Sunday, September 13, 2009

കുതിരച്ചന്തിയുടെ വീതി

കുറച്ചു പേരെ എല്ലാക്കാലത്തേയ്ക്കും എല്ല്ലാവരേയും കുറച്ചുകാലത്തേയ്ക്കും വിഡ്ഡികളാക്കാം എന്നാണല്ലൊ പഴമൊഴി.

വസ്തുതകൾക്ക് നിരക്കാത്ത ഗോസിപ്പുകൾക്ക് പ്രസിദ്ധമാണ് ഇന്റർനെറ്റ്. നെറ്റിലുണ്ട് എന്നു കരുതി എന്തും കണ്ണുമ്പൂട്ടി വിശ്വസിക്കുന്ന കുറേപ്പേരെങ്കിലും എല്ലാക്കാലത്തും ഉണ്ടാവും എന്ന് ഉറപ്പുള്ളതുകൊണ്ടാവാം ഇ-ഗോസിപ്പുകൾക്ക് അവസാനമില്ലാത്തത്. ചിലതെല്ലാം നിരുപദ്രവകരങ്ങളായ രസങ്ങളാണെങ്കിൽ ചിലതിന്റെ പിന്നിൽ തീർച്ചയായും സ്ഥാപിത താല്പ്പര്യങ്ങളും നിഗൂഡലക്ഷ്യങ്ങളും കാണും. ഇവയുടെ സത്യാവസ്ഥ അറിയാൻ സഹായിക്കുന്ന സൈറ്റുകളുമുണ്ട്. ആരു പറയുന്നതാണ് നേര്? എന്ന് സെൻ ആൻഡ് ദ ആർട്ട് ഓഫ് മോട്ടോർ സൈക്ക് ൾ മെയ്ന്റനൻസിന്റെ തുടക്കത്തിൽ റോബർട്ട് എം. പിർസിഗ് ചോദിക്കുന്നത് നമുക്കും ചോദിക്കാം.

അടുത്തകാലത്തായി നെറ്റിലൂടെ പ്രചരിച്ച ഒരു രസികൻ ഗോസിപ്പിന്റെ പരിഭാഷ ഇതോടൊപ്പം. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് അന്തിമവിധി വന്നിരിക്കുന്നത്. എന്തായാലും മറന്നുകളയാൻ വയ്യാത്തവിധം ‘വിശ്വസനീയ’മാണ് ഈ അവിശ്വസനീയ ഗോസിപ്പ്.

അമേരിക്കയിലെ സ്റ്റാൻഡേഡ് ഗേജ് [അതായത് റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള ദൂരം] നാലടി എട്ടര ഇഞ്ചാണ്. ഇത് അതിശയകരമാം വിചിത്രമായ ഒരളവാണ്.

ഇതെങ്ങനെ വന്നു? ഇംഗ്ലണ്ടിലും അങ്ങനെയായതുകൊണ്ട്. കാരണം ഇംഗ്ലീഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്.

ഇംഗ്ലീഷുകാർക്ക് ഈ അളവെങ്ങനെ കിട്ടി? റെയിൽവേ വരും മുമ്പ് ഇംഗ്ലണ്ടിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേ പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെ.

അതവർക്ക് എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.

വാഗണുകൾക്ക് എങ്ങനെ വിചിത്രമായ ഈ ചക്രദൂരം കിട്ടി? കൊള്ളാം, വേറെ വല്ല അളവുമായിരുന്നെങ്കിൽ ഇംഗ്ലണ്ടിലെ പഴയ ദീർഘദൂര റോഡുകളിൽ പലേടത്തും വെച്ച് വാഗണുകളുടെ ചക്രങ്ങൾ പൊളിഞ്ഞു പോയേനെ. കാരണം അക്കാലത്തെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള വീതി അതായിരുന്നു.

ആരാണ് ആ വീതിയുള്ള ചക്രച്ചാലോടെ റോഡു പണിതത്? റോമാ സാമ്രാജ്യക്കാർ. അവരാണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ പണിതത്.

ചക്രച്ചാലിന്റെ വീതി എങ്ങനെ വന്നു? റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടിയായിരുന്നു ആ വീതിയിൽ ചക്രച്ചാലുകൾ ഉണ്ടായത്. [രണ്ടു കുതിരകൾ ഓടിയ്ക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ പ്രചാരത്തിലുണ്ടായിരുന്നത്].

വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ഒരൊറ്റ അളവിലായിരുന്നു രഥ നിര്‍മാണം. അമേരിക്കയിലെ റെയില്‍പ്പാളങ്ങളുടെ വീതിയുടെ ഉത്ഭവം റോമാസാമ്രാജ്യത്തിലെ അശ്വരഥങ്ങളിൽ നിന്നാണെന്ന് ചുരുക്കം. നേരേചൊവ്വേ പറഞ്ഞാൽ രണ്ട് കുതിരകളുടെ ചന്തികളുടെ വീതി.

ഉദ്യോഗസ്ഥമേധാവിത്വം എല്ലാ‍ടവും പാറ പോലെ അനശ്വരമാണ്.

അതുകൊണ്ട് അടുത്ത തവണ നിങ്ങളുടെ കയ്യിൽ ഒരു സ്റ്റാന്‍ഡേഡ് അളവോ പ്രവര്‍ത്തനരീതിയോ ചട്ടമോ കിട്ടുമ്പോൾ, ‘ദൈവമേ, ഏത് കുതിരയുടെ ചന്തിയാണാവോ ഇതിന്റെ പിന്നിൽ’ എന്ന് നിങ്ങൾ വിചാരിച്ചുപോയാല് നിങ്ങളെ തെറ്റു പറയാനില്ല.

ഇനിയാണ് കഥയിലെ ട്വിസ്റ്റ്.

ഒരു സ്പെയ്സ് ഷട്ടിൽ അതിന്റെ ലോഞ്ചിംഗ് പാഡിലിരിക്കുമ്പോൾ അതിന്റെ പ്രധാന ഫ്യൂവൽ ടാങ്കിനടുത്ത് രണ്ട് വലിയ ബൂസ്റ്റർ റോക്കറ്റുകൾ ഇരിക്കുന്ന കണ്ടിട്ടില്ലേ? ഇവയാണ് സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ. അമേരിക്കയിലെ യുറ്റായിലുള്ള ഫാക്ടറിയിൽ വെച്ച് ഈ എസ്.ആർ.ബികൾ നിര്‍മിക്കുന്നത് തിയോകോൾ എന്ന കമ്പനിയാണ്.

ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്ത എഞ്ചിനീയർമാര്ര് ഇവയ്ക്കൊരല്‍പ്പം കൂടി വീതി കൊടുക്കണമെന്ന് വിചാരിച്ചുകാണണം. പക്ഷേ യുറ്റായിലുള്ള ഇവരുടെ ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗിന്റെ സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിയ്ക്കുന്നത്. ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നാണ് റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ ഇത്തിരി മാത്രം വീതിയേ തുരങ്കത്തിനുള്ളു. റെയില്‍പ്പാളത്തിന്റെ വീതിയാകട്ടെ, നിങ്ങൾ പഠിച്ചുകഴിഞ്ഞു, രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയാണുതാനും.

ലോകത്തിലെ ഏറ്റവും ആധുനികമായ ട്രാന്‍സ്പോര്‍ട്ടേഷൻ സിസ്റ്റം എന്നു വിളിക്കാവുന്ന സേപ്സ് ഷട്ടിൽ ഡിസൈനിലെ ഒരു പ്രധാനഘടകം രണ്ടായിരം കൊല്ലം മുമ്പാണ് നിര്‍ണയിക്കപ്പെട്ടത്. അതും ആരു നിര്‍ണയിച്ചു? കുതിരച്ചന്തികളുടെ വീതി!

Monday, September 7, 2009

ചുള്ളിക്കാടിന്റെ പുതിയ കവിത ബ്ലോഗില്‍
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ കവിത അദ്ദേഹത്തിന്റെ ബ്ലോഗില്‍.

Sunday, September 6, 2009

വൈ. എസ്. ആർ. - മാധ്യമങ്ങളിൽ കണ്ടതിനപ്പുറം


ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക് ലിയുടെ 2004 ജൂൺ 12 ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കെ. ബാലഗോപാലിന്റെ ഞെട്ടിപ്പിക്കുന്ന ദീർഘലേഖനം ആന്ധ്രാ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ കാട്ടിത്തരുന്നു. ലേഖനം ഇവിടെ.


കനേഡിയൻ ചിന്തകനായ മാർഷൽ മക് ലുഹന്റെ മാസ്റ്റർപീസാണ് Medium is the Massage. ഇന്റർനെറ്റിലാകുമ്പോൾ സെർവർ ഈസ് ദ മെസേജ് എന്നും പറയണം. കാരണം വിശ്വഹിന്ദുക്കളുടെ സൈറ്റിലായിരിക്കും ചിലപ്പോൾ ബാലഗോപാലന്മാരുടെ ലേഖനങ്ങൾ പുന:പ്രസിദ്ധീകരിക്കപ്പെടുക.


നമ്മുടെ വാക്കുകൾ വളച്ചൊടിക്കപ്പെടാതെ തന്നെ വളച്ചൊടിക്കപ്പെടും. ഇ.എം.എസും മകൻ ശ്രീധരനും നായനാരും നടൻ മുരളിയും മനോരമയിൽ കോളമെഴുതുമ്പോൾ കരുതിയിട്ടുണ്ടാ‍വും അവർ മനോരമയെ ഉപയോഗിച്ചു എന്ന്.


മീഡിയം ഈസ് ദ മെസേജ് എന്ന് ഒരിയ്ക്കൽക്കൂടി ഓർത്തുകൊണ്ട് വായിച്ചാലും.

Thursday, September 3, 2009

ചില പുഴുക്കങ്ങളിലൂടെ കടന്നു പോകുമ്പോള്‍


പുഴുങ്ങുമ്പോള്‍ കോഴിമുട്ടയ്ക്ക് അതിന്റെ സുതാര്യമൃദുലതയും മൃദുലസുതാര്യതയുംനഷ്ടപ്പെടുന്നു. ചില പുഴുക്കങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കും നമ്മുടെ സുതാര്യതയും മൃദുലതയും നഷ്ടപ്പെടുന്നുണ്ടാവും. ഇനിയൊരിക്കലും തിരിച്ചുപോകാനാവാത്തവിധം ചില അനുഭവങ്ങള്‍ നമ്മളെ മാറ്റിക്കളയുന്നു.

ദാമോദരൻ മൊതലാളീടെ സൈക്കിള്‍വാടക-കം-സ്റ്റേഷനറിക്കടയില്‍ നിന്ന് 5 പൈസയ്ക്ക് ഒരു കുഞ്ഞിക്കുപ്പി മഷി കിട്ടുമായിരുന്നു. അകം ഉള്‍ക്കുഴിഞ്ഞ റബ്ബര്‍ അടപ്പനുള്ള കുഞ്ഞിക്കുപ്പി. അലൂമിനിയത്തിന്റെ തലേക്കെട്ടും കെട്ടി ഇഞ്ചക്ഷന്‍ മരുന്നുമായി വന്നവയെ ഗ്രീന്‍പീസ് മസാലയുടെ കാലത്തിനും മുമ്പേ റീസൈക്ക് ള്‍ ചെയ്തിട്ടാണോ ദാമോദരന്‍ മൊതലാളി ആ കുപ്പികള്‍ സംഘടിപ്പിച്ചിരുന്നത് ആവൊ? അയാള്‍ ഷര്‍ട്ടിട്ടിരുന്നില്ല. ജരാനര ബാധിച്ചു തുടങ്ങിയ മഞ്ഞനിറമുള്ള ശരീരത്തില്‍ ഗാഡസരസ്വതബ്രാഹ്മണ്യത്തിന്റെ [മലയാളത്തില്‍ പറഞ്ഞാല്‍ ‘കൊങ്ങിണി] മുഷിഞ്ഞ പൂണൂല്‍ കാണാമായിരുന്നു. പിന്നീട് കട ഏറ്റെടുത്തത് മകന്‍ മുത്തു. അയാളെ ഷര്‍ട്ടൂരി കണ്ടിട്ടില്ല. പല്ല് ലേശം പൊന്തിയിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ പറവൂര് നടന്ന ഉപജില്ലാ സയന്‍സ് എക്സിബിഷന്‍ കാണാന്‍ പോയി. മാര്‍കേസിന്റെ നായകന്‍ ഐസു കാണാന്‍ പോയ പോലത്തെ ചില ഓര്‍മകള്‍. അതിലൊന്ന് ആ കുഞ്ഞിക്കുപ്പിയില്‍ പൊട്ടാതെ കയറിരുന്ന് കാണപ്പെട്ട കോഴിമുട്ടയായിരുന്നു. ചൊറുക്കയില്‍ ഇട്ടു വെച്ചാല്‍ കോഴിമുട്ടയുടെ കാത്സ്യം തോട് അലിഞ്ഞുപോകുമെന്നും തോടിനും വെള്ളയ്ക്കും ഇടയിലുള്ള റബ്ബറിമയുള്ള ഇടന്തൊലി അതിനെ കുപ്പിയ്ക്കകത്തു കയറുമ്പോഴും പൊട്ടിയിലിയ്ക്കാതെ കാക്കുമെന്നും സയന്‍സ് പഠിപ്പിച്ചിരുന്ന അബ്ദുള്‍ഖാദര്‍ സാറ് പറഞ്ഞു തന്നു. അധികം വൈകാതെ ഒരു ദിവസം അബ്ദുള്‍ഖാദര്‍ സാറിന്റെ മയ്യത്തുകാണാന്‍ അഞ്ചാമ്പരത്തിയിലേയ്ക്ക് ഞങ്ങള്‍ വരിവരിയായി നടന്നുപോയി. ആദ്യമായി കണ്ട മരണം.

അതാര്യമായ കാത്സ്യം തോടില്ലാതെ മുട്ട എങ്ങനെയിരിക്കുമെന്ന് കാണാന്‍ ദുബായ്ക്കാരനാകേണ്ടി വന്നു, അച്ഛനാകേണ്ടിയും വന്നു. പണ്ട് ബിനാക്ക വാങ്ങിയിരുന്നത് അതാണ് നല്ല പേസ്റ്റ് എന്ന് വിചാരിച്ചിട്ടല്ലല്ലൊ, അതിന്റൊപ്പം കിട്ടിയിരുന്ന പ്ലാസ്റ്റിക് പക്ഷിമൃഗങ്ങളെ കിട്ടാനായിരുന്നല്ലൊ. അതുപോലെ മോള് എപ്പോഴും കിന്റര്‍ മിട്ടായി വാങ്ങാന്‍ പറയും. മുട്ടയുടെ ഷേപ്പില്‍ വരുന്ന അതിന്റെയുള്ളില്‍ ഒരു കുഞ്ഞുകളിപ്പാട്ടം കാണും. നേര്‍ത്ത പാളിയാകയാല്‍ കവിളത്തും ഉടുപ്പിലുമെല്ലാം ഓരോ തവണയും ചോക്കലേറ്റ് തവിട്ടിമറിയും. എന്നാലും പെണ്ണിന് കിന്റര്‍ തന്നെ വേണം. അതിന്റെ പാക്കേജ് ഈയിടെ പരിഷ്കരിച്ചു. ചോക്കലേറ്റിന്റെ നേര്‍ത്തപാളി കൊണ്ട് ഉണ്ടാക്കിയിരുന്ന മുട്ടക്കൂടിനു പകരം മുട്ടയുടെ ഷേപ്പിലുള്ള സുതാര്യമായ രണ്ട് പ്ലാസ്റ്റിക് ചേര്‍പ്പുകള്‍ സ്ഥാനം പിടിച്ചു. ചോക്കലേറ്റും തീര്‍ന്ന് കളിപ്പാട്ടവും പൊട്ടിയിട്ടും രണ്ടായി തുറന്നടയ്ക്കാവുന്ന ആ പ്ലാസ്റ്റിക് മുട്ട അവശേഷിച്ചു. നിലത്തെറിഞ്ഞാല്‍ തെറിച്ചുപൊന്തുന്ന ഒരു ചെറിയ റബ്ബർപ്പന്ത് അതിനുള്ളിലിട്ടപ്പോള്‍ പണ്ടത്തെ സങ്കല്പ്പത്തിന് സാക്ഷാത്കാരമായി.

വെന്തുകഴിഞ്ഞാലും തരം കിട്ടിയാല്‍ കലത്തിന്റെയും കയിലിന്റെയും കണ്ണുവെട്ടിച്ച് പുറത്തുചാടുന്ന ചോറുംവറ്റുകള്‍ വീണ്ടും ആരും കാണാതെ കിടന്ന് അരിമണിയാകാന്‍ ശ്രമിയ്ക്കുന്നതുപോലെ എനിയ്ക്കും അമ്മയുടെ ഗര്‍ഭപാത്രത്തിലേയ്ക്ക് തിരിച്ചുപോയാല്‍ക്കൊള്ളാമെന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ നെന്മണിയായല്ല കോഴിമുട്ടയായാണ് ജനിച്ചതെന്നു തോന്നുന്നു. പുഴുങ്ങിയപ്പോള്‍ മൃദുലസുതാര്യത നഷ്ടപ്പെട്ട്, വെളുത്ത് കനംവെച്ചു. ഇപ്പോളിതാ ഉപ്പിനേയും കുരുമുളകിനേയും കാത്തിരിയ്ക്കുന്നു. ഏമ്പക്കത്തിന്റെയും കീഴ്ശ്വാസത്തിന്റെയും ഇടയില്‍ക്കിടന്ന് ദഹിച്ചുപോവാന്‍.
Related Posts with Thumbnails