Wednesday, November 27, 2013

നിർവാണം

ഈ ജന്മത്തിൽ പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നത്. എന്നിട്ട് ഒരു ദിവസം തേങ്ങയോടും മാങ്ങയോടും ഒപ്പം വെന്ത് രണ്ടു ജന്മത്തിലും പ്രണയനിർവൃതി അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപാപിയുടെ നാവിൽ ചെന്നു മുട്ടി അഞ്ചു പേരും കൂടി ഒരുമിച്ച് നിർവാണം പ്രാപിക്കും. പിന്നെ പുനർജന്മമില്ല.

Monday, November 4, 2013

പ്രണയം

എന്റെ ചിത കത്തിത്തീർന്നാൽ
ഒരു കരിങ്കൽക്കഷ്ണം ബാക്കിയാവും -
എന്റെ ഹൃദയം.
കാലമേറെക്കഴിയുമ്പോൾ
ആ കരിങ്കല്ലിന്റെ ഹൃദയത്തിൽ
ഒരു ശിൽ‌പ്പി
നിന്നെ കണ്ടെത്തും.

Saturday, October 5, 2013

ശ്രാവണം വന്നൂ

തിരുവോണം ജന്മനക്ഷത്രമായവർ കൈ പൊക്കാമോ? ഞാനും എന്റെ മോളും കൈ പൊക്കിയിട്ടുണ്ട്. നിരയുടെ മുന്നിൽ കവി പി. കുഞ്ഞിരാമൻ നായരുണ്ട്, കെ. ആർ. ഗൌരിയമ്മയുമുണ്ട്. (ഗൌരിയമ്മയുടെ അതേ തിരുവോണമാണ് മകൾ രചനയുടേത് - മിഥുനത്തിലെ തിരുവോണം). വാമനജയന്തിയും തിരുവോണം തന്നെ. കൃഷ്ണന്റെ രോഹിണി പോലെ. ചിങ്ങത്തിലെ തിരുവോണമാണ് വാമനജയന്തി. തന്നെ വകവരുത്തിയ കുള്ളന്റെ ജന്മദിനത്തിന്റെ ആ ഒരു ദിവസം മാത്രമാണ് മഹാബലിക്ക് പരോൾ കിട്ടിയതെന്ന് ചുരുക്കം.

ധനുവിലെ തിരുവോണത്തിനാണ് (1966) അമ്മ എന്നെ പ്രസവിച്ചത്. വീട്ടിൽത്തന്നെയായിരുന്നു പ്രസവം. അന്നൊക്കെ അങ്ങനെയാണല്ലൊ. കുഞ്ഞുത്തള്ളയായിരുന്നു വയറ്റാട്ടി. എന്റെ കുടുംബത്തിലെ അവസാനത്തെ വീട്ടുപ്രസവമായിരുന്നു അത്. പിന്നെ എല്ലാവരും ആ‍ശുപത്രിയായി.

തിരുവോണത്തിനെ കാണാവുന്ന സീസണാ‍ണിത്. (അല്ലെങ്കിലും മാനം തെളിയുന്ന -ബർ മാസങ്ങളാണ് നിലാവിന്റേയും നക്ഷത്രനിരീക്ഷണത്തിന്റേയും സീസൺ). ഒക്റ്റോബറിൽ ഇരുട്ടിത്തുടങ്ങുമ്പോൾ ഏതാണ്ട് തലയ്ക്കു മുകളിൽ  ഒരു ഇടത്തരം നക്ഷത്രം തിളങ്ങുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ അതിന്റെ അടുത്തു തന്നെ മറ്റൊരു നക്ഷത്രത്തേയും കാണാം. ഇതു രണ്ടും ചേർന്നതാണ് തിരുവോണം. തിരുവോണം മുഴക്കോലു പോലെ എന്നാണ് ചൊല്ല്. മുഴക്കോൽ കണ്ടിട്ടുള്ളവർക്ക് അത് പറയാതെ തന്നെ മനസ്സിലാവും. പഴയ ഒരളവു കോലാണ് മുഴക്കോൽ. ഒരു മുഴമായിരിക്കണം. രൂപത്തിൽ, അളവിലല്ല, അതിന് പണ്ടുണ്ടായിരുന്ന വെള്ളിക്കോലിനോടും സാമ്യമുണ്ടെന്നു തോന്നുന്നു. കാരണം, തിരുവോണത്തെ കുറച്ചു കാലം മുമ്പ് ആകാശത്ത് തിരിച്ചറിഞ്ഞപ്പോൾ ഞാൻ പെട്ടെന്നോർത്തത് എന്റെ കുട്ടിക്കാലത്ത് അച്ഛമ്മയ്ക്കുണ്ടായിരുന്ന വെള്ളിക്കോലാണ്.


തുലാസ് വരുന്നതിനു മുമ്പ് ഭാരമളക്കാൻ ഉപയോഗിച്ചിരുന്ന സാധനമാണ് വെള്ളിക്കോൽ. അച്ഛന്റെ വീട്ടിലുണ്ടായിരുന്ന വെള്ളിക്കോലിലെ ചാലു കീറിയ അടയാ‍ളങ്ങളും മോഡേൺ അളവിനെ വരുതിയിലാക്കാൻ ശ്രമിച്ച ഒരു ചുണ്ണാമ്പുപാടും ഓർമിക്കുന്നു. പഴയ പേപ്പറും പാത്രങ്ങളും മറ്റും എടുക്കാൻ വന്നിരുന്ന കാൽനട കച്ചവടക്കാരും അച്ഛമ്മയും കൂടി തൂക്കത്തിന്റെ കണക്കു പറഞ്ഞ് വഴക്കടിച്ചിരുന്നതും മറക്കുന്നതെങ്ങനെ?

ഒരറ്റത്ത് ഒരിത്തിരി വലിയ ഒരുണ്ട, മറ്റേയറ്റത്ത് കൊളുത്ത് - ഇതായിരുന്നു വെള്ളിക്കോലിന്റെ ആകാരം. തിരുവോണവും അങ്ങനെ തന്നെ - ഒരറ്റത്ത് നല്ല പ്രകാശമുള്ള ഒരു നക്ഷത്രം, മറ്റേയറ്റത്ത് തീക്ഷ്ണത കുറഞ്ഞ മറ്റൊന്ന്. ചിത്രത്തിൽ കാണാം. (അക്വിലയുടെ ഭാഗമാണ് തിരുവോണം. മുകൾമുനയിൽ കാണുന്ന രണ്ടെണ്ണം) ഇംഗ്ലീഷിൽ ആൾടെയർ (Altair) എന്നാണ് തിരുവോണം അറിയപ്പെടുന്നത്. ഏറ്റവും ആദ്യകാലത്തെ ഒരു കമ്പ്യൂട്ടറിന് അവമ്മാര് ഇട്ട പേര് ആൾട്ടെയർ എന്നായിരുന്നു. ഇന്നു പ്രചാരത്തിലുള്ള കമ്പ്യൂട്ടറിന്റെ ആദിപിതാവും ആൾട്ടെയർ ആണ്. മൈക്രോസോഫ്റ്റിന്റെ ആദ്യ ഉൽ‌പ്പന്നത്തിന്റെ പേരും ആൾടെയർ ബേസിക് എന്നായിരുന്നു.

ഏത് നക്ഷത്രത്തിലാണോ ആ മാസത്തെ പൌർണമി (വെളുത്തവാവ്), ആ നക്ഷത്രത്തിന്റെ പേരാണ് ശകവർഷ പ്രകാരം അതാത് മാസങ്ങൾക്ക് നൽകിയിരിക്കുന്നത്. ഉദാഹരണത്തിന് ശകവർഷ പ്രകാരം ഇത് ശ്രാവണമാസമാണ്. അതായത് ഈ മാസം തിരുവോണത്തിന്റെയന്നാണ് പൌർണമി. നമ്മുടെ ഓണത്തിന്റെയന്ന്. ഇക്കൊല്ലം ചിങ്ങത്തിൽ രണ്ട് തിരുവോണമുണ്ട്, രണ്ട് പൌർണമിയും. (ഉത്രാടപ്പൂനിലാവേ വാ എന്നു പാടുന്നത് ചോഹ്ദവീ കാ ചാന്ദിനെ നോക്കിയാണ്). മാഘമാസത്തിലെ പൌർണമി മകത്തിന്റെയന്ന്, വൈശാഖ പൌർണമി, യെസ്, വിശാഖത്തിന്റെയന്ന്.

തിരുവോണം - കേൾക്കാനൊക്കെ രസമുണ്ട്. പക്ഷേ അത്ര നല്ല നക്ഷത്രമല്ലെന്നാണ് ജ്യോതിഷികൾ പറയുന്നത്. മനസമാധാനക്കേട്, നിർഭാഗ്യങ്ങൾ എന്നിവ സ്ഥിരമായി ഉണ്ടാ‍കുമത്രെ. ശരിയാണെന്നാണ് എന്റെയും അനുഭവം. തിരുവോണമുൾപ്പെട്ട മകരക്കൂറുകാർ പൊതുവേ കപടഭക്തന്മാരാണെന്നും പറയപ്പെടുന്നു. മകരമത്സ്യം എന്നാൽ മുതല. പകുതി മുതലയും പകുതി മാത്രം മനുഷ്യനുമാണെന്നു പറയാം. ഇമ്മാതിരി ചില കുമ്പസാരങ്ങൾ പി.യുടെ ആത്മകഥയായ കവിയുടെ കാൽ‌പ്പാടുകൾ എന്ന പുസ്തകത്തിലെ അവസാനഭാഗത്തുള്ള സ്വന്തം ജാതക നിരൂപണത്തിലും കാണാം. കുരങ്ങനാണ് തിരുവോണക്കാരുടെ മൃഗം എന്നു കൂടി പറയുമ്പോൾ ഏതാണ്ട് ഊഹിക്കാമല്ലൊ. മനുഷ്യമനസ്സ് അല്ലെങ്കിൽത്തന്നെ മരഞ്ചാടിയാണെന്നാണല്ലോ വയ്പ്. മർക്കടസ്യ സുരാപാനം മധ്യേ തിരുവോണ ദംശനം.

ഇന്നു രാത്രി തന്നെ ആരെങ്കിലും തിരുവോണത്തിനെ സ്പോട്ട് ചെയ്യുമോ? ഗൾഫിലും ഇന്ത്യയിലും വലിയ വ്യത്യാസമില്ലാത്ത ഇടത്തു തന്നെ കാണാം. We all are in the gutters, but some of us are looking at the stars എന്ന് ഓസ്കർ വൈൽഡ്. നക്ഷത്രനിരീക്ഷണത്തേക്കാൾ ലഹരിയുള്ള ഒരു മദ്യത്തെ ഞാൻ ഇതുവരെ പരിചയപ്പെട്ടിട്ടില്ല. നന്ദി തിരുവോണമേ, നന്ദി. വീണ്ടും നീ വന്നുവല്ലൊ.

Monday, September 23, 2013

തൊഴിലാളി ഐക്യം = മുതലാളി

ദിവസേന (പ്രത്യേകിച്ച് ഒരു പോഷകഗുണവുമില്ലാത്ത) ഒരാപ്പിളെങ്കിലും കഴിച്ചാല്‍ ഡോക്ടറെ കാണേണ്ട ആവശ്യമില്ല എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് ഏതോ ആപ്പിള്‍ കര്‍ഷക ലോബി ഉണ്ടാക്കി വിട്ടതാണെന്നൂഹിക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ട. പരസ്യത്തേക്കാളും പബ്ലിക് റിലേഷനേക്കാളും ഫലപ്രദമാണ് ഇതുപോലുള്ള മിടുക്കുകള്‍. ഇത്തരം മിടുക്കുകളുണ്ടായിരുന്നെങ്കില്‍ കേരളം എന്നേ കശുമാവ് കര്‍ഷകരുടെ പറുദീസയാകുമായിരുന്നു. (കശുവണ്ടിക്ക് വേണ്ടി മാത്രമല്ല, കശുമാങ്ങയ്ക്കു കൂടി!).

പൂർണരൂപം സെപ്തംബർ 23-ലെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതിന്റെ വെബ് എഡിഷൻ ഇവിടെ.

Saturday, September 7, 2013

ഏറ്റവും ഭയാനകമായ സൌന്ദര്യം അഥവാ ആകാശത്തിലെ ആ വലിയ തേൾ

46 വർഷം പിന്നിട്ട ജീവിതകാലത്ത് ഭൂമിയിൽ വെച്ചു കണ്ട ഏറ്റവും ഭയാനകമായ സൌന്ദര്യം ആകാശത്താണുള്ളത്. കഴിഞ്ഞ ഏപ്രിലിൽ ഒരു ദിവസം വെളുപ്പിന് അഞ്ചിന്റെ ട്രെയിനിൽ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കു പോകുമ്പോൾ, പിറവം റോഡ് സ്റ്റേഷനെത്തിക്കാണും, വെറുതെ വാതിൽക്കൽ നിന്ന് കിഴക്കനാകശത്തേയ്ക്കു നോക്കിയപ്പോൾ, അതാ അത്. എന്നുമെന്നപോലെ നട്ടെല്ലിലൂടെ ഒരു കുളിരു പാഞ്ഞു. 

ഒരു വർഷം മുമ്പത്തെ തണുപ്പുകാലത്ത് (നവംബർ-ഡിസംബറിൽ), റിപ്പോർട്ടർ ടീവിയുടെ ഓഫീസിൽ Kuzhur Wilsonണെ കാണാൻ പോയ ഒരു രാത്രിയാണ് അവസാനം കണ്ടത്. തെക്കു പടിഞ്ഞാറൻ ചെരിവിൽ, അസ്തമിക്കാറായ പോസിൽ, എന്നുമെന്നപോലെ, ആകാശം വിലങ്ങനെ.

അതിനും കുറച്ചു ദിവസം മുമ്പ്, Dominic Savioയോടൊപ്പം ഷിപ്പ് യാഡിനോടു ചേർന്ന ഹോട്ടൽ മേഴ്സിയുടെ റൂഫ്ടോപ്പിലിരിക്കെ, മൂക്കിലുരുമ്മുമെന്ന് തോന്നിപ്പിക്കുന്ന വമ്പൻ ക്രെയിനുകളേയും നേവൽ ബേസിൽ നങ്കൂരമിട്ടു കിടക്കുന്ന പടക്കപ്പലുകളേയും ദൂരെക്കിടക്കുന്ന അന്ധകാരനഴിനഴിയേയും അതിനുമപ്പുറത്തെ കടലുകളേയും അമേരിക്കകളേയും ബുധനേയും ശുക്രനേയും സൂര്യനേയും രാപ്പകലുകളെന്ന തോന്നലുകളേയും നിഷ്പ്രഭമാക്കിക്കൊണ്ട് കാണപ്പെട്ടതല്ലേ എന്നു ചോദിക്കാൻ, എന്നുമെന്ന പോലെ, ധൈര്യം കിട്ടിയില്ല.

അതിനും മുമ്പു കണ്ടത്, നാലഞ്ച് വർഷം മുമ്പ്, രാ‍ത്രി കാറിൽ ഇന്ത്യൻ അലൂമിനിയത്തിന്റെ മതിലോരം ചേർന്ന് പറവൂർക്കു പോകുമ്പോൾ, പെട്ടെന്ന് പടിഞ്ഞാറ്.

ഭാരതവർഷത്തിലുള്ളവർക്ക് ഏപ്രിലിൽ വൃശ്ചികത്തിനെ വെളുപ്പാൻ കാലത്ത് കിഴക്കനാകാശത്തു കാണാം. ദിവസങ്ങൾ കഴിയുന്തോറും അത് നേരത്തേ നേരത്തേ ഉദിച്ച് നേരത്തേ നേരത്തേ അസ്തമിച്ചു തുടങ്ങുന്നു. അങ്ങനെ ചിലപ്പോൾ സന്ധ്യയ്ക്കും ചിലപ്പോൾ രാത്രിയും പലയിടങ്ങളിലും വെച്ച് കാണാം -  കിഴക്കു നിന്ന് പടിഞ്ഞാട്ടേയ്ക്കുള്ള ഒരേ ഉദായ്സ്തമന പാതയിൽ.

Thursday, June 6, 2013

ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?

Prof. G. Kumara Pillai
'പൂവിനും പേരിട്ടു. 
താമരപ്പൂവിനും പേരിട്ടു.
നീലിച്ച താമരപ്പൂവിനും പേരിട്ടു.
നീയിന്നു ചൂടിയ
നീയിന്നേയ്ക്കു മാത്രമായ് ചൂടിയ
നീലിച്ച താമരപ്പൂവിന്റെ പേരു ചൊല്ലൂ സഖീ'
- ജി. കുമാരപിള്ള

ഒരു മനുഷ്യന് 21 മുഖങ്ങളുണ്ട്. ഓരോ വിരലും മറ്റൊരു മുഖമല്ലേ? ഓരോ നഖാകൃതിയും യുനീക്കല്ലെ? ഓരോ നഖച്ഛായയും ഓരോ മുഖച്ഛായയല്ലേ? അങ്ങനെ, കഴുത്തിനു മോളിലെ ഒന്നും കൈകാലുകളിലെ ഇരുപതും നഖങ്ങൾ ചേർത്ത് ആകെ ഇരുപത്തൊന്ന് മുഖങ്ങൾ. 


അതുകൊണ്ടായിരിക്കണം എനിക്കു പരിചയമുള്ള ഒരാൾ, അയാൾ പ്രണയിച്ചവരെ മാത്രമല്ല
അവരോരുത്തരുടേയും 20 വിരലുകളേയും 20 വ്യത്യസ്ത ഓമനപ്പേരുകളിട്ടു വിളിച്ചിരുന്നത്. എന്തിന്,
കുട്ടിക്കാലത്ത് ചെരുപ്പു വാങ്ങാൻ വേണ്ടി കാല് വരച്ചു കൊടുത്തിരുന്നതുപോലെ, അയാളൊരിക്കൽ
അയാളുടെ ഒരു കാമുകിയുടെ ഓരോ കാൽവിരൽ വിടവിലും പേനത്തുമ്പ് കയറ്റിയിറക്കി അവളുടെ
കാൽപ്പാദങ്ങൾ വരച്ചെടുത്ത്, ആ പത്തുപേരുടേയും ഓമനപ്പേരുകൾ അടയാളപ്പെടുത്തി
സമ്മാനിക്കുക വരെ ചെയ്തു. കാൽപ്പാദങ്ങളുടെ കാമുകാ, അത് ഫെറ്റിഷിസമല്ലേ എന്നു
ചോദിക്കാതെ. ഫെറ്റിഷിസമെന്നതിനേക്കാൾ അത് പേരിടലിസമല്ലെ?

Dewclaw
ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് അയാളുടെ പേരു തന്നെയാണെന്ന് ആധുനിക പരസ്യ വ്യവസായത്തിന്റെ പരിഞ്ഞപ്പൻ ഡേവിഡ് ഒഗിൽവി എഴുതിയിരിക്കുന്നു. ഓരോ തവണ കണ്ണാടി നോക്കുമ്പോഴും അത് ശരിയാണെന്നു തോന്നാറുണ്ട് (ചില ഭാര്യാഭർത്തക്കന്മാർ ആങ്ങള-പെങ്ങളമാരെപ്പോലിരിക്കുന്നത് കണ്ടിട്ടില്ലേ? കണ്ണാടിയിൽ കണ്ടു കണ്ട് സ്വന്തം രൂപത്തെ സ്‌നേഹിച്ച്, ഒടുക്കം പെണ്ണുകാണാൻ പോകുമ്പോഴും അവനവന്റെ ഛായയിലുള്ളവരെ തെരഞ്ഞെടുക്കുന്നതാണ്. ആത്മരതിക്ക് മരുന്നില്ല, വാട്ടുഡു!).


Aglet
പേരും സ്‌നേഹവും തമ്മിൽ ബന്ധമുണ്ടെ് തെളിയിക്കാൻ മാത്രമാണ് ഇത്രയും ബദ്ധപ്പെട്ടത്. പേരിനേയും കൂടിയാണ് സ്‌നേഹിക്കുന്നത്. അല്ലെങ്കിൽ സ്‌നേഹിക്കുന്ന വസ്തുക്കൾക്കെല്ലാം പേരിട്ടേ മതിയാകൂ. അതാണ് സ്‌നേഹിക്കുന്നവരുടെ ഓരോ മുടിയിഴകൾക്കും ഓരോരോ പേരിട്ട് നമ്മൾ പ്രാവുകളെപ്പോലെ കുറുകുന്നത്. പേരിടുമ്പോൾ നമ്മൾ ആ വസ്തുവിന് അതിന്റേതായ ഒരു വ്യക്തിത്വം സമ്മാനിക്കുന്നു. അവഗണന അവസാനിപ്പിച്ച് നമ്മൾ ആ വസ്തുവിനെ പരിഗണിക്കാൻ നിർബന്ധിതരാവുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് പേരില്ലെന്നു കരുതിയിരുന്ന പല സാധനങ്ങൾക്കും പേരുണ്ടാകുമെന്ന് ഉറപ്പിച്ച് വിചാരിച്ചിരുന്നത്. യാദൃശ്ചികമായി അത്തരം ചില സാധനങ്ങളുടെ പേരുകൾ മുമ്പിൽ വന്നു പെടുമ്പോൾ മനസ്സ് ആഹ്ലാദം തുള്ളുന്നത്.

Ferrule
എന്നാൽ ഇക്കാര്യത്തിൽ ഒരു സങ്കടവുമുണ്ട്. ഇത്തരം അപൂർവ സാധന വാക്കുകളുടെ അഥവാ പേരുണ്ടെന്ന് പലർക്കും അറിയാത്ത അതീവസാധാരണമായ ചില സാധനങ്ങളുടെ പേരുകളുടെ കാര്യത്തിൽ നമ്മുടെ മലയാളത്തിന്റെ കാര്യം പരമദയനീയമാണ്. അക്ഷരങ്ങൾ അമ്പത്തൊന്ന്, പിന്നെ അതിന്റെ വള്ളിയും ചന്ദ്രക്കലയും അനുസ്വാരം, വിസർഗം (:) തുടങ്ങിയ അനുസാരികളും കൂട്ടക്ഷരങ്ങളും ചേർന്ന് ആകെ മൊത്തം ടോട്ടൽ ഏതാണ്ട് 200-നടുത്ത് ക്യാരക്ടേഴ്സ് (കഥാപാത്രങ്ങൾ) തന്നെ വരും. പക്ഷേ വാക്കുകളോ, അതീവശുഷ്‌കം. 

Glabella
അതിലും കഷ്ടമാണ് മറ്റൊരു സംഗതി. താമരയ്ക്കും സൂര്യനുമെല്ലാം പത്തിലേറെ പര്യായങ്ങളുണ്ട്. എന്നാൽ സോപ്പ്, ഫോൺ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കൊന്നും വാക്കുകളില്ല. അതുകൊണ്ടല്ലേ സാക്ഷാൽ കുട്ടിക്കഷ്ണമാരാരുടെ ഒരു ലേഖനത്തിന്റെ തലക്കെട്ടു തന്നെ അച്ചടിയിലെ സ്‌പേസിംഗ് എന്നായിപ്പോയത്? കാരണം, സ്‌പേസിംഗ് എന്ന പദത്തിന് സമാനമായ മലയാളം വാക്കില്ല. ഇട എന്നു പറയാം. പക്ഷേ പിടികിട്ടില്ല. മാരാരുടെ കാര്യം ഇതാണെങ്കിൽ സിദ്ദിക് ലാലിലെ സിദ്ദിക്കിനെ പറഞ്ഞിട്ടെന്തു കാര്യം? (ഒരു സിനിമയ്ക്കുപോലും മലയാളത്തിൽ പേരിടാഞ്ഞ വിദ്വാൻ).
Lunule

അതല്ല ഇംഗ്ലീഷിന്റെ കാര്യം. ഇംഗ്ലീഷിലെ വാക്കുകളുടെ എണ്ണം ഓൾറെഡി പത്തുലക്ഷം കവിഞ്ഞിരിക്കന്നു. ഒരു വാക്കിന് പല അർത്ഥങ്ങളുള്ളതും ഇംഗ്ലഷിൽ അതീവ സാധാരണം. ഉദാഹരണത്തിന് ക്രിക്കറ്റ് എന്നാൽ ക്രിക്കറ്റുകളി എന്നു മാത്രമല്ല പുൽച്ചാടി എന്നും അർത്ഥമുണ്ടല്ലൊ. എന്നിട്ടും പുതിയ വാക്കുകൾ ദിവസേനയെന്ന പോലെ ഉണ്ടാവുന്നു. നമ്മുടെ കാര്യം നേരെ മറിച്ചാണ്, വാക്കുകൾ സ്വതവേ കുറവ്, പുതുതായി ഒന്നും വരുന്നുമില്ല. കരി കലക്കിയ കളഭം കലക്കിയ കുളം എന്ന ജോക്കെല്ലാം വളിച്ചു പുളിച്ചു പോയി, അതുകൊണ്ട് നാനാർത്ഥങ്ങളുടെ കാര്യമൊന്നും പറഞ്ഞ് വന്നേക്കരുത്. 
Philtrum

എന്റെ 46 കൊല്ലത്തെ ഓർമയിൽ അടിപൊളി, നാൾവഴി, ബോറടി തുടങ്ങി അഞ്ചാറ് വാക്കുകൾ മാത്രമാണ് മലയാളത്തിൽ പുതുതായി ഉണ്ടായത്. ഇംഗ്ലീഷാകട്ടെ അവിടുന്നും പോയി, പഴയ പല വാക്കുകൾക്കും പുതിയ അർത്ഥങ്ങൾ കണ്ടെത്തുന്നു. ഉദാഹരണത്തിന് നോട്ട്ബുക്ക്, വെബ്, സർഫിംഗ് തുടങ്ങിയ എത്രയെത്ര വാക്കുകൾ. മലയാളത്തിൽ ചെത്ത് എന്ന ഒരൊറ്റ വാക്കിനല്ലേ ഇക്കാലത്തിനിടെ പുതിയ അവതാരഭാഗ്യം ലഭിച്ചുള്ളു? അതുകൊണ്ട് ഏതാനും അസാധാരണമായ സാധാരണസാധനങ്ങളുടെ പേർവാക്കുകളെ ഇവിടെ അണിനിരത്തുമ്പോൾ അവ മുഴുവൻ ഇംഗ്ലീഷിലായിപ്പോകുന്നത് സ്വാഭാവികം.

Punt

vamp

1. ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പ് – aglet
2. മൂക്കിന് തൊട്ടു താഴെ, മേൽച്ചുണ്ടിനു തൊട്ടുമുകളിലുള്ള ഗുൾമുനപ്പ് – philtrum
3. കുപ്പികളുടെ അടിഭാഗത്ത് അകത്തേയ്ക്കുള്ള കുഴി – punt
4. താക്കോൽദ്വാരത്തിന്റെയും മറ്റും ചുറ്റുമുള്ള അലങ്കാരപ്പാളി – escutcheon
5. നായ്ക്കൾ തുടങ്ങിയ ചില സസ്തനികളുടെ പാദങ്ങളിലുള്ള നിലം തൊടാതുള്ള നഖം – dewclaw
6. ഷൂവിന്റെ മുൻഭാഗം – vam
7. കുടയുടെ അഗ്രത്തിലുള്ള സംരക്ഷണ നോബ് – ferrule
8. നഖത്തിന്റെ അടിഭാഗത്തുള്ള വെളുത്ത ചന്ദ്രക്കല – lunule
Escutcheon
9. പുരികങ്ങൾക്കിടയിൽ മൃദുവായി ഉയർന്നു നിൽക്കുന്ന ഭാഗം - glabella

ഇനി ആലോചിച്ചു നോക്കൂ, മലയാളത്തിൽ ഇങ്ങനത്തെ എത്ര അതിസൂക്ഷ്മവാക്കുകളുണ്ട്? കാലിന്റെ calf-നെ പിള്ളക്കുടം എന്നും ankle-നെ ഞെരിയാണി എന്നും വിളിക്കുന്നത് മറക്കുന്നില്ല. നഖത്തിലെ ചന്ദ്രക്കലയ്ക്കും ചിലപ്പോൾ ആയുർവേദത്തിലും കണ്ടേക്കാം ഒരു സംസ്‌കൃതംവാക്ക്. ഷൂവിനില്ല, ഷൂലേസിനുമില്ല, എന്നിട്ടു വേണ്ടേ ഷൂലേസിന്റെ അറ്റത്തെ ചുരുളിപ്പിന് അല്ലേ?

Images and unique words © www.m-w.comTuesday, May 21, 2013

മല്ലൂസിന്റെ സ്വയം വിമർശനം ബോറടി ലെവൽ കഴിഞ്ഞു

കൽ‌പ്പറ്റ നാരായണൻ
മലയാളി അങ്ങനെ, മലയാളി ഇങ്ങനെ എന്നിങ്ങനെയുള്ള കുറ്റംപറച്ചിലുകള്‍ വായിച്ചു വായിച്ച് മനുഷ്യന്‍ ബോറടിച്ച് മരിച്ചു. പണ്ടെങ്ങാണ്ട് സക്കറിയയാണെന്നു തോന്നുന്നു ഇത് തുടങ്ങിവെച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കേരളം മാത്രം കോൺഗ്രസിനെ വീണ്ടും തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സക്കറിയയുടെ ആക്രമണം. മലയാളി അവന്റെ മായാവ്യൂഹം ചമച്ചു എന്നാണ് സക്കറിയ എഴുതിയത്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാന്‍ മലയാളിക്ക് അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു എന്നത് വേറെ കാര്യം.

എന്നാലും ഒരു തുടക്കമെന്ന നിലയില്‍ അത് ഓക്കെയായിരുന്നു. പിന്നെ സക്കറിയ തന്നെ അത് ആവര്‍ത്തിക്കാന്‍ തുടങ്ങി. എന്തിനു പറയുന്നു, കാമ്പുള്ള കവിയും ചിന്തകനും നോവലിസ്റ്റുമാണെന്ന് തെളിവുതന്നിട്ടുള്ള കല്‍പ്പറ്റ നാരായണന്‍ വരെ ഇപ്പോള്‍ മലയാളിയുടെ പിറകെയാണ്. ആത്മവിമര്‍ശനം നല്ലതു തന്നെ. അത് അതിരുവിടുന്നതും സഹിക്കാം, അറ്റ് ലീസ്റ്റ് മലയാളി എന്ന വാക്കിനു പകരം കേരളീയന്‍ എന്നെങ്കിലും എഴുതിയിരുന്നെങ്കില്‍.


ഞാൻ മലയാളി അല്ല എന്ന മട്ടിലാൺ ഇവരിൽ പലരുടേയും എഴുത്ത്. ഇത് വിഷയദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്. ജീനിയസ്സിന്റെ സ്‌റ്റോക്ക് തീരുന്നതിന്റെ ലക്ഷണമാണ്. 

പറഞ്ഞു പറഞ്ഞ്, മലയാളിക്ക് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച തീവ്രതയില്ലൊന്നെക്കെയാൺ ചിലര്‍ പറഞ്ഞു തുടങ്ങിയിരിക്കുത്. യുദ്ധം അനുഭവിക്കേണ്ടി വരുന്നത് എന്തോ ഗുണമാണെന്ന മട്ടിലാൺ ഇതു വായിച്ചാല്‍ തോന്നുക. അനുഭവതീവ്രതയ്ക്കു വേണ്ടി ഇച്ചിരെ യുദ്ധം. അയ്യോ സാറമ്മാരേ, അതിത്തിരി കടുത്തുപോയി.
ഗൊദാർദ്

അനുഭവതീവ്രത കുറവായതുകൊണ്ടാണത്രെ ഇവിടെ വല്യേക്കാട്ടൻ സിനിമയൊന്നും ഉണ്ടാവാത്തത് (വല്യേട്ടനെപ്പോലത്തെ സിനിമകള്‍ ഉണ്ടാവുന്നത്). രണ്ടാം ലോക മഹായുദ്ധം, ഹോളോകാസ്റ്റ് ഇതെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് എത്രയെത്ര ക്ലാസിക് സിനിമകളും പുസ്തകങ്ങളുമാണ് പിറവിയെടുക്കുന്നതെന്നാൺ. എന്നാൽ ഇവര്‍ക്കുള്ള മറുപടി ഇവരുടെ വല്യപ്പച്ചനായ ഗൊദാര്‍ദ് തന്നെ പറഞ്ഞിട്ടുണ്ട്. 'ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെയുള്ളിടത്ത് ഉത്തമകലാസൃഷ്ടി ഉണ്ടാകും. എന്നാൽ ഉത്തമകലാസൃഷ്ടി ഉണ്ടാകാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല' എന്നാണ് ഗൊദാര്‍ദ് പറഞ്ഞത്. 
ഗൾഫ് ജീവിതം

അതെന്തായാലും മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, പ്രത്യേകിച്ച് പ്രവാസത്തിന്റെ. ആസാമലയിലും ശ്രീലങ്കയിലും മലേഷ്യയിലുമെല്ലാം തോട്ടങ്ങളും റോഡുകളും ഉണ്ടാക്കിയത് പിന്നാരാ? ഗള്‍ഫിലോ? ഗള്‍ഫ് മലയാളികളിലെ ഭൂരിപക്ഷം പേരും ചെറുകിട ജോലിക്കാരല്ലെ? കുടുംബം കൂടെയില്ലാത്തവര്‍? കൺസ്ട്രക്ഷന്‍ തൊഴിലാളികള്‍, ഗ്രോസറി, കഫ്തീരിയ ജോലിക്കാര്‍, വാച്ച്മാന്മാര്‍, മുടിവെട്ടുകാര്‍, ഡ്രൈവര്‍മാര്‍, ചെറിയ കടകളിലെ സെയ്ല്‍സ്മാന്മാര്‍... കുടുംബജീവിതം നഷ്ടപ്പെടുത്തി ഈ ലക്ഷക്കണക്കില്‍ വരുന്ന മലയാളികള്‍ അനുഷ്ഠിക്കുന്ന ത്യാഗത്തിന് ഒരു വിലയുമില്ലേ? അവരുടെ ഭാര്യമാരുടെ നെടുവീര്‍പ്പുകള്‍ക്ക്? യത്തീമുകളെപ്പോലെ വളരുന്ന അവരുടെ കുട്ടികളുടെ നിരാശ്രയത്വത്തിന്? അതെന്താ, ബോംബും ചോരയുമില്ലാത്തതുകൊണ്ടാണോ കണ്ണില്‍പ്പെടാതിരിക്കുന്നത്? വിമാനത്തില്‍ വന്ന് ബോംബിടുന്നത് മാത്രമേ ദുരന്തമാകൂ? വിമാനത്തില്‍ കേറ്റി നാടുകടത്തുന്നതും ദുരന്തമല്ലേ?

ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച നേട്ട ങ്ങളാണ് കേരളത്തിന്റേത്. ഇത് മാനത്തുനിന്ന് പൊട്ടി വീണതാണോ? ക്രൈസ്തവ മിഷനറിമാര്‍, ശ്രീനാരായണഗുരു, ഇടതുപക്ഷം, ഗള്‍ഫ് - വിചിത്രമായ ഈ കോമ്പിനേഷനാണ് കേരളാ മോഡലിനെ യാഥാര്‍ത്ഥ്യമാക്കിയത്. ഇക്കാലത്ത് അതിനെ ഗള്‍ഫ് കേരളാ മോഡല്‍ എന്നു വിളിച്ചാലും തെറ്റില്ല. കാരണം, കേരളാ മോഡലിനെ ഇന്നു നിലനിര്‍ത്തുതില്‍ ഏറ്റവും വലിയ പങ്ക് ഗള്‍ഫിന്റേതാണ്. അറബിക്കടലിന് അപ്പുറവും ഇപ്പുറവുമായി മുറിഞ്ഞുപോയ ഒരു സമൂഹമാണ് ഇന്ന് മലയാളി. ഇവരിലെ അറബിപ്പാതിയുടെ കാര്യം മഹാകഷ്ടം. 

മലയാളിക്ക് നേരെയുള്ള മറ്റൊരു പ്രധാന വിമര്‍ശനം അവന്‍ ആളൊരു കപട സദാചാരവാദിയാണ് എന്നത്രെ. അതായത് പബ്ലിക്കായി സദാചാരം പ്രസംഗിക്കുന്നു, ചാന്‍സു കിട്ടിയാല്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നു. അവസരങ്ങളുടെ അഭാവമാണ് സദാചാരം എന്നു വരെ തിയറി ഉണ്ടായിരിക്കുന്നു. സദാചാരപ്പോലീസ് എന്നൊരു പ്രയോഗവും സുപരിചിതമായിരിക്കുന്നു. ഓര്‍ത്തുനോക്കിയാല്‍ ഈ കപടസദാചാരം മലയാളി കൊടുക്കുന്ന ചെറിയൊരു വിലയല്ലേ? ഇതിനു പകരം കേരളം എന്ന നീണ്ടുകിടക്കുന്ന മഹാനഗരത്തില്‍ പലയിടങ്ങളിലായി വേശ്യാലയങ്ങള്‍ ഉണ്ടായിരുന്നെങ്കിലോ? എങ്കില്‍ ഈ ഒളിഞ്ഞുനോട്ടവും ബലാല്‍സംഗവും ബാലപീഡനവും പെൺവാണിഭവും ഇന്നത്തെ അളവുകളില്‍ സംഭവിക്കുകയില്ലെന്നാണ് ചിലര്‍ പറഞ്ഞുവരുന്നത്. 
കാമാത്തിപുര, മുംബൈ

കാമാത്തിപുരയും ജിബി റോഡും സോനാഗചിയുമുള്ള മുംബൈ, ദില്ലി, കല്‍ക്കത്ത എന്നി വിടങ്ങളിലെ സ്ഥിതി എങ്ങനെ? 

ക്രിയാത്മക വിമര്‍ശനം പോലും ഇവിടെ പ്രസക്തമല്ല. ഇവിടെ പ്രസക്തമായത് എന്തു ചെയ്താല്‍ കാര്യങ്ങള്‍ മെച്ചപ്പെടും എന്ന് പറയലാണ്. ചെയ്തു കാണിക്കലാണ്. സ്വയം മാതൃകയാവലാണ്. അതിനാര്‍ക്കും ധൈര്യമില്ല. അതിനു പകരം താനൊരാള്‍ മാത്രം മലയാളിയല്ല എന്ന മട്ടില്‍ മലയാളികളെ വിമര്‍ശിക്കാനിറങ്ങിയിരിക്കുന്നു കുറെ അണ്ണന്മാര്‍. 

രണ്ടു മൂന്ന് ഡൂക്കിലി പാര്‍ട്ടികളുടേതൊഴിച്ചാല്‍ മക്കള്‍ രാഷ്ട്രീയത്തിനു പോലും ക്ലച്ചു പിടിക്കാത്ത സ്ഥലമാണ്. എന്തിന്, സിനിമയില്‍പ്പോലും കഴിവില്ലാത്ത സന്തതികളെ പച്ച തൊടീച്ചിട്ടില്ല. സിനിമാക്കാര്‍ക്കു വന്ന് നിരങ്ങാന്‍ പാകത്തിന് രാഷ്ട്രീയത്തെ നിലത്തുവിരിച്ചിട്ടുമില്ല.

കൂലിപ്പണിക്ക് ആളെ കിട്ടുന്നില്ല, കൂലി കൂടുതൽ... എന്നിങ്ങനെയും കേരളത്തെപ്പറ്റി വിമർശനമുണ്ട്. അതു പറയുന്നവനൊക്കെ കൃഷിയും ബിസിനസും നടത്താൻ പാകത്തിൻ നക്കാപ്പിച്ച കൊടുത്താൽ കൂലിയ്ക്ക് ആളെക്കിട്ടുന്നത് അത്ര ഗമയല്ലെങ്കിൽ കേരളം അതങ്ങു സഹിച്ചു. ദേ ഇപ്പൊ കൃസ്തീയതയും കമ്മ്യൂണിസവും ജനാധിപത്യവുമൊക്കെ ചേർന്ന് പരുവപ്പെടുത്തിയ കേരളത്തിന്റെ മാതൃകാമണ്ണിൽ ദിവസക്കൂലി ആയിരം രൂപയാകാൻ പോവുന്നു. താഴ്ന്ന ജോലികൾക്ക് ആളെക്കിട്ടാതെ വരിക, ദിവസക്കൂലി ആയിരം രൂപയാവുക... ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഒരു പുരോഗതിയുണ്ടോ? താഴ്ന്ന ജോലിയോ, എല്ലാ ജോലിക്കും അതിന്റെ മാന്യതയില്ലേ എന്നാണ് ചോദിക്കാൻ വരുന്നതെങ്കിൽ, നിങ്ങളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചുവിട് സർ എന്നേ പറയാനുള്ളു. തോട്ടിപ്പണി, ചെരുപ്പുകുത്ത് തുടങ്ങിയ ജോലികൾ യന്ത്രമുപയോഗിച്ച് ചെയ്യുക. അല്ലെങ്കിൽ അതു ചെയ്യുന്നവർക്ക് മാനേജർമാരേക്കാൾ ഉയർന്ന ശമ്പളം കൊടുക്കുക. മുതലാളിത്തത്തിന്റെ പുറത്തുകയറി സോഷ്യലിസം വരുന്ന വരവ് - അതാൺ സാറുമ്മാരേ കേരളത്തിൽ നടക്കാൻ പോകുന്നത്. ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോനേഷ്യ, നേപ്പാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ മറ്റേതെങ്കിലും റിപ്പബ്ലിക്കിലോട്ട് മൈഗ്രേറ്റ് ചെയ്താട്ടെ.

ഇങ്ങനെ കുറേ കാരണങ്ങള്‍ കൊണ്ട് മലയാളികളോട് മുടിഞ്ഞ ആരാധനയാണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. അതുകൊണ്ടായിരിക്കണം മലയാളികളെ ചുമ്മാ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്ന ബോറന്‍ രചനകള്‍ വായിക്കുമ്പോള്‍ എനിക്ക് കോട്ടുവാവരും. പ്രകോപിപ്പിക്കാം, ബോറടിപ്പിക്കല്ലേ, പ്ലീസ്.

Tuesday, April 9, 2013

ചൊവ്വാദോഷം (നാലു വൃത്തം)

മണ്ടന്മാരായ ഹിന്ദുക്കൾ
ചൊവ്വാദോഷം കണ്ടുപിടിച്ചു
ബുദ്ധിയുള്ളവരല്ലോ ക്രൈസ്തവരവരപ്പോൾ
ചൊവ്വാഴ്ചപ്പള്ളികളാരംഭിച്ചു

Tuesday, April 2, 2013

സംഭാഷണം

ലൈബ്രറി മുതല്‍ ബീച്ചു വരെ നാം സംസാരിച്ച് 
നടന്നൂ, മറക്കില്ലീ സന്ധ്യയെന്നുരിയാടാന്‍ 
തുടങ്ങീലതിന്‍ മുമ്പ് മറ്റേതോ നഗരത്തില്‍ 
നിന്റെ നോകിയയുടെ ചാര്‍ജു തീര്‍ന്നോഫായെന്നോ?

Wednesday, March 27, 2013

ഉരൽ മദ്ദളം 2013

ഉരൽ മദ്ദളത്തിന് മിസ് കോളടിച്ചു;
മദ്ദളത്തിന്റെ ഫോണിൽ ക്രെഡിറ്റില്ലായിരുന്നു

Tuesday, March 5, 2013

താലി മംഗളം

രാമജന്മഭൂമി ബാബറിന്റേതു തന്നെ; അതല്ലേ സർ ദശരഥൻ മൂന്നു കെട്ടിയത്? ശ്രീറഹ്മാൻ സീതയെ മൊഴി ചൊല്ലിയത്?

Saturday, February 23, 2013

നിങ്ങള്‍ക്കുമുണ്ടോ സന്‍പകു കണ്ണുകള്‍?A few famous Sanpaku eyes
ജപ്പാനെപ്പറ്റി നിങ്ങള്‍ എന്താ വിചാരിച്ചിരിക്കുന്നത്? ആധുനികതയുടെ അമ്മവീട് എന്നോ? ടെക്‌നോളജിയുടെ ഈറ്റില്ലമെന്നോ? എന്തായാലും വിചിത്രമായ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും കാര്യത്തിലും ജപ്പാന്‍കാര്‍ അത്ര മോശമല്ല. ഉദാഹരണത്തിന് വയറുകീറി ആത്മഹത്യ ചെയ്യുന്ന കാര്യം തന്നെ ആലോചിച്ചു നോക്കൂ. സെപ്പുകു എന്നും ഹരകിരി എന്നുമാണ് ജപ്പാനീസ് ഭാഷയില്‍ ഇതറിയപ്പെടുന്നത്. ഇതൊക്കെ നമ്മുടെ സതിയും മറ്റും പോലെ അന്യം നിന്നുപോയ ആചാരമാണെന്നൊന്നും കരുതേണ്ടതില്ല. കാലം ഏറെയായിട്ടില്ല, 1970-ലാണ് പ്രശസ്ത സാഹിത്യകാരന്‍ യൂകിയോ മിഷിമ വയര്‍ സ്വയം കീറി ആത്മഹത്യ ചെയ്തത്.

കേരളത്തിലുള്ളപോലത്തെ ചില രസികന്‍ കുലത്തൊഴിലുകളുമുണ്ട് ജപ്പാനില്‍ - ഉദാഹരണത്തിന് ആഗോള ഇലക്ട്രോണിക്‌സ് ഭീമനായ സോണിയുടെ സ്ഥാപകന്‍ അകിയൊ മൊറിറ്റയുടെ കുടുംബക്കാരുടെ പരമ്പരാഗത ജോലി എന്താണെന്നോ - അരിയില്‍ നിന്ന് ഒരിനം മദ്യമുണ്ടാക്കല്‍. പഴയ ചില ഗോതുരുത്തുകാരെപ്പോലെയാണ് ഇപ്പോളും ചില മൊറിറ്റോ കുടുംബക്കാര്‍ - മറ്റേതെങ്കിലും ഫീല്‍ഡില്‍ കോടീശ്വരന്മാരായാലും അരിമദ്യം വാറ്റല്‍ മറന്നൊരു കളിയില്ല. (അകിയോ മൊറിറ്റയുടെ പ്രസിദ്ധമായ മേഡ് ഇന്‍ ജപ്പാന്‍ എന്ന ആത്മകഥ വായിക്കും മുമ്പുതന്നെ അരി മദ്യത്തിന്റെ മംഗ്ലോയ്ഡ് കണക്ഷന്‍ നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. 1990-ലെ ദില്ലി വിന്ററില്‍ ഒന്നു രണ്ടു രാത്രി ഞങ്ങളുടെ തണുപ്പിനെ ഓടിച്ചു വിട്ടത് റെഡ് ഫോര്‍ട്ടിന്റെ ഓപ്പോസിറ്റുള്ള നേപ്പാളി കോളനിയില്‍ നിന്നു വാങ്ങിയ അരിമദ്യം. 1980-കളില്‍ രുചിച്ചിട്ടുള്ള ഗോതുരുത്തിയന്‍ തലയോളം വന്നില്ലെങ്കിലും നേപ്പാളി അരിച്ചാരായവും സൊയമ്പനായിരുന്നു).

പറഞ്ഞുവന്നത് വയറുകീറി ആത്മഹത്യയായ സെപ്പുകുവിനെ പറ്റിയാണല്ലൊ. ശബ്ദം കൊണ്ട് സെപ്പുകുവിനോട് സാമ്യമുള്ള മറ്റൊരു ജാപ്പനീസ് പദമാണ് സന്‍പകു. അതു പക്ഷേ ഒരാചാരമല്ല, അന്ധവിശ്വാസമാണ്. കൃഷ്ണമണിക്കു മുകളിലോ താഴെയോ കണ്ണിന്റെ വെള്ളഭാഗം കാണപ്പെടുന്നതിനെയാണ് സന്‍പകു എന്നു പറയുന്നത്. സന്‍പകു എന്നാല്‍ മൂന്ന് വെള്ള അല്ലെങ്കില്‍ കാലിയായ മൂന്ന് ഭാഗങ്ങള്‍ എന്നര്‍ത്ഥം. സാധാരണയായി ഭൂരിപക്ഷം മനുഷ്യരുടെ കണ്ണുകളിലും കൃഷ്ണമണിയുടെ ഇടത്തും വലത്തുമായി രണ്ട് വെള്ള ഭാഗമാണുണ്ടാവുക. എന്നാല്‍ അപൂര്‍വം ചിലരില്‍ മൂന്ന് വെള്ള കാണും - ഇടത്തും വലത്തും പോരാതെ ഒന്നുകില്‍ കൃഷ്ണമണിയുടെ താഴെ, അല്ലെങ്കില്‍ മുകളില്‍. ഇത്തരം കണ്ണുകളാണ് സന്‍പകു കണ്ണുകള്‍.

ചൈനീസ് വിശ്വാസമനുസരിച്ച് കൃഷ്ണമണിക്കു താഴെ വെളുത്തഭാഗം ദൃശ്യമായിരുന്നാല്‍ അത് യിന്‍ സന്‍പകു. ശാരീരികമായ തകരാറുകളാണ് യിന്‍ സന്‍പകുക്കാര്‍ക്കുണ്ടാവുക എന്നാണ് വിശ്വാസം. മധുരം, ധാന്യങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നവര്‍, മുഴുക്കുടിയന്മാര്‍, ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമയായവര്‍... ഇത്തരക്കാര്‍ക്കിടയില്‍ യിന്‍ സന്‍പകുക്കാര്‍ ഏറെയാണെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

മുകള്‍വശത്തെ വെള്ള കാണുന്നത് യാംഗ് സന്‍പകു. മാനസികമായ തകരാറുകളാണ് യാംഗ് സന്‍പകുക്കാരുടെ വിധി എന്നാണ് വിശ്വാസം. മനോരോഗികള്‍, കൊലപാതകികള്‍, അക്രമവാസനയുള്ളവര്‍ എന്നിവര്‍ക്കിടയില്‍ യാംഗ് സന്‍പകുക്കാരെ കാണാമത്രെ.

പ്രസിദ്ധരായ ചില സന്‍പകുക്കാരെ എടുത്താല്‍ മറ്റൊരു അപായമണി കൂടി മുഴങ്ങുന്നതു കേള്‍ക്കാം. ഏബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ്. കെന്നഡി, മരിലിന്‍ മണ്‍റോ, ഇന്ദിരാഗാന്ധി. അസ്വഭാവിക മരണങ്ങളില്‍ കലാശിച്ച അസാധ്യ പ്രതിഭകള്‍. 

മലയാളത്തിലെ ചില പ്രതിഭകളുടെ മുഖചിത്രങ്ങള്‍ മുഖചിത്രങ്ങളായി അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ കണ്ടപ്പോളാണ് നമ്മുടെ നാട്ടിലും സന്‍പകൂസിന് പഞ്ഞമില്ലല്ലോ എന്നു മനസ്സിലായത്. സിനിമാതാരം പൃഥ്വിരാജ്, കഥാകൃത്തുക്കളായ സുഭാഷ്ചന്ദ്രന്‍, ആര്‍. ഉണ്ണി എന്നിവരാണ് ഇങ്ങനെ കണ്ണുകാട്ടിത്തന്ന മലയാളി സന്‍പകൂസ്. നിരീക്ഷിച്ചാല്‍ വിവിധ മേഖലകളില്‍ നിന്ന് ഇനിയും പലരേയും കണ്ടെത്താനാകും എന്നുറപ്പ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം - നിങ്ങള്‍ കരുതുന്ന പോലെ ഇതത്ര സര്‍വസാധാരണമായ സംഗതിയല്ല. അല്ലെങ്കിലും പ്രതിഭ എന്നു പറയുന്നത് സര്‍വസാധാരണമല്ലല്ലോ അഥവാ പ്രതിഭ എന്നു പറയുന്നത് ഒരിത്തിരി അബ്‌നോര്‍മാലിറ്റിയുടെ അംശം കലര്‍ന്ന വകുപ്പാണല്ലൊ. 

ഇനി ഒരു ക്ഷമാപണം - ഇങ്ങനെ ഒരു അന്ധവിശ്വാസം കൂടി പഠിപ്പിച്ചതിന്. അറിഞ്ഞതില്‍ നിന്ന് മോചനമില്ലെന്നല്ലേ പറയുന്നത്. 

ഇടതുപക്ഷ മനസ്സും ആദ്യത്തെ അച്ചുകൂടവുമൊക്കെപ്പറഞ്ഞ് അഭിമാനിക്കുന്നവരാണെങ്കിലും അന്ധവിശ്വാസങ്ങളുടെ കാര്യത്തിലും നമ്മള്‍ മലയാളീസ് ആരുടേയും പിന്നിലല്ല. പ്രേമിക്കുന്നവര്‍ തമ്മില്‍ സമ്മാനമായി ഫൈവ് സ്റ്റാര്‍ മിഠായി കൈമാറാന്‍ പാടില്ല, പേന കൈമാറാന്‍ പാടില്ല, തൂവാല കൈമാറാന്‍ പാടില്ല തുടങ്ങിയ മോഡേണ്‍ അന്ധവിശ്വാസങ്ങള്‍ കൂടി അവയുടെ ഓള്‍റെഡി നീണ്ടലിസ്റ്റില്‍ ചേര്‍ത്തുകൊണ്ട് മുന്നേറുന്നവരാണു നമ്മള്‍ - അക്കൂട്ടത്തില്‍ കിടക്കട്ടെ ഈ ഉണ്ടക്കണ്ണുകളും.

[ഇന്‍ഫിനിറ്റി ടൈംസിന്റെ റീലോഞ്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്]

Monday, February 18, 2013

ഫേസ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍?

ലോകത്തിലെ ഏറ്റവും വിലകൂടിയ സാധനങ്ങളിലൊന്ന് ഒരിനം ലേഡീസ് ബാഗാണ് - മുതലത്തോലില്‍ ഉണ്ടാക്കിയ 'ബിര്‍കിന്‍' എന്ന ലേഡീസ് ഹാന്‍ഡ്ബാഗ്. ആമത്തോട് കൊണ്ട് കുടുക്കുകളിട്ടവയുമുണ്ട്. കൂടുതല്‍ മുന്തിയ ഇനത്തില്‍ വജ്രങ്ങളും പതിച്ചിട്ടുണ്ടാവും. ഒന്നിന്റെ വില ഏതാണ്ട് 5 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ.

ഈ ലേഡീസ് ബാഗിന്റെ വില ഇങ്ങനെ ഉയര്‍ന്നിരിക്കാനുള്ള ഒരു കാരണം സാധനം ആവശ്യത്തിന് ലഭ്യമല്ല എന്നതു തന്നെ. (ബ്രാന്‍ഡിംഗിലെ ഒരു പ്രധാന പാഠമാണിത്. ഉയര്‍ന്ന ഗുണനിലവാരം, അതിനെക്കാള്‍ ഉയര്‍ന്ന പരിവേഷം, ഉയര്‍ന്ന വില, പരിമിത ലഭ്യത എന്നിവ ചേര്‍ന്ന ഒരു സക്‌സസ് ഫോര്‍മുല).

വര്‍ഷങ്ങള്‍ നീണ്ട വെയ്റ്റിങ് ലിസ്റ്റാണ് ഒരു ബിര്‍കിന്‍ ബാഗ് സ്വന്തമാക്കാന്‍ നിലവിലുള്ളത്. അതിനാല്‍, ബിര്‍കിന്റെ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയും ഉഷാറാണ്. ഹെര്‍മിസിന്റെ ചില സ്‌കാര്‍ഫുകള്‍ക്കുമുണ്ട് ഏതാണ്ട് ഇതേ ഡിമാന്‍ഡ്. വില, ഒന്നിന് 20,000-40,000 രൂപ. (സ്‌കാര്‍ഫിന് വേറെ അര്‍ത്ഥമൊന്നുമില്ല -തലയിലോ കഴുത്തിലോ ചുമ്മാ ഒരു അലങ്കാരത്തിന് ചുറ്റിയിടുന്ന തുണിക്കഷണം. കൂടിയ സില്‍ക്കില്‍ അതിഗംഭീര ഡൈയിങ് നടത്തി ഉണ്ടാക്കുന്ന സ്‌കാര്‍ഫുകളാണ് ഹെര്‍മിസിന്റേത്).

പൂര്‍ണരൂപം ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലും ഓണ്‍ലൈന്‍ എഡിഷനില്‍ ഇവിടെയും.

Tuesday, February 5, 2013

ഒരു നായര്‍ ഈഴവ ആത്മകഥയില്‍ നിന്ന് അഥവാ ഇതല്ലേ സഖാക്കളേ കമ്മ്യൂണിസം?

ഒന്നിലോ രണ്ടിലോ പഠിക്കുമ്പോളാണ് സംഭവം. സാമൂഹ്യപാഠം ഓറല്‍ പരീക്ഷ. പനമ്പ് ഡിവൈഡറിനോട് ചേര്‍ന്നിരുന്ന് വത്സട്ടീച്ചറാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. കേരളത്തിലെ പ്രധാന ഉത്സവങ്ങള്‍ ഏതൊക്കെയാണ് എന്നായിരുന്നു ചോദ്യം. ഓണം, കൃസ്തുമസ്, റംസാന്‍, വിഷു... അങ്ങനെ ഏതെങ്കിലും പറഞ്ഞാല്‍ ശരിയുത്തരമായി (എഴുപതുകളുടെ തുടക്കമാണ്, അന്ന് കെ ഇ എന്റെ ലേഖനം വന്നിട്ടില്ല, അതുകൊണ്ട് അതുപേടിക്കണ്ട). എനിക്കാണെങ്കില്‍ ഉത്തരമറിയില്ല. ലോക്കല്‍ കോണ്‍ഗ്രസ്സ് നേതാവ് ബാബു ലോനന്‍ നടത്തുന്ന റേഷന്‍ കടയില്‍നിന്ന് ആഴ്ച തോറും വാങ്ങുന്ന പച്ചരിയുടെ ചോറും ഒപ്പം കൂട്ടാനായി (അന്ന് ‘കറി’ ‘കൂട്ടാനെ’ കൊന്നിട്ടില്ല) പുളിങ്കറിയോ മൊളോഷ്യമോ കഴിച്ച് വളര്‍ന്നിരുന്ന വളി വയറന്‍ നായര്‍ക്ക് എന്ത് ഓണം!

ഉത്തരമറിയാത്ത ഞാന്‍ ബബ്ബബ്ബേ എന്നു വിക്കിയപ്പോള്‍ മറ്റൊരു ടീച്ചറുടെ മകനായ എനിക്ക് വത്സട്ടീച്ചര്‍ ഇങ്ങനെ ഒരു ക്ലൂ തന്നു: “എടാ, വീട്ടില് പായസമൊക്കെയുള്ളതെപ്പോളാടാ...”. “ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും” പെട്ടെന്നുള്ള എന്റെ ഉത്തരം കേട്ട് ടീച്ചര്‍ ഞെട്ടി. അക്കാലത്ത് ഏതോ ഗ്രഹപ്പിഴ മാറാന്‍ തിരുവാതിര നക്ഷത്രക്കാരിയായ അമ്മയും അതേ നക്ഷത്രക്കാരിയായ വേലക്കാരിയും (റേഷന്‍ പച്ചരി കുക്ക് ചെയ്യാന്‍ സര്‍വന്റ്. അതും സവര്‍ണം. നോക്കണേ ഈ നായമ്മാരടെ ഒരഹങ്കാരം) എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഭഗവതി അമ്പലത്തില്‍പ്പോയി എന്തോ വഴിപാട് നടത്തി അതിന്റെ കട്ടപ്പായസം (നെയ് ചേര്‍ക്കാത്ത ശര്‍ക്കരപ്പായസം, എഗെയ്ന്‍ മേഡ് വിത്ത് റേഷന്‍ പച്ചരി) വീട്ടിലെത്തിക്കുമായിരുന്നു. ടീച്ചറുടെ ക്ലൂവാണ് എന്നെ വഴി തെറ്റിച്ചത്.

“എന്ത്, ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും നിന്റെ വീട്ടില് പായസമുണ്ടാവോ” എന്റെ അഹങ്കാരം കേട്ടപ്പോള്‍ ടീച്ചര്‍മാരുടെ സൌഹൃദം മറന്ന് വത്സട്ടീച്ചര്‍ ഒരു നിമിഷം ഒരു ഈഴവസ്ത്രീയായോ? ദേഷ്യം കൊണ്ട് ടീച്ചറിന്റെ പിടിവിട്ടുപോയി. അന്നത്തെ പിച്ചിന്റെ വേദന ഇന്നും ഇടതുതോളിലെ വാക്സിനേഷന്റെ കായ വറുത്ത പാടിന്റെ ഉള്ളിലുണ്ട് (ഫിറോസ് ഷാ കോട് ലയൊക്കെ എന്ത് പിച്ച്? ഉണ്ണ്യച്ചന്മാഷ്ടെ പിച്ചല്ലെ പിച്ച്!).


വളി വയറന്‍ നായരുടെ പറയുമ്പൊ കമ്മ്യൂണിസ്റ്റ് ചോത്തീടേം പറയണ്ടേ? പില്‍ക്കാലത്ത് എസ്എഫ്ഐ ജില്ലാ കമ്മറ്റി വരെ എത്തിയ സഖിയാണ് (സഖാവിന്റെ യോനി സഖി, സ്ത്രീലിംഗമോ, അതെന്ത്?) നായിക. കക്ഷി ഒന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് സംഭവം. എക്സൈസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അപ്പൂപ്പന്‍ (മദ്യം അന്നനാളം കൊണ്ട് തൊട്ടിട്ടില്ലാത്ത ഏക എക്സൈസുകാരന്‍ എന്ന് ചരിത്രം. ഞാന്‍ വിശ്വസിച്ചു. അച്ഛന്റെ വീട്ടിലെ ഒരപ്പുരയില്‍ (ഉരല്‍പ്പുര) വാടകക്കാരനായിരുന്ന എക്സൈസുകാരന്‍ വീടൊഴിഞ്ഞപ്പോള്‍ മച്ചില്‍ കാലിക്കുപ്പികളുടെ സംസ്ഥാന സമ്മേളനം).


പറഞ്ഞുവന്നതെന്താ... ങ്ഹാ, എക്സൈസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അപ്പൂപ്പന്‍... അങ്ങേര് ചോമ്മാരുടെ പ്രധാനഹോബിയായ പറമ്പ് വാങ്ങിച്ചു കൂട്ടലിന്റെ ധനശേഖരാര്‍ത്ഥം പെന്‍ഷനു പുറമേ ഒരു സെക്കന്‍ഡ് ഇന്‍കം ലക്ഷ്യമിട്ട് നേന്ത്രവാഴക്കൃഷി നടത്തിയിരുന്നു. ആദ്യമായി ഒരു പേരക്കുട്ടി (അതായത് നമ്മുടെ കഥാനായിക) ഉണ്ടായതിന്റെ വാത്സല്യാതിരേകത്തില്‍ വാങ്ങിയ പശുവാകട്ടെ തൊഴുത്തില്‍ മൂന്നാമത്തെ പേറും കഴിഞ്ഞ് അങ്ങനെ ദാമോദരന്‍ പാടിയ പോലെ നെഞ്ചില്‍ പാലാഴിയേന്തി നില്‍ക്കുന്നു. ചുരുക്കത്തില്‍ വീട്ടില്‍ പാലും പഴവും സമൃദ്ധം. (ചക്കയായിരുന്നെങ്കി നമ്പൂരി പറഞ്ഞപോലെ ‘മോരും ചക്ക്യോണ്ടാണോ’ എന്ന് ചോദിക്കാമായിരുന്നു. ഇവിടെ പക്ഷേ സാക്ഷാല്‍ മോരല്ലേ തലങ്ങും വെലങ്ങും ഒഴുകുന്നത്!). ആയിടക്കാണ് കഥാനായികയുടെ സാമൂഹ്യപാഠം ഓറല്‍ പരൂക്ഷ. കേരളീയരുടെ പ്രധാന ആഹാരം എന്താണ് എന്നായിരുന്നു ചോദ്യം. നിഷ്ക്കളങ്കയായ നമ്മുടെ കഥാനായിക എന്തുത്തരം പറഞ്ഞുവെന്ന് ഊഹിക്കാമല്ലൊ. (പോരെങ്കില്‍ ചോറും കറിയും ഞാന്‍ നല്‍കാം). കഷ്ടിച്ച് മിഡ്ല്‍ ക്ലാസ്സായ ഒരു കമ്മ്യൂണിസ്റ്റ് ഫാമിലിയില്‍ നിന്നു വരുന്ന പെണ്‍കുട്ടിയാണെന്നോര്‍ക്കണം. ഇക്കഥയിലെ ടീ‍ച്ചര്‍ക്ക് ഒന്ന് നുള്ളാന്‍പോലും കഴിയാത്തത്ര ഞെട്ടലായിരുന്നു - കാരണം ആ ടീച്ചറുടെ പരിചയത്തില്‍പ്പെട്ട മറ്റൊരു ടീച്ചറിന്റെ  ‍സന്താനമായിരുന്നു ഈ കഥാനായികയും. മുന്‍ കഥയിലെ നായര്‍പ്പയ്യന്‍ വളര്‍ന്നു വലുതായി ഈ നിഷ്ക്കളങ്കയെയാണ് പില്‍ക്കാലത്ത് കല്യാണം കഴിച്ചതെന്നത് യാദൃശ്ചികമാകാനിടയില്ല അല്ലെ?

ഇനി ഇവരുടെ പെറ്റിബൂര്‍ഷ്വാ മൂല്യങ്ങളെ പരിഹസിക്കാനാഗ്രഹിക്കുന്നവരോട് ഒരു ചോദ്യം - നിത്യാഹാരം പാലും പഴവും, ചൊവ്വാഴ്ചേം വെള്ളിയാഴ്ചേം പായസം... ഇതല്ലേ സഖാക്കളേ യഥാര്‍ത്ഥ കമ്മ്യൂണിസം?

Sunday, January 13, 2013

ബസ്സില്‍

ബസ്സില്‍
പെണ്‍ബുദ്ധി
സേഫ്റ്റിപിന്‍ ബുദ്ധി

[1999-ല്‍ എഴുതി, പി ഇ ഉഷയ്ക്ക് മനസാ സമര്‍പ്പിച്ചത്]

Monday, January 7, 2013

യേശു, മാര്‍ക്സ്, നാരായണഗുരു, ഗള്‍ഫ് മലയാളി

Gandhi in S Africa
പ്രസിദ്ധമായ കേരളാ മോഡലിന്റെ ശില്‍പ്പികളെ വേണമെങ്കില്‍ നമുക്ക് വ്യക്തമായി ഓര്‍മിച്ചെടുക്കാവുന്നതാണ്. 1) യേശുക്രിസ്തു 2) കാറല്‍ മാര്‍ക്‌സ് 3) ശ്രീനാരായണ ഗുരു 4) ഗള്‍ഫ് മലയാളി. കഴിഞ്ഞ പത്തമ്പതു വര്‍ഷമായി കേരളാ മോഡല്‍ എന്നാല്‍ ഗള്‍ഫ് കേരളാ മോഡലാണെന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. 

മലയാളികള്‍ക്ക് ഗള്‍ഫ് പോലെയാണ്ഗുജറാത്തികള്‍ക്ക് ആഫ്രിക്ക.ആഫ്രിക്കയില്‍ നിന്ന് തിരിച്ചു വന്ന ഗാന്ധിജിയും അംബാനിയും രണ്ടു കാലഘട്ടങ്ങളില്‍ ഇന്ത്യയെ രണ്ടുരീതിയില്‍ മാറ്റി മറിച്ചു. വിവിധ കാരണങ്ങളാല്‍ ഒട്ടേറെ ഗള്‍ഫ് മലയാളികള്‍ തിരിച്ചു വന്നു തുടങ്ങിയിരിക്കുന്നു. അതിലുപരിയായി ഗള്‍ഫില്‍ വന്‍വിജയങ്ങള്‍ രചിച്ച ഒട്ടേറെപ്പേര്‍ നാട്ടിലും വന്‍തോതില്‍ത്തന്നെ അവരുടെ ബിസിനസ് സാമ്രാജ്യങ്ങള്‍ക്ക് അടിത്തറയിടുന്നു. ഗാന്ധിജിയും അംബാനിയും ഇന്ത്യയെത്തന്നെ മാറ്റിമറിച്ചപോലെ തിരിച്ചുവരുന്ന ഗള്‍ഫ് മലയാളികള്‍ ഇന്ത്യയെ വീണ്ടും മാറ്റിമറിച്ചില്ലെങ്കിലും കേരളത്തെയെങ്കിലും പോസീറ്റീവായി മാറ്റുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. 

പൂര്‍ണരൂപം ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലും ഓണ്‍ലൈന്‍ എഡിഷനില്‍ ഇവിടെയും.
Related Posts with Thumbnails