Monday, January 7, 2008

വേട്ടക്കാരന്റെ മാനിഫെസ്റ്റൊ - 1


വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം... മാനം തെളിയുന്ന ഈ മാസങ്ങളാണ് കേരളത്തില്‍ ടൂറിസത്തിന്റെയും നിലാവിന്റെയുമെന്നപോലെ നക്ഷത്രനിരീക്ഷണത്തിന്റെയും സീസണ്‍. സാധാരണയായി അങ്ങനെ ഒരു കാലത്തും മഴക്കാറുണ്ടാവില്ലെങ്കിലും നാട്ടിന്‍പുറം ഇല്ലാ‍ത്തതും രാത്രിയെ പകലാക്കുന്ന വൈദ്യുതവെളിച്ചങ്ങളും കാരണം ദുബായില്‍ നക്ഷത്രനിരീക്ഷണത്തിന് സ്കോപ്പ് കുറവാണ്. ഒരു നല്ല ടെലസ്കോപ്പ് ഇപ്പോഴും വിഷ്-ലിസ്റ്റില്‍ത്തന്നെ ഉറച്ചുപോയതിനാല്‍ ആ വഴിയും നോക്കാന്‍ വയ്യ. പിന്നെ നോക്കാവുന്നത് ഓര്‍മകളിലെ ആകാശങ്ങളിലേയ്ക്കാണ്. ('ബര്‍' മാസങ്ങളില്‍ സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍, ആയിരമായിരം നക്ഷത്രക്കണ്ണുകളുമായി നോക്കി വിസ്മയിപ്പിച്ച ആകാശം). 'എന്നു പറഞ്ഞ് കീഴടങ്ങാന്‍ വരട്ടെ' എന്ന് ആശ്വസിപ്പിക്കാന്‍ അതാ വീണ്ടും ഉദിച്ചിരിക്കുന്നു  ഒറായന്‍ .  ഒറായന്‍  ദ ഹണ്ടര്‍. [ഓറിയോൺ, ഒറിയോൺ എന്നെല്ലാമാണ് ആദ്യം കീയിൻ ചെയ്തത്. മൂന്നാം ക്ലാസുകാരിയായ മകൾ തിരുത്തിയതനുസരിച്ച് ഒറായന്‍ എന്നാക്കുന്നു - അതാണ് ശരിയായ ഉച്ചാരണം. മോൾടെ സ്കൂൾ ഫീസ് മുതലായ പോലെ ഒരു ഫീലിംഗ്! യേഥ്!]

ഉണ്ടിരുന്നത് റേഷന്‍ പച്ചരിയുടെ ചോറായിരുന്നെങ്കിലും സവര്‍ണഹൈന്ദവ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് കുട്ടിക്കാലത്ത്  ഒറായന്‍നെ ഒരു വേട്ടക്കാരനായി അറിഞ്ഞിരുന്നില്ല, പകരം ഒരേ നിരയില്‍ തുല്യ അകലം പാലിച്ച് കിടക്കുന്ന ആ മൂന്ന് നക്ഷത്രങ്ങളെ 'ത്രിമൂര്‍ത്തികള്‍' എന്നു വിളിച്ചു.

ദുബായിലും കേരളത്തിലും സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍  ഒറായന്‍ ഉദിക്കുന്ന കാലം ഇതാ വീണ്ടും വന്നിരിക്കുന്നു. നാഗരികതയുടെ കടുംവെളിച്ചങ്ങളില്‍ മുങ്ങിപ്പോകാതെ, നഗ്നനേത്രങ്ങള്‍ക്കു തന്നെ വെളിപ്പെട്ടു തരുന്നു ആ വേട്ടക്കാരന്‍ (പിന്നാലെ അവന്റെ വേട്ടനായ്ക്കളും). ഫാര്‍ ഈസ്റ്റിലേയും അമേരിക്കയിലേയും യൂറോപ്പിലെയും സ്ഥിതിയെന്ത്? ഇവിടെ, സന്ധ്യ കഴിയുമ്പോള്‍, കിഴക്കേ ചെരിവില്‍ ചിത്രത്തില്‍ കാണുന്നതുപോലെ ഏത് കുഞ്ഞിനും അങ്ങേരെ തിരിച്ചറിയാനാവും. അതെ, ഓറിയോണില്‍ത്തന്നെയാണ് നക്ഷത്രനിരീക്ഷണത്തിന്റെ ABC കുറിയ്ക്കേണ്ടത്.
അവന്റെ തോളെല്ലാണ് തിരുവാതിര എന്ന Betelgeuse. തിരുവാതിര തീക്കട്ട പോലെ എന്നാണ് ചൊല്ല്. അതുകൊണ്ടു തന്നെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. വൈലോപ്പിള്ളിയുടെ “ഊഞ്ഞാലിൽ” എന്ന അതിഗംഭീര കവിതയിൽ കടന്നു വരുന്ന ‘തിരുവാതിരത്താര തീക്കട്ട!‘.

1989-ല്‍, എമ്മേ കഴിഞ്ഞ് എറണാകുളത്തെ ഒരു പാരലല്‍ കോളേജില്‍ പഠിപ്പിച്ചിരുന്ന കാലത്താണ് എന്നെ നക്ഷത്രനിരീക്ഷണത്തിലേയ്ക്ക് ആഭിചാരം ചെയ്ത 'ഓറിയോണ്‍' എന്ന ആ ചെറിയ കഥ കലാകൌമുദിയില്‍ പ്രത്യക്ഷപ്പെട്ടത്. അയ്മനം ജോണിന്റെ ആ കഥ ഇതാ [ജോണും ഒറായന്‍നെ ഓറിയോൺ എന്നാണ് വിശേഷിപ്പിച്ചത്]:

ഒറായന്‍

ഒറായന്‍ എന്റെ ദൈവമാകുകയാണോ?


ദൈവങ്ങളില്ലാത്ത ബാല്യകാലത്ത്,  ഒറായന്‍  എന്റെ കളിക്കൂട്ടുകാരനായിരുന്നു. ആകാശത്തിലെ ആ നായാട്ടുകാരനോടൊപ്പം ഞാനും ഭൂമിയിലെ കൊച്ചുകാടുകള്‍ക്കിടയ്ക്ക്, ഉന്നമില്ലാത്ത ഒരു വേട്ടക്കാരനായി നടക്കാറുണ്ടായിരുന്നു.


അന്നൊക്കെ, വളരെ ദൂരെയായി തോന്നിച്ചിരുന്ന ഒരയല്‍നാട്ടില്‍ നിന്ന് വാഴവിത്തുകള്‍ നിറച്ച വള്ളത്തില്‍ വലിയപ്പച്ചന്റെ സഹായിയായി സവാരി നടത്തിയ ഒരു രാത്രിയിലാണ് ആകാശത്തിലെ വെള്ളിലക്കാട്ടില്‍ ഒളിച്ചു നില്‍ക്കുന്ന ആ നായാട്ടുകാരനെ അപ്പച്ചന്‍ എനിക്ക് കാട്ടിത്തന്നത്... അവന്റെ അമ്പ് നീണ്ടിടം തെക്ക്... എങ്കില്‍ കിഴക്കേത്? പടിഞ്ഞാറേത്? പുഴ പോകുന്നിടം പടിഞ്ഞാറ് എന്ന പ്രമാണത്തോട് ഒത്തുനോക്കിയിട്ട് വലിയപ്പച്ചന് ഉത്തരം കൊടുത്തു. പിന്നെ, ഓറിയോണിനെത്തന്നെ നോക്കി നോക്കിക്കിടക്കവെ, ഓളങ്ങളുടെ താരാട്ടില്‍ ഉറങ്ങിപ്പോയിരിക്കും.


അല്ലെങ്കില്‍ത്തന്നെ, ആകാശം എനിക്ക് ദു:ഖങ്ങള്‍ക്കക്കരെയുള്ള ഒരു തണല്‍ക്കാടായിരുന്നു. നോവുന്ന മനസ്സിന് ആകാശത്തുനിന്ന് എന്തൊക്കെയോ സാന്ത്വനസന്ദേശങ്ങള്‍ കിട്ടാറുണ്ടായിരുന്നു. നായാട്ടുകാരനുമായുള്ള ചങ്ങാത്തത്താല്‍ ആകാശം എന്നിലേയ്ക്ക് പിന്നെയും അടുത്തു.


അക്കരെപ്പറമ്പിലെ വിളഞ്ഞ വാഴക്കുലകള്‍ക്ക് കാവല്‍ കിടന്ന വലിയപ്പച്ചന് അത്താഴത്തിന്റെ പങ്ക് എത്തിച്ചിട്ട്, യക്ഷിക്കഥകള്‍ പറഞ്ഞ് ഓടിനടക്കുന്ന കാറ്റുകളുള്ള കുന്നിന്മേല്‍ക്കാവിലെ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ... കരിയിലക്കൂനകളില്‍ ഈനാമ്പേച്ചികള്‍ പാത്ത് കിടന്ന വെളിമ്പറമ്പുകളിലൂടെ... വീട്ടിലേയ്ക്ക് മടങ്ങുന്ന സന്ധ്യകളില്‍ അമ്പേന്തിയ ആ നായാട്ടുകാരന്‍ എന്റെ മുമ്പേ നടക്കുമായിരുന്നു. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വേറൊരു ഉന്നമില്ലാത്ത നായാട്ടുകാരനായിരുന്നു, കാലം...


അങ്ങിനെ നടക്കവെ ഒരു നാള്‍ ഹാരി മില്ലര്‍ എന്ന സായിപ്പ് എന്നോട് പറഞ്ഞു:  ഒറായന്‍ന്റെ തോളെല്ലുകളില്‍ നിന്ന് പ്രവഹിച്ച്, നാം ഭൂവാസികളുടെ കണ്ണില്‍ ഇന്ന് വീഴുന്ന രശ്മികള്‍, അക്ബര്‍ ചക്രവര്‍ത്തി ജനിക്കും മുമ്പ് ആകാശത്തു നിന്ന് അവയുടെ യാത്ര തുടങ്ങിയാതാണെന്ന്... ആ നായാട്ടുകാരന്റെ പ്രതീകകല്‍പ്പനകള്‍ക്കാധാരമായ നക്ഷത്രങ്ങള്‍ പലതും പണ്ടേ പൊലിഞ്ഞു കഴിഞ്ഞവയാകാമത്രേ!


തന്റെ വങ്കന്‍ ചിരിയുടെ മുഴക്കത്താല്‍, ആ അറിവിന്റെ അന്ധാളിപ്പ് ശമിപ്പിക്കുവാ‍ന്‍ ഒരു പക്ഷേ വലിയപ്പച്ചന് കഴിയുമായിരുന്നു. പക്ഷേ വലിയപ്പച്ചനും അതിനകം, പൊലിഞ്ഞു കഴിഞ്ഞ ഒരു നരജന്മമായി മാറിക്കഴിഞ്ഞിരുന്നു. (പണ്ട് ഒഴുകിപ്പോയ ഒരു പുഴയില്‍, തന്റെ പഴയ വള്ളത്തിന്റെ അമരത്തിരുന്ന്  ഒറായന്‍ലേയ്ക്ക് വിരല്‍ചൂണ്ടുന്ന ഒരു കറുത്ത നിഴലായി... നിഴലായി... നിഴലായി...)


കളിക്കൂട്ടുകാരില്‍ നിന്നൊറ്റപ്പെട്ടപ്പോള്‍ കുട്ടിക്കാലവും സുഖമുള്ള സ്വപ്നങ്ങള്‍ക്കൊടുവില്‍ യൌവ്വനവും നഷ്ടപ്പെട്ട്... ഒറ്റപ്പെടലുകളുടെ പരമ്പരയായി ജീവിതം തുടരവെ... ദിനവൃത്താന്തങ്ങളുടെ വിരസതയും ഖേദവും തീര്‍ക്കുവാന്‍ സന്ധ്യാകാശത്തേയ്ക്ക് ദൃഷ്ടികളുയര്‍ത്തുമ്പോള്‍... പണ്ട്... പണ്ട് നിന്ന് ആ നായാട്ടുകാരന്‍ എന്നെത്തന്നെ നോക്കി, അയഥാര്‍ത്ഥമായ കണ്ണുകള്‍ അടച്ചുതുറക്കുന്നു... ഒന്നുമില്ല... ഒന്നുമില്ല... ഒന്നിലും ഒന്നുമില്ല...


ഒറായന്‍ എന്റെ ദൈവമായി മാറിക്കൊണ്ടിരിക്കുന്നു.

9 comments:

ദേവന്‍ said...

വേട്ടക്കാരന്റെ പടമടക്കം ഒരദ്ധ്യായം രണ്ടിലോ മൂന്നിലോ ഞാന്‍ പഠിച്ചിട്ടുണ്ടല്ലോ? വാളോങ്ങി നില്‍ക്കുന്ന അങ്ങോരുടെ ഒരു പടവും അതേല്‍ ഉണ്ടായിരുന്നെന്ന് തോന്നുന്നു.

ഞാന്‍ പഠിച്ചപ്പോഴേക്ക് പുസ്തകം മാറിയതാണോ അതോ എന്റെ ഗ്രേ സെല്ല് ഒക്കെ നരച്ചു തുടങ്ങിയോ?

One Swallow said...

ഞങ്ങള്‍ക്ക് തൊട്ടുപിന്നാലെ ചില ടെക്സ്റ്റ്ബുക്കുകള്‍ മാറിയതോര്‍ക്കുന്നു. ചിലപ്പോള്‍ ആ പ്രളയത്തില്‍ വേട്ടക്കാരന്‍ പൊന്തിയതാവും. അല്ലെങ്കില്‍ എന്റെ മറവിയാകാനും മതി. വളരെ അരക്ഷിതമായിരുന്നു കുട്ടിക്കാലം. എക്സാറ്റ്ലി അയ്മനം ജോണിന്റെ കഥയില്‍ പറയുന്നതുപോലെയൊക്കെയല്ലെങ്കിലും. അതുകൊണ്ട് അന്നങ്ങനെ ഒരു വേട്ടക്കാരനെ പരിചയപ്പെട്ടത് ഓര്‍മയില്ല. രണ്ടാം ക്ലാസിലെ ആദ്യപദ്യം ‘ഉണരുവിന്‍ വേഗമുണരുവിന്‍’ എന്ന് തുടങ്ങിയതോര്‍ക്കുന്നു.

വല്യമ്മായി said...

ഓറിയോണിനെ കുറിച്ചുള്ള വിവരണവും കഥ പരിചയപ്പെടുത്തിയതും നന്നായി,സുരേഷ് മൈനയെ തിരിഞ്ഞു നോക്കിയതായിരുന്നു ഞാനൊക്കെ പഠിക്കുമ്പോള്‍ രണ്ടാം ക്ലാസില്‍(അതോ മൂന്നിലോ).

അഭയാര്‍ത്ഥി said...

ഒരു വാനനിരീക്ഷകനാകാന്‍ ഒരു പാടുമില്ല.
ദുബായില്‍ ഇന്നത്തെ സാഹചര്യത്തില്‍ ജീവിക്കുക.വേറൊന്നും ചെയ്യേണ്ട.
വീട്ടുവാടക കൊല്ലംതോറും നക്ഷത്രമെണ്ണിക്കും. ഭക്ഷ്യ വസ്തുക്കള്‍, ഇന്ധനം
എല്ലാം വാന നിരീക്ഷണ കുതൂഹലമുണര്‍ത്തുന്നവ തന്നെ.

ഇപ്പോള്‍ നമ്മളിതാ ബൂലോഗ നക്ഷത്രത്തെ തിരയുന്നു-ചാത്തനാരുടെ വിണ്ണിലും
അഗ്രജനാരുടെ മണ്ണിലും.
പലാജാതി റ്റെലസ്കോപ്പാലും മൈക്രോസ്കോപ്പാലും നിരീക്ഷിച്ച്‌ പരീക്ഷിച്ച്‌ ഉടനൊരു
ബൂലോഗ ഒറിയോണിന്റെ ജനനം പ്രകീര്‍ത്തിക്കപ്പെട്ടേക്കും.അക്ഷരത്തെറ്റില്ലാതെ മലയാളമെഴുതുന്ന ആള്‍ക്കായിരിക്കണീീശ്വരാ( എനിക്ക്‌ കിട്ടരുതെന്ന്‌ വ്യംഗ്യം)

അപ്പോള്‍ പറഞ്ഞു വന്നതെന്താണെന്ന്‌ വച്ചാല്‍ വാന നിരീക്ഷണം വളരെ ഗൗരവമാര്‍ന്നൊരു സ്ംഗതി തന്നെ.
നമ്മുടെ കവികളും പാടുന്നു :-
ഇന്നലെ രാവുപയോഗിച്ച പൂക്കളാകുന്ന താരങ്ങളടിച്ചു മാറ്റി
താവല്‍ കസ്തൂരിച്ചാറാക്കിയൊരമ്പിളി തൂവെള്ളിക്കിണ്ണവും ദൂരെ മാറ്റി.
എങ്ങും കുളീര്‍തണ്ണീര്‍ തെളിച്ചു പുരോഭുവി കുംകുമലേപവുമാചരിച്ചാന്‍.

വാക്യത്തില്‍ പ്രയോഗിക്കുക:-പുലബന്ധം.
എന്റെ കമെന്റുകള്‍ പ്രത്യക്ഷത്തില്‍ പുലയും ബാന്ധവവും ഇല്ലാത്തവതന്നെ.

One Swallow said...

നക്ഷത്രനിരീക്ഷണത്തിന്റെ കാര്യത്തില്‍ നമ്മുടെ കവികളുടെ കാര്യം മഹാകഷ്ടമാണ്. നക്ഷത്രം എന്ന് പൊതുവേ പറയാനല്ലാതെ പേരെടുത്ത് വിളിക്കാന്‍ അറിയില്ല പലര്‍ക്കും.

അഭയാര്‍ത്ഥി എന്ന് സ്വയം വിളിക്കുന്നവര്‍ക്കാണ് നക്ഷത്രനിരീക്ഷണം ഏറ്റവും യോജിക്കുക. ഓറിയോണിനെ അറിയാമോ എന്ന് രാമേട്ടന്‍ പറഞ്ഞില്ല. അറിയില്ലെങ്കില്‍ ഇന്നു രാത്രി നമ്മള്‍ ആദ്യമായി 3-ആം നമ്പര്‍ ബില്‍ഡിംഗിനടുത്തു വെച്ച് കാണുമ്പൊ കാട്ടിത്തരാം.

അവനവനേക്കാള്‍ പ്രായം കൂടിയവരെ ഒരു കാര്യം പഠിപ്പിക്കുമ്പൊ അതില്‍ ഒരെമ്പരാസ്സ്മെന്റുണ്ടെങ്കിലും അതിലിത്തിരി രസവുമുണ്ട്. ഒരു രാമന്‍ മറ്റൊരു രാമനയച്ച കത്തുകള്‍ എന്നായാലോ?

സുല്‍ |Sul said...

നന്നായിരിക്കുന്നു ഓറിയോണിന്റെ പിന്നിലെ ഓര്‍മ്മകളും കഥയും.
-സുല്‍

Anonymous said...

ഈഴവമതക്കാരും .........
കഷ്ടാണല്ലൊ കാര്യം. എന്താ ഇത്ര അസഹിഷ്നുത?

Rammohan Paliyath said...

ശരിയായ ഉച്ചാരണം ഒറായന്‍ എന്നാണെന്ന് മൂന്നാം ക്ലാസുകാരി മകള്‍ പഠിപ്പിച്ചു തന്നു. വിശ്വാസം വരാതെ മറിയാമ്മേടെ വായീന്നും കേട്ടു: http://www.merriam-webster.com/dictionary/orion

ഇഗ്ഗോയ് /iggooy said...

ഒറായോണ്‍-വേട്ടക്കാരനാണ്‌ മനത്ത എനിക്ക് ആദ്യം തിരിച്ച്ചറിയാല്‍ പറ്റിയ നക്ഷത്രക്കൂട്ടം. സയന്‍‌സ് ഫോറം കാമ്പുകളുടെ ബാക്കി. ഇന്നതൊരു സ്വകാര്യസ്വത്താണ്‌.

Related Posts with Thumbnails