Wednesday, December 26, 2007

കാര്യങ്ങള്‍ കാണപ്പെടുന്നതുപോലെയല്ല


ബ്രസീലിലിയന്‍ എഴുത്തുകാരന്‍ പൌലോ കൊയ് ലോ എല്ലാ വര്‍ഷവും ഒരു കൃസ്മസ് കഥയെഴുതും. നമ്മുടെ ഓണപ്പതിവ് കഥകള്‍ പോലെ. ഇതില്‍ പരിഹാസമൊന്നുമില്ല. രണ്ട് വ്യത്യസ്ത ഓണക്കാലങ്ങളില്‍ സ്റ്റോക്കെല്ലാം തീര്‍ന്ന രണ്ടു മലയാളി എഴുത്തുകാരെ രണ്ട് മലയാളി പത്രാധിപന്മാര്‍ ഭീഷണിപ്പെടുത്തിയോ മുറിയിലടച്ചിട്ടോ എഴുതിപ്പിച്ച കഥകളാണ് മതിലുകള്‍ (ബഷീര്‍), മരപ്പാവകള്‍ (കാരൂര്‍) എന്നിവ. രണ്ടും ഒന്നാംകിട. മരപ്പാവകള്‍ എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥ. പോരാ - ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ചെറുകഥകളിലൊന്ന്.

ഇക്കുറി പൌലോ കൊയ് ലോയുടെ കഥ വന്നോയെന്നറിഞ്ഞില്ല. പൌലോ കൊയ് ലോ എന്റെ പ്രിയ എഴുത്തുകാരനുമല്ല. ബ്രസീല്‍ എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ പൌലോ കൊയ് ലോയേയും പെലെയേയുമല്ല ജോര്‍ജ് അമാദോവിനെയാണോര്‍ക്കുക. [മനുഷ്യമ്മാര് രണ്ടു തരം - ജോര്‍ജ് അമാദോയെ വായിച്ചവരും വായിക്കാത്തവരും]. നമ്മുടെ ദ്വയാര്‍ത്ഥവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ജോര്‍ജ് അമാദോയും സ്ത്രീവിരുദ്ധനാണ് - നിര്‍ഭാഗ്യവശാല്‍ മിക്കവാറും എല്ലാ നല്ല എഴുത്തുകാരെയും പോലെ. അങ്ങേരുടെ ഒരു വാചകം: one cannot fuck all the women in the world, but one can try!

അഞ്ചാറ് വര്‍ഷം മുമ്പത്തെ കൃസ്മസ്സിന് പൌലോ കൊയ് ലോ പ്രസിദ്ധപ്പെടുത്തിയ things are not what they seem എന്ന മനോഹരമായ കൃസ്മസ് കഥയുടെ സംഗ്രഹം ഇതാ:

കൊയ് ലോയുടെ നാടായ ബ്രസീലില്‍ കൃസ്മസ് കാലം കൊടുംചൂടുള്ള സമയമാണ്. അങ്ങനെ ഒരു കൃസ്മസ് കാലത്ത് രണ്ട് മാലാഖമാര്‍ ഒരു ബ്രസിലീയന്‍ പട്ടണത്തില്‍ കൃസ്മസ് ഒരുക്കങ്ങള്‍ കാണാനും ആളുകളുടെ ക്ഷേമമറിയാനുമായി വന്നുചേര്‍ന്നു - ഒരു വയസ്സന്‍ മാലാഖയും ഒരു ചെറുപ്പം മാലാഖയും. മാലാഖമാരാണെന്നറിയാതിരിക്കാന്‍ വേഷം മാറിയാണ് ഇവര്‍ വന്നത്. ആദ്യം ചെന്നത് ഒരു പണക്കാരന്റെ വീട്ടില്‍. വീടെന്നു പറഞ്ഞാല്‍പ്പോരാ, ഒരു കൊട്ടാരം. പണക്കാരന്‍ കടുത്ത ദൈവവിശ്വാസിയായതുകൊണ്ട് അയാള്‍ക്ക് മാലാഖമാരുടെ തലകള്‍ക്കു മുകളിലെ അദൃശ്യവലയം കാണാന്‍ പറ്റി. പക്ഷേ അങ്ങനെ അവരെ തിരിച്ചറിഞ്ഞിട്ടും അന്നു രാത്രി ആ വീടിന്റെ ബേസ്മെന്റിലേ അവരെ കിടത്താന്‍ പറ്റിയുള്ളു, കാ‍രണം അന്നവിടെ ഒരു വലിയ കൃസ്മസ് വിരുന്നു നടക്കുകയായിരുന്നു. അന്നാട്ടിലെ എല്ലാ വലിയ ആളുകളും പങ്കെടുക്കുന്ന ഒരു വലിയ വിരുന്ന്. എല്ലാ മുറികളും എന്‍ ഗേജ്ഡ്. ബേസ്മെന്റില്‍ വെന്റിലേഷന്‍ കുറവായതിനാല്‍ നല്ല ചൂടായിരുന്നു, എന്തോ ഭക്ഷണം കിട്ടിയതും കഴിച്ച് രണ്ട് മാലാഖമാരും ഉറങ്ങാതെ കിടന്നു. ആളുകളുടെ ആധിക്യം കൊണ്ടായിരിക്കണം, പെട്ടെന്ന് ബേസ്മെന്റിന്റെ മേല്‍ഭാഗം തകര്‍ന്ന് താഴേയ്ക്കിരുന്നു. വയസ്സന്‍ മാലാഖ എന്തു ചെയ്തു - അങ്ങേര് തന്റെ ദൈവിക ശക്തി ഉപയോഗിച്ച് തല്‍ക്ഷണം തന്നെ ആ വീട് പൂര്‍വരൂപത്തിലാക്കി. വന്നു കൂടിയവരും ഗൃഹനാഥനുമൊന്നും അറിയുന്നതിനു മുമ്പു തന്നെ എല്ലാം പഴയപടി! പിറ്റേന്ന് രാവിലെ പണക്കാരനോട് യാത്ര പറഞ്ഞ് അവര്‍ അവിടം വിട്ടു

അന്നു വൈകീട്ട് അവര്‍ ഒരു പാവപ്പെട്ട കുടുംബം താമസിക്കുന്ന കുടിലില്‍ ചെന്നു കയറി. അവര് ഈശ്വരവിശ്വാസികളല്ലായിരുന്നതുകൊണ്ട് പ്രഭാവലയമൊന്നും കണ്ടില്ല. ഏതായാലും വന്നു കയറിയ അതിഥികള്‍ക്ക് അവര്‍ കാറ്റു വരുന്ന മുറി തന്നെ കൊടുത്തു. പശുവിനെ കറന്ന് പാലെടുത്ത് തിളപ്പിച്ചു കൊടുത്തു. അവിടെയുണ്ടായിരുന്ന ഏറ്റവും നല്ല ഭക്ഷണം കൊടുത്തു. വീട്ടിലെ കുഞ്ഞിനെ നിലത്ത് പായയില്‍ ഇറക്കിക്കിടത്തി അതിഥികള്‍ക്ക് ഏറ്റവും നല്ല കിടയ്ക്ക തന്നെ കിടക്കാനും കൊടുത്തു. അന്നു രാത്രി അതിഥികള്‍ സുഖമായുറങ്ങി. പക്ഷേ പിറ്റേന്ന് രാവിലെ വീട്ടുകാരുടെ കരച്ചില്‍ കേട്ടാണ് ഈ മാലാഖമാര്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ ആ വീട്ടുകാരുടെ ഏകവരുമാനമാര്‍ഗമായിരുന്ന പശു രാവിലെ തൊഴുത്തില്‍ മരിച്ചു കിടക്കുകയാണ്. മാലാഖമാര്‍ക്ക് സങ്കടമായി. ഏതായാലും അവര്‍ക്ക് അടുത്ത സ്ഥലം തേടി പോകണമല്ലൊ, അവര്‍ യാത്ര പറഞ്ഞിറങ്ങി. വഴിയിലെത്തിയ പാടെ ചെറുപ്പക്കാരന്‍ മാലാഖ വയസ്സന്‍ മാലാഖയോട് തട്ടിക്കയറി: നമ്മളെ തിരിച്ചറിഞ്ഞിട്ടും നന്നായി പരിചരിക്കാതിരുന്ന ധനികന്റെ കൊട്ടാരം ഇടിഞ്ഞുവീണപ്പോള്‍ നിങ്ങളത് ഉടന്‍ തന്നെ ആരോരുമറിയാതെ ഒരു സെക്കന്റ് കൊണ്ട് ശരിയാക്കി. എന്നാല്‍ തിരിച്ചറിയാതിരുന്നിട്ടും മാലാഖമാരെയെന്നപോലെ നമ്മളെ പരിചരിച്ച ഒരു ദരിദ്രകുടുംബത്തിന്റെ ഏകവരുമാനമാര്‍ഗമായ പശു ചത്തുപോയിട്ട് ചെറുവിരലനക്കാതെ നിങ്ങള്‍ യാത്രയും ചോദിച്ച് പോന്നു. എവിടെപ്പോയി നിങ്ങടെ മന്ത്രശക്തി? നിങ്ങടെ കൂടെ ഒരു ചുവട് ഞാനിനി മുന്നോട്ടില്ല.

ഇതുകേട്ട് വയസ്സന്മാലാഖ ഇങ്ങനെ പറഞ്ഞു: ധനികന്റെ വീടിന്റെ അടിത്തറ സോളിഡ് സ്വര്‍ണം കൊണ്ടാണുണ്ടിക്കിയിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ആ പഴയ കൊട്ടാരം അടുത്ത കാലത്ത് വിലയ്ക്കു വാങ്ങിയ ധനികന് അക്കാര്യമറിയില്ല. മര്യാദയില്ലാത്ത അയാള്‍ക്ക് അത്രയും സ്വര്‍ണം കൊടുക്കണ്ട എന്നു കരുതിയാണ് ആരുമറിയും മുമ്പെ ഞാനത് പൂര്‍വസ്ഥിതിയിലാക്കിയത്.

ഇനി ദരിദ്രന്റെ വീട്ടിലെ കാര്യം. ഇന്നലെ രാത്രി മരണത്തിന്റെ മാലാഖ വന്നപ്പോള്‍ ഞാന്‍ വിവരമറിഞ്ഞിരുന്നു. നമ്മള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ട് അയാളെന്നെ വിളിച്ചുണര്‍ത്തി. ‘എന്താ ഇവിടെ’ എന്നു ചോദിച്ചു. ഭൂമിയിലെ കൃസ്മസ് ആഘോഷങ്ങള്‍ കാണാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. ‘നിങ്ങളെന്താ ഇവിടെ’ എന്ന് ഭയത്തൊടെ ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. അവരുടെ കുഞ്ഞിന്റെ ജീവനെടുക്കാനായിരുന്നു അയാള്‍ വന്നത്. അവരെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ ആ കുഞ്ഞിന്റെ ജീവനെടുക്കുന്നതിനു പകരം അയാളാ പശുവിന്റെ ജീവനും കൊണ്ടുപോയി. മരണമലാഖ ഒരിടത്തുവന്നാല്‍ ഒരു ജീവനെങ്കിലും കൊണ്ടെ പോകൂ എന്ന് നിനക്കറിയാമല്ലൊ! മകനേ, കാര്യങ്ങളെല്ലാം കാണപ്പെടുന്നതുപോലെയല്ല.

Monday, December 24, 2007

ബോഡി, മുന്‍ലാദന്‍, ബിഷ്...


നമ്മള്‍ ചിലരിവിടെ ദ്വയാര്‍ത്ഥപ്രയോഗങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഗുജറാത്തിലെ ഹിന്ദു ഫണ്ടകള്‍ നരഭോജി മോഡിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തു. മൂന്നാല് കൊല്ലം മുമ്പ് അമേരിക്കയിലെ കൃസ്ത്യാനികള്‍ ബോണ്‍ എഗെയ്ന്‍ കൃസ്ത്യാനിയായ ബുഷിനെ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഒരുപാട് മുസ്ലീം ജനഹൃദയങ്ങളില്‍ ബിന്‍ ലാദന്‍ ഹീറോ. ഇവരെയൊന്നും തുലനം ചെയ്യുകയല്ല, ജനാധിപത്യം എപ്പോഴും നീതിയാവണമെന്നില്ല എന്ന് പറയാന്‍ മാത്രം.

അവന്‍ വീണ്ടും വരുമോ? ഇത്തവണ ഒരു ചമ്മട്ടിയുമായ്?

Sunday, December 23, 2007

ഒരു പശ്ചാത്താപം


അവസാ‍നതുള്ളിയും വേണം
സ്നേഹമെന്ന് ശഠിക്കുമോ?
എണ്ണക്കിണ്ണം കമഴ്ത്താനോ
വിളക്കിന്‍ ചെറുഗോപുരം?

നിഘണ്ടുക്കള്‍ തുറക്കുമ്പോള്‍
‘യൂട്രസ്സി’ന്റെയടുത്തതാ
ചിരിച്ച് കണ്ണിറുക്കുന്നൂ
‘യൂട്ടിലിറ്റി’യതോര്‍ക്കുമോ?

Friday, December 21, 2007

പ്രായശ്ചിത്തം


നമ്മള്‍ തിന്ന
മീനുകളുടെ കൊച്ചുമക്കള്‍
നമ്മുടെ ചിതാഭസ്മം നോക്കി ചിരിക്കും.

നമ്മള്‍ തിന്ന
എരുമകളുടെ കൊച്ചുമക്കള്‍
പള്ളിപ്പറമ്പിലെ പുല്ലു തിന്നും.

Monday, December 17, 2007

നളിനി ജമീലയുടെ മൊബൈല്‍ നമ്പര്‍


ദിനപത്രങ്ങളില്‍ ചരമവാര്‍ത്തകള്‍ക്കായി ദിവസേന ഒരു പേജ് മാറ്റിവെയ്ക്കുന്ന ലോകത്തിലെ ഏകഭാഷ മലയാളമാണോ? എന്താണിതിന്റെ പിന്നിലെ സൈക്കോളജി [അതോ സോഷ്യോളജിയോ]? ചരമപ്പേജില്ലാതെ ഒരു പത്രമിറക്കാന്‍ ഏതെങ്കിലും പത്രമുതലാളിയ്ക്കോ പത്രാധിപര്‍ക്കോ ചങ്കൂറ്റമുണ്ടാവുമോ? എന്നായിരിക്കും അങ്ങനെയൊരു മലയാള ദിനപത്രം പുറത്തുവരിക?

അമേരിക്കയിലും മറ്റും പ്രചാരത്തിലുള്ളതുപോലെ നെയ്ബര്‍ഹുഡ് [ചുറ്റുവട്ട] പത്രങ്ങള്‍ വന്നാല്‍ അവര്‍ക്കീ വാര്‍ത്തകള്‍ ഏറ്റെടുക്കാനാവുമോ? അത്തരം ജനകീയാസൂത്രിത പത്രങ്ങള്‍ എന്നു കേട്ടാല്‍ പത്രമുത്തശ്ശിമാരുടെ ബീപ്പി കൂടുമോ? അപ്പോഴും ചങ്കരന്‍ കയറിയ തെങ്ങുംവഞ്ചി തിരുനക്കരെ തന്നെയായിരിക്കുമോ? ചരമവാര്‍ത്ത പത്രരൂപത്തില്‍ത്തന്നെ വരണോ? ഇന്നലെ ചെയ്തോരബദ്ധം മൂഡര്‍ക്ക് ഇന്നത്തെയാചാരമായതാണോ? ലോക്കലായി വന്നാല്‍പ്പോരാ, ആലപ്പുഴേലെ ബന്ധുക്കളും കോഴിക്കോട്ടെ കൂട്ടുകാരും അറിയാന്‍ അതുപോരായെന്ന് പറയുമോ? ഇതൊരു മനോരോഗമാണോ?

ചരമവാര്‍ത്ത നാട്ടുകാരെ അറിയിക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ലേ? ടെക്നോളജി പുരോഗമിച്ചിട്ടും ഇതിനൊരു പ്രതിവിധിയില്ലേ? ഒരു സാധാ മലയാളിയുടെ ചരമവാര്‍ത്ത പരമാവധി എത്ര പേരെ ബാധിക്കും? എത്ര സ്ഥലങ്ങളില്‍ ബാധിക്കും? ഒരു ഗ്ലാസ് ചായ തിളപ്പിക്കാന്‍ ഒരു മന്ന് വിറക് കത്തിയ്ക്കണോ? ടെലിവിഷന്‍ ചാനലുകളേയും ഇനി ചരമവാര്‍ത്തകള്‍ കീഴടക്കുമോ? ഇന്നത്തെ ആചാരം നാളത്തെ ശാസ്ത്രമാകുമോ? വാര്‍ത്തകള്‍ പോലും സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന ടെലിവിഷനില്‍ ചരമവാര്‍ത്തകള്‍ ആര് സ്പോണ്‍സര്‍ ചെയ്യും? ശവപ്പെട്ടി കച്ചവടക്കാര്‍? വിഷാദഗാനകാസറ്റുകാര്‍? മധ്യതിരുവിതാംകൂറിലെ മോര്‍ച്ചറി ബിസിനസ്സുകാര്‍? അല്ലെങ്കില്‍ പ്ലാച്ചിമടയെപ്പറ്റി പറയുന്ന വാര്‍ത്ത കൊക്കക്കോളയോ പെപ്സിയോ സ്പോണ്‍സര്‍ ചെയ്യുന്ന പോലെ മരണവാര്‍ത്തകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ മരുന്നു കമ്പനികളും ഹെല്‍ത്ത് ഡ്രിങ്കുകളും തയ്യാ‍റാവുമോ?

നമ്മുടെ പത്രങ്ങളെ ചാക്കാലപ്പത്രങ്ങള്‍ എന്നും വിളിക്കാമോ? അതോ ഇത് സാമൂഹ്യവത്കരണത്തിന്റെ ഉദാത്തമാതൃകയാണോ? ഹോള്‍സെയില്‍-കം-റീട്ടെയ്ല്‍ ജനകീയാസൂത്രണം? റിയല്‍ യുട്ടോപിയയിലേയ്ക്കുള്ള പാതയിലെ ഒരു ഇഷ്ടിക? ‘ചരമവാര്‍ത്തകളുടെ രാഷ്ട്രീയം’ എന്ന പേരില്‍ ഒരു ലേഖനമെഴുതാന്‍ ലെഫ്റ്റിസ്റ്റായി ഭാവിക്കുന്ന ഏതെങ്കിലും പെറ്റിബൂര്‍ഷ്വാ ബുദ്ധിജീവിക്ക് സ്കോപ്പുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ആഗോളവത്കരണത്തിന്റെ സ്വാധീനത്തെ വെളിപ്പെടുത്തുന്നുവോ? ബഹുസ്വരങ്ങളെ ഒറ്റശബ്ദം കൊണ്ട് തമസ്കരിക്കല്‍?

ഇന്റര്‍നാഷനള്‍ കോള്‍ വിളിച്ചാല്‍ ഇംഗ്ലീഷില്‍ കൊച്ചും വലുതുമായ വര്‍ത്തമാനങ്ങള്‍ പറഞ്ഞു തന്ന് സുഖിപ്പിച്ച് ടെലികോം കമ്പനികളുമായി കൂട്ടുചേര്‍ന്ന് കോടികളുണ്ടാക്കിയിരുന്ന ഫാര്‍ ഈസ്റ്റിലെ ചില കമ്പനികളെ ഓര്‍ക്കുന്നോ? അത്തരം സേവനത്തിന്റെ മലയാളം വെര്‍ഷന്‍ ആരംഭിച്ച് ആ നമ്പറുകള്‍ക്കായി ഒരു പേജ് നീക്കിവെയ്ക്കണോ? ആ പേജ് ചരമപ്പേജുകളേക്കാള്‍ പോപ്പുലറാവുമോ? അതികാലത്തു എഴുന്നേറ്റു പത്രക്കാരന്‍ വന്നാറെ മലയാളിയുടെ ഞരമ്പുകള്‍ തളിര്‍ത്തു പൂ വിടരുകയും നിശ്വാസങ്ങള്‍ പൂക്കയും ചെയ്തുവോ എന്ന് നോക്കാന്‍ പറ്റുമോ?

ദിനപത്രങ്ങളില്‍ ചരമവാര്‍ത്തകള്‍ക്കായി ദിവസേന ഒരു പേജ് മാറ്റിവെയ്ക്കുന്ന ലോകത്തിലെ ഏകഭാഷ മലയാളമാണോ? എന്താണിതിന്റെ പിന്നിലെ സൈക്കോളജി [അതോ സോഷ്യോളജിയോ]? ചരമപ്പേജില്ലാതെ ഒരു പത്രമിറക്കാന്‍...

Sunday, December 16, 2007

ഒര്‍ക്കുട്ടിന്റെ ഓര്‍മയ്ക്ക്


എന്നെയോര്‍ക്കുമോ
എന്നെയും കൂട്ടുമോ
എന്നെയൊര്‍ക്കുട്ടുമോ?

Wednesday, December 12, 2007

“കഴുവേറീടെ മോനെ”


ക്രൂരമായ ഒരുപാട് പീഡനങ്ങളേയും ശിക്ഷകളേയും പറ്റി കേട്ടിട്ടുണ്ട്. യൂറോപ്പിലെ ജര്‍മനിയില്‍ ആറ്റംബോബിടുന്നതിനു പകരം എന്താ ഏഷ്യയില്‍ കൊണ്ടിട്ടത് എന്ന ന്യായമായ എന്റെ കൌമാരചോദ്യത്തിന് ഒരു അമേരിക്കന്‍-പ്രേമി പറഞ്ഞ ന്യായീകരണം ഇതായിരുന്നു: ജപ്പാന്‍ ചൈനയില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ക്ക് രണ്ട് ബോംബ് തന്നെ കുറവായിരുന്നു പോലും. ചൈനക്കാരുടെ വയറ്റില്‍ കുഴലുപയോഗിച്ച് വെള്ളം കയറ്റിയ ശേഷം വീര്‍ത്തവയറ് ചവിട്ടിപ്പൊട്ടിച്ച് കൊല്ലുകയായിരുന്നത്രെ അന്നത്തെ ഒരു രീതി.


വളരെ പണ്ട് ചൈനക്കുള്ളില്‍ത്തന്നെ നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന മറ്റൊരു പീഡനമുറ ഇതാണ്: പീഢനത്തിന് വിധേയമാക്കേണ്ടയാളെ ഒരു ബെഞ്ചില്‍ മലര്‍ത്തി കിടത്തി കെട്ടിയിട്ട ശേഷം ഒരെലിയെ അയാളുടെ വയറിന്റെ മേല്‍ വെച്ച് ഒരു കിണ്ണം കൊണ്ട് മൂടും. ഈ കിണ്ണം ചൂടാക്കും. ഗതി കെടുമ്പോള്‍ എലി അയാളുടെ വയറു തുരന്ന് അകത്തുകയറി അകം മുഴുവന്‍ പ്രാണവെപ്രാളത്തോടെ കരണ്ട് അയാളെ...


ഇന്ത്യയിലെ പഴയ നാട്ടുരാജ്യങ്ങളിലും ഇത്തരം ക്രൂരമായ ചില മുറകള്‍ നടപ്പുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. അന്നത്തെ ഒരു ക്യാപ്പിറ്റല്‍ പണിഷ്മെന്റായിരുന്നു കഴുവേറ്റല്‍. അത് കയറുകൊണ്ട് കുരുക്കുണ്ടാക്കിയുള്ള തൂക്കിക്കൊല തന്നെയാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളതും ഇപ്പോള്‍ ഭാഗ്യവശാ‍ല്‍ വംശനാശം സംഭവിച്ചതുമായ അക്കാലത്തെ ഏറ്റവും ഡിറൊഗേറ്ററിയായ വിളികളായിരുന്നു 'കഴുവേറീ' 'കഴുവേറീടെ മോനെ' തുടങ്ങിയവ.


കഴുമരം കവിതകളിലും സുലഭം. “കഴുമരത്തിന്‍ കനി തിന്ന കന്യകയിത്, കടലിന്നടിയിലെ വെങ്കലക്കാളയിത്, ഇത് നിദ്രയില്‍ നീന്തും നീരാളിയല്ലൊ...” [ഗസല്‍/ബാലചന്ദ്രന്‍ ചുള്ളിക്കാട്].


ഈയിടെ വായിച്ചു തിര്‍ത്ത കൊച്ചി രാജ്യ ചരിത്രം എന്ന ക്ലാസിക് പുസ്തകത്തില്‍ കഴുവേറ്റലിനെപ്പറ്റി കെ. പി. പത്മനാഭമേനോന്‍ എഴുതുന്നു: "കഴുവേറ്റുക എന്നത് അതിക്രൂരമായ ഒരു ശിക്ഷയായിരുന്നു. കൂര്‍ത്ത മുനയുള്ള ഒരു ഇരിമ്പുശ്ലാഖ കുറ്റക്കാരന്റെ പുറത്തു പൃഷ്ഠത്തിന് അല്‍പ്പം മേല്‍ക്കായി തൊലിയുടെ ഉള്ളില്‍ക്കൂടി ഞരമ്പുനാഡികളൊന്നും കേടുവരാതെ മുകളിലേയ്ക്കു കയറ്റി തോളോളം കൊണ്ടുവന്ന് കഴുത്തിന്റെ പിന്നില്‍ക്കൂടി പുറത്തേയ്ക്കാക്കും. എന്നിട്ട് ഈ ശ്ലാഖയുടെ താഴത്തെ അറ്റം, നിലത്തു കുത്തനെ നിറുത്തിയിട്ടുള്ള ഒരു മരത്തൂണിന്മേല്‍ ചേര്‍ത്ത് ഉറപ്പിയ്ക്കും. തറയില്‍നിന്നു പത്തിഞ്ചുപൊക്കത്തില്‍ ഒരു പീഠം വച്ചിട്ടു കുറ്റക്കാരനെ അതിന്മേല്‍ നിര്‍ത്തും. അപ്പോള്‍ അയാളുടെ നിലയ്ക്ക് ഈ പീഠവും തൂണോടു കൂട്ടി ഉറപ്പിച്ചിരിക്കുന്ന ഇരിമ്പുശ്ലാഖയും മാത്രം ആശ്രയമായിത്തീരുന്നു. ഈ നിലയില്‍ കാറ്റ്, മഴ, വെയില്, മഞ്ഞ് ഇതുകള്‍ക്ക് തടവുകൂടാതെ നിര്‍ത്തും. വെള്ളം കിട്ടാതെ സഹിക്കവയ്യാത്ത ദാഹം കൊണ്ടു വരണ്ടും തണലില്ലാത്ത ദുസ്സഹമായ വെയിലിന്റെ ചൂടുകൊണ്ട് തളര്‍ന്നും ആട്ടിക്കളയുവാന്‍ നിവൃത്തിയില്ലാതെ പ്രാണികള്‍ അരിച്ചുകയറി ദേഹം ആസകലം നക്കിയും കരണ്ടും അരിഷ്ടിച്ച് ഒടുവില്‍ അവന്റെ ജീവന്‍ നശിക്കുന്നു. ചിലപ്പോള്‍ മൂന്നു ദിവസം കൊണ്ടേ മരണം സിദ്ധിക്കുന്നുള്ളു. ഇതിന്നിടയില്‍ ഒരു മഴ പെയ്തിരുന്നെങ്കില്‍ അത് ഈശ്വരാധീനമെന്നു വിചാരിക്കുന്നു. മുറിവുകള്‍ നനഞ്ഞാല്‍ പഴുപ്പുണ്ടായി അടുത്ത് മരണപ്രാപ്തിക്കു സംഗതിയാവുമല്ലൊ എന്നു വിചാരിച്ചാണ്. ഇരിമ്പുവടി കൊണ്ട് മുട്ടു തല്ലി ഒടിക്കുന്ന സമ്പ്രദായവും ശിക്ഷകളില്‍ ഒന്നായിരുന്നു."


ചരിത്രം വായിക്കുമ്പോള്‍ ഒരു ജനതയുടെ സംസ്ക്കാരസമ്പന്നത അറിയുന്നത് സുകുമാരകലകളിലും വാസ്തുശില്‍പ്പകലയിലുമെല്ലാമുള്ള അവരുടെ സംഭാവനകള്‍ മാത്രം കണക്കിലെടുത്തല്ല, കുറ്റവാളികളെ അവര്‍ എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നു കൂടി അറിഞ്ഞിട്ടാണ്. സംസ്ക്കാരസമ്പന്നതയുടെ നടുവിലും മനുഷ്യന്‍ കുറ്റം ചെയ്യുന്നു. നിയമങ്ങളും ഭരണകൂടവും മാറുമ്പോള്‍ കുറ്റം ചിലപ്പോള്‍ കടമയും കടമ കുറ്റവുമാകുന്നു.

Monday, December 10, 2007

ഗൂഗ്ള്‍ പയ്യന്റെ കല്യാണം


9 ബില്യണ്‍ പൌണ്ട് സമ്പത്തോടെ അമേരിക്കയിലെ അഞ്ചാമത്തെ റിച്ചസ്റ്റ് ആളാണ്, എനിക്കിതെഴുതാനും വെബ്ലിഷ് ചെയ്യാനുമടക്കം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യര്‍ക്ക് മെയിലാനും സെര്‍ച്ചാനും ബ്ലോഗാനും അപ്-ലോഡാനും പരസ്യം ചെയ്യാനുമെല്ലാം ഉപകാരപ്പെടുന്ന ഗൂഗ്ള്‍ തറവാടിന്റെ രണ്ട് സ്ഥാപകരില്‍ ഒരാളാണ്, 34 വയസ്സായി - അങ്ങനെയെല്ലാമായ ലാറി പേജിനെ പയ്യന്‍ എന്ന് വിളിക്കുന്നത് മോശമാണെന്ന് അറിയാഞ്ഞിട്ടല്ല. 'ഗൂഗ്ള്‍ രാജകുമാരന്‍' എന്ന് വിളിക്കാവുന്നതാണ്. പക്ഷേ വീട്ടിലെ കാര്‍ഷെഡ്ഡില്‍ പ്രൈവറ്റ് ജറ്റുമായി ജനിച്ചു വീഴുന്ന സെക്കന്റ് ജനറേഷന്‍ ബിസിനസ്സുകാരെപ്പറ്റിയേ അങ്ങനെ പറയാനാവൂ. ഇവിടെ എന്നെ സംബന്ധിച്ചിടത്തോളം പയ്യനാണ് രാജകുമാരനേക്കാള്‍ വലുത്!

നമ്മള്‍ ഇന്ത്യക്കാര്‍ക്കാണെങ്കില്‍ മുതലാളിപ്പയ്യന്മാരുടെ കല്യാണം കണ്ടേ പരിചയമുള്ളു - പയ്യന്‍-മുതലാളിമാരുടെ കല്യാണം പരിചയമില്ല. ഇന്ത്യയില്‍ ഒരാള്‍ മുതലാളിയാവുമ്പോഴേയ്ക്കും പണ്ടത്തെ കണക്കിന് മക്കളുടെ വരെ കല്യാണം കഴിഞ്ഞിട്ടുണ്ടാവും. കാര്യങ്ങള്‍ മാറി വരുന്നുണ്ട്. പക്ഷേ പേജിന്റെ ശേലുക്കുള്ള ഒരു പയ്യന്‍ മുതലാളിയുടെ കല്യാണമൊന്നും ആരും കണ്ടിട്ടില്ല. 34 ആണെങ്കില്‍ ഇന്ത്യയില്‍ ആണുങ്ങള്‍ക്ക് കെട്ടാന്‍ ഇച്ചരെ കടന്ന പ്രായവുമാണ്. ഗൂഗ്ള്‍ പോലൊരു കമ്പനി ഉണ്ടാക്കാനായിരുന്നെങ്കി ഇനിയിപ്പൊ കൊറച്ച് കൂടി വൈകിയാലും തരക്കേടില്ലെന്നെങ്കിലും സമ്മതിക്കുമല്ലോ!

മിനിങ്ങാന്ന്, ഡിസംബര്‍ 8-ന്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലണ്ടുകളുടെ കൂട്ടത്തിലെ നെക്കെര്‍ എന്ന ദ്വീപില്‍ വെച്ചായിരുന്നു വിവാഹം.

പേജിന്റെ കല്യാണം നടന്ന 74 ഏക്കറുള്ള ഈ ഐലണ്ടിന്റെ മൊത്തം ഉടമ വിര്‍ജിന്‍ അറ്റ്ലാന്റിക്-വിര്‍ജിന്‍ മെഗാസ്റ്റോര്‍ ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. അങ്ങേരായിരുന്നത്രെ കല്യാണച്ചടങ്ങിലെ 'ബെസ്റ്റ് മാന്‍'! [ബെസ്റ്റ്മാന്‍? അതെന്ത്ര്? ഏതെങ്കിലും നസ്രാണികള്‍ പറഞ്ഞ് തരീ]. ഓക്സ്ഫോഡില്‍ നിന്ന് മാസ്റ്റേഴ്സ് എടുത്തിട്ടുള്ള 27-കാരിയാണ് വധു ലൂസിന്‍ഡ സൌത്വര്‍ത്ത്. ഇവരിപ്പോള്‍ സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ ഇന്‍ഫോമാറ്റിക്സില്‍ പി.എച്ച്ഡി വിദ്യാര്‍ത്ഥിനി. (വരന്‍ ഇതേ കോളേജിലെ പി.എച്ച്ഡി ഡ്രോപ്പൌട്ടാണെന്നോര്‍ത്തോണം.) മോസ്കോയില്‍ ജനിച്ച സെര്‍ജി ബ്രിന്‍ എന്ന സ്റ്റാന്‍ഫോഡ് ക്ലാസ്മേറ്റിനോടൊപ്പം 1998-ലാണ് പേജ് ഗൂഗ് ള്‍ തുടങ്ങുന്നത്. ബ്രിന്‍ കഴിഞ്ഞ മെയില്‍ ബഹാമാസില്‍ വെച്ച് വിവാഹം കഴിച്ചു.

കഴിഞ്ഞ നാലു വര്‍ഷമായി ബ്രാന്‍സണും പേജും സുഹൃത്തുക്കളാണത്രെ. സ്റ്റീവ് ഫോസ്സെറ്റ് എന്ന ബ്രാന്‍സന്റെ സുഹൃത്തിനേയും കൊണ്ട് കാണാതായ വിമാനം കണ്ടെടുക്കാന്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ വിര്‍ജിന്‍ ഗ്രൂപ്പ്, ഗൂഗ്ള്‍ എര്‍ത്ത് സര്‍വീസ് ഉപയോഗപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

എഴുതാന്‍ ചുവര്‍ തന്ന ആളുകളെന്നതിലുപരി യുവത്വത്തിന്റെ ആവേശത്തിന് അമൂര്‍ത്തമായ മൂര്‍ത്തരൂപം കൊടുത്തവരെന്ന പ്രസക്തിയാണ് ഈ ചെറുപ്പക്കാരെ എന്റെ ഹീറോകളാക്കുന്നത്. ഇന്റര്‍നെറ്റില്‍ ക്ലാസിക്കുകളില്ല. നൂറ്റാണ്ടിന്റെ പാരമ്പര്യമെന്നൊക്കെ പറഞ്ഞ് ആര്‍ക്കും ഇവിടെ കുത്തക ഉണ്ടാക്കാനോ തുടരാനോ കഴിയില്ല. പരമാവധി 20-25 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം മാത്രമുള്ള പുതിയ മേഖലയാണിത്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ലെവലായ പ്ലെയിംഗ് ഫീല്‍ഡ്. അമേരിക്കയുടെ രാഷ്ട്രീയത്തോട് എതിര്‍പ്പ് തോന്നുമ്പോഴും സര്‍ഗശേഷിയുള്ള രണ്ട് ചെറുപ്പക്കര്‍ക്ക് ആകാശത്തേയ്ക്കപ്പുറം വളരാന്‍ സാഹചര്യമൊരുക്കുന്ന അവിടുത്തെ ഫ്രീ സൊസൈറ്റിയ്ക്ക് സലാം. (ലോകജനസംഖ്യയുടെ 7% ആളുകള്‍ 40% റിസോഴ്സുകള്‍ അനുഭവിക്കുന്ന അനീതിയാണ് അമേരിക്ക എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ആ അറിവോടു കൂടിത്തന്നെ ഈ സലാം).

ഗൂഗ്ളില്‍ ജോലി ചെയ്യുന്ന മലയാളം ബ്ലോഗേഴ്സും വായനക്കാരുമുണ്ട്. അവരുടെ ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫൊ അറിയാന്‍ കൌതുകം. എന്താ അണ്ണന്മാരേ, ബോസിന്റെ കല്യാണത്തിന് ഓഫീസ് നേരത്തേ വിട്ടോ? ലഡ്ഡൂം മിക്സ്ചറും കിട്ടിയോ? തലേന്ന് അത്താഴസദ്യ ഉണ്ടായിരുന്നോ? മധുരം നുള്ളിയൊ? എല്ലാര്‍ക്കും പുതിയ ഉടുപ്പ് വാങ്ങിത്തന്നോ?

വധൂവരന്മാരേ, നിങ്ങള്‍ക്കെന്റെ അജ്ഞാതവും നിശബ്ദവുമായ പ്രാര്‍ത്ഥനകള്‍!

വെയിലും സണ്‍ലൈറ്റും


വെയിലും സൂര്യപ്രകാശവും സെയിമല്ല. അതാണ് മലയാളം.

Sunday, December 9, 2007

ടിപ്പു കൊടുക്കുന്നതിനെപ്പറ്റിയുള്ള ചില ടിപ്പുകള്‍


യാഹൂ, എമ്മെസ്സെന്‍ തുടങ്ങിയ മിക്കവാറും പോര്‍ട്ടലുകളില്‍ ടിപ്പു കൊടുക്കലിനെപ്പറ്റിയുള്ള ടിപ്പുകള്‍ ലഭ്യമാണ്. അവയില്‍ ഭൂരിപക്ഷവും പക്ഷേ വിരുന്നുകാരെ [വിനോദ/ബിസിനസ് സഞ്ചാരികളെ/സന്ദര്‍ശകരെ] മാത്രം ഉദ്ദേശിച്ചാണ്. അതുകൊണ്ടു തന്നെ ഹോട്ടല്‍, റെസ്റ്റൊറന്റ്, ടാ‍ക്സി തുടങ്ങിയ താല്‍ക്കാലിക ഒഴുക്കിടങ്ങളില്‍ ഫ്ലോട്ടിംഗ് ജനം നല്‍കേണ്ട ടിപ്പുകളാണ് അവയുടെ പ്രതിപാ‍ദ്യം. [ജപ്പാനില്‍ ഏത് സ്ഥലത്തും ടിപ്പു കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ഒരിടത്ത് വായിച്ചു. തന്നെ?]. ലണ്ടനില്‍ ടാക്സികളില്‍ ടിപ്പ് നിര്‍ബന്ധമാണെന്ന് കേട്ടിരിക്കുന്നു. ടിപ്പ് കൊടുക്കാത്തവരെ അവിടത്തെ ടാക്സി ഡ്രൈവേഴ്സ് പല തരത്തില്‍ ഉപദ്രവിക്കുമത്രേ. ലണ്ടനിലെ നാടക തീയറ്ററുകളില്‍ വര്‍ഷങ്ങളോളം കളിച്ച അഗതാ ക്രിസ്റ്റിയുടെ ‘മൌസ്ട്രാപ്പ്‘ എന്ന നാടകം കാണാന്‍ ടാക്സിയില്‍പ്പോയ ഒരു ബംഗാളി ബുദ്ധിജീവി ടിപ്പു കൊടുക്കാതെ ഇറങ്ങിപ്പോയി. ഉടനെ ടാക്സി ഡ്രൈവര്‍ അങ്ങൊരെ തിരികെ വിളിച്ച് ചെവിയില്‍ ഇങ്ങനെ പറഞ്ഞു: “സര്‍, ഈ നാടകത്തില്‍ ഡിറ്റക്ടീവ് തന്നെയാണ് കൊല നടത്തുന്നത്”. അതിലും ഭേദം ടിപ്പു കൊടുക്കുക തന്നെ.

കുറച്ചധികം കാലമോ ദീര്‍ഘകാലമോ പുറംനാടുകളില്‍ തങ്ങേണ്ടവര്‍ കൊടുക്കേണ്ട ടിപ്പുകളെപ്പറ്റി അധികം വിവരങ്ങള്‍ ലഭ്യമല്ല. ബോംബെയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ടിപ്പ് നല്‍കണമെന്ന് ഒരലിഖിത നിയമമുണ്ട്. തൊണ്ണൂറ്റി രണ്ടിനും മൂന്നിനുമിടയ്ക്കുള്ള കാലത്ത് ഇതറിയാതെ രണ്ടാമതും ഒരു കടയില്‍ മുടി വെട്ടാന്‍ കയറിയപ്പോള്‍ കിട്ടിയ ല്യൂക്ക് വാം സ്വീകരണം ഓര്‍ക്കുന്നു. ഹെയര്‍ കട്ട് ബോറായിപ്പോയത് മന:പ്പൂര്‍വമാണെന്നറിയാന്‍ കുറച്ചുനാളെടുത്തു.

ചില ഇന്ത്യന്‍ ഹോട്ടല്‍ സപ്ലയര്‍‍മാര്‍ (ലോകത്ത് എവിടെയായാലും) ഓര്‍ഡറെടുക്കുന്നതിന് മുമ്പു തന്നെ ടിപ്പിനു വേണ്ടിയുള്ള ദാഹം മുഖത്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. തീറ്റ തീരാറാ‍കുന്തോറും അത് ആക്രാന്തമാകും. നോട്ടം, ശരീരഭാഷ എന്നിവയിലെല്ലാം അത് തുളുമ്പും. നമ്മള്‍ ഹോട്ടലില്‍ നിന്ന് പുറത്തു കടക്കും മുമ്പു തന്നെ എല്ലാം മറന്ന് ടിപ്പെത്രയെന്നറിയാനുള്ള അവരുടെ ഓട്ടം ഫിനിഷിംഗ് പോയന്റിലെത്തും. ടിപ്പൊന്നുമില്ലെങ്കില്‍ ഒരു ഷോക്കിംഗ് ശാ‍പം, കുറവാണെങ്കില്‍ പവര്‍കട്ട്, കൊള്ളാമെങ്കില്‍ ഒരു തിളക്കം - കണ്ണുകള്‍ കള്ളം പറയില്ല. ആദ്യമാദ്യം ഈ പരവേശം കാണുമ്പോള്‍ പുച്ഛം തോന്നിയിരുന്നു. അവരുടെ വേതനവും ജീവിതനിലവാരവും അറിഞ്ഞു തുടങ്ങിയപ്പോള്‍ അത് തൊണ്ടയില്‍ നിന്ന് പുറത്തുവരാത്ത ഒരു സങ്കടക്കെട്ടായി. എങ്കിലും പഴയ പരിഹാസച്ചിരിക്ക് മാപ്പില്ല. നിയമം അറിയില്ലെന്നത് കുറ്റം ചെയ്യാനുള്ള ലൈസന്‍സല്ല. അറിവില്ലായ്മ നിഷ്കളങ്കതയുമല്ല. ലൈംഗികത്തൊഴിലാളിയുടേയും തോട്ടിയുടെയും കഥകള്‍ പലതും വായിച്ചു. പക്ഷേ ഹോട്ടല്‍പ്പണിക്കാരുടെ ‘ശബ്ദങ്ങള്‍‘ ഒരിക്കലേ കേട്ടുള്ളൂ.

ഒരിക്കലും ആരും ടിപ്പു കൊടുക്കാത്ത നാടന്‍/ഇടനാടന്‍ ഹോട്ടലുകളുടെ കാര്യമോ? ഒരു ചെറുകിട ഹോട്ടലില്‍ പാത്രം കഴുകിയിരുന്ന കാലത്തെപ്പറ്റി ശിഹാബുദീന്‍ പൊയ്ത്തുംകടവ് എഴുതിയതോര്‍ക്കുന്നു. ചില്ലലമാരയില്‍ ചൊരിഞ്ഞിട്ടിരിക്കുന്ന പഴമ്പൊരികള്‍ വിറ്റുതീരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നുവത്രെ. [തീര്‍ന്നില്ലെങ്കില്‍ തിന്നാന്‍ കിട്ടും എന്നൊന്നും കരുതണ്ട, അത് മറ്റ് അവതാരങ്ങളാവും.] വിറ്റു തീര്‍ന്നാല്‍ അലമാരയില്‍ വിരിച്ചിരിക്കുന്ന കടലാസ് എടുത്തുകളയണം. അപ്പോള്‍ കടലാസില്‍ കൊഴിഞ്ഞുകിടക്കുന്ന പഴമ്പൊരിയുടെ മൊരിഞ്ഞ തുമ്പിന്‍ കഷ്ണങ്ങള്‍ (tips!) പെറുക്കി വീട്ടില്‍ കൊണ്ടുപോയി താഴേള്ളേങ്ങള്‍ക്ക് കൊടുക്കാം. മൊരിഞ്ഞ ആ മൈദമുത്തുകള്‍ക്ക് ശിഹാബുദ്ദീന്‍ ‘ആ‍റാം വിരല്‍’ എന്നു പേരിട്ടു. ചിലര്‍ക്ക് ജീവിക്കാന്‍ അഞ്ചുവിരലുകള്‍ പോരാ.

കനഡയില്‍ സിറ്റിസണായി സസുഖം വാഴുന്ന ഒരു ചേച്ചി പഴയൊരു വിരുന്നോര്‍ത്താല്‍ ഇപ്പഴും കരയും. ചേച്ചി പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു ദിവസം കൂട്ടുകാരിയുടെ വീട്ടില്‍ പോയതായിരുന്നു. കൂട്ടിന് അനിയനേയും കൂട്ടി. ചേച്ചിയുടെ വീട്ടിലന്ന് ദാരിദ്യം സുഖമായി വാഴുന്ന കാലമാണ്. കൂട്ടുകാരിക്കിതറിയാം. അതുകൊണ്ട് അവര്‍ പരമാവധി വിഭവങ്ങളോടെ വിരുന്നൊരുക്കി. നല്ല ചക്കപ്പഴവുമുണ്ടായിരുന്നു - ചൊളപ്പറിച്ച് വിളമ്പിയത്. ചേച്ചിയുടെ നാലഞ്ചു വയസ്സുകാരനായ അനിയന്‍ ഓരോ ചുളയും തിന്ന ശേഷം കുരുവെടുത്ത് കുരുവിന്റെ മൂട്ടിലുള്ള ആ ഇളമ്മധുരമുള്ള തുമ്പുകളും (tips!) തിന്നു തീര്‍ത്തു.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൂറു രൂപ ടിപ്പ് കൊടുക്കുന്നവര്‍ ഇടത്തരം ഹോട്ടലില്‍ ഇരുന്നൂറും ചെറുകിട ഹോട്ടലില്‍ മുന്നൂറും നാട്ടുമ്പുറത്തെ ചായപ്പീടികയില്‍ നാനൂറും കൊടുക്കുന്നതാണ് നീതി.
കമ്മേഴ്സ്യല്‍ സെക്സ് വര്‍ക്കേഴ്സിന്റെ സേവനം (ഹൊ, അതെന്തൊരു വര്‍ക്ക്!) ഹോം ഡെലിവറിയായി നല്‍കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ആ വര്‍ക്കറിനോടൊപ്പം വരുന്ന പുരുഷകേസരി പണി തീരും വരെ വാതില്‍ക്കല്‍ കാത്തു നില്‍ക്കും. കൂലി അയാള്‍ക്കാണ് കൊടുക്കേണ്ടത്! ജോലിക്കാരിക്ക് മാസശമ്പളമായിരിക്കുമോ എന്തൊ! അവര്‍ക്ക് ടിപ്പ് കൊടുക്കാതിരിക്കുന്നത് വ്യഭിചാരത്തേക്കാള്‍ വലിയ പാപം തന്നെ.
ഒരിക്കല്‍ മാ‍ത്രം സേവനം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങളില്‍ ആദ്യമേ തന്നെ ടിപ്പ് കൊടുക്കുന്നതല്ലേ ബുദ്ധി? (ഇത് ലൈംഗിക ജ്യൂസ് വാങ്ങുന്നതില്‍ മാത്രമല്ല കെട്ടൊ, എല്ലാ മേഖലയിലും). ഇങ്ങനെ ചെയ്താല്‍ ടിപ്പ് കൊടുക്കുന്നയാളിന് നല്ല സേവനം ഉറപ്പുവരുത്താന്‍ പറ്റും, ടിപ്പ് കിട്ടുന്നയാളിന് ‘കിട്ടുമോ ഇല്ലയൊ കിട്ടുമോ ഇല്ലയോ’ എന്ന ചങ്കിടിപ്പില്ലാതെ സേവനം കാഴ്ചവെയ്ക്കാം. വിശേഷിച്ചും നിങ്ങളൊരിന്ത്യക്കാരനാണെങ്കില്‍ ടിപ്പ് ആദ്യമേ കൊടുക്കുകയാണ് നല്ലതെന്ന് തോന്നുന്നു - ടിപ്പ് കൊടുക്കുന്നതില്‍ ഇന്ത്യക്കാര്‍ക്കുള്ള പേരുദോഷം മാനേഴ്സ്, പാമ്പാട്ടി, അഴിമതി എന്നിവരോളം സ്ട്രോങ്ങാണെന്നാണ് കമന്റാവസ്ഥസൂചന.

Saturday, December 8, 2007

അനീതിസാരം


ഞാന്‍ മത്തായിച്ചേട്ടനോട് അനീതി കാണിച്ചു.
അതിനു പകരം എനിക്കു കിട്ടാനുള്ള അനീതി
മത്തായിച്ചേട്ടന്‍ തന്നെ എനിക്കു തരണമെന്ന്
ഞാന്‍
നിര്‍ബന്ധം പിടിക്കാമോ?
മത്തായിച്ചേട്ടന് അവസരം കിട്ടിയില്ലെങ്കില്‍
കെല്‍പ്പില്ലെങ്കില്‍
ക്ഷമിച്ചെങ്കില്‍
എങ്കില്‍
കെ. സി. മേനോനോ അര്‍വിന്ദ് പ്രസാദോ അമാന്ത ജെ. ബീസ്ലിയോ സാബുവോ ഷീജയോ മേരിച്ചേടത്തിയോ
അതെനിക്ക് തിരിച്ചു തരും.
ഞാനതുകൊണ്ട് തൃപ്തിപ്പെട്ടോണം.
എന്ത്യേ?

ഇനി ഇവരുടെ കാര്യം.
ഇവര് ഒറ്റയ്ക്കോ കൂട്ടായോ വരും.
മത്തായിച്ചേട്ടനെ കൂടെക്കൂട്ടിയെന്നും വരും.
അളന്നോ അളക്കാതെയോ തരും.
അളവില്‍ ഏറ്റക്കുറച്ചിലും കാണും.
ഇതൊക്കെയാണല്ലോ ഈ അനീതിയുടെ ഒരു നീതി.
യേഥ്!

Thursday, December 6, 2007

ഒരു സവര്‍ണഹിന്ദു ബാബറി മസ്ജിദ് ഓര്‍മിക്കുന്നു


ഇനി ഒരു തൊണ്ണൂറില്‍ ജീവിക്കില്ലെന്നുറപ്പുള്ളതുകൊണ്ട് ഇങ്ങനെ എഴുതാം - മഹാരാജാസില്‍ പഠിച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ എമ്മേയെടുത്ത് തൊണ്ണൂറ് മാര്‍ച്ചിലാണ് കെ കെ എക്സ്പ്രസ്സിലെ ഒരു എസ് കോച്ചില്‍ ദില്ലിക്ക് പോയത് - എസ് കോച്ചുകളിലും എഐ ഫ്ലൈറ്റുകളിലും ബാംഗ്ലൂര്‍ക്കുള്ള ബസ്സുകളിലും തലമുറകളായി വിട്ടുപൊയ്ക്കൊണ്ടിരിക്കുന്ന മലയാളിശരീരങ്ങളിലൊന്നായി.

വിജയന്‍, മുകുന്ദന്‍, ആനന്ദ്, സക്കറിയ, ഏഷ്യാനെറ്റ് തുടങ്ങും മുമ്പുള്ള പിടിഐയിലെ ശശികുമാര്‍, കാര്‍ട്ടൂണ്‍ വരച്ച് ഊണുകഴിച്ചിരുന്ന രവിശങ്കര്‍, ഉണ്ണി... ദില്ലി അന്നും സമ്പന്നമായിരുന്നു. അവരിലൊരാളാ‍യിക്കളായാം എന്ന അഡ്വാന്‍സ് അഹങ്കാരവുമായാണ് പോയത്. അറുപതുകളില്‍ ജനിച്ചവര്‍ ലോകം മാറ്റി മറിയ്ക്കുമെന്ന് അന്നേ കേട്ടിരുന്നു. ലോകം മാറി മറിയുമ്പോള്‍ കേരളത്തിലെ ഏതെങ്കിലും കിണറ്റില്‍ കിടന്ന് പേക്രോം പേക്രോം എന്ന് കരയുന്നതിനു പകരം ഇന്ത്യയുടെ തലയില്‍ത്തന്നെയിരുന്ന് ലോകത്തിന്റെ ചെവി തിന്നുകളയാമെന്ന് മോഹിച്ചിരിക്കണം. അമ്പതുകളിലും (ബില്‍ ഗേറ്റ്സ്) അറുപതുകളിലും (???) എഴുപതുകളിലും (ഗൂഗ് ള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍) ജനിച്ച ഒരുപാട് ആണ്‍കുട്ടികള്‍ ലോകം മാറ്റിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനിതാ ഇരുകാലി ഒട്ടകങ്ങളിലൊന്നായി റെസീവിംഗ് എന്‍ഡിന്റെ ഏറ്റവും ഈയറ്റത്ത് ഇത് കീയിന്‍ ചെയ്യാനിരിക്കുന്നു. ജീവിതം കിതച്ചോടുന്ന വഴികള്‍ ആര്‍ക്കറിയാം?

മന്ദിര്‍ മസ്ജിദ് വിവാദം പുകഞ്ഞു കത്താന്‍ തുടങ്ങിയിരുന്ന ഒരു കാലത്താണ് ദില്ലിയില്‍ ചെന്നു പെട്ടത്. ആ നവംബറിലെ ഒരു പകല്‍. ഇണപ്പക്ഷികളെ അമ്പെയ്യാന്‍ ലാക്കാക്കി നില്‍ക്കുന്ന കാട്ടാളനോട് 'മാ നിഷാദാ'യില്‍ പാടിത്തുടങ്ങിയ ആദ്യകാവ്യത്തിന്റെ മഷിയില്‍ മുക്കിത്തന്നെ ഒരു കാര്‍ട്ടൂണ്‍ വരച്ചു. വീഎച്ച്പിയായിരുന്നു കാട്ടാളന്‍. ഹിന്ദുവും മുസല്‍മാനും ഇണപ്പക്ഷികളായി. അന്നു തന്നെ അതുംകൊണ്ട് ചാണക്യപുരിയിലെ സത്യമാര്‍ഗില്‍ താമസിക്കുന്ന ഓ. വി. വിജയനെ കാണിയ്ക്കാന്‍ പോയി. ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ള ഒരാളില്‍ നിന്നാണ് ഏറ്റവും വലിയ കോമ്പ്ലിമെന്റ് കിട്ടിയതെന്നോര്‍ത്താല്‍മതി - ഈ രാത്രി വെളുപ്പിയ്ക്കാം. 'ഇറ്റ്സ് എ damn ഗുഡ് ഐഡിയ' പ്രശംസകള്‍ക്ക് പിശുക്കനായിരുന്ന വിജയന്‍ പറഞ്ഞു. ('ഡാം ഗുഡ്' പ്രയോഗം ശരിയോ എന്ന് പലരും സംശയിക്കുന്നത് കേട്ടിട്ടുണ്ട്. എന്തൊ!). പക്ഷേ വര വിജയന് ബോധിച്ചില്ല. അങ്ങനെ വിജയന്‍ തന്നെ കടലാസും ഇന്ത്യനിങ്കും നിബ്ബും തന്ന് പലവട്ടം വരപ്പിച്ചു. ഒടുവില്‍ വരയില്‍ തൃപ്തനായിട്ടല്ലെങ്കിലും സ്റ്റേറ്റ്സ്മാന്റെ എഡിറ്ററെ ഫോണില്‍ വിളിച്ചു - ഞാനൊരു ചെറുപ്പക്കാരനെ അയാള്‍ വരച്ച കാര്‍ട്ടൂണുമായി വിടുന്നുണ്ട്. ഒന്ന് നോക്കൂ. പിറ്റേന്നത്തെ സ്റ്റേറ്റ്സ്മാനിലെ പേജ് ത്രീയില്‍ അടിച്ചുവന്ന കാര്‍ട്ടൂണാണ് ഇതോടൊപ്പം. 90 നവംബര്‍ 19-ലെ പത്രം.

92-ല്‍ ദില്ലി വിട്ട് ബോംബെയിലെത്തി. അതിനും എത്രയോ മുമ്പ്, 1989-ല്‍, ബെര്‍ലിന്‍ മതില്‍ നിലമ്പൊത്തിയിരുന്നു. ആരോ കൊഴച്ചുവെച്ച മാവുരുള പോലിരുന്ന ഭൂമിയെ ആഗോളവത്കരണം മെല്ലെ മെല്ലെ പരത്താന്‍ തുടങ്ങിയിരുന്നു. 93-ല്‍ കൊച്ചിയില്‍ തിരിച്ചെത്തുമ്പോള്‍ എമ്മെസ് ഡോസ്, വലിയ നേര്‍ത്ത ഫ്ലോപ്പികള്‍, അരമണിക്കൂറെടുക്കുന്ന ഈ-മെയില്‍ സന്ദേശങ്ങള്‍...അതെല്ലാം അവിടെയുമെത്തിയിരുന്നു. ഇതിനെല്ലാമിടയില്‍, 1992 ഡിസംബര്‍ 6-ന് അതും സംഭവിച്ചു. ഹിന്ദു കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ച് നിരപ്പാക്കി. എന്റെ കാര്‍ട്ടൂണ്‍ വിഫലമായി. അതെ, ഇന്നേയ്ക്ക് പതിനഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യയുടെ ചരിത്രത്തിലെ തീരാക്കളങ്കങ്ങളിലൊന്നായ ആ കരസേവ നടന്നത് (സുവര്‍ണക്ഷേത്രത്തില്‍ പട്ടാളത്തെ കേറ്റിയതിന്റെ പ്രായശ്ചിത്തത്തിന് ഗ്യാനി സെയിത്സിംഗിനെക്കൊണ്ട് സുവര്‍ണക്ഷേത്രത്തില്‍ വരുന്നവരുടെ ചെരിപ്പ് തുടപ്പിച്ച പരിപാടിയെയാണ് ‘കര്‍സേവ’ എന്ന് ആദ്യം വിളിച്ചുകേട്ടത്!).

ബാബറി മസ്ജിദ് നിന്നിടത്തു തന്നെയാണ് യഥാര്‍ത്ഥത്തില്‍ ശ്രീരാമന്‍ ജനിച്ചതെങ്കില്‍പ്പോലും; ബാബറോ മറ്റാരെങ്കിലുമൊ തന്നെയാണ് അവിടത്തെ അമ്പലം തകര്‍ത്ത് മസ്ജിദ് പണിഞ്ഞതെങ്കില്‍പ്പോലും ആ മസിജിദ് പൊളിക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യയുടെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന മതേതരത്വം നേരിട്ട അവസാന പരീക്ഷണമായിരുന്നു ഡിസംബര്‍ 6. കഷ്ടം, നമ്മളന്ന് തോറ്റുപോയി. അതിന് മുമ്പും പിമ്പുമുള്ള എത്രയോ പരീക്ഷണങ്ങളില്‍ ഇനി ജയിച്ചിട്ടെന്ത്? പ്രസിഡന്റ് മുസല്‍മാനും പ്രധാനമന്ത്രി സിഖുകാരനും യഥാര്‍ത്ഥ പ്രധാനമന്ത്രി കത്തോലിക്കക്കാരിയുമാണെന്നുള്ള കൊസ്മെറ്റിക് പവര്‍പോയന്റുകള്‍ പടച്ച് തെളിച്ചുവിട്ടിട്ടെന്തിന്?

2001 സെപ്തംബര്‍ 11 (ട്രേഡ് സെന്റര്‍ ആക്രമണം), 2002 ഫെബ്രുവരി-മാര്‍ച്ച് (ഗുജറാത്ത് കലാപം), 2003 മാര്‍ച്ച് 18-ന് തുടങ്ങിയ ഇറാക്ക് ആക്രമണം... മനുഷ്യന്‍ പിന്നെയും പിന്നെയും തോറ്റുകൊണ്ടേയിരിക്കുന്നു. ചില ദിവസങ്ങള്‍ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റിമറിയ്ക്കുമെന്ന് ചെറിയ കാര്യങ്ങളുടെ മുഖക്കുറിപ്പില്‍ അരുന്ധതി പറഞ്ഞത് എത്ര നേര്!

ജര്‍മനികള്‍ക്കിടയിലുണ്ടായിരുന്ന ബെര്‍ലിന്‍ മതിലും റഷ്യയ്ക്കും പാശ്ചാത്യലോകത്തിനുമിടയിലുണ്ടായിരുന്ന അയണ്‍ കര്‍ട്ടനും കൊഴിഞ്ഞുപോയി. എന്നാല്‍ അറബ് ലോകത്തിനും പാശ്ചാത്യലോകത്തിനുമിടയില്‍ അദൃശ്യമായ ഒരു കൂറ്റന്മതില്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഓരോ ശ്വാസത്തിലും അവരുടെ ദേശസ്നേഹം തെളിയിക്കേണ്ട ഗതികേടായിരിക്കുന്നു. സാധാ ഹിന്ദുക്കള്‍ക്ക് ചന്ദനക്കുറിയോ കുങ്കുമപ്പൊട്ടോ തൊടാന്‍ ഭയമായിരിക്കുന്നു. കടപ്പുറങ്ങളില്‍ ആരൊക്കെയോ ചുട്ചോറ് വാരിക്കുന്നു, വാരുന്നു. ചോരയും കണ്ണീരും കലങ്ങിയ വെള്ളത്തില്‍ ആരൊക്കെയോ മീന്‍ പിടിയ്ക്കുന്നു.

ഒട്ടകമായിത്തീര്‍ന്ന ഒരു സവര്‍ണഹിന്ദുവിന് എന്തുചെയ്യാന്‍ കഴിയും? മുപ്പത്തിമൂന്ന് കോടി ഹിന്ദുദൈവങ്ങളേയും വിശ്വസിക്കുന്ന ഹൃദയവും അഹം ബ്രഹ്മാസ്മി, രണ്ടില്ല ഒന്നേയുള്ളു എന്നീ തിയറികള്‍ ആസ്വദിക്കുന്ന തലച്ചോറും അയാള്‍ എന്തുചെയ്യും? തുണിയില്ലാതെ ഹനുമാനെയും സരസ്വതിയേയും സീതയേയും വരച്ചുകാണുമ്പോള്‍ അയാളുടെ വികാരം തരിമ്പും നോവുന്നില്ല. അത് പക്ഷേ അയാള്‍ ഹിന്ദുവല്ലാത്തതുകൊണ്ടല്ല, അങ്ങനെയും ഒരു ഹിന്ദുവായതുകൊണ്ടാണ്. ബുഷ്ഷിനേയും നരേന്ദ്രമോഡിയേയും എതിര്‍ക്കുമ്പോഴും ബിന്‍ ലാദന്റെ കൂടെ നില്‍ക്കാന്‍ അയാളെ കിട്ടില്ല. അയാള്‍ക്ക് ചന്ദനക്കുറി തൊടണമെന്നുണ്ട്. അദ്വാ‍നിയുടെ പോളിഷ്ഡ് ചോരക്കൊതിയും പള്ളിപൊളിച്ചെന്ന മഹാപാപവും സദ്ദാം ഹുസൈന്റെ ഏകാധിപത്യവും നരനായാട്ടും അയാള്‍ക്ക് ഓര്‍മയുണ്ട്. മലയാളികളെല്ലാം ഒന്നുകില്‍ കൃസ്ത്യാനി, അല്ലെങ്കില്‍ മുസ്ലീം, അല്ലെങ്കില്‍ സിപീയെം, അല്ലെങ്കില്‍ തീര്‍ച്ച ബീജേപ്പി എന്ന് തിയറിയുണ്ടാക്കുന്നവര്‍ ക്രൂരന്മാരുടെ സ്വര്‍ഗത്തിലാണെന്ന് പറയണമെന്നയാള്‍ക്കുണ്ട്.
ബാബറി മസിജിദിന്റെ ഓര്‍മയ്ക്ക് അയാള്‍ക്ക് റഫീക്കിനെ കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്. വികാരത്തേക്കാളധികം വിചാരം ചേര്‍ത്ത കണ്ണീര്‍. ഭീരുവിന്റെ നിറമില്ലാത്ത ചോര.

Monday, December 3, 2007

ദൌര്‍ബല്യമേവ ജയതേ!



അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഉത്തരം കിട്ടി - ഒരാളുടെ 101 ഹോഴ്സ്പവര്‍ ശക്തിയും 5 ഡോങ്കി പവര്‍ (?) ദൌര്‍ബല്യവും ഏറ്റുമുട്ടിയാല്‍ 5 ഡോങ്കി പവര്‍ ദൌര്‍ബല്യം തന്നെ ജയിക്കും. ഇനിയിപ്പൊ ആ പഞ്ച ദൌര്‍ബല്യങ്ങളും തന്തയ്ക്ക് ജനിച്ചതുങ്ങളല്ലെങ്കില്‍പ്പോലും. എന്നാലും ശക്തിയുമല്ല ദൌര്‍ബല്യവുമല്ല എന്ന മട്ടിലുള്ള രണ്ടും കെട്ട അവസ്ഥയേക്കാള്‍ എത്ര ഭേദം! ആ അവ്സ്ഥയുടെ യൂണിറ്റ് മ്യൂള്‍പ്പവര്‍ (കോവര്‍കൈത). ചുമ്മാതാണൊ കോവര്‍കഴുതകളുടെ കൂട്ടത്തെ ഇംഗ്ലീഷില്‍ a barren of mules എന്നു പറയുന്നത്. ഇനി ഈ തിയറിയെ നമ്മുടെ ഉദാഹരണത്തിലേയ്ക്ക് തിരികെക്കയറ്റിയാലോ - വെല്ലിച്ഛന്റെ മക്കളും പാപ്പന്റെ മക്കളും അടികൂടുമ്പൊ ആ തക്കം നോക്കി ശകുനിയുടേയോ മറ്റോ അളിയന്റെ കുടുംബക്കാരാരെങ്കിലും മ്യൂട്ടിനി നടത്തിയിരുന്നെങ്കിലോ? പാക്കിസ്ഥാ‍നീയശൈലിയില്‍ ജനറല്‍സ് ദ്രോണനോ ഭീഷ്മനോ മറ്റോ മിലിറ്ററി കൂ (coup d'etat) നടത്തിയിരുന്നെങ്കിലോ? ആ കോവര്‍ അവസ്ഥയേക്കാള്‍ ഭേദം തന്നെ ഗാന്ധാരീവിലാപം. ഉണ്ണീ മകനേ ദുര്യോധനാ തവ പൊന്നിന്‍ കിരീടവും ഭൂഷണജാലവും...

അതുകൊണ്ട് ദൌര്‍ബല്യങ്ങള്‍ തല പൊക്കുമ്പോള്‍ സൂക്ഷിക്കുക. ഭഗവാനെ വരെ അവ ദൂതിനയച്ചെന്നു വരും. ശക്തികളുടെ കഴുത്തരിയും, തുടകള്‍ തകര്‍ക്കും.

Saturday, December 1, 2007

രാവണന്‍ തോറ്റതോ മാച്ച് ഫിക്സിംഗോ?




ആമയും മുയലും ഓട്ടപ്പന്തയം നടത്തിയതെന്നാ? ബിസിയിലെപ്പഴേലും? ശ്രീബുദ്ധനും മഹാഭാരതത്തിനും മുമ്പ്? എന്തായാലും അതൊന്നും റെലവന്റല്ല. ജയിച്ചതാരാണെന്നറിയാലോ - ആമ, അതുമതി. തിരുവിതാംകൂറ്കാര് പറേമ്പോലെ അപ്പം (അപ്പോള്‍) മൊട്ടക്കറി അപ്പം തിന്നാമതി, മൊയല്, മലബാറ്കാര് പറയുന്ന പോലെ കുയീക്കെടക്കട്ടെ. (ജയിക്കുന്നതിലല്ല കാര്യം, കളിക്കുന്നതിലാണ് എന്ന് പറഞ്ഞയാള്‍ ഒരിക്കലും ജയിച്ചുകാണില്ല എന്ന് മാര്‍ട്ടിന നവരത്തിലോവ. ആയമ്മയ്ക്ക് ഒരുമ്മ. അവരെ നവരത്നലാവ എന്നു വിളിക്കണം).

പക്ഷേ മൊയല് കുഴീക്കെടന്നില്ലല്ലൊ. സിംഹവുമായി മുട്ടിയപ്പൊഴെല്ലാം മൊയല് ജയിച്ചു. ഓര്‍മയില്ലേ തന്നെ തിന്നാന്‍ വന്ന സിംഹരാജനെ മൊയലന്‍ കിണറ്റീച്ചാടിച്ചത്. കട്ടുറുമ്പും കൊമ്പനാനയും മുട്ടിയ കഥകളിലൊക്കെ ആന തോറ്റ കഥയേ നമുക്കറിയൂ. നാലഞ്ച് മനുഷ്യന്മാരും കൊറേ കൊരങ്ങന്മാരും ചെന്ന് ഒരു രാക്ഷസ സാമ്രാജ്യത്തെ അപ്പാടെ തൊടച്ച് നീക്കുവാ? ങ്ഹാ, ആ കഥ പിള്ളേരെ ഒറക്കാന്‍ പറയാന്‍ കൊള്ളാം.

കയ്യിലൊരു കവിണയുമായി ദാവീദ് എന്ന പയ്യന്‍ ഗോലിയാത്ത് എന്ന മല്ലനെ തോല്‍പ്പിച്ചെന്നോ? ഹ, ഹ ഹ! ചിരിച്ചട്ടെനിക്ക് ശ്വാസം മുട്ടണ്.

ടോം & ജെറിയുടെ ഒരു എപ്പിസോഡിലെങ്കിലും ടോം ജയിച്ചില്ലേലും തോല്‍ക്കാതിരിക്കുന്നത് കണ്ടിട്ടെനിക്ക് മരിച്ചാമതി.

(പണ്ടൊരു ചിത്രകാരന്‍ സുഹൃത്ത് ചാരായമടിച്ച് ഫിറ്റായി, അതിന്റെ മോളില്‍ കഞ്ചനുമടിച്ച് എര്‍ണാളം ഡര്‍ബാള്‍ ഹാള്‍ ഗ്രൌണ്ടില്‍ നടക്കുന്ന ചിന്മയാനന്ദന്റെ ഗീതാജ്ഞാനയജ്ഞത്തിന് കേറി. ചോദ്യോത്തര സെഷനില്‍ മൂപ്പര് ഒറ്റച്ചോദ്യം - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു ചെറിയ എലിയുടെ പൊറത്തെങ്ങനെയാണ് ആനത്തടിയന്‍ ഗണപതി സഞ്ചരിക്കുന്നത്? ഉത്തരമെന്തായിരുന്നെന്ന് പറഞ്ഞുകേട്ടില്ല. എന്തായാലും ടോമാന്റ് ജെറി കാണുമ്പൊ അത്ഭുതമാണ് - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു എലിയെ നാം സ്നേഹിച്ചു പോവുന്നു. മിക്കി ഒരു മൌസാണെന്ന് മറക്കുന്നു. ടോമിന്റെ സഹോദരങ്ങളെ പാലുകൊടുത്ത് കിടക്കയില്‍ കിടത്തി വളര്‍ത്തുമ്പോഴും ടോമിനെ വെറുക്കുന്നു.)

നിങ്ങള്‍ പറയുമായിരിക്കും കൌശലത്തിന്റെ വിജയം, ബുദ്ധിയുടെ വിജയം, ശക്തിയല്ല ബുദ്ധിയാണ് കാര്യം, തിന്മയുടെ മേല്‍ നന്മയുടെ അള്‍ട്ടിമേറ്റ് വിജയം, സത്യമേവ ജയതേ, ധര്‍മയുദ്ധം എന്നെല്ലാം.

പണ്ട് പണ്ട് ഒരിടത്തൊരു രാജാവിന് കണ്ണുകാണില്ലായിരുന്നു. അതുകൊണ്ടങ്ങേര് ഭരണച്ചുമതല തല്‍ക്കാലം അങ്ങോരുടെ ല്യൂക്കൊഡെര്‍മക്കാരന്‍ അനിയനെ ഏപ്പിച്ചു. ഒരു മാതിരി റീജന്റ് ഏര്‍പ്പാട്. ചേട്ടന്‍ രാജാവിന്റെ മക്കള്‍ മുതിര്‍ന്നാല്‍ ഭരണം ആ മക്കളിലാരെയെങ്കിലും തിരിച്ചേല്‍പ്പിക്കുമെന്നല്ലേ നമ്മള്‍ പ്രതീക്ഷിക്കുക? പോരാത്തതിന് ഒന്നും രണ്ടുമല്ല നൂറ്റിയൊന്നുപേരായിരുന്നു ചേട്ടന്‍ രാജാവിന് ആണ്മക്കള്‍ (‘കാന്താരിയുടെ വക നൂറാണും ദുശ്ശളയും, പിന്നെ ഒരു സെറ്റപ്പിലെ മറ്റൊന്നുമടക്കം 101’ എന്ന് വെട്ടം മാണിഗ്രൂപ്പു നോക്കി ദേവന്‍. കാന്താരി - അവരല്ലേ അണ്ണാ പാതിവ്രത്യത്തിന്റെ മുഴുത്തിങ്കള്‍!). അനിയന് പഞ്ചപാണ്ഡവന്മാര് കട്ടില്‍ക്കാല് പോലെ മൂന്ന് എന്ന് പറഞ്ഞിട്ട് ‘2’ എന്ന് കയ്യോണ്ട് കാണിച്ചട്ട് ‘1’ എന്നെഴുതിക്കാണിച്ചപോലെ അഞ്ച് പേര്. അഞ്ചുപേര്‍ക്കും അഞ്ച് വ്യത്യസ്ത അച്ഛന്മാര്! (ഒരാള് പോലും അനിയന്റെയല്ലെന്നാണറിവ്). കാലം പോയപ്പോള്‍ ചേട്ടന്‍ രാജാവിന്റെ മക്കള്‍ മുതിര്‍ന്നു. രാജ്യം ന്യായമായും അവര്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നായി. അപ്പൊ ഈ അഞ്ചുപേരും എന്തുചെയ്തു? ഒരു തരത്തിലും അവകാശം പറയാന്‍ അര്‍ഹതയില്ലാത്തവരെങ്കിലും തൃശൂരെ ചോമ്മാര്ടെ ഭാഷേപ്പറഞ്ഞാ പാപ്പന്റെ അഞ്ചുമക്കളും (ശെരിക്കിനും പാപ്പന്റെയല്ലെങ്കിലും) വെല്ലിച്ഛന്റെ മക്കളുമായി അടിയായി. എളാങ്കും വെട്ടുകത്തീമായിട്ട് ആമ്പല്ലൂരും പാങ്ങിലുമൊക്കെ നടക്കണ കായ്ക്കണ പ്ലാവിനോ കായ്ക്കാറായ മാവിനോ വേണ്ടീള്ള അതിര്‍ത്തിത്തര്‍ക്കല്ല, നല്ല ഒന്നാന്തരം യുദ്ധം. ചെക്കന്മാരെ (പാവര്‍ട്ടി സെന്റ് ജോസഫില്) തല്ലൂട്ടം പഠിപ്പിച്ച മാഷ്മ്മാരൊക്കെ വെല്ലിച്ഛന്റെ മക്കടെ സെറ്റായിരുന്നു. പോരാത്തേന് പാപ്പന്റെ ഭാര്യയ്ക്ക് കല്യാണത്തിന് മുമ്പ് ഒരു ചെത്തുകാരനിലുണ്ടായി, കണ്ടശ്ശാങ്കടവുകാരന്‍ ഒരു ലോറിഡ്രൈവറ് എടുത്തുവളര്‍ത്തിയ ഉശിരന്‍ ഒരു അവിഹിതസന്തതിയും ഇരട്ടിവാശിയില്‍ അവര്ടെ കൂടെ നിന്നു. എന്നട്ടും മറ്റം സെന്റ് ഫ്രാന്‍സിസ് (കൊള്ളിപറി മറ്റം എന്നും ചില രേഖകളില്‍ കാണാം) സ്ക്കൂള്‍ ഗ്രൌണ്ടില്‍ നടന്ന അടികലശലില്‍ (കുന്നംകുളങ്ങര അങ്ങാടീല് അച്ചു മൂത്താനും വേറോതോ കക്ഷിയും തമ്മില്‍ നടന്ന മട്ട്) ജയിച്ചത് അഞ്ചു സഹോദരര്‍.

ഇതൊക്കെ കേള്‍ക്കുമ്പൊ ചെലപ്പൊ ചിരീം വരാറില്ല. എല്ലാടത്തും ഒരു മാച്ച് ഫിക്സിംഗിന്റെ മണം. അംബാനി സഹോദരരേയും മഹാജന്‍ ബ്രദേഴ്സിന്റെയുമൊക്കെ ഒറിജിന്‍ ഈ ഭ്രാതൃഹത്യകള്‍ (fratricides) തന്നെ. ഗോലിയാത്തിന്റെം സിംഹത്തിന്റെം സിംഹളരാജന്റെം മുയലിന്റെം കൌരവരുടെം കൂടെയുണ്ടായിരുന്നവരില്‍ ആരെല്ലാമാണ് കോഴ വാങ്ങി ഒത്തുകളിച്ചത്? എനിക്കിപ്പ അറിയണം.

വേറൊരു ചാന്‍സും ഞാന്‍ കാണുന്നു. ഈ കഥകളെല്ലാം എഴുതിയവരും നമ്മള്‍ വായനക്കാരെപ്പോലെ ദുര്‍ബലരായിരിക്കും. ദുര്‍ബലരും ശക്തരും തമ്മില്‍ യുദ്ധം ചെയ്താല്‍ ഒരിക്കലുമതിനെ യുദ്ധമെന്ന് വിളിക്കാനാവില്ലെന്നും എല്ലാം വാക്കോവറുകളായിരിക്കുമെന്നും എല്ലാര്‍ക്കും അറിയാം. എന്നാലും ദുര്‍ബലര്‍ ജയിച്ചു എന്ന് ചുമ്മാ കഥയിലെങ്കിലും പറഞ്ഞൊരു കോമ്പ്ലക്സ് തീര്‍ക്കല്‍? വായനക്കാര്‍ മാത്രമല്ല എക്കാലത്തെയും മനുഷ്യജീവികളില്‍ നൂറില്‍ തൊണ്ണൂറ്റിഒമ്പതേമുക്കാലും ദുര്‍ബലരാണെന്ന സത്യം മനസില്ലാക്കിയ ബുദ്ധികൂര്‍മ്മത? മെലിഞ്ഞവരുടെ മനശ്ശാസ്ത്രം? ഫ്രോയിഡോ കേസരിയോ വിജയന്മാഷോ ഉണ്ടായിരുന്നെങ്കി ചോദിക്കാമായിരുന്നു ഇതിന്റെ മനോനില. എലിയ്ക്ക് വിഷം വെയ്ക്കുമ്പോഴും ജെറിയെയും മിക്കിയേയും സ്നേഹിക്കുന്നതിലെ ഹിപ്പൊപ്പൊട്ടാമന്‍ ഹിപ്പൊക്രേസി!
Related Posts with Thumbnails