കേരളത്തിലെ ഏറ്റവും റിച്ചസ്റ്റ് ബിസിനസ് കുടുംബം ഏതാണെന്നാറിയാമോ? അല്ല, വീഗാഡ് ഫെയിം കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയല്ല. അങ്ങേരാണെന്നു തോന്നുന്നു ഇന്‍ കം ടാക്സ് കൊടുക്കുന്നതിലെ ഒന്നാമന്‍. അത് വിഗാഡ് ഗ്രൂപ്പിലെ കമ്പനികള്‍ അധികവും പ്രൊപ്പ്രൈറ്ററിയും പാര്‍ടണര്‍ഷിപ്പുമൊക്കെയായതുകൊണ്ടാ. അല്ല, കണ്ടത്തിക്കാരാണെന്നും (മനോരമ) തോന്നുന്നില്ല. അവരായിക്കും ഏറ്റവും പവര്‍ഫുള്‍ ഫാമിലി. അത് വേ, എന്റെ ചോദ്യം റെ. ശോഭാ ഡെവലപ്പേഴ്സിന്റെ മേനോനെക്കാളും ലോംഗ് സ്റ്റാന്‍ഡിംഗ് സക്സസ്? മണി മെയ്ക്കിംഗ് ഏത് കിംഗിനും പറ്റും. പക്ഷേ വെല്‍ത്ത് ക്രിയേറ്റു ചെയ്യാന്‍ ഭാഗ്യം മാത്രം പോരാ, ഭാവനയും വേണം (മീരാ ജാസ്മിനേ പൊറുക്കണേ). എന്റെ അറിവില്‍ കേരളത്തിലെ ഏറ്റവും സക്സസ്ഫുള്‍ ആയ ബിസിനസ് ഗ്രൂപ്പ് സിന്തൈറ്റാണ്. പലരും കേട്ടിട്ട് പോലുമില്ലാത്ത ഒരു ബിസിനസ് സ്ഥാപനം. (ഈയിടെ ചിലര്‍ കേട്ടിട്ടുണ്ട് - തേവരയിലെ റിവിയെറ റിട്രീറ്റ് അടക്കമുള്ള മികച്ച നിലവാരത്തിലുള്ള പാര്‍പ്പിട പദ്ധതികളിലൂടെ). സത്യത്തില്‍ കണ്‍സ്ട്രക്ഷന്‍ തന്നെയാണ് ഇവരുടെ പഴയ ഫീല്‍ഡ്. എറണാകുളത്തിന് കിഴക്കുള്ള കോലഞ്ചേരി സ്വദേശികളായ ചോക്കോപ്പിള്ള-പൈലിപ്പിള്ള എന്നീ സഹോദരങ്ങളുടെ കാലത്താണെന്ന് തോന്നുന്നു - എഴുപതുകളില്‍ - ഈ കുടുംബം ഒലിയോറെസിനുകള്‍ ഉണ്ടാക്കുന്ന ബിസിനസ്സിലേയ്ക്ക് തിരിഞ്ഞു.
കേരളത്തിന് എക്കാലവും പറ്റിയ ബിസിനസ് തന്നെ ഒലിയോറെസിന്‍സ് ആദിയായവയുടെ നിര്‍മാണം. സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് എന്ന് ഒലിയോറെസിനെ മലയാളത്തിലാക്കാം. A naturally occurring mixture of a resin and an essential oil; obtained from certain plants എന്ന് ഡിക്ഷനറി ഭാഷ്യം. ഇന്ത്യയിലെ ഒലിയോറെസിന്‍ കയറ്റുമതിയുടെ പകുതിയിലേറെ വരും സിന്തൈറ്റിന്റെ വിഹിതം. ഗ്രൂപ്പ് ടേണോവര്‍ എത്ര കോടി ഡോളര്‍ വരുമെന്നെനിക്കറിയാന്മേല. ഏതായാലും മോശമല്ലാത്ത വിധം കാണും. കുരുമുളക്, ഏലം, ഇഞ്ചി, പട്ട, ഗ്രാമ്പൂ തുടങ്ങിയ കേരളീയ വിളകളുടെ മാത്രമല്ല പുറത്തു നിന്ന് കൊണ്ടുവരുന്ന രാമച്ചം (ഫ്രം തമിഴ്നാട്) തുടങ്ങിയ സാധനങ്ങളുടേയും സത്തെടുത്ത് നല്ല വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതില്‍ മിടുക്കരാണ് സിന്തൈറ്റിനെപ്പോലുള്ള കമ്പനികള്‍.
പെര്‍ഫ്യൂം, ഫുഡ്, ഫീഡ് ഇങ്ങനെ ഒരുപാട് ഇന്‍ഡ്സ്ട്രികളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് ഒലിയോറെസിന്‍സ് തുടങ്ങിയ ഇവരുടെ ഉത്പ്പന്നനിര (ഇക്കൂട്ടത്തിലെ മറ്റൊരു വമ്പന്‍ കമ്പനിയാണ് അങ്കമാലിയിലുള്ള കാന്കോര്‍ - പാരഷൂട്ട് വെളിച്ചെണ്ണക്കാരുടെ ഗ്രൂപ്പിന്റെ). ഉദാഹരണത്തിന് കോഴിമുട്ടയുടെ മഞ്ഞയ്ക്ക് നല്ല കളറു കിട്ടാന്‍ ജമന്തിപ്പൂക്കളുടെ സത്ത് കോഴിത്തീറ്റ നിര്‍മാണവേളയില്‍ ആവശ്യമുള്ള സാധനമാണ്. സംഭവം നാച്വറലായതുകൊണ്ട് വേറെ സൈഡ് ഇഫക്ട്സില്ല, അതുകൊണ്ടു തന്നെ ലോകമെങ്ങും വന്‍ഡിമാന്‍ഡാ. പെര്‍ഫ്യൂമ്സിന്റെ കാര്യം പറയാനില്ല. ചരിത്രം മുഴുവനില്ലേ കുരുമുളകിനു വേണ്ടിയുള്ള കപ്പലോട്ടങ്ങള്‍? ലന്തയും പറങ്കിയും അറബിയും ശീമയുമെല്ലാം വായിലും മൂക്കിലും സുഗന്ധവീര്യമറിഞ്ഞത് മലബാറിന്റെ കറുത്ത പൊന്നിനാലല്ലേ? ഇന്നും അതിന് മാറ്റമില്ലെന്നാണ് പറഞ്ഞു വരുന്നത്. രാമച്ചത്തിന്റെ തമിഴ്പ്പേര് വെട്ടിവേര്‍. വെട്ടിയെടുക്കുന്ന വേര് എന്ന അര്‍ത്ഥമുള്ള അതേ വാക്കു തന്നെ ഇംഗ്ലീഷിലും പോപ്പുലര്‍. പോരാഞ്ഞ് ആഗോള ഫ്രഞ്ച് സുഗന്ധ ഭീമന്‍ ഗ്വെര്‍ലെയ്ന്‍ അതേ പേരില്‍ ഒരു പെര്‍ഫ്യൂമും ഇറക്കിയിരിക്കുന്നു.
അച്ഛന്റെ വീട്ടിന്റെ കുളത്തിന്റെ വക്കത്ത് നിന്നിരുന്ന കറ്റാര്‍വാഴയെ ഒരിക്കലും ഗൌനിക്കാതിരുന്നതില്‍ എനിക്കിപ്പോള്‍ ദു:ഖം തോന്നുന്നു. കാരണം ഇന്ന് ലോകമെങ്ങും ലഭ്യമായ എല്ലാ കോസ്മെറ്റിക് ഉത്പ്പന്നങ്ങളിലും അതിന്റെ ഏറ്റവും മികച്ച മോയ്സ്ചറൈസിംഗ് പ്രോപ്പര്‍ട്ടി കൊണ്ട് കറ്റാര്‍വാഴ (aloe vera) നായികയുടെ റോള്‍ അഭിനയിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ മാര്‍ക്കറ്റ് കാറ്റഗറികളും ഇന്ത്യയിലും ഇപ്പോള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. നല്ല കശുവണ്ടിപ്പരിപ്പ് ഇപ്പോള്‍ ഇന്ത്യക്കാരന് (ചില കേരളീയര്‍ക്കും) തിന്നാല്‍ ദഹിക്കാറായതുപോലെ. അതുകൊണ്ട് സിന്തൈറ്റിനേപ്പൊലുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലും ഇപ്പോള്‍ വന്‍ഡിമാന്‍ഡാണ്. പക്ഷേ ഇവിടെയും ഇവരെ ജനം അറിയുന്നില്ല. കാരണം മള്‍ട്ടിനാഷനല്‍ കമ്പനികളാണ് ഇവിടെയും ഇവരുടെ ക്ലയന്റ്സ്. ഇവരും ഒരു ദിവസം സ്വന്തം പെര്‍ഫ്യൂം ബ്രാന്‍ഡിറക്കില്ലേ? ഗ്രാമ്പൂ എന്ന ബ്രാന്‍ഡില്‍ ഒരു പെര്‍ഫ്യൂമിന്റെ പരസ്യം നന്ദിതാദാസ് മോഡലായി മരീ ക്ലയറിന്റെ ഔട്ട്സൈഡ് ബാക്ക് കവറില്‍ ഞാന്‍ ഈ ജന്മത്ത് കാണുകില്ലേ? സിന്തൈറ്റിന്റെ പുതിയ അമരക്കാരന്‍ ജോര്‍ജ് പോള്‍ (അതെ, സ്വാശ്രയ മാനേജ്മെന്റ് ലീഡറായി എം. എ. ബേബിയോട് ചര്‍ച്ചയ്ക്കു വന്ന ആ സാള്‍ട്ട് & പെപ്പര്‍ തലമുടിക്കാരന്‍) എന്നെങ്കിലും ഈ പോസ്റ്റ് കാണുകില്ലേ?
8 comments:
ബ്രില്യന്റ് വിശകലനം. രാംജിയുടെ നിരീക്ഷണങ്ങളില്‍ ഏറെക്കാലം മനസ്സില്‍ നില്‍ക്കുമെന്ന് ഉറപ്പുതോന്നിപ്പിച്ച വ്യത്യസ്തമായ ഒന്നാണിത്. നന്ദിത മോഡലായ മരീ ക്ലയര്‍ എന്ന് വായിച്ചപ്പോള്‍ തലയും കുത്തിവീണുപോയി.
പക്ഷെ സത്തിനെ സ്വത്ത് എന്ന് തെറ്റിച്ചെഴുതിയിരിക്കുന്നുവല്ലോ?
പെരിങ്സിന്റെ കമന്റ് വായിക്കും മുമ്പേ സ്വത്ത് സത്താക്കി. ജിഷിക്ക് (www.jishisamuel.com) നന്ദി.
ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഓര്‍ത്തത് ഒരു പക്ഷെ ഇത് പോലെ എഴുതുവാന്‍ കഴിയുമായിരുന്ന മറ്റൊരാളെക്കുറിച്ചാണ്. ദേവന്‍ മലവെള്ളപ്പാച്ചില്‍ പോലെ വന്ന ബ്ലോഗുകളുടെ കമന്റില്‍ പാഴാക്കിയ ഊര്‍ജ്ജവും വിജ്ഞാനവും ഏറ്റവും മികവോടെ ഉപയോഗിക്കുകയായിരുന്നു ‘തിരഞ്ഞെടുക്കാത്ത വളിപ്പുകളില്‍’ രാം മോഹന്‍. പിന്നെയൊരു കാലത്തു ദേവന്‍ സ്വയം നഷ്ടപ്പെടുത്തിയ കൌതുകവും തന്ത്രപരമായ രാഷ്ട്രീയവും വിജ്ഞാനവും പ്രതിഫലിക്കുന്ന കുറച്ചെങ്കിലും കമന്റുകളെ വീണ്ടെടുക്കുവാന്‍ ശ്രമിച്ചിരുന്നെങ്കിലും ബ്ലോഗുകള്‍ക്കു എഴുതിയിരുന്ന അനായാസമായ ശൈലിയില്‍ അദ്ദേഹത്തിനു ‘ലോകത്തിനിട്ടൊരു കമന്റടിക്കുവാന്‍’ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
യാദൃശ്ചികം, വ്യാഴാഴ്ച രാത്രി, സേതുവിന്റെ പരിപാടിക്ക്, കൈതക്കാട്ടില്‍ വെച്ച് ദേവനെ പരിചയപ്പെട്ടു. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞമില്ലായ്മ. പെരിങ്സിന്റെ കോമ്പ്ലിമെന്റ്സ് ഇന്നെന്റെ ഉറക്കം കളയും, ഥാങ്ക്സ്.സിബുവിനോട് ഒരിക്കല്‍ പറഞ്ഞത് പെരിങ്സിനോടും പറയുന്നു. ലിങ്ക് ഇടുമ്പോള്‍ പുതിയ ജനാല തുറക്കാന്‍ പാകത്തിന് ഇടുക. എന്നെപ്പോലുള്ള വിഷയമ്മാറ്റികള്‍ക്ക് ഏണി വെച്ചു കൊടുക്കല്ലേ.
ഒരേണി എന്റെ വക. നല്ല പോസ്റ്റ്. ചില വാസ്തുശാസ്ത്രങ്ങള്‍ക്കുള്ളില്‍ പെട്ടാല്‍ തച്ച് തിരിയില്ല.അതുകൊണ്ടാണ് ജനാലപണിയാതെ തിരിച്ചുപോകുന്നത്..
തീരെ സമയമില്ലാത്ത നേരത്തും, നിര്‍ബന്ധപൂര്‍വ്വം വായിക്കുന്ന ഒന്നാണു ഈ ബ്ലോഗ്. നന്ദിയുണ്ട്, മറ്റു പലതിനെക്കാളും നന്നായി ഈ പോസ്റ്റ്.
വളരെ മികച്ച ലേഖനം മാഷെ. നന്ദി.
നല്ല ലേഖനം.എട്ടു ചുള മലേഷ്യന്‍ ചക്ക 17 ദിര്‍ഹത്തിന് വാങ്ങി കഴിച്ച ദിവസം നാട്ടിലെ പറമ്പില്‍ ചീഞ്ഞു കിടക്കുന്ന ചക്ക സ്വപ്നം കണ്ടത് ഓര്‍ത്തുപോയി.
Post a Comment