Friday, February 29, 2008

അനിമേഷന്‍ സിനിമ രാഷ്ട്രീയം പറയുന്നു



മലയാളത്തില്‍ ഒരു നല്ല ഗ്രാഫിക് നോവലേ ഉണ്ടാ‍യിട്ടുള്ളു - അരവിന്റെ ചെറിയ മനുഷ്യരും വലിയ ലോകവും. സിനിമാക്കാരനായിട്ടും അത് അരവിന്ദന്‍ സിനിമയാക്കിയില്ല. ആക്കിയിരുന്നെങ്കില്‍ത്തന്നെ ഗോപിയേയും നെടുമുടിയേയുമൊക്കെ അഭിനയിപ്പിച്ച ഒരു ഫീച്ചര്‍ ഫിലിമാകുമായിരുന്നു അത്.

എന്നാല്‍ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഗ്രാഫിക് നോവലിസ്റ്റുകളില്‍ പ്രമുഖയായ Marjane Satrapi (1969-ല്‍ ടെഹ്രാനില്‍ ജനനം, ഇപ്പോള്‍ പാരീസില്‍)യുടെ പ്രശസ്ത ഗ്രാഫിക് നോവലായ Persepolis ഈയിടെ സിനിമയായപ്പോള്‍ അത് ബ്ലാക്ക് & വൈറ്റില്‍ അനിമേഷന്‍ സിനിമയായി. അനിമേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഹ്യൂമര്‍ എന്നോ ചില്‍ഡ്രന്‍ എന്നോ മാത്രം ഓര്‍ക്കുന്ന നമുക്ക് ഈ സിനിമ ഒരു ഷോക്കായിരിക്കും. ഇക്കഴിഞ്ഞ ഓസ്കാര്‍ അവാര്‍ഡ് നോമിനികളുടെ കൂട്ടത്തിലും സ്ഥാനം പിടിച്ചിരുന്ന ഈ സിനിമ ഈയാഴ്ച ദുബായില്‍ റിലീസ് ചെയ്യപ്പെടുന്നു.

Wednesday, February 27, 2008

സ്പില്‍ബെര്‍ഗിന് മനസ്സാക്ഷിയുണ്ടോ?


ബെയ്ജിംഗില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് അടിപൊളിയാക്കാനുള്ള കമ്മറ്റിയില്‍ നിന്ന് മനസ്സാക്ഷിക്കുത്തുമൂലം സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് രാജിവെച്ചുപോലും. സുഡാനിലെ ദാര്‍ഫോറില്‍ അവിടത്തെ ഗവണ്മെന്റിന്റെ പിന്തുണയോടെ തുടരുന്നുവെന്ന് പാശ്ചാത്യലോകം ആരോപിയ്ക്കുന്ന മനുഷ്യക്കുരുതിയ്ക്ക് ചൈന നിശബ്ദ പിന്തുണ നല്‍കിവരുന്നതിലാണത്രെ സ്പില്‍ബര്‍ഗിന് മനസ്സാക്ഷിക്കുത്ത്. അങ്ങനെയാണെങ്കില്‍ ബുഷിന്റെ ഇറാക്ക് യുദ്ധമോ? അക്കാര്യത്തില്‍ അമേരിയ്ക്കക്കാര്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമില്ലേ?

ഇറാക്കില്‍ അമേരിക്കയും സുഡാനില്‍ ചൈനയും കളിയ്ക്കുന്ന കളികള്‍ എണ്ണയ്ക്കു വേണ്ടിത്തന്നെ. ഒളിമ്പിക്സിലെ കളികളും എണ്ണയും കൂട്ടിക്കുഴയ്ക്കണോ? വികസിത രാജ്യങ്ങള്‍ വര്‍ഷങ്ങളായി ‘സംഭാവന’ ചെയ്തിട്ടാണ് മലിനീകരണവും ഗ്ലോബല്‍ വാമിംഗുമെല്ലാം ഈ പരുവത്തിലായത്. ഇപ്പോള്‍ ചൈനയുടെയും മറ്റും ഊഴമാണ്. ചാരിത്ര്യം പ്രസംഗിയ്ക്കുമ്പോള്‍ ചളിപ്പെങ്കിലും വേണ്ടേ സര്‍?

Saturday, February 23, 2008

പെരിങ്ങോടന് എന്തുപറ്റി?


ബ്ലോഗിംഗിന് ഈയിടെ പത്തു വയസ്സായെന്ന് ബീബീസിയുടെ സൈറ്റില്‍ വായിച്ച കഥ പറഞ്ഞല്ലൊ. ആദ്യമലയാളം ബ്ലോഗിന് 7 വയസ്സായിട്ടുണ്ടാകുമോ? അതാരുടേതാണെന്നൊരു ചര്‍ച്ച കുറേ മുമ്പ് വായിച്ചിരുന്നു. അതൊക്കെയെന്തായാലും മലയാളം ബ്ലോഗിംഗിന്റെ എഴുത്തച്ഛന്‍ എന്ന് എനിക്ക് വിളിക്കാന്‍ തോന്നിയത് പെരിങ്ങോടനെയാണ്. (കുഞ്ചന്നമ്പ്യാര്‍, പൊറ്റെക്കാട് എന്നിവരൊക്കെ ആരാണെന്നാലോചിച്ച് തല പുകയ്ക്കേണ്ട - 'എഴുത്ത'ച്ഛന്‍ എന്ന ടെക്നിക്കല്‍ പിതൃത്വത്തിലാണ് എന്റെ ഊന്നല്‍).

[ഓഫ്: ലൈംഗികബന്ധം നടത്തിയാല്‍ മക്കളെയുണ്ടാക്കാമെന്ന് ആരും കണ്ടുപിടിച്ചതായിരിക്കില്ല. ആദിമമനുഷ്യന് അത് ആഹ്ലാദത്തിന്റെ ഉപോത്പ്പന്നമായിരിക്കണം. ആ ആഹ്ലാദം ഇല്ലായിരുന്നില്ലെങ്കില്‍ ജനസംഖ്യ കുറയുമായിരുന്നോ? അതുകൊണ്ട് ടെക്നിക്കലി നോക്കുമ്പോള്‍ ലൈംഗികതയുടെ പിതാവ് എന്നൊരു ടെക്നിക്കല്‍ പിതൃത്വം കല്‍പ്പിയ്ക്കലിന് സ്കോപ്പില്ല. ടോപിക് എന്തായാലും അക്കാര്യം മറന്നൊരു കളിയില്ലല്ലൊ].

ഞാനിത് കീയിന്‍ ചെയ്യുന്നത് പെരിങ്ങ്സ് ഡെവലപ് ചെയ്തെടുത്ത് സൌജന്യമായി ഡൌണ്‍ലോഡാന്‍ വെച്ചിരിക്കുന്ന കീമാനുപയോഗിച്ചാണ്. ബ്ലോഗിലെ ഭൂരിപക്ഷവും അങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. (പാര്‍ട്ട് A. തെറ്റുണ്ടെങ്കില്‍ തിരുത്തുക. ഓരോ ശരിയുത്തരത്തിനും അരമാര്‍ക്ക് വീതം). ഒരഞ്ച് മെഷീനിലെങ്കിലും ഞാനത് കറന്നൊഴിച്ചിട്ടുണ്ടാവും. പെരിങ്ങ്സ് പറയുന്നത് (സ്വകാര്യസംഭാഷണത്തില്‍) അത്തരം ഡൌണ്‍ലോഡുകളുടെ എണ്ണം 50,000 എത്തിയിട്ടുണ്ടാവുമെന്നാണ്. എന്റെ ആവറേജ് വെച്ച് നോക്കിയാല്‍ ഒരു പതിനായിരം പേരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാവും. അതിന്റെ പകുതിയെങ്കിലും സജീവന്മാരായിരിക്കില്ലേ? (വിശാലനടക്കം). പട്ടാമ്പിയ്ക്കടുത്ത പെരിങ്ങോടുകാരന്‍ രാജ് നായര്‍ നീട്ടിയത്ത് തന്നെയല്ലേ മലയാളം ബ്ലോഗിംഗിന്റെ എഴുത്തച്ഛന്‍?

സിബുവിന്റെ വരമൊഴി ആയിരുന്നു പെരിങ്ങോടനുള്‍പ്പെടെ പലരും ആദ്യം ഉപയോഗിച്ചിരുന്നത്. (എഴുത്തച്ഛനും മുമ്പാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ). അതുപോലെ മറ്റൊരു സോഫ്റ്റ്‌വെയര്‍ ഉണ്ടായിരുന്നതിന്റെ സോഴ്സ് ഓപ്പണ്‍ ആയിരുന്നില്ല. അതിന്റെ ഡെവലപ്പറോട് അന്ന് ലിനക്സ് ഉപയോ‍ഗിച്ചിരുന്ന പെരിങ്ങ്സ് അതിന്റെ സോഴ്സ് ചോദിക്കുകയും അദ്ദേഹം മറുപടി കൊടുക്കാതിരിക്കുകയും ചെയ്തപ്പോളാണ് അങ്ങനെ ഒരു സാധനം തനിയെ ഡെവലപ്പ് ചെയ്യണ്ട അവസ്ഥ പെരിങ്ങ്സിനുണ്ടാകുന്നത്. ചില്ലക്ഷരം നേരിട്ട് കാച്ചാമെന്നും വരമൊഴിയുമായി ഏറ്റവും സാദൃശ്യമുണ്ടായിരുന്നതുമാകാം മൊഴി കീമാനെ പോപ്പുലറാക്കിയത്. പിന്നീട് വരമൊഴി പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടതോടെ ആള്‍‌റെഡി ഫേമസ് ആയിരുന്ന വരമൊഴിയുടെ നല്ല പേര് മൊഴി കീമാനും ലഭിച്ചു. നിത്യവും എകദേശം നൂ‍റോളം ആളുകള്‍ മലയാളം എഴുതാന്‍ ഉപയോഗിക്കുന്ന ഈ സൈറ്റിലും പെരിങ്ങ്സിന്റെ കോഡ് തന്നെ, വിക്കിപീഡിയയും മലയാളം എഴുതുന്നത് ഇതേ കോഡ് ഉപയോഗിച്ച്.
(ഇരുപത് കമന്റിന് ശേഷം കീയിന്‍ ചെയ്യുന്നതാണ് ഈ ബ്രാക്കറ്റിനുള്ളിലെ addendum. ഡൌണ്‍ലോഡിംഗിന്റെ കണക്ക് മാത്രമെടുത്താല്‍പ്പോലും - മൊഴി: 45,856 ഡൌണ്‍‌ലോഡുകള്‍, വരമൊഴി: 55,353 ഡൌണ്‍‌ലോഡുകള്‍ - ബ്ലോഗിംഗ് മലയാളത്തിന്റെ എഴുത്തച്ഛന്‍ സിബു തന്നെയാണെന്നാണ് കരുതേണ്ടത്. അതുകൊണ്ട് രാജിന്റെ കോണ്ട്രിബ്യൂഷന്റെ തിളക്കം കുറയുന്നുമില്ല).

ഇങ്ങനെയെല്ലാം സുപരിചിതനായ പെരിങ്ങ്സിന്റെ ബ്ലോഗായിരുന്നല്ലൊ പെരിങ്ങോടന്‍. അത് ഈയിടെ അപ്രത്യക്ഷമായി. അല്ല, എനിക്ക് തെറ്റിയതല്ല, URL അതു തന്നെ. പക്ഷേ പേരു മാറി. രാജിന് അതിന് വ്യക്തമായ കാരണങ്ങളുണ്ട്. എനിക്കാണെങ്കില്‍ അതു തന്ന സന്തോഷങ്ങള്‍ക്ക് വേറെയാണ് കാരണങ്ങള്‍. അതു പങ്കുവെയ്ക്കാനാണ് ഈ പോസ്റ്റ്.

1) രാജ് എന്തൊക്കെ പറഞ്ഞാലും പെരിങ്ങോടന്‍ എന്ന പേര് ഹ്യൂമറസാണ്. പെരിങ്ങോട് എന്നോ പെരിങ്ങോട്ടുകാരന്‍ എന്നോ ആയിരുന്നെങ്കിലും വേണ്ടീലായിരുന്നു. പെരിങ്ങോടന്‍ എന്നാദ്യം കേട്ടപ്പോള്‍ സി. ആര്‍. ഓമനക്കുട്ടന്‍സാറ് എപ്പോഴും പറയാറുണ്ടായിരുന്ന പറങ്ങോടീപരിണയം എന്ന കാവ്യനാമമാണോര്‍ത്തത്. സറ്റയറിന് അതിന്റെ രാഷ്ട്രീയമുണ്ട്. പക്ഷേ മലയാളം ബ്ലോഗിംഗ് എന്നാല്‍ നര്‍മം മാത്രമാണെന്ന ഇമേജ് പുറത്ത് നില‍നില്‍ക്കുന്നതില്‍ കുണ്ഠിതമുള്ളയാളും ശൈലിയിലായാലും കണ്ടെന്റിലായാലും ഗൌരവത്തോടെ എഴുതുന്നയാളുമായ രാജ് എന്തിനാണ് നല്ല എരിവുള്ള തലച്ചോര്‍പ്പിക്കിളിന്റെ കുപ്പിയുടെമേല്‍ ഹാപ്പിജാം എന്ന് സ്റ്റിക്കറൊട്ടിക്കുന്നത്? അതുകൊണ്ട്, ഈ മാറ്റം നന്നായി. (മലയാള ബ്ലോഗിംഗ് അതിവഗൌരവത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്ന കാലത്ത് രാജിന് വീണ്ടും പെരിങ്ങോടനാവാം)

2) പെരിങ്ങോട് എന്ന നാട് രാജിന്റെ തറവാട്ടുവകയാണോ? നീട്ടിയത്ത് എന്ന വീട്ടുമ്പേര് രാജിന്റെ മാത്രം സ്വന്തമാണോ? അതുകൊണ്ട് നീട്ടിയന്‍ എന്നുപോലും ഇടരുതെന്നാണ് എന്റെ അഭിപ്രായം. നിട്ടിയത്തുവീട്ടില്‍ രാജിനേക്കാള്‍ നന്നായി ബ്ലോഗ് ചെയ്യാന്‍ പോകുന്ന ഒരു ചെക്കന്‍ ഇനി ഉണ്ടായിക്കൂടെ? എങ്കിലയാള്‍ പോലും നീട്ടിയന്‍ എന്ന് ബ്ലോഗിന് പേരിടരുത്. തകഴി ശിവശങ്കരപ്പിള്ളയെ നാട്ടുകാര്‍ക്ക് തകഴി എന്നു വിളിക്കാം. അങ്ങേര്‍ക്ക് ഒരു ബ്ലോഗുണ്ടായിരുന്നെങ്കില്‍ പക്ഷേ സ്വയമതിന് തകഴി എന്ന് പേരിടുന്നത് ശരിയല്ല. തകഴിയേക്കാള്‍ വലിയ ഒരു തകഴി തകഴിയില്‍ ഉണ്ടാവില്ലെന്നാരു കണ്ടു? അതുകൊണ്ടാണ് എന്റെ ചങ്ങാതി കുഴൂര്‍ ഡോട്ട് കോം തുടങ്ങി, അത് അങ്ങേരുടെ മാത്രം വിശേഷങ്ങളിലേയ്ക്കൊതുക്കിയപ്പോള്‍ ഞാന്‍ എന്റെ വിയോജിപ്പ് നേരിട്ടറിയിച്ചത്. കവിതയില്‍ കുഴൂര്‍ നാരായണമാരാരേക്കാള്‍ നന്നായി തിമില വായിച്ചാലും വിത്സണങ്ങനെ ചെയ്യരുത്. കുഴൂരും തകഴിയും പെരിങ്ങോടും കുറേയധികം ആളുകളുടേതാണ്.

[ജീ, ഹോട്ട് മെയിലൈഡികള്‍ക്ക് പാലിയത്ത് എന്ന് പേരിട്ടതില്‍ പല നാടുകളിലുമുള്ള പല പല പാലിയത്തുകാരോടും മാപ്പു ചോദിക്കാനും ഈ സന്ദര്‍ഭം വിനിയോഗിക്കട്ടെ. അങ്ങനെയാണെങ്കില്‍ എന്തുപേരിടും, രാജ് എന്നിട്ടാല്‍ വേറെ കാക്കത്തൊള്ളായിരം രാജുമാരുടെ ജനാധിപത്യ അവകാശങ്ങളെ ചോദ്യം ചെയ്യലാവില്ലേ എന്ന് തിരിച്ചുചോദിച്ചാല്‍ ഞാന്‍ കുഴങ്ങി. പെരിങ്ങോട്ടുകാരുടെ എണ്ണത്തേക്കാള്‍ കുറവായിരിക്കുമോ രാജ് എന്ന് പേരുള്ളവരുടെ എണ്ണം? അതിന് സന്തോഷം നമ്പര്‍ 3 വായിക്കുക.]

3) അദ്ദേഹം ജീവിച്ചിരിയ്ക്കെ, സാഹിത്യവാരഫലം കൃഷണന്‍ നായരോട് ഒരു മറുപടി പറയാനൊത്തില്ല. അതുങ്കൂടിയാണിത്. ഒരു വാരഫലം അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: "വായന കൂടിയാല്‍ ബുദ്ധി കുറയും." അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ശരിയായിരുന്നോ? വൈലോപ്പിള്ളി എന്ന വേള്‍ഡ് ക്ലാസ് കവിയോടുണ്ടായിരുന്ന എന്തോ പെഴ്സണല്‍ കെറുവോ മറ്റോ മൂലം അദ്ദേഹത്തിന്റെ കവിതയെ പരിഹസിച്ചിരുന്നതോര്‍ക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ സാറിന് വായന കൂടിയതിന്റെ കുഴപ്പമുണ്ടെന്ന് പണ്ടേ തോന്നിയിരുന്നു. മലയാളി എഴുത്തുകാര്‍ സ്ഥലപ്പേരും വീട്ടുപേരും ജാതിപ്പേരും മറ്റും പേരിനോട് ചേര്‍ത്ത് എഴുതുന്നതിനെ അദ്ദേഹം പലവട്ടം പരിഹസിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ കവി വേഡ്സ്വര്‍ത്ത് അങ്ങേരുടെ പേര്‍ വേഡ്സ്.വര്‍ത്ത് കോക്കര്‍മൌത്ത് എന്നു വെയ്ക്കേണ്ടിയിരുന്നില്ലെ എന്നായിരുന്നു കൃഷ്ണന്‍ നായര്‍ സാറുടെ ചോദ്യം.

ട്ടാവട്ടങ്ങളിലുള്ള ഇംഗ്ലണ്ടിലേയും ഫ്രാന്‍സിലേയുമെല്ലാം എഴുത്തുകാര്‍ക്ക് സെക്കന്‍ഡ് നെയിമുകളിലൂടെത്തന്നെ തങ്ങളുടെ ഐഡന്റിറ്റി വ്യക്തമാക്കാന്‍ കഴിഞ്ഞിരുന്നു. അതാണോ ജനസാന്ദ്രമായ, സെക്കന്റ് നെയിമില്ലാത്ത മലയാളീസിന്റെ കാര്യം. എം. കൃഷണ്‍നായര്‍ തന്നെ രണ്ടുണ്ടായിരുന്നു. അയ്യേയെസ്സ് കവി കെ. ജയകുമാറിന്റെ അച്ഛനും സിനിമാസംവിധായകനുമായിരുന്നു മറ്റെയാള്‍. സിനിമാക്കാരന്‍ അരവിന്ദന്റെ അച്ഛനും ഒരു എം. എന്‍. ഗോവിന്ദന്‍ നായരായിരുന്നു. കോട്ടയത്തുകാരന്‍ വക്കീല്‍, ഹാസ്യസാഹിത്യകാരന്‍. ലക്ഷം വീട് പദ്ധതിയിലൂടെ അനശ്വരനായ സാക്ഷാല്‍ എമ്മെനുമായി തന്റെ ഐഡന്റിറ്റി ക്ലാഷായിരുന്നതിനെപ്പറ്റി അരവിന്ദന്റെ അച്ഛന്‍ എഴുതിയിരുന്ന നര്‍മഭാവന ഓര്‍ക്കുന്നു. എം. ജി. രാധാകൃഷ്ണന്‍ എന്ന പേരോ? സംഗീതസംവിധായകന്‍ ഒന്നാമന്‍, ഇന്ത്യാ ടുഡെ ലേഖകനും ഗോവിന്ദപ്പിള്ളയുടെ മകനുമായ രണ്ടാ‍മന്‍, മാതൃഭൂമിയില്‍ എഴുതുന്ന ബോംബെ കഥാകൃത്ത് മൂന്നാമന്‍.

കേരളീയ ക്രൈസ്തവ ശൈലിയിലുള്ള സെക്കന്റ് നെയിമുകളും ചിലപ്പോള്‍ കാര്യസാധ്യത്തിന് പോരാതെ വരുന്നു. കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ട് എന്നൊരു ചെറുകഥയ്ക്ക് പേരിട്ട ജോണ്‍ ഏബ്രഹാമിന്റെ കഥയെടുക്കുക. ജോണ്‍ ഏബ്രഹാം എന്നാരെങ്കിലും പറഞ്ഞാല്‍ ഇക്കാലത്ത് ഭൂരിപക്ഷവും കരുതും ആ മോഡല്‍-ടേണ്ഡ്-ബോളിവുഡ്-ആക്റ്ററാണെന്ന്. അല്ലെന്നേ, സിനിമാക്കാരന്‍ ജോണ്‍ ഏബ്രഹാം എന്നു പറഞ്ഞാലും നമ്മുടെ ജോണിനെ ഫ്രെയിമില്‍ കിട്ടുമോ? (ഇന്ത്യാ ടുഡേ ലേഖകനായ എം. ജി. രാധാകൃഷ്ണന്റെ പ്രൊഫൈലിന് പണ്ട് ഞാനൊരു തലക്കെട്ടിട്ടു - തിരുവനന്തപുരത്ത് എത്ര എം. ജി. രാധാകൃഷ്ണന്മാര്‍ ഉണ്ട്?)

പറഞ്ഞുവരുന്നത് ഇതാണ് - കൃഷ്ണന്‍ നായര്‍ സാറിനു തെറ്റി. ജനസംഖ്യാബാഹുല്യവും അതിനാല്‍ത്തന്നെ പ്രശസ്തരുടെ എണ്ണത്തിലും ബാഹുല്യവുമുള്ള കേരളത്തില്‍ ആളെ തിരിച്ചറിയാന്‍ രണ്ട് ഇനിഷ്യലും അപ്പന്റെ പേരും പലപ്പോഴും പോരാതെ വരും. പേരിനോടൊപ്പം തിരിച്ചറിയാന്‍ സ്ഥലപ്പേരോ വീട്ടുപേരോ ഉപജാതിപ്പേരോ കൊടുക്കുന്നതായിരിക്കും പ്രായോഗികബുദ്ധി. (ഓരോരുത്തര്‍ക്കും നെറ്റിയില്‍ ഓരോ ബാര്‍കോഡ് വരുന്ന കാലം അതാ ആ വളവു കഴിഞ്ഞോ ഇല്ലയോ എന്നാരു കണ്ടു. ഐഡിയാ ഫോണിന്റെ പരസ്യത്തില്‍ പറയുമ്പോലെ ഓരോ മനുഷ്യനും ഓരോ യുനീക് നമ്പര്‍ മാത്രമാകുമോ - എന്റമ്മോ!)

പെരിങ്ങോടന്‍ പേരു മാറ്റിയത് പറഞ്ഞതില്‍പ്പിടിച്ച് എവിടെയെല്ലാമെത്തി. എബൌട്ട് മിയിലും രാജ് എഴുത്തുമാറ്റിയിരിക്കുന്നു: A blogger who believes blog sociality is all about interaction between blogs, not bloggers. This blog got its own life, its not my life anyway.

മറ്റൊരു ബ്ലോഗേഴ്സ് മീറ്റിന്റെ മേളപ്പദം കേള്‍ക്കാകുമ്പോള്‍ ഈ ചര്‍ച്ചയും പ്രസക്തം. വ്യക്തിപരമായി ഒരു ബ്ലോഗര്‍ എന്ന് അറിയപ്പെടുന്നതിനേക്കാള്‍ എനിക്കൊരു ബ്ലോഗുണ്ട് എന്ന് അറിയിക്കാനാണ് എനിക്കും താല്‍പ്പര്യം തോന്നുന്നത്.

ടെക്നിക്കലി രോമനും രാഷ്ട്രീയമായി പ്രതിലോമനുമായ എനിയ്ക്ക് ക്ഷമ കൈവിടാതെ സംശയങ്ങള്‍ പറഞ്ഞുതരുന്ന, പ്രായം കൊണ്ട് അനിയനും അഭിപ്രായം കൊണ്ട് ചേട്ടനുമായ, മറുമൊഴികള്‍ എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു എന്ന് ലേഖനമെഴുതിയതിന് 'ഓ, അവന്‍ പണമുണ്ടാക്കാനുള്ള മറ്റേതൊ വിദ്യ ഉണ്ടാക്കാനാ' എന്ന് പഴി കേട്ട, ഒരു പൈസ പോലും ഉണ്ടാക്കാതെ ഒരു മലയാളം കീയിംഗിന്‍ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ വെച്ചിരിക്കുന്ന, അമിതവിനയത്തെ അടുപ്പിയ്ക്കാത്ത, രാജ്. ബ്ലോഗിന്റെ പേരു മാറ്റിയതിന് രാജിന് എന്റെ സലാം.

4) ചില വാക്കുകള്‍ ഹൈപ്പര്‍ലിങ്കുകള്‍ പോലെയാണ്. എനിക്ക് ആണ്മ എന്ന വാക്ക് ഒരു ഹൈപ്പര്‍ലിങ്കാണ്. ആ വാക്കിലൂടെ വൈലോപ്പിള്ളിയുടെ കുടിയൊഴിയ്ക്കല്‍ ഒഴുകിവരും:

ആണ്മ തേടിന മുണ്ടകന്‍ പാടത്താണ്മെരുവിനാല്‍ വാസനിക്കുമ്പോള്‍
വേനലിന്‍ മധുവാല്‍ ഹൃദയത്തിന്‍ തേനടകള്‍ നിറഞ്ഞുവിങ്ങുമ്പോള്‍
അന്നു കണ്ടു ഞാന്‍ ശ്യാമമാം ഗ്രാമമണ്ണു പെറ്റൊരപ്പെണ്‍കൊടിയാളെ.
പുന്നപൈനുകള്‍ പൂവിട്ട താരാച്ഛന്നമാകുമിടവഴിയൂടേ
ആടിനേകാന്‍ പടര്‍ന്ന പാല്‍ വള്ളി തേടി വൈലിതള്‍ ചൂടി നടക്കേ
കുങ്കുമപ്പൂവറുക്കുവാന്‍ താന്‍ താനെന്‍ കരളില്‍ കയറി നിന്നോളേ
ഞാനരുളിയോരാദ്യ സമ്മാനം മാനവാ‍യ്പ്പാല്‍ തിരസ്കരിച്ചാലും
പാതമണ്ണില്‍ തിരിച്ചറിഞ്ഞെന്റെ പാദമുദ്രയെപ്പാര്‍ത്തു നിന്നോളേ...

അതോര്‍മിപ്പിയ്ക്കുന്നതിനും നന്ദി രാജ്. നിനക്ക് നല്ലതു വരട്ടെ.

Thursday, February 21, 2008

എന്തിനായിരുന്നു ആ ചിറകുകള്‍?

പട്ടികളുടേയും പൂച്ചകളുടേയും മനുഷ്യരുടേയും ഗതികേട് മനസ്സിലാക്കാം, സ്വന്തമായി ദഹനേന്ദ്രിയങ്ങള്‍ ഉണ്ടെങ്കിലും അവയേയും പാരസൈറ്റുകള്‍ എന്നു വിളിയ്ക്കാം. എന്നാല്‍ എന്തിനാണ് ചിറകുള്ള പ്രാവുകളും മനുഷ്യര്‍ കൂട്ടമായി ജീവിക്കുന്ന സ്ഥലങ്ങളില്‍ മാത്രം വന്ന് താമസിക്കുന്നത്? വിശേഷിച്ചും നഗരങ്ങളില്‍ത്തന്നെ?

അവ കൂടുകൂട്ടുന്നതോ - ഗള്‍ഫിലെ കാര്യമാണെങ്കില്‍ എയര്‍ കണ്ടീഷണറുകളില്‍ മാത്രവും. ഓരോ രണ്ട് കെട്ടിടത്തിനുമിടയ്ക്കുള്ള കോണ്‍ക്രീറ്റിട്ട ഗ്യാപ്പുകളില്‍ പൊട്ടിത്തകര്‍ന്ന് ഉണങ്ങിപ്പിടിച്ച പ്രാവിന്‍ മുട്ടകളുടെ അവശിഷ്ടങ്ങള്‍. പഞ്ചഭൂതങ്ങളല്ല, രണ്ട്മൂലകങ്ങള്‍ എന്നു തന്നെ വ്യവച്ഛേദിയ്ക്കാവുന്ന വിധം ഫോസ്ഫറസിന്റേയും കാത്സിയത്തിന്റേയും വര്‍ണചിത്രങ്ങള്‍. വാട്ടര്‍ടാങ്കിലെ മുങ്ങിമരണങ്ങളോ?

എന്തിനാണ് മനുഷ്യര്‍ കൂട്ടമായി വന്ന് ജീവിക്കുന്ന ശപിയ്ക്കപ്പെട്ട നഗരങ്ങളില്‍ത്തന്നെ പ്രാവുകളും പൊറുക്കുന്നത്? കൂട്ടമായി പറന്നുയര്‍ന്ന് സുവനീര്‍ഷോപ്പുകളിലെ തിരിയുന്ന സ്റ്റാന്‍ഡിലെ പിക്ചര്‍ പോസ്റ്റ്കാര്‍ഡുകളില്‍ ഇടം പിടിയ്ക്കാനോ? തദ്ദേശീയരേക്കാള്‍ എല്ലാക്കാലത്തും ടൂറിസ്റ്റുകള്‍ എണ്ണത്തില്‍ കൂടുതലായ സ്പെയിനിന്റെ എല്ലാ ചിത്രങ്ങളിലും നിങ്ങള്‍ പറന്ന് പറന്ന് പോസു ചെയ്യുന്നതെന്ത്? നിങ്ങളുടെ മോഡലിംഗ് കൂലി എത്ര? ദില്ലിയില്‍ ആളുകള്‍ ഭിക്ഷയായി കൂമ്പാരമിട്ട് പോകുന്ന ഗോതമ്പുമണികള്‍ കൊത്തി പറന്നാല്‍ മതിയോ നിങ്ങള്‍ക്ക്? അവശേഷിക്കുന്ന ഏതെങ്കിലും കാടു നോക്കി പറക്കാന്‍ വയ്യായോ?

പ്രാവുകള്‍ പരസ്പരം കൊത്തിക്കൊത്തി കൊല്ലുന്നത് കണ്ടിരിയ്ക്കുന്നു. മനുഷ്യരും പ്രാവുകളും മാത്രമേ സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെ ഭക്ഷണത്തിനായല്ലാതെ കൊല്ലുന്നുള്ളു എന്ന് വായിച്ചിരിക്കുന്നു. ശരിയോ? ആ സാഹോദര്യമാണോ സമാധാനത്തിന്റെ സിംബലുകള്‍ എന്ന നിരര്‍ത്ഥമായ ഉപമയുടെ ഗര്‍ഭപാത്രം?

എന്തിനാണ് മനുഷ്യര്‍ കൂട്ടമായി വന്ന് ജീവിക്കുന്ന ശപിയ്ക്കപ്പെട്ട നഗരങ്ങളില്‍ത്തന്നെ കൂട്ടംകൂട്ടമായി പ്രാവുകളും പൊറുക്കുന്നത്?

Wednesday, February 20, 2008

ഗള്‍ഫ് എവിടെയാണ്?


“ഗള്‍ഫ് ഒരന്യഗ്രഹമാണെന്ന് എനിയ്ക്ക് തോന്നുന്നില്ല“ - കഴിഞ്ഞൊരു പോസ്റ്റിന് നൊമാദ് ഇട്ട ഒരു കമന്റ് ഇങ്ങനെയാണ് തുടങ്ങുന്നത്.

ശരിയാണ് ചങ്ങാതീ, ഗള്‍ഫ് ഭൂമിയില്‍ തന്നെയാണ്. വേറെയേതോ സൌരയൂഥത്തിന്റെ ഭൂമിയില്‍.

കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര എന്നിവിടങ്ങളിലുള്ളതിനേക്കാള്‍ മലയാളികളുണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍. മാത്രമോ, കടച്ചക്ക, പയറ്റുമത്തി, മഹിളാരത്നം, ദശമൂലാരിഷ്ടം, വഷളന്‍, ഭ്രാന്ത്, ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ, ഓസിയാറിന്റെ കുണ്ടങ്കുപ്പി, ഉജാല... എല്ലാം ഇവിടെയും കിട്ടും. ശരിയാണ്, ഗള്‍ഫ് ഭൂമിയില്‍ തന്നെയാണ്.

Tuesday, February 19, 2008

ചുവപ്പ് ഒരു നിറം മാത്രമാകുമോ?


എനിക്കങ്ങനെ ചോദിയ്ക്കാന്‍ യോഗ്യതയില്ലെന്നു വെച്ച്

ബ്ലോഗിംഗിന് പത്തു വയസ്സ്; നിങ്ങള്‍ക്കോ?




ഡിസംബര്‍ പതിനാറാം തീയതിയാണെന്റെ ബര്‍ത്ത്ഡേ എന്നു പറയുന്നത് മനസ്സിലാക്കാം, എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ പതിനാറിന് എനിയ്ക്ക് 41 വയസ്സായി എന്ന് ഇപ്പോള്‍ പറയുന്നതെന്തിന്? ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്ന ക്ഷമാപണത്തോടെയാണ് ഈ പിറന്നാള്‍ പ്രഖ്യാപനം. ബ്ലോഗന്നൂരൊന്നും ആരും പറഞ്ഞുകേള്‍ക്കാഞ്ഞതുകൊണ്ട് എന്നെപ്പോലെ തന്നെ മിക്കവാറും മറ്റെല്ലാവരും ഇക്കാര്യത്തില്‍ ട്യൂബ്ലൈറ്റുകളാണെന്ന ആത്മവിശ്വാസവും ഈ ബിലേറ്റഡ് ബര്‍ത്ത്ഡേ ആഘോഷത്തിന് ധൈര്യം പകരുന്നു. അതെ, ഇക്കഴിഞ്ഞ ഡിസംബര്‍ 17-ന് ബ്ലോഗിംഗിന് പത്തു തികഞ്ഞു.

പെഴ്സണല്‍ ബ്ലോഗിംഗിന്റെ പിതാവായി ജസ്റ്റിന്‍ ഹാള്‍ എന്നൊരാള്‍ വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യബ്ലോഗിന്റെ സ്രഷ്ടാവ് Jorn Barger ആണെന്ന കാര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും അഭിപ്രായവ്യത്യാസമില്ല.1997 ഡിസംബര്‍ 17-ന് ബാര്‍ഗര്‍ തുടങ്ങിയ web log ആണ് ലോപിച്ച് blog ആയത്. താല്‍പ്പര്യമുള്ള വെബ്ബുകളുടെ ലോഗിംഗ് ആയിരുന്നു സ്ഥിരമായി അപ്ഡേറ്റ് ചെയ്തിരുന്ന ആദ്യ ബ്ലോഗിലൂടെ ബാര്‍ഗര്‍ തുടക്കമിട്ടത് - തന്റെ വെബഥസഞ്ചാരങ്ങളുടെ ലോഗ്. അത് എവിടെ എത്തി? ഇന്ന് ഒരു ദിവസം 1.2 ലക്ഷം ബ്ലോഗുകള്‍ പുതുതായി പിറവിയെടുക്കുന്നുവെന്നാണ് കണക്കെന്ന് ബീബീസി. ഒരു സെക്കന്റില്‍ 17 പോസ്റ്റുകളും വെബ്ലിഷ് ചെയ്യപ്പെടുന്നു. അതായത് ഒരു ദിവസം ഏതാണ്ട് 15 ലക്ഷം.

ചുമ്മാതാണോ 2006 ഡിസംബര്‍ 13-ന്റെ ലക്കത്തില്‍ ടൈം മാഗസിന്‍ അക്കൊല്ലത്തെ പെഴ്സണാലിറ്റിയെ തെരഞ്ഞെടുത്തപ്പോള്‍ അത് 'നിങ്ങളാ'യത്. കവറില്‍ സാധാരണ personality of the year-ന്റെ പടം കൊടുക്കുന്ന സ്ഥലത്ത് അവരൊരു മിറര്‍ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. നോക്കുന്നയാളുടെ മുഖം അങ്ങനെ ടൈമിന്റെ മുഖചിത്രമായി. യൂ-ട്യൂബ്, ബ്ലോഗിംഗ് തുടങ്ങിയ uploading സംഗതികളിലൂടെ ഏതു മനുഷ്യനും പ്രധാനവ്യക്തിയാകാന്‍ കഴിയുമെന്ന ഡിജിറ്റല്‍ ഡെമോക്രസിയുടെ പാരമ്യം. അവിടെ വെച്ച് ബ്ലോഗെടുത്തവരെല്ലാം വെളിച്ചപ്പാടായി, സിറ്റിസണ്‍ ജേര്‍ണലിസം യാഥാര്‍ത്ഥ്യമായി.

രണ്ടാമതൊന്നാലോചിയ്ക്കാതെ പോസ്റ്റുകള്‍ പടച്ചുവിടുന്നതിനെ വയറിളക്കത്തോടാണ് ഉമേഷ് ഉപമിച്ചത്. എങ്ങനെ വിടാതിരിക്കും - ബ്ലോഗും ഒരു സാജിറ്റേറിയനല്ലേ! എന്നെപ്പോലൊരു പുല്‍ച്ചാടി. അതല്ലേ ഡിസംബര്‍ 16-ന് ജനിച്ച എന്റെ ബ്ലോക്രാന്തത്തിന്റെയും രഹസ്യം.

Monday, February 18, 2008

ഇരുപത്താറാം തീയതി


അക്കൌണ്ടില്‍ 83 ദിര്‍ഹം ബാക്കിയുണ്ട്. കൌണ്ടറില്‍ ചെന്ന് 20 രൂപ ഡെപ്പൊസിറ്റി. ഇനി ഏതൊരു മാന്യനേയും പോലെ തലയുയര്‍ത്തിപ്പിടിച്ച് ഏട്ടിയെമ്മില്‍പ്പോയി 100 വലിയ്ക്കണം. ഗിവ് മി ഫൈവ് മിനിറ്റ്സ്.

Sunday, February 17, 2008

അത് നിന്നിരുന്ന ഇടം (with video link)



നസ്രേത്തുകാരന്‍ ജീസസ്സിനെ മുതല്‍ കൊടകരക്കാരന്‍ സജീവിനെ വരെ പോപ്പുലറാക്കിയതില്‍ അവര്‍ പ്രയോഗിച്ച ഉപമകള്‍ക്ക് വളരെ വലിയ പങ്കുണ്ട്. നിത്യജീവിതത്തിന്റെ ദുഷ്കര പദപ്രശ്നങ്ങള്‍ തലയിലേറ്റി നടക്കുന്ന നമ്മളേപ്പോലുള്ള സാധാരണക്കാര്‍ക്ക് നേരേ ചൊവ്വേ ചിന്തിച്ച് മെനക്കെടാന്‍ വയ്യ. അങ്ങനെ നടക്കുമ്പോളാണ് ജീസസ്സ് ഒരു കവലയില്‍ നിന്ന് പ്രസംഗിക്കുന്നത്. “മനുഷ്യന്റെ ആയുസ്സ് പുല്ലു പോലെയാകുന്നു. വയലിലെ പൂ പോലെ അത് പൂക്കുന്നു. കാറ്റ് അതിന്മേലടിയ്ക്കുമ്പോള്‍ അതില്ലാതെയാകുന്നു. അത് നിന്നിരുന്ന ഇടം പിന്നെ അതിനെ അറിയുകയില്ല.“ [അത്തികായ്കള്‍ പഴുത്തല്ലോ ചെമ്മുന്തിരി വള്ളി തളിര്‍ത്തല്ലോ എന്ന പാട്ടെഴുതിയതാരാണെന്നോര്‍മയില്ല. ‘ഈ വയല്‍പ്പൂക്കള്‍ പോല്‍ നാം പൊഴിഞ്ഞാലും’ എന്നെഴുതിയത് ഓയെന്‍.വി]

തൊണ്ണൂറുകളില്‍ എംടീവി വന്നു തുടങ്ങിയ കാലത്ത് കണ്ടും കേട്ടും രസിച്ച പാട്ടാണ് വാന്‍ ഹേലന്റെ റൈറ്റ് നൌ. അത് നിന്നിരുന്ന ഇടത്തിനെപ്പറ്റിയല്ല ‘അവ’ നില്‍ക്കുന്ന സമയബിന്ദുവിനെപ്പറ്റിയാണ് ഈ ദാര്‍ശനികഗാനം.

സ്പേസിനെ നമ്മള്‍ പലപ്പോഴും വെര്‍ട്ടിക്കലായി മാത്രം കാണുന്നു. അതേസമയം ‘അത് നിന്നിരുന്ന ഇടം‘ എന്ന് വേദപുസ്തകം പറയുമ്പോള്‍ സ്പേസിന്റെ ഹൊറിസോണ്ടല്‍ ഡൈമെന്‍ഷനാണ് കിട്ടുന്നത്. അതുപോലെ ടൈമിനെ നമ്മള്‍ പലപ്പോഴും ഹൊറിസോണ്ടലായി മാത്രം കാണുന്നു. വാന്‍ ഹേലന്റെ ഈ പാട്ടു കേള്‍ക്കുമ്പോള്‍ ടൈമിന്റെ വെര്‍ട്ടിക്കല്‍ ഇഫക്റ്റ് നമ്മളെ കുത്തിക്കീറുന്നു.

രണ്‍ജി പണിക്കരുടെ സിനിമകള്‍ക്ക് സബ്ടൈറ്റില്‍ വേണ്ട. ആറാം തമ്പുരാനില്‍പ്പോലും എന്താ പ്രശ്നം എന്നു ചോദിച്ചയുടന്‍ മോഹന്‍ലാലിന്റെ കഥാപാത്രം ‘വാട്ടീസ് ദ പ്രോബ്ലം’ എന്ന് ചോദിക്കാന്‍ മറക്കുന്നില്ല. കാനിലോ ഹോളിവുഡ്ഡിലോ കാണിയ്ക്കണമെങ്കില്‍ സബ്ടൈറ്റിലില്ലാതെ നേരെ കൊണ്ടുപോയി കാണിയ്ക്കാം. അതുപോലെയാണ് ഈ തകര്‍പ്പന്‍ ഗാനത്തിന്റെ കാര്യവും. ലിറിക്സ് മുഴുവന്‍ സൂപ്പറായി സ്ക്രോള്‍ ചെയ്യുന്നതുകൊണ്ട് സംഗതി എളുപ്പം. ഇംഗ്ലീഷ് സിനിമ കണ്ടിറങ്ങിയ ശേഷം അവമ്മാര്, മറ്റോമ്മാര്, അവന്റെ ആള്‍ക്കാര്, മറ്റോന്റെ ആള്‍ക്കാര് എന്നെല്ലാം കഥ പറഞ്ഞിരുന്ന കൌമാരവും ഓര്‍ത്തുകൊള്ളുന്നു.
നിങ്ങളുടെ ജീവിതത്തിന്റെ നീളം കുറയുന്തോറും ഓര്‍മയുടെ നീളം കൂടിയ്ക്കൊണ്ടിരിക്കുന്നു എന്ന് വാന്‍ ഹേലന്‍ പാടുന്നു. ഏത് പുലിയാണോ ആവോ ഇതെഴുതിയ കക്കവേട്ടക്കാരന്‍?
എംബെഡ്ഡിങ്ങിന് എന്തോ പ്രശ്നം. വിഡിയോ ഇവിടെപ്പോയി മറക്കാതെ കാണണേ.


Thursday, February 14, 2008

Google AdSenseന്റെ ചെക്കു വന്നു! പണമുണ്ടാക്കുന്നത് പാപമാ?



ബ്ലോഗ് തുടങ്ങിയത് പണമുണ്ടാക്കാനല്ല. പിന്നെയെന്തിന് ബ്ലോഗുകളില്‍ Google AdSense വക പരസ്യങ്ങളിടുന്നു എന്നു ചോദിച്ചാല്‍ പരസ്യവ്യവസായരംഗത്ത് ജോലി ചെയ്ത് കുബൂസ് മേടിക്കുന്ന ഒരാളുടെ പരീക്ഷണകൌതുകം കൊണ്ടുമാത്രമാണ് അങ്ങനെ ചെയ്യുന്നത് എന്നാണുത്തരം. എന്തായാലും പരസ്യക്കൂലിയിനത്തില്‍ ഗൂഗ്ളില്‍ നിന്നുള്ള ആദ്യ ചെക്കന്‍ വന്നു. നല്ല beautiful ഇംഗ്ലീഷ് എഴുതിയിരുന്ന ഡൊറോത്തി പാര്‍ക്കറുടെ നല്ല beautiful ആയ ഒരു ഇംഗ്ലീഷ് വാചകം ഓര്‍ത്തു: The two most beautiful English words are 'Cheque Enclosed'. എന്റെയീ മലയാളം ബ്ലോഗിലെ പരസ്യങ്ങളില്‍ ക്ലിക്കിയതിനോ താഴത്തെ സെര്‍ച്ച് വിന്‍ഡോയിലൂടെ മഷിനോട്ടം നടത്തിയതിനോ ആണോ ഈ ചില്ലറ തടഞ്ഞത് എന്ന് നിശ്ചയം പോരാ. കാരണം മലയാളം ബ്ലോഗുകളിലെ പരസ്യങ്ങള്‍ക്ക് പണം കിട്ടുന്നില്ല എന്നൊരു പരാതി ആരോ ബ്ലോഗിയതോര്‍ക്കുന്നു. ബ്ലോഗിലെ പരസ്യങ്ങള്‍ക്ക് ഗൂഗ്ള്‍ പണം തരുന്നില്ല എന്ന അതിലും വലിയ പൊതുപരാതി പരിഹരിക്കാനാണ് ഈ പരസ്യപ്പെടുത്തല്‍. ചിലപ്പോള്‍ manraman എന്ന ഇംഗ്ലീഷ് ബ്ലോഗ് വഴി വന്നതാവാനും മതി എന്ന് ജാമ്യം.

ഓണ്‍ലൈന്‍ ഇടപാടുകളുടെയെന്നപോലെ ഓണ്‍ലൈന്‍ പരസ്യമേഖലയുടെയും വളര്‍ച്ച അത്ഭുതകരമാണ്. citibankനെപ്പോലുള്ള വമ്പന്മാര്‍ ഇപ്പോള്‍ ഏറ്റവുമധികം പരസ്യപ്പണം ചെലവാക്കുന്നത് ഓണ്‍ലൈനിലാണത്രെ. തങ്ങളുടെ ക്ലയന്റിസിന്റെ പരസ്യങ്ങളിട്ട് അവര്‍ക്ക് വരുമാനം കൂട്ടിയതിന് മനോരമ ഓണ്‍ലൈനിന് പരസ്യക്കൂലിയിനത്തില്‍ വന്‍തുകയാണ് കഴിഞ്ഞ വര്‍ഷം ഗൂഗ്ള്‍ നല്‍കിയതെന്നും കേട്ടിരുന്നു. അലെക്സയില്‍ പോയി നോക്കുമ്പോള്‍ മനോരമയുടെയും മാതൃഭൂമിയുടെയുമെല്ലാം റാങ്കുകളും തകര്‍പ്പന്‍! ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്നുള്ള പ്രതികരണവും വരുമാനവും അതിന് ചെലവാക്കുന്ന ഓരോ ചില്ലിക്കാശുമായി താരതമ്യം ചെയ്ത് നോക്കാമെന്നതാണ് ഈ മാധ്യമത്തിന്റെ ഒരു സവിശേഷത. പ്രതികരണത്തിന് മാത്രം കാശു കിട്ടുന്ന രീതിയാണ് അതിലും ശാസ്ത്രീയം. ഐപി അഡ്രസ്സുകള്‍ ആര്‍ക്കും പൊക്കാമെന്നതുകൊണ്ട് ആളെ വെച്ച് ക്ലിക്കാം എന്ന ബുദ്ധിയൊന്നും ഇവിടെ ഓടുകയുമില്ല. എന്നാല്‍ ഇതിനേക്കാളെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് പരസ്യമാധ്യമം എന്ന നിലയില്‍ ജിമെയിലിന്റെ ഉപയോഗമാണ്.

ജിമെയിലില്‍ ഇംഗ്ലീഷില്‍ വരുന്ന മെയിലുകള്‍ നോക്കുക - മെയിലിലെ സന്ദേശത്തിന്റെ വിഷയവുമായോ ഇനി അഥവാ വിഷയമില്ലെങ്കില്‍ത്തന്നെ സന്ദേശത്തിലെ വാക്കുകളുമായോ ബന്ധമുള്ള പരസ്യങ്ങളാണ് സൈഡില്‍ ഉണ്ടാവുക. ബന്ധം എന്നു പറയുമ്പോള്‍ വിശാലഹൃദയത്തോടെ ചിന്തിക്കണമെന്നു മാത്രം. ഉദാഹരണത്തിന് ഞാന്‍ Compose Mail എടുത്ത് Gandhi എന്ന് ഇംഗ്ലീഷില്‍ അടിച്ച് ഡ്രാഫ്റ്റായി സേവ് ചെയ്ത് ക്ലോസ് ചെയ്ത് വീണ്ടും ആ ഡ്രാഫ്റ്റ് തുറന്നു നോക്കുമ്പോള്‍ ആണ്ടെ കെടക്കുന്നു സൈഡില്‍ Gandhi Girls എന്ന ലിങ്ക്. പേടിയ്ക്കണ്ട ജീവന്‍സാഥി എന്ന matrimonial site-ന്റെ പരസ്യമാണ്. ആ മെയില്‍ കിട്ടുന്നയാളും ആ പരസ്യം കാണും. ഇതിനെയാണ് height of personalisation എന്ന് എനിക്ക് വിളിക്കാന്‍ തോന്നുന്നത്. ഗാന്ധിയേയെങ്കിലും വെറുതെ വിട്ടുകൂടേ എന്നാണ് ചോദ്യമെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കമ്മ്യൂണിസ്റ്റ് ചൈനയോടാണ് മത്സരം. അവര്‍ക്ക് എന്തുമാവാം എന്നില്ലല്ലോ. (കൂടുതല്‍ അടി പിടിയ്ക്കണമെങ്കില്‍ കഥകളിത്തലയില്‍ ടൈഗര്‍ബാം പുരട്ടുമ്പോള്‍ എന്ന പോസ്റ്റിന് കഴിഞ്ഞദിവസം കിട്ടിയ കമന്റ് വായിക്കുക.

മലയാളത്തില്‍ ബ്ലോഗിയാല്‍ പരസ്യക്കൂലി കിട്ടുകയില്ലെങ്കില്‍ ഇതുപോലെ ധാരാളം ഇംഗ്ലീഷ് വാക്കുകള്‍ sprinkle ചെയ്ത് നോക്കുക. നമ്മുടെ നിത്യജീവിതം ഇംഗ്ലീഷ് വാക്കുകളാല്‍ നിറഞ്ഞുതുളുമ്പുമ്പോള്‍ ബ്ലോഗിനെ മാത്രം എന്തിന് ഒഴിവാക്കണം? കാരണം മൂന്നു തരം പരസ്യങ്ങളാണ് ഗൂഗ്ള്‍ നല്‍കുന്നത്. റെഫറല്‍ പരസ്യങ്ങള്‍, search വക, content-നോട് ബന്ധപ്പെട്ടവ. ഉള്ളടക്കത്തോട് ഗൂഗ്ളിന് ബന്ധപ്പെടണമെങ്കില്‍ ഇംഗ്ലീഷ് വാക്കുകള്‍ വിതറിയാലല്ലേ കാര്യമുള്ളു?

പരസ്യമില്ലാത്ത ഭാഷാപോഷിണിയും Economic & Political Weekly-യും മാത്രമേ വായിക്കൂ എന്ന് ശഠിക്കുന്നവര്‍ക്ക് അതാവാം. അതിനേക്കാള്‍ ചിലപ്പോള്‍ ജീവിതത്തോട് ബന്ധമുളളത് സിറ്റിബാങ്കില്‍ ഒരൌക്കൌണ്ട് തുറക്കലുമാവാം. മാത്രമല്ല പരസ്യങ്ങളിലുള്ളതിനേക്കാള്‍ കച്ചവടതാല്‍പ്പര്യം ഇന്ന് വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കുള്ളിലുമാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ഇന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. Public Relations എന്നത് കോടികളുടെ വ്യവസായമാണിപ്പോള്‍. Page 3 എന്ന സിനിമ ഓര്‍ക്കുമല്ലോ. ബോംബെ ടൈംസിന്റെ സിറ്റി ടൈംസില്‍ റിബണ്‍ മുറിയ്ക്കലിന്റെ പടം വരുത്തണേന് റേറ്റ് കാര്‍ഡുള്ള കാലമാണ്. മുജാഹിദ് സമ്മേളനത്തിന് പ്രസംഗിയ്ക്കാന്‍ വീരേന്ദ്രകുമാറിനെ ക്ഷണിക്കുന്നതും കോട്ടയത്തെ ബേക്കറിയുടെ ഉദ്ഘാടനത്തിന് മിസ്സിസ് കെ. എം. മാത്യുവിനെ ക്ഷണിച്ചിരുന്നതും എന്തിനാണെന്ന് ഏത് പോലീസുകാരനും അറിയാം. ഇതെക്കെയാണേലും കച്ചവടതാല്‍പ്പര്യങ്ങളോടുള്ള മലയാളിയുടെ പുഞ്ഞം ഇന്നും തൊലിപ്പുറത്ത് അധരവ്യായാമം നടത്തുന്നു. പണമുണ്ടാക്കല്‍ മഹാപാപം.

പരസ്യങ്ങളെയോ ബ്രാന്‍ഡുകളെയോ കണ്ണടച്ചെതിര്‍ക്കാന്‍ ഒരു ലേഖനത്തിലും പറഞ്ഞില്ല. പരസ്യങ്ങളിലൂടെ ജീവിക്കുന്ന ഞാന്‍ മലര്‍ന്ന് കിടന്ന് തുപ്പുകയോ? അതുകൊണ്ട് ബ്ലോഗില്‍ പരസ്യമിട്ട് (അത് ബ്ലോഗിന്റെ ലുക്കിനും നല്ലതാണ് എന്നാണെന്റെ പക്ഷം) ചുമ്മാ ഗൂഗ്ളുകാരെ ഒരു മലയാളം ഓളം ചെറുതായെങ്കിലും അറിയിപ്പിക്കാന്‍ തയ്യാറുള്ളവര്‍ ഇവിടെ ക്ലിക്കി ആഡ്സെന്‍സില്‍ അംഗത്വമെടുത്താട്ടെ. ഗൂഗ് ള്‍ വഴിയല്ല, നേരിട്ട്, കാനാടി ചാത്തന്റെ ഒരു 125 x 125 ബട്ടണ്‍ പരസ്യമിട്ട് (നെറ്റി ചുളിക്കാതെ, അത് പിക്സല്‍ സൈസാ. പരസ്യത്തിന്റെ ചെറിയൊരു സമചതുരം) ഒരു നൂറു രൂബാ ഉണ്ടാക്കിയാല്‍ എനിക്ക് മതിയായി.

താല്‍ക്കാലികം, എങ്കിലും


കൌമാരത്തിനും യൌവനത്തിനും ബാല്യത്തേക്കാളും വാര്‍ധക്യത്തേക്കാളും അധികമായി എന്താണുള്ളത് എന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടിയത് ഇന്നാണ് - ഈ വാലന്റൈന്‍സ് ഡേയ്ക്ക്. 365 ദിവസവും പൂവാലന്റൈന്‍സ് ഡേ ആശംസിക്കുന്നു. ഈ ഐഡിയ നടപ്പാക്കാന്‍ ഫോട്ടോഷോപ്പില്‍ സഹായിച്ച സാനു രാജുവിന് നന്ദി.

Saturday, February 9, 2008

തിമിംഗലവേട്ടക്കാരന്‍ ചീഞ്ഞകക്ക വാരുന്നു


എഴുപതുകളിലെ സിനിമാപ്പാട്ടുകളായിരുന്നു ജീവിതത്തിലെ ആദ്യസന്തോഷങ്ങളിലൊന്ന്. അവ കേള്‍പ്പിച്ചു തന്ന കെല്‍ട്രോണിന്റെ ആ പഴയ ട്രാന്‍സിസ്റ്റര്‍ റേഡിയോ, കെല്‍ട്രോണിനെപ്പോലെ തന്നെ വിസ്മൃതമായി (ഇലക്ട്രോണിക്സ് എന്ന വാക്കു തന്നെ പ്രചാരത്തിലാവും മുമ്പേ അങ്ങനെയൊരു സംരംഭത്തിന് കേരളത്തില്‍ തുടക്കമിട്ട ടി. വി. തോമസിന്റെയും കെ. പി. പി. നമ്പ്യാരുടെയും ജീനിയസ്സിനും ദീര്‍ഘദര്‍ശനത്തിനും പ്രണാമം. അങ്ങനെയൊരു ആധുനികത ഏറ്റുവാങ്ങാന്‍ അന്നും ഇന്നും പക്വതയോ കെല്‍പ്പോ ഇല്ലാത്ത മലയാളനാടേ, നിനക്ക് ഹാ, കഷ്ടം!)

റേഡിയോയും അതുണ്ടാക്കിയ കമ്പനിയും അത് കേട്ട കാലവും അത് കേട്ട് വികാരം കൊണ്ട മനസ്സും മാറിപ്പോയി. ഭാഗ്യം, പാട്ടുകളില്‍ ചിലത് എല്ലാത്തിനെയും അതിജീവിക്കുന്നു. ആയതിനാല്‍ വലുതാകുമ്പോള്‍ (ഇനിയും വലുതായിട്ടില്ല കെട്ടൊ, വയസ്സ് നാല്‍പ്പത്തൊന്നേ ആയിട്ടുള്ളു. അതുകൊണ്ട് കഴിഞ്ഞൊരു പോസ്റ്റിന് കിട്ടിയ 'ഭാവിയുണ്ട് മകനേ' എന്ന കമന്റ് സീരിയസ്സായി എടുക്കുന്നു) ആയതിനാല്‍ വലുതാകുമ്പോള്‍ ആരാകണമെന്ന് ചോദിച്ചാല്‍ ഇപ്പോഴും പറയും ഒരു സിനിമാപ്പാട്ടെഴുത്തുകാരനാകണമെന്ന്. വയലാറും ഭാസ്ക്കരനും ഓയെന്‍.വിയും ശ്രീകുമാരന്‍തമ്പിയും ദേവരാജനും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും എംബീയെസ്സും കെ. രാഘവനും അര്‍ജുനനും യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയുമെ‍ല്ലാം ഒത്തുപിടിച്ചിട്ടാണ് കൌമാരം കടന്നുകിട്ടിയത്. വര്‍ഷങ്ങള്‍ നീണ്ട ഒരു കര്‍ക്കടകം.

വലിയ സംഗീതരാജാവായ ഇളയരാജ ആദ്യമായി മലയാളഗാനങ്ങള്‍ക്ക് ഈണമിട്ടത് 'ദൂരം അരികെ' എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നുവെന്നാണോര്‍മ. അതിന്റെ റെക്കോഡിംഗിനിടെ ആദ്യമായി കണ്ടപ്പോള്‍ രാജ തന്റെ കാലു തൊട്ടു വന്ദിച്ചതിനെപ്പറ്റി ഓയെന്‍.വി എഴുതിയിരുന്നു. പിന്നീട് വളരെക്കാലം കഴിഞ്ഞ്, എന്തിന്റെ പേരിലാണെന്നറിയില്ല, നമ്മുടെ എക്കാലത്തെയും വലിയ കവികളിലൊരാളായ ബാലചന്ദ്രന്‍ ചുള്ളിക്കാട് സിനിമാപ്പാട്ടുകളുടെ പേരില്‍ ഓയെന്‍.വിയെ പരിഹസിച്ചതു വായിച്ചപ്പോള്‍ ഓയെന്‍.വിയുടെ ദൂരത്തുള്ള ഓര്‍മകള്‍ വീണ്ടും അരികില്‍ വന്നു. അന്തരശ്രു സരസ്സിലെ കക്ക വാരലല്ല, സംസാരസാഗരത്തിലെ തിമിംഗലവേട്ടയാണ് കാവ്യോപാസന എന്നായിരുന്നു ബാലചന്ദ്രന്റെ കൊള്ളിവാക്കുകള്‍.

എബ്രഹാം & ലിങ്കണ്‍ എന്ന സിനിമയ്ക്കു വേണ്ടി അടുത്തകാ‍ലത്ത് ചുള്ളി എഴുതിയ ഒരു പാട്ടുകേട്ടപ്പോളോ - ആ കൊള്ളിവാക്കുകളിലെ കനലെല്ലാം കെട്ട് അവ വെറും കൊതിക്കെറുവിന്റെ കരിക്കട്ടകളായി. 'നിന്റെ കാണാത്ത മാമ്പഴങ്ങള്‍ കാന്താരീ ഞാനൊന്നു കണ്ടോട്ടെ' എന്നിങ്ങനെ അതീവദയനീയമായാണ് അതിലെ ഒരു വരിയുടെ വരിയുടഞ്ഞ പോക്ക്. പിന്മുറക്കാരായ ബീയാര്‍ പ്രസാ‍ദും ശരത്ചന്ദ്രവര്‍മയും പഠിച്ച ഗുട്ടന്‍സ് പോലും കമിഴ്ന്നടിച്ചു വീഴുമ്പോള്‍ ബാലചന്ദ്രന് സ്വപ്നം കാണാന്‍ പറ്റുന്നില്ല.

മലയാളത്തിലെ അവസാനത്തെ ലക്ഷണമൊത്ത കവിയായ ചുള്ളി എത്രയോ കാലമായി ഇങ്ങനെ സിനിമാപ്പാട്ടെഴുതാനും സിനിമയിലഭിനയിക്കാനും ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഒടുവില്‍ കാണുമ്പോള്‍ സുരേഷ് ഗോപിയുടെ ചിന്താമണിയിലും മമ്മൂട്ടിയുടെ രാപ്പകലിലും പിഷാരടിമാഷായി അദ്ദേഹം പഴത്തൊലി ചവിട്ടുന്നു.

ട്യൂണിനൊപ്പിച്ച്, തീമിനൊപ്പിച്ച് എഴുതുമ്പോളുള്ള കുറവുകള്‍ എന്ന് പറയല്ലേ. അതല്ലേ ഈ കളിയുടെ ഒന്നാം നിയമം? ഉദരനിമിത്തം എന്നു പറഞ്ഞിട്ടും കാര്യമില്ല. അത്രയ്ക്ക് വലുതാണോ കാവ്യോദരം? [പിഷാരടി സമാജക്കാര്‍ ഇതു വായിച്ച് തല്ലാന്‍ വരല്ലേ എന്നും ഒരപേക്ഷ. ചെറുകാടിനെപ്പോലുള്ളവരെയൊക്കെ അറിയാതെയോ അവഗണിച്ചോ, ഇന്നസെന്റ് മുതല്‍ ഇപ്പോള്‍ ചുള്ളി വരെയുള്ളവരെ അങ്ങനെയൊക്കെ പേരിട്ട് ഇറക്കുന്ന രഞ്ജി പണിക്കരോടോ രഞ്ജിത്തിനോടോ വേണം ചോ/ഭേ-ദ്യം].

ചുരുക്കിപ്പറഞ്ഞാല്‍ ഗാനരചന വേറെ ബോളു കൊണ്ടുള്ള കളിയാണ്. പരിഹസിക്കാന്‍ മാത്രം അത് മോശവുമല്ല. പൊന്നരിവാളമ്പിളിയില് എന്ന ഒറ്റപ്പാട്ടുമതി ചുണ്ടുകളിലും ചരിത്രത്തിലും ഓയെന്‍.വിയുടെ പേര് അനശ്വരമാക്കാന്‍. അതേസമയം കവിതയുടെ കാര്യം പറയുകയാണെങ്കിലോ - ഓയെന്‍.വിക്കവിത അമ്പിളിക്കലപോലെ തന്നെ ഒതുങ്ങി നില്‍ക്കുമ്പോള്‍ ബാലചന്ദ്രന്‍ മലയാളകവിതയുടെ പതിനാലാം രാവായി നിറനിലാവ് പരത്തുന്നു. (അമാവാസി എന്ന കവിത എഴുതിയത് ബാലചന്ദ്രനാണെങ്കിലും ബാലചന്ദ്രന് ശേഷമുള്ള മലയാളകവിതയ്ക്ക് മൊത്തത്തിലാണ് ആ പേര് കൂടുതലിണങ്ങുക). ആ ബാലചന്ദ്രനാണ് പറ്റാത്ത പണിയെടുത്ത് വെറുതെ സ്വയം വഷളാകുന്നത്. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും സിനിമാപ്പാട്ടെഴുതുന്നതും മറ്റും ജീവിക്കാന്‍ വേണ്ടിയാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇവര്‍ക്കൊക്കെ വന്ന് നിരങ്ങാന്‍ പാകത്തിന് അത്ര മോശം ഫീല്‍ഡുകളാണോ ഇതെല്ലാം? അല്ലെന്ന് എത്ര പ്രഗല്‍ഭമതികള്‍ തെളിയിച്ചിരിക്കുന്നു, തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഈതറിന്റെ മണമുള്ള മുറിയില്‍ ഉടലാകെ മലം പുരട്ടി ശവച്ചെണ്ട കൊട്ടുന്ന പോലെ എളുപ്പമല്ല സിനിമാപ്പാട്ടെഴുതാന്‍. സംസാരസാഗരത്തിലെ തിമിംഗലവേട്ട അറിയാവുന്നവര്‍ അത് ചെയ്യുക. അവരെന്തിന് അന്തരശ്രുസരസ്സിലെ കക്ക വാരാന്‍ വരണം, എന്തിന് സ്വര്‍ണമാമ്പഴം എന്ന് വീമ്പിളക്കി പുഴുക്കള്‍ നുളയ്ക്കുന്ന ചീഞ്ഞമാമ്പഴം വില്‍ക്കാന്‍ നടക്കണം?

Wednesday, February 6, 2008

ഓ, അതാണോ


സ്നേഹമോ?
ഓ, ഏകാന്തതയോടുള്ള പേടിയ്ക്ക് ആരോ കൊടുത്ത ഓമനപ്പേര്!

Tuesday, February 5, 2008

ഹൈപ്പര്‍ലിങ്കാഷ്ടകം


ഫാലിക് വര്‍ഷിപ്പുകാരായ ഹിന്ദുമത വിശ്വാസികള്‍ക്ക് പറ്റിയ സാധനമാണ്

ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മലഭാസിതശോഭിത ലിംഗം
ജന്മജദു:ഖ വിനാശന ലിംഗം
തത് പ്രണമാമി സദാശിവലിംഗം എന്നു തുടങ്ങുന്ന ലിംഗാഷ്ടകം. അതെഴുതിയതാരാണ് സുജാതാ?

മറ്റ് പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിനുള്ള മികവുകള്‍ പലരും ചൂണ്ടിക്കാട്ടാറുണ്ട്: ആര്‍ക്കും തുടങ്ങാം, അവനവന്‍ എഡിറ്റര്‍, ഇന്‍സ്റ്റന്റ്ലി ഇന്ററാക്റ്റീവ്, ഗ്ലോബല്‍ റീച്ച്, കടലാസ് വേണ്ട, അച്ചടി വേണ്ട, ലോജിസ്റ്റിക്സ് ഇല്ല... അങ്ങനെ പലതും. എന്നാല്‍ ഹൈപ്പര്‍ലിങ്ക് തന്നെയല്ലേ ബ്ലോഗിന്റെയും തുറുപ്പുഗുലാന്‍? അതുകൊണ്ട് ഇതാ ഒരു ഹൈപ്പര്‍ലിങ്കാഷ്ടകം. സാധാരണ അഷ്ടകങ്ങളില്‍ എട്ട് ശ്ലോകങ്ങളാണ് പതിവ്. ചേരുവകളുടെ വിലക്കയറ്റവും ദൌര്‍ലഭ്യവും കണക്കിലെടുത്ത് അത് എട്ട് വരികളില്‍ ഒതുക്കുന്നു.

മാനവചിത്തസമാനമിലിങ്കം
ക്ലിക്കില്‍ ജനാല തുറക്കണ ലിങ്കം
നെറ്റിലിരുപ്പത് നീട്ടണ ലിങ്കം
തത് പ്രണമാമ്യഹം ഹൈപ്പരലിങ്കം

കാടുകയറ്റി അലയ്ക്കണ ലിങ്കം
വീട് മറന്ന് നടത്തണ ലിങ്കം
വിസ്മയമെത്ര വിളമ്പണ ലിങ്കം
തത് പ്രണമാമ്യഹം ഹൈപ്പരലിങ്കം

Monday, February 4, 2008

സബ്മറൈനുകള്‍ക്ക് മാത്രമോ സിഗ്നേചര്‍?


ആളുകള്‍ മാത്രമല്ല ജീവിതത്തില്‍ വന്നുപോകുന്നത്. നമ്മുടേതെന്ന്, എന്നും നമ്മുടേതെന്ന് വ്യാമോഹിച്ച് എടുത്തണിഞ്ഞിരുന്ന ഷര്‍ട്ടുകള്‍, പാന്റുകള്‍, മുണ്ടുകള്‍, അടിവസ്ത്രങ്ങള്‍, ചെരിപ്പുകള്‍, പാത്രങ്ങള്‍, വീടുകള്‍, ഫര്‍ണിച്ചറുകള്‍, കിടയ്ക്കവിരികള്‍, കര്‍ട്ടനുകള്‍, വാഹനങ്ങള്‍... അങ്ങനെ എന്തെല്ലാം വന്നുപോകുന്നു. ഓര്‍മയുണ്ടോ നിക്കറില്‍ നിന്ന് വലുതായപ്പോള്‍ ആ‍ദ്യമുടുത്ത മുണ്ട്? പഴകിയിട്ടും മാറ്റാന്‍ പറ്റാതെ പിഞ്ഞിപ്പോയ ഒരണ്ടര്‍വെയര്‍? ഓരോ കാലത്തുമിട്ട ചെരിപ്പുകള്‍? ചില ഷര്‍ട്ടുകളെയോര്‍ക്കുമ്പോള്‍ ചില കാലം ഓര്‍മ വരും. ചില കാലങ്ങളെ ഓര്‍ക്കുമ്പോള്‍ ചില ഉടുപ്പുകളെ ഓര്‍മ വരും. കുട്ടിക്കാലത്ത് എന്നും ഊണു കഴിച്ചിരുന്ന ഒരു പ്ലേറ്റുണ്ടായിരുന്നു. പഴകി കുത്തുകള്‍ വീണിട്ടും, പുതിയത് കിട്ടിയിട്ടും, അത് മാറ്റാന്‍ മടിയായിരുന്നു. കോളേജില്‍ പോയി വന്നിരുന്ന ബസ്സിന്റെ മുഖഛായ ചിലപ്പോള്‍ ആദ്യമായി പല്ലുപോയ കുട്ടിയുടെ നാണം കാട്ടും - ഫ്രണ്ടിലെ ആ അടപ്പ് ഊരിവെച്ച് വരുമ്പോള്‍. ചില ചെരിവുകള്‍ ചെരിയുമ്പോള്‍ എല്ലാ ബസ്സുകളുടെയും പിന്‍ഭാഗചലനങ്ങള്‍ക്ക് മനുഷ്യരുടേതുപോലെ എന്തൊരു വ്യതിരിക്തത. ഓരോ അന്തര്‍വാഹിനിക്കും ഓരോ ഒപ്പുശബ്ദം (സിഗ്നേചര്‍) ഉണ്ടെന്നറിഞ്ഞത് പിന്നീട് എത്രയോ കഴിഞ്ഞ്.

തിരിഞ്ഞുനോക്കുമ്പോള്‍, ഒരിക്കല്‍ കോടിമണവും മനസ്സു നിറയെ സന്തോഷവും തന്നിരുന്ന ആ ഓരോ പുതിയ ഷര്‍ട്ടും എവിടെ? എവിടെ? ആ ഒന്നാം പാഠം എടുത്തുവെയ്ക്കാമായിരുന്നുവെന്ന് തോന്നും. ഒന്നാം പാഠം മാത്രമല്ല സ്ക്കൂളില്‍ പഠിച്ച എല്ല ടെക്സ്റ്റ്ബുക്കുകളും. വിശേഷിച്ചും മലയാളം പുസ്തകങ്ങള്‍. ഇത് പോയകാലമോര്‍ത്തുള്ള സെന്റിമെന്റ്സിനപ്പുറത്തേയ്ക്ക് വളരുന്ന എന്തോ ഒന്നാണെന്ന് തോന്നും ചിലപ്പോള്‍. അതുകൊണ്ട് കഴിഞ്ഞ ദിവസം പഴയ മൌസ് മാറ്റിയപ്പോള്‍ അതിനെ ഒരു അന്ത്യചുംബനം കൊടുത്താണ് യാത്രയാക്കിയത്. ഇനി അതിനെ കാണുകയില്ല. അഞ്ചെട്ട് കൊല്ലം മുമ്പ് അലൂമിനിയം കളറില്‍, വഞ്ചിയുടെ ഷേപ്പില്‍ ഒരു അല്‍കാട്ടെല്‍ മൊബൈലുണ്ടായിരുന്നു - ആദ്യത്തെ മൊബൈല്‍ ഫോണ്‍. എന്തൊക്കെയായിരുന്നു അത് തന്ന വാര്‍ത്തകള്‍? എന്തെല്ലാം അതിലൂടെ പറഞ്ഞു? അന്നുണ്ടായിരുന്ന ഷൂസുമിട്ട് എവിടെയെല്ലാം പോയി? ഷൂസേ, മറ്റെന്തെങ്കിലുമായോ നീയിപ്പോള്‍? എന്നെ, എന്റെ കാലിന്റെ ചൂടിനെ ഓര്‍മയുണ്ടോ നിനക്ക്? ചില വീടുകള്‍ ഭാഗ്യമായിരുന്നെന്നോ? ചിലതിന് വര്‍ക്കത്തില്ലാഞ്ഞോ? എന്നാലും മറക്കാന്‍ പറ്റുമോ?

Saturday, February 2, 2008

ലോകം ഒരു ഞരമ്പുരോഗിയെ നിര്‍മിക്കുന്നു


അയാളുടെയുള്ളിലെ കെട്ടുപോയ കവിതക്കനലിനെ വീണ്ടും ഊതി ഉണര്‍ത്തിയത് ബ്ലോഗാണ് എന്ന് വിഷ്ണുപ്രസാദ് എഴുതിയിരുന്നു. വായിക്കാനും മനസ്സിലാക്കാനും ആളെക്കിട്ടുന്നത് എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്നം തന്നെ. എന്റെ ഉള്ളീക്കെടന്ന് ചാവാന്‍ പോയ ഒരെഴുത്തുകാരനും ഓക്സിജന്‍ തന്നത് ബ്ലോഗാണ്. വിഷ്ണുമാഷിന്റെ കവിതകള്‍ വായിക്കാനാളുണ്ടായപ്പോള്‍ അങ്ങേര്‍ക്ക് എഴുതാനും ആവേശമായി. ഞാനെഴുതുന്നതും വായിപ്പിക്കാനാണ്. അങ്ങനെയൊരാക്രാന്തം പണ്ടേ ഉണ്ടായിരുന്ന കാരണം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്വന്തം രചനകളില്‍ ചിലത് അച്ചടിപ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടു.

ആദ്യമായി വന്നത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എഡിറ്ററായ അസാധുവില്‍. പിന്നെ മനോരമയിലെ ഫലിതബിന്ദുക്കളില്‍, ഹരികുമാര്‍ ചെയര്‍മാനായിരുന്നപ്പോള്‍ കേരള യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച കലാലയകവിതയില്‍, മാതൃഭൂമി ബാലപംക്തിയില്‍, കോളേജ് മാഗസിനുകളില്‍, ഭാഷാപോഷിണിയില്‍, സമകാലിക മലയാളത്തില്‍... പിന്നീട് ഒരു മാഗസിന്റെ എഡിറ്ററായപ്പോള്‍ പല പേരുകളിലും എഴുതി.

അങ്ങനെയിരിക്കെ, അതിന്റെ വരുംവരായ്കകളൊന്നുമറിയാതെ, ഒരു നാള്‍ ഗള്‍ഫുകാരനായി. ഗള്‍ഫ് ജീവിതമോ - അത് പലരെയും ചെയ്തപോലെ മെല്ലെ മെല്ലെ എന്നെയും കുളിപ്പിച്ച് കിടത്തി. ബ്ലാഗ്യവശാല്‍ ഒരുനാള്‍ ഞാനും ബ്ലോഗില്‍ വന്നുപെട്ടു. കുഴൂര്‍ വിത്സണ് നന്ദി.

ഇപ്പോള്‍ ബ്ലോഗും അച്ചടിമാധ്യമവും തമ്മില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ (ഹരികുമാര്‍ കലാമൌമുദിയിലൂടെ, കുറേ ബ്ലോഗന്മാര്‍ ബ്ലോഗുകളിലൂടെ) രണ്ട് മാധ്യമങ്ങളുടേയും രുചിയറിഞ്ഞ ഒരാളെന്ന നിലയില്‍ എനിക്കൊന്നും പറയാനില്ലെന്നതാണ് സത്യം, അഥവാ പറഞ്ഞുതുടങ്ങിയാല്‍ ചിലപ്പോള്‍ നീണ്ടുപോകുമെന്നും. (കുഴൂര്‍ വിത്സന്റെ ആദ്യകവിതാസമാഹാരത്തിന് അവതാരിക എഴുതിയ ഹരികുമാര്‍ തന്നെയാണ് ഇപ്പോള്‍ അങ്ങേരെ പുച്ഛിക്കുന്നത് എന്നൊരു തമാശ തല്‍ക്കാലം ഓര്‍മിപ്പിക്കാതെവയ്യ).

തുടര്‍ച്ചയായി ബ്ലോഗ് ചെയ്തപ്പോള്‍ തലച്ചോറ് വീണ്ടും ഉണര്‍ന്നു. മറന്നുകിടന്ന ഒരു പഴയ കുറ്റിപ്പെന്‍സില്‍ വീണ്ടും കൂര്‍പ്പിച്ചെടുത്ത പോലെ. അങ്ങനെ കുറേനാള്‍ മുമ്പെഴുതിയ പോസ്റ്റുകളിലൊന്നായിരുന്നു കേരളം ഒരു ബ്രാന്‍ഡാലയം. അത് ഒന്നുകൂടി വികസിപ്പിച്ച് അയച്ചത് രണ്ടു ലക്കം മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖലേഖനമായി വന്നു. വികസിപ്പിച്ചെങ്കിലും ആഴവും പരപ്പും പോരായിരുന്നു എന്ന് സ്വയം തോന്നിയിരുന്നത് കൊണ്ട് (നമ്മുടെ കഴിവുകളും കഴിവുകേടുകളും രാഷ്ട്രീയത്തിന്റെ പോരായ്മകളും നമ്മളേക്കാള്‍ മറ്റാര്‍ക്കറിയാം!) കിക്ക് ഒട്ടും അതിരുകവിഞ്ഞില്ല. നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചിലരും അതേ അഭിപ്രായം പറഞ്ഞു.

ബ്ലോഗിംഗ് തന്ന അതിനേക്കാള്‍ വലിയ കിക്ക് മിനിങ്ങാന്നാണുണ്ടായത്. മിനിങ്ങാന്ന്, ജനുവരി 31-ന്, ലോകപ്രശസ്ത കോളമിസ്റ്റ്, 140-ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള, രണ്ട് പുലിസ്റ്റര്‍ നേടിയിട്ടുള്ള നിക്കോളാസ് ഡി. ക്രിസ്റ്റോഫ് അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് ടൈംസ് കോളത്തില്‍ എഴുതിയ The Dynastic Question വായിച്ചപ്പോള്‍. അതിന് മൂന്നു നാള്‍ മുമ്പാണ്, ജനുവരി 28-ന്, ഈ ബ്ലോഗിലെ ഡൈനാസ്റ്റി മണക്കുന്നല്ലോ എന്ന പോസ്റ്റ് പിറന്നത്. ഇറാക്ക് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് വരെയുള്ള വിഷയങ്ങളാല്‍ ചൂടുപിടിച്ച ഇപ്രാവശ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പ്രധാനവിഷയം സംശയാസ്പദമാംവിധം സ്പര്‍ശിക്കപ്പെടാതിരിക്കുന്നതിലേയ്ക്കാണ് ക്രിസ്റ്റോഫ് വിരല്‍ചൂണ്ടുന്നത്. അതെ, ഹിലാരി ഇക്കുറി ജയിച്ചാല്‍, 1989 മുതല്‍ രണ്ട് കുടുംബങ്ങളില്‍ പ്രസിഡണ്ട്പദവി ഒതുങ്ങുന്നത് അമേരിക്കന്‍ ജനാധിപത്യത്തെ ക്ഷീണിപ്പിക്കില്ലേ എന്ന ‍ആര്‍ജവമുള്ള ചോദ്യം ക്രിസ്റ്റോഫ് ഉന്നയിക്കുന്നു.

ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍ (ഒരാള്‍ക്ക് രണ്ട് ടേം കൊടുക്കലും അവിടെ ശീലമായല്ലൊ. അതാണല്ലൊ 22-ആം ഭേദഗതിയോടെ ഒരാള്‍ക്ക് പരമാവധി രണ്ട് ടേമായി പരിമിതപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ഇന്ന് അമേരിക്കയില്‍ ഒരെട്ടു വര്‍ഷത്തേയ്ക്കു കൂടി പ്രസിഡന്റാവാന്‍ തികച്ചും യോഗ്യന്‍ ബില്‍ ക്ലിന്റനാണെന്ന് ഒരുപാടാളുകള്‍ കരുതുന്നത്രെ), ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍, ഇന്ന് ജീവിച്ചിരിക്കുന്ന അമേരിക്കക്കാരില്‍ 40% പേരുടേയും ജീവിതത്തില്‍ ബുഷ്, കിന്റണ്‍ എന്നീ രണ്ടേ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരേ ഉണ്ടാവുകയുള്ളുവെന്നോര്‍ക്കണം. എന്നെന്നേയ്ക്കും ബുഷ്-ക്ലിന്റണ്‍ എന്നൊരു രസികന്‍ വെബ്സൈറ്റ് ഒരുപടി കൂടി കടന്ന് 2017-ല്‍ ജബ് ബുഷിനേയും 2025-ല്‍ ഷെത്സി ക്ലിന്റനേയും 2033-ല്‍ ജെബിന്റെ മകന്‍ ജോര്‍ജ് പി. ബുഷിനേയും 2041-ല്‍ ഷെത്സിയുടെ കെട്ട്യോനെയും 2049-2057 കാലഘട്ടത്തില്‍ ബുഷിന്റെ മകള്‍ ജെന്നയേയും പ്രസിഡന്റുമാരായി സങ്കല്‍പ്പിച്ച് ചിരിക്കുന്ന (ഞെട്ടുന്ന) കാര്യവും ക്രിസ്റ്റോഫ് പരാമര്‍ശിക്കുന്നു. ക്രിസ്റ്റോഫിന്റെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ലോകമെങ്ങുമുള്ള അച്ചടിപ്പത്രങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്ന കോളത്തിലൂടെ ക്രിസ്റ്റോഫ് അഭ്യര്‍ത്ഥിക്കുന്നു (നോക്കൂ ബ്ലോഗും പ്രിന്റും കൈ കോര്‍ക്കുന്നത്. കോര്‍ക്കണമെന്ന് നിര്‍ബന്ധമാണേല്‍ കൈ കോര്‍ക്കിന്‍ മനുഷ്യമ്മാരേ, കൊമ്പ് വേട്ടക്കാര് കൊണ്ടുപോയി ചുവരില്‍ വെയ്ക്കും).

ജനാധിപത്യം ലോകമെങ്ങും വ്യാപിക്കും ഇല്ലെങ്കില്‍ വ്യാപിപ്പിക്കും എന്ന് അമേരിക്ക തന്നെ വീമ്പിളക്കുന്ന ഒരു കാലഘട്ടത്തില്‍ത്തന്നെ, ലോകമെങ്ങുനിന്നുമുള്ള കാറ്റുകളെ ഡൈനാസ്റ്റി മണക്കുന്നതിന്റെ വിധിവൈപരീത്യത്തെപ്പറ്റിയാണ് ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. ഇതിങ്ങനെ ഞാന്‍ തന്നെ പറയേണ്ടി വരുന്നത് ഒരു പരമബോറന്‍ ഏര്‍പ്പാടാണെന്ന് അറിയാതെയല്ല. എങ്കിലും പറയാതെ വയ്യ. കാരണം 'മുലയെന്നു കേള്‍ക്കുമ്പോള്‍' എന്നൊരു പോസ്റ്റിട്ടപ്പോള്‍, അതിനു മുമ്പോ പിമ്പോ സീരിയസ്സായി എന്തെങ്കിലും എഴുതാന്‍ ശ്രമിച്ചപ്പോഴൊന്നും ഒരിക്കലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒന്നു രണ്ട് അതിഗൌരവക്കാര്‍ അവരുടെ പുരികങ്ങള്‍ ഉയര്‍ത്തിക്കാ‍ട്ടാന്‍ കമന്റ് ഗാലറിയില്‍ വന്നുപോവുകയുണ്ടായി.. അവര്‍ ഈ കുറിപ്പ് വായിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. എങ്കിലും അവരുടെ കമന്റുകള്‍ വായിച്ചതോര്‍മിക്കുന്ന ആരാനുമുണ്ടെങ്കില്‍ അവരുടെ നേര്‍ക്കുള്ളതാണ് ഈ ആത്മപ്രശംസ. എനിക്ക് മാപ്പു തരണം - അന്നത്തെയാ പോസ്റ്റിനും കമന്റുകള്‍ക്കും അതെല്ലാം ഒടുവില്‍ ഏകപക്ഷീയമായി ഡിലീറ്റിയതിനുമല്ല - ഈ ആത്മപ്രശംസയ്ക്ക്.

ഒരു ഞരമ്പുപേഷ്യന്റിനെ അയാളുടെ രോഗത്തിന്റെ പേരില്‍ പരിഹസിയ്ക്കുന്നവര്‍ക്ക് അയാള്‍ ഗൌരവമായി എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ ഇമ്പേഷ്യന്റായെങ്കിലും ഒന്നു വന്ന് അവരുടെ കേള്‍വി രേഖപ്പെടുത്തുകയെങ്കിലും ചെയ്യേണ്ട ചുമതലയുണ്ട്.

യെരുശലേം പുത്രിമാരേ, നിങ്ങളങ്ങോരെ കണ്ടെങ്കില്‍ ഇവിടെ ഇങ്ങനെയും ചിലത് സംഭവിക്കുന്നുണ്ടെന്ന് അങ്ങേരോട് അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.
Related Posts with Thumbnails