Monday, December 10, 2007

ഗൂഗ്ള്‍ പയ്യന്റെ കല്യാണം


9 ബില്യണ്‍ പൌണ്ട് സമ്പത്തോടെ അമേരിക്കയിലെ അഞ്ചാമത്തെ റിച്ചസ്റ്റ് ആളാണ്, എനിക്കിതെഴുതാനും വെബ്ലിഷ് ചെയ്യാനുമടക്കം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യര്‍ക്ക് മെയിലാനും സെര്‍ച്ചാനും ബ്ലോഗാനും അപ്-ലോഡാനും പരസ്യം ചെയ്യാനുമെല്ലാം ഉപകാരപ്പെടുന്ന ഗൂഗ്ള്‍ തറവാടിന്റെ രണ്ട് സ്ഥാപകരില്‍ ഒരാളാണ്, 34 വയസ്സായി - അങ്ങനെയെല്ലാമായ ലാറി പേജിനെ പയ്യന്‍ എന്ന് വിളിക്കുന്നത് മോശമാണെന്ന് അറിയാഞ്ഞിട്ടല്ല. 'ഗൂഗ്ള്‍ രാജകുമാരന്‍' എന്ന് വിളിക്കാവുന്നതാണ്. പക്ഷേ വീട്ടിലെ കാര്‍ഷെഡ്ഡില്‍ പ്രൈവറ്റ് ജറ്റുമായി ജനിച്ചു വീഴുന്ന സെക്കന്റ് ജനറേഷന്‍ ബിസിനസ്സുകാരെപ്പറ്റിയേ അങ്ങനെ പറയാനാവൂ. ഇവിടെ എന്നെ സംബന്ധിച്ചിടത്തോളം പയ്യനാണ് രാജകുമാരനേക്കാള്‍ വലുത്!

നമ്മള്‍ ഇന്ത്യക്കാര്‍ക്കാണെങ്കില്‍ മുതലാളിപ്പയ്യന്മാരുടെ കല്യാണം കണ്ടേ പരിചയമുള്ളു - പയ്യന്‍-മുതലാളിമാരുടെ കല്യാണം പരിചയമില്ല. ഇന്ത്യയില്‍ ഒരാള്‍ മുതലാളിയാവുമ്പോഴേയ്ക്കും പണ്ടത്തെ കണക്കിന് മക്കളുടെ വരെ കല്യാണം കഴിഞ്ഞിട്ടുണ്ടാവും. കാര്യങ്ങള്‍ മാറി വരുന്നുണ്ട്. പക്ഷേ പേജിന്റെ ശേലുക്കുള്ള ഒരു പയ്യന്‍ മുതലാളിയുടെ കല്യാണമൊന്നും ആരും കണ്ടിട്ടില്ല. 34 ആണെങ്കില്‍ ഇന്ത്യയില്‍ ആണുങ്ങള്‍ക്ക് കെട്ടാന്‍ ഇച്ചരെ കടന്ന പ്രായവുമാണ്. ഗൂഗ്ള്‍ പോലൊരു കമ്പനി ഉണ്ടാക്കാനായിരുന്നെങ്കി ഇനിയിപ്പൊ കൊറച്ച് കൂടി വൈകിയാലും തരക്കേടില്ലെന്നെങ്കിലും സമ്മതിക്കുമല്ലോ!

മിനിങ്ങാന്ന്, ഡിസംബര്‍ 8-ന്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലണ്ടുകളുടെ കൂട്ടത്തിലെ നെക്കെര്‍ എന്ന ദ്വീപില്‍ വെച്ചായിരുന്നു വിവാഹം.

പേജിന്റെ കല്യാണം നടന്ന 74 ഏക്കറുള്ള ഈ ഐലണ്ടിന്റെ മൊത്തം ഉടമ വിര്‍ജിന്‍ അറ്റ്ലാന്റിക്-വിര്‍ജിന്‍ മെഗാസ്റ്റോര്‍ ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. അങ്ങേരായിരുന്നത്രെ കല്യാണച്ചടങ്ങിലെ 'ബെസ്റ്റ് മാന്‍'! [ബെസ്റ്റ്മാന്‍? അതെന്ത്ര്? ഏതെങ്കിലും നസ്രാണികള്‍ പറഞ്ഞ് തരീ]. ഓക്സ്ഫോഡില്‍ നിന്ന് മാസ്റ്റേഴ്സ് എടുത്തിട്ടുള്ള 27-കാരിയാണ് വധു ലൂസിന്‍ഡ സൌത്വര്‍ത്ത്. ഇവരിപ്പോള്‍ സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ ഇന്‍ഫോമാറ്റിക്സില്‍ പി.എച്ച്ഡി വിദ്യാര്‍ത്ഥിനി. (വരന്‍ ഇതേ കോളേജിലെ പി.എച്ച്ഡി ഡ്രോപ്പൌട്ടാണെന്നോര്‍ത്തോണം.) മോസ്കോയില്‍ ജനിച്ച സെര്‍ജി ബ്രിന്‍ എന്ന സ്റ്റാന്‍ഫോഡ് ക്ലാസ്മേറ്റിനോടൊപ്പം 1998-ലാണ് പേജ് ഗൂഗ് ള്‍ തുടങ്ങുന്നത്. ബ്രിന്‍ കഴിഞ്ഞ മെയില്‍ ബഹാമാസില്‍ വെച്ച് വിവാഹം കഴിച്ചു.

കഴിഞ്ഞ നാലു വര്‍ഷമായി ബ്രാന്‍സണും പേജും സുഹൃത്തുക്കളാണത്രെ. സ്റ്റീവ് ഫോസ്സെറ്റ് എന്ന ബ്രാന്‍സന്റെ സുഹൃത്തിനേയും കൊണ്ട് കാണാതായ വിമാനം കണ്ടെടുക്കാന്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ വിര്‍ജിന്‍ ഗ്രൂപ്പ്, ഗൂഗ്ള്‍ എര്‍ത്ത് സര്‍വീസ് ഉപയോഗപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

എഴുതാന്‍ ചുവര്‍ തന്ന ആളുകളെന്നതിലുപരി യുവത്വത്തിന്റെ ആവേശത്തിന് അമൂര്‍ത്തമായ മൂര്‍ത്തരൂപം കൊടുത്തവരെന്ന പ്രസക്തിയാണ് ഈ ചെറുപ്പക്കാരെ എന്റെ ഹീറോകളാക്കുന്നത്. ഇന്റര്‍നെറ്റില്‍ ക്ലാസിക്കുകളില്ല. നൂറ്റാണ്ടിന്റെ പാരമ്പര്യമെന്നൊക്കെ പറഞ്ഞ് ആര്‍ക്കും ഇവിടെ കുത്തക ഉണ്ടാക്കാനോ തുടരാനോ കഴിയില്ല. പരമാവധി 20-25 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം മാത്രമുള്ള പുതിയ മേഖലയാണിത്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ലെവലായ പ്ലെയിംഗ് ഫീല്‍ഡ്. അമേരിക്കയുടെ രാഷ്ട്രീയത്തോട് എതിര്‍പ്പ് തോന്നുമ്പോഴും സര്‍ഗശേഷിയുള്ള രണ്ട് ചെറുപ്പക്കര്‍ക്ക് ആകാശത്തേയ്ക്കപ്പുറം വളരാന്‍ സാഹചര്യമൊരുക്കുന്ന അവിടുത്തെ ഫ്രീ സൊസൈറ്റിയ്ക്ക് സലാം. (ലോകജനസംഖ്യയുടെ 7% ആളുകള്‍ 40% റിസോഴ്സുകള്‍ അനുഭവിക്കുന്ന അനീതിയാണ് അമേരിക്ക എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ആ അറിവോടു കൂടിത്തന്നെ ഈ സലാം).

ഗൂഗ്ളില്‍ ജോലി ചെയ്യുന്ന മലയാളം ബ്ലോഗേഴ്സും വായനക്കാരുമുണ്ട്. അവരുടെ ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫൊ അറിയാന്‍ കൌതുകം. എന്താ അണ്ണന്മാരേ, ബോസിന്റെ കല്യാണത്തിന് ഓഫീസ് നേരത്തേ വിട്ടോ? ലഡ്ഡൂം മിക്സ്ചറും കിട്ടിയോ? തലേന്ന് അത്താഴസദ്യ ഉണ്ടായിരുന്നോ? മധുരം നുള്ളിയൊ? എല്ലാര്‍ക്കും പുതിയ ഉടുപ്പ് വാങ്ങിത്തന്നോ?

വധൂവരന്മാരേ, നിങ്ങള്‍ക്കെന്റെ അജ്ഞാതവും നിശബ്ദവുമായ പ്രാര്‍ത്ഥനകള്‍!

24 comments:

One Swallow said...

ചിത്രത്തില്‍ Google's Larry Page and his fiancée, Lucy Southworth (left), and Sergey Brin and his wife, Anne Wojcicki (right) - ബിസിനസ് വീക്കിന്റെ സൈറ്റീന്ന് പൊക്കിയത്

One Swallow said...

ഫിയാന്‍സി ആയിരുന്നപ്പോഴത്തെ ചിത്രം!

Inji Pennu said...

Do no Evil - എന്ന സിമ്പിള്‍ മോട്ടോയാണ് എനിക്കീ കമ്പനിയോട് ഏറ്റം ഇഷ്ടം തോന്നാന്‍ കാരണം. മാത്രമല്ല, അത് 80% അവര്‍ പാലിക്കുന്നുണ്ടെന്നും തോന്നാറുണ്ട് സ്റ്റോക്ക് മാര്‍കെറ്റിലും മറ്റും സര്‍ക്കസ്സുകളും കസര്‍ത്തുകളും ഒന്ന്നും കാണിക്കാതേയും മറ്റൊരു കമ്പനി അക്വര്‍ ചെയ്യാനും ഒക്കെ. ഇവരില്ലായിരുന്നെങ്കില്‍ ഇന്ന് യാഹൂവൊക്കെ കാശ് മേടിച്ചേനെ മെയിലിനും മറ്റു സെര്‍വീസിനും. ഇന്റര്‍നെറ്റ് എന്നത് ഇപ്പോഴും സോഷ്യല്‍ ലെവലൈസിങ്ങ് ആവാന്‍ കാരണവും ഇവര്‍ തന്നെ. അതോണ്ട് അവര്‍ക്കൊരു ബിഗ് ഉമ്മാ‍ാ‍ാ!

(ബെസ്റ്റ് മാന്‍ എന്നത് എന്തിരെന്ന് ഗൂഗിളിയാ പോരേ? അയ്യ്! ഗൂഗിളിനെപറ്റി അരപേജ് എഴുതിയിട്ട് അതൊന്ന് സേര്‍ച്ചാണ്ട്?)

വാല്‍മീകി said...

വളരെ നന്നായി ഈ പരിചയപ്പെടുത്തല്‍.

മാരീചന്‍ said...

ഡേവിഡ് വൈസിന്റെ ഗൂഗിള്‍ സ്റ്റോറി വായിച്ചവര്‍ക്കറിയാം, ബ്രിന്‍-ലാറി ദന്ദ്വത്തിന്റെ വിജയകഥ. തിളയ്ക്കുന്ന ചെറുപ്പത്തിന്റെ വിജയഗാഥ. വിജയക്കണക്ക് ബില്യണുകളില്‍ മാത്രം പറയുന്ന പയ്യന്‍സിലൊരുവന്‍ ലാറി പേജ് ജീവിതത്തിലും വിജയിക്കട്ടെ എന്നാശംസിക്കാം.

ഒപ്പം തലയണ മന്ത്രത്തിന്റെ ശക്തിയില്‍ ഗൂഗിള്‍ സേവനങ്ങള്‍ കച്ചവടമാക്കാന്‍ തോന്നാതിരിക്കട്ടെ എന്ന് ആശിക്കുകയുമാകാം. ബ്രിന്‍-ലാറി കൂട്ട് അടിച്ചു പിരിയാതിരിക്കട്ടെയെന്നും....

വക്കാരിമഷ്‌ടാ said...

ഇനി എല്ലാവരും Anne Wojcicki എന്ന് മലയാളത്തില്‍ പത്ത് പ്രാവശ്യം പറഞ്ഞേ.

ഫ്രീയായിട്ട് കാശുണ്ടാക്കുന്ന ഈ അണ്ണന്മാരെപ്പോലുള്ള അണ്ണേഴ്സ് ആന്‍ഡ് അണ്ണീസ് എന്തേ നമ്മുടെ നാട്ടിലുണ്ടാവുന്നില്ല? മാട്ടേല്‍ ചാരി നിന്നുള്ള മോട്ടീവേഷം കിട്ടാനുള്ള സ്കോപ്പും കോപ്പും വേഷവുമില്ലാത്തതാണോ, അതോ ഇങ്ങിനെയൊക്കെയും പറ്റും എന്നുള്ള കാര്യം അറിയാഞ്ഞിട്ടാണോ...?

അതോ ഇതൊക്കെ പറ്റിക്കാന്‍ പറ്റിക്കത്സിന്റെ നാടുകളേ പറ്റുകയുള്ളോ? അതോ പറ്റിക്കത്സിന്റെ നാട്ടില്‍ ഇതൊന്നും പറ്റില്ലേ?

ഇവരില്ലാഞ്ഞിട്ടും കാശുവാങ്ങി എന്റെ ആദ്യമെയിലനുഭവം യു.എസ്.എ ഡോട്ട് നെറ്റ്. എന്റെ ഏറ്റവും മനോഹരമായ മെയിലൈഡിയും കൊണ്ടുപോയി പന്നന്‍സ്. കാശുമേടിക്കുന്നത് മോശമാണോ? :)

എന്തായാലും ലാറിയുടെ പേജുകള്‍ക്ക് വര്‍ത്താവട്ടെ സൌത്തില്‍ നിന്നുള്ള ലൂസി.

സിമി said...

ബെസ്റ്റ് മാന്‍ എന്നുപറഞ്ഞാ കല്യാണം കഴിക്കുന്ന പയ്യന്റെ സൈഡില്‍ പള്ളിയില്‍ നിക്കുന്ന പയ്യന്‍. മോരിതം ഒക്കെ ബെസ്റ്റ് മാനാ എടുത്തു കൊടുക്കുന്നത്.

Inji Pennu said...

വക്കാരീ‍
വെഞ്ചുവര്‍ കാപ്പിറ്റല്‍, ഏഞ്ചല്‍ ഇന്‍വെസ്റ്റേറ്റ്സ്...താ‍... ഞാനും നാളേ കാശുകാരിയാവും. ഐഡിയകള് തലയില്‍ തിളച്ച് മറിയുകയാണ് :):)

കാശ് സെര്‍വീസിനു വാങ്ങിക്കുന്നത് തെറ്റന്നല്ല. ഇന്റര്‍നെറ്റില്‍ ആഡ്സ് കൊണ്ട് വന്ന് അതൊരു വിപ്ല്വമാക്കി ബ്രേക്ക് ത്രൂ കൊണ്ട് വന്നതു കൊണ്ടാണ്. ആഡ്സിന്റെ ശരിയായ യൂസേജ്. ബുദ്ധിയുണ്ടായാല്‍ മാത്രം പോരാ, ബുദ്ധിജീവിയായാല്‍ മാത്രം പോര, ഫോര്‍ മണീസും ഉണ്ടാക്കാനുള്ള ബിസിനസ്സ് തല കൂടി വേണം എന്ന് പഠിപ്പിച്ചത് ഗേറ്റ്സ് അണ്ണനല്ലേ?

വക്കാരിമഷ്‌ടാ said...

ഗേറ്റ്സ് എന്ന മനുഷ്യന്‍ ഉണ്ടാക്കിയ സംഭവത്തിന് വിന്‍ഡോസ് എന്ന് പേരിട്ടപ്പോഴേ അറിയാമായിരുന്നു ഇതിങ്ങിനെയൊക്കെയേ ആവൂ എന്ന്. ബുദ്ധീം വേണ്ട, ബുദ്ധിജീ‍വിയാവുകയും വേണ്ട, ഫോര്‍ മണീസ് ഉണ്ടാക്കാനുള്ള ബിസിനസ്സ് തല മാത്രം മതിയെന്നല്ലേ അദ്ദേഹം നമ്മളെ പഠിപ്പിച്ചത്? :) (ഗേറ്റണ്ണാ, ചുമ്മാ. എന്റെ വിന്‍ഡോസ് നേരാംവണ്ണമൊക്കെ ഓടിച്ച് തരണേ...)

ഒരു “ദേശാഭിമാനി” said...

കാരയ്യം ഇതൊക്കെ ഇങ്ങനെ പയ്യെ പയ്യെ ഉപയോഗിക്കുന്നെങ്കിലും, ഇത്രയും ഒന്നും അറിയില്ലായിരുന്നു കെട്ടോ!.

നിങ്ങള്‍ ചെറുപ്പക്കാറുടെ ദശാംശം പൂജ്യം-പൂജ്യം ഒന്നു ശതമാനം പോലും ലോകവിവരമില്ലല്ലോ പലകാര്യങ്ങളിലും എന്നു എപ്പോഴും എനിക്കു തോന്നും!

നല്ല വിവരണം!

സാക്ഷരന്‍ said...

കൊള്ളാം മിടുക്കന് പയ്യന്

Umesh::ഉമേഷ് said...

ഗൂഗിളില്‍ ജോലി ചെയ്യുന്നവനായിട്ടും പത്രമോ ടെലിവിഷനോ കാണുന്ന സ്വഭാവമില്ലാത്തതിനാല്‍ ഈ വാര്‍ത്ത ഈ പോസ്റ്റിലൂടെയാണു് അറിഞ്ഞതു്. ഒരു ചോദ്യത്തിനു് ഉത്തരമായല്ലോ. ഗൂഗിളിനുള്ളില്‍ ഇതൊരു വാര്‍ത്തയായി വന്നേ ഇല്ല. ഗൂഗിള്‍ വാര്‍ത്തകള്‍ (പുതിയ കമ്പനികളെ വാങ്ങുന്നതു്, പുതിയ സര്‍വ്വീസുകള്‍ പുറത്തിറങ്ങുന്നതു്, ഏതെങ്കിലും ഗൂഗിള്‍ ജോലിക്കാരനു വലിയ അംഗീകാരം കിട്ടുന്നതു് തുടങ്ങിയവ) പ്രസിദ്ധീകരിക്കുന്ന ഇന്റേര്‍ണല്‍ വെബ് സൈറ്റില്‍ പോലും ഈ വാര്‍ത്ത ഉണ്ടായിരുന്നില്ല. കമ്പനി നേരത്തേ വിട്ടില്ല. ലഡ്ഡു വിതരണം ഉണ്ടായിരുന്നില്ല. (ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിനും ദീപാവലിക്കും വിജയദശമിക്കും ഇന്ത്യന്‍ മധുരപലഹാരങ്ങളും രമദാന്‍ മാസത്തില്‍വൈകിട്ടു സ്പെഷ്യല്‍ റമദാന്‍ ഭക്ഷണവും ഇവര്‍ നല്‍കിയിരുന്നു എന്നും ഓര്‍ക്കണം.)

ഗൂഗിള്‍ വാര്‍ത്തകള്‍ പലതും പുറത്തുള്ളവരോടു സംസാരിക്കുമ്പോഴാണു് അറിയുന്നതു്. ചിലതൊക്കെ വാസ്തവം. മറ്റു പലതും ഊഹാപോഹം.

പിന്നെ, ഈ ലേഖനത്തില്‍ പറഞ്ഞ ഒരു കാര്യത്തിനോടു് എനിക്കു വിയോജിപ്പുണ്ടു്. സേര്‍ച്ചിംഗ്, ബ്ലോഗിംഗ് തുടങ്ങിയ സേവനങ്ങള്‍ തരുന്ന ആള്‍ എന്നു ഗൂഗിളിനെ വിശേഷിപ്പിക്കുന്നതില്‍. ഗൂഗിളിനും മുമ്പേ യാഹുവും ആള്‍ട്ടാവിസ്തയും മറ്റും സേര്‍ച്ചിംഗ് സേവനങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോഴും ചൈനീസ് തുടങ്ങിയ ഭാഷകളില്‍ യാഹൂ ആണു കൂടുതല്‍ പോപ്പുലര്‍. ബ്ലോഗര്‍ എന്ന കമ്പനിയെ വാങ്ങിയപ്പോഴാണു ഗൂഗിള്‍ ബ്ലോഗിംഗ് സേവനദാതാവായതു്. യാഹുവും വേര്‍ഡ്പ്രെസ്സും ലൈവ് ജേര്‍ണലും റീഡിഫുമൊക്കെ ബ്ലോഗറിനൊപ്പം തന്നെ മികച്ച ബ്ലോഗിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ടു്. മുമ്പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കുന്ന മലയാളികള്‍ ഭൂരിഭാഗവും ബ്ലോഗറിന്റെ പുറകേ പോകുന്നു എന്നു മാത്രം. ബ്ലോഗിംഗിനെപ്പറ്റിയുള്ള പല ലേഖനങ്ങളിലും ബ്ലോഗ് എന്നു വെച്ചാല്‍ ഗൂഗിള്‍/ബ്ലോഗര്‍ ബ്ലോഗ് ആണെന്ന രീതിയിലുള്ള പരാമര്‍ശങ്ങളും കാണാറുണ്ടു്.

മറ്റു കമ്പനികളെ അപേക്ഷിച്ചു ഗൂഗിള്‍ അല്പം കൂടി നന്നായി ചെയ്യുന്ന ഒരു കാര്യമുണ്ടു്. പുതിയ ഒരു പ്രോഡക്ട് വാങ്ങിക്കഴിഞ്ഞാല്‍ അവര്‍ അതില്‍ ആളുകളെ കൂടുതല്‍ കര്‍മ്മനിരതരാക്കി അതിനെ നന്നാക്കാന്‍ വളരെ ശ്രമിക്കുന്നുണ്ടു്. ബ്ലോഗര്‍ രണ്ടാം വേര്‍ഷന്‍ ഒന്നിനെ അപേക്ഷിച്ചു വളരെ നല്ലതാണു്. ഓര്‍ക്കുട്ട്, ഗൂഗിള്‍ എര്‍ത്ത്, ഗൂഗിള്‍ മാപ്സ്, യൂട്യൂബ് തുടങ്ങിയവ ഉദാഹരണങ്ങള്‍. മറ്റു കമ്പനികള്‍ അത്ര ശുഷ്കാന്തി ഇതില്‍ കാണിക്കാറില്ല. ഉദാഹരണമായി, യാഹൂ ഗ്രൂപ്സ് ഇ-ഗ്രൂപ്പിന്റെ പ്രോഡക്റ്റിനെക്കാള്‍ വളരെയൊന്നും മുന്നോട്ടു പോയിട്ടില്ല. ബഗ്ഗുകള്‍ ഫിക്സു ചെയ്യുന്ന കാര്യത്തിലും ഗൂഗിള്‍ അല്പം കൂടി ശുഷ്കാന്തി കാണിക്കുന്നുണ്ടു്.

സൌജന്യമായി നല്‍കുന്നു എന്ന തോന്നലുണ്ടാക്കിക്കൊണ്ടു് ലാഭമുണ്ടാക്കുകയും അതു വഴി കൂടുതല്‍ സേവനങ്ങള്‍ സൌജന്യമായി നല്‍കാന്‍ പര്യാപ്തമാകുകയും ചെയ്യുകയാണു് ഗൂഗിള്‍ ചെയ്യുന്നതു്. അല്ലാതെ ചാരിറ്റിയല്ല. യാഹുവും മൈക്രോസോഫ്റ്റും സണ്ണും അഡോബെയും ഒക്കെ ഇതുപോലെയുള്ള പലതും ചെയ്യുന്നുണ്ടു്. അതു മറന്നുകൂടാ.

One Swallow said...

ഉമേഷ് എഴുതിയതു വായിച്ചപ്പോള്‍ അല്‍ടാവിസ്റ്റയില്‍ തിരഞ്ഞ ആ ‘പണ്ടു പണ്ടത്തെ’ കാലമോര്‍ത്ത് നൊസ്റ്റാള്‍ജിയ. “എനിക്കിതെഴുതാനും വെബ്ലിഷ് ചെയ്യാനുമടക്കം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യര്‍ക്ക് മെയിലാനും സെര്‍ച്ചാനും ബ്ലോഗാനും അപ്-ലോഡാനും പരസ്യം ചെയ്യാനുമെല്ലാം ഉപകാരപ്പെടുന്ന ഗൂഗ്ള്‍ തറവാടിന്റെ” എന്ന വാചകത്തില്‍ ഗൂഗ് ളിന് ഒരു എക്സ്ക്ലൂസിവിറ്റിയും ചാര്‍ത്തിയിരുന്നില്ല. എന്തായാലും ഇപ്പറഞ്ഞ ഫീല്‍ഡുകളിലെല്ലാം ലേറ്റ് കമറാണെങ്കിലും ഒന്നാം സ്ഥാനക്കാരനായല്ലോ ഗൂഗ്ള്‍. യാഹു മെയിലിന്റെ പുതിയ വെര്‍ഷന്‍ ഉപയോഗിക്കാന്‍ വയ്യാത്ത വിധം കോമ്പ്ലിക്കേറ്റഡായെന്നാണ് എന്റെ തോന്നല്‍. അതുകൊണ്ട് ക്ലാസിക്കിലേയ്ക്ക് സ്വിച്ച് ചെയ്തു. പരസ്യത്തിലൂടെ ഗൂഗ് ള്‍ കാശുണ്ടാക്കിക്കോട്ടെ - പക്ഷേ 16 വയസ്സുള്ള ഒരു നാടന്‍ പെണ്‍കിടാവിനെ ഓര്‍മിപ്പിക്കുന്ന ആ ഹോം പേജ് അതിമനോഹരം. ഞാന്‍ എല്ലാ ബ്ലോഗിംഗ് സേവനക്കാരെയും പോയി നോക്കിയിട്ടുണ്ട്. എന്നെപ്പോലുള്ള ഡമ്മികള്‍ക്ക് യൂസര്‍ ഫ്രണ്ട്ലിയായി തോന്നുന്നത് ബ്ലോഗര്‍ തന്നെ. എഴുതിയ ഇക്കാര്യങ്ങളുടെ പിന്നിലെങ്കിലും തെറ്റിദ്ധാരണയോ വളച്ചൊടിക്കലോ ഇല്ലെന്ന് വിശദീകരിക്കാന്‍ മാത്രമാണ് ഈ കുറിപ്പ്.

ശ്രീ said...

:)

One Swallow said...

ഉമേഷേ, ഒരു സംശയം - ഗൂഗ്ളിന്റെ സെര്‍ച്ച്, ബ്ലോഗിംഗ് തുടങ്ങിയ മിക്കവാറും എല്ലാ സേവനങ്ങളും 116 ഭാഷകളില്‍ (2006-ലെ കണക്ക്) ലഭ്യമാണ് എന്ന് വേള്‍ഡ് ഈസ് ഫ്ലാറ്റിന്റെ 2006 എഡിഷനില്‍ വായിച്ചു. ഇപ്പോഴത്തെ സ്ഥിതിയോ? ഇക്കാര്യത്തില്‍ ഗൂഗ് ളാണോ മുന്നില്‍?

ഇഞ്ചീ, എല്ലാം സെര്‍ച്ച് ചെയ്തറിഞ്ഞാപ്പിന്നെ പെഴ്സണല്‍ ഇന്ററാക്ഷന്റെ രസം പോവത്തില്ലേ? എനിയ്ക്ക് ഒരച്ചായന്റെ ധാര്‍ഷ്ട്യത്തോടെയുള്ള ഭാഷയില്‍ കേള്‍ക്കാനൊരു രസം തോന്നി ബെസ്റ്റ് മാനെപ്പറ്റി.ദാറ്റ്സാ‍ള്‍. ഇനിയും അങ്ങനെയൊക്കെത്തന്നെ തോന്നും, തോന്നണം. ഗൂ ഗ് ള്‍ മാത്രം പോരല്ലൊ ഭൂമിയില്‍.

SAJAN | സാജന്‍ said...

ഇത് കണ്ടിരുന്നോ?

കൃഷ്‌ | krish said...

:)

ക്രിസ്‌വിന്‍ said...

:)

ഏറനാടന്‍ said...

വിവാഹ മംഗളാശംസകള്‍ ഡിയറ് ഗൂഗ്ഗിളനിയാ..

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

വിജ്ഞാനപ്രദം...:)

ത്രിശങ്കു / Thrisanku said...

പേജിന്റെ ബ്ലോഗ്ഗര്‍ പേജിലൂടെ തന്നെ ഇരിക്കട്ടെ പേജിന് വിവാഹാശംസകള്‍. :)

വക്കാരിമഷ്‌ടാ said...

കല്ല്യാണം കുളമാവായെന്നാണല്ലോ മാ തിരുഭൂമി പറയുന്നത്. കല്ല്യാണം കുളമായെങ്കിലും ജീവിതം അടിച്ചുപൊളിക്കട്ടെ.

One Swallow said...

അതു ശരിയാ. കല്യാണം എന്ന ലക്ഷ്യത്തേക്കാള്‍ പ്രധാനം അതുകഴിഞ്ഞുള്ള ദാമ്പത്യം എന്ന മാര്‍ഗമാ.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വളരെ നന്നായി ...........

Related Posts with Thumbnails