![]() |
തീര്‍ച്ചയായും... |
നമ്മുടെ ടീവീ ചാനലുകളിലെ വാര്‍ത്താ അവതാരകരും റിപ്പോര്‍ട്ടര്‍മാരുമാണ് ഈ പകര്‍ച്ചവ്യാധിയെ മലയാളികള്‍ക്കിടയില്‍ തുറന്നുവിട്ടത്. ഇപ്പോള്‍ ഇവര്‍ വാര്‍ത്താവിശകലനത്തിനായി ഫോണില്‍ വിളിക്കുന്ന മാധ്യമപ്രവര്‍ത്തകരല്ലാത്ത അതത് വിഷയ വിദഗ്ദരിലേയ്ക്കും ലൈവ് അലക്കിനായി ഉടലോടെ ഹാജരാകുന്നവരിലേയ്ക്കുമെല്ലാം ഈ ‘തീര്‍ച്ചയായും’ പകര്‍ന്നു കഴിഞ്ഞിരിക്കുന്നു. ‘തീര്‍ച്ചയായും’ എന്നു പറഞ്ഞിട്ടാണ് അവരുടെ മിക്കവാറും വാചകങ്ങളും തുടങ്ങുന്നത്. എന്തുട്ട് തീര്‍ച്ചയായും? ഒരു തീര്‍ച്ചയുമില്ല. ഇല്ലാത്ത ഒരു കാര്യം തീര്‍ച്ച മാത്രമേയുള്ളു. ഉണ്ടോ? എന്തിനെപ്പറ്റിയെങ്കിലും തീര്‍ച്ചയുണ്ടോ?
സംഗതി നമ്മുടെ ഭാഷയുടെ പരിമിതിയുടെ കുഴപ്പമാണെന്ന് ഇവര്‍ പറഞ്ഞേക്കും. ഇംഗ്സീഷുകാര്‍ ‘വെല്‍’ എന്നൊക്കെപ്പറഞ്ഞല്ലേ സ്ഥിരമായി സംസാരിച്ചു തുടങ്ങുന്നത് എന്ന് അവര്‍ തിരിച്ചു ചോദിക്കും. തീര്‍ച്ചയായും ശരി തന്നെ, എന്നാലും അതിനുമുണ്ടല്ലോ ഒരു മിതത്വമൊക്കെ. ഈ തീര്‍ച്ച എവിടന്നു വന്നു? ഈയിടെ ഒരു ദിവസം ഒരു എഫ്.എം. റേഡിയോ ചാനലിലും കേട്ടു ഒരു മണിക്കൂറില്‍ ഒരു അഞ്ചാറ് തീര്‍ച്ചയായും, അതും തീരെ ചെറുപ്പമായ ഒരു സിനിമാനടിയുടെ വായില്‍ നിന്ന്. വാര്‍ത്താഅവതാരകന്‍ റിപ്പോര്‍ട്ടറെ ലൈവായി വിളിക്കുകയാണ്. ആദ്യചോദ്യം ചോദിക്കുന്നു. റിപ്പോര്‍ട്ടര്‍ ഇയര്‍ഫോണ്‍ ശരിയാക്കിക്കൊണ്ട് സംസാരിച്ചു തുടങ്ങുന്നു: തീര്‍ച്ചയായും മണികണ്ഠന്‍... അയ്യോ, ഞാന്‍ ചെവി പൊത്തുന്നു.
ആധുനികവും അതേസമയം ലളിതവുമായ നിത്യോപയോഗ ആശയവിനിമയങ്ങള്‍ക്ക് ഇണങ്ങുന്നതല്ല മലയാളഭാഷ എന്ന വസ്തുത ഏത് ഭാഷാഭ്രാന്തനും അംഗീകരിക്കുമെന്നു തോന്നുന്നു. സാഹിത്യമെഴുതാനാണ്, അതിനു മാത്രമാണ് എന്നെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മലയാളഭാഷയുടെ ഭാവം. എന്നിട്ട് ലോകോത്തരമായ എത്ര കിലോ സാഹിത്യം ഉണ്ടാക്കി എന്നു ചോദിച്ചാല്‍ അധികമൊന്നുമില്ല എന്നതാണ് സത്യം. അതേസമയം നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്കൊത്ത് പരിണമിക്കാനോ പുതിയ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ജന്മം കൊടുക്കാനോ നമ്മുടെ ഭാഷയ്ക്ക് ആവതില്ല. അതിനുപകരം അമ്മയുടെ ഭര്‍ത്താവായ സംസ്കൃതത്തിന്റെ ചില കുഴികൂര്‍ ചമയങ്ങളും ചുമന്ന് അവള്‍ നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്.
![]() |
പുണ്ഡരീകം? |
എത്രാമത്തെ എന്ന മലയാളപദത്തിന് സമാനമായ ഇംഗ്ലീഷ് വാക്കില്ല പോലും! പണ്ടുകാലത്ത് സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും കുത്തകയായിരുന്ന സമുദായത്തിലെ സ്ത്രീകള്‍ക്ക് ഒന്നിലേറെ ആണുങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാവണം ‘ഞാന്‍ നിന്റെ എത്രാമത്തെ സംബന്ധക്കാരനാണെടീ’ ‘അയാള്‍ നിന്റെ എത്രാമത്തെ അച്ഛനാണെടാ’ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് ഭാഷയില്‍ സ്കോപ് ഭാഷയില്‍ ഉണ്ടായത്.
പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍, ദ്രോണരല്ലേ ആദ്യ ടെസ്ട്യുബ് ശിശു, പുഷ്പകവിമാനം ശെരിക്കിനും വിമാനമല്ലേ, ദശാവതാരമല്ലേ തിയറി ഓഫ് എവലൂഷന്‍, ആഗ്നേയാസ്ത്രം = അണുബോംബ്... എന്നെല്ലാം ദയനീയമായി നിരത്തി ഭാരതത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തുന്ന പവര്‍പോയന്റ് ഫയലുകള്‍ പടച്ച് ഫോര്‍വേഡുന്നവരും കാര്യസാധ്യത്തിന്റെ കാര്യം വരുമ്പോള്‍ യൂറോപ്യന്‍ ടോയ് ലറ്റുകളെത്തന്നെആശ്രയിക്കുന്നു.
ഭാഷയായാലും സംസ്കാരമായാലും ആദ്യം അവ അടിസ്ഥാനപരവും അത്യന്താപേക്ഷിതവും കാലികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉതകണം. കാലനുസൃതമായി പുതുക്കപ്പെടണം. തീര്‍ച്ചയായും നമ്മളെ ബോറടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ഭാഷ ഉപയോഗിക്കുകയും അത് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തവും വെല്ലുവിളിയുമാണിത്.
![]() |
ദുബായിലെ ഒരു എ.ടി.എം. |
എന്റെ നാല്‍പ്പത്തഞ്ചു വര്‍ഷത്തെ ഓര്‍മയില്‍, കഷ്ടം, രണ്ടേ രണ്ട് മലയാളം വാക്കു മാത്രമാണുണ്ടായത് - അടിപൊളി, ബോറടി എന്നിവ. ചെത്ത്, ചാവേറ് തുടങ്ങിയ ചില പഴയവാക്കുകള്‍ക്ക് പുതിയ ഉപയോഗങ്ങള്‍ കൈവന്നതും മറക്കുന്നില്ല. ഇക്കൂട്ടത്തില്‍ ബോറടി, ചാവേര്‍ എന്നീ വാക്കുകളെപ്പറ്റിയോര്‍ക്കുമ്പോള്‍, 'മത്താടിക്കൊള്‍കഭിമാനമേ‘ എന്നു പാടാന്‍ എനിക്കും ധൈര്യം തോന്നുന്നുണ്ട്. ട്രാജഡി, കോമഡി എന്നീ വാക്കുകള്‍ സായിപ്പിന്റെയാണെന്നാണല്ലോ വയ്പ്. ജീവിതം ട്രാജഡി അല്ലെങ്കില്‍ കോമഡിയാണോ? അല്ല. ജീവിതത്തിന്റെ ബഹുദൂരവും ഇതു രണ്ടുമല്ല. അത് ബോറടി തന്നെ. നീണ്ടുനിവര്‍ന്നു കിടക്കുന്ന ബോറടിക്കിടെ ഇടയ്ക്കിടെ എത്തുന്ന തോന്നല്‍ മാത്രമാണ് ട്രാജഡിയും കോമഡിയും എന്നറിയുമ്പോള്‍, നമ്മുടെ ഭാഷയില്‍ ട്രാജഡിയും കോമഡിയും ഇല്ലെങ്കിലെന്ത്, ബോറഡി എന്ന പരമദാര്‍ശനികന്‍ വാക്കുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍, ബോര്‍ എന്ന ഇംഗ്ലീഷ് ധാതുവില്‍ നിന്ന് ബോറഡി എന്ന ജില്ലന്‍ വാക്കുണ്ടാക്കിയ ആ അജ്ഞാതനെയോര്‍ത്ത് തല കുനിയ്ക്കാന്‍ തോന്നുന്നു.
![]() |
ചാവേര്‍ |
ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നാണ് ചാവേറും ബോറടിയും നമ്മളെ പഠിപ്പിക്കുന്നത്. സിവിലൈസേഷന്‍ ഒരു ഉത്പ്പന്നമാകുന്നു. അത് ആകാശത്തുനിന്ന് പൊട്ടിവീണതല്ല.
16 comments:
കൊള്ളാലോ.... :))))) കുടങ്ങൾ...വർണ്ണക്കുടങ്ങൾ..
(കുടോസിനു പകരം ഉണ്ടാക്കിയത്...)
തീര്‍ച്ചയായും 'സ്വാഭാവികമായും' എന്ന പ്രയോഗം ' തീര്‍ച്ചയായും' പോലെ തന്നെ അരോചകമായി തീര്‍ന്നിരിക്കുന്നു. ടി.വി.യില്‍ രാഷ്ട്രീയക്കാര്‍ പറയുന്നത് ശ്രദ്ധിക്കുക.
സാമൂരിയും കൊച്ചി-തിരുവിതാംകൂര്‍ രാജാക്കന്മാരുമായി ഒരു വലിയ വ്യത്യാസമുണ്ട്. ബ്രിട്ടിഷുകാര്‍ ടിപ്പുവിനെ തുരത്തിയ ശേഷം സാമൂരിക്ക് ഭരിക്കാന്‍ രാജ്യം ഒന്നും ഉണ്ടായിരുന്നില്ല. മലബാര്‍ തുക്ടി സായിപ്പാണ് ആ കാര്യം നടത്തിയിരുന്നത്.
എന്തായാലും ഒരു വാക്ക് തന്നെ വീണ്ടും പറയാതിരിക്കാന്‍ പ്രതിയേകം ശ്രധിച്ചധിനു നന്ദി
I'm so glad to read such an interesting thought.. how beautiful! kudos dear, kudos! ഓരോ വാക്കിലും താങ്കളുടെ point കള്‍ വളരെ apt ആയി കുത്തിത്തിരുകിയിരിക്കുന്നു, എനിക്ക് നന്നേ പിടിച്ചു ആ ശൈലി. താങ്കള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ വളരെ വളരെ പ്രസക്തവും ഞാന്‍ കുറെ കാലമായി ഇങ്ങനെ ആലോചിക്കാരുല്ലതുമാണ്... നമ്മുടെ മലയാളം നമുക്കൊപ്പം നടക്കാത്തതെന്ത് എന്ന്. 'ചാനല്' കാരുടെ കാര്യം 'തീര്‍ച്ചയായും' അതില്‍ വളരെ ചെറിയ ഒരു ഭാഗമേ ആകുന്നുള്ളൂ.. പിന്നെ അറബി ഭാഷയിലെ താരതമ്യം, അതും പിടിച്ചു. പക്ഷെ ഒരു കാര്യം ഓര്‍ക്കണം : ആ ഭാഷയുടെ പഴക്കവും നാഗരികതയും കണ്ടുപിടുത്തങ്ങളും ഇപ്പോള്‍ അത് ഉപയോഗിച്ച് വരുന്ന ജനസംഖ്യാ അനുപാതവും നമ്മുടെതില്‍ നിന്നും വളരെ വ്യത്യസ്തമല്ലേ? ഒന്നും അറിഞ്ഞിട്ട്ടല്ല, വായിക്കാന്‍ പോലും അറിയില്ല, എന്നാലും എനിക്കൊരു തോന്നല്‍ : ഇക്കാര്യത്തില്‍ തമിഴ് നമ്മെക്കാള്‍ മുന്നിലാണോ? "ചോദ്യങ്ങള്‍ക്ക് ഭാഷയില്‍ സ്കോപ് ഭാഷയില്‍ ഉണ്ടായത്" ഇവിടെ സ്കോപ് എന്ന വാക്ക് മലയാളം ആണെന്ന് തോന്നുന്നു; ഇംഗ്ലീഷ്‌ഇലെ അതെ അര്‍ത്ഥത്തില്‍ തന്നെയാണോ നാം അത് മലയാളത്തില്‍ ഉപയോഗിക്കാറ്?.. എന്തായാലും ഉഗ്രനായിട്ടുണ്ട് ട്ടോ.. പുതുതായി മലയാളത്തിലേക്ക് വന്ന വാക്കുകള്‍ ചേര്‍ത്ത് വച്ച് ഒരു രണ്ടാം ഘണ്ടം പ്രതീക്ഷിക്കുന്നു :)
അതെ അതെ നമ്മള്‍ ഇമ്മിണി വല്യ
പുള്ളികള്‍ തന്നെ...വീട്ടിലേക്കു ഒരാള്‍
കയറി വന്നാല്‍ നമുക്ക് പറയാവുന്ന
ഏറ്റവും മാന്യമായ പദം എന്താണ്...
'സ്വാഗതം' എന്നോ?
അത് ശരിക്കും
വാതില്ക്കലോ ഭിത്തിയിലോ ഒട്ടിച്ചു
വെയ്ക്കാന്‍ തന്നെ ആണ് നല്ലത്...
ഈ ചിന്തകള്‍ തുടരട്ടെ രാംജി..നല്ല
'സ്കോപ്' ഉള്ള ചിന്തകള്‍ തന്നെ...
ചന്ത ഭാഷ എന്ന് മറ്റുള്ളവര്‍ പറഞ്ഞാലും
നമ്മള്‍ ചിന്തയില്‍ കേമന്മാര്‍ തന്നെ അല്ലെ??
ഭാഷാപണ്ഡിതന്മാര്‍ ഉറങ്ങിയിരിക്കുമ്പോള്‍ ചെറിയ മിമിക്രിക്കാര്‍ പുതിയ മലയാള വാക്കുകള്‍ കണ്ടു പിടിക്കുന്നുണ്ട്. അതിലൊന്നാണ് "കൂതറ" പ്രയോഗം. കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു. ഇതാണോ മാഷേ സിവിലിസേഷന്‍?
കേള്‍ക്കുമ്പോള്‍ അറപ്പുതോന്നിയെങ്കില്‍ വിജയിച്ചു, അതാണല്ലൊ ആ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അറപ്പുതോന്നിപ്പിക്കുന്ന കാര്യങ്ങളുണ്ടെങ്കില്‍ അവയ്ക്ക് യോജിച്ച വാക്കുകളും വേണ്ടതല്ലെ? art has nothing to do with civilization. civilization is a product എന്ന് ഗൊദാര്‍ദ്. കൂതറകളേയും കൂതറ പോലത്തെ വാക്കുകളേയും സിവിലൈസേഷന്റെ അത്തരം ഉല്‍പ്പന്നങ്ങളേയും മടുക്കുമ്പോള്‍ ആര്‍ട്ടില്‍ അഭയം പ്രാപിക്കൂ. example: http://www.youtube.com/watch?v=btEihqzggYw
കസറി...
Valare nannayittundu Sri.Rammohan....:)
'തീര്‍ച്ചയായും'!!! :-)
മലയാളത്തിലെ പല വാക്കുകളും എത്രയധികം വികലവും അനവസരത്തിലുമായാണ് പ്രയോഗിക്കപ്പെടുന്നതെന്നത് ഒരു ഗവേഷണത്തിനും മാത്രമുള്ള വിഷയമുണ്ട്.
Fan (a fanatical enthusiast or supporter, especially with regard to entertainment and sports) രസികന്‍ (തമിഴ്) എന്നീ വഹകളുടെ മലയാള വകഭേദമാകുന്നത് 'ആരാധകന്‍'. (അതെ, ശ്രീനിവാസന്റെ അതേ വെട്ടുക്കിളികള്‍ തന്നെ) അതുകൊണ്ടത്രേ മലയാളികള്‍ക്ക് മാത്രം അല്ലാഹുവിനെയും അല്ലുഅര്‍ജുനെയും ഒരുപോലെ 'ആരാധി'ക്കേണ്ടി വരുന്നത്. യേശുദാസിന്റെയോ, എംടി യുടെയോ വലിയൊരു 'ആരാധക'നാകുന്നതിനേക്കാള്‍ അവരുടെ ചെറിയൊരു 'ആസ്വാദക'നാകുന്നതിലെ യുക്തിയെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.
NB:- സാമൂതിരിക്ക് കൂലിത്തല്ലുകാരുടെയും വാടകക്കൊലയാളികളുടെയും ഒരു സംഘം കൂടിയുണ്ടായിരുന്നെങ്ങ്കില്‍ മലയാള പത്ര-ചാനല്‍ ഭാഷാ വിദ്വാന്മാര്‍ മഹാത്വവല്‍ക്കരിച്ച 'ക്വട്ടേഷന്‍ സംഘ'ത്തിനും ഒരു മധുരമനോജ്ഞമനോഹര മലയാളം കിട്ടിയേനെ.
ലൈക്കി , കമന്റി, ബ്ലോക്കി, കുലംകുത്തി , ഉലത്തലൈസ്, ലഡ്ഡുപൊട്ടി, തുടന്ങ്ങിയവ പിള്ളേര്‍ മിനുക്കിയെടുക്കുന്നു .... ' ശുക്ര സംതരണം ' പോലെയുള്ള ഒടിഞ്ഞ വാക്കുകള്‍ മാധ്യമ സീനിയേഴ്സ് പൊടിതട്ടി കണ്ണ് നോവിക്കുന്നു
''അതേ സമയം'' എന്നതും കേട്ടു മടുത്തു...
ഗൌരവപൂർവ്വം കാണേണ്ട പോസ്റ്റ്. കുറെ തമാശയായ പൊള്ള വാക്കുകൾ മാത്രമേ മലയാളത്തിലുണ്ടായിട്ടുള്ളു കുറെ വർഷങ്ങളായിട്ട് എന്നതു തന്നെ സത്യം. തമിഴരെ കണ്ടു പഠിക്കണം. നല്ല ദ്രാവിഡമായ ലളിതപദങ്ങൾ പകരം വെയ്ക്കുന്നുണ്ട് ഓരോ കാലത്തും പിറന്നു വീഴുന്ന ഇംഗ്ലീഷ് വാക്കുകൾക്ക്. ഒരു പക്ഷേ, തമിഴ് ഭാഷാ പണ്ഡിതർ അതിൽ ശ്രദ്ധ ചെലുത്തുന്നതു കൊണ്ടാകാം. മലയാളത്തിലെ ഭാഷാപണ്ഡിതന്മാർക്ക് മനുഷ്യനു മനസ്സിലാവാത്ത ഗീർവാണഭാഷയിൽ കവിതയ്ക്കും കഥയ്ക്കും സ്ങ്കീർണ്ണമായ വ്യാഖ്യാനങ്ങൾ ചമച്ച് മനുഷ്യനെ ബോധം കെടുത്തുകയാണല്ലോ പണി.
ഹൌ!
അതേയ്, പിന്നല്ല,ആട്ടെ, എന്നൊക്കെ ചില സ്ടര്റെര്സ് നമുക്ക് സംസാര ഭാഷയില്‍ ഉണ്ടായിരുന്നു.. നമ്മള്‍ അവയെ മാധ്യമവല്‍ക്കരിച്ചില്ല .. ഫ്രിഡ്ജും മിക്സിയും നമ്മള്‍ ദത്തെടുത്തു.ഇന്ഗ്ലിഷ് സംസാരിക്കുന്നതിലെ അധികമായ അഭിമാനം മൂലം ഇനി ഭാഷ വികസിക്കാന്‍ സാധ്യത കാണുന്നില്ല.
തീർച്ചയായും ബോറടിപ്പിക്കാതെ തന്നെ കാര്യം പറഞ്ഞു എന്ന് മാത്രമല്ല. അടിപൊളിയായിത്തന്നെ പറഞ്ഞു. നല്ല ഭാഷ, നർമ്മം, ധാർമ്മികരോഷം, സാഹിത്യം!
പോസ്റ്റും ബ്ലോഗിന്റെ പേരും ംംംമ്മ്...ന്താ ഒരു വാക്ക്..കിടിലോൽക്കിടിലം...അല്ല...ഉഗ്രൻ..പോരാ..ഉഗ്രോഗ്രൻ...നോ... ഉഗ്രാണിമസ്!!
Post a Comment