ഇന്ന് നാം കാണുന്ന തരത്തിലുള്ള ഇന്‍സ്റ്റന്റ് നൂഡ്ത്സ് ‘കണ്ടുപിടിച്ചത്’ തായ്‌വനീസ് ജാപ്പനീസ് ബിസിനസ്സുകാരന്‍ മൊമൊഫുകു അണ്ഡൊ. പ്രസിദ്ധമായ നിസിന്‍ ഫുഡ്സിന്റെ സ്ഥാപകനായ ഇദ്ദേഹം ഇത് വികസിപ്പിച്ചെടുത്തത് 1958-ല്‍. 2000-ല്‍ ജപ്പാനില്‍ നടന്ന ഒരു സര്‍വേയില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജാപ്പനീസ് കണ്ടുപിടുത്തമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്‍സ്റ്റന്റ് നൂഡ്ത്സ്. പിന്തള്ളപ്പെട്ടുപോയ കണ്ടുപിടുത്തങ്ങളെപ്പറ്റി അറിഞ്ഞാലേ പ്രാധാന്യത്തിന്റെ പ്രാധാന്യം മനസ്സിലാകൂ. രണ്ടാം സ്ഥാനത്തു വന്നത് Karaoke. അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് കോമ്പാക്റ്റ് ഡിസ്ക്കിന്.2002-ലെ കണക്കു പ്രകാരം ഒരു വര്‍ഷം ലോകം തിന്നുന്നത് 65 ബില്യണ്‍ ഇന്‍സ്റ്റന്റ് നൂഡ്ത്സ്. സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരിടത്തെ ഇന്‍സ്റ്റന്റ് നൂഡ്ത്സിന്റെ വില്‍പ്പന കൂടുന്നത് അവിടത്തെ സമ്പദ് വ്യവസ്ഥയുടെ ക്ഷീണമാണത്രെ കാണിക്കുന്നത്. തായ് ലന്‍ഡിലെ നൂഡ്ത്സ് ഭീമനായ മാമ എന്ന കമ്പനി 2005-ല്‍ ഏര്‍പ്പെടുത്തിയ മാമ നൂഡ്ത്സ് ഇന്‍ഡെക്സ് പ്രകാരം 2005-ന്റെ ആദ്യ 7 മാസം നൂഡ്ത്സ് വില്‍പ്പന 15 ശതമാനം കൂടിയപ്പോള്‍ തൊട്ടുപിന്നാലെ, നിനച്ചിരിക്കാതെ, സമ്പദ് വ്യവസ്ഥ ക്ഷീണിച്ചെന്നാണ് അനുഭവം. പ്രധാനമായും മിഡ് ല്‍-അപ്പര്‍ മിഡ് ല്‍-അപ്പര്‍ക്ലാസ് കുട്ടികളാണ് മോഡേണിസത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ നൂഡ് ത്സ് തിന്നുന്നത് - അതും ഇന്‍സ്റ്റന്റ് നൂഡ് ത്സ് മാത്രവും. അതുകൊണ്ട് നൂഡ് ത്സ് എന്നു കേട്ടാല്‍ പെറ്റിബൂര്‍ഷ്വാ എന്നെല്ലാം പറഞ്ഞു കളയും നമ്മുടെ സഖാക്കള്‍. നൂഡ് ത്സ് ഏറ്റവും താഴെക്കിടയിലുള്ള ഫുഡ്ഡാണ് തായ് ലന്‍ഡില്‍. ഇത്രയുമറഞ്ഞപ്പോള്‍ നമ്മുടെ നാട്ടില്‍ ക്ഷാമപ്രതീകമെന്ന ചീത്തപ്പേരുള്ള മുളയെ ഓര്‍ത്തു. മുള പൂത്താല്‍ ക്ഷാമമെന്നാണ് ചൊല്ല്. അമ്മവീട്ടിന്റെ അതിരില്‍ ഒരിക്കല്‍ മുള പൂത്തു. അന്നാണ് പഴഞ്ചൊല്ലില്‍ പതിരില്ലെന്നു കണ്ടത്. പൂത്തുനില്‍ക്കുന്ന ആ മുളന്തണ്ടുകള്‍ മുഴുവന്‍ പട്ടാപ്പകലും ആഹ്ലാദസൂചകമെന്ന് ആര്‍ക്കും തിരിച്ചറിയാവുന്ന സീല്‍ക്കാരങ്ങളോടെഎലികള്‍ പാഞ്ഞുനടക്കുന്നു. മുളയുടെ പൂവോ കായോ എലിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണെന്ന് അമ്മാവന്‍ പറഞ്ഞറിഞ്ഞു. കഷ്ടം, എത്ര റെയറായ ഒരു ഫേവറിറ്റ് ഭോജ്യം. ഏതായാലും പൂത്ത മുള കാച്ചു. സൂചിഗോതമ്പിന്റെ അരി കാല്‍ഭാഗമായപോലിരുന്നു മുളയരി. പായസവും കെങ്കേമം. പദ്മരാജന്റെ കൂടെവിടെ എന്ന ട്രാജിക് സിനിമയുടെ ഒറിജിന്‍ വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്താല്‍ എന്ന തമിഴ് നോവലാണെന്നും ഓര്‍ത്തു. മുളയുടെ കൂടി നാട്ടുകാരായ ഫാര്‍ ഈസ്റ്റുകാര്‍ നൂഡ് ത്സിനെ ദുശ്ശകുനമാക്കിയപ്പോള്‍ നമ്മള്‍ മുളങ്കൂടിനെ പ്രതിക്കൂട്ടിലാക്കിയതാവും.
Saturday, September 1, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment