
കുറസോവയുടെ റാന്‍ കണ്ടപ്പോള്‍ മനസ്സില്‍ കയറിപ്പറ്റിയ ഒരു സബ്-ടൈറ്റ്ല് വര്‍ഷം 17 കഴിഞ്ഞിട്ടും ഓര്‍മിക്കാന്‍ കഴിയുന്നതിന്റെ 101% ക്രെഡിറ്റ് ആ സബ്ടൈറ്റിലിനുള്ളതാണ്. ബാക്കിയുള്ള 'മൈനസ് 1%' അത് ഓര്‍ക്കുന്ന ആള്‍ക്കും - "Man is born crying and when he is cried enough, he dies".
ഒരു മനുഷ്യക്കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ അതിന്റെ മിക്കവാറും എല്ലാ അവയവങ്ങളും ചെറിയ തരത്തിലെങ്കിലും രൂപപ്പെട്ടു കാണും എന്ന് വായിച്ചതും ഓര്‍ക്കുന്നു, ലൈക്ക് യൂട്രസ് പോലും. എന്നാല്‍ ഈയിടെ പറയുന്നതുകേട്ടു കണ്ണീര്‍ഗ്രന്ഥി മാത്രം രൂപപ്പെടുന്നത് ജനിച്ച് കുറേക്കാലം കഴിഞ്ഞാണെന്ന്. ച്ഛായ്, ദൈവം ഇത്ര അരസികനോ എന്നാണ് അതുകേട്ടപ്പോള്‍ ആദ്യം തോന്നിയത്. കുറസോവ എഴുതിയ പോലെ കരഞ്ഞുകൊണ്ട് നാം ജനിക്കുന്നു. പക്ഷേ ആ കരച്ചില് കണ്ണീരില്ലാക്കരച്ചിലാണെന്ന് വേണം കരുതാന്‍. കുഞ്ഞായിരുന്നപ്പോഴുള്ള കരച്ചിലുകളെല്ലാം സങ്കടക്കരച്ചിലുകളുമല്ല. സ്വാദ് നോക്കാന്‍ ദൈവം നമുക്കു തന്ന അവയവത്തെ ദുരുപയോഗം ചെയ്യാനുള്ള ഭാഷാവരം വരും വരെയുള്ള കമ്മ്യൂണിക്കേഷനുകളാണ്, ശ്രദ്ധ ക്ഷണിക്കലുകളാണ് പല കരച്ചിലുകളും. പക്കടാംകുട്ടി പോലും പെട്ടെന്നു തന്നെ പെറ്റെണീറ്റ് തുള്ളിക്കുതിക്കാനും വേണ്ടപ്പോള്ച്ചെന്ന് പരസഹായം കൂടാതെ പാലു കുടിക്കാനും റെഡി (അതുകണ്ടുള്ള അസൂയകൊണ്ടായിരിക്കും അങ്ങനെ കുറെയെണ്ണത്തിനെ ഡൊമസ്റ്റിക്കേറ്റ് ചെയ്തത്!) മനുഷ്യക്കുഞ്ഞോ, വിശന്നാലും കിടന്ന് കരയുകയേ നിവര്ത്തിയുള്ളു, അപ്പിയിലാണെങ്കിലും തഥൈവ. കണ്ണീര്‍ഗ്രന്ഥികള്‍ രൂപപ്പെടുന്നതു തന്നെ പൊടിയും അഴുക്കുമില്ലാത്ത ഗര്‍ഭപാത്രത്തില്‍ നിന്ന് അതു മാത്രമുള്ള ഭൂലോകജീവിതത്തിലെത്തുമ്പോഴുള്ള കണ്ണുകളുടെ സാനിറ്റേഷനെ ലാക്കാക്കിയാണെന്നും കരുതണം. കണ്ണീരേ, ഹാ, കഷ്ടം, നീയും മറ്റൊരു ദുരുപയോഗം. മരുമകന് 4 വയസ്സുള്ളപ്പോള്‍ ചേച്ചിയോട് (അവന്റെ അമ്മയോട്) ചോദിക്കുന്ന കേട്ടു: അമ്മ കരഞ്ഞട്ടല്ലെ കണ്ണീന്ന് വെള്ളം വന്നത്? (മക്കള്‍ക്ക് നാലു വയസ്സാകുന്നതിനോടടുപ്പിച്ച് ധാരാളം കണ്ണീരൊഴുക്കുകയെന്നത് അമ്മമാരുടെ വിധിയോ എന്ന് അനവസരത്തില്‍ ഒരു ചോദ്യം). മനുഷ്യനും മുതലയ്ക്കുമല്ലാതെ മറ്റര്‍ക്കെങ്കിലും കണ്ണീരുണ്ടൊ? മനുഷ്യനായാലും മുതലയ്ക്കായാലും അഴുക്ക് കഴുകിക്കളയാന്‍ മാത്രമുള്ളതല്ലെ കണ്ണീര്? ദു:ഖം കണ്ടുപിടിക്കാന്‍ മനുഷ്യരോടാരു പറഞ്ഞു? കരയിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ദൈവം മനുഷ്യനെ ഇങ്ങു വിട്ടതെന്ന് തീര്‍ച്ച. അല്ലെങ്കില്‍ ജീവിതത്തിലൊരിക്കലും ഉപയോഗമില്ലാത്ത രണ്ടു മുലകള്‍ ആണിനും ഫിറ്റു ചെയ്യാന്‍ മറക്കാതെ പോയ ദൈവം എന്തേ കണ്ണീര്ഗ്രന്ഥികളുടെ കാര്യം മറന്നു? ഒന്നാലോചിച്ചാല്‍ കഷ്ടമാണ് മനുഷ്യന്റെ കാര്യം - മനുഷ്യന് മാത്രമല്ലെ സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെ ഇത്രകണ്ട് ദു:ഖിപ്പിക്കുകയും സ്വന്തം വര്ഗത്തില്പ്പെട്ടവരാല് ദു:ഖിപ്പിക്കപ്പെടുകയും ചെയ്യുന്നുള്ളു? കൊല്ലുന്നുള്ളു? (തിന്നാനല്ലാതെ മറ്റു വര്‍ഗത്തില്‍പ്പെട്ട ജീവികളെപ്പോലും മറ്റ് ജന്തുക്കള്‍ കൊല്ലുന്നുണ്ടൊ?) സ്വവര്‍ഗത്തോടുള്ള ഹിംസയുടെ കാര്യം - മനുഷ്യന് സമാധാനപ്രതീകമായി കാണുന്ന പ്രാവുകള്‍ പോലെ ഏതാനും ജീവികള്‍ മാത്രമാണ് മനുഷ്യനെപ്പോലെ സ്വവര്ഗത്തെ കൊല്ലുന്നത്. സ്വവര്‍ഗ ദു:ഖിപ്പിക്കലുകള് അധികവും ഡൊമസ്റ്റിക്കേറ്റഡ് (കോമ്പ്ലിക്കേറ്റഡ് എന്നു വായിക്കുക) അനിമത്സിനാണധികവും എന്നുമുണ്ടൊ? "If dogs could speak, we should find hard to get on them as we do with people" എന്നു വായിച്ചതും ഓര്‍ക്കുന്നു. കണ്ണീരിന്റെ, ചോരയുടെ, നാക്കിന്റെ ദുരുപയോഗങ്ങള്‍, ഹാ!
1 comment:
കണ്ണുനീരുകൊണ്ട് ഉപജീവനം നടത്തുന്നവര്‍:
സീരിയല്‍ നടിമാര്‍, കവികള്‍...
ആകാശദൂത് സിനിമ വിജയിച്ചത് തന്നെ കണ്ണുനീര് വിറ്റ് കാശാക്കിയാണ്. തൂവാല ഫ്രീ കൊടുത്തിരുന്നു. അപ്പോള്‍ സാമ്പത്തികശാസ്ത്രത്തിലും കണ്ണുനീരിന് പങ്കുണ്ട്.
തിന്നാനല്ലാതെ കൊല്ലുന്നവര്‍ എന്ന അപവാദം കേള്‍ക്കേണ്ട എന്ന് വെച്ച് ഇദി അമീന് തിന്നുനോക്കാമെന്ന് പറഞ്ഞപ്പോള്‍ അതും സമ്മതിച്ചില്ല.
ലിംഗമാറ്റം വേണ്ടിവരുമ്പോള്‍...?
Post a Comment