Thursday, September 20, 2007

പാന്റിട്ട മുണ്ടശ്ശേരി


ബേബിസ്സഖാവിന്റെ മേത്ത് കുതിര കേറാത്തവര്‍ ചുരുങ്ങും. എല്ലാം സ്വാശ്രയം വരുത്തി വെച്ച വിന. മുണ്ടുടുത്തവരെല്ലാം മുണ്ടശ്ശേരിയാവില്ല എന്ന് രമേശ് ചെന്നിത്തല. മനോരമ അവര്‍ക്കുവേണ്ടിത്തന്നെയുണ്ടാക്കിയ ടീവി പരസ്യത്തില്‍ ഒരു സ്ക്കൂള്‍ വിദ്യാര്‍ത്ഥിയെക്കൊണ്ടാണ് ബേബിയെ കളിയാക്കിയത് (കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി എം. എ. ബോബി, കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി എം. എ. ബോബി...). മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ പിന്നെ ബേബിയെ ബോബി എന്നല്ലാതെ വിളിച്ചിട്ടില്ല. മനോരയുടെ ഹ്യൂമര്‍ ഈസ് ഇന്‍ വെരി ബാഡ് റ്റെയ്സ്റ്റ് എന്നു തന്നെ പറയണം. charity begins at home എന്നല്ലെ. എങ്കില്‍ സ്വന്തം സഭക്കാരനായ ഉമ്മന്‍ ചാണ്ടിയെയായിരുന്നു കളിയാക്കേണ്ടിയിരുന്നത്. ഉ നീട്ടിയോ ച കുറുക്കിയോ എങ്ങനെയും. പറഞ്ഞു വന്നത് അതല്ല. നമ്മുടെ വെനിസ്വേലയില്‍, അതെ സഖാവ് ഹ്യൂഗോ ഷാവേസ് ഭരിക്കുന്ന വെനിസ്വേലയില്‍, വിപ്ലവവീര്യത്തില്‍ മുണ്ടശ്ശേരിയെ പിന്നിലാക്കുന്ന ഒരു വിദ്യാഭ്യാസമന്ത്രി. സ്വകാര്യ സ്ക്കൂള്‍ മാനേജര്‍മാരെ മൂക്കു കയറിടുമെന്നാണ് മുണ്ടശ്ശേരി പറഞ്ഞതെങ്കില്‍ ഇന്നലെ അവിടെ സഖാക്കള്‍ ഒരു പടി കൂടി കടന്നു. പറഞ്ഞതനുസരിച്ചില്ലെങ്കില്‍ സ്വകാര്യ സ്ക്കൂളുകള്‍ മുഴുവന്‍ പൂട്ടിക്കളയുമെന്നാണ് ഭീഷണി, പിന്നീടവ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും. പ്രീ-മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സിലബസ്സില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഇവിടെയായിരുന്നെങ്കില്‍ ഒരു വിമോചനത്തിന് സ്കോപ്പുണ്ടായിരുന്നു. എറണാകുളത്ത് ഒരു ലേഡി ഡോക്റ്റര്‍ ചെരിപ്പുമാലയണിഞ്ഞത് ഓര്‍മയുണ്ടൊ? ഡോക്ടര്‍മാരെയും മറ്റും സോഷ്യലി റെസ്പോണ്‍സിബ് ള്‍ ആക്കാന്‍ മാനിഫെസ്റ്റോ പഠനം നല്ലതു തന്നെ. ഒരു സങ്കടമേയുള്ളു - ഈ വിദ്യാഭ്യാസ മന്ത്രി ആള് ഹ്യൂഗോ ഷാവേസിന്റെ സഹോദരനാണ്. പേര് അഡാന്‍ ഷാവേസ്. സീസറിന്റെ ഭാര്യ ശുദ്ധയായിരിക്കണമെന്ന് മറ്റാരേക്കാളും ആഗ്രഹം സീസറിന്റെ പാര്‍ട്ടിക്കാര്‍ക്കായിരിക്കുമല്ലൊ. എന്തായാലും ഒരു കാര്യത്തില്‍ ആശ്വസിക്കാം - വിദ്യാഭ്യാസവും കച്ചവടമാക്കാമെന്നും ലാ‍ഭം മാത്രമാണ് ആത്യന്തിക സത്യമെന്നും സാമൂഹ്യനീതി എന്നത് കയ്യില്ലാത്തവനും ധോണിയുമെല്ലാം ഒരേ ടേംസോടേ കളിച്ചു നേടേണ്ട 20-20 കളിയാണെന്നും നിശ്ചയിക്കാന്‍ ശ്രമിക്കുന്നവരുടെ ലോകത്ത് ഒരു വെനിസ്വേല ബാക്കിയുണ്ടല്ലൊ.

4 comments:

R. said...

ഒരു വെനിസ്വേല ബാക്കിയുണ്ടല്ലൊ.

Ack. :-)

simy nazareth said...

കയ്യില്ലാത്തവനും ധോണിയും കൂടുള്ള ട്വന്റി-ട്വന്റി ഇഷ്ടപ്പെട്ടു. എന്നാലും ഷാവെസ് ആജീവനാന്തകാലം ഭരിക്കുമെന്നാ പറയുന്നെ. ഭരണഘടന മാറ്റാന്‍ പോന്നുപോലും. എനിക്കുശേഷം പ്രളയം എന്നുവിചാരിച്ചാ എന്തുചെയ്യാനാ?

Unknown said...

എ.കെ. ആന്റണി കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ എന്നെ സഭ പറ്റിച്ചേ പറ്റിച്ചേ എന്ന് പറഞ്ഞു നടന്നതല്ലാതെ ഒരാളെയും മെരിറ്റില്‍ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല.സഭ പറ്റിക്കും എന്ന് മനസിലയതിന്നു ശേഷം അനുവാദം കൊടുത്ത കോളേജിലും അതിന് വേണ്ടി ശ്രമിച്ചില്ല.എന്നാല്‍ കോടതിയുടെയും സഭുടെയും 'വിശ്വാസികളുടെയും'? ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടും ഒരാളെ എങ്കിലും മെരിറ്റില്‍ പഠിപ്പിച്ചത് രണ്ടാം മുണ്ടശ്ശേരി എന്ന് മാധ്യമങ്ങള്‍ പറയുന്ന എം.എ.ബേബി മന്ത്രി ആയിരുന്നപ്പോള്‍ ആണ് എന്ന് ഒന്നു ഓര്‍ക്കുന്നത് നല്ലതാണു .

Unknown said...

എ.കെ. ആന്റണി കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ എന്നെ സഭ പറ്റിച്ചേ പറ്റിച്ചേ എന്ന് പറഞ്ഞു നടന്നതല്ലാതെ ഒരാളെയും മെരിറ്റില്‍ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല.സഭ പറ്റിക്കും എന്ന് മനസിലയതിന്നു ശേഷം അനുവാദം കൊടുത്ത കോളേജിലും അതിന് വേണ്ടി ശ്രമിച്ചില്ല.എന്നാല്‍ കോടതിയുടെയും സഭുടെയും 'വിശ്വാസികളുടെയും'? ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടും ഒരാളെ എങ്കിലും മെരിറ്റില്‍ പഠിപ്പിച്ചത് രണ്ടാം മുണ്ടശ്ശേരി എന്ന് മാധ്യമങ്ങള്‍ പറയുന്ന എം.എ.ബേബി മന്ത്രി ആയിരുന്നപ്പോള്‍ ആണ് എന്ന് ഒന്നു ഓര്‍ക്കുന്നത് നല്ലതാണു .

Related Posts with Thumbnails