Wednesday, October 26, 2011

ദിവസക്കൂലി 1000 രൂപയാകുമ്പോള്‍

എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് പറഞ്ഞയാള്‍ അയാളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചു കൊടുക്കുമോ? തീര്‍ച്ചയായും ഇല്ല. മാന്യമല്ലാത്ത ഒരുപാട് തൊഴിലുകളുണ്ട്. അതെല്ലാം ചെയ്യാന്‍ കുറേ ആളുകളെ സ്ഥിരമായി കിട്ടണമെന്ന ദുരാഗ്രഹികളുടെ ദുഷ്ടബുദ്ധിയിലായിരിക്കണം ഹിന്ദുമതത്തിലെ ജാതിസമ്പ്രദായം ഉടലെടുത്തത്.

കേരളത്തിലായിരുന്നു ഇതിന്റെ പാരമ്യം - 72 ജാതി. മുടി വെട്ടാനും ചെണ്ടകൊട്ടാനും മരപ്പണിക്കും സ്വര്‍ണപ്പണിക്കുമെല്ലാം ഓരോരോ ജാതി. എന്തിന്, പുഴയിലെ മീന്‍ പിടിക്കാനും കടലിലെ മീന്‍ പിടിക്കാനും വരെ വെവ്വേറെ ജാതി. അങ്ങനെ കുലത്തൊഴിലുകള്‍ ഉണ്ടായി. ഇതിന്റെ കാറ്റടിച്ചിട്ടാവണം ജാതിവ്യവസ്ഥ തൊട്ടുതീണ്ടാത്ത ഇസ്ലാമില്‍ വരെ മുടി വെട്ടിന് കേരളത്തില്‍ ജാതിയുണ്ടായി.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, October 15, 2011

നിന്റെ തന്തയും അനോനിയാണോടാ?


ബ്ലോഗിംഗ് തുടങ്ങിയ കാലം മുതല്‍ ഹാര്‍ട്ട്ബേണ്‍സ് തന്നിരുന്ന വര്‍ഗമായിരുന്നു അനോനികള്‍. വിശേഷിച്ചും ‘മുലയെന്നു കേള്‍ക്കുമ്പോള്‍’ എന്നൊരു പോസ്റ്റിട്ടപ്പോള്‍ ഒരുപാട് അനോനീസ് രംഗത്തു വന്ന് തെറിയഭിഷേകം നടത്തി. അതോടെ ഈ ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ തുടങ്ങി. റേഷന്‍ കടയില്‍ പോയിട്ടില്ലാത്ത ജനറേഷനില്‍പ്പെട്ടവര്‍ക്ക് ഒരു കാര്യം ചിലപ്പോള്‍ പുതുമയായിരിക്കും - റേഷന്‍ കടയില്‍ ഒരു ദിവസം ഒരു കാര്‍ഡില്‍ ഒരു പ്രാവശ്യമേ സാധനങ്ങള്‍ വാങ്ങാന്‍ പറ്റുകയുള്ളു. [ഞങ്ങടെ ചേന്നമംഗലം ഭാഷേപ്പറഞ്ഞാ ഒരു പ്രാവശ്യേ ‘പതിപ്പിക്കുള്ളു’].

മോഡറേഷന്‍ കടയിലും മറ്റൊരു തരത്തിലുള്ള പരിമതിയുണ്ട് - ബ്ലോഗിന്റെ ഉടമസ്ഥന്‍ വായിച്ച് അനുവദിക്കുന്ന കമന്റുകള്‍ മാത്രമേ വെബ്ലിച്ചം കാണുകയുള്ളൂ. മോഡറേഷന്‍ ഒരു ബോറന്‍ ഏര്‍പ്പാടാണ്. അതിന്റെ പേരില്‍ ഒരുപാട് പേര്‍ പരിഭവിച്ചിട്ടുണ്ട്. [രണ്ടു മൂന്നു വര്‍ഷം മുമ്പത്തെ ഒരുപാട് പോസ്റ്റുകളില്‍ ഈ പരിഭവങ്ങള്‍ വായിക്കാം]. എന്നിട്ടും ഇപ്പോഴും മോഡറേഷന്‍ അവസാനിപ്പിച്ചിട്ടില്ല. 

അനോനീസില്‍ പലരും നമുക്ക് അടുത്തറിയാവുന്നരായിരിക്കും. നേരെ വന്ന് തെറി പറയാന്‍ ധൈര്യമില്ലാത്തവര്‍. ഇനി നേരെ വന്ന് പറഞ്ഞാലും ചിലപ്പോള്‍ നമുക്ക് നല്ല സ്പിരിറ്റില്‍ എടുക്കാന്‍ അറിയില്ല എന്നു വിചാരിച്ച് ഹൃദയവിശാലതയോടെ അനോനികളാവുന്നവരുമുണ്ട്. 

ചില നല്ല അനോനികളുമുണ്ട്. വിമര്‍ശനം നേരെ വന്ന് നടത്തും, പ്രശംസിക്കാന്‍ അനോനിയായി വരും. 

അനോനികള്‍ക്കെതിരെ ഏറ്റവുമധികം പോരാടിയിട്ടുള്ള ഒരാള്‍ നിഷാദ് കൈപ്പള്ളിയാണ്.

ഏത് അനോനിയേയും പൊക്കാന്‍ ടെക്നോളജിക്ക് പറ്റും. 

മൈക്രോബ്ലോഗിംഗും കൂടുതല്‍ ജനാധിപത്യസ്വഭാവമുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്ന സോഷ്യല്‍ മീഡിയയിലെ പുതിയ അവതാരങ്ങളും വന്നപ്പോള്‍ ബ്ലോഗിംഗിന്റെ പോപ്പുലാരിറ്റി ഇല്ലാതായി. അനോനികളുടെ വിലസല്‍ ഇപ്പോള്‍ അത്തരം ഇടങ്ങളിലാണ്. മറ്റേതൊരു മാധ്യമത്തേക്കാളും അനോനികള്‍ക്ക് സ്കോപ്പുള്ള ഫീല്‍ഡാണ് ഓണ്‍ലൈന്‍. പണ്ടുകാലത്തെ  ഊമക്കത്തുകള്‍ക്കു പകരം ഇക്കാലത്ത് ഊമെയിലാണെന്ന വ്യത്യാസമേയുള്ളു.

അനോനികളുടെ നല്ല വശത്തെപ്പറ്റി പറഞ്ഞു തന്നത് ജിഷി സാമുവലാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയന്റാണ് അനോനീസ് എന്നാണ് ജിഷി പറഞ്ഞത്. രഹസ്യബാലറ്റാണല്ലൊ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ഭയം കൂടാതെ വോട്ടു ചെയ്യണമെങ്കില്‍ രഹസ്യസ്വഭാവം വേണം.  അനോനികളെ ആ ഒരു സ്പിരിറ്റില്‍ എടുത്താല്‍ മതി എന്നാണ് ജിഷി പഠിപ്പിക്കാന്‍ ശ്രമിച്ചത്.

എങ്കിലും ചിലപ്പോള്‍ ഇപ്പോഴും ആ ചോദ്യം ചോദിക്കാന്‍ തോന്നും. ജനാധിപത്യം എളുപ്പമല്ല അല്ലേ?
Related Posts with Thumbnails