Sunday, May 29, 2011

ബില്‍ ഗേറ്റ്സ് കാജാ ബീഡി വലിക്കട്ടെ


ബീഡി പോയിട്ട് ബില്‍ ഗേറ്റ്സ് സിഗററ്റ്പോലും വലിക്കുമോയെന്നെനിക്കറിയില്ല. ബുദ്ധിമാനല്ലെ, ശ്വാസം മാത്രമേ വലിക്കുകയുള്ളായിരിക്കും. പക്ഷേ നെടുമ്പാശേരി എയര്‍ പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ഡ്യൂട്ടിഫ്രീയില്‍ അടിപൊളി എക്സ്പോര്‍ട്ട് ക്വാളിറ്റി പായ്ക്കില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കാജാ ബീഡി കണ്ടപ്പോള്‍, ക്രോണിക് ബാച്ചിലറും കവിയും മലയാളം മാഷുമായിരുന്ന, കോണകം പോലും ഖദറായിരുന്ന, വെള്ളക്കാജമാത്രം വലിച്ചിരുന്ന, ചെരിപ്പിടാതെ ജീവിച്ച അമ്മാവന്‍ പാലിയത്ത് രാമന്‍ നായരെയല്ല ഞാനോര്‍ത്തത്, അമേരിക്കയിലെങ്ങോ കിടക്കുന്ന, ഇതേവരെ കണ്ടിട്ടില്ലാത്ത, ബില്‍ ഗേറ്റ്സിനെയാണ്. ആഗോളവത്ക്കരണം ഉഷാറാകും മുമ്പു തന്നെ ലോകത്തെ മുഴുവന്‍ സ്വന്തം കയ്യില്‍ നിന്ന് തീറ്റിയ ആള്‍.

പുതിയ പാക്ക്
ബീഡിയുടെ മരണം തങ്ങളെ ബിസിനസ്സിൽ നിന്ന് പുകച്ച് പുറത്തുചാടിക്കുമെന്ന് പേടിച്ച് ദിനേശ് ബീഡിക്കാര്‍ ഫുഡ്ഡിലേയ്ക്കും ഐടിയിലേയ്ക്കും പോയപ്പോള്‍ ബീഡിയെ പുത്തനുടുപ്പിടുവിച്ച് ഭാഗ്യം പരീക്ഷിക്കുന്ന മിടുക്കന്മാരാണ് ചാവക്കാട് ആസ്ഥാനമായുള്ള കാജാ ബീഡിക്കാര്‍. ആഗോളവത്കൃത വിപണിയില്‍ ബീഡിയെ ഫാഷനാക്കാനാണ് അവരുടെ ശ്രമം. 

ആര് ആഗോളവത്കരണത്തെ പേടിച്ചാലും മലയാളി പേടിക്കാന്‍ പാടില്ല. കാരണം, പണിതെണ്ടി അനാദി കാലം മുതലേ ലോകം ചുറ്റുന്ന വര്‍ഗമാണ് മലയാളി. ചൈനയെ നോക്കൂ - മാനുഫാക്ചറിംഗ് മാത്രമല്ല ഫെങ്ഷുയി, ഫുട് മസാജ്, ജ്യോതിഷം... അങ്ങനെ സമസ്ത മേഖലകളിലും കടന്നുകയറുകയാണവര്‍. വാസ്തു, യോഗ, ആയുര്‍വേദം, ജ്യോതിഷം എന്നീ ഉപ്പിലിട്ടതുകളോളം വരുമോ സഖാക്കളുടെ വെറും ഉപ്പുകള്‍? ചാവക്കാട്ടെ ഇന്റര്‍നെറ്റ് കഫേകളില്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബില്‍ ഗേറ്റ്സിനെക്കൊണ്ട് കാജാ ബീഡി വലിപ്പിക്കണം. അതാണ് വെല്ലുവിളി, അല്ലാതെ അമേരിക്കയിലെ സണ്‍ കോപ്പറേഷനിലെ 68%-വും ഗൂഗ്ലിലെ 113%-വും നാസയിലെ 89%-വും ജോലിക്കാ‍ര്‍ ഇന്ത്യക്കാരാണെന്ന് പവര്‍‍പോയന്റുണ്ടാക്കുന്നതിലല്ല.

8 comments:

ശ്രീനാഥന്‍ said...

ദിനേശ് സഖാക്കൾ ആഗോ ളവൽക്കരണത്തിലെ വെല്ലുവിളി പ്രൊഡക്റ്റ് ഡൈവേർസിഫിക്കേഷനിലൂടേ ഏറ്റെടുത്തതാണ് (അല്ലാതെ കേരളത്തിലെ വിപ്ലവത്തിന്റെ ചിരന്തനപ്രതീകം പേടിക്കുകയോ, ഇമ്മിണി പുളിക്കും!) കാജ വലിപ്പിക്കണം രാം.ശരിയാണ്, ചൈനക്കാരേക്കാൾ ആഗോളചന്തയിൽ മിന്നിക്കാൻ പറ്റുന്നവ നമ്മുടെ പക്കലുണ്ട്!

വഴിപോക്കന്‍ | YK said...

ബില്‍ ഗേറ്റ്സിനെക്കൊണ്ട് കാജാ ബീഡി വലിപ്പിക്കണം...
പറ്റുമെങ്കില്‍ സ്റ്റീവ് ജോബ്സിനെ കൊണ്ട് പട്ടച്ചാരായവും അടിപ്പിക്കണം...

MyDreams said...

:)

AFRICAN MALLU said...

ബില്ലിനെ കൊണ്ട് " ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാന്‍ എന്ന് പറയിപ്പിക്കണം " അങ്ങേരെ കുത്ത് പാളയെടുപ്പിക്കണം.....etc...etc

Anonymous said...

Ente Lokam said: ബുധിമാനല്ലേ ..ശ്വാസം
മാത്രമേ വലിക്കൂ ....

ആ ശ്വാസം വലിച്ച് വിട്ടു
ഉച്വാസം ലോകതുള്ളവരുടെ നെഞ്ചിലേക്ക് ഊതും ...
അപ്പോഴും നമുക്ക് ശരണം കാജ ബീഡി തന്നെ ..
അത് തന്നെ ഭേദം ....അത്ര ഒക്കെയൊഇ ഉള്ളൂ
നമ്മുടെ ആഗോളവല്‍കരണം....

Palluruthy Today said...

കാജാ ബീഡിക്കാര്‍ അല്ലെകിലും മിടുക്കന്മാരാണ്.
തിരുനെല്‍വേലിയില്‍ കാജാ ബീഡി എത്ര മലയാളികള്‍ക്കാണ് ജോലി കൊടുത്തിരിക്കുന്നത്‌.
പക്ഷെ ബീഡിയുടെ ഒരു പരസ്യം പോലും ആ പരിസരത്ത് കണ്ടിട്ടില്ല. അതിനു പകരം കാജാ ബാമിന്റെ പരസ്യം ഓരോ മുക്കിലും മൂലയിലും കാണാം.
സംഭവം ഉഗ്രന്‍, കാജാ ബാം ആളുകള്‍ക്ക് പരിചയപ്പെടുത്തുകയും ആവാം ബീഡി വില്‍ക്കുകയും ആവാം. പുകയില പരസ്യം എന്ന് പറഞ്ഞു ആരും ഉടക്കാന്‍ വരില്ലല്ലോ

Rammohan Paliyath said...

അതിനാണ് പള്ളുരുത്തീ സുറുഗെയ്റ്റ് [surrogate] അഡ്വര്‍ടൈസിംഗ് എന്നു പറയുന്നത്. ബാഗ്പൈപ്പര്‍ സോഡയുടെ പരസ്യം കണ്ടിട്ടില്ലേ?

Palluruthy Today said...

ധാരാളം കേട്ടിട്ടുണ്ട്. പണ്ട് പ്രസ്‌ അകാദമി യില്‍ പടിചിട്ടുമുണ്ട് .
പക്ഷെ ഒരു സംശയം- ഈ കിങ്ങ്ഫിഷര് എയര്‍ ലൈന്‍സ് തുടങ്ങിയത് ഇത്തരം ഏര്‍പ്പാടിന് വേണ്ടിയാണോ?

Related Posts with Thumbnails