Tuesday, June 30, 2009

പല്ലിന്റെടയില്‍ വെപ്പുമുടി കുരുങ്ങി. ബ്വാ‍...ഭ്വാ...

എനിയ്ക്ക് 42 വയസ്സേ ആയിട്ടുള്ളു. അതുകൊണ്ട് ഭാവിയെപ്പറ്റി ഒരുപാട് പ്രതീക്ഷകള്‍ ഇനിയും ബാക്കി. ഭാവിയില്‍ ആരാകണമെന്നു ചോദിച്ചാല്‍ പണം, പ്രശസ്തി, എബിസി, പിക്യൂആര്‍, സെക്സ്സ്വൈസെഡ് എന്നിവ കണക്കിലെടുത്ത് ഒരു സിനിമാതാരമാകാനാണ് ആഗ്രഹം. അതുകൊണ്ട് നമ്മുടെ ചില ‍‍സിനിമാനടന്മാരെപ്പറ്റിയുള്ള ഈ കുറിപ്പിന്റെയുള്ളിലുള്ളത് വെള്ളം ചേര്‍ക്കാത്ത സെക്‌ഷ്വല്‍ ജലസിയാണെന്ന് കണ്ടെത്താന്‍ ഫ്രായിഡിന്റെ ഗേറ്റുപടിവരെയൊന്നും പോകേണ്ട കാര്യമില്ല.

അഭിനയിക്കാത്തപ്പോളെല്ലാം സ്റ്റൈല്‍ മന്നന്‍ രജനിസ്സാറിന് തന്റെ ഓള്‍മോസ്റ്റ് കഷണ്ടിയായ നരച്ച തല കാണിയ്ക്കാന്‍ ഒരു സങ്കോചവുമില്ല. സ്വകാര്യചടങ്ങുകളില്‍ മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട സമ്മേളനങ്ങളില്‍പ്പോലും വിഗ് ധരിക്കാതെയാണ് രജനി പ്രത്യക്ഷപ്പെടാറുള്ളത്. താരപരിവേഷത്തിന് കിരീടത്തിന്റെയും ചെങ്കോലിന്റെയും വിലയുള്ള തമിഴ്നാട്ടിലാണ് ഈ കൂസലില്ലായ്മ എന്നോര്‍ക്കണം.

അരാഷ്ട്രീയത്തിന് പശിമകൂടി വരുന്ന നമ്മുടെ മണ്ണിലും ഫാന്‍സ് അസോസിയേഷം പന പോലെ വളരുന്നുണ്ടെന്നത് നേര്. എങ്കിലും ആ പനയില്‍ നിന്ന് രാഷ്ട്രീയാധികാരത്തിന്റെ കള്ള് ചെത്തിയിറങ്ങാനുള്ള സാധ്യത യുള്‍ ബ്രിന്നറുടെ തലയിലെ മുടിപോലെ തുലോം വിരളം.

എന്നിട്ടും നമ്മുടെ താരാഗണങ്ങളും എക്സ്ട്രാ നടന്മാരും അഭിനയത്തിന്റെ എബിസി അറിയാത്ത ഔട്ട്പെറുക്കികളുമെല്ലാം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും വിഗ് ഊരാത്തതെന്ത്? അത് പോട്ടെയെന്നു വെയ്ക്കാം. ഒരാളെങ്കിലും കൊള്ളാവുന്ന ഒരു വിഗ് വെച്ചു കണ്ടിട്ടുണ്ടോ? അത് അവരുടെ കുറ്റമല്ലല്ലോ, വിഗ് ഉണ്ടാക്കുന്നവരുടെ കഴിവുകേടല്ലേ എന്നായിരിക്കും ഫാന്‍സസോസിശേഷന്മാരുടെ ചോദ്യം. എന്നിരിക്കെ 24 മണിക്കൂറും നിലവാരം കുറഞ്ഞ ഇത്തരം വിഗ്ഗുകളും ചുമന്ന് നടക്കണോ? നല്ല വിഗ് ഉണ്ടായി വരുന്നതുവരെ രജനിയേപ്പോലെ ചുണയായിട്ട് കഷണ്ടിയും നരയും കാട്ടി നടന്നുകൂടെ? കുറച്ച് വിഗ് നിര്‍മാണത്തൊഴിലാളികള്‍ പിഴച്ചുപൊക്കോട്ടെ സര്‍ എന്ന് ഇടതുപക്ഷം ചമയാനാണ് ഭാവമെങ്കില്‍ സുല്ലിട്ടേക്കാം. ഇല്ലെങ്കില്‍ ഇത്ര കൂടി:

മുടി ഒരു ലൈംഗികാവയമാണെന്നത് മൂന്നരത്തരം. സിനിമയും സാമൂഹ്യലൈംഗികതയും തമ്മിലുള്ള ബന്ധമാകട്ടെ അതിനേക്കാള്‍ തീവ്രം. [ഇക്കാര്യങ്ങളോട് ബന്ധപ്പെട്ട ചില ഗംഭീരനിരീക്ഷണങ്ങള്‍ ഡെസ്മണ്ട് മോറിസിന്റെ നെയ്ക്കഡ് എയ്പ് എന്ന ക്ലാസിക്കില്‍ വായിക്കാം. ഗീതയും ബൈബിളും ഖുറാനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒറിജിന്‍ ഓഫ് സ്പീഷിസും പോലുള്ള ഒരു അടിസ്ഥാനപ്രമാണം തന്നെ ഈ ചെറുപുസ്തകം. ആകെ ഒരു ന്യൂനതയേയുള്ളു - അമേരിക്കയില്‍ സംഗതി പോപ്പുലറാണ്. എന്നിട്ടും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്റെ പ്രിയപുസ്തകമായി അതിനെ ഉയര്‍ത്തിക്കാട്ടിയ എന്റെ പ്രിയ പാട്ടെഴുത്തുകാരനും പുതിയ തലമുറയിലെ എന്റെ മോസ്റ്റ് ഫേവറിറ്റ് കവിയുമായ റഫീക് അഹമ്മദിന് സലാം. പുസ്തകത്തിന്റെ സമ്പൂര്‍ണ പിഡീയെഫ് ഇവിടെ].

തലയില്‍ താരനുള്ളവര്‍ക്ക് താരമൂല്യം കൂടുമെന്ന് ഞാന്‍ പരിഹസിയ്ക്കുന്നു. മുടി നരച്ചുപോയ നരാധമന്മാരേക്കാള്‍ അധമരാണ് ഹെയര്‍ ഡൈ നിര്‍മാണത്തൊഴിലാളികള്‍ക്ക് പച്ചരി വാങ്ങാന്‍ വകയുണ്ടാക്കുന്നവര്‍ എന്ന് കരുതുന്നു. വിഗ്ഗു വെച്ചവരെ വിഗ്നേശ്വരന്മാര്‍ എന്നു വിളിക്കുന്നു. ബോറന്‍ വിഗ്ഗുവെച്ചവരെ കാണുമ്പോള്‍ ‘ദൈവമേ, എത്രയും വേഗം നല്ല വിഗ്ഗുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകേണമേ’ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. ഇതെല്ലാമായിട്ടും ചില ശത്രുതകള്‍ പോലെ ഈ അലോസരം ബാക്കി നില്‍ക്കുന്നു. പല്ലിന്റെടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ നാക്കിന് ഒരു സെക്കന്റുപോലും അത് മറക്കാനാവാത്തതുപോലെ ഇതെന്നെ ഭ്രാന്തുപിടിപ്പിയ്ക്കുന്നു.

മാപ്പു തരിക.

Thursday, June 25, 2009

നീ + സ്വാര്‍ത്ഥത = നിസ്വാര്‍ത്ഥത


എന്റെ സ്വാര്‍ത്ഥത മാത്രം കണക്കിലെടുക്കുമ്പോള്‍ മാത്രമേ ഞാന്‍ സ്വാര്‍ത്ഥനാവുന്നുള്ളു. എനിയ്ക്കും എന്റെ സ്വാര്‍ത്ഥതയ്ക്കും മുന്‍പുതന്നെ നിന്നെയും നിന്റെ സ്വാര്‍ത്ഥയേയും കൂട്ടിച്ചേര്‍ക്കുമ്പോള്‍, ഞാന്‍ നിസ്വാര്‍ത്ഥനാവുകയില്ലെ?

കഴിഞ്ഞ ലക്കം Newsweek-ന്റെ കവര് ‍സ്റ്റോറി കണ്ടു - ഫരീദ് സക്കറിയ എഴുതിയ ‘ക്യാപ്പിറ്റലിസ്റ്റ് മാനിഫെസ്റ്റോ’.

ഇത്തിരി ഗ്രീഡ് നല്ലതാണത്രെ.

ഓക്കെ, ഗ്രീഡ് വ്യഭിചരിച്ചോട്ടെ.

ബട്ട് ഗ്രീഡിന് പ്രത്യയശാസ്ത്രത്തിന്റെ ഒരു ഇളക്കത്താലി പണിയിച്ചുകൊടുക്കണോ?

ഞാന്‍ ക്യാപ്പിറ്റലിസ്റ്റായത് ഞാന്‍ ജനിക്കുന്നതിനും ഏതാണ്ട് 280 ദിവസം മുമ്പാണ്. അച്ഛന്റെ ശുക്ലസഞ്ചിയില്‍ നിന്ന് നീന്തി മത്സരിയ്ക്കാന്‍, കൂടപ്പിറപ്പുകളെ പിന്തള്ളി തോല്‍പ്പിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തിലെത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ആ‍ അഭിശപ്ത നിമിഷം.
ശരിയാണ് സക്കറിയാച്ചാ (ദൈവമേ, ക്യാപ്പിറ്റലിസത്തിന് എത്ര സ്വന്തം കറിയാച്ചന്മാര്‍!), നിസ്വാര്‍ത്ഥത എന്നത് നമ്മള്‍ അണിയുന്ന മുഖമ്മൂടിയായിരിക്കാം.
എങ്കിലും പ്രണയം വന്ന് അരക്കെട്ടുലയ്ക്കുമ്പോള്‍, ചുണ്ടുകളില്‍ വാത്സല്യം വിതുമ്പുമ്പോള്‍, ആരും കാണാതെയും തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെയും അന്യനെ സഹായിക്കുമ്പോള്‍, ഒരു നിമിഷമല്ല, പല നിമിഷങ്ങളില്‍, ബയോളജിക്കലായും സൈക്കോളജിക്കലായും, മനുഷ്യത്വം എന്ന് നമ്മള്‍ കള്ളപ്പേരിട്ട് വിളിയ്ക്കുന്ന, മൃഗീയതയേക്കാള്‍ മോശമായ ആ സാധനം, അത് തോറ്റു പോകുന്നു. ആ തോല്‍വി ആഘോഷിയ്ക്കേണ്ടതാണെന്നും തോന്നുന്നു.
അതുകൊണ്ട്, ഡിയര്‍ കറിയാച്ചാ, എന്റെ സ്വാര്‍ത്ഥത മാത്രം കണക്കിലെടുക്കുമ്പോള്‍ മാത്രമല്ലേ ഞാന്‍ സ്വാര്‍ത്ഥനാവുന്നുള്ളു? എനിയ്ക്കും എന്റെ സ്വാര്‍ത്ഥതയ്ക്കും മുന്‍പുതന്നെ നിന്നെയും നിന്റെ സ്വാര്‍ത്ഥയേയും കൂട്ടിച്ചേര്‍ക്കുമ്പോള്‍, ഞാന്‍ നിസ്വാര്‍ത്ഥനാവുകയില്ലെ?

Friday, June 12, 2009

അന്യന്റെ കുളിറൂമി


ക്ലിക്കിയാല്‍ വലുതാകും. ഒരു വരി കേള്‍പ്പിച്ചപ്പോള്‍ മുഴുവനാക്കാന്‍ പ്രേരിപ്പിച്ച നസീര്‍ കടിക്കാടിന്.

Monday, June 1, 2009

ഹാ!

ഹാ! കഷ്ടം.

ഒരാളുടെ ക്രെഡിറ്റ് റേറ്റിംഗ് ഏറ്റവും കുറവായിരിക്കുമ്പോഴാണ് അയാൾക്ക് പണത്തിന് ഏറ്റവും അത്യാവശ്യം.


സ്നേഹിക്കപ്പെടുവാൻ ഏറ്റവും കുറവ് അർഹതയുള്ളപ്പോഴാണ് ഒരാൾക്ക് ഏറ്റവുമധികം സ്നേഹം ആവശ്യം.


മനസ്സിലാക്കപ്പെടുവാൻ ഒരാൾ ഏറ്റവും പരാമാവധി വിസമ്മതിക്കുമ്പോഴാണ് അയാൾക്ക്...
Related Posts with Thumbnails