Thursday, September 22, 2011

മനുഷ്യാ

മരിക്കാന്‍ തോന്നിയ
മടുപ്പന്‍ കാലങ്ങള്‍
തിരിഞ്ഞു നോക്കീട്ടു
ഗൃഹാതുരപ്പെടും
വിചിത്രജന്തു നീ.


മരിക്കണേയെന്നു
മനം കൊതിക്കുമ്പോള്‍
ചിരിച്ചു കാണിക്കാന്‍
വിധിക്കപ്പെട്ടുള്ള വിചിത്രജന്തുനീ.

Tuesday, September 13, 2011

സാധ്യമെന്തു കണ്ണീരിനാല്‍?


ഫോര്‍വേഡു ചെയ്തു കിട്ടിയ ഒരു രസികന്‍ മിനി:

ഒരാള്‍ വലിയൊരാള്‍ക്കൂട്ടത്തെ നോക്കി ഒരു ഫലിതം പറഞ്ഞു. സദസ്സ് മുഴുവന്‍ ആര്‍ത്തു ചിരിച്ചു. അയാള്‍ വീണ്ടും അതേ ഫലിതം പറഞ്ഞു. ഇത്തവണ കുറച്ചു പേരേ ചിരിക്കാനുണ്ടായിരുന്നുള്ളു. അയാള്‍ മൂന്നാമതും ആ ഫലിതം തന്നെ പറഞ്ഞു. ആരും ചിരിച്ചില്ല. അയ്യയ്യോ, അയാള്‍ നാലാമതും അതേ ഫലിതം തന്നെ പറയാന്‍ തുടങ്ങുന്നു. ഇത്തവണ ക്ഷമ കെട്ട് ആളുകള്‍ കൂവാനും ഒച്ചവെയ്ക്കാനും തുടങ്ങി. ഉടനെ അയാള്‍ ചോദിക്കുകയാണ്: “ഒരു ഫലിതം രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ കേട്ടാല്‍ നിങ്ങള്‍ ചിരിക്കുകയില്ല. എങ്കില്‍പ്പിന്നെ ഒരേ ദു:ഖമോര്‍ത്ത് എന്തിനാണ് നിങ്ങള്‍ വീണ്ടും വീണ്ടും കരയുന്നത്?”

സാധ്യമെന്തു കണ്ണീരിനാല്‍ എന്ന പ്രസിദ്ധ ചോദ്യം ചോദിച്ചത് കുമാരനാശാന്‍. ആ പൂവിതള്‍ ഉള്‍പ്പെടുന്ന പൂവ് മുഴുവന്‍ വായിക്കണമെങ്കില്‍ ഇവിടെ ക്ലിക്കുക. കല്യാണമാലയിലോ മരിച്ചവര്‍ക്കലങ്കാരമാകുന്ന റീത്തിലോ  ദൈവസന്നിധിയിലോ കാമുകിയുടെ മുടിയിലോ ഇരിക്കുന്ന പൂക്കളേക്കാള്‍ ഭാഗ്യം ചിലപ്പോള്‍ ഒരു വീണപൂവിനാണെന്ന് തെളിയിക്കുന്ന, കവിതയ്ക്കു മാത്രം സാധ്യമായ മാജിക്. 

കുമാരനാശാന്റെ മിക്കവാറും എല്ലാ കൃതികളും വിക്കിസോഴ്സിലുണ്ട്. സ്വന്തം ഗീര്‍വാണങ്ങള്‍ എഴുതി സ്വയംബ്ലോഗം തുടരുന്ന ഞാന്‍ ആ സമയം കൊണ്ട് മഹത്തുക്കളുടെ കലാസൃഷ്ടികള്‍ കീയിന്‍ ചെയ്ത് വിക്കിസോഴ്സിലിട്ടിരുന്നെങ്കില്‍, ഹാ! പുഷ്പമേ! [ഈ തൊപ്പി പാകമാകുന്നവര്‍ക്കൊക്കെ ഇടാം]. 

Thursday, September 1, 2011

ചെമ്മീന്‍, നെല്ല്, മീന്‍, വളര്‍ത്തുമൃഗങ്ങള്‍... [സിനിമകളല്ല]



മാല്യങ്കര എസ്എന്‍എം, മഹാരാജാസ് ഈവനിംഗ്, മഹാരാജാസ് എന്നീ 3 കോളേജുകളില്‍ സലിംകുമാര്‍ എന്റെ ജൂനിയറായിരുന്നു. അയല്‍നാട്ടുകാരനുമാണ്. എങ്കിലും അക്കാലത്ത് സലിമിനെ പരിചയമില്ലായിരുന്നു. സിനിമാനടനായ സലിംകുമാറിനെ പരിചയപ്പെടുന്നത് അഞ്ചാറ് കൊല്ലം മുമ്പാണ് - ദുബായില്‍വെച്ച്. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ മറ്റൊരു പൊതുസത്യം കൂടി വെളിപ്പെട്ടു - മഹാരാജാസിലെ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്ത എന്റെ നാട്ടുകാരന്‍ പ്രൊഫ. കെ. എന്‍. ഭരതന്‍. 

വ്യത്യസ്തകാലങ്ങളിലാണെങ്കിലും സാറിന്റെ ഏറ്റവുമടുത്ത ശിഷ്യരായിരുന്നു ഞങ്ങള്‍.

(വിദ്യാര്‍ത്ഥികള്‍ എന്നു പറഞ്ഞുകൂടാ - സലിമിനെ സാറ് പഠിപ്പിച്ചിട്ടില്ല. സാറ് പൊളിറ്റിക്‌സായിരുന്നു. സലിം ബീഏയ്ക്ക് മലയാളവും. പക്ഷേ സാറ് കാരണമാണ് മഹാരാജാസില്‍ അഡ്മിഷന്‍ കിട്ടിയതെന്നും അത് ജീവിതത്തില്‍ വഴിത്തിരിവായെന്നും സലിം പലയിടത്തും എഴുതിയിരുന്നു. പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പ് പഠിച്ച് പിന്നെ ബീയേക്ക് ചേരാന്‍ മോഹിച്ചപ്പോള്‍ ഈവനിംഗ് കോളേജിലേ കിട്ടുകയുള്ളു എന്ന തന്ത്രം എനിക്കു പറഞ്ഞു തന്നതും സാറ് തന്നെ)

സലിമിനെ മനോരമയുടെ സമ്പാദ്യം എന്ന മാസികയ്ക്കായി ഇന്റര്‍വ്യൂ ചെയ്ത് എഴുതിയ ലേഖനം:

താന്‍ ആരംഭിക്കുന്ന പുതിയ ബിസിനസ്സിന്റെ കാര്യം ചോദിച്ചാലും സലിംകുമാര്‍ സിനിമയെത്തന്നെ കൂട്ടുപിടിക്കുന്നു. 'അലങ്കാരമത്സ്യക്കൃഷിയും നമ്മുടെ സിനിമപോലെത്തന്നെയാണ്, അവിടെയും രണ്‍ട് സൂപ്പര്‍സ്റ്റാര്‍സേ ഉള്ളൂ, ബാക്കിയെല്ലാവരും വരും പോകും'.


ഗോള്‍ഡ് ഫിഷ്, ഗപ്പി എന്നിവയെയാണ് അലങ്കാരമത്സ്യങ്ങളുടെ കൂട്ടത്തിലെ സൂപ്പര്‍താരങ്ങളെന്ന് സലിംകുമാര്‍ വിശേഷിപ്പിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത ആനന്ദപുരത്ത് 50 ക്ഷത്തോളം രൂപ ചെലവിട്ട് 9 ഏക്കര്‍ സ്ഥലത്ത് സലിംകുമാര്‍ സ്ഥാപിക്കുന്ന അലങ്കാരമത്സ്യക്കൃഷി ഫാം നാലഞ്ച് മാസത്തിനുള്ളില്‍ ബിസിനസ്സിന് സജ്ജമാകും. സലിംകുമാറിന്റെയും ഭാര്യ സുനിതയുടേയും ഏറെക്കാലത്തെ സ്വപ്നങ്ങളുടേയും കഠിനാധ്വാനത്തിന്റെയും സാക്ഷാത്കാരമാണ് ഈ അലങ്കാരമത്സ്യക്കൃഷി ഫാം. ഇതിനു മുന്നോടിയായി വടക്കന്‍ പറവൂരിനടുത്ത നീണ്‍ടൂരിലെ
ലാഫിംഗ് വില്ല എന്ന വീടിനോടു ചേര്‍ന്നു തന്നെ ഒരു ഫാം തുടങ്ങിയതും പനങ്ങാട് ഫിഷറീസ് കോളേജില്‍ ഭാര്യ സുനിതയെ ഈയിടെ പരിശീലനത്തിനു വിട്ടതുമെല്ലാം ആ തയ്യാറെടുപ്പുകളുടെ ഒരു ഭാഗം മാത്രം.

എന്നാല്‍, കയ്യില്‍ കുറച്ച് പണമായപ്പോള്‍ പുസ്തകം നോക്കിപ്പഠിച്ച് ആരംഭിക്കാന്‍ പോകുന്ന പരിപാടിയല്ല സലിംകുമാറിന് ഈ അലങ്കാരമത്സ്യക്കൃഷി. സിനിമയില്‍ വരും മുമ്പ് മിമിക്രിയുമായി നടന്നിരുന്ന കാലത്തും സലിംകുമാര്‍ അലങ്കാരമത്സ്യങ്ങളെ വളര്‍ത്തിയിരുന്നു.
'ഒരു കാലത്ത് മുപ്പത് ജോഡി ഓസ്‌ക്കര്‍ണക്കുഞ്ഞുങ്ങള്‍ വരെ വളര്‍ത്തിയിരുന്നു. ജോഡിയ്ക്ക്1000 രൂപയായിരുന്നു അന്നു തന്നെ ഓസ്‌ക്കര്‍ണയുടെ മാര്‍ക്കറ്റ് വില. അത്ര നല്ല മത്സ്യങ്ങളെ പിന്നീട് കിട്ടിയിട്ടില്ല'.

ഇത്തരം അനുഭവസമ്പത്തും അലങ്കാരമത്സ്യങ്ങളുടെ വര്‍ധിച്ചു വരുന്ന
ഡിമാന്‍ഡ്‌സാധ്യതകളുമാണ് വന്‍തോതില്‍ ഒരു ഫാം തുടങ്ങാന്‍ സലിമിന് പ്രേരണയായത്. കേരളത്തില്‍ അലങ്കാരമത്സ്യങ്ങള്‍ക്ക് വന്‍ഡിമാന്‍ഡാണെന്നാണ് സലിംകുമാറിന്റെ വിലയിരുത്തല്‍. 'ഇതിന്റെ പത്തു ശതമാനത്തിനടുത്തു മാത്രമേ ഇപ്പോള്‍ കേരളത്തിലെ ബ്രീഡിംഗ് ഫാമുകളില്‍ നിന്ന് ലഭിക്കുന്നുള്ളു. മുംബൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ നിന്നാണ്
കേരളത്തിലേയ്ക്ക് ഇപ്പോഴും അലങ്കാരമത്സ്യങ്ങളെത്തുന്നത്.

'വീടിനോട് ചേര്‍ന്ന് ആരംഭിച്ച ഫാമിന് 15 ലക്ഷം രൂപ ചെലവായി. അതില്‍ത്തന്നെ 7 ലക്ഷം രൂപ ഗവണ്‍മെന്റ് സബ്‌സിഡി കിട്ടി. സബ്‌സിഡി കൈക്കലാക്കാനുള്ള നാമമാത്രമായ തട്ടിപ്പുപരിപാടിയല്ല ഞങ്ങളുടേതെന്ന് ബോധ്യമായ ശേഷമാണ് സബ്‌സിഡി തന്നത്.

ഇക്കാര്യത്തില്‍ എനിക്കുള്ള താല്‍പ്പര്യവും അറിവും അങ്ങനെ പരക്കെ അറിവുള്ളതാണ്. എന്നിട്ടും സിനിമയില്‍ ചാന്‍സ് ചോദിച്ചും ഡീല്‍-ഓര്‍-നോഡീലില്‍ പങ്കെടുക്കാനുള്ള ശിപാര്‍ശക്കുമൊക്കെ മാത്രമേ ഇവിടെ ആരെങ്കിലും വരാറുള്ളൂ, അലങ്കാരമത്സ്യക്കൃഷിയെപ്പറ്റിയൊക്കെ ചോദിച്ചറിഞ്ഞ്, അങ്ങനെ ഒരു ഫാമൊക്കെ ആരംഭിച്ച് ജോലി ചെയ്തു ജീവിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല', ഇതു പറയുമ്പോള്‍ സലിംകുമാറിന്റെ മുഖത്ത് ചിരിയില്ല.

ഞങ്ങളുടെ ഒരു ദുബായ് സംഗമം

സിനിമയിലെ തിരക്കിനോടൊപ്പം ദേശീയ, സംസ്ഥാന അവാര്‍ഡുകളും കൂടിയായപ്പോള്‍ സ്വീകരണത്തിരക്കും വര്‍ധിച്ചിരിക്കുന്നു. അതുകൊണ്‍ട് ഭാര്യയ്ക്കാണിപ്പോള്‍ അലങ്കാരമത്സ്യക്കൃഷി പദ്ധതിയുടെ പ്രധാന ഉത്തരവാദിത്തം. മണി മാനേജ്‌മെന്റില്‍ ഭാര്യ എങ്ങനെ എന്നു ചോദിക്കുമ്പോള്‍ മോശമില്ല എന്നാണ് സലിംകുമാറിന്റെ ഉത്തരം. എ പ്ലസ്
കൊടുക്കാനാവില്ലെങ്കിലും എ കൊടുക്കാമെന്ന്.

ഇഷ്ടികക്കളങ്ങള്‍ കച്ചവടം മതിയാക്കിപ്പോയ ആനന്ദപുരത്തെ വെള്ളംകെട്ടിയ പാടങ്ങളിലാരംഭിക്കുന്ന അലങ്കാരമത്സ്യ ബിസിനസ് അധികം വൈകാതെ തന്നെ ലാഭത്തിലെത്തിക്കാമെന്നാണ് സലിംകുമാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിനു മുമ്പ് നടത്തിയ നിക്ഷേപങ്ങളില്‍ താന്‍ നഷ്ടം വരുത്തിയതു സമ്മതിക്കാന്‍ സലിംകുമാറിന് മടിയില്ല.

മീനാറു മാസം, നെല്ലാറു മാസം

'ബിസിനസ് നടത്താനുള്ള സാമര്‍ത്ഥ്യമുള്ളയാളല്ല ഞാന്‍. എങ്കിലും ചില കാര്യങ്ങളോട് പാഷനാണ്്. അതാണ് സിനിമയില്‍ വന്ന് അധികം വൈകാതെ, 12 വര്‍ഷം മുമ്പ് ഇവിടെ അടുത്തുള്ള ഏഴിക്കരയില്‍ 12 ഏക്കര്‍ പൊക്കാളിപ്പാടം വാങ്ങിയത്. പറവൂര്‍ഭാഷയില്‍പ്പറഞ്ഞാല്‍ ചെമ്മീന്‍കെട്ട്. 6 മാസം നെല്‍ക്കൃഷി, 6 മാസം ചെമ്മീന്‍കൃഷി - ഇതാണ് പൊക്കാളിക്കൃഷിയുടെ രീതി. സംഗതി നഷ്ടമാണ്. എന്നാലും നടത്തി'ക്കു'ണ്‍ടുപോകുന്നു. ഇപ്പൊ തൊഴിലുറപ്പു പദ്ധതിയുള്ളതിനാല്‍ പണിയ്ക്ക് ആളെ കിട്ടുന്നു'.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ - കായല്‍പ്പാടങ്ങളിലും മറ്റും - കൃഷി ചെയ്യുന്ന സവിശേഷ നെല്ലിനമാണ് പൊക്കാളി. ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് പൊക്കാളിക്കൃഷിയുള്ളത്. ഒരാളോളം പൊക്കത്തില്‍ ആളി വളര്‍ന്നു
നില്‍ക്കുന്നതുകൊാണ് ഈ പേരു കിട്ടിയത്. അമ്ലത ചെറുക്കാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കാനും കഴിവുള്ള പൊക്കാളിയുടെ ചോറിന് സ്വാദേറും. പോഷകഗുണവും കൂടുതലാണ് എന്നാണ് വിശ്വാസം. ഇതിനെല്ലാമുപരി ജൈവവളം പോലും ഉപയോഗിക്കാതെയാണ് പൊക്കാളിക്കൃഷി നടത്തുന്നത് എന്ന പ്രധാന സവിശേഷത്. നെല്‍ക്കൃഷിയുടെ അവശിഷ്ടങ്ങളാണ് പിന്നത്തെ ആറുമാസം ചെമ്മീന്റെ തീറ്റ. അതുകഴിഞ്ഞാലുള്ള ആറുമാസം ചെമ്മീനുകളുടെ അവശിഷ്ടമാണ് നെല്ലിന് വളമാകുന്നത്. തീര്‍ത്തും പ്രകൃതിയോടിണങ്ങുന്ന കൃഷിരീതി.

'എന്‍ഡോസള്‍ഫാനെ എതിര്‍ക്കുന്നവരൊന്നും എന്താണ് പൊക്കാളിയെ അനുകൂലിയ്ക്കാന്‍ വരാത്തത്? എതിര്‍സമരങ്ങള്‍ മാത്രമല്ല അനുകൂലസമരങ്ങളും ആവശ്യമില്ലേ? ജൈവവളം പോലും
ഉപയോഗിക്കാത്ത ഈ രീതി ഒരു മഹാസംഭവമല്ലേ?' അതീവ ഗൗരവത്തോടെ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് ലളിതസുന്ദരമായ തമാശകളാല്‍ ജനലക്ഷങ്ങളെ ചിരിപ്പിക്കുന്ന ഒരാളാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.

പക്ഷിപ്പനിയില്‍ നിന്ന് സിനിമ രക്ഷിച്ചു

ഇപ്പോഴുമുള്ള പൊക്കാളിക്കൃഷിക്കു പിന്നാലെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് ജില്ലയിലെ ഒഴലപ്പതിയില്‍ 7 ഏക്കര്‍ ഭൂമി വാങ്ങി തക്കാളി
തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന ഒരു സംരംഭത്തിനും സലിംകുമാര്‍ തുടക്കമിട്ടിരുന്നു. സ്ഥലവിലയിലെ കുറവു നോക്കിയാണ് തമിഴ്‌നാട് അതിര്‍ത്തിയോളം പോയത്. പക്ഷേ നേരിട്ടുള്ള മേല്‍നോട്ടമില്ലെങ്കില്‍ ഇത്തരം ഒരു പരിപാടിയും ശരിയാകില്ലെന്നു പഠിച്ചപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. 'പിന്നെ പച്ചക്കറിക്കൃഷിയിലൊക്കെ കൂടുതല്‍
ലാഭമുാക്കുന്നത് മേലനങ്ങാത്ത ഇടത്തട്ടുകാരാണ'്. അങ്ങനെ അത് നഷ്ടത്തില്‍ കലാശിച്ചു. പിന്നീട് അതേ സ്ഥലത്തു തന്നെ കോഴിക്കൃഷി നോക്കി.

മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ പോയി സെക്കന്റ് ഹാന്‍ഡ് ഹാച്ചറി 25,000 രൂപയ്ക്ക് ലേലത്തില്‍ വാങ്ങിയായിരുന്നു തുടക്കം. ഭാര്യ നേരിട്ടാണ് ലേലത്തില്‍ പങ്കെടുത്തത്. സ്ഥിരമായി ലേലത്തില്‍ പങ്കെടുക്കുന്ന സംഘങ്ങളുടെ ഭീഷണിയുായി. ചുളുവിലയ്ക്ക് ലേലത്തില്‍ വാങ്ങി വലിയ വിലയ്ക്ക് മറിച്ചു വില്‍ക്കുന്ന മാഫിയകള്‍. എന്തായാലും വിട്ടുകൊടുത്തില്ല.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഫോണ്‍ വിളിച്ച് ധൈര്യം കൊടുത്തു സലിംകുമാര്‍.

'മുട്ടയൊന്നിന് 7 രൂപ വിലയില്‍ 40000 മുട്ട വാങ്ങി വിരിയാന്‍ വെച്ചു. 21 ദിവസമാണ് കണക്ക്. ആദ്യ ബാച്ച് വിരിഞ്ഞിറങ്ങിയപ്പോള്‍ത്തന്നെ പക്ഷിപ്പനി പൊട്ടിവീണു. വിരിഞ്ഞ കുഞ്ഞിന്റെ വില 2 രൂപയില്‍ താഴെ. ആ വിലയിലും ആരും വാങ്ങാനെത്തിയതുമില്ല. കുറേയധികം കുഞ്ഞുങ്ങളെ കൂട്ടമായി തീവെച്ച് നശിപ്പിക്കേി വന്നു. ധനനഷ്ടത്തേക്കാളുപരിയായി ഇത്
വലിയ മനപ്രയാസമുാക്കി. സിനിമ ഇല്ലായിരുന്നെങ്കില്‍ ആ നഷ്ടം കാരണം ആത്മഹത്യ ചെയ്യുമായിരുന്നു എന്നതാണ് സത്യം'.

കോഴിക്കൃഷിക്കൊപ്പം കാട, ഏഴോളംവര്‍ഗങ്ങളിലുള്ള നാല്‍പ്പതോളം ആടുകള്‍, എന്നിവയും ഈ ഫാമിന്റെ ഭാഗമായിരുന്നു. അങ്ങനെ നഷ്ടത്തേത്തുടര്‍ന്ന് കോഴിക്കൃഷിയും ഉപേക്ഷിച്ചു. ഈയടുത്താണ് ആ ഭൂമി വിറ്റത്. ഇതല്ലാതെ മറ്റ് ഒരു നിക്ഷേപവും നടത്തിയിട്ടില്ല. എറണാകുളത്ത് ഫ്‌ളാറ്റില്ല. (മനോഹരമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചിരിക്കുന്ന ലാഫിംഗ് വില്ല എന്ന വീടു പോലും സ്വന്തം നാട്ടില്‍ത്തന്നെ, അതും മെയിന്‍ റോഡില്‍ നിന്ന് കുറച്ച് അകത്തേയ്ക്കു മാറിയാണ് പണിതുയര്‍ത്തിയിരിക്കുന്നത്). മ്യൂച്വല്‍ ഫിലോ ഷെയറിലോ നിക്ഷേപങ്ങളുമില്ല. ഒന്നു രണ്‍ട ് എല്‍ഐസി പോളിസികളാണ് പിന്നെയുള്ളത്.

300 രൂപയുടെ ഷര്‍ട്ട്

ഇപ്പോഴും 300-400 രൂപയ്ക്കു മേല്‍ വിലയുള്ളൊരു ഷര്‍ട്ട് സലിംകുമാര്‍ വാങ്ങാറില്ല. അത് ധരിക്കാന്‍ കഴിയാത്തതു തന്നെ കാരണം. വില കൂടിയ ഷര്‍ട്ടുകളിട്ടാല്‍ ശരീരം ചൊറിയുന്നപോലെ തോന്നും. കയര്‍വ്യാപാരിയായിരുന്ന അച്ഛന്റെ ബിസിനസ് തകര്‍ന്ന് അമ്മ
കയറുപിരിക്കാന്‍ പോയ ഹൈസ്‌ക്കൂള്‍ക്കാലത്ത് ആകെ ഒരു ഷര്‍ട്ടായിരുന്നു
സലിംകുമാറിനുണ്‍ടായിരുന്നത്. 'അന്നു പഠിച്ച ദാരിദ്ര്യത്തിന്റെ പാഠങ്ങള്‍ മറക്കുന്നതെങ്ങനെ?' ഷോപ്പിംഗ് രീതികളെപ്പറ്റി ചോദിക്കുമ്പോള്‍ ഇതാണ് സലിംകുമാറിന്റെ മറുചോദ്യം.


ഈയിടെ 2000 രൂപ വിലയുള്ള ഒരു ടീഷര്‍ട്ട് സമ്മാനമായി കിട്ടിയപ്പോള്‍ അത് മൂത്തമകന്‍ ചന്തുവിന് കൊടുക്കുകയാണ് ചെയ്തത്. ഉപദേശത്തിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ, മക്കള്‍ ധൂര്‍ത്തില്ലാതെ വളരുന്നു. അടുത്തിടെ സകുടുംബം ദുബായില്‍പ്പോയപ്പോള്‍ മൂത്ത മകന്‍ ആരോമലിന് സ്‌കേറ്റിംഗ് ഷൂസ് വാങ്ങണമെന്ന് ആഗ്രഹമായി. പ്രൈസ് ടാഗ് നോക്കിയപ്പോള്‍ വില 5000 ഇന്ത്യന്‍ രൂപയ്ക്കടുത്ത്. പണക്കാരാനായ അച്ഛന്‍ നിര്‍ബന്ധിച്ചിട്ടും ആരോമല്‍ അത് വാങ്ങിയില്ല. (ലാഫിംഗ് വില്ലയില്‍ മക്കളുടെ വക കോഴിവളര്‍ത്തലുണ്‍ട്. മുട്ട കാശു കൊടുത്ത് വാങ്ങാറില്ല. നാല് വളര്‍ത്തുനായ്ക്കളുമുണ്‍ട് - രണ്‍ട് പഗ്, പിന്നെ ഒരു റോഡ് വീലറും ഒരു സെന്റ് ബെര്‍നാഡും).

ഏത് നാട്ടിലെ ഏത് ഹോട്ടലിലെ ഏത് വിഭവത്തിനാണ് പേഴ്‌സ് തുറക്കുക എന്നു ചോദിക്കുമ്പോള്‍ നാടോടിയായ ഈ മഹാനടന്‍ ഉപ്പും മുളകും ചുവന്നുള്ളിയും വെളിച്ചെണ്ണയും ചേര്‍ത്ത് ദാരിദ്ര്യത്തിന്റെ കാലത്ത് അമ്മയുണ്‍ടാക്കിയിരുന്ന പഴുത്തിക്കുഞ്ഞിന്റെ സ്വാദു മാത്രം ഓര്‍ക്കുന്നു. തീരെ ചെറിയ ഒരു നാടന്‍മത്സ്യം. വാണിജ്യമൂല്യം ഇല്ലാത്തതിനാല്‍ വാങ്ങാന്‍ കിട്ടാത്തത്.

മീനിനോടുള്ള ഈ ബന്ധം പക്ഷേ പ്രസിദ്ധമായ കോമഡിസീനുകളിലൂടെ സലിംകുമാറിന്റെ വാണിജ്യമൂല്യം കൂട്ടുന്നതില്‍ ചെറിയതല്ലാത്ത പങ്കുകള്‍ വഹിച്ചിരിക്കുന്നു. 'മീന്‍ വാങ്ങാന്‍ പോയ അമ്മായിഅച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു, ഒടുക്കം ഒണക്കമീന്‍ കൂട്ടി അഡ്ജസ്റ്റു
ചെയ്തു' എന്നതു മുതല്‍ 'ഈ നാട്ടിലൊക്കെ സാമ്പാറില്‍ ഒണക്കച്ചെമ്മീനിടുമോ' എന്ന ചോദ്യം വരെ നീളുന്ന സ്വാദുള്ള തമാശകള്‍.

സലിംകുമാറിന്റെ തന്നെ പരിഹാസം കടമെടുത്തു പറഞ്ഞാല്‍ ക്രിക്കറ്റിനെപ്പറ്റി മാത്രം സംസാരിക്കാന്‍ വായ തുറക്കുന്ന ഒരു കൃഷിമന്ത്രിയുള്ള രാജ്യത്ത് പ്രധാനമായും കൃഷിയോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹമാണ് സലിംകുമാറിന്റെ എല്ലാ സമര്‍പ്പണങ്ങളുടേയും അടിസ്ഥാനം. അതാണ് അക്കൂട്ടത്തില്‍ ചെമ്മീനും നെല്ലും സ്വര്‍ണമത്സ്യവുമുള്ളത്, ലോലിപ്പോപ്പും ചോക്ലേറ്റും മാണിക്യക്കല്ലും ഇല്ലാത്തത്.
Related Posts with Thumbnails