Wednesday, September 26, 2007

അള മുട്ടിയാല്‍ ബുദ്ധനും കടിക്കും



ഇടശ്ശേരിയുടെ നല്ലൊരു കവിതയുണ്ട് - ബുദ്ധനും ഞാനും നരിയും. കാട്ടില്‍പ്പോയ ഒരാളെ നരി ആക്രമിക്കുന്നു. അവിടെ കണ്ട ഒരു ബുദ്ധപ്രതിമ തള്ളിയിട്ട് അയാള്‍ നരിയെ കൊല്ലുന്നു. കവി ഉപസംഹരിക്കുകയാണ് (ഓര്‍മയില്‍ നിന്ന്): ഇടയുള്ളോര്‍ വാദിപ്പിന്‍ മാര്‍ഗവും ലക്ഷ്യവും ഇടറിയോ ഞാനൊന്ന് തല ചായ്ക്കട്ടെ. മലയാളിയുടെ പഴയൊരു ദുബായ് ആയിരുന്നു റംഗൂണ്‍. ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു ഒരു സ്മാരകന്‍ - റംഗൂണ്‍ സ്വാമി. റംഗൂണിലെ തെരുവുകളില്‍ ബുദ്ധഭിക്ഷുക്കള്‍ സമരത്തിനിറങ്ങിയതറിഞ്ഞപ്പോള്‍ എന്താണ് രാഷ്ട്രീയം എന്ന് ഒരിക്കല്‍ക്കൂടി ആലോചിച്ചുപോയി. പുരോഹിതന്മാര്‍ തെരുവിലിറങ്ങുന്നത് നമുക്ക് പുത്തരിയല്ല. അതില്‍ രാഷ്ട്രീയമൊന്നുമില്ല - വെറും ബിസിനസ്സ് മാത്രമേയുള്ളു. അല്ലെങ്കിലും പുരോഹിതന്മാരെയും സന്യാസിമാരെയും ഉപമിക്കുന്നത് പോപ്പിനേയും പോപ്പ് മ്യൂസിക്കിനേയും താരതമ്യം ചെയ്യുന്നതുപോലിരിക്കും. ജീവിതം മായയാണെന്ന് കരുതുന്നവര്‍ക്കും അരാഷ്ട്രീയം അസഹനീയമായിരിക്കുമെന്നതിനെ തിരിച്ചറിവ് എന്നു വിളിക്കണൊ തിരിച്ചടി എന്നു വിളിക്കണോ? സിഐഎ ഇപ്പോഴും മ്യാന്മറിനെ ബര്‍മ എന്നു തന്നെ വിളിക്കുന്നു. എന്നാല്‍ വാഷിംഗ്ടണില്‍ ബര്‍മയ്ക്കും റംഗൂണില്‍ അമേരിക്കക്കും അംബാസഡര്‍മാരുണ്ട്. ഇറാക്കിലുള്ളതിലോളം പെട്രോളിയം ഇല്ലാത്തതുകൊണ്ടാ ബര്‍മയെ ഡെമോക്രേസിയാക്കാന്‍ അമേരിക്കക്ക് താല്‍പ്പര്യക്കുറവ്? അതോ അവിടുത്തെ തേക്കുതടിസമ്പത്തിലും രത്നഖനികളിലും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കള്ളക്കഞ്ചാവ് കൃഷിയിലും ആര്‍ക്കെങ്കിലും അവിശുദ്ധതാല്‍പ്പര്യങ്ങളുള്ളതുകൊണ്ടൊ? കള്ളക്കഞ്ചാവ് കൃഷിയുടെ ലാഭമോ ഉപജീവനമോ നല്‍കുന്ന ലഹരിയില്‍ (പുകയിലല്ല) ഇനിയൊരിക്കലും ഉണരാത്തവിധം ബര്‍മീസ് ജനത ആഴ്ന്നുപോയോ? ഇങ്ങനെ എന്ത് ചോദ്യം ഉയര്‍ന്നാലും അതിനേക്കാളെല്ലാം ഉച്ചത്തില്‍ സമരം ശരണം ഗച്ഛാമി മുഴങ്ങിക്കേള്‍ക്കട്ടെ എന്ന് മോഹിച്ചു പോകുന്നു - മോഹമാണ് ദു:ഖകാരിണിയെന്ന് ബുദ്ധന്‍ ഓര്‍മിപ്പിച്ചിട്ടുണ്ടെങ്കിലും.

2 comments:

simy nazareth said...

നന്നായിട്ടുണ്ട്.

പാവം ഓങ്ങ് സാന്‍സുകി ഇപ്പോഴും വീട്ടുതടവില്‍ തന്നെയെന്നുതോന്നുന്നു.

സന്യാസിമാരെ ബര്‍മീസ് ജുന്ത എന്തുചെയ്യുന്നു എന്നു കണ്ടറിയാം. അധികാരം അത്രപെട്ടെന്ന് വിട്ടേച്ചുപോകാന്‍ പറ്റുമോ? അങ്ങനെ വിട്ടേച്ചുപോവാനാണോ നാല്‍പ്പത്താറുകൊല്ലം പിടിച്ചോണ്ടിരുന്നത്.

umbachy said...

ഇത്രയും
കാര്യങ്ങള്‍
ആ സമരത്തിനു പിനില്‍?
ബര്‍മ ഇത്ര അടുത്തായിരുന്നിട്ടും
ഞാനിതൊന്നും അറിഞ്ഞില്ലല്ലോ എന്നും
തോന്നി,
നല്ല എഴുത്തുകള്‍

Related Posts with Thumbnails