Thursday, November 15, 2007

കഥകളിത്തലയില്‍ ടൈഗര്‍ബാം പുരട്ടുമ്പോള്‍


ഹീറോപ്പേനകൊണ്ട് മാത്രമേ വയലാര്‍ രാമവര്‍മ പാട്ടെഴുതിയിരുന്നുള്ളുവെന്ന് അദ്ദേഹത്തിന്റെ മകന്‍ എഴുതിയിരുന്നോ? എന്നാണോര്‍മ. മേഡിന്‍ ചൈന എന്നു കേട്ടാല്‍ അക്കാലത്ത് ആരും പുച്ഛിച്ചിരുന്നില്ല. കാരണം ചൈനയുടേതായി ഏറെ സാധനങ്ങളൊന്നും അന്ന് ലോകവിപണി പിടിച്ചിരുന്നില്ല. താടിയില്ലാത്ത അപ്പനെ എന്തിന് പേടിക്കണം? ടൈഗര്‍ബാം, ഹീറോപ്പേന, ഗള്‍ഫുകാര് കൊണ്ടുവന്നിരുന്ന, ഒരു കൊല്ലമെങ്കിലും ഈടുനില്‍ക്കുന്ന കനംകുറഞ്ഞ വെളുത്ത സ്ലിപ്പേഴ്സ് (വാറിന്റെ കളറ് പച്ച ഓര്‍ നീല)... തീര്‍ന്നു അക്കാലത്തെ ചൈനീസ് ഡൊമിനേഷന്‍. എന്നാലിന്നോ? പതിനെട്ടുവയസ്സുള്ള ഒരു ചെറുക്കന്റെ വായിലെ ലഡ്ഡുപോലെ ഭൂഗോളം ഇന്ന് ചൈനയുടെ വായില്‍. ഈ ചൈനായുഗത്തില്‍ ഞാനിന്നാള് ദുബായ്പ്പട്ടണം മുയുമന്‍ ഒരു ഹീറോപ്പേനയും തെരഞ്ഞ് നടന്നു. അയ്യോ, പാട്ടെഴുതാനല്ലായേ, വെറുമൊരു നൊസ്റ്റാള്‍ജിയേന്റെ പൊറത്ത്. എല്ലാവന്മാരും 'യിവനാരെടേയ്' എന്ന മട്ടില്‍ തുറിച്ച് നോക്കി. ഒടുക്കം ഒരു ചെറിയ ഗ്രോസറീന്ന് സാധനം കിട്ടി - വെലയോ - ഒരു ഡോളറീത്താഴെ മാത്രം. കൂടുതല്‍ ഡിമാന്‍ഡുള്ള, ലാഭം കിട്ടുന്ന സാധനങ്ങള്‍ ഉണ്ടാ‍ക്കാമെന്നായപ്പോള്‍ ചൈനയിലെ ആ കമ്പനി ഹീറോപ്പേനയെ തഴഞ്ഞതായിരിക്കുമോ? പ്രസിദ്ധമായ പാര്‍ക്കര്‍ 51 എന്ന പേനയെ കോപ്പിയടിച്ചതാണ് ഹീറോപ്പേനയെന്ന് കേട്ടിരുന്നു. ഏതായാലും പാര്‍ക്കറിന്റെ ഉയര്‍ന്നവില കാരണമായിരിക്കാം (അയല്വക്കമായതുകൊണ്ട് ശത്രുവായ) ചൈനീസ് നിര്‍മിതമായിരുന്നിട്ടും ഹീറോവിനെത്തന്നെ വര്‍ഷങ്ങളോളം പഴയ ഗള്‍ഫ് മലയാളികളും മലയാളികളും മുറുകെപ്പിടിച്ചത്.

ഞെട്ടലോടെ അനുഭവിച്ചറിഞ്ഞ ഒരു കാര്യത്തിന് World is Flat എന്ന പുസ്തകത്തില്‍ കണ്ട രണ്ട് നിരീക്ഷണങ്ങളോടുള്ള സാമ്യത്തെപ്പറ്റി പറയാനായിരുന്നു ഈ ഹീറോവര്‍ഷിപ്പ്. ജോലി ചെയ്യുന്ന ദുബായ്ക്കമ്പനി വക ധോ (അറേബ്യന്‍ ചെറുകപ്പല്‍) ക്രൂയിസിലെ പാര്‍ട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും കമ്പനി വക ഒരു സമ്മാനം കിട്ടി - റ്റിപ്പിക്കല്‍ അറബിക് സൂവനീറായ ഒമാനി കഠാര (khanjar). ഒമാന്റെ ദേശീയ ചിഹ്നമായ മനോഹരമായ ഈ കത്തി ഒമാന്റെ ഒരു പരമ്പരാഗത കലാസൃഷ്ടിയാണ്. അതൊരെണ്ണം കാശുകൊടുത്ത് വാങ്ങണമെന്ന് എത്ര നാളായി വിചാരിച്ചതാണെന്ന് വിചാരിച്ചുകൊണ്ട് അവനെ കയ്യിലെടുത്ത് ഓമനിക്കുമ്പോളാണ് ഞെട്ടലോടെ ആ സ്റ്റിക്കര്‍ കണ്ടത് - മേഡിന്‍ ചൈന. പുതുയുഗത്തിലെ ഒരു ബാറ്ററി ടോയ് കാര്‍ ചൈനക്കാരുണ്ടാക്കി വിറ്റാല്‍ മനസ്സിലാക്കാം, എന്നാല്‍ പുളിയിലക്കരമുണ്ടിന്റെ തുമ്പത്ത് മേഡിന്‍ ചൈന കണ്ടാലോ? സത്യത്തില്‍ അതാണ് സംഭവിക്കുന്നത്. ചൈനയെപ്പോലെ ഒരു ചീപ്പ് മാനുഫാക്ചറിംഗ് ബേസ് എന്നു വിളിക്കാവുന്ന രണ്ട് രാജ്യങ്ങളിലെ അനുഭവം തോമസ് ഫ്രീഡ്മാന്‍ മേല്‍പ്പറഞ്ഞ കിത്താബില്‍ വിശദീകരിക്കുന്നുണ്ട്. ഒന്ന് മെക്സിക്കോയില്‍. മെക്സിക്കോയുടെ പേട്രണ്‍ സെയിന്റാണ് the virgin of guadalupe എന്ന കന്യാമറിയം. (കേരളത്തിലെ ഹിന്ദു കുടുംബങ്ങള്‍‍ക്ക് ഭരദേവത/പരദേവതമാരുണ്ട്. ഇത് ഒരു രാജ്യത്തിന് അങ്ങനെ തന്നെ ഒരു പരദേവത!). സ്പെയിനിലെ Extremadura എന്ന പട്ടണം മുതലേ തുടങ്ങുന്നു ഗൌത എന്ന സ്പാനിഷ് വാക്കിന്റെ ഒറിജിന്‍. മലയാളികള്‍ക്ക് മെക്സിക്കോയിലെ ഗൌതലജാറ എന്ന പട്ടണപ്പേര് നിര്‍മല്‍കുമാറിന്റെ കഥകളിലൂടെ പരിചിതം. മെക്സിക്കോ സന്ദര്‍ശിക്കുന്നവര്‍ വാങ്ങുന്ന സൂവനീറാണ് ഈ മാതാവിന്റെ പ്രതിമ. കുറേക്കാലമായി ഈ പ്രതിമകളില്‍ ഭൂരിപക്ഷവും മേഡിന്‍ ചൈന. മെക്സിക്കോയെക്കാള്‍ ചൈനയ്ക്ക് ഭീഷണിയാകേണ്ട ഈജിപ്തിലെ കാര്യമോ - റമസാന്‍ മാസത്തില്‍ ധാരാളമായി വിറ്റുപോകുന്ന ഫവാനീസ് എന്ന റാന്തല്‍ വിളക്കിന് നൂറ്റാണ്ടുകളായി പ്രസിദ്ധമാണ് കെയ്രോ. കെയ്രോയുടെ പാരമ്പര്യത്തിന്റെ ആത്മാവായ ഈ വിളക്കുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറക്കുമതി ചെയ്യപ്പെടുകയാണ് - ചൈനയില്‍ നിന്ന്. ചീപ്പ് ലേബറിന് പേരു കേട്ട മെക്സിക്കൊയേക്കാളും ഈജിപ്തിനേക്കാളും കുറഞ്ഞ ചെലവില്‍ ചൈനയ്ക്കിത് ഉണ്ടാക്കി കപ്പലീക്കേറ്റി എത്തിക്കാ‍നാവുമെന്നര്‍ത്ഥം. ചെറിയ ഇനം മുള അഞ്ചുപത്തെണ്ണം ഒരു കുഞ്ഞുചട്ടിയില്‍ നട്ട് ലക്കി ബാബൂ എന്ന് പേരിട്ട് വില്‍ക്കുന്ന ബുദ്ധിസാമര്‍ത്ഥ്യം മനസ്സിലാക്കാം. ഉത്തരധ്രുവത്തില്‍പ്പോയി ഫ്രിഡ്ജ് വിറ്റാലും മനസ്സിലാക്കാം. എന്നാല്‍ കൊല്ലക്കടയില്‍ സൂചി വില്‍ക്കുന്ന ശേല്ക്ക് വിശാലനെ ഉപമ പഠിപ്പിക്കാന്‍ പോയാലോ? ഇങ്ങനെ പോയാല്‍ നമ്മുടെ കഥകളിത്തലയും ചീനയില്‍ നിന്ന് കപ്പല്‍ കേറി വരുമോ? എങ്കി ഈ ചൈനക്കാരെ പൂവിട്ട് തൊഴണം. കൊല്ലത്തില്‍ ഒരഞ്ച് ടണ്ണെങ്കിലും വാങ്ങാമോ, ഏത് പൂവ്? ജമന്തി, മുല്ല, റോസ്... എങ്കി തോവാളക്കാരേക്കാളും ബെസ്റ്റ് റേറ്റില്‍ അതും അവര് നട്ട് വളര്‍ത്തി എത്തിച്ചുതരും...

ഇങ്ങനെയൊക്കെയാണ് ചൈനാവത്കരണത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ നീളുന്നത്. (ആഗോളവത്കരണം എന്നൊക്കെ ചുമ്മാ പറയുന്നതാ. ഇത് സിമ്പ് ള്‍ ആന്‍ഡ് ഹമ്പ് ള്‍ ചൈനാവത്കരണമാ). കളിപ്പാട്ടങ്ങളിന്മേല്‍ പൂശിയിരിക്കുന്ന ചായങ്ങളില്‍ ഈയമുണ്ടെന്ന കാര്യം പ്രചരിപ്പിച്ചാല്‍ പൂട്ടിച്ചു കളയാവുന്ന മാടക്കടയൊന്നുമല്ല ചൈന. വിലകുറഞ്ഞ സാധനങ്ങള്‍ ചെലവുകുറച്ച് നിര്‍മിക്കുന്നതില്‍ അവര് മിടുക്കന്മാര്‍ തന്നെ. അത് പക്ഷേ ചൈനീസ് വന്മതിലിന്റെ ഒരു കല്ലേ ആവുന്നുള്ളു. വില കൂടിയ, ഗുണനിലവാരമുള്ള സാധനങ്ങളും അവര് ചെലവ് കുറച്ച് ഉണ്ടാക്കും. ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും കണ്‍സര്‍വേറ്റീവ് ആയ കമ്പനികളിലൊന്നായ ബ്രിട്ടീഷ് ഭീമന്‍ റോള്‍സ് റോയ്സിന് പോലും ചൈനയില്‍ വലിയ ഫാക്ടറിയുണ്ട്. (സാന്ദര്‍ഭികമായി പറയട്ടെ - റോള്‍സ് റോയ്സുകാര് കാറ് നിര്‍മാണം എന്നേ നിര്‍ത്തി. വിമാന എഞ്ചിനുകള്‍, ഗ്യാസ് ടര്‍ബൈനുകള്‍ തുടങ്ങിയ മേഖലകളിലാണ് അവരുടെ കോണ്‍സണ്ട്രേഷന്‍. കാറ് ബ്രാന്‍ഡിംഗ് ഉടമസ്സ്ഥത തൊണ്ണൂറുകളില്‍ത്തന്നെ ബീയെംഡബ്ലിയൂവിന്നു വിറ്റു). ഇങ്ങനെ ആഗോളഭീമന്മാര്‍ മുഴുവന്‍ ചൈനയില്‍ ഫാക്ടറിയിടാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

പണ്ട് രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്ന ജപ്പാന്‍, ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മിച്ചിരുന്ന ഉത്പ്പന്നങ്ങളുടേ ക്വാളിറ്റിയെ 'മേഡിന്‍ ജപ്പാന്‍' എന്ന് പരിഹസിച്ച ലോകത്തെക്കൊണ്ട് വൈകാതെ തന്നെ അവര്‍ ടൊയോട്ടകള്‍ ഓടിപ്പിച്ചു, വാക്ക്മാന്‍ കേള്‍പ്പിച്ചു. അതൊന്നും പോരാതെ സോണിയുടെ സ്ഥാപകന്‍ അകിയോ മൊറിറ്റ അങ്ങേരുടെ ആത്മകഥയ്ക്ക് ‘മേഡിന്‍ ജപ്പാന്‍‘ എന്ന് പേരുമിട്ടു. അതുമായിപ്പോലും താരതമ്യം ചെയ്യാനാവാത്ത വിഴുങ്ങലാണ് ചൈന ഇപ്പോള്‍ കാഴ്ചവെയ്ക്കുന്നത്. ഫിന്‍ലന്‍ഡിലെ ഒരു പട്ടണത്തിന്റെ പേരാണ് നോകിയ. നോകിയയുടെ ഉത്ഭവവും അവിടന്നു തന്നെ. ഇതിന്റെ ഏതോ വാലും തുമ്പും അറിഞ്ഞ ജീക്കേ വീരന്മാരായ നമ്മള് മല്ലൂസ് ഇപ്പളും നോകിയ വാങ്ങുമ്പൊ പറയും ‘മേഡിന്‍ ഫിന്‍ലാന്‍ഡ്’ നോക്കി വാങ്ങാന്‍. ഹൌ, എന്തൊരു ക്വാളിറ്റി കോണ്‍സ്റ്റിപ്പേഷന്‍, എന്തൊരു ജീക്കേ. എന്ത് പൊട്ട സാധനം കണ്ടാലും പുഞ്ഞിക്കും ‘ഓ, ചൈനേടെ ആയിരിക്കും’ എന്ന്. ക്വാളിറ്റി ആവശ്യമുള്ളവര്‍ക്ക് അവര് ക്വാളിറ്റി കൊടുക്കും. അല്ലാത്തവര്‍ക്ക് അതും. (ക്വാളിറ്റി കോണ്‍ഷ്യസായ ഫിന്‍ലാന്‍ഡുകാര്‍ മേഡിന്‍ ചൈനീസ് നോകിയകളാണ് ഉപയോഗിക്കുന്നത്). ഈസ്റ്റേണ്‍ മീരാനും വീഗാഡ് ഔസേപ്പും തമിഴ്നാട്ടിലേയ്ക്കും ആന്ധ്രയിലേക്കും ഫാക്ടറികള്‍ മാറ്റിയപോലെ ഒരു നാള്‍ ടൈഗര്‍ബാംകാര് പറയും ഇപ്പഴത്തേനേക്കാള്‍ ചെലവുകുറച്ച് അമൃതാഞ്ജന്‍ അവര് കുപ്പിയിലാക്കിത്തരാം എന്ന്. മേഡിന്‍ ചൈനീസ് കഥകളിത്തലകള്‍ക്ക് വേദനിക്കുമ്പൊ ആ ടൈഗറാഞ്ജനും പെരട്ടി നമ്മള്‍ ഇരിക്കുമോ? പൂവച്ചല്‍ ഖാദറും ഹീറോപ്പേന കൊണ്ട് മാത്രമേ പാട്ടെഴുതിയിട്ടൊള്ളോ? നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍... എന്ന കവിത ഡെങ്ങ് സിയാവോ പിങ്ങിനെയോര്‍ത്താണോ ഖാദറിക്ക എഴുതിയത്?

12 comments:

സുല്‍ |Sul said...

ചൈനീകരണവും ചൈനാവല്‍കരര്‍ണവും കയറിവരുന്ന വഴിയെപറ്റി ഒരു പിടിയും കിട്ടുന്നില്ല സഖാവേ. നന്നായിരിക്കുന്നു.
-സുല്‍

Santhosh said...

വലിയ കാര്യങ്ങള്‍ പറയുമ്പോഴും വളിപ്പും വേണം, അല്ലേ? :) വളിപ്പ് വലിപ്പായപ്പോഴും വന്ന വഴി മറന്നില്ല എന്നര്‍ഥം!

prasanth kalathil said...

ഫ്രീഡ്മന്‍ പുസ്തകം (world is flat) തുടങ്ങുന്നത് ഇന്ത്യയുലെ കാര്യങ്ങള്‍ (ശരിയ്ക്കും പറഞ്ഞാല്‍ ബംഗളൂരു നഗരത്തിന്റെ) പറഞ്ഞുകൊണ്ടാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍ അതില്‍ ഒരു ഐറണിയുണ്ട്. ഒരു മാതിരു അകംപുറം മറച്ചിട്ട് ചൊറിയുന്നതിന്റെ ഫീല്‍. ലേഖകന്‍ പറയാത്ത ഒരു കാര്യമുണ്ട്, ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുടെ ഗുണഭോക്താക്കളെന്ന് നടിക്കുന്ന അമേരിക്ക പോലുള്ള സ്ഥലങ്ങളാണ് ഇന്ന് ലോ-കോസ്റ്റ് ചൈനാ സാധനങ്ങളുടെ നല്ലൊരു മാ‍ര്‍ക്കറ്റ്. അമേരിക്കക്കാരന്‍ ചൈനയിലുണ്ടാക്കിയ BMW കാറും വാങ്ങും, തല്ലിപ്പൊളി സാധനങ്ങളും വാങ്ങും.
അമേരിക്കയിലെ ഒരു സുഹൃത്ത് പറഞ്ഞത്: non-stick തവയില്‍ ഉപ്പേരി ഉണ്ടാക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് ഇളക്കിയപ്പൊ കരിഞ്ഞോന്ന് സംശയം, കരിഞ്ഞ മണമൊട്ടു വരുന്നുമില്ല. സത്യത്തില്‍ തവയിലെ കോട്ടിംഗ് ഇളകിപ്പോന്നതായിരുന്നു ! തവ, ചൈനീസ് മര്‍ക്കറ്റില്‍നിന്നു വാങ്ങിയതാണ്. ഇതു കഞ്ചൂസ് മലയാളിയുടെ മാത്രം അനുഭവം ആവാന്‍ ഇടയില്ല, അറിഞ്ഞിടത്തോളം.

ദൈവം said...

ഗംഭീരം;
ചെയര്‍മാന്‍ അമരനാകട്ടേ :)

വേണു venu said...

:)

വെള്ളെഴുത്ത് said...

ഒറ്റമൂച്ചിന് പഴയ കാരാളി ലൈന്‍ വഴി (സ്കൂളില്‍ പോയ വഴി ഹീറോ പേന സ്വപ്നമാവുന്നത് അവിടെ പണക്കാരി പെണ്ണായ ഹരിപ്രിയയുടെ കയ്യില്‍ കണ്ടാണ്)വണ്ടി പിടിച്ച് ആദ്യം ഒമാന്‍ സൂക്കിലും പിന്നെ ദുബൈയിലും പോയി ഈജിപ്തു വഴി കറങ്ങി മടങ്ങി വന്ന പോലെയുണ്ട്. ഇടയ്ക്കെപ്പൊഴോ മെക്സിക്കോ ഫിന്‍ലണ്ട്...ചൈനയില്‍ മാത്രം പോയില്ല. അതെന്തിന്...? കൂടെയുണ്ടല്ലോ..വലിപ്പുകള്‍ തുറന്നിടുമ്പോള്‍ ഇങ്ങനെ വേണം എല്ലാം കാണണം..

Rammohan Paliyath said...

നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ ഉപയോഗിക്കുന്ന ഡ്യൂപോണ്ട് വക ടെഫ്ലാണ്‍ എന്ന സാധനം ചൈനയിലൊ ഉഗാണ്ടയിലോ വെച്ച് പാത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ചാലും അത് കാര്‍സിനോജനിക്കാണെന്നാണ് പുതിയ വിവരം. തവ വിരഹേ വനമാലീ...

ബയാന്‍ said...
This comment has been removed by the author.
simy nazareth said...

ഞാനിതാ ചൈനയില്‍ ഉണ്ടാക്കിയ ലെനോവോ ലാപ്റ്റോപ്പില്‍ (പഴയ ഐ.ബി.എം ലാപ്റ്റോപ്പ്) ടൈപ്പുന്നു - “നല്ല പോസ്റ്റ്”.

absolute_void(); said...

ചൈനയുടെ മിടുക്ക് ഇതില്‍ മാത്രം ഒതുങ്ങുന്നില്ല. വിശ്വാസങ്ങളെല്ലാം അന്ധമാണെന്നും വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദമാണ് സത്യമെന്നും പ്രഖ്യാപിക്കുന്ന അതേ ചൈന തന്നെയാണ് പ്രാചീന ചൈനീസ് അന്ധവിശ്വാസങ്ങളെ ആഗോളീകരിച്ച് ലോകവ്യാപകമായ മാര്‍ക്കറ്റ് ഉണ്ടാക്കിയത്. ഫെങ്ഷൂയി എന്ന കുന്ത്രാണ്ടം തന്നെ ഇത്തരമൊരു ആഗോളീകരിക്കപ്പെട്ട ചൈനീസ് അന്ധവിശ്വാസമല്ലേ?

സ്വര്‍ണ്ണനിറമുള്ള തവളയുടെ വായില്‍ നാണയം തിരുകി അവനെ മുന്‍വാതിലിനുള്ളില്‍ അകത്തേയ്ക്ക് ചാടിക്കയറിയ പരുവത്തില്‍ പ്രതിഷ്ഠിച്ചാല്‍ പണം വരുമെന്ന വിശ്വാസം, കുറെ ബോണ്‍സായ് മുളകളെ വീട്ടിനുള്ളില്‍ വച്ചാല്‍ ഏതാണ്ടായി എന്ന വിശ്വാസം, ഭൂമികുലുക്കം മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്ന് കരുതപ്പെടുന്ന ഒരിനം വിലകൂടിയ മീനിനെ അക്വേറിയത്തിലിറക്കുന്ന വിശ്വാസം, ഫെങ്ഷൂയിച്ചിറകിലേറി വനിതാപ്രസിദ്ധീകരണങ്ങളിലൂടെ നമ്മളുടെ സ്വീകരണമുറിയിലെത്തിയതാണ് യഥാര്‍ത്ഥ ചൈനീസ് അധിനിവേശം.

Anonymous said...

China invades its neighbours through scabs and spys. They influence those can hide behind unlimited freedom in the name of humanrights- they can be bought very cheaply.
Chinese landmines are the cheapest in the arms market(9 dollars in 2001 rates). They sell it to the fighting troups in poor countries of Africa. They cell it to Naxalites in India and to Prachanda's team.

Pradeep Narayanan Nair said...

ഉഗ്രനായി! ...
വായിച്ചപ്പോ "ഒരു ഈഗോയിസ്ടിന്റെ മഹാരാജാസ് ഡയറി" ഓര്‍മ വരുന്നു . . .
ഇങ്ങനെയൊരു ചിന്തയ്ക് ആശംസകള്‍ !

Related Posts with Thumbnails