Thursday, November 29, 2007

മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം (വ്ലാഡിമറിന് കടല അനിവാര്യം)


ചില ചെറിയ ഞെട്ടലുകള്‍ ജീവിതത്തെ രസകരമാക്കുന്നു. കഴിഞ്ഞ ദിവസം ഒന്ന് ചെറുതായി ഞെട്ടി(ല്ലാ‍ വട്ടയില). മലയാളത്തില്‍ സെര്‍ച്ച് ചെയ്യാമെന്ന കാര്യം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബ്ലോഗുന്ന നമ്മുടെ ഒന്നാന്തരം കവി ഉമ്പാച്ചിക്ക് അറിയില്ല പോലും. ഇങ്ങനെയാണെങ്കില്‍ ഇത് പലര്‍ക്കും അറിയാന്‍ സാധ്യതയില്ലല്ലോ എന്നോര്‍ത്താണ് ഈ പോസ്റ്റ്. അറിഞ്ഞ് മടുത്തവര്‍ക്ക് വാ പൊത്താതെയും ചിരിക്കാം. ഇതിനാണ് ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് എന്നു പറയുന്നത്. ഇത് എന്ന് മുതലാണ് നടപ്പായത് എന്ന് അറിയാമ്മേല. എന്തായാലും ഫൂ‍മിയിലെ പ്രധാന പാതാളക്കരണ്ടികളായ (സെര്‍ച്ച് ഇഞ്ചിപ്പെണ്ണിന്റെ മലയാളമാണ് പാതാളക്കരണ്ടി. കിണറുകള്‍ ഞങ്ങള്‍ക്ക് പണ്ടേ പരിചിതമായതുകൊണ്ട് സെര്‍ച്ച് ഇഞ്ചിനീരും സായിപ്പിനേക്കാട്ടും മുമ്പേ അറിയാം) ഗൂഗ്ളിലും എമ്മെസ്സെന്നിലും യാഹുവിലും മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം. ഇത് വായിക്കുന്ന ഒച്ച് പത്രക്കാരുണ്ടെങ്കില്‍ (സ്നെയില്‍ മെയില്‍ പോലത്തെ ഏര്‍പ്പാടാ ഈ അച്ചടിപ്പത്രമാസികാ പ്രസിദ്ധീകരണം. 24 മണിക്കൂറെങ്കിലും ഗ്യാപ്പ് കാണും. മഷിയും മുളയും മെനക്കെടീലും അസാരം വേണം താനും)... ഉണ്ടെങ്കില്‍ ‘മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം’ എന്ന ഈ വാര്‍ത്ത ഒന്ന് കൊടുക്കണെ (ഫയര്‍ ഐറ്റമാണെങ്കില്‍ കമന്റ് ബോക്സ് വരെ ചിത്രമാക്കി കൊടുക്കത്തില്ലേ. ഇത് ജനോപകാരപ്രദം).

അതല്ല രസം. ചില സെര്‍ച്ചുകളില്‍ ഇംഗ്ലീഷ് സെര്‍ച്ചിംഗിനെ മലയാളം സെര്‍ച്ചിംഗ് പിന്തള്ളിയിരിക്കുന്നു. ഉദാഹരണത്തിന് 'malayalam' എന്ന വാക്ക് ഇംഗ്ലീഷിലടിച്ച് സെര്‍ച്ച് ചെയ്യുമ്പോ ഗൂഗ് ളില്‍ 1.2 കോടി (12 മില്യന്‍) ഫൈന്‍ഡുകളാണ് വരുന്നത്. ‘മലയാളം’ എന്ന് യൂണികോഡ് മലയാളത്തിലടിച്ച് നോക്കുമ്പോള്‍ 1.9 കോടിയും (19 മില്യന്‍). മാതൃഭൂമി യൂണികോഡിലായെന്ന് കേട്ടു. എന്നിട്ടും മലയാളത്തില്‍ സെര്‍ച്ച് ലൈറ്റടിച്ച് നോക്കിയാലധികവും കിട്ടുന്നത് വിക്കിമലയാളത്തില്‍ നിന്നും ബ്ലോഗന്നൂരില്‍ നിന്നുമുള്ള ഫൈന്‍ഡുകള്‍. ഒച്ച് പത്രക്കാര്‍ ഇവിടെ ശ്രദ്ധിക്കണം - മലയാളപത്രസൈറ്റുകളെല്ലാം യൂണികോഡാകുമെന്നാണ് പ്രവചനം - അല്ലെങ്കിലും ഭൂതകാലത്തെ വിലയിരുത്തുന്നതിനേക്കാള്‍ എളുപ്പമാണ് ഭാവിപ്രവചനം. (തൃശൂര്‍ എഡിഷന്‍ ആദ്യം തുടങ്ങി ഗോളടിച്ച പോലെ ഇവിടെയും റോബിന്‍സണ്‍ റോട്ടിലെ മുത്തശ്ശി ഗോളടിച്ചു). പത്രങ്ങളെല്ലാം യൂണികോഡ് ആയാ‍ല്‍ അവയുടെ ആര്‍ക്കൈവ്സ് തപ്പാന്‍ ഒരു സെക്കന്റ് മതി - മലയാളത്തില്‍ സെര്‍ച്ച് ചെയ്താല്‍ മതി. അപ്പോഴേയ്ക്കും വിക്കിമലയാളവും വിക്കലെല്ലാം പിന്നിട്ട് മിടുക്കിയാവും. ലോകത്തിലെ ഒന്നാം ഭാഷ ചൈനീസ് ആവുന്ന സമീപഭാവിയില്‍ ഇന്റര്‍നെറ്റിലെ പതിമൂന്നാം ഭാഷയെങ്കിലും മലയാളമാവില്ലെന്നാരു കണ്ടു? ഒരു ഭാഷയുടെ പ്രാമാണ്യം നിശ്ചയിക്കുന്നത് അത് ഉപയോഗിക്കുന്നവരുടെ എണ്ണത്തേക്കാള്‍ അവരുടെ ആക്റ്റീവ് ഇടപെടലുകളുടെ ബാഹുല്യമായിരിക്കുമല്ലൊ!

ഉമ്പാച്ചിയേ, നിന്റെ അറിവുകേട് ഇക്കുറി ക്ഷമിച്ചിരിക്കുന്നു. മലബാറിന്റെ പിന്നോക്കാവസ്ഥ, സമുദായിക പിന്നോക്കാവസ്ഥ എന്നെല്ലാം പറഞ്ഞ് വന്നാ അത് നെറ്റില്‍ ഓടൂല. ഇവിടെ എല്ലാവനും ഈക്വല്‍. സമ്മാര്‍ മോര്‍ ഈക്വല്‍ എന്ന തമാശയും ഇവിടെ വേവൂലാ. അല്ലെങ്കിലും അതൊക്കെ എന്തിന് പറയുന്നു - ഈ കവികളെ പറഞ്ഞാല്‍ മതിയല്ലൊ. ഒന്നിനും പ്രായോഗികബുദ്ധി തീരെയില്ല. ഇത്രയ്ക്കെങ്കിലുമൊക്കെയെത്തിയല്ലൊ എന്ന് സമാധാനി. (കവികള്‍ ജീവിതത്തില്‍ പരാജയപ്പെടുന്നു. ജീവിതത്തില്‍ പരാജയപ്പെടുന്നവരെല്ലാം കവികളാവുന്നില്ല സര്‍). എമ്മെസ്സെനില്‍ പോയി ‘ഉമ്പാച്ചി’ എന്നൊന്ന് സെര്‍ച്ചി നോക്കിയാട്ടെ - 66 ഉമ്പാച്ചിയാ വരുന്നത്. നല്ല പെടയ്ക്കണ ഐക്കൂറേന്റെ ശേല്ക്ക്! ഉമ്മ വെച്ച പത്തിരി തിന്നണംന്ന് വെച്ചാ നീ ദുബായിലായിപ്പോയതോണ്ട് അത് ഇന്ന് നടപ്പില്ലെങ്കി എന്തിന് വെഷമിക്കണം - ആ 66 ഐക്കൂറേനേം മുയ്മന്‍ നീ വറുത്തു തിന്നോ. ഞങ്ങ കൊച്ചിക്കാര് ‘നെയ്മീന്‍’ എന്ന് ഗൂഗ് ളില്‍ വല വിരിച്ചപ്പൊ ദേ കെടക്കണ് 136 എണ്ണം. അപ്പ ആരാ ജയ്ച്ചത്? മുകളില്‍ വലതുവശത്ത് സര്‍വേ ഓപ്ഷന്‍സ്. നിങ്ങളുടെ വോട്ട് ചെയ്തിട്ട് പോകുമല്ലൊ.

(PS: പുട്ടിന് (ഓഹ്, വ്ലാഡിമറല്ല) കടല അനിവാര്യം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഓഗസ്റ്റ് 15-നാണല്ലൊ, ചത്ത കുതിര ഓടുന്നില്ല... തുടങ്ങിയ എല്ലാര്‍ക്കും അറിയുന്ന കാര്യങ്ങള്‍ പറയുകയോ എഴുതുകയോ ചെയ്യരുത് എന്ന ഭരതന്‍സാറിന്റെ ഉപദേശമോര്‍ത്തിട്ടാണ് തലക്കെട്ടിലെ ബ്രാ-ക്കെട്ട്)

27 comments:

സുല്‍ |Sul said...

ഹഹഹ. കൊള്ളാം.
ഇതിനിയും അറിയാത്ത ബുലോഗനോ? കൈപള്ളി നാഴികക്ക് നാല്പതു വട്ടം പാടി നടക്കുന്നതു കാണാം ഈ പോസ്റ്റില്‍ കിടക്കുന്നതെല്ലാം.
-സുല്‍

Rammohan Paliyath said...

വ്യത്യസ്ത തരം ബ്ലോഗുകള്‍ക്ക് വ്യത്യസ്ത തരം വായനക്കാര്‍. കൈപ്പള്ളിയെ മിസ്സാക്കിക്കാണും ഉമ്പാച്ചി.

simy nazareth said...

വിക്കിമലയാളം തല്‍ക്കാലം ലോകവിക്കികളില്‍ 97-ആം സ്ഥാനത്താണ്.. ലേഖനങ്ങളുടെ എണ്ണത്തില്‍. എന്തരോ, മലയാളിയുടെ ഭാഷാപ്രേമവും പൊതുജനോപകാരതാല്പര്യവും ഒന്നും അങ്ങോട്ട് എത്തുന്നില്ല.

അപ്പു ആദ്യാക്ഷരി said...

നല്ലപോസ്റ്റ്. പുതുതായി ഇവിടെവന്നവര്‍ക്കൊക്കെ പ്രയോജനപ്പെടട്ടെ.

അഭയാര്‍ത്ഥി said...

ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഒക്കെ അറിയാം- നോക്കിയാ മതി.
ഗുളു ഗൂഗിള്‍ ഗുളു ഗൂഗിള്‍ എന്ന്‌ കാളിദാസന്‍ അത്തിപ്പഴം വെള്ളത്തില്‍ പതിക്കുന്ന ശബ്ദത്തെക്കുറിച്ചെഴുതിയതായും അറിയാം.

പക്ഷെ അറിയാത്തൊരു കാര്യ്ം- റാം മോഹന്‍ പാലിയത്താണോ ഈ ഒറ്റക്കുരുവി.

അനൂപും, അനിലും, മാറുഫും, കുഴൂരും ഉള്ളൊരു സന്ധ്യയില്‍, പാലിയത്തിന്റെ ദില്ലിയെക്കുറിച്ച്‌ പറഞ്ഞതും പാടിയതും ,അച്ചടിച്ചതും കണ്ട ഓര്‍മ്മ മാര്‍ബിള്‍.

ദില്ലിയിലെ മോത്തിയാബാഗിലെ പന്നികളെപ്പോലെ തടിച്ച്‌ വീര്‍ക്കുന്ന സേട്ടുമാരെപറ്റിയുള്ള വരി എന്റെ ബോധമണ്ഡലത്തില്‍ ഒരിക്കലും മറയാത്ത ഇന്‍ഫ്ലിക്ഷന്‍ ഏല്‍പ്പിച്ചിട്ടുണ്ട്‌. ഉണങ്ങാത്ത കോറല്‍..

ഇതൊരു ഓഫ്‌ ടോപ്പിക്കായാണൊ.അതും ഈ തുറന്ന വലിപ്പിലിടുന്നു .
‌ വര്‍ത്ത്‌ മെന്‍ഷനിംഗ്‌ അയ്‌ ഫിയര്‍.

ത്രിശങ്കു / Thrisanku said...

മലയാളത്തില്‍ സെര്‍ച്ച് - ബ്ലോഗില്‍ ചൂണ്ടയിട്ടുള്ള പിടിത്തം ഇവിടെ.

പ്രയാസി said...

നന്ദി..:)

umbachy said...

സത്യം
രാം മോഹന്‍ പാലിയത്ത്
പറഞ്ഞാലും നമ്മള്‍
തള്ളിക്കളയരുതല്ലോ....
66 അയക്കൂറ മുളകിട്ട് വെക്കാന്‍
ഉമ്മയോട് പറഞ്ഞിട്ടുണ്ട്.
ഓറെപ്പാ വര്വാ‍..എന്ന് ഉമ്മ ചോദിക്കുന്നു..?
ഞാനിപ്പോള്‍ മീന്‍ കൂട്ടാറില്ല,
നല്ല നഖത്തിന് കഷായം കുടിക്കുന്നത് കാരണം.

Rammohan Paliyath said...

ബ്ലോഗ് വായിച്ചാലും ഫോണില്‍ സംസാരിച്ചാലും ഒരു പാവം. കണ്ടാല്‍ ഒരു കവിഭാവം. ഇത്രേം കയ്യിലിരിപ്പുണ്ടെന്ന് വിചാരിച്ചില്ല പഹയാ. ആ പറഞ്ഞാലുമ്മിലെ ‘ലും’ തൊണ്ടേ കുത്തി. അയക്കൂറേന്റെ മുള്ള് എത്ര ഭേദം. അണലിയേം ഏതോ ഭാഗത്ത് ഒരു കൂറാന്ന് വിളിക്കും - വട്ടക്കൂറാന്ന്. അന്റ്യോടാ? നല്ല നഖത്തിന് കഷായത്തിനേക്കാള്‍ നല്ല മരുന്ന് ദുബായീക്കിട്ടും - മത്തക്കുരു വറത്തത്. ഇറ്റ്സ് ഫുള്ളോഫ് മഗ്നീഷ്യം വിച്ചീസ് എസെന്‍ഷ്യല്‍ 4 നല്ല നഖം. എന്തിനാ ന്നട്ട്, ങ്ങനെ പാവങ്ങളെ കുത്തിക്കീറാനല്ലേ? യ്ക്ക് വേണ്ടാ അന്റെ മൊളകിട്ട കറി. ഞാന്‍ വയക്കാ. അത് ഇയ്യ് കണ്ണ്മ്മല് സുറുമയ്ക്ക് പകരം എയ്ദിക്കള. നല്ല നഖം പോലെ നല്ല ബുദ്ദി തെളിയട്ടേന്നും.

Rammohan Paliyath said...

സിമിയേ, മലയാളികളായ യൂണീകോടോത്ത് ഗോവിന്ദന്മാരിലധികം പേരും കവികളാ. അതാ വിക്കി കവിയാത്തെ. ഒരു വിക്കിക്കവിത നോക്കിയാട്ടെ.

Inji Pennu said...

“എന്തായാലും ഫൂ‍മിയിലെ പ്രധാന പാതാളക്കരണ്ടികളായ (സെര്‍ച്ച് ഇഞ്ചിപ്പെണ്ണിന്റെ മലയാളമാണ് പാതാളക്കരണ്ടി. കിണറുകള്‍ ഞങ്ങള്‍ക്ക് പണ്ടേ പരിചിതമായതുകൊണ്ട് സെര്‍ച്ച് ഇഞ്ചിനീരും സായിപ്പിനേക്കാട്ടും മുമ്പേ അറിയാം)”

-- എച്ചൂസ്മീ, ഒരു കാര്യം പറയാനുണ്ടേ? ഇഞ്ചിപ്പെണ്ണ് എന്നിതില്‍ ഉദ്ദേശിച്ചത് ആ പേരില്‍ ബ്ലോഗ്ഗ് ചെയ്യുന്ന എന്നെയാണോ? ആണെങ്കില്‍ മാത്രം മുന്നോട്ട് വായിച്ചാല്‍ മതി. പാതാളക്കരണ്ടി എന്നുദ്ദേശിച്ചത് തനിമലയാളം ആണോ? കാരണം അതുമായി ഒന്നും എനിക്ക് യാതൊരുവിധ പ്രത്യക്ഷ പരോക്ഷ ബന്ധങ്ങളില്ല്യ. അതൊക്കെ എന്താ സംഭവം എന്ന് ഞാ‍നും ഈയിടെ അറിഞ്ഞേയുള്ളൂ. അപ്പൊ അപ്പൊ പറഞ്ഞ് വന്നത്, രണ്ട് തെറി തെന്നിമാറി നമുക്കിട്ട് കൊണ്ടാലും പ്രശംസയോ മറ്റോ അറിയാതെ പോലും പതിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. :)
അതോ എനിക്കിത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ലേ? ഇനി വേറെ വല്ലതും ആണ് ഉദ്ദേശിച്ചതെങ്കില്‍
‘ഇഞ്ചിപ്പെണ്ണ്’ ഒരു ടോം, ഡിക്ക്, ഹാരി പോലെ യൂസ് ചെയ്തതാണേങ്കില്‍ കൊഴപ്പില്ല്യ. ഞാന്‍ നാളെ വണ്‍ സോളോ വെച്ചൊരു എക്സാമ്പിള്‍ കാച്ചും! അത്രേയുള്ളൂ! :)

മനുസ്മൃതി said...

Puns-ന്റെ ഉസ്താദ് ആണ് ഇദ്ദേഹം എന്ന് ഇഞ്ചിക്ക് അറിയില്ലേ? അങ്ങനെ Search Engine സെര്‍ച്ച് ഇഞ്ചിപ്പെണ്ണും, Serach Engineering സെര്‍ച്ച് ഇഞ്ചിനീരും ആയെന്നേയുള്ളൂ.

Inji Pennu said...

:) ഇപ്പൊ ഇങ്ങിനെ പറഞ്ഞപ്പോഴേ എനിക്ക്
മനസ്സിലായുള്ളൂ മനുസൃമതി. നന്ദി.
ഞാന്‍ ഇത് തിരിച്ചിട്ടും മറിച്ചിട്ടും കൊറേ തലചെരിച്ച് പിടിച്ചും ഒക്കെ വായിച്ചു നോക്കി. എനിക്ക് ഒന്നും മനസ്സിലായില്ല. ആകെ പാതാളക്കരണ്ടി എന്ന് പണ്ട് തനിമലയാളത്തെ വിളിച്ചിരുന്നത് മാത്രം അറിയാര്‍ന്നൂ. :)

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല പോസ്റ്റ്.

ദേവന്‍ said...

പണ്ടു പണ്ട്‌, വളരെപ്പണ്ട്‌, രണ്ടുകൊല്ലത്തോളം പണ്ട്‌, ആദ്യ മലയാണിക്കോഡ്‌ സേര്‍ച്ചര്‍ ആയ തനിമലയാളം ഉണ്ടാകുന്നതിനും പണ്ട്‌, ആരെങ്കിലും മലയാളത്തില്‍ എഴുതിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നത്‌ ഗൂഗിളേല്‍ ആ ആ ക ഖ ത പ എന്നൊക്കെ സേര്‍ച്ച്‌ ചെയ്തിട്ടായിരുന്നു. ഓരോ തവണയും ഈ അക്ഷരമാലയടി മിനക്കേട്‌ ആയതുകാരണം സിബു “മെയിന്‍ അക്ഷരങ്ങള്‍” ഒരു ബുക്ക്‌ മാര്‍ക്ക്‌ ആക്കി ബ്ലോഗിലിട്ടിരുന്നു.

ചിലപ്പോ ഗൂഗിളമ്മച്ചി കനിഞ്ഞ്‌ അഞ്ചു പോസ്റ്റ്‌ വരെ ഒക്കെ കിട്ടും. ചിലപ്പോ ഒന്നും കാണത്തില്ല. പണ്ട്‌ പള്ളി എന്ന് പറഞ്ഞാല്‍ എന്റെ കൂമന്‍പള്ളി മാത്രയായിരുന്നു വരുന്നത്‌, ഇപ്പ പള്ളി പതിനാറായിരത്തി എഴുന്നൂറാ ക്രാളര്‍ ട്രോളിങ്ങ്‌ നടത്തി പിടിച്ചു തന്നത്‌.

ശ്രീ said...

അറിയാമായിരുന്നു. എങ്കിലും ഇനിയും അറിയാത്തവര്‍‌ അറിയട്ടെ.

ദേവേട്ടന്റെ കമന്റു മാത്രം കണ്ടാല്‍‌ മതി മലയാള ഭാഷയുടെ പുരോഗതി മനസ്സിലാക്കാന്‍‌...

:)

കണ്ണൂരാന്‍ - KANNURAN said...

മലയാളത്തില്‍ വെറും സര്‍ച്ച് മാത്രമല്ല ഭായ്, ബ്ലോഗുകള്‍ തന്നെ തിരയാം ഇവിടെ

Rammohan Paliyath said...

ദേവന്‍ പറഞ്ഞ പോലെ, സൈബര്‍ യുഗത്തില്‍ ചിലപ്പോള്‍ രണ്ടു മണിക്കൂര്‍ മുമ്പ് പോലും വളരെ പണ്ട്!

ഇഞ്ചിയേ, തനിമലയാളം എന്നാലെന്തെന്ന് ഇപ്പഴും എനിക്കറിയില്ല. അത് സെര്‍ച്ചെഞ്ചിനാ? എഴുതി വരുമ്പോള്‍ വാക്കുകള്‍ കൊണ്ട് കളിക്കാന്‍ തോന്നും.ദുരുദ്ദേശമൊന്നുമില്ല. വായിക്കുന്നവരുടെ ചിലരുടെയെങ്കിലും ചുണ്ടില്‍ ഒരു ചിരി വിടര്‍ത്താന്‍ (എഴുതാന്‍ നേരം എനിക്കും). ഇവിടെ നിങ്ങളെത്തന്നെയാണോര്‍ത്തത്. വേറെ ഒരു ബന്ധവുമില്ല. ചുമ്മാ ഒരു പ്രയോഗം. നിങ്ങ ഒരു സ്കോര്‍പ്പിയോണെണെങ്കി പലിശ സഹിതം പിന്നെയെപ്പഴേലും തിരിച്ചു തന്നാ മതി. അല്ലെങ്കില്‍ ഒരു റോംഗ് റെസിപ്പിയിട്ട് പറ്റിച്ചാ മതി (കക്കിരിപ്പൂക്കളുടെ റെസിപ്പി ഞാന്‍ പരീക്ഷിച്ചിരുന്നു). പണ്ണിംഗ് എന്നാല്‍ നിങ്ങള്‍ എഴുറ്റിയ ‘തെറി തെന്നിമാറി’ എന്നതിനു പകരം ‘തെ(ന്നിമാ)റി’ എന്നു മാത്രമെഴുതുന്ന പരിപാടി. നിങ്ങള്‍ ഇഞ്ചിപോലെത്തന്നെ സീരിയസ്സാണെങ്കില്‍ നിരുപാധികം ക്ഷമാപണം. അഥവാ പേരില്‍ മാത്രമേ എരിവുള്ളെങ്കി, സ്വാഭാ‍വം മഞ്ഞള്‍ പോലെ വിഷഹാരിയെങ്കില്‍, കൂടെ ചിരിച്ചോളൂ. നോ എക്സ്പെന്‍സ്. നോട്ട് ഇവന്‍ അറ്റ് യുവേഴ്സ്. ഇകാരത്തിലവസാനിക്കുന്ന എന്ത് കണ്ടാലും മൂന്ന് ടെന്‍സും പറയാന്‍ തോന്നും - ഇഞ്ചുക, ഇഞ്ചും, ഇഞ്ചി. ഇഞ്ചിഞ്ചായി! ഇഞ്ചയിട്ട് കുളിക്കേന്നും വേണ്ട ഇതിന്റെ ക്ഷീണം മാറാന്‍. മനുസ്മൃതിയേ, കോമ്പ്ലിമെന്റലായതിന് സ്തുതി. പക്ഷേ ബ്ലോഗന്നൂരില്‍ വക്കാരി കഴിഞ്ഞേ ആരുമുള്ളു. (ഇല്ലേല്‍ വായ്ക്കരിമസ്റ്റാ!).
എന്റെ പണ്‍സ് ചിലപ്പോള്‍ അതിക്രൂരമാകും. ഇവിടെ ദുബായില്‍ നല്ലൊരു എഴുത്തുകാരിയുണ്ട് - ബിന്ദു. കാഴ്ചശക്തിയുണ്ടായിരുന്നെങ്കി ബ്ലോഗിലും നല്ലോണം ശ്രദ്ധിക്കപ്പെട്ടേനെ. ഞാനവരെ blindu എന്നാണ് വിളിക്കുന്നത്. നേരിട്ടു തന്നെ. അത് അതിന്റെ സ്പിരിറ്റില്‍ എടുത്ത് ചിരിക്കാനുള്ള ഒരു മനസ്സുണ്ടവര്‍ക്ക്. ദൈവത്തിന് സ്തുതി. വോട്ട് നില നോക്കിയിട്ട് പാവം നമ്മുടെ ഉമ്പാച്ചി മാത്രമേ അറിയാതിരുന്നിട്ടുള്ളുവെന്ന് തോന്നുന്നു. ഒരു ജാപ്പനീസ് ഹൈകുവുണ്ട്: അവന്റെ ഭാര്യയെപ്പറ്റി നാട്ടുകാര്‍ക്കെല്ലാമറിയാം, അവനൊഴികെ. ഉമ്പാച്ചി നിക്കാഹില്‍പ്പെട്ടിട്ടില്ലാ‍ത്തതുകൊണ്ട് ഈ ഹൈകു ധൈര്യപൂര്‍വം ഓര്‍ക്കാം. പോടാ പുല്ലേ എന്നും നീയാരാടാ ചോദിക്കാന്‍ എന്നും ചോദിച്ചവര്‍ക്ക് സലാം. നാളേം വരണേ!

Rammohan Paliyath said...

ട്യൂബ്ലൈറ്റില്‍ കിട്ടിയത്: വയസ്സുകാലത്ത് രണ്ട് പേര് പ്രേമിക്കുന്ന ഒരു കിണ്ണന്‍ നോവലുണ്ട് തകഴീടെ- ചുക്ക്. സിനിമയില്‍ സത്യനും ഷീലയു. സംവിധാനം സേതുമാധവനാ? കാദംബരീ പുഷ്പ സരസ്സില്‍ കൌമാരം കൊരുത്തതാണീ മാല്യം കാമമാം കുരങ്ങിന്‍ മാറില്‍ വീണലിഞ്ഞ നിര്‍മാല്യം എന്ന രസികന്‍ പാട്ട് അതിലെയാ. ഇഞ്ചിയെപ്പറ്റി പറയുമ്പൊ ചുക്കിനെപ്പറ്റി പറയാതെങ്ങനെ. പിന്നെ പാതാളക്കരണ്ടീന്ന് തനിമലയാളനെ വിളിച്ചിരുന്ന വിവരം എനിക്കറിയാമ്മേലായിരുന്നു. ഞാന്‍ പുതിയതല്ലേ - നിങ്ങ എല്ലാം ‘ഓടോ’ പോലത്തെ പ്രയോഗങ്ങളെ നടത്തൂ എന്ന് നിനച്ചു. ഷെമി.

Inji Pennu said...

ഏയ് ഇല്ല്യാന്നേ! ഞാന്‍ കരുതി തനിമലയളം (അമ്മേ അതിതുവരേം അറിയില്ലാ‍ാഞ്ഞിട്ടാ ഉമ്പാച്ചീനെ പറഞ്ഞേ? ഇതാണോ ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ്) + ഇഞ്ചിപ്പെണ്ണ്. അങ്ങിനെ എന്തെങ്കിലും കരുതിയോ എന്ന്? തനിമലയാളം ഒക്കെ കുറച്ച്പേര്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉണ്ടാക്കിവെച്ചിരിക്കുന്നത് കണ്ണ് കിട്ടാണ്ട് നോക്കുകുത്തിപോലെ എന്റെ പേരു ചേര്‍ക്കമെങ്കില്‍ കൊഴപ്പമില്ല്യ. അല്ലെങ്കില്‍ അയ്യോ എന്ന് കരുതി, ഓട്ടോബാനിന്റെ സ്പീഡിലാര്‍ന്നൂ വായന. അതിന്റെ കൊഴപ്പാണ്.

പിന്നേ ഞാനും ഭയങ്കര തമാശക്കാരിയാണ്. സ്ത്യം!
കളിയാക്കിയാല്‍ ഒരു കൊഴപ്പോം ഇല്ല. :) ദേ ഈ ലിങ്ക് നോക്കിക്കോളൂ...ഈ മനുഷ്യനെ വരെ ഞാന്‍ വെറുതേ വിട്ടു. എന്നിട്ടാണ് വെറും ഒരു വിഴുങ്ങലിനു മാത്രമുള്ള ഈ ആള്‍ :)

പിന്നെ റെസിപ്പി ഏതെടുത്താലും അത് പറ്റിക്കത്സ് തന്ന്യാ. പ്രത്യേകിച്ച് ഇനി എഴുതിപിടിപ്പിക്കണ്ട :)

എന്താണ് കക്കിരിപ്പൂക്കള്‍ ?

ദേവന്‍ said...

അതേ,
തനിമലയാളം ഉണ്ടായപ്പോ അതിനെ പാതാളക്കരണ്ടി എന്ന് ആദ്യം വിളിച്ചത് ഞാനാ. സംശയം ഉള്ളവര്‍ പുരാവസ്തു ഗവേഷണം നടത്തിക്കോ.

ബൂലോഗചരിത്തില്‍ എന്റേം പേര്‍ ഇരിക്കട്ടേന്നു വച്ചിട്ടല്ല. ഈ വണ്‍ സ്വാളോ ഒരു വിളി വിളിച്ചാലും ഞാന്‍ വിളിച്ചാലും അത് ഒരേ വിളി ആയിരിക്കും എന്ന് പറഞ്ഞതാ.

R. said...

ഹും... സ്വാളോ ഹൈലി റെസ്പോണ്‍സീവായിരിക്കുന്നല്ലോ... (അതിന്റെയൊരു സന്തോഷത്തില് കമന്റിയതാ.)

Rammohan Paliyath said...

അങ്ങനെ ദേവന്‍ എന്റെ വിരല് പിടിച്ച് കസേരയില്‍ കേറ്റിയിരുത്തി. അയ്യോ, കോമ്പ്ലക്സുകൊണ്ടെനിയ്ക്ക് ഇരിക്കാന്‍ വയ്യേ. പ്രായം കൊണ്ട് ദേവന്‍ നാലും പെരിങ്ങന്‍ പത്തിലേറെയുമൊക്കെ വര്‍ഷങ്ങള്‍ക്ക് അനിയന്മാരാണെങ്കിലും അഭിപ്രായം കൊണ്ട് അവരെ ചേട്ടന്മാരായിട്ടാ കാണുന്നെ (സന്തോഷ്, ഉമേഷ് തുടങ്ങിയ സമപ്രായക്കാരെയും). എനിവേ, ദാറ്റ് ഹാസ് നത്തിംഗ് ടു ഡു വിത്ത് ദ ഫാക്റ്റ് ദാറ്റ് ദെയ് സ്റ്റാര്‍ട്ടഡ് ബ്ലോഗിംഗ് ഏര്‍ലിയര്‍ ദാന്‍ മി. ബ്ലോഗിംഗിലായാലും എവിടെയായാലും സിനിമാതാരതമ്യേന എനിക്കു പോലും ചില ഗര്‍ഭസ്ഥശിശുക്കളെയും കണ്ടെത്താനാവുന്നുണ്ട്. അതും ഒരു ഹാപ്പി ജാം. റെസ്പോണ്‍സിബിളിറ്റിയും റെസ്പോണ്‍സീവ്നെസ്സുമൊന്നും വേണ്ടാത്തതുകൊണ്ടാ രജീഷേ ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയെ. മനസ്സ് ചിലപ്പൊ വളരെ ലോ ആവും. അപ്പൊ ഒന്നിനും വയ്യ.

Rammohan Paliyath said...

ഇഞ്ച്, പോസ്റ്റുകളുടെ തലക്കെട്ടുകള്‍ ഹൈപ്പര്‍ലിംഗങ്ങളായി വന്നുകൊണ്ടിരിക്കുന്ന ഒരു സൈറ്റെന്ന നിലയില്‍ തനിമലയാളനെ പരിചയമുണ്ട്. അതില്‍ ബാക്കിയൊന്നും യൂസ്ലസ് യൂസര്‍ ഫ്രണ്ട്ലിയല്ല. എന്നെപ്പോലുള്ള കൊഞ്ഞാണന്മാര്‍ക്കും ഉപയോഗിക്കാന്‍ പറ്റണം. അതാണ് നല്ല ടെക്നോളജിയുടെയും റെസിപ്പികളുടേയും ലക്ഷണം.

Rammohan Paliyath said...

കക്കിരിപ്പൂവല്ല, സോറി, കുക്കംബര്‍ എന്ന് ഞങ്ങള്‍ ദുബായ് മലബാറികള്‍ വിളിക്കുന്ന, സാലഡിലിടുന്ന ചെറിയ വെള്ളരിപോലത്തെ പച്ചനിറമുള്ള സാധനം, അതിന് ഇംഗ്ലീഷില്‍ ഒരു വികടം പിടിച്ച പേരുണ്ടല്ലൊ? അതിന്റെ പൂക്കളുടെ തോരന്റെ റെസിപ്പിയിട്ടത് ഇഞ്ചിയല്ലേ? പയറുകറി ഉണ്ടാക്കാന്‍ പുതിയൊരു വഴി കണ്ടുപിടിക്കാനായില്ലെങ്കില്‍ നിങ്ങളുടെ ബുദ്ധിശക്തികൊണ്ടെന്തു കാര്യം എന്ന് ഏകാന്തതയുടെ നൂറുവര്‍ഷത്തില്‍ മാര്‍കേസ് ചോദിക്കുന്നുണ്ട്. ‘അയ്യോ, കോവയ്ക്ക അഡ്ഡര്‍ഗോഡല്ല’ എന്ന സങ്കടം വായിച്ചിട്ടുണ്ടോ?

umbachy said...

രഘുപതി രാഘവ രാജാറാം...
സത്യം വെളിപ്പെടുത്തുന്നു,
രാമൂന്‍റെ ഈ പോസ്റ്റിന് തെളിവായി നിന്നു കൊടുത്തതിന് 100 ദിര്‍ഹംതന്നു,
ഇനിയുള്ളത് ദുബായ് ഫിലിം ഫെസ്റ്റിവലില്‍
പൌലോ കൊയ്ലോ സാഹിബിനൊപ്പം
ഭക്ഷണം എന്ന ഓഫര്‍,
പിന്നെ നാട്ടിലെത്തിയാല്‍ ഒരു പെണ്ണിനെ
ഒപ്പിച്ചു തരാം(നികാഹിക്കാനാണേ)
എന്നും പറഞ്ഞിരുന്നു...

Rammohan Paliyath said...

ഇവന്‍ പണ്ടത്തെ സ്റ്റൈല്‍ അരക്കവിയല്ല. അല്ല, അതുമല്ല. മുഴുവന്‍ കവി.

Related Posts with Thumbnails