുമോ?)

എന്തുകൊണ്ടാണെന്നറിയില്ല, കുഴൂരെയും കുണ്ടൂരെയും ഇടവഴികള്‍ കുട്ടിക്കാലത്തേ മനസ്സില്‍ വിചാരിച്ചിരുന്നു. ഇറച്ചിവെട്ട് പാരമ്പര്യമുള്ള കുഴൂര്‍ വിത്സണ്‍ എന്നൊരു നസ്രാണിച്ചെക്കനെ പരിചയപ്പെടുവാനായിരുന്നു അതെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

കുമാരനാശാനും കുഴൂര്‍ വിത്സണും ഒരിക്കലും ഒരുപോലെയാവുകയില്ലെന്ന് ഒരാള്‍ താരതമ്യപ്പെടുത്തിയപ്പോള്‍ വെറുമൊരു പ്രാസബലി എന്നതിനപ്പുറം ആദ്യം വിശേഷിച്ചൊന്നും തോന്നിയില്ല. എന്നാല്‍ വിത്സണതു വായിച്ച് കുറേ ചിരിച്ചു. അങ്ങനെ താരതമ്യം ചെയ്യാന്‍ പോലും പാടുണ്ടോ, എന്തൊരു വിവരക്കേട്, വിത്സണ്‍ പരിഹസിച്ചു.

കുമാരനാശാന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യത്തെ മലയാളം ബ്ലോഗ് കുമാരനാശാന്റേതാവുമായിരുന്നേനെ എന്നാണ് എനിക്കെഴുതാന്‍ തോന്നുന്നത്. ബ്ലോഗ് ഒരു മാധ്യമമാണ്. ഏതെങ്കിലും വളിപ്പന്മാര്‍ അത് വളിപ്പാക്കിയിട്ടുണ്ടെങ്കില്‍ അത് ബ്ലോഗിന്റെ കുറ്റമല്ല. കുമാരനാശാന് മുമ്പും പിമ്പും എത്ര പീറക്കവികളുണ്ടായി? എത്ര തറക്കവിതകള്‍ അച്ചടിച്ച് പുസ്തകമായി? ഇതിനിടയില്‍ ബഷീര്‍ എന്നൊരു എഴുത്തുകാരന്‍ തന്റെ കൃതികള്‍ താന്‍ തന്നെ പൈസ ചെലവാക്കി അച്ചടിച്ച് പുസ്തകങ്ങളാക്കി കൊണ്ടുനടന്നു വിറ്റപ്പോള്‍ അതില്‍ ഒന്നിന്റെയെങ്കിലും മഹത്വം കുറഞ്ഞുപോയോ? ആരെഴുതുന്നതും വായിപ്പിക്കാന്‍ തന്നെ. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്. വസന്തകാലം വരുമ്പോ കാക്ക കാക്കയും കുയില്‍ കുയിലുമായിക്കോളും. ബ്ലോഗെഴുത്തുകാര്‍ (വിഷപ്പാമ്പുകളും വാസുകിമാരും അനന്തപത്മനാഭന്മാരും ഞാഞ്ഞൂളുകളും അടക്കം) കടലാസ് വെയിസ്റ്റാക്കുന്നില്ല എന്നൊരു പുണ്യം ചെയ്യുന്നതും കണക്കിലെടുക്കണം.

ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മികച്ച എഴുത്തുകാരന്‍ വാത്മീകിയാണെന്ന് ഒരു ലിസ്റ്റ് വായിച്ചതോര്‍ക്കുന്നു. വാത്മീകി ആദികവിയായിരുന്നുവെന്നോര്‍ക്കണം. കവിത്വവും വായനയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നര്‍ത്ഥം. അതായത് ഏതെങ്കിലും ഒരു മുന്‍ഗാമിക്കവിയുടെ ഒരൊറ്റ വരിപോലും വായിക്കാതെയാണ് വാത്മീകി രാമായണം പാടിയത്. (അതുകൊണ്ട് ആ മറ്റേ പയ്യന്റെ കവിത പോരെന്നു വെച്ച് അവനോടിനി വൈലോപ്പിള്ളീനെ വായിച്ചിട്ടെഴുതിയാമതി എന്നു പറയല്ല്. വൈ?) കവിത്വം കാലം ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞല്ലേ വന്നത്? (ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് മലയാളത്തിലെ അവസാനത്തെ മുഴുവന്‍ കവി എന്നാണ് എന്റെ അഭിപ്രായം). ഇനി ഇതിനൊരു മാറ്റമുണ്ടാകുമോയെന്നൊന്നും പ്രവചിക്കാന്‍ പറ്റുകില്ല. കുഴൂര്‍ വിത്സണ് ഒരു ദിവസം കുമാരനാശാനെയല്ല വാത്മീകിയെപ്പോലും അതിശയിക്കാന്‍ കഴിയില്ലെന്നാരു കണ്ടു? ഫോര്‍ ദാറ്റ് മാറ്റര്‍, കുഴൂര്‍ വിത്സണല്ല, ഇന്ന് ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയ ഏതൊരു മലയാളിക്കും? അയാള്‍ ബ്ലോഗിയായാലെന്ത്, പരാജയപ്പെട്ട് പരിപ്പെല്ലാം തീര്‍ന്നെന്നു കരുതി ജീവിക്കുന്ന കോമ്പ്ലക്സുകാരന്‍ അനോനിയായാലെന്ത്? കുഴൂര്‍ വിത്സണ് കുമാരനാശാനെ അതിശയിക്കാന്‍ കഴിയുകില്ലായിരിക്കാം. ഓരോ മനുഷ്യനും അയാള്‍ ജീവിക്കുന്ന കാലത്തിന്റെ തടവുകാരനാണ്. വിത്സണാണെങ്കില്‍ ഇപ്പോള്‍ ഒരു സ്ഥലത്തിന്റെ കൂടിയും. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭകള്‍ സ്ഥലകാലങ്ങളുടെ തടവുകള്‍ ഭേദിച്ച് അനശ്വരരാകും. അവര്‍ കുറച്ചുകാലമോ കൂടുതല്‍ കാലമോ ബ്ലോഗിയാലെന്ത്?

അതൊന്നുമല്ല എനിക്ക് വിത്സണോട് പറയാനുള്ളത്. (അല്ലെങ്കിലും ആശാനെപ്പോലെയോ അതിലും മികച്ചതോ ആയ കവിത എഴുതാന്‍ ആര്‍ക്കെങ്കിലും വിത്സണോട് ആവശ്യപ്പെടാന്‍ പറ്റുമോ? വിത്സണ്‍ സ്വയം ആഗ്രഹിച്ചാല്‍പ്പോലും അത് സാധിച്ചെന്നു വരില്ല. പിന്നെന്തു ചെയ്യും? നമുക്കെല്ലാര്‍ക്കുമറിയാം അത് ആര്‍ക്കുമറിയാത്ത രഹസ്യമാണെന്ന് - കവിതയുടെ രഹസ്യം).

വിത്സണേയും കുമാരനാശാനെയും തട്ടിച്ചുനോക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് കുമാരനാശാന്റെ ഓട്ടുകമ്പനിയെപ്പറ്റിയാണ്. കവികളുടെ ആധിക്യം എല്ലാക്കാലത്തും കേരളത്തിലുണ്ടായിരുന്നു. ഒരു കവിതാസമാഹാരം കവികള്‍ മാത്രം വാങ്ങിയാല്‍ത്തന്നെ അഞ്ചാറ് പതിപ്പ് വിറ്റു തീരാന്‍ മാത്രം കവിസംഖ്യയുള്ള ഭാഷയാണ് മലയാളം. നല്ല നാല് വരി കവിതയെഴുതിയിട്ടില്ലെങ്കിലും കവിജീവിതം ജീവിച്ചു തീര്‍ക്കുന്നവരും ധാരാളം. എ. അയ്യപ്പനെപ്പറ്റി മറ്റു ചിലര് എഴുതിയ കവിതകള്‍ അങ്ങേരുടെ മറ്റെല്ലാ കവിതകളേക്കാളും മികച്ചതാണെന്നാണ് അനുഭവം. ഇതില്‍ പരിഹാസമൊന്നുമില്ല. എല്ലാം ഓരോരുത്തന്റെ ഇഷ്ടം, വിധി. എങ്കിലും വിത്സണോട് പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റുകേലല്ലൊ.

കവിതാരംഗത്തും മറ്റും കുറച്ചെങ്കിലും സാധ്യമായ പരസ്പര പുറംചൊറിയല്‍ സഹായസംഘമല്ല കച്ചവടത്തിന്റെ കാര്യം. സൌഹൃദത്തിന്റെ പുറത്തോ ആവശ്യമില്ലതെയോ ആരും ഓടും ഇഷ്ടികയും വാങ്ങിക്കുകയില്ല - അതിനി കുമാരനാശാന്‍ ഉണ്ടാക്കി വിറ്റാല്‍പ്പോലും. സ്വന്തം നാടായ കൊല്ലത്തുനിന്നും വളരെ അകലെ, കുഴൂരിനും കുണ്ടൂരിനും ചേന്ദമംഗലത്തിനും താരതമ്യേന അടുത്ത്, പെരിയാറിന്റെ തീരത്ത്, ചെങ്ങമനാട്ടായിരുന്നു കുമാരനാശാന്റെ ഓട്ടുകമ്പനി. അന്നത്തെ കാലത്തെ കേരളത്തിലെ വ്യവസായ പുരോഗതി നോക്കുമ്പോ താരതമ്യേന മോഡേണായ ഒരു വ്യവസായം. ചുള്ളിക്കാട് ഒരിക്കല്‍ ആരോപിച്ചതുപോലെ കുമാരനാശാന്‍ മദ്രാസില്‍പ്പോയി വെയിത്സ് രാജകുമാരന്റെ കയ്യീന്ന് പട്ടും വളയും വാങ്ങിയിട്ടുണ്ട്. ജീവിതമോ, കല്യാണമെ‍ല്ലാം കഴിച്ചെങ്കിലും ആള്‍മോസ്റ്റ് ഒരു സന്യാസിയുടെ കണക്കായിരുന്നു താനും. വെജിറ്റേറിയന്‍, പുലര്‍ച്ചെ ഉണരല്‍, കുളി... അങ്ങനെ എല്ലാംകൊണ്ടും അച്ചടക്കമുള്ള ജീവിതം. കവിത എഴുതണേല്‍ കള്ളു കുടിക്കണം, കടത്തിണ്ണയില്‍ കിടക്കണം, അരാജകത്വം വേണം... ഇങ്ങനെയുള്ളതെല്ലാം ഡിസ്പ്രൂവ് ചെയ്തയാള്‍. ആ ആള്‍ എഴുതിയ കവിതയോ, മണ്ണില്‍ കാലുകള്‍ ഉറപ്പിയ്ക്കെത്തന്നെ നക്ഷത്രങ്ങളെ തൊടുന്നതും. അങ്ങനെ കവിതയെഴുതിയ ഒരാളാണ് അന്നത്തെ കാലത്ത് പുതുമയും ഡിമാന്‍ഡുമുണ്ടായിരുന്ന ഒരു ഇന്‍ഡസ്ട്രി നടത്തിയത്. (ആ ഓട്ടുകമ്പനിയുടെ കണക്കുനോക്കാന്‍ കൊല്ലത്തു നിന്ന് ചെങ്ങമനാട്ടേയ്ക്ക് പോകുമ്പോഴുള്ള ബോട്ടുയാത്രയിലായിരുന്നു അന്ത്യവും എന്നോണോര്‍മ). കവിത്രയത്തിലെ മറ്റു രണ്ടു പേര്‍ മഹാകാവ്യങ്ങളെഴുതി മഹാകവികളായപ്പോള്‍ (ഉള്ളൂര്‍ - ഉമാകേരളം, വള്ളത്തോള്‍ - ചിത്രയോഗം) മഹാകാവ്യമെഴുതാതെ മഹാകവിയായ ആ‍ളാണ് ആ‍ശാന്‍ എന്നാണ് വെപ്പ്. എന്നാല്‍ അദ്ദേഹം കാരണഭൂതനായ മേല്‍ക്കൂരകളുടെ കണക്കില്‍ അനേകം മഹാകാവ്യങ്ങളെഴുതിയ മഹാകവി തന്നെ ആ‍ശാന്‍ എന്നും പറയാം.

മൂന്നാംകിട സീരിയലില്‍ അഭിനയിക്കുന്നതിനേക്കാളും മൂന്നാംകിട കവിത എഴുതുന്നതിനേക്കാളുമെല്ലാം പ്രധാനമാണ് ഒരു മൂന്നാംകിട കച്ചവടം നടത്തുന്നത് (കവിതകളും എഴുതുന്ന നമ്മുടെ ചില പരിചയക്കാര്‍ ചെയ്യുന്നതുപൊലെ, മീന്‍, പച്ചക്കറി എന്നിവയുടെ കച്ചവടങ്ങളും ഇങ്ക്ലൂഡിംഗ്). പിന്നെ അതിനൊക്കെയുള്ള കഴിവേ ഉള്ളെങ്കില്‍ അത് സമ്മതിക്കണം. ഒന്നാംകിടയായി വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ പ്രധാനമാണ്, ഒന്നാംകിടയായി കവിത എഴുതുന്നതിനേക്കാള്‍ പ്രധാനമാണ് നമ്മുടെ കാലഘട്ടത്തില്‍ ഒന്നാംകിടയായി ഇറച്ചിവെട്ടാന്‍. അതിനേക്കാളൊക്കെ പ്രധാനമാണ് ഓട്ടുകമ്പനി പോലൊരു വ്യവസായം നടത്തല്‍. മണി മേയ്ക്കിംഗല്ല മോനെ വെല്‍ത്ത് ക്രിയേഷന്‍. അതിനിച്ചിരെ പുളിക്കും. പുസ്തകം ചെതെലെടുത്തുപോം. മരക്കൂടും ചെതലെടുത്തുപോം. ഓട് വെല്‍ത്താണ്. അതിറക്കി പൂപ്പല്‍ കളഞ്ഞ് കഴുകിയുണക്കി വിണ്ടും പുതിയ കൂട്ടുമ്മെ കേറ്റാം. അതിനു താഴെ തലമുറകള്‍ക്ക് കിടന്നുറങ്ങാം, ആഘോഷിക്കാം, വഴക്കടിക്കാം, കുത്തിക്കൊല്ലാം. അതങ്ങനെ നില്‍ക്കും. (ഇടയ്ക്കൊന്നു രണ്ടെണ്ണം വീണ് പൊട്ടിയെന്നുമിരിക്കും. അപ്പോ പ്രതിഭയുണ്ടേല്‍ വീണഓട് എന്നൊരു കവിതയുമെഴുതാം).

അതുകൊണ്ട് കുഴൂര്‍ വിത്സണ്‍ന്റെ അടുത്ത കവിതാസമാഹാരം പരിചയപ്പെടുത്തുന്നതിനേക്കാള്‍ എനിക്ക് സന്തോഷം അയാള്‍ തുടങ്ങിയേക്കാവുന്ന മീറ്റ് പ്രോസസിംഗ് കമ്പനിയുടെ ബ്രാന്‍ഡഡ് പ്രൊഡക്റ്റിന്റെ ലോഞ്ചിംഗ് സെറിമണി, തിരക്കില്‍ പിന്നില്‍ നിന്നു കാണുന്നതാണ്. നല്ല നാലു വരി കവിത എഴുതുന്നതിനേക്കാള്‍ സന്തോഷമായിരിക്കും നാലു പേര്‍ക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴും നിങ്ങള്‍ക്ക് കവിത എഴുതാന്‍ പറ്റിയാല്‍ അത് ഏത് കിടയാണെന്നൊന്നും തല പുണ്ണാക്കേണ്ടതില്ല. കുമാരനാശാന്‍ ഒന്നാംകിട വ്യവസായം നടത്തി, ഒന്നാംകിട കവിത എഴുതി. നമുക്ക് ഏതെങ്കിലും കിട കവിതയെഴുതാം. വ്യവസായത്തിന്റെ കാര്യമോ?
Related Posts with Thumbnails