ക്രൂരമായ ഒരുപാട് പീഡനങ്ങളേയും ശിക്ഷകളേയും പറ്റി കേട്ടിട്ടുണ്ട്. യൂറോപ്പിലെ ജര്‍മനിയില്‍ ആറ്റംബോബിടുന്നതിനു പകരം എന്താ ഏഷ്യയില്‍ കൊണ്ടിട്ടത് എന്ന ന്യായമായ എന്റെ കൌമാരചോദ്യത്തിന് ഒരു അമേരിക്കന്‍-പ്രേമി പറഞ്ഞ ന്യായീകരണം ഇതായിരുന്നു: ജപ്പാന്‍ ചൈനയില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ക്ക് രണ്ട് ബോംബ് തന്നെ കുറവായിരുന്നു പോലും. ചൈനക്കാരുടെ വയറ്റില്‍ കുഴലുപയോഗിച്ച് വെള്ളം കയറ്റിയ ശേഷം വീര്‍ത്തവയറ് ചവിട്ടിപ്പൊട്ടിച്ച് കൊല്ലുകയായിരുന്നത്രെ അന്നത്തെ ഒരു രീതി.
വളരെ പണ്ട് ചൈനക്കുള്ളില്‍ത്തന്നെ നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന മറ്റൊരു പീഡനമുറ ഇതാണ്: പീഢനത്തിന് വിധേയമാക്കേണ്ടയാളെ ഒരു ബെഞ്ചില്‍ മലര്‍ത്തി കിടത്തി കെട്ടിയിട്ട ശേഷം ഒരെലിയെ അയാളുടെ വയറിന്റെ മേല്‍ വെച്ച് ഒരു കിണ്ണം കൊണ്ട് മൂടും. ഈ കിണ്ണം ചൂടാക്കും. ഗതി കെടുമ്പോള്‍ എലി അയാളുടെ വയറു തുരന്ന് അകത്തുകയറി അകം മുഴുവന്‍ പ്രാണവെപ്രാളത്തോടെ കരണ്ട് അയാളെ...
ഇന്ത്യയിലെ പഴയ നാട്ടുരാജ്യങ്ങളിലും ഇത്തരം ക്രൂരമായ ചില മുറകള്‍ നടപ്പുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. അന്നത്തെ ഒരു ക്യാപ്പിറ്റല്‍ പണിഷ്മെന്റായിരുന്നു കഴുവേറ്റല്‍. അത് കയറുകൊണ്ട് കുരുക്കുണ്ടാക്കിയുള്ള തൂക്കിക്കൊല തന്നെയാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളതും ഇപ്പോള്‍ ഭാഗ്യവശാല്‍ വംശനാശം സംഭവിച്ചതുമായ അക്കാലത്തെ ഏറ്റവും ഡിറൊഗേറ്ററിയായ വിളികളായിരുന്നു 'കഴുവേറീ' 'കഴുവേറീടെ മോനെ' തുടങ്ങിയവ.
കഴുമരം കവിതകളിലും സുലഭം. “കഴുമരത്തിന്‍ കനി തിന്ന കന്യകയിത്, കടലിന്നടിയിലെ വെങ്കലക്കാളയിത്, ഇത് നിദ്രയില്‍ നീന്തും നീരാളിയല്ലൊ...” [ഗസല്‍/ബാലചന്ദ്രന്‍ ചുള്ളിക്കാട്].
ഈയിടെ വായിച്ചു തിര്‍ത്ത കൊച്ചി രാജ്യ ചരിത്രം എന്ന ക്ലാസിക് പുസ്തകത്തില്‍ കഴുവേറ്റലിനെപ്പറ്റി കെ. പി. പത്മനാഭമേനോന്‍ എഴുതുന്നു: "കഴുവേറ്റുക എന്നത് അതിക്രൂരമായ ഒരു ശിക്ഷയായിരുന്നു. കൂര്‍ത്ത മുനയുള്ള ഒരു ഇരിമ്പുശ്ലാഖ കുറ്റക്കാരന്റെ പുറത്തു പൃഷ്ഠത്തിന് അല്‍പ്പം മേല്‍ക്കായി തൊലിയുടെ ഉള്ളില്‍ക്കൂടി ഞരമ്പുനാഡികളൊന്നും കേടുവരാതെ മുകളിലേയ്ക്കു കയറ്റി തോളോളം കൊണ്ടുവന്ന് കഴുത്തിന്റെ പിന്നില്‍ക്കൂടി പുറത്തേയ്ക്കാക്കും. എന്നിട്ട് ഈ ശ്ലാഖയുടെ താഴത്തെ അറ്റം, നിലത്തു കുത്തനെ നിറുത്തിയിട്ടുള്ള ഒരു മരത്തൂണിന്മേല്‍ ചേര്‍ത്ത് ഉറപ്പിയ്ക്കും. തറയില്‍നിന്നു പത്തിഞ്ചുപൊക്കത്തില്‍ ഒരു പീഠം വച്ചിട്ടു കുറ്റക്കാരനെ അതിന്മേല്‍ നിര്‍ത്തും. അപ്പോള്‍ അയാളുടെ നിലയ്ക്ക് ഈ പീഠവും തൂണോടു കൂട്ടി ഉറപ്പിച്ചിരിക്കുന്ന ഇരിമ്പുശ്ലാഖയും മാത്രം ആശ്രയമായിത്തീരുന്നു. ഈ നിലയില്‍ കാറ്റ്, മഴ, വെയില്, മഞ്ഞ് ഇതുകള്‍ക്ക് തടവുകൂടാതെ നിര്‍ത്തും. വെള്ളം കിട്ടാതെ സഹിക്കവയ്യാത്ത ദാഹം കൊണ്ടു വരണ്ടും തണലില്ലാത്ത ദുസ്സഹമായ വെയിലിന്റെ ചൂടുകൊണ്ട് തളര്‍ന്നും ആട്ടിക്കളയുവാന്‍ നിവൃത്തിയില്ലാതെ പ്രാണികള്‍ അരിച്ചുകയറി ദേഹം ആസകലം നക്കിയും കരണ്ടും അരിഷ്ടിച്ച് ഒടുവില്‍ അവന്റെ ജീവന്‍ നശിക്കുന്നു. ചിലപ്പോള്‍ മൂന്നു ദിവസം കൊണ്ടേ മരണം സിദ്ധിക്കുന്നുള്ളു. ഇതിന്നിടയില്‍ ഒരു മഴ പെയ്തിരുന്നെങ്കില്‍ അത് ഈശ്വരാധീനമെന്നു വിചാരിക്കുന്നു. മുറിവുകള്‍ നനഞ്ഞാല്‍ പഴുപ്പുണ്ടായി അടുത്ത് മരണപ്രാപ്തിക്കു സംഗതിയാവുമല്ലൊ എന്നു വിചാരിച്ചാണ്. ഇരിമ്പുവടി കൊണ്ട് മുട്ടു തല്ലി ഒടിക്കുന്ന സമ്പ്രദായവും ശിക്ഷകളില്‍ ഒന്നായിരുന്നു."
ചരിത്രം വായിക്കുമ്പോള്‍ ഒരു ജനതയുടെ സംസ്ക്കാരസമ്പന്നത അറിയുന്നത് സുകുമാരകലകളിലും വാസ്തുശില്‍പ്പകലയിലുമെല്ലാമുള്ള അവരുടെ സംഭാവനകള്‍ മാത്രം കണക്കിലെടുത്തല്ല, കുറ്റവാളികളെ അവര്‍ എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നു കൂടി അറിഞ്ഞിട്ടാണ്. സംസ്ക്കാരസമ്പന്നതയുടെ നടുവിലും മനുഷ്യന്‍ കുറ്റം ചെയ്യുന്നു. നിയമങ്ങളും ഭരണകൂടവും മാറുമ്പോള്‍ കുറ്റം ചിലപ്പോള്‍ കടമയും കടമ കുറ്റവുമാകുന്നു.
60 comments:
തലക്കെട്ടും റീഡര്‍ഷിപ്പും തമ്മിലുള്ള ബന്ധം അറിയാനുള്ള ഒരു പരീക്ഷണമാണ് ഈ തലക്കെട്ട്. പ്രതിഭാഷ എന്ന ബ്ലോഗില്‍ അശ്ലീലബ്ലോഗിംഗിനെപ്പറ്റിയുള്ള പോസ്റ്റ് വായിച്ചിരുന്നോ? അത് വായിക്കുന്നതിനു മുമ്പാണ് ‘ലൈം(ഗിക) ജ്യൂസ് കുടിക്കാന്‍ വരുന്നോ’ എന്നൊരു പോസ്റ്റിട്ടത്. അതിനായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍. ഇക്കാര്യത്തില്‍ പരിഹാസമോ വിധിപ്രസ്താവനയോ ഒന്നുമില്ല. പരസ്യവ്യവസായ രംഗത്ത് ജോലി ചെയ്യുന്ന ഒരാളുടെ ആകാംക്ഷ - അത്രമാത്രം.
പീഡനമാണ്, പീഢനമല്ല വേണ്ടതെന്ന് അറിയിച്ച ഉമേഷിന് നന്ദി. ‘പീഢിപ്പിച്ചതിന്’ മാപ്പ്. തിരുത്തിയിട്ടുണ്ട്. ഢ എന്നടിക്കാന്‍ ബുദ്ധിമുട്ടി പഠിച്ചത് വെറുതെയായി. ഇനി അതെവിടെയെങ്കിലും ശരിയായി ഉപയോഗിച്ചാലേ ഉറക്കം വരൂ.
ഉമേഷിന്റെ ഈ കുറിപ്പും പ്രസക്തം: http://malayalam.usvishakh.net/blog/archives/203
നമ്മുടെ മഹാകലാകാരന്‍ സ്വാതിതിരുന്നാളിന്റെ കാലത്ത് ശുചീന്ദ്രം കൈമുക്ക് പോലുള്ള കൊടിയ ശിക്ഷകള്‍ എന്‍ഫോര്‍സ് ചെയ്യപ്പെട്ടിരുന്നു എന്ന് എവിടെയോ വായിച്ചിരുന്നു (വിജു വി നായരാണെന്നാണ് ഓര്‍മ്മ). എന്നാല്‍ ലെനിന്റെ സിനിമയില്‍ അങ്ങോരെ ഒന്നു വൈറ്റ് വാഷ് ചെയ്തെടുത്തിട്ടില്ലെ ഈ വിഷയത്തില്‍ ? സത്യമെന്താണ് ? ചരിത്രം എന്താണെന്ന് വിവരമുള്ളവര്‍ പറഞ്ഞുതരൂ.
അപ്പോള് ജീവിതത്തില്‍ പലപ്പോഴും ഈ വിളി കേട്ടതിന്റെ അര്‍ത്ഥം ഇപ്പോഴാണ്
പുരിഞ്ഞതയ്യ.
എന്‍ അപ്പാവും എന്നെയ് ഇത് ശേര്‍ത്ത് പല വാട്ടി കൂപ്പിട്ടിര്‌ക്ക്.
കഴുവേറുന്നത് ആദയമായി കണ്ടത് നമ്മുടേ സാധാഹുസൈനെ.
ഈറ്റത്തണ്ടും വേലി പ്പത്തലും കയ്യിലുള്ളപ്പോള്‍ വജ്രായുധമുണ്ടെന്ന് പേടികാട്ടിയതിന്റെ ഫലം.
കഷ്ട്ടം....
എന്ത് ദേശീയത പറഞ്ഞാലും ഒരു ഹീറോയായി ഇദ്ദേഹത്തെ കാണാനൊക്കില്ല. പ്രായൊഗികതയുടെ
കണികപോലും മൂളയില്‍ മിന്നാത്തതിന്റെ അനന്തരം. ഒരനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടില്ല.
ഹീറൊയിസം എന്ന പൊന്‍പണം വിഴുങ്ങി പാഞ്ഞുവരുന്ന ട്രക്കിനെ ഷോള്‍ഡറില്‍ ഉയര്‍ത്താന്‍ നോക്കിയ തവളയായി.
പടമായി. കട്ടേം പടോം മടക്കി.
ബുദ്ധിപൂര്‍വമല്ലാത്ത ചെറുത്തു നില്‍പ്പുകള്‍ കഴുവിലേറ്റപ്പെടും.
രാജനെ ഉരുട്ടികൊന്ന സമയത്തൊക്കെ തന്നെ ഇസം-കൊസത്തിന്ന് സച്ചിദാനന്ദന്‍ എന്ന മലയാളത്തിന്റെ
കവിയുടെ സ്റ്റഡിക്ലാസ്സുകള്‍ക്ക് പോയിരുന്നു. നഖത്തിലേക്ക് കയറുന്ന സൂചി മുനയും, ലിംഗത്തിലേക്ക് കയറുന്ന
ഈര്‍ക്കിലിയും ഇന്നും ഇടക്ക് മനസ്സില്‍ഭീതിയുളവാക്കുന്നു.
പിന്നെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കൊരു ഗുണമുണ്ട്. ഏതെങ്കിലും ഒര് സെന്‍സ്(ഇതിന്റെ മലയാളം അറിയില്ല) അല്‍പ്പനേരം
അനുഭവിച്ചാല്‍ പിന്നെ മരവിപ്പാണ്. പിന്നെ ഒന്നും അറിയില്ല. അടിയാലും ഇടിയായാലും രതിയായാലും...
കഴുവേറ്റപ്പെട്ടവരും നമ്മളും ധൈര്യത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടായിക്കൊള്ളണമെന്നില്ല.
കഴുവിനെ സമീപിക്കും തോറും നമ്മുടെ കിളി(സെന്‍സ്) പറന്ന് പോയിരിക്കും. ജഡത്തേയാണ് കഴുവേറ്റുന്നത്.
ഗാലോസ് പ്രാചീനന്റെ രീതി. ചന്ദ്രനില്‍പോയാലും ചൊവ്വയില്‍ പോയാലും നാം ആദിമമനുഷ്യര്‍ തന്നെ.
പുരോഗമനം സമയഗമനം മാത്രം.
ബ്ലോഗില്‍ ‘ഇന്‍വൈറ്റിങ്’ ആയ ടൈറ്റിലുകള്‍ ഉപയോഗിക്കുന്നവരില്‍ ഒരാളാണ് രാംജി. മറ്റയാള്‍ ബെര്‍ളി തോമസും. ഒരേ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണെങ്കിലും രണ്ടുപേരുടേയും എഴുത്തില്‍ അജഗജാന്തരമുണ്ട്, ഒരാള്‍ കറുത്ത മൂര്‍ച്ചയുള്ള ഹാസ്യത്തിലൂടെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമ്പോള്‍ മറ്റയാള്‍ മിക്കപ്പോഴും ‘മ-വാരിക’ ഗണത്തില്‍ പെടുന്ന എഴുത്തിലേയ്ക്കു ചുരുങ്ങുന്നു. ആധുനികോത്തരയുടെ സാധ്യതകള്‍ തെളിയിക്കുന്നതരം സ്ഥലജലവിഭ്രാന്തി ബ്ലോഗിന്റെ ചിലയിടങ്ങളിലെങ്കിലും കാണാനാവുന്നുണ്ടെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് ഈ പോസ്റ്റിലെ ആദ്യ കമന്റ്.
hill palasile thookkanulla irumpu kodu kandittundakumallo.
viswaprasidhanaya balakrishnante kitabilum pazhaya malayalathile sikshakalum acharangalum vivarichittundu.
brahmana kanyaka marichal mrutadehathe keezhjaathikkaran bhogikkanam enna aacharavum nilaninna naadanu nammudethenn addeham
യുദ്ധം ചെയ്യാന്‍ ചെന്നാല്‍ പിന്നെ തല്ല് കിട്ടുമ്പോ അയ്യോ എന്നെ പത്തലെടുത്ത് വീക്കല്ലേ, കൈ കൊണ്ട് മെല്ലേ തല്ലാവൂ എന്നൊന്നും പറഞ്ഞിട്ട് കാര്യല്ല രാംജീ...നിയമാനുസൃതമായി കളിക്കാന്‍ യുദ്ധം ഗുസ്തി മത്സരല്ല. എവിടെ തിരിച്ചടിക്കണംന്ന് ആദ്യം തല്ല് കൊണ്ടവന്‍ തീരുമാനിക്കട്ടെ. എന്റെ അഭിപ്രായാണ്.
ക്യാപ്പിറ്റല്‍ പണിഷ്മെന്റ് പാടേ മാറ്റിയ ഒരു രാജ്യത്താണ് ഞാന്‍. അതു കൊണ്ട് ലോകത്തിന്റെ ക്രൈം ക്യാപ്പിറ്റലായി ഈ സ്ഥലം മാറി. പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്നാല്‍ പോലും ഒരു ജീവപര്യന്തം, മാക്സ് . വെടിവെച്ചു കൊല്ലലിനും, ഹൈജാക്കിനും റേപ്പിനും ഒക്കെ നാട്ടിലെ പോക്കറ്റടിയുടെ വെയിറ്റേയുള്ളൂ. പാപ്പര്‍സൂട്ടായ പട്ടിണിരാജ്യങ്ങളില്‍ നിനും വരുന്നവര്‍ക്ക് ജയിലിലെ ജീവിതം പരമസുഖം. ആര്‍ക്കും ഒന്നിനേയും പേടിയില്ല...മര്യാദക്ക് ജീവിക്കുന്നവര്‍ക്ക് ഈ നെറികെട്ടവന്മാരെയല്ലാതെ. ഇപ്പോ പ്രസിഡ്ന്റിന്റെ ഇലക്ഷന്‍ വാഗ്ദാനാണ്, കൊലമരം തിരികെ കൊണ്ടു വരും ന്ന്. എപ്പോ ഭൂരിപക്ഷം കിട്ടി എനു ചോദിച്ചാല്‍ മതി!
:-) നല്ല പോസ്റ്റ്. എലിയുടെ പരിപാടി വായിച്ചിട്ട് വയറ്റില്‍ ഒരു തരിപ്പ്.
രാമേട്ടാ, സദ്ദാം ഹുസൈന് കിട്ടിയത് തൂക്കുമരമായിരുന്നു. ഞാനെഴുതിയത് കഴുമരത്തെപ്പറ്റി. രണ്ടും രണ്ടാണെന്നാണ് പറയാന്‍ വന്നത്. എന്റെ തന്നെ ഒരു തെറ്റിദ്ധാരണ നീക്കല്‍. ഗാലോസ് തൂക്കുമരം തന്നെ. വെയില്‍ പോലെ കഴുമരത്തിനും ഇംഗ്ലീഷ് വാക്കുണ്ടാകില്ല. കഴുമരം ക്രൂരതയില്‍ തൂക്കുമരത്തേക്കാള്‍ ഉയരത്തില്‍. തൂക്കുമ്പൊ ‘ദാ’ന്ന് ഒരഞ്ചാറ് പ്രാവശ്യം പറയുമ്പഴേയ്ക്കും കഴിയില്ലേ?
ദൈവം പറഞ്ഞതല്ലേ പുലപ്പേടി/മണ്ണാപ്പേടി?
ദൈവമേ, ഓര്‍മകളുടെ കഴുമരത്തില്‍ കയറ്റാതെ. ഹില്‍ പാലസില്‍ 1037 പ്രാവശ്യം പോയതും പെമ്പിള്ളേരോടൊപ്പമാ. അപ്പൊ മരണം കാണുവതെങ്ങനെ, പാവം വാനരഹൃദയം!
പ്രാചീന റോമാ സാമ്രാജ്യത്തിലെ ശിക്ഷാവിധികളില്‍ ഒന്നായിരുന്ന കുരിശിലേറ്റല്‍ ഇതേ പോലെയുള്ള പീഡനമുറയായിരുന്നു എന്ന് ഡോ. ഡി. ബാബു പോള്‍ എവിടെയോ വിശദമായി എഴുതിയിട്ടുണ്ട്. കുരിശിലേറ്റപ്പെട്ടയാള്‍ കൊല്ലപ്പെടുന്നത് ഇങ്ങനെ രണ്ടുംമൂന്നും ദിവസമെടുത്താണ്. മുട്ടുകാല് തല്ലിയൊടിക്കുകയും ചെയ്യും. ബാബു പോള്‍ പ്രസംഗത്തിലും ഇക്കാര്യം വിവരിക്കുന്നത് കേട്ടിട്ടുണ്ട്.
തക്കല കൊട്ടാരത്തില്‍ ഇരുമ്പിന്‍ കൂടൊണ്ട്. അതില്‍ കേറ്റി ഉയരത്തില്‍ കെട്ടിത്തൂക്കും. പട്ടിണി കിടന്നു ചത്തുപോവും.
ഡ്രാക്കുള (ഒറിജിനല്‍ - വ്ലാഡ് ഡ്രാക്കുള) ഓരോരുത്തരെ കുന്തത്തില്‍ തറച്ചു മുറ്റത്തു നിറുത്തിയ പ്രഭുവായിരുന്നു ന്നു അറിയാല്ലോ.
ഒരവസരം കിട്ടിയാല്‍ പടിക്കല്‍മാരും പുലിക്കോടന്മാരൊക്കെ വീണ്ടും ഉരുട്ടാനും ഈര്‍ക്കിലി കേറ്റാനും തുടങ്ങും. യുദ്ധത്തിനു പോയാല്‍ ലോകത്ത് ഏതു സൈന്യമായാലും ബലാത്സംഗവും തുടങ്ങും.
നമ്മുടെ രക്തത്തില്‍ ഇത്തിരി പൂച്ചയുടെ രക്തമുണ്ടോ സ്വാലോ? (എലിയുടെയും?)
ജനതയുടെ സംസ്കാരമല്ല, മനുഷ്യന്റെ ജീനുകളാണു കാരണം. ജനിക്കുമ്പോള്‍ കരയണം എന്നപോലെ തരം കിട്ടിയാല്‍ ദ്രോഹിക്കണം എന്നും എഴുതിവെച്ച ജീന്‍.
അരവിന്ദേ, ഇതൊക്കെ നിക്കണമെങ്കില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് നില്‍ക്കണമല്ലോ. ഒരുത്തനെ തൂക്കിലേറ്റണം എന്നുപറഞ്ഞ് ബുദ്ധദേവും ഭാര്യയും തെരുവുകളില്‍ പ്രസംഗിച്ചുനടന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പൊഴും നാണക്കേട്.
രണ്ടാം ലോകമഹായുദ്ധം തീരുമ്പോള്‍ ജര്‍മ്മനിയില്‍ ഒരു സര്‍വ്വേ നടത്തി. അതില്‍ 75% ജനങ്ങളും കാപ്പിറ്റല്‍ പണിഷ്മെന്റിനെ അനുകൂലിച്ചു. എന്നിട്ടും സര്‍ക്കാര്‍ കേട്ടില്ല. കാപ്പിറ്റല്‍ പണിഷ്മെന്റ് നിരോധിച്ചു. ഈ അടുത്തകാലത്ത് ഒരു സര്‍വ്വേ നടത്തിയപ്പോള്‍ 75% ജനങ്ങളും കാപ്പിറ്റല്‍ പണിഷ്മെന്റിനെ എതിര്‍ക്കുന്നു!. സര്‍ക്കാരിനു ജനങ്ങളുടെ മന:സാക്ഷിയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ പറ്റും എന്നതിനു ഒരു ഉദാഹരണം.
തിരുത്തി. അപ്പോള് ഇനി ഈ കഴുവേറ്റുന്ന വാക്ക് ഉപയോഗ ശുന്യമാകും.
കഴുമരം എന്ന് തൂക്കുമരത്തെ നാം വിളിച്ച്പോന്നതും,
തൂക്കിലേറ്റലിനെ കഴുവേറ്റലായി ഒരു പാട് പേര് കരുതിപ്പോന്നതും കൗതുകമുണര്ത്തുന്നു.
ആചാരം കൊണ്ടും ഉപയോഗം കൊണ്ടും അങ്ങിനെ ആയതാകം.
കഴുവേറ്റല് കുരിശേറ്റലിനോടാണ് കൂടുതല് സാമ്യം ഉള്ളത് എന്ന് കൗതുകത്തോടെ അറിയുന്നു.
അരവിന്ദന് പറഞ്ഞ വികാരം മനസ്സിലാകുന്നു. പക്ഷെ തെറ്റിനെ തെറ്റുകൊണ്ട് നേരിടാനാകുമൊ. എല്ലാതെറ്റുകളും പ്രിമിറ്റീവായ വികാരങ്ങളുടേതാണ്.
ബെയ്സിക് ഇന്സ്റ്റിന്ക്റ്റ്. എല്ലാവരിലും ഇതൊരളവ് വരേയുണ്ട്. കാടന്മാരായ നാം മുടിവെട്ടി, നല്ല വസ്ത്രങ്ങളണിഞ്ഞ് ഔപചാരികതയുടെ പുറന്തോടുമായി
സാമുഹ്യ ജീവികളായി വര്ത്തിക്കുന്നു. നമ്മള് പടച്ച ചില നിയമ നീതികളെ അനുസരിക്കുന്നു, ബാദ്ധ്യസ്ഥനാണെന്ന് കരുതുന്നത് കൊണ്ട്.
ഒരു ഭ്രാന്തനെ നിയമം തൂക്കിലേറ്റുന്നില്ല. മാനസിക അപഭ്രംശമുള്ളവരാണ് കുറ്റകൃത്യങ്ങള്ക്കൊരുമ്പെടുന്നത് എന്നത്കൊണ്ടത്രെ ഇത്. എന്റെ അഭിപ്രായത്തില് കുറ്റകൃത്യം ചെയ്യുന്നവരൊക്കെ ഇത്തരക്കാരാണ്.
അണ്കോണ്ട്രോളബിള് ഇമ്മോഷന്സും കുറ്റവാളികളെ ശൃഷ്ട്ടിക്കുന്നു.
പകയിലൂടെ നാം മുന്നേറുകയില്ല.
എന്റെ ബന്ധുക്കളാണ് പീഢകള്ക്ക് വിധേയമാകുന്നെതെങ്കിലൊ എന്നായിരിക്കും ചോദ്യം- തീര്ച്ചായായും പകയുണ്ടാകും- എംകിലും അറിയുന്നു അതല്ല നല്ലതെന്ന്.
ടു ഫോര്ഗിവ് ഈസ് ഡിവൈന്
സമാധാനം→അഭിവൃദ്ധി→ അഹന്ത→ യുദ്ധം→ ദാരിദ്ര്യം→ സമാധാനം എന്ന പരിവൃത്തിയിലാണ് രാഷ്ട്രങ്ങളും, കേവല മനുഷ്യനും.
വിഭ്രാന്തി തന്നെ, പെരിങ്ങോടന്‍
പുലപ്പേടിയും മണ്ണാപ്പേടിയും നായന്‍മാര്‍ക്കിടയിലായിരുന്നു രാംജി. പിഴച്ചു പോയ പെണ്ണുങ്ങളെ കര്‍ക്കിടക വാവു ദിവസം രാത്രി, ജാതിയില്‍ നിന്ന് പുറത്താക്കി, പുലയന്‍മാര്‍ക്കോ മണ്ണാന്‍മാര്‍ക്കോ ഭോഗിക്കാന്‍ കൊടുക്കുക എന്നതായിരുന്നു രീതി. പൊതുവേ, താഴ്‌ന്ന ജാതിക്കാരുമായി സ്നേഹബന്ധം പുലര്‍ത്തുന്ന സ്ത്രീകള്‍ക്കാണ് ഈ വിധി വരിക. പൊതുമുതല്‍ ആക്കുന്നതു വഴി, സ്നേഹിച്ച പുരുഷന് അവളെ കിട്ടാതെ പോവുന്നതിനും അങ്ങിനെ അവന്റെ ജാതിക്കാര്‍ക്കിടയില്‍ത്തന്നെ പരസ്പര സ്പര്‍ദ്ധ നിലനിര്‍ത്തുന്നതിനുമൊക്കെ ഈ ആചാരം വിദഗ്ദമായി ഉപയോഗിച്ചിരുന്നവത്രേ. കര്‍ക്കിടക വാവു ദിവസം പുറത്താക്കപ്പെടും എന്ന് നേരത്തെ അറിയാവുന്നതിനാല്‍ വിധി തീരുമാനിക്കപ്പെട്ട ദിവസം മുതല്‍ ഈ സ്ത്രീ സവര്‍ണ്ണരുടെ മുഴുവന്‍ ഉപയോഗ വസ്തു ആയിരിക്കും. പാകിസ്ഥാനില്‍ മുള്‍ട്ടാന്‍, റാവല്പിണ്ടി ഭാഗത്തൊക്കെ ഈ ആചാരം ഇപ്പോഴും ഉണ്ടത്രേ.
ശവഭോഗത്തിന്റെ കഥ ഇതു വരെ കേട്ടിട്ടില്ല.
കേരള ചരിത്രത്തില്‍ ഏറ്റവും പ്രാകൃതമായ ശിക്ഷാവിധികള്‍ നടപ്പാക്കിയത് ശക്തന്‍ തമ്പുരാന്‍ എന്ന കഴ്വേറിമോന്‍ ആവണം. ഒളിസേവക്കാരി നേത്യാരുടെ മാല കട്ടത് ഒരു മുസ്ലീം ആണെന്ന് ആരോ പറഞ്ഞപ്പോള്‍, രാജ്യത്തുള്ള മുസ്ലീങ്ങളെ ദിവസേന നൂറ്റൊന്ന് പേര്‍ എന്ന കണക്കില്‍ 23 ദിവസം അരയില്‍ കല്ലു കെട്ടി കടലില്‍ താഴ്‌ത്തിയ മഹാന്‍ ആണയാള്‍. പാറമേക്കാവ് വെളിച്ചപ്പാടിനെ വെട്ടിക്കൊന്നത് വേറൊരു സംഭവം. മുക്കാലിയില്‍ കെട്ടി അടിയില്‍ തീയിട്ട് ചുടുക, കണ്ണ് ചൂഴ്‌ന്നെടുക്കുക, ലിംഗം ഛേദിക്കുക, മുള്‍മുനയില്‍ നിര്‍ത്തുക, വളര്‍ത്തിയിരുന്ന പുലിയുമായി മല്പ്പിടുത്തത്തിന്‍് വിടുക തുടങ്ങി മൂപ്പരുടെ വിനോദങ്ങള്‍ അസംഖ്യമാണത്രേ!
ഓര്‍മകള്‍ പോലും ഭീതിപ്പെടുത്തുന്ന ശിക്ഷാരീതികള്‍!
സാഡിസം ശിക്ഷകളില്‍ കൂടി കാണിക്കാന്‍ എളുപ്പമാണല്ലോ!
“സമാധാനം→അഭിവൃദ്ധി→ അഹന്ത→ യുദ്ധം→ ദാരിദ്ര്യം→ സമാധാനം “ അഭയാര്‍ത്ഥിയുടെ ഈ പ്രസ്താവന, വ്യക്തികള്‍ മുതല്‍, മഹാരാജ്യങ്ങള്‍ക്കു വരെ ബാധകമല്ലേ!
ഇപ്പോഴത്തെ ചില കുറ്റവാളികള്‍ക്ക്അവര്‍ ചെയ്ത തെറ്റിനനുസരിച്ചുള്ള ശിക്ഷ കിട്ടുന്നില്ല എന്നു തോന്നുന്നു ഇത് വായിച്ചിട്ട്. വിവരണങ്ങള്‍ വായിച്ചിട്ട് വെറുതേ ഒന്നു ഭാവനചെയ്തുനോക്കിയിട്ട് തല പെരുക്കുന്നു.
കമന്‍റുകളും കൂടിചേര്ന്നപ്പോള്‍ പോസ്റ്റ് കുറേ അറിവുകള്‍ പകരുന്നു.
"രു ജനതയുടെ സംസ്ക്കാരസമ്പന്നത അറിയുന്നത് സുകുമാരകലകളിലും വാസ്തുശില്‍പ്പകലയിലുമെല്ലാമുള്ള അവരുടെ സംഭാവനകള്‍ മാത്രം കണക്കിലെടുത്തല്ല, കുറ്റവാളികളെ അവര്‍ എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നു കൂടി അറിഞ്ഞിട്ടാണ്. " അറിയാനൊരു കൌതുകം, ആരാണ് - ഏതു രാജ്യമാണ് ഇക്കാര്യത്തില്‍ സംസ്കാരസമ്പന്നര്‍ ?
"യമങ്ങളും ഭരണകൂടവും മാറുമ്പോള്‍ കുറ്റം ചിലപ്പോള്‍ കടമയും കടമ കുറ്റവുമാകുന്നു." തികച്ചും ശരിയാണീ വാക്കുകള്‍.
മനുഷ്യനെ സര്‍ക്കാരും വിദ്യാഭ്യാസവും സുകുമാര കലകളും ഒക്കെക്കൊണ്ട് നന്നാക്കാന്‍ നോക്കുന്നത് സര്‍ക്കസില് സിംഹത്തിനെ വരിവരിയായി നില്‍ക്കാന്‍ പഠിപ്പിക്കുന്നതുപോലെ തന്നെ അല്ലേ.
സ്വതവേ കാടന്‍. തരം കിട്ടിയാല്‍ അല്പം സാഡിസം, അല്പം നേരമ്പോക്ക്. ജീനുകളെ നേരെയാക്കാന്‍ നാളെ വല്ലൊ കുത്തിവെപ്പോ ശസ്ത്രക്രിയയോ വരുമായിരിക്കും. ആര്‍ക്കറിയാം.
അരവിന്ദിന്റെ നാട്ടില്‍ വന്നിട്ടില്ല. ഒരു കിണ്ണങ്കാച്ചി നോവല്‍ വായിച്ചിട്ടുണ്ട് - അലന്‍ പാറ്റന്റെ ക്രൈ ദ ബിലവ്ഡ് കണ്ട്രി. (കേഴുക പ്രിയ നാടേ എന്ന പേരില്‍ അത് മലയാളത്തിലാക്കിയത് ശോഭന പരമേശ്വരന്‍ നായരാ?) പാറ്റന്‍ പറഞ്ഞതിനേക്കാള്‍ മോശമാണോ സ്ഥിതി? വേശ്യാലയത്തില്‍ പെങ്ങളെ കണ്ടുമുട്ടുന്ന ഒരു സീനുണ്ട്. വിജയന്റെ ‘കടല്‍ത്തീരത്ത്’ എന്ന കഥയ്ക്ക് പാറ്റന്റെ നോവലിന്റെ അവസാന ഭാഗവുമായി നല്ല സാമ്യമുണ്ട്. ഭാഗ്യം, ദുബായില്‍ പരിചയപ്പെട്ട എലാ സൌത്താഫ്രിക്കന്‍സിനും പാറ്റനെ അറിയാം. (പണ്ട് കൊച്ചിയില്‍ കപ്പലില്‍ വന്നിരുന്ന എല്ലാ റഷ്യക്കാരോടും ചോദിച്ചിരുന്നു ഡോസ്റ്റോവസ്കിയെപ്പറ്റി. ആര്‍ക്കും അറിയില്ല).
സിമി പറഞ്ഞതാ കാര്യം. ചെലപ്പോ ജനാധിപത്യത്തെ നോക്കി ഓക്കാനിക്കാന്‍ തോന്നും. ദേ ഇപ്പൊത്തന്നെ നരാധമന്‍ മോഡി വീണ്ടും കേറുമോയെന്ന അവസ്ഥയല്ലേ ഗുജറാത്തില്‍!
കണ്ണൂസേ, ഞാന്‍ നെക്രോഫിലിയയുടെ കാര്യമേ കേട്ടിട്ടുള്ളു. അതാണ് പുലപ്പേടിയെന്നോ മണ്ണപ്പേടിയെന്നോ ധരിച്ചിരുന്നത്.നിങ്ങള്‍ പറഞ്ഞത് പുതിയ അറിവാ.
ശാലിനി എന്റെ കൂട്ടുകാരീ, സംസ്ക്കാര സമ്പന്നത ഒരു ലക്ഷ്യമല്ല, മാര്‍ഗമാണ്. ജനാധിപത്യം പോലെ ത്തന്നെ. ഒരാഗ്രഹം പറഞ്ഞതല്ലെ. പ്രായശ്ചിത്തമായി പ്രൊഫൈലിലെ ഇന്ററസ്റ്റുകളുടെ കൂട്ടത്തില്‍ ‘ഗ്വാണ്ടനാമോ തടവുകാര്‍’ എന്ന് ചേര്‍ത്തേക്കുന്നു.
കലിഗുല എന്നൊരു സീസറുണ്ടായിരുന്നു. ശക്തന്‍ തമ്പുരാന്‍ തോക്കും. ഒരു സിനിമയുണ്ട് അയാളുടെ കഥ - കലിഗുല എന്ന പേരില്‍. കാണാന്‍ വയ്യ. (കാമുവിന്റെ ഒരു അസ്തിത്വവാദ നാടകവുമുണ്ട് ഇതേ പേരില്‍).
ശക്തന്‍ വെളിച്ചപ്പാടിനെ വെട്ടിയ കഥ കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയറിയാം. തൃശൂര്‍പ്പൂരം നടത്താന്‍ വേണ്ടി തേക്കിന്‍ കാട്ടില്‍ പണ്ടുണ്ടായിരുന്ന തേക്കുകള്‍ വെട്ടി വെളുപ്പിക്കുമ്പോള്‍ ‘എന്റെ അച്ഛന്റെ ജട വെട്ടല്ലേ’ എന്ന് പറഞ്ഞു വന്നത്രെ പാറമേക്കാവിന്റെ വെളിച്ചപ്പാട്. കാട് വെട്ടി പൂരം. കാടിന്റെ മക്കളെ കൂച്ചു വിലങ്ങിട്ട് നിരത്തി നിര്‍ത്തി പൂരം.
അഭയാര്‍ത്ഥി പറഞ്ഞതിന് അടിവരയിടുന്നു. കുറ്റവും ശിക്ഷയും വീണ്ടും വായിക്കാനെടുത്തപ്പോള്‍ വന്ന ആലോചനകളായിരുന്നു ഈ പോസ്റ്റ്.
മുകളില്‍ ശാലിനിയുടേയും സിമിയുടേയും കമന്റില്‍ പറഞ്ഞിട്ടുള്ള ഒരു
വേലിഡ് പോയന്റ് ഒന്നുകൂടി ഊന്നി പറയുവാന്‍ ആഗരഹിക്കുന്നു.
ചുറ്റുമുള്ളവരുടെ സാമൂഹികമായ ഇടപെടലുകള്‍ എങ്ങിനെയൊക്കെയാണൊ
അനുസ്യൂതമായി രൂപം കൊണ്ടിട്ടുള്ളതാണ് ലോകത്തിലെ എല്ലാവരുടേയും പെരുമാറ്റ രീതികള്‍.
കാണുന്നിടത്തൊക്കെ കാര്‍ക്കിച്ചും മുറുക്കിയും തുപ്പുന്ന നാം ചില
സ്ഥലത്ത് ചെല്ലുമ്പോള്‍ വലിയ വൃത്തിക്കാരും വെടിപ്പുകാരുമാകും.
എന്റെ സിംഗപ്പൂര്‍ അനുഭവങ്ങള്‍ പറയട്ടെ.
പതിനാല് ദിവസത്തെ ഷെഡുള്‍ മാസത്തിലെ രണ്ട് തിംകളാഴ്ച്ചകളില്‍ എന്റെ മേശപ്പുറത്ത് വക്കുന്നതൊഴികെ
അതെല്ലാം എങ്ങിനെ ചെയ്ത് തീര്‍ക്കണമെന്ന ഒരു ഗൈഡന്‍സും ഉണ്ടാകാറില്ല.
പ്ലാനിംഗ് ഫോര്‍ റിസോര്‍സസ് ഏന്‍ഡ് ഏക്ഷന്‍ എന്റെ സ്വന്തം ആശയം.
എന്തെങ്കിലും പോളിഞ്ഞാല്‍ ബോസ് ഒരു ചെറുപുഞ്ചിരിയോടെ പറയും കൈവിട്ട് പോയി അല്ലെ?.
പലസ്തീനി ബോസ്സ് പട്ടിയേപ്പൊലെ കുരക്കുന്നത് കേട്ട് സഹികെട്ട് ഒപ്പം ബൗ ബൗ പറഞ്ഞ പഴയ
അനുഭവമുള്ള എനിക്ക് അതൊരു പുതുമ ആയിരുന്നു.
ആ ചിരി മനസ്സില്‍ കരുതലായി എടുത്ത് പിന്നീട് ഒരിക്കലും പിഴക്കാത്ത അടവുകളെന്തൊക്കേയ്യ്യെന്ന്
ഊണിലും ഉറക്കത്തിലും ഞാന്‍ ചിന്തിച്ചിരുന്നു.
മറ്റൊരിക്കല്‍ പെപ്സി കുടിച്ച് കാലി ടിന്‍ കയ്യില്‍ പിടിച്ച് വെയ്സ്റ്റ് ഡബ്ബ പരതുന്നതിനിടെ
ഒരു കുസൃതി തോന്നി. ഇവരുടെ വലിയ വൃത്തിയും ഫൈനും. പുല്ലിലേക്ക് ഒരേറ് കൊടുത്തു.
നിര്‍ഭാഗ്യവശാല്‍ അടുത്തുകൂടി ഒര് ചീനന്‍ പോകുന്നുണ്ടായിരുന്നു. പുച്ഛത്തില്‍ അയാളെന്നെ നോക്കി
ഏതൊ പിച്ചക്കാരുടെ നാട്ടില്‍ നിന്ന് വന്നവനെന്ന ഭാവത്തില്‍. പിന്നീട് ഒരിക്കലും ഞാനത്
ചെയ്തിട്ടില്ല.
0.03% ക്രൈം റെയ്റ്റ് കടുത്ത നിയമം കൊണ്ടല്ല അവര്‍ നേടിയിരിക്കുന്നത്. സാംസ്കാരികമായ
ആര്‍ജ്ജവത്തത്തിലൂടേയാണ്. രാഷ്ട്രീയമായ എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടാകമെങ്കിലും
ഇതംഗീകരിച്ചെ പറ്റു. കറപ്ഷനില്ലാത്ത അഴിമതി രഹിതമായ കാര്യ നിര്‍വഹണമുള്ള
ഓഫിസുകളാണെങ്ങും. നമ്മുടെ അവകാശങ്ങള്‍ കിട്ടിയില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസറോട് നമുക്ക് തന്നെ തിരക്കാം.
ജോര്‍ജ്ജ് യോ എന്ന ഒരു മന്ത്രീ എന്റെ ഫ്ലാറ്റില്‍ വന്നതും ബുദ്ധിമുട്ടുകള്‍ തിരക്കിയതും തിരുവനന്തപുരത്തെക്കുറിച്ചും
മറ്റും പറഞ്ഞതും ഒര് ലെറ്റര്‍ പാഡ് തന്നതും കൃതജ്ഞതയോടെ സ്മരിക്കുന്നു. എമ്പിമാരുടെ പ്രൊവിന്‍ഷ്യല്‍ വിസിറ്റിന്റെ ഭാഗമായിട്ടായിരുന്നു അത്.
അപ്പോള്‍ പറഞ്ഞു വന്നത് സാംസ്കാരിക ഉന്നമനമുണ്ടെങ്കില്‍ മനുഷ്യന്‍ മെറ്റമോര്‍ഫോസിസിന് വിധേയമാകുന്നു.
അപഹരണവും, അനീതികളും ഇല്ലാതായേക്കാം എന്ന് തന്നേയാണ് എന്റെ വിശ്വാസം.
ഒര് കാര്യം കൂടി. സിംഗപ്പൂരില്‍ കേപ്പിറ്റല്‍ പണീഷ്മെന്റുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.
തലേക്കെട്ടു കണ്ട് അന്തം വിട്ട് ഓടിവന്നതാ സ്വാളേട്ടാ ഞാന്‍.
ഈ എടവാട് വിക്കാനായി മുട്ടുന്നവര്‍ ഇങ്ങോട്ടു വിക്കിക്കോളൂ
കഴുവേറ്റല്‍
ഉവ്വ് പ്രശാന്തേ. എങ്കിലും ടോര്‍ച്ചര്‍ ഉസ്താദ് റെവ. മാര്‍ താണ്ഡവ വര്‍മ്മ ആയിരുന്നു ആ രാജവംശത്തില്‍ എന്നാണ് വായിച്ചിടത്തോളം മനസ്സിലാക്കിയത്.
കഴുമരം മാത്രമല്ല, കൊറേ പണികള്‍ നാട്ടിലുണ്ടായിരുന്നു, കഴുത്തുവരെ മണ്ണില്‍ കുഴിച്ചിട്ടിട്ട് തലയ്ക്കു മീതേ കുതിരപ്പട്ടാളം മാര്‍ച്ച് ചെയ്യുക, ഒടുക്കം ആനയെക്കൊണ്ട് തട്ടിക്കുക മാതിരി. അല്ല അതുകൊണ്ടാണോ ജപ്പാനില്‍ ബോംബിട്ടത്? എന്നാല്‍ ജര്‍മ്മനീലല്ലേ ആദ്യം ഇടേണ്ടത്? സകല രാജ്യങ്ങളും ടോര്‍ച്ചര്‍ ഉസ്താദുമാരായിരുന്നു, തോറ്റവന്റെ കളസത്തിലെ ഡിസൈന്‍ നാട്ടുകാരു കണ്ടു അത്രേയുള്ളു.
ഓഫ്: (കഴിഞ്ഞ പത്തുദിവസമായി അഖണ്ഡയോഫടി യജ്ഞം നടത്തിവരുകയാണ് ഞാന്‍) വിചാരണ കൂടാതെ വധിക്കാനും രാജാക്കന്മാര്‍ക്ക് വകൂപ്പുണ്ട്, ചിത്രവധം എന്നു പറയും അതിന്. എമര്‍ജന്‍സി മോഡില്‍ വിചാരണയും വേണ്ട കുറ്റം ആരോപിക്കുകയും വേണ്ട. ഠേ ഒരു വെട്ട്. അത്രേയുള്ളു നിയമം. ചത്തവന്‍ തന്നെ കുറ്റവാളി, ചിത്രവധം ചെയ്യപ്പെട്ടു എന്നതു തന്നെ തെളിവും.
കഴുവേറ്റം പടിഞ്ഞാറും ഉണ്ടായിരുന്നു സ്വാളോ അണ്ണാ. impaling എന്നാണ് ഓമനപ്പേര്‍. സിമ്പിള്‍ രീതി കുന്തത്തില്‍ കുത്തി വായുവില്‍ ഉയര്‍ത്തി നിര്‍ത്തുക എന്നത് തന്നെ. ശൂലത്തില്‍ തറക്ക്കുക. (ഡോകുമെന്റേഷന്‍ നോക്കുന്നവര്‍ മൂപ്പന്‍ മൂപ്പത്തിയെ ശൂലത്തില്‍ തറച്ചു എന്ന് വി.കെ.എന്‍ വേര്‍ഷന്‍ ഒഴിവാക്കി വായിക്കാന്‍ അപേക്ഷ). യൂറോപ്പില്‍ ഇതിന്റെ പല രീതികള്‍ നിലവിലുണ്ടായിരുന്നു. ക്രിസ്തുവിന്റെ കുരിശും ഇമ്പെയ്‌ലിംഗിന്റെ ഒരു എലാബൊറേറ്റഡ് രൂപം ആയിരുന്നു എന്നാണ് തോന്നുന്നത്.
********
ദേവഗുരു ചിത്രവധം തെറ്റിവായിച്ചോ എന്നൊരു ഡൌട്ട്. ഗുരുവല്ലായിരുന്നെങ്കില്‍ ഞാന്‍ ഒറപ്പിച്ചു പറഞ്ഞേനെ. ഇതിപ്പോള്‍ ഞാന്‍ എവിടെപോയിത്തപ്പും ഈശ്വരാ..
ഏതായാലും എന്റെ കയ്യിലുള്ള മലയാളം ഡിക്ഷണറിയുടെ വേഡ് കോപ്പിയിലെങ്കിലും ചിത്രവധത്തിനു പലതരത്തില്‍ വേദനിപ്പിച്ചുകൊല്ലുക എന്നാണ് അര്‍ത്ഥം. സിമി മുന്‍പുപറഞ്ഞ ഇരുമ്പിന്‍ കൂട് ഈ ചിത്രവധത്തിനുപയോഗിക്കുന്നതാണെന്ന് (കുറ്റവാളിയെ പരസ്യസ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍) ഒരു ഗൈഡ് പറഞ്ഞതോര്‍ക്കുന്നു. അപ്പോള്‍ അതു തിടുക്കത്തിലുള്ള കൊല അല്ല എന്ന് വ്യക്തമല്ലേ
പോസ്റ്റിട്ടതിന് പിന്നാലെ ഞാന്‍ തന്നെ ഇന്നു രാവിലെ മലയാളത്തില്‍ വിക്കി, പുതിയതായിത്തന്നെ - ഗണപതിക്കു വെച്ചത് പക്ഷേ കഴുവിന്റെ പറ്റിയായി എന്നൊരു സങ്കടം. യെവമ്മാര് ആരോ എഡിറ്റു ചെയ്തപ്പോ ‘വ്യത്യസ്ഥം’ എന്ന എനിക്ക് തീരെ സഹിക്കാന്‍ വയ്യാത്ത ഒരച്ചടി പിശാചോടെ ആണ്ടെ കെടക്കുന്നു നമ്മുടെ കഴുമരം, കഴുവേറ്റല്‍, കഴുവേറി.
രാമേട്ടാ, സിംഗപ്പൂര് ഏതോ കമ്പനീല് പഴയ എന്‍.ഡി.പി. മന്ത്രി സുന്ദരേശന്‍ നായര്‍ അത്ര വലിയതല്ലാത്ത ജോലീം ചെയ്ത് കൂടിയിരിക്കുന്നെന്ന് കേട്ടിരിക്കുന്നു. തന്നെ? (നായര്‍ റീഗെയ്ന്‍സ് ഹെല്‍ത്ത് എന്ന ക്ലാസിക് ഹെഡ്ലൈന്‍ എക്സ്പ്രസ്സിലെ ഗോവിന്ദങ്കുട്ടിയേക്കൊണ്ടെഴുതിച്ച സെയിം നായര്‍).
കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു എന്ന് പൂന്താനം. സുന്ദരേശന്‍ നായരുടെ കാര്യം ഇതാണെങ്കി പടിക്കലും മാര്‍ത്താണ്ഡാനുമൊക്കെ ഇപ്പൊ എന്നാ തരം പുഴുക്കളായിരിക്കും? എവടെക്കെടന്നായിരിക്കും പൊളപ്പ്? പടിക്കലദ്യ്യേം ഇടപ്പള്ളി റോഡ് സൈഡിലുണ്ടാക്കിയ വീട് കാടു കേറി കിടക്കുന്ന കണ്ടിരുന്നു.
സ്വാളോ അണ്ണാ എന്നെ അടിക്കല്ലും ഇതൂടി പ്രതിഷ്ടിച്ചാല്‍ ഞാന്‍ ഈ വഴി ഇന്നത്തേക്ക് വരൂല്ല.. ദാ ഈ ലിങ്കന്‍ നോക്കീന്‍. കഴുവെറ്റലും ചിത്രവധോം കൂട്ടി ഒരുമാതിരിപ്പെട്ട വെറൈറ്റി എന്റര്‍റ്റെയ്ന്മെന്റ് മൊത്തം ഒണ്ട്. http://www.education.kerala.gov.in/englishmedium/historyeng/chapter8.pdf
മുകളിലെ ലിങ്കന്‍ വര്‍ക്കീല്ലെങ്കില്‍ ദാ വരുന്നു വര്‍ക്കിച്ചന്‍ ഞാന്‍ ഓടി.
ഒരു രാജ്യത്ത് കടുത്ത ശിക്ഷകള്‍ നല്‍കുന്ന നിയമങ്ങളുണ്ടാവുന്നത് കുറ്റക്രത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. ശിക്ഷ നല്‍കുന്നതിന്റെ വേര്‍തിരിവനുസരിച്ച് നാലുതരം തിയറികളുമുണ്ട്. Deterent Theory, Retributive Theory, Preventive Theory and Reformative Theory ആദ്യം പറഞ്ഞ deterent theory യില്‍ പെടുന്നു ശക്തന്‍ തമ്പുരാന്റെയും മറ്റും വിനോദങ്ങള്‍.കടുത്ത ശിക്ഷ നല്‍കുന്നതിലൂടെ കുറ്റം ആവര്‍ത്തിക്കാതിരിക്കാനും കുറ്റം ചെയ്യാത്ത മറ്റുള്ളവര്‍ അതുകണ്ട് പേടിച്ച് ആ കുറ്റം ചെയ്യാതിരിക്കാനും സാധ്യതയേറുന്നു എന്ന് ഈ തിയറി.പക്ഷെ വളരെ കടുത്ത ശിക്ഷയുള്ള രാജ്യങ്ങളില്‍ പോലും കുറ്റക്രത്യങ്ങള്‍ കുറയുന്നില്ല. Rertributive ഇപ്പോഴും ചില രാജ്യങ്ങളിലുണ്ട്. കണ്ണിനു കണ്ണ്‍ പല്ലിനു പല്ല്.ലോകം പുരോഗമിച്ചതോടെ കൊലപാതകം പോലുള്ള കുറ്റങ്ങള്‍ക്ക് മാത്രമേ വധശിക്ഷയുള്ളു.
ഇന്‍ഡ്യയില്‍ വധശിക്ഷ നല്‍കുന്നത് എട്ട് കുറ്റങ്ങള്‍ക്കാണ്:- രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുക, പട്ടാള ലഹള, കുറ്റം ചെയ്യാത്ത ഒരാള്‍ക്ക് വധശിക്ഷ കിട്ടാന്‍ വേണ്ടി കളവായി തെളിവുണ്ടാക്കുക, കൊലപാതകം,കുട്ടിയെയോ മാനസികരോഗിയേയൊ ആത്മഹത്യക്കു പ്രേരിപ്പിക്കുക. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാള്‍ മുറിവേല്‍പിച്ച് ആരെയെങ്കിലും കൊല്ലാന്‍ ശ്രമിക്കുക., കൊള്ളയുടെ കൂടെ കൊല നടത്തുക, പണത്തിനുവേണ്ടി തട്ടിക്കൊണ്ടു പോകുക.
ഇന്‍ഡ്യയിലെ കോടതികള്‍ വധശിക്ഷ നല്‍കുന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അവസാനം തൂക്കിക്കൊന്ന ധനജ്നയ ചാറ്റര്‍ജിയെ തൂക്കിയത് ആളുടെ പിറന്നാളിന്റെ അന്ന് തന്നെ.
അമേരിക്കയിലൊക്കെ ചത്തവന്റെ ബന്ധുക്കള്‍ക്ക് വധശിക്ഷ കണ്ടാസ്വദിക്കാനുള്ള അവസരവുമുണ്ട്.അത് കാണാന്‍ പോകുന്നവനെ സമ്മതിക്കണം.
പുരാതന റോമില്‍ കടം തന്നുതീര്‍ക്കാന്‍ പറ്റാത്തവനെ ഷൈലോക്കുമാര്‍ക്ക് മലമുകളില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊല്ലാമെന്ന നിയമുണ്ടായിരുന്നു. അതിപ്പോള്‍ ഇവിടെ ഇല്ലാത്തത് പലരുടേയും ഭാഗ്യം.
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് ഈയിടെ വരെ (വേലുത്തമ്പി ദളവാ, അതിനു ശേഷവും) ആനയെക്കൊണ്ടൂ കീറിയ്ക്കുക എന്ന ശിക്ഷാവിധി ഉണ്ടായിരുന്നു. രണ്ടു കാലുകളും ആന വേറേ പിടിച്ച് കീറിക്കോളും. ഇത് ഒരു ഉല്‍സവമാണ. ഇതു കാണാന്‍ ആയിരക്കണക്കിനു ആള്‍ക്കാര്‍ വരും.
ഭക്തിയുണ്ടെങ്കില്‍ ഇതൊക്കെ രസമാണ്. നാവില്‍ ശൂലം കേറ്റാം, നടുവില്‍ കൊളുത്തിട്ട് തൂങ്ങിക്കിടക്കാം. പാട്ടിനിടയില്‍ കലാഭവന്‍ മണിയെ തൊഴിച്ചിട്ട് ചവിട്ടുന്നത് കണ്ടു രസിച്ച് “ലാലേട്ടാാ” എന്ന് ഹര്‍ഷോന്മാദപുളകിതരാവാം.
കഴുവേറ്റുന്നത് ഭക്തരാജാക്കന്മാര്‍ ബുദ്ധസന്യാസിമാാരെ വകവരുത്താന്‍ പ്രചരിപ്പിച്ച ലൊട്ടുലൊടുക്കു വേലയാണ്.
വീണ്ടും വന്നത് ഓഫ് അടിക്കാനാ. കേരള നമ്പൂതിരിമാര്‍ക്കിടയില്‍ കന്യകയായി മരിക്കുന്ന പെണ്ണുങ്ങളുടെ ശരീരത്തിലെ ചൂടാറും മുമ്പെ അവരെ ചണ്ഡാലന്മാരെക്കൊണ്ട് ഭോഗിക്കുക എന്നൊരു കര്‍മ്മം ഉണ്ടായിരുന്നതായി ഒരു പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. ഏതോ ഒരു ജോണ്‍സണോ മറ്റോ എഴുതിയതാണെന്നാണ് ഓര്‍മ്മ.
എന്നാല്‍ ഇതേക്കുറിച്ച് ആദ്യ പരാമര്‍ശം വായിക്കുന്നത് സൂര്യകാലടി മനയെ പശ്ചാത്തലമാക്കി എഴുതപ്പെട്ട രണ്ടു പുസ്തകങ്ങളുള്ള ഒരു നോവലിലാണ്. 'മ' വാരിക നിലവാരത്തിലുള്ള നോവലായിരുന്നെങ്കിലും അതില്‍ നമ്പൂതിരി, നായര്‍ സമുദായങ്ങളില്‍ പണ്ട് നിലനിന്നിരുന്ന പല അനാചാരങ്ങളും വിശദമായി പ്രതിപാദിച്ചിരുന്നു. ഏറ്റുമാനൂര്‍ ശിവകുമാറോ മറ്റോ ആണ് രചയിതാവെന്നാണ് ഓര്മ്മ.
സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലെ ഒരു പഴയ പ്രാര്‍ത്ഥനയില്‍ (പട്ടാങ്ങപ്പെട്ട ദൈവം തമ്പുരാനെ എന്നുതുടങ്ങുന്നത്)ചണ്ഡാലന്മാര്‍ക്കും മറുതലിപ്പുകാര്‍ക്കും ഒരുക്കിയിരിക്കുന്ന നരകം നേടുവാന്‍ ഞങ്ങളെ കൈവിട്ടുകളയരുതേ... എന്ന വരിയുണ്ട്. എന്തുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ ഇങ്ങനെ പറയുന്നതെന്ന് കുട്ടിക്കാലത്ത് പലരോടും ചോദിച്ചിട്ടുണ്ട്. ആരും ഇതേവരെ ഉത്തരം പറഞ്ഞുതന്നിട്ടില്ല. പിന്നീട് ഇത്തരം കാര്യങ്ങളൊക്കെ വായിച്ചപ്പോഴാണ് ഇതായിരിക്കാം കാരണമെന്നൊക്കെ തോന്നിയത്.
ഞാന്‍ കണ്‍ഫ്യൂജനിലായല്ലോ.
ഗുപ്തന്‍ മാഷേ, നല്ല ഓര്‍മ്മയില്‍ നിന്നല്ല, കാലപ്പഴക്കം ഫേഡൌട്ട് ആക്കിക്കോണ്ടിരിക്കുന്ന ഒരു സംഭവം വച്ചാണ് ലത് എഴുതിയത്. പണ്ടു പണ്ട്, എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്നയര്‍ത്ഥത്തില്‍ ഒരു പണ്ഡിറ്റ്ജിയോട് ഞാന്‍ എന്നെ ചിത്രവധം ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ മൂപ്പര്‍ അത് പോതുവേ ആളുകള്‍ തെറ്റായി ധരിച്ചു പോയ വാക്കാണെന്നും, കാരണം ചിത്ര+വധം മനോഹരമായി കൊല്ലല്‍ എന്ന വാഗര്‍ത്ഥം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യഥാര്‍ത്ഥത്തില്‍ അത് perfectly murdered എന്നാണ് വരുന്നതെന്നും അഭിപ്രായപ്പെട്ട് ഒടുക്കം എവിടൊക്കെയോ പോയി സംശയനിവൃത്തി വരുത്തി എന്നോര്‍മ്മ.
റെഫര്‍ ചെയ്യാന്‍ ഒരു ചരിത്ര പുസ്തകവും കയ്യിലില്ല ഇപ്പോള്‍. ആകെയുള്ളത് ശബ്ദതാരാവലി ആണ് അതെടുത്തു നോക്കിയപ്പോള്‍ " ചിത്രവധം- വെട്ടിക്കൊലപ്പെടുത്തല്‍, ചിത്രവധം ചെയ്യുക- വിചാരണ കൂടാതെ കൊലശിക്ഷയ്ക്കു വിധിക്കുക" എന്നാണു കാണുന്നതും.
ഇപ്പോ ഗുപ്തന്‍ ലിങ്കിയ ടെക്സ്റ്റുബുക്കും കൂടെ കണ്ടപ്പോള്‍ ആകെ മൊത്തം ടോട്ടലി കണ്‍ഫ്യൂ ആയി. പൊതുജനത്തിനു മുന്നറിയിപ്പ്- മുകളില്‍ ഞാന്‍ എഴുതിയിരിക്കുന്നത് ശരിയാണെന്ന് എനിക്കു പോലും വിശ്വാസമില്ലാത്ത സ്ഥിതിക്ക് നിങ്ങള്‍ വേറേ സോഴ്സുകള്‍ വല്ലതും നോക്കി കാര്യങ്ങള്‍ മനസ്സിലാക്കുന്നതാവും ബുദ്ധി.
[ഈയിടെയായി ഞാന്‍ എവിടെപ്പോയാലും ഓഫ് അടിക്കും. എവിടെ ഓഫ്
അടിച്ചാലും അത് ചളമാകുകയും ചെയ്യും. സ്വാളയ്യാ, ഈ പോസ്റ്റിനെ കഴുവേറ്റുകയാണു ഞാനെങ്കില്‍ മന്നിച്ചിടുങ്കെ സാമീ. ഇഞ്ഞി ആവര്‍ത്തിക്കൂല്ല. ]
കഴുകന്റെ ആകൃതിയിലാണ് കൊലമരം സംവിധാനം ചെയ്തിരുന്നത് എന്നതുകൊണ്ടാവാം മലയാളികള്‍ പ്രാകൃതമായ ഈ സമ്പ്രദായത്തെ കഴുവേറ്റല്‍ എന്നു വിളിക്കുന്നത്.
-മലബാര്‍ മാന്വല്‍.
നിയമങ്ങളും ഭരണകൂടങ്ങളും മാറിമാറി വരുന്നതും അതുകൊണ്ട് തന്നെ. പ്രതികൂലമായത്, അനുകൂലമാക്കാനും, അനുകൂലമായത് പ്രതികൂലമാക്കാനും.
ചിത്രവധം എന്നുവെച്ചാല്‍, അഹേതുകമായും, പൈശാചികമായും ഹിംസിക്കുക എന്നാണ്.
(ദേവാ, ഒന്ന് നന്നാക്കിപ്പറഞ്ഞതാ. ;))
ഇത് ലാസ്റ്റ് റ്റൈം. ഇഞ്ഞി സത്യമായിട്ടും ആവര്‍ത്തിക്കില്ല.
ഈ പി നാരായണഭട്ടതിരിയുടെ സംസ്കൃതം നിഘണ്ടുവിലും ചിത്രവധം എന്നാല്‍ ഹേതുകൂടാതെയുള്ള വധം, വെട്ടിക്കൊല്ലല്‍ എന്നാണു കാണുന്നത്.
(എന്നെ വീടു കേറി അടിക്കാമെന്നു കരുതുന്നെങ്കില്‍ വെറുതേയാ, ഞാന്‍ ടൂറു പോയിരിക്കുവാ സ്വാള്‍ജീ. ട്രിങ്കോമാലി അങ്കമാലി വഴി സാദാ മാലിയിലേക്ക് രണ്ടുവര്‍ഷം കഴിഞ്ഞേവരൂ)
താങ്ക്സ് സൂ. മോളിലെ കമന്റ് ഇപ്പോഴാ കണ്ടത്.
(ലോഗന്റെ വിശദീകരണം പറഞ്ഞു തന്നതിനും നന്ദി.)
ശിക്ഷകളെപ്പറ്റി എഴുതാനിരിക്കുകയായിരുന്നു അപ്പോഴിതാ അതിവിടെ കിടക്കുന്നു. കഴുവേറ്റലിനെപ്പറ്റി വിശദമായി പണ്ട് ജയമോഹന്‍ ഭാഷാപോഷിണിയിലെഴുതിയിട്ടുണ്ടായിരുന്നു. അതില്‍ ചൂരലാണ്, പദ്മനാഭമേനന്റെ ഇരുമ്പ് ദണ്ഡ് അല്ല.അതിനു ശേഷം ‘കഴുവേറല്‍’ എവിടെ കണ്ടാലും ഒന്നു നോക്കിപ്പോകുമായിരുന്നു.‘പണിഷ്മെന്റ് ഇന്‍ ചൈന’ എന്ന പുസ്തകം വരുത്തിയായിരുന്നു ജയറാം പടിക്കലും സംഘവും അടിയന്തിരാവസ്ഥക്കാലത്ത് നക്സലുകളെ കൈകാര്യം ചെയ്തത് എന്ന് രഘുനാഥന്‍ പറളി എഴുതിയത് വായിച്ചിട്ടുണ്ട്. അപ്പോള്‍ ചൈനയില്‍ എന്തു നടന്നു എന്നറിയാന്‍ ഇപ്പോള്‍ സൂര്യ ടി വി(ആസ്ഥാനം)യിരിക്കുന്ന മന്ദിരം വരെ യാത്ര ചെയ്താല്‍ മതി.
ചിത്രവധത്തിന് പക്ഷികളെക്കൊണ്ടു കൊല്ലിക്കല്‍ എന്നും അര്‍ത്ഥമുണ്ട്. സിമി കണ്ടു എന്നു പറയുന്ന പദ്മനാഭപുരത്തെ ഇരുമ്പുകൂട് അതിനുള്ളതാണ്..അതിനുല്ലില്‍ രണ്ടുമൂന്നുദിവസം കിടന്ന് കഴിയുമ്പോള്‍ പക്ഷികള്‍ വന്നു കൊത്തിത്തുടങ്ങും, അതാണ് ചിത്രവധം എന്നറിയപ്പെട്ടിരുന്നതെന്ന് ഇവിടത്തെ പഴമക്കാരും പദ്മനാഭപുരത്തെ ഗൈഡുകളും പറയും..
ക്രൂരതയിലും വെറൈറ്റി കാണാന്‍ പൂര്‍വ്വികര്‍ ശ്രമിച്ചിരുന്നല്ലെ. കഴുവേറ്റല്‍ തൂക്കിക്കൊല ആണെന്നാണുഞാനും ധരിച്ചിരുന്നത് “ഡ്രീനാ നദിയിലെ പാലം വായിക്കുന്നതു വരെ” വായനയായിരുന്നിട്ടുകൂടി ചോര ഉറഞ്ഞു പോയി.
നട്ടെല്ലിനടിയിലൂടെ എന്നാല്‍ കശേരുക്കള്‍ക്കോ ആന്തരാവയവങ്ങള്‍ക്കോ കേടുപറ്റാതെ എന്നാണ് അതില്‍ പറയുന്നത്.
അയ്യോ.. ശിക്ഷാരീതികള്‍ വായിച്ചിട്ട് തന്നെ പേടിയാവുന്നല്ലൊ. :(
ഓഫ് : ഇവിടുത്തെ പോസ്റ്റുകളുടെ പൊതുസ്വഭാവം വച്ചിട്ട് ഈ തലക്കെട്ടു കണ്ടപ്പോള്‍ ഞാന്‍ കരുതിയത് ഏതോ കഴിവ് ഏറിയ ആളുടെ മകന്റെ കാര്യം വല്ലതുമാവും എന്നാണ്. ;)
“കഴുവേറീടെ മോനെ” എന്നത് എങ്ങനെ തെറിയാകും എന്നത് ആലോചിച്ച് ബാല്യത്തില്‍ കണ്‍ഫ്യൂഷസ് ആയിട്ടുണ്ട്. പിന്നെ വിധവയ്ക്ക് ജനിച്ചവനെന്ന ആക്ഷേപം അതില്‍ ഉണ്ടെന്ന് തിരിച്ചറിവുണ്ടാകുന്ന കാലം തൊട്ടേ ക്യാപിറ്റല്‍ പണിഷ്മെന്റിന് എതിരുമാണ്.
പീഡനങ്ങളുടെ കഥ അതിന് ഇതിഹാസ കാലത്തോളം പഴക്കമില്ലേ? കഴുകന്മാര്‍ കരള്‍ കൊത്തിപ്പറിക്കും വരെ എന്നും കടല്‍ത്തീരത്ത് ബന്ധിതനായി സ്യൂസിന്റെ പീഡ്നം ഏല്‍ക്കേണ്ടി വരുന്ന പ്രൊമിത്ത്യൂസ്. അതാണ് ആദ്യം മനസിലേക്ക് ഓടിവരുന്ന ചിത്രം.
“കബന്ധം എന്നാല്‍ എന്താണച്ഛാ?“ എന്ന് സംശയം ചോദിക്കുന്ന മകനുമുന്നില്‍ വെച്ച് “ആരവിടെ” എന്ന് വിളിക്കുകയും വരുന്ന ഭൃത്യന്റെ തല ചോദ്യോത്തരമില്ലാതെ ഒറ്റവെട്ടിന് വേറ്പെടുത്തി (ചിത്രവധം?) തല തട്ടിക്കളഞ്ഞ് ശേഷിക്കുന്ന ശരീര ഭാഗം കാണിച്ച് കൊടുത്ത് “ശരിക്കും നോക്ക് ഇതാണ് കബന്ധം, ഇനി സംശയം ഉണ്ടാകാന്‍ പാടില്ല” എന്ന് പറയുന്ന രാജ സംസ്കൃതികളുടെ സ്മരണകള്‍. സംശയത്തിന് ഉത്തരമായി മുഖത്ത് വീണചോരപ്പാട് വടിച്ചു കളഞ്ഞ് ചോല്ലേണ്ടത് വീരകീര്‍ത്തനമാണ് അല്ലാതെ എതിര്‍ക്കലല്ല. അതാണ് നമ്മെ പഠിപ്പിച്ചത്. സ്വന്തം പിതാവിന്റെ മാറുപിളര്‍ന്ന് ചോരയൊഴുക്കുന്ന എതിരാളിയേയും ആ ഭീകരാവസ്ഥയില്‍
“ഉഗ്രം വീരം മഹാവിഷ്ണും
ജലന്ത്വം സര്‍വ്വതോന്മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യമൃത്യം നമാമ്യഹം” എന്ന് നമിക്കണമെന്ന് പ്രമാണം.
വെറുതെയല്ല ഇവിടെ ഗരുഡപുരാണപ്രകാരമുള്ള ശിക്ഷകള്‍ ഉണ്ടായത്.
കഴുവേറലും, കുരിശുമരണവും അത്രയധികം വ്യത്യാസം ഇല്ല. ചോരവാര്‍ന്നും, മുറിവില്‍ പഴുപ്പുണ്ടായും, കാല്‍മുതല്‍ മുകളിലേയ്ക്ക് മരവിച്ചും ഒക്കെ ഇതില്‍ മരണം സംഭവിക്കുന്നു.
കുരിശുമരണത്തില്‍ 3 ദിവസം കഴിഞ്ഞാണ് താഴെ ഇറക്കി കിടത്തുക, മാത്രമല്ല ഇറക്കികിടത്തും മുന്നേ മുട്ടുകാല്‍ തല്ലി ഒടിക്കുകയും ചെയ്യും. (അങ്ങനെ ചെയ്യാതെ ഒരാളെ മാത്രമേ ശിക്ഷിച്ചിട്ടുള്ളൂ. അയാളാകട്ടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു).
പീഡനത്തിന്റെ ക്വാണ്ടിറ്റി വെച്ചാണെങ്കില്‍ ആദ്യം റഷ്യ, പിന്നെ ജര്‍മ്മനി അതിനൊക്കെ ശേഷമേ ജപ്പാന്‍ വരൂ.
പക്ഷേ ഗിലറ്റിനും തൂക്കുമരവും ഒക്കെ കലാ സൃഷ്ടികളാണെന്നും, സാങ്കേതികോപകരണം ആണെന്നും കരുതുന്നവരുണ്ട്.
മനുഷ്യന്‍ കണ്ട് പിടിച്ച പല ഉപകരണങ്ങള്‍ക്കും അതിന്റെ സദൃശങ്ങളായ ജീവികളും ആയി പേരില്‍ സാമ്യം ഉണ്ടെന്നത് കുറെയിടത്ത് കാണാം
ഉദാ. ക്രെയിന്‍
കഴുത്ത് നീണ്ട പക്ഷിക്കും , ഉപകരണത്തിനും ഒരേ പേര്. ക്രെയിനിന്റെ ആദ്യ രൂപത്തിന്റെ പേര് ഡെറക്ക് എന്നോ മറ്റോ ആയിരുന്നു.
ഇംഗ്ലണ്ടിലെ ഒരു ആരാച്ചാരാണ് അത് രൂപകല്‍പ്പന ചെയ്തത്. അയാളെ രാജ്ഞി ഒരിക്കല്‍ തൂക്ക് ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ആരാച്ചാരായി നിയമിക്കുകയും ചെയ്തു. അയാള്‍ക്ക് കൊല്ലപ്പണിയില്‍ പ്രാവീണ്യം ഉള്ളതിനാല്‍ അയാള്‍ തുക്കുമരണത്തിനായി ഒരു യന്ത്രം ഉണ്ടാക്കി. അതില്‍ നിന്നാണ് ഇന്നത്തെ ക്രെയിന്‍ ഉണ്ടായതത്രെ. Ref. From Anandh's Book
ശിക്ഷ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് പൊതുവായ ധാരണയില്‍ എത്താന്‍ കഴിയുമോ?
ഓര്‍മയെ വീണ്ടു കിട്ടി രാം.
കഴുവേറീടെ മോനെ വച്ച് താങ്കള്‍ക്ക് മുന്നേ ഒരാള്‍
ഒരു ചരിത്രാന്വേഷണ പരീക്ഷ നടത്തീട്ടുണ്ട്.
ഒവി വിജയന്‍.
എന്‍റെ ചരിത്രാന്വേഷണ പരീക്ഷകള്‍
എന്ന കുഞ്ഞു ബുക്കില്‍ അതുണ്ട്.
വാക്കുകളെ തുറന്ന് നോക്കാനുള്ള താക്കോല്‍
ഉണ്ടെന്ന് ഞാന്‍ മനസിലാക്കിയ ആദ്യ വായനകളില്‍ ഒന്ന് അതായിരുന്നു, അതിനാലതോര്‍ത്തു.
പക്ഷേ വിജയന് പോലും ഇത്രയും
ധാരണ ഇക്കാര്യത്തിലില്ലായിരുന്നു എന്ന് വേണം അനുമാനിക്കാന്‍..!
കഴുവേറിടെ മോനെ രാം കൂടുതല്‍
അറിഞ്ഞതാവും കാരണം
ഈ പോസ്റ്റും ചര്‍ച്ചകളും കണ്ടത് നന്നായി. ഞങ്ങളുടെ നാട്ടില്‍ (പൊടിയാടി, തിരുവല്ല) ഒരു 'കഴുവ് മരം' ഉണ്ടായിരുന്നതിനെ പറ്റി കേട്ടിടുന്ട്ട്. അതില്‍ 'കഴുവേറ്റിയ' ഒരാളിനെ പറ്റി എഴുതാനിരിക്കുകയായിരുന്നു. നാട്ടില്‍ പറഞ്ഞു കേട്ട അറിവാണ്. 'കഴുവെറീടെ മോനേ' എന്നത് അവിടെ വലിയ തെറിയല്ല....സാധാരണ പിള്ളേരെ എല്ലാം വിളിക്കാറുള്ളതാണ്- സ്നേഹത്തോടെയും അല്ലാതെയും .....
ഈ 'പുലയാട്ടിനെ' പറ്റി ആരെങ്കിലും പറഞ്ഞു തരാമോ? എനിക്ക് ഒരു ബ്ലോഗിലെ അനിയനുമായി സംസാരിക്കാനാ :-)
ഒരു കാര്യം കൂടി...
ചരിത്രം ചികയുംപോളുള്ള നാറ്റം അസഹ്യമാണ്...... അറിവിന് നന്ദി....
1) എന്റെ ബ്ലോഗേ, നീ എന്നേം കൊണ്ടേ പോകത്തൊള്ളോ?
2) സുപ്രീം കോടതി ലോയറും പുത്തങ്കൂറ്റ് ബ്ലോഗറും വടവുകോട്ടുകാരനും എന്റെ മഹാരാജാസ് മേറ്റും സര്‍വോപരി കമ്മൂണിസ്റ്റുമായ വടവോസ്കിയുടെ തകര്‍പ്പന്‍ വിശദീകരണത്തിന് അപ്പീലില്ലെന്നാണ് വിചാരിച്ചത്. അപ്പൊ അദാ വരുന്നു റെഫറന്‍സ് യുദ്ധങ്ങള്‍. ഞാന്‍ നമിച്ചു. യെ കഹാം ആ ഗയെ ഹം?
3)എന്റെ വെള്ളെഴുത്തേ, ഇത് രണ്ടാം തവണയാ ‘ഞാനിതെഴുതാനിരിക്കുകയായിരുന്നു’ എന്ന് പറയുന്നെ. അതിനി നടപ്പില്ല. എന്തെങ്കിലും കിട്ടിയാ യാതൊരു ഡെപ്തും ഇല്ലാതേ കണ്ട് നമ്മ അത് പൂശിയിരിക്കും. ചര്‍ച്ചക്കാര് വന്ന് അത് കൊഴുപ്പിക്കും. അതുകൊണ്ട് എഴുതാനിരിക്ക് വേഗം.
4) സെബിനേ, പട്ടാങ്ങം, മറുതലര്‍... എല്ലാറ്റിനും ശ്രീകണ്ഠേശ്വരത്ത് പോകേണ്ടി വന്നു. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുടെ കോട്ടയേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ.
5) ഇതിനിടയില്‍ കഴുവിനെപ്പറ്റി മേനോനല്ല സാക്ഷാല്‍ പപ്പനാവന്‍ പിള്ള എന്തു പറയുന്നുവെന്ന് നോക്കി വിളിച്ചു ദേവന്‍. കൊല്ലുക എന്നര്‍ത്ഥം വരുന്ന കഴിക്ക എന്ന വാക്കില്‍ നിന്നാണെന്നാണ് ടിയാന്റെ ഭാഷ്യം. വാക്കുകളുടെ ഒറിജിന്‍ നമ്മുടെ ഒരു തല്‍പ്പരകക്ഷിയല്ലാത്തതുകൊണ്ട് കേട്ടിരിക്കാമെന്നല്ലാതെ...
6) ഇനിയീ ബ്ലോഗില്‍ ആരു കമന്റടിക്കുമ്പോഴും ‘ഓഫ്’ എന്നു പറയേണ്ട കാര്യമില്ല. ഇന്‍ ദ ലോംഗ് റണ്‍, എല്ലാം ഓഫ് തന്നെ. (നെട്ടോട്ടം ഓടിയാല്‍ ആരും മരിച്ചു പോം എന്ന് വികെയെന്റെ പരിഭാഷ). പെഴ്സനല്‍ ഈസ് പൊളിറ്റിക്കല്‍ എന്ന് പറേമ്പോലെ ഓഫും ടോപ്പിക്കല്‍ തന്നെ. നോബ് ള്‍ തോട്ട്സ് നാലു പാടു നിന്നും വരട്ടേ എന്നല്ലെ മന്ത്രം, പോരട്ടെ, പോരട്ടെ. ടോപ്പോ ഓഫ് ടോപ്പോ...
7) ലോഗന്റെ മാനുവല്‍ പരിഭാഷപ്പെടുത്തിയ കണ്ണൂക്കാരന്‍ ടി. വി. കെ. (ടി. വി. കൃഷ്ണന്‍) യുടെ മകന്‍ ഗോകുല്‍ ഇവിടെ ദുബായില്‍ എന്റെ പരിചയക്കാരന്‍ എന്ന് പറയാതെങ്ങനെ? ടി.വി.കെയാണ് കൃഷ്ണപിള്ളയുടെ ആദ്യബയോഗ്രഫര്‍. വിവാദമായ ടി. വി. തോമസിന്റെ ജീവചരിത്രമെഴുതിയതും.
8) ബിന്ദുവിന്റെ കമന്റ് ആസ്വദിച്ചു. മിമിക്രിയില്‍ പര്‍വതീകരണം സാധുവാണല്ലൊ. അതുപോലെ ഇതും അലമാരയില്‍ എടുത്തുവെയ്ക്കുന്നു. all generalisations are dangerous, including this എന്നാണ് വിദഗ്ദമതം.
9) ഉമ്പാച്ചിയേ, നീയിവിടേം വന്നോ? കവിത, മുസ്ലീം... ഒന്നും പറഞ്ഞില്ലല്ലോ കള്ള ഹമുക്കേ ഞാന്‍. ഓ. വി. വിജയനെ ഓര്‍ത്തിരുന്നില്ല. എന്തായാലും നീ പറഞ്ഞതാ നേര്. പക്ഷേ ഒരഡിഷന്‍ കൂടിയുണ്ട് - പരിചയിച്ച കഴുവേറീടെ മക്കളില്‍ ഏറ്റവും മുമ്പില്‍ ഞാന്‍ തന്നെ.
100) തലക്കെട്ട് പരീക്ഷണം കൊള്ളാം. ഒരു മാസത്തിനിടയില്‍ 100-ലധികം പുതിയ വിരുന്നുകാര്‍ വന്നു. ഇതില്‍ പരിഹാസമോ വിധിപ്രസ്താവമോ ഇല്ലെന്ന് ആവര്‍ത്തിക്കുന്നു. പരസ്യരംഗത്ത് ജോലി ചെയ്യുന്ന ഒരാളുടെ കൌതുകം മാത്രം. എന്തായാലും ഇതൊരു പാഠമാണ് - വായനക്കാരുടെ എണ്ണവും അതിലധികം എഴുത്തുകാരുടെ എണ്ണവും കൂടുമ്പോള്‍ ആളുകള്‍ക്ക് സമയക്കുറവുണ്ടാകും. അപ്പോള്‍ നമ്മുടെ പോസ്റ്റ് വായിപ്പിക്കണമെങ്കില്‍ പോസ്റ്റ് നന്നായാ മാത്രം പോരാ, തലക്കെട്ടും നന്നാവണം ഓര്‍ ഡിഫറന്റാവണം. അല്ലെങ്കില്‍ പെരിങ്സ് പറഞ്ഞ പോലെ ഇന്‍ വൈറ്റിംഗ് ആവണം. ഇത് നന്നായി എന്ന അര്‍ത്ഥത്തിലല്ല ഇപ്പറഞ്ഞത്. അമിതവിനയവുമില്ല. എന്തായാലും ചര്‍ച്ച നന്നായി. ചിലരുടെ നല്ല പോസ്റ്റുകള്‍ക്ക് അനാകര്‍ഷക തലക്കെട്ടുകള്‍ കണ്ടിട്ടുണ്ട്. ചെറിയ ഒരാലോചന കൊണ്ട് അത് സോള്‍വ് ചെയ്യാം.
കോണ്‍സണ്റ്റ്രേഷന്‍ ക്യാമ്പുകള്‍, കഴുമരം, എലിയെ വയറ്റില്‍ കയറ്റല്‍..
എന്‍റെ റാംജി......ക്രൂരതകള്‍ ഇല്ലാതെ വളര്‍ന്നുവന്ന ഏതെങ്കിലും ഒരു സിവിലൈസേഷന്‍(?) ഉണ്ടോ ഈ ഭൂമിയില്‍..
മനുവിന്റെ ചോദ്യം ‘വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന’ എന്ന് തിരുത്തുന്നു. അല്‍ ഖ്വയ്ദക്കാരെ പീഡിപ്പിച്ചതിന്റെ വിഡിയോ ടേപ്പുകള്‍ നശിപ്പിച്ചുവെന്ന ആരോപണം വിവാദമായിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് നമ്മള്‍ ഇതെല്ലാം ചര്‍ച്ച ചെയ്തത് എന്നത് യാദൃശ്ചികം.
തലക്കെട്ടുകള്‍ ശ്രദ്ധ നേടിത്തരുമോ?.
തരും പക്ഷെ കമെന്റുകള്‍??.
പ്രത്യേകിച്ച് ഇതിലെഴുതിയിട്ടുള്ളതുപോലത്തെ?.
ഇല്ലെന്ന് ഉറപ്പു പറയാം ഞാന്‍.
ഇത് ഇപ്പറയുന്ന ഘടകങ്ങളുടേതാണ്.
1. എഴുതുന്ന വിഷയം ജിജ്ഞാസ ഉളവാക്കുന്നു.
2. എഴുതുന്ന രീതി(റിത്മേറ്റിക്,ക്രോണോളജികല്‍, സ്റ്റേറ്റിസ്റ്റികല്‍,പ്രിസീഡന്‍സ്)
3. ഭാഷാ വിശാരദ.എഴുതാനുള്ള നൈപുണ്ണ്യം.
4. സഭ്യത (അയ്യേ ഇയാളെഴുതുന്നതില്‍ ആഭാസത്തരമില്ലേ എന്ന്ന തോന്നല്‍ കമെന്റിടുന്നതിനെ സ്വാധീനിക്കും).
5. എഴുതുന്ന ആള്‍ അറിയാതെ തന്നെ വരികളിലൂടെയുള്ള സ്വയം പ്രദര്‍ശനം.
ഇതാണ് ഏറ്റവും മുഖ്യമായ പോയന്റ്
എഴുതാനിരിക്കുമ്പോള്‍ മനസ്സിലൂടെ കടന്ന് പോകുന്ന
വിചാരങ്ങള്‍ സ്വനഗ്രാഹിയിലെന്ന പോലെ വരികളീല്‍ നിഗൂഢമായി സന്നിവേശിക്കുന്നു.
വായിക്കുന്നവന് സ്വനഗ്രാഹിയുണ്ടെങ്കില്‍ അത് പിടിച്ചെടുക്കുന്നു. അവനും ആ വിചാരധാരകളില്‍
സ്വാധീനിക്കപ്പെട്ടവനാകുന്നു. കമെന്റിടുക എന്ന പ്രലോഭനത്തില്‍ നിന്ന് മുക്തനാകുവാന്‍
അനുവാചകന് കഴിയുന്നില്ല.
ഇത്രയും ബ്ലോഗ് സൈക്കോളജി കൂടി ഓഫടിയായി തന്നിരിക്കുന്നു.
ഇനി ഒരു കാര്യം കൂടി. കടുത്ത ശിക്ഷാവിധികള്‍ നിലവിലുള്ളിടത്തൊക്ക്കെ തന്നെ കടുത്ത നിയമ ലംഘനവും നടക്കുന്നു.
ക്രൂരതയെ കൊല്ലും തോറും പെരുകുന്നു. അഫ്ഘാനിസ്ഥാന്‍, സൗദി, ആഫ്രികന്‍ തേര്‍ഡ് വേള്‍ഡ്, ചൈന, പാക്കിസ്താന്‍ (ഇവിടുങ്ങളിലൊക്കേയാണ്
കടുത്ത ശിക്ഷാ നടപടികള്‍ നിലവിലുള്ളത്).
സര്‍പ്പസന്തതികളെ മാനസാന്തരപ്പെടുത്തുകയാണ് പിശാചിനെ പരാജയപ്പെടുത്തുവാനുള്ള ഏക മാര്‍ഗ്ഗം എന്ന് ദൈവത്തിന്ന് പോലും അറിയാം.. അതായത് കുരിശിന്റെ വഴി.
അതായത് കഴുവേറ്റപ്പെടുന്നതിന്റെ വഴി.
സ്പെഷല്‍ ജൂറി സമ്മനം ബിന്ധുവിന് കൊടുക്കണം കഴിവ് ഏറിയ മകാന്‍....
കഴുവേറിയവരൊക്ക് കഴിവേറിയവരായിരുന്നുവൊ?.
കമറ്റ്നുകളെപ്പറ്റിയല്ല, റീഡര്‍ഷിപ്പിനെപ്പറ്റി മാത്രമാണ് തലക്കെട്ടിലൂടെ പരീക്ഷിച്ചത്. ഇനി എന്റെ നിഗമനം ശരിയാവണമെന്നുമില്ല. ലീവിറ്റ്. സോറി.
കൊല്ലം രണ്ട് മുന്നേ വക്കാരിടെ ബ്ലോഗില്‍ അമര്‍ത്യ സെന്‍ വാക്യത്തില്‍ പ്രയോഗിച്ചതാ. അടുത്തത് ഇവിടെ ഇരിക്കട്ടെ:
വാക്യോം മേം പ്രയോഗ് കീ ജെയ്- ചിത്രവധം.
നല്ലൊരു ഗായിക ആണെങ്കിലും ചിത്ര വധം പാട്ടുകളും പാടിയിട്ടുണ്ട്.
നമ്മുടെ സംസ്കാരത്തെക്കുറിച്ച് 'അഭിമാനം' തോന്നുന്നു. റഷ്യക്കാരോടും ജപ്പാന്‍കാരോടും കിട നില്‍ക്കുന്നവരല്ലേ നമ്മുടെ മുന്‍തലമുറക്കാര്‍. പോസ്റ്റിനും കമന്റിയവര്‍ക്കും നന്ദി..കാരണം കൊറെ വെവരം കിട്ടി.
ഇനിയൊരോഫ്: ചാരുനിവേദിതയുടെ സീറോഡിഗ്രിയില്‍ കുറെ പീഢനമുറകളെക്കുറിച്ചു പറയുന്നുണ്ട്.
മുന്നറിയിപ്പ്: ഇനി മൊത്തം കട്ടി ഓഫാണ്.
ഞാന്‍ സിനിമയ്ക്ക് പഠിക്കുന്നതിനാല്‍ എപ്പോഴും സിനിമകള്‍ മനസ്സില്‍ കയറി വരും...അതും കൂടി പറയാം..ആരും ഇതു വരെ ഇവിടെ പറഞ്ഞിട്ടില്ലാത്തതു കൊണ്ട്.
1.പസോളിനിയുടെ സാലോ. സാഡിസത്തിന്റെ പര്യായമാകുന്ന സിനിമ. ഇതിറങ്ങി അധികം കഴിയുന്നതിനു മുന്‍പേ മൂപ്പരെ ആരോ കൊന്നു കളഞ്ഞു. ഇത് ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ക്കുന്നവരെ സമ്മതിക്കണം. ഏറ്റവും വിലപിടിച്ച DVD ഇതിന്റെയാണ്. $700 വരെ വന്നിരുന്നു.
2. പീറ്റര്‍ ഗ്രനവെയുടെ The cook, The Thief, his wife and her lover.(ഇത് എ പടമായി നമ്മുടെ നാട്ടില്‍ വന്നിരുന്നു) അദ്ദേഹത്തിന്റെ തന്റെ പില്ലോ ബുക്കും മോശമല്ല.
3.കാസ്പര്‍ നോയിയുടെ Irreversible, I stand alone എന്നിവയും ക്രൂരതയ്ക്ക് പേരു കേട്ടതു തന്നെ. ഫ്രെഞ്ച് ന്യൂ വേവ് എന്നൊക്കെ പറയുന്നതു പോലെ ഫ്രെഞ്ച് ഷോക്ക് ഫിലിം എന്നൊരു genre തന്നെയുണ്ട്.
ഇനി ഇതൊക്കെ വെറും സിനിമയല്ലെ എന്നു കരുതണ്ട.റിപ്പബ്ലിക് ഓഫ് സാലോയില്‍ താന്‍ തന്നെ നേരില്‍ കണ്ട ചില സംഭവങ്ങള്‍ മാര്‍ക്വി ദെ സേദിന്റെ (ഉച്ചാരണത്തിനു മാപ്പ്) പുസ്തകവും മുസ്സോളിനിയുടെ ഭരണവുമായി കൂട്ടിക്കുഴക്കുകായിരുന്നു പസോളിനി.
ഹോളിവുഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് കേറ്റ് വിന്‍സ്ലെറ്റൊക്കെ അഭിനയിച്ച The Quills കാണാം. സേദിന്റെ അവസാനകാല ജീവിതത്തെക്കുറിച്ചാണ് ഈ സിനിമ. സാഡിസം എന്ന വാക്കു തന്നെ marquis de Sade-ന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്.
റോബി, ഞാനൊരു സിനിമാബഫ്ഫല്ലെങ്കിലും ‘കലിഗുല’ എന്നൊരു സിനിമയെപ്പറ്റി കമന്റില്‍ എഴുതിയിരുന്നു. ആ സിനിമ കണ്ടിട്ടുണ്ടോ? ടീനേജില്‍ കണ്ടതാണ്. ഓര്‍മപ്രകാരം അതിന്റെ ക്രെഡിറ്റ് റേറ്റിംഗ് AAA എങ്കിലും കാണും. ഒരു ക്ലാസിക് പിരിയഡ് മൂവി എന്ന് അന്ന് വിളിക്കാമായിരുന്നു എന്നാണോര്‍മ. 41 വയസ്സന്‍ തലച്ചോറ്കൊണ്ട് എന്തു വിളിക്കുമോ എന്തൊ!
രാമേട്ടാ,
1979ലെ കലിഗുള(http://www.imdb.com/title/tt0080491/) അല്ലേ...ഞാന്‍ കണ്ടിട്ടില്ല.
ഷോക്ക് ഫിലിംസിനോട് ഇഷ്ടമുണ്ടായിട്ടല്ല ആ സിനിമകള്‍ സൂചിപ്പിച്ചത്...പിന്നെ ഒരു അകാദമിക് ഇന്ററസ്റ്റില്‍ കണ്ടുപോകുന്നു. കലിഗുള 'നല്ലതാണെങ്കില്‍' കാണാന്‍ ശ്രമിക്കാം.
ചൈനയില്‍ ജപ്പാന്‍ നടത്തിയ ഭീകരതകളെപ്പറ്റി പറഞ്ഞിട്ടായിരുന്നു ഡിസംബര്‍ 12-ന് പോസ്റ്റ് ചെയ്ത ഈ കുറിപ്പ് തുടങ്ങിയത്. ചൈനയുടെ ചരിത്രത്തിലെ ചോരയില്‍ മുങ്ങിയ ഒരു ദിനമായിരുന്നു ഡിസംബര്‍ 13എന്ന് അറിയാതെയാണ് അതെഴുതിയത്. ജപ്പാന്‍ ചൈനയില്‍ നടത്തിയ അനേകം നരനായാട്ടുകളിലൊന്നിന്റെ തുടക്കമായിരുന്നു 1937 ഡിസംബര്‍ 13. ചൈന ഇക്കഴിഞ്ഞ 13-നും അതിന്റെ ഓര്‍മ പുതുക്കി. nanking കൂട്ടക്കൊല എന്നറിയപ്പെടുന്ന (ഇപ്പോഴത്തെ nanjing) ആ കറുത്ത ദിനത്തെപ്പറ്റി വിക്കിപ്പീഡിയ:The Nanking Massacre, commonly known as the Rape of Nanking, was an infamous genocidal war crime committed by the Japanese military in Nanjing, then capital of the Republic of China, after it fell to the Imperial Japanese Army on December 13, 1937. The duration of the massacre is not clearly defined, although the violence lasted well into the next six weeks, until early February 1938.
During the occupation of Nanjing, the Japanese army committed numerous atrocities, such as rape, looting, arson and the execution of prisoners of war and civilians. Although the executions began under the pretext of eliminating Chinese soldiers disguised as civilians, a large number of innocent men were intentionally identified as enemy combatants and executed—or simply killed outright—as the massacre gathered momentum. A large number of women and children were also killed, as rape and murder became more widespread.
വിക്കിയിലെ സംഭാഷണ പേജ് വായിച്ചാല്‍ കണ്‍ഫ്യൂഷനാവില്ലെങ്കിലും ഒന്നുകൂടി അവ്യക്തത വരും :)
ഒരു പരിധി കഴിഞ്ഞാല്‍ (ഒന്നുകഴിഞ്ഞാലും പരിധി കഴിഞ്ഞു) പിന്നെ തീവ്രത അളക്കുന്നത് ശുദ്ധമണ്ടത്തരമാണെങ്കിലും നാന്‍കിഗ് കൂട്ടക്കൊല ഇപ്പോഴും ജപ്പാനും ചൈനയ്ക്കും ഒരു ചൂടുള്ള ചര്‍ച്ചാവിഷയമാണ്, എണ്ണത്തിന്റെയും സംഭവങ്ങളുടെയും കാര്യത്തിലുള്‍പ്പടെ. ചൈന ഇപ്പോഴും ആന്റി-ജപ്പാന്‍ ഫീലിംഗ്സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു കാര്യമാണ് ആ സംഭവം. അതും ഓക്കേ, പക്ഷേ അത് ചിലപ്പോഴെങ്കിലും ചൈനയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് തടയിടാനാവുമ്പോള്‍ “എന്താ ഇത്” എന്ന് നമ്മള്‍ ചിലപ്പോള്‍ ചോദിച്ചുപോകും- ഇതൊന്നും നടന്ന സംഭവങ്ങള്‍ക്ക് ഒരു രീതിയിലും ന്യായീകരണമാവുന്നില്ലെങ്കിലും.
അല്ലെങ്കിലും വക്കാരി ജപ്പാന്‍ പക്ഷമാണെന്ന് ആര്‍ക്കാ അറിയാത്തത്. ചൈനയിലോ? ആഭ്യന്തരപ്രശ്നങ്ങളോ? ഇനി അഥവാ അങ്ങനെ വല്ലോമുണ്ടെങ്കിത്തന്നെ അമേരിക്കേന്റെ സഹായമൊന്നും വേണ്ട അത് ഒരു വഴിക്കാക്കാന്‍.
അയ്യോ അതങ്ങനെ എഴുതിയതല്ല..ഞാന്‍ ചിന്തിച്ചോണ്ടിരുന്ന കാര്യം നമുക്കൊരു പരിചയോമില്ലാത്ത ഒരാള്‍ എവിടെയ്യൊ ഇരുന്നു പോസ്റ്റുന്നതു കാണുമ്പം തോന്നുന്ന ഒരെക്സൈറ്റ്മെന്റില്ലേ അതു കൊണ്ടെഴുതിയതാ..
അടിയന്തിരാവസ്ഥക്കാലത്ത നമ്മുടെ കുറേയാളുകള്‍ കടന്നുപോയ പീഡനപര്‍വങ്ങളുണ്ട്.. എന്തിന് ഇപ്പോഴും നമ്മുടെ പോലീസ് സ്റ്റേഷനുകളില്‍ ഇത്രയില്ലെങ്കിലും ചിലതൊക്കെയുണ്ട്.. ഉദയകുമാറ് മരിച്ചത് നമുക്കറിയാം, പക്ഷെ ഒരസുഖവുമില്ലാത്ത ഒരാള്‍ മര്‍ദ്ദനമേറ്റ് മരിക്കാന്‍ കുറച്ചു പ്രയാസമുണ്ടെന്ന് ഓര്‍ക്കുമ്പോള്‍ നമുക്ക് ചൈഅനവരെ പോകേണ്ടി വരില്ല. സിനിമയ്ക്ക് രാവിലെ തിരക്കു പിടിച്ച് പോകുന്നതിനിടയില്‍ ഒരു പോലീസു വാഹനം ഇരച്ചു പറിച്ച് തമ്പാനൂരുകൂടി പോകുന്നതു കണ്ടു. പിന്നില്‍ ഒരു പയ്യന്‍ ഞെരിപിരി കൊണ്ട് നിലവിളിക്കുന്നു..ദീനമായൊരു മുഖം..ഒരു രാത്രിയത്തെ ബാക്കിപത്രമാവണം..മറ്റെന്തെങ്കിലുമാവാം.. (അറിയില്ല) എന്തായാലും ഞാന്‍ സിനിമ കാണാതെ തിരിച്ചു പോന്നു.
ജയ് ജപ്പാന്‍, ജയ് നിസ്സാന്‍ :)
ചുമ്മാ കേറി ആഫ് അടിച്ചോളാന്‍ രാമയ്യാ പറഞ്ഞിട്ടുള്ളതുകൊണ്ടു തിരിച്ചെത്തി.
ശ്രീവല്ലഭാ, പുല എന്ന വാക്കിനു നാലഞ്ചര്‍ത്ഥമുള്ളതില്‍ ഒന്ന് വ്യഭിരിക്കല്‍ എന്നാണെന്നും പുലയാട്ട് എന്നാല്‍ വ്യഭിചാരം എന്നര്‍ത്ഥം വന്നത് അതുകൊണ്ടാണെന്നും orgy എന്നതിന്റെ മലയാളം കൂടിപ്പുലയാട്ട് എന്നാണെന്നും ശബ്ദതാര വലിച്ചപ്പോള്‍ വായിച്ചു.
വക്കാരീ, നിഹോണിനു ജയ് വിളിക്കൂല്ല, വേണേല്‍ നിസ്സാനിനു വിളിക്കാം, ഒരു നിസ്സാന്‍ ആറുവര്‍ഷമായി മോശമില്ലാത്ത രീതിയില്‍ എന്നെ സേവിക്കുന്നുണ്ട്.
ശരിയാ,എന്റെയും നിസ്സാനാ. സണ്ണി എന്ന പോക്കിരി. തലവര മറന്ന് എണ്ണ തേയ്ക്കരുതല്ലോ. ഇന്ത്യയോ കുറഞ്ഞ പക്ഷം ചൈനയോ ഒരു കാറുണ്ടാക്കി ലോകം പിടിച്ചടക്കും വരെ (മറ്റെന്ത് പിടിച്ചടക്കിയതും അവിടെ നിക്കട്ടെ) നമ്മ ജപ്പാന്‍ സെറ്റ്. ഉദയസൂര്യന്‍ നീണാള്‍ വാഴട്ടെ.
വെള്ളെഴുത്തേ, മനം കലക്കാതെ. നമ്മുടെ കാലഘട്ടത്തിലെ വിപ്ലവം രണ്ടിലധികം മക്കളെ ഉണ്ടാക്കുന്നതാണെന്ന് ഒരാളോട് പറഞ്ഞേയുള്ളു. കല്യാണമേ കഴിക്കാതിരിക്കുന്നതും ഒരു സിനിമ സ്കിപ് ചെയ്യുന്നതുമൊക്കെയാണ് നമ്മുടെ കാലഘട്ടത്തിലെ മറ്റു വിപ്ലവങ്ങള്‍ എന്ന് നിങ്ങളെക്കൂടി പരിഹസിച്ചാലേ ഈ കലങ്ങല്‍ മറക്കാന്‍ പറ്റൂ.
ഓടോമോസ്: ദേവണ്ണാ, ‘നമ്മുടെ നാട്ടില്‍’ ഒര്‍ക്കൂട്ട് നിരോധിച്ചത് പ്രമാണിച്ചാണ് ഈ കമന്റ്സ്ഥലികളെ യഥേഷ്ടം ഇഷ്ടമ്പോലെ വേണ്ടുംവണ്ണം ‘ഓടോ’കളാല്‍ നിറച്ചോളാന്‍ പറഞ്ഞത്. ഗള്‍ഫിലെ ജീമെയിലുകാര്‍ക്ക് അവരുടെ ജന്മാവകാശമായിരുന്ന സ്ക്രാപ്പ് ബുക്കുകള്‍ തിരിച്ചുകിട്ടുംവരെയോ എല്ലാത്തിനും ഫാമിലി സ്റ്റാറ്റസ് അനുവദിച്ചു കിട്ടുംവരെയോ ഈ ബ്ലോഗ് തന്നെ നമ്മുടെയെല്ലാം സറൊഗേറ്റ് ഒര്‍ക്കുട്ട്
Sebin,
"ഏറ്റുമാനൂര്‍ ശിവകുമാറോ മറ്റോ ആണ് രചയിതാവെന്നാണ് ഓര്മ്മ. "
It is P.V.Thampi.
I Guess the work is SooryaKaaladi
Sunil
പണ്ട് നടപ്പിലുണ്ടായിരുന്നു എന്ന് പറയാനുള്ള ഉത്സാഹത്തില്‍, തന്റെ ഭാവനക്കു എത്രത്തോളം ക്രൂരമാകാം എന്നതിന്റെമാത്രം തെളിവായി പലരും വിവരിച്ച കാര്യങ്ങള്‍ വായിച്ച് പേടിതോന്നി. പണ്ടത്തെ കാലത്തെ പറ്റിയല്ല- ഈ ആളുകള്‍ ഇന്നത്തെ ആള്‍ക്കാരാണല്ലോ എന്നാലോചിച്ചപ്പോള്‍; പിന്നെ സമാധാനിച്ചു, ഇവരൊന്നും നിയമനിറ്മാതാക്കളോ പോലീസുകാരോ അല്ലല്ലൊ, വെറും ബ്ലൊഗ്ഗര്‍ മാത്രമാനല്ലോ എന്നോറ്ത്ത്. എന്നാലും ഐ എഴുത്തുകാറ് വലുതായി, നോവലിസ്റ്റുകളായി, തങ്ങളുടെ ഭാവനക്കനുസരിച്ച് എഴുതുന്ന കാര്യങ്ങള്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ സംസ്കാരത്തിന്റെ തെളിവുകളായി നാളത്തെ ഡിങ്കന്മാരും കണ്ണൂസുമാരും പ്രചരിപ്പിക്കുമല്ലോ എന്നോറ്ക്കുമ്പോള്‍ വീണ്ടും വിഷമം...
Post a Comment