Sunday, October 28, 2007

മൂര്‍ഖനെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍


ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍... എന്ന് തുടങ്ങുന്ന പഴഞ്ചൊല്ല് ആദ്യം കേട്ടത് കുട്ടിക്കാലത്ത് എപ്പളോ ആയിരിക്കും. ചെറിയ കുട്ടികളോട് സംസാരിക്കുമ്പോള്‍ ആരും പഴഞ്ചൊല്ലുകള്‍ പറയുന്ന ശീലമില്ല. അതുകൊണ്ട് മുതിര്‍ന്നവര്‍ തമ്മിലുള്ള സംസാരങ്ങളില്‍ നിന്ന് വീണുകിട്ടുന്ന പഴഞ്ചൊല്ലുകളായിരിക്കും കുട്ടിയായിരുന്നപ്പോള്‍ കേട്ടു തുടങ്ങിയത്. ഈ പഴഞ്ചൊല്ല് പല വട്ടം കേട്ടു. അതിന്റെ രണ്ടാം പകുതി അന്നൊന്നും ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. ഒന്നാം പകുതി (ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍) തന്നിരുന്ന അത്ഭുതത്തില്‍ മുങ്ങിപ്പോയതുകൊണ്ടാണ് രണ്ടാം പകുതി (നടുക്കണ്ടം തിന്നണം) ശ്രദ്ധിക്കാതിരുന്നതെന്ന് ഇപ്പോള്‍ തോന്നുന്നു. ചേരയെ തിന്നുകയോ? ഭയം, അറപ്പ്... അങ്ങനെയുള്ള പല നെഗറ്റീവ് വികാരങ്ങളും പത്തി വിടര്‍ത്തിയാടി. നീര്‍ക്കോലി കടിച്ചാലും ഡിന്നര്‍ മുടങ്ങും എന്ന ചൊല്ലും അന്നേ കേട്ടിരുന്നു. എങ്കില്‍ ചേരയ്ക്ക് ബ്രേക്ക്ഫാസ്റ്റെങ്കിലും മുടക്കാനാവും എന്നാണോര്‍ത്തിട്ടുണ്ടാവുക. പോരാത്തതിന് മൂര്‍ഖന്റെ ഇണ ചേരയാണെന്നൊരു മണ്ടത്തരവും അക്കാലത്ത് വിശ്വസിച്ചിരുന്നു. (ഒരേ കടലിന്റെ കഥ കേട്ടപ്പോള്‍ ആ മണ്ടത്തരമാണ് ശരിയെന്നു തോന്നി - മൂര്‍ഖനെ കിട്ടിയില്ലെങ്കി ഞാഞ്ഞൂളിനേം മതി മനുഷ്യര്‍ക്ക്. ഗതി കെട്ടാല്‍ പുലി ഓമ്ലെറ്റും തിന്നും. താനിരിക്കേണ്ടിടത്ത് നായ ഇരുന്നില്ലെങ്കില്‍ അവിടെ നായച്ചെള്ള് കയറി ഇരിക്കും).

കുറേ നാള്‍ മുമ്പ് ഇവിടത്തെ നൂറിലേറെ പോസ്റ്റുകള്‍ ഒരു പ്രാന്തിന് ഡിലീറ്റു ചെയ്തപ്പോള്‍ 'മഞ്ഞ 'ന'യുടെ ബിസിനസ് സീക്രട്ട്' എന്നൊരു പോസ്റ്റും ഡിലീറ്റായി (കോതമംഗലത്തുകാരുടെ ഭാഷേപ്പറഞ്ഞാല്‍) 'പോയാര്‍ന്നു'. അത് ഗൂഗ് ള്‍ റീഡര്‍ വഴി വീണ്ടെടുത്ത് തന്ന വക്കാരിയുടെ മത്സ്യാവതാ‍രത്തിന് നന്ദി. ആ പോസ്റ്റിന്റെ ആവര്‍ത്തനവിരസം താഴെ. (ഒരു ചേനക്കാര്യം - വൈ മെന്‍സസ് ഈസ് കാള്‍ഡ് ആര്‍ത്തവം ഇന്‍ മലയാളം? ഇറ്റ് ഷുഡ് ബി ആവര്‍ത്തം നൊ, സീരിയസ്ലി). മക്ഡൊണാള്‍ഡ്സിന്റെ മറ്റൊരു ബിസിനസ് സീക്രട്ടിനു കൂടി അടിവരയിടാനാണ് ഈ പോസ്റ്റ്.

ചേരയെ തിന്നുന്നതിന്റെ അറപ്പാണ് ആദ്യം തോന്നിയതെന്ന് പറഞ്ഞല്ലോ. ഇപ്പോള്‍ തോന്നുന്നത് മറ്റൊന്നാണ്, വിശേഷിച്ചും വെള്ളെഴുത്തിന്റെ വെള്ളെഴുത്ത് ബാധിക്കാത്ത പുതുവായനകള്‍ കാണുമ്പൊ. കേരളം ഒരു കണ്‍സ്യൂമറാണ്. അതുകൊണ്ടാണ് തിന്നുന്ന നാട്. മലയാളിക്ക് തിന്നേ ശീലമുള്ളു, തീറ്റിച്ച് ശീലമില്ല (അഴിമതിക്ക് ‘കുംഭകോണം’ എന്നൊരു പര്യായമുണ്ടായതും തീറ്റശീലത്തില്‍ നിന്നു തന്നെ. അറിയാത്തവര്‍ പറയൂ). അതുകൊണ്ട് ’ചേരയെ തിന്നുന്ന’ നാടിനെപ്പറ്റിയേ പാവം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റൂ. എന്നാല്‍ നിങ്ങള്‍ക്ക് തിന്നല്ല തീറ്റിച്ചാണ് ശീലമെങ്കിലോ? നിങ്ങള്‍ ഒരു ഫാസ്റ്റ് ഫുഡ് ചെയിനാണെങ്കിലോ? എങ്കില്‍ ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നിങ്ങള്‍ മൂര്‍ഖനെ പൊരിച്ചു വില്‍ക്കും. കാരണം ചേരയെ തിന്നുന്ന നാട്ടിലെ ജനം മുഴുവന്‍ അതിന്റെ എല്ലാ കഷണങ്ങളും തിന്ന് മടുത്തിട്ടുണ്ടാവുമെന്നും അവര് വറൈറ്റിക്ക് വേണ്ടി കാത്തിരിക്കുകയാവുമെന്നും നിങ്ങള്‍ക്കറിയാം. ഒടുവില്‍ ചേരയെത്തിന്നുന്ന നാട്ടുകാര്‍ മുഴുവന്‍ മൂര്‍ഖനെ തിന്നു തുടങ്ങും. നിങ്ങടെ മാര്‍ക്കറ്റ് ഒരു മാതിരി സാച്വറേറ്റഡ് ആവും. അപ്പ നിങ്ങ എന്തു ചെയ്യും? വീണ്ടും ചേരയെ മാര്‍ക്കറ്റിലിറക്കും. പക്ഷേ പുതിയൊരു വിഭവമായിട്ടായിരിക്കുമെന്നൊരു വ്യത്യാസമുണ്ടാവുമെന്ന് മാത്രം.

മക്ഡൊണാള്‍ഡ്സ് ഇക്കഴിഞ്ഞ റമദാന്‍മാസം അറേബ്യന്‍ മാര്‍ക്കറ്റിലിറക്കിയ ‘ഡേറ്റ് പൈ’ കണ്ടപ്പോള്‍ ഒരിക്കല്‍ക്കൂടി അവരുടെ ബിസിനസ് അക്യുമെനു മുന്നില്‍ തലകുനിച്ചു. കഴിഞ്ഞ രണ്ടാഴ്ച പൂനെയിലായിരുന്നതുകൊണ്ട് ഡേറ്റ് പയ്യിന്റെ സ്വാദ് നോക്കാന്‍ പറ്റിയില്ല. ഇനി ഒരു ദൂസം ഏതായാലും നോക്കണം - ഒരിക്കലവരുടെ ആപ്പ് ള്‍ പൈ സ്വാദ് നോക്കിയതുപോലെ. പൈ (3.14) എപ്പോഴും കോണ്‍സ്റ്റന്റായിരിക്കുമെന്നല്ലേ പഠിച്ചത്? അതങ്ങനെ തന്നെ ഇരിക്കട്ടെ. ആപ്പ് ള്‍ മാറി, ഈന്തപ്പഴം വന്നു. ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍ ചേര ഫ്രയ്യും ചേര പയ്യും ചേര സാമ്പാറും ഉണ്ടാക്കി വില്‍ക്കുക - എന്തൊരു ബിസിനസ് ഇന്നൊവേഷന്‍, എന്തൊരു മാര്‍ക്കറ്റ് അഡാപ്റ്റേഷന്‍!

6 comments:

സാല്‍ജോҐsaljo said...

ചേരയെത്തിന്നുന്ന നാട്ടില്‍ ചെന്നാല്‍ അതിന്റെ ലെഗ് പീസ് തിന്നണമെന്നാ...! അങ്ങനാര്‍ന്നു!.

:)

One Swallow said...

ആര്‍ന്നു? കോതമംഗലം ബെല്‍ട്ടില്‍ എവിടാ?

കുറുമാന്‍ said...

എന്താ വിഷന്‍ ഇവരുടേയൊക്കെ. സമ്മതിക്കണം.

മൈലാഞ്ചിയിട്ട കൈകളാല്‍ പെര്‍ഫെക്റ്റ് ഇഫ്ത്താര്‍ മീല്‍ എന്ന് പറഞ്ഞ് നല്‍കുന്ന ബക്കറ്റ് ചിക്കനായിരുന്നു കെ എഫ് സിയുടെ പരസ്യം നോയ്മ്പുനാളുകളില്‍ :)

വാല്‍മീകി said...

കൊള്ളാം. ഇതൊക്കെ എങ്ങനെ നോക്കിയിരിക്കുന്നു?

ദേവന്‍ said...

മാക്കാന്‍ ചേട്ടനറിയാം നാടിന്റെ നൊവാള്‍ജിയ കെട്ടിപ്പിടിച്ചോണ്ട്‌ നില്‍ക്കുന്ന ഒന്നാം ജെനറേഷന്‍ ഗള്‍ഫുമലയാളിക്ക്‌ ബര്‍ഗറേല്‍ വലിയ ആര്‍ത്തിയില്ലെന്ന്. ഇല്ലെങ്കില്‍ മത്തി പനിഞ്ഞിലു കൊണ്ട്‌ ബര്‍ഗര്‍ പാറ്റി ഇറക്കിയേനെ അവര്‍. മാക്കുമരകം എന്നോ മാക്‌മാപ്രാണം എന്നോ മാക്‌കരിമ്പിന്‍കാല എന്നോ ഒക്കെ പേരുമിട്ട്‌.

ആഴ്ച്ചയറുതികളില്‍ ശകലം ഉന്മാദം വേണമെന്ന് തോന്നിയാല്‍ ഞാന്‍ ഗ്രാന്‍ഡു ഹോട്ടലിലെ ടാവേണ്‍ എന്ന ബാറിലാണു മധു നുകരാന്‍ പോകാറ്‌. അവിടത്തെ കോസ്റ്ററേലെല്ലാം കയ്യില്‍ ഗ്ലാസ്സുമായി നില്‍ക്കുന്ന ഒരു കഥകളിക്കാരന്റെ താഴെ " നിങ്ങള്‍ക്ക്‌ ജോണി വാക്കറിന്റെ ഓണാശംസകള്‍. ഈ പൊന്നോണത്തിനു ജോണിവാക്കര്‍ കഴിക്കൂ, ഞറുക്കെടുപ്പിലൂറെ സ്വണ്ണ നാണയങ്ങള്‍ നേടൂ" എന്ന് പരസ്യമടിച്ചതാണ്‌. സ്മാള്‌, ഞറുക്കെടുപ്പ്‌, സ്വര്‍ണ്ണം. ഇതില്‍പ്പരം മലയാളിയെ ആകര്‍ഷിക്കാന്‍ എന്തുവേണം!

മാവേലിക്കുമേല്‍ മലബാറി വച്ചിരിക്കിറ നേശം പാശം എല്ലാം സ്കോട്ട്ലാന്റുകാരന്‍ ഞ്ജാപകം വച്ചിരുക്ക്‌ ഇല്ലെങ്കില്‍ "മാവേലീസ്‌ വാക്ക്‌.. ജോണിവാക്കര്‍, കീപ്പ്‌ വാക്കിംഗ്‌" എന്നടിച്ച്‌ ഓലക്കുടയും ചൂടി മാവേലി നടന്നു പോകുന്ന പടം അടിച്ച്‌ വന്നേനെ പോസ്റ്റരേല്‍.

One Swallow said...

വെറും മാ(ര്‍)ക്കറ്റാക്രാന്തം സഹിക്കാം. പശുവിന്‍ നെയ്യും (പാലീന്ന് ഉണ്ടാക്കണതല്ല, കൊന്നട്ട് തൊലീടെ ഉള്ളീന്ന് എടുക്കണത്) പന്നി നെയ്യും വെടിയുണ്ടകളുടെ ഫോയിലാക്കി അത് കടിപ്പിച്ച് വിഭജിച്ച് ഭരിച്ച ചരിത്രം പോലെ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ എന്നും പാക്കിസ്ഥാനില്‍ മറ്റെന്തോ ലിവര്‍ എന്നും പറയുന്ന കരളുറപ്പോ? യൂണിലിവര്‍ എന്നു പറയണേനേക്കാട്ടും ശരി യൂണിസെക്സ് എന്നു പറയുന്നതായിരിക്കും

Related Posts with Thumbnails