![]() |
കൽപ്പറ്റ നാരായണൻ |
മലയാളി അങ്ങനെ, മലയാളി ഇങ്ങനെ എന്നിങ്ങനെയുള്ള കുറ്റംപറച്ചിലുകള്‍ വായിച്ചു വായിച്ച് മനുഷ്യന്‍ ബോറടിച്ച് മരിച്ചു. പണ്ടെങ്ങാണ്ട് സക്കറിയയാണെന്നു തോന്നുന്നു ഇത് തുടങ്ങിവെച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കേരളം മാത്രം കോൺഗ്രസിനെ വീണ്ടും തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സക്കറിയയുടെ ആക്രമണം. മലയാളി അവന്റെ മായാവ്യൂഹം ചമച്ചു എന്നാണ് സക്കറിയ എഴുതിയത്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാന്‍ മലയാളിക്ക് അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു എന്നത് വേറെ കാര്യം.
എന്നാലും ഒരു തുടക്കമെന്ന നിലയില്‍ അത് ഓക്കെയായിരുന്നു. പിന്നെ സക്കറിയ തന്നെ അത് ആവര്‍ത്തിക്കാന്‍ തുടങ്ങി. എന്തിനു പറയുന്നു, കാമ്പുള്ള കവിയും ചിന്തകനും നോവലിസ്റ്റുമാണെന്ന് തെളിവുതന്നിട്ടുള്ള കല്‍പ്പറ്റ നാരായണന്‍ വരെ ഇപ്പോള്‍ മലയാളിയുടെ പിറകെയാണ്. ആത്മവിമര്‍ശനം നല്ലതു തന്നെ. അത് അതിരുവിടുന്നതും സഹിക്കാം, അറ്റ് ലീസ്റ്റ് മലയാളി എന്ന വാക്കിനു പകരം കേരളീയന്‍ എന്നെങ്കിലും എഴുതിയിരുന്നെങ്കില്‍.
ഞാൻ മലയാളി അല്ല എന്ന മട്ടിലാൺ ഇവരിൽ പലരുടേയും എഴുത്ത്. ഇത് വിഷയദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്. ജീനിയസ്സിന്റെ സ്‌റ്റോക്ക് തീരുന്നതിന്റെ ലക്ഷണമാണ്.
പറഞ്ഞു പറഞ്ഞ്, മലയാളിക്ക് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച തീവ്രതയില്ലൊന്നെക്കെയാൺ ചിലര്‍ പറഞ്ഞു തുടങ്ങിയിരിക്കുത്. യുദ്ധം അനുഭവിക്കേണ്ടി വരുന്നത് എന്തോ ഗുണമാണെന്ന മട്ടിലാൺ ഇതു വായിച്ചാല്‍ തോന്നുക. അനുഭവതീവ്രതയ്ക്കു വേണ്ടി ഇച്ചിരെ യുദ്ധം. അയ്യോ സാറമ്മാരേ, അതിത്തിരി കടുത്തുപോയി.
![]() |
ഗൊദാർദ് |
അനുഭവതീവ്രത കുറവായതുകൊണ്ടാണത്രെ ഇവിടെ വല്യേക്കാട്ടൻ സിനിമയൊന്നും ഉണ്ടാവാത്തത് (വല്യേട്ടനെപ്പോലത്തെ സിനിമകള്‍ ഉണ്ടാവുന്നത്). രണ്ടാം ലോക മഹായുദ്ധം, ഹോളോകാസ്റ്റ് ഇതെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് എത്രയെത്ര ക്ലാസിക് സിനിമകളും പുസ്തകങ്ങളുമാണ് പിറവിയെടുക്കുന്നതെന്നാൺ. എന്നാൽ ഇവര്‍ക്കുള്ള മറുപടി ഇവരുടെ വല്യപ്പച്ചനായ ഗൊദാര്‍ദ് തന്നെ പറഞ്ഞിട്ടുണ്ട്. 'ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെയുള്ളിടത്ത് ഉത്തമകലാസൃഷ്ടി ഉണ്ടാകും. എന്നാൽ ഉത്തമകലാസൃഷ്ടി ഉണ്ടാകാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല' എന്നാണ് ഗൊദാര്‍ദ് പറഞ്ഞത്.
![]() |
ഗൾഫ് ജീവിതം |
അതെന്തായാലും മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, പ്രത്യേകിച്ച് പ്രവാസത്തിന്റെ. ആസാമലയിലും ശ്രീലങ്കയിലും മലേഷ്യയിലുമെല്ലാം തോട്ടങ്ങളും റോഡുകളും ഉണ്ടാക്കിയത് പിന്നാരാ? ഗള്‍ഫിലോ? ഗള്‍ഫ് മലയാളികളിലെ ഭൂരിപക്ഷം പേരും ചെറുകിട ജോലിക്കാരല്ലെ? കുടുംബം കൂടെയില്ലാത്തവര്‍? കൺസ്ട്രക്ഷന്‍ തൊഴിലാളികള്‍, ഗ്രോസറി, കഫ്തീരിയ ജോലിക്കാര്‍, വാച്ച്മാന്മാര്‍, മുടിവെട്ടുകാര്‍, ഡ്രൈവര്‍മാര്‍, ചെറിയ കടകളിലെ സെയ്ല്‍സ്മാന്മാര്‍... കുടുംബജീവിതം നഷ്ടപ്പെടുത്തി ഈ ലക്ഷക്കണക്കില്‍ വരുന്ന മലയാളികള്‍ അനുഷ്ഠിക്കുന്ന ത്യാഗത്തിന് ഒരു വിലയുമില്ലേ? അവരുടെ ഭാര്യമാരുടെ നെടുവീര്‍പ്പുകള്‍ക്ക്? യത്തീമുകളെപ്പോലെ വളരുന്ന അവരുടെ കുട്ടികളുടെ നിരാശ്രയത്വത്തിന്? അതെന്താ, ബോംബും ചോരയുമില്ലാത്തതുകൊണ്ടാണോ കണ്ണില്‍പ്പെടാതിരിക്കുന്നത്? വിമാനത്തില്‍ വന്ന് ബോംബിടുന്നത് മാത്രമേ ദുരന്തമാകൂ? വിമാനത്തില്‍ കേറ്റി നാടുകടത്തുന്നതും ദുരന്തമല്ലേ?
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച നേട്ട ങ്ങളാണ് കേരളത്തിന്റേത്. ഇത് മാനത്തുനിന്ന് പൊട്ടി വീണതാണോ? ക്രൈസ്തവ മിഷനറിമാര്‍, ശ്രീനാരായണഗുരു, ഇടതുപക്ഷം, ഗള്‍ഫ് - വിചിത്രമായ ഈ കോമ്പിനേഷനാണ് കേരളാ മോഡലിനെ യാഥാര്‍ത്ഥ്യമാക്കിയത്. ഇക്കാലത്ത് അതിനെ ഗള്‍ഫ് കേരളാ മോഡല്‍ എന്നു വിളിച്ചാലും തെറ്റില്ല. കാരണം, കേരളാ മോഡലിനെ ഇന്നു നിലനിര്‍ത്തുതില്‍ ഏറ്റവും വലിയ പങ്ക് ഗള്‍ഫിന്റേതാണ്. അറബിക്കടലിന് അപ്പുറവും ഇപ്പുറവുമായി മുറിഞ്ഞുപോയ ഒരു സമൂഹമാണ് ഇന്ന് മലയാളി. ഇവരിലെ അറബിപ്പാതിയുടെ കാര്യം മഹാകഷ്ടം.
മലയാളിക്ക് നേരെയുള്ള മറ്റൊരു പ്രധാന വിമര്‍ശനം അവന്‍ ആളൊരു കപട സദാചാരവാദിയാണ് എന്നത്രെ. അതായത് പബ്ലിക്കായി സദാചാരം പ്രസംഗിക്കുന്നു, ചാന്‍സു കിട്ടിയാല്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നു. അവസരങ്ങളുടെ അഭാവമാണ് സദാചാരം എന്നു വരെ തിയറി ഉണ്ടായിരിക്കുന്നു. സദാചാരപ്പോലീസ് എന്നൊരു പ്രയോഗവും സുപരിചിതമായിരിക്കുന്നു. ഓര്‍ത്തുനോക്കിയാല്‍ ഈ കപടസദാചാരം മലയാളി കൊടുക്കുന്ന ചെറിയൊരു വിലയല്ലേ? ഇതിനു പകരം കേരളം എന്ന നീണ്ടുകിടക്കുന്ന മഹാനഗരത്തില്‍ പലയിടങ്ങളിലായി വേശ്യാലയങ്ങള്‍ ഉണ്ടായിരുന്നെങ്കിലോ? എങ്കില്‍ ഈ ഒളിഞ്ഞുനോട്ടവും ബലാല്‍സംഗവും ബാലപീഡനവും പെൺവാണിഭവും ഇന്നത്തെ അളവുകളില്‍ സംഭവിക്കുകയില്ലെന്നാണ് ചിലര്‍ പറഞ്ഞുവരുന്നത്.
![]() |
കാമാത്തിപുര, മുംബൈ |
കാമാത്തിപുരയും ജിബി റോഡും സോനാഗചിയുമുള്ള മുംബൈ, ദില്ലി, കല്‍ക്കത്ത എന്നി വിടങ്ങളിലെ സ്ഥിതി എങ്ങനെ?
ക്രിയാത്മക വിമര്‍ശനം പോലും ഇവിടെ പ്രസക്തമല്ല. ഇവിടെ പ്രസക്തമായത് എന്തു ചെയ്താല്‍ കാര്യങ്ങള്‍ മെച്ചപ്പെടും എന്ന് പറയലാണ്. ചെയ്തു കാണിക്കലാണ്. സ്വയം മാതൃകയാവലാണ്. അതിനാര്‍ക്കും ധൈര്യമില്ല. അതിനു പകരം താനൊരാള്‍ മാത്രം മലയാളിയല്ല എന്ന മട്ടില്‍ മലയാളികളെ വിമര്‍ശിക്കാനിറങ്ങിയിരിക്കുന്നു കുറെ അണ്ണന്മാര്‍.
രണ്ടു മൂന്ന് ഡൂക്കിലി പാര്‍ട്ടികളുടേതൊഴിച്ചാല്‍ മക്കള്‍ രാഷ്ട്രീയത്തിനു പോലും ക്ലച്ചു പിടിക്കാത്ത സ്ഥലമാണ്. എന്തിന്, സിനിമയില്‍പ്പോലും കഴിവില്ലാത്ത സന്തതികളെ പച്ച തൊടീച്ചിട്ടില്ല. സിനിമാക്കാര്‍ക്കു വന്ന് നിരങ്ങാന്‍ പാകത്തിന് രാഷ്ട്രീയത്തെ നിലത്തുവിരിച്ചിട്ടുമില്ല.
കൂലിപ്പണിക്ക് ആളെ കിട്ടുന്നില്ല, കൂലി കൂടുതൽ... എന്നിങ്ങനെയും കേരളത്തെപ്പറ്റി വിമർശനമുണ്ട്. അതു പറയുന്നവനൊക്കെ കൃഷിയും ബിസിനസും നടത്താൻ പാകത്തിൻ നക്കാപ്പിച്ച കൊടുത്താൽ കൂലിയ്ക്ക് ആളെക്കിട്ടുന്നത് അത്ര ഗമയല്ലെങ്കിൽ കേരളം അതങ്ങു സഹിച്ചു. ദേ ഇപ്പൊ കൃസ്തീയതയും കമ്മ്യൂണിസവും ജനാധിപത്യവുമൊക്കെ ചേർന്ന് പരുവപ്പെടുത്തിയ കേരളത്തിന്റെ മാതൃകാമണ്ണിൽ ദിവസക്കൂലി ആയിരം രൂപയാകാൻ പോവുന്നു. താഴ്ന്ന ജോലികൾക്ക് ആളെക്കിട്ടാതെ വരിക, ദിവസക്കൂലി ആയിരം രൂപയാവുക... ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഒരു പുരോഗതിയുണ്ടോ? താഴ്ന്ന ജോലിയോ, എല്ലാ ജോലിക്കും അതിന്റെ മാന്യതയില്ലേ എന്നാണ് ചോദിക്കാൻ വരുന്നതെങ്കിൽ, നിങ്ങളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചുവിട് സർ എന്നേ പറയാനുള്ളു. തോട്ടിപ്പണി, ചെരുപ്പുകുത്ത് തുടങ്ങിയ ജോലികൾ യന്ത്രമുപയോഗിച്ച് ചെയ്യുക. അല്ലെങ്കിൽ അതു ചെയ്യുന്നവർക്ക് മാനേജർമാരേക്കാൾ ഉയർന്ന ശമ്പളം കൊടുക്കുക. മുതലാളിത്തത്തിന്റെ പുറത്തുകയറി സോഷ്യലിസം വരുന്ന വരവ് - അതാൺ സാറുമ്മാരേ കേരളത്തിൽ നടക്കാൻ പോകുന്നത്. ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോനേഷ്യ, നേപ്പാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ മറ്റേതെങ്കിലും റിപ്പബ്ലിക്കിലോട്ട് മൈഗ്രേറ്റ് ചെയ്താട്ടെ.
ഇങ്ങനെ കുറേ കാരണങ്ങള്‍ കൊണ്ട് മലയാളികളോട് മുടിഞ്ഞ ആരാധനയാണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. അതുകൊണ്ടായിരിക്കണം മലയാളികളെ ചുമ്മാ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്ന ബോറന്‍ രചനകള്‍ വായിക്കുമ്പോള്‍ എനിക്ക് കോട്ടുവാവരും. പ്രകോപിപ്പിക്കാം, ബോറടിപ്പിക്കല്ലേ, പ്ലീസ്.
21 comments:
അതാണ് ......... എല്ലാറ്റിനും ഒരു പരിധിയുണ്ട് ല്ലേ
നന്നായി
അപരനെ വിമർശിക്കുന്നതിൽ മലയാളി, അല്ല കേരളീയൻ ഒന്നാം സഥാനത്തേക്ക് കുതിക്കുന്നു എന്ന് പറഞ്ഞാൽ അത് മറ്റൊരു വിമർശനമായിപ്പോവും!
ശരിയാണ്, എല്ലാത്തിനും ഒരതിരുണ്ട്. ഇനി നമുക്ക് സ്വയം ചെയ്ത് കാണിക്കാം, തിരുത്തിക്കാണിക്കാം.
അടുത്തു കാലത്ത് വായിച്ചതിൽ വെച്ച് വല്ലാതെ ഇഷ്ടപ്പെട്ട ഒരു പോസ്റ്റ്!
നിങ്ങള്‍ വല്ലാത്ത മലയാളിതന്നെ പഹയാ.
അടിപ്പൊളി
Well told...
റാംജി പറഞ്ഞതില്‍ കുറെ കാര്യങ്ങളുണ്ട്, പിന്നെ ആ അവതരിപ്പിച്ച രീതി അതാണ് റംജി സ്റ്റയില്‍....അത്‌താണ്
കോവിലന്‍ മുമ്പ് എഴുതിയിട്ടുണ്ട് : "കേരളം അതിപ്രാചീനകാലത്തേ കടല്‍ യാത്രയിലെ ഒരു റെസ്റ്റ് ക്യാമ്പ് ആയിരുന്നു.നമ്മുടെ ചോരയില്‍ അലിഞ്ഞു ചേരാത്ത ഒരു ചോരയുമില്ല.മലയാളിക്ക് സ്വത്വമെന്നൊന്നില്ല....
ചില ചൂണ്ടിക്കാട്ടലുകൾ! തുറന്നു പറച്ചിലുകൾ! വളരെ ഇഷ്ടപ്പെട്ടു. യുദ്ധവും ദാരിദ്ര്യവും കഷ്ടപ്പാടുകളും ഉണ്ടെങ്കിലേ ഉദാത്തമായ കല ജനിയ്ക്കൂ എന്നത് വിഡ്ഡിത്തരമാണ്. ഉണ്ണാനും ഉടുക്കാനും ഉള്ളവർ തന്നെയാണ് ഒട്ടുമിക്ക പ്രശസ്ത കലാകാരന്മാരും. പട്ടിണികിടന്നു കൊണ്ട് നോവലെഴുതാൻ/സിനിമ പിടിയ്ക്കാൻ എത്രപേർക്ക് പറ്റും?
ദിവസക്കൂലി ആയിരം രൂപയകുന്നതൊക്കെ നല്ലത് തന്നെ.. പക്ഷെ അതിന്റെ ഗുണം മലയാളിക്ക് കിട്ടുമോ എന്നാ ചിന്തിക്കേണ്ടത് ... ബംഗാളീ ബായിമാർ ...അവരായിരിക്കും ഗുണഭോക്താക്കൾ... ദിവസകൂലി ആയിരം രൂപയാക്കിയാൽ ...അവശ്യ സാധനഗളുടെ വിലയും ഉയർത്തും ...അങ്ങനെ..അങ്ങനെ ....!!???
യുദ്ധങ്ങളിലൂടെയൊക്കെയുണ്ടാവുന്ന സാമൂഹികമാനങ്ങളുള്ള അനുഭവങ്ങളുംസിനിമയുമായി അങ്ങനെ നേരിട്ട് ബന്ധമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. പാശ്ചാത്യനാടുകളിൽത്തന്നെ യുദ്ധസംബന്ധിയായി ഉണ്ടായ സിനിമകളൊക്കെത്തന്നെയും റിയലിസ്റ്റ് സ്വഭാവമുള്ള മൈനർ-സിനിമകളായിരുന്നു...(വൈദയുടേത് പോലുള്ള ചുരുക്കം ചിലത് മറക്കുന്നില്ല) യുദ്ധവും ഫാഷിസവും കഴിഞ്ഞ് മുപ്പതും നാല്പതും കൊല്ലം കഴിഞ്ഞാണ്, അതെക്കുറിച്ച് വായിച്ചും കേട്ടും അറിവ് മാത്രമുള്ള മനുഷ്യർ ഈ വിഷയങ്ങളിലൂന്നി കലാപരമായ ഔന്നത്യമുള്ള സിനിമകൾ നിർമ്മിച്ചത്. സിനിമയും ജീവിതത്തെക്കുറിച്ച് റിഫ്ലക്ട് ചെയ്യാനുള്ള ഒരു മീഡിയം മാത്രമാണ്. ആളുകൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് സത്യസന്ധമായി ചിന്തിക്കുന്ന നാടുകളിൽ സ്വാഭാവികമായും നല്ല സിനിമയുണ്ടാകും. മലയാളത്തിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഉണ്ടാകുന്നില്ല എന്നത് ദൃശ്യസംസ്കാരത്തിന്റെ പ്രശ്നമാണ്. We are a hyper-textual society and cinema is a visual medium. ആദ്യത്തേതിനോട് കലഹിച്ചുകൊണ്ടു മാത്രമേ രണ്ടാമത്തേത് സാധ്യമാകൂ. അതുകൊണ്ടു തന്നെ മലയാളത്തിൽ സിനിമയെ വിഷ്വൽ മീഡിയമായി സമീപിച്ച സംവിധായകരെയും അവരുടെ സിനിമകളെയും പൊതുസമൂഹം ഇനിയും അംഗീകരിച്ചിട്ടില്ല.
perception rocks :) ......
അര്‍ത്ഥവത്തായ പ്രതിഷേധം..
“ ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോനേഷ്യ, നേപ്പാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ മറ്റേതെങ്കിലും റിപ്പബ്ലിക്കിലോട്ട് മൈഗ്രേറ്റ് ചെയ്താട്ടെ.“
:)
വിമർശനത്തെ വിമർശിച്ച് വിമർശനത്തെപ്പോലെ ഏകപക്ഷീയമായിപ്പോയില്ലേ ചിലേടത്തൊക്കെ എന്ന് സംശയം. കപടസദാചാരം കേരളം കൊടുക്കുന്ന ചെറിയൊരു വിലയാണ് എന്നതൊക്കെ കടന്നു പോയി. അന്വ്യന്റെ സ്വകാര്യതയിലേക്കുള്ള മലയാളി (അതെ മലയാളി തന്നെ ഞാനുൾപ്പെടെ മലയാളം സംസ്കാരമായി ഓർമയിലും ജീനിലും സ്വീകരിച്ചിരിക്കുന്നവർ) ഒളിഞ്ഞുനോട്ടം അങ്ങനെ ന്യായീകരിക്കപ്പെടാവുന്നതാണെന്ന് തോന്നുന്നില്ല
സത്യം
മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, ....
wrong statement... Ram.....
രാംമോഹൻ പാലിയത്തും വേറൊന്നുമല്ല പറയുന്നത് --മലയാളി ബഹുഗംഭീരനാണെന്നാണ്. അത്, മലയാളിയെ നെഗറ്റീവായി അവതരിപ്പിയ്ക്കുന്നതു പോലെത്തന്നെയുള്ള അവതരണമാണ്. മലയാളിയ്ക്ക് ഈ ദുരവസ്ഥ -- ഈ നെഗറ്റീവ് പ്രതിഛായ -- വരുവാൻ വേറൊന്നുമല്ല കാരണം. അത് വളരെക്കാലമായി നാം നമ്മിൽ തന്നെ പ്രചോദിപ്പിച്ച നുണയെ തേടി വന്നതായിരുന്നു. മലയാളി ബുദ്ധിയുള്ളവനാണ്, മൂന്ന് നേരം കുളിയ്ക്കുന്നവനാണ്, വിദ്യാഭ്യാസം ഉള്ളവനാണ്, രാഷ്ട്രീയസാക്ഷരനാണ്, യു.എൻ. അവാർഡ് വാങ്ങിച്ചവനാണ്. രോഗം മാറില്ലെങ്കിലും പച്ചയും ചോപ്പും നിറത്തിലുള്ള മരുന്ന് വെള്ളം കമ്പൌണ്ടറെ കൊണ്ട് ഡിസ്പെൻസ് ചെയ്യിയ്ക്കുന്നവനാണ്, വയറെക്കിപ്പിടിച്ചായാലും പിണത്തെ അണിയിച്ച് കിടത്തുന്നവനാണ്, ഗംഭീര മതജാതിസഹിഷ്ണുവാണവൻ, അവൻ സർവ്വോപരി കമ്മ്യൂണിസ്റ്റുമാണ് എന്നെല്ലാം പറഞ്ഞു പരത്തി മറ്റുള്ളവരെ ഏഴാംകൂലിയാക്കിയതിന് കിട്ടിക്കൊണ്ടിരിയ്ക്കുന്ന പ്രഹരമാണ് ഇത്തരം ആന്റി-മലയാളി നിലപാടുകൾ. വെറുതെയിരിയ്ക്കുമ്പോൾ ആർക്കെങ്കിലും തോന്നിയതല്ല അത്. അതിനൊരു കാര്യമായ കാരണമുണ്ട്.
ഭാഗീകമായി യോജിക്കുന്നു..പക്ഷേ വശീകരണയന്ത്രം, സ്വര്ണ്ണക്കുഴവി, സിനിമയിലെ വില്ലന്റെ മതം തിരയാന്‍ തിയേറ്ററില്‍ പോക്ക്, ആള്‍ദൈവസന്നിധി, സ്വജാതി കുറ്റിച്ചൂലിനു വോട്ട്, അയല്‍വീട് വേസ്റ്റ് പറമ്പ്....
Roby, I didn't mean 'direct' war films or fiction, but those whose major themes have been impacted by wars, especially in personal lives. കടുത്ത ഏകപക്ഷീയത്തെ, അതും ദീർഘകാലത്തെ ഏകപക്ഷീയത്തെ എതിരിടുമ്പോൾ ചിലപ്പോൾ നമ്മളും ഏകപക്ഷീയമായിപ്പോകുന്നതാവും സനലേ, താങ്ക്സ്. അൺനോണേ, എന്റെ പ്രധാന പ്രശ്നം തലക്കെട്ടിലും ലാസ്റ്റ് വാചകത്തിലും ഉണ്ട് - ബോറടി. ഈ എഴുത്തുകാരൊക്കെ എന്തെഴുതിയാലും മലയാളി മലയാളീ എന്നു പറഞ്ഞു തുടങ്ങുന്നു. അത് ബോറാണെന്നാൺ പറഞ്ഞത്. ഒരു പ്രധാനകാര്യം എഴുതാൻ വിട്ടു - ഈ മലയാളീ വിമർശകർക്കൊന്നും മറുനാട്ടുകാരെപ്പറ്റി വലിയ അറിവില്ല. ഇവരീപ്പറയുന്ന മലയാളിപ്രശ്നങ്ങളൊക്കെ മിക്കവാറും എല്ലാ മനുഷ്യർക്കുമുള്ള പ്രശ്നങ്ങളാ. ഇതൊരു തരം മലർന്നു കിടന്നു തുപ്പലിസ്റ്റിക് റേസിസമാ. ജനറൈലസേഷൻ ആകാം, ഇത് അതിനു പകരം ഒരു വംശത്തിനെ മാത്രം ഊന്നിയുള്ള ജനറലിസം. മണ്ടത്തരമാണത്. ശുദ്ധമണ്ടത്തരം. “എല്ലാ ജനറലൈസേഷനും അപകടമാൺ, ഇതടക്കം,“ എന്ന് mark twain
പലപ്പോഴും കൂട്ടായ്മയിൽ ചർച്ചചെയ്തിരുന്ന കാര്യങ്ങൾ. നന്നായി.
കൂലിപ്പണിക്കാരുടെ കൂലി വർദ്ധനയെക്കുറിച്ചും (കൂലി കൂടുതലിനെ കുറ്റം പറഞ്ഞൂകൊണ്ടല്ല )കൂലിപ്പണിക്കരെ കുറ്റം പറയുന്ന സർക്കാർ ജീവനക്കാരെക്കുറിച്ചുമൊക്കെ കല്പറ്റ നാരായണൻ വളരെ രസകരമായി നേരത്തെ എഴുതിയിരുന്നു.
ഇവിടെ തൊഴിലിന്റെ മാന്യത നിശ്ചയിക്കുന്നത് വിവാഹ കമ്പോളമാണ്. അതിന്റെ മാർക്കറ്റ് വാല്യുവാണ് ജോലിയുടെ ആഢ്യത്വം നിശ്ചയിക്കുന്നത്. ജീവിതപങ്കാളിയെ എന്ന് സ്വയം നിശ്ചയിക്കാൻ (പ്രണയ വിവാഹം) കഴിയുന്ന കാലം വരുമോ അന്ന് ഏത് തൊഴിലിനും മാന്യത ലഭിക്കും.
സ്വയം മലയാളീ വിമർശനം പോലെ തന്നെ വെറുപ്പിക്കുന്നതാണ് മലയാളിയെ പൊക്കിപ്പറയുന്നതും. പത്രത്തിലൊക്കെ കാണാം, മലയാളികുട്ടിയുടെ കണ്ടുപിടുത്തം കണ്ട് “നാസ” വരെ ഞെട്ടിപ്പോയത്:( എഴുതുന്നവർക്കെങ്കിലും നാണം വേണ്ടേ?
ഓടോ: ലോകോത്തര എഞ്ചിനീയറന്മാരുള്ള, ടെക്നീഷ്യൻ മാരുള്ള, സായിപ്പന്മാര് കൊത്തിക്കൊണ്ട് പോകാൻ ക്യൂ നില്ക്കുന്ന തലച്ചോറുകളാണ് ഇവ്ടെയുള്ളതെന്നാണ് കേൾക്കുന്നത്. പക്ഷെ നമുക്കിതുവരെ തേങ്ങ പൊതിക്കാനും ചിരകാനായി ലളിതമായൊരു വിദ്യുത് യന്ത്രം കണ്ടുപിടിക്കാൻ ഈ തലയൊന്നും പോരേ??? അതോ ഇനി സായിപ്പ് തേങ്ങ് ഉപയോഗിച്ചാൽ മാത്രമേ ഇതൊക്കെ സംഭവിക്കുകയുള്ളോ?
Post a Comment