Sunday, November 30, 2008

നിങ്ങൾ ഒരു പക്ഷിയായിരുന്നെങ്കിൽ...


... എങ്കിൽ, വംശനാശം നേരിടുന്ന അവസാനത്തെ കുളക്കോഴിയാകണോ
വംശനാശമേ ഭയപ്പെടേണ്ടാത്ത ഒരു ഇറച്ചിക്കോഴിയാകണോ?

Tuesday, November 25, 2008

മരഭനയയയം


പുഷ്പിതാഗ്രയുടെ ലക്ഷണം പഠിച്ചിട്ട് പ്രത്യേകിച്ച് എന്ത് ഗുണമുണ്ടായി എന്നു ചോദിച്ചാൽ, ഒന്നുമില്ല എന്ന് ഉത്തരം പറഞ്ഞാൽ, ഒരു തറ പ്രയോജനവാദിയായി [utiliterianist] എന്നെ, നെടുമങ്ങാട്ടുകാരുടെ ഭാഷയില്‍പ്പറഞ്ഞാൽ, താറടിയ്ക്കല്ല്.

എട്ടാം ക്ലാസിലെ കണക്കിന്റെ ഭാഗമായി ഗണങ്ങൾ പഠിച്ചതിന് ദില്ലിയിൽ ജീവിച്ച രണ്ടുകൊല്ലക്കാലം പ്രയോജനമുണ്ടായി. ഹിന്ദി അന്നും ഇന്നും മഹാമോശം. [അമ്മ ഹിന്ദിട്ടീച്ചറായിരുന്നു. പക്ഷേ മക്കളുടെ ക്ലാസിൽ അമ്മാരെ പഠിപ്പിയ്ക്കാൻ ഇടില്ലല്ലൊ. പോരാത്തതിന് ഞാൻ എട്ടിലെത്തിയപ്പോഴേയ്ക്കും എന്നെ അച്ഛമ്മയുടേം പാച്ചിയുടേം അടുത്താക്കി അമ്മയും ചേച്ചിയും അച്ഛനോടൊപ്പം വില്ലിംഗ്ഡൺ ഐലണ്ടിലെ പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സിലേയ്ക്ക് മാറി. അതിനുവേണ്ടി അമ്മ കൊച്ചിക്ക് ട്രാൻസ്ഫറും വാങ്ങി. ഞാൻ പിന്നെ പ്രീഡിഗ്രിയും കഴിഞ്ഞാണ് മഹാരാജാസിൽ ചേർന്ന്, ക്വാർട്ടേഴ്സ് വാസിയായത്. ഇടയ്ക്ക് വീക്കെൻഡുകളിൽ കാണുമ്പോളോ വെക്കേഷൻ കാലത്തോ അമ്മ എന്നെ ഹിന്ദി പഠിപ്പിയ്ക്കാഞ്ഞതെന്തായിരുന്നെന്ന് ചോദിച്ചാൽ എനിക്ക് കരച്ചിൽ വരും. അച്ഛൻ ജീവിച്ചിരിക്കും വരെ അമ്മയുടെ ദാമ്പത്യം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അച്ഛന്റെ കാലശേഷം പിന്നെ ദാമ്പത്യമില്ലല്ലൊ. വൈധവ്യം, ദാമ്പത്യം - ഏതാണാവോ കൂടുതൽ ചലഞ്ചിംഗ്! അല്ലെങ്കിലും അതൊക്കെ എന്തിന് പറയുന്നു, ഹിന്ദി പഠിക്കാനുള്ള വാസന എനിക്ക് തീരെ ഇല്ലായിരുന്നു എന്നതാണ് പ്രധാനസംഗതി. ഗസലുകളുടെ അർത്ഥം ചോദിച്ച് അമ്മയുടെ പിന്നാലെ നടന്ന ബീയേക്കാലം മുതൽ എനിക്കതോർത്ത് ഖേദം തോന്നിയിരുന്നു. ജീവിതം അങ്ങനെയാണല്ലൊ - ഒരു പ്രയോജനവുമില്ലാത്ത ഖേദങ്ങൾ, പരീക്ഷ കഴിഞ്ഞ് പഠിയ്ക്കാൻ കിട്ടുന്ന പാഠപുസ്തകങ്ങൾ...]

പറഞ്ഞുവന്നത് ഗണങ്ങൾ പഠിച്ചതുകൊണ്ടുണ്ടായ ഗുണങ്ങളെപ്പറ്റിയാണല്ലൊ. കരോൾബാഗിനടുത്തായിരുന്നു അന്ന് ദില്ലിവാസം. ജോലി ഒരു പത്തിരുപത് കിലോമീറ്ററിനപ്പുറം തെക്കൻ ദില്ലിയിലും. എന്നും രാവിലെ തിരക്കുള്ള ഡീട്ടിസി ബസ്സും കേറി പോകണം. ബസ്സിന്റെ ബോർഡിൽ അവസാനലക്ഷ്യസ്ഥലത്തിന്റെ പേരു മാത്രമേ ഉണ്ടാകൂ. നമ്പറുകൾ കൊണ്ടാണ് റൂട്ടുകൾ തിരിച്ചിരുന്നത്. കൊണാട്ട് പ്ലേസിൽ നിന്ന് 620 പിടിച്ചാൽ ആൾ ഇന്ത്യ മെഡിക്കൽ, മുനീർക്ക വഴി ഹോസ്കാസിലെത്താം. 535-ഉം ഹോസ്കാസിലേയ്ക്കു തന്നെ. പക്ഷേ വേറെ വഴിയ്ക്കാ. അതൊക്കെ പക്ഷേ പിന്നീട് പഠിച്ചതാണ്.


അക്കാലത്ത് ചെയ്തതെന്താണെന്നോ - രാവിലെ ബസ് കയറുന്ന ഝണ്ടേവാലൻ സ്റ്റോപ്പിൽ എഴുതിവെച്ചിരിക്കുന്ന എല്ലാ ബസ് നമ്പറുകളും എഴുതിയെടുത്തു. ജോലിയ്ക്ക് ആദ്യമായി പോയ ദിവസം തന്നെ അവിടെച്ചെന്നിറങ്ങുന്ന സ്റ്റോപ്പിൽ എഴുതിവെച്ചിരിക്കുന്ന ബസ് നമ്പറുകളും എഴുതിയെടുത്തു. ഒന്നാമത്തെ ലിസ്റ്റ്, ഗണം എ. രണ്ടാമത്തേത് ഗണം ബി. എ സംഗമം ബി എത്രയാണെന്നു നോക്കി. അതായത് രണ്ട് സ്റ്റോപ്പിലും കോമണായി കണ്ട നമ്പറുകൾ. ഏത് റൂട്ടിലൂടെ പോയാലും ആ നമ്പർ ബസ്സുകൾ ആ രണ്ട് സ്റ്റോപ്പുകളിലും എത്തുമെന്ന് ഉറപ്പായി. എവിടെക്കണ്ടാലും ആ നമ്പർ ബസ്സുകളിൽ കണ്ണുമ്പൂട്ടി ചാടിക്കേറാൻ ധൈര്യമായി.


"അപ്പോക്ക്യേ, ഗണം എക്സ് എങ്ങനെയെന്നാൽ എക്സ്..." എട്ടാം ക്ലാസിൽ കണക്കു പഠിപ്പിച്ച വിജയലക്ഷ്മിട്ടീച്ചറുടെ മൂക്കടപ്പൻ മധുരസ്വരം ഓരോ തവണയും ഓർത്തുകൊണ്ടായിരുന്നു ദില്ലിയിലെ ആദ്യകാല ബസ് യാത്രകളത്രയും.

നനരയവിഷമത്തിലും സമത്തിൽ പുനരിഹനം ജജരംഗ പുഷ്പിതാഗ്ര... എന്തൊരു രസമായിരുന്നു അന്നത് പഠിയ്ക്കാൻ. അനുഷ്ടുപ്പൊഴിച്ചുള്ള സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങളെല്ലാം അതാത് വൃത്തങ്ങളിൽത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നുകൂടി മനസ്സിലാക്കിയപ്പോൾ ആവേശം കൂടി. രാവണൻ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന, പഞ്ചചാമരം എന്ന് ആ വൃത്തത്തിന്റെ തന്നെ പേരിൽ അറിയപ്പെടുന്ന, ശിവസ്തുതി വായിച്ച് ശിവതാണ്ഡവം കണ്ടപ്പോൾ, ആ ആവേശത്തിന് പത്തു തലകളായി.

കാലമേറെക്കഴിഞ്ഞ് ജീവിതം അതിന്റെ പൊള്ളുന്ന പാളങ്ങളും നീട്ടി മുന്നിൽ നിവർന്നു കിടന്നപ്പോൾ, ആ തലകളും ആ ആവേശങ്ങളും ഉൾവലിഞ്ഞ് കാട്ടുപൂവിന്റെ മണത്തേക്കാൾ വ്യർത്ഥമായി. അണിയുന്ന ഉടുപ്പുകളിലാകട്ടെ വിദേശപരിമളങ്ങൾ ചേക്കേറി.

സ്രഗ്ധര എന്നൊരു പെർഫ്യൂമിറക്കാനാണ് ഇപ്പോൾ ആഗ്രഹം. അല്ലെങ്കിൽ കളകാഞ്ചി എന്നായാലോ? മാകന്ദമഞ്ജരി?

പഠിച്ചതെല്ലാം വെറുതെയായി.ആ‍വശ്യമുള്ളത് പഠിച്ചുമില്ല. ഇതാ പഠിയ്ക്കാൻ വൈകിപ്പോയ ചിലത്:

യൂ ഡി ടോയ്ലറ്റ് [Eau de Toilette] - എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റ് ഏറ്റവും കുറവ് [3-5 ശതമാനം] ഉള്ള വിഭാഗമാണ് യൂ ഡി ടോയ്ലറ്റ്. കുളി കഴിഞ്ഞയുടൻ വാരിപ്പൂശാവുന്ന സാധനമാണിത്. വളരെ മൈൽഡ് ആയതുകൊണ്ട് ജോലിയ്ക്ക് പോകുമ്പോഴെല്ലാം ഇതണിയാം.

യൂ ഡി കൊളോൺ [Eau de Cologne] - ഇതിൽ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റിന്റെ ശതമാനം 5-15 വരും.

യൂ ഡി പർഫും [Eau de Parfum] - ഇതിൽ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റ് ശതമാനം 15 മുതൽ 30 വരെ. പെർഫ്യൂമുകളെ അപേക്ഷിച്ച് സുഗന്ധത്തിന്റെ ആയുസ്സ് കുറവായിരിക്കും എങ്കിലും പെർഫ്യൂമുകളേക്കാൾ ഒതുക്കമുള്ളതുകൊണ്ട് ഇവയാണ് കൂടുതൽ പോപ്പുലർ.

പെർഫ്യൂം [Perfume] - 25 മുതൽ 45 ശതമാനം വരെയാണ് പെർഫ്യൂമുകളിലെ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റിന്റെ ഉള്ളടക്കം. ഭീകരവിലയായിരിക്കും, കടുത്ത സുഗന്ധവുമായിരിക്കും. അമിതമായി ഉപയോഗിച്ചാൽ അതിതീവ്രമാകും. അതുകൊണ്ടു തന്നെ സുഗന്ധപുഷ്പന്മാർക്കും പുഷ്പിണിമാർക്കുമിടയിൽ ഇവന് വലിയ ഡിമാൻഡില്ല.

അത്തർ - എസെൻസ്, സുഗന്ധസത്ത്, സൗരഭ്യം എന്നെല്ലാം സൂചിപ്പിക്കുന്ന പേഴ്സ്യൻ വാക്കാണ് അത്തർ. ഒന്നിലേറെ എസൻഷ്യൽ ഓയിലുകളുടെ മിശ്രിതമോ ഒന്നിന്റെ മാത്രമോ ആ‍കാം.

ഊദ് [Oudh or frankincense] - ബോസ്വെലിയ [Boswellia] എന്ന കുടുംബക്കാരനായ ആഫ്രിക്കൻ/ഏഷ്യൻ ചെടിയുടെ ചറത്തിൽ നിന്നാണ് ഊദ് ഉണ്ടാക്കുന്നത്. അറേബ്യൻ സുഗന്ധങ്ങളിലെ അവിഭാജ്യഘടകം.

എന്തു മനസ്സിലായി? എല്ലാ സുഗന്ധങ്ങളേയും കേറി പെർഫ്യൂം എന്നു വിളിക്കുന്നത് എല്ലാ വൃത്തങ്ങളേയും കേറി കാകളീ എന്നു വിളിക്കുമ്പോലെ മണ്ടത്തരമാണെന്ന്.

വൃത്തം പോലും പഠിപ്പിയ്ക്കേണ്ടാത്ത ഒരു എൽ.പി. സ്ക്കൂൾ അധ്യാപകനായാൽ മതിയായിരുന്നു. എന്നും രാവിലെ വേഷം കെട്ടി, യൂ ഡി ടോയ്ലറ്റ് അടിച്ച് ഓട്ടം തുടങ്ങണ്ടായിരുന്നു.

നഷ്ടങ്ങളേക്കാൾ സങ്കടകരം നേടാതെ പോയവയാണെന്ന് പറഞ്ഞതാര്? ഒരു വഴിയേ തിരിഞ്ഞപ്പോൾ മറ്റെല്ലാ വഴികളും എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുകായിരുന്നു നമ്മൾ. ജീവിക്കപ്പെടാതെ പോയ എത്രയെത്ര ജീവിതങ്ങൾ. പുഷ്പിതാഗ്രകൾ. വസന്തതിലകങ്ങൾ.

Saturday, November 22, 2008

[നിദ്രാ]ദേവീസ്തവം


പകലാം പിശാചിന്റെ പിടിയില്‍പ്പെടാതെഞാ-
നൊരിക്കൽക്കൂടി നിന്നെ തേടിവന്നിരിക്കുന്നു.
പാപശാപങ്ങൾക്കെത്താനാകാത്ത താൽക്കാലിക
മരണം തരും ദേവീ നീ നിത്യം ജയിച്ചെങ്കിൽ!

Wednesday, November 19, 2008

ഒരു വിലാപം

അന്ന് സിവിക് എന്നാൽ സിവിക് ചന്ദ്രൻ
ഇന്ന് സിവിക് എന്നാൽ ഹോണ്ടാ സിവിക്

അന്ന് വള്ളത്തോൾ വാക്യസുന്ദരൻ
ഇന്ന് വള്ളത്തോൾ രവി വള്ളത്തോൾ

അന്ന് ജോൺ ഏബ്രഹാം ബൊഹീമിയൻ ഹീറോ
ഇന്ന് ജോൺ ഏബ്രഹാം ബോളിവുഡ് ഹീറോ

അന്ന് ചുള്ളിക്കാട് കുഞ്ചന്റെ കസേരയിൽ
ഇന്ന് ചുള്ളിക്കാട് കുഞ്ചന്റെ കസേരയിൽ

Sunday, November 16, 2008

ബ്ലഡി ഫക്കിംഗ് ബാങ്ക്!


മാന്ദ്യത്തെപ്പറ്റി പണ്ട് കേട്ട രണ്ടു കഥകൾ ഇവിടെ വിളമ്പിയിരുന്നല്ലൊ. അതിലും സൂപ്പറാണ് ഇന്ന് മെയിലിൽ കിട്ടിയ ഒരു ജോക്ക്.


മാന്ദ്യം ഇങ്ങനെ പോയാൽ ആകെ രണ്ട് ബാങ്കുകളേ നിലനിൽക്കുവത്രെ - ബ്ലഡ് ബാങ്കും സ്പേം ബാങ്കും. ഒടുക്കം അവയ്ക്കും ലയിക്കേണ്ടി വരുമത്രെ. അപ്പോളിടാവുന്ന പേരാണ് പോലും ബ്ലഡി ഫക്കിംഗ് ബാങ്ക്!

പോടാ തെണ്ടീ...


എന്റെ അമ്മ കന്യകയായിരുന്നപ്പോളത്തെ പേരും
എന്റെ ജനനത്തീയതിയും
എന്റെ പ്രിയ നഗരവും
എന്റെ ആദ്യത്തെ സാറിന്റെ പേരും
വീട്ടിലെ പട്ടിയുടെ പേരും
അറിയാവുന്ന ഏതോ ഒരു തെണ്ടി
രണ്ടു മൂന്നു ദിവസമായി
എന്റെ ജീമെയിലിന്റെ
പാസ് വേഡ് മാറ്റാന്‍ നോക്കുന്നു.
ആ തെണ്ടിക്കറിയില്ലേ
ആ വിവരം ഉടന്‍ തന്നെ
എന്റെ മറ്റേ ഇ-മെയിലൈഡിയിലോട്ട്
മെയില്‍ ചെയ്ത് ചോദിക്കുമെന്ന്?

Monday, November 10, 2008

മാന്ദ്യം വന്ന വഴി, പോയ വഴി


മാന്ദ്യം [recession] പിടിമുറുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഈ സന്ദർഭത്തിൽ ചെയ്യാവുന്നത് പഴങ്കഥകൾ പറഞ്ഞ് സമയം തള്ളിനീക്കുകയാണല്ലൊ. എങ്കിൽ മാന്ദ്യത്തെപ്പറ്റി കേട്ടിട്ടുള്ള രണ്ട് കഥകൾ തന്നെയാകട്ടെ.

1. മാന്ദ്യം വന്ന വഴി

ഒരു ചെറിയ പട്ടണത്തിൽ മധ്യവയസ്കനായ ഒരാൾ ഒരു ചെറിയ ചായപ്പീടിക നടത്തിയിരുന്നു. വീട്ടിൽ പാചകം ചെയ്ത വിഭവങ്ങളെ തോല്‍പ്പിക്കുന്നത്ര ഹോംലിയായിരുന്നു ആ ഹോട്ടലിലെ വിഭവങ്ങളുടെ സ്വാദ്. സ്വാഭാവികമായും ഒരിക്കൽ വന്നവർ വീണ്ടും വന്നും പുതിയ ആളുകളോട് പറഞ്ഞും അവിടത്തെ തിരക്ക് കൂടിക്കൂടി വന്നു. പരസ്യങ്ങളൊന്നുമില്ലാതെ തന്നെ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ വന്നു. എന്തിനു പറയുന്നു ഹോട്ടൽ വലുതായി, മകനെ എം.ബി.എ പഠിപ്പിച്ച് പാസാക്കുംവരെയെത്തി അയാളുടെ വളർച്ച. പഠനം കഴിഞ്ഞ് മകനും വന്ന് ഹോട്ടലിൽ ചാർജെടുത്തു. മകൻ എന്നും രാവിലെ എക്കണോമിക് ടൈംസ് മുടങ്ങാതെ വായിക്കും, ഉച്ചത്തെ ബ്രെയ്ക്കിന് ഇന്റർനെറ്റിൽ പതയ്ക്കും, രാത്രി എൻ.ഡി.ടി.വിയിലെ ബിസിനസ് പ്രോഗ്രാമുകൾ കാണും. അങ്ങനെ ഒരു ദിവസം മകൻ ഒരു വാർത്തയറിഞ്ഞു. വലിയൊരു മാന്ദ്യം ഇങ്ങെത്തിക്കഴിഞ്ഞെന്ന്. ഉടൻ മകൻ ഹോട്ടലിയ്ക്കോടി. "അച്ഛാ, മാന്ദ്യം വരുന്നു, മാന്ദ്യം വരുന്നു. നമ്മുടെ സെയിലെല്ലാം കുത്തനെ കുറയും." പഠിച്ച മകനല്ലെ, അയാൾ മകൻ പറഞ്ഞത് വിശ്വസിച്ചു. അന്നു വൈകുന്നേരം ചന്തയിൽ പോയപ്പോൾ അരിയും ഇറച്ചിയും മീനുമെല്ലാം സാധരണ വാങ്ങുന്നതിലും കുറവാണയാൾ വാങ്ങിച്ചത്. പിറ്റേന്ന് കച്ചവടം കഴിഞ്ഞ് പണപ്പെട്ടി എണ്ണിനോക്കുമ്പോഴോ - മകൻ പറഞ്ഞത് കിറുകൃത്യം. മാന്ദ്യം ഇങ്ങെത്തിക്കഴിഞ്ഞു.

2. മാന്ദ്യം പോയ വഴി

അമേരിക്കയിലെ ഒരിടത്തരം പട്ടണം. മാന്ദ്യം പൊടിപൊടിയ്ക്കുന്നു. ഈച്ചയെപ്പോലും ആട്ടാനില്ലാതെ കച്ചവടക്കാർ ചൊറിയും കുത്തിയിരിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ലക്ഷ്വറി കാറുകൾ വിൽക്കുന്ന ഒരു കടയിലേയ്ക്ക് ഒരു ചെറുപ്പക്കാരൻ കടന്നു വന്നു. കച്ചവടം നടക്കുന്നത് പോട്ടെ ഒരു കാക്ക പോലും അതുവഴിയേ പോയിട്ട് മാസങ്ങളായിക്കാണും. എന്തിനുപറയുന്നു, ആ ചെറുപ്പക്കാരൻ ഏറ്റവും വിലകൂടിയ ലക്ഷ്വറി കാറിന് ഓർഡർ കൊടുത്തു. കടയുടമ ഞെട്ടിപ്പോയി. ഇനി എന്ന് കച്ചവടമുണ്ടാവുന്നോ അന്നു തന്നെ ഭാര്യയ്ക്കൊരു ഡയമണ്ട് നെക്ക് ലേസ് വാങ്ങിക്കൊടുക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്തിരുന്നു. അയാളുടനെ അടുത്തുള്ള ജ്വല്ലറിയിലേയ്ക്കു ചെന്നു. ജ്വല്ലറി ഉടമയോ - ഇനി ഒരു നെക്ക് ലേസ് വിൽക്കുന്ന ദിവസം വീട്ടുകാർക്കും സ്റ്റാഫിനും ഒരു ഫൈവ് സ്റ്റാർ ഡിന്നർ - അതായിരുന്നു അയാളുടെ വാഗ്ദാനം. അപ്പോൾത്തന്നെ അവിടെയുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വിളിച്ച് അന്നു രാത്രിത്തെ ഡിന്നറിന് പന്ത്രണ്ടുപേർക്ക് അയാൾ സീറ്റു ബുക്കു ചെയ്തു. അതൊരു ചെയിൻ റിയാക്ഷനായിരുന്നു. അങ്ങനെ മെല്ലെ മെല്ലെ ആ പട്ടണവും പിന്നാലെ ആ സ്റ്റേറ്റും അതിനു പിന്നാലെ അമേരിക്കയും മാന്ദ്യത്തിൽ നിന്ന് പുറത്തുകടന്നു. എല്ലാം പഴയ പടി നോർമൽ. അപ്പോളതാ പത്രത്തിൽ ഒരു പരസ്യം. പണക്കാരായ ഭ്രാന്തന്മാരെ ചികിത്സിക്കുന്ന ഒരാശുപത്രിയിൽ നിന്ന് ഒരാൾ ചാടിപ്പോയെന്ന്. പരസ്യത്തോടൊപ്പം അയാളുടെ ഫോട്ടോയുമുണ്ട്. ലക്ഷ്വറി കാറു കച്ചവടക്കാരൻ ഞെട്ടിപ്പോയി - അത് അന്ന് മാന്ദ്യം കൊടി മൂത്തു നിൽക്കുമ്പൊ കാറ് വാങ്ങാൻ വന്ന ആ ചെറുപ്പക്കാരനായിരുന്നു.

Thursday, November 6, 2008

വേണം ഒരു ദളിത് ആൾദൈവം


ഒബാമയുടെ വിജയം കറുത്ത വർണവെറിയുടെ വിജയമാണെന്ന് ഒരു അനോനി കമന്റിട്ടിരിക്കുന്നു. എങ്കിൽ നന്നായിപ്പോയി. വർഷങ്ങൾ നീണ്ടു നിന്ന വൈറ്റ് റേസിസത്തത്തിനു പകരം ചിലപ്പോൾ വർഷങ്ങൾ നീണ്ടു നിൽക്കുന്ന ബ്ലാക്ക് റേസിസം വരും. സഹിച്ചേ പറ്റു. ഇന്ത്യയിലൊക്കെ റിവേഴ്സ് അയിത്തം വന്നെന്നും വരും. എന്താ പേടിയുണ്ടോ? അനീതിയെ അനീതികൊണ്ടു മാത്രമേ ഇല്ലാതാക്കാൻ പറ്റൂ. അതാണ് നീതി.

അരയ സമുദായത്തിൽ ജനിച്ച അമൃതാനന്ദമയിയുടെ കാലു കഴുകിയ വെള്ളം നായിമ്മാരും മേനോന്മാരും വർമമാരും നമ്പൂതിരിമാരും വാ‍ര്യമ്മാരും ഏറാടിമാരും കുടിക്കുമ്പോൾ അതിലൊരു കൾച്ചറൽ നെമസിസുണ്ട്. അരയ സമുദായം ദളിതില്‍പ്പെടുമോ? എനിക്കറിയില്ല. പെടില്ലെങ്കിൽ ദളിത് സമുദായത്തിൽ നിന്ന് ഒരു ആൾദൈവം ഉണ്ടായിവരട്ടെ.
വിവേകാനന്ദനും കെ. ആർ. നാരായണനും ജാനുവും അരുന്ധതിയും ദളിതെഴുത്തുകാരും പെണ്ണെഴുത്തുകാരും എല്ലാങ്കൂടി ഉണ്ടാക്കിയതിനേക്കാൾ വലിയ വിപ്ലവം ഉണ്ടാക്കി സുധാമണി aka അമൃതാനന്ദമയി.

ഇക്കാര്യത്തിൽ സക്കറിയയുടെ വെഷമം ന്യായീകരിക്കാവുന്നതേയുള്ളു. അമ്മ എന്ന വാക്ക് ദുരുപയോഗം ചെയ്യുന്നതിൽ കറിയാച്ചൻ രോഷം കൊള്ളുന്നു. മാതാവേ, സിസ്റ്റർ എന്നീ വിളികളോ? കുഷ്ഠരോഗികളെ കെട്ടിപ്പിടുത്തം, ആശുപത്രി-സ്ക്കൂൾ-കോളേജ് കച്ചവടം എന്നിവ മദർ തെരേസയ്കും കാത്തോലിക്കാ സഭയ്ക്കും മാത്രമേ പറഞ്ഞിട്ടുള്ളു എന്നാണ് ധ്വനി.

അമൃതാനന്ദമയിയെ മദർ തെരേസയോട് ഉപമിച്ചതിൽ പ്രതിഷേധിച്ചയാളാണ് സഖാവ് കെഇഎൻ. അമൃതാനന്ദമയി മഠത്തിന്റെ പണവരവിന്റെ സ്രോതസ്സുകളെപ്പറ്റി അന്വേഷിക്കണമെന്നും സഖാവ് ആവശ്യപ്പെട്ടിരുന്നു. പൊന്നുസഖാവേ, ഗ്രാംഷിയേയും ചുള്ളിക്കാടിനേയും മാത്രം വായിച്ചാല്‍പ്പോരാ, ദേ ഇവിടെയുങ്കൂടി ഒന്ന് ഞെക്കിനോക്ക്.

വ്യക്തിപരമായി ഞാൻ ഒരു ആൾദൈവത്തിലും വിശ്വസിക്കുന്നില്ല. എങ്കിലും ഇന്ത്യയ്ക്കും കേരളത്തിനുമൊക്കെ ഒരു അഞ്ചുപത്ത് ദളിത് ആൾദൈവങ്ങളെ അഫോഡ് ചെയ്യാനുള്ള അർഹതയൊക്കെ ഉണ്ടെന്ന് വിശ്വസിക്കുന്നു.

അനീതിയെ അനീതികൊണ്ടു മാത്രമേ ഇല്ലാതാക്കാൻ പറ്റൂ. അതാണ് നീതി.

എടുക്കാനുണ്ടോ യാങ്കിച്ചായാ ഒരു കറമ്പൻ ക്രൈസ്റ്റിനെ?

Wednesday, November 5, 2008

കറുപ്പ് താൻ എനിക്ക് പുടിത്ത കളറ്


യുഎസ് പ്രസിഡണ്ട് കറുപ്പു താൻ


കറുപ്പ് താൻ എനിക്ക് പുടിത്ത കളറ്

Sunday, November 2, 2008

മ്യാവൂ!


പ്ലാസ്റ്റിക്കിനേയും ഹോമോസെക്ഷ്വാലിറ്റിയേയും പ്രകൃതിവിരുദ്ധം എന്നാണ് നിങ്ങൾ വിളിക്കുന്നത്. എനിക്കത് മനസ്സിലാവുന്നില്ല. അത് ഉണ്ടാകുന്ന/ഉണ്ടാക്കപ്പെടുന്ന വഴികൾ എങ്ങനെയുമായിക്കോട്ടെ, പ്രകൃതിയിലുള്ള ഒരു സാധനം പ്രകൃതിവിരുദ്ധമാകുന്നതെങ്ങനെ? അല്ലെങ്കിലും പ്രകൃതി എന്നു പറയുമ്പോൾ സർവം തികഞ്ഞ ഒരു സാധു, എല്ലാവന്റേയും അമ്മൂമ്മ എന്നൊരു ധ്വനി നിങ്ങടെ എല്ലാ പ്രയോഗങ്ങളിലും ഉണ്ട്. പ്രകൃതിചികിത്സയുടെ ആരാധകരെ മുട്ടി നടക്കാൻ വയ്യ. ഗ്രീൻ പീസ് മസാലയുടെ കാര്യം പറയാനുമില്ല. മൂന്നാം ലോകങ്ങളിലെ ഹൈഡൽ പവർ പ്രൊജക്റ്റുകളെ അട്ടിമറിച്ച് അവിടെയെല്ലാം വലിയ ജനറേറ്ററുകൾ ഇറക്കുമതി ചെയ്യിപ്പിക്കാൻ ലക്ഷ്യമിടുന്നതടക്കമുള്ള സ്പോൺസേഡ് പ്രതിരോധങ്ങളുടെ ഒരു തുമ്പ് മാത്രമല്ലെ ഗ്രീൻപീസ്? ആദിവാസികൾക്കും നക്സലൈറ്റുകൾക്കും സഹായം നൽകുന്ന അതിഭീകരമായ അമേരിക്കൻ കോർപ്പറേറ്റ് ട്രോജൻ കുതിരയിസം?

ഗ്രീൻപീസിന്റെ കാര്യം അതാണെങ്കിൽ പൊറോട്ട ഒരു നോൺ-ഫുഡാണെന്നാണ് മറ്റൊരു വാദം. പ്ലാസ്റ്റിക്കിനെ പറഞ്ഞ തെറികൾ സമാഹരിച്ചാൽ ഞാൻ ഒരു കൊടുങ്ങല്ലൂർ ഭരണിക്ക് ഒരു തൃശ്രൂർ-കൊടുങ്ങല്ലൂർ കെ. കെ. മേനോനിൽ ഭരണിക്കുപോകുന്ന ഒരു കൂട്ടം ദളിതരുടെ നടുക്കിരുന്ന് വന്ന വരവ് തോറ്റുപോകും.

അങ്ങനെ പറയാനാണെങ്കിൽ കുടുംബമാണ് ഏറ്റവും പ്രകൃതിവിരുദ്ധവും ജനാധിപത്യവിരുദ്ധവും സോഷ്യലിസ്റ്റ് വിരുദ്ധവുമായ സാധനം. അതുകൊണ്ട് അതു വിട്ടുപിടി.

ഒരഞ്ചാറ് മാസം മുമ്പാണ് പൂച്ചകളുടെ പ്രസവരക്ഷ എന്നൊരു പോസ്റ്റ് എഴുതാൻ ആഞ്ഞത്. എൻസൈക്ലോപീഡിയ നോക്കുമ്പോലെ ദേവനെ വിളിച്ചിരുന്നു. പിന്നെ അത് ഡ്രാഫ്റ്റിൽ കുടുങ്ങി. ഇതിനു തൊട്ടുമുമ്പുള്ള പോസ്റ്റിന് ഒരു അനോനിയിട്ട തട്ടുപൊളിപ്പൻ കമന്റിലെ മാതൃഭാവസ്തുതി വായിച്ചപ്പോൾ ഇത് വീണ്ടും തേട്ടി വന്നു. അതിവിടെ കക്കുന്നു. [കുഞ്ഞുപിള്ളേരുടെ അജീർണശർദ്ദിലിനാണ് ഞങ്ങൾ കക്കൽ എന്നു പറയുന്നത്].

ഏറ്റവും അഗണൈസിംഗ് ആയ വിലാപം കുഞ്ഞിനെ കാണാതായ പൂച്ചയുടേതാണ്. ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടോ അത്? കുഞ്ഞിനെ പട്ടിയോ കാടൻപൂച്ചയോ പിടിച്ചതാകാം. അല്ലെങ്കിൽ മൂത്രം, കാഷ്ടം, കരച്ചിൽ തുടങ്ങിയ ശല്യങ്ങൾ കാരണം വീട്ടിലെ ചെക്കൻ എല്ലാ കുഞ്ഞുങ്ങളേം സഞ്ചിയിലാക്കി വായ കെട്ടി സൈക്കിളിൽ കേറ്റി ദൂരെക്കൊണ്ട് കളഞ്ഞതാകും. എന്തായാലും പോയത് പെറ്റ തള്ളയ്ക്ക് പോയി. അയ്യോ, അതറിഞ്ഞാലുള്ള ആ തള്ളയുടെ കരച്ചിൽ കേൾക്കാൻ വയ്യ. ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടോ അത്? ഞാൻ ഒരിയ്ക്കലല്ല പല തവണ കേട്ടിട്ടുണ്ട്. പല തവണയും ആ കഥയിലെ ചെക്കൻ ഞാനായിരുന്നു.

ചെറുപ്പത്തിൽ കമ്മൂണിസ്റ്റാവത്തവന് ഹൃദയവും വലുതായിട്ടും കമ്മൂണിസ്റ്റായിത്തുടരുന്നവന് തലച്ചോറും ഇല്ലെന്നല്ലേ മഹദ്വചനം? ഞാൻ ചെറുപ്പത്തിൽ കമ്മൂണിസ്റ്റ് വിരുദ്ധനായിരുന്നു. ഇപ്പോൾ അതിനോടൊരു ആഭിമുഖ്യം തോന്നുന്നു. അതെ, ഹൃദയവുമില്ല, തലച്ചോറുമില്ല. അതെ, ഹൃദയമില്ലാതിരുന്നതുകൊണ്ടാണ് പല തവണ പല ബാച്ച് പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെയ്നർ ലോറികൾ വരുന്ന വഴിവക്കിലടക്കം പലയിടങ്ങളിലായി ഉപേക്ഷിച്ചിട്ടുള്ളത്. സഞ്ചിയുടെ പ്ലാസ്റ്റിക് ഭിത്തി തുളച്ചുവരുന്ന കുഞ്ഞുങ്ങളുടെ വിലാപം മറക്കാം. തിരിച്ചുവന്ന് കുറച്ചു കഴിയുമ്പോൾ കേൾക്കുന്ന തള്ളയുടെ കരച്ചിൽ, വയ്യ.

ശരിയാണ് അനോനീ, പ്രിയസഖി ഗംഗേ പറയൂ, പ്രിയമാനസനെവിടേ എന്ന കാമഭ്രാന്ത് ഒരു വിരലുകൊണ്ട് ചിലപ്പോൾ ശമിപ്പിക്കാൻ കഴിഞ്ഞു എന്നു വരും. അതുകൊണ്ട് എന്റെയാചോദ്യം - "പതിനാറാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടണോ എൺപത്തിനാലാം വയസ്സിൽ കന്യകയായി മരിക്കണോ?" അതിനേക്കാൾ പ്രധാനം നിങ്ങളുടെ ചോദ്യം തന്നെ - "പതിനാലാം വയസ്സിൽ ബലാൽത്സഗത്തിലൂടെ അമ്മയാകണോ അതോ എൺപത്തിനാലാം വയസ്സിലും അമ്മയാകാതെ തന്നെ മരിയ്ക്കണോ" എന്ന ചോദ്യം.

കരച്ചിലിനേക്കാൾ ആഴത്തിലാണ് പാല് വന്ന് വീർക്കുന്ന മുലകൾ ആഴ്ന്നിറങ്ങി വേദനിപ്പിക്കുന്നത്. മുലപ്പാൽ പിഴിഞ്ഞു കളഞ്ഞ് ജോലിക്കു പോകുന്ന സൗദിയിലെ നഴ്സുമാരെപ്പറ്റി സാദിക് എഴുതിയിരുന്നല്ലൊ. അതിന്റെ മറ്റൊരു വെർഷൻ ഞാനെന്റെ കുടുംബത്തിൽ അനുഭവിച്ചിട്ടുണ്ട്. ഞാൻ ബീയേക്കു ചേർന്ന ആഴ്ചയായിരുന്നു ചേച്ചിയുടെ ആദ്യപ്രസവം. മാസം തികഞ്ഞിരുന്നു. പക്ഷേ നിശ്ചിത തീയതിയുടെ തലേന്ന് പൊക്കിൾക്കൊടി ചുറ്റി ഗർഭപാത്രത്തിൽക്കിടന്ന് കുഞ്ഞ് മരിച്ചു. പിറ്റേന്ന്, ഭാഗ്യം, സിസേറിയൻ വേണ്ടി വന്നില്ല, താനേ പ്രസവിച്ചു. തള്ളയുടെ പുള്ളിനൊപ്പം പുഷ് ചെയ്യാൻ ചാപിള്ളയ്ക്ക് കഴിയാത്തതുകൊണ്ട്, ചാപിള്ളയെ പുറത്തെടുക്കാൻ സിസേറിയൻ സാധാരണമാണെന്ന് ഡോ. റോസലിൻ പേടിപ്പിച്ചിരുന്നു. മഞ്ഞച്ച കുഞ്ഞിനെ ഒരു നോക്ക് കണ്ടത് മറക്കാം. പക്ഷേ മാറത്ത് പാലു വിങ്ങി ചേച്ചി കാണിച്ച പരാക്രമം! ഹൊ. നമുക്ക് മനുഷ്യർക്ക് പക്ഷേ മുല്ലപ്പൂക്കൾ വെച്ചുകെട്ടി വിങ്ങൽ കുറയ്ക്കാം, പാല് വറ്റിയ്ക്കാം. പോരാത്തതിന് അതിനിപ്പോൾ നല്ല ഇംഗ്ലീഷ് മരുന്നുകളും സുലഭമാണ്.

പൂച്ചകൾക്ക് എങ്ങനെ മുല്ലപ്പൂ വെച്ചുകെട്ടികൊടുക്കും? മക്കളെ കാണാതാകുമ്പോഴുടൻ അവ പുറപ്പെടുവിക്കുന്ന വന്യവിലാപങ്ങളേക്കാൾ ആഴത്തിൽ മുറിപ്പെടുത്തും പിന്നീടുള്ള ദിവസങ്ങളിൽ പാല് തിങ്ങിയ മാറിടങ്ങളോടെയുള്ള അവയുടെ അസ്വാസ്ഥ്യങ്ങൾ. ചുവന്നും വെളുത്തും വീർത്ത് ഇപ്പോൾ പൊട്ടുമെന്ന് തോന്നിപ്പിച്ച് അവയിൽ ചിലതിന്റെ മുലക്കണ്ണുകൾ നോക്കിയ നോട്ടങ്ങളുടെ ഓർമകൾ ഇപ്പോളും എന്നെ പൊള്ളിക്കുന്നു.

എന്നാൽ - അതൊരു വലിയ എന്നാലും തന്നെ - ഇതിനേക്കാളെല്ലാം മുകളിലേയ്ക്ക് മറ്റൊരോർമയുടെ പല്ലുകളാഴുന്നു. പൂച്ച സാധാരണയായി മൂന്നോ നാലോ കുഞ്ഞുങ്ങളെയാണല്ലൊ ഒരു തവണ പ്രസവിയ്ക്കുന്നത്. അങ്ങനെ തീരെ കുഞ്ഞുങ്ങളായിരിക്കെത്തന്നെ കുഞ്ഞുങ്ങളുടെ കുഞ്ചിയ്ക്ക് മുറിയാതെ കടിച്ചു പിടിച്ച് തള്ള അവറ്റെ പല സ്ഥലങ്ങളിൽ കൊണ്ടുപോകുന്ന ഒരു പരിപാടിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൂച്ചപ്രണയിയായ ഞങ്ങളുടെ പാച്ചിയുടെ [അച്ഛന്റെ പെങ്ങൾ പാർവതി, പാർവതിച്ചേച്ചി ലോപിച്ച് പായിച്ചേച്ചിയും പിന്നെയും ലോപിച്ച് പാച്ചിയുമായി] പാച്ചിയുടെ ഭാഷയില്‍പ്പറഞ്ഞാൽ 'ഏഴില്ലം കടത്തൽ'. അതായത് ഏഴ് വീടുകളിലെങ്കിലും, അല്ലെങ്കിൽ ഒരേ വീടിന്റെ ഏഴ് വിദൂര ഇടങ്ങളിലെങ്കിലും, ഇങ്ങനെ മക്കളെയും കൊണ്ട് പൂച്ച പോകുമെന്നാണ് പാച്ചിയുടെ ഭാഷ്യം.

പൂച്ചയുടെ മറ്റൊരു സ്വഭാവവിശേഷവും പാച്ചി കുട്ടിക്കാലത്തു തന്നെ പറഞ്ഞുതന്നു. അത് ഞെട്ടിപ്പിക്കുന്നതായിരുന്നു. പെറ്റ് ഒന്നോരണ്ടോ ദിവസത്തിനുള്ളിൽത്തന്നെ തള്ളപ്പൂച്ച തന്റെ തന്നെ ഒന്നോ ചിലപ്പോൾ രണ്ടോ കുഞ്ഞുങ്ങളെ ശാപ്പിടുമെന്ന്. അത് പൂച്ചയുടെ പ്രസവരക്ഷയാണെന്നും പാച്ചി പറഞ്ഞു. പൂച്ച പെറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽത്തന്നെ ഒന്നു രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ കാണാതാകുന്ന സ്ഥിരം പരിപാടിയിലെ വില്ലൻ വല്ല പട്ടിയോ കാടൻപൂച്ചയോ ആണെന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്തായാലും പാച്ചി പറഞ്ഞത് മുഴുവനായി വിഴുങ്ങാൻ എന്നെ കിട്ടുമായിരുന്നില്ല. കുഞ്ഞിന് വേദനിക്കാത്ത വിധം അതിനെ ഠപ് എന്ന് ഒരൊറ്റവിഴുങ്ങലാണ് തള്ളപ്പൂച്ച നടത്തുന്നത് എന്നുവരെ പറഞ്ഞുകളഞ്ഞു പാച്ചി.

അനുഭവം ഗുരു എന്നാണല്ലൊ. വർഷങ്ങൾ കഴിഞ്ഞാണ് ഇക്കാര്യത്തിലെ ഗുരുവിനെ എറണാകുളം ഘരാനയിൽ വെച്ച് കണ്ടുമുട്ടിയത്. വില്ലിംഗ്ഡൺ ഐലണ്ടിൽ ഞങ്ങളന്ന് താമസിച്ചിരുന്ന പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സിലെ അമ്മയും അച്ഛനും ജോലിക്കു പോയിരിക്കുന്ന ഒരു പകൽ. മഹാരാജാസ് ഈവനിംഗിൽ ബീയേക്കു പഠിക്കുകയാണ് അക്കാലം ഞാൻ. അന്നു രാവിലെ പെറ്റ ഒരു പൂച്ച കട്ടിൻ ചോട്ടിൽ കുട്ടികളോടൊപ്പം കിടക്കുന്നു. സെറ്റിയിലിരിന്ന് വായിക്കുന്ന എനിക്ക് തള്ളേം മക്കളേം കാണാം. പെട്ടെന്നതാ ആ തള്ളപ്പൂച്ച ഒരു കുഞ്ഞിനെ തിന്നാൻ തുടങ്ങുന്നു. ജീവനോടെ, മെല്ലെ മെല്ലെ, കടിച്ചു മുറിച്ച്. തിന്നപ്പെടുമ്പോൾ ആ കുഞ്ഞ് ചെറുതായൊന്ന് ഞരങ്ങിയോ? ഓർമയില്ല. പാച്ചി പറഞ്ഞ ആദ്യപാതി ശരിയായിരിക്കാം. ഇത് പൂച്ചയുടെ പ്രസവരക്ഷയായിരിക്കാം. രണ്ടാം പാതി ശരിയല്ല. വേദനിപ്പിക്കാതെയല്ല, ജീവനോടെ കടിച്ചു മുറിച്ചാണ് തീറ്റ.

ബാക്കിയുള്ള കുഞ്ഞുങ്ങളിൽ ഒന്നിനെ കാടൻപൂച്ചയോ പട്ടിയോ പിടിച്ചാലോ വീട്ടിലെ ചെക്കൻ നാടുകടത്തിയാലോ കരഞ്ഞുവിളിക്കുന്ന അമ്മയുടെ വർഗം തന്നെ അതും. എന്റെ ഞെട്ടൽ, പ്രകൃതിയുടെ ക്രൂരതയോർത്തുള്ള അന്നത്തെയാ സംത്രാസം, അതിന്നും വിട്ടിട്ടില്ല.

ഇതാദ്യമായി എഴുതാനാഞ്ഞ് ദേവനെ വിളിച്ചപ്പോൾ ദേവൻ പറഞ്ഞത് അത് പ്രസവരക്ഷയല്ലെന്നാണ്. ഒരേ സമയം മൂന്നിലധികം കുഞ്ഞുങ്ങളെ പാലൂട്ടി വളർത്താനുള്ള ആരോഗ്യം പൂച്ചകൾക്കില്ലത്രെ. മറ്റ് സഹോദരങ്ങൾക്കു വേണ്ടി ആ ഒരെണ്ണം ജീവൻ ബലിയർപ്പിക്കുന്നതാണെന്ന് ചുരുക്കം. ഹൊ, എന്നാലും അതൊരു വല്ലാത്ത രീതിയിലുള്ള ബലിയായിപ്പോയി. പെറ്റ തള്ള തന്നെ കൊച്ചിനെ പച്ചയ്ക്ക് തിന്നുന്ന ഏർപ്പാട്.

അതിനും ശേഷമാണ് പൂച്ചകളുടെ സെക്സ് ലൈവായി കണ്ടത്. അതും മഹാഭീകരം തന്നെ. ഒരു കാ‍ടൻ റേപ്പ്. എല്ലാ ഫെലൈൻ കക്ഷികളും അങ്ങനെ തന്നെ ആണോ ആവോ? ഒരു സിംഹസെക്സിന്റെ സ്റ്റിൽ ഫോട്ടോ കണ്ടപ്പോൾ എല്ലാ മാർജാരന്മാരും അങ്ങനെ തന്നെ അങ്ങനെ തന്നെ എന്ന് പേടിച്ചു പോയി. ആൺപൂച്ച പെണ്ണിന്റെ പുറത്തുകയറിയിരുന്ന് അതിക്രൂരമാം വിധം അതിന്റെ കഴുത്തിൽ മുറുകെ കടിച്ചുപിടിച്ചാണ് സം യോഗം സാധ്യമാക്കുന്നത്. ആ റേപ്പ് പെണ്ണ് എൻ ജോയ് ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ, ഒരു സാക്ഷിക്ക് പറയാനുണ്ടാവുക അല്ലെന്നായിരിക്കും. വേദനിച്ച് കരഞ്ഞ് രക്ഷപ്പെടാൻ തന്നെയാണ് അതിന്റെ വെപ്രാളം. അത് വിട്ടുപോകാതിരിക്കാൻ തന്നെയാണ് കണ്ടൻപൂച്ച കടിച്ചു പിടിച്ചിരിക്കുന്നതും. അതിനെപ്പറ്റി അക്കാലത്തു കേട്ട ഒരു എക്സ്പ്ലനേഷൻ വിശ്വസിക്കാൻ പറ്റിയിട്ടില്ലിതുവരെ. ആൺപൂച്ചയുടെ ഉദ്ധൃതമായ ലിംഗത്തിന് അസഹനീയമായ ചൂടാണത്രെ. അതുകൊണ്ടാണുപോലും പെണ്ണിനത് സന്തോഷത്തോടെ സ്വീകരിയ്ക്കാൻ കഴിയാത്തത്.

പൂച്ചയുടെ സെക്സിന്റെ കാര്യം ഇതാണെങ്കിൽ പൂച്ചയുടെ മേൽത്തട്ട് ശത്രുവായ പട്ടിയുടെ കാര്യമോ? ഇടവഴികളിലും മറ്റും മുന്നിൽ വന്ന് പെട്ടിട്ടുള്ള ശ്വാനരതി ആരിലാണ് സഹതാപമുണർത്താതിരിക്കുക. [പൂച്ചയുടെ കീഴ്ത്തട്ട് ശത്രുവായ എലിയുടെ കാര്യം എന്താണോ എന്തൊ!].

കുട്ടിക്കാലം ചെലവഴിച്ച അച്ഛന്റെ വീട്ടിൽ, അതായിരുന്നു ആ വീടിന്റെ സുവർണകാലം, അക്കാലത്ത് ഒരു ടൈമിൽ അവിടെ എട്ടു പൂച്ചകളുണ്ടായിരുന്നു. എന്നിട്ടും ഒരു കാലത്തും അവയെ സ്നേഹിക്കാൻ പറ്റിയിട്ടില്ല. അനിയത്തിയിൽ നിന്ന് പാരമ്പര്യമായി കിട്ടിയ പൂച്ചസ്നേഹവും കൊണ്ടായിരിക്കണം അച്ഛൻ ക്വാർട്ടേഴ്സിൽ പാർക്കാൻ പോയത്. എന്തായാലും പിന്നാലെ പോയ ഞങ്ങൾക്കെല്ലാം - അമ്മയ്ക്കും ചേച്ചിയ്ക്കും എനിക്കും - ദേഷ്യമായിരുന്നു പൂച്ചകളെ. പട്ടിക്കാട്ടത്തിന്റെ ദുർഗന്ധത്തെ തോല്‍പ്പിക്കുന്ന ഒരു ദുർഗന്ധമേയുള്ളു - പൂച്ചമൂത്രത്തിന്റെ.

എങ്കിലും പാച്ചിയുടെ പൂച്ചകുലത്തിലെ ഒരുത്തിയെ മറക്കാൻ വയ്യ. റാണി എന്നായിരുന്നു അവളുടെ പേര്. പൂച്ചയെ ഇഷ്ടമല്ലാതിരുന്ന ഞങ്ങളുടെ മൃഗീയഭൂരിപക്ഷം മാനിച്ച്, പാച്ചിയുടെ സങ്കടം വക വെയ്ക്കാതെ, അതിനെ നാല് പുഴയിലെ കടത്തുകൾ കടത്തി, പത്ത് പതിനഞ്ച് ഏരിയൽ കിമീ ദൂരത്തുള്ള പുത്തൻ വേലിക്കരയിൽ കൊണ്ടാക്കി ആരോ ഒരിക്കൽ. അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ ഒരു ഞായറാഴ്ച ഉച്ചയ്ക്ക് എല്ലാരും ഇരുന്നും കിടന്നുമെല്ലാം ഉച്ചമയക്കത്തിന്റെ ആലസ്യം നുകർന്നിരിക്കെ അതാ വരുന്നു റാണിപ്പൂച്ച "മ്യാവൂ".

തീർന്നില്ല. സ്കൂൾ ടീച്ചറായിരുന്ന അമ്മ അക്കാലത്ത് വിളിച്ചെടുത്ത ഒരു വലിയ കുറിയുടെ കാശുകൊണ്ട് ഒരു കാറ് വാങ്ങി ടാ‍ക്സിയിട്ടു. കെ. എൽ. ഇ. 551. ഗോതുരുത്തുകാരൻ മാത്തപ്പനു മുമ്പ് അങ്കമാലിക്കാരൻ വർഗീസായിരുന്നു ഡ്രൈവർ. ഒരു ദിവസം വൈകീട്ട് പോകുമ്പോൾ പിറ്റേന്നത്തെ മലയാറ്റൂ പെരുന്നാളോട്ടത്തിനു വേണ്ടി അയാൾ കാറ് അങ്കമാലിയ്ക്ക് കൊണ്ടുപോകുമ്പോൾ ഡിക്കിയിലെ ചാക്കിൽ റാണിയുമുണ്ടായിരുന്നു. അങ്കമാലി-ചേന്ദമംഗലം പത്തുമുപ്പത് കിലോമീറ്റർ ദൂരം, മരണ വേഗത്തിൽ വണ്ടികളോടുന്ന റോഡുകൾ, ഇഷ്ടികക്കളങ്ങൾ ഭൂമിയെ ചുട്ടുതിന്ന് പുകയും വിട്ട് മയങ്ങിക്കിടക്കുന്ന ചെങ്ങമനാട്ടെയും കുന്നുകരയിലേയും പാടങ്ങൾ, രൗദ്രയായ പെരിയാറിന്റെ ഹെഡ്ഡോഫീസ്, ചാലക്കുടിപ്പുഴയുടെ ശാഖകൾ... അതെല്ല്ലാം പിന്നിട്ട് വൃദ്ധയായ ആ മാർജാരസ്ത്രീ ഒന്നൊന്നരമാസം കഴിഞ്ഞപ്പോൾ ചേന്ദമംഗലത്തെ വീട്ടിൽ വന്നു കയറിയതെങ്ങനെ? ബ്രൗണിഷ് ഗ്രേ നിറമുള്ള റാണി നടന്നു വരുമ്പോൾ പല പേറ് പെറ്റ് തൂങ്ങിയ അതിന്റെ അമ്മിഞ്ഞകൾ ഇടത്തേയ്ക്കും വലത്തേയ്ക്കും ആടിയിരുന്നു. ഒരിക്കലും അരയ്ക്ക് മുകളിൽ ഡ്രെസ്സിട്ടു കണ്ടിട്ടില്ലാത്ത അമ്മൂമ്മയെ ഓർപ്പിച്ചിരുന്നു അപ്പോൾ റാണി.

എട്ടു പൂച്ചകളുള്ള ആ വീടിന്റെ കിഴക്കോറത്തുണ്ടായിരുന്ന ഒരു പരുത്തിയിന്മേൽ അക്കാലത്ത് ഒരു പകൽ ഒരു കാക്ക പെറ്റിട്ട് രണ്ടു ദിവസത്തിലേറെ പ്രായമാകാത്ത ഒരു പൂച്ചക്കുഞ്ഞിനേയും കൊണ്ട് എവിടെ നിന്നോ പറന്നു വന്ന് ലാൻഡു ചെയ്തു. അതിന്റെ കണ്ണ് ശെരിക്കും തുറന്നിട്ടുപോലുമില്ലായിരുന്നു - അത്രയും കുഞ്ഞ്. അതിനപ്പോളും പാതിജീവനുണ്ടായിരുന്നു. അതിന്റെ അവസാനത്തെ കരച്ചിൽ താഴത്തേയ്ക്ക് എത്തിയിരുന്നു. ഞാൻ കാക്കയെ ഒരു കല്ലെടുത്തെറിയാൻ കുനിഞ്ഞു. രക്ഷയുടെ പകുതിവഴിയും പിന്നിട്ട് അപ്പുറത്തേയ്ക്ക് പോയിരുന്ന ആ പൂച്ചക്കുഞ്ഞിനെ ഇനി രക്ഷിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ആരോ ആവണം എന്നെ തടഞ്ഞു. ആ കാക്ക ജീവനോടെ അതിനെ തിന്നാൻ തുടങ്ങി. തിന്നു തുടങ്ങിയ ഉടൻ ആ സ്ഥലം ‍അത്ര പന്തിയല്ലെന്നു കണ്ട് പിന്നെയും അതിനെയും കൊണ്ട് എങ്ങോട്ടോ പറന്നുപോയി.

ഇക്കഴിഞ്ഞ കർക്കടകത്തിൽ നാട്ടിലുണ്ടായിരുന്നപ്പോൾ, ഒരു രാത്രി, പറവൂരുന്ന് രണ്ട് ബിയറും കഴിച്ച് വീട്ടിൽ വന്ന് അത്താഴത്തിന് കൈ കഴുകുമ്പോൾ വടക്കേപ്പറമ്പിൽ ഒരു പൂച്ചയുടെ മരണവെപ്രാളം. പഴയ കുറ്റബോധങ്ങൾകൊണ്ടായിരിക്കാം, മഴ വക വെയ്ക്കാതെ ഒരു ടോർച്ചുമെടുത്ത് നോക്കാനിറങ്ങിയപ്പോൾ, അപ്പോളും ആരോ വിലക്കി - "അത് സാരല്ല്യ ചേട്ടാ, ഒരു പട്ടി ഒരു പൂച്ചേപ്പിടിച്ചതാ". ഭാഗവതത്തിൽ ജീവോ ജീവസ്യ ജീവനം എന്നു വായിച്ചത് അതിനും മുമ്പായിരുന്നതുകൊണ്ട് അത്താഴം മുടങ്ങിയില്ല.

വസന്തവായുവിൽ വസൂരിരോഗാണുവുണ്ടെന്നും പറന്നു നടക്കുന്ന ആ സുന്ദരിശലഭത്തിനു പിന്നാലെ ഒരു ഓന്ത് നാക്കു നീട്ടുന്നുണ്ടെന്നും വൈലോപ്പിള്ളി പറഞ്ഞപോലെ, റാണിയും ഓരോ പ്രസവശേഷവും ഒരു കുഞ്ഞിനെയെങ്കിലും കടിച്ചു തിന്നിരുന്നോ?

പ്രകൃതിയെപ്പറ്റി അധികം പറയണ്ട.
Related Posts with Thumbnails