Sunday, July 20, 2025

നല്ല തകർച്ചയുള്ള അച്ചപ്പം - അവതാരിക മമ്മൂട്ടിക്കമ്പനി

നല്ല തകര്‍ച്ചയുള്ള അച്ചപ്പം

രാംമോഹന്‍ പാലിയത്ത്


തകര്‍ച്ച എന്ന വാക്കിന് അങ്ങനെ സ്വാദുള്ള ഒരര്‍ത്ഥം കൂടിയുണ്ടെന്ന് കുറച്ചുനാള്‍ മുമ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ബിപിന്‍ചന്ദ്രന്‍ എഴുതിയപ്പോഴാണ് മനസ്സിലായത്. അങ്ങേരുടെ ആ ഉശിരന്‍ പൊന്‍കുന്നം മലയാളത്തില്‍ മമ്മൂട്ടിക്കമ്പനി എന്നൊരു പുസ്തകം വരുന്നെന്ന്. അതിന്? അതിനു ഞാനൊരു അവതാരിക എഴുതണമെന്ന്. കളിയാക്കിച്ചയ്ക്കും ഒരതിരൊക്കെ വേണ്ടേ സാറേ. ബിപിന്‍ ചന്ദ്രന്‍ മമ്മൂട്ടിയെപ്പറ്റിയും കെ ബി വേണു കെ ജി ജോര്‍ജിനെപ്പറ്റിയും ശ്രീകാന്ത് കോട്ടയ്ക്കല്‍ മോഹന്‍ലാലിനെപ്പറ്റിയുമെല്ലാം ഇനിയും എഴുതും. നമ്മള്‍ അതുവരെ കണ്ടിട്ടില്ലാത്ത ആംഗ്‌ളുകളില്‍ അവര്‍ ക്യാമറ വെയ്ക്കും, പുതിയ ലെന്‍സുകളിടും, ലൈറ്റപ്പിലും എന്തൊക്കെയോ ജാലവിദ്യകള്‍ കാട്ടും, നമ്മള്‍ അന്തംവിട്ട് ആ സിനിമയെഴുത്തുകളെല്ലാം ആസ്വദിക്കും. അതങ്ങനെ നടന്നോട്ടെ. ചിലരെപ്പറ്റി ഇങ്ങനെ ചിലര്‍ എഴുതിയാല്‍, വായിച്ചാലും, മതിയാവുകയില്ല. അത് ആ വ്യക്തികളോടും അവര്‍ ജീവിച്ച കാലത്തോടും ഇനി വരാനിരിക്കുന്ന തലമുറകളോടുമുള്ള ചരിത്രത്തിന്റെ കടപ്പാടുകളാകുന്നു. അതേ സമയം ഇപ്പറഞ്ഞ ഈ എഴുത്തു മനുഷ്യരോ, അവരും ചുമ്മാ അതിന് നിമിത്തമാവുകയല്ല. എഴുതാന്‍ നേരം കിട്ടാത്തവരും എഴുത്ത് പലപ്പോഴും ഒന്നാംലൗ അല്ലാത്തവരുമായ ആ മഹാപ്രതിഭകളുടെ മറുപാതികള്‍ തന്നെ ആയിക്കൊണ്ടാണ് ഇവര്‍ അവരെപ്പറ്റി എഴുതുന്നത്. അങ്ങനെ അവരും ഇവരും ഒന്നാകുന്നു. വായിക്കുമ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് നമ്മളും. അല്ലെങ്കിലും ഒന്നും ഒന്നും ചേരുമ്പോള്‍ ഇമ്മിണിവല്യ ഒന്നാകും എന്നാണല്ലൊ മമ്മൂട്ടിയുടെ അയല്‍നാടായ തലയോലപ്പറമ്പുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പണ്ടേ നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്.

അതുകൊണ്ട് ഈ എഴുത്തിനും (മമ്മൂട്ടിയില്‍ തുടങ്ങുന്ന നമ്മുടെ സിനിമാ ഇതിഹാസങ്ങളെപ്പറ്റിയാകയാല്‍) എഴുത്തുകാരനും (ബിപിന്‍ചന്ദ്രനും) ഇങ്ങനെയൊരു മുന്‍കുറിപ്പിന്റെ ആവശ്യമില്ല. പണ്ട് കോളേജുകളിലെല്ലാം പോയി ക്വിസ് നടത്തിയിരുന്ന കാലത്ത് സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പിതാവിന്റെ റോളില്‍ മമ്മൂട്ടി അഭിനയിച്ച സിനിമയേതെന്ന്. ഒരാളും പക്ഷേ പടയോട്ടം എന്ന ആ 70 എംഎം ഉത്തരം ഒരിയ്ക്കലും പറഞ്ഞില്ല. ഇനിയിപ്പോള്‍ റീമാസ്റ്റര്‍ ചെയ്ത് പടയോട്ടം വീണ്ടും തീയറ്ററോട്ടം തുടങ്ങിയാലും ന്യുജനം അത് വിശ്വസിക്കുമെന്നും തോന്നുന്നില്ല. കാരണം അതാണ് അക്കാലത്തു നിന്ന് മമ്മൂട്ടി താണ്ടിയ ഉയരം. അതുകൊണ്ട് രേഖാചിത്രത്തിലേതുപോലെ ഒരു പില്‍ക്കാല പ്രാബല്യ എഐ കമ്മാരനാണ് പടയോട്ടത്തിലേതെന്ന് ന്യൂജനം വിധിയെഴുതും. അതാണ് മമ്മൂട്ടി. പോരാ, കമ്മാരന്‍ എന്ന ആ അപ്രധാന കഥാപാത്രത്തിന്റെ പേരു കൂടി ഓര്‍ത്തിരിപ്പിക്കുന്ന മാജിക്കു കൂടിയാണ് മമ്മൂട്ടി. പരകായ പ്രവേശത്തിന്റെ, പകര്‍ന്നാട്ടത്തിന്റെ അവസാന വാക്യങ്ങളിലെ വാക്കുകളിലൊന്ന്. കമ്മാരസംഭവത്തിനും എത്രയോ കാലം മുമ്പ്! കമ്മാഴാ, ണേഴും ണെഴീം കെട്ട ണായേ എന്ന് മധുസാറിന്റെ കഥാപാത്രം തോളു ചെരിച്ച് ആക്രോശിക്കുന്നത് ഇന്നും മനത്തിരശ്ശീലയില്‍ ഓടിക്കൊണ്ടിരിക്കുന്നു. ഒരു ക്ലാസിക് മറുപടിയില്‍ (വടി കൊടുത്ത് മേടിയ്ക്കുന്ന ചില മറു'വ'ടികള്‍ അങ്ങനെയാണല്ലൊ, ഒറിജിനലുകളെ പല മടങ്ങ് വെല്ലും) മമ്മൂക്കയുടെ കഥാപാത്രങ്ങളെപ്പറ്റി, അവരുടെ മറക്കാന്‍ കഴിയാത്ത പേരുകളെപ്പറ്റി, അവരുടെ അസാമാന്യ വൈവിധ്യങ്ങളെപ്പറ്റി, അവര്‍ ആടിത്തിമിര്‍ത്ത ജീവിതസന്ദര്‍ഭങ്ങളെപ്പറ്റി സലിംകുമാര്‍ പറഞ്ഞതും ഇവിടെ ചേര്‍ത്ത് ഓര്‍മിക്കണം.

അങ്ങനെയുള്ള മമ്മൂട്ടിയെപ്പറ്റി പഴുതടച്ച എഴുത്താണ് ബിപിന്‍ എഴുതിയിരിക്കുന്നതെന്ന് ഇതു വായിക്കുമ്പോള്‍ നമുക്കു തോന്നും. ഇത് മമ്മൂട്ടിയല്ല, അംബേദ്കറും ബഷീറും ബാലേട്ടനും കമ്മാരനും മധുര രാജയും അലക്‌സാണ്ടറും മന്നാഡിയാരും ജോസഫ് അലക്‌സും മാധവനുണ്ണിയും ബെല്ലാരി രാജയും ബിലാല്‍ ജോണും അപ്പുവും അച്ചുവുമെല്ലാമാണ്, എന്തായാലും മമ്മൂട്ടിയല്ല എന്ന് നമുക്ക് പലപ്പോഴായി തോന്നിയിട്ടുള്ളതുപോലെ. മമ്മൂട്ടിയുടെ പകര്‍ന്നാട്ടങ്ങള്‍പോലെ ഒരു പക്ഷേ ബിപിനു മാത്രം ഇനിയൊരിക്കല്‍ അതിശയിക്കാന്‍ കഴിയുന്ന എഴുത്ത്. ഇതിന് ബിപിന്‍ തന്നെ എഴുതിരിക്കുന്ന ആമുഖക്കുറിപ്പു തന്നെ മതിയാകും അതിനുള്ള ഉദാഹരണം (മമ്മൂട്ടിമാഷ് എന്ന ഒന്നാമധ്യായത്തെ അങ്ങനെയാണ് വായിച്ചത്). കൂടുതലെന്തു പറയാന്‍!

പേര് മമ്മൂട്ടിക്കമ്പനിയെന്നാണെങ്കിലും ഇന്നസെന്റിനെപ്പറ്റിയുള്ള പുസ്തകമാണോ എന്നു തോന്നിപ്പിക്കുന്നതാണ് ഇനിയില്ലാസെന്റ് എന്ന അധ്യായം. കാണപ്പെടുന്നവരും കാണപ്പെടാത്തവരുമായ നൂറു കണക്കിനാളുകളുടെ വ്യവസായകലയായ അഥവാ കലാവ്യവസായമായ സിനിമയെപ്പറ്റിയുള്ള എഴുത്ത് അല്ലെങ്കിലും അങ്ങനെയാണല്ലൊ, അങ്ങനെയാകണമല്ലൊ. തബൂട്ടിഫുള്‍ എന്ന അടുത്ത അധ്യായത്തില്‍ എന്നതുപോലെ, എല്ലാ നല്ല എഴുത്തുകളിലുമെന്നതുപോലെ, എഴുത്തുകാരന്റെ രസികന്‍ ആത്മകഥാശകലങ്ങള്‍ കൂടി വാരി വിതറി(പ്പോ)യ എഴുത്തായതുകൊണ്ട് ഇത് അങ്ങനെ ഏതോ ഒരു ദിവസം (തിരുവനന്തപുരത്തൂന്ന് ചിറ്റ വന്ന ദിവസം?) അമ്മ ഉണ്ടാക്കിയ ആ ഏതോ ഒരു ദിവസത്തെ അച്ചപ്പംപോലെ വേറെ മാറി തകര്‍ന്ന് സ്വാദിക്കുന്നു. തുറമുഖം എന്ന രാജീവ് രവി ക്ലാസിക്കിനെപ്പറ്റി എഴുതുമ്പോഴാണ് ബിപിന്റെ രാഷ്ട്രീയ എഴുത്ത് സട കുടയുന്നത്. അവിടെ വെച്ച് വായന തല്‍ക്കാലം നിര്‍ത്തി 'മട്ടാഞ്ചേരി മറക്കാമോ' എന്ന് ആരും ഗൂഗ്ള്‍ ചെയ്തുപോകും. ഇമ്മാരിതിരി വെടിക്കെട്ട് ശാഖാചംക്രമണങ്ങള്‍ കൂടിയാണല്ലൊ ഇക്കാലത്തെ വായന. മലയാള സിനിമാചരിത്രത്തില്‍ ഏതാനും ചലച്ചിത്രങ്ങള്‍ മാത്രം കൊണ്ട് ഒരു അധ്യായം സ്വന്തമാക്കിയ പ്രിയപ്പെട്ട സച്ചിയെപ്പറ്റിയുമുണ്ട് ഹൃദയം തൊടുന്ന ഒരു കുറിപ്പ്. കാണുമ്പോഴെല്ലാം ലാലിനെ (സിദ്ധിക് ലാലിലെ ലാല്‍)പ്പറ്റി പറയാതെ സച്ചി പിരിഞ്ഞിട്ടില്ല. 'ലാലിന്റെ പടമുകള്‍ പ്രദേശത്തുള്ള വെറ്റിലക്കാരന്‍ വീട്ടില്‍ വച്ചായിരുന്നു ഞങ്ങള്‍ ഏറ്റവുമധികം തവണ കണ്ടുമുട്ടിയിട്ടുണ്ടാവുക എന്നു വായിച്ചപ്പോള്‍ അതുകൊണ്ടു തന്നെ അത്ഭുതം തോന്നിയില്ല. 'ലാലേട്ടനായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ വിശുദ്ധ മധ്യസ്ഥന്‍,' എന്നാണ് ബിപിന്‍ എഴുതുന്നത്. ഇങ്ങനെയൊരു പുസ്തകത്തില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരാളായിരുന്നു ജോണ്‍ ഏബ്രഹാം. അതാണ് മമ്മൂട്ടി എന്നു പറഞ്ഞതുപോലെ, അതാണ് ബിപിന്‍. അതുകൊണ്ട് ഇച്ചിരെ സോഡ ഒഴിച്ച് നേര്‍ത്തു കിട്ടിയപോലുണ്ട് അതിനടുത്ത കുറിപ്പില്‍ ആനന്ദിന്റെ വാക്കുകള്‍ (ഗോവര്‍ധന്റെ യാത്രകള്‍) വായിക്കുമ്പോഴുള്ള വിസ്മയത്തിന്.

എന്തൊക്കെ പറഞ്ഞാലും ക്ലൈമാക്‌സാണല്ലൊ പ്രധാനം. അത് ഇവിടെ പതിനാറാമധ്യായമാണ്. മമ്മൂട്ടിക്കമ്പനി. ഒന്നും പറയാനില്ല എന്നല്ലാതെ എന്തു പറയാന്‍! പണ്ടൊക്കെ ചില ഉഗ്രന്‍ സിനിമകള്‍ കണ്ടിറങ്ങുമ്പോള്‍ പെട്ടെന്നുള്ള ആ ബാഹ്യലോക അന്ധാളിപ്പിലും അതിന്റെ സിഡി ഇറങ്ങുമ്പോള്‍ത്തന്നെ ഒരെണ്ണം മേടിയ്ക്കണം എന്നു വിചാരിച്ചിട്ടാകുമല്ലൊ നമ്മള്‍ പിന്നെ ആകാശം കാണുക. അമ്മാതിരി ഒരു ഫീലാണ് ഇത് വായിച്ചു കഴിഞ്ഞപ്പോള്‍. ഇക്കാലത്ത് ഇതിന്റെ സിഡി ഇറങ്ങില്ലായിരിക്കും. എന്നാലും ഒടിടിയില്‍ വരുമാരിക്കും അല്ലേ ബിപിനേ?

No comments:

Related Posts with Thumbnails