Tuesday, October 23, 2007
തേഡ് വേള്‍ഡ് വാര് മുകിലേ...
ആദ്യമായി കാട്ടുതീ കണ്ടത് പ്രൈമറിയില്‍ പഠിക്കുമ്പോളാണ്. തേക്കടിക്ക് എക്സ്കര്ഷന് പോയപ്പൊ. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ച് കിടക്കുന്ന കൈരളിപ്പെണ്ണിന്റെ കേശഭാരത്തിലെവിടെയോ (നാടുകാണി?) കുത്തിവെച്ച ഹെയര്‍പ്പിന്നുകളൊന്നിലൂടെ ഒരു പേനിനെപ്പോലെ അരിച്ചു പോകുന്ന ചാര്‍ളി ട്രാവത്സിലിരിക്കുമ്പോള്‍. കട്ടപ്പനയിലെ തീയറ്ററില്‍ നിന്ന് തലേ രാത്രി കണ്ട മിടുമിടുക്കിയിലെ പാട്ടിലെന്ന പോലെ ശൂന്യാകാശം അകലെ അകലെ. അതിനു താഴെ വലിയ വലിയ എരുമകള്‍ ഉറങ്ങാന്‍ കിടക്കുന്നപോലത്തെ മലകള്‍. അവയുടെ പള്ളകളില്‍ വലിയ വലിയ അടുപ്പുകളില്‍ നിന്നെന്ന പോലെ തീയും പുകയും ഉയരുന്നു. അത്ര ഉയരങ്ങളിലും ആള്‍പ്പാര്‍പ്പുണ്ടോ? കാനത്തെ അന്ന് വായിച്ചു തുടങ്ങിയിട്ടില്ലായിരുന്നതിന്റെ ആകാംക്ഷ പുറത്തു ചാടി. “ഇല്ല, അത് കാട്ടുതീയാണ്“, ഗാഡസ്ക്വാഷില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തരുന്നതിനിടെ ദേവരാജന്‍ സാര്‍ പറഞ്ഞു തന്നു. (ആ ട്രിപ്പോടെ ഹൈസ്ക്കുളിലെ ആ കെമിസ്ട്രി സാറിന് ഗാഡസ്ക്വാഷ് എന്ന് പേരും വീണു). ആളുകേറാമലകളില്‍ തീയാളുന്നത് കണ്ട് ഒരു ഫയറെഞ്ചിനും മണി മുഴക്കുന്നില്ലെന്നറികയാല്‍, ‘കാട്ടുതീ’ എന്നു കേള്‍ക്കുമ്പോഴെല്ലാം ‘മണി മുഴങ്ങുന്നത് ഇക്കുറി നമുക്കാര്‍ക്കും വേണ്ടിയല്ല ജോണ്‍ ഡോണേ’ എന്ന് തിരുത്താന്‍ മാത്രം അപ്പൊളിറ്റിക്കലായിരുന്നു ഏറെക്കാലം എന്റെ അരവൈദ്യം.
അമേരിക്കയിലെ, ഓസ്ട്രേലിയയിലെ, പ്രിയ കസാന്ദ്സാകിസിന്റെ ഗ്രീസിലെ കാട്ടുതീകളുടെ വാര്‍ത്തകള്‍ പിന്നീടെപ്പോളോ കണ്ണു തുറപ്പിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാലിഫോര്‍ണിയ എരിയുന്നെന്നറിഞ്ഞ് വീണ്ടും കണ്ണു തുറന്ന് പരതി. കാലിഫോര്‍ണിയയില്‍ ബ്ലോഗര്‍മാരുണ്ടൊ എന്ന് ചോദിക്കാനാഞ്ഞു (അമേരിക്കയില്‍ അരയന്മാരുണ്ടൊ എന്ന ചോദ്യത്തിന്റെ ഈണത്തിലല്ല). കാലിഫോര്‍ണിയയിലെ അരലക്ഷം കുടുംബങ്ങളെ കാട്ടുതീ ബാധിച്ചെന്ന് വാര്‍ത്തകള്‍. അമേരിക്ക എന്നാല്‍ കുറേ കെട്ടിടക്കൂട്ടം മാത്രമല്ലെന്നതിന്റെ റിമൈന്‍ഡറിനപ്പുറം ‘നമ്മുടെ ബ്ലോഗേഴ്സിനാര്‍ക്കെങ്കിലും കുഴപ്പമുണ്ടോ’ എന്ന് ആംഗ്സൈറ്റി. ഉണ്ടോ? ഒരു ബ്ലോഗിലും ഒന്നും കണ്ടില്ല. അതോ ശരിക്കും നോക്കാഞ്ഞിട്ടൊ? മൊബൈലില്‍ ക്യാമറയുള്ള സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളാരും ഇല്ലേ നമ്മുടെ കൂട്ടത്തില്‍? ചവര്‍ഗം താലവ്യമോ എന്ന് ചര്‍ച്ച ചെയ്യുന്നതിനപ്പുറം ബ്ലോഗിംഗിന്റെ റിയല്‍ പൊട്ടന്‍ഷ്യല്‍ നമുക്ക് സാക്ഷാത്കരിക്കണ്ടേ? മലയാളത്തിലെ ബ്ലോഗുകളധികവും ആത്മാംശത്തിന്റെ ഓവര്‍ലോഡുകൊണ്ട് വിഷമിക്കുന്നവയോ? നമ്മുടെ കാലഘട്ടത്തിലെ റിബലുകളൊക്കെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്തവരോ? മറ്റു ഭാഷകളിലെ പ്രസിദ്ധീകരണങ്ങള്‍ ബ്ലോഗിംഗിനെപ്പറ്റി ഒരു കവര്‍സ്റ്റോറി കൊണ്ട് തൃപ്തിപ്പെടാതെ സ്ഥിരം പേജുകള്‍ നീക്കിവെയ്ക്കുന്നു, ബ്ലോഗ്ഗ് റിപ്പോര്‍ട്ടുകളെ ആശ്രയിക്കുന്നു, ലിങ്കുകള്‍ കൊടുക്കുന്നു. നമ്മുടെ ഭാഷയില്‍ മാത്രമാണോ മാധ്യമങ്ങള്‍ പരസ്പരം ഭയക്കുന്നത്? കണ്വെന്ഷനല് മാധ്യമക്കാര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാനാവാത്ത വാര്‍ത്തകള്‍ പെട്ടെന്നു തന്നെ എത്തിച്ചു നല്കുന്ന ബ്ലോഗുകള്‍ മലയാളത്തില്‍ എന്ന് വരും? പല്ലുവേദനയും പൊളിറ്റിക്കല്‍ തന്നെ. ദുരിതങ്ങളും ദാരിദ്ര്യവും ഉണ്ടായാല്‍ നല്ല കലാസൃഷ്ടികള്‍ പിറവിയെടുക്കും. എന്നാല്‍ നല്ല കലാസൃഷ്ടികള്‍ പിറവിയെറ്റുക്കാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവും വരണമെന്ന് ആഗ്രഹിക്കാനും പാടില്ല. അതൊക്കെ സമ്മതിച്ചു. ഒരു മഴയും നേരെ നനയാതിരിക്കുന്ന മലയാളി അവസ്ഥ തന്നെ ഭംഗി. പനി പിടിച്ച് ആന്റിബയോട്ടിക്കുകളെ ആശ്രയിക്കേണ്ടല്ലൊ. എന്നാല്‍ പി. രാമന് എഴുതിയ പോലെ ‘ഊത്താല്’ എങ്കിലുമുണ്ടല്ലൊ. അതിനെപ്പറ്റി? അതുമല്ലല്ലോ വിദേശ മലയാളിയുടെ സ്ഥിതി. ഈയിടെ കൈതമുള്ളിന്റെ വീട്ടില്‍ നടന്ന ചെറിയ ബ്ലോഗേഴ്സ് മീറ്റില്‍ സേതു പറഞ്ഞു ‘നിങ്ങള്‍ നൊസ്റ്റാള്‍ജിയ മാത്രം എഴുതാതിരിപ്പിന്‍, പുറംനാട്ടിലെ അനുഭവങ്ങളും എഴുതിന്’ എന്ന്. എഴുതുമോ? ബിക്കോസ് ഓഫ് പൊളിറ്റിക്കല്‍ റീസണ്‍സ്, ഗള്‍ഫുകാര്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍ വരുത്തന്റെ മകനെ ഗവര്‍ണറാക്കിയ അമേരിക്കയില്‍ അതല്ലല്ലോ സ്ഥിതി.
അഹമ്മദ്നിജാദ് വന്നു. പുകിലുകളുണ്ടായി. ആരും ഒന്നും എഴുതിക്കണ്ടില്ലല്ലൊ? താലിബാനോടും സദാമിനോടും ഉണ്ടായ പോലത്തെ വാക്കോവറാവില്ല ഇറാനോടുള്ള മാച്ച്. മൂന്നാം ലോക മഹായുദ്ധമായിരിക്കും അത്. കേരളത്തിന്റെ മുക്കും മൂലയും മൂക്കും മുലയും ഗള്‍ഫൊന്ന് തുമ്മിയാല്‍ തെറിയ്ക്കും. റിപ്പോര്‍ട്ട് ചെയ്തിട്ട് അതൊന്നും തടുക്കാന്‍ പറ്റില്ലായിരിക്കും. എന്നാലും നിസ്സാര മനുഷ്യരുടെ രാഷ്ട്രീയവത്കരണം എന്നും ചരിത്രത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ദാഫോര്‍ എന്ന് പറഞ്ഞ് പേടിപ്പിക്കുമ്പോള്‍ സുഡാനിലെ ബ്ലോഗര്‍ക്ക് മറുവശം കാട്ടിത്തരാന്‍ പറ്റും. ജിമ്മി കാര്‍ട്ടര്‍ വന്നിറങ്ങി കാറിലൊന്ന് കറങ്ങി തിരിച്ചുപോകുന്ന പോലെയാവില്ല അത്. അതാണ് കേള്‍ക്കാത്ത ശബ്ദം. കേള്‍ക്കേണ്ട ശബ്ദം. മൂന്നാം ലോക മഹായുദ്ധത്തിന്റെ കരിമേഘങ്ങള്‍ വാനില്‍ വന്നിറങ്ങുന്നു. ഓര്‍മകളില്‍ നമുക്കൊന്നുമില്ല. പക്ഷേ അതല്ല യാഥാര്‍ത്ഥ്യം. അതായിരിക്കില്ല ഭാവി.
Subscribe to:
Post Comments (Atom)
11 comments:
രാംജി സ്വപ്നം കാണുന്ന മാറ്റം ബ്ലോഗ് സമൂഹത്തിനു നേടിയെടുക്കുവാന്‍ കഴിയുകയാണെങ്കില്‍ കേരളം ഇന്നേവരെ കണ്ട ഏറ്റവും മികച്ച മാധ്യമ സംസ്കരണമാവും ബ്ലോഗേഴ്സിനു നടത്തുവാന്‍ കഴിയുന്നത്.
ഈയിടെ ഇഞ്ചിയുടേയും, മറ്റൊരു ബ്ലോഗറുടേയും(പേരോര്‍ക്കുന്നില്ല) ‘കൊടുങ്കാറ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് എകദേശം സമാനമായ ഒന്നായിരുന്നു. ഇഞ്ചിയുടേത് മികച്ചൊരു സറ്റയര്‍ കൂടെ ആയിരുന്നു (ലിങ്ക് ഓര്‍ക്കുന്നില്ല, ഗൂഗിള്‍ ശരണം)
"പോട്ട് ആഷ്" അമ്പലപ്പറമ്പിലും കതിന വീട്ടിലും വെച്ച് പൊട്ടിക്കും എന്നാണോ രാംജീ പെരിങ്സ് പറയുന്നത്?
മൂന്നാം ലോക യുദ്ധം എന്നൊക്കെ പറഞ് മനസ്സമാധാനം കെടുത്തല്ലേ മാഷേ രാവിലെ തന്നെ. ഉരുണ്ട് കൂടുന്ന കാര്‍മേഘങ്ങള്‍ എന്നും രാവിലെ നെറ്റിലൂടെ വായിച്ച് ഞാനും ഞെട്ടി തന്നെ ഇരിയ്കുന്നു. പാവം നമ്മുടെ കുഞുങ്ങള്‍.
കഴിഞ കൊല്ലമെങ്ങാണ്ടോ വായിച്ച ഒരു ആര്‍ട്ടിക്കള്‍ ഓര്‍മ്മ വന്നു, മാഷ് ഈ ബ്ലോഗ്ഗേഴ്സ് എന്ത് കൊണ്ട് മീഡിയക്കാരോടോപ്പം കിടപ്പിടിയ്കാതെ പോകുന്നു എന്നൊക്കെ പറഞപ്പോഴ്. ഒരു അഡീഷണല്‍ ഇന്‍ഫോര്‍മേഷന്‍ എന്ന നിലയ്ക് ഇതൊന്ന് നോക്കൂ kayes ന്റെ harricane blog ശ്രദ്ധേയമാണു.
ശ്രീ സേതുവിന്റെ ദുബായ് യാത്രയുടെ ഒരു തുണ്ട് ഇന്നലെ കൈരളിയിലേ ഗള്‍ഫ് റൌണ്ടപ്പില്‍ കാണിച്ചിരുന്നു. ഞാനറിഞില്ല, കൈതമുള്ളിന്റെ വീട്ടിലെ സംഗമം. എന്നോട് ആരും പറഞില്ല ങും!
ചേക്കാ: അയ്യോ കൈതമുള്ളേ, കുത്താന്‍ വരല്ലേ. വിത്സാ, എന്തേലും പറഞ്ഞ് പ്രശ്നം ലായനിയാക്ക്. സുനിലേ വാട്ട് യൂ മീന്‍ ബൈ ‘പോട്ട് ആഷ്’. കിട്ടിയില്ല. പെരിങ്സെ, എന്തു പറയുന്നു?
എനിക്കങ്ങനെയൊക്കെ എഴുതണമെന്നുണ്ട്. പക്ഷെ, നാട്ടിലായിപ്പോയില്ലേ? അതുകൊണ്ട് നൊസ്റ്റാള്‍ജിയ പോലും ഇല്ല. ;) ഇനി അമേരിക്കയിലോ ഗള്‍ഫിലോ ഒക്കെ പോയിട്ട് വേണം ശരിക്കൊന്ന് ബ്ലോഗെഴുതാന്‍. :D
അല്ല,
ഡോളറിന്റേ വിനിമയ പദവി പോയി
വേറൊരു രാജ്യം
പന്തിയില്‍ മുന്നില്‍ വന്നാല്‍
നമ്മുടെ കഷ്ടകാലം
മാറും എന്ന വിചാരമുണ്ടോ...?
ആദ്യമായി ബ്ലോഗിങ്ങിനെ പറ്റി ഒരു article കണ്ടത് ‘മംഗളം’ വാര്‍ഷികപ്പതിപ്പിലാണ്. ഒപ്പം രണ്ട് കഥകളും.....പിന്നെ ‘മാതൃഭൂമി’ ഇത്തിരി പൊലിപ്പിച്ചങ്ങെഴുതി....മേപൊ ടിയായി അവിടെയും രണ്ടു കഥകളും....
പക്ഷെ കാര്യപ്രസക്തമായ ലേഖനങ്ങളൊന്നും, അല്ലങ്കില്‍ ബ്ലോഗിന് നാളെയില്‍ ഉള്ള പ്രസക്തി.....ഇവയൊന്നും ആരും പരാമര്‍ശിച്ച് കണ്ടില്ല.
ഒരുപക്ഷെ ഒരിക്കല്‍ കൈയെഴുത്ത് മാസികകള്‍ക്ക് കിട്ടിയ വന്‍ പ്രചാരവും, പില്ക്കാലത്തെ അവയുടെ തകര്‍ച്ചയും പോലെ ഒരു വിധിയായിരിക്കാം അവര്‍ ബ്ലോഗിനും കല്പ്പിച്ചിരിക്കുന്നത്.
"ചവര്‍ഗം താലവ്യമോ എന്ന് ചര്‍ച്ച ചെയ്യുന്നതിനപ്പുറം ബ്ലോഗിംഗിന്റെ റിയല്‍ പൊട്ടന്‍ഷ്യല്‍ നമുക്ക് സാക്ഷാത്കരിക്കണ്ടേ?"
അടിപൊളി ലേഖനം.
സിറ്റിസണ്‍ ജേണലിസം ഇവിടെയും വിജയിച്ചിട്ടുണ്ട്. പക്ഷേ, ആള് തട്ടിപ്പോകണമെന്നുമാത്രം. ഉദാ: സുനാമി ദുരന്തം, കുറച്ചുകാലം മുന്‍പ് രണ്ടു തമിഴന്മാര് നമ്മുടെ ഒരു വെള്ളച്ചാട്ടത്തില്‍ ലൈവായി മുങ്ങിച്ചത്തത് (ഇന്ഡ്യാവിഷനില് കാണിച്ചത്). അല്ലാതെ, കാട് കത്തിയാല്‍ അവിടെയും കയ്യേറാമല്ലോ എന്നല്ലാതെ ഒരു സംഭവം ആയി പൊതുവെ ജനം കണക്കാക്കിയിട്ടില്ല; ആളപായമുണ്ടായാലൊഴികെ. എന്തായാലും ബ്ലോഗ് സര്‍ക്കാരും അംഗീകരിച്ചുതുടങ്ങി എന്നതിന്റെ തെളിവാണ് കൊല്ലം ആര്‍ഡിഒയുടെ ഈ അടുത്തകാലത്ത് വന്ന ബ്ലോഗ്. സര്‍ക്കാര്‍, ബ്ലോഗിനെക്കുറിച്ച് ലേഖനവും പ്രസിദ്ധീകരിക്കുന്നുണ്ട്. (ലിങ്ക് ഇപ്പോള്‍ ലഭ്യമല്ല.)
ആശയം കൊള്ളാം. പെരിങ്ങോടന്റെ കമന്റ് തന്നെ എനിക്കും പറയാനുള്ളത്. നമുക്കു പ്രത്യാശിക്കാം.
ഒരു മാധ്യമം അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിനര്‍ത്ഥം ആ മാധ്യമത്തിന് പക്വതയെത്തിയിട്ടില്ല എന്ന് മുമ്പെവിടെയോ വായിച്ചിരുന്നു. പക്വതയും പ്രായപൂര്‍ത്തിയും പോയിട്ട് മുട്ടിലിഴഞ്ഞു നടക്കാനുള്ള പ്രായം തന്നെയായിട്ടില്ല ബ്ലോഗ് എന്ന മാധ്യമത്തിനു എന്ന് തോന്നുന്നു. കിടന്ന കിടപ്പില്‍ പ്രഥമികാവശ്യങള്് നിര്‍വഹിക്കുക എന്ന അവസ്ഥയില്‍ നിന്നു കമഴ്ന്നു വീണു തുടങ്ങിയിട്ടേയുളളു.
പക്ഷേ, പ്രതീക്ഷയുടെ പുതുകിരണങ്ങള്‍ കാണുന്നുണ്ട്. ഉദാഹരണത്തിന്, ജപ്പാനിലുള്ള വാക്കാരി മലയാളപത്രങ്ങളുടെ നിലപാടുകളെപ്പറ്റി നടത്തുന്ന വിശകലനങ്ങള്‍ പോലുള്ളവ. എം. എ. ഫാരിസും, ദീപികയും നമ്മുടെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിനും വളരെ മുമ്പേ തന്നെ വാക്കാരി ദീപികയുടെ വാര്‍ത്തകളും, മലക്കംമറിച്ചിലുകളും ( പ്രത്യേകിച്ച് മുന്നാര്‍ ഇഷ്യൂ ) screenshots സഹിതം വിശകലനം ചെയ്തിരുന്നു. ഒരു പക്ഷേ, ഇന്ത്യവിഷനില്‍ അഡ്വ. ജയശങ്കര്‍ അവതരിപ്പിക്കുന്ന 'വാരാന്ത്യം' പോലെ തന്നെ ഫലപ്രദമായ ഒരിടപെടല്‍.
കൂടുതല്‍ നല്ല മാറ്റങ്ങള്‍ക്കായി നമുക്കു പ്രത്യാശിക്കാം.
മനുസ്മൃതി പറഞ്ഞതു ശരിയാണ്. വക്കാരിയുടെ ഇടപെടലുകള്‍ മാതൃകാപരമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ബഹുമുഖ താല്‍പ്പര്യങ്ങളും അയ്യപ്പപ്പണിക്കരെ തോല്‍പ്പിക്കുന്ന പണ്ണുകളും (puns) കാരണം അത്തരം ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെടുന്നില്ല. അത് അദ്ദേഹത്തിന്റെ കുറ്റവുമല്ല. ഫലമോ, എന്റെ വളിപ്പന്‍ പണ്ണുകള്ക്ക് മേല്‍ ക്ലാസിക് കമന്റുകളിടാനും മറ്റും അദ്ദേഹം സമയം കണ്ടെത്തുന്നു. കമന്റുകളിലൂടെ ഊര്‍ജം വേസ്റ്റാക്കുന്ന ദേവനെപ്പറ്റി പെരിങ്സ് പരിഭവിച്ചിരുന്നു. വക്കാരി അസുരനാണ്. പണ്ണിത്തന്നെ ഇതവസാനിപ്പിക്കാം - വക്കാരിമഷ്ടയ്ക്ക് എന്റ്നെ വക ഒരു ചെറുത് - വായ്ക്കരി മസ്റ്റാ. അത് എല്ലാവര്ക്കും. ഏതായാലും കയ്യെഴുത്ത് മാസികകകളുടെ വായ്ക്കരി ഇട്ട പോലെ ബ്ലോഗുകള്‍ക്ക് ഇടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കയ്യെഴുത്തിനും മറ്റും ഒരു തേഡ് വേള്‍ഡ് രാഷ്ട്രീയവും ദാരിദ്ര്യവുമൊക്കെയുണ്ടായിരുന്നു. ബ്ലോഗിന്റെ യൂണിവേഴ്സല്‍ അപ്പീലും ഇന്‍സ്റ്റന്റ് പബ്ലിഷിംഗ് സാധ്യതയും ഇന്ററാക്ടീവ്നെസ്സും റെവലൂഷണറിയാണ്. വക്കാരി, ദേവന്, ഉമേഷ്, പെരിങ്സ്, വെള്ളെഴുത്ത് ഇവരൊക്കെ കുറേക്കൂടി സജീവമാകട്ടെ. വളിപ്പന്മാര് മിണ്ടാതിരുന്നോളാം (അല്ലെങ്കില്‍ ഒതുങ്ങിക്കഴിഞ്ഞോളാം). ബട്ട് വക്കാരിയേ, ഇടയ്ക്ക് പണ്ണാന്‍ വരണേ
Post a Comment