Thursday, January 31, 2008

രാമന്‍ സീതയോട്


രാക്ഷസനില്‍ നിന്ന് രക്ഷിച്ച ശേഷം
കൊടുംകാട്ടില്‍ ഉപേക്ഷിച്ചപ്പോഴും
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു.
അതല്ലേ മനുഷ്യരോ രാക്ഷസരോ കാട്ടാളരോ ഇല്ലാത്ത
വിജനമായ കാട്ടില്‍ത്തന്നെ ഉപേക്ഷിച്ചത്.

Tuesday, January 29, 2008

മലയാളം ടീവി ചാനലുകള്‍ ഇന്റര്‍നെറ്റില്‍ ലൈവ്!


മനുഷ്യനെ മയക്കുന്ന കറുപ്പ് മതമാണെന്നാണ് മാര്‍ക്സ് പറഞ്ഞത്. ടെലിവിഷന്റെ പ്രചാരം അദ്ദേഹത്തിന്റെ പ്രവചനവരത്തിനും അപ്പുറമായിരുന്നോ? മലയാളത്തിലെ മിക്കവാറും എല്ലാ ‍പ്രമുഖ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളും ലൈവായി കിട്ടുന്ന ഒരു സൈറ്റ് കണ്ടെത്തി. എന്നു പറയുമ്പോള്‍ ഞാനൊഴികെ ഈ ഭൂമിമലയാളത്തിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും അത്. എങ്കിലും എനിക്കിതൊരു പുതിയ അറിവായതുകൊണ്ട് അതിവിടെ വിളമ്പുന്നു. ആവര്‍ത്തനവിരസന്മാര്‍ മാപ്പാക്കണേ.

Monday, January 28, 2008

ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ...


ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിനെ ജനാധിപത്യത്തിലേയ്ക്ക് ജ്ഞാനസ്നാനം ചെയ്ത മഹതിയും ആധുനിക ജനാധിപത്യത്തിന്റെ വളര്‍ത്തമ്മയുമായ ബ്രിട്ടന്‍ എന്തിനാണ് ഒരു രാജകുടുംബത്തെ തലയില്‍ ചുമക്കുന്നത്? അതിനവര്‍ക്ക് ദിവസം എത്രായിരം പൌണ്ട് ചെലവ് വരും? ഇതിങ്ങനെ എത്രകാലം തുടരും? എം. മുകുന്ദന്‍ എഴുതിയ അസ്തിക്കുപിടിക്കുന്ന നോവലുകള്‍ വായിച്ച് സങ്കല്‍പ്പ ഭാംഗ് വിമാനങ്ങളിലേറി നടന്ന എട്ടാംക്ലാസ് കാലം മുതല്‍ക്കു തന്നെ സ്വയം ചോദിച്ചിരുന്ന ചോദ്യങ്ങളാണിതൊക്കെ. അതെ, എന്തുതന്നെയായാലും, ഒരുപാട് പേരുദോഷമുണ്ടാക്കിയ ആളാണെങ്കിലും, ചാള്‍സ് തന്നെ അടുത്ത രാജാവാകും, പലയിടത്തായി കിടക്കുന്ന, ഇനിയും റിപ്പബ്ലിക്കായിട്ടില്ലാത്ത, കാനഡയും ഓസ്ട്രേലിയയും പോലുള്ള പഴയ കോളനിരാജ്യങ്ങളുടെ ഉടയതമ്പുരനാകും.

ഇപ്പോള്‍, 41 വയസ്സനായപ്പോളാണ്, ആ ചോദ്യങ്ങളുടെയെല്ലം ഉത്തരങ്ങള്‍ മണത്തു തുടങ്ങുന്നത്. ചക്രവര്‍ത്തിമാരെയും രാജാക്കന്മാരെയുമെല്ലാം ആരാധിക്കുന്നതും അനുസരിക്കുന്നതും മനുഷ്യസ്വഭാവമാണ് എന്നതാണ് ഒരുത്തരം. സിംഹാസനം, കിരീടം, ചെങ്കോല്‍ ഇവയൊന്നുമില്ലെങ്കിലും ജനം അവരുടെ മനസ്സില്‍ത്തന്നെ ചിലരെ അരിയിട്ടുവാഴ്ച നടത്തി രാജാക്കളും രാജ്ഞിമാരുമെല്ലാമായി അവരോധിച്ചുകളയും. ഇല്ലെങ്കില്‍ സോണിയ ഫിനോമേനോനെ എങ്ങനെ വിശദീകരിക്കും? ഇറ്റലിയിലെ ഏതോ കിന്റഗാര്‍ട്ടനില്‍ മാഡം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തൃശൂരെ സീതാറാം മില്ലിലെ തൊഴിലാളിനേതാവായി നടന്ന് കോണ്‍ഗ്രസ്സിനുവേണ്ടി കെ. ഫോര്‍ കരിങ്കാലി എന്ന എക്സ്പാന്‍ഷന്‍ ഏറ്റുവാങ്ങിയ നമ്മുടെ ലീഡറിപ്പോള്‍ മാഡത്തിന്റെ ഒരപ്പോയിന്റ്മെന്റ് കിട്ടാന്‍ വേണ്ടി കാത്തുകിടക്കുന്നു. നാളെ രാഹുല്‍ജി എന്ന പ്രധാനമന്ത്രിയെ 'കിടുകിടെ വിറപ്പിച്ച്' നമ്മുടെ സഖാവ് കാരറ്റ് ഫാബ്ഇന്ത്യാകമ്മ്യൂണിസത്തില്‍ പുതിയ അദ്ധ്യായം രചിക്കും.

ജനാധിപത്യത്തിലേയ്ക്കു വന്ന നാട്ടുരാജ്യങ്ങള്‍ വീണ്ടും ഇതുപോലത്തെ വംശാധിപത്യത്തിലേയ്ക്ക് നീങ്ങുമോ? ഒരു റീക്യാപ്പ്: സഖാവ് കാസ്ട്രോവിന് വയ്യാതായപ്പോള്‍ ഇടക്കാല ഭരണം നടത്തിയത് സഹോദരന്‍. സഖാവ് യൂഗോ ഷാവേസിന്റെ വിദ്യാഭ്യാസമന്ത്രി ആര്? അവിടത്തെ ഏതെങ്കിലും മുണ്ടശ്ശേരി? പേരിനൊരു മുണ്ടെങ്കിലും ഉടുത്ത എം. എ. ബോബി? അല്ല, അല്ല. അത് അങ്ങോരുടെ അനിയന്‍ അഡാന്‍ ഷാവേസ്. 1948 മുതല്‍ 72 വരെ വടക്കന്‍ കൊറിയയുടെ പ്രധാനമന്ത്രിയും 72 മുതല്‍ 94 പ്രസിഡന്റുമായി കമ്മൂണിസ്റ്റുകാരുടെ പേര് നാറ്റിച്ച സഖാവ് കിം ഇല്‍ സുങ്ങിന് പിന്നാലെ വന്നത് മകന്‍ കിംഗ് ജോങ് ഇല്‍. അവിടെ ഇതുവരെ വേറൊരാള്‍ പച്ച തൊട്ടിട്ടില്ല. ആകെ മൊത്തം ടോട്ടല്‍ കൊല്ലം എത്രയായെന്നാ?

ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ പെടാപ്പാട് പെടുന്ന അമേരിക്കയുടെ കാര്യമോ - അച്ഛമ്പുഷ് മോമ്പുഷ്, ചേട്ടന്‍ ക്ലിന്റന്‍ ചേച്ചി ക്ലിന്റി. 2057  വരെ നീളുന്ന ഒരു ബുഷ്ക്ലിന്റെ ഡൈനാസ്റ്റി ലവമ്മാരു പ്ലാൻ ചെയ്തു കഴിഞ്ഞത്രെ. ദാണ്ടെ, ലിവടെ നോക്കിയാട്ടെ. (ചുമ്മാതാണോ നാലുവര്‍ഷഏകാധിപത്യം എന്ന് അമേരിക്കയെ ചോംസ്കി വിളിച്ചത്; അവര് കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്ന ഡെമോക്രസിയെ ഇമ്പീരിയല്‍ ഡെമോക്രസിയെന്നും). ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും പാക്കിസ്ഥാനിലെയും ഫിലിപ്പീന്‍സിലെയുമെല്ലാം മക്കള്‍-വിധവാ രാഷ്ട്രീയത്തിന്റെ കാര്യം പറയാനുണ്ടോ?

ചുരുങ്ങിപ്പറഞ്ഞാല്‍ ചാതുര്‍വര്‍ണ്യം നിലനില്‍ക്കും. ഡോക്ടറുടെ മകന്‍ ഡോക്ടറാവും. തോട്ടിയുടെ മകന്‍ തോട്ടിയും. തോട്ടിയെപ്പിടിച്ച് നേതാവാക്കിയാല്‍ അയാള് തോട്ടികളെ ഉദ്ധരിക്കുകയൊന്നുമില്ല. അയാള് മതം മാറും. തോട്ടിമതം മാറുമെന്നര്‍ത്ഥം. പിന്നെ ആ ഭാഗത്തോട്ട് തിരിഞ്ഞുനോക്കുകയില്ല. അതാണ് അധികാരത്തിന്റെ ലഹരി.

രാഷ്ട്രീയത്തിൽ കുടുംബാധിപത്യം വരേണ്ടത് ആരുടെ ആവശ്യമാണ് - മേശയുടെ അപ്പുറത്തെ സൈഡിലിരിക്കുന്ന ബിസിനസ്സുകാരുടെ. അച്ഛന് കൊടുത്ത കൈക്കൂലി അച്ഛന്റെ കാലശേഷവും ഫലമുണ്ടാക്കണമെങ്കിൽ കസേരയിൽ മകൻ/ൾ വേണ്ടായോ? അതുപോലെ തിരിച്ചും - കൈക്കൂലിയായി വാങ്ങിയ പണം അവിടേം ഇവിടേം നിക്ഷേപിക്കും ഈ രാഷ്ട്രീയക്കാർ. അങ്ങനെയിരിക്കെ പെട്ടെന്ന് ചത്തുപോയാൽ മകനൊരു പൊസിഷനിൽ ഉണ്ടെങ്കിലല്ലേ അത് തിരിച്ചു കിട്ടൂ?

പൊതുവിൽ ഇടതുപക്ഷത്താണ് മക്കൾരാഷ്ട്രീയം കുറവ്. കാരണം ഇടതുപക്ഷ രാഷ്ട്രീയം ഇന്നും ഏറിയും കുറഞ്ഞും ത്യാഗത്തിന്റെ രാഷ്ട്രീയം തന്നെ. വീട്ടുകാർക്ക് തലമുറകളോളം ഇരുന്നുണ്ണാനുള്ള പണമുണ്ടാക്കുന്നതു പോയിട്ട് വീട്ടിലിരിക്കാൻ പോലും നേരമില്ലാത്ത കാലുവെന്ത നായ്ക്കളുടെ യഥാർത്ഥ സാമൂഹ്യ പ്രവർത്തനം. അങ്ങനെയുള്ളവരുടെ ഭാര്യമാരും ഭർത്താക്കന്മാരും ഒരിക്കലും മക്കളെ രാഷ്ട്രീയത്തിൽ വിടാൻ സമ്മതിക്കുകയുമില്ല എന്നൊരു വശം കൂടിയുണ്ട്. [കൈക്കൂലിക്കാരായ ചില അപൂർവം ഇടതന്മാർക്ക് അവരുണ്ടാക്കുന്ന പണം അനുഭവിക്കാൻ യോഗമില്ല എന്നും പറയണം. വില കുറഞ്ഞ പോളിസ്റ്റർ മുണ്ടുടുത്ത്, പ്ലാസ്റ്റിക് ചെരിപ്പിട്ട്, ചെറിയ മാരുതിയിൽ നടക്കാനും ചെറിയ വീട്ടിൽ പാർക്കാനുമേ അവർക്ക് സാധിക്കൂ. അല്ലാതെ ഒരിക്കലും ഈ അഴിമതിപ്പണം പുറത്തെടുത്ത് പുട്ടടിക്കാനാവില്ല - ഇമേജിന്റെ ഭാരം!]

അങ്ങനെ ഇതൊക്കെക്കൂടി ഓർക്കുമ്പോൾ ബ്രിട്ടീഷുകാരോട് ആദരവ് തോന്നുന്നു. അവരാണ് രാഷ്ട്രീയത്തിന്റെ അന്തം കണ്ടവര്‍. അവരുടെ ചുവട് പിടിച്ച് സോണിയയെ ഇന്ത്യയുടെ രാജ്ഞിയായി വാഴിക്കണം. ഒരു അലങ്കാരം മാത്രമാക്കണം. മകനെ കിരീടാവകാശിയാക്കണം. പ്രധാനമന്ത്രിസ്ഥാനത്ത് മിടുക്കന്മാര്‍ ഇരിയ്ക്കട്ടെ. അമേരിയ്ക്കന്‍ മോഡലിനെ പണ്ടേ അറബിക്കടലില്‍ എറിഞ്ഞവരാണല്ലോ നമ്മള്‍. നമുക്കെന്തുകൊണ്ട് ബ്രിട്ടീഷ് മോഡലായിക്കൂടാ? സത്തയില്‍ ഇനിയും റിപ്പബ്ലിക്കായിട്ടില്ലാത്ത നമ്മള്‍ക്ക്? വേറൊരു വഴിയുമില്ലെങ്കില്‍ ‘ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ’ എന്ന പാട്ട് പണ്ട് യേശുദാസും നസീറുങ്കൂടിപ്പാടിയ പോലെ സന്തോഷമായിത്തന്നെ പാടുന്നതല്ലേ ബുദ്ധി?

Wednesday, January 23, 2008

അസ്ഥാന ഗായകര്‍


പെണ്ണുങ്ങള്‍ വിളമ്പുന്ന ബാറില്‍ നാമിരിക്കുന്നു
ബീഫ് മൂത്തുപോയെന്ന് ആരാണോ ശപിക്കുന്നു
പെട്ടെന്ന് മൊബൈലിന്റെ സംഗീതം മുഴങ്ങുന്നു
‘മഹാഗണപതിം മനസാ സ്മരാമി’.

ദില്ലിയില്‍ ചങ്ങാതിതന്‍ അളിയന്‍ മരിച്ചനാള്‍
വിവരമറിഞ്ഞ് ഞാന്‍ മൊബൈലില്‍ വിളിച്ചപ്പോള്‍
‘കോലക്കുഴല്‍ വിളി കേട്ടോ, രാധേ എന്‍ രാധേ...’

Monday, January 14, 2008

സെക്സ് എന്ന ഷര്‍ട്ടിനെപ്പറ്റി രജനീഷ്


അല്ല, സെക്സ് ആത്മാവിന്റെ അടിവസ്ത്രമല്ല. അടിവസ്ത്രമിടാതെ എത്ര പേര്‍ നടക്കുന്നു, ആര്‍ക്കറിയാം? എന്നാല്‍ ഷര്‍ട്ടിടാത്ത ഒരുത്തനുമില്ല.

അടിവസ്ത്രത്തെപ്പറ്റിപ്പറഞ്ഞപ്പഴാണ്, മിലാന്‍ കുന്ദേരയുടെ ജീവിതം മറ്റെങ്ങോ (Life is Elsewhere) എന്ന തകര്‍പ്പന്‍ നോവലില്‍ ഒരു രംഗമുണ്ട്. നായകരിലൊരാള്‍ ഒരു പെണ്ണിനെ വളയ്ക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ഒരു ദിവസം പെണ്ണിനെ വളഞ്ഞുകിട്ടുന്നു. ഒരു വീടും ഒത്തുകിട്ടുന്നു. പക്ഷേ അന്നിട്ട അടിവസ്ത്രം കീറിയതാ. അതുകൊണ്ട് ഒരു പാര്‍ക്കിലോ മറ്റോ പോയി തട്ടലിലും മുട്ടലിലും അവസാനിപ്പിക്കുന്നു. ദീര്‍ഘനാള്‍ കൊണ്ട് വളച്ചെടുത്ത ഒരുത്തിയെ കീറിപ്പിന്നിയ അടിവസ്ത്രം കാട്ടുന്നതെങ്ങനെ?

രജനീഷ് പറഞ്ഞത് ഷര്‍ട്ടിനെപ്പറ്റിയാ.

സമ്പന്നനായ ഒരാള്‍ ഒരു ദീര്‍ഘയാത്രയ്ക്കായി വീടു പൂട്ടി ഇറങ്ങുകയാണ്. അപ്പോള്‍ അയാളുടെ ഒരു പഴയ സുഹൃത്ത് ഗേറ്റ് കടന്ന് അകത്തുവരുന്നു. സമ്പന്നന് യാത്ര നീട്ടിവെയ്ക്കാന്‍ വയ്യ. എന്നാല്‍ വളരെ നാള്‍ കൂടി കാണുന്ന സുഹൃത്തിനെ തിരിച്ചയയ്ക്കാനും വയ്യ. അങ്ങനെ അയാള്‍ ആ പഴയ കൂട്ടുകാരനേയും കൂട്ടി യാത്ര തുടരാന്‍ തീരുമാനിച്ചു. പക്ഷേ ഒരു പ്രശ്നം - പഴയ ചങ്ങാതി ദരിദ്രനാണ്. അതുകൊണ്ട് ഷര്‍ട്ടും പഴയതുതന്നെ. പഴയത് മാത്രമല്ല മുഷിഞ്ഞത്, കീറിയതും. അതുമിട്ട് വരുന്ന ഒരാളെ എങ്ങനെ കൂടെക്കൂട്ടും? ഒടുവില്‍ തന്റെ ഒരു നല്ല ഷര്‍ട്ട് അയാള്‍ക്ക് ഇടാന്‍ കൊടുത്ത് പ്രശ്നം സോള്‍വ് ചെയ്തു. ഉടനെ യാത്രയുമാരംഭിച്ചു.

എതിരെ വന്ന ആദ്യത്തെ പരിചയക്കാരന് സമ്പന്നന്‍ തന്റെ കൂട്ടുകാരനെ ഇങ്ങനെ പരിചയപ്പെടുത്തി. 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് എന്റെ ഷര്‍ട്ടാണിട്ടിരിക്കുന്നത്'. ശ്ശെ, കൂട്ടുകാരന്‍ ചമ്മിപ്പോയി. പരിചയക്കാരന്‍ പോയ്മറഞ്ഞപ്പോള്‍ പഴയ ചങ്ങാതി പരിഭവിച്ചു - 'എന്താ കൂട്ടുകാരാ, നിങ്ങളുടെ ഷര്‍ട്ടാണ് ഞാനിട്ടിരിക്കുന്നതെന്ന് പറഞ്ഞത്? അങ്ങനെ പറയല്ലേ പ്ലീസ്'. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.

രണ്ടാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് എന്റെ ഷര്‍ട്ടല്ല ഇട്ടിരിക്കുന്നത്'. പരിചയക്കാരന്‍ പോയപ്പോള്‍ ചങ്ങാതി: 'എന്താ കൂട്ടുകാരാ അങ്ങനെ പറഞ്ഞത്. ഞാനെന്റെ ഷര്‍ട്ടല്ലേ ഇടൂ'. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.

മൂന്നാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേര് ഇങ്ങേരുടെ ഷര്‍ട്ടാണ് ഇട്ടിരിക്കുന്നത്'. പരിചയക്കാരന്‍ പോയപ്പോള്‍ ചങ്ങാതി: 'എന്താ കൂട്ടുകാരാ അങ്ങനെ പറഞ്ഞത്. ഷര്‍ട്ടിനെപ്പറ്റി പറയേണ്ട കാര്യമുണ്ടോ?. ഓക്കെ, അവര്‍ യാത്ര തുടര്‍ന്നു.

നാലാമത്തെ പരിചയക്കാരന്‍ വന്നപ്പോള്‍ സമ്പന്നന്‍ കൂട്ടുകാരനെ പരിചയപ്പെടുത്തിയതിങ്ങനെ: 'ഇതെന്റെ കൂട്ടുകാരന്‍. ഇങ്ങേരുടെ ഷര്‍ട്ടിനെപ്പറ്റി പറയേണ്ട കാര്യമില്ലല്ലൊ!.

അവര്‍ പിന്നെയും ഒരുമിച്ചുതന്നെ യാത്ര തുടര്‍ന്നോ ആവോ? From Sex to Super Consciousness എന്ന കിത്താബിലാണ് രജനീശന്‍ ഈ കഥ പറയുന്നത്. (പ്രീഡിഗ്രിക്കാലത്ത് വായിച്ച ഓര്‍മയില്‍ നിന്ന്. 'പ്രീഡിഗ്രിക്കാലത്തേ ഓഷോവിനെ വായിച്ചു, അപ്പോള്‍ അതാണ് കുഴപ്പം അല്ലേ' എന്ന് ചോദിക്കല്ലേ കിനാവേ!).

സെക്സ് ഷര്‍ട്ട് പോലെയാണ് എന്നാണ് രജനീശന്റെ തിയറി. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അത് വിഷയമാവും.

ഈ കഥ ഒന്നിന്റെയും ന്യായീകരണമല്ല. എങ്കില്‍ നിങ്ങള്‍ ഷര്‍ട്ടൂരി ഒരു മുളയിന്മേല്‍ കൊളുത്തി അതും പിടിച്ച് പുരപ്പുറത്തു കയറി നില്ലെടോ എന്നു പറഞ്ഞാല്‍ കുഴങ്ങിപ്പോകത്തേ ഉള്ളു.

Sunday, January 13, 2008

എല്ലാ പെണ്‍ചിലന്തികളുടേയും പ്രണയംപഴയ പാട്ടുകള്‍ മാത്രമാണ് നല്ലത് എന്ന് കരുതുന്നവരുണ്ട്. അവരെ ചികിത്സിച്ച് ഭേദമാക്കാം. പോപ്പ് മ്യൂസിക് എന്നാല്‍ വെറും ശബ്ദഘോഷം മാത്രമാണെന്ന് വിമര്‍ശിക്കുന്നവരുണ്ട്. അവരുടെ കര്‍ണമലം കളയാന്‍ ദൈവം ഒരു കാക്കത്തൂവല്‍ പൊഴിച്ചു കൊടുക്കട്ടെ എന്ന് പ്രാത്ഥിക്കാം.

ബിബിസി റേഡിയോയുടെ ഒരു ഇന്റര്‍വ്യൂവിലൂടെ പരിചയപ്പെട്ട കാത്തീ മെലുവയുടെ ഇഫ് യു വേര്‍ എ സെയില്‍ബോട്ട് എന്ന പുതുപുത്തന്‍ പാട്ടു കേട്ടപ്പോള്‍ ഇത്രയും കുറിക്കാന്‍ തോന്നി. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഈ പാട്ട് പുറത്തിറങ്ങിയത്. അമേരിക്കന്‍ ചെറുകഥകളോടുള്ള ആഭിമുഖ്യം കാരണമാവാം മഞ്ഞ് എന്ന നോവെല്ലയിലെ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തത്തില്‍ പട്ടുപോലെ മിനുത്തത് എന്നുപമിച്ച് അന്നത്തെ അമേരിക്കന്‍ ലെജണ്ടായിരുന്ന പോള്‍ അങ്കയുടെ ശബ്ദത്തെ എംടി പശ്ചാത്തലമാക്കുന്നു. അദ്ദേഹമിപ്പോള്‍ മെലുവയുടെ ശബ്ദം കേട്ടെങ്കിലെന്ന് ഞാന്‍ കൊതിച്ചുപോവുന്നു.

ആദ്യശ്രവണത്തില്‍ത്തന്നെ ശബ്ദവും ആലാപനശൈലിയും വശീകരിച്ചെങ്കിലും ലിറിക്സില്‍ ഒരു പൈങ്കിളി, വെല്ലവും പാല്‍ക്കുഴമ്പും കഴിച്ച് കുഴയുന്നോ എന്ന് തോന്നി. ഇല്ല, അല്ലെങ്കില്‍

sometimes i believe in fate,
but chances we create,
always seem to ring more true.
you took a chance on loving me,
i took a chance on loving you എന്ന വരികള്‍ നോക്കൂ. വിധി എന്നത് നമ്മളുണ്ടാക്കുന്ന അവസരങ്ങളുടെ ആകത്തുകയാണെന്ന ദര്‍ശനത്തെ ഒരു മധുരമാദകശബ്ദം ഗാനമായി പകര്‍ന്നു തരുമ്പോള്‍ ഉന്മാദം പിടിപെടാതെങ്ങനെ?

നീയൊരു മരക്കഷണമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ തറയില്‍ ആണിയടിച്ച് ഉറപ്പിച്ചേനെ എന്നു പാടുന്ന വരികളില്‍ എല്ലാ പെണ്‍ചിലന്തികളുടേയും പ്രണയം ഇറ്റുവീഴുന്നു. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

Tuesday, January 8, 2008

പുതിയ അക്ഷരമാല

ഇല്ല, എ ഫോര്‍ ആപ്പ് ള്‍ ഇനി ഏശുകില്ല. ഇതായിരിക്കും എളുപ്പം.

ഡബ് ള്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കണ്ടാട്ടെ. ഇഷ്ടപ്പെട്ടെങ്കില്‍ സേവാസി, സമാനഹൃദയന്‍സിന് അയച്ചുകൊടുത്താട്ടെ. ഈ ഐഡിയ നടപ്പാക്കാന്‍ സഹായിച്ച സാനു രാജുവിന് നന്ദി.

Monday, January 7, 2008

വേട്ടക്കാരന്റെ മാനിഫെസ്റ്റൊ - 1


വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം... മാനം തെളിയുന്ന ഈ മാസങ്ങളാണ് കേരളത്തില്‍ ടൂറിസത്തിന്റെയും നിലാവിന്റെയുമെന്നപോലെ നക്ഷത്രനിരീക്ഷണത്തിന്റെയും സീസണ്‍. സാധാരണയായി അങ്ങനെ ഒരു കാലത്തും മഴക്കാറുണ്ടാവില്ലെങ്കിലും നാട്ടിന്‍പുറം ഇല്ലാ‍ത്തതും രാത്രിയെ പകലാക്കുന്ന വൈദ്യുതവെളിച്ചങ്ങളും കാരണം ദുബായില്‍ നക്ഷത്രനിരീക്ഷണത്തിന് സ്കോപ്പ് കുറവാണ്. ഒരു നല്ല ടെലസ്കോപ്പ് ഇപ്പോഴും വിഷ്-ലിസ്റ്റില്‍ത്തന്നെ ഉറച്ചുപോയതിനാല്‍ ആ വഴിയും നോക്കാന്‍ വയ്യ. പിന്നെ നോക്കാവുന്നത് ഓര്‍മകളിലെ ആകാശങ്ങളിലേയ്ക്കാണ്. ('ബര്‍' മാസങ്ങളില്‍ സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍, ആയിരമായിരം നക്ഷത്രക്കണ്ണുകളുമായി നോക്കി വിസ്മയിപ്പിച്ച ആകാശം). 'എന്നു പറഞ്ഞ് കീഴടങ്ങാന്‍ വരട്ടെ' എന്ന് ആശ്വസിപ്പിക്കാന്‍ അതാ വീണ്ടും ഉദിച്ചിരിക്കുന്നു  ഒറായന്‍ .  ഒറായന്‍  ദ ഹണ്ടര്‍. [ഓറിയോൺ, ഒറിയോൺ എന്നെല്ലാമാണ് ആദ്യം കീയിൻ ചെയ്തത്. മൂന്നാം ക്ലാസുകാരിയായ മകൾ തിരുത്തിയതനുസരിച്ച് ഒറായന്‍ എന്നാക്കുന്നു - അതാണ് ശരിയായ ഉച്ചാരണം. മോൾടെ സ്കൂൾ ഫീസ് മുതലായ പോലെ ഒരു ഫീലിംഗ്! യേഥ്!]

ഉണ്ടിരുന്നത് റേഷന്‍ പച്ചരിയുടെ ചോറായിരുന്നെങ്കിലും സവര്‍ണഹൈന്ദവ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് കുട്ടിക്കാലത്ത്  ഒറായന്‍നെ ഒരു വേട്ടക്കാരനായി അറിഞ്ഞിരുന്നില്ല, പകരം ഒരേ നിരയില്‍ തുല്യ അകലം പാലിച്ച് കിടക്കുന്ന ആ മൂന്ന് നക്ഷത്രങ്ങളെ 'ത്രിമൂര്‍ത്തികള്‍' എന്നു വിളിച്ചു.

ദുബായിലും കേരളത്തിലും സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍  ഒറായന്‍ ഉദിക്കുന്ന കാലം ഇതാ വീണ്ടും വന്നിരിക്കുന്നു. നാഗരികതയുടെ കടുംവെളിച്ചങ്ങളില്‍ മുങ്ങിപ്പോകാതെ, നഗ്നനേത്രങ്ങള്‍ക്കു തന്നെ വെളിപ്പെട്ടു തരുന്നു ആ വേട്ടക്കാരന്‍ (പിന്നാലെ അവന്റെ വേട്ടനായ്ക്കളും). ഫാര്‍ ഈസ്റ്റിലേയും അമേരിക്കയിലേയും യൂറോപ്പിലെയും സ്ഥിതിയെന്ത്? ഇവിടെ, സന്ധ്യ കഴിയുമ്പോള്‍, കിഴക്കേ ചെരിവില്‍ ചിത്രത്തില്‍ കാണുന്നതുപോലെ ഏത് കുഞ്ഞിനും അങ്ങേരെ തിരിച്ചറിയാനാവും. അതെ, ഓറിയോണില്‍ത്തന്നെയാണ് നക്ഷത്രനിരീക്ഷണത്തിന്റെ ABC കുറിയ്ക്കേണ്ടത്.
അവന്റെ തോളെല്ലാണ് തിരുവാതിര എന്ന Betelgeuse. തിരുവാതിര തീക്കട്ട പോലെ എന്നാണ് ചൊല്ല്. അതുകൊണ്ടു തന്നെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. വൈലോപ്പിള്ളിയുടെ “ഊഞ്ഞാലിൽ” എന്ന അതിഗംഭീര കവിതയിൽ കടന്നു വരുന്ന ‘തിരുവാതിരത്താര തീക്കട്ട!‘.

1989-ല്‍, എമ്മേ കഴിഞ്ഞ് എറണാകുളത്തെ ഒരു പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന കാലത്താണ് എന്നെ നക്ഷത്രനിരീക്ഷണത്തിലേയ്ക്ക് ആഭിചാരം ചെയ്ത 'ഓറിയോണ്‍' എന്ന ആ ചെറിയ കഥ കലാകൌമുദിയില്‍ പ്രത്യക്ഷപ്പെട്ടത്. അയ്മനം ജോണിന്റെ ആ കഥ ഇതാ [ജോണും ഒറായന്‍നെ ഓറിയോൺ എന്നാണ് വിശേഷിപ്പിച്ചത്]:

ഒറായന്‍

ഒറായന്‍ എന്റെ ദൈവമാകുകയാണോ?


ദൈവങ്ങളില്ലാത്ത ബാല്യകാലത്ത്,  ഒറായന്‍  എന്റെ കളിക്കൂട്ടുകാരനായിരുന്നു. ആകാശത്തിലെ ആ നായാട്ടുകാരനോടൊപ്പം ഞാനും ഭൂമിയിലെ കൊച്ചുകാടുകള്‍ക്കിടയ്ക്ക്, ഉന്നമില്ലാത്ത ഒരു വേട്ടക്കാരനായി നടക്കാറുണ്ടായിരുന്നു.


അന്നൊക്കെ, വളരെ ദൂരെയായി തോന്നിച്ചിരുന്ന ഒരയല്‍നാട്ടില്‍ നിന്ന് വാഴവിത്തുകള്‍ നിറച്ച വള്ളത്തില്‍ വലിയപ്പച്ചന്റെ സഹായിയായി സവാരി നടത്തിയ ഒരു രാത്രിയിലാണ് ആകാശത്തിലെ വെള്ളിലക്കാട്ടില്‍ ഒളിച്ചു നില്‍ക്കുന്ന ആ നായാട്ടുകാരനെ അപ്പച്ചന്‍ എനിക്ക് കാട്ടിത്തന്നത്... അവന്റെ അമ്പ് നീണ്ടിടം തെക്ക്... എങ്കില്‍ കിഴക്കേത്? പടിഞ്ഞാറേത്? പുഴ പോകുന്നിടം പടിഞ്ഞാറ് എന്ന പ്രമാണത്തോട് ഒത്തുനോക്കിയിട്ട് വലിയപ്പച്ചന് ഉത്തരം കൊടുത്തു. പിന്നെ, ഓറിയോണിനെത്തന്നെ നോക്കി നോക്കിക്കിടക്കവെ, ഓളങ്ങളുടെ താരാട്ടില്‍ ഉറങ്ങിപ്പോയിരിക്കും.


അല്ലെങ്കില്‍ത്തന്നെ, ആകാശം എനിക്ക് ദു:ഖങ്ങള്‍ക്കക്കരെയുള്ള ഒരു തണല്‍ക്കാടായിരുന്നു. നോവുന്ന മനസ്സിന് ആകാശത്തുനിന്ന് എന്തൊക്കെയോ സാന്ത്വനസന്ദേശങ്ങള്‍ കിട്ടാറുണ്ടായിരുന്നു. നായാട്ടുകാരനുമായുള്ള ചങ്ങാത്തത്താല്‍ ആകാശം എന്നിലേയ്ക്ക് പിന്നെയും അടുത്തു.


അക്കരെപ്പറമ്പിലെ വിളഞ്ഞ വാഴക്കുലകള്‍ക്ക് കാവല്‍ കിടന്ന വലിയപ്പച്ചന് അത്താഴത്തിന്റെ പങ്ക് എത്തിച്ചിട്ട്, യക്ഷിക്കഥകള്‍ പറഞ്ഞ് ഓടിനടക്കുന്ന കാറ്റുകളുള്ള കുന്നിന്മേല്‍ക്കാവിലെ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ... കരിയിലക്കൂനകളില്‍ ഈനാമ്പേച്ചികള്‍ പാത്ത് കിടന്ന വെളിമ്പറമ്പുകളിലൂടെ... വീട്ടിലേയ്ക്ക് മടങ്ങുന്ന സന്ധ്യകളില്‍ അമ്പേന്തിയ ആ നായാട്ടുകാരന്‍ എന്റെ മുമ്പേ നടക്കുമായിരുന്നു. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വേറൊരു ഉന്നമില്ലാത്ത നായാട്ടുകാരനായിരുന്നു, കാലം...


അങ്ങിനെ നടക്കവെ ഒരു നാള്‍ ഹാരി മില്ലര്‍ എന്ന സായിപ്പ് എന്നോട് പറഞ്ഞു:  ഒറായന്‍ന്റെ തോളെല്ലുകളില്‍ നിന്ന് പ്രവഹിച്ച്, നാം ഭൂവാസികളുടെ കണ്ണില്‍ ഇന്ന് വീഴുന്ന രശ്മികള്‍, അക്ബര്‍ ചക്രവര്‍ത്തി ജനിക്കും മുമ്പ് ആകാശത്തു നിന്ന് അവയുടെ യാത്ര തുടങ്ങിയാതാണെന്ന്... ആ നായാട്ടുകാരന്റെ പ്രതീകകല്‍പ്പനകള്‍ക്കാധാരമായ നക്ഷത്രങ്ങള്‍ പലതും പണ്ടേ പൊലിഞ്ഞു കഴിഞ്ഞവയാകാമത്രേ!


തന്റെ വങ്കന്‍ ചിരിയുടെ മുഴക്കത്താല്‍, ആ അറിവിന്റെ അന്ധാളിപ്പ് ശമിപ്പിക്കുവാ‍ന്‍ ഒരു പക്ഷേ വലിയപ്പച്ചന് കഴിയുമായിരുന്നു. പക്ഷേ വലിയപ്പച്ചനും അതിനകം, പൊലിഞ്ഞു കഴിഞ്ഞ ഒരു നരജന്മമായി മാറിക്കഴിഞ്ഞിരുന്നു. (പണ്ട് ഒഴുകിപ്പോയ ഒരു പുഴയില്‍, തന്റെ പഴയ വള്ളത്തിന്റെ അമരത്തിരുന്ന്  ഒറായന്‍ലേയ്ക്ക് വിരല്‍ചൂണ്ടുന്ന ഒരു കറുത്ത നിഴലായി... നിഴലായി... നിഴലായി...)


കളിക്കൂട്ടുകാരില്‍ നിന്നൊറ്റപ്പെട്ടപ്പോള്‍ കുട്ടിക്കാലവും സുഖമുള്ള സ്വപ്നങ്ങള്‍ക്കൊടുവില്‍ യൌവ്വനവും നഷ്ടപ്പെട്ട്... ഒറ്റപ്പെടലുകളുടെ പരമ്പരയായി ജീവിതം തുടരവെ... ദിനവൃത്താന്തങ്ങളുടെ വിരസതയും ഖേദവും തീര്‍ക്കുവാന്‍ സന്ധ്യാകാശത്തേയ്ക്ക് ദൃഷ്ടികളുയര്‍ത്തുമ്പോള്‍... പണ്ട്... പണ്ട് നിന്ന് ആ നായാട്ടുകാരന്‍ എന്നെത്തന്നെ നോക്കി, അയഥാര്‍ത്ഥമായ കണ്ണുകള്‍ അടച്ചുതുറക്കുന്നു... ഒന്നുമില്ല... ഒന്നുമില്ല... ഒന്നിലും ഒന്നുമില്ല...


ഒറായന്‍ എന്റെ ദൈവമായി മാറിക്കൊണ്ടിരിക്കുന്നു.

Sunday, January 6, 2008

അയ് ല വ്യൂ*


നല്ല പെട പെടയ്ക്കണ എന്ന് നിങ്ങള്‍
പുതുമയുടെ പരസ്യവാചകമാക്കിയത്
ശ്വാസം കിട്ടാതെയുള്ള എന്റെ
അവസാനത്തെ പിടച്ചിലായിരുന്നു.

തിളച്ച എണ്ണയില്‍ നീന്തം പഠിപ്പിക്കുമ്പോള്‍
മൂക്കിലുടെ വന്ന് വായില്‍ വെള്ളമൂറിപ്പിച്ച മണം
മസാല ചേര്‍ത്ത് മതം മാറ്റിയ നാറ്റമായിരുന്നു.

രുചിമുകുളങ്ങള്‍ക്ക് വസന്തമായ മൊരിപ്പ്
കല്ലുപ്പിട്ട് കളഞ്ഞ ഉളുമ്പായിരുന്നു.

മക്കള്‍ക്ക് മാറ്റി വെച്ച്
വായില്‍ വെച്ച് കൊടുത്ത പരിഞ്ഞീല്‍
എന്റെ മക്കളായിരുന്നു.

മുഖം നഷ്ടപ്പെടട്ടെ, വലയില്‍ കുരുങ്ങട്ടെ,
ഐസുകട്ടയില്‍ കിടക്കട്ടെ, ഒറ്റയ്ക്കാവട്ടെ
ഞാന്‍ ഇങ്ങനെ ശപിയ്ക്കട്ടെ?

*എന്റെ പ്രിയകവിതയായ (പി. എന്‍. ഗോപീകൃഷ്ണന്റെ) ചാളയുടെ വാല്മ്മെ കെട്ടാനൊത്തില്ലെങ്കിലും

Friday, January 4, 2008

റാകിപ്പറക്കുന്ന ചെമ്പരുന്തേ (2008)


റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടൊ ഗള്‍ഫിലെ വേല കണ്ടൂ
വേലയും കണ്ടൂ വിയര്‍പ്പും കണ്ടൂ
കടലില്‍ പന കണ്ടു ബുര്‍ജു കണ്ടൂ

കടലില്‍ പന - കടലില്‍ ഈന്തപ്പനയുടെ ആകൃതിയില്‍ നിര്‍മിച്ച ദ്വീപുകള്‍
ബുര്‍ജ് ദുബായ് - ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം

Thursday, January 3, 2008

തലയ്ക്കുള്ളില്‍ ലിംഗമുള്ള ജന്തു


തലയ്ക്കുള്ളില്‍, മനസ്സില്‍, ലിംഗമുള്ള ഒരു ജന്തുവിനെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. അന്റാര്‍ട്ടിക്കയിലെ മരവിപ്പിലോ ആഫ്രിക്കന്‍ കാട്ടിലോ അറേബ്യന്‍ മരുഭൂമിയിലോ അല്ല, ആധുനിക നഗരങ്ങളില്‍ത്തന്നെയാണ് ഈ ജന്തുവിനെ കണ്ടെത്തിയിരിക്കുന്നത്. ഈ ജന്തുവിന്റെ പേര് മനുഷ്യന്‍.

മറ്റ് ജന്തുക്കളില്‍ മിക്കവാറും കാലുകള്‍ക്കിടയിലാണ് ലിംഗം കാണപ്പെടുന്നതെങ്കില്‍ ശാരീരികാവയവം എന്ന നിലയില്‍ മനുഷ്യന്റെ കാലുകള്‍ക്കിടയില്‍ കാണപ്പെടുന്നത് ഒരു വെറും ടാപ്പ് മാത്രമാണെന്നാണ് ഗവേഷണങ്ങളിലൂടെ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. മറ്റ് ജന്തുക്കള്‍ ശാരീരിക ലിംഗമുപയോഗിച്ചാണ് ശാരീരികലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നിരിക്കെ മനുഷ്യന്റെ കാര്യത്തില്‍ മാനസികലിംഗമാണ് ശാരീരികലൈംഗബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇക്കാരണത്താല്‍ ഒരു മനുഷ്യന്റെയോ അവന്റെ പങ്കാളിയുടേയോ ലൈംഗികജീവിതങ്ങള്‍ മാത്രമല്ല മറ്റ് മനുഷ്യരുടെ എല്ലാത്തരം ജീവിതങ്ങളും സങ്കീര്‍ണമാകുന്നു. കല, സാഹിത്യം, വിനോദം, ഫാഷന്‍ തുടങ്ങിയ ഒട്ടേറെ മേഖലകളിലും ഇത് സ്വാധീനം ചെലുത്തുന്നു.

ഇന്ത്യയില്‍ കാമദേവന് മനോജ് എന്നൊരു പര്യായമുള്ളതിലേയ്ക്ക് ശാസ്ത്രജ്ഞര്‍ വിരല്‍ ചൂണ്ടുന്നു. മനോജ് എന്നാല്‍ മനസ്സില്‍ ജനിക്കുന്നവന്‍ എന്നര്‍ത്ഥം. ഇങ്ങനെ ശാരീരികലിംഗത്തിന് ലൈംഗികബന്ധങ്ങളില്‍ റോള്‍ ഇല്ലാതെ വരുന്നതുമൂലമുള്ള കുറവുകള്‍ ഒരു വശത്തും മാനസികലിംഗത്തിന് ശാരീരികബന്ധങ്ങളില്‍ അനാവശ്യറോള്‍ ഉണ്ടാകുന്നതു മൂലമുള്ള പ്രശ്നങ്ങള്‍ മറുവശത്തുമുണ്ടാ‍കുന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

ലിംഗം ഉപയോഗിച്ച് മനുഷ്യന്‍ ചിന്തിക്കുന്നു. അഥവാ ചിന്തിക്കുന്ന അവയവത്തിന്റെ സ്ഥാനത്ത് ലിംഗം കയറിയിരിക്കുന്നു. ചിന്ത കൊണ്ട് മനുഷ്യന്‍ ലൈംഗികബന്ധത്തിലും ഏര്‍പ്പെടുന്നു.
Related Posts with Thumbnails