Monday, December 28, 2009

ആറാം നമ്പര്‍


ഗോതമ്പുമാവ് പരത്തി ഡയമണ്ടാകൃതിയില്‍ മുറിച്ച് വറുത്തത് പഞ്ചസാ‍ര പാവു കാച്ചിയതില്‍ വരട്ടിയെടുക്കുന്ന രസികന്‍ പലഹാരമാണ് ആ‍റാം നമ്പര്‍. ഒരു കാണിപ്പയ്യൂര്‍ പൂരത്തിനാണ് ടിയാനെ ആദ്യം പരിചയപ്പെടുന്നത്. ഞരളത്ത് ഇടയ്ക്ക കൊട്ടിയ panchavadyamമായിരുന്നു അക്കൊല്ലം. മദ്ദള കേസരി കുളമംഗത്ത് നാരായണന്‍ നായരായിരുന്നു പ്രമാണം. കടവല്ലൂര്‍ അരവിന്ദാക്ഷന്‍, എടപ്പാള്‍ അപ്പുണ്ണി, തൃക്കൂര്‍ രാജന്‍ എന്നിവരൊക്കെ യുവതുര്‍ക്കികളായിരുന്നു എന്നോര്‍ക്കണം. എന്തായിരുന്നു പൂരം. കൊയ്ത്തുകഴിഞ്ഞ പാടത്താണ് രണ്ടു നേരവും പൂരം മുളയുക. ബീയെംടി അഥവാ തിരുവമ്പാടി ചന്ദ്രശേഖരന്‍, മോത്തി എന്ന ബീഹാറി, കാട്ടുമൈന എന്ന സിനിമയില്‍ അഭിനയിച്ചതിനാല്‍ കാട്ടുമൈന എന്ന വിളിപ്പേരു വീണ ആന... തിടമ്പേറ്റാനും മാലയ്ക്കും വേണ്ടി തലപ്പൊക്ക മത്സരവും കേമമായിരുന്നു. [കരുവാമ്മാര്ടെ മോത്തി നായമ്മാരടെ ബീയെംടിയെ തോല്‍പ്പിയ്ക്കുമോ എന്നായിരുന്നു ഉച്ചപ്പൂരത്തിന്റെ ടെന്‍ഷന്‍]. രാത്രിപ്പൂരത്തിനു മുമ്പ് തെക്കുള്ള ഏതോ ട്രൂപ്പിന്റെ നാടകം. ഗംഭീരന്‍ മരുന്നുപണി. കണ്ണിന്റെയും ചെവിയുടെയും മനസ്സിന്റെയും തികഞ്ഞ പൂരം.

തീര്‍ന്നില്ല. നാവിനും ഉണ്ടായിരുന്നു പൂരം. മഞ്ഞ ചുവപ്പ് പുളീഞ്ചി നിറങ്ങളിലുള്ള ഹലുവാമതിലുകള്‍, പൊരി, വാഴനാരില്‍ കോര്‍ത്ത ഉഴുന്നാട, സിഗററ്റിന്റെ ഷേപ്പും ഫ്ലൂറസന്റ് പിങ്ക് നിറവുമുള്ള മിഠായി, പപ്പടവട, അയ്നാസ്... എങ്കിലും കൂട്ടത്തില്‍ കൂടുതലിഷ്ടം തോന്നിയത് ആറാം നമ്പറിനോടായിരുന്നു. അന്നും ഇന്നും തൃശൂരിന് വടക്കോട്ടേ ആറാം നമ്പറിനെ കണ്ടിട്ടുള്ളു.

എന്നാല്‍ ആറാം നമ്പറിന്റെ ഷേപ്പില്‍ ഒരു കവിത ആദ്യമായി എഴുതിക്കണ്ടത് കുട്ടനാട്ടുകാരന്‍ Ayyappa Paniker. കുറേ നാള്‍ കഴിഞ്ഞ് സി. പി. നായര്‍ അതിനൊരു രസികന്‍ മറുപടിയും ഉണ്ടാക്കി.

ആ‍റാം നമ്പറിന്റെ നാട്ടുകാരനായ ഞാന്‍ ശ്രമിച്ചു നോക്കിയില്ല എന്ന് പറയരുതല്ലോ. ഇതാ എന്റെ വക ഒരു ആറാം നമ്പര്‍.
Related Posts with Thumbnails