Wednesday, December 26, 2007
കാര്യങ്ങള്‍ കാണപ്പെടുന്നതുപോലെയല്ല
ബ്രസീലിലിയന്‍ എഴുത്തുകാരന്‍ പൌലോ കൊയ് ലോ എല്ലാ വര്‍ഷവും ഒരു കൃസ്മസ് കഥയെഴുതും. നമ്മുടെ ഓണപ്പതിവ് കഥകള്‍ പോലെ. ഇതില്‍ പരിഹാസമൊന്നുമില്ല. രണ്ട് വ്യത്യസ്ത ഓണക്കാലങ്ങളില്‍ സ്റ്റോക്കെല്ലാം തീര്‍ന്ന രണ്ടു മലയാളി എഴുത്തുകാരെ രണ്ട് മലയാളി പത്രാധിപന്മാര്‍ ഭീഷണിപ്പെടുത്തിയോ മുറിയിലടച്ചിട്ടോ എഴുതിപ്പിച്ച കഥകളാണ് മതിലുകള്‍ (ബഷീര്‍), മരപ്പാവകള്‍ (കാരൂര്‍) എന്നിവ. രണ്ടും ഒന്നാംകിട. മരപ്പാവകള്‍ എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥ. പോരാ - ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ചെറുകഥകളിലൊന്ന്.
ഇക്കുറി പൌലോ കൊയ് ലോയുടെ കഥ വന്നോയെന്നറിഞ്ഞില്ല. പൌലോ കൊയ് ലോ എന്റെ പ്രിയ എഴുത്തുകാരനുമല്ല. ബ്രസീല്‍ എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ പൌലോ കൊയ് ലോയേയും പെലെയേയുമല്ല ജോര്‍ജ് അമാദോവിനെയാണോര്‍ക്കുക. [മനുഷ്യമ്മാര് രണ്ടു തരം - ജോര്‍ജ് അമാദോയെ വായിച്ചവരും വായിക്കാത്തവരും]. നമ്മുടെ ദ്വയാര്‍ത്ഥവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ജോര്‍ജ് അമാദോയും സ്ത്രീവിരുദ്ധനാണ് - നിര്‍ഭാഗ്യവശാല്‍ മിക്കവാറും എല്ലാ നല്ല എഴുത്തുകാരെയും പോലെ. അങ്ങേരുടെ ഒരു വാചകം: one cannot fuck all the women in the world, but one can try!
അഞ്ചാറ് വര്‍ഷം മുമ്പത്തെ കൃസ്മസ്സിന് പൌലോ കൊയ് ലോ പ്രസിദ്ധപ്പെടുത്തിയ things are not what they seem എന്ന മനോഹരമായ കൃസ്മസ് കഥയുടെ സംഗ്രഹം ഇതാ:
കൊയ് ലോയുടെ നാടായ ബ്രസീലില്‍ കൃസ്മസ് കാലം കൊടുംചൂടുള്ള സമയമാണ്. അങ്ങനെ ഒരു കൃസ്മസ് കാലത്ത് രണ്ട് മാലാഖമാര്‍ ഒരു ബ്രസിലീയന്‍ പട്ടണത്തില്‍ കൃസ്മസ് ഒരുക്കങ്ങള്‍ കാണാനും ആളുകളുടെ ക്ഷേമമറിയാനുമായി വന്നുചേര്‍ന്നു - ഒരു വയസ്സന്‍ മാലാഖയും ഒരു ചെറുപ്പം മാലാഖയും. മാലാഖമാരാണെന്നറിയാതിരിക്കാന്‍ വേഷം മാറിയാണ് ഇവര്‍ വന്നത്. ആദ്യം ചെന്നത് ഒരു പണക്കാരന്റെ വീട്ടില്‍. വീടെന്നു പറഞ്ഞാല്‍പ്പോരാ, ഒരു കൊട്ടാരം. പണക്കാരന്‍ കടുത്ത ദൈവവിശ്വാസിയായതുകൊണ്ട് അയാള്‍ക്ക് മാലാഖമാരുടെ തലകള്‍ക്കു മുകളിലെ അദൃശ്യവലയം കാണാന്‍ പറ്റി. പക്ഷേ അങ്ങനെ അവരെ തിരിച്ചറിഞ്ഞിട്ടും അന്നു രാത്രി ആ വീടിന്റെ ബേസ്മെന്റിലേ അവരെ കിടത്താന്‍ പറ്റിയുള്ളു, കാരണം അന്നവിടെ ഒരു വലിയ കൃസ്മസ് വിരുന്നു നടക്കുകയായിരുന്നു. അന്നാട്ടിലെ എല്ലാ വലിയ ആളുകളും പങ്കെടുക്കുന്ന ഒരു വലിയ വിരുന്ന്. എല്ലാ മുറികളും എന്‍ ഗേജ്ഡ്. ബേസ്മെന്റില്‍ വെന്റിലേഷന്‍ കുറവായതിനാല്‍ നല്ല ചൂടായിരുന്നു, എന്തോ ഭക്ഷണം കിട്ടിയതും കഴിച്ച് രണ്ട് മാലാഖമാരും ഉറങ്ങാതെ കിടന്നു. ആളുകളുടെ ആധിക്യം കൊണ്ടായിരിക്കണം, പെട്ടെന്ന് ബേസ്മെന്റിന്റെ മേല്‍ഭാഗം തകര്‍ന്ന് താഴേയ്ക്കിരുന്നു. വയസ്സന്‍ മാലാഖ എന്തു ചെയ്തു - അങ്ങേര് തന്റെ ദൈവിക ശക്തി ഉപയോഗിച്ച് തല്‍ക്ഷണം തന്നെ ആ വീട് പൂര്‍വരൂപത്തിലാക്കി. വന്നു കൂടിയവരും ഗൃഹനാഥനുമൊന്നും അറിയുന്നതിനു മുമ്പു തന്നെ എല്ലാം പഴയപടി! പിറ്റേന്ന് രാവിലെ പണക്കാരനോട് യാത്ര പറഞ്ഞ് അവര്‍ അവിടം വിട്ടു
അന്നു വൈകീട്ട് അവര്‍ ഒരു പാവപ്പെട്ട കുടുംബം താമസിക്കുന്ന കുടിലില്‍ ചെന്നു കയറി. അവര് ഈശ്വരവിശ്വാസികളല്ലായിരുന്നതുകൊണ്ട് പ്രഭാവലയമൊന്നും കണ്ടില്ല. ഏതായാലും വന്നു കയറിയ അതിഥികള്‍ക്ക് അവര്‍ കാറ്റു വരുന്ന മുറി തന്നെ കൊടുത്തു. പശുവിനെ കറന്ന് പാലെടുത്ത് തിളപ്പിച്ചു കൊടുത്തു. അവിടെയുണ്ടായിരുന്ന ഏറ്റവും നല്ല ഭക്ഷണം കൊടുത്തു. വീട്ടിലെ കുഞ്ഞിനെ നിലത്ത് പായയില്‍ ഇറക്കിക്കിടത്തി അതിഥികള്‍ക്ക് ഏറ്റവും നല്ല കിടയ്ക്ക തന്നെ കിടക്കാനും കൊടുത്തു. അന്നു രാത്രി അതിഥികള്‍ സുഖമായുറങ്ങി. പക്ഷേ പിറ്റേന്ന് രാവിലെ വീട്ടുകാരുടെ കരച്ചില്‍ കേട്ടാണ് ഈ മാലാഖമാര്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ ആ വീട്ടുകാരുടെ ഏകവരുമാനമാര്‍ഗമായിരുന്ന പശു രാവിലെ തൊഴുത്തില്‍ മരിച്ചു കിടക്കുകയാണ്. മാലാഖമാര്‍ക്ക് സങ്കടമായി. ഏതായാലും അവര്‍ക്ക് അടുത്ത സ്ഥലം തേടി പോകണമല്ലൊ, അവര്‍ യാത്ര പറഞ്ഞിറങ്ങി. വഴിയിലെത്തിയ പാടെ ചെറുപ്പക്കാരന്‍ മാലാഖ വയസ്സന്‍ മാലാഖയോട് തട്ടിക്കയറി: നമ്മളെ തിരിച്ചറിഞ്ഞിട്ടും നന്നായി പരിചരിക്കാതിരുന്ന ധനികന്റെ കൊട്ടാരം ഇടിഞ്ഞുവീണപ്പോള്‍ നിങ്ങളത് ഉടന്‍ തന്നെ ആരോരുമറിയാതെ ഒരു സെക്കന്റ് കൊണ്ട് ശരിയാക്കി. എന്നാല്‍ തിരിച്ചറിയാതിരുന്നിട്ടും മാലാഖമാരെയെന്നപോലെ നമ്മളെ പരിചരിച്ച ഒരു ദരിദ്രകുടുംബത്തിന്റെ ഏകവരുമാനമാര്‍ഗമായ പശു ചത്തുപോയിട്ട് ചെറുവിരലനക്കാതെ നിങ്ങള്‍ യാത്രയും ചോദിച്ച് പോന്നു. എവിടെപ്പോയി നിങ്ങടെ മന്ത്രശക്തി? നിങ്ങടെ കൂടെ ഒരു ചുവട് ഞാനിനി മുന്നോട്ടില്ല.
ഇതുകേട്ട് വയസ്സന്മാലാഖ ഇങ്ങനെ പറഞ്ഞു: ധനികന്റെ വീടിന്റെ അടിത്തറ സോളിഡ് സ്വര്‍ണം കൊണ്ടാണുണ്ടിക്കിയിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ആ പഴയ കൊട്ടാരം അടുത്ത കാലത്ത് വിലയ്ക്കു വാങ്ങിയ ധനികന് അക്കാര്യമറിയില്ല. മര്യാദയില്ലാത്ത അയാള്‍ക്ക് അത്രയും സ്വര്‍ണം കൊടുക്കണ്ട എന്നു കരുതിയാണ് ആരുമറിയും മുമ്പെ ഞാനത് പൂര്‍വസ്ഥിതിയിലാക്കിയത്.
ഇനി ദരിദ്രന്റെ വീട്ടിലെ കാര്യം. ഇന്നലെ രാത്രി മരണത്തിന്റെ മാലാഖ വന്നപ്പോള്‍ ഞാന്‍ വിവരമറിഞ്ഞിരുന്നു. നമ്മള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ട് അയാളെന്നെ വിളിച്ചുണര്‍ത്തി. ‘എന്താ ഇവിടെ’ എന്നു ചോദിച്ചു. ഭൂമിയിലെ കൃസ്മസ് ആഘോഷങ്ങള്‍ കാണാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. ‘നിങ്ങളെന്താ ഇവിടെ’ എന്ന് ഭയത്തൊടെ ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. അവരുടെ കുഞ്ഞിന്റെ ജീവനെടുക്കാനായിരുന്നു അയാള്‍ വന്നത്. അവരെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ ആ കുഞ്ഞിന്റെ ജീവനെടുക്കുന്നതിനു പകരം അയാളാ പശുവിന്റെ ജീവനും കൊണ്ടുപോയി. മരണമലാഖ ഒരിടത്തുവന്നാല്‍ ഒരു ജീവനെങ്കിലും കൊണ്ടെ പോകൂ എന്ന് നിനക്കറിയാമല്ലൊ! മകനേ, കാര്യങ്ങളെല്ലാം കാണപ്പെടുന്നതുപോലെയല്ല.
Subscribe to:
Post Comments (Atom)
21 comments:
ബ്ലോഗന്നൂരിലെ മികച്ച കഥാകൃത്തുക്കളായ രാജ് നായര്‍ക്കും (പെരിങ്ങോടന്‍) മനു നായര്‍ക്കും ഈ കഥാസംഗ്രഹം സമര്‍പ്പിക്കുന്നു.
താഴേപ്പറയുന്ന പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യു. അപ്പോള്‍ ഈ പ്രശ്നമുണ്ടാകില്ല.
ക്ലാസ് കപടലോകം
ഇണ്ടിഗര്‍ കാഴ്ച്ച, ഇണ്ടിഗര്‍ കേള്‍വി , ഇണ്ടിഗര്‍ മറ്റ് സെന്‍സുകള്‍, ബൂളിയന്‍ ട്രു, ബൂളിയന്‍ ഫാള്‍സ്
ഫങ്ക്ഷന്‍ തലമണ്ട(ബൂളിയന്‍ ട്രു, ബൂളിയന്‍ ഫാള്‍സ്)
{
ഫങ്ക്ഷന്‍ കാണുക ( കാഴ്ച്ച)
ഫങ്ക്ഷന്‍ കേള്‍ക്കുക(കേള്‍വി)
ഫങ്ക്ഷന്‍ ഇന്ദ്രിയം(മറ്റ് സെന്‍സുകള്‍)
ഇഫ് ട്രു = ട്രു
സ്റ്റ്രിങ് സ്മയില്‍= "പാല്‍ പുഞ്ചിരി"
ഇഫ് ഫാള്‍സ് = ഫാള്‍സ്
സ്റ്റ്രിങ് സ്മയില്‍="ഇളിച്ചുകാട്ടുക"
}
ഇത് ജാവ പ്രൊഗ്രാമിലെഴുതിയിരിക്കുന്നതാണ്. മനസ്സിലാകാത്തവര്‍ അറിയുന്നവരോട് ചോദിക്കുക.
നമ്മള്‍ കാണും സങ്കല്‍പ്പ ലോകമല്ലീയുലകം എന്ന് ഒരിക്കല്‍ കൂടി ഇന്നലെ റാം മോഹന്റെ
പോസ്റ്റില്‍ നമ്മള്‍ തെളിയിച്ചു.
ബ്ലോഗ്ഗിലെ നിലവാരമുള്ള ചുരുങ്ങിയ ബ്ലോഗുകളീല്‍ എനിക്ക് വായിക്കാന്‍ ഇഷ്ടമുള്ള ഒന്നാണിയാളുടേത്.
ഇതിനിയാള്‍ എനിക്ക് കാശൊന്നും തരുന്നില്ല. എവിടേയൊക്കേയ്യൊ കണ്ടിട്ടുള്ള സംസാരിക്കുന്ന
അക്ഷരങ്ങളൂം എഴുത്തില്‍ തെളിയുന്ന സംസ്കാര സമ്പന്നമായ ഒരു മുഖവുമാണ് ഈ പ്രീതിക്ക്
അടിസ്ഥാനം.
ഇയാളുടെ പോസ്റ്റുകളിലൊന്നും ഒര് വരി പോലും ആരേയും വ്രണപ്പെടുത്തുന്നതൊ വ്യക്തി ഹത്യാപരമൊ ആയി എനിക്ക്
കാണാന്‍ കഴിഞ്ഞിട്ടില്ല.
എന്നിട്ടും സംസ്കാരശുന്യമായ കമെന്റെഴുതി ഇയാളെ നാം നോവിച്ചു.
ഒരു ബ്ലോഗറെന്ന നിലയില്‍ ഞാന്‍ ലജ്ജിച്ച ഏക അനുഭവം. എഴുതിയവന്‍ സംസ്കാര ശൂന്യനെന്ന് ഞാന്‍ പറയില്ല.
കമന്റിയത് എഴുത്തും വായനയും അറിയാവുന്ന ഒരാള്‍ക്ക് ചേര്‍ന്നതായില്ല എന്നേ പറയുന്നുള്ളൂ.
എന്റെ ബ്ലോഗായിരുന്നെങ്കില്‍ ഞാന്‍ കമന്റ് ബ്ലോക് ചെയ്യില്ലായിരുന്നു. ഒര് കൊടി പോലെ ആ കമന്റ് അവിടെ നിലകൊള്ളുമായിരുന്നു.
അതെഴുതിയവന്റെ കൈത്തരിപ്പ് തീരുന്നിടത്തോളം എന്നെ തെറിവിളിക്കാന്‍ തുറന്നിടുമായിരുന്നു.
ഒരാളെ നാം തെറി വിളീക്കുമ്പോള്‍ തെറിപ്പിക്കുന്ന ചെളിയില്‍ സ്വയം നാം അഭിഷിക്തനാകുന്നു.
ഇത്രയും നികൃഷ്ട്ടമായ വക്കുകള്‍ വന്യമായ സ്വപ്നത്തില്‍ പോലും സംസ്കാരശുന്യമെന്നേ കരുതാനാവു.
എഴുത്ത് വാണിമാതാവാണ്. അക്ഷരങ്ങള്‍ അവളുടെ പൂജാപുഷ്പങ്ങളാണ്. ചീഞ്ഞപുഷ്പങ്ങളാല്‍ മാതൃപൂജ നാം നടത്താറില്ല.
ഇത്രയും ഈ പോസ്റ്റിന് ഓഫ് ടോപ്പികും മുന്‍പോസ്റ്റിന്റെ ഓണ്‍ ടോപ്പികും ആണ്. വിരോധമില്ലെങ്കില്‍ ഇടുക.
റാം മോഹന്‍ ഒരിക്കലെഴുതിയ മോത്തിയബാഗിലെ പന്നികള്‍- അവകള്‍ ഇപ്പോള്‍...
മല്‍സ്യമാംസാദി ഭുജിച്ചീടുകിലുമമേദ്യത്തെ പാരാതെ ഭുജിക്കണം സാരമേയ്യങ്ങള്‍ക്കെല്ലാം..
കണ്ണുകൊണ്ട് കാണുന്നതിനേയൊ, കാതുകൊണ്ട് കേള്‍ക്കുന്നതിനേയൊ വിശ്വസിക്കരുത്. അവ കേവലോപകരണങ്ങള്‍ മാത്രം. അവ പ്രാധമിക
ധര്‍മ്മമെ നിറവേറ്റുന്നുള്ളു.
ഈ കാഴ്ച്ചയേയും കേള്‍വിയേയും തലച്ചോറാണ് വിവേചിക്കേണ്ടതും ശരിയായി ഉള്‍ക്കൊള്ളേണ്ടതും എന്നാണ് മുന്നത്തെ കമന്റില്‍ ഉദ്ദേശിച്ചത്.
വേണ്ടായിരുന്നു. പാവ്ലോ കൊയ്ലോയോടുണ്ടായിരുന്ന അവസാന മതിപ്പും ഇതോടെ തീര്‍ന്നു കിട്ടി.
കഥ തീരെ വ്യത്യാസമില്ലാതെ വളരെക്കാലം മുതല്‍ക്കേ പ്രചാരത്തിലുള്ള വസ്തുവത്രേ. ഞാന്‍ കേട്ടിട്ടുള്ള വേര്‍ഷന്‍ ഹാറൂന്‍ നബിയും മൂസാ നബിയും തമ്മിലുള്ള ഒരു കോണ്വെര്‍സേഷന്‍ ആയിട്ടാണു്. സാധൂസാന്ത്വനമാണീ ടൈപ്പ് കഥയുടെ ലക്ഷ്യമെങ്കില്‍ വിശാലന്‍ ഈയിടെ എഴുതി ഡിലീറ്റ് ചെയ്ത ഫലിതമാണു ഭേദം.
“പണക്കാരന്‍ സ്വര്‍ഗ്ഗത്തില്‍ പോയപ്പോള്‍ ദൈവം ബാന്‍ഡ്സെറ്റ് വച്ചു സ്വീകരിച്ചതു കണ്ട പാവപ്പെട്ടവന്‍ അരിശം കൊണ്ടത്രേ. ഞാന്‍ വന്നപ്പോ ഒരു ഡാഷും കണ്ടില്ലല്ലോ എന്നു്. ദൈവം പറഞ്ഞു മോനേ, ഇതു വല്ലപ്പോഴുമുണ്ടാവുന്ന ഒരു സംഭവമല്ലയോ എന്നു്”
മിന്നുതതെല്ലാം പൊന്നല്ലാന്ന് ചുരുക്കം.
മാലാഖക്കഥ കൊള്ളാം.
വളരെ മനോഹരമായ ഈ കഥ ഭംഗിയായി പറഞ്ഞുതന്നതിന് ചിത്രകാരന്‍ കൃതജ്ഞത അറിയിച്ചുകൊള്ളട്ടെ.
പോസ്റ്റ് കൊള്ളാം
പക്ഷേ ബ്ലോഗന്നൂരിലെ ഏറ്റവും നല്ല കഥാകാരന്‍ ഞാനാ. നായന്മാരൊന്നും അല്ല.
നേരത്തേ ഇവിടെ നടന്ന അടി കാണാന്‍ പറ്റിയില്ല.. നാട്ടില്‍ ആയിരുന്നു. അതിന്റെ ആര്‍ക്കൈവ് ഒന്നും ഇല്ലേ?
- സ്വന്തം, സിമി.
സിദ്ധാര്‍ത്ഥാ, പണ്ട് ഔട്ട്ലുക്കിലാണ് ഈ കഥ വായിച്ചത്. താഴെ വട്ടത്തില്‍ സി-യും ഉണ്ടായിരുന്നു - കോപ്പിറൈറ്റ്! പോസ്റ്റില്‍ കൊയ്ലോയുടെ ബ്ലോഗിന്റെ ലിങ്കിട്ടിരുന്നല്ലൊ - അതിലൊന്ന് എഴുതി നോക്കണോ? ;-)
സിമിയേ, അപ്പഴത്തെ ഒരു വികാരത്തിന് ഡിലീറ്റ് ചെയ്തതാണ്. ആര്‍ക്കൈവ്സ് കിട്ടിയാല്‍ എനിക്കും വേണം. പിന്നെ ‘ഏറ്റവും നല്ല’ എന്നതിന്റെ ഒറ്റവാക്കാ ‘നായര്‍’ എന്നത്. നിങ്ങ ഇനി അടുത്ത ജന്മം നോക്ക്. :-)
പൌലോ കൊയ്ലോയെ പറ്റി രാംജീ ഈ എഴുതിയത് വായിച്ചാല്‍ ഏതോ തരം താണ എഴുത്തുകാരന്‍ ആണെന്ന് തോന്നുമല്ലോ രാംജി. ശരിയാണല്ലോ താന്‍ വളിപ്പല്ല വലിപ്പാണ് എന്ന് തെളിയിക്കാന്‍ ഇങ്ങനെ ചില പദ്ധതികളൊക്കെ വേണം. വായതുറന്നാല്‍ ദരീദയെന്നോ, ഗുന്തര്‍ഗ്രാസെന്നോ,പാമുക്കെന്നോ, നീത്ഷെയെന്നോ, സാര്‍ത്രെന്നോ ഒക്കെ പുലമ്പണം എന്ന് മാത്രമല്ല മാരിയോപുസോയേയും, ഷെല്‍ഡനേയും, റൊബ്ബെര്‍ട്ട് ലുഡ്ലത്തേയും ഒക്കെ തരവഴിത്തരം പറയുകയും വേണം. ഇനി ഇതിന്റെ മലയാളം വേര്‍ഷനാണെങ്കില്‍ മുട്ടത്ത് വര്‍ക്കിച്ചായനെ തെറി വിളിക്കാം പക്ഷേ പുള്ളീടെ പേരില്‍ നടത്തുന്ന അവാര്‍ഡ് കമ്മറ്റീലും, ആ സമ്മാനം ഏറ്റുവാങ്ങുന്ന ഏമാന്മാരെ കണ്ടില്ലെന്ന് നടിക്കും, മിണ്ടിയാല്‍ ഓ.വി.വിജയന്‍ അല്ലെങ്കില്‍ ഖസാക്ക്.
ഇവിടെ വന്ന് ഇതു കാണുന്നവര്‍ക്ക് രാംജി നല്‍കിയ ആംഗലേയ വിവരണ ലിങ്ക് നോക്കാന്‍ മടിയാണെങ്കില്‍ അവര്‍ക്കുമാത്രമായി ഒരു ചെറുകുറിപ്പ്. ഈ മനുഷ്യന്‍ തന്നെയാണ്
മനുഷ്യന്റെ അന്തസത്തയെയും അന്വേഷണത്തേയും പരാമര്‍ശിക്കുന്ന The Alchemist
വ്യത്യസ്ഥ സംസ്ക്കാരങ്ങളെയും, സാഹിത്യരംഗത്തെ തരം താണ കച്ചവട മനസ്ഥിതികളേയും, സീക്രട്ട് കള്‍ട്ടുകളേയും പരാമര്‍ശിക്കുന്ന The Zahir
മനസിനന്റെ ഭ്രമകല്പ്പനകള്‍ ചുരമാന്തുന്ന, ഭ്രാന്തിന്റെ അനന്യമായ ഭാഷ എന്താണെന്ന് അന്വേഷിക്കുന്ന Veronika Decides to Die
സ്നാപകയോഹന്നാന്റെ പൂര്‍വജന്മം എന്ന് വിശ്വസിക്കപ്പെടുന്ന ഏലിയാ പ്രവാചകന്‍ അനാചാരങ്ങളുടെ ദൈവ സംഹിതകളെ ചോദ്യം ചെയ്യുന്ന The Fifth Mountain
അന്വാഖ്യാനത്തിന്റെ വ്യത്യസ്ഥ ഇടവഴികളിലൂടെയുള്ള The Witch of Portobello
വേശ്യാവൃത്തിയുടേയും, വ്യഭിചാര സംസ്ക്കാരത്തിന്റെയും ചില തുറന്നു പറച്ചിലുകള്‍ നടത്തുന്ന Eleven Minutes
തുടങ്ങിയ നോവെലുകളും രചിച്ചിരിക്കുന്നത്. ഇവയൊന്നും രാജിയേ പോലേ ജോര്‍ജ് അമാദോയെ മാത്രം വായിച്ച് അര്‍മ്മാദിക്കുന്നവര്‍ക്ക് രുചിക്കുമോ എന്ന് അറിയില്ലെങ്കിലും ലോകത്തിലെ ഒട്ടേറെ വായനക്കാര്‍ വായിച്ചതും, വായിക്കുന്നതും ആണ്. കൂടുതല്‍ വായിക്കപ്പെടുന്നതാണോ നല്ലകൃതി എന്ന മറുവാദവുമായി വേണേല്‍ ഇതിനെ നേരിടാം, എന്നാല്‍ ഇതു വായിക്കുന്നവരെല്ലാം തന്നെ തനി മന്ദബുദ്ധികളാണെന്നോ, ജോര്‍ജ് അമാദോയെ വായിച്ചില്ല എന്ന കാരണത്താല്‍ ഒരാള്‍ക്ക് സാഹിത്യ വായനയില്‍ അഭിരുചിയില്ല എന്ന അര്‍ത്ഥത്തില്‍ ഒരു വേര്‍തിരുവ് നടത്തുന്നതും സത്യത്തില്‍ സാഹിത്യഫാഷിസം ആണ്.
കൊയ്ലോ കൊല്ലത്തില്‍ ക്രിസ്മസ് കഥകള്‍ എഴുതിയിരുന്നെങ്കില്‍ , പണത്തിനു വേണ്ടീ ആഴ്ചയ്ക്ക് കഥകള്‍ എഴുതുന്ന ആളായിരുന്നു ആന്റണ്‍ ചെക്കോ, അതില്‍ പലതും ചെക്കോയ്ക്ക് തന്നെ ഇഷ്ടമല്ലായിരുന്നു എന്നും നിവൃത്തികേടുകൊണ്ട് എഴുതുക ആയിരുന്നു എന്നും ചെക്കോ തന്നെ തുറന്ന് സമ്മതിച്ചിട്ടും ഉണ്ട്. എന്നിരുന്നാലും അവ മനോഹരങ്ങളാണ്. അതിനാല്‍ എഴുതാന്‍ നിര്‍ബ്ബന്ധിതം ആകുന്ന സാഹചര്യവും എഴുത്തും തമ്മില്‍ ഗുണനിലവാര ബന്ധം ഉണ്ടെന്ന് ഞാനും കരുതുന്നില്ല.
ഇനി ഈ ക്രിസ്മസ് കഥയെ കുറിച്ച്, പല ദേശങ്ങളിലായി വ്യാപരിച്ചിരുന്ന ഒരു ഉപദേശ കഥ മാത്രം ആണിത്. എന്റെ "നായര്‍"തറവാട്ടില്‍ എന്റെ മുത്തശി എനിക്ക് വൈകീട്ട് നാമം ചൊല്ലിയതിന് ശേഷം പറഞ്ഞുതന്നിരുന്ന ഒരു കഥ ഇതിന് സദൃശ്യമാണ്. അതില്‍ ശ്രീകൃഷ്ണനും നാരദനും ആയിരുന്നു വിരുന്നുകാര്‍ എന്ന് മാത്രം.
ഓഫ്.ടോ.
പണ്ട് നക്സലേറ്റുകാര്‍ ധനശേഖരണാര്‍ത്ഥം ചില പോരാളികളെ ഗള്‍ഫില്‍ വിസയെടുത്ത് ജോലിക്കെന്ന വ്യാജേന അയച്ചിരുന്നു. ചങ്ങനാശേരിയിലെ ആ "നായര്‍" സാബും ഈ പണിതുടങ്ങിയോ ആവോ?
എന്ന്
മിസ്റ്റര്‍. എം.കെ.കെ നായര്‍
കൊയ്ലോയുടെ ആല്‍കെമിസ്റ്റില്‍ പോലും ഇതുപോലെയുള്ള രണ്ട് നാടോടിക്കഥകളുടെ പുനരാവിഷ്കാരം ഉണ്ട് എന്നാണോര്‍മ്മ. കുറെയേറെ കഥകള്‍ അദ്ദേഹം വീണ്ടും പറഞ്ഞിട്ടുണ്ട്. അത് ലിറ്റെററി സ്റ്റൈലിന്റെ ഭാഗമായിട്ട് വരുന്നതാണെന്നേ തോന്നിയിട്ടുള്ളൂ.
*****
രണ്ട് ഫ്ലൂക്ക് കഥകള്‍ എഴുതി സ്ഥലം വിട്ട മനുവിനെ പെരിങ്ങോടന്റെ കൂട്ടത്തില്‍ ഒറ്റ ശ്വാസത്തില്‍ പറയേണ്ടിയിരുന്നില്ല.
പിന്നെ സിമിയുടെ ക്ലെയിം ശരി അല്ലെന്നാരു പറഞ്ഞു. നായന്മാരാണ് ഏറ്റവും മികച്ചെതെന്ന് ആ ഡെഡി.യില്‍ പറഞ്ഞിട്ടില്ലല്ലോ... നായന്മാരും ജീവിച്ചോട്ടപ്പീ :)
അത്രയും എങ്കിലും ആയല്ലോ സന്തോഷം. രാം മോഹനൊരു ക്രിസ്മസ് ഫുള്‍ വാങ്ങിത്തരാന്‍ കഴിയാത്തതിന്റെ സങ്കടം ഈ ജന്മത്ത് എന്നെ വിട്ടു പോകില്ല :)
ആ അമദോവ് കമന്റിന് എന്റെ കയ്യടികള്‍
മുച്ചീട്ട് പറഞ്ഞ സ്റ്റൈല്‍ ബുദ്ധിജീവിനാട്യം തൊട്ടുതെറിച്ചിട്ടില്ലാത്ത റൈറ്ററാണ് അമാദോ. വായിച്ച് നോക്കിയിട്ട് പറയൂ. കമ്പാരറ്റീവ്ലി നാട്യം കുറച്ചെങ്കിലുമുള്ളത് കൊയ്ലോയ്ക്കാണ്. ജനപ്രിയമായതിനോടുള്ള വിപ്രപത്തിയൊന്നും എനിക്കങ്ങേരോടില്ല. (എന്റെ പ്രിയകവി എന്നും ആശാന്‍ തന്നെ.) കോയ്ലോ മോശമാണെന്ന് ധ്വനിപ്പിച്ചൊ? എങ്കില്‍ സോറി. എനിക്കിഷ്ടമില്ലെന്നേ പറഞ്ഞുള്ളൂ. വര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും കൊള്ളാം. എന്നാലും എന്നെങ്കിലും വര്‍ക്കി അവാര്‍ഡ് എനിക്ക് കിട്ടിയാല്‍ നിരസിക്കും - പണത്തിന് ബുദ്ധിമുട്ടുണ്ടേലും. മരിയോ പുസൊ, ഷെല്‍ഡന്‍, ലുഡ്ലം - മൂന്നും എന്റെ ഫേവറിറ്റ്സ് ആണെന്ന് മുച്ചീട്ടിനോടാരു പറഞ്ഞു? തര്‍ക്കിക്കുന്നതിനിടെ ഇക്കാര്യത്തെപ്പറ്റി ഞാനും ലതീഷും യോജിച്ചത് ‘മേല്‍ക്കൂരയും ഒരു മഹാകാവ്യം’ എന്ന പോസ്റ്റിന്റെ കമന്റ്സില്‍ കാണാം. ബോണ്‍ ഐഡന്റിറ്റി എന്ന നോവലെഴുതിയ ലുഡ്ലത്തിന്റെ ----- ഉണക്കിപ്പൊടിച്ച് നമ്മുടെ നോവലിസ്റ്റുകള്‍ക്ക് കൊടുക്കണം. (ഇത് ഭരതന്‍സാര്‍ പഠിപ്പിച്ച പ്രയോഗമാണ്). ഞാന്‍ ദെറിദയെ വായിച്ചിട്ടില്ല മുച്ചീട്ടേ, നിങ്ങള്‍ക്ക് ആളു മാറിപ്പോയി. കൊയ്ലോവിനെ ഇഷ്ടപ്പെടാത്ത മൂന്നാല് നല്ല റീഡേഴ്സ് ഈ പോസ്റ്റിട്ടതിനു ശേഷം ഫോണില്‍ വിളിച്ചു. ബഹുജനം പലവിധം അത്രേയുള്ളു.
യ്യൊ ഈ കൊഎലോ വലിയ ആന ഒന്നും അല്ല എന്ന് പറഞ്ഞില്ലെങ്കില്‍ പറയണമായിരുന്നു രാംജി. ശ്രീ നായര്‍ മുകളില്‍ ലിസ്റ്റ് ചെയ്ത എല്ലാ നോവലും വായിച്ചിട്ടുണ്ട് ഞാന്‍. ആല്‍ക്കെമിസ്റ്റ് ഒഴികെ ഒന്നിലും പറയത്തക്ക പ്രതിഭയൊന്നും കാണാനില്ല. ചിലതൊക്കെ പാരായണ യോഗ്യമല്ലാത്ത കൃഷ്ണന്‍നായര്‍ അഡ്ജക്റ്റീവിന് ചേരുംപടിചേരും. അമാദോ ഞാന്‍ വായിച്ചിട്ടില്ല.
മുട്ടത്തുവര്‍ക്കിയുടെ മനോരമയില്‍ വന്നിട്ടുള്ള നോവലുകള്‍ കട്ടുവായിച്ചിട്ടുണ്ട് ചെറുപ്പത്തില്‍. ചിലതൊക്കെ ഓര്‍മയുണ്ട്. മുന്നുമാസം മുതല്‍ മൂന്നുവയസ്സുവരെ പ്രായമുള്ള കുട്ടികള്‍ ഉള്ള അമ്മമാര്‍ക്ക് വളരെ പ്രയോജനപ്രദമായ രചനകള്‍. കൊഎലോ അത്രക്ക് താഴെയാണെന്ന് തോന്നിയിട്ടില്ല.
പറയാന്‍ വിട്ടത്: മനുഷ്യമ്മാര്‍ രണ്ടുതരം - അമാദോയെ വായിക്കാത്തവരും വായിച്ചവരും എന്ന് എഴുതിയത് കവിയും ജേര്‍ണലിസ്റ്റുമായ മാങ്ങാട് രത്നാകരന്‍.
എം.കെ.കെ.നായര്‍ - അങ്ങേരില്‍ ആരോപിക്കപ്പെട്ടിരുന്ന നായര്‍പക്ഷപാതം ഒഴിച്ചു നിര്‍ത്തിയാല്‍, സര്‍ സി. പി. - അങ്ങേരുടെ മെഗലോമാനിയ ഒഴിച്ചുനിര്‍ത്തിയിയാല്‍, അതേ നിരയില്‍ തന്നെ ടീവി തോമസ് - ഇവരാണ് എന്റെ നവകേരളഹീറോസ്.
മുന്‍പു കിട്ടിയ തെറിവിളിയുടെ ബലത്തില്‍ ഏര്‍പ്പെടുത്തിയതായാലും ഈ ബ്ലോഗിലെ കമന്റ് മോഡറേഷന്‍ എടുത്തു കളയണം.
വായനക്കാരനു തെറിവിളിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കരുത്.
കൊയിലോയ്ക്ക് വലിയ സ്ഥാനം കൊടുക്കാത്തവര്‍ നരകത്തി പോകുമെങ്കില്‍ എനിക്കും ഒരു ടിക്കറ്റ്. അത് പറയാന്‍ ഫോണ്‍ ചെയ്യാന്‍ പറ്റിയില്ല, ക്ഷമാപണം.
“നമ്മുടെ ദ്വയാര്‍ത്ഥവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ജോര്‍ജ് അമാദോയും സ്ത്രീവിരുദ്ധനാണ് - നിര്‍ഭാഗ്യവശാല്‍ മിക്കവാറും എല്ലാ നല്ല എഴുത്തുകാരെയും പോലെ”
എല്ലാ നല്ല പുരുഷ എഴുത്തുകാരേം പോലേ എന്ന് പറ എന്റെ രാംജി . :) :) :)
ഡി സി ഇത്തവണത്തെ ക്രിസ്മസ്, നവവത്സരത്തിനു ഗ്രീറ്റിംഗ് പുസ്തകമാണ് കച്ചവടത്തിനിറക്കിയത്. ഗ്രീറ്റിംഗ് കാര്‍ഡിനേക്കാള്‍ കുറഞ്ഞവിലയേ ഉള്ളൂ.. മലയാളത്തിലും ഇംഗ്ലീഷിലും. കഥ എഴുതിയത് കൊയ്ലോ.. അത് അങ്ങോരുടെ ഈ വര്‍ഷത്തെ സൃഷ്ടിയായിരിക്കണം..ദേവികയാണ് കൊയ്ലോ രണ്ടാകിട എഴുത്തുകാരനാണെന്നും പറഞ്ഞ് മലയാളി ബുദ്ധികളെ മുഴുവന്‍ പണ്ടൊരു ആട്ട് ആട്റ്റിയത്.. കെ പി അപ്പന്‍ , നമ്മടെ സ്വന്തം കാരൂരിനെയും ആട്ടി, ലോ തീമില്‍ കഥയെഴുതുന്ന പുള്ളി എന്നു പറഞ്ഞ്..
തീം ലോവായിരിക്കും, അത് എഴുതി ഹൈയിലെത്തിച്ചില്ലേ കാരൂര്‍? ഉറൂബിനെപ്പറ്റിയും കേട്ടിട്ടുണ്ട് ഇമ്മാതിരി ഒരു നിരൂപണം - ഇതിവൃത്തങ്ങളുടെ ചീട്ടുകൊട്ടാരങ്ങളാണെന്ന്. തങ്ങളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് എഴുതാതിരിക്കാന്‍ മന:പ്പൂര്‍വം ശ്രമിക്കുന്നവരുടെ മുമ്പിലാണ് കെ. പി. അപ്പന്‍.
സിമിയേ, തെറിവിളിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ തൊട്ടൊരു കളിയില്ല. പക്ഷേ എന്നേക്കാള്‍ തറയായവരുടെ കമന്റുകള്‍ പെഴ്സണലായി വരുമ്പോള്‍ അതിടാന്‍ വയ്യ. പ്രത്യേകിച്ച് കുടുംബക്കാരെയൊക്കെ വലിച്ചിഴയ്ക്കുമ്പോള്‍. ഇവിടെ വന്നത് ഞാന്‍ മെയിലായി അയച്ചു തരാം - ഒന്ന് നോക്ക്. എന്നിട്ട് സിമി പറയുന്നപോലെ ഞാന്‍ ചെയ്യാം. ഏതായാലും മോഡറേഷന്‍ തുടങ്ങിയതിനു ശേഷം ഇതുവരെയും ഒന്നും ഡിനൈ ചെയ്തിട്ടില്ല. റേഷന്‍ കടേന്ന് വാങ്ങുന്ന അരിയേക്കാള്‍ കഷ്ടമാണ് മോഡറേഷന്‍ കടേന്ന് വാങ്ങുന്ന ജനാധിപത്യം എന്നെനിക്കറിയാം സിമി. റേഷനരി ഉണ്ടു വളര്‍ന്ന അനേകം സവര്‍ണരില്‍ ഒരാളാണ് ഞാനും.
ഇഞ്ചിയേ, സ്ത്രീകളില്‍ നല്ല എഴുത്തുകാരുണ്ടോ? പുതിയ അറിവ്. ലിസ്റ്റ് അയക്കണേ. ചുരുങ്ങിയ പക്ഷം പൌലോ കൊയ്ലോയുടെ നിലവാരമെങ്കിലും വേണം.
എന്നാ ഇനി ayn rand വായിച്ചിട്ട് മതി ബാക്കി പോസ്റ്റൊക്കെ. :)
ബ്ലോഗ്ഗിലെ നിലവാരമുള്ള ഒന്നാണിതും.........
Post a Comment