Sunday, September 30, 2007

ശ്രീശാന്തിന്റെ അമ്മ പൂജിക്കട്ടെ



ഏതെങ്കിലും ഒരു ലോകനേതാവ് ചത്താല്‍ അയാളുടെ മുള്ളീപ്പത്തെറിച്ച മലയാളി കണക്ഷന്‍ (അയാള്‍ടെ ഡ്രൈവര്‍ടെ അനിയന്‍ കണാരേട്ടന്റെ സുഹൃത്തിന്റെ ഓര്‍മക്കുറിപ്പുകള്‍), ഏതെങ്കിലും ദേശീയനേതാവ് കേരളം സന്ദര്‍ശിക്കാന്‍ വന്നാല്‍ അയാളുടെ പഴയ കുക്കിന്റെ പയറുകൊണ്ടാട്ട സ്മൃതികള്‍... ഇതെല്ലാം മനോരമയുടെ മാത്രം വളിപ്പുകളായിരുന്നു പണ്ട്. ഇപ്പോ ടീവി ചാനലുകളും മത്സരരംഗത്തുള്ളതുകൊണ്ട് എല്ലാവരും പൈങ്കിളികളായി. അങ്ങനെ ഫസ്റ്റ് കാഷ്വാലിറ്റി ബികംസ് ജെനൂയിന്‍ വാര്‍ത്ത. സത്യമോ അസത്യമോ ആകട്ടെ, വളച്ചൊടിച്ചതോ വെള്ളം ചേര്‍ത്തതോ ആകട്ടെ, 'വാര്‍ത്ത' വിപണിയിലിറക്കാന്‍ മത്സരിക്ക് ചേട്ടന്മാരേ. അല്ലാത്തതെല്ലാം പരമബോറ്. ബോറ് മാത്രമല്ല പലപ്പോഴും ഡെയ്ഞ്ചറ്.

ആദ്യമായി ഒരു സക്സസ്ഫുള്‍ നാഷണല്‍ പ്ലെയറെ കിട്ടിയതുകൊണ്ടാകാം നമ്മുടെ മീഡിയ ശ്രീശാന്തിനെ സംബന്ധിച്ച എന്തും ആഘോഷിക്കുന്നത്. ട്വന്റി ട്വന്റി ഫൈനല്‍. ശ്രീശാന്തിന്റെ വീട്ടുകാരെ സമാധാനമായൊന്ന് കളി കാണാന്‍പോലും സമ്മതിക്കാതെ പല ചാനലുകാരും പത്രക്കാരും ക്യാമറാ സംഘങ്ങളുമായി അവിടെ തമ്പടിച്ചിരിക്കുന്നു. അത് ക്ഷമിക്കാമെന്നു വയ്ക്കാം. അതിനിടയില്‍ ഗോവണിയിറങ്ങിവരുന്ന ശ്രീശാന്തിന്റെ അമ്മയുടെ ഷോട്ട്. അവര് കളി കണ്ടില്ലത്രെ. മകന്‍ ബോള് ചെയ്യുമ്പൊ ടെന്‍ഷന്‍ സഹിക്കാതെ അവര് പൂജാമുറിയിലായിരുന്നുപോലും. പൂജാമുറിയിലിരിക്കുന്നതും പൂജിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമെല്ലാം തികച്ചും പെഴ്സണലായ കാര്യങ്ങളല്ലെ? അത് വാര്‍ത്തയാക്കുന്നത് അവരുടെ സ്വകാര്യതയില്‍ കൈകടത്തലല്ലേ? അതിനേക്കാള്‍ മോശം അതിന്റെ റിലിജിയസ് കോണൊട്ടേഷനാണ്. എല്ലാ അമ്മമ്മാരും പൂജിച്ചോളുവെന്നൊ പൂജിച്ചേ പറ്റുവെന്നോ ഒക്കെയുള്ള ധ്വനി (മാനസനിളയില്‍). ചാനലുകാരോട് മത്സരിക്കാന്‍ പത്രക്കാര് ഇനി എന്തു ചെയ്യും? നേര്‍ച്ചകളുടെ രശീതികള്‍ അടിച്ചുമാറ്റി സ്കൂപ്പാക്കും. അമ്മയെ വരെ (മറ്റേ അമ്മയെ) ഇത്തരം താരങ്ങള്‍ ആരാധിക്കുന്നുണ്ടാവും. അമ്മയുടെ ചാനലില്‍ അത് കാട്ടിക്കൊട്ടെ. സാധാമാധ്യമങ്ങളും ആ വഴി പോണോ? അര്‍പ്പണ ബോധത്തിന്റെയും കായികക്ഷമതയുടേയുമെല്ലാം മോഡലുകളാക്കേണ്ടവരെ മതങ്ങളുടേയും ആള്‍ദൈവങ്ങളുടേയും പരസ്യങ്ങളിലെ മോഡലുകളാക്കുന്നത് ക്യാമറയുടെ അര്‍ത്ഥമറിയാത്തവരാണ്. ചിലതിനെല്ലാം മറ വേണം. ക്യാ-മറ എന്ന് വിഗ്രഹിക്കുന്നവര്‍ക്ക് എന്ത് മറ? ശ്രീശാന്തിന്റെ അമ്മ പൂജിക്കട്ടെ. ദാറ്റ് ഈസ് നണ്ണോഫ് മൈ ബിസിനസ്, പ്ലീസ്.

Saturday, September 29, 2007

ദുരുപയോഗങ്ങള്‍


കുറസോവയുടെ റാന്‍ കണ്ടപ്പോള്‍ മനസ്സില്‍ കയറിപ്പറ്റിയ ഒരു സബ്-ടൈറ്റ്ല്‍ വര്‍ഷം 17 കഴിഞ്ഞിട്ടും ഓര്‍മിക്കാന്‍ കഴിയുന്നതിന്റെ 101% ക്രെഡിറ്റ് ആ സബ്ടൈറ്റിലിനുള്ളതാണ്. ബാക്കിയുള്ള 'മൈനസ് 1%' അത് ഓര്‍ക്കുന്ന ആള്‍ക്കും - "Man is born crying and when he is cried enough, he dies".

ഒരു മനുഷ്യക്കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ അതിന്റെ മിക്കവാറും എല്ലാ അവയവങ്ങളും ചെറിയ തരത്തിലെങ്കിലും രൂപപ്പെട്ടു കാണും എന്ന് വായിച്ചതും ഓര്‍ക്കുന്നു, ലൈക്ക് യൂട്രസ് പോലും. എന്നാല്‍ ഈയിടെ പറയുന്നതുകേട്ടു കണ്ണീര്‍ഗ്രന്ഥി മാത്രം രൂപപ്പെടുന്നത് ജനിച്ച് കുറേക്കാലം കഴിഞ്ഞാണെന്ന്. ച്ഛായ്, ദൈവം ഇത്ര അരസികനോ എന്നാണ് അതുകേട്ടപ്പോള്‍ ആദ്യം തോന്നിയത്. കുറസോവ എഴുതിയ പോലെ കരഞ്ഞുകൊണ്ട് നാം ജനിക്കുന്നു. പക്ഷേ ആ കരച്ചില്‍ കണ്ണീരില്ലാക്കരച്ചിലാണെന്ന് വേണം കരുതാന്‍. കുഞ്ഞായിരുന്നപ്പോഴുള്ള കരച്ചിലുകളെല്ലാം സങ്കടക്കരച്ചിലുകളുമല്ല. സ്വാദ് നോക്കാന്‍ ദൈവം നമുക്കു തന്ന അവയവത്തെ ദുരുപയോഗം ചെയ്യാനുള്ള ഭാഷാവരം വരും വരെയുള്ള കമ്മ്യൂണിക്കേഷനുകളാണ്, ശ്രദ്ധ ക്ഷണിക്കലുകളാണ് പല കരച്ചിലുകളും. പക്കടാംകുട്ടി പോലും പെട്ടെന്നു തന്നെ പെറ്റെണീറ്റ് തുള്ളിക്കുതിക്കാനും വേണ്ടപ്പോള്‍ച്ചെന്ന് പരസഹായം കൂടാതെ പാലു കുടിക്കാനും റെഡി (അതുകണ്ടുള്ള അസൂയകൊണ്ടായിരിക്കും അങ്ങനെ കുറെയെണ്ണത്തിനെ ഡൊമസ്റ്റിക്കേറ്റ് ചെയ്തത്!) മനുഷ്യക്കുഞ്ഞോ, വിശന്നാലും കിടന്ന് കരയുകയേ നിവര്‍ത്തിയുള്ളു, അപ്പിയിലാണെങ്കിലും തഥൈവ. കണ്ണീര്‍ഗ്രന്ഥികള്‍ രൂപപ്പെടുന്നതു തന്നെ പൊടിയും അഴുക്കുമില്ലാത്ത ഗര്‍ഭപാത്രത്തില്‍ നിന്ന് അതു മാത്രമുള്ള ഭൂലോകജീവിതത്തിലെത്തുമ്പോഴുള്ള കണ്ണുകളുടെ സാനിറ്റേഷനെ ലാക്കാക്കിയാണെന്നും കരുതണം. കണ്ണീരേ, ഹാ, കഷ്ടം, നീയും മറ്റൊരു ദുരുപയോഗം. മരുമകന്‍ 4 വയസ്സുള്ളപ്പോള്‍ ചേച്ചിയോട് (അവന്റെ അമ്മയോട്) ചോദിക്കുന്ന കേട്ടു: അമ്മ കരഞ്ഞട്ടല്ലെ കണ്ണീന്ന് വെള്ളം വന്നത്? (മക്കള്‍ക്ക് നാലു വയസ്സാകുന്നതിനോടടുപ്പിച്ച് ധാരാളം കണ്ണീരൊഴുക്കുകയെന്നത് അമ്മമാരുടെ വിധിയോ എന്ന് അനവസരത്തില്‍ ഒരു ചോദ്യം). മനുഷ്യനും മുതലയ്ക്കുമല്ലാതെ മറ്റര്‍ക്കെങ്കിലും കണ്ണീരുണ്ടൊ? മനുഷ്യനായാലും മുതലയ്ക്കായാലും അഴുക്ക് കഴുകിക്കളയാന്‍ മാത്രമുള്ളതല്ലെ കണ്ണീര്‍? ദു:ഖം കണ്ടുപിടിക്കാന്‍ മനുഷ്യരോടാരു പറഞ്ഞു? കരയിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ദൈവം മനുഷ്യനെ ഇങ്ങു വിട്ടതെന്ന് തീര്‍ച്ച. അല്ലെങ്കില്‍ ജീവിതത്തിലൊരിക്കലും ഉപയോഗമില്ലാത്ത രണ്ടു മുലകള്‍ ആണിനും ഫിറ്റു ചെയ്യാന്‍ മറക്കാതെ പോയ ദൈവം എന്തേ കണ്ണീര്‍ഗ്രന്ഥികളുടെ കാര്യം മറന്നു? ഒന്നാലോചിച്ചാല്‍ കഷ്ടമാണ് മനുഷ്യന്റെ കാര്യം - മനുഷ്യന്‍ മാത്രമല്ലെ സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെ ഇത്രകണ്ട് ദു:ഖിപ്പിക്കുകയും സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരാല്‍ ദു:ഖിപ്പിക്കപ്പെടുകയും ചെയ്യുന്നുള്ളു? കൊല്ലുന്നുള്ളു? (തിന്നാനല്ലാതെ മറ്റു വര്‍ഗത്തില്‍പ്പെട്ട ജീവികളെപ്പോലും മറ്റ് ജന്തുക്കള്‍ കൊല്ലുന്നുണ്ടൊ?) സ്വവര്‍ഗത്തോടുള്ള ഹിംസയുടെ കാര്യം - മനുഷ്യന്‍ സമാധാനപ്രതീകമായി കാണുന്ന പ്രാവുകള്‍ പോലെ ഏതാനും ജീവികള്‍ മാത്രമാണ് മനുഷ്യനെപ്പോലെ സ്വവര്‍ഗത്തെ കൊല്ലുന്നത്. സ്വവര്‍ഗ ദു:ഖിപ്പിക്കലുകള്‍ അധികവും ഡൊമസ്റ്റിക്കേറ്റഡ് (കോമ്പ്ലിക്കേറ്റഡ് എന്നു വായിക്കുക) അനിമത്സിനാണധികവും എന്നുമുണ്ടൊ? "If dogs could speak, we should find hard to get on them as we do with people" എന്നു വായിച്ചതും ഓര്‍ക്കുന്നു. കണ്ണീരിന്റെ, ചോരയുടെ, നാക്കിന്റെ ദുരുപയോഗങ്ങള്‍, ഹാ!

Friday, September 28, 2007

കുഴപ്പം


ഒരു ബോള്‍ട്ട് അധികമായിപ്പോയ യന്ത്രമാണ് പുരുഷന്‍. ഒരു നട്ട് അധികമായിപ്പോയ യന്ത്രം സ്ത്രീയും.

Thursday, September 27, 2007

അമേരിക്കയില്‍ അരയന്മാരുണ്ടോ?



കേരളത്തിന്റെ വളര്‍ച്ചയിലെ പ്രധാന വിലങ്ങുതടിയായി ഇപ്പോഴും (ഇടതുപക്ഷ) ട്രേഡ് യൂണിയനിസത്തെ ചൂണ്ടി കാണിക്കയിടുന്നവരുണ്ട്. അതേസമയം ബീജേപ്പിയുടെ അനൌദ്യോഗിക മുഖപത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യാ ടുഡെയുടെ ഏറ്റവും പുതിയ സര്‍വേയില്‍പ്പോലും കേരളമാണ് ഏറ്റവും മികച്ച വെല്‍ഫെയര്‍ സ്റ്റേറ്റ്. മിഷണറിമാരും ശ്രീനാരായണഗുരുവും ഗള്‍ഫ് പണവും മാത്രമല്ല ട്രേഡ് യൂണിയനിസവും കൂടി ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ പ്ലസ് പോയന്റുകള്‍. മാസശമ്പളവും പീയെഫും പെന്‍ഷനുമില്ലാത്ത, വര്‍ഷത്തില്‍ രണ്ടു മാസമെങ്കിലും ജോലിയും കൂലിയുമില്ലാത്ത കൂലിപ്പണിക്കാര്‍ക്ക് മിനിമമല്ല, സാമാന്യം ഡീസന്റായ ജീവിതനിലവാരം നല്‍കിയത് ഈ ട്രേഡ് യൂണിയനിസമാണ്. അട്ടിമറിക്കൂലിപോലും ന്യായീകരിക്കപ്പെടേണ്ടത് സാമൂഹ്യനീതിയുടേയും സുരക്ഷയുടെയുമെല്ലാം അളവുകോലുകള്‍ വെച്ചാണ് (social development, social security - ഇതു രണ്ടും ക്യാപ്പിറ്റിലസ്റ്റിക് സംജ്ഞകളാണെന്ന് ഓര്‍ക്കുമല്ലൊ). ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ വിമര്‍ശിക്കുന്ന muddle class (sic) തലച്ചോറുകള്‍ ഒരു മാസം ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തി നോക്കട്ടെ - അപ്പ അവറ്റിങ്ങള് വിവരമറിയും.

ഇതെല്ലാം പറഞ്ഞതിനര്‍ത്ഥം കേരളത്തിലെ ദിവസക്കൂലിക്കാരെ മുഴുവന്‍ ഇടതുപക്ഷം ഉദ്ധരിച്ചു എന്നല്ല. സത്യത്തില്‍ സ്ക്കൂള്‍ മാഷന്മാര്‍, കമ്പനി ജോലിക്കാര്‍, തെങ്ങുചെത്തുകാര്‍, ബാങ്കുദ്യോഗസ്ഥര്‍ തുടങ്ങിയ കോഴിക്കൂടുകളില്‍ മാത്രമാണ് ഇടതന്മാരുടെ പ്രധാന കണ്ണ്. നല്ല ലെവി കിട്ടും. നല്ല വോട്ട് ബാങ്കും. അതേ സമയം മീന്‍ പിടുത്തക്കാരെപ്പോലുള്ള വിഭാഗങ്ങളെ അവര്‍ ശ്രദ്ധിച്ചിട്ട് പോലുമില്ല. ചുമ്മാ‍താണൊ അരയന്മാരെ ബീജെപ്പിസംഘം അപ്പാടെ വലയിലാക്കിയത്. അങ്ങനെ വഴിതെറ്റിക്കപ്പെട്ടവരാണ് വര്‍ഗീയലഹളകളിലും മറ്റും ബീജെപ്പിക്ക് ഏറ്റവും ആവശ്യമുള്ള രക്തസാക്ഷികളെ സംഭാവന ചെയ്യുന്നത്. ഈ മഹാപാപത്തിന് ബീജേപ്പിക്കല്ല ഇടതുപക്ഷത്തിന് ചരിത്രം മാപ്പുകൊടുക്കില്ല - ആ പാവങ്ങളെ ബീജെപ്പിക്ക് വിട്ടുകൊടുത്തതിന്. മറ്റ് സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് വളര്‍ച്ചയില്ലാതെ പോയതും ഇക്കാരണം കൊണ്ടുതന്നെ - അവിടങ്ങള്‍ അക്കാലങ്ങളില്‍ കൈ നനയാതെ ലെവി വാങ്ങാവുന്ന മിഡ് ല്‍ ക്ലാസ് ട്രേഡ് യൂണിയനിസത്തിന് സ്കോപ്പുണ്ടായിരുന്നില്ല. ബീഹാറിലെയും യൂപ്പിയിലേയും അടിസ്ഥാനവര്‍ഗത്തിന് ലാലുവും മായവതിയും വേണ്ടി വന്നതുപോലെ, 60 കൊല്ലമായിട്ടും പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിതനില്ലാതിരുന്നതുപോലെ, അവഗണിക്കപ്പെട്ട, മുതലെടുക്കപ്പെട്ട ശൂന്യതകള്‍.

ഇതെല്ലാം ഓര്‍ത്തത് അമേരിക്കയിലെ UAW (United Automobile, Aerospace and Agricultural Implement Workers of America) എന്ന ട്രേഡ് യൂണിയന്‍ (അംഗസംഖ്യ 6.4 ലക്ഷം) ഓട്ടോ ഭീമന്‍ ജീയെമ്മിന്റെ രാജ്യമെങ്ങമുള്ള പ്ലാന്റുകളില്‍ ദേശവ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരം നടത്തിയതറിഞ്ഞപ്പോഴാണ്. 1971-നു ശേഷം ഇതാദ്യമായാണത്രെ അമേരിക്കയില്‍ ദേശവ്യാപകമായി ഒരു സമരം.അതെ, ക്യാപ്പിറ്റലിസത്തിന്റെ അമ്മവീട്ടില്‍, ട്രേഡ് യൂണിയന്‍ എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന സാധാ അച്ചായന്മാരുടെ സ്വര്‍ഗരാജ്യത്ത് സമരം. അന്തപ്പുരത്തില്‍ അണ്ടിക്കുഴിക്കളി. അറിയേണ്ടിയിരുന്നത് മറ്റൊന്നാണ് - അമേരിക്കയിലും ഉണ്ടോ ആര്‍ക്കും വേണ്ടാത്ത ദിവസക്കൂലിക്കാര്‍? അനിശ്ചിതവരുമാനക്കാര്‍? സോഷ്യല്‍ സെക്യൂരിറ്റിയുടെ സംരക്ഷണമില്ലാത്തവര്‍? ആകര്‍ഷകമായ ലെവി കൊടുക്കാനില്ലാത്തവര്‍? കാറും (GM, Ford, Chevy, Chrysler...) കോളുമുള്ളപ്പോള്‍ വള്ളമിറക്കാന്‍ കഴിയാത്തവര്‍? അവിടുത്തെ ബീജേപ്പിക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളവര്‍?

Wednesday, September 26, 2007

അള മുട്ടിയാല്‍ ബുദ്ധനും കടിക്കും



ഇടശ്ശേരിയുടെ നല്ലൊരു കവിതയുണ്ട് - ബുദ്ധനും ഞാനും നരിയും. കാട്ടില്‍പ്പോയ ഒരാളെ നരി ആക്രമിക്കുന്നു. അവിടെ കണ്ട ഒരു ബുദ്ധപ്രതിമ തള്ളിയിട്ട് അയാള്‍ നരിയെ കൊല്ലുന്നു. കവി ഉപസംഹരിക്കുകയാണ് (ഓര്‍മയില്‍ നിന്ന്): ഇടയുള്ളോര്‍ വാദിപ്പിന്‍ മാര്‍ഗവും ലക്ഷ്യവും ഇടറിയോ ഞാനൊന്ന് തല ചായ്ക്കട്ടെ. മലയാളിയുടെ പഴയൊരു ദുബായ് ആയിരുന്നു റംഗൂണ്‍. ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു ഒരു സ്മാരകന്‍ - റംഗൂണ്‍ സ്വാമി. റംഗൂണിലെ തെരുവുകളില്‍ ബുദ്ധഭിക്ഷുക്കള്‍ സമരത്തിനിറങ്ങിയതറിഞ്ഞപ്പോള്‍ എന്താണ് രാഷ്ട്രീയം എന്ന് ഒരിക്കല്‍ക്കൂടി ആലോചിച്ചുപോയി. പുരോഹിതന്മാര്‍ തെരുവിലിറങ്ങുന്നത് നമുക്ക് പുത്തരിയല്ല. അതില്‍ രാഷ്ട്രീയമൊന്നുമില്ല - വെറും ബിസിനസ്സ് മാത്രമേയുള്ളു. അല്ലെങ്കിലും പുരോഹിതന്മാരെയും സന്യാസിമാരെയും ഉപമിക്കുന്നത് പോപ്പിനേയും പോപ്പ് മ്യൂസിക്കിനേയും താരതമ്യം ചെയ്യുന്നതുപോലിരിക്കും. ജീവിതം മായയാണെന്ന് കരുതുന്നവര്‍ക്കും അരാഷ്ട്രീയം അസഹനീയമായിരിക്കുമെന്നതിനെ തിരിച്ചറിവ് എന്നു വിളിക്കണൊ തിരിച്ചടി എന്നു വിളിക്കണോ? സിഐഎ ഇപ്പോഴും മ്യാന്മറിനെ ബര്‍മ എന്നു തന്നെ വിളിക്കുന്നു. എന്നാല്‍ വാഷിംഗ്ടണില്‍ ബര്‍മയ്ക്കും റംഗൂണില്‍ അമേരിക്കക്കും അംബാസഡര്‍മാരുണ്ട്. ഇറാക്കിലുള്ളതിലോളം പെട്രോളിയം ഇല്ലാത്തതുകൊണ്ടാ ബര്‍മയെ ഡെമോക്രേസിയാക്കാന്‍ അമേരിക്കക്ക് താല്‍പ്പര്യക്കുറവ്? അതോ അവിടുത്തെ തേക്കുതടിസമ്പത്തിലും രത്നഖനികളിലും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കള്ളക്കഞ്ചാവ് കൃഷിയിലും ആര്‍ക്കെങ്കിലും അവിശുദ്ധതാല്‍പ്പര്യങ്ങളുള്ളതുകൊണ്ടൊ? കള്ളക്കഞ്ചാവ് കൃഷിയുടെ ലാഭമോ ഉപജീവനമോ നല്‍കുന്ന ലഹരിയില്‍ (പുകയിലല്ല) ഇനിയൊരിക്കലും ഉണരാത്തവിധം ബര്‍മീസ് ജനത ആഴ്ന്നുപോയോ? ഇങ്ങനെ എന്ത് ചോദ്യം ഉയര്‍ന്നാലും അതിനേക്കാളെല്ലാം ഉച്ചത്തില്‍ സമരം ശരണം ഗച്ഛാമി മുഴങ്ങിക്കേള്‍ക്കട്ടെ എന്ന് മോഹിച്ചു പോകുന്നു - മോഹമാണ് ദു:ഖകാരിണിയെന്ന് ബുദ്ധന്‍ ഓര്‍മിപ്പിച്ചിട്ടുണ്ടെങ്കിലും.

Tuesday, September 25, 2007

ദാമ്പത്തിക പ്രശ്നങ്ങള്‍


100 സെന്റീമീറ്റര്‍ ഒരു മീറ്ററാണെങ്കില്‍ 100 സെന്റിമെന്റല്‍ ഒരു മെന്റല്‍ എന്ന് മുമ്പ് ഒരു പോസ്റ്റിലെഴുതിയിരുന്നു. ഇതാ അതുപോലെ മറ്റൊരു മാരണം: പൈസാചിക പ്രശ്നം എന്നു കേട്ടിട്ടില്ലേ, ഞാനോ നിങ്ങളോടു പറയുന്നതു: പൈസാചികപ്രശ്നമെല്ലാം സഹിക്കാം. ദാമ്പത്യപ്രശ്നങ്ങളും സഹിക്കാം. ദാമ്പത്തികപ്രശ്നം വന്നാല്‍, ഹെന്റമ്മോ...

ആ മനുഷ്യന്‍ നീ തന്നെ



ഗലദാരി ജംഗ്ഷനടുത്തുവെച്ച് ക്യൂവില്‍ ഇടയ്ക്കു കയറിയ ഗോള്‍ഡന്‍ നിസ്സാന്‍ സണ്ണിച്ചായന്‍ ഗര്‍ഹൂദ് ബ്രിഡ്ജിനടുത്തുവെച്ച് ഇടയ്ക്കു കയറിയ വെള്ള മസ്ഡ ലബനോണിയോട് ചില്ലു താഴ്ത്തി ധാര്‍മികരോഷുന്നു. റിയര്‍ വ്യൂ മിററില്‍ ആ സണ്ണിച്ചായന്റെ ചിത്രം ഞാന്‍ ഫ്രെയിം ചെയ്ത് തൂക്കിയിരിക്കുന്നു.

Monday, September 24, 2007

ഇതാണോ ബുഷ്ഷേ ജനാധിപത്യം?


ലോകത്തെ അഞ്ചുപത്ത് വലിയ കമ്പനികള്‍ ചേര്‍ന്ന് വേള്‍ഡ് ഇന്‍ കോര്‍പ്പറേറ്റഡിനെ ഏറ്റെടുക്കുമോയെന്ന പേടിയെപ്പറ്റി മുന്‍പൊരു പോസ്റ്റില്‍ എഴുതിയിരുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയുടെ ജിഡിപ്പിയേക്കാള്‍ വലുതാണ് ജാപ്പനീസ് കോര്‍പ്പറേറ്റ് ഭീമന്‍ മിത് സുബിഷിയുടെ നെറ്റ്വര്‍ത്ത് എന്നറിഞ്ഞതു മുതലാണ് അങ്ങനെയൊരു പേടി കാരണം വെളുപ്പിന് രണ്ടേമുക്കാലിനെല്ലാം ഉണര്‍ന്നാല്‍പ്പിന്നെ ഉറങ്ങാന്‍ പറ്റാതായത്. നാഷണല്‍ സെക്യൂരിറ്റിപോലുള്ള റൊമ്പ പ്രമാദമാന വിഷയങ്ങളും സ്വകാര്യമായാലോ? എല്ലാം ഗവണ്‍മെന്റ് ചെയ്തു തരും എന്ന ഇന്ത്യന്‍ ഹാങ്ങോവറും കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചിന്തിക്കാന്‍ വരല്ല് എന്ന് പറയുവാ? പട്ടിയുടെ വാലില്‍ കയറ്റിയ കുഴല്‍ വളഞ്ഞുപോയത് കാട്ടിത്തരുവാ? ഇറാക്കിലുള്ള അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് ബ്ലാക്ക് വാ‍ട്ടര്‍ എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനി. അവരുടെ ചിലയാളുകള്‍ കഴിഞ്ഞ ദിവസം ചില ഇറാക്കിയന്‍ സിവിലിയന്‍സിനെ യാതൊരു പ്രകോപനവുമില്ലാതെ വെടി വെച്ചു കൊന്നത് വിവാദമായാരുന്നല്ലൊ. ഇതു വല്ലോം അമേരിക്കയില്‍ നടപ്പുള്ളതാണോയെന്ന് അമേരിക്കന്‍ വായനക്കാരാരേലും പറഞ്ഞു തരാമോ? ഇതാണോ പോസ്റ്റ് മോഡേണ്‍ ജനാധിപത്യം? അറബിനാട്ടിനെ ജനാധിപത്യത്തീ കുളിപ്പിക്കാനാന്നല്ലൊ ഇഞ്ചേം താളീമായി ദൈവവിളി കേട്ട് ബുഷ്ഷച്ചായന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നെ. നമ്മുടെ നാട്ടില് റിട്ടയര്‍ ചെയ്ത ചില പട്ടാളക്കാര് സെക്യൂരിറ്റി കമ്പനികള്‍ തുടങ്ങിയിട്ടില്ലേ? നമ്മുടെ ഗവണ്മെന്റ് കോടിയേരിയുടെ ജോലി അവര്‍ക്ക് കൊടുക്കുമൊ? ഗവണ്‍മെന്റുകളുടെ നടത്തിപ്പ് കമ്പനികള്‍ നടത്തുന്ന എഫിഷ്യന്‍സിയോടെ നടത്തിയാലെ നമ്മുടെ നാട് നന്നാവൂ എന്ന് അരാഷ്ട്രീയ മൂരാച്ചികള്‍ കമന്റടിക്കുമോ? പ്രോഫിറ്റ് മോട്ടീവ് പോലീസിനും ബാധകമാവുമോ? പാര്‍ക്കിംഗ് ഫൈനടിക്കുന്ന മുനിസിപ്പാലിറ്റിക്കാരനും കമ്മീഷനും ടാര്‍ഗറ്റുമുണ്ടാവുമൊ? ബെങ്കി മൂണിനെ യു. എന്‍. സിക്രട്ടറിയാക്കാന്‍ വേണ്ടി ആഫ്രിക്കന്‍ വോട്ടുകള്‍ വാങ്ങാന്‍ കൊറിയന്‍ മൂലധനം ലോണുകളായും എയ്ഡുകളായും ഒഴുകിയതുപോലെ ലോകമെങ്ങുമാവുമോ? ബുഷ്ഷേമ്മാന്നെ, ഇതിന് ഞങ്ങേടെ നാട്ടീ പറയുന്ന പേര് പണാധിപത്യം എന്നാ. ബില്‍ ഗേറ്റ്സ് ലോകം എന്ന കമ്പഞ്ഞീടെ പ്രസിദേന്തി (കോര്‍പ്പറേറ്റ്സ് അവരുടെ തലവനെ പ്രസിഡന്റ് എന്നു വിളി തുടങ്ങിയത് മന:പ്പൂര്‍വം തന്നെ കെട്ട. India Inc എന്ന് ബീജേപ്പി മാഗസിന്‍സ് കവര്‍സ്റ്റോറീസ് എഴുതീതും അതുതന്നെ കളി കെട്ട. ഇവരെ അങ്ങാട്ടും അവരെ ഇങ്ങാട്ടും അടുപ്പിച്ച് ഡബ് ള്‍ ഡെക്കര്‍ വടക്കാക്കി തെക്കാക്കല്‍), ങ്ഹാ, ഗേറ്റ്സ് പ്രസിഡന്റ്, രത്തന്‍ ടാറ്റ ഗതാഗതം, അംബാനി ഒരാള്‍ പെട്രോളിയം മന്ത്രി... എങ്ങനുണ്ടാവും ലോക മന്ത്രിസഭ? വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ അതിങ്ങു വന്നു കഴിഞ്ഞു. വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ത്തന്നെ ജനം മുഴുവന്‍ പറയും അതു തന്നെയാ വേണ്ടത് എന്ന്. അപ്പ നിങ്ങ വെറും ജോര്‍ജ് ബുഷ്ഷ്. അതോ കറക്റ്റ് സമയത്തിനെടുത്ത് വീശാന്‍ പാകത്തിന് ഞങ്ങടെ ചില നേതാക്കന്മാരെപ്പൊലെ സാറും സീക്രട്ടായി വല്ല ബിസിനസ്സും തൊടങ്ങിവെച്ചിട്ടുണ്ടൊ?

Sunday, September 23, 2007

വറുത്ത വിത്തുകള്‍


(സമര്‍പ്പണം - ഗള്‍ഫില്‍ ജീവിക്കാതെ മരിക്കുന്ന ഫാമിലി സ്റ്റാറ്റസ് ഇല്ലാത്ത മലബാറി പുംബീജങ്ങള്‍ക്ക്)

അറബിനാട്ടിലെ കടകളില്‍ച്ചെന്നാല്‍
നിരത്തിയ പ്ലാസ്റ്റിക്പ്പൊതികളില്‍ കാണാം
വറുത്തവിത്തുകള്‍
അതു കൊറിക്കുവാന്‍ രസികനാണത്രെ
അറബികള്‍ക്കതു വിശേഷമാണത്രെ
വറുത്ത യൌവ്വനത്തുടിപ്പുകള്‍ മണ്ണിന്‍
തണുത്ത മാറിടം ചുരത്തും സ്നേഹത്തില്‍
മുളച്ചുയര്‍ന്നില്ല
ഇടവപ്പാതി തന്‍ തുടിക്കും താളത്തില്‍
നനഞ്ഞുലഞ്ഞില്ല
ഒരിക്കല്‍ ഞങ്ങള്‍ക്കും വസന്തമുണ്ടെന്ന് നിനച്ചതുമില്ല
ഒരിക്കല്‍ ഞങ്ങളും വസന്തമായെന്ന് സ്മരിച്ചതുമില്ല
വിരിഞ്ഞതുമില്ല മധു കുടിക്കുവാന്‍ വിരുന്നു വന്നൊരാ ഭ്രമരവര്യന്റെ വിരലില്‍ പൂമ്പൊടി കൊടുത്തയച്ചില്ല
ഫലിച്ചതുമില്ല കൊഴിഞ്ഞതുമില്ല

വറുത്ത വിത്തിന്റെ കരച്ചിലാണല്ലോ ചിരിക്കുമ്പോള്‍ നമ്മള്‍ ഒളിച്ചുവെക്കുന്നു

Saturday, September 22, 2007

കട്ടിംഗും ഷേവിംഗും (എന്നാറൈ വേര്‍ഷന്‍)


ഒരുവന്‍ അപരനോട്: നാട്ടില്‍ എനിക്കൊരു റവര്‍ എസ്റ്റേറ്റൊണ്ട്. അതിന്റെ ഒരു തലപ്പേന്ന് കാറോടിച്ച് തൊടങ്ങിയാ വയിട്ടായാലും മറ്റേ അറ്റത്തെത്തുകേല

അപരന്‍: ങ്ഹാ, എനിക്കും ഒണ്ടാരുന്നു അതുപോലൊരു കാറ്!

Friday, September 21, 2007

ഒരു പഴയ കഥ


ഒരു ദിവസം സ്നേഹമില്ലായ്മ ഒരു ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ദാരിദ്ര്യം അതുവഴി വന്നു. "നീയെവിടെപ്പോകുന്നു", സ്നേഹമില്ലായ്മ ദാരിദ്ര്യത്തോട് ചോദിച്ചു. "ദേ, ആ വീടു വരെ" ദാരിദ്ര്യം ഒരു വീട് ചൂണ്ടിക്കാണിച്ചു. "എങ്കി ഞാനും വരുന്നു" സ്നേഹമില്ലായ്മ ദാരിദ്ര്യത്തിന്റെ കൂടെക്കൂടി. അങ്ങനെ അവര് രണ്ടുപേരും കൂടി ആ വീട്ടില്‍ച്ചെന്ന് ദു:ഖമായി, അല്ല, സുഖമായി ഏറെനാള്‍ ജീവിച്ചു.

Thursday, September 20, 2007

ചരിത്രത്തെ പാട്ടിലാക്കുമ്പോള്‍




1990-ല്‍ ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ എന്നെല്ലാമുള്ള പാട്ടുകള്‍ക്കൊപ്പം കേട്ട മറ്റൊരു പാട്ടായിരുന്നു ബില്ലി ജോയലിന്റെ ‘we didn't start the fire’. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ അമേരിക്കന്‍ കണ്ണുകളിലൂടെ കാണിച്ചു തരുന്ന ഒരു മനോഹരഗാനം. അതെ, ഒരു ഒറ്റക്കണ്ണന്‍ പാട്ടായിരുന്നെങ്കിലും അതൊരു പാട്ടായിരുന്നു. ഇന്ന്, ഈ അപ് ലോഡിംഗ് യുഗത്തില്‍, ഒരുപാടു പേര്‍ ഈ ഗാനത്തിന്റെ വിഡിയോയെ സര്‍ഗാത്മകമായി വ്യാഖ്യാനിക്കുന്നു. പലതും കാണേണ്ടവ തന്നെ. ഇത് ഒരു സാംപ്ള്‍ മാത്രം.

പാന്റിട്ട മുണ്ടശ്ശേരി


ബേബിസ്സഖാവിന്റെ മേത്ത് കുതിര കേറാത്തവര്‍ ചുരുങ്ങും. എല്ലാം സ്വാശ്രയം വരുത്തി വെച്ച വിന. മുണ്ടുടുത്തവരെല്ലാം മുണ്ടശ്ശേരിയാവില്ല എന്ന് രമേശ് ചെന്നിത്തല. മനോരമ അവര്‍ക്കുവേണ്ടിത്തന്നെയുണ്ടാക്കിയ ടീവി പരസ്യത്തില്‍ ഒരു സ്ക്കൂള്‍ വിദ്യാര്‍ത്ഥിയെക്കൊണ്ടാണ് ബേബിയെ കളിയാക്കിയത് (കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി എം. എ. ബോബി, കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി എം. എ. ബോബി...). മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ പിന്നെ ബേബിയെ ബോബി എന്നല്ലാതെ വിളിച്ചിട്ടില്ല. മനോരയുടെ ഹ്യൂമര്‍ ഈസ് ഇന്‍ വെരി ബാഡ് റ്റെയ്സ്റ്റ് എന്നു തന്നെ പറയണം. charity begins at home എന്നല്ലെ. എങ്കില്‍ സ്വന്തം സഭക്കാരനായ ഉമ്മന്‍ ചാണ്ടിയെയായിരുന്നു കളിയാക്കേണ്ടിയിരുന്നത്. ഉ നീട്ടിയോ ച കുറുക്കിയോ എങ്ങനെയും. പറഞ്ഞു വന്നത് അതല്ല. നമ്മുടെ വെനിസ്വേലയില്‍, അതെ സഖാവ് ഹ്യൂഗോ ഷാവേസ് ഭരിക്കുന്ന വെനിസ്വേലയില്‍, വിപ്ലവവീര്യത്തില്‍ മുണ്ടശ്ശേരിയെ പിന്നിലാക്കുന്ന ഒരു വിദ്യാഭ്യാസമന്ത്രി. സ്വകാര്യ സ്ക്കൂള്‍ മാനേജര്‍മാരെ മൂക്കു കയറിടുമെന്നാണ് മുണ്ടശ്ശേരി പറഞ്ഞതെങ്കില്‍ ഇന്നലെ അവിടെ സഖാക്കള്‍ ഒരു പടി കൂടി കടന്നു. പറഞ്ഞതനുസരിച്ചില്ലെങ്കില്‍ സ്വകാര്യ സ്ക്കൂളുകള്‍ മുഴുവന്‍ പൂട്ടിക്കളയുമെന്നാണ് ഭീഷണി, പിന്നീടവ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും. പ്രീ-മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സിലബസ്സില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഇവിടെയായിരുന്നെങ്കില്‍ ഒരു വിമോചനത്തിന് സ്കോപ്പുണ്ടായിരുന്നു. എറണാകുളത്ത് ഒരു ലേഡി ഡോക്റ്റര്‍ ചെരിപ്പുമാലയണിഞ്ഞത് ഓര്‍മയുണ്ടൊ? ഡോക്ടര്‍മാരെയും മറ്റും സോഷ്യലി റെസ്പോണ്‍സിബ് ള്‍ ആക്കാന്‍ മാനിഫെസ്റ്റോ പഠനം നല്ലതു തന്നെ. ഒരു സങ്കടമേയുള്ളു - ഈ വിദ്യാഭ്യാസ മന്ത്രി ആള് ഹ്യൂഗോ ഷാവേസിന്റെ സഹോദരനാണ്. പേര് അഡാന്‍ ഷാവേസ്. സീസറിന്റെ ഭാര്യ ശുദ്ധയായിരിക്കണമെന്ന് മറ്റാരേക്കാളും ആഗ്രഹം സീസറിന്റെ പാര്‍ട്ടിക്കാര്‍ക്കായിരിക്കുമല്ലൊ. എന്തായാലും ഒരു കാര്യത്തില്‍ ആശ്വസിക്കാം - വിദ്യാഭ്യാസവും കച്ചവടമാക്കാമെന്നും ലാ‍ഭം മാത്രമാണ് ആത്യന്തിക സത്യമെന്നും സാമൂഹ്യനീതി എന്നത് കയ്യില്ലാത്തവനും ധോണിയുമെല്ലാം ഒരേ ടേംസോടേ കളിച്ചു നേടേണ്ട 20-20 കളിയാണെന്നും നിശ്ചയിക്കാന്‍ ശ്രമിക്കുന്നവരുടെ ലോകത്ത് ഒരു വെനിസ്വേല ബാക്കിയുണ്ടല്ലൊ.

Wednesday, September 19, 2007

എന്റെ നാടുകടത്തല്‍


കൊതുകും പവര്‍കട്ടുമില്ലാത്ത നാട്, ചീറിപ്പായുന്ന കാറുകള്‍, എയര്‍കണ്ടീഷഡ് അകങ്ങള്‍, എല്ലാം കിട്ടുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, പത്തിരട്ടി ശമ്പളം... നാട്ടിലായിരുന്നപ്പോള്‍ ഇത്തരം അരാഷ്ട്രീയ സ്വപ്നങ്ങള്‍ കണ്ടാണ് വിദേശത്തേയ്ക്ക് കടന്നത്. ഇവിടെ വന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ തിരിച്ചായി സ്വപ്നങ്ങള്‍ - മഴ പെയ്യുന്ന രാത്രികള്‍, അലസമായ വൈകുന്നേരങ്ങള്‍, പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍, ശബ്ദങ്ങള്‍... ഈയിടെ ജാതകം മറിച്ചു നോക്കിയപ്പോഴാണ് വിരസകരമായ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത് - ‘വിദേശവാസത്തെ‘ ശിക്ഷയായാണ് ഭാരതീയ ജ്യോതിഷം കാണുന്നത്. ഒരു ചീത്തക്കാലത്ത്, അന്നത്തെ ദശയും ഗ്രഹനിലകളുമെല്ലാം വിശദീകരിച്ചിട്ട് പറയുന്നു - ഇതിനാല്‍ വിദേശവാസവും ഫലം എന്ന്. പണ്ട് വലിയ കുറ്റങ്ങള്‍ ചെയ്തവരെ ആന്‍ഡമാനിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കുമെല്ലാം നാടുകടത്തിയിരുന്നതിന്റെ പൊരുള്‍ അഞ്ചാറുവര്‍ഷം വിദേശവാസമനുഷ്ഠിച്ചപ്പോള്‍ത്തന്നെ പൂര്‍ണമായും ബോധ്യമായി. ഒടുവിലത്തെ യാത്ര ഇരുന്നാകുമോ കിടന്നാകുമോ എന്നത് മാത്രമാണ് ഇപ്പോഴത്തെ ദാര്‍ശനികപ്രശ്നം. ആരോഗ്യവും സമാധാനവും ചെലവിട്ട് പണമുണ്ടാക്കാന്‍ ശ്രമിക്കാന്‍ ഒരു കാലം. പിന്നീട് ആ പണം ചെലവിട്ട് ആരോഗ്യവും സമാധാനവും ഉണ്ടാക്കാന്‍ ഒരു കാലം - ഇരുന്ന് പോകാന്‍ പറ്റിയാലും അതായിരിക്കും പരമാവധി. നാട്ടിലായിരുന്നപ്പോള്‍ നല്ലകാലം വരാത്തതുകൊണ്ട് നല്ലകാലം തേടി മറുനാട്ടിലേയ്ക്കു പോയി. നായാടിരാമന് ശുക്രദശ വന്നു എന്നാലര്‍ത്ഥം അയാള്‍ പ്രഭുവാകുമെന്നല്ല അയാള്‍ക്ക് നാല് മരപ്പെട്ടിയെ കൂടുതല്‍ കിട്ടുമെന്നാണെന്ന് പറഞ്ഞുകേട്ട കാലത്ത് എനിക്ക് ശുക്രദശയായിരുന്നു. ശുക്രദശ വന്നു എന്നാലര്‍ത്ഥം അര്‍ത്ഥം തെളിയുമെന്നല്ല നല്ല പഴഞ്ചൊല്ലുകള്‍ കേള്‍ക്കുമെന്ന് മാത്രം.

Tuesday, September 18, 2007

സങ്കീര്‍ണം



കെന്റ്ക്കി ഫ്രൈഡ് ചിക്കന്‍ തിന്നുമ്പൊഴെല്ലാം പി. പി. രാമചന്ദ്രന്റെ മനോഹരമായ ലളിതം എന്ന മഹാകാവ്യം ഓര്‍ക്കും.

ഇവിടെയുണ്ടു ഞാ
നെന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി.

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയിട്ടാല്‍ മതി.

ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍
ചൂടുമാത്രം മതി.

ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്കരിക്കുന്നു ജീവനെ?

പുതിയ പട്ടുപാവാടയുടെ മേല്‍ ഉപയോഗിച്ച സാനിട്ടറി നാ‍പ്കിന്‍ എറിയുന്ന പോലൊരു പാരഡി ഉണ്ടാക്കിയിട്ടുണ്ട് ഞാന്‍. രാമചന്ദ്രനോട് ക്ഷമാപണത്തോടെ -

അവിടെയുണ്ടു നീയെന്നറിയുക്കുവാന്‍
*മലിനമോം ലെറ്റിനായ് കൊത്തുകൂടുന്ന
സഹജരൊത്തുള്ള ശബ്ദഘോഷം മതി.

അവിടെയുണ്ടാകുമെന്നുറപ്പിക്കുവാന്‍
‘ഒരു കിലോ വില’ ബോര്‍ഡുമാത്രം മതി.

അവിടെയുണ്ടായിരുന്നുവെന്നോര്‍ക്കുവാന്‍
വിരല്‍ മണക്കുന്നൊരേമ്പക്കവും മതി.

ലളിതമാകേണ്ട ജീവനെ വീടിന്റെ
ചതുരസങ്കീര്‍ണകത്തിലാക്കുന്നു നാം.

*ഒരിക്കല്‍ മണ്ണെണ്ണ വീണ് മലിനമായ ഓം ലെറ്റ് പുറത്തേയ്ക്കിറിഞ്ഞപ്പോള്‍ അത് തിന്നാന്‍ വേണ്ടി കൊത്തുകൂടിയ അയല്വക്കത്തെ ഡൊമസ്റ്റിക്കേറ്റഡ് കിളികളുടെ ഓര്‍മ്മയ്ക്ക്

Monday, September 17, 2007

പണം വരും പോവും

പണം മാത്രല്ല
ആളുകളും വരും പോവും
വികാരങ്ങളും വരും പോവും
ജീവനും വരും പോവും
പകയ്ക്കരുത് മോനെ

Friday, September 14, 2007

ന-ഗരമാ ഗരം


ജനസാന്ദ്രത കൂടുന്തോറും ഏകാകികളായ മനുഷ്യമ്മാരടെ എണ്ണവും അവരനുഭവിക്കുന്ന ഏകാന്തതയുടെ തീവ്രതയും വര്‍ധിക്കും; ഹാ! (സെപ്തംബര്‍ ലക്കം ഭാഷാപോഷിണിയില്‍ പൊയ്ത്തുംകടവിന്റെ ‘അറസ്റ്റ്’ എന്ന മനോഹരമായ ചെറുകഥ വായിച്ചപ്പോള്‍)

Thursday, September 13, 2007

വികാ‍രജീവികള്‍ രാഷ്ടീയം പറയുമ്പോള്‍


പുലിത്തോലിട്ട പശു എന്ന് ഇന്ത്യയെ വിളിക്കാമോ എന്ന് ശങ്കിച്ചപ്പോള്‍ രാജ്യങ്ങള്‍ക്കിടയില്‍ ആട്ടിന്തോലിട്ട ചെന്നായ്ക്കളുണ്ടൊ എന്ന് ആലോചിച്ചു. പെട്ടെന്നു തന്നെ രണ്ട് പേരുകള്‍ മനസ്സില്‍ പൊന്തിവന്നു - സ്വിറ്റ്സര്‍ലന്‍ഡും സ്വീഡനും. വര്‍ഷങ്ങള്‍ക്കു മുമ്പ് ഓ. വി. വിജയന്‍ ഈ രാജ്യങ്ങളെ വിമര്‍ശിച്ചെഴുതിയ ലേഖനം ഓര്‍മ വന്നു. ഓ. വി. വിജയന്‍ ഇവരെ ആട്ടിന്തോലിട്ട ചെന്നായ്ക്കള്‍ എന്ന് വിളിച്ചില്ല. എങ്കിലും ആ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കങ്ങനെ വിളിക്കാം. രാഷ്ട്രീയ നപും സകങ്ങളാണ് ഈ രാജ്യങ്ങള്‍, എന്നാല്‍ ചേരി ചേരയുമല്ല. ചേരയല്ലെങ്കില്‍പ്പിന്നെ എന്ത് എന്നു ചോദിച്ചാല്‍ നിര്‍ബന്ധമാണേല്‍ പെരുമ്പാമ്പുകള്‍ എന്നും വിളിക്കാം. എന്ത് ഇന്റര്‍നാഷണല്‍ പ്രശ്നത്തിലും ഇവര്‍ ന്യൂട്രലാണ്. ഇങ്ങനെ ന്യൂട്രലായതുകൊണ്ട് സമാധാനം തലങ്ങും വിലങ്ങും കളിയാടുകയാണ്. പെര്‍ ക്യാപിറ്റ ഇന്‍ കം, സംസ്ക്കാരം, സിനിമ... എല്ലാം ഒന്നിനൊന്ന് മെച്ചം. സ്വിസ് വാച്ചുകള്‍, ചോക്കലേറ്റുകള്‍, സ്വീഡിഷ് ജയന്റ്സായ ബര്‍ഗ്മാന്‍, ഐകിയ, എറിക്സണ്‍... എന്തിനധികം, ഭൂമിയിലെ സ്വര്‍ഗങ്ങള്‍ തന്നെ രണ്ടും.

എന്നാല്‍ വെള്ളതേച്ച ഈ ശവക്കല്ലറകള്‍ക്കുള്ളില്‍ കര്‍ത്താവ് പറഞ്ഞപോലെ അസ്ഥികളും അശുദ്ധിയും നിറഞ്ഞിരിക്കുന്നു. ലോകത്തിലെ കള്ളപ്പണം മുഴുവന്‍ കാത്തുസൂക്ഷിക്കുന്നത് സ്വിസ് ബാങ്കുകള്‍. ആ‍ഫ്രിക്കയിലെ ഡിക്ടേറ്റേഴ്സ്, ഇറ്റാലിയന്‍ മാഫിയ, റഷ്യന്‍ ആയുധരാജാക്കള്‍, ഇന്ത്യയിലെ കൈക്കൂലിക്കാര്‍, എന്തിന് ടെറസിസത്തിനാണെന്ന് പറഞ്ഞ് പിരിക്കുന്ന പണം പോലും അമുക്കുന്നവരുടെ ഡിവൈന്‍ അഭയ കേന്ദ്രം. ലോകത്തിലെ ഏറ്റവും വലിയ ആയുധനിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ് സ്വീഡന്‍. മൂന്നാം ലോക രാജ്യങ്ങളെ അടിമുടി ആയുധമണിയിക്കലാണ് സ്വീഡന്റെ താല്‍പ്പര്യം. ആഫ്രിക്കയിലെ ഡിക്ടേറ്റേഴ്സിനു മാത്രമല്ല വലിയ ജനാധിപത്യങ്ങള്‍ക്കും കൈക്കൂലി കൊടുത്ത് അവര്‍ കച്ചവടം നടത്തും. ബോഫോഴ്സ് മറന്നിട്ടില്ലല്ലൊ - മ്മടെ രാജാവ് ഗാന്ധീരെ ആപ്പീസ് പൂട്ടിച്ച തോക്ക്. അവനാള് സ്വീഡിഷാ. എന്തിന്, ഈ ബോഫോഴ്സിന്റെ ഉടമയല്ലാരുന്നോ ആല്‍ഫ്രഡ് നോബെല്‍! ഡൈനാമിറ്റ് കണ്ടുപിടിച്ച മഹാന്‍. അതിന്റെ കുറ്റബോധം കൊണ്ടല്ലിയൊ ഇതിയാന്‍ നോബെല്‍ പ്രൈസ് ഉണ്ടാക്കിയെ! (ടോള്‍സ്റ്റോയിക്കും കസാന്‍സാക്കിസിനും ഗാന്ധിക്കും കൊടുക്കാത്തതുകൊണ്ട്, ഗോള്‍ഡിംഗിനും കിസിഞ്ചര്‍ക്കും കൊടുത്തതുകൊണ്ട്, ഒരു പന്ന പന്ന പ്രൈസ്!). ഇവരാണ് ചേരത്തോലിട്ട പെരുമ്പാമ്പുകള്‍. ശാന്തി വിളയാടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ആല്പ്സിലെ സാനിറ്റോറിയങ്ങള്‍. ആരെയും വിഴുങ്ങും.

അങ്ങനെ ഒരു നാള്‍ നമ്മുടെ കവിയുമെത്തി സ്വീഡനില്‍. സ്റ്റോക് ഹോമിലെ വസന്തം എന്നെങ്ങാന്‍ ഒരു കവിതയും എഴുതി ‘സമര്‍പ്പണം പഴ്സ്ലോനോ ര്‍ക്ലോവ്സിക്കിക്ക്’ എന്ന് ബ്രാക്കറ്റിലെഴുതി നിര്‍ത്തിയിരുന്നേല്‍ സഹിക്കാമായിരുന്നു. നല്ല കവിത മാത്രം എഴുതാനറിയുന്ന ആള്‍, നല്ല കവിത എഴുതാന്‍ മാത്രമറിയുന്ന ആ‍ള്‍ എന്തുചെയ്യുന്നു? പാല്‍പ്പൊടി തീര്‍ന്നു, ടിന്നും തുരുമ്പിച്ചു, എന്നിട്ടും സ്വീഡനിലെ രാഷ്ട്രീയക്കാരെ സ്തുതിച്ച് ഇപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്നു. മന്ത്രി സൈക്കിളില്‍ പോയി, നല്ല റോഡുകള്‍, അഴിമതിയില്ല... ഏതോണ്ടൊരു ജാതി അപ്പൊളിറ്റിക്കല്‍ എന്നാറൈ അച്ചായമ്മാര് നടത്തുന്ന വളിപ്പന്‍ നിരീക്ഷണങ്ങള്‍. അങ്ങേരില്‍ നിന്നായതുകൊണ്ട്, അങ്ങേരുടെ തന്നെ ഭാഷയില്‍ പ് ഫഫ! എന്നാട്ടാന്‍ തോന്നും.

പുള്ളിക്കാടിന് സാഹിത്യത്തിന് നോബെല്‍ പ്രൈസും കിട്ടി സിനിമയില്‍ സൂപ്പര്‍സ്റ്റാറുമായെന്നിരിക്കട്ടെ... അങ്ങേരുടെനെ ഒരു സ്വിസ് ബാങ്കില്‍ അക്കൌണ്ട് തുടങ്ങും. ഹന്ത ഭാഗ്യം ജനാനാം, രണ്ടും സംഭവിച്ചില്ല. ബാലചന്ദ്രനിതെന്തുപറ്റി എന്ന് പെരിങ്ങ്സ് ചോദിക്കുന്നു. ബാലചന്ദ്രനിനി എന്തു പറ്റാന്‍ പെരിങ്ങ്സേ? 56 ശതമാനം ഹിന്ദുക്കളും ബീഫ് തിന്നുന്ന നാട്ടില്‍ കാളയും കാളനും എന്നെല്ലാം എഴുതി ആളുകളെ പ്രകോപ്പിക്കുന്ന കുഞ്ഞു മനുഷ്യരുമായാണ് കൂട്ട്. എന്നാലും എം ടിയെപ്പോലെയായിരുന്നു ബാ‍ലചന്ദ്രന്‍ - നല്ല വായന, എഴുത്തിലും ഭാവത്തിലും അതിന്റെ അഹന്ത തീരെയില്ല താനും. എന്നിട്ട് ഓ. വി. വിജയനെപ്പൊലും വായിച്ചത് ഓര്‍മയില്ലെന്നൊ? ഛായ്! ലജ്ജാവഹം! മരണശേഷമുള്ള കാലസര്‍പ്പം വിഴുങ്ങലിനേക്കാള്‍ പേടിക്കണം ജീവിച്ചിരിക്കെയുള്ള പടിഞ്ഞാറന്‍ പെരുമ്പാമ്പുകളുടെ വിഴുങ്ങലുകളെ എന്ന് കുമരകം രഘുനാഥോ ജോളി ഈശോയോ മറ്റൊ അങ്ങേര്‍ക്ക് പറഞ്ഞുകൊടുത്തിരുന്നെങ്കില്‍!

Wednesday, September 12, 2007

പുലിത്തോലിട്ട പശു?


വെള്ളിയാഴ്ചത്തെ ന്യൂയോര്‍ക്ക് ടൈംസിന്റെ ഫ്രണ്ട് പേജില്‍ കേരളാ മോഡലിന്റെ അന്തസാരശൂ‍ന്യതയെപ്പറ്റി വായിക്കും മുമ്പു തന്നെ,
കൃത്യമായിപ്പറഞ്ഞാല്‍ സ്വാതന്ത്ര്യദിനത്തിന്റെയന്ന്, ഇങ്ങനെ വിചാരിച്ചതാണ്: ഏതെങ്കിലും ഒരു ഇന്ത്യക്കാരന്‍ ഇന്ത്യക്ക് പുറത്തെവിടെയെങ്കിലും ഇന്ത്യയിലേതിനേക്കാള്‍ മോശം അവസ്ഥയില്‍ ജീവിക്കുമ്പോള്‍ ഇന്ത്യ സ്വതന്ത്രയായെന്ന് പറയാന്‍ പറ്റുമോ? കേരളാ മോഡലിനേക്കാള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം ഇന്ത്യ പുലിയായതാണല്ലൊ. ഇന്ത്യ തിളങ്ങുന്നു. ഇന്ത്യ സൂപ്പര്‍ പവര്‍. കേരളാമോഡലിന് നല്‍കിയ കടുത്തവിലയാണ് ഗള്‍ഫ് കുടിയേറ്റം. ഗള്‍ഫ് കുടിയേറ്റം മൂലം കേരളത്തിലെ എക്സ് നമ്പര്‍ ഓഫ് മനുഷ്യജീവികള്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിയെങ്കില്‍ അക്കരെയും ഇക്കരെയുമായി ഏതാണ്ട് എക്സ് x 1.5 മനുഷ്യജീവികളെങ്കിലും ലൈംഗികദാരിദ്ര്യരേഖയ്ക്ക് കീഴിലായെന്നതാണ് സത്യം. ലൈംഗികദാരിദ്ര്യം അവിടെ നില്‍ക്കട്ടെ. വൈകാരിക ദാരിദ്ര്യമോ? ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണമെന്നാണ് പഴമൊഴി. ഇതൊന്ന് പഠിക്കാന്‍പോലും ആര്‍ക്കും പറ്റിയില്ല. പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്ന ഐ. എസ്. ഗുലാത്തിയുടെ ഭാര്യ ലീലാ ഗുലാത്തി എഴുതിയ in the absense of their men തുടങ്ങിയ ഒന്നു രണ്ട് പഠനങ്ങളാണ് ആകെ ഉണ്ടായത്. ഇന്നത്തെ സ്ഥിതിയോ - മലയാളികള്‍ക്കു പിന്നാലെ തമിഴരും ഏറ്റവും ഒടുവില്‍ ഗള്‍ഫിലെ കണ്‍സ്ട്രക്ഷന്‍ ബൂമിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് തെലുങ്കരും പല ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരും ഗള്‍ഫിലെ വെയിലു കൊള്ളാന്‍ വരുന്നു. അതെന്ത് വെയിലാണെന്നറിയാമോ? ഒന്ന് കൊണ്ടാലേ മനസ്സിലാവൂ. കോണ്ട്രാക്റ്റ് ലേബറിന്റെ വാരിക്കുഴികള്‍, ലേബര്‍ ക്യാമ്പുകളിലെ ജീവിതം, ഫാമിലി സ്റ്റാറ്റസ് ഇല്ലായ്മ... ഇങ്ങനെ ഒരാളെങ്കിലും ജീവിക്കുമ്പോള്‍ ഇന്ത്യ പുലിയാകുമോ? അതോ ഇന്ത്യയിപ്പോഴും പുലിത്തോലിട്ട പശു തന്നെയോ? ആ‍ട്ടിന്തോലിട്ട ചെന്നായ ആകുന്നതിനേക്കാള്‍ ഭേദമാണോ പുലിത്തോലിട്ട പശുവാകുന്നത്?

Tuesday, September 11, 2007

തേയ്ക്കാത്ത എണ്ണ ധാര



കഴിഞ്ഞ തലമുറയിലെ അച്ഛന്മാര്‍ പലരും സ്നേഹം പ്രകടിപ്പിക്കുന്നതില്‍ വിമുഖരായിരുന്നു. ചിലരുടെ കയ്യില്‍ ഇല്ലാഞ്ഞിട്ട് (അവര്‍ക്ക് ഇമോഷണല്‍ ഇന്റലിജന്‍സ് ഇല്ലായിരുന്നെന്ന് സായിപ്പിന്റെ ഭാഷയില്‍ പറയാം). ബാക്കിയുള്ളവരില്‍ ഭൂരിപക്ഷം പേരും സ്നേഹം പുറത്തുകാട്ടാതെ റഫ് ആന്‍ഡ് ടഫ്ഫായി അഭിനയിച്ചു. അങ്ങനെയൊക്കെയായിരുന്നു നാട്ടുനടപ്പ്. വിശേഷിച്ചും ആണ്മക്കളോട് ചില അച്ഛന്മാര്‍ ശത്രുത തന്നെ വെച്ചു പുലര്‍ത്തി (മക്കളെ പുലര്‍ത്താന്‍ മറന്നവരും). ചുള്ളിയുടെ താതവാക്യം മുതല്‍ യോസയുടെ Third Bank of the River വരെ രേഖാമൂലമുള്ള തെളിവുകള്‍ ധാരാളം.

ഭാഗ്യവശാല്‍ ഇവരില്‍ പലരും അപ്പൂപ്പന്മരായപ്പോള്‍ അവരുടെ പുറന്തോട് പൊട്ടി. ചകിരിയുടേയും ചെരട്ടയുടേയും മതിലുകള്‍ പൊളിച്ച് വാത്സല്യത്തിന്റെ കരിക്കുംവെള്ളം പുറത്തേയ്ക്കൊഴുകി. മകന്‍ വളര്‍ന്നു വരുമ്പോഴെല്ലാം ബലം പിടിച്ച് അവനോട് ഗ്യാപ്പിട്ടിരുന്ന ഒരു ദേഹം പിന്നീട് മകന് മകനുണ്ടായപ്പോള്‍ ആ കുഞ്ഞിനെ പുറത്തിരുത്തി ആന കളിക്കുന്നതു കണ്ടപ്പോള്‍ ആ കുഞ്ഞിന്റെ അച്ഛമ്മ സന്തോഷക്കണ്ണീരോടെ പറഞ്ഞുകേട്ടതാണ് എനിക്കേറ്റവുമിഷ്ടപ്പെട്ട ഒരു പഴഞ്ചൊല്ല്. “തേയ്ക്കാത്ത എണ്ണ ധാര“ എന്നാണ് ആ അമ്മ പറഞ്ഞത്.

തേച്ചു കുളിക്കാത്ത എല്ലാ എണ്ണയും നമുക്ക് ധാര കോരേണ്ടി വരും. എല്ലാ വിലകളും പിഴ സഹിതം അടച്ചു തീര്‍ക്കേണ്ടി വരും. സ്നേഹത്തിന്റെ ഒരര്‍ത്ഥമാണ് എണ്ണ എന്നു കൂടി ഓര്‍ത്തോളൂ. മകന് മകനുണ്ടാവും മുമ്പേ ചില മനുഷ്യര്‍ മരിച്ചു പോകും - ഹാ, കഷ്ടം, അവരുടെ മേത്ത് ആര് ഉണ്ണിമൂത്രം ഒഴിക്കും? അതുകൊണ്ട് ഇന്നു പഠിക്കാനുള്ള പാഠങ്ങള്‍ ഇന്നു തന്നെ പഠിക്കുക. ഒന്നും നാളേയ്ക്ക് നീട്ടിവെയ്ക്കല്ലേ എന്റെ പൊന്നച്ഛാ.

Monday, September 10, 2007

2010-ല്‍ എന്തു സംഭവിക്കും?


1959-ല്‍ എന്തു സംഭവിച്ചു, 1977-ല്‍ എന്തു സംഭവിച്ചു എന്നെല്ലാം രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസംഗങ്ങളെ പരിഹസിച്ചിരുന്ന മിമിക്രിക്കാരെ ഓര്‍ക്കുന്നോ? അതില്‍ വലിയൊരു പാഠമുണ്ടായിരുന്നു - നമ്മള്‍ അധികവും പിന്നോട്ടു മാത്രം നോക്കുന്നവരാണെന്ന്. 2010-ഓടെ ലോകത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന ഏറ്റവുമധികം ആളുകളുള്ള രാജ്യം ഇന്ത്യയാകും എന്ന് World is Flat-ല്‍ വായിച്ചപ്പോള്‍ ആ പാഠം ഓര്‍ത്തു. സായിപ്പിന്റെ മക്കളുടെ തൊഴിലിന് ഇന്ത്യക്കാര്‍ ഭീഷണിയാകുന്ന ആംഗ് ളിലാണ് ഇതവര്‍ കാണുന്നത്. നമ്മുടെ ഭാഷകള്‍ക്ക് ഇത് ഭീഷണിയാവുമോ എന്നാണ് നമ്മള്‍ കാണേണ്ടത്. ഭാഷ എന്നു പറയുമ്പോള്‍ സാഹിത്യം എഴുതാനും സാഹിത്യം വായിക്കാനും പത്രമാസികകള്‍ അച്ചടിക്കാനുമുള്ള മാധ്യമം എന്നു മാത്രമേ ഞാനടക്കമുള്ള സാധാ മലയാളി വിചാരിക്കുന്നുള്ളു. വായന മരിക്കുമൊ എന്നൊക്കെയാണ് പിന്നീടു വരുന്ന മണ്ടന്‍ ചോദ്യങ്ങള്‍. മനുഷ്യനുള്ളിടത്തോളം മറ്റേ വായനയെങ്കിലും നിലനില്‍ക്കും എന്ന് വിചാരിച്ചോണ്ടാ മതി. തെക്കേമേരിക്കയിലെ സ്പാനിഷ്, പോര്‍ട്ടുഗീസ് കോളനിവത്കരണം അവിടത്തെ ഭാഷകളെ കൊന്നു. എന്നിട്ടെന്താ, തമ്പുരാന്മാരുടെ അതേ ഭാഷയില്‍ അസ്റ്റൂറിയാസും മാര്‍കേസുമെല്ലാം തദ്ദേശീയ തീമുകളില്‍ ലോകോത്തര സാഹിത്യം ചമച്ചു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഇന്തോ-ആംഗ്ലിക്കന്‍ സാഹിത്യം അതിന്റെ എഴുന്നൂറയലത്ത് എത്താന്‍ ശ്രമിക്കുക പോലും ചെയ്തില്ല (ആണുങ്ങടെ കാര്യം പറയുമ്പൊ അരുന്ധതി, ഖുശ്വന്ത് എന്നെല്ലാം പറഞ്ഞേക്കല്ല്). അതേ സമയം മുളാറ്റോകള്‍ (യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ സങ്കരസന്തതികള്‍) പെരുകിയിട്ടു പോലും തെക്കേഅമേരിക്കക്കാര്‍ അവരുടെ തനിമ നിലനിര്‍ത്തി. നമ്മളോ, ഇല്ലം വിറ്റു, അമ്മാത്തേയ്ക്കുള്ള വഴിയും മറന്നു. ഇംഗ്ലീഷ് ഭാഷ പഠിക്കും മുമ്പേ ഇംഗ്ലീഷുകാരായിത്തീര്‍ന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നു. മലയാളം എഴുതാനും വായിക്കാനും അറിയാത്തവരെക്കൊണ്ടുപോലും മലയാളം ടൈപ്പ് ചെയ്യിപ്പിക്കുന്ന യൂണികോഡ് പോലുല്‍ള്ള സ്ഫുടതാരകള്‍ ഈ കൂരിരുട്ടിലുണ്ടെങ്കിലും 2010 എന്നു കേള്‍ക്കുമ്പോള്‍ പേടിയാവുന്നു. സായിപ്പിനേക്കാള്‍ പേടിയാവുന്നു.

Sunday, September 9, 2007

എന്നെയും മന്ത്രിയാക്കണം


കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കണം, നീലന് സാംസ്ക്കാരികം, ജോസഫിന് വിദ്യാഭ്യാസം എന്നല്ല പറഞ്ഞു വരുന്നത്. ഏതെങ്കിലും ഒരു പി. ജെ. ജോസഫിനെപ്പിടിച്ച് ഏതെങ്കിലും വകുപ്പിന്റെ മന്ത്രിയാക്കണം. പരിഹാസത്തിന്റെ ലവലേശമില്ലാതെയാണ് ഇത് പറയുന്നത്. കാരണം അതാണ് ജനാധിപത്യത്തിന്റെ അന്തസത്ത. ചുങ്കക്കാരും വേശ്യകളും ഞരമ്പുരോഗികളും പെണ്‍ വാണിഭക്കാരും അബ്കാരികളും ജനാധിപത്യം എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന കത്തോലിക്കരും ഉള്‍പ്പെടുന്ന ദൈവരാജ്യമാണ് ജനാധിപത്യം. അതില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം വേണം. ഒരു തിരക്കില്‍ ചാന്‍സു കിട്ടിയാല്‍ പെണ്ണുങ്ങളെ ഞോണ്ടാത്ത മലയാളി ആണുങ്ങള്‍ എത്ര ശതമാനം വരും? അവരുടെ പ്രതിനിധിയായി അച്യുതാനന്ദനേപ്പോലുള്ള ആണുങ്ങളുണ്ടല്ലൊ. ബാക്കിയുള്ള ആണുങ്ങള്‍ക്ക് പ്രാതിനിധ്യം വേണ്ടേ? ഓര്‍ക്കുന്നോ എന്‍. കെ.ബാലകൃഷ്ണനും സുന്ദരം സ്വാമിയുമെല്ലാം പിഎസ്പിയുടെ മന്ത്രിമാരായിരുന്നത്? മനുഷ്യന്‍ പോയിട്ട് ഒരു പൂട പോലുമില്ലാതിരുന്ന പാര്‍ട്ടിയുടെ. അതാണ് ജനാധിപത്യം. കുറ്റവാളികള്‍ ഇല്ലാതാകുന്ന കാലത്തോളം കുറ്റവാളികള്‍ക്കും വേണം പ്രാതിനിധ്യം. കുറ്റവാളികള്‍ക്കും പറയാനുള്ളത് കേള്‍ക്കണം. കുറ്റം ഇല്ലാതാക്കണമെന്നത് വേറെ കാര്യം. അതെ, ജനാധിപത്യം ഇച്ചരെ കട്ടിയാണ്. എന്തായാലും അതാണ് യഥാര്‍ത്ഥ ജനാധിപത്യം, അല്ലെ?

വീപ്പിയുടെ വീ‍ട്ടിലെ കോളിംഗ് ബെല്‍


വീപ്പി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന പ്രദീപിന്റെ വീട്ടില്‍ (കേരളത്തിലെ ഒരു വാര്‍ഡില്‍ 17 പ്രദീപുമാരെങ്കിലും ഉണ്ടായിരുന്ന എഴുപതുകള്‍-എണ്‍പതുകള്‍! വീപ്പി എന്നെല്ലാം വിളിക്കാതെ തിരിച്ചറിയാന്‍ പിന്നെ എന്തു ചെയ്യും?), ങ്ഹാ, പ്രദീപിന്റെ വീട്ടില്‍ ഒരു വിശേഷപ്പെട്ട കോളിംഗ് ബെല്‍ ഉണ്ടായിരുന്നു. അതിന്റെ സ്വിച്ചില്‍ ആര് വിരലമര്‍ത്തിയാലും കോളിംഗ് ബെല്‍ അടിയുന്നതിനു മുമ്പു തന്നെ ആ‍രാ വന്നിരിക്കുന്നതെന്ന് വീടിന്റെ ഉള്ളിന്റെയുള്ളിലെ അടുക്കളയില്‍ തടവില്‍ കിടക്കുന്ന വീപ്പിയുടെ അമ്മയ്ക്ക് മനസ്സിലാവും. അതെങ്ങനെയെന്നോ - സ്വിച്ചില്‍ ചെറിയൊരു ഷോക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ആര് കയ്യ് വെച്ചാലും ഉടനെ ‘അയ്യോ’ എന്ന് ഉറക്കെ വിളിച്ച് കൈ വലിക്കും. ങ്ഹാ തോമസ് വന്നിട്ടുണ്ട്, ങ്ഹാ ബാബുവാ എന്നെല്ലാം പറഞ്ഞ് വീപ്പിയുടെ അമ്മ വാതില്‍ തുറക്കാന്‍ വരും. വീപ്പിയുടെ വളരെയടുത്ത ഫാമിലി ഫ്രണ്ടായിരുന്നു കുഞ്ചന്‍. അങ്ങനെ ഇതെങ്ങാനും സിനിമയില്‍ വന്നോ? പാണ്ഡവരുടെ കാലത്ത് ഒരു സാധാ കോളിംഗ് ബെല്ലെങ്കിലും ഉണ്ടായിരുന്നെങ്കി ശുനകമൈഥുനം ഇത്ര പബ്ലിക്കാവില്ലായിരുന്നു.

Saturday, September 8, 2007

തലയ്ക്കു മീതേ ഗൂഗ്ളാകാശം താഴെ ഗൂഗ്ള്‍ ഭൂമി


ഗൂഗ്ള്‍ എര്‍ത്തിന്റെ കൂടെ ഇപ്പൊ ഗൂഗ്ള്‍ ആകാശവുമുണ്ട്. സിബു വഴി കുറിഞ്ഞി ഓണ്‍ലൈന്‍ വഴി വിവരമറിഞ്ഞയുടന്‍ ഓടിച്ചെന്നു. ഒന്ന് മുങ്ങിക്കുളിച്ചു. ഇനി വിക്കി സ്ക്കൈയ്യും വരുമായിരിക്കും. അവിടെ ഭാഗ്യത്തിന് ആരും വൈഫ് ഹൌസ് അടയാളപ്പെടുത്തില്ല. ആദ്യമായി ഗൂഗ് ള്‍ എര്‍ത്ത് കണ്ട രാത്രിയില്‍ പണ്ട് കണ്ട മനോഹരമായ ഒരു ഷോര്‍ട്ട് ഫിലിം വീട്ടിലെ മോണിട്ടറില്‍ പുനര്‍നിര്‍മിച്ചു. ഒരു തടാകത്തില്‍ ഒരു ചെറിയ തോണി. അതില്‍ മുഖത്തോടു മുഖം നോക്കിയിരിക്കുന്ന രണ്ട് യാത്രക്കാര്‍. അതൊരു പെയ്ന്റിംഗ് പോലെ നിശ്ചലമായിരുന്നു. പെട്ടെന്ന് ക്യാമറ പിന്നോട്ട് സഞ്ചരിച്ചു തുടങ്ങി. ഇപ്പോള്‍ തടാകത്തിനു ചുറ്റുമുള്ള കാട് കാണാം. ക്യാമറ വേഗതയോടെ പിന്നോട്ട് തന്നെ. കാടിനു ചുറ്റുമുള്ള നരച്ച നാടുകളെയും ചെറുതാ‍ക്കി ചിത്രം കൂടുതല്‍ വിശാലമാകുമ്പോള്‍ തെളിയുന്നത് അമേരിക്ക. പിന്നെ ഭൂമി. പിന്നെയും പിന്നോട്ട് പോകുമ്പോള്‍ ഭൂമിയുടെ അടുത്ത് അമ്പിളിമാമന്‍. മറ്റു ഗ്രഹങ്ങള്‍, സൂര്യന്‍, സൌരയൂഥം, പിന്നെയും പിന്നോട്ടു പോകുമ്പോള്‍ അങ്ങനെ അനേകം ഗ്യാലക്സികള്‍ (?), നക്ഷത്രപ്പൊട്ടുകള്‍... ഒടുവില്‍ സ്ക്രീനില്‍ ഇരുട്ടുനിറഞ്ഞു. ഉടന്‍ ക്യാമറ മുന്നോട്ടെടുത്തു. നക്ഷത്രപ്പൊട്ടുകള്‍, ഗ്യാലക്സികള്‍, അതാ നമ്മുടെ സൌരയൂഥം, അതില്‍ വിടര്‍ന്നോരു കല്യാണസൌഗന്ധികമായ ഭൂമി, അമേരിക്ക, ആ നരച്ച നാടുകള്‍, അതേ കാട്, പിന്നെയും അടുപ്പിയ്ക്കുമ്പോള്‍ കാടിനു നടുവിലെ ആ തടാകം, തോണിയില്‍ രണ്ടു യാത്രക്കാര്‍. പിന്നെയും ക്യാമറ അടുത്തേയ്ക്ക് പോകുകയാണ്. ഒരു യാത്രക്കാരന്റെ കയ്യിന്റെ ക്ലോസപ്പ്, അതിലൊരു കൊതുകിന്റെ ക്ലോസപ്പ്, കൊതുക് കുത്തുന്ന ഭാഗം, ആ കോശം, കോശങ്ങള്‍ക്കുള്ളില്‍ നമ്മള്‍ സ്ക്കൂളില്‍ വരച്ചു പഠിച്ച ഭാഗങ്ങള്‍, അങ്ങനെ വേഗത്തില്‍ ക്യാമറ ഉള്ളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ആ ഭാഗങ്ങള്‍ക്കുള്ളില്‍ എന്തെല്ലാമോ വിശദാംശങ്ങള്‍, (ഡി എന്‍ എയുടെ വാടകവീടുകള്‍?), പൈപ്പുകള്‍, മഴവില്ലുകള്‍, വൃത്തങ്ങള്‍, നക്ഷത്രപ്പൊട്ടുകള്‍ പോലെ എന്തൊക്കെയോ... ഒടുവില്‍ പക്ഷേ ക്യാമറ ചെന്നെത്തുന്നത് ഇരുട്ടില്‍ തന്നെ. ആ ഇരുട്ടില്‍ വെറും രണ്ടു മിനിറ്റില്‍ അവസാനിച്ച ആ സിനിമയുടെ ടൈറ്റിലുകള്‍ തെളിയുമ്പോള്‍ ഭരതന്‍ സാറും മത്തായി മാഞ്ഞൂരാനും (പ്രകാശത്തിലേയ്ക്ക്) വില്‍ ഡ്യൂറന്റും (story of philosophy) പരിചയപ്പെടുത്തിയ ദാര്‍ശനികര്‍ പറഞ്ഞു തന്നതിനേക്കാള്‍ വലിയ സത്യങ്ങള്‍ അതിനേക്കാള്‍ ലളിതമായി അകത്തു കയറിയതു പോലെ. എന്നിട്ട്... എന്നിട്ട് ഒരു ഉപകാരവുമുണ്ടായില്ല. ശങ്കരന്റെ തെങ്ങുവഞ്ചി തിരുനക്കര തന്നെ.

Friday, September 7, 2007

അസംബന്ധം

കുലത്തൊഴിലുപേക്ഷിച്ച ഗുമസ്തനാമരയന്റെ
വല കൊപ്രക്കളത്തിലേയ്ക്കുപകാരമായ്.
അവന്റെയാ ലിവിംഗ് റൂമില്‍ അതോര്‍ത്തല്ലോ ചിരിക്കുന്നു
ഇണകളാം പരലുകള്‍ അക്വേറിയത്തില്‍.

Thursday, September 6, 2007

ചക്കര്‍ aka ചുറ്റിക്കളി


മൃതി നിര്‍വികാരത്താല്‍ ജീവിതം കെടുത്തുമ്പോള്‍

രതിയോ വികാരത്താല്‍ ജീവിതം കൊളുത്തുന്നു.

ചൈനീസ് അധിനിവേശം സിനിമയിലും


യാദൃശ്ചികമെന്ന് നമ്മള്‍ കരുതുന്ന ഒരുപാട് കാര്യങ്ങള്‍ അത്രത്തോളമൊന്നും യാദൃശ്ചികമല്ല. മൊബൈല്‍ ഫോണ്‍ പ്രചാരത്തിലിരുന്ന കാലത്തായിരുന്നെങ്കില്‍ പ്രിയദര്‍ശന് വന്ദനം എന്ന സിനിമയുടെ ക്ലൈമാക്സ് ഒരു പക്ഷേ ശുഭപര്യവസായിയായി പ്ലാന്‍ ചെയ്യേണ്ടി വന്നേനെ. (സ്വിച്ച്ഡ് ഓഫ്, ഔട്ട്റ്റ് ഓഫ് റേഞ്ച് തുടങ്ങിയ രസംകൊല്ലികളെ പ്രതീക്ഷിച്ചാണ് ഒരു പക്ഷേ). മൊബൈല്‍ ഫോണ്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ ആലോചിച്ചു നോക്കൂ - പൊതുവായ മാറ്റങ്ങളല്ല, മാറ്റിമറിച്ചിട്ടുള്ള ചില നിര്‍ണായകന്‍ സംഭവങ്ങള്‍). ഒരു അറബിക്കഥ എന്ന സിനിമയിലെ നായികയായി ഷാങ്ങ് ഷു മിന്‍ എന്ന ചൈനീസ് പെണ്‍കുട്ടി അഭിനയിച്ചത് അതിലെ നായകന്‍ മുകുന്ദന്‍ ക്യൂബാ മുകുന്ദനായതുകൊണ്ടു മാത്രമല്ല, മലയാളികള്‍ ലക്ഷക്കണക്കിന് ജീവിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ചൈനക്കാരും കണ്ടമാനം ജീവിക്കാനെത്തിയിരിക്കുന്നതുകൊണ്ട്, ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു കഥ ആലോചിക്കുമ്പോള്‍ അത് സ്വാഭാവികമായതുകൊണ്ടു കൂടിയാണ്. ഇന്ത്യയും ചൈനയും മല്ലടിക്കുന്ന ആഗോള ഗോദായില്‍ ചൈനയുടെ പെര്‍ഫോമന്‍സിനെ സൂപ്പര്‍ബ് എന്നു വിളിക്കാതെ വയ്യ. കമ്മ്യൂണിസം കയറ്റുമതി ചെയ്തിരുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്ന ചൈന ഇപ്പോള്‍ അന്ധവിശ്വാസങ്ങള്‍ വരെ കയറ്റുമതി ചെയ്യുന്നു. ഭാരതീയ ജ്യോതിഷവും വാസ്തുവും ലോകമര്‍ക്കറ്റില്‍ മരുന്നിനു മാത്രമുള്ളപ്പോള്‍ ഇയര്‍ ഓഫ് റാറ്റ്, ഫെങ്ങ്ഷൂയ് എന്നെല്ലാം പറഞ്ഞ് ചൈന പോക്കറ്റുകള്‍ തൂത്തുവാ‍രുന്നു.(എന്തിന് ഗൂഗ് ള്‍ പോലും ചൈനീസ് ജ്യോതിഷമല്ലെ പ്രചരിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത് - അതാണ് ഞാനെന്റെ ബ്ലോഗര്‍ പ്രൊഫൈല്‍ മുഴുവനാക്കാത്തെ). റിലാക്സേഷന്‍ തെറാപ്പി എന്നെല്ല്ലാം പാക്ക് ചെയ്തിട്ടും ആയുര്‍വേദം വേണ്ടത്ര ക്ലച്ച് പിടിച്ചില്ല. അക്യൂപങ്ചര്‍ ചീറ്റിപ്പോയപ്പോള്‍ ചൈനക്കാരോ,അവര്‍ ഫുട് & ബോഡി മസാജിംഗ് ഇറക്കി. പറഞ്ഞു വരുന്നത് ഇതാണ് - നമ്മുടെ കാവ്യാ മാധവന് കിട്ടേണ്ട എത്രയോ ലക്ഷം രൂപ (അങ്ങനെ കൊച്ചി റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലും മറ്റും ഇറങ്ങേണ്ടിയിരുന്ന എത്രയോ ലക്ഷം രൂപ) കെ. മുരളീധരന്‍ പറയാറുള്ള ആഗോളപ്രതിഭാസം കാരണം (ഇവിടെ ചൈനാവത്കരണം) ഒരു ചീനക്കാരിക്ക് പോയി. അത് നിര്‍മാതാവിന്റെയോ കഥാകൃത്തിന്റെയോ തെറ്റല്ല, യാദൃശ്ചികവുമല്ല - ആഗോളസാഹചര്യങ്ങളുടെ അവസ്ഥയാണ്. അതുകൊണ്ട് എം പി നാരായണപിള്ളയുടെ ശൈലിയില്‍ പറഞ്ഞാല്‍ ഭാവനയും മീരയുമെല്ലാം സൂക്ഷിച്ചോ‍ളുക. ചീനക്കാരികള്‍ വിചാരിച്ചാല്‍ അവര്‍ വീട്ടിലിരിക്കേണ്ടി വരും.

Wednesday, September 5, 2007

ഒറ്റപ്പാലം, ഒറ്റഭാഷ, ഒറ്റജീവിതം


കൊള്ളിയെ കപ്പയാക്കിയ കേരളീയവത്കരണത്തെപ്പറ്റി പറഞ്ഞപ്പോള്‍ വള്ളുവനാടന്‍ ഭാഷ മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുക വഴി എംടിയുടെയും ലോഹിതദാസിന്റേയും മീഡിയം കോംപ്ലക്ഷന്‍ കൈകളാണ് കേരളീയവത്കരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആരോ കമന്റിയിരുന്നല്ലൊ. അദ്ദേഹം വനിതയുടെ ഓണപ്പതിപ്പിലെ കാവ്യാ മാധവന്റെ ഇന്റര്‍വ്യൂ വായിക്കണം. (ചോദ്യം: നൊസ്റ്റാള്‍ജിയ തോന്നുന്നതെപ്പോഴാണ്? ഉത്തരം: ഒറ്റപ്പാലത്തു കൂടി യാത്ര ചെയ്യുമ്പോള്‍. എന്റെ കഥാപാത്രങ്ങളെല്ലാം ജീവിച്ച സ്ഥലമാണ്.) എങ്ങനെയുണ്ട്? അമ്പലവാസിഭാഷയില്‍ സംസാരിക്കുന്ന പള്ളീലച്ചനെ (വീണ്ടും ചില, ഒടുവില്‍) കണ്ടപ്പോളുള്ള ഞെട്ടല്‍ ഇതു വായിച്ചപ്പോളാണ് മാറിയത്. ഇന്ത്യ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് മൂന്നാല് ഒറ്റപ്പാലം മേനോന്മാരാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വായിച്ചിരുന്നു. എങ്കില്‍ തെക്ക് താഴെ കിടക്കുന്ന കേരളീയന് എന്തിന് അധികം പാലങ്ങള്‍? ഉടുക്കാനും നനയ്ക്കാനും പൊതയ്ക്കാനും കൂടി ഒന്നന്നെ ധാരാളം. യ്ക്ക് വയ്യ, നൊസ്റ്റാള്‍ജിയ വരണൂട്ടോ ന്റെ ചെറ്യൊപ്പളേ.

Tuesday, September 4, 2007

മാര്‍കേസിന്റെ മലയാളി പിതാവ്


മാര്‍കേസിനെ മലയാളിയാക്കിയതില്‍ ഏറ്റവും പ്രധാന പങ്കു വഹിച്ചയാളാണ് ഗ്രിഗറി റബ്ബാസ. പക്ഷേ പല മലയാളികള്‍ക്കും ഇങ്ങൊരെ അറിയില്ല. പോര്‍ട്ടുഗീസ്, സ്പാനിഷ് ഭാഷകളില്‍ രചിക്കപ്പെട്ട കൃതികള്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുന്ന കാര്യത്തില്‍ മുടി ചൂടിയ മന്നന്‍. ക്യൂബയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ഒരു കുടുംബത്തില്‍ ന്യൂയോര്‍ക്കില്‍ ജനനം. ജുലിയൊ കൊര്‍ത്തസാര്‍, മാര്‍കേസ്, എന്റെ പ്രിയ ജോര്‍ജ് അമാദോ തുടങ്ങിയ ലാറ്റിനമേരിക്കന്‍ ജയന്റ്സിന്റെ മാസ്റ്റര്‍പീസുകള്‍ ഒറിജിനലുകളെ വെല്ലുന്ന മനോഹാരിയതയോടെ ഇംഗ്ലീഷികരിച്ച മാന്ത്രികന്‍. കൊര്‍ത്തസാറിന്റെ ഉപദേശ പ്രകാരം ഏകാന്തതയുടെ നൂറു വര്‍ഷം റബ്ബാസയെക്കൊണ്ട് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിക്കിട്ടാന്‍ വേണ്ടി മാര്‍കേസ് 3 വര്‍ഷം കാത്തിരുന്നു - റബ്ബാസ ഏറ്റെടുത്തിരുന്ന മറ്റ് പ്രൊജക്റ്റുകള്‍ തീര്‍ന്ന് അദ്ദേഹത്തിന്റെ ഷെഡ്യൂള്‍ ഓപ്പണാകാന്‍ വേണ്ടി. കാത്തിരിപ്പിന് ഫലമുണ്ടായി. പരിഭാഷ തന്റെ സ്പാ‍നിഷ് ഒറിജിനിലിനേക്കാള്‍ മനോഹരം എന്ന് മാര്‍കേസ് പറഞ്ഞതായാണ് കഥ. 1970-ലാണ് റബ്ബാസ ഏകാന്തത വിവര്‍ത്തനം ചെയ്തത്. പില്‍ക്കാലത്ത് റബ്ബാസ മാര്‍കേസിന്റെ Autumn of the Patriarch, Chronicle of a Death Foretold, Leafstorm തുടങ്ങിയവയും പരിഭാഷപ്പെടുത്തി. കോളറയോ എന്നു ചോദിക്കണ്ട - സമയം കിട്ടിക്കാണില്ല. കൊര്‍ത്തസാറിന്റെ മാസ്റ്റര്‍പീസായ Hopscotch, യോസയുടെ Conversation in the Cathredal, അമാദോയുടെ Captains of the Sand... ഇങ്ങനെ പത്തിലേറെ മാസ്റ്റേഴ്സിന്റെ ഇരുപതിലേറെ കൃതികള്‍. ചുരുക്കിപ്പറഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ ഫിക്ഷന്റെ പ്രളയവാതില്‍ ശരിക്കും തുറന്നിട്ടത് റബ്ബാസയാണെന്നു പറയാം. എങ്കിലും മാര്‍കേസിന്റെയും മറ്റും പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ സാധ്യമാക്കിയ റബ്ബാസമാരുടെ പേരുണ്ടാകാറില്ല. ഡോ. എസ്. വേലായുധനും മറ്റും സ്പാനിഷില്‍ നിന്ന് നേരിട്ട് മലയാളീകരിച്ചെന്ന് വിചാരിച്ചോട്ടെയെന്നോ?

Monday, September 3, 2007

സംശയം


ഭ്രാന്തുള്ളവര്‍ അതഭിനയിക്കുകയായിരിക്കുമോ; നമ്മള്‍ ഭ്രാന്തില്ലായ്മ അഭിനയിക്കുന്നതുപോലെ?

വെള്ളച്ചോര്‍ ഗുണപാഠം


ഫ്രിഡ്ജിനു മുമ്പുള്ള കാലത്ത് അത്താഴത്തിനു ശേഷം ബാക്കി വരുന്ന ചോറ് കേടു കൂടാതെ സൂക്ഷിച്ചിരുന്നത് വെള്ളമൊഴിച്ചു വെച്ചിട്ടായിരുന്നു. തൃശൂക്കാര് പിറ്റേന്നിതിനെ വെള്ളച്ചോര്‍ എന്നു വിളിച്ചു, തെക്കര്‍ പഴഞ്ചോറെന്നും. രാവിലെ ഇവനെ മോരൊഴിച്ചോ കടുമാങ്ങ കൂട്ടി ഞരടിയോ പച്ചമുളക് കൂട്ടിക്കടിച്ചോ അകത്താക്കുന്നതായിരുന്നു തൃശൂരെ നെല്‍ക്കൃഷി നിലവിലുള്ള പോക്കറ്റുകളില്‍ അടുത്ത കാലം വരെ പ്രാതല്‍. ഇഡ്ഡലി, ദോശ തുടങ്ങിയ വരത്തന്‍ ആഡംബരങ്ങള്‍ പ്രചാരത്തിലായിട്ട് കാല്‍നൂറ്റാണ്ടായിട്ടില്ല. വെള്ളച്ചോര്‍ കഴിച്ചാല്‍ ശരീരം നന്നാവും എന്നൊരു വിശ്വാസം തെക്കും വടക്കും ഒരുപോലെ നിലനിന്നിരുന്നു. അക്കാലത്തെ ഒരു കഥ: തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലെ ഒരു പ്രൈമറി സ്ക്കൂള്‍. കറുത്തു മെലിഞ്ഞ പയ്യനെ നോക്കി തമിഴ് ബ്രാഹ്മണനായ ഇംഗ്ലീഷ് മാഷ് പറഞ്ഞു: എടാ, രാവിലെ എന്നും വെള്ളച്ചോറ് ശാപ്പിട്, നിന്റെ ശരീരം നന്നാവും. ഉടനെ പയ്യന്‍: “അത്താഴത്തിനു തന്നെ പൊത്തും പിടിയുമാ സാറേ, പിന്നെ വേണ്ടേ വെള്ളച്ചോര്‍!” കണ്ടര് എന്നു പേരായ ഈ പയ്യന്‍ പിന്നീട് പഠിച്ചു മിടുക്കനായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായി, ഡി എഫ് ഒ ആ‍യി ഈയിടെ റിട്ടയര്‍ ചെയ്തു. ഗുണപാഠം: ഉപദേശിക്കാന്‍ എളുപ്പമാണ്. പക്ഷേ ഉപദേശിക്കുന്നതിനു മുമ്പ് ഉപദേശിക്കപ്പെടുന്ന ആളുടെ ഭാഗത്തു നിന്നു കൂടി ഒന്നാലോചിക്കണം.

Sunday, September 2, 2007

മരണലക്ഷണങ്ങള്‍





ജീവിതലക്ഷണങ്ങളെപ്പറ്റി എഴുതിയതല്ലേ, മരണലക്ഷണങ്ങളെപ്പറ്റി എഴുതാതിരിക്കുന്നത് ശരിയല്ലല്ലോ. അഷ്ടാംഗഹൃദയത്തിലെ വികൃതിവിജ്ഞാനീയം എന്ന അദ്ധ്യായത്തില്‍ വിശദീകരിച്ചിരിക്കുന്ന മുന്നു തരം മരണലക്ഷണങ്ങളുടെ സംഗ്രഹവും മലയാള പരിഭാഷയുമാണ് കുന്നംകുളം പഞ്ചാംഗം പ്രസ്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം. എന്റെ കയ്യിലിരിക്കുന്നത് കൊല്ലവര്‍ഷം 1126-ല്‍ പുറത്തിറങ്ങിയ എഡിഷന്റെ ഒരു കോപ്പി. സമാഹരണവും വ്യാഖ്യാനവും കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്. രോഗമില്ലാത്തവര്‍ക്കു മരണമടുത്താ‍ലുണ്ടാകുന്ന മരണലക്ഷണങ്ങള്‍, രോഗികളുടെ മരണലക്ഷണങ്ങള്‍, സ്വപ്നങ്ങളിലൂടെയുള്ള മരണലക്ഷണങ്ങള്‍ ഇവയാണ് ഈ മുന്നു തരം. ഇതാ ഒരു സാമ്പ് ള്‍:

മൂര്‍ദ്ധനി വംശലതാദീനാം സംഭവോ, വയസാം തഥാ
നിലയോ, മുണ്ഡതാ, കാകഗൃദ്ധ്രാദേ: പരിവാരണം. (മൂര്‍ദ്ധാവിങ്കല്‍ മുള വള്ളികള്‍ ചെടികള്‍ മുതലായ്തു മുളച്ചുവെന്നും പക്ഷികള്‍ വന്നു കൂടുകെട്ടി എന്നും തല മുഴുക്കെ ക്രോപ്പു ചെയ്തതായും കാക്കകള്‍, പരുന്തുകള്‍ മുതലായ പക്ഷികള്‍ നാലു പുറവും വന്നു വളഞ്ഞതായും സ്വപ്നത്തില്‍ തോന്നിയാല്‍ അവന്റെ ആയുസ്സ് അവസാനിച്ചിരിക്കുന്നു. (സര്‍ റിയലിസത്തില്‍ സാക്ഷാല്‍ ദാലി തോറ്റുപോകുന്ന വിളയാട്ടമാണ് ഇതുപോലെ ഇനിയങ്ങോട്ട്).

ഭാഗ്യവശാല്‍ ഈ പുസ്തകത്തില്‍ ചില നല്ല സ്വപ്നങ്ങളെപ്പറ്റിയും പറയുന്നുണ്ട് (പുസ്തകത്തിന്റെ പേരിനോട് അനീതി പുലര്‍ത്തിയിട്ടാണെങ്കിലും). ഉദാ: ശരീരത്തില്‍ മുഴുവന്‍ രക്തം പുരണ്ടിരിക്കുന്ന രാക്ഷസനെ കാണുന്നവനും, കുട, കണ്ണാടി, വിഷം ഇതുകളെ ലഭിച്ചതായി കാണുന്നവനും വെളുത്ത വസ്ത്രങ്ങളും പുഷ്പ്ങ്ങളും കിട്ടിയതായി കാണുന്നവനും അശുദ്ധമായ ചെളി മുതലായതു പുരണ്ടിരിക്കുന്ന മാങ്ങ മുതലായ ഫലങ്ങളെ സിദ്ധിച്ചതായി തോന്നുന്നവനും ശുഭഫലങ്ങള്‍ ഉണ്ടാകുന്നതാണ്.

ഇവയ്ക്കെല്ലാം പുറമേ നാലാമദ്ധ്യാ‍യമായി ജ്യോതിഷ പ്രകാരമുള്ള മരണലക്ഷണങ്ങളേയും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. മന:ശ്ശാസ്ത്രം മാസിക ഓര്‍മയുണ്ടോ? അതിലെ ചോദ്യാവലിക്ക് ഉത്തരങ്ങളെഴുതി കിട്ടുന്ന മാര്‍ക്ക് നോക്കിയാല്‍ നൂറില്‍ നൂറ്റൊന്നു പേര്‍ക്കും വട്ടുണ്ടെന്ന് കണ്ടെത്താം, അതുപോലെ തന്നെയാണ് മരണലക്ഷണങ്ങളുടെയും, അല്ല, മരണത്തിന്റെ തന്നെ കാര്യം. ആ പിംഗളകേശിനി ഓരോ ചുവടിലും നമ്മുടെ കൂട്ടുകാരിയല്ലെ?

Saturday, September 1, 2007

മനുഷ്യനെ പട്ടിയാക്കുന്നവര്‍


ഐഡി കാര്‍ഡ് ഒരു വള്ളിയില്‍ (lanyard) കൊരുത്ത് കഴുത്തില്‍ തൂക്കണമെന്ന് നിര്‍ബന്ധമുള്ള ഒരു ജോലിയും ഇതേവരെ ചെയ്യേണ്ടി വന്നിട്ടില്ല, ദൈവത്തിന് സ്തുതി. കാള്‍ സെന്റര്‍ പോലുള്ള അമേരിക്കയുടെ പിന്നാമ്പുറ ജോലികള്‍ ചെയ്യുന്ന ബാംഗ്ലൂരിലെ നൈറ്റ് ഷിഫ്റ്റുകാര്‍ ഏതോ സ്റ്റാറ്റസ് സിംബല്‍ എന്നോണം ആഭരണമ്പോലെ ഈ തുടല്‍ ആട്ടി നടക്കുന്നു. എന്തിന്, നമ്മുടെ ചില ഇടത് മന്ത്രിമാര്‍ പോലും, ഒരു ടെലിവിഷന്‍ വര്‍ത്തയില്‍ കണ്ടതാണ്, അവരുടെ വ്യക്തിത്വം ഒരു കാര്‍ഡിലൊതുക്കുന്നു. കണ്‍ വീനിയന്‍സ് എന്നു മാത്രം പറയല്ലേ പ്ലീസ്, കണ്‍ വീനിയന്‍സിന്റെ ആട്ടിന്തോലിട്ടാണ് ഇങ്ങനെ പലതും വരുന്നത്.
ഇതു കാണുമ്പോളെല്ലാം ഭയം കലര്‍ന്ന ഒരു ഓക്കാനം ഉണ്ടാവും. നിങ്ങള്‍ നിങ്ങളല്ല, ഒരു ഐഡി കാര്‍ഡ് മാത്രമാണെന്ന പരിഹാസം. സുരക്ഷ ഉറപ്പുവരുത്താനുള്ള തുടല്‍. അമേരിക്കനിസത്തിന്റെ അങ്ങേയറ്റം. (അതോ ഇതിനും അപ്പുറമുണ്ടോ? ഉണ്ടാകും - ഓരോ മനുഷ്യനും നെറ്റിയില്‍ ഒരു ബാര്‍കോഡ് അണിയേണ്ട കാലം വരും. ഇടപാടുകളെല്ലാം ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രമാകും. വിക്കിമാപ്പിയ ലൈവാകും. സ്റ്റേറ്റ് ഓരോ മനുഷ്യന്റെയും പല്ലുവേദനയുടെയും സ്ഖലനത്തിന്റെയും എണ്ണം പിടിക്കും. വേള്‍ഡ് ഇന്‍ കോര്‍പ്പറേറ്റഡിനെ മൂന്നാല് കമ്പനികള്‍ ഏറ്റെടുക്കും. ഇപ്പോള്‍ത്തന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയുടെ ജിഡിപ്പിയേക്കാള്‍ കൂടുതലാണത്രെ മിത്സുബിഷിയുടെ നെറ്റ്വര്‍ത്ത്! ഹാ!)

മുളയരിയും നൂഡ്ത്സും മറ്റു ചിലരും




ഇന്ന് നാം കാണുന്ന തരത്തിലുള്ള ഇന്‍സ്റ്റന്റ് നൂഡ്ത്സ് ‘കണ്ടുപിടിച്ചത്’ തായ്‌വനീസ് ജാപ്പനീസ് ബിസിനസ്സുകാരന്‍ മൊമൊഫുകു അണ്ഡൊ. പ്രസിദ്ധമായ നിസിന്‍ ഫുഡ്സിന്റെ സ്ഥാപകനായ ഇദ്ദേഹം ഇത് വികസിപ്പിച്ചെടുത്തത് 1958-ല്‍. 2000-ല്‍ ജപ്പാനില്‍ നടന്ന ഒരു സര്‍വേയില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജാപ്പനീസ് കണ്ടുപിടുത്തമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്‍സ്റ്റന്റ് നൂഡ്ത്സ്. പിന്തള്ളപ്പെട്ടുപോയ കണ്ടുപിടുത്തങ്ങളെപ്പറ്റി അറിഞ്ഞാലേ പ്രാധാന്യത്തിന്റെ പ്രാധാന്യം മനസ്സിലാകൂ. രണ്ടാം സ്ഥാനത്തു വന്നത് Karaoke. അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് കോമ്പാക്റ്റ് ഡിസ്ക്കിന്.2002-ലെ കണക്കു പ്രകാരം ഒരു വര്‍ഷം ലോകം തിന്നുന്നത് 65 ബില്യണ്‍ ഇന്‍സ്റ്റന്റ് നൂഡ്ത്സ്. സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരിടത്തെ ഇന്‍സ്റ്റന്റ് നൂഡ്ത്സിന്റെ വില്‍പ്പന കൂടുന്നത് അവിടത്തെ സമ്പദ് വ്യവസ്ഥയുടെ ക്ഷീണമാണത്രെ കാണിക്കുന്നത്. തായ് ലന്‍ഡിലെ നൂഡ്ത്സ് ഭീമനായ മാമ എന്ന കമ്പനി 2005-ല്‍ ഏര്‍പ്പെടുത്തിയ മാമ നൂഡ്ത്സ് ഇന്‍ഡെക്സ് പ്രകാരം 2005-ന്റെ ആദ്യ 7 മാസം നൂഡ്ത്സ് വില്‍പ്പന 15 ശതമാനം കൂടിയപ്പോള്‍ തൊട്ടുപിന്നാലെ, നിനച്ചിരിക്കാതെ, സമ്പദ് വ്യവസ്ഥ ക്ഷീണിച്ചെന്നാണ് അനുഭവം. പ്രധാനമായും മിഡ് ല്‍-അപ്പര്‍ മിഡ് ല്‍-അപ്പര്‍ക്ലാസ് കുട്ടികളാണ് മോഡേണിസത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ നൂഡ് ത്സ് തിന്നുന്നത് - അതും ഇന്‍സ്റ്റന്റ് നൂഡ് ത്സ് മാത്രവും. അതുകൊണ്ട് നൂഡ് ത്സ് എന്നു കേട്ടാല്‍ പെറ്റിബൂര്‍ഷ്വാ എന്നെല്ലാം പറഞ്ഞു കളയും നമ്മുടെ സഖാക്കള്‍. നൂഡ് ത്സ് ഏറ്റവും താഴെക്കിടയിലുള്ള ഫുഡ്ഡാണ് തായ് ലന്‍ഡില്‍. ഇത്രയുമറഞ്ഞപ്പോള്‍ നമ്മുടെ നാട്ടില്‍ ക്ഷാമപ്രതീകമെന്ന ചീത്തപ്പേരുള്ള മുളയെ ഓര്‍ത്തു. മുള പൂത്താല്‍ ക്ഷാമമെന്നാണ് ചൊല്ല്. അമ്മവീട്ടിന്റെ അതിരില്‍ ഒരിക്കല്‍ മുള പൂത്തു. അന്നാണ് പഴഞ്ചൊല്ലില്‍ പതിരില്ലെന്നു കണ്ടത്. പൂത്തുനില്‍ക്കുന്ന ആ മുളന്തണ്ടുകള്‍ മുഴുവന്‍ പട്ടാപ്പകലും ആഹ്ലാദസൂചകമെന്ന് ആര്‍ക്കും തിരിച്ചറിയാവുന്ന സീല്‍ക്കാരങ്ങളോടെഎലികള്‍ പാഞ്ഞുനടക്കുന്നു. മുളയുടെ പൂവോ കായോ എലിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണെന്ന് അമ്മാവന്‍ പറഞ്ഞറിഞ്ഞു. കഷ്ടം, എത്ര റെയറായ ഒരു ഫേവറിറ്റ് ഭോജ്യം. ഏതായാലും പൂത്ത മുള കാച്ചു. സൂചിഗോതമ്പിന്റെ അരി കാല്‍ഭാഗമായപോലിരുന്നു മുളയരി. പായസവും കെങ്കേമം. പദ്മരാജന്റെ കൂടെവിടെ എന്ന ട്രാജിക് സിനിമയുടെ ഒറിജിന്‍ വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്താല്‍ എന്ന തമിഴ് നോവലാണെന്നും ഓര്‍ത്തു. മുളയുടെ കൂടി നാട്ടുകാരായ ഫാര്‍ ഈസ്റ്റുകാര്‍ നൂഡ് ത്സിനെ ദുശ്ശകുനമാക്കിയപ്പോള്‍ നമ്മള്‍ മുളങ്കൂടിനെ പ്രതിക്കൂട്ടിലാക്കിയതാവും.
Related Posts with Thumbnails