Wednesday, September 19, 2007

എന്റെ നാടുകടത്തല്‍


കൊതുകും പവര്‍കട്ടുമില്ലാത്ത നാട്, ചീറിപ്പായുന്ന കാറുകള്‍, എയര്‍കണ്ടീഷഡ് അകങ്ങള്‍, എല്ലാം കിട്ടുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, പത്തിരട്ടി ശമ്പളം... നാട്ടിലായിരുന്നപ്പോള്‍ ഇത്തരം അരാഷ്ട്രീയ സ്വപ്നങ്ങള്‍ കണ്ടാണ് വിദേശത്തേയ്ക്ക് കടന്നത്. ഇവിടെ വന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ തിരിച്ചായി സ്വപ്നങ്ങള്‍ - മഴ പെയ്യുന്ന രാത്രികള്‍, അലസമായ വൈകുന്നേരങ്ങള്‍, പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍, ശബ്ദങ്ങള്‍... ഈയിടെ ജാതകം മറിച്ചു നോക്കിയപ്പോഴാണ് വിരസകരമായ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത് - ‘വിദേശവാസത്തെ‘ ശിക്ഷയായാണ് ഭാരതീയ ജ്യോതിഷം കാണുന്നത്. ഒരു ചീത്തക്കാലത്ത്, അന്നത്തെ ദശയും ഗ്രഹനിലകളുമെല്ലാം വിശദീകരിച്ചിട്ട് പറയുന്നു - ഇതിനാല്‍ വിദേശവാസവും ഫലം എന്ന്. പണ്ട് വലിയ കുറ്റങ്ങള്‍ ചെയ്തവരെ ആന്‍ഡമാനിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കുമെല്ലാം നാടുകടത്തിയിരുന്നതിന്റെ പൊരുള്‍ അഞ്ചാറുവര്‍ഷം വിദേശവാസമനുഷ്ഠിച്ചപ്പോള്‍ത്തന്നെ പൂര്‍ണമായും ബോധ്യമായി. ഒടുവിലത്തെ യാത്ര ഇരുന്നാകുമോ കിടന്നാകുമോ എന്നത് മാത്രമാണ് ഇപ്പോഴത്തെ ദാര്‍ശനികപ്രശ്നം. ആരോഗ്യവും സമാധാനവും ചെലവിട്ട് പണമുണ്ടാക്കാന്‍ ശ്രമിക്കാന്‍ ഒരു കാലം. പിന്നീട് ആ പണം ചെലവിട്ട് ആരോഗ്യവും സമാധാനവും ഉണ്ടാക്കാന്‍ ഒരു കാലം - ഇരുന്ന് പോകാന്‍ പറ്റിയാലും അതായിരിക്കും പരമാവധി. നാട്ടിലായിരുന്നപ്പോള്‍ നല്ലകാലം വരാത്തതുകൊണ്ട് നല്ലകാലം തേടി മറുനാട്ടിലേയ്ക്കു പോയി. നായാടിരാമന് ശുക്രദശ വന്നു എന്നാലര്‍ത്ഥം അയാള്‍ പ്രഭുവാകുമെന്നല്ല അയാള്‍ക്ക് നാല് മരപ്പെട്ടിയെ കൂടുതല്‍ കിട്ടുമെന്നാണെന്ന് പറഞ്ഞുകേട്ട കാലത്ത് എനിക്ക് ശുക്രദശയായിരുന്നു. ശുക്രദശ വന്നു എന്നാലര്‍ത്ഥം അര്‍ത്ഥം തെളിയുമെന്നല്ല നല്ല പഴഞ്ചൊല്ലുകള്‍ കേള്‍ക്കുമെന്ന് മാത്രം.

6 comments:

കുഞ്ഞന്‍ said...

വളരെ അര്‍ത്ഥവത്തായ വീക്ഷണം..

പണത്തിനു പുറകെപ്പോയി, പിന്നീട് അതേ പണംകൊണ്ട് ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ പെടുന്ന പാട്...

ശ്രീ said...

"മഴ പെയ്യുന്ന രാത്രികള്‍, അലസമായ വൈകുന്നേരങ്ങള്‍, പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍, ശബ്ദങ്ങള്‍..."

എന്തൊക്കെയായാലും മലയാളികള്‍‌ക്കു പ്രിയം മലയാള നാടു തന്നെ, അല്ലേ?

നല്ല ലേഖനം.
:)

മഹിമ said...

നന്നായിരിക്കുന്നു!

പ്രവാസത്തിന്റെ ഏറ്റവും ലളിതമായ ആവിഷ്ക്കാ‍രം. ‘ഓക്കു മരത്തിന്റെ വിത്തില്‍ അനേകം വനങ്ങളുടെ സൃഷ്ടി സാധ്യത ഉറങ്ങിക്കിടപ്പുണ്ട്’ എന്നപോലെ, വരികള്‍ക്കിടയില്‍ ഒരായിരം ആശയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.

വക്കാരിമഷ്‌ടാ said...

എന്റെ നാട് കടത്തില്‍. അതുകൊണ്ട് പുറം നാട്ടിലേക്ക് പോയി :)

നാടോടുമ്പോള്‍ നടുവെ ഓടുക എന്ന് വെച്ചാല്‍ വിലങ്ങനെ ഓടുകയാണോ ഓടുന്നവരുടെ നടുവിലായി ഓടുന്ന ദിശയില്‍ തന്നെ ഓടുക എന്നാണോ.

നാടിപ്പോള്‍ മറുനാടായി. അതുകൊണ്ട് കിളി പാടും കാവുകളും അലഞ്ഞൊറിയും പാടങ്ങളും (കഃട് രാഗം ടെക്‍സ്റ്റൈത്സ് തിരുവല്ലയുടെ റേഡിയോ പരസ്യം)പ്രതീക്ഷിച്ച് നാട്ടിലേക്ക് പോന്നിട്ട് കാര്യമില്ല. പിന്നെ അക്കരെമാത്രം പച്ച കാണാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഇനി നാട്ടിലേക്ക് വന്നിട്ട് മറുനാട്ടിലെ അലസ‌സായാഹ്‌നങ്ങളെപ്പറ്റിയോര്‍ത്ത് നെടുവീര്‍പ്പിടാം.

വേണു venu said...

പണമില്ലാത്തവന്‍‍ പട്ടിയാണെന്നു മനസ്സിലായപ്പോള്‍‍ ഞാനും പണമുണ്ടാക്കാന്‍ നാടുകടത്തല്‍‍പെടലിനാഗ്രഹിച്ചു.
നാടുകടത്തപ്പെട്ട എനിക്കു് പണമായപ്പോള്‍ എനിക്കും ഉള്‍വിളിയുണ്ടായി.
പണം ഏതു പട്ടിക്കും ഉണ്ടാക്കാനൊക്കും എന്നു് .
വിദേശയാത്ര ശിക്ഷയാണെന്ന ജ്യോതിഷവും, അങ്ങും ചോതി അടിയനും ചോതിയെന്ന ഉത്തരവും,
മരപ്പട്ടി കൂടുതല്‍ കിട്ടുന്ന ഫലം തരുന്ന ശുക്രനും.
ഒരു മറുനാടന്‍‍ മലയാളിയൂടെ മനസ്സെഴുതിയിരിക്കുന്ന വരികളെനിക്കിഷ്ടപ്പെട്ടു. വരികള്ക്കുള്ളിലിരിന്നു വിങ്ങുന്ന ചിരിയേയും ഞാനിഷ്ടപ്പെട്ടു.:)

One Swallow said...

അത് വക്കാരി പറഞ്ഞത് കറ കളഞ്ഞ കറക്റ്റ്. ഒരിക്കല്‍ ഏലീനേഷന്‍ അനുഭവിച്ചിരുന്ന സ്ഥല-കാലങ്ങളെ ഓര്‍ത്ത് നൊസ്റ്റാള്‍ജിന്‍ കഴിക്കും പാവം ഹോമോ ശാപ്പിയന്‍

Related Posts with Thumbnails