Showing posts with label പരിഭാഷ. Show all posts
Showing posts with label പരിഭാഷ. Show all posts

Tuesday, September 13, 2011

സാധ്യമെന്തു കണ്ണീരിനാല്‍?


ഫോര്‍വേഡു ചെയ്തു കിട്ടിയ ഒരു രസികന്‍ മിനി:

ഒരാള്‍ വലിയൊരാള്‍ക്കൂട്ടത്തെ നോക്കി ഒരു ഫലിതം പറഞ്ഞു. സദസ്സ് മുഴുവന്‍ ആര്‍ത്തു ചിരിച്ചു. അയാള്‍ വീണ്ടും അതേ ഫലിതം പറഞ്ഞു. ഇത്തവണ കുറച്ചു പേരേ ചിരിക്കാനുണ്ടായിരുന്നുള്ളു. അയാള്‍ മൂന്നാമതും ആ ഫലിതം തന്നെ പറഞ്ഞു. ആരും ചിരിച്ചില്ല. അയ്യയ്യോ, അയാള്‍ നാലാമതും അതേ ഫലിതം തന്നെ പറയാന്‍ തുടങ്ങുന്നു. ഇത്തവണ ക്ഷമ കെട്ട് ആളുകള്‍ കൂവാനും ഒച്ചവെയ്ക്കാനും തുടങ്ങി. ഉടനെ അയാള്‍ ചോദിക്കുകയാണ്: “ഒരു ഫലിതം രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ കേട്ടാല്‍ നിങ്ങള്‍ ചിരിക്കുകയില്ല. എങ്കില്‍പ്പിന്നെ ഒരേ ദു:ഖമോര്‍ത്ത് എന്തിനാണ് നിങ്ങള്‍ വീണ്ടും വീണ്ടും കരയുന്നത്?”

സാധ്യമെന്തു കണ്ണീരിനാല്‍ എന്ന പ്രസിദ്ധ ചോദ്യം ചോദിച്ചത് കുമാരനാശാന്‍. ആ പൂവിതള്‍ ഉള്‍പ്പെടുന്ന പൂവ് മുഴുവന്‍ വായിക്കണമെങ്കില്‍ ഇവിടെ ക്ലിക്കുക. കല്യാണമാലയിലോ മരിച്ചവര്‍ക്കലങ്കാരമാകുന്ന റീത്തിലോ  ദൈവസന്നിധിയിലോ കാമുകിയുടെ മുടിയിലോ ഇരിക്കുന്ന പൂക്കളേക്കാള്‍ ഭാഗ്യം ചിലപ്പോള്‍ ഒരു വീണപൂവിനാണെന്ന് തെളിയിക്കുന്ന, കവിതയ്ക്കു മാത്രം സാധ്യമായ മാജിക്. 

കുമാരനാശാന്റെ മിക്കവാറും എല്ലാ കൃതികളും വിക്കിസോഴ്സിലുണ്ട്. സ്വന്തം ഗീര്‍വാണങ്ങള്‍ എഴുതി സ്വയംബ്ലോഗം തുടരുന്ന ഞാന്‍ ആ സമയം കൊണ്ട് മഹത്തുക്കളുടെ കലാസൃഷ്ടികള്‍ കീയിന്‍ ചെയ്ത് വിക്കിസോഴ്സിലിട്ടിരുന്നെങ്കില്‍, ഹാ! പുഷ്പമേ! [ഈ തൊപ്പി പാകമാകുന്നവര്‍ക്കൊക്കെ ഇടാം]. 

Monday, February 23, 2009

ഗീതാഭാഷ്യം അറബിയിൽ


പറ്റി, ഹറം പറ്റി. മുൻപൊരു പോസ്റ്റിൽ - ഇവിടെ - ചോദിച്ച ചോദ്യത്തിന് ഇതാ ഒരു രസികൻ ഉത്തരം - അബുദാബി സാംസ്കാരിക വകുപ്പിന്റെ വമ്പൻ പരിഭാഷാ സംരംഭമായ Kalima, ഭഗവദ് ഗീതാ ഭാഷ്യത്തിന്റെ അറബി പരിഭാഷ പുറത്തിറക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ.

വിത്സനോട് ഈന്തപ്പനകൾ ചോദിച്ചത് ഓർമയുണ്ടല്ലോ - തുറിച്ചു നോക്കുന്നതെന്തിന്, വിവര്‍ത്തന ശേഷമുള്ള തെങ്ങുകളാണ് ഞങ്ങള്‍.

യാഹൂ മെസെഞ്ചറിലെ സ്മൈലികൾ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, പഴയ മാതൃഭൂമി കലണ്ടറിലെ വെളുത്ത വാവുകളാണ് ഞങ്ങൾ. എയർ ഹോസ്റ്റസ് ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, അതിരമ്പുഴ ഷാപ്പിൽ മീങ്കറി വിളമ്പിയ മല്ലികച്ചേച്ചി തന്നെ ഞാൻ, പിസക്കഷണങ്ങൾ തമിഴിൽ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, ഉഡുപ്പി ഹോട്ടലീന്നു കഴിച്ച ഊത്തപ്പത്തിന്റെ ഇറ്റാലിയൻ പരിഭാഷ തന്നെ ഞങ്ങൾ.

Saturday, December 20, 2008

സമാറയിലെ മീറ്റിംഗ്


മാർക്കറ്റിൽ പോയ ഭൃത്യൻ സാധനങ്ങളൊന്നും വാങ്ങാതെ ഓടിക്കിതച്ച് തിരിച്ചെത്തിയതു കണ്ട് യജമാനന് അത്ഭുതമായി. ഇവനിതെന്തു പറ്റി? എന്തോ കണ്ട് പേടിച്ച പോലുണ്ടല്ലൊ. ശരിയായിരുന്നു. മാർക്കറ്റിന്റെ ആളൊഴിഞ്ഞ കോണിൽ പുറംതിരിഞ്ഞ് ഒരു സ്ത്രീരൂപം ഇരിപ്പുണ്ടായിരുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പു കൊണ്ടാവണം, അവളുടെ മുഖമൊന്ന് കണ്ടിട്ടു തന്നെ ബാക്കികാര്യം എന്നു വിചാരിച്ച് അവൻ അവളുടെ മുന്നിലേയ്ക്കു ചെന്നു. അവൾ തലയുയർത്തി അവനെ നോക്കി. അവൻ ഞെട്ടിത്തരിച്ചുപോയി. അത് മരണമായിരുന്നു. അവന്റെ അടിവസ്ത്രം നനഞ്ഞു. അവിടന്ന് ഓടിത്തുടങ്ങിയതാണവൻ.

യജമാനന് ഭൃത്യന്റെ വിശദീകരണം കേട്ട് ചിരിവന്നു. മരണം സ്ത്രീരൂപത്തിലോ? എന്നാൽ ഭൃത്യനാകട്ടെ ഇനി ഒരു നിമിഷം പോലും ആ നാട്ടിൽ നിൽക്കില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു. അത്രമാത്രം അവൻ ഭയപ്പെട്ടിരിക്കുന്നു.

വളരെക്കാലമായി മിടുക്കനായ ഒരു വേലക്കാ‍രനായി വിശ്വസ്തതയോടെ അവൻ യജമാനനെ സേവിക്കുന്നു. അതിന് പ്രതിഫലമായി യജമാനൻ അവന് ഒരു കുതിരയെ കൊടുത്താൽ മതി. അന്ന് ഇരുട്ടും മുമ്പ് അവനാ കുതിരയേയും പറപ്പിച്ച് സമാറയിലെത്തിക്കോളും.

യജമാനന് അതംഗീകരിയ്ക്കാൻ കഴിഞ്ഞില്ല. കുതിരയെ കൊടുക്കാനുള്ള മടിയോ നല്ലൊരു വേലക്കാരൻ നഷ്ടമാകുന്നതിലെ കുണ്ഠിതമോ ആയിരുന്നില്ല്ല അയാളുടെ പ്രശ്നം. മാർക്കറ്റിൽ വെച്ച് ഒരു സ്ത്രീയെ കണ്ടതിന് ഒളിച്ചോടുകയോ? ഭൃത്യനെ പിന്തിരിപ്പിയ്ക്കാൻ അയാൾ പഠിച്ച പണി പതിനെട്ടും നോക്കി. ഇല്ല, ദൈവത്തിനു പോലും അവനെ പിന്തിരിപ്പിയ്ക്കാനാവില്ലെന്ന് യജമാനന് മനസ്സിലായി. പാവം, അവൻ അത്രമേൽ ഭയപ്പെട്ടു പോയിരുന്നു.

തന്നെ ഇത്രകാലവും വിശ്വസ്തതയോടെ സേവിച്ച ആ ചെറുപ്പക്കാരന് തന്റെ ഏറ്റവും നല്ല കുതിരയെത്തന്നെ യജമാനൻ സമ്മാനിച്ചു. കുതിരയേ കിട്ടേണ്ട താമസം, അവനതിന്റെ പുറത്തു കയറി സമാറയിലേയ്ക്കുള്ള വഴിയിലൂടെ പറപറന്നു.

തന്റെ ഭൃത്യനെ ഭയപ്പെടുത്തി ഓടിച്ച ആ സ്ത്രീയെ ഒന്നു കാണാൻ അയാൾക്ക് കൗതുകമുണ്ടായി. ഭൃത്യൻ സമാറയ്ക്ക് പോയതിനു പിന്നാലെ യജമാനൻ മാർക്കറ്റിലേയ്ക്കു ചെന്നു. ആളൊഴിഞ്ഞ കോണിൽ അതാ പുറംതിരിഞ്ഞ് അവളിരിക്കുന്നു. അയാൾ അവളുടെ അടുത്തേയ്ക്കു ചെന്നു. അവൾ മുഖമുയർത്തി. ഒരു സാധാരണസ്ത്രീ. ഇവളാണോ തന്റെ ധീരനായ ഭൃത്യനെ ഭയപ്പെടുത്തിയത്? അയാൾക്ക് വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല.

"നീയെന്റെ ഭൃത്യനെ ഭയപ്പെടുത്തിയതെന്തിന്?" അയാ‍ളുടെ ചോദ്യത്തിന് ഒട്ടും മയമില്ലായിരുന്നു.

എന്നാൽ വളരെ മൃദുവായിട്ടായിരുന്നു അവളുടെ മറുപടി: "അയ്യോ, ഞാനവനെ പേടിപ്പിച്ചൊന്നുമില്ല. ഇന്നു രാത്രി സമാറയിൽ വെച്ച് എനിയ്ക്ക് കാണാനുള്ള ആ ചെറുപ്പക്കാരൻ ഈ ഉച്ചനേരത്ത് ഇവിടെ എങ്ങനെ വന്നു എന്ന് അത്ഭുതത്തോടെ നോക്കിയതേയുള്ളു ഞാൻ".

Sunday, November 16, 2008

ബ്ലഡി ഫക്കിംഗ് ബാങ്ക്!


മാന്ദ്യത്തെപ്പറ്റി പണ്ട് കേട്ട രണ്ടു കഥകൾ ഇവിടെ വിളമ്പിയിരുന്നല്ലൊ. അതിലും സൂപ്പറാണ് ഇന്ന് മെയിലിൽ കിട്ടിയ ഒരു ജോക്ക്.


മാന്ദ്യം ഇങ്ങനെ പോയാൽ ആകെ രണ്ട് ബാങ്കുകളേ നിലനിൽക്കുവത്രെ - ബ്ലഡ് ബാങ്കും സ്പേം ബാങ്കും. ഒടുക്കം അവയ്ക്കും ലയിക്കേണ്ടി വരുമത്രെ. അപ്പോളിടാവുന്ന പേരാണ് പോലും ബ്ലഡി ഫക്കിംഗ് ബാങ്ക്!

Monday, September 1, 2008

ഖുര്‍ ആന്‍ [മലയാളം] in pdf


മലയാളത്തില്‍ പിഡി.എഫ്ഫായി കിട്ടിയ വിശുദ്ധഗ്രന്ഥം, റമദാന്‍ പ്രമാണിച്ച് ഇവിടെ ഡൌണ്‍ലോഡാന്‍ പങ്കിടുന്നു.

ബൈബിളിന് സംസ്കൃത പരിഭാഷയുണ്ടോ? ഭഗവത് ഗീത ഹിബ്രുവിലുണ്ടോ? ബുഷ് ഖുര്‍ ആന്‍ വായിച്ചിട്ടുണ്ടാകുമോ?

കള്ളനാണെന്നു കരുതി നമ്മള്‍ കുരയ്ക്കുന്നതും കടിയ്ക്കാന്‍ ചാടുന്നതുമെല്ലാം ഇരുട്ടത്ത്, കാറ്റത്ത് ഇലയനങ്ങുന്നത് കണ്ടിട്ടാവുമോ?

Monday, October 29, 2007

ഷട്ടപ്പ് ഇഫ് യൂവാറിന്‍ ഡീപ് ഷിറ്റ്


ഇ-മെയിലില്‍ വന്ന ഒരു കഥയുടെ പരിഭാഷ:

മാറ്റത്തിനു മാത്രം മാറ്റമില്ല. കോര്‍പ്പറേറ്റ്‌ ലോകത്തെ മാറ്റങ്ങള്‍ അതിജീവിക്കാന്‍ സഹായിക്കുന്ന 3 പാഠങ്ങള്‍ ഇതാ.

പാഠം 1

ഒരു കാക്ക ജോലിയൊന്നും ചെയ്യാതെ ഒരു ദിവസം മുഴുവന്‍ അങ്ങനെ ഇരിക്കുകയായിരുന്നു. ഒരു മുയല്‍ക്കുഞ്ഞ്‌ ഇതു കണ്ട്‌ കാക്കയോട്‌ ചോദിച്ചു -

ഞാനും ഇതുപോലെ ദിവസം മുഴുവന്‍ ഒരു ജോലിയും ചെയ്യാതെ അങ്ങനെ ഇരുന്നാലോ. ഓ, അതിനെന്താ, ഇരുന്നോളൂ എന്നായിരുന്നു കാക്കയുടെ ഉത്തരം. ഇതു കേട്ട മുയല്‍ കാക്കയിരുന്ന മരത്തിനു താഴെ കാക്കയെപ്പോലെ തന്നെ ജോലിയൊന്നും ചെയ്യാതെ അങ്ങനെ ഇരുന്നു.

പെട്ടെന്ന്‌ എങ്ങുനിന്നോ ഒരു കുറുക്കന്‍ കടന്നുവന്ന്‌ ആ മുയലിനെ ശാപ്പിട്ടു.

ഗുണപാഠം - ജോലിയൊന്നും ചെയ്യാതെ അങ്ങനെ വെറുതെ ഇരിക്കണമെങ്കില്‍ നല്ല ഉയരത്തിലായിരിക്കണം നിങ്ങളുടെ ഇരിപ്പ്‌.

പാഠം 2

എനിക്കും ആ മരത്തില്‍ കയറിയാല്‍ക്കൊള്ളാമെന്നുണ്ട്‌. പക്ഷേ, അതിനുള്ള ഊര്‍ജമില്ല, ഇതായിരുന്നു ഒരു ടര്‍ക്കിക്കോഴിയുടെ ദീര്‍ഘനിശ്വാസം.

ഇതുകേട്ട ഒരു കാളക്കൂറ്റന്‍ ടര്‍ക്കിയെ ഇങ്ങനെ ഉപദേശിച്ചു - നീയെന്റെ ചാണകം കുറച്ച്‌ ശാപ്പിട്‌. നല്ല പോഷകസമൃദ്ധമാ എന്റെ ചാണകം. ഇതനുസരിച്ച്‌ ആ ടര്‍ക്കി ഒരു കൊക്ക്‌ ചാണകം കൊത്തിയെടുത്ത്‌ വിഴുങ്ങി. മരത്തിന്റെ ഒന്നാമത്തെ കൊമ്പിലെത്താന്‍ അത്‌ ടര്‍ക്കിയെ സഹായിച്ചു. പിറ്റേന്ന്‌ കൂടുതല്‍ ചാണകം ശാപ്പിട്ട ടര്‍ക്കി രണ്ടാമത്തെ കൊമ്പിലുമെത്തി. ഒടുവില്‍ രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അവന്‍ മരത്തിന്റെ തുന്നാടിത്തലപ്പത്തുമെത്തി. പക്ഷേ കഷ്ടം, വൈകാതെ തന്നെ ഒരു കൃഷിക്കാരന്‍ ദൂരെ നിന്നുതന്നെ അവനെ കണ്ട്‌ അവനെ വെടിവെച്ചിട്ടു.

ഗുണപാഠം - ബുള്‍ഷിറ്റ്‌ നിങ്ങളെ ഉയരത്തിലെത്തിക്കും. പക്ഷേ അത്‌ നിങ്ങളെ അവിടെ ഇരുത്തുകയില്ല.

പാഠം 3

മഞ്ഞുകാലം ഒഴിവാക്കാന്‍ ഒരു കുഞ്ഞിപ്പക്ഷി തെക്കോട്ട്‌ പറക്കുകയായിരുന്നു. തണുപ്പ്‌ അധികമായി കിളിക്കുഞ്ഞ്‌ താഴെ വീണു. അതങ്ങനെ അവിടെ കിടക്കുമ്പോള്‍ ഒരു പശു വന്ന്‌ അതിന്റെ മേല്‍ ചാണകമിട്ടു. ആ ചാണകത്തില്‍ പുതഞ്ഞ്‌ അങ്ങനെ കിടക്കുമ്പോള്‍ ആ ചൂട്‌ കൊള്ളാമല്ലോ എന്നാണ്‌ കിളി വിചാരിച്ചത്‌. അതങ്ങനെ സുഖമായി അവിടെത്തന്നെ കിടന്ന്‌ സന്തോഷത്താല്‍ ഒരു പാട്ടു പാടാന്‍ തുടങ്ങി. ഇതു കേട്ട്‌ അതിലേപോയ പൂച്ച കാര്യമെന്താണെന്നന്വേഷിക്കാന്‍ വന്നു. പാട്ടുവരുന്ന വഴി നോക്കി നോക്കി ചാണകത്തിന്റെ കീഴില്‍ അത്‌ കിളിക്കുഞ്ഞിനെ കണ്ടുപിടിച്ചു. ചാണകം നീക്കി അതിനെ ശാപ്പിടുകയും ചെയ്തു.

ഗുണപാഠങ്ങള്‍

1) നിങ്ങളുടേ ദേഹത്ത്‌ ഷിറ്റ്‌ ഇടുന്നവരെല്ലാം നിങ്ങളുടെ ശത്രുക്കളല്ല.

2) ഷിറ്റില്‍ നിന്ന്‌ നിങ്ങളെ പുറത്തെടുക്കുന്നവരെല്ലാം നിങ്ങളുടെ സുഹൃത്തുക്കളുമല്ല.

3) ഡീപ്‌ ഷിറ്റിലായിരിക്കുമ്പോള്‍ വായ അടച്ചുപിടിയ്ക്കുക.

Saturday, September 22, 2007

കട്ടിംഗും ഷേവിംഗും (എന്നാറൈ വേര്‍ഷന്‍)


ഒരുവന്‍ അപരനോട്: നാട്ടില്‍ എനിക്കൊരു റവര്‍ എസ്റ്റേറ്റൊണ്ട്. അതിന്റെ ഒരു തലപ്പേന്ന് കാറോടിച്ച് തൊടങ്ങിയാ വയിട്ടായാലും മറ്റേ അറ്റത്തെത്തുകേല

അപരന്‍: ങ്ഹാ, എനിക്കും ഒണ്ടാരുന്നു അതുപോലൊരു കാറ്!

Tuesday, September 4, 2007

മാര്‍കേസിന്റെ മലയാളി പിതാവ്


മാര്‍കേസിനെ മലയാളിയാക്കിയതില്‍ ഏറ്റവും പ്രധാന പങ്കു വഹിച്ചയാളാണ് ഗ്രിഗറി റബ്ബാസ. പക്ഷേ പല മലയാളികള്‍ക്കും ഇങ്ങൊരെ അറിയില്ല. പോര്‍ട്ടുഗീസ്, സ്പാനിഷ് ഭാഷകളില്‍ രചിക്കപ്പെട്ട കൃതികള്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുന്ന കാര്യത്തില്‍ മുടി ചൂടിയ മന്നന്‍. ക്യൂബയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ഒരു കുടുംബത്തില്‍ ന്യൂയോര്‍ക്കില്‍ ജനനം. ജുലിയൊ കൊര്‍ത്തസാര്‍, മാര്‍കേസ്, എന്റെ പ്രിയ ജോര്‍ജ് അമാദോ തുടങ്ങിയ ലാറ്റിനമേരിക്കന്‍ ജയന്റ്സിന്റെ മാസ്റ്റര്‍പീസുകള്‍ ഒറിജിനലുകളെ വെല്ലുന്ന മനോഹാരിയതയോടെ ഇംഗ്ലീഷികരിച്ച മാന്ത്രികന്‍. കൊര്‍ത്തസാറിന്റെ ഉപദേശ പ്രകാരം ഏകാന്തതയുടെ നൂറു വര്‍ഷം റബ്ബാസയെക്കൊണ്ട് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിക്കിട്ടാന്‍ വേണ്ടി മാര്‍കേസ് 3 വര്‍ഷം കാത്തിരുന്നു - റബ്ബാസ ഏറ്റെടുത്തിരുന്ന മറ്റ് പ്രൊജക്റ്റുകള്‍ തീര്‍ന്ന് അദ്ദേഹത്തിന്റെ ഷെഡ്യൂള്‍ ഓപ്പണാകാന്‍ വേണ്ടി. കാത്തിരിപ്പിന് ഫലമുണ്ടായി. പരിഭാഷ തന്റെ സ്പാ‍നിഷ് ഒറിജിനിലിനേക്കാള്‍ മനോഹരം എന്ന് മാര്‍കേസ് പറഞ്ഞതായാണ് കഥ. 1970-ലാണ് റബ്ബാസ ഏകാന്തത വിവര്‍ത്തനം ചെയ്തത്. പില്‍ക്കാലത്ത് റബ്ബാസ മാര്‍കേസിന്റെ Autumn of the Patriarch, Chronicle of a Death Foretold, Leafstorm തുടങ്ങിയവയും പരിഭാഷപ്പെടുത്തി. കോളറയോ എന്നു ചോദിക്കണ്ട - സമയം കിട്ടിക്കാണില്ല. കൊര്‍ത്തസാറിന്റെ മാസ്റ്റര്‍പീസായ Hopscotch, യോസയുടെ Conversation in the Cathredal, അമാദോയുടെ Captains of the Sand... ഇങ്ങനെ പത്തിലേറെ മാസ്റ്റേഴ്സിന്റെ ഇരുപതിലേറെ കൃതികള്‍. ചുരുക്കിപ്പറഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ ഫിക്ഷന്റെ പ്രളയവാതില്‍ ശരിക്കും തുറന്നിട്ടത് റബ്ബാസയാണെന്നു പറയാം. എങ്കിലും മാര്‍കേസിന്റെയും മറ്റും പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ സാധ്യമാക്കിയ റബ്ബാസമാരുടെ പേരുണ്ടാകാറില്ല. ഡോ. എസ്. വേലായുധനും മറ്റും സ്പാനിഷില്‍ നിന്ന് നേരിട്ട് മലയാളീകരിച്ചെന്ന് വിചാരിച്ചോട്ടെയെന്നോ?
Related Posts with Thumbnails