Wednesday, October 31, 2007

രത്നാകരന്‍ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടോ?



സീന്‍ 1: എണ്‍പതുകളുടെ അവസാനം. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റി നടത്തുന്ന സിനിമാ ക്യാമ്പില്‍ ഛായാഗ്രാഹകന്‍ സണ്ണി ജോസഫിന്റെ ക്ലാസ്. ഒരു കുട്ടി വാട്ടര്‍ട്ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒരു ഫോട്ടോയുടെ പേപ്പര്‍ കട്ടിംഗ് കാണിച്ച് അതിനെ അടിസ്ഥാനമാക്കി രണ്ടു മിനിറ്റുള്ള ഒരു സിനിമയുടെ തിരക്കഥയെഴുതാന്‍ എക്സര്‍സൈസ് ഇട്ടു കൊടുക്കുന്ന സണ്ണി ജോസഫ്. തിരക്കഥയെഴുതുന്ന ക്യാമ്പംഗങ്ങള്‍. കട്ട് ടു ബ്ലോഗന്നൂര്‍ 2007.

സീന്‍ 2: കിക്കോഫിന് തൊട്ടുമുമ്പുള്ള ഒരു ഫുട്ബോള്‍ ഗ്രൌണ്ട്. ഗാലറികള്‍ ആര്‍ത്തിരമ്പുന്നു. ഭാവനയും അനുഭവവുമാണ് ഇവിടെ മാറ്റുരയ്ക്കുന്ന ടീമുകള്‍. വൈക്കം മുഹമ്മദ് ബഷീറാണ് അനുഭവം ടീമിന്റെ ക്യാപ്റ്റന്‍.  എംടി, കോവിലന്‍... അങ്ങനെ ചില ടീമംഗങ്ങളെ തിരിച്ചറിയാനാവുന്നുണ്ട്. ഭാവനയുടെ ക്യാപ്റ്റന്‍ വി. കെ. എന്‍. പ്രധാന താരങ്ങള്‍ തകഴി, സേതു, എന്‍. എസ്. .മാധവന്‍, സക്കറിയ, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍. കട്ട് ടു ബ്ലോഗന്നൂര്‍ 2007.

മലയാളത്തില്‍ വായിച്ച ഏറ്റവും നല്ല സാഹിത്യപഠനങ്ങളിലൊന്ന് ഒരനുസ്മരണലേഖനമാണ് - വി.കെ.എന്‍. മരിച്ചതിന്റെ പിറ്റേമാസം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച എന്‍. എസ്. മാധവന്റെ ലേഖനം. ആധുനിക മലയാള സാഹിത്യത്തിന് വി.കെ.എന്‍ നല്‍കിയ പ്രധാന സംഭാവനയായി ഭാവനയെ പ്രതിഷ്ഠിക്കുകയാണ് ഈ ലേഖനത്തിലൂടെ മാധവന്‍. പിന്നീട് പലപ്പോഴും ആ നിരീക്ഷണം ഓര്‍മയില്‍ വന്നു. അങ്ങനെയാണ് ഭാവനയില്‍ രണ്ട് ഫുട്ബോള്‍ ടീമുകള്‍ പിറവിയെടുക്കുന്നത്. ഇതു രണ്ടും വാ‍ട്ടര്‍ടൈറ്റ് കമ്പാര്‍ട്ടുമെന്റുകളല്ലെന്ന് ആദ്യമേ പറയട്ടെ. മാധവന്റെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ബഷീര്‍വിമര്‍ശനവും ഇവിടെ ഓര്‍ക്കാം, അതിന് വര്‍ഗീയവിഷം പുരട്ടിയ ചെറിയ മനുഷ്യരേയും. നിന്റെ ഓര്‍മയ്ക്ക് എന്ന കഥയ്ക്ക് പില്‍ക്കാലത്ത് എംടി എഴുതിയ അനുബന്ധക്കുറിപ്പും ഓര്‍ത്തുപോകുന്നു. അതു പ്രകാരം, ആ കഥയില്‍ ഭാവനയുടെ ലവലേശമില്ലെന്ന് പറയണം - മനോഹരമായ ആ കഥ ജീവിതത്തില്‍ നിന്ന് അങ്ങന്നെ പകര്‍ത്തിയത്. അതല്ല ഭാവനയുടെ കാര്യം. ഭാവനയുടെ ചക്രവാളത്തിന് അതിരില്ല. സുഭാഷ് ചന്ദ്രന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍’ എന്ന കഥ നോക്കൂ - ഡച്ച് കലാമാന്ത്രികന്‍ വാങ്ഗോഗിന്റെ വിഖ്യാതമായ potato eaters എന്ന പെയ്‌ന്റിംഗില്‍ കണ്ണും നട്ടിരുന്ന സുഭാഷിന്റെ ഭാവന പറന്ന ആകാശദൂരമാണ് ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന ഹോണ്ടിംഗ് ചെറുകഥയായി നാമനുഭവിച്ചത് (ടീയാര്‍ ‘ചിത്രകലയും ചെറുകഥയും’ എന്ന പുസ്തകമെഴുതുമ്പോള്‍ സുഭാഷ് കഥയെഴുതിത്തുടങ്ങിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ടീയാര്‍ ഈ കഥയെപ്പറ്റി എന്തെഴുതിയേനെ?)

രത്നാകരന്‍ എന്ന വേട്ടക്കാരന് മാനാസാന്തരം വന്ന് തപസ്സിരുന്നു. അയാളെ ഒരു ചിതല്‍പ്പുറ്റ് വിഴുങ്ങി. ഒടുവില്‍ മനസ്സ് തെളിഞ്ഞ് പുറത്തു വന്നയാളാണ് വാത്മീകി എന്നാണ് കഥ. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ കടലിന്നിന്നടില്‍ പാലം പോലെ ഒരു സാധനമുണ്ടെന്ന് ആരെങ്കിലും വാത്മീകിയോട് പറഞ്ഞുകാണുമോ? അതിന്റെ പുറത്ത് തീര്‍ത്തും ഭാവനയില്‍ ഒരു കഥ മെനഞ്ഞതായിരിക്കുമോ ആദികവി? ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ്, പ്രവാസം, 10 തലകളുള്ള വില്ലന്‍, വിമാനത്തില്‍ വന്നിറങ്ങുന്ന മുനി, പരസ്പരം കാലു വാരുന്ന സഹോദരന്മാര്‍... ചിതല്‍പ്പുറ്റിനുള്ളിലിരുന്ന് സാന്ദ്രീകൃതമായ ഭാവനയ്ക്ക് എന്തു തന്നെ സാധ്യമല്ല!

പൊട്ടറ്റോ തിന്നുന്ന യൂറോപ്യന്‍സിനെ കണ്ടിരുന്നെങ്കി രത്നാകരന്‍ ഒരു ചെറുകഥയെഴുതിയേനെ. ഒരു കടല്‍പ്പാലത്തെ ചെറുകഥയിലൊതുക്കുന്നതെങ്ങനെ? അത് ഇതിഹാസമായി. (ഈ ഫോര്‍മേഷനെ ആദാമിന്റെ പാലം എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടൊ എന്ന് നിരീശ്വരവാദിയായ കരുണാനിധി പറഞ്ഞില്ല).

ഉരുളക്കിഴങ്ങും സവാളയുമെല്ലാമുള്ള കാലത്താണോ രത്നാകരന്‍ ജീവിച്ചിരുന്നതെന്നതിന് തെളിവില്ല. എന്തായാലും ഒരുപാട് ഫലമൂലങ്ങളെപ്പറ്റി രാമയാണത്തില്‍ പറയുന്നു. പോരാതെ ഒരു രസികന്‍ വരത്തെപ്പറ്റിയും. സീതാന്വേഷണത്തിന് സഹായിച്ചതിന്റെ പ്രത്യുപകാരാര്‍ത്ഥം ‘പക്വഫലങ്ങള്‍ കപികള്‍ ഭക്ഷിക്കുമ്പോളൊക്കെ മധുരമാക്കി ചമച്ചീടുക’ എന്നൊരു വരം കുരങ്ങുകള്‍ക്ക് ലഭിക്കുന്നു. അതായത് കുരങ്ങന്മാര്‍ ഏത് പഴുത്ത പഴം തിന്നാലും അത് മധുരമായിരിക്കുമെന്ന്!).

കരുണാനിധി പറഞ്ഞത് ശരിയാണെന്ന് വരുമോ? നമ്മുടെയെല്ലാം ജീവിതത്തേക്കാള്‍ വലിയ കെട്ടുകഥയായിരിക്കുമോ രാമായണം?

Tuesday, October 30, 2007

ബലാത്സംഗം - ഒരാകാശച്ചിത്രം



പെരിയാറിനെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന ഒരു സങ്കടം കാട്ടിത്തരാം. വെമ്പനാട്ട് കായലിലേയ്ക്ക് പോകുന്ന പെരിയാറിന്റെ രണ്ട് കൈവഴികള്‍ ചേരുന്നിടത്ത് വിചിത്രമായ ഒരു കടത്തുണ്ടായിരുന്നു - രണ്ട് ബോട്ടുകള്‍ സര്‍വീസ് നടത്തുന്ന മൂന്ന് കടവുകള്‍. ഏലൂര്‍, ചേരാനെല്ലൂര്‍, വരാപ്പുഴ എന്നിവയാണ് കടവുകള്‍. വരാപ്പുഴ പാലം വന്നപ്പോള്‍ ചേരാനെല്ലൂര്ന്ന് വരാപ്പുഴയ്ക്കുള്ള ഫെറി അപ്രസക്തമായി. അടുത്ത കാലം വരെ മൂന്ന് കടവുകള്‍ക്കിടയില്‍ ചുറ്റിക്കൊണ്ടിരിക്കുന്ന രണ്ട് ബോട്ടുകളായിരുന്നു തിരക്കേറിയ ഈ ത്രികോണഫെറിയില്‍. ഇപ്പോളത് ഏലൂര്‍-വരാപ്പുഴ ഫെറിയും വരാപ്പുഴ-ഏലൂര്‍ ഫെറിയുമായി. കടവുകള്‍ മൂന്നു തന്നെ, പക്ഷേ കടത്ത് മൂന്നിനേയും ബന്ധിപ്പിക്കുന്നില്ല. ഇതാ ആ കടവിന്റെ ഗൂഗ്ഗ് ള്‍ എര്‍ത്ത് ചിത്രം. കുറേ നാള്‍ മുമ്പ് എടുത്തതാണ്. ഇടത്ത് കാണുന്നത് വരാപ്പുഴക്കര. വലത്തേപ്പുഴയുടെ മുകളില്‍ ഏലൂര്‍, താഴെ ചേരാനെല്ലൂര്‍. (എന്റെ ചേരാനെല്ലൂര്‍ കര്‍ത്താവേ എന്ന് മാധവന്‍ ഒരു എറണാകുളം കഥയില്‍. ചേരാനെല്ലൂര്‍ കര്‍ത്താക്കന്മാര്‍ക്കായിരുന്നു പണ്ട് എറണാകുളം നഗരഭരണം). വെളുത്ത വര ഇടപ്പള്ളീന്ന് മംഗലാപുരം വരെ (തിരിച്ചും!) പോകുന്ന തീരദേശ ഹൈവേ - എന്നെച്ച് 17. (ഗൂഗ് ള്‍ എര്‍ത്തില്‍ verapoli എന്ന വരാപ്പുഴ മാര്‍ക്ക് ചെയ്തിരിക്കുന്നത് ഏലൂരിന്റെ മേല്‍. അത് തെറ്റാണ്).

വലത്തേപ്പുഴയിലൂടെ മാലിന്യം കലരുന്നത് കണ്ടോ? ഫാക്റ്റ്, ടിസിസി, എച്ചൈയെല്‍ തുടങ്ങിയ കമ്പനികള്‍ തുപ്പുന്ന വിഷമാണ് ഈ നിറമാറ്റത്തിന് കാരണം. അറിയാമോ, രണ്ട് നൈലുണ്ട് - നീല നൈലും വെള്ള നൈലും. രണ്ടും ചേരുന്നത് സുഡാന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ വെച്ച്. പിന്നെയാണ് ഈജിപ്തിലോട്ട് കടക്കുന്നത് (നൈല്‍ നദിയുടെ ദാനം - ഓര്‍മയില്ലെ പഠിച്ചത്). ചേര്‍ന്നിട്ടും കുറേ നേരം പുഴയില്‍ നീലയുടെ അംശമുണ്ട്. അതുപോലെയാണ് ഇവിടെയും. ഇത് അവസാനം ഹൈക്കോടതിയുടെ സൈഡീക്കൂടെ ചെന്ന് വെമ്പനാട്ട് കായലിലും ഉടന്‍ തന്നെ കടലിലും ചേരുന്നു. അതുകൊണ്ട് ഈ മാലിന്യം അറബിക്കടലില്‍ എവിടന്ന് പിടിക്കുന്ന മത്തി തിന്നുന്ന എല്ലാര്‍ക്കും ബാധകം. ഓട്ടുകമ്പനി വേണ്ടായേ, കവിത മതിയേ...

Monday, October 29, 2007

ഷട്ടപ്പ് ഇഫ് യൂവാറിന്‍ ഡീപ് ഷിറ്റ്


ഇ-മെയിലില്‍ വന്ന ഒരു കഥയുടെ പരിഭാഷ:

മാറ്റത്തിനു മാത്രം മാറ്റമില്ല. കോര്‍പ്പറേറ്റ്‌ ലോകത്തെ മാറ്റങ്ങള്‍ അതിജീവിക്കാന്‍ സഹായിക്കുന്ന 3 പാഠങ്ങള്‍ ഇതാ.

പാഠം 1

ഒരു കാക്ക ജോലിയൊന്നും ചെയ്യാതെ ഒരു ദിവസം മുഴുവന്‍ അങ്ങനെ ഇരിക്കുകയായിരുന്നു. ഒരു മുയല്‍ക്കുഞ്ഞ്‌ ഇതു കണ്ട്‌ കാക്കയോട്‌ ചോദിച്ചു -

ഞാനും ഇതുപോലെ ദിവസം മുഴുവന്‍ ഒരു ജോലിയും ചെയ്യാതെ അങ്ങനെ ഇരുന്നാലോ. ഓ, അതിനെന്താ, ഇരുന്നോളൂ എന്നായിരുന്നു കാക്കയുടെ ഉത്തരം. ഇതു കേട്ട മുയല്‍ കാക്കയിരുന്ന മരത്തിനു താഴെ കാക്കയെപ്പോലെ തന്നെ ജോലിയൊന്നും ചെയ്യാതെ അങ്ങനെ ഇരുന്നു.

പെട്ടെന്ന്‌ എങ്ങുനിന്നോ ഒരു കുറുക്കന്‍ കടന്നുവന്ന്‌ ആ മുയലിനെ ശാപ്പിട്ടു.

ഗുണപാഠം - ജോലിയൊന്നും ചെയ്യാതെ അങ്ങനെ വെറുതെ ഇരിക്കണമെങ്കില്‍ നല്ല ഉയരത്തിലായിരിക്കണം നിങ്ങളുടെ ഇരിപ്പ്‌.

പാഠം 2

എനിക്കും ആ മരത്തില്‍ കയറിയാല്‍ക്കൊള്ളാമെന്നുണ്ട്‌. പക്ഷേ, അതിനുള്ള ഊര്‍ജമില്ല, ഇതായിരുന്നു ഒരു ടര്‍ക്കിക്കോഴിയുടെ ദീര്‍ഘനിശ്വാസം.

ഇതുകേട്ട ഒരു കാളക്കൂറ്റന്‍ ടര്‍ക്കിയെ ഇങ്ങനെ ഉപദേശിച്ചു - നീയെന്റെ ചാണകം കുറച്ച്‌ ശാപ്പിട്‌. നല്ല പോഷകസമൃദ്ധമാ എന്റെ ചാണകം. ഇതനുസരിച്ച്‌ ആ ടര്‍ക്കി ഒരു കൊക്ക്‌ ചാണകം കൊത്തിയെടുത്ത്‌ വിഴുങ്ങി. മരത്തിന്റെ ഒന്നാമത്തെ കൊമ്പിലെത്താന്‍ അത്‌ ടര്‍ക്കിയെ സഹായിച്ചു. പിറ്റേന്ന്‌ കൂടുതല്‍ ചാണകം ശാപ്പിട്ട ടര്‍ക്കി രണ്ടാമത്തെ കൊമ്പിലുമെത്തി. ഒടുവില്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അവന്‍ മരത്തിന്റെ തുന്നാടിത്തലപ്പത്തുമെത്തി. പക്ഷേ കഷ്ടം, വൈകാതെ തന്നെ ഒരു കൃഷിക്കാരന്‍ ദൂരെ നിന്നുതന്നെ അവനെ കണ്ട്‌ അവനെ വെടിവെച്ചിട്ടു.

ഗുണപാഠം - ബുള്‍ഷിറ്റ്‌ നിങ്ങളെ ഉയരത്തിലെത്തിക്കും. പക്ഷേ അത്‌ നിങ്ങളെ അവിടെ ഇരുത്തുകയില്ല.

പാഠം 3

മഞ്ഞുകാലം ഒഴിവാക്കാന്‍ ഒരു കുഞ്ഞിപ്പക്ഷി തെക്കോട്ട്‌ പറക്കുകയായിരുന്നു. തണുപ്പ്‌ അധികമായി കിളിക്കുഞ്ഞ്‌ താഴെ വീണു. അതങ്ങനെ അവിടെ കിടക്കുമ്പോള്‍ ഒരു പശു വന്ന്‌ അതിന്റെ മേല്‍ ചാണകമിട്ടു. ആ ചാണകത്തില്‍ പുതഞ്ഞ്‌ അങ്ങനെ കിടക്കുമ്പോള്‍ ആ ചൂട്‌ കൊള്ളാമല്ലോ എന്നാണ്‌ കിളി വിചാരിച്ചത്‌. അതങ്ങനെ സുഖമായി അവിടെത്തന്നെ കിടന്ന്‌ സന്തോഷത്താല്‍ ഒരു പാട്ടു പാടാന്‍ തുടങ്ങി. ഇതു കേട്ട്‌ അതിലേപോയ പൂച്ച കാര്യമെന്താണെന്നന്വേഷിക്കാന്‍ വന്നു. പാട്ടുവരുന്ന വഴി നോക്കി നോക്കി ചാണകത്തിന്റെ കീഴില്‍ അത്‌ കിളിക്കുഞ്ഞിനെ കണ്ടുപിടിച്ചു. ചാണകം നീക്കി അതിനെ ശാപ്പിടുകയും ചെയ്തു.

ഗുണപാഠങ്ങള്‍

1) നിങ്ങളുടേ ദേഹത്ത്‌ ഷിറ്റ്‌ ഇടുന്നവരെല്ലാം നിങ്ങളുടെ ശത്രുക്കളല്ല.

2) ഷിറ്റില്‍ നിന്ന്‌ നിങ്ങളെ പുറത്തെടുക്കുന്നവരെല്ലാം നിങ്ങളുടെ സുഹൃത്തുക്കളുമല്ല.

3) ഡീപ്‌ ഷിറ്റിലായിരിക്കുമ്പോള്‍ വായ അടച്ചുപിടിയ്ക്കുക.

Sunday, October 28, 2007

മൂര്‍ഖനെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍


ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍... എന്ന് തുടങ്ങുന്ന പഴഞ്ചൊല്ല് ആദ്യം കേട്ടത് കുട്ടിക്കാലത്ത് എപ്പളോ ആയിരിക്കും. ചെറിയ കുട്ടികളോട് സംസാരിക്കുമ്പോള്‍ ആരും പഴഞ്ചൊല്ലുകള്‍ പറയുന്ന ശീലമില്ല. അതുകൊണ്ട് മുതിര്‍ന്നവര്‍ തമ്മിലുള്ള സംസാരങ്ങളില്‍ നിന്ന് വീണുകിട്ടുന്ന പഴഞ്ചൊല്ലുകളായിരിക്കും കുട്ടിയായിരുന്നപ്പോള്‍ കേട്ടു തുടങ്ങിയത്. ഈ പഴഞ്ചൊല്ല് പല വട്ടം കേട്ടു. അതിന്റെ രണ്ടാം പകുതി അന്നൊന്നും ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. ഒന്നാം പകുതി (ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍) തന്നിരുന്ന അത്ഭുതത്തില്‍ മുങ്ങിപ്പോയതുകൊണ്ടാണ് രണ്ടാം പകുതി (നടുക്കണ്ടം തിന്നണം) ശ്രദ്ധിക്കാതിരുന്നതെന്ന് ഇപ്പോള്‍ തോന്നുന്നു. ചേരയെ തിന്നുകയോ? ഭയം, അറപ്പ്... അങ്ങനെയുള്ള പല നെഗറ്റീവ് വികാരങ്ങളും പത്തി വിടര്‍ത്തിയാടി. നീര്‍ക്കോലി കടിച്ചാലും ഡിന്നര്‍ മുടങ്ങും എന്ന ചൊല്ലും അന്നേ കേട്ടിരുന്നു. എങ്കില്‍ ചേരയ്ക്ക് ബ്രേക്ക്ഫാസ്റ്റെങ്കിലും മുടക്കാനാവും എന്നാണോര്‍ത്തിട്ടുണ്ടാവുക. പോരാത്തതിന് മൂര്‍ഖന്റെ ഇണ ചേരയാണെന്നൊരു മണ്ടത്തരവും അക്കാലത്ത് വിശ്വസിച്ചിരുന്നു. (ഒരേ കടലിന്റെ കഥ കേട്ടപ്പോള്‍ ആ മണ്ടത്തരമാണ് ശരിയെന്നു തോന്നി - മൂര്‍ഖനെ കിട്ടിയില്ലെങ്കി ഞാഞ്ഞൂളിനേം മതി മനുഷ്യര്‍ക്ക്. ഗതി കെട്ടാല്‍ പുലി ഓമ്ലെറ്റും തിന്നും. താനിരിക്കേണ്ടിടത്ത് നായ ഇരുന്നില്ലെങ്കില്‍ അവിടെ നായച്ചെള്ള് കയറി ഇരിക്കും).

കുറേ നാള്‍ മുമ്പ് ഇവിടത്തെ നൂറിലേറെ പോസ്റ്റുകള്‍ ഒരു പ്രാന്തിന് ഡിലീറ്റു ചെയ്തപ്പോള്‍ 'മഞ്ഞ 'ന'യുടെ ബിസിനസ് സീക്രട്ട്' എന്നൊരു പോസ്റ്റും ഡിലീറ്റായി (കോതമംഗലത്തുകാരുടെ ഭാഷേപ്പറഞ്ഞാല്‍) 'പോയാര്‍ന്നു'. അത് ഗൂഗ് ള്‍ റീഡര്‍ വഴി വീണ്ടെടുത്ത് തന്ന വക്കാരിയുടെ മത്സ്യാവതാ‍രത്തിന് നന്ദി. ആ പോസ്റ്റിന്റെ ആവര്‍ത്തനവിരസം താഴെ. (ഒരു ചേനക്കാര്യം - വൈ മെന്‍സസ് ഈസ് കാള്‍ഡ് ആര്‍ത്തവം ഇന്‍ മലയാളം? ഇറ്റ് ഷുഡ് ബി ആവര്‍ത്തം നൊ, സീരിയസ്ലി). മക്ഡൊണാള്‍ഡ്സിന്റെ മറ്റൊരു ബിസിനസ് സീക്രട്ടിനു കൂടി അടിവരയിടാനാണ് ഈ പോസ്റ്റ്.

ചേരയെ തിന്നുന്നതിന്റെ അറപ്പാണ് ആദ്യം തോന്നിയതെന്ന് പറഞ്ഞല്ലോ. ഇപ്പോള്‍ തോന്നുന്നത് മറ്റൊന്നാണ്, വിശേഷിച്ചും വെള്ളെഴുത്തിന്റെ വെള്ളെഴുത്ത് ബാധിക്കാത്ത പുതുവായനകള്‍ കാണുമ്പൊ. കേരളം ഒരു കണ്‍സ്യൂമറാണ്. അതുകൊണ്ടാണ് തിന്നുന്ന നാട്. മലയാളിക്ക് തിന്നേ ശീലമുള്ളു, തീറ്റിച്ച് ശീലമില്ല (അഴിമതിക്ക് ‘കുംഭകോണം’ എന്നൊരു പര്യായമുണ്ടായതും തീറ്റശീലത്തില്‍ നിന്നു തന്നെ. അറിയാത്തവര്‍ പറയൂ). അതുകൊണ്ട് ’ചേരയെ തിന്നുന്ന’ നാടിനെപ്പറ്റിയേ പാവം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റൂ. എന്നാല്‍ നിങ്ങള്‍ക്ക് തിന്നല്ല തീറ്റിച്ചാണ് ശീലമെങ്കിലോ? നിങ്ങള്‍ ഒരു ഫാസ്റ്റ് ഫുഡ് ചെയിനാണെങ്കിലോ? എങ്കില്‍ ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നിങ്ങള്‍ മൂര്‍ഖനെ പൊരിച്ചു വില്‍ക്കും. കാരണം ചേരയെ തിന്നുന്ന നാട്ടിലെ ജനം മുഴുവന്‍ അതിന്റെ എല്ലാ കഷണങ്ങളും തിന്ന് മടുത്തിട്ടുണ്ടാവുമെന്നും അവര് വറൈറ്റിക്ക് വേണ്ടി കാത്തിരിക്കുകയാവുമെന്നും നിങ്ങള്‍ക്കറിയാം. ഒടുവില്‍ ചേരയെത്തിന്നുന്ന നാട്ടുകാര്‍ മുഴുവന്‍ മൂര്‍ഖനെ തിന്നു തുടങ്ങും. നിങ്ങടെ മാര്‍ക്കറ്റ് ഒരു മാതിരി സാച്വറേറ്റഡ് ആവും. അപ്പ നിങ്ങ എന്തു ചെയ്യും? വീണ്ടും ചേരയെ മാര്‍ക്കറ്റിലിറക്കും. പക്ഷേ പുതിയൊരു വിഭവമായിട്ടായിരിക്കുമെന്നൊരു വ്യത്യാസമുണ്ടാവുമെന്ന് മാത്രം.

മക്ഡൊണാള്‍ഡ്സ് ഇക്കഴിഞ്ഞ റമദാന്‍മാസം അറേബ്യന്‍ മാര്‍ക്കറ്റിലിറക്കിയ ‘ഡേറ്റ് പൈ’ കണ്ടപ്പോള്‍ ഒരിക്കല്‍ക്കൂടി അവരുടെ ബിസിനസ് അക്യുമെനു മുന്നില്‍ തലകുനിച്ചു. കഴിഞ്ഞ രണ്ടാഴ്ച പൂനെയിലായിരുന്നതുകൊണ്ട് ഡേറ്റ് പയ്യിന്റെ സ്വാദ് നോക്കാന്‍ പറ്റിയില്ല. ഇനി ഒരു ദൂസം ഏതായാലും നോക്കണം - ഒരിക്കലവരുടെ ആപ്പ് ള്‍ പൈ സ്വാദ് നോക്കിയതുപോലെ. പൈ (3.14) എപ്പോഴും കോണ്‍സ്റ്റന്റായിരിക്കുമെന്നല്ലേ പഠിച്ചത്? അതങ്ങനെ തന്നെ ഇരിക്കട്ടെ. ആപ്പ് ള്‍ മാറി, ഈന്തപ്പഴം വന്നു. ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍ ചേര ഫ്രയ്യും ചേര പയ്യും ചേര സാമ്പാറും ഉണ്ടാക്കി വില്‍ക്കുക - എന്തൊരു ബിസിനസ് ഇന്നൊവേഷന്‍, എന്തൊരു മാര്‍ക്കറ്റ് അഡാപ്റ്റേഷന്‍!

മഞ്ഞ ‘ന’യുടെ ബിസിനസ് സീക്രട്ട്


മക്ഡൊണാള്‍ഡ്സിനെ മഞ്ഞ ‘ന’ എന്നു വിശേഷിപ്പിച്ചതിന്റെ കോപ്പിറൈറ്റ് നടന്‍ മുരളിക്കാണ് (ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, മനോരമ പത്രത്തിലെ വീക്ക് ലി കോളത്തില്‍). മഞ്ഞ ‘ന’യുടെ ബിസിനസ് സീക്രട്ട് വെളിപ്പെടുത്തിയതിന്റെ കോപ്പിറൈറ്റ് റോബര്‍ട്ട് ടി. കിയൊസാക്കിക്കും (എല്ലാ muddle class (sic and pun intended) മല്ലൂസും 7 പ്രാവശ്യം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട rich dad poor dad എന്ന പുസ്തകത്തില്‍). “ഞാനേത് ബിസിനസ് രംഗത്താണെന്നറിയാമോ?” മക്ഡൊണാള്‍ഡ്സിന്റെ സ്ഥാപകന്‍ റേ ക്രോക്ക് ഒരിക്കല്‍ ഒരു കൂട്ടം എംബിഎ വിദ്യാര്‍ത്ഥികളോട് ചോ‍ദിച്ചു. പിള്ളേര് വിചാരിച്ചു അങ്ങേര് അവരെ പരിഹസിക്കുകയാണെന്ന്. മക്ഡൊണാള്‍ഡ്സ്എന്നാല്‍ ഹാംബര്‍ഗറിന്റെ പര്യായമാണെന്ന് ആര്‍ക്കാണറിയാത്തത്? “അല്ല, റിയല്‍ എസ്റ്റേറ്റാണ് എന്റെ ബിസിനസ്സ്” റേ പറഞ്ഞു. മക്ഡൊണാള്‍ഡ്സിന്റെ ഫ്രാഞ്ചൈസി കൊടുക്കുമ്പോള്‍ ആ ഫ്രാഞ്ചൈസി കണ്ണായ സ്ഥലത്തായിരിക്കണമെന്നതാണ് റേയുടെ ഒന്നാമത്തെ നിബന്ധന. ഫ്രാഞ്ചൈസി എടുക്കുന്ന ആള്‍ ആ ബില്‍ഡിംഗിരിക്കുന്ന സ്ഥലം മക്ഡൊണാള്‍ഡ്സിന്റെ പേര്‍ക്കാക്കുകയും വേണം. ഇങ്ങനെയിപ്പോള്‍ മക്ഡൊണാള്‍ഡ്സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഉടമയായെന്നാണ് കിയൊസാക്കി വിശദീകരിക്കുന്നത്. (കാത്തോലിക് ചര്‍ച്ചിനേക്കാള്‍ എന്നാണ് കിയൊസാക്കി എഴുതിയിരുക്കുന്നത്. അതിലെനിക്ക് വിശ്വാസമില്ല). അമേരിക്കയിലെ പല പ്രധാന കവലകളുടെ മാത്രമല്ല ലോകമെങ്ങുമുള്ള ഒരുപാട് കണ്ണായ സ്ഥലങ്ങളുടെയും ഉടമയാണ് മക്ഡൊണാള്‍ഡ്സ്. കല്ലിനുമുണ്ട് കഥ പറയാന്‍ എന്നു പറഞ്ഞപോലെ ഹാംബര്‍ഗറിനുമുണ്ട് കഥ പറയാന്‍, അല്ലെ?

Saturday, October 27, 2007

ഇനി ഒരു ഇടവേള


ഈ കവിത നിങ്ങള്‍ക്കായ് അവതരിപ്പിച്ചത് ചേനപ്പറമ്പില്‍ ജ്വല്ലേഴ്സ്, യിപ്പീ ജാം, ലക്കി ഓണ്‍ലൈന്‍ ലോട്ടറി, തുമ്പപ്പൂ ഫെയര്‍നെസ് ക്രീം, ശൃംഗാരവര്‍ധിനി ചുണങ്ങുസംഹാരി, മനോഭൂമി ക്ലാസിഫൈഡ്സ്.

ഈ കവിത വായിക്കുന്നവരുടെ പേരുകള്‍ നറുക്കെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം. ഇതോടൊപ്പമുള്ള ഹൈപ്പര്‍ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒരു മിനിറ്റ് മാത്രമെടുക്കുന്ന സര്‍വേയില്‍ പങ്കെടുക്കുക. (നിങ്ങളുടെ പാസ്വേഡ് ഞങ്ങള്‍ കൈമാറ്റം ചെയ്യുന്നതല്ല), അല്ലെങ്കില്‍ ഇതോടൊപ്പമുള്ള കൂപ്പണ്‍ പൂരിപ്പിച്ച് തുമ്പപ്പൂ ഫെയര്‍നെസ് ക്രീമിന്റെ ഒരു ലേബല്‍ സഹിതം അയച്ചു തരിക.

ഒന്നാം സമ്മാനം ഒരു സുമാട്രോ കാര്‍, രണ്ടാം സമ്മാനം അഞ്ചുപേര്‍ക്ക് 10 പവന്‍ വീതം, മൂന്നാം സമ്മാനം 10 പേര്‍ക്ക് ലീലാസ് പവര്‍കട്ട് സ്റ്റബിലൈസര്‍, കൂടാതെ 50 പേര്‍ക്ക് കുതിരവട്ടത്തെ ഡേഞ്ചറസ് അമ്യൂസ്മെന്റ് പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള സൌജന്യ പ്രവേശനപ്പാസുകളും.

ഇനി ഒരു ഇടവേള.

പല്ലിമാ‍ര്‍ക്ക് കൊതുകുതിരി. കൊച്ചിയില്‍ പരീക്ഷിച്ചത്. കൊതുകുകളുടെ ലാര്‍വകളെപ്പോലും കൊല്ലുന്നു. യിപ്പീ ജാം, ബിക്കോസ് മാന്‍ കനോട്ട് ലിവ് ബൈ ബ്രെഡ് എലോണ്‍. ബാഗ്പൈപ്പര്‍ വിളക്കെണ്ണ. തേച്ചുകുളിക്കാനും മുഖം കഴുകാനും പൂസാകാനും വിശേഷപ്പെട്ടത്.

എന്നും രാത്രി നിങ്ങളുടെ ചന്ദ്രാ ടീവിയില്‍ സ്ത്രീ ഒരു കണ്ണീര്‍ക്കണം. കമിംഗ് അപ്. കുവൈറ്റ്നെറ്റ് ഉഗാണ്ടയില്‍ സമ്പ്രേഷണമാരംഭിച്ചതിന്റെ പത്താം വാര്‍ഷിക പരിപാടികള്‍. നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് വിറളി ടെലിവിഷന്‍. ഒരു പിണറായിയുടെ ആത്മാവിഷ്ക്കാരം.

മനോഭൂമിയുടെ വരിക്കാരാവുക. വളച്ചൊടിച്ച വാര്‍ത്തകള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്നു. കൂടാതെ ഇപ്പോള്‍ അഞ്ചുകോടി രൂപയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഇടിവെട്ട് തംബോല. സത്യത്തെ നോക്കി കൊഞ്ഞനം കുത്താന്‍ ഒരസുലഭാവസരം.

ഈ കവിതയിലേയ്ക്ക് വീണ്ടും സ്വാഗതം.

ഈ കവിതയുടെ 10 കോപ്പി എടുത്ത് 10 പേര്‍ക്ക് ഉടന്‍ അയച്ചുകൊടുക്കുക. എങ്കില്‍ ഉദ്ദിഷ്ടകാര്യ സാധ്യം ഉറപ്പ്. തിരുപ്പതിയില്‍ വെച്ച് ഈ കവിത അഞ്ചുപേരെ വായിച്ചു കേള്‍പ്പിച്ച ഒരു അന്ധന് രണ്ടു ദിവസത്തിനകം കാഴ്ച ലഭിച്ചു. ഈ കവിത ഇ-മെയിലാക്കി പതിനഞ്ചുപേര്‍ക്ക് ഫോര്‍വേഡു ചെയ്ത ഒരു പാട്ടുകാരി എലിമിനേഷന്‍ റൌണ്ടിലെ ഡെയ്ഞ്ചറസ് സോണില്‍ നിന്ന് മൂന്നാം തവണയും ഇന്നായി. ഈ കവിത അച്ചടിച്ചു വന്ന പേജ് കീറിയെടുത്ത് അതില്‍ മീന്റെ മുള്ള് ഇട്ട ഒരാള്‍ പേപ്പട്ടിവിഷബാധയാല്‍ മരിച്ചു. ഈ കവിത വന്നയുടെനെ ഡിലീറ്റ് ചെയ്ത ഒരാളുടെ വിന്‍ഡോസ് അങ്ങന്നെ ക്രാഷായിപ്പോയി. വേറൊരുത്തീടെ ഹാര്‍ഡ് ഡിസ്ക്കടിച്ചുപോയി. ഈ കവിത കണ്ടിട്ടും വായിക്കാതെ പോയ ഒരേയൊരു ഭക്തകവിക്ക് അമ്മുമ്മദൈവം ദര്‍ശനം കൊടുത്തില്ല.

ഇനി ഈ കവിതയിലെ ചോദ്യം. ഈ കവിത വായിക്കുമ്പോള്‍ സന്തോഷ് പാലിയുടെ ഷര്‍ട്ടിന്റെ നിറമെന്ത്? നിങ്ങളുടെ ഉത്തരങ്ങള്‍ 5518 ഹച്ച് 9874 ഓറഞ്ച് 9987 ബീയെസ്സെന്നല്‍ എന്നീ നമ്പറുകളില്‍ എസ്സെമ്മെസ്സ് ചെയ്യുക അല്ലെങ്കില്‍ സമ്മാനപ്പോസ്റ്റ്കാര്‍ഡില്‍ മാത്രം അയക്കുക.

ഒരു ഇടവേള കൂടി.

Friday, October 26, 2007

ശുക്ലസഞ്ചി എന്ന മാര്‍ക്കറ്റ് ഇക്കണോമി


കുറേ വാങ്ങലുകാര്‍ക്ക് ഒരു വില്‍പ്പനക്കാരന്‍ മാത്രമുള്ളതിനെ monopoly എന്നു വിളിക്കുമെന്ന് നമുക്കെല്ലാമറിയാം. കേരളത്തില്‍ വൈദ്യുതി കച്ചവടം നടത്തുന്ന കെഎസ്ഈബിയാണ് അധമോദാഹരണം (ഉത്തമന്‍ വല്ലോമുണ്ടോ?). ഇതിന്റെ നേരെ ഓപ്പോസിറ്റ് അവസ്ഥയുമുണ്ട് - കുറേ വില്‍പ്പനക്കാര്‍ക്ക് ഒരു വാങ്ങല്‍കാരന്‍ മാത്രമുള്ള അവസ്ഥ. അതിന്റെ പേര് monopsony. എന്റെ അറിവില്‍ കേരളത്തില്‍ത്തന്നെ അതിനും ഉദാഹരണനുണ്ട്. വയനാട്ടിലെ ചുണ്ടേലിലും മറ്റും സ്ഥിരോത്സാഹികളായ അച്ചായന്മാര്‍ കൃഷി ചെയ്തുണ്ടാക്കുന്ന കൊക്കോ മുഴുവനും വാങ്ങുന്നത് ഒറ്റയൊരാളാണ് - ആഗോളഭീമനായ കാഡ്ബറീസ്.

മൈക്രോസോഫ്റ്റിന്റെ ബണ്ട് ല്‍ കച്ചവടത്തിനെതിരെ യൂറോപ്യന്‍ യൂണിയനില്‍ കേസ് നടക്കുന്നതിനെപ്പറ്റി വായിച്ചപ്പോള്‍ പണ്ടു പഠിച്ച ഈ വാക്കുകള്‍ വീണ്ടും ഓര്‍ത്തു. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കൂടെ വിന്‍ഡോസ് മീഡിയാ പ്ലേയര്‍ കൂടി ചേര്‍ത്ത് (അങ്ങനെ പലതും ചേര്‍ത്ത്) മാര്‍ക്കറ്റിനെ ഒറ്റയ്ക്ക് വിഴുങ്ങാന്‍ ശ്രമിക്കുന്ന മൊണൊപ്പൊളി പൊളിക്കാനായിരുന്നല്ലോ കേസ്. കേസിന്റെ ഏറ്റവും ഒടുവിലത്തെ സ്ഥിതിയെന്താണെന്നറിഞ്ഞില്ല. ഇനി അതെന്തായാലും മാര്‍ക്കറ്റ് ഇക്കണോമിയെ കയറൂരി വിട്ടാല്‍ മാര്‍ക്കറ്റിന് മൊത്തം പൊള്ളും എന്ന് ക്യാപ്പിറ്റലിസ്റ്റുകള്‍ക്ക് മനസ്സിലായത് നല്ല കാര്യം.

അല്ലെങ്കിലും ക്യാപ്പിറ്റലിസ്റ്റുകളെ മാത്രം എങ്ങനെ കുറ്റം പറയും? ഇതിനേക്കാളെല്ലാം ക്രൂരമായ ഒരു മാര്‍ക്കറ്റ് ഇക്കണോമിയിലല്ലേ ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെടുന്നത്? ശുക്ലസഞ്ചി എന്ന മാര്‍ക്കറ്റ് ഇക്കണോമി! (നിര്‍)ഭാഗ്യവശാല്‍, 100% കയറ്റുമതി യൂണിറ്റായ ഈ മാര്‍ക്കറ്റിനെ മൊണൊപൊളിയാക്കുന്നത് ഈ മാര്‍ക്കറ്റിന്റെ ഒരേയൊരു കയറ്റുമതി മാര്‍ക്കറ്റാണ് - ഗര്‍ഭപാത്രം എന്ന മൊണോപ്സണി. അതെ, ഒരൊറ്റ അണ്ഡം മാത്രം ഒരൊറ്റ പുംബീജത്തെ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്ന മൊണൊപ്പൊളിയുടെയും മൊണൊപ്സണിയുടേയും ഒരു റെയര്‍ കോമ്പിനേഷന്‍ (അവസാനനിമിഷമേ ആര്‍ക്കാണ് - ഏത് പുംബീജത്തിനാണ് - മൊണൊപ്പൊളി എന്നറിയൂ എന്നൊരനിശ്ചിതത്വം ഉണ്ടെന്നൊരു വ്യത്യാസവുമുണ്ട്. എന്തായാലും കയ്യൂക്കുള്ള ഒരേയൊരുത്തന്‍ കാര്യക്കാരനാവുന്ന മൊണോപ്പൊളി തന്നെ ഇത്). മൊണോപ്പൊളിയും മോണോപ്സണിയും ചേര്‍ന്നുള്ള ഈ റെയര്‍ കോമ്പിനേഷനെ എനിയ്ക്കൊരു പേരിടാന്‍ തൊന്നുന്നു - സോളോപ്പൊളി എന്ന്.

ബില്‍ ഗേറ്റ്സിനെ ഞാന്‍ കുറ്റം പറയുകയില്ല. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ലോക മാര്‍ക്കറ്റ് മൈക്രോസോഫ്റ്റിന്റെ കുത്തകയാവട്ടെ. സെര്‍ച്ച് എന്‍ ജിനുകളും അപ് ലോഡിംഗ് സൈറ്റുകളും ഈ-മെയിലും ഗൂഗ് ളിന്റെ കക്ഷത്തിലിരിക്കട്ടെ. ബോംബെ സിറ്റിയിലെ ഇലക്ട്രിസിറ്റി കച്ചവടം റിലയന്‍സ് ഒറ്റയ്ക്കു തിന്നട്ടെ. ഞാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നത് മറ്റൊരു കാര്യമാണ് - മൊണോപ്പൊളിയുള്ള മാര്‍ക്കറ്റ് കാറ്റഗറികളിലെല്ലാം മോണോപ്സണിയും വേണം. നമ്മുടെ സന്താനോല്‍പ്പാദനച്ചന്തയിലെ ആ കട്ടയ്ക്ക് കട്ടയ്ക്കുള്ള മത്സരവും മത്സരമില്ലായ്മയും പോലെ.

കാഡ്ബറീസിന്റെ ചോക്കലേറ്റ് മുഴുവന്‍ ഒരൊറ്റ കുട്ടി വാങ്ങും. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മുഴുവന്‍ ഒരൊറ്റ ഡിസ്ട്രിബ്യൂട്ടര്‍ വാങ്ങും. എന്തിന് റീടെയ് ല്‍ മേഖലയില്‍പ്പോലും എല്ലാ കടകളുടേയും ചില്ല് പൊട്ടും - ഒരേ കടല്‍ ഒരേ കടയാവും. കമ്പനികള്‍ക്കോ രാജ്യങ്ങള്‍ക്കോ മേഖലകള്‍ക്കോ വ്യക്തികള്‍ക്കോ മൊണോപ്പൊളികള്‍ വീതിക്കപ്പെടും. മാര്‍ക്കറ്റ് ഇക്കണോമിയുടെ ക്രൂരനിയമങ്ങള്‍ ആര്‍ക്കറിയാം?

Thursday, October 25, 2007

ലൈം(ഗിക)ജ്യൂസ് കുടിക്കാന്‍ വരുന്നോ?


അഞ്ചു വയസ്സായ മകളെ തൊടുമ്പോഴെല്ലാം എന്‍. എസ്. മാധവന്റെ ആ ബ്യൂട്ടിഫുള്‍ കഥ (എന്റെ മകള്‍ ഒരു സ്ത്രീ) ഓര്‍ക്കുന്ന ഒരു പന്നയാണ് ഞാന്‍. പുതിയ കലാകൌമുദിയില്‍ മാധവന്റെ മകളുടേതാണെന്ന് പറഞ്ഞ് കിടക്കുന്നു കുറേ വിശേഷങ്ങള്‍. ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഒരു ബ്ലോഗറാണത്രെ ഇഎം എന്ന പേരിലെഴുതുന്ന മീനാക്ഷി റെഡ്ഡി മാധവന്‍. ഒരു ദിവസം 500 ഹിറ്റ്സ് വരെയായി എന്നാണ് കലാകൌ വിശേഷം (ഇവര് മലയാളത്തിലെ ചില തകര്‍പ്പന്‍ ഈഴവ ബ്ലോഗുകളെപ്പറ്റി അറിഞ്ഞില്ലേ?). ഒരു ബ്ലോഗിനെ ഹിറ്റാക്കേണ്ട എല്ലാമുണ്ട് മേല്‍പ്പറഞ്ഞ ബ്ലോഗില്‍ - 25 വയസ്സും അഞ്ചടിയിലേറെ ഉയരവുമുള്ള ഒരു പെണ്ണിന്റെ മദ്യപാന, ലൈംഗികാനന്ദങ്ങള്‍. ലൈംഗിക ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ഇന്ത്യയിലെ മഡ് ല്‍ ക്ലാസ് ഭൂരിപക്ഷത്തിന് എന്തു വേണമെന്ന് ഏത് പോലീസുകാരനേയും പോലെ ഓളും മനസ്സിലാക്കി. ഇന്നു രാത്രി വേണ്ട, തലവേദനയാ എന്നു പറയുന്ന ഇക്കാലത്തെ പുരുഷന്മാരാണ് സ്ത്രീകള്‍ എന്ന് അവള്‍ എഴുതുന്നു. മീനാക്ഷിയുടെ ആത്മകഥാപരമായ കുറിപ്പുകള്‍ പുസ്തകമാക്കാന്‍ പെന്‍ ഗ്വിന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ് കലാകൌമുദി നിര്‍ത്തുന്നു. ലിംഗം ഇവിടെ. ഇനി ഇത് മാധവന്റെ മകളുടെതല്ലെങ്കില്‍ മഹാമോശമായിപ്പോയി കൌമുദിയുടെ ഈ മദി. എ(ന്‍. എസ്. മാധവ)ന്റെ മകള്‍ ഒരു സ്ത്രീ.

Wednesday, October 24, 2007

ഏറ്റവും ലഹരിയുള്ള മദ്യം


എന്റെ അഭിപ്രായത്തില്‍ ഏറ്റവും ലഹരിയുള്ള മദ്യം ജിന്നാണ് – ഇമാജിന്‍. ഇതിനെ അനാര്‍ക്കിസ്റ്റുകളുടെ പ്രാര്‍ത്ഥന എന്നു വിളിക്കണോ സമാധാനത്തിന്റെ ആന്തെം എന്നു വിളിക്കണോ എന്നറിയില്ല (ദേശീയഗാനം എന്നത് ഒരു ബോറന്‍ പരിഭാഷ). പാട്ടുകളുടെ ഈ മഹാമദ്യം ആദ്യം രുചിച്ചത് കോളേജീ പഠിക്കുമ്പൊ, ആദ്യമായി ബ്ലാക്കൌട്ടായത് ആദ്യത്തെ ഗള്‍ഫ് വാറിന്റെ സമയത്തും. ബീറ്റ്ല്സീന്ന് പിരിഞ്ഞേനു ശേഷം സാക്ഷാല്‍ ജോണ്‍ ലെനന്‍ വാറ്റിയെടുത്തതാണീ ഗാനലായനികളിലെ അക്വാറീജിയയെ. ഇത് കേള്‍ക്കെ ഏത് പാട്ടച്ചെവിയനും സ്വര്‍ണമാവും (ഞാനായി, അതു തന്നെ തെളി). അമേരിക്ക പങ്കെടുക്കുന്ന ഏത് യുദ്ധം വന്നാലും അപ്പൊ ഈ പാട്ട് അവര്‍ക്ക് സ്വാധീനമുള്ള എല്ലാ റേഡിയോ-ടീവി നെറ്റ്വര്‍ക്കുകളിലും ബാന്‍ ചെയ്യും. തൊണ്ണൂറുകളിലാണ് അങ്ങനെയൊരു വിവരം ആദ്യമറിഞ്ഞത് - ആദ്യ ഗള്‍ഫ് വാര്‍ സമയത്ത് ഇത് നിരോധിച്ചപ്പോള്‍. കുവൈറ്റ് വിമോചന നാടകം കളിക്കാന്‍ ചെല്ലുന്ന യാങ്കി ചെറുക്കന്മാരാരേലും ഈ പാട്ടെങ്ങാന്‍ കേട്ട് മനസ്സുമാറി ഇറാക്കികളെ കെട്ടിപ്പിടിക്കാന്‍ ചെന്നാലോ - തീര്‍ന്നില്ലേ സായിപ്പിന്റെ എണ്ണ പര്യ‘വേഷ’ണം.

Imagine there's no heaven
സ്വര്‍ഗമില്ലെന്ന് സങ്കല്പ്പിക്കൂ
It's easy if you try
ഒന്ന് ശ്രമിക്കൂ, അത്ര വെഷമമൊന്നുമില്ല.
No hell below us
താഴെ നരകവുമില്ലെന്ന് സങ്കല്‍പ്പിക്കൂ
Above us only sky
മുകളില്‍ ആകാശം മാത്രം
Imagine all the people
എല്ലാ മനുഷ്യരും
Living for today...
ഇന്ന് മാത്രം ജീവിക്കുമെന്ന് സങ്കല്പ്പിക്കൂ

Imagine there's no countries
രാജ്യങ്ങളില്ലെന്ന് സങ്കല്‍പ്പിക്കൂ
It isn't hard to do
വിചാരിക്കുന്ന പോലെ വെഷമമൊന്നുമില്ല അതിന്
Nothing to kill or die for
കൊല്ലാനും ചാവാനും ഒന്നുമില്ലാത്ത അവസ്ഥ
And no religion too
വേറെ വേറെ മതങ്ങളുമില്ല
Imagine all the people
എല്ലാ മനുഷ്യരും
Living life in peace...
സമാധാനമായി ജീവിക്കുമെന്ന് സങ്കല്‍പ്പിക്കൂ


You may say I'm a dreamer
നിങ്ങള് പറയുമായിരിക്കും ഞാനൊരു സ്വപ്നജീവിയാണെന്ന്
But I'm not the only one
പക്ഷേ ഞാന്‍ തനിച്ചല്ല
I hope someday you'll join us
നിങ്ങളും ഒരു ദിവസം ഞങ്ങടെ കൂടെക്കൂടുമെന്നാണെന്റെ പ്രതീക്ഷ
And the world will be as one
അങ്ങനെ ലോകം ഒന്നാവും.

Imagine no possessions
സ്വകാര്യ ഉടമസ്ഥത ഇല്ലെന്ന് സങ്കല്‍പ്പിക്കൂ
I wonder if you can
നിങ്ങള്‍ക്ക് പറ്റുമോന്നെനിക്കറിയില്ല
No need for greed or hunger
അത്യാഗ്രഹവും വിശപ്പുമില്ലാത്ത ഒരവസ്ഥ
A brotherhood of man
മനുഷ്യമ്മാര്ടെ ഒരു സാഹോദര്യം
Imagine all the people
എല്ലാ മനുഷ്യരും
Sharing all the world...
ഈ ലോകം മുഴുവന്‍ പങ്കുവെയ്ക്കും

You may say I'm a dreamer
നിങ്ങള്‍ പറയുമായിരിക്കും ഞാനൊരു സ്വപ്നജീവിയാണെന്ന്
But I'm not the only one
പക്ഷേ ഞാന്‍ തനിച്ചല്ല
I hope someday you'll join us
നിങ്ങളും ഒരു ദിവസം ഞങ്ങടെ കൂടെക്കൂടുമെന്നാണെന്റെ പ്രതീക്ഷ
And the world will be as one
അങ്ങനെ ലോകം ഒന്നാവും


എന്റെ ബോറന്‍ പരിപ്പ് ഭാഷയ്ക്ക് മാപ്പില്ലെന്നറിയാം. മാപ്പില്ലാത്ത (അതിര്‍ത്തികളില്ലാത്ത) ഒരു ലോകത്തെപ്പറ്റിയാണ് ലെനനും പാടുന്നത്. ഈണത്തില്‍ പാട്ടെഴുതാനറിയുന്ന ആരേലും ഉണ്ടേങ്കില്‍ ഇത് നല്ലൊരു മലയാളം പാട്ടാവും എന്നൊരു വ്യാമ്മോഹന്‍ പാലിയത്താണ് ഞാന്‍.

പരുത്തി, ചെമ്പരത്തി


മനുഷ്യന്റെ ആത്മമിത്രങ്ങളാണ് ചെമ്പരത്തിയും പരുത്തിയും. ജീവിച്ചിരിക്കുമ്പോള്‍ ചെവിട്ടില്‍ വെയ്ക്കാന്‍ പൂ തരുന്നവള്‍ ചെമ്പരത്തി. മരിച്ചു കിടക്കുമ്പോള്‍ മൂക്കില്‍ വെയ്ക്കാന്‍ പഞ്ഞി തരുന്നവള്‍ പരുത്തി.

Tuesday, October 23, 2007

തേഡ് വേള്‍ഡ് വാര്‍ മുകിലേ...



ആദ്യമായി കാട്ടുതീ കണ്ടത് പ്രൈമറിയില്‍ പഠിക്കുമ്പോളാണ്. തേക്കടിക്ക് എക്സ്കര്‍ഷന് പോയപ്പൊ. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ച് കിടക്കുന്ന കൈരളിപ്പെണ്ണിന്റെ കേശഭാരത്തിലെവിടെയോ (നാടുകാണി?) കുത്തിവെച്ച ഹെയര്‍പ്പിന്നുകളൊന്നിലൂടെ ഒരു പേനിനെപ്പോലെ അരിച്ചു പോകുന്ന ചാര്‍ളി ട്രാവത്സിലിരിക്കുമ്പോള്‍. കട്ടപ്പനയിലെ തീയറ്ററില്‍ നിന്ന് തലേ രാ‍ത്രി കണ്ട മിടുമിടുക്കിയിലെ പാട്ടിലെന്ന പോലെ ശൂന്യാകാശം അകലെ അകലെ. അതിനു താഴെ വലിയ വലിയ എരുമകള്‍ ഉറങ്ങാന്‍ കിടക്കുന്നപോലത്തെ മലകള്‍. അവയുടെ പള്ളകളില്‍ വലിയ വലിയ അടുപ്പുകളില്‍ നിന്നെന്ന പോലെ തീയും പുകയും ഉയരുന്നു. അത്ര ഉയരങ്ങളിലും ആള്‍പ്പാര്‍പ്പുണ്ടോ? കാനത്തെ അന്ന് വായിച്ചു തുടങ്ങിയിട്ടില്ലായിരുന്നതിന്റെ ആകാംക്ഷ പുറത്തു ചാടി. “ഇല്ല, അത് കാട്ടുതീയാണ്“, ഗാഡസ്ക്വാഷില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തരുന്നതിനിടെ ദേവരാജന്‍ സാര്‍ പറഞ്ഞു തന്നു. (ആ ട്രിപ്പോടെ ഹൈസ്ക്കുളിലെ ആ കെമിസ്ട്രി സാറിന് ഗാ‍ഡസ്ക്വാഷ് എന്ന് പേരും വീണു). ആളുകേറാമലകളില്‍ തീയാളുന്നത് കണ്ട് ഒരു ഫയറെഞ്ചിനും മണി മുഴക്കുന്നില്ലെന്നറികയാല്‍, ‘കാട്ടുതീ’ എന്നു കേള്‍ക്കുമ്പോഴെല്ലാം ‘മണി മുഴങ്ങുന്നത് ഇക്കുറി നമുക്കാര്‍ക്കും വേണ്ടിയല്ല ജോണ്‍ ഡോണേ’ എന്ന് തിരുത്താന്‍ മാത്രം അപ്പൊളിറ്റിക്കലായിരുന്നു ഏറെക്കാലം എന്റെ അരവൈദ്യം.

അമേരിക്കയിലെ, ഓസ്ട്രേലിയയിലെ, പ്രിയ കസാന്ദ്സാകിസിന്റെ ഗ്രീസിലെ കാട്ടുതീകളുടെ വാര്‍ത്തകള്‍ പിന്നീടെപ്പോളോ കണ്ണു തുറപ്പിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാലിഫോര്‍ണിയ എരിയുന്നെന്നറിഞ്ഞ് വീണ്ടും കണ്ണു തുറന്ന് പരതി. കാലിഫോര്‍ണിയയില്‍ ബ്ലോഗര്‍മാരുണ്ടൊ എന്ന് ചോദിക്കാനാഞ്ഞു (അമേരിക്കയില്‍ അരയന്മാരുണ്ടൊ എന്ന ചോദ്യത്തിന്റെ ഈണത്തിലല്ല). കാലിഫോര്‍ണിയയിലെ അരലക്ഷം കുടുംബങ്ങളെ കാട്ടുതീ ബാധിച്ചെന്ന് വാ‍ര്‍ത്തകള്‍. അമേരിക്ക എന്നാല്‍ കുറേ കെട്ടിടക്കൂട്ടം മാത്രമല്ലെന്നതിന്റെ റിമൈന്‍ഡറിനപ്പുറം ‘നമ്മുടെ ബ്ലോഗേഴ്സിനാര്‍ക്കെങ്കിലും കുഴപ്പമുണ്ടോ’ എന്ന് ആംഗ്സൈറ്റി. ഉണ്ടോ? ഒരു ബ്ലോഗിലും ഒന്നും കണ്ടില്ല. അതോ ശരിക്കും നോക്കാഞ്ഞിട്ടൊ? മൊബൈലില്‍ ക്യാമറയുള്ള സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളാരും ഇല്ലേ നമ്മുടെ കൂട്ടത്തില്‍? ചവര്‍ഗം താലവ്യമോ എന്ന് ചര്‍ച്ച ചെയ്യുന്നതിനപ്പുറം ബ്ലോഗിംഗിന്റെ റിയല്‍ പൊട്ടന്‍ഷ്യല്‍ നമുക്ക് സാക്ഷാത്കരിക്കണ്ടേ? മലയാളത്തിലെ ബ്ലോഗുകളധികവും ആത്മാംശത്തിന്റെ ഓവര്‍ലോഡുകൊണ്ട് വിഷമിക്കുന്നവയോ? നമ്മുടെ കാലഘട്ടത്തിലെ റിബലുകളൊക്കെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്തവരോ? മറ്റു ഭാഷകളിലെ പ്രസിദ്ധീകരണങ്ങള്‍ ബ്ലോഗിംഗിനെപ്പറ്റി ഒരു കവര്‍സ്റ്റോറി കൊണ്ട് തൃപ്തിപ്പെടാതെ സ്ഥിരം പേജുകള്‍ നീക്കിവെയ്ക്കുന്നു, ബ്ലോഗ്ഗ് റിപ്പോര്‍ട്ടുകളെ ആശ്രയിക്കുന്നു, ലിങ്കുകള്‍ കൊടുക്കുന്നു. നമ്മുടെ ഭാഷയില്‍ മാത്രമാണോ മാധ്യമങ്ങള്‍ പരസ്പരം ഭയക്കുന്നത്? കണ്വെന്‍ഷനല്‍ മാധ്യമക്കാര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാനാവാത്ത വാര്‍ത്തകള്‍ പെട്ടെന്നു തന്നെ എത്തിച്ചു നല്‍കുന്ന ബ്ലോഗുകള്‍ മലയാളത്തില്‍ എന്ന് വരും? പല്ലുവേദനയും പൊളിറ്റിക്കല്‍ തന്നെ. ദുരിതങ്ങളും ദാരിദ്ര്യവും ഉണ്ടായാല്‍ നല്ല കലാസൃഷ്ടികള്‍ പിറവിയെടുക്കും. എന്നാല്‍ നല്ല കലാസൃഷ്ടികള്‍ പിറവിയെറ്റുക്കാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവും വരണമെന്ന് ആഗ്രഹിക്കാനും പാടില്ല. അതൊക്കെ സമ്മതിച്ചു. ഒരു മഴയും നേരെ നനയാതിരിക്കുന്ന മലയാളി അവസ്ഥ തന്നെ ഭംഗി. പനി പിടിച്ച് ആന്റിബയോട്ടിക്കുകളെ ആശ്രയിക്കേണ്ടല്ലൊ. എന്നാല്‍ പി. രാമന്‍ എഴുതിയ പോലെ ‘ഊത്താല്‍’ എങ്കിലുമുണ്ടല്ലൊ. അതിനെപ്പറ്റി? അതുമല്ലല്ലോ വിദേശ മലയാ‍ളിയുടെ സ്ഥിതി. ഈയിടെ കൈതമുള്ളിന്റെ വീട്ടില്‍ നടന്ന ചെറിയ ബ്ലോഗേഴ്സ് മീറ്റില്‍ സേതു പറഞ്ഞു ‘നിങ്ങള്‍ നൊസ്റ്റാള്‍ജിയ മാത്രം എഴുതാതിരിപ്പിന്‍, പുറംനാട്ടിലെ അനുഭവങ്ങളും എഴുതിന്‍’ എന്ന്. എഴുതുമോ? ബിക്കോസ് ഓഫ് പൊളിറ്റിക്കല്‍ റീസണ്‍സ്, ഗള്‍ഫുകാര്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍ വരുത്തന്റെ മകനെ ഗവര്‍ണറാക്കിയ അമേരിക്കയില്‍ അതല്ലല്ലോ സ്ഥിതി.

അഹമ്മദ്നിജാദ് വന്നു. പുകിലുകളുണ്ടായി. ആരും ഒന്നും എഴുതിക്കണ്ടില്ലല്ലൊ? താലിബാനോടും സദാമിനോടും ഉണ്ടായ പോലത്തെ വാക്കോവറാവില്ല ഇറാനോടുള്ള മാച്ച്. മൂന്നാം ലോക മഹായുദ്ധമായിരിക്കും അത്. കേരളത്തിന്റെ മുക്കും മൂലയും മൂക്കും മുലയും ഗള്‍ഫൊന്ന് തുമ്മിയാല്‍ തെറിയ്ക്കും. റിപ്പോര്‍ട്ട് ചെയ്തിട്ട് അതൊന്നും തടുക്കാന്‍ പറ്റില്ലായിരിക്കും. എന്നാലും നിസ്സാര മനുഷ്യരുടെ രാഷ്ട്രീയവത്കരണം എന്നും ചരിത്രത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ദാഫോര്‍ എന്ന് പറഞ്ഞ് പേടിപ്പിക്കുമ്പോള്‍ സുഡാനിലെ ബ്ലോഗര്‍ക്ക് മറുവശം കാട്ടിത്തരാന്‍ പറ്റും. ജിമ്മി കാര്‍ട്ടര്‍ വന്നിറങ്ങി കാറിലൊന്ന് കറങ്ങി തിരിച്ചുപോകുന്ന പോലെയാവില്ല അത്. അതാണ് കേള്‍ക്കാത്ത ശബ്ദം. കേള്‍ക്കേണ്ട ശബ്ദം. മൂന്നാം ലോക മഹായുദ്ധത്തിന്റെ കരിമേഘങ്ങള്‍ വാനില്‍ വന്നിറങ്ങുന്നു. ഓര്‍മകളില്‍ നമുക്കൊന്നുമില്ല. പക്ഷേ അതല്ല യാഥാര്‍ത്ഥ്യം. അതായിരിക്കില്ല ഭാവി.

Friday, October 19, 2007

യൌവന്യം


വറുത്ത ഗോതമ്പായ് തിരികല്ലാം നിന്റെ
മടിയില്‍ ഹാഹാഹാ പൊടിഞ്ഞു യൌവ്വനം.

ഒന്നും മനസ്സിലായില്ലേ?


സാരമില്ല, അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത് എന്നറിഞ്ഞിട്ടല്ലല്ലോ പല പ്രായത്തിലും രൂപത്തിലുമുള്ള മാങ്ങകള്‍ (വൈലോപ്പിള്ളിയുടേതു മുതല്‍ പൃഥ്വിരാജ് പാടിയ തെറിപ്പാട്ടിലേതടക്കം) ആസ്വദിച്ചത്. ചിക്കനോ ആദ്യം മുട്ടയോ ആദ്യം എന്ന് മനസ്സിലാക്കിയിട്ടല്ലല്ലോ കെഎഫ്സിയില്‍ നിന്ന് ലോണെടുത്തത്, ഓംശാന്തിഓമ്ലെറ്റു തിന്നത്, പി. പി. രാമചന്ദ്രന്റെ കവിത വായിച്ചത്, മാനിഷാദ ഒറ്റവാക്കാണെന്നു കരുതി തീയറ്റേഴ്സിനു പേരിട്ടത്. സാരമില്ല. സാരമില്ല. ഒന്നും സാരമില്ല.

Thursday, October 18, 2007

കുംഭസാരം


ഡ്രൈവിംഗ് ലൈസന്‍സ് കിട്ടും വരെ ഞാനും റോഡ് മുറിച്ച് കടക്കുന്നവരോടൊപ്പമായിരുന്നു.

Tuesday, October 16, 2007

മേല്‍ക്കൂരയും ഒരു മഹാകാവ്യം


ഏരിയല്‍ ഡിസ്റ്റന്‍സ് നോക്കിയാലും (വിക്കിമാപ്പിയ പ്രകാരം ഏതാണ്ട് 8 കിമീ) ബോട്ടുമാര്‍ഗം നോക്കിയാലും എന്റെ നാട്ടില്‍ നിന്ന് (കുട്ടിക്കാലത്ത് നമ്മളുണ്ടായിരുന്ന സ്ഥലമല്ലേ എന്നായാലും എവിടെപ്പോയാലും നമ്മുടെ നാട്!) അധികമൊന്നും അകലെയല്ലാതെ കിടക്കുന്ന രണ്ട് അയല്‍ഗ്രാമങ്ങളാണ് കുണ്ടൂരും കുഴൂരും. പഴയ, വലിയ നായര്‍ സെറ്റില്‍മെന്റുകള്‍ എന്ന നിലയില്‍ ഈ നാടുകള്‍ക്ക് ചേന്ദമംഗലത്തുകാരുമായി ഒരുപാട് ബന്ധങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും ഞാനിതേവരെ കുണ്ടൂരും കുഴൂരും പോയിട്ടില്ല. കൊടകര കാര്‍ത്തിക എന്ന് വിശാലന്‍ എഴുതുമ്മുമ്പേ കേട്ടിട്ടുള്ള പോലെ കുഴൂര്‍ ഷഷ്ഠി എന്നും കുഞ്ഞിലേ കേട്ടിരുന്നു (വിത്സന്റെ കവിത പിന്നീട് വായിച്ചപ്പോള്‍ മനസ്സാടിയ കാവടിയ്ക്ക് രണ്ടു നിലയുണ്ടായിരുന്നത് അതുകൊണ്ടാണ്). കുഴൂര്‍ നാരായണമാരാരുടെ തിമിലയും കുട്ടിക്കാലം മുതലേ കേട്ടിരുന്നു/കണ്ടിരുന്നു. (കുറുമാലിപ്പുഴയ്ക്ക് തെക്കുള്ള കൊച്ചിയിലെ സവര്‍ണഹിന്ദുക്കള്‍ക്ക് ശരീരബലം കുറവായതുകൊണ്ടാവുമോ അവരധികവും - അന്നമനട അച്യുതമാരാര്‍, കുഴൂരാശാന്‍, ചോറ്റാനിക്കരക്കാര്‍ - തിമിലക്കാരായത്? കുറുമാലിപ്പുഴയ്ക്ക് വടക്കുള്ള വടക്കന്‍ കൊച്ചിയിലും തെക്കന്‍ മലബാറിലുമുള്ള പഞ്ചവാദ്യക്കാരിലധികവും - കുളമംഗത്ത് നാരായണന്‍ നാ‍യര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍, എടപ്പാള്‍ അപ്പുണ്ണി മുതല്‍ തൃക്കൂര്‍ രാജന്‍ വരെയുള്ളവര്‍ - മദ്ദളക്കാരായത് അപ്രദേശങ്ങളിലെ അരോഗദൃഡഗാത്രതകള്‍ കൊണ്ടുമാവുമോ?)

എന്തുകൊണ്ടാണെന്നറിയില്ല, കുഴൂരെയും കുണ്ടൂരെയും ഇടവഴികള്‍ കുട്ടിക്കാലത്തേ മനസ്സില്‍ വിചാരിച്ചിരുന്നു. ഇറച്ചിവെട്ട് പാരമ്പര്യമുള്ള കുഴൂര്‍ വിത്സണ്‍ എന്നൊരു നസ്രാണിച്ചെക്കനെ പരിചയപ്പെടുവാനായിരുന്നു അതെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

കുമാരനാശാനും കുഴൂര്‍ വിത്സണും ഒരിക്കലും ഒരുപോലെയാവുകയില്ലെന്ന് ഒരാള്‍ താരതമ്യപ്പെടുത്തിയപ്പോള്‍ വെറുമൊരു പ്രാസബലി എന്നതിനപ്പുറം ആദ്യം വിശേഷിച്ചൊന്നും തോന്നിയില്ല. എന്നാല്‍ വിത്സണതു വായിച്ച് കുറേ ചിരിച്ചു. അങ്ങനെ താരതമ്യം ചെയ്യാന്‍ പോലും പാടുണ്ടോ, എന്തൊരു വിവരക്കേട്, വിത്സണ്‍ പരിഹസിച്ചു.

കുമാരനാശാന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യത്തെ മലയാളം ബ്ലോഗ് കുമാരനാശാന്റേതാവുമായിരുന്നേനെ എന്നാണ് എനിക്കെഴുതാന്‍ തോന്നുന്നത്. ബ്ലോഗ് ഒരു മാധ്യമമാണ്. ഏതെങ്കിലും വളിപ്പന്മാര്‍ അത് വളിപ്പാക്കിയിട്ടുണ്ടെങ്കില്‍ അത് ബ്ലോഗിന്റെ കുറ്റമല്ല. കുമാരനാശാന് മുമ്പും പിമ്പും എത്ര പീറക്കവികളുണ്ടായി? എത്ര തറക്കവിതകള്‍ അച്ചടിച്ച് പുസ്തകമായി? ഇതിനിടയില്‍ ബഷീര്‍ എന്നൊരു എഴുത്തുകാരന്‍ തന്റെ കൃതികള്‍ താന്‍ തന്നെ പൈസ ചെലവാക്കി അച്ചടിച്ച് പുസ്തകങ്ങളാക്കി കൊണ്ടുനടന്നു വിറ്റപ്പോള്‍ അതില്‍ ഒന്നിന്റെയെങ്കിലും മഹത്വം കുറഞ്ഞുപോയോ? ആരെഴുതുന്നതും വായിപ്പിക്കാന്‍ തന്നെ. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്. വസന്തകാലം വരുമ്പോ കാക്ക കാക്കയും കുയില്‍ കുയിലുമായിക്കോളും. ബ്ലോഗെഴുത്തുകാര്‍ (വിഷപ്പാമ്പുകളും വാസുകിമാരും അനന്തപത്മനാഭന്മാരും ഞാഞ്ഞൂളുകളും അടക്കം) കടലാസ് വെയിസ്റ്റാക്കുന്നില്ല എന്നൊരു പുണ്യം ചെയ്യുന്നതും കണക്കിലെടുക്കണം.

ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മികച്ച എഴുത്തുകാരന്‍ വാത്മീകിയാണെന്ന് ഒരു ലിസ്റ്റ് വായിച്ചതോര്‍ക്കുന്നു. വാത്മീകി ആദികവിയായിരുന്നുവെന്നോര്‍ക്കണം. കവിത്വവും വായനയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നര്‍ത്ഥം. അതായത് ഏതെങ്കിലും ഒരു മുന്‍ഗാമിക്കവിയുടെ ഒരൊറ്റ വരിപോലും വായിക്കാതെയാണ് വാത്മീകി രാമായണം പാടിയത്. (അതുകൊണ്ട് ആ മറ്റേ പയ്യന്റെ കവിത പോരെന്നു വെച്ച് അവനോടിനി വൈലോപ്പിള്ളീനെ വായിച്ചിട്ടെഴുതിയാമതി എന്നു പറയല്ല്. വൈ?) കവിത്വം കാലം ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞല്ലേ വന്നത്? (ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് മലയാളത്തിലെ അവസാനത്തെ മുഴുവന്‍ കവി എന്നാണ് എന്റെ അഭിപ്രായം). ഇനി ഇതിനൊരു മാറ്റമുണ്ടാകുമോയെന്നൊന്നും പ്രവചിക്കാന്‍ പറ്റുകില്ല. കുഴൂര്‍ വിത്സണ് ഒരു ദിവസം കുമാരനാശാനെയല്ല വാത്മീകിയെപ്പോലും അതിശയിക്കാന്‍ കഴിയില്ലെന്നാരു കണ്ടു? ഫോര്‍ ദാറ്റ് മാറ്റര്‍, കുഴൂര്‍ വിത്സണല്ല, ഇന്ന് ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയ ഏതൊരു മലയാളിക്കും? അയാള്‍ ബ്ലോഗിയായാലെന്ത്, പരാജയപ്പെട്ട് പരിപ്പെല്ലാം തീര്‍ന്നെന്നു കരുതി ജീവിക്കുന്ന കോമ്പ്ലക്സുകാരന്‍ അനോനിയായാലെന്ത്? കുഴൂര്‍ വിത്സണ് കുമാരനാശാനെ അതിശയിക്കാന്‍ കഴിയുകില്ലായിരിക്കാം. ഓരോ മനുഷ്യനും അയാള്‍ ജീവിക്കുന്ന കാലത്തിന്റെ തടവുകാരനാണ്. വിത്സണാണെങ്കില്‍ ഇപ്പോള്‍ ഒരു സ്ഥലത്തിന്റെ കൂടിയും. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭകള്‍ സ്ഥലകാലങ്ങളുടെ തടവുകള്‍ ഭേദിച്ച് അനശ്വരരാകും. അവര്‍ കുറച്ചുകാലമോ കൂടുതല്‍ കാലമോ ബ്ലോഗിയാലെന്ത്?

അതൊന്നുമല്ല എനിക്ക് വിത്സണോട് പറയാനുള്ളത്. (അല്ലെങ്കിലും ആശാനെപ്പോലെയോ അതിലും മികച്ചതോ ആയ കവിത എഴുതാന്‍ ആര്‍ക്കെങ്കിലും വിത്സണോട് ആവശ്യപ്പെടാന്‍ പറ്റുമോ? വിത്സണ്‍ സ്വയം ആഗ്രഹിച്ചാല്‍പ്പോലും അത് സാധിച്ചെന്നു വരില്ല. പിന്നെന്തു ചെയ്യും? നമുക്കെല്ലാര്‍ക്കുമറിയാം അത് ആര്‍ക്കുമറിയാത്ത രഹസ്യമാണെന്ന് - കവിതയുടെ രഹസ്യം).

വിത്സണേയും കുമാരനാശാനെയും തട്ടിച്ചുനോക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് കുമാരനാശാന്റെ ഓട്ടുകമ്പനിയെപ്പറ്റിയാണ്. കവികളുടെ ആധിക്യം എല്ലാക്കാലത്തും കേരളത്തിലുണ്ടായിരുന്നു. ഒരു കവിതാസമാഹാരം കവികള്‍ മാത്രം വാങ്ങിയാല്‍ത്തന്നെ അഞ്ചാറ് പതിപ്പ് വിറ്റു തീരാന്‍ മാത്രം കവിസംഖ്യയുള്ള ഭാഷയാണ് മലയാളം. നല്ല നാല് വരി കവിതയെഴുതിയിട്ടില്ലെങ്കിലും കവിജീവിതം ജീവിച്ചു തീര്‍ക്കുന്നവരും ധാരാളം. എ. അയ്യപ്പനെപ്പറ്റി മറ്റു ചിലര് എഴുതിയ കവിതകള്‍ അങ്ങേരുടെ മറ്റെല്ലാ കവിതകളേക്കാളും മികച്ചതാണെന്നാണ് അനുഭവം. ഇതില്‍ പരിഹാസമൊന്നുമില്ല. എല്ലാം ഓരോരുത്തന്റെ ഇഷ്ടം, വിധി. എങ്കിലും വിത്സണോട് പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റുകേലല്ലൊ.

കവിതാരംഗത്തും മറ്റും കുറച്ചെങ്കിലും സാധ്യമായ പരസ്പര പുറംചൊറിയല്‍ സഹായസംഘമല്ല കച്ചവടത്തിന്റെ കാര്യം. സൌഹൃദത്തിന്റെ പുറത്തോ ആവശ്യമില്ലതെയോ ആരും ഓടും ഇഷ്ടികയും വാങ്ങിക്കുകയില്ല - അതിനി കുമാരനാശാന്‍ ഉണ്ടാക്കി വിറ്റാല്‍പ്പോലും. സ്വന്തം നാടായ കൊല്ലത്തുനിന്നും വളരെ അകലെ, കുഴൂരിനും കുണ്ടൂരിനും ചേന്ദമംഗലത്തിനും താരതമ്യേന അടുത്ത്, പെരിയാറിന്റെ തീരത്ത്, ചെങ്ങമനാട്ടായിരുന്നു കുമാരനാശാന്റെ ഓട്ടുകമ്പനി. അന്നത്തെ കാലത്തെ കേരളത്തിലെ വ്യവസായ പുരോഗതി നോക്കുമ്പോ താരതമ്യേന മോഡേണായ ഒരു വ്യവസായം. ചുള്ളിക്കാട് ഒരിക്കല്‍ ആരോപിച്ചതുപോലെ കുമാരനാശാന്‍ മദ്രാസില്‍പ്പോയി വെയിത്സ് രാജകുമാരന്റെ കയ്യീന്ന് പട്ടും വളയും വാങ്ങിയിട്ടുണ്ട്. ജീവിതമോ, കല്യാണമെ‍ല്ലാം കഴിച്ചെങ്കിലും ആള്‍മോസ്റ്റ് ഒരു സന്യാസിയുടെ കണക്കായിരുന്നു താനും. വെജിറ്റേറിയന്‍, പുലര്‍ച്ചെ ഉണരല്‍, കുളി... അങ്ങനെ എല്ലാംകൊണ്ടും അച്ചടക്കമുള്ള ജീവിതം. കവിത എഴുതണേല്‍ കള്ളു കുടിക്കണം, കടത്തിണ്ണയില്‍ കിടക്കണം, അരാജകത്വം വേണം... ഇങ്ങനെയുള്ളതെല്ലാം ഡിസ്പ്രൂവ് ചെയ്തയാള്‍. ആ ആള്‍ എഴുതിയ കവിതയോ, മണ്ണില്‍ കാലുകള്‍ ഉറപ്പിയ്ക്കെത്തന്നെ നക്ഷത്രങ്ങളെ തൊടുന്നതും. അങ്ങനെ കവിതയെഴുതിയ ഒരാളാണ് അന്നത്തെ കാലത്ത് പുതുമയും ഡിമാന്‍ഡുമുണ്ടായിരുന്ന ഒരു ഇന്‍ഡസ്ട്രി നടത്തിയത്. (ആ ഓട്ടുകമ്പനിയുടെ കണക്കുനോക്കാന്‍ കൊല്ലത്തു നിന്ന് ചെങ്ങമനാട്ടേയ്ക്ക് പോകുമ്പോഴുള്ള ബോട്ടുയാത്രയിലായിരുന്നു അന്ത്യവും എന്നോണോര്‍മ). കവിത്രയത്തിലെ മറ്റു രണ്ടു പേര്‍ മഹാകാവ്യങ്ങളെഴുതി മഹാകവികളായപ്പോള്‍ (ഉള്ളൂര്‍ - ഉമാകേരളം, വള്ളത്തോള്‍ - ചിത്രയോഗം) മഹാകാവ്യമെഴുതാതെ മഹാകവിയായ ആ‍ളാണ് ആ‍ശാന്‍ എന്നാണ് വെപ്പ്. എന്നാല്‍ അദ്ദേഹം കാരണഭൂതനായ മേല്‍ക്കൂരകളുടെ കണക്കില്‍ അനേകം മഹാകാവ്യങ്ങളെഴുതിയ മഹാകവി തന്നെ ആ‍ശാന്‍ എന്നും പറയാം.

മൂന്നാംകിട സീരിയലില്‍ അഭിനയിക്കുന്നതിനേക്കാളും മൂന്നാംകിട കവിത എഴുതുന്നതിനേക്കാളുമെല്ലാം പ്രധാനമാണ് ഒരു മൂന്നാംകിട കച്ചവടം നടത്തുന്നത് (കവിതകളും എഴുതുന്ന നമ്മുടെ ചില പരിചയക്കാര്‍ ചെയ്യുന്നതുപൊലെ, മീന്‍, പച്ചക്കറി എന്നിവയുടെ കച്ചവടങ്ങളും ഇങ്ക്ലൂഡിംഗ്). പിന്നെ അതിനൊക്കെയുള്ള കഴിവേ ഉള്ളെങ്കില്‍ അത് സമ്മതിക്കണം. ഒന്നാംകിടയായി വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ പ്രധാനമാണ്, ഒന്നാംകിടയായി കവിത എഴുതുന്നതിനേക്കാള്‍ പ്രധാനമാണ് നമ്മുടെ കാലഘട്ടത്തില്‍ ഒന്നാംകിടയായി ഇറച്ചിവെട്ടാന്‍. അതിനേക്കാളൊക്കെ പ്രധാനമാണ് ഓട്ടുകമ്പനി പോലൊരു വ്യവസായം നടത്തല്‍. മണി മേയ്ക്കിംഗല്ല മോനെ വെല്‍ത്ത് ക്രിയേഷന്‍. അതിനിച്ചിരെ പുളിക്കും. പുസ്തകം ചെതെലെടുത്തുപോം. മരക്കൂടും ചെതലെടുത്തുപോം. ഓട് വെല്‍ത്താണ്. അതിറക്കി പൂപ്പല്‍ കളഞ്ഞ് കഴുകിയുണക്കി വിണ്ടും പുതിയ കൂട്ടുമ്മെ കേറ്റാം. അതിനു താഴെ തലമുറകള്‍ക്ക് കിടന്നുറങ്ങാം, ആഘോഷിക്കാം, വഴക്കടിക്കാം, കുത്തിക്കൊല്ലാം. അതങ്ങനെ നില്‍ക്കും. (ഇടയ്ക്കൊന്നു രണ്ടെണ്ണം വീണ് പൊട്ടിയെന്നുമിരിക്കും. അപ്പോ പ്രതിഭയുണ്ടേല്‍ വീണഓട് എന്നൊരു കവിതയുമെഴുതാം).

അതുകൊണ്ട് കുഴൂര്‍ വിത്സണ്‍ന്റെ അടുത്ത കവിതാസമാഹാരം പരിചയപ്പെടുത്തുന്നതിനേക്കാള്‍ എനിക്ക് സന്തോഷം അയാള്‍ തുടങ്ങിയേക്കാവുന്ന മീറ്റ് പ്രോസസിംഗ് കമ്പനിയുടെ ബ്രാന്‍ഡഡ് പ്രൊഡക്റ്റിന്റെ ലോഞ്ചിംഗ് സെറിമണി, തിരക്കില്‍ പിന്നില്‍ നിന്നു കാണുന്നതാണ്. നല്ല നാലു വരി കവിത എഴുതുന്നതിനേക്കാള്‍ സന്തോഷമായിരിക്കും നാലു പേര്‍ക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴും നിങ്ങള്‍ക്ക് കവിത എഴുതാന്‍ പറ്റിയാല്‍ അത് ഏത് കിടയാണെന്നൊന്നും തല പുണ്ണാക്കേണ്ടതില്ല. കുമാരനാശാന്‍ ഒന്നാംകിട വ്യവസായം നടത്തി, ഒന്നാംകിട കവിത എഴുതി. നമുക്ക് ഏതെങ്കിലും കിട കവിതയെഴുതാം. വ്യവസായത്തിന്റെ കാര്യമോ?

Wednesday, October 10, 2007

എം. എഫ്. ഹുസൈന്‍ വരയ്ക്കട്ടെ


കാമത്തിന് ദേവനും ലിംഗത്തിന് പൂജയും സെക്സിന് ടെക്സ്റ്റ്ബുക്കും നിലവിലുള്ള ഇന്ത്യ പൂവാലന്റൈന്‍സ് ഡേയെ പേടിക്കണോ? അഞ്ചാറ് ടീനേജ് പിള്ളാര് കാര്‍ഡ് വാങ്ങി അയച്ചാല്‍ കെടുമോ ആര്‍ഷഭാരതീ? മുസ്ലീമായതുകൊണ്ടൊന്നുമല്ല ഹുസൈന്‍ അങ്ങനെയൊക്കെ വരച്ചത്, ഇന്ത്യക്കാരനായതുകൊണ്ടാ. പാവം, അങ്ങേരുടെ ഭാഗ്യം കൊണ്ട് ഇന്ത്യ പോലൊരു നല്ല നാട്ടില്‍ ജനിച്ചു, ഇന്ത്യയുടെ സഹിഷ്ണുത ഏതൊരിന്ത്യക്കാരനേയും പോലെ കണക്കിലെടുത്തു. അങ്ങേരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍. തികഞ്ഞ കലാ‍കാരന്‍. നിര്‍മാല്യം ജീവന്‍ ടീവിയില് കാട്ടിയാ പി. ജെ. ആന്റണി എന്ന നസ്രാണി ഒരു ഹൈന്ദവവിഗ്രഹത്തെ നോക്കി കാറിത്തുപ്പിയെന്നും പറഞ്ഞ് പുകിലുണ്ടാക്കുമോ ഈ പുംഗവന്മാര്‍?

Tuesday, October 9, 2007

അന്നങ്ങള്‍ പോയ വഴി

ജുറാസിക് പാര്‍ക്കിനെപ്പറ്റി അത് കണ്ട കാലത്ത് ആലോചിച്ചുണ്ടാക്കിയ ഒരു വാചകമുണ്ടായിരുന്നു - inside every man there is a jurassic park. ഇന്നലെ രാവിലെ പി. ലീലാലപിച്ച ഹരിനാമകീര്‍ത്തനം കേട്ടുകൊണ്ടിരിക്കെ ഞെട്ടിപ്പോയി (മുമ്പ് പല തവണ വായിച്ചപ്പോഴും കേട്ടപ്പോഴും അത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു). പത്തഞ്ഞൂറ് കൊല്ലം മുമ്പ് എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നു - ജന്തുക്കളുള്ളില്‍ വിലസീടുന്നു പാര്‍ക്കിലിഹ... ബൂലോകകവികളില്‍ ഹരിനാമകീര്‍ത്തനം വായിക്കാത്തവര്‍ കവിതയുടെ ഈ സഫാരി പാര്‍ക്ക് മിസ്സാക്കല്ലേ.

Monday, October 8, 2007

(കെ. ആര്‍. മീരയ്ക്ക്) സ്വാഗതം, ബ്ലോഗന്നൂര്‍ മുനിസിപ്പാലിറ്റി


ഇനി മുതല്‍ പത്രാധിപന്മാര്‍ ആ‍വശ്യപ്പെടാതെ പ്രസിദ്ധീകരണങ്ങളിലേയ്ക്ക് കവിതകളയക്കില്ലെന്ന് കവി കുഴൂര്‍ വിത്സന്‍ പ്രഖ്യാപിച്ചിരിക്കുന്നു (ചിരിക്കുന്നു - അതെ, അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരിയോടെ തന്നെ). ക്ഷണിക്കപ്പെടാത്ത കവിതകളെല്ലാം ഇനി ബ്ലോഗില്‍ മതി എന്നാണ് എന്നെക്കൂടി ബ്ലോഗിലേയ്ക്ക് കൊണ്ടുവന്ന വിത്സന്റെ തീരുമാനം. ധീരമായ തീരു‍മാനം എന്ന് പറയാറായോ എന്നറിയില്ല. ബ്ലോഗിംഗ് ഇതുവരെ വയസ്സറിയിച്ചിട്ടില്ലെന്നാണ് എന്റെ അനുഭവം. ബ്ലോഗിംഗിനെപ്പറ്റിയുള്ള ബ്ലോഗുകള്‍ വരുന്നതു തന്നെ അതിനുള്ള തെളിവ്. ഒരു മാധ്യമം അതിനെപ്പറ്റിത്തന്നെ ധാരാളമായി എഴുതുമ്പോള്‍ അതിന് പക്വത വന്നിട്ടില്ലെന്നാണര്‍ത്ഥം. അത് സാരമില്ല. പക്വത എപ്പോഴും ഒരു പ്ലസ്സ് പോയന്റല്ല. ഓരോ പ്രായങ്ങള്‍ക്കും ഓരോ പക്വത പോലെ ഓരോ അപക്വതയും ഉണ്ട്. അതില്ലാത്തത് എന്ത് ബോറ്! ബ്ലോഗിലെ വായനക്കാരുടെയും കമന്റുകളുടേയും നിലവാരങ്ങളെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. സത്യത്തില്‍ ഒരാളുടെ നിലവാരത്തെപ്പറ്റിയൊക്കെ പറയുന്നത് ജനാധിപത്യവിരുദ്ധമല്ലേ? ജനാധിപത്യമാകുമ്പോള്‍ അതില്‍ every unni, sunny and ummer വേണം. അതേസമയം കവിതാബ്ലോഗുകളിലും മറ്റും ജനാധിപത്യം എത്രമാത്രം പ്രായോഗികമാണെന്നും അറിയില്ല. വിത്സന്‍ നല്ലൊരു കവിതയിട്ടു, മറ്റൊരു ബ്ലോഗന്‍ പണ്ടത്തെ ഉദ്ദിഷ്ടകമന്റ്സിദ്ധിക്ക് പ്രത്യുപകാരമായി ‘അപാരകവിത’ എന്ന് കമന്റിട്ടാല്‍ വിത്സന് സുഖിക്കുമോ? ഞാനറിയുന്ന വിത്സണ് ഇല്ല. അതേസമയം വിത്സനേക്കാള്‍ മുമ്പ് ഈ തീരുമാനം എടുക്കേണ്ടിയിരുന്ന ആള്‍ കെ. ആര്‍. മീരയായിരുന്നു. മീരയോട് ദീപിക ഓണക്കഥ ചോദിച്ചു, മീര കൊടുത്തു, പക്ഷേ അടിച്ചു വന്നപ്പോള്‍ കുറെ വെട്ടിക്കളഞ്ഞിരിക്കുന്നു. മീരയുടെ ധാര്‍മികറോഷന്‍ ആണ്ടെ കെടക്കുന്നു കലാകൌമുദിയില്‍. എഡിറ്റിംഗ് ജോലി ശമ്പളം വാങ്ങി ചെയ്തിട്ടുള്ള മീരയ്ക്കല്ലാതെ ആര്‍ക്കാണ് പത്രാധിപന്മാരുടേയും ഉടമകളുടേയും എഡിറ്റിംഗ് അവകാശങ്ങളെപ്പറ്റി കൂടുതലറിയുക? ഇവിടെയാണ് ബ്ലോഗിംഗിന്റെ പ്രസക്തി. ബാലപംക്തിയില്‍ എഴുതിത്തുടങ്ങിയ ഞാനും ബ്ലോഗുണ്ടാക്കിയശേഷം മാത്രം എഴുതിത്തുടങ്ങിയവനും ഇവിടെ ഒരേ നിരപ്പില്‍ വായനക്കാരെ തേടുന്നു. മീരയ്ക്കിവിടെ ഒരിക്കലും വായനക്കാര്‍ക്ക് ക്ഷാമമുണ്ടാവില്ല. ഒരു പ്രശ്നമുണ്ട് - പ്രതിഫലം. മീരയിപ്പോള്‍ ഫ്രീലാന്‍സ് ജീവിതമാണ്. മീരയെപ്പോലെ എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്നവര്‍ക്കു വേണ്ടി ബ്ലോഗിന് എന്തു ചെയ്യാന്‍ കഴിയും? അതാലോചിക്കണം. തല്‍ക്കാലം ആരെങ്കിലും കത്രിക വെയ്ക്കാന്‍ സാധ്യതയുള്ളത് ബ്ലോഗിലാക്കാം. കഥയിലും ജേര്‍ണലിസത്തിലും ഒരുപോലെ കഴിവു തെളിയിച്ചിട്ടുള്ള മീരയെപ്പോലുള്ളവരെക്കാ‍ത്താണ് ബ്ലോഗന്നൂരിരിക്കുന്നത്. ശാസ്താംകോട്ടയിലെ വിജയകുമാരിച്ചേച്ചി എന്ന അറുപതു വയസ്സുള്ള വായനക്കാരിയിലേയ്ക്ക് എങ്ങനെ എത്തുമെന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നു. കൊല്ലത്ത് ഡെയിലി പോയി വരുന്ന മകന്‍ പ്രവീണ്‍ അവര്‍ക്കൊരു പ്രിന്റെടുത്ത് കൊടുക്കട്ടെ. അതേസമയം ഓരോ തവണയും ഞങ്ങള്‍ ചങ്കിടിപ്പോടെ ‘publish post' ഞെക്കുമ്പോള്‍ അടുത്ത നിമിഷം പസഫിക്കിലെ അനന്തതയിലെ ഹോണോലുലുവിലും ആഫ്രിക്കയിലെ ജിബോട്ടിയിലും തെക്കേ അമേരിക്കയിലെ പെറുവിലും യൂറൊപ്പില്‍ ബെല്‍ജിയത്തിലും ഗ്രീസിലും എന്തിന് ഇസ്രയേലിലും കൊറിയയിലും വരെ ഞങ്ങളുടെ വായനക്കാര്‍ ഞങ്ങളെ കാത്തിരിക്കുന്നു. ഞങ്ങളവരെ എണ്ണുന്നു. അതുകൊണ്ട് ഇനി വിളിക്കുമ്പൊ കമല്‍ റാമിനോടും പറ മീര, ഒരു ബ്ലോഗ് തുടങ്ങാന്‍.

Sunday, October 7, 2007

വെറ്റിവേരും കറ്റാര്‍വാഴയും ലോകം ചുറ്റുമ്പോൾ


കേരളത്തിലെ ഏറ്റവും റിച്ചസ്റ്റ് ബിസിനസ് കുടുംബം ഏതാണെന്നാറിയാമോ? അല്ല, വീഗാഡ് ഫെയിം കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയല്ല. അങ്ങേരാണെന്നു തോന്നുന്നു ഇന്‍ കം ടാക്സ് കൊടുക്കുന്നതിലെ ഒന്നാമന്‍. അത് വിഗാഡ് ഗ്രൂപ്പിലെ കമ്പനികള്‍ അധികവും പ്രൊപ്പ്രൈറ്ററിയും പാര്‍ടണര്‍ഷിപ്പുമൊക്കെയായതുകൊണ്ടാ. അല്ല, കണ്ടത്തിക്കാരാണെന്നും (മനോരമ) തോന്നുന്നില്ല. അവരായിക്കും ഏറ്റവും പവര്‍ഫുള്‍ ഫാമിലി. അത് വേ, എന്റെ ചോദ്യം റെ. ശോഭാ ഡെവലപ്പേഴ്സിന്റെ മേനോനെക്കാളും ലോംഗ് സ്റ്റാന്‍ഡിംഗ് സക്സസ്? മണി മെയ്ക്കിംഗ് ഏത് കിംഗിനും പറ്റും. പക്ഷേ വെല്‍ത്ത് ക്രിയേറ്റു ചെയ്യാന്‍ ഭാഗ്യം മാത്രം പോരാ, ഭാവനയും വേണം (മീരാ ജാസ്മിനേ പൊറുക്കണേ). എന്റെ അറിവില്‍ കേരളത്തിലെ ഏറ്റവും സക്സസ്ഫുള്‍ ആയ ബിസിനസ് ഗ്രൂപ്പ് സിന്തൈറ്റാണ്. പലരും കേട്ടിട്ട് പോലുമില്ലാത്ത ഒരു ബിസിനസ് സ്ഥാപനം. (ഈയിടെ ചിലര്‍ കേട്ടിട്ടുണ്ട് - തേവരയിലെ റിവിയെറ റിട്രീറ്റ് അടക്കമുള്ള മികച്ച നിലവാരത്തിലുള്ള പാര്‍പ്പിട പദ്ധതികളിലൂടെ). സത്യത്തില്‍ കണ്‍സ്ട്രക്ഷന്‍ തന്നെയാണ് ഇവരുടെ പഴയ ഫീല്‍ഡ്. എറണാകുളത്തിന് കിഴക്കുള്ള കോലഞ്ചേരി സ്വദേശികളായ ചോക്കോപ്പിള്ള-പൈലിപ്പിള്ള എന്നീ സഹോദരങ്ങളുടെ കാലത്താണെന്ന് തോന്നുന്നു - എഴുപതുകളില്‍ - ഈ കുടുംബം ഒലിയോറെസിനുകള്‍ ഉണ്ടാക്കുന്ന ബിസിനസ്സിലേയ്ക്ക് തിരിഞ്ഞു.

കേരളത്തിന് എക്കാലവും പറ്റിയ ബിസിനസ് തന്നെ ഒലിയോറെസിന്‍സ് ആദിയായവയുടെ നിര്‍മാണം. സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് എന്ന് ഒലിയോറെസിനെ മലയാ‍ളത്തിലാക്കാം. A naturally occurring mixture of a resin and an essential oil; obtained from certain plants എന്ന് ഡിക്ഷനറി ഭാഷ്യം. ഇന്ത്യയിലെ ഒലിയോറെസിന്‍ കയറ്റുമതിയുടെ പകുതിയിലേറെ വരും സിന്തൈറ്റിന്റെ വിഹിതം. ഗ്രൂപ്പ് ടേണോവര്‍ എത്ര കോടി ഡോളര്‍ വരുമെന്നെനിക്കറിയാന്മേല. ഏതായാലും മോശമല്ലാത്ത വിധം കാണും. കുരുമുളക്, ഏലം, ഇഞ്ചി, പട്ട, ഗ്രാമ്പൂ തുടങ്ങിയ കേരളീയ വിളകളുടെ മാത്രമല്ല പുറത്തു നിന്ന് കൊണ്ടുവരുന്ന രാമച്ചം (ഫ്രം തമിഴ്നാട്) തുടങ്ങിയ സാധനങ്ങളുടേയും സത്തെടുത്ത് നല്ല വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതില്‍ മിടുക്കരാണ് സിന്തൈറ്റിനെപ്പോലുള്ള കമ്പനികള്‍.

പെര്‍ഫ്യൂം, ഫുഡ്, ഫീഡ് ഇങ്ങനെ ഒരുപാട് ഇന്‍ഡ്സ്ട്രികളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് ഒലിയോറെസിന്‍സ് തുടങ്ങിയ ഇവരുടെ ഉത്പ്പന്നനിര (ഇക്കൂട്ടത്തിലെ മറ്റൊരു വമ്പന്‍ കമ്പനിയാണ് അങ്കമാലിയിലുള്ള കാന്കോര്‍ - പാരഷൂട്ട് വെളിച്ചെണ്ണക്കാരുടെ ഗ്രൂപ്പിന്റെ). ഉദാഹരണത്തിന് കോഴിമുട്ടയുടെ മഞ്ഞയ്ക്ക് നല്ല കളറു കിട്ടാന്‍ ജമന്തിപ്പൂക്കളുടെ സത്ത് കോഴിത്തീറ്റ നിര്‍മാണവേളയില്‍ ആവശ്യമുള്ള സാധനമാണ്. സംഭവം നാച്വറലായതുകൊണ്ട് വേറെ സൈഡ് ഇഫക്ട്സില്ല, അതുകൊണ്ടു തന്നെ ലോകമെങ്ങും വന്‍ഡിമാന്‍ഡാ. പെര്‍ഫ്യൂമ്സിന്റെ കാര്യം പറയാനില്ല. ചരിത്രം മുഴുവനില്ലേ കുരുമുളകിനു വേണ്ടിയുള്ള കപ്പലോട്ടങ്ങള്‍? ലന്തയും പറങ്കിയും അറബിയും ശീമയുമെല്ലാം വായിലും മൂക്കിലും സുഗന്ധവീര്യമറിഞ്ഞത് മലബാറിന്റെ കറുത്ത പൊന്നിനാലല്ലേ? ഇന്നും അതിന് മാറ്റമില്ലെന്നാണ് പറഞ്ഞു വരുന്നത്. രാമച്ചത്തിന്റെ തമിഴ്പ്പേര് വെട്ടിവേര്‍. വെട്ടിയെടുക്കുന്ന വേര് എന്ന അര്‍ത്ഥമുള്ള അതേ വാക്കു തന്നെ ഇംഗ്ലീഷിലും പോപ്പുലര്‍. പോരാഞ്ഞ് ആഗോള ഫ്രഞ്ച് സുഗന്ധ ഭീമന്‍ ഗ്വെര്‍ലെയ്ന്‍ അതേ പേരില്‍ ഒരു പെര്‍ഫ്യൂമും ഇറക്കിയിരിക്കുന്നു.

അച്ഛന്റെ വീട്ടിന്റെ കുളത്തിന്റെ വക്കത്ത് നിന്നിരുന്ന കറ്റാര്‍വാഴയെ ഒരിക്കലും ഗൌനിക്കാതിരുന്നതില്‍ എനിക്കിപ്പോള്‍ ദു:ഖം തോന്നുന്നു. കാരണം ഇന്ന് ലോകമെങ്ങും ലഭ്യമായ എല്ലാ കോസ്മെറ്റിക് ഉത്പ്പന്നങ്ങളിലും അതിന്റെ ഏറ്റവും മികച്ച മോയ്സ്ചറൈസിംഗ് പ്രോപ്പര്‍ട്ടി കൊണ്ട് കറ്റാര്‍വാഴ (aloe vera) നായികയുടെ റോള്‍ അഭിനയിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ മാര്‍ക്കറ്റ് കാറ്റഗറികളും ഇന്ത്യയിലും ഇപ്പോള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. നല്ല കശുവണ്ടിപ്പരിപ്പ് ഇപ്പോള്‍ ഇന്ത്യക്കാരന് (ചില കേരളീയര്‍ക്കും) തിന്നാല്‍ ദഹിക്കാറായതുപോലെ. അതുകൊണ്ട് സിന്തൈറ്റിനേപ്പൊലുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലും ഇപ്പോള്‍ വന്‍ഡിമാന്‍ഡാണ്. പക്ഷേ ഇവിടെയും ഇവരെ ജനം അറിയുന്നില്ല. കാരണം മള്‍ട്ടിനാഷനല്‍ കമ്പനികളാണ് ഇവിടെയും ഇവരുടെ ക്ലയന്റ്സ്. ഇവരും ഒരു ദിവസം സ്വന്തം പെര്‍ഫ്യൂം ബ്രാന്‍ഡിറക്കില്ലേ? ഗ്രാമ്പൂ എന്ന ബ്രാന്‍ഡില്‍ ഒരു പെര്‍ഫ്യൂമിന്റെ പരസ്യം നന്ദിതാദാസ് മോഡലായി മരീ ക്ലയറിന്റെ ഔട്ട്സൈഡ് ബാക്ക് കവറില്‍ ഞാന്‍ ഈ ജന്മത്ത് കാണുകില്ലേ? സിന്തൈറ്റിന്റെ പുതിയ അമരക്കാരന്‍ ജോര്‍ജ് പോള്‍ (അതെ, സ്വാശ്രയ മാനേജ്മെന്റ് ലീഡറായി എം. എ. ബേബിയോട് ചര്‍ച്ചയ്ക്കു വന്ന ആ‍ സാള്‍ട്ട് & പെപ്പര്‍ തലമുടിക്കാരന്‍) എന്നെങ്കിലും ഈ പോസ്റ്റ് കാണുകില്ലേ?

Saturday, October 6, 2007

കറുത്ത വളിപ്പുകള്‍


വലിപ്പുകളുടെ പശ്ചാത്തലം മുമ്പ് കറുപ്പായിരുന്നത് ഒരു വ്യത്യസ്തത ഇരിയ്ക്കട്ടെ എന്നോര്‍ത്തു മാത്രം. എന്നാല്‍ ഇന്നു കിട്ടിയ ഒരു മെയിലില്‍ പറയുന്നു കറുത്ത ബാക്ഗ്രൌണ്ട് ധാരാളം എനര്‍ജി ലാഭിക്കുമെന്ന്. തന്നെ? വിവരമുള്ളവരാരെങ്കിലും ഒന്ന് പറഞ്ഞു തരീ.

കറുത്ത ബാക്ഗ്രൌണ്ടുള്ള ഒരു സൈറ്റ് ഡിസ്പ്ലേ ചെയ്യാന്‍ വേണ്ടതിനേക്കാള്‍ എനര്‍ജി വെളുത്ത ബാക്ഗ്രൌണ്ടുള്ള ഒരു സൈറ്റ് ഡിസ്പ്ലേ ചെയ്യാന്‍ വേണ്ടി വരുമെന്നാണ് കറുത്ത ഗൂഗ് ള്‍ എന്ന് സ്വയം വിളിക്കുന്ന, ഒരു ഓസ്ട്രേലിയന്‍ കമ്പനിയായ ബ്ലാക്ക്ലിന്റെ അവകാശവാദം. ഇത് ശരിയോ? ഗൂഗ് ളിന്റെ ബാക്ഗ്രൌണ്ട് ഇപ്പോള്‍ വെളുത്തതാണല്ലൊ. ഇത് കറുപ്പായിരുന്നെങ്കി ഒരു വര്‍ഷം 750 മെഗാവാട്ട് എനര്‍ജി സേവാമെന്നാണ് പറയുന്നത്. കറുത്ത പേജ് 59 വാട്ട്സ് എനര്‍ജി ഉപയോഗിക്കുമ്പോള്‍ വെളുത്ത പേജ് 74 വാട്സ് ഉപയോഗിക്കുമത്രെ. ഗൂഗ് ളില്‍ ഒരു ദിവസം 20 കോടി സെര്‍ച്ചുകള്‍ വരുന്നുണ്ടെന്ന കണക്കിലാണ് ഈ 750 മെഗാ കണക്കെല്ലാം. ഈ പോസ്റ്റിന്റെ ഒരു ത്രെ സ്വഭാവം ശ്രദ്ധിക്കുമല്ലൊ. ഇതെല്ലാം ബൂണിന്റെ നാട്ടുകാരുടെ ഒരു മാര്‍ക്കറ്റിംഗ് നമ്പറാവാനും മതി. (ആഫ്രിക്കയിലെയും ഇന്ത്യയിലെയും പാവങ്ങളെ സഹായിക്കാനെന്ന പേരില്‍ ഇലക്ട്രോണിക് വേസ്റ്റ് (പഴയ കമ്പ്യൂട്ടറുകള്‍ എക്സട്രാ) ഒഴിവാക്കാനുള്ള കയറ്റുമതി മുതല്‍ ഇപ്പോള്‍ തട്ടിപ്പുകളാണല്ലൊ എങ്ങും).
പരസ്യവ്യവസായരംഗത്ത് ജോലി ചെയ്യുന്ന ആളാണ് ഞാന്‍. ആധുനിക പരസ്യ വ്യവസായത്തിന്റെ പിതാവായ ഒഗില്വി പറയുന്നുണ്ട് കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ കൊടുക്കുന്നത് റീഡര്‍ഷിപ്പ് കുറയ്ക്കുമെന്ന്. അത് പക്ഷേ അച്ചടി പരസ്യങ്ങളുടെ കാര്യം. അത് ശരിയുമാണ് - കറുത്ത പരസ്യങ്ങളില്‍ നോക്കിയാല്‍ കണ്ണിന്റെ ഫിലമെന്റ് പോകുമെന്നുറപ്പ്. പിന്നെ അച്ചടിമഷിയും ലാഭിക്കാം. അതെല്ലാം പോട്ടെ - പെഴ്സണലായിപ്പറഞ്ഞാല്‍ കറുപ്പു താന്‍ എനിക്കും പിടിച്ച കളറ്.

പിന്നെ ബ്ലോഗിന്റെ ബാക്ഗ്രൌണ്ട് കറുപ്പാക്കിയാല്‍ വായിക്കുന്നവരുടെ കണ്ണുകള്‍ക്ക് സ്ട്രെയിനാവുമോ എന്ന കാര്യം - അത് കണ്ടു തന്നെ അറിയണം. എങ്കി ഗൂഗ് ളിന് ചെയ്യാവുന്ന കാര്യം കറുത്ത ബ്ലോഗുകളില്‍ കണ്ണാശുപത്രികളുടെ പരസ്യം ഇടാമെന്നതാണ്.

Thursday, October 4, 2007

സങ്കടത്തിനപ്പുറം


ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു - വിജയന്‍ മാഷോട് ആദ്യമായും അവസാനമായും സംസാരിച്ചത് വെറും ഒരു മാസം മുമ്പാണ്. മാഷിന്റെ അടുത്ത ശിഷ്യന്മാരായ കവിയൂര്‍ ബാലനും ഷാജിയും ദുബായില്‍ നിന്ന് മാഷെ ഫോണ്‍ ചെയ്തപ്പോള്‍ ഞാനും സംസാരിക്കുകയായിരുന്നു. വെല്ലിച്ഛന്‍ മഹാരാജാസില്‍ മാഷിന്റെ സഹപാഠിയായിരിക്കുമെന്ന് ഊഹിച്ചത് ശരിയായിരുന്നു (സിന്ദൂരപ്പൊട്ട് ബാച്ചില്‍ - 1957 - പാര്‍ലമെന്റിലെത്തന്നെ യങ്ങസ്റ്റ് എം.പിയായിരുന്നു വെല്ലിച്ഛന്‍). അതെല്ലാം പറഞ്ഞ്, പ്രതീക്ഷിക്കാത്ത വിധം മാഷ് പെഴ്സണലായി. "അതൊരു കാലം" എന്നു വരെ പറഞ്ഞു നിര്‍ത്തി. നാട്ടില്‍ ചെല്ലുമ്പോള്‍ വീട്ടില്‍ വരുമെന്നും കാണണമെന്നുമുള്ള ആഗ്രഹം ഞാന്‍ പറഞ്ഞു. പിന്നെ രണ്ടാഴ്ച മുമ്പ്, എറണാകുളം പ്രസ് ക്ലബ്ബ് റോട്ടിലെ സിഐസിസി ബുക്ക് ഹൌസില്‍ നിന്ന് റിയാസ് വിളിക്കുന്നു - പുസ്തകങ്ങള്‍ ഏതൊക്കെ വാങ്ങിക്കൊണ്ടു വരണമെന്ന് ചോദിക്കാന്‍. എം. എന്‍. വിജയന്റെ കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും എന്ന് പറയാന്‍ തോന്നിച്ചതെന്ത്? 6 പുസ്തകങ്ങളുമാ‍യി റിയാസ് വന്നു. ആറും വായിക്കാത്തവ. വായിച്ച് പരിചയിച്ചതൊന്നും കിട്ടിയില്ല. നന്നായി എന്ന് മനസ്സിലോര്‍ത്തു.

ജനകീയാസൂത്രണത്തെപ്പറ്റിയാണല്ലൊ മാഷ് പറഞ്ഞു നിര്‍ത്തിയത്. ഏതാനും വര്‍ഷം മുമ്പ് മറ്റൊരു മഹാരജാസുകാരന്‍ കൂടിയായ തോമസ് ഐസക് അമേരിക്കയില്‍ നിന്ന് വരും വഴി ദുബായില്‍ ഇറങ്ങിയത് ഓര്‍ക്കുന്നു. അന്ന് അമേരിക്കക്കാര്‍ ജനകീയാസൂത്രണത്രെ 'റിയല്‍ യുട്ടോപ്യ' എന്നു വാഴ്ത്തിയെന്ന് പറഞ്ഞു കേട്ടിരുന്നു. അമേരിക്കക്കാര്‍ സ്തുതിക്കുമ്പോള്‍ അത് സൂക്ഷിക്കണമല്ലോ എന്ന് അന്നേ വിചാരിച്ചതാണ്. പിന്നെ മാഷും കൂട്ടരുമാണ് അതിന്റെ ഉള്ളുകള്ളികള്‍ തുറക്കാന്‍ തുടങ്ങിയത്. സത്യത്തില്‍ ജനകീയാസൂത്രണം എന്തായിരുന്നു? പരീക്ഷണശാല എന്ന ചുളുവില്‍, അധികാരം ജനങ്ങള്‍ക്ക് എന്ന മറവില്‍ കേരളത്തിലെ ഭരണവ്യവസ്ഥയെ തകര്‍ക്കാനുള്ള അരാഷ്ട്രീയ അജണ്ടയായിരുന്നോ അത്? മുള്ളുകൊണ്ട് മുള്ളെടുക്കുന്നതുപോലെ കേരളത്തിന്റെ ഉപദേശീയ ഇന്റഗ്രിറ്റിയെ, അതിന്റെ മാനവികരാഷ്ട്രീയത്തെ ഷണ്ഡവല്‍ക്കരിക്കാനുള്ള ശ്രമം? അറിഞ്ഞും അറിയാതെയും പലരും അതിന് കൂട്ടുനിന്നോ? കാണാപ്പാഠ വിദ്യാഭ്യാ‍സം, അശാസ്ത്രീയം എന്നെല്ലാം ആക്ഷേപിച്ച് ഗണിത അടിത്തറയും മറ്റും തകര്‍ക്കാനുള്ളതായിരുന്നു ഡി.പി.ഇ.പി. വക പ്രകൃതിവിദ്യാഭ്യാസം എന്ന ആരോപണവും ശരിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. (World is Flat എന്ന പുസ്തകത്തില്‍ അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് അമേരിക്കയ്ക്ക് സംഭവിച്ച വീഴ്ചകളെപ്പറ്റി പറയുമ്പോള്‍ ഹ്യൂമാനിറ്റീസും ക്രിയേറ്റിവിറ്റിയുടെ പേരിലുള്ള സമ്പ്രദായങ്ങളുമാണ് അമേരിക്കയുടെ അടിത്തറ തകര്‍ക്കുന്നതെന്നും കണക്കിന്റെയും സയന്‍സിന്റെയും ബേസിക്സ് കുത്തിയിരുന്ന് കഷ്ടപ്പെട്ട് പഠിക്കണമെന്നും ഫ്രീഡ് മാന്‍ പറയുമ്പോള്‍ അമ്പട സായിപ്പേ എന്ന് ആരും പറഞ്ഞുപോവും). വിദ്യാഭ്യാസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്‍പ്പിക്കാനുള്ള (ഈയിടെ ഏറെ വിവാദമുയര്‍ത്തിയ) നീക്കവും ഒരു ഗൂഡാലോചനയല്ലേ? രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയേണ്ട കുട്ടി ഉടുതുണിയില്ലാതെ നില്‍ക്കുമ്പോള്‍, കുട്ടീ, നീയും നഗ്നനാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു മനസ്സ് ഇല്ലാതാകുമ്പോള്‍ ബാക്കിയാവുന്നത് angst മാത്രം.

Wednesday, October 3, 2007

കൃമിയോ ക്രിമിനലോ


ഒരു മൈക്രോസ്കോപ്പില്‍ കിടത്തി ഞാനെന്റെ ശരീരം നോക്കുമ്പോള്‍ കൃമിയായ്ത്തോന്നുന്നു
*ഇരുണ്ടവര്‍ഷങ്ങള്‍ക്കകലെയെന്‍ മനം ഒരു ടെലസ്കോപ്പില്‍ ക്രിമിനലിന്റേതും


*ഇരുണ്ടവര്‍ഷങ്ങള്‍ കാലത്തെയല്ല, ദൂരത്തെയാണ് കുറിക്കുന്നത്. പ്രകാശവര്‍ഷങ്ങള്‍പോലെ.

Tuesday, October 2, 2007

ക്രിക്കറ്റ്, ഇന്ത്യ, ഗാന്ധി


ട്വന്റി-ട്വന്റി ഫൈനലില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷോയെബ് മാലിക് കളിക്കൊടുവില്‍ തന്റെ നാട്ടുകാര്‍ക്കും ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ക്കും പബ്ലിക്കായി നന്ദി പറഞ്ഞതു കേട്ടപ്പോള്‍ ഓര്‍ത്തത് പഴയൊരു കാര്യമാണ് - 1930-കളിലെ ഇന്ത്യയില്‍ ഹിന്ദു ഇലവന്‍, മുസ്ലീം ഇലവന്‍, പാര്‍സി ഇലവന്‍... ഇവരൊക്കെ തമ്മിലായിരുന്നു ക്രിക്കറ്റുകളി. ഗാന്ധിജി ഇടപെട്ടിട്ടും 1946 വരെ അങ്ങനെ തുടര്‍ന്നത്രെ. 1919-നും 23-നും ഇടയ്ക്ക് ഹിന്ദു ഇലവനില്‍ രണ്ട് ദളിത് സഹോദരന്മാരെ ഉള്‍പ്പെടുത്താനും ഗാന്ധിജിയുടെ സമ്മര്‍ദ്ദം വേണ്ടി വന്നു. ആ പല്‍വങ്കര്‍ സഹോദരിലൊരാള്‍ - വിത്തല്‍ പല്‍വങ്കര്‍ - അങ്ങനെ ഹിന്ദു ടീമിന്റെ ക്യാപ്റ്റന്‍ വരെയായി. ഇന്ന് ഇന്ത്യന്‍ ടീമില്‍ രണ്ട് മുസ്ലീം സഹോദരര്‍ - യൂസുഫ് പത്താനും ഇര്‍ഫാന്‍ പത്താനും. ഇന്ന് ഗാന്ധി ജയന്തി. ഗാന്ധിജി നല്ല ഒന്നാന്തരമായി ബാറ്റിംഗും ബോളിംഗും ചെയ്തിരുന്നെന്ന് രാജ്കോട്ടിലെ ആല്‍ഫ്രഡ് സ്കൂളില്‍ ഗാന്ധിജിയുടെ സഹപാഠിയായിരുന്ന രതിലാല്‍ ഖേലാ ഭായ് മേത്തയുടെ ഓര്‍മക്കുറിപ്പ്. ഗാന്ധിജിയുടെ തലമുറയ്ക്കുശേഷം വന്ന രാഷ്ട്രീയക്കാരും ബുദ്ധിജീവികളും ഇന്റ്ഗ്രേറ്റ് ചെയ്തതിനേക്കാള്‍ (അവരങ്ങനെ വല്ലതും ചെയ്തിട്ടുണ്ടങ്കില്‍) ആഴത്തില്‍ ക്രിക്കറ്റ് ഇന്ത്യയെ ഇന്റ്ഗ്രേറ്റ് ചെയ്തിരിക്കുന്നു. അതോര്‍ക്കുമ്പോള്‍ ഹോക്കിയോടും ഫുട്ബോളിനോടുമെല്ലാം ക്രിക്കറ്റ് ചെയ്ത കുറ്റം നമുക്ക് ക്ഷമിക്കാന്‍ കഴിയണം. അതോര്‍ക്കുമ്പോള്‍ ഷോയെബ് മാലിക്കിന്റെ വിവരക്കേട് നാം ക്ഷമിക്കുന്നതുപോലെ.

Monday, October 1, 2007

അകാല്‍പ്പനി


മൂത്രക്കുഴലേ, മൂത്രക്കുഴിയില്‍
ചേര്‍ന്നാല്‍ തീര്‍ന്നോ പരവേശം?

സ്നേഹോമീറ്റര്‍?


ചൂടും തണുപ്പും അളക്കുന്നത് ഒരേ യൂണിറ്റുപയോഗിച്ചായതുകൊണ്ട് സ്നേഹവും വെറുപ്പും അളക്കുന്നതും ഒരേ യൂണിറ്റ് ഉപയോഗിച്ചാണോ?
Related Posts with Thumbnails