Friday, January 5, 2018

ലോകത്തിലെ ഏറ്റവും വലിയ ഒറ്റഭൂവുടമ [single largest real estate owner] ആരാണ്?

ലോകത്തിലെ ഏറ്റവും വലിയ ഒറ്റഭൂവുടമ [single largest real estate owner] കത്തോലിക്കാസഭയാണെന്നു വായിച്ചത് റിച്ച് ഡാഡ് പുവർ ഡാഡിലാണ്. Rich Dad Poor Dad [ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റഭൂവുടമ മക്ഡൊണാൾഡ്സ് ആണെന്ന് പറഞ്ഞ ശേഷമാണ് ആ കിതാബ് അക്കാര്യം പറയുന്നത്].
മക്ഡൊണാൾഡ്സ് ഏത് ഫീൽഡിലാണ് ബിസിനസ് ചെയ്യുന്നതെന്നറിയാമോ എന്ന് കുറേ ബിസിനസ് വിദ്യാർത്ഥികളോട് ചോദിച്ചു പോലും. ബർഗറുണ്ടാക്കി വിൽക്കുന്ന ചെയിനാണ് മക്ഡൊണാൾഡ്സ് എന്ന് ഏത് കുട്ടിക്കാണ് അറിയാത്തത് എന്നല്ലേ വിചാരിച്ചു വെച്ചിരുന്നെ.
അല്ലത്രെ.
ഒരു ഫ്രാഞ്ചൈസി തുടങ്ങാൻ നേരം ആ ഫ്രാഞ്ചൈസി എടുക്കുന്ന ആൾ ആ ഫ്രാഞ്ചൈസി തുറക്കാൻ പോകുന്ന കെട്ടിടം മാക്കിന്റെ പേരിൽ എഴുതിക്കൊടുക്കണമത്രെ. അങ്ങനെ അമേരിക്കയിലെയും മറ്റും മിക്കവാറും എല്ലാ നഗരങ്ങളുടേയും കണ്ണായ ഭാഗങ്ങളിൽ മാക്കിന് സ്വന്തം കെട്ടിടങ്ങളായെന്ന്. അങ്ങനെയാണ് മാക്ക് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റഭൂവുടമ ആയതെന്ന്.
അപ്പൊ നമ്മ വിചാരിച്ച പോലെ ആശുത്രി, പള്ളിക്കൂടം ഫീൽഡിലൊന്നുമല്ല കത്തോലിക്കാസഭയുടെ പ്രധാന ബിസിനസ് എന്നർത്ഥം. അത്രേം വലിയ റിയൽ എസ്റ്റേറ്റ് ബിസിനസിൽ അഴിമതി വരാതിരിക്കാനാവണം പുരോഹിതന്മാരെ കെട്ടാൻ അനുവദിക്കാത്തത്. പെണ്ണും പിള്ളേരും ആയാലല്ലെ അഴിമതിക്കും കുടുംബാധിപത്യത്തിനുമൊക്കെ സ്കോപ്പുള്ളു.
നന്നാവാൻ ആഗ്രഹവും ഉദ്ദേശശുദ്ധിയുമുള്ള രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും സമുദായക്കാരുമെല്ലാം ഈ രീതി അനുകരിക്കേണ്ടതാണ്. നേതാക്കന്മാരേം പുരോഹിത്മാരേം കെട്ടാൻ അനുവദിക്കരുത്. അഥവാ കെട്ടാൻ താൽപ്പര്യമില്ലാത്തവരെ വേണം നേതാക്കളും പുരോഹിതരുമാക്കാൻ. ഭൂമി വാങ്ങിക്കൂട്ടുന്നതിൽ പ്രത്യേകം ശ്രദ്ധിക്കയും വേണം.

Monday, August 7, 2017

ഇഷ്ടപുസ്തകം, പാട്ട്, സിനിമ... ഇതെല്ലാം ഓരോ നേരത്ത് ഓരോന്നല്ലെ?

ഇഷ്ടപ്പെട്ട പുസ്‌തകമേതാണ്‌ പാട്ടേതാണ്‌ സിനിമ ഏതാണ്‌ എന്നൊക്കെ ചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. അത്‌ ഓരോ നേരത്ത്‌ ഓരോന്നല്ലെ?

ഉദാഹരണത്തിന്‌ സെക്‌സും മാസ്‌റ്റര്‍ബേഷനുമൊന്നുമില്ലാതെ മദിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഉഷസ്സാം സ്വര്‍ണത്താമരയാണ്‌ ഇഷ്ടം. ആത്മഹത്യാഭ്രമം കൊടുമ്പിരിക്കൊള്ളുമ്പോള്‍ തേരിറങ്ങും മുകിലേ. കാതുകള്‍ മാത്രമാകുമ്പോള്‍ താമസമെന്തേ വരുവാന്‍. പോസ്‌റ്ററായല്ല പോസ്‌റ്ററിലെ നാറുന്ന പശയായി ഒട്ടേണ്ടി വരുമ്പോള്‍ ഏകാന്തതയുടെ അപാരതീരം. പോസ്‌റ്ററായി ഒട്ടുമ്പോള്‍ ഉള്ളില്‍ച്ചിരിച്ചു കൊണ്ട്‌ കുട്ടനാടന്‍ പുഞ്ചയിലെ, രക്തം നൃത്തം വെയ്‌ക്കുമ്പോള്‍ റാ റാ റാസ്‌പുടിന്‍, ആഗോളപൗരനാണെന്നു തോന്നുമ്പോള്‍ ഇമാജിന്‍, പ്രേമമോ പുല്ല്‌ എന്ന്‌ ഫിലോസഫൈസ്‌ ചെയ്യുമ്പോള്‍ വാട്ട്‌ ഹാസ്‌ ലൗ ഗോട്ടുഡു വിത്ത്‌ ഇറ്റ്‌, മാംസനിബദ്ധമല്ലാതാകുമ്പോള്‍ കഭീ കഭീ, ആഗോളപുഞ്ഞം തോന്നുമ്പോള്‍ ഏഴു നിലയുള്ള ചായക്കട, ഒരു ഡ്രിങ്കൊഴിച്ചിരിക്കുന്ന വൈന്നേരം ഇന്നലെ നീയൊരു, വളയ്‌ക്കാന്‍ വില്ലെടുക്കുമ്പോള്‍ ഹരിചന്ദന മലരിലെ മധുവായ്‌, കൃമിയാണെന്നു തോന്നുമ്പോൾ ഉലകമീരേഴും, ക്രിമിനിലാകുമ്പോൾ സൂര്യകിരീടം, ഉലകമീരേഴും പ്രണയസാഗര തിരകളാൽ മൂടി അലയുമ്പോൾ സ്‌ട്രേഞ്ചേഴ്‌സ്‌ ഇന്‍ ദി നൈറ്റ്‌, വാത്സല്യം നിറയുമ്പോള്‍ രാജീവനയനേ, സ്വാര്‍ത്ഥം കെടുമ്പോള്‍ ഒന്നിനി ശ്രുതി താഴ്‌ത്തി...

പോസ്‌റ്ററായി ഒട്ടുമ്പോള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട്‌ കുമാരനാശാന്‍, പോസ്‌റ്ററിലെ പശയാകുമ്പോള്‍ ടെന്നസീ വില്യംസ്‌, ആത്മഹത്യാഭ്രമം കൊടിയേറുമ്പോള്‍ ഇടപ്പള്ളി, ഒറ്റയ്‌ക്കാണെന്നു തോന്നുമ്പോള്‍ ഡോസ്‌റ്റോവ്‌സ്‌കി, മദിച്ചിരിക്കുന്ന ദിവസങ്ങളില്‍ എന്‍. എസ്‌ മാധവന്‍, തലച്ചോര്‍ മാത്രമാകുമ്പോള്‍ ബൃഹദാരണ്യകം, രക്തം നൃത്തം വെയ്‌ക്കുമ്പോള്‍ മിലാന്‍ കുന്ദേര, ആഗോളപൗരനാണെന്നു തോന്നുമ്പോള്‍ എഴുത്തച്ഛന്‍, പ്രേമമോ പുല്ല്‌ എന്ന്‌ ഫിലോസഫൈസ്‌ ചെയ്യുമ്പോള്‍ ഡെസ്‌മണ്ട്‌ മോറിസ്‌, പ്രേമം തലയ്‌ക്കു പിടിയ്‌ക്കുമ്പോള്‍ ലവ്‌ ഇന്‍ ദി ടൈം ഓഫ്‌ കോളറ, ആഗോളപുഞ്ഞം തോന്നുമ്പോള്‍ ഫൗണ്ടന്‍ഹെഡ്‌, ഒരു ഡ്രിങ്കൊഴിച്ചിരിക്കുന്ന പ്രദോഷസന്ധ്യയ്ക്ക് സി. വി. രാമന്‍പിള്ള ...
നിങ്ങൾക്കോ?

Wednesday, April 13, 2016

വിഷുക്കട്ട വന്നത് ഈഴത്തു നിന്നോ?


തൃശൂരെ ഈഴവരാണ് വിഷുക്കട്ട ഉണ്ടാക്കി കണ്ടിട്ടുള്ളത്. അരി, തേങ്ങ, തേങ്ങാപ്പാൽ, ജീരകം... എല്ലാം ചേർത്തുണ്ടാക്കുന്ന ഒരു രസികൻ ബ്രേക്ക്ഫാസ്റ്റ് വിഭവം. നാലഞ്ചു വർഷം മുമ്പ് ശ്രീലങ്കയിൽപ്പോയപ്പോൾ, അവിടെ [അവിടത്തെ സർക്കാർ ചെലവിൽ] താമസിച്ച കൊളംബോയിലെ സിനമൺ എന്ന സ്റ്റാർ ഹോട്ടലിലെ ബ്രേക്ക്ഫാസ്റ്റ് മെനുവിലെ ഒരൈറ്റം ഈ വിഷുക്കട്ടയായിരുന്നു. പേരെഴുതി വെച്ചിരിക്കുന്നതോ 'ന്യൂ ഇയർ ബ്രേക്ക്ഫാസ്റ്റ്' എന്നും. ശ്രീലങ്കയിലെ ന്യൂ ഇയർ എന്നാണെന്ന് ചോദിച്ചപ്പോൾ അറിഞ്ഞു ഏപ്രിൽ മിഡ് വീക്കിലാണെന്ന്. നമ്മുടെ വിഷു തന്നെ. വിഷുവം. എക്വിനോക്സ്. പകലും രാത്രിയും ഏതാണ്ട് സെയിം വരുന്ന വേണൽ എക്വിനോക്സ് സീസണിലെ മേഷം [മേടം] തുടങ്ങുന്ന ദിവസം. 


മേടപ്പത്തിനുള്ളിൽ ജനിക്കണം, മകരപ്പത്തിനുള്ളിൽ മരിക്കണം എന്ന് നാരായണിട്ടീച്ചർ [അമ്മ] പറഞ്ഞു കേട്ടിട്ടുണ്ട്. മേടപ്പത്തിനുള്ളിൽ ജനിക്കുമ്പോഴാണ് ആകാശത്തെന്നപോലെ ഗ്രഹനിലയിലും സൂര്യൻ ഉച്ചത്തിൽ വരുന്നത്. എന്നിട്ട് നാരായണിട്ടീച്ചർ അംബേദ്കറെ ഉദാഹരിക്കും. അല്ലെങ്കിലും നമ്പൂതിരിയോ നായരോ ആയി ജനിച്ച് ജയിക്കുന്നത് ആ ആളുടെ മിടുക്കും ദളിതൻ ജയിച്ചാൽ അത് ജാതകഗുണവുമാണല്ലോ എന്ന് അമ്മയെ പരിഹസിക്കും.

അമ്മ പോയിട്ട് ഇത് മൂന്നാമത്തെ വിഷു. കാലമിനിയുമുരുളും. വിഷുക്കളും വർഷങ്ങളും തിരുവോണങ്ങളും വരും. ഒരു നൂറു വർഷം കഴിയണ്ട, ഇന്നുള്ളവരൊന്നും ഇല്ലാത്ത ഭൂമിയായിരിക്കും ഇത്. മേടത്തിൽ അപ്പോഴും സൂര്യൻ ഉച്ചിയിൽ വരും. ഏപ്രിലിന്റെ രാത്രികളിൽ ഇപ്പോൾ കാണുന്ന പോലെ റെഗുലസും [മകം] സിറിയസും [പുണർതം] ബീറ്റെൽജുസുമെല്ലാം [തിരുവാതിര] ഉദിയ്ക്കും.

അന്നും തൃശൂക്കാർ വിഷുക്കട്ട ഉണ്ടാക്കുമോ?


Tuesday, January 6, 2015

ഹിംസാക്കിന്റെ ഇതിഹാസം


Published in Mathrubhumi Daily's Weekend edition on January 4, 2015

മൂത്രം നാറുന്ന മൂന്നുംകൂടിയ ജങ്ഷനില്‍ ബസ്സിറങ്ങുമ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. തന്റെ ഞാറ്റുപുരയില്‍ മാധവന്‍നായര്‍ തുടങ്ങുന്ന ഏകാധ്യാപക വിദ്യാലയത്തിലെ ഒഴിവിലേക്കുള്ള മത്സരപ്പരീക്ഷയില്‍ പങ്കെടുക്കാനായിരുന്നു രവിയുടെ വരവ്. വേക്കന്‍സി ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രവിയെപ്പോലെ 18-20 കോടി മാഷുമ്മാരാണ് മത്സരപ്പരീക്ഷയ്‌ക്കെത്തിയിരുന്നത്.

'ഒരിക്കല്‍ രണ്ട് ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. ഒരു ചേച്ചിയും അനിയത്തിയും...' അങ്ങനെ പറഞ്ഞാല്‍ അത് അതീവകാല്പനികമായിപ്പോവും. സത്യത്തില്‍ സംഭവിച്ചത് അതിലും ക്രൂരമായാണ്. 18-20 കോടി സഹോദരങ്ങള്‍. എന്നുപറഞ്ഞാല്‍ ചേച്ചിയും അനിയത്തിയുമല്ല, കൂടപ്പിറപ്പുകള്‍. ഇരട്ടകളെപ്പോലെ ഒരുമിച്ച് ഉയിരെടുത്ത കൂടപ്പിറപ്പുകള്‍. ആകെയുള്ള ഒരു വേക്കന്‍സിക്കായി മത്സരിക്കാന്‍ വിധിക്കപ്പെട്ട കൂടപ്പിറപ്പുകള്‍. നടക്കാനും അല്ല അവര്‍ ഇറങ്ങിയത്, നീന്താനാണ്. അച്ഛനില്‍നിന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലേക്കുള്ള ഫ്രീസ്‌റ്റൈല്‍ നീന്തല്‍മത്സരം.

അതില്‍ ഒരാള്‍ക്കുമാത്രം നിയമനം ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് എന്തുസംഭവിച്ചെന്നോ? 'സഹോദരാ, നീയെന്നെ മറന്നല്ലോ' എന്ന പായ്യാരച്ചോദ്യം ചോദിക്കാന്‍പോലും ഒരാളും ബാക്കിയുണ്ടായില്ല. അതിനുമുമ്പുതന്നെ സ്വാര്‍ഥതയുടെയും ഹിംസയുടെയും പരമോന്നത അനീതിപീഠത്തില്‍ അവരോരുത്തരും പിടഞ്ഞുവീണ് മരിച്ചു.
ജനിക്കുന്നതിനുമുമ്പേയുള്ള ഭ്രാതൃഹത്യകള്‍. നിസ്വാര്‍ഥതയില്‍ കെട്ടിപ്പൊക്കിയ ഇസങ്ങളെ മുന്‍കൂട്ടി പരാജയപ്പെടുത്തുന്ന ബയോളജിക്കല്‍ സ്വാര്‍ഥതകള്‍.

അങ്ങനെ രവി ചാര്‍ജെടുത്തു. കുഞ്ഞാമിന, അപ്പുക്കിളി, അള്ളാപ്പിച്ചാമൊല്ലാക്ക, തിത്തിബിയുമ്മ, കുപ്പുവച്ചന്‍, നാരായണി, ചെതലി, യാക്കരത്തോട്... എന്തിനധികം പറയുന്നു?

തസ്രാക്ക് എന്നപോലെ ഹിംസ്രാക്ക് എന്നായിരുന്നു യഥാര്‍ഥത്തില്‍ ആ സ്ഥലത്തിന്റെയും പേര്. പിന്നെ ദയാലുവും സ്‌നേഹസമ്പന്നനുമായ കവിയെപ്പോലെ നമ്മളും അതിന്റെ തീവ്രത കുറച്ച് ഹിംസാക്ക് എന്നാക്കിയതാണ്.

ജീവനോടെ ആരും ഇതുവരെ അതിന്റെ പുറത്തുകടന്നിട്ടില്ല.

Wednesday, February 26, 2014

മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ

അമ്മയ്ക്കു പിന്നാലെ ഇളയ സഹോദരനും പ്രമേഹം (ഡയബറ്റിസ്) പിടിപെട്ടപ്പോള്‍ ഒരു മുംബൈ മലയാളി ചെയ്തത് പ്രധാനപ്പെട്ട ഡയബറ്റിസ് മരുന്നുകളുണ്ടാക്കുന്ന മൂന്ന് കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയായിരുന്നു. ഏതാനും ആയിരങ്ങള്‍ മുടക്കി 2007-ലായിരുന്നു ഈ നിക്ഷേപം. 

ഇപ്പോള്‍, ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍, ഈ മൂന്ന് ഓഹരികളിലെ നിക്ഷേപങ്ങള്‍ കൊണ്ടുമാത്രം ഇദ്ദേഹം വീണ്ടും ഒരു ലക്ഷാധിപതി ആയിരിക്കയാണ്. ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന വാര്‍ത്ത വായിച്ചിട്ടുള്ളതിനാല്‍ ഈ ഓഹരികള്‍ തത്കാലം വില്‍ക്കാനും ഇദ്ദേഹത്തിന് പരിപാടിയില്ല.

ഓഹരി നിക്ഷേപത്തിന്റെ അടിസ്ഥാനം ഇത്രയേയുള്ളൂ. അഥവാ, ഓഹരി നിക്ഷേപം റോക്കറ്റ് സയന്‍സല്ല. എന്നിട്ടും എന്തുകൊണ്ടാണ് കേരളീയര്‍ പൊതുവില്‍ ഓഹരികളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത്? ഒരു കാരണം, ഇതിനോടുള്ള പുച്ഛവും വേണ്ടത്ര അറിവില്ലായ്മയുമാണ്. ഓഹരി നിക്ഷേപം ഉത്പാദനപരമല്ല എന്നാണ് നമ്മുടെ ചില ആളുകള്‍ വാദിക്കുന്നത്. എന്നാല്‍, അന്യ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കി ലോറികളിലും ട്രെയ്‌നുകളിലും കേറി വരുന്ന സാധനങ്ങള്‍ രണ്ടു കൈയും നീട്ടി വാങ്ങിത്തിന്നാനും ദേഹത്ത് പൂശാനും ഒരു മടിയുമില്ല താനും. അത് ഉത്പപ്പാദനപരമാണോ? അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ചെയ്യാവുന്ന ഒരു കാര്യമേയുള്ളു -നമ്മളെക്കൊണ്ട് നന്നായിക്കൊണ്ടിരിക്കുന്ന ഇത്തരം കമ്പനികളുടെ ഷെയറുകള്‍ വാങ്ങി നമ്മളും ഇത്തിരി നന്നാവുക.

ഗുജറാത്തിലുണ്ടാക്കിയ ടൂത്ത് പേസ്റ്റ് വാങ്ങുന്നത് പാപമല്ലെങ്കില്‍ ആ ടൂത്ത് പേസ്റ്റ് കമ്പനിയുടെ ഷെയര്‍ വാങ്ങുന്നത് പാപമാകുന്നതെങ്ങനെ?

തന്റെ ഫ്ലാറ്റിന്റെ മുകളില്‍ താമസിക്കുന്ന ഗുജറാത്തി സുഹൃത്തുമായുള്ള സമ്പര്‍ക്കമാണ് നേരത്തെ പറഞ്ഞ മുംബൈ മലയാളിക്ക് ഓഹരി നിക്ഷേപത്തില്‍ താത്പര്യമുണ്ടാക്കിയത്. കുഞ്ഞുണ്ടായി 28-ാം ദിവസം അതിന് പാന്‍കാര്‍ഡ് എടുക്കുന്നവരാണ് മിക്കവാറും ഗുജറാത്തികള്‍.

കേരളത്തിലെ കുഞ്ഞുങ്ങളാകട്ടെ ജനിച്ച് രണ്ടാം ദിവസം തന്നെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സെറിലാക്, പാമ്പേഴ്‌സ് തുടങ്ങിയ മറുനാടന്‍ ബ്രാന്‍ഡുകളുടെ തൃപ്പാദങ്ങളില്‍ അടിമകിടത്തപ്പെടുന്നു. വലുതാകുന്തോറും ബ്രാന്‍ഡ് പേരുകള്‍ മാത്രം മാറുന്നു. ഗുജറാത്തികളും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടാവും. പക്ഷേ, ഇത്തരം പല ബഹുരാഷ്ട്ര കമ്പനികളുടെയും ഫാക്ടറികള്‍ ഗുജറാത്തില്‍ തന്നെയുണ്ട്. എന്നാല്‍ അതുമാത്രമല്ല കാര്യം, തങ്ങളെക്കൊണ്ട് നന്നാവുന്ന ഈ കമ്പനികളുടെ ഷെയറുകള്‍ വാങ്ങി ഒപ്പം തങ്ങളും നന്നാവണമെന്ന വിചാരവും ഗുജറാത്തികള്‍ക്കുണ്ട്.

തീറ്റി സാധനങ്ങള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സിമന്റ് മുതല്‍ക്കുള്ള ബില്‍ഡിങ് മെറ്റീരിയല്‍സ്, വാച്ചുകള്‍, പേനകള്‍, തുണിത്തരങ്ങള്‍, ഓഫീസ്-വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, വാഹനങ്ങള്‍... ഇവയെല്ലാം വന്‍തോതില്‍ വിറ്റഴിയുന്ന സ്ഥലമാണ് നമ്മുടെ കൊച്ചു വലിയ കേരളം. ഇന്ത്യയുടെ ഉപഭോക്തൃ വിപണിയുടെ 12% ആണ് കേരളത്തിന്റെ വിഹിതമെന്ന് ജി.കെ.എസ്.എഫിനുള്ള ആശംസാ സന്ദേശത്തില്‍ നമ്മുടെ വ്യവസായ മന്ത്രി തന്നെ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെയും വിസ്തീര്‍ണത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെയും മാത്രമാണ് കേരളത്തിന്റെ പങ്ക് എന്നറിയുമ്പോഴാണ് നമ്മുടെ കണ്‍സ്യൂമറിസത്തിന്റെ വലിപ്പം മനസ്സിലാവുക. ഇതാണ് 2008 ജനവരിയില്‍ പ്രസിദ്ധീകരിച്ച 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ മുഖലേഖനത്തില്‍ കേരളത്തെ ഒരു 'ബ്രാന്‍ഡാലയം' എന്ന് വിളിക്കാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍, മറ്റൊരു പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം കൂടുതല്‍ വലുതായിരിക്കുന്നു എന്ന് പറയാതെ വയ്യ. അത് ഇനിയും വലുതാവുക തന്നെ ചെയ്യും.

ഉദാഹരണത്തിന്, കൂടുതല്‍ കേരളീയര്‍ പ്രമേഹ രോഗികളാവും. കൂടുതല്‍ ഫാര്‍മ കമ്പനികള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ കാശുവാരും. പ്രമേഹ രോഗികള്‍ക്ക്, അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക്, അത് നോക്കിനില്‍ക്കാന്‍ മാത്രമേ സാധിക്കൂ എന്ന് കരുതരുതെന്നു മാത്രം.

Tuesday, February 18, 2014

കേഴുക പ്രിയനാടേ...

മണ്ടേലയുടെ നാട്ടില്‍ ഒന്നും രണ്ടുമല്ല, 21 വര്‍ഷമാണ് ഗാന്ധിജി ചെലവിട്ടത്. എന്നാല്‍, ഗാന്ധിജി തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ സൗത്ത് ആഫ്രിക്കന്‍ അനുഭവകഥകള്‍ കേള്‍ക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഇന്ത്യ. ഭാഗ്യവശാല്‍ നോവല്‍ വായനക്കാരായ മലയാളികള്‍ മണ്ടേലയെപ്പറ്റി കേള്‍ക്കുംമുമ്പുതന്നെ ദക്ഷിണാഫ്രിക്കയെ അറിഞ്ഞു. അലന്‍ പേറ്റണ്‍ എന്ന ദക്ഷിണാഫ്രിക്കക്കാരന്‍ എഴുതി 1948-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ക്രൈ ദി ബിലവ്ഡ് കണ്‍ട്രി' എന്ന വിഖ്യാതനോവലിന്റെ പരിഭാഷ ഏതുവര്‍ഷമാണ് മലയാളത്തില്‍ വന്നതെന്ന് അറിയില്ല.  [മുഴുവാൻ വായിക്കാൻ ഇവിടെ ക്ലിക്കുക.]

Friday, January 31, 2014

കവിതകളിലേയും പാട്ടുകളിലേയും ‘നീ’

Death in Venice
മലയാളത്തിലെ ഏറ്റവും പ്രസിദ്ധനായ കവിയുടെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളിലൊന്നിലെ ‘നീ’ അദ്ദേഹത്തിന്റെ കൌമാരപ്രായക്കാരനായ കാമുകനാണെന്ന് [catamite] കേട്ടിട്ടുണ്ട്. ലിംഗ സൂചനകളൊന്നുമില്ലാത്തതിനാൽ അത് പക്ഷേ മനസ്സിലാവുകയില്ല്ല. എന്നല്ല ഓമലേ എന്നൊക്കെ വിളിക്കുന്നുമുണ്ട്.

കവിതയെഴുതാൻ ശ്രമിക്കുന്നയാളുടെ, അയാൾ ഗ്രേറ്റ് കവിയോ പറട്ട കവിയോ ആകട്ടെ, കവിതകളിലും പാട്ടുകളിലുമെല്ലാം എല്ലാ കാലത്തും ‘നീ’ കടന്നു വരും. കലാകാരന്മാർ മനുഷ്യരെപ്പോലെ തന്നെ പൊതുവേ പ്രേമരോഗികൾ ആയിരിക്കുമല്ലൊ. പോരാത്തതിന് ജ്യോതിഷത്തിൽ കലയുടേയും കാമുകത്വത്തിന്റേയും കാരകൻ ഒരാൾ തന്നെ - ശുക്രൻ [വീനസ്]. എഴുതപ്പെട്ട സാഹിത്യത്തിൽ ഏറിയ പങ്കും പ്രണയവുമായി ബന്ധപ്പെട്ടതാണെന്നതും ഇവിടെ ഓർക്കാവുന്നതാണ്.

ഒരാളുടെ എഴുത്തുകളിലെ ‘നീ’ എല്ലാക്കാലത്തും ഒരേ ആൾ തന്നെയാകണമെന്നില്ല. നെരൂദയുടെ വൈധവ്യനൃത്തത്തിലെ ‘നീ’യല്ലല്ലൊ ഏറ്റവും ശോകഭരിതമായ വരികളിലെ ‘നീ’. റങ്കൂൺകാലത്തെ നെരൂദയുടെ കാമുകിയായിരുന്ന മേരി ജോ ബ്ലിസ് ആണ് വിഡോവേഴ്സ് ടാങ്കോയിലെ നായിക. എല്ലാ നല്ല പ്രണയികളേയും പോലെ അവരും പൊസസ്സീവ് ആയിരുന്നു. എല്ലാ നല്ല പ്രണയികളേയും പോലെ എന്നെങ്കിലും നെരൂദൻ മുങ്ങിക്കളയുകയാണെങ്കിൽ വെട്ടിക്കൊല്ലാൻ വേണ്ടി അവരും തലയിണക്കീഴിൽ ഒരു സാങ്കൽ‌പ്പിക കഠാര സൂക്ഷിച്ചു. നെരൂദയല്ലെ ആള്, എത്ര കൊളം കണ്ടതാ. മേരി ജോ മുള്ളാൻ പോയ തക്കം നോക്കിയാവും അങ്ങേര് കപ്പലീക്കേറി കൊളംബോയ്ക്കു വിട്ടു. കപ്പൽ തുറമുഖം വിട്ടയുടൻ മേരി ജോ ഓടിയെത്തി. തുറമുഖം മുഴുവൻ അലറി വിളിച്ചു കരഞ്ഞു. ആ കപ്പലിലിരുന്ന് നെരൂദ എഴുതിയതാണ് വിഡോവേഴ്സ് ടാങ്കോ. [പിന്നീട് ഓള് നെരൂദയെ കാണാൻ വേണ്ടി കൊളംബോയിലേയ്ക്ക് വരുന്നുണ്ട്. അതാണ് മോനേ പ്രേമം. അസ്ഥിക്ക് പിടിച്ച പ്രേമമല്ല, അസ്തിക്ക് പിടിച്ച പ്രേമം!]

മലയാളത്തിലെ ഏറ്റവും പ്രസിദ്ധനായ കവിയുടെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളിലൊന്നിലെ ‘നീ’ അദ്ദേഹത്തിന്റെ കൌമാരപ്രായക്കാരനായ കുണ്ടൻ ചെക്കനാണെന്ന് [catamite] കേട്ടിട്ടുണ്ട്. ഖസാക്കിലെ കാറ്റമൈറ്റിനെ ഓർമയില്ലെ? അള്ളാപ്പിച്ചാ മൊല്ലാക്കയുടെ സ്വന്തം കുണ്ടൻ നൈജാമലി. നൈജാമലിയെ വീട്ടിൽ കൊണ്ടുവന്ന അന്നു രാത്രി ആ വീട്ടിൽ ആരും ഉറങ്ങിയില്ല എന്നാണ് വിജയൻ എഴുതിയിരിക്കുന്നത്. പാവം തിത്തിബിയുമ്മ. അപ്രതീക്ഷിതമായ കോർണറിൽ നിന്ന് കോമ്പറ്റീഷൻ വരുമ്പോൾ ഏത് ജീവിക്കാണ് ഉറങ്ങാൻ പറ്റുക? അള്ളാപ്പിച്ച+നൈജാമലിയെ വെട്ടുന്ന പ്രണയമാണ് കസാന്ദ്സകീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡിലുള്ളത് - ഈ നോവലിന് ഗ്രീക്ക് പാഷനെന്നും പേരുണ്ട്. ഇരട്ടച്ചങ്കുള്ള ആളോളെപ്പോലെ രണ്ടു പേരുള്ള ഈ നോവലും കിടു, കിക്കിടു. ക്രൈസ്റ്റ് റീക്രൂസിഫൈഡിലെ ഇക്ക ടർക്കിക്കാരനാണ് - ആഗ. അയാളുടെ ചെക്കൻ യൂസഫകൈ. ചെക്കൻ കൊല്ലപ്പെടുമ്പോഴുള്ള അയാളുടെ കരച്ചിൽ വായിക്കുമ്പോൾ ആരിലും ഉണർന്നുപോം ഹോമോസെക്ഷ്വാലിറ്റി. അത് പക്ഷേ വായനക്കാരന്റെ ദൌർബല്യമല്ല, കസാൻസാകിസിന്റെ ശക്തിയാണ്. നൈജാമലിയെ വർണിക്കുമ്പോൾ വിജയനും ആ ശക്തി പങ്കിടുന്നു. തോമസ് മൻ എന്ന ജർമൻ നൊബേൽ ജേതാവിന്റെ ഡെത്ത് ഇൻ വെനീസിലുമുണ്ട് ഒരു പയ്യൻ. എഴുത്തുകാരനായ നായകൻ ഇവിടെ പയ്യനെ തൊടുന്നതു പോയിട്ട് മിണ്ടുന്നതു പോലുമില്ല. പക്ഷേ അതൊരു റൂയിനസ് പാഷനായിരുന്നു. drunken by those eyes എന്നാണ്. [ബ്രാൻഡി മാത്രം കുടിക്കുന്നവരോട് എന്തു പറയാൻ!].

പറഞ്ഞു വന്നത് ഹോമോസെക്ഷ്വാലിറ്റിയെപ്പറ്റില്ല, കവിതകളിലേയും പാട്ടുകളിലേയും 'നീ'കളെപ്പറ്റിയാണല്ലൊ. സുപ്രീം കോടതിയുടെ സ്വവർഗാനുരാഗ വിരുദ്ധ നിലപാടിന്റെ വെയിലത്താണ് കാടുകയറിപ്പോയത്. 'നീ' ഏതറ്റം വരെയും പോകാം എന്നു കാണിക്കാൻ മാത്രമാണ് മലയാളകവിതയിലെ കാറ്റമൈറ്റിനെ ചൂണ്ടിക്കാണിച്ചത്.

പ്രിയപ്പെട്ട കവികളേ, പാട്ടെഴുത്തുകാരേ, നിങ്ങളുടെ എഴുത്തുകളിലെ സാധാരണവും അസാധാരണവുമായ 'നീ'കൾ ആരെല്ലാമായിരുന്നു? ഓർത്തെടുക്കാൻ രസമുണ്ടോ? പിന്നെയും വേദനിക്കുന്നുണ്ടോ? അതെന്നും ഒരേ ആൾ തന്നെ ആയിരുന്നു എന്ന് നുണ പറയാൻ തോന്നുന്നുണ്ടോ?

Wednesday, November 27, 2013

നിർവാണം

ഈ ജന്മത്തിൽ പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നത്. എന്നിട്ട് ഒരു ദിവസം തേങ്ങയോടും മാങ്ങയോടും ഒപ്പം വെന്ത് രണ്ടു ജന്മത്തിലും പ്രണയനിർവൃതി അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപാപിയുടെ നാവിൽ ചെന്നു മുട്ടി അഞ്ചു പേരും കൂടി ഒരുമിച്ച് നിർവാണം പ്രാപിക്കും. പിന്നെ പുനർജന്മമില്ല.

Monday, November 4, 2013

പ്രണയം

എന്റെ ചിത കത്തിത്തീർന്നാൽ
ഒരു കരിങ്കൽക്കഷ്ണം ബാക്കിയാവും -
എന്റെ ഹൃദയം.
കാലമേറെക്കഴിയുമ്പോൾ
ആ കരിങ്കല്ലിന്റെ ഹൃദയത്തിൽ
ഒരു ശിൽ‌പ്പി
നിന്നെ കണ്ടെത്തും.
Related Posts with Thumbnails